অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വളര്‍ത്തുപക്ഷി മേഖലയിലെ വെല്ലുവിളികള്‍, സമീപനങ്ങള്‍

വളര്‍ത്തുപക്ഷി മേഖലയിലെ വെല്ലുവിളികള്‍, സമീപനങ്ങള്‍

ആമുഖം

ഭാരതത്തിൽ പ്രതിവർഷം 47,000 കോടി രൂപയുടെ വിനിമയം നടക്കുന്ന വളർത്തുപക്ഷി മേഖല, കാർഷിക മൃഗസംരക്ഷണരംഗത്തെ അവഗണിക്കാനാകാത്ത സാന്നിധ്യമാണ്. പ്രതിവർഷം മുട്ടക്കോഴി വ്യവസായത്തിൽ ആറു ശതമാനം, ഇറച്ചിക്കോഴി വ്യവസായത്തിൽ 12 ശതമാനം എന്നിങ്ങനെയാണ് ദേശീയ വളർച്ചാനിരക്ക്. മുട്ടയുത്പാദനത്തിൽ മൂന്നാംസ്ഥാനത്താണ് ഇന്ത്യ. ഇറച്ചി ഉത്പാദനത്തിൽ നാലാം സ്ഥാനത്തും. ആഗോള ഭക്ഷ്യസുരക്ഷാ പ്രതിസന്ധി നിലനിൽക്കുന്പോൾ ഏറ്റവും ചെലവു കുറഞ്ഞതും പോഷകമൂല്യമേറിയതുമായ കോഴിമുട്ടയുടെയും ഇറച്ചിയുടെയും ഉത്പാദനം ഇനിയും വർധിപ്പിക്കേണ്ടിയിരിക്കുന്നു. കേരളത്തിൽ വൻകിട ഫാമുകൾ തുടങ്ങാൻ പരിമിതികളുണ്ട്. കോഴിവളർത്തലിനൊപ്പം തന്നെ താറാവ്, കാട, അലങ്കാരപ്പക്ഷികൾ, അരുമപ്പക്ഷികൾ, എമു എന്നിവയൊക്കെത്തന്നെ ആദായവും ആനന്ദവും നൽകുന്ന കൃഷികളാണ്. വളർത്തുപക്ഷിമേഖലയിലെ പലവിധ വെല്ലുവിളികൾ മൂലം മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഈ മേഖല ചുരുങ്ങിപ്പോയിട്ടുണ്ട്.

പ്രധാന പ്രശ്നങ്ങൾ

ഏറ്റവും പ്രധാന പ്രശ്നങ്ങളായി കർഷകർ പറയുന്നത് ശാസ്ത്രീയ വളർത്തൽ രീതി കളുടെ അറിവില്ലായ്മയാണ്. തത്ഫലമായി വലിയ മുതൽ മുടക്കിൽ ആരംഭിക്കുന്ന പല കോഴിവളർത്തൽ വ്യവസായങ്ങളും നഷ്ടത്തിൽ കലാശിക്കുന്നു. കർഷകർക്കായി ശാസ്ത്രീയ അറി വുകളും പ്രായോഗിക നിർദേശ ങ്ങളും നൽകാൻ വെറ്ററിനറി സർവകലാശാലയും മൃഗസം രക്ഷണ വകുപ്പുമൊക്കെയു ണ്ടെങ്കിലും ഇതിന്‍റെ മുഴുവൻ ഗുണങ്ങളും എല്ലാ കർഷകർക്കി ടയിലേക്കും എത്തുന്നില്ലെന്നത് ഒരു നഗ്നസത്യമാണ്. ഈയിടെ സർവകലാശാലയിൽ നടന്ന ഒരു ഗവേഷണത്തിലെ കണ്ടെത്തൽ ഈ സംശയത്തെ സാധൂകരിക്കുന്നതാണ്. ക്ഷീരകർഷകർക്കിടയിൽ നടത്തിയ ഒരു സർവേ 
നൂറുകോഴികൾക്കു മുകളിൽ വളർത്താനായി ഫാം തുടങ്ങുന്ന കർഷകർ നിർബന്ധമായും പഞ്ചായത്തിൽ നിന്ന് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം. ലൈസൻസ് സംബന്ധിയായ വിവരങ്ങൾ കർഷകർക്കിടയിലേക്ക് പൂർണമായും എത്തിക്കാൻ നാളിതുവരെ സാധിച്ചിട്ടില്ല. ഫാം തുടങ്ങുന്ന പഞ്ചായത്തിലെ മൃഗാശുപത്രിയിലെ ഡോക്ടറുടെ നിർദ്ദേശവും ഉപദേശവും ഇതിനായി കർഷകർ കൈക്കൊള്ളേണ്ടതാണ്. ലൈസൻസിംഗ് വ്യവസ്ഥകൾ കൂടുതൽ ഉദാരമാക്കുകയും കാര്യങ്ങളിൽ വ്യക്തതവരുത്തുകയും ചെയ്യുകയാണെങ്കിൽ മുഴുവൻ കോഴികർഷകരുടെ ലൈസൻസിംഗ് സാധ്യമാക്കാനും അതുവഴി ഒരു ഡാറ്റാബാങ്ക് ഉണ്ടാക്കാനും സാധിക്കും.

ബ്രോയ്ലർ കോഴിയെ സംബന്ധിച്ചിടത്തോളം കുഞ്ഞുങ്ങളുടെ ലഭ്യതക്കുറവും, ഉയർന്നവിലയും ഒരു പ്രശ്നമായിത്തന്നെ അവശേഷിക്കുന്നു. കൂടാതെ തീറ്റ, ഉപകരണങ്ങൾ, മരുന്നുകൾ എന്നിവയ്ക്കൊന്നും സബ്സിഡി ഇല്ലാതെ ഉയർന്ന വിലനൽകേണ്ടതും കർഷകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഉയർന്ന അന്തരീക്ഷ ആർദ്രത കോഴിവളർത്തലിന് എന്നും ഒരു ഭീഷണിയാണ്. കൂടാതെ സ്ഥലം, തൊഴിലാളികൾ എന്നിവയുടെ ലഭ്യതക്കുറവും ഒരു പ്രശ്നമായി അവശേഷിക്കുന്നു. വാക്സിനുകളുടെ അപര്യാപ്ത പ്രശ്നം തന്നെ. പലയിടത്തും പൗൾട്രി സേവനങ്ങൾ പ്രത്യേകം ലഭ്യമാക്കാൻ സംവിധാനങ്ങളോ, പോസ്റ്റ്മോർട്ടം നടത്തി രോഗം സ്ഥിരീകരിക്കാനുള്ള സംവിധാനങ്ങളോ ലഭ്യമല്ല. ഇതിന് മാറ്റം വന്നാൽ മാത്രമേ ഒരു കർഷക സൗഹൃദ വ്യവസായമായി ഈ മേഖലയെ മാറ്റിയെടുക്കാൻ സാധിക്കൂ. വേനൽക്കാലത്തിനു മുന്പുതന്നെ കോഴിവസന്തയുടെ കുത്തിവയ്പ്പുകൾ പഞ്ചായത്തടിസ്ഥാനത്തിൽ നടത്താനുള്ള സംവിധാനങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്. താറാവുകൾ അധികമായി കാണപ്പെടുന്ന സ്ഥലങ്ങളിൽ പാസ്ചുറല്ലോസിസ്, പ്ലേഗ് എന്നിവയുടെ വാക്സിൻ ലഭ്യതയും ഉറപ്പുവരുത്തേണ്ടതുണ്ട്. പക്ഷിപ്പനി പോലെയുള്ള മാരകവൈറസ് രോഗങ്ങൾ ചികിത്സിച്ചു ഭേദപ്പെടുത്താൻ സാധിക്കില്ല. ആയതിനാൽ അത്തരം രോഗങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കർഷകരിലേക്കെത്തിക്കേണ്ടിയിരിക്കുന്നു. ഉയർന്ന ഉത്പാദനക്ഷമതയുള്ള ബ്രോയിലർ കോഴിക്കുഞ്ഞുങ്ങളുടെ ലഭ്യത സർക്കാർ- അർധസർക്കാർ സ്ഥാപനങ്ങൾ വഴി നടത്തുവാനുള്ള സാഹചര്യമുണ്ടാക്കണം. നിലവിൽ ബഹുഭൂരിപക്ഷം കർഷകരും അന്യസംസ്ഥാനങ്ങളെയോ, സ്വകാര്യ സ്ഥാപനങ്ങളേയോ ആണ് ഇതിനായി ആശ്രയിക്കുന്നത്. വിശ്വാസയോഗ്യമായ ഇടങ്ങളിൽ നിന്നല്ലാതെ കുഞ്ഞുങ്ങളെ വാങ്ങുന്നത് പലവിധ രോഗങ്ങൾ ഫാമിലേക്ക് വരാൻ വഴിയൊരുക്കും. മുട്ടക്കോഴികളെ വാങ്ങാൻ സർവകലാശാലയുടെ ഫാം, മൃഗസംരക്ഷണവകുപ്പിന്‍റെ ഫാം, മറ്റ് അർധസർക്കാർ സ്ഥാപനങ്ങൾ, അംഗീകൃത എഗ്ഗർ നഴ്സറികൾ എന്നിവരെ സമീപിക്കാവുന്നതാണ്. നമ്മുടെ നാടിന് അനുയോജ്യമായ സങ്കരയിനം കോഴികളായ ഗ്രാമശ്രീ, ഗ്രാമലക്ഷ്മി, ഗ്രാമപ്രീയ എന്നിവ തെരഞ്ഞെടുക്കാം. ഉയർന്ന ഉത്പാദനവും വ്യാവസായികാടിസ്ഥാനത്തിൽ വളർത്തുവാനും ആഗ്രഹിക്കുന്നവർ ബി.വി. 380, അതുല്യ എന്നീ ഇനങ്ങൾ തെരഞ്ഞെടുക്കുന്നത് അഭികാമ്യമാണ്.

സ്ഥലപരിമിതി ഇന്നത്തെ ഒരു പ്രധാന പ്രശ്നമണ്, പ്രത്യേകിച്ച് പട്ടണങ്ങളിൽ. ഇതിനെ മറികടക്കാനായി കൂടും കോഴിയുമായുള്ള പദ്ധതികൾ ഇന്ന് ലഭ്യമാണ്. ഹോസ്റ്റെഡ് കേജുകൾ എന്നറിയപ്പെടുന്ന ഇത്തരം കൂടുകൾ 5, 10, 25 എന്നിങ്ങനെ എണ്ണം കോഴികളെ വളർത്താനായി ലഭ്യമാണ്. വെറ്ററിനറി സർവകലാശാല തുടങ്ങിവച്ച ഐശ്വര്യ പദ്ധതി ഇതിനൊരുദാഹരണമാണ്. കൂടാതെ സർവകലാശാലയുടെ കാടകൾക്കായുള്ള ഉൗഞ്ഞാൽ കൂടുകൾ- അനശ്വര പദ്ധതിയും ഒരുപാട് ശ്രദ്ധ ആകർഷിച്ചിരിക്കുന്നു. ഈ മാതൃകയിൽ കൂടും കോഴിയുമായി വിൽപ്പന നടത്തുന്ന കർഷകരും അനവധിയാണ്. പുതിയ സംരംഭങ്ങൾ തുടങ്ങുന്നവർക്ക് മേൽപ്പറഞ്ഞ രീതി അവലംബിക്കാവുന്നതാണ്.

തീറ്റയുടെ ഉയർന്നവില, തീറ്റ സാമഗ്രികളുടെ ഉയർന്ന വിലയും ലഭ്യതക്കുറവും തീറ്റഫാക്ടറികളുടെ അഭാവം എന്നിവ മറ്റൊരു പ്രശ്നമാണ്. വെറ്ററിനറി സർവകലാശാലയുടെ റിവോൾവിംഗ് ഫണ്ട് പൗൾട്രി പ്രോജക്ടിലെ ഫീഡ്മിൽ വഴി മൃഗസംരക്ഷണ വകുപ്പിലെ ഫാമുകളിൽ തീറ്റ എത്തിച്ചു നൽകുന്നു. കൂടാതെ തൃശൂർ ജില്ലയിലും പരിസരങ്ങളിലുമുള്ള കർഷകർക്കായി 5 കിലോ, 50 കിലോ പായ്ക്കറ്റുകളിലായി തീറ്റവിതരണം നടത്തുന്നു. സർവകലാശാലയുടെ തന്നെ പാലക്കാട്ടുള്ള തിരുവിഴാംകുന്ന് പൗൾട്രി സയൻസ് കോളജിലും പുതിയ ഫീഡ്മിൽ ഉടൻ പ്രവർത്തിച്ചു തുടങ്ങും. ഇത്തരത്തിൽ ഓരോ ജില്ലയിലും സർക്കാർ സ്ഥാപനങ്ങൾ തീറ്റ ലഭ്യമാക്കിയാൽ തീറ്റയ്ക്കായി അന്യസംസ്ഥാനങ്ങളെയും സ്വകാര്യ സ്ഥാപനങ്ങളെയും ആശ്രയിക്കുന്നത് കുറയ്ക്കാനാകും.

അടുക്കളമുറ്റത്തെ കോഴിവളർത്തൽ മേഖല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് അടച്ചുറപ്പുള്ള കൂടുകളുടെ അപര്യാപ്തതയാണ്. തൻമൂലം വന്യമൃഗങ്ങൾ ആക്രമിച്ചും പട്ടികൾ കടിച്ചും ഈ മേഖലയിൽ ഒരുപാട് നഷ്ടങ്ങൾ ഉണ്ടാക്കുന്നു. വേലി, മതിലുകൾ എന്നിവ കെട്ടുക, അടച്ചുറപ്പുള്ള കൂടുകൾ പണിയുക എന്നിവമാത്രമാണ് ഇതിനൊരു പരിഹാരം. ചികഞ്ഞു തിന്നുന്ന സ്വഭാവമുള്ള കോഴികൾ ചുറ്റവട്ടത്തെ വീട്ടിലെ വിളകൾ നശിപ്പിക്കുന്നു എന്ന പരാതി അയൽക്കാരുമായുള്ള തർക്കത്തിൽ കലാശിക്കുന്ന സംഭവങ്ങളും കുറവല്ല. അതിനാൽ നിശ്ചിത പരിധിക്കുള്ളിൽ, കന്പിവല കെട്ടിയോ വേലി കെട്ടിയോ, ഇവയുടെ സഞ്ചാരം നിയന്ത്രിക്കേണ്ടതാണ്. കുടാതെ കോഴിവസന്ത പോലുള്ള രോഗങ്ങളുടെ പ്രതിരോധ കുത്തിവെയ്പ്പ് കൃത്യസമയത്ത് നൽകാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്.

മുട്ടയുടെയും ഇറച്ചിയുടെയും വിപണനമാണ് മറ്റൊരു വെല്ലുവിളി. മുട്ടയുടെയും ഇറച്ചിയുടെയും വിലനിയന്ത്രണവും അന്യസംസ്ഥാനങ്ങളിലാണ്. സർക്കാർ ഇടപെട്ട് വിലനിയന്ത്രണത്തിനായി ഒരു സ്ഥിരംസമിതി രൂപീകരിക്കുകയോ വിപണനത്തിനായി ഏജൻസികൾ സ്ഥാപിക്കുകയോ ചെയ്യാവുന്നതാണ്. അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ എന്നീ സ്വയംസഹായസംഘങ്ങളെ ഉൾപ്പെടുത്തി മുട്ടകൾ ശേഖരിച്ച് വിപണനം ചെയ്യാം. മലപ്പുറം ജില്ലയിലെ വട്ടംകുളം ഗ്രാമപഞ്ചായത്തിലെ മുട്ട വിപണന ശൃംഖലയും വട്ടംക്കുളം മുട്ടകളും ഇത്തരം പ്രവർത്തന വിജയങ്ങൾക്കുള്ള ഉദാഹരണങ്ങളായി നമുക്കുമുന്നിലുണ്ട്. സർവകലാശാല നടത്തിയ പഠനത്തിൽ വട്ടംകുളം ഗ്രാമപഞ്ചായത്തിലെ മുട്ട ഉത്പാദനരംഗത്തു നിന്നും അയൽ സംസ്ഥാന കുത്തകകളെ ഒഴിവാക്കുവാൻ ഗ്രാമശ്രീ പദ്ധതിക്കു കഴിഞ്ഞുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പഠനത്തിലൂടെ അടുക്കളമുറ്റത്തെ കോഴിഴലർത്തൽ പദ്ധതിയുടെ പോരായ്മകളും വിലയിരുത്തുകയുണ്ടായി. കുറഞ്ഞ ഉത്പാദനക്ഷമതയും, നായ്ക്കളും, കീരികളുമടങ്ങുന്ന ഇരപിടിയൻമാർ മൂലമുള്ള നഷ്ടവും, നഗരവത്കരണം മൂലം കുറഞ്ഞുവരുന്ന സ്ഥലലഭ്യതയും ഈ രംഗത്തെ പ്രധാന വെല്ലുവിളികളാണ്. ഇത്തരത്തിൽ കൂടിയ ഉത്പാദനത്തിനായി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള നവീന പ്രോജക്ടുകൾക്കുവേണ്ടിയുള്ള ഗവേഷണത്തിലാണ് വെറ്ററിനറി സർവകലാശാല.

സംരംഭങ്ങൾ തുടങ്ങാനുള്ള മൂലധന ലഭ്യത മറ്റൊരു വെല്ലുവിളിയാണ്. ഭൂരഹിത, ചെറുകിട കർഷകർക്ക് ലോണ്‍ ലഭിക്കാനുള്ള പ്രയാസം, ഉയർന്ന പലിശനിരക്ക് എന്നിവയും, കോഴികൃഷിക്ക് സബ്സിഡി ഇല്ലാത്തതുമെല്ലാം പ്രശ്നങ്ങളാണ്. സബ്സിഡി നിരക്കിൽ ജലം, വൈദ്യുതി എന്നിവയുടെ ലഭ്യതയും ഉറപ്പുവരുത്തേണ്ടതാണ്. സംരംഭങ്ങൾ തുടങ്ങാൻ കേന്ദ്ര സർക്കാരിന്‍റെ മുദ്ര സ്ക്രീം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടാതെ ദേശസാത്കൃത ബാങ്കുകൾ വഴി നൂലാമാലകൾ ഒഴിവാക്കി സബ്സിഡി നിരക്കിലുള്ള പലിശയോടെ ലോണ്‍ ലഭ്യമാക്കേണ്ടത് പുതു സംരംഭങ്ങൾ തുടങ്ങാൻ സഹായകമാണ്. ഭക്ഷണത്തിലെ മാംസ്യത്തിന്‍റെ ആവശ്യകതയെ കുറിച്ചുള്ള അവബോധം പൊതുജനങ്ങളിൽ സൃഷ്ടിക്കലും മുട്ടയുടെയും കോഴി ഇറച്ചിയുടെയും ഗുണഫലങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതും ഈ വ്യവസായം ഇനിയും വളരാൻ സഹായിക്കും.

ഡോ. എസ്. ഹരികൃഷ്ണൻ
അസിസ്റ്റന്‍റ് പ്രഫസർ, വെറ്ററിനറി കോളജ്, മണ്ണുത്തി.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. ഹരി- 9446443700.

കടപ്പാട് : ദീപിക

അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate