অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അറിഞ്ഞു തുടങ്ങാം കൃഷി

അറിഞ്ഞു തുടങ്ങാം കൃഷി

കൃഷിയിലെയും അനുബന്ധ മേഖലകളിലെയും ഗവേഷണത്തിന് കോടിക്കണക്കിനു രൂപയാണ് ഓരോ വർഷവും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെലവഴിക്കുന്നത്. കൃഷി ഗവേഷണത്തിലൂടെ നൂറുകണക്കിന് നൂതന സാങ്കേതിക വിദ്യകൾ ഓരോ വർഷവും പുറത്തുവരുന്നുമുണ്ട്. എന്നാൽ ഈ നൂതന ഗവേഷണ ഫലങ്ങൾ ഗുണഭോക്താക്കളായ കർഷകർക്ക് യഥാസമയം കൈമാറുന്നില്ലെങ്കിൽ ഗവേഷണത്തിനു വേണ്ടി മുടക്കിയ കോടികൾ പാഴായിപ്പോകും.

കാർഷിക സർവകലാശാലകളിലെയും കാർഷിക ഗവേഷണ കേന്ദ്രങ്ങളിലെയും നവീന സാങ്കേതിക വിദ്യകൾ യഥാസമയം കർഷകരിലേക്ക് വ്യാപിപ്പിക്കുന്ന വിദ്യാഭ്യാസ പ്രക്രിയയാണ് വിജ്ഞാന വ്യാപനം. കൃഷിയിലെ പുതിയ അറിവുകൾ, സാങ്കേതിക വിജ്ഞാനം, പുതിയ സാങ്കേതിക വിദ്യകൾ, വിപണന തന്ത്രങ്ങൾ, നൈപുണ്യം എന്നിവയെല്ലാം നേരിട്ടും വിവിധ മാധ്യമങ്ങളിലൂടെയും കർഷകർക്കു പകർന്നു നൽകുന്നു. പുതിയ സാങ്കേതിക വിദ്യകളിലൂടെ കർഷകരെ ശക്തിപ്പെടുത്തുന്നു. ആത്മവിശ്വാസത്തോടെ കൃഷിയിലെ പ്രതിസന്ധികളെ നേരിടാൻ സുസ്ഥിര കൃഷിരീതികൾ പിന്തുടരണം. സംരംഭങ്ങൾ ഫലപ്രദമായി പരിപാലിക്കണം. ഇതിന് കർഷകരെ പ്രാപ്തരാക്കുകയാണ് വിജ്ഞാന വ്യാപന ഏജൻസികളുടെ ദൗത്യം. വിജ്ഞാന വ്യാപനം നന്നായില്ലെങ്കിൽ കർഷകരും കൃഷിയും കാർഷിക വികസനപദ്ധതികളും പരാജയപ്പെടുമെന്നതാണ് പൊതുവെയുള്ള അനുഭവം.

കേരളത്തിൽ കൃഷി വിജ്ഞാനവ്യാപനം പൊതുവെ സർക്കാരിന്റെയും പൊതു മേഖലയുടെയും കുത്തകയാണ്. കൃഷിവിജ്ഞാനവ്യാപനം മുഖ്യ ദൗത്യമായി ഏറ്റെടുത്തിരിക്കുന്ന നിരവധി സർക്കാർ ഏജൻസികളെ ദേശീയതലത്തിലും സംസ്ഥാനതലത്തിലും കാണാം. കൃഷിവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ് തുടങ്ങിയ ഏജൻസികളുടെ ഫീൽഡ് തല യൂണിറ്റുകളാണ് രാജ്യത്തെ ഏറ്റവും വലിയ വിജ്ഞാനവ്യാപന ശൃംഖല. കാർഷിക സർവകലാശാലകൾക്കും വെറ്ററിനറി സർവകലാശാലകൾക്കും വിജ്ഞാന വ്യാപന വിഭാഗങ്ങളുണ്ട്. റബർ ബോർഡ്, നാളികേര വികസന ബോർഡ്, സ്പൈസസ് ബോർഡ്, കോഫി ബോർഡ്, ടീ ബോർഡ് തുടങ്ങിയ കമ്മോഡിറ്റി ബോർഡുകൾക്കും ശക്തമായ വിജ്ഞാന വ്യാപന സംവിധാനമുണ്ട്.

കൃഷി വിജ്ഞാനകേന്ദ്രങ്ങളാണ് അതിശക്തമായ മറ്റൊരു വിജ്ഞാന വ്യാപന ഏജൻസി. കേരളത്തിലെ വിഎഫ്പിസികെ പോലെ പ്രത്യേക മേഖലകളിലെ വിജ്ഞാന വ്യാപനത്തിനായി രൂപീകരിച്ചിരിക്കുന്ന ഏജൻസികളുമുണ്ട്. ശക്തമായ സാന്നിധ്യവും

നൽകുന്ന സന്ദേശങ്ങളുടെ വിശ്വസനീയതയും കാരണം സർക്കാർ നിയന്ത്രിത വിജ്ഞാന വ്യാപന ഏജൻസികൾക്ക് കർഷകരുടെ ഇടയിൽ വിശ്വസനീയത കൂടുതലാണ്. എന്നാൽ ദേശീയ തലത്തിൽ 60 ശതമാനം കർഷകർക്കും ഇപ്പോഴും സർക്കാർ വിജ്ഞാന വ്യാപന ഏജൻസികളുടെ സേവനം ലഭ്യമല്ലെന്ന് കേന്ദ്രഗവൺമെന്റ് നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നു. കേരളം ഉൾപ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളിലും സർക്കാർ വിജ്ഞാനവ്യാപന ഏജൻസികളുടെ സാന്ദ്രത ശിപാർശ ചെയ്യപ്പെട്ടതിലും താഴെയാണ്.

സ്വകാര്യമേഖലയും കൃഷിവിജ്ഞാന വ്യാപന പ്രവർത്തനത്തിൽ സജീവമാണ്. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിൽ സ്വകാര്യ കമ്പനികളുടെ പുതിയ കാർഷിക സാങ്കേതികവിദ്യകൾ കർഷകർക്ക് ലഭ്യമാക്കാൻ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വിജ്ഞാ ന

വ്യാപന പരിപാടികളും വ്യാപകമാണ്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ചും ജൈവ കൃഷി മേഖലയിൽ കർഷകരെ സംഘടിപ്പിച്ചുകൊണ്ടുള്ള സർക്കാരിതര സന്നദ്ധ സംഘടനകളുടെ വിജ്ഞാന വ്യാപന പദ്ധതികളും വളരെ സജീവമാണ്.

കേരളത്തിൽ ഫീൽഡ് തലത്തിൽ പ്രവർത്തിക്കുന്ന ഏറ്റവും ശക്തവും ഫലപ്രദവുമായ വിജ്ഞാന വ്യാപന യൂണിറ്റാണ് കൃഷി വകുപ്പിന്റെ കീഴിലുള്ള കൃഷിഭവനുകൾ. സംസ്ഥാനത്ത് കൃഷിഭവൻ സംവിധാനത്തിന് തുടക്കം കുറിക്കുന്നത് 1987 ലാണ്. എല്ലാ പഞ്ചായത്തുകളിലും കൃഷിവകുപ്പിന്റെ ഫീൽഡ് യൂണിറ്റിന്റെ സാന്നിധ്യമുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ത്രിതല പഞ്ചായത്ത് രാജ് സംവിധാനം നിലവിൽവന്നതോടെ കൃഷിഭവനുകളും പഞ്ചായത്തുകളുടെ നിയന്ത്രണത്തിലായി. കൃഷിവികസനം സംബന്ധിച്ച പഞ്ചായത്തുകളുടെ എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു നടത്താനുള്ള ചുമതല കൃഷിഭവനുകൾക്കാണ്. വിത്തു മുതൽ വിപണനം വരെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർഷകർ എപ്പോഴും ആശ്രയിക്കുന്ന വിജ്ഞാന വ്യാപന സംവിധാനമാണ് കൃഷിഭവൻ.

പഞ്ചായത്തിന്റെ പരിധിയിൽ വിറ്റഴിക്കുന്ന രാസവളങ്ങളുടെയും കീടനാശിനികളുടെയും ഗുണമേന്മ പരിശോധിച്ച് ഉറപ്പാക്കുന്നത് കൃഷി ഓഫീസർമാരുടെ ചുമതലയാണ്. കൃഷി വികസനത്തിനായി നടപ്പാക്കുന്ന കേന്ദ്ര – സംസ്ഥാന ഗവൺമെന്റുകളുടെ വിവിധ പദ്ധതികളുടെ നടത്തിപ്പു ചുമതലയും കൃഷി വകുപ്പിനാണ്. സർക്കാരിന്റെ കാർഷിക വികസന പദ്ധതികളുടെ വിജയവും പരാജയവും കൃഷിഭവനുകളുടെ വിജ്ഞാന വ്യാപന കാര്യക്ഷമതയെ ആശ്രയിച്ചിരിക്കുന്നു. കാർഷിക യന്ത്രവത്കരണം, തരിശു ഭൂമിയിലെ കൃഷി, വിള ഇൻഷുറൻസ് പദ്ധതികൾ, സ്വയം സഹായ സംഘങ്ങളുടെ രൂപീകരണം, കാർഷികോത്പന്നങ്ങളുടെ വിപണനം, നെൽകൃഷി ഡേറ്റാബാങ്ക്, ഭൂവിനിയോഗം തുടങ്ങി കർഷകരെ ബാധിക്കുന്ന നിരവധി പദ്ധതികൾ നടപ്പാക്കുന്നതിന്റെ ചുമതല കൃഷി ഭവനുകൾക്കാണ്. ആത്മ, ഹോർട്ടികൾച്ചർ മിഷൻ, നാളികേര വികസന ബോർഡ് തുടങ്ങിയവയുടെ പദ്ധതികൾ നടപ്പാക്കുന്നത് കൃഷിഭവനുകൾ വഴിയാണ്. പുതുതായി കൃഷിയും കാർഷിക സംരംഭങ്ങളും തുടങ്ങുന്നവർ കൃഷിഭവനുകളുടെ സഹായം തേടണം. കർഷകർക്ക് പരിശീലനം നൽകാൻ കഴക്കൂട്ടം, കോഴ,വൈറ്റില, മലമ്പുഴ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ റീജണൽ, അഗ്രിക്കൾച്ചറൽ ടെക്നോളജി ട്രെയിനിംഗ് സെന്ററുകൾ കൃഷി വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്നുണ്ട്.

നവീന കാർഷിക സാങ്കേതികവിദ്യകൾ കാലാനുസൃതമായി കർഷകരിൽ എത്തിക്കുന്നതിലും കാർഷിക സംരംഭകത്വ വികസനത്തിലും സുപ്രധാന പങ്കു വഹിക്കുന്ന ജില്ലാതല വിജ്ഞാന വ്യാപന ഏജൻസിയാണ് കൃഷി വിജ്ഞാന കേന്ദ്രങ്ങൾ (കെവികെ). മറ്റു വിജ്ഞാന വ്യാപന ഏജൻസികളുമായി താരതമ്യപ്പെടുത്തുമ്പോൾ കെവിക എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഇവയുടെ പ്രവർത്തനം കൂടുതൽ സമഗ്രവും ശാസ്ത്രീയവുമാണ്. ജില്ലാതല കൃഷിശാസ്ത്ര കേന്ദ്രമായ കെവികെ കൈമാറുന്ന സാങ്കേതികവിദ്യകൾ വിശ്വസനീയമാണ്. കെവികെയുടെ സാങ്കേതിക വിദ്യ കൈമാറ്റ പരിപാടികളിൽ പങ്കെടുക്കുന്ന കർഷകരിൽ 93 ശതമാനത്തിലേറെ പേരും അവരുടെ കൃഷി രീതികളിൽ മാറ്റം വരുത്തുന്നതായി കേന്ദ്ര ഗവൺമെന്റ് നടത്തിയ ഒരു പഠനത്തിൽ സൂചിപ്പിക്കുന്നു.

കെവികെയിൽ നിന്നും പുതിയ കൃഷി അറിവും പരിശീലനവും നേടിയ 42 ശതമാനത്തോളം കർഷകർ കൃഷിച്ചെലവ് കുറച്ച് ഉത്പാദനക്ഷമത കൂട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. മറ്റു വിജ്ഞാന വ്യാപന ഏജൻസികൾ അവരുടെ പ്രത്യേക മേഖലകളിൽ മാത്രം സാങ്കേതികവിദ്യ കൈമാറുമ്പോൾ കൃഷിവിജ്ഞാന കേന്ദ്രങ്ങൾ വിളപരിപാലനം, മൃഗസംരക്ഷണം, സസ്യസംരക്ഷണം, തേനീച്ച വളർത്തൽ, മത്സ്യം വളർത്തൽ, ഭക്ഷ്യസംസ്കരണം, യന്ത്രവത്കരണം എന്നിങ്ങനെ കൃഷിയുടെ അനുബന്ധ മേഖലകളില്ലൊം സമഗ്രമായ പരിശീലനവും സാങ്കേതികവിദ്യാ കൈമാറ്റവും നടത്തുന്നു. എന്നാൽ ഈ സുപ്രധാന ജില്ലാതല വിജ്ഞാന വ്യാപന ഏജൻസിയുടെ പ്രവർത്തന മേഖലകളെക്കുറിച്ച് പല കർഷകർക്കും സംരംഭകർക്കും വ്യക്തമായ ധാരണകളില്ല.

1974-ൽ പോണ്ടിച്ചേരിയിലാണ് രാജ്യത്തെ ആദ്യത്തെ കൃഷി വിജ്ഞാന കേന്ദ്രം പ്രവർത്തനമാരംഭിച്ചത്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിനാണ് രാജ്യത്തെ കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ പ്രവർത്തനമേൽനോട്ടം. ഒരു ജില്ലയിൽ കുറഞ്ഞത് ഒരു കൃഷി വിജ്ഞാനകേന്ദ്രം എന്നതാണ് കേന്ദ്ര ഗവൺമെന്റിന്റെ ദേശീയ നയം. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ധന സഹായത്തോടെ രാജ്യത്തൊട്ടാകെ ഇപ്പോൾ 695 കൃഷി വിജ്ഞാന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കാർഷിക സർവകലാശാലകളോടും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ദേശീയ ഗവേഷണ സ്ഥാപനങ്ങളോടും അനുബന്ധിച്ചാണ് ഭൂരിപക്ഷം കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെയും പ്രവർത്തനം. ഏതാനും കൃഷി വിജ്ഞാന കേന്ദ്രങ്ങൾ സന്നദ്ധ സംഘടനകളുടെ കീഴിലും പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ 14 ജില്ലകളിലായി 14 കൃഷി വിജ്ഞാന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ഇതിൽ ഏഴു ജില്ലകളിലെ കൃഷിവിജ്ഞാന കേന്ദ്രങ്ങളുടെ നിയന്ത്രണം കേരള കാർഷിക സർവകലാശാലയും നാലെണ്ണത്തിന്റേത് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഗവേഷണ സ്ഥാപനങ്ങൾക്കുമാണ്. മൂന്നെണ്ണം സന്നദ്ധ സംഘടനകളുടെ കീഴിൽ പ്രവർത്തിക്കുന്നു.

കൃത്യമായ വിലയിരുത്തലിലൂടെ കൃഷി അനുബന്ധ മേഖലകളിൽ പ്രാദേശികമായി അനുയോജ്യമായ സാങ്കേതിക വിദ്യകൾ പരിഷ്ക്കരിച്ച് കർഷകരിലേക്ക് കൈമാറുകയാണ് കൃഷിവിജ്ഞാന കേന്ദ്രങ്ങളുടെ പ്രധാന പ്രവർത്തന ലക്ഷ്യം. ദേശീയ-സംസ്ഥാന തല കാർഷിക ഗവേഷണ സംവിധാനങ്ങളുടെ ഒരു അവിഭാജ്യഘടകമാണ് കൃഷി വിജ്ഞാനകേന്ദ്രങ്ങൾ. കൃഷിയിട പരീക്ഷണങ്ങൾ, കാർഷിക പരിശീലനങ്ങൾ, മുൻനിര പ്രദർശനങ്ങൾ, വിത്തിന്റെയും നടീൽ വസ്തുക്കളുടെയും ഉത്പാദനം, സംരംഭകത്വ വികസനം, സാങ്കേതികവിദ്യാ കൈമാറ്റം തുടങ്ങിയവയാണ് കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ പ്രധാന പ്രവർത്തനങ്ങൾ. പുതുതായി കൃഷിയോ സംരംഭമോ തുടങ്ങാനാഗ്രഹിക്കുന്ന കർഷകർക്ക് എല്ലാ സാങ്കേതിക സഹായവും മാർഗനിർദ്ദേശങ്ങളും കൃഷി വിജ്ഞാന കേന്ദ്രങ്ങളിൽ നിന്നു ലഭിക്കും.

കേരളത്തിലെ കൃഷി വിജ്ഞാന കേന്ദ്രങ്ങൾ

ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ കീഴിലുള്ള കൃഷിവിജ്ഞാന കേന്ദ്രങ്ങൾ

  • കാസർഗോഡ്- സിപിസിആർഐ, കൃഷിവിജ്ഞാനകേന്ദ്രം, കുഡ്ലു 0499 4232993.
  • കോഴിക്കോട്- ഐസിഎആർ കൃഷിവിജ്ഞാന കേന്ദ്രം, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം, പെരുവണ്ണാമുഴി- 0496 2666041.
  • എറണാകുളം- ഐസിഎആർ കൃഷിവിജ്ഞാനകേന്ദ്രം, സിഎംഎഫ്ആർഐ- 0484-2492450
  • ആലപ്പുഴ- സിപിസിആർഐ കൃഷിവിജ്ഞാന കേന്ദ്രം, കൃഷ്ണപുരം, കായംകുളം 0479-2449268

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കൃഷിവിജ്ഞാന കേന്ദ്രങ്ങൾ

  • കണ്ണൂർ- പന്നിയൂർ:- 0460-2226087
  • വയനാട്- അമ്പലവയൽ:- 04936-260411
  • പാലക്കാട്- മേലെപട്ടാമ്പി:- 0466-2212279
  • മലപ്പുറം- തവന്നൂർ:- 0494-2686329
  • തൃശൂർ- വെള്ളാനിക്കര:- 0487-2375855
  • കോട്ടയം- കുമരകം 0481-2523120
  • കൊല്ലം- സദാനന്ദപുരം 0474-2459388

സന്നദ്ധ സംഘടനകളുടെ കൃഷി വിജ്ഞാന കേന്ദ്രങ്ങൾ

  • ഇടുക്കി കൃഷിവിജ്ഞാന കേന്ദ്രം, ശാന്തമ്പാറ 04868-247541
  • പത്തനംതിട്ട കാർഡ് കൃഷി വിജ്ഞാന കേന്ദ്രം, പുല്ലാട് 0469 2162094
  • തിരുവനന്തപുരം മിത്രനികേതൻ, വെളളനാട് 0472-2882086,

കൃഷിയിട പരീക്ഷണങ്ങൾ

ഗവേഷണ കേന്ദ്രങ്ങളും കാർഷിക സർവകലാശാലകളും ശിപാർശ ചെയ്യുന്ന സാങ്കേതികവിദ്യകളും വിത്തിനങ്ങളും പ്രാദേശികമായി എത്രമാത്രം. അനുയോജ്യമാണെന്ന് കണ്ടെത്തുന്നതിനാണ് കൃഷിയിട പരീക്ഷണങ്ങൾ നടത്തുന്നത്.

ഉത്പാദനക്ഷമതയും കർഷകരുടെ വരുമാനവും വർധിപ്പിക്കുന്ന പുതിയ വിത്തിനങ്ങളും സാങ്കേതിക വിദ്യകളും കൃഷിയിടങ്ങളിൽ പരീക്ഷിച്ചതിനുശേഷം വ്യാപകമായി പ്രചരിപ്പിക്കാൻ ശിപാർശ ചെയ്യുന്നു. മികവുറ്റതെന്നു തെളിഞ്ഞ നവീന സാങ്കേതികവിദ്യകൾ കർഷകരുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിനാണ് മുൻനിര പ്രദർശനത്തോട്ടങ്ങൾ നിർമിക്കുന്നത്.

കൃഷി- അനുബന്ധ വിഷയങ്ങളിൽ കൃഷി വിജ്ഞാന കേന്ദ്രങ്ങൾ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. പ്രായോഗിക വിജ്ഞാനത്തോടൊപ്പം പ്രവൃത്തി നൈപുണ്യവും പകരാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് പരിശീലന പരിപാടികൾ. കെവികെ, കാമ്പസുകളിലും കാമ്പസിനുപുറത്തും പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

ഹ്രസ്വകാല പരിശീലനവും ദീർഘകാല പരിശീലനവും കൃഷി വിജ്ഞാന കേന്ദ്രങ്ങൾ നടത്തുന്നുണ്ട്. ഓരോ ജില്ലയിലും ഏറ്റവും പ്രാധാന്യമുള്ള കാർഷിക വിളകളിലും കൃഷി അനുബന്ധ മേഖലകളിലുമാണ് കൃഷിവിജ്ഞാന കേന്ദ്രങ്ങൾ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്.

കാര്‍ഷിക വിഭവ സംസ്ക്കരണം, മൂല്യവര്‍ധന തുടങ്ങിയ മേഖലകളില്‍ വനിതകള്‍ക്കും വീട്ടമ്മമാര്‍ക്കും തൊഴില്‍രഹിതർക്കും സ്വന്തം സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള പരിശീലനവും കൃഷി വിജ്ഞാന കേന്ദ്രങ്ങൾ നൽകുന്നുണ്ട്.

ജില്ലയിലെ പൊതു മേഖല, സ്വകാര്യമേഖല, പൊതു-സ്വകാര്യമേഖല പങ്കാളിത്ത പദ്ധതികൾ, സന്നദ്ധസംഘടനകൾ എന്നിവയുടെ കാർഷിക വികസന പദ്ധതികൾക്ക് സാങ്കേതിക സഹായവും ആശയവിനിമയ പിന്തുണയും നൽകുന്നതും കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽപ്പെടുന്നു. ജില്ലയിലെ മികച്ച കർഷകരുടെ എല്ലാ വിവരങ്ങളും കൃഷി വിജ്ഞാന കേന്ദ്രങ്ങളിലുണ്ടാകും. നവീന വിവരസാങ്കേതിക വിദ്യകളിൽ കർഷകർക്ക് ഉപദേശം നൽകുന്നതിലും സാങ്കേതികവിദ്യ കൈമാറുന്നതിലും കൃഷിവിജ്ഞാന കേന്ദ്രങ്ങൾ കർഷകര്‍ക്ക് ആശാകേന്ദ്രങ്ങളാണ്.

മിക്ക കൃഷിവിജ്ഞാന കേന്ദ്രങ്ങളിലും മണ്ണു പരിശോധന സംവിധാനം, രോഗനിയന്ത്രണത്തിനുള്ള സൂക്ഷ്മാണുക്കളുടെ ഉത്പാദന യൂണിറ്റ് തുടങ്ങിയവയുമുണ്ട്. ദേശീയ തലത്തിൽ തന്നെ അംഗീകാരം നേടിയവയാണ് കേരളത്തിലെ ചില കൃഷി വിജ്ഞാന കേന്ദ്രങ്ങൾ. പന്നിയൂർ, തവന്നൂർ, പട്ടാമ്പി, തിരുവല്ല തുടങ്ങിയ കൃഷി വിജ്ഞാന കേന്ദ്രങ്ങൾ ദേശീയ തലത്തിൽ മികച്ച കൃഷി വിജ്ഞാകേന്ദ്രങ്ങൾക്കുള്ള പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മിക്ക കൃഷി വിജ്ഞാന കേന്ദ്രങ്ങളും കാർഷിക സർവകലാശാലകളോടും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഗവേഷണ സ്ഥാപനങ്ങളോടും ചേർന്നു പ്രവർത്തിക്കുന്നതിനാൽ ഈ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരുടെ സേവനവും കൃഷി വിജ്ഞാന കേന്ദ്രങ്ങൾക്കു ലഭിക്കുന്നു.

ഭക്ഷ്യ സംസ്കരണം, നഴ്സറികൾ തുടങ്ങിയവയിൽ സംരംഭങ്ങൾ തുടങ്ങാൻ എല്ലാ ജില്ലകളിലെയും കൃഷി വിജ്ഞാന കേന്ദ്രങ്ങൾ സാങ്കേതിക വിദ്യകൾ കൈമാറുകയും പരിശീലനം നൽകുകയും ചെയ്യുന്നു. നിലനിൽപ്പിനു വേണ്ടിയുള്ള കൃഷിക്കപ്പുറം കർഷകരെ ആത്മവിശ്വാസത്തോടെ ലാഭകരമായ സംരംഭങ്ങളുടെ ഉടമസ്ഥരാക്കി മാറ്റുകയാണ് ആധുനിക വിജ്ഞാന വ്യാപനത്തിന്റെ ലക്ഷ്യം. കൃഷി വിജ്ഞാന കേന്ദ്രങ്ങൾക്കു പുറമെ കേരളത്തിൽ പ്രവർത്തിക്കുന്ന മറ്റുചില സ്ഥാപനങ്ങളും ചെറുകിട കാർഷിക സംരംഭങ്ങൾ തുടങ്ങാൻ സംരംഭകരെ സഹായിക്കുന്നുണ്ട്. റബർ അധിഷ്ഠിത ഉത്പന്ന നിർമാണസംരംഭങ്ങൾക്ക് റബർബോർഡും നാളികേരാധിഷ്ഠിത മൂല്യവർധിത ഉത്പന്ന സംരംഭങ്ങൾക്ക് നാളികേര ടെക്നോളജി മിഷനും സംരംഭകർക്ക് സഹായം നൽകുന്നു. കാർഷിക സർവകലാശാലയുടെ സാങ്കേതിക വിദ്യകളിൽ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ മണ്ണുത്തി സെൻട്രൽ ട്രെയിനിംഗ്

ഇൻസ്റ്റിറ്റ്യൂട്ടിലെ കെഎയു ടെക്നോളജി ഹബും ഭക്ഷ്യസംസ്കരണ സംരംഭങ്ങൾക്ക് തുവനൂർ കാർഷിക എൻജിനിയറിംഗ് കോളജിലെ അഗ്രിബിസിനസ് ഇൻകുബേറ്ററും സാങ്കേതിക സഹായം നൽകും.

ചെറുകിട കാർഷിക സംരംഭങ്ങൾ തുടങ്ങാൻ ജില്ലാ വ്യവസായ കേന്ദ്രങ്ങളും മാർഗ നിർദ്ദേശം നൽകും. കിഴങ്ങുവർഗങ്ങളിൽ നിന്നും മൂല്യ വർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള സംരംഭങ്ങൾക്ക് തിരുവനന്തപുരം ശ്രീകാര്യത്തെ സെൻട്രൽ ട്യൂബർ ഡ്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ടെക്നോ ഇൻകുബേഷൻ സെന്ററും മത്സ്യങ്ങളിൽ നിന്നുള്ള ഉത്പന്ന വൈവിധ്യവത്കരണ സംരംഭങ്ങൾ തുടങ്ങാൻ കൊച്ചി സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ അഗ്രിബിസിനസ് ഇൻകുബേഷൻ സെന്ററും സാങ്കേതിക സഹായം നല്‍കും.

കാർഷിക വികസന പ്രക്രിയയിലെ ഏറ്റവും ശക്തമായി പ്രവർത്തിക്കേണ്ട കണ്ണിയാണ് വിജ്ഞാനവ്യാപനം. ഈ കണ്ണി ദുർബലമായാൽ കാർഷിക വികസനം പരാജയപ്പെടും. ഉത്പാദനവും ഉത്പാദനക്ഷമതയും വർധിപ്പിക്കുന്നതിനുള്ള ശിപാർശകൾ നൽകുക എന്ന പരമ്പരാഗത റോളിനപ്പുറത്തേക്ക് വികസിച്ചിരിക്കുകയാണ് ഇന്ന് ആധുനിക വിജ്ഞാന വ്യാപനത്തിന്റെ പ്രവർത്തന ചക്രവാളം.

ഉത്പാദനം വർധിപ്പിക്കുകയല്ല മറിച്ച് കർഷകർക്ക് ന്യായമായ വരുമാനം ഉറപ്പാക്കുകയാണ് ഇന്ന് വിജ്ഞാന വ്യാപനത്തിന്റെ പ്രധാന ലക്ഷ്യം. ഇതിന് കർഷകരെ വിപണിയുമായി ബന്ധിപ്പിക്കണം. ആധുനിക കാർഷിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മികച്ച സംരംഭകരായി ഇവരെ മാറ്റണം. കൃഷിയിലെ സുസ്ഥിരത നിലനിർത്തുന്നതോടൊപ്പം കർഷകർക്ക് ന്യായമായ വരുമാനവും ഉറപ്പാക്കാൻ ആധുനിക വിജ്ഞാന വ്യാപന സംവിധാനങ്ങൾക്കു കഴിയണം.

ഡോ.ജോസ് ജോസഫ്‌

കടപ്പാട്: കര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate