Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മുയല്‍ വളര്‍ത്തല്‍

കൂടുതല്‍ വിവരങ്ങള്‍

മുയല്‍ വളര്‍ത്തല്‍ - ആമുഖം

കൃഷിസ്ഥലപരിമിതിയും തൊഴിലില്ലായ്‌മയും മൂലം കഷ്‌ടപ്പെടുന്ന തൊഴില്‍ സംരംഭകര്‍ക്കും ആദായകരമായി ചെയ്യാവുന്ന ഒരു തൊഴിലാണ്‌ മുയല്‍ വളര്‍ത്തല്‍. കുറഞ്ഞ മുതല്‍മുടക്ക്‌, ഉയര്‍ന്ന തീറ്റപരിവര്‍ത്തനശേഷി, എല്ലാ മതവിഭാഗത്തിനും സ്വീകാര്യമായ ഇറച്ചി, ഉയര്‍ന്ന രോഗപ്രതിരോധശേഷി, കുറഞ്ഞ ഗര്‍ഭകാലം എന്നിവ മുയല്‍ വളര്‍ത്തലിന്റെ പ്രത്യേകതകളാണ്‌. ഇതൊക്കെയാണെങ്കിലും ശാസ്‌ത്രീയമായ പരിപാലനരീതികള്‍ അവലംബിച്ചില്ലെങ്കില്‍ പരാജയപ്പെടാന്‍ ഏറ്റവും സാധ്യതയുള്ളതാണ്‌ മുയല്‍വളര്‍ത്തല്‍. സസ്യങ്ങളിടങ്ങിയിട്ടുള്ള മാംസ്യം മനുഷ്യരാശിക്കുപയോഗയോഗ്യമായ മാംസ്യമാക്കി മാറ്റുന്നതില്‍ മുയലുകള്‍ മുന്‍പന്തിയിലാണ്‌.

മുയലിനങ്ങള്‍

മുയലുകളെ മൂന്നായി തരംതിരിക്കാം.

 • ഭാരം ഏറിയവ. ഉദാ: ഫ്‌ളെമിഷ്‌ജയന്റ്‌, ജയന്റ്‌ ബ്ലാക്ക്‌
 • ഇടത്തരം
 • ഭാരം കുറഞ്ഞവ.

ന്യൂസിലാന്റ്‌ വൈറ്റ്‌: സ്വദേശം ഇംഗ്ലണ്ട്‌. വെളുത്ത രോമങ്ങളും ചുവന്ന കണ്ണുകളും ഇവയുടെ സവിശേഷതയാണ്‌. ശരാശരി ഭാരം നാലര കി.ഗ്രാം വരും. ഇവയുടെ മൃദുരോമചര്‍മ്മങ്ങള്‍ക്ക്‌ ആകര്‍ഷകമായ നിറങ്ങള്‍ നല്‍കുവാന്‍ സാധിക്കുമെന്നതിനാല്‍ നല്ല ഡിമാന്റുണ്ട്‌. തണുപ്പുള്ള മലമ്പ്രദേശങ്ങളില്‍ വളര്‍ത്തിയാല്‍ രോമം കൂടുതല്‍ കണ്ടേക്കാം.

ഗ്രേ ജയന്റ്‌: കാട്ടുമുയലിനോട്‌ സാമ്യം. ശരാശരി 5 കി.ഗ്രാം ഭാരമുണ്ടാകും.

വൈറ്റ്‌ ജയന്റ്‌: വെളുത്ത രോമങ്ങളുള്ള ഇവയ്‌ക്ക്‌ ഗ്രേ ജയന്റ്‌ മുയലിനോട്‌ സാമ്യമുണ്ട്‌.

സോവിയറ്റ്‌ ചിന്‍ചില: ഗതകാല സോവിയറ്റ്‌ യൂണിയനാണ്‌ സ്വദേശം. അഞ്ചുകി.ഗ്രാം ഭാരമുണ്ടാകും. ഇവയുടെ നിറം ചാരനിറത്തോട്‌ സാദൃശ്യമുള്ള ചിന്‍ചിലനിറമാണ്‌.

അങ്കോറ: കമ്പിളിരോമത്തിനായി വളര്‍ത്തുന്ന ഇവ തണുപ്പേറിയ പ്രദേശങ്ങളില്‍ മെച്ചപ്പെട്ട രോമം നല്‍കുന്നു. എന്നാല്‍ കേരളത്തെപ്പോലുള്ള സ്ഥലങ്ങളില്‍ ഇവയെ വളര്‍ത്തുന്നത്‌ ആദായകരമല്ല. ഇതിന്‌ ബ്രിട്ടീഷ്‌ അങ്കോറ, ജര്‍മ്മന്‍ അങ്കോറ എന്നീ വകഭേദങ്ങളുണ്ട്‌.

സില്‍വര്‍ ഫോക്‌സ്‌: കറുപ്പോ ചോക്ലേറ്റോ നിറത്തില്‍ ഇവയെ കാണപ്പെടുന്നു. ഇത്തരം ജനുസ്സില്‍പ്പെട്ടവയുടെ ശീരരഭാരം ശരാശരി 4.5 കി.ഗ്രാം ആണ്‌. രോമങ്ങള്‍ക്ക്‌ അല്‍പം നീളം കൂടുതലുണ്ട്‌. ഇവയുടെ രോമങ്ങള്‍ വാല്‍ മുതല്‍ മുന്നോട്ടു തഴുകുമ്പോള്‍ പൊങ്ങിനില്‍ക്കുന്നു. തിരിച്ച്‌ തടവിയാല്‍ മാത്രമേ രോമം പൂര്‍വസ്ഥിതിയിലാകൂ. കൂടുതലായും ഇറച്ചി ആവശ്യങ്ങള്‍ക്കാണ്‌ ഇവയെ വളര്‍ത്തുന്നത്‌.

ഹിമാലയന്‍: ഇവയുടെ ശരീരം വെളുത്ത നിറമാണെങ്കിലും മൂക്ക്‌, ചെവി, കാല്‍, വാല്‍ എന്നീ ഭാഗങ്ങള്‍ക്ക്‌ പല നിറങ്ങളായിരിക്കും. ചെറിയ ഇനമായ ഇവയ്‌ക്ക്‌ 2-3 കി.ഗ്രാം തൂക്കമുണ്ടാകും. ഓമനമൃഗമായാണ്‌ കൂടുതലും വളര്‍ത്തിവരുന്നത്‌. ഇറച്ചി ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം.

സങ്കരയിനം: മേല്‍ പ്രസ്‌താവിച്ച ഇനങ്ങളെയെല്ലാം ഉള്‍പ്പെടുത്തി സങ്കരയിനങ്ങള്‍ ഉരുത്തിരിച്ചെടുത്തിട്ടുണ്ട്‌. ഇവയുടെ ഉല്‍പ്പാദനക്ഷമതയും രോഗപ്രതിരോധേശേഷിയും കൂടുതലാണ്‌. കേരള കാലാവസ്ഥയ്‌ക്ക്‌ ഇവ ഏറെ അനുയോജ്യമാണ്‌.

കൂടുനിര്‍മാണം

മുയലുകളെ ശത്രുക്കളില്‍നിന്നും സംരക്ഷിക്കാനും അവ ഓടിപ്പോകാതിരിക്കാനും വേണ്ടി അവയ്‌ക്ക്‌ തക്കതായ പാര്‍പ്പിടം ഒരുക്കേണ്ടത്‌ വളരെ അത്യാവശ്യമാണ്‌. മുയലുകള്‍ക്കായി കൂടുകള്‍ നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന്‌ നോക്കാം.

 1. താമസസൗകര്യം
 2. കൂടുകള്‍ വൃത്തിയാക്കാനുള്ള സൗകര്യം
 3. മുയലുകളെ കൈകാര്യം ചെയ്യവാനുള്ള സൗകര്യം
 4. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാനുള്ള ക്രമീകരണങ്ങള്‍
 5. പാമ്പ്‌, എലി തുടങ്ങിയ ക്ഷുദ്രീവികളില്‍നിന്നുള്ള സംരക്ഷണം
 6. കുറഞ്ഞ ചെലവ്‌
 7. വെയില്‍, മഴ എന്നിവയില്‍നിന്നുള്ള സംരക്ഷണം
 8. മുയലുകളുടെ പാര്‍പ്പിടം കിഴക്കു പടിഞ്ഞാറുദിശയില്‍ ഒരുക്കുകയാണെങ്കില്‍ സൂര്യപ്രകാശം നേരിട്ട്‌ കൂട്ടില്‍ പതിക്കാതെയിരിക്കും.

മരം, കമ്പിവല, മുള, കവുങ്ങ്‌ എന്നിവകൊണ്ട്‌ മുയല്‍ക്കൂടുകള്‍ നിര്‍മ്മിക്കാവുന്നതാണ്‌. മരം, മുള എന്നിവ ആദായകരമാണെങ്കിലും മുയലുകള്‍ അവ കരണ്ടുതിന്നേക്കാം. കമ്പിവലക്കൂടുകള്‍ കുറെക്കാലം നിലനില്‍ക്കുമെങ്കിലും ഇവയുടെ അടിവശം പെട്ടെന്ന്‌ തുരുമ്പിച്ചു പോകും. ഇവയ്‌ക്ക്‌ ചെലവ്‌ കൂടുകയും ചെയ്യും. പ്രജനനപ്രായമായ മുയലുകളെ തനിച്ച്‌ പാര്‍പ്പിക്കുന്നതാണുത്തമം. 70 സെ.മീ. നീളവും 60 സെ.മീ. വീതിയും 45 സെ.മീ. ഉയരവുമുള്ള കൂട്ടില്‍ ഒരു മുയലിനെ പാര്‍പ്പിക്കാം. കൂടിന്റെ വാതില്‍ മുകളിലോ വശങ്ങളിലോ സൗകര്യമനുസരിച്ച്‌ വയ്‌ക്കാം. കൂടിന്റെ അടിഭാഗം മരംകൊണ്ടാണ്‌ ഉണ്ടാക്കുന്നതെങ്കില്‍ മരക്കഷണങ്ങള്‍ തമ്മില്‍ 1.5 സെ.മീ. അകലം വേണം. അടിഭാഗം കമ്പിവലയാണുത്തമം. കാഷ്‌ഠവും മൂത്രവും കൂട്ടില്‍ തങ്ങിനില്‍ക്കാതെ കൂട്‌ ശുചിയായിരിക്കാനുപകരിക്കും. കൂടുതല്‍ വിടവുള്ള കമ്പിവലയുപയോഗിച്ചാല്‍ കുഞ്ഞുങ്ങളുടെ കാലുകള്‍ കുടുങ്ങിപ്പോകാന്‍ സാധ്യതയുണ്ട്‌. രണ്ട്‌ തട്ടുകളുള്ള കൂടുകളും സജ്ജമാക്കാവുന്നതാണ്‌. പക്ഷേ, മുകളിലെ തട്ടില്‍ പാര്‍ക്കുന്ന മുയലിന്റെ കാഷ്‌ഠവും മൂത്രവും താഴത്തെ തട്ടിലെ മുയലിന്റെ മുകളില്‍ വീഴാത്തവണ്ണം ഇരുമ്പിന്റെയോ പ്ലാസ്റ്റിക്കിന്റെയോ ട്രേ മുകളിലെ തട്ടിന്‌ ചുവടെയായി ഘടിപ്പിക്കണമെന്നുമാത്രം. ഇതുകൂടാതെ ഒരു കോണിയിലെ പടികളെപ്പോലെയും രണ്ട്‌ തട്ടുകളിലായി കൂടുകള്‍ ക്രമീകരിക്കാവുന്നതാണ്‌.

മുയല്‍ക്കൂട്ടില്‍ എല്ലായ്‌പ്പോഴും ശുദ്ധജലം ലഭ്യമായിരിക്കണം. ഇതിനായി കട്ടികൂടിയ മണ്‍പാത്രങ്ങളോ നോസില്‍ ഘടിപ്പിച്ച കുപ്പികളോ ഉപയോഗിക്കാവുന്നതാണ്‌. ആശുപത്രികളില്‍നിന്നും ലഭിക്കുന്ന ഒഴിഞ്ഞ ഗ്ലൂക്കോസ്‌ കുപ്പിയില്‍ ഒരു നേര്‍ത്ത അലുമിനിയം ട്യൂബ്‌ അതിന്റെ മൂടിയിലുറപ്പിച്ചു വച്ചാല്‍ അതായിരിക്കും നല്ല രീതി. ഇത്തരം കുപ്പികളഇല്‍ വെള്ളം നിറച്ച്‌ തലകീഴായി കൂടിനു പുറത്ത്‌ ഉറപ്പിക്കുകയും ചെയ്യാം. അങ്ങനെ ചെയ്യുകയാണെങ്കില്‍ കൂടിനുള്ളില്‍ വെള്ളം തട്ടിമറിഞ്ഞ്‌ വൃത്തികേടാകുകയില്ല.

തീറ്റയും പുല്ലും ഇട്ടുകൊടുക്കുന്നതിന്‌ പ്രത്യേക സംവിധാനമുണ്ടായിരിക്കണം. കൂടിന്റെ വാതിലില്‍ത്തന്നെ ഇത്‌ സജ്ജീകരിക്കാവുന്നതാണ്‌. ഇങ്ങനെ ചെയ്യുന്ന പക്ഷം കൂട്‌ തുറക്കാതെതന്നെ തീറ്റയും വെള്ളവും നല്‍കുവാന്‍ കഴിയും. മുയല്‍ക്കാഷ്‌ഠവും മൂത്രവും ഭക്ഷണത്തിന്റെ അവശിഷ്‌ടങ്ങളും ശേഖരിക്കുന്നതിനായി കൂടിനു പുറത്ത്‌ ഒരു കുഴിയെടുക്കുകയാണെങ്കില്‍ നല്ല ഗുണമേന്മയുള്ള വളവും ലഭിക്കും. കൂടിനുള്ളില്‍നിന്നും ഒരു ചെറിയ ചാലിലൂടെ ഇവയെല്ലാംതന്നെ ആ കുഴിയിലെത്തിക്കാവുന്നതാണ്‌. വ്യാവസായികാടിസ്ഥാനത്തില്‍ കൂടു നിര്‍മ്മിക്കുമ്പോള്‍ വളരെയധികം ശ്രദ്ധ ഈകാര്യത്തില്‍ ചെലുത്തേണ്ടതാണ്‌. എന്നാല്‍ മാത്രമേ കൂടിനകം ശുചിയായിരിക്കുകയുള്ളൂ. ഇതുമൂലം രോഗസാധ്യതകളും കുറയുന്നതാണ്‌. മാംസാവശ്യത്തിനുമാത്രമായി മുയല്‍ക്കുഞ്ഞുങ്ങളെ ഒരുമിച്ച്‌ വളര്‍ത്താവുന്നതാണ്‌. മുയല്‍ ഷെഡ്ഡിനകത്ത്‌ നല്ല വായുസഞ്ചാരമുണ്ടായിരിക്കണം. ആവശ്യമെങ്കില്‍ എക്‌സോസ്റ്റ്‌ ഫാനുകള്‍ ഘടിപ്പിക്കാവുന്നതാണ്‌. നല്ല വെളിച്ചവും ഉണ്ടായിരിക്കണം. വേനല്‍ക്കാലത്ത്‌ ചൂട്‌ കുറയ്‌ക്കാന്‍ തക്ക നടപടികള്‍ എടുക്കേണ്ടതാണ്‌. ഷെഡ്ഡിനുചുറ്റും വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നത്‌ നന്നായിരിക്കും. ഈര്‍പ്പം വളരെയധികം ഉള്ളപ്പോള്‍ ചാക്കുകൊണ്ട്‌ മറച്ചാല്‍ ശ്വാസകോശരോഗങ്ങള്‍ തടായന്‍ സഹായകരമാകും. മുയല്‍ഷെഡ്ഡിനകത്ത്‌ ഊഷ്‌മാവ്‌ 10-200 സെന്റിഗ്രേഡ്‌ ആണെങ്കില്‍ വളരെ നന്നായിരിക്കും. മുയലുകള്‍ പൊതുവേ വളരെ ശാന്തരായതിനാല്‍ കൂട്ടിനകത്തുണ്ടാക്കുന്ന ശബ്‌ദങ്ങള്‍ എവയെ പേടിപ്പെടുത്തുന്നതാണ്‌. കുറുക്കന്മാര്‍, പാമ്പുകള്‍, എലികള്‍, പട്ടി, പൂച്ച എന്നിവയുടെ സാമീപ്യം മുയലുകളെ ഭയചകിതരാക്കുന്നു. ഇവയുടെ ശല്യമില്ലാത്തിടത്ത്‌ വേണം ഷെഡ്ഡ്‌ പണിയാന്‍.

മുയല്‍ക്കൂടുകളില്‍ ജോലിയെടുക്കുന്നവരുടെ ജോലിഭാരം കുറയ്‌ക്കാനുതകുന്ന തരത്തിലാകണം കൂടുകളുടെ നിര്‍മ്മാണം. ദിവസത്തിലെ ഭൂരിഭാഗം സമയവും തീറ്റകൊടുക്കുന്നതിലും കൂടുകള്‍ വൃത്തിയാക്കുന്നതിലും തൊഴിലാളിക്കു ചെലവാക്കേണ്ടിവന്നാല്‍ ഇണചേര്‍ക്കാനും രേഖകള്‍ സൂക്ഷിക്കുവാനും മറ്റും ചെലവഴിക്കുന്ന സമയം വളരെ കുറയുകയും ചെയ്യും. ഈ കാര്യങ്ങള്‍ ചെറിയതോതില്‍ വളര്‍ത്തുന്നവരെ കാര്യമായി ബാധിച്ചില്ലെന്നുവരാം. ജലക്ഷാമം ഇല്ലാത്ത സ്ഥലംതന്നെ തിരഞ്ഞെടുക്കണം. നീര്‍വാര്‍ച്ചയുള്ള സ്ഥലമാകണം. മേല്‍ക്കൂര തെങ്ങോലയോ പനയോലയോ കൊണ്ട്‌ മേയുന്നതാണ്‌ ഉത്തമം. കൂടുതല്‍ കാലം നിലനില്‍ക്കില്ലെങ്കിലും ചൂടില്‍നിന്നും തണുപ്പില്‍നിന്നും ഒരു രക്ഷാകവചമായി ഇതു വര്‍ത്തിക്കും. ഇത്തരത്തിലുള്ള മേല്‍ക്കൂരകള്‍ക്ക്‌ സാധാരണ നല്‍കുന്നതിലുപരി ചെരിവ നല്‍കിയാല്‍ മഴവെള്ളം പെട്ടെന്നു വാര്‍ന്നുപോകും. ഇപ്പോള്‍ കൂടുതല്‍ ഈടുറപ്പുള്ളതും ചെലവു കുറഞ്ഞതുമായ പലതരത്തിലുള്ള ഷീറ്റുകളും ലഭ്യമാണ്‌.

ചുമരുകള്‍: പ്രാദേശികമായി ലഭിക്കുന്ന ഇഷ്‌ടിക ഉപയോഗിച്ചാല്‍ ചെലവു ഗണ്യമായി കുറയ്‌ക്കാം. മരപ്പലകകള്‍ ഉപയോഗിക്കുകയാണെങ്കില്‍ പെയിന്റ്‌ ചെയ്‌തിട്ട്‌ ഉപയോഗിക്കുകയാണുത്തമം. 3 അടി ഉയരത്തില്‍ ചുമര്‍ പണിത്‌ അതിനു മുകളിലേക്കു കമ്പിവലയിട്ടാല്‍ വായുസഞ്ചാരം സുഗമമായിരിക്കും. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലുള്ളപ്പോള്‍ കട്ടികുറഞ്ഞ ചാക്കുകൊണ്ടോ തടക്കുകള്‍കൊണ്ടോ മറച്ചാല്‍ കൂടിനകത്ത്‌ ഈര്‍പ്പം തട്ടാതെ സൂക്ഷിക്കാം.

നിലം: വൃത്തിയാക്കല്‍ എളുപ്പമുള്ളതാക്കുന്നതാണുത്തമം. എന്നാല്‍ നിലത്ത്‌ ഈര്‍പ്പം തങ്ങിനില്‍ക്കാത്ത തരത്തിലുള്ളതാണ്‌ നല്ലത്‌. കോണ്‍ക്രീറ്റ്‌ ചെയ്‌ത നിലത്ത്‌ കൂടുകള്‍ക്കു കീഴിലായി 3 അടി വീതിയുള്ള ചാലുകള്‍ നിര്‍മമ്മിച്ച്‌ ഏതെങ്കിലുമൊരറ്റത്ത്‌ പുറത്തേക്കൊഴുക്കാവുന്ന (കമ്പോസ്റ്റുകുഴി, ബയോഗ്യാസ്‌ പ്ലാന്റ്‌) തരത്തില്‍ നിര്‍മ്മിച്ചാല്‍ ഉത്തമമായി. മണ്ണ്‌ മെഴുകിയ നിലത്ത്‌ ഈരച്ചപ്പൊടി വിതറി അവയ്‌ക്കു മുകളില്‍ കൂട്‌ ഉറപ്പിച്ചു വളര്‍ത്തുന്നവരുമുണ്ട്‌.

മുയല്‍ക്കൂടുകള്‍

ജീവിതകാലം മുഴുവന്‍ കൂടുകളഇല്‍ കഴിയാന്‍ വിധിക്കപ്പെട്ടിട്ടുള്ളതിനാല്‍ ഇവയുടെ നിര്‍മ്മാണത്തിലും പ്രത്യേക ശ്രദ്ധചെലുത്തേണ്ടതാണ്‌. ഇംഗ്ലീഷില്‍ ഇവയ്‌ക്ക്‌ ഹച്ചുകള്‍ എന്നാ പറയുന്നത്‌.

ബ്രീഡിങ്‌ കൂടുകള്‍: ശരാശരി 90 സെ.മീ. നീളം 70 സെ.മീ. വീതി 50 സെ.മീ. ഉയരമുള്ള കൂടുകളാണ്‌ ഇതിനായി നിര്‍മ്മിക്കേണ്ടത്‌. എന്നാല്‍ മുയലിന്റെ വലിപ്പമനുസരിച്ച്‌ കൂടുകളുടെ വലിപ്പവും കൂട്ടേണ്ടിവരും.

പ്രസവമടുക്കുമ്പോള്‍ ഇതിനകത്ത്‌ 45 സെ.മീ. നീളവും 30 സെ.മീ വീതിയും 40 സെ.മീ. ഉയരവുമുള്ള നെസ്റ്റ്‌ ബോക്‌സ്‌ വച്ചുകൊടുക്കുവാനുള്ള സ്ഥലവും കൂടി കണക്കിലെടുത്താണ്‌ കൂടൊരുക്കുന്നത്‌.

ആണിനും പെണ്ണിനുമുള്ള സാധാരണ കൂടുകള്‍

60 സെ.മീ. നീലം 60 സെ.മീ. വീതി 45 സെ.മീ. ഉയരമുള്ള കൂടുകളില്‍ ഓരോ ആണിനെയോ പെണ്ണിനെയോ പാര്‍പ്പിക്കാവുന്നതാണ്‌. ഇവിടെയും വലിപ്പത്തിനനുസരിച്ച്‌ കൂടിന്റെ വലിപ്പവും കൂട്ടേണ്ടതാണ്‌.

ഇറച്ചിമുയലുകളെ വളര്‍ത്തുമ്പോള്‍ ചെറിയ കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുന്നതിനനുസരിച്ച്‌ സ്ഥലസൗകര്യം കൊടുക്കേണ്ടതാണ്‌. ഇങ്ങനെ ചെയ്‌താല്‍ കുഞ്ഞുങ്ങള്‍ക്ക്‌ നല്ല വളര്‍ച്ചാനിരക്ക്‌ ലഭിക്കും. മാത്രമല്ല മരണനിരക്ക്‌ കുറയുകയും ചെയ്യും.

20 മുതല്‍ 50 ദിവസം വരെ പ്രായമുള്ളതിനെ മറ്റൊരു കൂട്ടിലേക്കു മാറ്റണം. ഈ കൂടിന്‌ 10 അടി നീളവും 3 അടി വീതിയും വേണം. ഇതിനെ 10-12 കള്ളികളായി തിരിച്ച്‌ ഓരോ കള്ളിയിലും 3 വീതം മുയലുകളെ ഇടാം.

80-120 ദിവസം പ്രായമാകുമ്പോള്‍ 10 അടി നീളവും 3 അടിവീതിയുമുള്ള വേറൊരു കൂട്ടിലേക്കു മാറ്റണം. ഇതിനെ 10-12 കള്ളികളാക്കി തിരിച്ച്‌ ഓരോ കള്ളിയിലും രണ്ടു വീതം മുയലുകളെ പാര്‍പ്പിക്കാം. ഇത്തരത്തില്‍ 2 കൂടുണ്ടായാല്‍ മാത്രമേ മുഴുവന്‍ മുയലുകളെയും പാര്‍പ്പിക്കാനാവുകയുള്ളു. ഇപ്രകാരം മൊത്തത്തില്‍ 4 കൂടുകള്‍ ആവശ്യമായി വരും.

കോളനിക്കൂടുകള്‍

രണ്ടു മീ. നീളം ഒരു മീ. വീതി ഒരടി ഉയരമുള്ള കൂടുകളില്‍ 20 കുഞ്ഞുങ്ങളെ പാര്‍പ്പിക്കാം. എല്ലാ കൂടുകള്‍ക്കും വശങ്ങളില്‍ ഒരിഞ്ച്‌ സമചതുരമുള്ള വലയും ഉപയോഗിക്കാം. കൂടുനിര്‍മ്മാണത്തിലെ ചിലവു കുറയ്‌ക്കാന്‍ മരം ഉപയോഗിക്കാവുന്നതാണ്‌. എന്നാല്‍ മുയലുകള്‍ കാര്‍ന്നുതിന്നാന്‍ സാധ്യതയുണ്ട്‌.

വെല്‍ഡഡ്‌ മെഷ്‌ അഥവാ കമ്പിവല ഉപയോഗിക്കുന്നതിലെ നേട്ടങ്ങള്‍

 1. നിര്‍മ്മാണം ലളിതവും എളുപ്പവുമാകുന്നു.
 2. ഇടയ്‌ക്കിടയ്‌ക്കള്ള അറ്റകുറ്റപ്പണികള്‍ ഒഴിവാക്കാവുന്നതാണ്‌.
 3. മുയലുകളുടെ കാഷ്‌ഠവും മൂത്രവും കൂടുകളില്‍ തങ്ങിനില്‍ക്കാതെ താഴേക്കു വീഴുന്നതിനാല്‍ വൃത്തിയാക്കാന്‍ എളുപ്പമാണ്‌.

കൂടിന്റെ വാതിലുകള്‍ ഉറപ്പിക്കുമ്പോള്‍ എല്ലാ കൂടുകളുടെയും വാതിലുകള്‍ ഒരേ ദിശയില്‍ ഘടിപ്പിക്കുകയാണെങ്കില്‍ കൂടുകള്‍ തുറക്കുവാനും എളുപ്പമായിരിക്കും. വാതിലിലൂടെ മുയലിനെയും മറ്റു പുറത്തെടുക്കാനും കഴിയും.

വലിയ ഫാമുകളില്‍ കൂടുകള്‍ മൂന്നോ നാലോ നിരകളായും സജ്ജമാക്കാവുന്നതാണ്‌. എന്നാല്‍ നിരകള്‍ക്കിടയിലൂടെ സൗകര്യപൂര്‍വം നടക്കാന്‍ കഴിയണം. ആവശ്യമെങ്കില്‍ രണ്ടോ മൂന്നോ തട്ടുകളായും ക്രമീകരിക്കാവുന്നതാണ്‌. ഒരു കൂട്ടിലെ കാഷ്‌ഠവും മൂത്രവും താഴത്തെ കൂട്ടിലേക്കു വീഴാതെ നോക്കണം.

നെസ്റ്റ്‌ ബോക്‌സ്‌: ഗര്‍ഭിണികളായ മുയലുകളുടെ കൂട്ടില്‍ പ്രസവത്തിനു തൊട്ടുമുമ്പായി ഇവ വച്ചുകൊടുക്കേണ്ടതാണ്‌. പ്രസവവും തുടര്‍ന്ന്‌ കുഞ്ഞുങ്ങളെ മൂലയൂട്ടുന്നതും ഇതില്‍വച്ച്‌ തള്ള മുയല്‍ നിര്‍വഹിച്ചുകൊള്ളും. ഈ കൂടുകള്‍ മരംകൊണ്ടോ തകരംകൊണ്ടോ ഉണ്ടാക്കാവുന്നതാണ്‌. കൂടുകള്‍ മേല്‍ക്കൂരയെ താങ്ങുന്ന തൂണുകളില്‍ ഉറപ്പിക്കാം. അതല്ലാതെ ഓരോ കൂടും പ്രത്യേകം തൂണുകളില്‍ നിര്‍ത്താവുന്നതാണ്‌. അതുമല്ലെങ്കില്‍ മേല്‍ക്കൂരയുടെ താഴെ ഉറപ്പിച്ച പലകയില്‍ കെട്ടിയകയറിലും കൂടു തൂക്കിയിടാം.

ഈ കൂടുകള്‍ക്കെല്ലാം പുറമേ ഒരു നിരീക്ഷണക്കൂടുകൂടി പണിയേണ്ടതാണ്‌. പുതിയ മുയലുകളെ വാങ്ങുമ്പോള്‍ രണ്ടാഴ്‌ചയെങ്കിലും ഇവയെ നിരീക്ഷണക്കൂട്ടില്‍ നിര്‍ത്തണം. നിരീക്ഷണക്കൂട്‌ വ്യക്തിഗത കൂടായിരിക്കണം. മറ്റു കൂടുകളില്‍നിന്നും ചുരുങ്ങിയത്‌ 10 മീറ്ററെങ്കിലും മാറിവേണം നിരീക്ഷണക്കൂടു കെട്ടാന്‍. രോഗം വന്നവയെയും ഇത്തരം കൂട്ടിലേക്കു മാറ്റി പാര്‍പ്പിക്കാവുന്നതാണ്‌.

തീറ്റപ്പാത്രം: സാധാരണയായി തീറ്റപ്പാത്രം കൂടിന്റെ വാതിലില്‍ ഘടിപ്പിക്കുന്നതാണുത്തമം. ഇതുവഴി കൂടു തുറക്കാതെതന്നെ തീറ്റ നല്‍കുവാന്‍ കഴിയും. ഇതല്ലാതെ മണ്‍പാത്രങ്ങളിലോ പ്ലാസ്റ്റിക്‌പാത്രങ്ങളിലോ തീറ്റ നല്‍കാം. എന്നാല്‍ മുയലുകള്‍ ഇത്‌ കാര്‍ന്നു തീന്നേക്കാം.

വെള്ളപ്പാത്രം: ഇതും പുറത്തുനിന്നും വെള്ളം നല്‍കാവുന്ന തരത്തില്‍ സജ്ജമാക്കുന്നതാണ്‌ അഭികാമ്യം. കൂടിനകത്ത്‌ പാത്രത്തില്‍ വെള്ളം കൊടുക്കുന്നപക്ഷം അത്‌ മലിനമാകാനും തട്ടിമറിക്കപ്പെടാനും സാധ്യതുണ്ട്‌. തലകീഴായി കമഴ്‌ത്തിയ ഗ്ലാസ്‌കുപ്പികളില്‍ വെള്ളം നല്‍കുകയാണ്‌ നല്ലത്‌. ഇതു കൂടാതെ ഇന്ന്‌ ഓട്ടോമാറ്റിക്‌ സംവിധാനവുമുണ്ട്‌. ചെലവ്‌ കൂടുമെന്നുമാത്രം. കുപ്പി തലകീഴായ്‌ വശങ്ങളില്‍ ഘടിപ്പിക്കാവുന്നതാണ്‌. ഇതാകുമ്പോള്‍ തട്ടിമറിക്കുകയോ വലിച്ചെടുക്കുകയോ ഇല്ല. ഓട്ടോമാറ്റിക്‌ സംവിധാനത്തില്‍ നിപ്പിള്‍ രീതിയിലാണ്‌ വെള്ളം നല്‍കുന്നത്‌. വ്യക്തിഗതകൂട്ടില്‍ ഓരോ മുയലിനും ഓരോ നിപ്പിള്‍ വേണ്ടിവരും.

ഭക്ഷണവും തീറ്റയും

മുയലുകള്‍ക്കാവശ്യമായ പോഷകഘടകങ്ങളും അവയുടെ ധര്‍മ്മങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്‌. മുയലുകളുടെ ഭക്ഷണത്തില്‍ പ്രധാനമായും 5 ഘടകങ്ങളുണ്ടായിരിക്കണം. കാര്‍ബോഹൈഡ്രേറ്റുകള്‍, മാംസ്യം, കൊഴുപ്പ്‌, വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍ എന്നിവയാണവ.

മാംസ്യം അഥവാ പ്രോട്ടീന്‍

ജീവികളുടെ ശരീരകോശങ്ങളിലെ മുഖ്യഘടകമാണ്‌ മാംസ്യം. ചങ്ങലപോലെ അമിനോ അമ്ലങ്ങള്‍ ചേര്‍ന്നാണ്‌ മാംസ്യം ഉണ്ടാക്കിയിരിക്കുന്നത്‌. 20 അമിനോ അമ്ലങ്ങളാണുള്ളത്‌. ഇവയുടെ അളവും അനുപാതവും ഘടനയുമാണ്‌ ഓരോന്നിനും അതിന്റെ പ്രത്യേകത നല്‍കുന്നത്‌. ഇവയാണ്‌ പല ശരീരധര്‍മ്മങ്ങളും നിറവേറ്റുന്നത്‌. ശരീരത്തിലെ ഹോര്‍മോണുകളും എന്‍സൈമുകളും മാംസ്യങ്ങളാണ്‌. ശരീരത്തിന്റെ പ്രതിരോധശേഷി നല്‍കുന്ന ആന്റിബോഡികളും മാംസ്യങ്ങളാണ്‌. ഇതുകൂടാതെ ശരീരത്തിലെ മാംസവും സ്രവങ്ങളും ചര്‍മ്മവും രോമവുമെല്ലാം തന്നെ മാംസ്യങ്ങളാല്‍ നിര്‍മ്മിതമാണ്‌. ഇതുകൊണ്ടാണ്‌ ഏതൊരു മൃഗത്തിനും വേണ്ട മുഖ്യപോഷകഘടകമായി മാംസ്യത്തെ കണക്കാക്കുന്നത്‌.

മുയലിന്റെ ശരീരത്തില്‍ ചില അമിനോ അമ്ലങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്‌. ഇവയെ സാധാരണയായി തീറ്റയിലൂടെ നല്‍കേണ്ടതില്ല. എന്നാല്‍ മുയലിന്റെ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത അമിനോ അമ്ലങ്ങള്‍ ഭക്ഷണത്തിലൂടെ നല്‍കണം. ഇവയാണ്‌ ആവശ്യ അമിനോ അമ്ലങ്ങള്‍. മുയലുകളില്‍ 10 അമിനോ അമ്ലങ്ങളായി കണക്കാക്കുന്നു. ആര്‍ജിനിന്‍, ലൈസിന്‍, ഹിസ്റ്റിഡിന്‍, മെത്തിയോണിന്‍, ഐസോലൂസിന്‍, ഫിനൈല്‍ അലനിന്‍, ലൂസിന്‍, ത്രിയോണിന്‍, ട്രിഫ്‌റ്റോഫാന്‍, വാലിന്‍ എന്നിവ ഭക്ഷണത്തില്‍ ലഭ്യമല്ലെങ്കില്‍ മുയലുകള്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നു. അത്തരം മുയലുകളുടെ വളര്‍ച്ചയും ഉല്‍പ്പാദനക്ഷമതയും ശരീരഭാരവും ഇതുമൂലം കുറയുന്നു. അതിനാല്‍ മുയലുകളുടെ ഭക്ഷണത്തില്‍ ഈ അമിനോ അമ്ലങ്ങള്‍ താഴെപ്പറയുന്ന അളവില്‍ അടങ്ങിയിരിക്കണം.

അമിനോ അമ്ലം അളവ്‌ മി.ഗ്രാമില്‍

ആര്‍ജിനിന്‍ 6

ലൈസിന്‍ 9

ത്രിയോണിന്‍ 58

ഫിനൈല്‍ അലനിന്‍ 0.6

തൈറോസിന്‍ 10.6

ഹിസ്റ്റിഡിന്‍ 2.8

മെത്തിയോണിന്‍ 7

ഐസോലൂസിന്‍ 5.6

ട്രിഫ്‌റ്റോഫാന്‍ 1.7

വാലിന്‍ 7

ഭക്ഷണത്തിലെ മാംസ്യത്തിന്റെ മൊത്തം അളവിനെക്കാള്‍ പ്രാധാന്യം അതിലെ ഘടകങ്ങളായ അമിനോ അമ്ലങ്ങളുടെ അളവാണ്‌. സാധാരണയായി മുയലുകളുടെ ഭക്ഷണത്തില്‍ 18% അസംസ്‌കൃതമാംസ്യവും (Crude Protein) 16% ദഹിക്കുന്ന അസംസ്‌കൃമാംസ്യവും (Digestable Crude Protein) വേണം. മുലയൂട്ടുന്ന മുയലുകള്‍ക്ക്‌ അല്‍പ്പം കൂടിയ അളവില്‍ (20%) അസംസ്‌കൃതമാംസ്യവും വളരുന്ന മുയലുകള്‍ക്ക്‌ അല്‍പം കുറഞ്ഞയളവില്‍ (14%) അംസ്‌കൃതമാംസ്യവുമാണ്‌ ശുപാര്‍ശചെയ്‌തിട്ടുള്ളത്‌.

മുയലുകളുടെ ആമാശയത്തിന്‌ ഒരു അറ മാത്രമേയുള്ളൂ. അതിനാല്‍ ആമാശയത്തിലെ സൂക്ഷ്‌മജീവികള്‍ക്ക്‌ ദഹനത്തില്‍ വലിയ പങ്കില്ല (ആമാശയത്തിന്‌ നാല്‌ അറയുള്ള വളര്‍ത്തുമൃഗങ്ങളായ പശു, ആട്‌ എന്നിവയില്‍ ആമാശയത്തിലെ സൂക്ഷ്‌മജീവികള്‍ക്ക്‌ ദഹനപ്രക്രിയയില്‍ പ്രധാന പങ്കുണ്ട്‌). എന്നാല്‍ ഇതിനു പകരമായി മുയലിന്റെ ദഹനേന്ദ്രിയങ്ങളില്‍ ഉള്ള സീക്കം എന്ന ഭാഗം ദഹനപ്രക്രിയയില്‍ പ്രധാന പങ്ക്‌ വഹിക്കുന്നു. ഈ ഭാഗത്ത്‌ സൂക്ഷ്‌മജീവികളുടെ വലിയൊരു ശേഖരമുണ്ട്‌. ഈ ജീവികളാണ്‌ പെട്ടെന്ന്‌ ദഹിപ്പിക്കാന്‍ സാധ്യമല്ലാത്ത സസ്യജന്യമായ സെല്ലുലോസ്‌ പോലെയുള്ള ഘടകങ്ങളടങ്ങിയ പരുഷാഹാരത്തെ ദഹിപ്പിച്ച്‌ അതിലെ പോഷകങ്ങളെ മുയലിന്‌ ലഭ്യമാക്കുന്നത്‌. ഈ സൂക്ഷ്‌മജീവികള്‍ പരുഷാഹാരത്തിലെ മാംസ്യത്തെ പുളിപ്പിച്ച്‌, അതിലെ അമിനോ അമ്ലങ്ങളെ വിഘടിപ്പിച്ച്‌ മുയലിന്റെ ശരീരത്തിന്‌ വലിച്ചെടുക്കാവുന്ന രൂപത്തിലാക്കുന്നു.

ഇത്തരത്തില്‍ സൂക്ഷ്‌മജീവികള്‍ സീക്കത്തിലുള്ളതുകൊണ്ട്‌ മുയലുകള്‍ക്ക്‌ നൈട്രജന്‍ മൂലകത്തില്‍നിന്ന്‌ അമിനോ അമ്ലങ്ങളെയും മാംസ്യത്തെയും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നു. മുയലുകളുടെ ഭക്ഷണത്തില്‍ നൈട്രജന്‍ അടങ്ങിയിട്ടുള്ള യൂറിയപോലുള്ള രാസവസ്‌തുക്കള്‍ ചെറിയ അളവില്‍ ചേര്‍ക്കുന്നതിന്റെ ശാസ്‌ത്രീയവശം ഇതാണ്‌. ഇവയുപയോഗിച്ച്‌ സൂക്ഷ്‌മജീവികള്‍ ഉയര്‍ന്ന മൂല്യമുള്ള മാംസ്യം ഉല്‍പ്പാദിപ്പിക്കുന്നതിനാല്‍ മുയല്‍ വളര്‍ത്തുന്നവര്‍ക്ക്‌ തീറ്റച്ചെലവില്‍ കാര്യമായ ലാഭം ലഭ്യമാകുന്നു. 4.5% വരെ പോലും യൂറിയ ചേര്‍ത്ത ഭക്ഷണം മുയലുകള്‍ക്ക്‌ നല്‍കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്‌.

മാംസ്യത്തിന്റെ സ്രോതസ്സുകളായി മുയല്‍ത്തീറ്റയില്‍ ഉള്‍പ്പെടുത്തുന്ന ഘടകങ്ങള്‍ പിണ്ണാക്കുകള്‍, ധാന്യങ്ങള്‍ എന്നിവയാണ്‌. മുയലുകള്‍ക്ക്‌ ഉപയോഗിക്കാവുന്ന കേരളത്തില്‍ ലഭ്യമായ പിണ്ണാക്കുകള്‍-കടലപ്പിണ്ണാക്ക്‌, തേങ്ങാപ്പിണ്ണാക്ക്‌, പരുത്തിക്കുരു പിണ്ണാക്ക്‌, എള്ളിന്‍പിണ്ണാക്ക്‌ എന്നിവയാണ്‌. ഇവയില്‍ മുയലുകള്‍ക്ക്‌ ഉപയോഗിക്കാവുന്ന കേരളത്തില്‍ ലഭ്യമായ പിണ്ണാക്കുകള്‍-കടലപ്പിണ്ണാക്ക്‌, തേങ്ങാപ്പിണ്ണാക്ക്‌, പരുത്തിക്കുരു പിണ്ണാക്ക്‌, എള്ളിന്‍പിണ്ണാക്ക്‌ എന്നിവയാണ്‌. ഇവയില്‍ മുയലുകള്‍ക്ക്‌ ഏറ്റവും പഥ്യമായിട്ടുള്ളത്‌ എള്ളിന്‍പിണ്ണാക്കാണ്‌. കടലപ്പിണ്ണാക്കില്‍ കൂടുതല്‍ അസംസ്‌കൃത മാംസ്യം അടങ്ങിയിട്ടുണ്ടെങ്കിലും ചില സമയങ്ങളില്‍ അത്‌ പൂപ്പല്‍ വിഷബാധയുടെ സ്രോതസ്സാകാറുണ്ട്‌. തേങ്ങാപ്പിണ്ണാക്കിനും പരുത്തിക്കുരുപിണ്ണാക്കിനും മറ്റു പിണ്ണാക്കുകളെ അപേക്ഷിച്ച്‌ പോഷകമൂല്യം കുറവാണ്‌. അതിനാല്‍ ഇത്തരം പിണ്ണാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ മൊത്തം ലഭ്യമാകുന്ന മാംസ്യത്തിന്റെ അളവില്‍ ശ്രദ്ധ വേണ്ടിവരും. റബ്ബര്‍കുരുപിണ്ണാക്കും സോയാബീന്‍പിണ്ണാക്കും മുയലുകള്‍ക്കുപയോഗിക്കാവുന്ന ചെലവു കുറഞ്ഞ മാംസ്യസ്രോതസ്സുകളാണ്‌.

പയര്‍, വന്‍പയര്‍, ചെറുപയര്‍, കടല, മുതിര, പരുത്തിക്കുരു എന്നിവയാണ്‌ മുയലുകള്‍ക്ക്‌ ലഭ്യമായ മറ്റു മാംസ്യസ്രോതസ്സുകള്‍. വിലക്കുറവിന്റെ അടിസ്ഥാനത്തില്‍ മുതിരയും പയറുമാണ്‌ ഏറ്റവും അനുയോജ്യം. എങ്കിലും പിണ്ണാക്കുകളെ അപേക്ഷിച്ച്‌ ഇവയ്‌ക്ക്‌ വിലകൂടും.

മൃഗജന്യമായ മാംസ്യത്തിന്റെ പ്രധാന സ്രോതസ്സുകള്‍ മീന്‍പൊടി, ഇറച്ചിപ്പൊടി, പട്ടുനൂല്‍പ്പുഴു തീറ്റ, കോഴിത്തൂവല്‍ തീറ്റ എന്നിവയാണ്‌. പട്ടുനൂല്‍പ്പുഴു തീറ്റയ്‌ക്കും കോഴിത്തൂവല്‍ തീറ്റയ്‌ക്കും വില കുറവാണെങ്കിലും അവ പല സ്ഥലങ്ങളിലും ലഭ്യമല്ല. അതിനാല്‍ അല്‍പ്പം വിലകൂടിയ മീന്‍പൊടിയും ഇറച്ചിപ്പൊടിയുമാണ്‌ കേരളത്തില്‍ ഉപയോഗിക്കാന്‍ അനുയോജ്യം.

കാര്‍ബോഹൈഡ്രേറ്റുകള്‍ (Carbohydrates)

മുയലിന്റെ ഭക്ഷണത്തിലെ മറ്റൊരു പ്രധാന ഘടകമാണ്‌ കാര്‍ബോഹൈഡ്രേറ്റുകള്‍. ശരീരത്തിന്റെ വിവിധ ധര്‍മ്മങ്ങള്‍ നടത്തുന്നതിനാവശ്യമായ ഊര്‍ജ്ജം നല്‍കുന്നത്‌ കാര്‍ബാഹൈഡ്രേറ്റുകളാണ്‌. കാര്‍ബോഹൈഡ്രേറ്റുകളെ നാരുള്ളതും നാരില്ലാത്തതുമായി തരംതിരിക്കാറുണ്ട്‌. നാരില്ലാത്ത കാര്‍ബോഹൈഡ്രേറ്റുകള്‍ക്ക്‌ ഉദാഹരണമാണ്‌ പഞ്ചസാരയും അന്നജങ്ങളും. ഇവയെ ശരീരത്തിന്‌ നേരിട്ടോ ചെറിയരീതിയിലുള്ള ദഹനത്തിലൂടെയോ ആഗീരണം ചെയ്യാന്‍ സാധ്യമാണ്‌. ശരീരത്തിന്‌ ആവശ്യമുള്ള ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതും ഇവയാണ്‌. നാരുകളുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ക്ക്‌ ഉദാഹരണമാണ്‌ സെല്ലുലോസ്‌, മറ്റ്‌ അസംസ്‌കൃതനാരുകള്‍ എന്നിവ. ഇത്തരം വസ്‌തുക്കളെ മുയലിന്റെ ദഹനേന്ദ്രിയങ്ങള്‍ക്ക്‌ നേരിട്ട്‌ ദഹിപ്പിക്കാനുള്ള കഴിവില്ല. മുയലിന്റെ സീക്കത്തിലുള്ള സൂക്ഷ്‌മജീവികളാണ്‌ ഇവയെ വിഘടിപ്പിച്ച്‌ ഇതിനുള്ളിലെ പോഷകഘടകങ്ങളെ മുയലുകള്‍ക്ക്‌ ലഭ്യമാക്കുന്നത്‌. പൊതുവേ പറഞ്ഞാല്‍ നാരുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ ചെലവ്‌ കുറഞ്ഞവയാണ്‌.

മുയലിന്റെ സീക്കത്തിലുള്ള സൂക്ഷ്‌മജീവികളില്‍ പ്രധാനപ്പെട്ടത്‌ ബാക്‌ടീരിയകളും പ്രോട്ടോസോവകളുമാണ്‌. ഇവയ്‌ക്കു നാരുകൂടിയ തീറ്റകളെ വിഘടിപ്പിക്കാനുള്ള കഴിവുണ്ട്‌. ഇങ്ങനെയാണ്‌ സെല്ലുലോസ്‌പോലെയുള്ള നാരുകൂടിയ കാര്‍ബോഹൈഡ്രേറ്റ്‌ പദാര്‍ത്ഥങ്ങളെ മുയലുകള്‍ ദഹിപ്പിക്കുന്നത്‌. ഇത്തരത്തിലുള്ള വിഘടനങ്ങളിലൂടെ ലഭ്യമാകുന്ന അമിനോഅമ്ലങ്ങളും പഞ്ചസാരകളും കൊഴുപ്പുമ്ലങ്ങളും മുയലിന്റെ ശരീരത്തിലേക്ക ആഗീരണം ചെയ്യുന്നു.

മുയലിന്റെ ശരീരത്തിന്‌ ആവശ്യമായ കാര്‍ബോഹൈഡ്രേറ്റുകളുടെ പ്രധാന സ്രോതസ്സ്‌ ധാന്യങ്ങളാണ്‌. അന്നജമാണ്‌ ധാന്യങ്ങളിലെ പ്രധാന കാര്‍ബോഹൈഡ്രേറ്റ്‌. ചോളവും ഗോതമ്പുമാണ്‌ ഏറ്റവും കൂടുതല്‍ അന്നജം അടങ്ങിയിട്ടുള്ള ധാന്യങ്ങള്‍. മുയലുകളുടെ ഭക്ഷണത്തില്‍ അന്നജം കൂടുതലായുണ്ടെങ്കില്‍ അവയ്‌ക്ക്‌ വയറിളക്കം വരാനുള്ള സാധ്യതയുണ്ട്‌. ശര്‍ക്കരയും മൊളാസസ്സുമാണ്‌ കാര്‍ബോഹൈഡ്രേറ്റുകളുടെ മറ്റു സ്രോതസ്സുകള്‍. ബാര്‍ലി, ഓട്ട്‌സ്‌ തുടങ്ങിയ ധാന്യങ്ങള്‍ക്ക്‌ വില കുറവാണെങ്കിലും അവയിലെ അന്നജം എളുപ്പത്തില്‍ ദഹിക്കുന്നതല്ല. കൂടാതെ അതില്‍ സെല്ലുലോസ്‌, പെന്റോസാന്‍സ്‌ എന്നിവയും അടങ്ങിയിട്ടുണ്ട്‌.
അസംസ്‌കൃതനാരുകളുടെ ദഹനം മുയലുകളില്‍ മറ്റു മൃഗങ്ങളെ അപേക്ഷിച്ച്‌ കുറവാണ്‌. മുയലിന്റെ കുടലുകളുടെ ചലനംമൂലം ഇവ പെട്ടെന്നു തന്നെ വന്‍കുടലിലേക്ക്‌ മാറി കാഷ്‌ഠമായി പുറംതള്ളുന്നു. എന്നാല്‍ കാഠിന്യം കുറഞ്ഞ നാരുകളെ സീക്കത്തിലേക്ക്‌ മാറ്റി അവിടെയുള്ള സൂക്ഷ്‌മജീവികള്‍ക്ക്‌ വിഘടിക്കാനുള്ള അവസരം ഒരുക്കുന്നു.

ഭക്ഷണത്തിലെ അസംസ്‌കൃതനാരിന്റെ അളവിന്‌ മുയലുകളുടെ വളര്‍ച്ചയില്‍ വലിയൊരു പങ്കുണ്ട്‌. ഇതു കുറവാണെങ്കില്‍ മുയലുകള്‍ക്ക്‌ വയറിളക്കം പിടിപെടാം. അവയുടെ വളര്‍ച്ച മുരടിക്കാം. സാധാരണയായി മുയല്‍ ഭക്ഷണത്തില്‍ 10-15 ശതമാനംവരെ അസംസ്‌കൃതനാരുകള്‍ വേണമെന്നതാണ്‌ ശുപാര്‍ശ. ഇതിന്റെ അളവ്‌ 10% ത്തില്‍ കുറഞ്ഞാല്‍ മുയലുകള്‍ക്ക്‌ വയറിളക്കമുണ്ടാകും. അത്തരം മുയലുകള്‍ അവയുടെയോ മറ്റു മുയലുകള്‍ക്ക്‌ വയറിളക്കമുണ്ടാകും. അത്തരം മുയലുകള്‍ അവയുടെയോ മറ്റു മുയലുകളുടെയോ രോമം കടിച്ചുപറിക്കുന്നു. ഇത്തരത്തില്‍ രോമങ്ങള്‍ പറിച്ച്‌ ഭക്ഷിക്കുമ്പോള്‍ അവയുടെ വയറിനുള്ളില്‍ രോമത്തിന്റെ ഉണ്ടകള്‍ ഉണ്ടാകും. ഇവ ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ശരിയായ തോതിലുള്ള അസംസ്‌കൃതനാരുകളുടെ അളവ്‌ മുയലുകളില്‍ മാതൃഗുണത്തെ പരിപോഷിപ്പിക്കുന്നതായി തെളിയിച്ചിട്ടുണ്ട്‌. ഭക്ഷണത്തിലെ ഊര്‍ജ്ജം മുഴുവനായി മുയലുകള്‍ക്ക്‌ ലഭ്യമാകാനും അസംസ്‌കൃതനാരുകള്‍ മുയലിന്റെ ഭക്ഷണത്തിലുണ്ടാവണം.

നാല്‍പത്‌ ദിവസം പ്രായമാകുന്നതുവരെ മുയല്‍ക്കുഞ്ഞുങ്ങള്‍ക്ക്‌ അന്നജത്തെ ദഹിപ്പിക്കാനുള്ള കഴിവ്‌ കുറവാണ്‌. അതിനാല്‍ 20 ദിവസം മുതല്‍ 40 ദിവസംവരെ പ്രായമുള്ള മുയല്‍ക്കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കുന്ന തീറ്റയില്‍ അന്നജത്തിന്റെ അളവ്‌ 10-12% വരെ മാത്രമേ ഉണ്ടാകാവൂ.

കൊഴുപ്പുകള്‍

മുയലുകള്‍ക്കാവശ്യമുള്ള മറ്റൊരു പോഷകഘടകമാണ്‌ കൊഴുപ്പുകള്‍. കൊഴുപ്പുകള്‍ ഉണ്ടാക്കിയിരിക്കുന്നത്‌ കൊഴുപ്പമ്ലങ്ങള്‍ ഉപയോഗിച്ചിട്ടാണ്‌ ഇവ മുയലുകളുടെ സ്വാഭാവികവളര്‍ച്ചയ്‌ക്കും ഭക്ഷണങ്ങളുടെ ദഹനത്തിനും മറ്റു പല ശരീരധര്‍മ്മങ്ങള്‍ക്കും അനിവാര്യമാണ്‌. കൊഴുപ്പുകളിലൂടെയാണ്‌ ശരീരത്തിന്‌ ആവശ്യമുള്ള പല വിറ്റാമിനുകളും ശരീരത്തിലേക്ക്‌ വലിച്ചെടുക്കുന്നത്‌. ഇവയുടെ സാന്നിധ്യമാണ്‌ മുയല്‍ക്കാഷ്‌ഠത്തെ മണിരൂപത്തിലാക്കുന്നത്‌. കൊഴുപ്പുകള്‍ ഭക്ഷണത്തിന്‌ രുചിയും അതുവഴി മുയലുകള്‍ക്ക്‌ കൂടുതല്‍ വളര്‍ച്ചയും നല്‍കുന്നു.

ഭക്ഷണത്തില്‍ കൂടുതല്‍ പരുഷാഹാരമുണ്ടെങ്കില്‍ ശരീരത്തിന്റെ ഊര്‍ജ്ജാവശ്യം നിറവേറ്റാന്‍ കൊഴുപ്പുകള്‍ അനിവാര്യമാണ്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൊഴുപ്പിന്റെ അളവ്‌ വര്‍ധിപ്പിക്കുന്നു. വളരുന്ന മുയലുകള്‍ക്ക്‌ നല്‍കുന്ന തീറ്റയില്‍ കൊഴുപ്പിന്റെ അളവ്‌ കൂടുതലാണെങ്കില്‍ എല്ലാ പോഷകഘടകങ്ങളുടെയും ദഹനം നന്നായി നടക്കുന്നതായി കണ്ടിട്ടുണ്ട്‌.

മുയലുകള്‍ക്കാവശ്യമുള്ള കൊഴുപ്പ്‌ പ്രധാനമായും ലഭിക്കുന്നത്‌ സസ്യങ്ങളില്‍നിന്നാണ്‌. മൊത്തം തീറ്റയുടെ 2-5% വരെ കൊഴുപ്പ്‌ വേണമെന്നതാണ്‌ ശാസ്‌ത്രീയമായ ശുപാര്‍ശ. എന്നാല്‍ 10% ത്തില്‍ കൂടുതല്‍ കൊഴുപ്പുകള്‍ തീറ്റയില്‍ നല്‍കുമ്പോള്‍ മുയലുകള്‍ കൂടുതല്‍ തീറ്റ കഴിക്കുന്നതായും തന്മൂലം ശരീരഭാരം വര്‍ധിക്കുന്നതായും കണ്ടിട്ടുണ്ട്‌.

മുയല്‍ത്തീറ്റയില്‍ ചിലയിനം സസ്യഎണ്ണകളോ കൊഴുപ്പുകളോ ചേര്‍ക്കുന്നത്‌ മുയലിന്റെ മാംസത്തിലെ കൊഴുപ്പിന്റെ ഘടന മാറ്റുന്നതായി കണ്ടിട്ടുണ്ട്‌. ഉദാഹരണത്തിന്‌ മുയല്‍ത്തീറ്റയില്‍ സോയാബീന്‍ എണ്ണ ചേര്‍ത്താല്‍ മുയല്‍മാംസ്യത്തില്‍ പൂരിതകൊഴുപ്പുകള്‍ കുറഞ്ഞ്‌ അപൂരിതകൊഴുപ്പുകള്‍ കൂടുതലുണ്ടാവുന്നു. ഈ അപൂരിതകൊഴുപ്പുകളാണ്‌ ആരോഗ്യത്തിന്‌ നല്ലത്‌. എന്നാല്‍ മുയല്‍ത്തീറ്റയില്‍ കൊഴുപ്പിന്റെ അളവ്‌ കൂടുമ്പോള്‍ തീറ്റ കൂടുതല്‍ കാലം ശേഖരിച്ചുവയ്‌ക്കുവാന്‍ കഴിയാതെവരുന്നു. മുയല്‍ത്തീറ്റയില്‍ കൂടുതലായുള്ള അപൂരിതകൊഴുപ്പുകള്‍ പെട്ടെന്ന്‌ വിഘടിച്ച്‌ മുയല്‍ത്തീറ്റ ചീത്തയാകുന്നു. ഇത്തരം മുയല്‍ ത്തീറ്റയ്‌ക്ക്‌ ദുര്‍ഗന്ധമുണ്ടായിരിക്കും. അതില്‍ പൂപ്പലുകളും മറ്റു സൂക്ഷ്‌മജീവികളും പെറ്റുപെരുകുന്നതിനു സാധ്യതയേറെയാണ്‌. മുയല്‍ത്തീറ്റകളില്‍ ആന്റി ഓക്‌സിഡന്റുകള്‍ ചേര്‍ത്ത്‌ ഇത്‌ തടയാന്‍ സാധിക്കും.

മുയലുകളുടെ പോഷകാവശ്യം നിറവേറ്റുന്നത്‌ സസ്യജന്യമായ കൊഴുപ്പുകളാണ്‌. ഇവ പിണ്ണാക്കുകളിലൂടെയും ധാന്യങ്ങളിലൂടെയും ലഭിക്കുന്നു. തവിടുകള്‍ വഴിയും മറ്റു ധാന്യങ്ങളുടെ അവശിഷ്‌ടങ്ങളിലൂടെയും മുയലുകള്‍ക്ക്‌ കൊഴുപ്പുകള്‍ ലഭിക്കാം. ശരീരത്തിനാവശ്യമായ ഊര്‍ജ്ജം ലഭിക്കുവാനും ചിലപ്പോള്‍ കൊഴുപ്പിനെ ഉപയോഗപ്പെടുത്താറുണ്ട്‌. വിലകൂടിയതിനാല്‍ എണ്ണരൂപത്തില്‍ കൊഴുപ്പുകള്‍ തീറ്റയില്‍ ചേര്‍ക്കുന്നത്‌ അഭികാമ്യമല്ല.

മുയലുകള്‍ക്ക്‌ അത്യാവശ്യമുള്ള കൊഴുപ്പമ്ലമായി കണക്കാക്കുന്നത്‌ ലിനോലിക്‌ അമ്ലത്തെയാണ്‌. എന്നാല്‍ 3-4% കൊഴുപ്പുള്ള സാധാരണ തീറ്റയില്‍ മുയലുകള്‍ക്കാവശ്യമായ ലിനോലിക്‌ അമ്ലമുണ്ടാകും. അതിനാല്‍ പ്രത്യേകമായി നല്‍കേണ്ട ആവശ്യമില്ല.

വിറ്റാമിനുകള്‍ (ജീവകങ്ങള്‍)

ഏതൊരു ജീവിയുടെയും സാധാരണ ശരീരധര്‍മ്മങ്ങള്‍ നിറവേറ്റുന്നതിന്‌ ആവശ്യമായ പോഷകഘടകമാണ്‌ വിറ്റാമിനുകള്‍. ഇവയെ രണ്ടായി തരംതിരിച്ചിട്ടുണ്ട്‌. കൊഴുപ്പില്‍ അലിയുന്ന വിറ്റാമിനുകളാണ്‌ വിറ്റാമിന്‍ എ,ഡി,ഇ,കെ എന്നിവ. വെള്ളത്തിലലിയുന്ന വിറ്റാമിനുകളാണ്‌ വിറ്റാമിന്‍ ബി,സി എന്നിവ. വിറ്റാമിനുകളുടെ അഭാവം മുയലുകളില്‍ രോഗമുണ്ടാക്കുന്നു. ഓരോ വിറ്റാമിനുകളുടെയും അഭാവത്തില്‍ അതിന്റെ തനതായ രോഗലക്ഷണങ്ങളാണ്‌ കാണുന്നത്‌. മുയലുകളുടെ ശരീരത്തിലുള്ള സൂക്ഷ്‌മജീവികള്‍ വിറ്റാമിന്‍ ബിയും വിറ്റാമിന്‍ സിയും നിര്‍മ്മിച്ച്‌ മുയലിന്‌ ലഭ്യമാക്കുന്നതിനാല്‍ ഇവ ഭക്ഷണത്തിലൂടെ നല്‍കേണ്ട ആവശ്യം സാധാരണയായി വരുന്നില്ല. എന്നാല്‍ കൊഴുപ്പില്‍ അലിയുന്ന വിറ്റാമിനുകള്‍ ഭക്ഷണത്തിലൂടെ ലഭ്യമാക്കണം. ഇത്തരം വിറ്റാമിനുകള്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്‌ അതിന്റെ കുറവോ കൂടുതലോ മൂലമുണ്ടായേക്കാവുന്ന രോഗങ്ങളെയാണ്‌.

വിറ്റാമിന്‍ എ

മൃഗങ്ങളുടെ കാഴ്‌ചശക്തിയുമായി ഏറെ ബന്ധപ്പെട്ടിട്ടുള്ള വിറ്റാമിനാണ്‌ വിറ്റാമിന്‍ എ. കാഴ്‌ചയുമായി ഏറെ ബന്ധമുള്ള കണ്ണിലെ റെറ്റിന എന്ന ഭാഗത്തുള്ള റോഡോപ്‌സിന്‍ എന്ന രാസവസ്‌തുവിന്റെ ഘടനയില്‍ ഈ വിറ്റാമിന്‌ വലിയ പങ്കുണ്ട്‌. വിറ്റാമിന്‍ എയുടെ കുറവ്‌ മുയലുകളിലും കാഴ്‌ചക്കുറവുണ്ടാക്കും.

ഇതുകൂടാതെ ശരീരത്തിലെ വിവിധ ആവരണകലകളുടെ നിലനില്‍പ്പിന്‌ വിറ്റാമിന്‍ എ അത്യന്താപേക്ഷിതമാണ്‌. ഇതിന്റെ കുറവുമൂലം ത്വഗ്രോഗങ്ങളും ദഹനനാളിയുടെ ഉള്‍വശത്തെ ആവരണകലയുടെ കേടുപാടുകളും അതുവഴി മുയലുകള്‍ക്ക്‌ വയറിളക്കവും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്‌. എല്ലുകളുടെ ഘടനയിലും വിറ്റാമിന്‍ എയ്‌ക്ക്‌ പങ്കുണ്ട്‌. അതുകൊണ്ട്‌ ഇതിന്റെ കുറവുമൂലം ഞരമ്പുരോഗങ്ങള്‍, തളര്‍ച്ച എന്നിവയുമുണ്ടാകാം. ചെടികളും പച്ചക്കറികളുമാണ്‌ മുയലുകള്‍ക്കാവശ്യമുള്ള വിറ്റാമിന്‍ എ നല്‍കുന്നത്‌

പെണ്‍മുയലുകളില്‍ ഗര്‍ഭകാലഘട്ടത്തില്‍ വിറ്റാമിന്‍ എയ്‌ക്ക്‌ പ്രധാന ധര്‍മ്മങ്ങളുണ്ട്‌. ഇതിന്റെ അഭാവത്തില്‍ മുയല്‍ക്കുഞ്ഞുങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ത്തന്നെ ചത്തുപോകാം. കുറഞ്ഞ പ്രത്യുല്‍പ്പാദനക്ഷമതയും ഇടയ്‌ക്കിടെയുള്ള ഗര്‍ഭമലസലും ഈ വിറ്റാമിന്റെ കുറവുമൂലമുണ്ടാകും. കരളിലാണ്‌ വിറ്റാമിന്‍ എ ശേഖരിച്ചുവയ്‌ക്കുന്നത്‌. ഓരോ കി.ഗ്രാം തീറ്റയിലും 9,000 യൂണിറ്റിനും 10,000 യൂണിറ്റിനും ഇടയില്‍ വിറ്റാമിന്‍ എ ഉണ്ടായിരിക്കണമെന്നതാണ്‌ ശുപാര്‍ശ. വിറ്റാമിന്‍ എയുടെ അളവ്‌ തീറ്റയില്‍ കൂടിയാള്‍ (1,00,000 യൂണിറ്റ്‌) മുയലുകള്‍ക്ക്‌ ഇതുമായി ബന്ധപ്പെട്ട വിഷബാധയുണ്ടാകാം. ഇതിന്റെ ലക്ഷണങ്ങളും വിറ്റാമിന്‍ എ കുറവുള്ള സമയത്തെ ലക്ഷണങ്ങളും പലപ്പോഴും ഒന്നായിരിക്കും.

വിറ്റാമിന്‍ ഡി

മുയലുകളുടെ ശരീരത്തിന്‌ ആവശ്യമായ മറ്റൊരു വിറ്റാമിനാണ്‌ വിറ്റാമിന്‍ ഡി. ശരീരത്തിലെ എല്ലിന്റെയും പല്ലിന്റെയും ഉറപ്പുമായി വിറ്റാമിന്‍ ഡി ബന്ധപ്പെട്ടിരിക്കുന്നു. സൂര്യപ്രകാശത്തില്‍നിന്നും വിറ്റാമിന്‍ ഡി ഉല്‍പ്പാദിപ്പിക്കുവാന്‍ മുയലിന്റെ ചര്‍മ്മകോശങ്ങള്‍ക്ക്‌ സാധിക്കും. അതിന്റെ ശരീരം നക്കിത്തുടയ്‌ക്കുന്നതിലൂടെ ഈ വിറ്റാമിനുകള്‍ മുയലുകള്‍ക്ക്‌ ലഭ്യമാകും. കൂടാതെ പുല്ലുകളും വൈക്കോലും വിറ്റാമിന്‍ ഡി സ്രോതസ്സുകളാണ്‌.

മുയല്‍ത്തീറ്റയില്‍ ഓരോ കി.ഗ്രാമിനും 900 യൂണിറ്റ്‌ എന്ന നിലയില്‍ വിറ്റാമിന്‍ ഡി ചേര്‍ക്കണം. വിറ്റാമിന്‍ ഡിയുടെ അളവ്‌ ഒരു കി.ഗ്രാം തീറ്റയില്‍ 3,000 യൂണിറ്റില്‍ കൂടിയാല്‍ വിഷബാധയുണ്ടാകാം. അത്തരം മുയലുകള്‍ ശോഷിച്ച്‌, ഭക്ഷണം കഴിക്കാതെ ഇടയ്‌ക്കിടെ വെള്ളം കുടിച്ച്‌, വയറിളകി തളര്‍ച്ച ബാധിച്ച്‌ ചത്തുപോകുന്നു.

വിറ്റാമിന്‍ ഇ

കൊഴുപ്പിലലിയുന്ന `ഇ' ആണ്‌ മറ്റൊരു പ്രധാന വിറ്റാമിന്‍. ഇതിന്റെ കുറവുണ്ടായാല്‍ മുയലുകളുടെ ശരീരം ശോഷിച്ച്‌ അവയ്‌ക്ക്‌ തളര്‍ച്ച ബാധിക്കുന്നു. ഇതോടൊപ്പം ഹൃദയപേശികള്‍ക്കും തകരാറുകള്‍ സംഭവിക്കുന്നതിനാല്‍ മുയല്‍ മരണപ്പെടും. സാധാരണയായി നാലാഴ്‌ച പ്രായത്തില്‍ത്തന്നെ മുയലുകള്‍ക്ക്‌ ഈ രോഗം കാണും. ഇത്തരം മുയലുകളെ മലര്‍ത്തിക്കിടത്തിയാല്‍ തളര്‍ന്നുപോയി അവസാനം അവ ചത്തുപോകുന്നു. ഓരോ കി.ഗ്രാം തീറ്റയിലും 40 മി.ഗ്രാം വിറ്റാമിന്‍ ഇ ഉണ്ടാകണമെന്നാണ്‌ ശുപാര്‍ശ. ധാന്യങ്ങളും പച്ചക്കറികളും മുയലുകള്‍ക്ക്‌ വിറ്റാമിന്‍ ഇ നല്‍കുന്നു.

വിറ്റാമിന്‍ കെ

സസ്യങ്ങളാണ്‌ വിറ്റാമിന്‍ കെയുടെ പ്രധാന സ്രോതസ്സ്‌. ഇതുകൂടാതെ മുയലുകളുടെ ശരീരത്തിലുള്ള ബാക്‌ടീരിയ ഇനത്തില്‍പ്പെട്ട സൂക്ഷ്‌മജീവികളും വിറ്റാമിന്‍ കെ ഉണ്ടാക്കാറുണ്ട്‌. മുയലുകള്‍ അവയുടെ കാഷ്‌ഠം ഭക്ഷിക്കുന്നതുമൂലം ഈ വിറ്റാമിന്‍ അവയ്‌ക്ക്‌ ലഭ്യമാകുന്നു. വിറ്റാമിന്‍ കെയുടെ അഭാവത്തില്‍ മുയലുകളില്‍ രക്തം കട്ടപിടിക്കാന്‍ പ്രയാസമുണ്ടാകുന്നു. ഗര്‍ഭിണിയായ മുയലുകളുടെ മറുപിള്ളയിലൂടെ രക്തസ്രാവം ഉണ്ടാവാന്‍ ഇടയുണ്ട്‌. മുയലുകളുടെ ഭക്ഷണത്തില്‍ 2 പി.പി.എം. (ppm) അളവില്‍ വിറ്റാമിന്‍ കെ വേണമെന്ന്‌ ശുപാര്‍ശചെയ്‌തിരിക്കുന്നു.

വിറ്റാമിന്‍ ബി കോംപ്ലക്‌സ്‌

വിറ്റാമിന്‍ ബി ക്ലോംപ്ലക്‌സ്‌ വെള്ളത്തിലലിയുന്ന ഒരു കൂട്ടം വിറ്റാമിനുകളാണ്‌. സാധാരണയായി മുയലുകളുടെ ശരീരത്തിലുള്ള ബാക്‌ടീരിയ ഇനത്തില്‍പ്പെട്ട സൂക്ഷ്‌മജീവികള്‍ ഇവ ഉല്‍പ്പാദിപ്പിച്ച്‌ മുയലുകള്‍ക്ക്‌ ലഭ്യമാക്കുന്നു. അതിനാല്‍ ഇത്‌ ഭക്ഷണത്തിലൂടെ കൊടുക്കേണ്ട ആവശ്യമില്ല. എങ്കിലും വിറ്റാമിന്‍ ബി ക്ലോംപ്ലക്‌സില്‍ ഉള്‍പ്പെടുന്ന വിറ്റാമിന്‍ ബി 1 (1-2 ppm), വിറ്റാമിന്‍ ബി 6 (1-2 ppm), വിറ്റാമിന്‍ ബി 6 (1-2 ppm), നിക്കോട്ടിനിക്‌ ആസിഡ്‌ (30-60 ppm) എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്തുന്നത്‌ ഉയര്‍ന്ന വളര്‍ച്ചാനിരക്ക്‌ നല്‍കുന്നതായി കണ്ടിട്ടുണ്ട്‌.

ധാതുലവണങ്ങള്‍

മുയലുകള്‍ക്ക്‌ അത്യന്താപേക്ഷിതമായ മറ്റൊരു പോഷകഘടകമാണ്‌ ധാതുലവണങ്ങള്‍. ഇവയെത്തന്നെ അല്‍പം കൂടിയ അളവില്‍ വേണ്ടതായ ധാതുമൂലകങ്ങളായും വളരെ ചെറിയ അളവില്‍ വേണ്ട അതിസൂക്ഷ്‌മമൂലകങ്ങളായും തരംതിരിക്കാം. കാല്‍സ്യം, ഫോസ്‌ഫറസ്‌, മഗ്‌നീഷ്യം, സോഡിയം, പൊട്ടാസ്യം, ക്ലോറിന്‍ എന്നിവ താരതമ്യേന ഉയര്‍ന്ന അളവില്‍ മുയല്‍ത്തീറ്റയിലുണ്ടാവണം. എന്നാല്‍ അതിസൂക്ഷ്‌മമൂലകങ്ങളായ മാംഗനീസ്‌, സിങ്ക്‌, ഇരുമ്പ്‌, ചെമ്പ്‌, മോളിബ്‌ഡിനം, സെലീനിയം, അയോഡിന്‍, കോബാള്‍ട്ട്‌, ക്രോമിയം എന്നിവ വളരെ ചെറിയ അളവിലേ ആവശ്യമുള്ളൂ.

വളരുന്ന മുയലുകളെ അപേക്ഷിച്ച്‌ മുലയൂട്ടന്ന മുയലുകള്‍ക്ക്‌ ധാതുലവണങ്ങള്‍ കൂടുതലായി ആവശ്യമുണ്ട്‌. ശരിയായി മുലയൂട്ടുന്ന ഓരോ പെണ്‍മുയലും ദിനംപ്രതി ആറു ഗ്രാമിനും എട്ടു ഗ്രാമിനും ഇടയില്‍ ധാതുലവണങ്ങള്‍ അതിന്റെ പാലിലൂടെ കുട്ടികള്‍ക്ക്‌ നല്‍കുന്നുണ്ട്‌. ഇതില്‍ കാല്‍ഭാഗത്തോളം കാല്‍സ്യം മാത്രമാണ്‌. ഇതില്‍നിന്നും അത്തരം സന്ദര്‍ഭങ്ങളില്‍ ധാതുലവണങ്ങളുടെ പ്രസക്തി വ്യക്തമാണ്‌.

കാല്‍സ്യം

മുയലിന്റെ ശരീരത്തിലെ 90% കാല്‍സ്യവും അതിന്റെ എല്ലുകളിലും പല്ലുകളിലുമായി അടങ്ങിയിരിക്കുന്നു. മറ്റു വളര്‍ത്തുമൃഗങ്ങളില്‍ ശരീരത്തില്‍ കാല്‍സ്യം ആഗീരണം ചെയ്യുന്നത്‌ കാല്‍സ്യത്തിന്റെയും ഫോസ്‌ഫറസിന്റെയും അനുപാതത്തിന്റെ അടിസ്ഥാനത്തിലാണ്‌. എന്നാല്‍ മുയലുകളില്‍ കാല്‍സ്യം ആഗീരണം ചെയ്യുന്നതില്‍ ഫോസ്‌ഫറസിന്റെ അനുപാതത്തിനു വലിയ പങ്കില്ല. കഴിക്കുന്ന ഭക്ഷണത്തിലെ കാല്‍സ്യത്തിന്റെ അളവിന്‌ അനുപാതമായി അത്‌ ആഗീരണം ചെയ്യുന്നു. എന്നാല്‍ വിറ്റാമിന്‍ ഡിക്ക്‌ കാല്‍സ്യത്തിന്റെ ആഗീരണത്തില്‍ ഒരു പങ്കുണ്ട്‌.

കാല്‍സ്യം കുറവായ മുയലുകള്‍ക്ക്‌ കൈകാല്‍ കടച്ചില്‍, മാംസപേശികളുടെ വിറ, ചെവി എപ്പോഴും ഇളക്കല്‍ എന്നീ ലക്ഷണങ്ങളും തുടര്‍ന്ന്‌ തളര്‍ച്ചയുമുണ്ടാകുന്നു. ഇത്തരം മുയലുകള്‍ക്ക്‌ രക്തധമനിയില്‍ കാല്‍സ്യം കുത്തിവച്ചാല്‍ ഈ രോഗലക്ഷണങ്ങളില്‍നിന്നും രക്ഷപ്പെടാം.

മുയലിന്റെ ഭക്ഷണത്തില്‍ കൂടുതല്‍ കാല്‍സ്യമുണ്ടായാലും അവയ്‌ക്ക്‌ രോഗങ്ങളുണ്ടാകാം. മുലയൂട്ടുന്ന മുയലുകള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ അതിന്റെ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാതെ അവയുടെ വളര്‍ച്ച നഷ്‌ടപ്പെടുത്തുന്നു. ഇത്തരം മുയലുകള്‍ക്ക്‌ കിഡ്‌നിയില്‍ കാല്‍സ്യത്തിന്റെ കല്ലുകള്‍ വരാനും അതുവഴി മൂത്രത്തില്‍ ചോരയുണ്ടാകാനും സാധ്യതയുണ്ട്‌.

മുയലുകള്‍ക്ക്‌ ശുപാര്‍ശചെയ്‌തിട്ടുള്ള കാല്‍സ്യത്തിന്റെ അളവ്‌ ഓരോ കി.ഗ്രാം തീറ്റയിലും 5 മി.ഗ്രാമിനടുത്താണ്‌. മുലയൂട്ടുന്ന മുയലുകള്‍ക്ക്‌ ഇത്‌ 12 മി.ഗ്രാം വരെ നല്‍കണം. കാല്‍സ്യത്തിന്റെ അളവ്‌ 25 മി.ഗ്രാമില്‍ കൂടിയാല്‍ മുയലുകള്‍ക്ക്‌ പ്രശ്‌നങ്ങളുണ്ടാകാം.

ഫോസ്‌ഫറസ്‌

കാല്‍സ്യത്തെപ്പോലെതന്നെ ശരീരത്തിലെ ഫോസ്‌ഫറസും എല്ലുകളിലും പല്ലുകളിലുമാണ്‌ ശേഖരിച്ചിട്ടുള്ളത്‌. ഏകദേശം 12 ഭാഗം കാല്‍സ്യത്തിന്‌ ഒരു ഭാഗം ഫോസ്‌ഫറസ്‌ എന്ന അനുപാതം മുയലുകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാറില്ല. മുയല്‍ത്തീറ്റയില്‍ ഓരോ കി.ഗ്രാമിനും മൂന്ന്‌ മി.ഗ്രാം നിരക്കിലാണ്‌ ഫോസ്‌ഫറസ്‌ ഉള്‍പ്പെടുത്തേണ്ടത്‌. ഇതിന്റെ അളവ്‌ 10 മി.ഗ്രാമില്‍ കുറവാണെങ്കിലും മുയലുകള്‍ക്ക്‌ രോഗമുണ്ടാകാം.

മഗ്‌നീഷ്യം

ശരീരത്തിലെ പല ദഹനരസങ്ങളിലും മറ്റ്‌ എന്‍സൈമുകളിലും മഗ്‌നീഷ്യത്തിന്‌ പങ്കുണ്ട്‌. ഇതിന്റെ കുറവുമൂലം മുയലുകള്‍ പെട്ടെന്ന്‌ ഉത്തേജിതരാകാം. അവയ്‌ക്ക്‌ വിറയലുകളും ഞെട്ടലുകളുമുണ്ടാകാം. മുയലുകളുടെ രോമങ്ങള്‍ പരുപരുത്തിരിക്കുന്നതും അവ കൊഴിഞ്ഞുപോവുന്നതും മഗ്‌നീഷ്യം കൂടുതലായാലുണ്ടാകുന്ന രോഗലക്ഷണങ്ങളാണ്‌. ഓരോ കി.ഗ്രാം തീറ്റയിലും 2.5 മി.ഗ്രാം മഗ്‌നീഷ്യമാണ്‌ ശുപാര്‍ശ ചെയ്‌തിട്ടുള്ളത്‌. ഇതിന്റെ അളവ്‌ 4.2 മി.ഗ്രാമില്‍ കൂടിയാല്‍ രോഗലക്ഷണങ്ങളുണ്ടാകുന്നു.

സോഡിയം

താരമ്യേന കൂടിയ അളവില്‍ ആവശ്യമുള്ള ഒരു മൂലകമാണ്‌ സോഡിയം. ഇതിന്റെ പ്രധാന ധര്‍മ്മം ശരീരത്തിലെ അമ്ല-ക്ഷാരനിലയുടെയും ലവണസന്തുലനാവസ്ഥയുടെയും ക്രമീകരണമാണ്‌. മുയലുകളില്‍ ഇതിന്റെ കുറവ്‌ കാണാറില്ലെങ്കിലും മുയല്‍ത്തീറ്റയില്‍ 3 മി.ഗ്രാം വീതം ഓരോ കിലോയിലും ചേര്‍ക്കാന്‍ പറയാറുണ്ട്‌. മുയല്‍ത്തീറ്റയില്‍ സോഡിയത്തിന്റെ അളവ്‌ 7 മി.ഗ്രാമില്‍ കൂടിയാല്‍ രോഗലക്ഷണങ്ങളുണ്ടാകാം.

ക്ലോറിന്‍

സോഡിയത്തിനോടൊപ്പം ശരീരത്തിലെ അമ്ല-ക്ഷാരനിലയും ലവണ സന്തുലിതാവസ്ഥയും ക്രമീകരിക്കുന്നതില്‍ ക്ലോറിനും മുഖ്യപങ്ക്‌ വഹിക്കുന്നു. മുയല്‍ത്തീറ്റയില്‍ ഓരോ കി.ഗ്രാമിലും 3.2 മി.ഗ്രാം ക്ലോറിന്‍ ഉള്‍പ്പെടുത്തണം. ക്ലോറിന്റെ അളവ്‌ 1.7 മി.ഗ്രാമില്‍ കുറഞ്ഞാലും 5 മി.ഗ്രാമില്‍ കൂടിയാലും രോഗലക്ഷണങ്ങളുണ്ടാകാം.

പൊട്ടാസ്യം

ശരീരത്തിലെ ദഹനപ്രക്രിയയെ ക്രമീകരിക്കുന്നതില്‍ പൊട്ടാസ്യത്തിന്‌ പ്രധാന പങ്കുണ്ട്‌. അതുകൂടാതെ സോഡിയത്തിനും ക്ലോറിനുമൊപ്പം ലവണസന്തുലനാവസ്ഥ ക്രമീകരിക്കുന്നതില്‍ പൊട്ടാസ്യവും പ്രധാന പങ്കുവഹിക്കുന്നു. മുയല്‍ത്തീറ്റയില്‍ ഏറ്റവും അനുയോജ്യമായ പൊട്ടാസ്യത്തിന്റെ അളവ്‌ 16 മി.ഗ്രാമില്‍ കൂടിയാല്‍ മുയലുകള്‍ക്ക്‌ കിഡ്‌നിരോഗങ്ങളുണ്ടാകാം. അതുപോലെതന്നെ പൊട്ടാസ്യതതന്റെ അളവ്‌ തീറ്റയില്‍ മൂന്ന്‌ ഗ്രാമില്‍ കുറഞ്ഞാലും മുയലുകള്‍ക്ക്‌ രോഗങ്ങളുണ്ടാവാം.

അതിസൂക്ഷ്‌മമൂലകങ്ങള്‍

വളരെ ചെറിയ അളവില്‍ ആവശ്യമുള്ള മൂലകങ്ങളാണ്‌ അതിസൂക്ഷ്‌മമൂലകങ്ങള്‍. തീറ്റയിലെ ഇവയുടെ അളവ്‌ വളരെ ചെറുതാണെങ്കിലും ഇവയും ശരീരധര്‍മ്മങ്ങള്‍ നിറവേറ്റാന്‍ അത്യന്താപേക്ഷിതമാണ്‌.

ശരീരത്തിലെ എല്ലുകളുടെ ഘടനയില്‍ മാംഗനീസിന്‌ ഒരു പങ്കുണ്ട്‌. പ്രത്യുല്‍പ്പാദനശേഷിയെയും മാംഗനീസ്‌ ബാധിക്കുന്നു. ഇതിന്റെ അഭാവത്തില്‍ വളര്‍ച്ച മുരടിച്ച്‌, എല്ലുകള്‍ വളഞ്ഞ്‌ മുയലുകള്‍ക്ക്‌ പ്രശ്‌നങ്ങളുണ്ടാവാം. ശരീരത്തിലെ ജനിതകഘടകങ്ങളായ ഡി.എന്‍.എ.യിലും ആര്‍.എന്‍.എയിലും അടങ്ങിയിട്ടുള്ള അതിസൂക്ഷ്‌മമൂലകമാണ്‌ സിങ്ക്‌. ഇതിന്റെ അഭാവത്തില്‍ ചര്‍മ്മരോഗങ്ങളും രോമത്തിന്റെ നരയും മുയലുകളില്‍ കാണാം.

മുയലിന്റെ കോശങ്ങള്‍ക്ക്‌ ആവശ്യമുള്ള ഓക്‌സിജനെത്തിക്കുന്ന തന്മാത്രകളായ രക്തത്തിലെ ഹീമോഗ്ലോബിന്‍, മാംസ്യത്തിലെ മയോഗ്ലോബിന്‍ എന്നിവയിലെ ഒരു ഘടകമാണ്‌ ഇരുമ്പ്‌. ചില എന്‍സൈമുകളുടെ പ്രവര്‍ത്തനമായും ഈ മൂലകം ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണത്തില്‍ മാംഗനീസ്‌, ഫോസ്‌ഫറസ്‌ എന്നിവ കൂടുതലാണെങ്കില്‍ ഇരുമ്പിന്റെ ആഗീരണം തടസ്സപ്പെട്ട്‌ വിളര്‍ച്ചയും മറ്റു രോഗലക്ഷണങ്ങളും മുയലുകളിലുണ്ടാകാം.

മുയലിന്റെ ശരീരത്തിലുള്ള ചെമ്പ്‌ ഏറ്റവും കൂടുതലായി ശേഖരിച്ചിട്ടുള്ളത്‌ കരളിലാണ്‌. ഇതിന്റെ കുറവുമൂലം വിളര്‍ച്ചയും എല്ലുകളുടെ പ്രശ്‌നവും പ്രത്യുല്‍പ്പാദനപ്രശ്‌നങ്ങളും ഹൃദയരോഗങ്ങളും വയറുസംബന്ധമായ അസുഖങ്ങളുമുണ്ടാവാം. ഭക്ഷണത്തിലെ മോളിബ്‌ഡിനം മൂലകത്തിന്റെ അളവും ചെമ്പിന്റെ അളവും തമ്മിലുള്ള അനുപാതം ഇവയുടെ ആഗീരണത്തെ നിര്‍ണയിക്കുന്നു. മോളിബ്‌ഡിനം കൂടുതലാണെങ്കില്‍ ചെമ്പിന്റെ ആഗീരണം കുറവും മറിച്ചാണെങ്കില്‍ കൂടുതലുമുണ്ടാകും.

മനുഷ്യരിലെന്നപോലെ മുയലുകളിലും തൈറോയ്‌ഡ്‌ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളില്‍ അയോഡിന്‍ വലിയ പങ്കുവഹിക്കുന്നു. മുയലുകളിലെ രക്താതിസാരം എന്ന രോഗം ചെറുക്കുന്നതിലും അയോഡിന്‌ പങ്കുണ്ട്‌.

പ്രകൃതിയില്‍ യഥേഷ്‌ടം അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന മുയലുകളെ കൂട്ടിലടച്ച്‌ വളര്‍ത്തുമ്പോള്‍ അവയ്‌ക്ക്‌ ആവശ്യമായ പോഷകാഹാരം കൊടുക്കുവാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്‌. മുയലുകള്‍ക്ക്‌ പോഷകസമൃദ്ധമായ ഭക്ഷണം നല്‍കുന്നതനുസരിച്ച്‌ അവയുടെ ഉല്‍പ്പാദനം വര്‍ധിക്കുന്നതാണെന്ന്‌ കണ്ടിട്ടുണ്ട്‌. ഭക്ഷണത്തിന്റെ അളവ്‌ വര്‍ധിപ്പിച്ചതുകൊണ്ടുമാത്രം വളര്‍ച്ചാനിരക്കോ ഉല്‍പ്പാദനമോ വര്‍ധിപ്പിക്കാന്‍ സാധ്യമല്ല. കര്‍ഷകനെ സംബന്ധിച്ചിടത്തോളം ഉന്നത ഗുണമേന്മയുള്ള എന്നാല്‍ കുറഞ്ഞ വിലയ്‌ക്കും എളുപ്പത്തിലും ലഭിക്കുന്ന തീറ്റ കൊടുക്കുകയായിരിക്കും പ്രധാനം. പരുഷാഹാരം കുറഞ്ഞ വിലയ്‌ക്ക്‌ ലഭിക്കുമെങ്കിലും ഖരാഹാരം ചെലവ്‌ കൂടിയതായിരിക്കും.

വീട്ടുവളപ്പില്‍ അഞ്ചോ പത്തോ മുയലുകളെ വളര്‍ത്തുന്ന കര്‍ഷകന്റെ ആവശ്യങ്ങളും വ്യാവസായികമായി മുയല്‍കൃഷി നടത്തുന്നവരുടെ ആവശ്യങ്ങളും വ്യത്യസ്‌തമാണ്‌. മാത്രവുമല്ല വിവിധ സ്ഥലങ്ങളില്‍ ലഭിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും വ്യത്യസ്‌തമായിരിക്കും. ഇവയില്‍ ഊര്‍ജ്ജം, മാംസ്യം എന്നിവയുടെ അളവ്‌ കൂടുതലായിരിക്കും. ഗര്‍ഭിണികളായ മുയലുകള്‍, പാലൂട്ടുന്ന തള്ളമുയലുകള്‍ എന്നിവയ്‌ക്ക്‌ തീറ്റ കൂടുതലായി നല്‍കേണ്ടതുണ്ട്‌. വിപണിയില്‍ ചില കമ്പനികള്‍ സമീകൃത തീറ്റമിശ്രിതം ഇറക്കിയിട്ടുണ്ട്‌. ആവശ്യമെങ്കില്‍ നമുക്കുതന്നെ തീറ്റമിശ്രിതം വീട്ടില്‍ നിര്‍മ്മിക്കാവുന്നതാണ്‌. ഇത്തരം രണ്ട്‌ തീറ്റമിശ്രിതം ചുവടെ ചേര്‍ക്കുന്നു.

1

ഘടകം

കടല

ഗോതമ്പ്‌

കടലപ്പിണ്ണാക്ക്‌

ബോണ്‍മീല്‍

തവിട്‌

ധാതുലവണം

ഉപ്പ്‌

ഭാഗം

35

30

10

10

13

1.5

0.5

2

ഘടകം

കടല

കടലപ്പിണ്ണാക്ക്‌

എള്ളിന്‍ പിണ്ണാക്ക്‌

തവിട്‌

ഗോതമ്പ്‌

ധാതുലവണം

ഉപ്പ്‌

ഭാഗം

10

20

5

35

28

1.5

0.5

തീറ്റയുടെ അളവ്‌

പ്രായം

4-12 ആഴ്‌ച

13-24 ആഴ്‌ച

24 ആഴ്‌ചയ്‌ക്കു മുകളില്‍

ആണ്‍മുയല്‍

പെണ്‍മുയല്‍

ഗര്‍ഭിണിയായത്‌

പാലൂട്ടുന്നത്‌

അളവ്‌ ഗ്രാമില്‍

50-70

80-100

 

100-150

120-150

160-200

200-250

പരുഷാഹാരങ്ങള്‍

അസംസ്‌കൃതനാര്‌ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണപദാര്‍ത്ഥങ്ങളാണ്‌ പരുഷാഹാരങ്ങള്‍. മുയലുകളുടെ ദഹനേന്ദ്രിയത്തില്‍ സീക്കം എന്ന ഭാഗം നന്നായി വികസിച്ചതിനാല്‍ പരുഷാഹാരങ്ങളെ മുയലുകള്‍ക്ക്‌ നന്നായി ദഹിപ്പിക്കുവാന്‍ കഴിയും.

പുല്ല്‌, മുരിക്ക്‌, മുരിങ്ങ, മാവ്‌, ശീമക്കൊന്ന, സുബാബുള്‍, അസോള, പ്ലാവില, ചീര, വാഴയില, അഗത്തിച്ചീര, ചോളം, ചെമ്പരത്തി, മള്‍ബറി എന്നിവ മുയലുകള്‍ക്ക്‌ കൊടുക്കാം. കൂടാതെ പഴത്തൊലി, കാബേജ്‌, പച്ചക്കറി അവശിഷ്‌ടങ്ങള്‍ എന്നിവയും മുയലുകള്‍ തിന്നും.

ഉണക്കിയ പുല്ല്‌ (വൈക്കോല്‍) മുയലുകള്‍ക്ക്‌ കൊടുക്കാം. പയറുവര്‍ഗ ചെടികളായ തോട്ടപ്പയര്‍, കലപ്പഗോണിയം, കാട്ടുപയര്‍, സ്റ്റോലോസാന്തസ്‌ എന്നിവയും മുയലുകള്‍ക്ക്‌ ഭക്ഷണമായി കൊടുക്കാം.

കലപ്പഗോണിയം

റബ്ബര്‍തോട്ടങ്ങളിലെ ആവരണവിളയാണിത്‌. മുയലുകള്‍ക്ക്‌ കുറേശ്ശെ കൊടുത്തു ശീലിപ്പിക്കണം. പയറുവര്‍ഗത്തില്‍പ്പെട്ട ഈ ചെടിയുടെ വിത്താണ്‌ നടാനുപയോഗിക്കുന്നത്‌.

പൂരേറിയ

റബ്ബര്‍തോട്ടത്തിലെ വേറൊരു ആവരണവിളയാണിത്‌. മറ്റ്‌ വളര്‍ത്തുമൃഗങ്ങള്‍ കാര്യമായി ഭക്ഷിക്കുകയില്ലെങ്കിലും മുയലുകള്‍ക്ക്‌ ഇത്‌ വളരെ പഥ്യമാണ്‌.

സെന്‍ട്രോസീമ

പടര്‍ന്നുവളരുന്ന ഒരു പയര്‍വര്‍ഗ ചെടിയാണിത്‌. വിത്താണ്‌ നടാനുപയോഗിക്കുന്നത്‌. കേരളത്തില്‍ ഇത്‌ നന്നായി വളരും.

അസോള

ജലത്തില്‍ വളരുന്ന ഒരു പന്നല്‍വര്‍ഗ ചെടിയാണിത്‌. ഇതില്‍ ഉയര്‍ന്ന അളവില്‍ മാംസ്യം അടങ്ങിയിരിക്കുന്നു. അത്‌ മറ്റുള്ള സാന്ദ്രീകൃത തീറ്റയോട്‌ ചേര്‍ത്തോ അല്ലാതെയോ ഉപയോഗിക്കാം.

കുളവാഴ

കേരളത്തിലെ ജലാശയങ്ങളില്‍ സുലഭമായി കാണുന്ന കുളവാഴയും മുയലുകള്‍ക്ക്‌ നല്‍കാം. ജലാംശം കൂടുതലുള്ള തീറ്റയായതിനാല്‍ അല്‍പ്പം വൈക്കോല്‍ കൂടി ഒപ്പം നല്‍കേണ്ടതാണ്‌. ഗര്‍ഭിണികള്‍ക്ക്‌ ഭക്ഷണത്തില്‍ 12-14% വരെ നാരുകളടങ്ങിയിട്ടുള്ളതാകാം. അല്ലാത്തവയ്‌ക്ക്‌ 25% വരെ നല്‍കാം. പ്രായപൂര്‍ത്തിയായ ഒരു മുയല്‍ ഒരു കി.ഗ്രാം പച്ചപ്പുല്ല്‌ തിന്നാറുണ്ട്‌. എന്നാല്‍ പച്ചപ്പുല്ലധികമായാല്‍ വയറിളക്കം പിടിപെടാന്‍ സാധ്യത കൂടുതലാണ്‌. മുയലുകള്‍ വളരെ വൃത്തിയുള്ള മൃഗങ്ങളായതിനാല്‍ പുല്ല്‌ തുടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ കൂട്ടില്‍ നിലത്തിടാതെ കെട്ടിത്തൂക്കേണ്ടതാണ്‌.

വെള്ളം

മുയലുകള്‍ക്ക്‌ വിയര്‍പ്പുഗ്രന്ഥികളില്ലാത്തതുകൊണ്ട്‌ ശരീരത്തിന്റെ ഊഷ്‌മാവ്‌ നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിച്ചേ പറ്റൂ. മുയലിന്റെ വലിപ്പം, പ്രായം, ഗര്‍ഭാവസ്ഥ, മുലയൂട്ടല്‍, കഴിക്കുന്ന ആഹാരത്തിലെ ജലാംശം, കാലാവസ്ഥ എന്നിവയെ ആശ്രയിച്ച്‌ വെള്ളം കൂടുതല്‍ കുടിച്ചെന്നുവരാം. സാധാരണയായി ഒരു മുയല്‍ 300-500 മില്ലി വെള്ളം കുടിക്കും. പ്രസവത്തോട്‌ അടുക്കുന്ന ഒരു പെണ്‍മുയല്‍ 600-750 മില്ലിവരെ വെള്ളം കുടിക്കുമ്പോള്‍ മുലയൂട്ടുന്ന മുയല്‍ ഒരു ലിറ്റര്‍ വെള്ളം വരെ കുടിക്കാറുണ്ട്‌. കൃത്യമായ അളവില്‍ നമുക്ക്‌ വെള്ളം ഒഴിച്ചു കൊടുക്കാന്‍ പറ്റിയില്ലെങ്കിലും വെള്ളപ്പാത്രം ഒരിക്കലും ഒഴിയാതെ ശ്രദ്ധിച്ചാല്‍ മതിയാകും. എല്ലായ്‌പ്പോഴും ശുദ്ധമായ വെള്ളം കൊടുക്കാന്‍ ശ്രദ്ധിക്കണം. ഒരിക്കല്‍ ഒരു മുയല്‍ഫാമിലെ കുഞ്ഞുങ്ങളുടെ മരണനിരക്ക്‌ കുറയ്‌ക്കുവാനായി പല ശ്രമങ്ങളും നടത്തിയെങ്കിലും ഒന്നുംതന്നെ സഫലമാകാത്തപ്പോള്‍ ഒടുവില്‍ വെള്ളം തിളപ്പിച്ച്‌ തണുപ്പിച്ചുകൊടുത്തപ്പോള്‍ പിറ്റേ ദിവസംതന്നെ മരണനിരക്ക്‌ ഗണ്യമായി കുറഞ്ഞതായി കണ്ടിട്ടുണ്ട്‌. ഇതില്‍നിന്നും ശുദ്ധജലത്തിന്റെ പ്രധാന്യം മനസ്സിലാക്കുമല്ലോ. മുയലുകള്‍ രണ്ടുതരത്തിലുള്ള കാഷ്‌ഠം ഇടാറുണ്ട്‌. സാധാരണയായി കാണാറുള്ള കറുത്ത ഉണങ്ങിവരണ്ട ഒരുതരം പെല്ലറ്റും രാത്രി ഇടുന്ന ചെറുതും മൃദദവായതും ആയ മറ്റൊരുതരം പെല്ലറ്റും. ഇതില്‍ രണ്ടാമത്തെ തരത്തിലുള്ളത്‌ വളരെയധികം ഊര്‍ജ്ജം, മാംസ്യം, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയതും മുതലുകള്‍ക്ക്‌ വളരെ പഥ്യമായിട്ടുള്ളതാണ്‌. മുയലുകള്‍ ഈ രണ്ടാമത്തെ പെല്ലറ്റുകള്‍ ആമാശത്തിലെ സീക്കം എന്ന ഭാഗത്തുനിന്നും നേരിട്ട്‌ ഭക്ഷിക്കുന്നു. ഈ പ്രക്രിയയെ കോപ്രോഫേജി എന്നു വിളിക്കുന്നു.

മുയലുകളില്‍ പരുഷാഹാരത്തെ ദഹിപ്പിക്കുവാന്‍ സഹായിക്കുന്നത്‌ അതിന്റെ സീക്കത്തിലുള്ള സൂക്ഷ്‌മജീവികളാണ്‌. മുയലുകളുടെ സീക്കത്തില്‍നിന്നും സൂക്ഷ്‌മജീവികള്‍ വിഘടിപ്പിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഗുളികരൂപത്തില്‍ മലദ്വാരത്തിനടുത്തേക്ക്‌ തള്ളുന്നു. ഇത്തരം മൃദുവായ കാഷ്‌ഠമണികളെ അതിന്റെ മലദ്വാരത്തില്‍നിന്നുതന്നെ മുയല്‍ ഭക്ഷിക്കുന്നു. ഇതില്‍ ധാരാളം വിറ്റാമിനുകളും അമിനോ അമ്ലങ്ങളും അടങ്ങിയിരിക്കുന്നു. മൂന്നാമത്തെ ആഴ്‌ചമുതല്‍ മുയലുകള്‍ ഈ പ്രവണത കാണിച്ചു തുടങ്ങും. മിക്കവാറും ആ കാഷ്‌ഠഭോജനം നടക്കുന്നത്‌ രാവിലെയാണ്‌. മറ്റ്‌ സസ്യഭുക്കുകളില്‍ കാണുന്ന അയവിറക്കല്‍ പ്രതിഭാസത്തിന്റെ മറ്റൊരു രൂപമാണിത്‌. കൂട്ടിനുള്ളില്‍ വീണ കാഷ്‌ഠമോ ദൃഢമായ കാഷ്‌ഠമോ മുയല്‍ ഭക്ഷിക്കാറില്ല.

തീറ്റ കൊടുക്കുമ്പോള്‍

രാവിലെ 8 മണിക്കു മുമ്പുതന്നെ കൂടും പാത്രങ്ങളും വൃത്തിയാക്കണം. സാന്ദ്രീകൃത തീറ്റ രാവിലെ 8 മണിക്കും വൈകിട്ട്‌ 5 മണിക്കും കൊടുക്കുന്നതാണുത്തമം. പച്ചികള്‍ രാത്രി കൊടുക്കുന്നതാണ്‌ നല്ലത്‌.

തീറ്റ നല്‍കുന്നതിനായി പാത്രങ്ങള്‍ ഉപയോഗിക്കുന്നതാണ്‌ നല്ലത്‌. ഒറ്റയ്‌ക്കിട്ടിരിക്കുന്ന മുയലുകള്‍ക്ക്‌ സ്റ്റീല്‍പാത്രങ്ങളോ തകിടുപാത്രങ്ങളോ ഉപയോഗിക്കാം. കഴുകാന്‍ പ്രയാസമായതിനാല്‍ മണ്‍പാത്രങ്ങള്‍ നല്ലതല്ല. നാട്ടിന്‍പുറത്തു ലഭിക്കുന്ന മുളപോലുള്ള വസ്‌തുക്കള്‍ ഉപയോഗിച്ചും ചെലവുകുറഞ്ഞ രീതിയില്‍ തീറ്റപ്പാത്രങ്ങളുണ്ടാക്കാം.

തീറ്റ കൊടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്‌

 1. തീറ്റപ്പാത്രവും വെള്ളപ്പാത്രവും നിത്യേന തുടച്ചു വൃത്തിയാക്കണം.
 2. പഴകിയ തീറ്റയും മറ്റും ഒഴിവാക്കണം. പൂപ്പല്‍ പിടിച്ച തീറ്റ നല്‍കാന്‍ ഇടവരരുത്‌. തീറ്റയില്‍ മാറ്റം വരുത്തുമ്പോള്‍ പെട്ടെന്നുള്ള മാറ്റം ഒഴിവാക്കണം.
 3. നല്‍കുന്ന തീറ്റ വൃത്തിയുള്ളതാകാന്‍ ശ്രദ്ധിക്കണം.
 4. ആകെ നല്‍കുന്ന തീറ്റ ശരീരഭാരത്തിന്റെ ആറു മുതല്‍ എട്ടു ശതമാനം വരെയാകം. ഇതില്‍ 60% വരെ പരുഷാഹാരങ്ങളാകാം.
 5. പെല്ലറ്റ്‌ രൂപത്തിലുള്ള തീറ്റ നല്‍കുമ്പോള്‍ മൂന്ന്‌ മി.ലി. അളവുള്ളതായിരിക്കണം. പെല്ലറ്റ്‌ രൂപത്തിലുള്ള തീറ്റ ശ്വാസകോശരോഗങ്ങള്‍ തടയുന്നു.

മുയലുകളിലെ പ്രജനനം

പ്രജനനത്തെക്കുറിച്ച്‌ മനസ്സിലാക്കാന്‍ താഴെക്കൊടുത്തിരിക്കുന്ന സൂചികകള്‍ സഹായിക്കും.

പ്രായപൂര്‍ത്തിയാകുന്ന പ്രായം

ചെറിയ ഇനം 4-ാം മാസം

ഇടത്തരം 6-ാം മാസം

വലുത്‌ 8-ാം മാസം

ഉയര്‍ന്ന പ്രത്യുല്‍പ്പാദനക്ഷമതയാണ്‌ മുയല്‍വ്യവസായത്തിന്റെ അടിസ്ഥാനം. അതുകൊണ്ടുതന്നെ ഈ കാര്യത്തില്‍ വളരെയേറെ ശ്രദ്ധ ആവശ്യമാണ്‌.

ഇണചേര്‍ക്കാവുന്ന പ്രായം

(ആണ്‍) - 8 മാസം

(പെണ്‍) - 6 മാസം
ഒരു പ്രസവത്തിലെ കുഞ്ഞുങ്ങള്‍ - 5-6
ഒരു വര്‍ഷം നടക്കുന്ന പ്രസവങ്ങള്‍ - 5
ഒരു വര്‍ഷം ലഭിക്കുന്ന കുഞ്ഞുങ്ങള്‍ - 25-30
12-ാം ആഴ്‌ചയിലെ ശരീരഭാരം - 3 കിലോ
ലിറ്റര്‍-തൂക്കം - 50 ഗ്രാം/ഒന്നിന്‌
ലിറ്റര്‍-എണ്ണം - 8
3 ആഴ്‌ചയിലെ ലിറ്റര്‍ - 1.5 കിലോ
3 ആഴ്‌ചയിലെ ലിറ്റര്‍-എണ്ണം - 6
ആഴ്‌ചയിലെ ലിറ്റര്‍-എണ്ണം - 6
വീനിങ്‌ സമയത്തെ ലിറ്റര്‍-എണ്ണം - 5-6
ആണ്‍-പെണ്‍ അനുപാതം - 1:8-10

ആണ്‍മുയല്‍ ആറാം മാസത്തില്‍ പ്രായപൂര്‍ത്തിയെത്തുമെങ്കിലും എട്ടാം മാസത്തില്‍ ഇണചേര്‍ക്കുന്നതാണിഭികാമ്യം. മൂന്നു വയസ്സുവരെ ഒരാണ്‍മുയലിനെ ഇണചേര്‍ക്കാന്‍ ഉപയോഗിക്കാവുന്നതാണ്‌. അതിനുശേഷം അതിനെ ഒഴിവാക്കുന്നതാണ്‌ നല്ലത്‌. 8-12 മാസം പ്രായമായ ആണ്‍മുയലിനെ മൂന്നു ദിവസത്തിലൊരിക്കലും ഒരു വയസ്സിനു മുകളില്‍ പ്രായമുള്ളതിനെ ആഴ്‌ചയില്‍ ആറു തവണയും ഇണ ചേര്‍ക്കാനുപയോഗിക്കാം. ഈ വിധം ഇണചേര്‍ക്കാനുപയോഗിക്കുന്നുണ്ടെങ്കില്‍ നല്ല പോഷകാഹാരം കൂടിയ അളവില്‍ കൊടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്‌. ഇണ ചേര്‍ക്കാനുപയോഗിക്കുന്ന ആണ്‍മുയലുകള്‍ അമിതവണ്ണം വയ്‌ക്കാതിരിക്കാന്‍ ശ്രദ്ധിക്കേണം. പെണ്‍മുയലുകളെ 6 മാസം പൂര്‍ത്തിയായാല്‍ ഇണചേര്‍ക്കാം. ഇവയ്‌ക്ക്‌ 3 കി.ഗ്രാമെങ്കിലും തൂക്കം വേണം. 28 മുതല്‍ 32 ദിവസമാണ്‌ ഗര്‍ഭകാലം.

പെണ്‍മുയലുകള്‍ക്ക്‌ മറ്റു വളര്‍ത്തുമൃഗങ്ങളെപ്പോലെ കൃത്യമായ മദിചക്രമോ ഇണചേര്‍ക്കാനുള്ള സമയമോ നിര്‍വഹിച്ചിട്ടില്ല. മദിചക്രദൈര്‍ഘ്യം 14 ദിവസത്തിനും 18 ദിവസത്തിനും ഇടയിലായിരിക്കും എന്നു കരുതുന്നു. ഇതില്‍ 12 ദിവസവും പെണ്‍മുയലുകളെ ഇണ ചേര്‍ക്കാം നാല ദിവസം മുയലുകള്‍ ഇണചേരില്ല.

മദിയുടെ ലക്ഷണം

വളരെ പ്രകടമായ മദിലക്ഷണങ്ങളില്ലെങ്കിലും ചില ലക്ഷണങ്ങള്‍ കണ്ടുവരാരുണ്ട്‌. അസ്വസ്ഥത, ചുവന്ന തുടുത്ത ഈറ്റം, ഇണ ചേരാനായി പതുങ്ങിക്കിടക്കുക എന്നിവയാണിവ.

മദിയിലായ മുയലുകള്‍ അവയുടെ താടി തീറ്റപ്പാത്രത്തിലോ വെള്ളപ്പാത്രത്തിലോ ഉരുമ്മന്നത്‌ കാണാം. ഒരു പ്രത്യേകരീതിയില്‍ പുറംഭാഗം വളച്ച്‌ പിന്‍കാലുകള്‍ പൊക്കിനില്‍ക്കുന്നതും മദിലക്ഷണങ്ങളാണ്‌. ആണ്‍മുയലുകള്‍ ഇണചേരാന്‍ ഉത്തേജിതരായാല്‍ പിന്‍കാലുകള്‍ ഉയര്‍ത്തി മുട്ടുമടക്കാതെ നടക്കുന്നു. അവയുടെ വാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു വശത്തേക്ക്‌ ചേര്‍ത്തുപിടിച്ചിരിക്കും. ചില മുയലുകള്‍ മൂത്രം ചീറ്റുകയും പ്രത്യേക ശബ്‌ദമുണ്ടാക്കുകയും ചെയ്യും.

ഇണചേരല്‍

ഇണചേരുന്നതിനായി എപ്പോഴും ആണ്‍മുയലിന്റെ കൂട്ടിലേക്ക്‌ പെണ്‍മുയലിനെ കൊണ്ടുപോകുകയാണുത്തമം. രണ്ട്‌ കാരണങ്ങള്‍കൊണ്ടാണിത്‌.

 • പെണ്‍മുയലിന്റെ കൂട്ടില്‍ ആണിനെ ഇട്ടാല്‍ പെണ്‍മുയല്‍ ആണിനെ ആക്രമിക്കാന്‍ സാധ്യതയുണ്ട്‌.
 • കൂട്‌ മാറുമ്പോള്‍ ആണ്‍മുയല്‍ പരിഭ്രമം കാട്ടാറുണ്ട്‌.

ഇണചേരാനായി 3-4 മിനിട്ടുകള്‍ മതിയാകും. വിജയകരമായ ഇണചേരലിനുശേഷം ആണ്‍മുയല്‍ ഒരു വശത്തേക്ക്‌ മറിഞ്ഞുവീഴുക പതിവാണ്‌. ശരിയായി ഇണചേര്‍ന്നതിന്റെ തെളിവാണിത്‌. പെണ്‍മുയലുകളില്‍ അണ്ഡവിസര്‍ജ്ജനം നടക്കുന്നത്‌ ഇണചേരലിനുശേഷം മാത്രമാകയാല്‍ ഒരു തവണ ഇണചേര്‍ത്ത്‌ ഒരു മണിക്കൂറിനുശേഷം വീണ്ടും ഒരിക്കല്‍ക്കൂടി ഇണചേര്‍ക്കുന്നപക്ഷം കുഞ്ഞുങ്ങളുടെ എണ്ണം കൂടുന്നതായി കണ്ടിട്ടുണ്ട്‌.

മുയലുകളില്‍ ആണ്‍-പെണ്‍ അനുപാതം 1:8-10 എന്നാണെന്ന്‌ പറഞ്ഞുവല്ലോ. എന്നാല്‍ 10 പെണ്‍മുയലുകളെ മാത്രം വളര്‍ത്തുന്ന ഒരു യൂണിറ്റിന്‌ രണ്ട്‌ ആണ്‍മുയലുകള്‍ വേണം. അതുപോലെതന്നെ 20 പെണ്‍മുയലുകളുടെ യൂണിറ്റിന്‌ രണ്ടില്‍ കൂടുതല്‍ ആണ്‍മുയലുകള്‍ നിര്‍ബന്ധമായും വേണം. ഇതിനു കാരണം നമ്മുടെ പക്കലുള്ള ആണ്‍മുയലുകളിലേതെങ്കിലും വേണ്ടത്ര ഉല്‍സാഹവാനല്ലെങ്കില്‍ എപ്പോഴും കരുതലായി മറ്റൊരു ആണ്‍ മുയല്‍ ഉള്ളത്‌ നല്ലതാണ്‌.

മുയലുകളിലെ വന്ധ്യത

ചെനപിടിക്കാതിരിക്കാനുള്ള കാരണങ്ങള്‍ പലതാണ്‌.

ചെറിയ പ്രായത്തിലുള്ള മുയലുകളെ ഇണചേര്‍ത്താല്‍ ചെനപിടിക്കാന്‍ സാധ്യത കുറവാണ്‌. അതുപോലെതന്നെ പ്രായംകൂടിയ മുയലുകളെ ഇണചേര്‍ത്താലും വന്ധ്യത കാണാറുണ്ട്‌.

മദി: മദിയില്ലാത്ത പെണ്‍മുയലിനെ ഇണചേര്‍ത്താല്‍ ചെന പിടിക്കുകയില്ല. ഇത്തരം മുയലുകളെ ഇണചേര്‍ത്ത്‌ 4 ദിവസം കഴിഞ്ഞ്‌ വീണ്ടും ഇണചേര്‍ക്കും.
കപടഗര്‍ഭം: കപടഗര്‍ഭം കാണിക്കുന്ന മുയലുകളില്‍ വന്ധ്യതയ്‌ക്ക്‌ സാധ്യത കൂടുതലാണ്‌.
ശരീരഘടന: തീരെ മെലിഞ്ഞ മുയലിനും അമിതമായി തടിച്ച മുയലിനും ചെനപിടിക്കാന്‍ സാധ്യത കുറയും.
രോമംപൊഴിക്കല്‍: രോമം പൊഴിക്കുന്ന കാലയളവില്‍ ചെനപിടിക്കാനുള്ള സാധ്യത കുറവാണ്‌. രോമം പൊഴിഞ്ഞ്‌ പുതിയവ വന്നശേഷം ഇണചേര്‍ക്കുകയാണ്‌ പോംവഴി.
പാരമ്പര്യം: പരമ്പരാഗതമായി ചില മുയലുകള്‍ക്ക്‌ വന്ധ്യതയുണ്ടാകും. രജിസ്റ്ററുകള്‍ പരിശോധിച്ച്‌ ഇത്തരം മുയലുകളെ കണ്ടെത്തി മാറ്റാവുന്നതാണ്‌. പല ആണ്‍മുയലുമായി ഇണചേര്‍ത്തിട്ടും ചെന പിടിക്കാത്ത പെണ്‍ മുയലുകളെയും പല പെണ്‍മുയലുകള്‍ക്ക്‌ ഇണചേര്‍ത്തിട്ടും ഒന്നുപോലും ചെന പിടിച്ചില്ലെങ്കില്‍ അത്തരം ആണ്‍മുയലുകളെയും ഒഴിവാക്കണം.
കാലാവസ്ഥ: ചൂടുകാലാവസ്ഥയില്‍ ചെന പിടിക്കാനുള്ള സാധ്യത കുറവാണ്‌. അന്തരീക്ഷത്തില്‍ ആര്‍ദ്രത കൂടിയാലും ഈ പ്രശ്‌നമുണ്ടാകും.

ഗര്‍ഭപരിശോധന

പെണ്‍മുയലിനെ ആണ്‍മുയലിന്റെ കൂടെ ഇടുമ്പോള്‍ അവ പ്രത്യേകതരം ശബ്‌ദം പുറപ്പെടുവിക്കുകയോ ആണ്‍മുയലുകളെ ഉപദ്രവിക്കുകയോ മൂലയില്‍ കൂനിക്കൂടി ഇരിക്കുകയോ ചെയ്യുന്ന മുയലുകളില്‍ 75 ശതമാനവും ഗര്‍ഭിണികളായിരിക്കും. എന്നാല്‍ സ്‌പര്‍ശനരീതിയിലുള്ള ഗര്‍ഭപരിശോധനയാണ്‌ ശാസ്‌ത്രീയരീതി. ഇതിനായി പെണ്‍മുയലിനെ ഒരു മേശപ്പുറത്ത്‌ വയ്‌ക്കാം. പരിശോധനയ്‌ക്കുമുമ്പ്‌ മുയല്‍ പൂര്‍ണമായും വിശ്രമാവസ്ഥയിലായിരിക്കുന്നതാണ്‌ നല്ലത്‌. മുയല്‍ പേടിച്ചുപോയാല്‍ വയറിലെ പേശികള്‍ വലിയുന്നതുകൊണ്ട്‌ സ്‌പര്‍ശനരീതിയില്‍ പരിശോധിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. പെണ്‍മുയലിന്റെ ചെവിക്കു പിന്നിലും കഴുത്തിന മുകളിലുമായി വലതുകൈകൊണ്ട്‌ പിടിക്കുക. ഇടതുകൈ മുയലിന്റെ ശരീരത്തിന്റെ അടിയിലൂടെ ഇടുപ്പിന്റെ മുന്നില്‍ അമര്‍ത്തുക. ഇടതുകൈയുടെ തള്ളവിരല്‍ ഗര്‍ഭാശയത്തിന്റെ വലതുവശത്ത്‌ തൊടുക. തള്ളവിരലും മറ്റു വിരലുകളും വശത്തേക്ക്‌ ചലിപ്പിക്കുമ്പോള്‍ ചെറിയ ഗോലികള്‍പോലുള്ള ഭ്രൂണം പിറകിലേക്ക്‌ നീങ്ങുന്നതായി കാണാം.
ഈ പരിശോധന വളരെ ശ്രദ്ധയോടെ മാത്രമേ ചെയ്യാവൂ. കൂടുതലമര്‍ത്തിയാല്‍ തള്ളമുയലിനു തന്നെ അപകടം സംഭവിക്കാം. നല്ല പരിശീലനം ലഭിച്ചയാള്‍ക്ക്‌ ഗര്‍ഭത്തിന്റെ എട്ടാം ദിവസം മുതല്‍ പരിശോധന നടത്തി ഗര്‍ഭാവസ്ഥ പറയുവാന്‍ കഴിയും. എന്നാലിത്‌ വിദഗ്‌ധനായ ഒരാള്‍ ചെയ്യുന്നതായിരിക്കും ഉത്തമം.

ഗര്‍ഭകാലപരിചരണം

ചില മുയലുകളില്‍ കപടഗര്‍ഭം കാണാറുണ്ട്‌. ഗര്‍ഭിണിയല്ലെങ്കിലും പെണ്‍മുയലുകള്‍ ഗര്‍ഭലക്ഷണങ്ങള്‍ കാണിക്കും. ഇവ രോമവും പുല്ലും ഉപയോഗിച്ച്‌ പ്രസവഅറ ഒരുക്കും. കപടഗര്‍ഭിണികളായ മുയലുകള്‍ പ്രസവഅറ ഒരുക്കാന്‍ ഇണചേര്‍ന്ന്‌ 16നും 20നും ദിവസങ്ങള്‍ക്കകം ശ്രമിക്കുമ്പോള്‍ യഥാര്‍ത്ഥ ഗര്‍ഭമുള്ള മുയലുകള്‍ ഇണചേര്‍ന്ന്‌ 25 ദിവസമെങ്കിലും കഴിഞ്ഞാല്‍ മാത്രമേ പ്രസവഅറ ഒരുക്കാറുള്ളൂ. ഗര്‍ഭകാലത്തിന്റെ അവസാന രണ്ടാഴ്‌ച തീറ്റക്രമമായി വര്‍ധിപ്പിച്ചുകൊടുക്കണം. ഇത്‌ പാലുല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുപുറമേ കുട്ടികളുടെ തൂക്കവും കൂട്ടും.
പ്രസവിക്കാറായ മുയലുകള്‍ക്ക്‌ ഗര്‍ഭകാലത്തിന്റെ 28-ാം ദിവസം കൂട്ടില്‍ പ്രസവിക്കാനുള്ള പെട്ടി വച്ചുകൊടുക്കണം. തക്കാളിപ്പെട്ടി, മറ്റ്‌ മരപ്പെട്ടി എന്നിവ വച്ചുകൊടുക്കാം. ഈ പെട്ടിക്ക്‌ 50 സെ.മീ. നീളവും 30 സെ.മീ. വീതിയും 15 സെ.മീ. ഉയരവും ഉണ്ടായിരിക്കണം. പെട്ടിയുടെ മേല്‍ഭാഗം തുറന്നിരിക്കണം. അടിഭാഗം ചെറിയ സുഷിരങ്ങളുള്ള വലയായാല്‍ നല്ലത്‌. ഇതിനകത്ത്‌ ഉണങ്ങിയ പുല്ലോ വൈക്കോലോ ചിന്തേരുപൊടിയോ ചകിരിയോ ഇട്ടുകൊടുക്കണം. ഇതിനുപുറമേ മുയല്‍തന്നെ രോമം പറിച്ച്‌ പെട്ടിക്കകത്ത്‌ വയ്‌ക്കും.
രാത്രികാലങ്ങളിലാണ്‌ പ്രസവം നടക്കുന്നത്‌. മിക്കവാറും പ്രസവത്തില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകാറില്ല. പ്രസവലക്ഷണം തുടങ്ങിയാല്‍ അരമണിക്കൂറിനകം പ്രസവവും നടക്കും. പ്രസവസമയത്ത്‌ പേടിക്കുകയാണെങ്കില്‍ തള്ളമുയല്‍ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുകയോ കൊല്ലുകയോ ചെയ്യാറുണ്ട്‌. പ്രസവിച്ചയുടനെ തള്ളമുയല്‍ കുഞ്ഞുങ്ങളെ നക്കിത്തുടയ്‌ക്കുകയും മുലയൂട്ടുകയും ചെയ്യും. കുഞ്ഞുങ്ങള്‍ക്ക്‌ 30 മുതല്‍ 80 ഗ്രാം വരെ തൂക്കമുണ്ടാകും. കണ്ണുതുറക്കാത്ത ഇവയുടെ ശരീരത്തില്‍ രോമങ്ങളും കാണുകയില്ല. ഒരു പ്രസവത്തില്‍ 2 മുതല്‍ 12 കുഞ്ഞുങ്ങള്‍വരെ ഉണ്ടാകാം. എന്നാല്‍ 8 കുഞ്ഞുങ്ങള്‍ മാത്രമേ ജീവിക്കാന്‍ സാധ്യതയുള്ളൂ. കാരണം മുയലിന്‌ 8 മുലക്കാമ്പ്‌ മാത്രമേയുള്ളൂ. അതുകൊണ്ട്‌ ഏറ്റവും നല്ല 8 കുഞ്ഞുങ്ങളെ ബാക്കിനിര്‍ത്തി കൂട്ടില്‍ കുറഞ്ഞ കുഞ്ഞുങ്ങളുള്ള മുയലിനെക്കൊണ്ട്‌ മുലയൂട്ടണം.
ഇങ്ങനെ മുലയൂട്ടുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.

 • കുഞ്ഞുങ്ങള്‍ക്ക്‌ ഒരാഴ്‌ച പ്രായമാകുന്നതിനുമുമ്പേതന്നെ മുലയൂട്ടാന്‍ തുടങ്ങണം. പ്രായം കൂടിയാല്‍ തള്ളമുയല്‍ അനുവദിക്കുകയില്ല.
 • ഒരേ കാലയളവില്‍ പ്രസവിച്ച മുയലുകളെ മാത്രമേ ഇതിനായി ഉപയോഗിക്കാന്‍ പാടുള്ളൂ. മൂന്നുദിവസങ്ങളില്‍ കൂടുതല്‍ വ്യത്യാസമുണ്ടാകാന്‍ പാടില്ല.
 • മുലയൂട്ടേണ്ട കുഞ്ഞുങ്ങളെ തള്ളയില്ലാത്ത സമയത്തുവേണം കൂട്ടിലേക്കു മാറ്റാന്‍. അതിനുശേഷം കൂട്ടിലുള്ള വസ്‌തുക്കള്‍കൊണ്ട്‌ മുയല്‍ക്കുഞ്ഞങ്ങളുടെ ദേഹത്ത്‌ തേക്കണം. ആ കൂട്ടിനുള്ളിലെ മണം കുഞ്ഞുങ്ങള്‍ക്കും ലഭിക്കാന്‍ വേണ്ടിയാണിങ്ങനെ ചെയ്യുന്നത്‌. 3-4 മണിക്കൂര്‍ കഴിഞ്ഞശേഷമേ തള്ളമുയലിനെ കൂട്ടിലേക്കു കൊണ്ടുവരാന്‍ പാടുള്ളൂ. കഴിവതും ഇത്‌ രാത്രി ചെയ്യുന്നതാണ്‌ നല്ലത്‌. എന്നിട്ടും തള്ളമുയല്‍ പുതിയ കുഞ്ഞുങ്ങളെ തിരസ്‌കരിക്കുകയാണെങ്കില്‍ ഇത്തരം കുഞ്ഞുങ്ങളെ കൊല്ലുന്നതാണ്‌ അഭികാമ്യം.

തള്ളമുയലുകള്‍ സാധാരണയായി അവയുടെ കുഞ്ഞുങ്ങളെ ഭക്ഷിക്കാറുണ്ട്‌. തള്ളമുയലിന്റെ തീറ്റയില്‍ മാംസ്യത്തിന്റെ കുറവ്‌, പേടി, ചുറ്റുപാടുകളുടെ സമ്മര്‍ദ്ദം, ദുഃശീലം എന്നിവയാണ്‌ ഇതിനു കാരണം. തള്ളമുയലുകള്‍ കുഞ്ഞുങ്ങളെ കൊന്നുതിന്നുന്ന ഈ പ്രതിഭാസത്തെ കാനിബാലിസം എന്നു പറയുന്നു. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ പ്രസവിച്ച്‌ 4-5 ദിവസത്തിനകം ദിവസത്തിനകം വീണ്ടും ഇണചേര്‍ക്കാം. ഇതൊരു ദുഃശീലമായതിനാല്‍ ഒന്നില്‍ക്കൂടുതല്‍ തവണ ഇതാവര്‍ത്തിച്ചാല്‍ ഈ തള്ള മുയലിനെ വളര്‍ത്താതിരിക്കുന്നതാണു നല്ലത്‌.
മുയല്‍ പ്രസവിക്കുമ്പോള്‍ ചില കുഞ്ഞുങ്ങള്‍ക്ക്‌ ജീവനുണ്ടായിരിക്കുകയില്ല. ഇത്തരം കുഞ്ഞുങ്ങളെ ഉടനെ കൂട്ടില്‍നിന്ന്‌ മാറ്റണം. മുയല്‍ക്കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ആദ്യത്തെ 10-12 ദിവസത്തെ ഭക്ഷണം തള്ളയുടെ പാലാണ്‌. തള്ളമുയലിന്‌ ആവശ്യത്തിനു പാലുണ്ടെങ്കില്‍ കുഞ്ഞുങ്ങള്‍ വയര്‍ നിറച്ച്‌ കുടിച്ച്‌ കിടന്നുറങ്ങും. ആവശ്യത്തിന്‌ പാല്‍ ലഭിക്കുന്നില്ലെങ്കില്‍ കുഞ്ഞുങ്ങള്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും അവയുടെ തൊലി ചുളിഞ്ഞിരിക്കുകയും ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ തള്ളമുയലുകളെ മലര്‍ത്തിക്കിടത്തി മുലക്കാമ്പുകള്‍ക്കരികെ മുയല്‍ക്കുഞ്ഞുങ്ങളുടെ വായ്‌ വച്ചു പാലുകുടിപ്പിക്കാന്‍ ശ്രമിക്കാം.
10-12 ദിവസങ്ങള്‍ക്കകം കുഞ്ഞുങ്ങളുടെ കണ്ണുതുറക്കുകയും ശരീരത്തില്‍ രോമം കിളിര്‍ക്കാന്‍ തുടങ്ങുകയും ചെയ്യും. മൂന്നാഴ്‌ച കഴിയുമ്പോള്‍ മുയല്‍ക്കുഞ്ഞുങ്ങള്‍ നെസ്റ്റ്‌ബോക്‌സിനു പുറത്തേക്കു വരാന്‍ തുടങ്ങും. ഈ സമയത്ത്‌ ആണ്‍കുഞ്ഞിനെയും പെണ്‍കുഞ്ഞിനെയും തിരിച്ചറിയാം. കുഞ്ഞിന്റെ ഗുദദ്വാരത്തിനു താഴെ പതുക്കെ വിരല്‍കൊണ്ടമര്‍ത്തിയാല്‍ പെണ്‍മുയല്‍ക്കുഞ്ഞുങ്ങള്‍ക്ക്‌ ചെറിയ കീറല്‍പോലുള്ള ദ്വാരവും ആണ്‍മുയല്‍ക്കുഞ്ഞുങ്ങള്‍ക്ക്‌ പുറത്തേക്കുവരുന്ന സിലിണ്ടര്‍ ആകൃതിയിലുള്ള ലിംഗാഗ്രവും കാണാം.
2-3 ആഴ്‌ച പ്രായമാകുമ്പോഴേക്കും കുഞ്ഞുങ്ങള്‍ കുറേശ്ശയായി പച്ചിലകളും ഖരാഹാരവും തിന്നാന്‍ തുടങ്ങും. പ്രസവിച്ച അന്നുതന്നെ ഒരു ലിറ്ററിലെ കുഞ്ഞുങ്ങളുടെ തൂക്കമെടുക്കണം. നല്ല തള്ളമുയലുകളെ തിരിച്ചറിയാനും പരിപാലനത്തിലെ പ്രശ്‌നങ്ങള്‍, തീറ്റയുടെ ഗുണമേന്മ എന്നിവ മനസ്സിലാക്കാനും ഇതുവഴി സാധിക്കും. ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്ന മുയലുകളില്‍ ആണ്‍മുയലുകളെ കോളനിക്കൂട്ടില്‍ വളര്‍ത്തിയാല്‍ അവ പരസ്‌പരം ആക്രമിക്കും. ഇത്തരം മുയലുകളെ തിരഞ്ഞ്‌ പ്രത്യേകം കൂടുകളിലാക്കണം. പ്രജനനത്തിനല്ലാതെ ദീര്‍ഘകാലം വളര്‍ത്തുന്ന ആണ്‍മുയലുകളെ വന്ധ്യംകരണം നടത്താവുന്നതാണ്‌. രോമത്തിനും അലങ്കാരത്തിനും വേണ്ടി വളര്‍ത്തുന്ന മുയലുകളിലാണ്‌ ഇങ്ങനെ ചെയ്യുന്നത്‌.

കുഞ്ഞുങ്ങള്‍ക്ക്‌ മരുന്നു നല്‍കുന്ന വിധം

 1. വായിലൂടെ നല്‍കുന്നത്‌- ദ്രാവകരൂപത്തിലോ പൊടിരൂപത്തിലോ ഉള്ള മരുന്നുകള്‍ ഭക്ഷണത്തിലോ, വെള്ളത്തിലോ കലര്‍ത്തി കൊടുക്കുന്നതാണ്‌. എങ്ങനെയായാലും കൊടുക്കേണ്ട മരുന്ന്‌ കുറച്ചുമാത്രം വെള്ളത്തിലോ തീറ്റയിലോ കലര്‍ത്തിക്കൊടുക്കുന്നതാണുചിതം.
 2. ഇന്‍ജക്‌ഷനുകള്‍- പേശികളില്‍ കുത്തിവയ്‌ക്കുന്ന മരുന്നുകള്‍ തുടയുടെ പിന്‍ഭാഗത്ത്‌ നല്‍കാവുന്നതാണ്‌. തൊലിക്കടിയില്‍ നല്‍കേണ്ട ഇന്‍ജക്‌ഷനുകള്‍ അയഞ്ഞുകിട്‌കകുന്ന തൊലിക്കടിയിലെവിടെയെങ്കിലും നല്‍കാം.

വേനല്‍ക്കാല പരിചരണം

മുയലുകളെ വളര്‍ത്താന്‍ അനുകൂലമായ അന്തരീക്ഷ ഊഷ്‌മാവ്‌ 100Cനും 200C നും ഇടയിലാണ്‌. എന്നാല്‍ 00C മുതല്‍ 200C വരെ അവയ്‌ക്ക്‌ അനായാസമായി ജീവിക്കാന്‍ പറ്റും. പക്ഷേ, 350C നു മുകളില്‍ അവയ്‌ക്ക്‌ പ്രയാസമനുഭവപ്പെടും. എന്നാലും കാലാവസ്ഥയുമായി പൊരുത്തപ്പെട്ടുപോകാന്‍ അവയ്‌ക്ക്‌ നല്ല കഴിവുണ്ട്‌. വേനല്‍ക്കാലങ്ങളില്‍ അവയ്‌ക്ക്‌ തീറ്റനല്‍കുന്നത്‌ അതിരാവിലെയും വെയിലിന്റെ കാഠിന്യം കുറഞ്ഞതിനുശേഷവും മാത്രമാക്കുക. കുടിക്കാന്‍ യഥേഷ്‌ടം തണുത്തവെള്ളം നല്‍കുക. ഒരു മുയല്‍ സാധാരണയായി 10 ml/100g Body wt. എന്ന കണക്കില്‍ വെള്ളം കുടിക്കും. മുലയൂട്ടുന്ന അമ്മമാരില്‍ ഇത്‌ 90 ml/100 g Body wt. വരെ ആകാം. കൂട്ടില്‍ എല്ലായ്‌പ്പോഴും ശുദ്ധമായ ജലം ലഭ്യമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഷെഡ്ഡിന്റെ മേല്‍കകൂരയില്‍ നനച്ച ചാക്കിട്ടുകൊടുത്താല്‍ അത്യുഷ്‌ണംകൊണ്ടുള്ള പ്രയാസങ്ങള്‍ കുറയ്‌ക്കാന്‍ കഴിയും. കൂടാതെ വിറ്റാമിന്‍ കലര്‍ന്ന മിശ്രിതവും നല്‍കണം.

ഫാമിലെ സമയക്രമം

രാവിലെ: തീറ്റപ്പാത്രം, വെള്ളപ്പാത്രം ഇവ വൃത്തിയാക്കുക. അതിനുശേഷം വെള്ളംകൊടുക്കുക. ഖരാഹാരം കൊടുക്കുക. കൂടും എല്ലാ മുതലുകളെയും ശ്രദ്ധിക്കുക. ഇണചേര്‍ക്കേണ്ടവയെ ഇണചേര്‍ക്കുക.
ഉച്ച: ആവശ്യമെങ്കില്‍ വെള്ളം നല്‍കുക. ഉച്ചകഴിഞ്ഞ്‌ പച്ചപ്പുല്ല്‌ നല്‍കുക. കൂടിന്റെ അടിവശം വൃത്തിയാക്കുക. വൈകുന്നേരം വെള്ളം നല്‍കുക. എല്ലാ മുയലുകളെയും ശ്രദ്ധിക്കുക. 
രാത്രി: പച്ചിലകള്‍ നല്‍കുക.

രോഗങ്ങളും പരിഹാരമാര്‍ഗങ്ങളും

ആരോഗ്യസംരക്ഷണം മുയലുകളുടെ ഉല്‍പ്പാദനത്തില്‍ സുപ്രധാനമായ പങ്കുവഹിക്കുന്നുണ്ട്‌. മുയലുകളെ വളര്‍ത്തുന്നവര്‍ക്ക്‌ രോഗലക്ഷണങ്ങള്‍ തിരിച്ചറിയാനും രോഗങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാനുമുള്ള കഴിവ്‌ ആര്‍ജ്ജിച്ചാല്‍ രോഗബാധമൂലമുണ്ടാകുന്ന നഷ്‌ടങ്ങള്‍ കുറയ്‌ക്കാന്‍ സാധിക്കും. രോഗം വന്നു ചികില്‍സ തേടുന്നതിനെക്കാള്‍ രോഗം വരാതെ നോക്കുന്നതാണുത്തമം. രോഗം ബാധിച്ച മുയലുകളുടെ വളര്‍ച്ച മുരടിക്കുന്നു. പ്രത്യുല്‍പ്പാദനനിരക്ക്‌ കുറയുന്നു. മുലയൂട്ടുന്ന അമ്മമാരുടെ പാലുല്‍പ്പാദനം കുറയുന്നതുമൂലം കുഞ്ഞുങ്ങള്‍ മരണപ്പെടാന്‍ ഇടയാകുന്നു. എന്നിങ്ങനെ നീളുന്നു നഷ്‌ടത്തിന്റെ കണക്കുകള്‍. രോഗലക്ഷണങ്ങളറിയുന്നതിനുമുമ്പ്‌ ആരോഗ്യത്തിന്റെ ലക്ഷണങ്ങളെന്തൊക്കെയാണെന്ന്‌ നോക്കാം.
രോമം: നല്ല മിനുസമുള്ളതായിരിക്കണം. കൊഴിഞ്ഞുപോകുന്ന രോമത്തിനടിയില്‍ തൊലിയുടെ അംശങ്ങള്‍ പാടില്ല. തൊലിപ്പുറമേ മുറിവുകളോ കുരുക്കളോ പാടില്ല.
കണ്ണുകള്‍: തിളങ്ങുന്ന കണ്ണുകളോടുകൂടി ജാഗരൂകരായിട്ടുള്ള മുയലുകള്‍ ആരോഗ്യമുള്ളവയാണ്‌. കണ്ണുകളില്‍നിന്നും സ്രവങ്ങളൊന്നും പാടില്ല.
ചലനം: മുയല്‍ ചലിക്കുമ്പോള്‍ സ്വതന്ത്രമായും സുഗമമായും ചലിക്കണം. വിശ്രമിക്കുമ്പോള്‍ ശാന്തമായും സുഗമമായും ശ്വസിക്കുന്നവയാകണം. സാധാരണ അവസ്ഥയില്‍ ശ്വസനത്തോത്‌ മിനിട്ടില്‍ 38-65 ആണ്‌. കൂനിക്കൂടി ഇരിക്കുന്നതും ആയാസതതോടെ ചലിക്കുന്നതും രോഗലക്ഷണമായി കണക്കാക്കാവുന്നതാണ്‌.
ഭക്ഷണം/തീറ്റ/വിശപ്പ്‌: സാധാരണരീതിയില്‍ ഭക്ഷണം കഴിക്കുന്ന മുയലുകള്‍ ആരോഗ്യവാന്മാരായിരിക്കും. എന്നാല്‍ തീറ്റയ്‌ക്ക്‌ മടുപ്പോ മറ്റോ കാണുന്നപക്ഷം അതു രോഗലക്ഷണമായി കണ്ടു വിശദമായ പരിശോധന നടത്തേണ്ടതുണ്ട്‌.
കാഷ്‌ഠം: സാധാരണയായി മണിമണിയായുള്ള കാഷ്‌ഠമാണ്‌ മുയലിന്റേത്‌. ഇതില്‍നിന്നും വ്യത്യസ്‌തമായത്‌ രോഗലക്ഷണമായി കണക്കാക്കാം.
തൂക്കവും വളര്‍ച്ചയും: പ്രായപൂര്‍ത്തിയായ മുയലുകള്‍ ശരീരതൂക്കം വര്‍ധിക്കാതെയും കുറയാതെയും ഇരിക്കണം. എന്നാല്‍ മുലയൂട്ടുന്ന തള്ളമുയലുകളില്‍ ശരീരഭാരം കുറയുന്നത്‌ സാധാരണമാണ്‌. എന്നാല്‍ ശരീരഭാരത്തിലെ ക്രമാതീതമായ കുറവ്‌ രോഗലക്ഷണമാകാം.
നാഡിമിടിപ്പ്‌: ആരോഗ്യമുള്ള മുയലിന്റേത്‌ ഒരു മിനിട്ടില്‍ 140-180 ആണ്‌. ശരീര ഊഷ്‌മാവ്‌ 390 C ആയിരിക്കും. പേടിപ്പിച്ചാലും ചൂടുകാലവസ്ഥയിലും ഇതില്‍ ചെറിയ മാറ്റങ്ങള്‍ കണ്ടേക്കാം.

രോഗം വരാതെ തടയുന്നതെങ്ങനെ

 1. വിശ്വസനീയമായ ബ്രീഡര്‍മാരില്‍നിന്നോ സ്ഥാപനങ്ങളില്‍നിന്നോ മാത്രമേ പുതിയ മുയലുകളെ വാങ്ങാവൂ.
 2. ക്വാറന്റയിന്‍- പുറമേനിന്നുള്ള മുയലുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി പ്രത്യേകം കൂടുകള്‍ വേണം. ഇവ സാധാരണ കൂടുകളില്‍നിന്നും അകലത്തിലായിരിക്കണം. ഇവ ഉപയോഗിക്കുന്നത്‌ രണ്ടു കാര്യങ്ങള്‍ക്കാണ്‌.
 3. പുറമേനിന്നുള്ള മുയലുകളെ ചുരുങ്ങിയത്‌ 2 ആഴ്‌ചയെങ്കിലും മാറ്റിയിടാന്‍.
 4. രോഗം ബാധിച്ചു എന്ന്‌ സംശയിക്കുന്ന മുയലുകളെ മാറ്റിയിടാന്‍.
  രോഗം തടയുന്നതില്‍ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
 5. അതിശൈത്യമോ മഴച്ചാറലോ കഠിനമായ ചൂടോ കൂടിനകത്തേക്ക്‌ കടക്കാത്ത വിധത്തിലുള്ളവയായിരിക്കണം.
 6. കൂട്ടില്‍ വായുസഞ്ചാരമുണ്ടായിരിക്കണം.
 7. തിങ്ങിപ്പാര്‍ക്കുവാന്‍ ഇടവരരുത്‌.
 8. എലി, പെരുച്ചാഴി, നായ, പൂച്ച, ഇഴജന്തുക്കള്‍ എന്നിവയില്‍നിന്നും സംരക്ഷണം നല്‍കണം.
 9. ശുചിത്വപരിപാലനം. രോഗം വരാതെയിരിക്കുന്നതില്‍ ശുചിത്വത്തിന്‌ പ്രധാന പങ്കുണ്ട്‌.
 10. കൂടുകളും തീറ്റപ്പാത്രവും വെള്ളപ്പാത്രവും തറയും ചുമരുകളും എല്ലാതന്നെ വൃത്തിയായി സൂക്ഷിച്ചാല്‍ രോഗം വരാതെ തടയാം. നെസ്റ്റ്‌ബോക്‌സുകള്‍ ഒരു പ്രസവം കഴിഞ്ഞ്‌ അടുത്ത പ്രസവം നടക്കുന്നതിനുമുമ്പുതന്നെ അണുനാശിനികൊണ്ടു കഴുകണം.

തീറ്റ നല്‍കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം

 1. നിശ്ചിതയളവില്‍ കൂടുതല്‍ കൊടുത്ത്‌ അജീര്‍ണമുണ്ടാകാനിടവരരുത്‌.
 2. ഗുണമേന്മയുള്ള തീറ്റ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.
 3. വൃത്തിയുള്ളതും പുതിയതുമായ തീറ്റ നല്‍കണം.
 4. കൃത്യനിഷ്‌ഠയോടെ തീറ്റ നല്‍കണം.
 5. തീറ്റയിലെ പെട്ടെന്നുള്ള വ്യതിയാനങ്ങള്‍ ഒഴിവാക്കണം.

പകര്‍ച്ചവ്യാധികള്‍ ഉണ്ടായാല്‍ എന്തു ചെയ്യണം?

 1. മാറ്റിപ്പാര്‍പ്പിക്കുക: രോഗംബാധിച്ച മുയലിനെ കഴിവതും പെട്ടെന്ന്‌ ക്വാറന്റയിനില്‍ പാര്‍പ്പിക്കുക. രോഗമില്ലാത്തവയ്‌ക്കു തീറ്റയും വെള്ളവും നല്‍കിയശേഷമേ രോഗം ബാധിച്ചവയ്‌ക്ക്‌ നല്‍കാവൂ. കഴിയുമെങ്കില്‍ രോഗം ബാധിച്ചവയെ ശുശ്രൂഷിക്കാന്‍ വേറെ ഒരാളെത്തന്നെ കണ്ടെത്തുന്നത്‌ നന്നായിരിക്കും.
 2. ശുചിത്വം: കൂടുകളുടെ പ്രവേശനകവാടത്തില്‍ കാലുമുക്കി കഴുകുവാനുള്ള ഫൂട്ട്‌ഡിപ്പുകള്‍ സ്ഥാപിക്കുക.
 3. രോഗം ബാധിച്ചവയ്‌ക്ക്‌ പരമാവധി ശുശ്രൂഷ നല്‍കുക.
 4. ഒരു വിദഗ്‌ധനെക്കൊണ്ട്‌ ശരിയായ രോഗനിര്‍ണയം നടത്തുക.
 5. ആവശ്യമായ ചികില്‍സ ശരിയായ രീതിയില്‍തന്നെ നല്‍കുക. ആന്റിബയോട്ടിക്കുകള്‍ നല്‍കുകയാണെങ്കില്‍ അത്‌ കൃത്യമായ അളവിലും തവണകളിലും നല്‍കണം.
 6. ആവശ്യമെങ്കില്‍ ദയാവധം നടത്തുക: വിട്ടുമാറാത്ത രോഗങ്ങളുള്ളവയെ ദയാവധം ചെയ്യുന്നതിലൂടെ മറ്റു മുയലുകളെ രക്ഷിക്കുകയാണ്‌ നാം ചെയ്യുന്നത്‌.
 7. പോസ്റ്റ്‌മോര്‍ട്ടം ചെയ്യുക: മരണമടയുന്ന മുയലുകളെ വിദഗ്‌ധരെക്കൊണ്ട്‌ പോസ്റ്റ്‌മോര്‍ട്ടം ചെയ്യിക്കുക.

പ്രധാനപ്പെട്ട രോഗങ്ങള്‍

കോക്‌സീഡിയോസിസ്‌

കുടലിനെയും ചിലപ്പോള്‍ കരളിനെയും ബാധിക്കുന്ന രോഗമാണ്‌ ഇത്‌. കൂടുതലായും മുലകുടി മാറ്റിയ കുഞ്ഞുങ്ങളിലാണ്‌ ഇത്‌ കാണപ്പെടുന്നത്‌. വലിയ മുയലുകളില്‍ ഈ രോഗം കാണപ്പെടാറില്ല. പെട്ടെന്ന്‌ മഴപെയ്യുമ്പോള്‍ മണ്ണില്‍ നിദ്രയിലാണ്ടുകിടക്കുന്ന ഈ രോഗാണുക്കള്‍ രോഗബാധ ഉണ്ടാക്കുന്നു. രക്തത്തോടുകൂടിയ വയറിളക്കമാണ്‌ രോഗലക്ഷണം. രണ്ടോ മൂന്നോ ദിവസംകൊണ്ട്‌ മരണമടയാനും സാധ്യതയുണ്ട്‌. ഐമീരിയ എന്ന ഒരു തരം രോഗാണുക്കളാണ്‌ രോഗകാരണം. മുയലുകളുടെ കാഷ്‌ഠത്തില്‍നിന്നും പുല്ലിലേക്കും കൂടുകളിലേക്കും ഈ അണുക്കള്‍ കടന്നു കൂടുകയും മറ്റ്‌ മുയലുകളില്‍ രോഗം പകരുകയും ചെയ്യും. കാഷ്‌ഠം സൂക്ഷ്‌മദര്‍ശിനിയിലൂടെ പരിശോധിച്ചാല്‍ ഈ രോഗാണുവിനെ കണ്ടുപിടിക്കാന്‍ കഴിയും. ഫലപ്രദമായ ചികില്‍സ ലഭ്യമാണ്‌. സല്‍ഫാ മെസാത്തീന്‍, സള്‍ഫാക്യൂനോക്‌സിലിന്‍, ആംപ്രോളിയം, സൂപ്പര്‍ കോക്‌സ്‌ എന്നീ മരുന്നുകള്‍ ഫലപ്രദമാണ.്‌

സ്‌നഫ്‌ളസ്‌ (മൂക്കടപ്പ്‌)

പെട്ടെന്നു പകര്‍ന്നുപിടിക്കുന്ന ഒരു പകര്‍ച്ചവ്യാധിയാണിത്‌. മൂക്കില്‍നിന്നു കട്ടിയുള്ള സ്രവം പുറത്തുവരുന്നു. തുമ്മലും ചീറ്റലും പനിയും സര്‍വസാധാരണമാണ്‌. തക്കസമയത്ത്‌ ചികില്‍സിച്ചില്ലെങ്കില്‍ ഈ രോഗം ന്യൂമോണിയയായോ, ഹെമറേജിക്‌ സെപ്‌റ്റിസീമിയയായോ (കുരലടപ്പന്‍) മാറും. ചൂടും മഴയും കൂടുതലുള്ള കാലാവസ്ഥയിലാണ്‌ രോഗം കൂടുതല്‍ കാണപ്പെടുന്നത്‌. പാസ്‌ചറെല്ലാ എന്ന രോഗാണുവാണ്‌ രോഗകാരണം. രോഗപ്രതിരോധശേഷി കുറഞ്ഞ മുയലുകളില്‍ ഈ രോഗം പെട്ടെന്നു കടന്നുവരുന്നു. കാറ്റും വെളിച്ചവും യഥേഷ്‌ടം കൂടുകളില്‍ ഉണ്ടെങ്കില്‍ ഈ രോഗം വരുന്നത്‌ ഒരു പരിധിവരെ തടയാം. ആന്റിബയോട്ടിക്കുകളായ പെനിസിലിന്‍, ക്ലോറോഫനിക്കോള്‍, എറിത്രോമൈസിന്‍, ഫൂറാസോളിഡോണ്‍, സള്‍ഫാക്യൂനോക്‌സിലിന്‍ എന്നിവ ഫലപ്രദമാണ്‌.

കുരലടപ്പന്‍ (ഹെമറേജിക്‌ സെപ്‌റ്റിസീമിയ)

വളരെ ഗുരുതരമായ രോഗമാണിത്‌. മരണനിരക്ക്‌ വരെ കൂടുതലാണ്‌. സ്‌നഫ്‌ളസിന്റെ ഒരു വകഭേദമാണീ രോഗം. പാസ്‌ച്ചുറെല്ലാ എന്ന രോഗാണുവാണ്‌ രോഗഹേതു. പോസ്റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ ഈ രോഗം തിരിച്ചറിയാന്‍ കഴിയൂ. കുറഞ്ഞ രോഗ പ്രതിരോധശേഷിയും വായു സഞ്ചാരമില്ലാത്ത കൂടുകളും ഈര്‍പ്പം നിലനില്‍ക്കുന്ന കൂടുകളും രോഗം പെട്ടെന്നു പരക്കാനും ഗുരുതരാവസ്ഥയിലെത്തിക്കാനും ഗുരുതരാവസ്ഥയിലെത്തിക്കാനും ഇടയാക്കുന്നു. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍, മറ്റ്‌ രോഗങ്ങള്‍ എന്നിവയും ഈ രോഗത്തിനു കാരണമാകും.
ഉയര്‍ന്ന പനി, മൂക്കിന്റെ ദ്വാരങ്ങളിലും മൂക്കിനു പുറത്തും കട്ടിയുള്ള മൂക്കട്ടകള്‍, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്‌ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്‌. തീറ്റയെടുക്കാതെ ക്ഷീണിച്ച്‌ കൂടിന്റെ മൂലയ്‌ക്ക്‌ ഒതുങ്ങിനില്‍ക്കുന്നതു കാണാം.
സ്‌നഫ്‌ളസ്‌ എന്ന രോഗത്തിന്റെ ചികില്‍സാരീതികള്‍ ഇവിടെയും ഫലപ്രദമാണ്‌. എന്നാല്‍ വിദേശരാജ്യങ്ങളില്‍ ഫലപ്രദമായ വാക്‌സിനുകളുണ്ട്‌.

ന്യൂമോണിയ (ശ്വാസകോശവീക്കം)

സ്‌നഫ്‌ളസിന്റെ മറ്റൊരു വകഭേദമാണ്‌ ഈ രോഗം. കൂനിയിരുന്ന്‌ തലയുര്‍ത്തി പിറകിലോട്ട്‌ ചരിച്ചുപിടിച്ച്‌ ശ്വാസോച്ഛ്വാസം നടത്തുന്ന മുയലുകള്‍ ന്യൂമോണിയ ബാധിതരാണെന്നു കണക്കാക്കാം. വൃത്തിഹീനവും കാറ്റും വെളിച്ചവും കടക്കാത്ത അന്തരീക്ഷവും രോഗം മൂര്‍ച്ഛിക്കാനും പെട്ടെന്നു പടര്‍ന്നുപിടിക്കാനും ഇടയാക്കുന്നു.
രോഗം ബാധിച്ച മുയലുകളുടെ മൂക്കിലൂടെ പഴുപ്പും മറ്റു സ്രവങ്ങളും ഒഴുകുന്നതു കാണാം. രോഗം ബാധിച്ചുകഴിഞ്ഞാല്‍ ചികില്‍സ പൂര്‍ണമായും ഫലപ്രദമാകാറില്ല. ഭേദമായാല്‍പ്പോലും ശ്വാസകോശത്തിന്റെ ചില ഭാഗങ്ങള്‍ കല്ലിച്ചുപോകുന്നതുകൊണ്ട്‌ പിന്നീട്‌ വളര്‍ച്ച മുരടിക്കുന്നതായി കാണാം. ഇത്തരം മുയലുകളെ ഒഴിവാക്കുന്നതാണുത്തമം.

മിക്‌സോമാറ്റോസിസ്‌

വൈറസാണ്‌ രോഗകാരണം. വീങ്ങിയിരിക്കുന്ന കണ്ണുകള്‍, മൂക്ക്‌, വായ്‌, മലദ്വാരം, പ്രത്യുല്‍പ്പാദന അവയവങ്ങള്‍ എന്നിവയാണ്‌ ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. പലപ്പോഴും കണ്ണില്‍നിന്നും മൂക്കില്‍നിന്നും പഴുപ്പും വരും. ശ്വാസതടസ്സം, ശരീരത്തിന്റെ പല ഭാഗത്തുമുള്ള വീക്കം എന്നിവയാണ്‌ മറ്റു ലക്ഷണങ്ങള്‍. രോഗം പരത്തുന്നത്‌ കൊതുക്‌, ചെള്ള്‌ എന്നിവയാണ്‌. ഫലപ്രദമായ ചികില്‍സയില്ല. വിദേശങ്ങളില്‍ ഫലപ്രദമായ വാക്‌സിനുകളുണ്ട്‌. കൂടുകളിലും പരിസരത്തും കൊതുക്‌, ചെള്ള്‌ എന്നിവയുണ്ടാകാതെ ശ്രദ്ധിക്കുക. മുയലിനെ കൊന്ന്‌ കത്തിച്ചുകളയുകയാണ്‌ രോഗം പകരാതിരിക്കാനുള്ള പോംവഴി.

മൈക്കോസിസ്‌

ഒരു ഫംഗസ്‌ രോഗമാണിത്‌. മുയലിന്റെ ശരീരത്തില്‍ ചില സ്ഥലങ്ങളില്‍ രോമം അടര്‍ന്നുപോവുകയും അതു ക്രമേണ വലുതാകുകയും ചെയ്യുന്നു. ഈ ഫംഗസിന്റെ സ്‌പോറുകള്‍ കൂടുകളിലും മറ്റു പറ്റിപ്പിടിച്ചിരിക്കുന്നതിനാല്‍ ഒരു മുയലില്‍നിന്നും മറ്റൊരു മുയലിലേക്ക്‌ ഈ രോഗം പെട്ടെന്നു പടര്‍ന്നുപിടിക്കാം. ഈ രോഗത്തിനു ഫലപ്രദമായ ചികില്‍സയുണ്ട്‌. ക്ലോട്രിമസോള്‍, ബെന്‍സയില്‍ ബെന്‍സോയേറ്റ്‌ എന്നിവ പുരട്ടുക. ഗ്രിസിയോ ഫള്‍വിന്‍, ഫലൂക്കണ്ടോസോള്‍ എന്നീ ഗുളികള്‍ അകത്തേക്കു നല്‍കുക എന്നിവയാണ്‌ ചികില്‍സകള്‍.

അകിടുവീക്കം

മുലക്കാമ്പുകള്‍ക്കുണ്ടാകുന്ന വീക്കമാണ്‌ ആദ്യലക്ഷണം. പിന്നീട്‌ ഇതു നീലനിറമാകുന്നു. കഠിനമായ വേദന കാരണം കുഞ്ഞുങ്ങളെ മുലയൂട്ടുകയില്ല. പനി, തീറ്റയ്‌ക്ക്‌ മടുപ്പ്‌ എന്നിവയാണ്‌ മറ്റു ലക്ഷണങ്ങള്‍. മുലക്കാമ്പുകള്‍ ചിലപ്പോള്‍ പഴുത്തുപൊട്ടുകയും ചെയ്‌തേക്കാം. മുലക്കാമ്പുകള്‍ ചെറുചൂടുള്ള ഉപ്പുവെള്ളം കൊണ്ട്‌ കഴുകി ആന്റിബയോട്ടിക്കുകള്‍ നല്‍കുകയാണ്‌ ചികില്‍സ. ചത്തുപോകാതെ രക്ഷപ്പെടുന്ന മുയലുകളുടെ മുലകള്‍ കല്ലിച്ചുപോകാറുണ്ട്‌. പിന്നീട്‌ അവയില്‍നിന്നും പാലുല്‍പ്പാദനം ഉണ്ടാകില്ല. അത്തരം മുയലുകള്‍ക്ക്‌ കുഞ്ഞുങ്ങളെ മലയൂട്ടാന്‍ സാധിക്കാത്തതിനാല്‍ ഇവയെ പ്രജനനത്തിന്‌ ഉപയോഗിക്കരുത്‌.
മുയലുകളിലെ അകിടുവീക്കത്തിനു പ്രധാന കാരണം വൃത്തിഹീനമായ കൂടുകളും നെസ്റ്റ്‌ബോക്‌സുകളുമാണ്‌. അകിടിലുണ്ടാകുന്ന ചെറിയ മുറിവുകള്‍വഴിയും രോഗാണുക്കള്‍ അകിടില്‍ക്കടന്നു രോഗമുണ്ടാകും.
അകിടുവീക്കം ബാധിച്ചവയെ ക്വാറന്റയിന്‍ കൂടുകളിലേക്കു മാറ്റണം. മുയല്‍ക്കുഞ്ഞുങ്ങളെ മറ്റ്‌ തള്ളമുയലുകളുടെ കൂടെയാക്കുന്നതാണ്‌ നല്ലത്‌.
അകിടുവീക്കം വരാതിരിക്കാനുള്ള പ്രതിരോധനടപടി ശുചിത്വമാണ്‌. കൂടിന്റെ അടിവശം പരുപരുത്തതാകരുത്‌. നെസ്റ്റ്‌ബോക്‌സിന്റെ അടിഭാഗവും മിനുസമുള്ളതായിരിക്കണം. മുലയൂട്ടുന്ന മുയലുകളുടെ അകിട്‌ ഇടയ്‌ക്കിടെ പരിശോധിച്ച്‌ മുറിവുകളുണ്ടെങ്കില്‍ ചികില്‍സ നടത്തണം.

സൂര്യാഘാതം

കേരളത്തിലെ ചൂടുള്ള കാലാവസ്ഥയില്‍ മുയലുകളെ ബാധിക്കുന്ന ഒരു രോഗമാണിത്‌. ഉയര്‍ന്ന അന്തരീക്ഷ താപം, ഉയര്‍ന്ന ആര്‍ദ്രത, വായുസഞ്ചാരം കുറഞ്ഞ കൂട്‌ എന്നിവയാണ്‌ ഈ അവസ്ഥയ്‌ക്കു കാരണം. കൂട്ടില്‍ നേരിട്ട്‌ വെയില്‍ പതിച്ചാലും ചൂടുകാലത്ത്‌ ചൂടോടുകൂടി കൊണ്ടുപോയാലും സൂര്യാഘാതം പിടിപെടും. ടെറസ്സിന്റെ മുകളില്‍ കൂടുകളില്‍ വളര്‍ത്തുന്നവയ്‌ക്ക്‌ രോഗം പിടിപെടാന്‍ സാധ്യത കൂടുതലാണ്‌. ഉയര്‍ന്ന ശരീരതാപനിലയും കിതപ്പുമാണ്‌ പ്രധാന ലക്ഷണം. രോഗബാധയേറ്റ മുയലുകളുടെ ചെവിപിങ്കുനിറമായിരിക്കും. കൂടാതെ ഇവ ഒരു വശം ചരിഞ്ഞ്‌ നീണ്ടുനിവര്‍ന്നു കിടക്കുന്നതും കാണാം.
രോഗബാധയേറ്റ മുയലുകളെ തണുത്ത സ്ഥലത്തേക്കു മാറ്റണം. ഇവയെ ഇളം ചൂടുവെള്ളത്തില്‍ തല നനയ്‌ക്കാതെ മുക്കുക. പിന്നീട്‌ ഉണങ്ങിയ തുണികൊണ്ടു തുടച്ച്‌ ജലാംശം നീക്കി കൂട്ടില്‍ തിരിച്ചുവിടാം.
രോഗസാധ്യതയുണ്ടെങ്കില്‍ കഠിനമായ ചൂടില്‍നിന്നും മുയലുകളെ സംരക്ഷിക്കാനുള്ള കാര്യങ്ങള്‍ ചെയ്യണം. എല്ലാ സമയത്തും തണുത്ത ശുദ്ധജലം കൂട്ടില്‍ ലഭ്യമാക്കണം. മുയല്‍ഷെഡ്ഡിനു തട്ടിട്ട്‌ ചൂട്‌ കുറയ്‌ക്കാം. നനഞ്ഞ ചാക്ക്‌ കൂടിനു പുറത്ത്‌ തൂക്കിയിടുക, ചുറ്റും തണല്‍മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നിവയാണ്‌ സൂര്യാഘാതത്തില്‍നിന്നും രക്ഷനേടാനുള്ള വഴികള്‍.

ആന്തരിക വിരബാധ

മറ്റു മൃഗങ്ങളെ അപേക്ഷിച്ച്‌ മുയലുകള്‍ക്ക്‌ വിരബാധകള്‍ കുറവാണ്‌. എങ്കിലും ഉരുളന്‍ വിരകളും നാടവിരകളും കാണാറുണ്ട്‌. ഉരുളന്‍ വിരകള്‍ ചെറുകുടലിലാണ്‌ വസിക്കുന്നത്‌. ഇതിന്റെ മുട്ടകള്‍ കാഷ്‌ഠത്തിലൂടെ പുറത്തേക്കു പോകും. കാഷ്‌ഠം പരിശോധിച്ചാല്‍ വിരബാധ കണ്ടുപിടിച്ച്‌ ചികില്‍സ നടത്താം.
നാടവിരകള്‍ മുയലിറച്ചിയിലാണ്‌ കാണുന്നത്‌. നായ, പൂച്ച എന്നിവയിലൂടെയാണ്‌ ഇതു മുയലിലെത്തുന്നത്‌. ഇത്തരം മാംസം കഴിക്കുന്ന പൂച്ചയ്‌ക്കും നായ്‌ക്കള്‍ക്കും നാടവിരബാധയുണ്ടാകും. അതുകൊണ്ടുതന്നെ മുയലിറച്ചി നായ്‌ക്കള്‍ക്കും പൂച്ചയ്‌ക്കും കൊടുക്കുവാന്‍ പാടില്ല. മുയലുകളില്‍ കാര്യമായ രോഗലക്ഷണങ്ങള്‍ കാണാറില്ല. മുയലുകളിലെ ഉരുളന്‍ വിരയ്‌ക്ക്‌ ചികില്‍സയുണ്ടെങ്കിലും നാടവിരയ്‌ക്ക്‌ ചികില്‍സ നടത്താറില്ല. തയാബന്റസോള്‍ 100 മി.ഗ്രാം കൊടുത്താല്‍ ഉരുളന്‍ വിരബാധ മാറിക്കിട്ടും.

സാല്‍മണല്ലോസിസ്‌

മുയലുകളെ ബാധിക്കുന്ന മാരകമായ ഒരു രോഗമാണിത്‌. ബാക്‌ടീരിയയാണ്‌ രോഗകാരി. ഉയര്‍ന്ന പനിയാണ്‌ പ്രധാന ലക്ഷണം. കാര്യമായ ലക്ഷണങ്ങളൊന്നും കാണിക്കാതെ മരണപ്പെടുകയും ചെയ്യും. ഗര്‍ഭിണിമുയലുകള്‍ക്ക്‌ ഗര്‍ഭമലസാറുണ്ട്‌. ഈ രോഗം മറ്റു മൃഗങ്ങളെയും മനുഷ്യരെയും ബാധിക്കും. തീറ്റയിലൂടെയും വെള്ളത്തിലൂടെയുമാണ്‌ രോഗം പകരുന്നത്‌. ചികില്‍സ ഫലപ്രദമല്ല.

കാലിലെ വ്രണങ്ങള്‍

കൂട്ടിലിട്ടു വളര്‍ത്തുന്ന മുയലുകളിലാണ്‌ ഇതു കൂടുതലായി കണ്ടുവരുന്നത്‌. ന്യൂസിലാന്റ്‌ വൈറ്റ്‌ ഒഴികെയുള്ള ജനുസ്സുകളിലാണ്‌ ഈ രോഗം കൂടുതലായി കണ്ടുവരുന്നത്‌. ഇവയ്‌ക്ക്‌ പാദത്തിനടിയില്‍ കട്ടിയുള്ള ചര്‍മ്മില്ലാത്തതാണ്‌ ഇതിനു കാരണം. കൂട്ടിനകത്ത്‌ കൂര്‍ത്ത ഭാഗങ്ങളുണ്ടെങ്കിലും കാലില്‍ വ്രണങ്ങള്‍ വരാം.
രോഗം ബാധിച്ചവയെ അടിഭാഗം മരപ്പലകയുള്ള കൂട്ടിലേക്കു മാറ്റണം. ആന്റിബയോട്ടിക്‌ ലേപനങ്ങള്‍ പുരട്ടുന്നതാണ്‌ ചികില്‍സ. സ്ഥിരമായി കാലില്‍ വ്രണങ്ങള്‍ വരുന്നവയെ ഒഴിവാക്കാറുണ്ട്‌. ഈ രോഗത്തിന്‌ ജനിതക കാരണമുള്ളതുകൊണ്ടാണിത്‌.

മണ്ഡരിരോഗം

മണ്ഡരി ഇനത്തില്‍പ്പെട്ട ചെറുപ്രാണികളാണ്‌ രോഗകാരി. മുയലുകളില്‍ ഈ രോഗം രണ്ടുതരത്തില്‍ കണ്ടുവരുന്നു. ചെവിയിലുള്ളതും മറ്റു ഭാഗത്തു കാണുന്നതും.
ശരീരത്തിന്റെ വിവിധഭാഗത്തു കണ്ടുവരുന്ന മണ്ഡരിരോഗത്തില്‍ രോഗം ബാധിച്ച ഭാഗത്ത്‌ വെളുത്ത പൊടിപോലെയുള്ള വസ്‌തു പൊറ്റയായി കാണുന്നു. അസഹ്യമായ ചൊറിച്ചില്‍ കാരണം തീറ്റയെടുക്കുകയില്ല. പാര്‍ശ്വ അണുബാധമൂലം പഴുപ്പു ബാധിച്ച്‌ വ്രണങ്ങളായി മാറും.
ചെവിക്കകത്തു കാണുന്ന മണ്ഡരിബാധയില്‍ ചെവിയില്‍ വെളുത്ത പൊടി നിറയുന്നു. ചിലപ്പോള്‍ പഴുപ്പും കാണാറുണ്ട്‌. ചൊറിച്ചില്‍ കാരണം ചെവി കുടയുന്നതു കാണാം. മണ്ഡരിരോഗം കേരളത്തിലെ മുയലുകളില്‍ സര്‍വസാധാരണമാണ്‌. സ്‌പര്‍ശനത്തിലൂടെയാണ്‌ രോഗം പകരുന്നത്‌. ശാസ്‌ത്രീയ പരിപാലനരീതി അവലംബിക്കുകയും പോഷകപ്രദമായ തീറ്റനല്‍കുകയും ചെയ്‌താല്‍ മണ്ഡരിരോഗം പ്രശ്‌നമാകാറില്ല.
രോഗം ബാധിച്ചവയെ മാറ്റിനിര്‍ത്തി ചികില്‍സിക്കണം. വളരെ കുറച്ചു ഭാഗങ്ങളിലേ രോഗബാധയുള്ളുവെങ്കില്‍ ആ ഭാഗം വൃത്തിയാക്കിയശേഷം ബെന്‍സൈല്‍ബെന്‍സോവൈറ്റ്‌ ലേപനം പുരട്ടാം. ഒരാഴ്‌ച പുരട്ടിയിട്ടും രോഗം ശമിച്ചില്ലെങ്കില്‍ ഐവര്‍മെക്‌ടിന്‍ എന്ന മരുന്ന്‌ ഡോക്‌ടറുടെ നിര്‍ദേശാനുസരണം കുത്തിവയ്‌ക്കുന്നതാണ്‌ ഫലപ്രദമായ ചികില്‍സ.

പിന്‍കാല്‍ തളര്‍ച്ച

മുയലിനെ എടുക്കുമ്പോള്‍ അത്‌ പിടഞ്ഞാല്‍ നട്ടെല്ലിന്‌ കേടു സംഭവിക്കും. അപ്പോഴാണ്‌ പിന്‍കാല്‍ തളര്‍ച്ചയുണ്ടാകുന്നത്‌. കൂടാതെ പ്രസവശേഷം ഉണ്ടാകുന്ന കാല്‍സ്യത്തിന്റെ അഭാവം, വിറ്റാമിന്‍ എയുടെ കുറവ്‌, രക്താതിസാര രോഗബാധ എന്നിവമൂലവും പിന്‍കാല്‍ തളര്‍ച്ചയുണ്ടാകാം. കാരണങ്ങള്‍ക്കനുസരിച്ച്‌ ചികില്‍സ നല്‍കുകയാണ്‌ ശാസ്‌ത്രീയരീതി.

ടോര്‍ട്ടി കോളിസ്‌ (കഴുത്തും തലയും തിരിയല്‍)

പെട്ടെന്നുള്ള വീഴ്‌ച, മസ്‌തിഷ്‌കാഘാതം, ചെവിയിലെ അണുബാധ, തലച്ചോറിനെ ബാധിക്കുന്ന വിരബാധ, വിഷാംശമുള്ള ചെടി, ചിലയിനം കൂണുകള്‍ എന്നിവ തിന്നുക മുതലായവയാണ്‌ കാരണങ്ങള്‍. തല ചെരിച്ച്‌ തൂക്കിയിടുക, വട്ടത്തില്‍ കറങ്ങുക, കോടിയ ചുണ്ട്‌, കുഴിഞ്ഞ കണ്ണുകള്‍ എന്നിവയാണ്‌ ലക്ഷണങ്ങള്‍. കാരണം കണ്ടെത്തി ചികില്‍സക്കുന്നതാണ്‌ അഭികാമ്യം. എങ്കിലും വിരമരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവ നല്‍കാറുണ്ട്‌.

ഹെയര്‍ബോള്‍ (രോമം കുടലില്‍ കെട്ടിനിന്നുള്ള തടസ്സം)

രോമം കൊഴിയുന്ന അവസരത്തില്‍ ഇവ രോമം തിന്നാറുണ്ട്‌. ചിലപ്പോള്‍ അറിയാതെ രോമം കുറേശ്ശെയായി ഭക്ഷണത്തോടൊപ്പം അകത്തുചെല്ലും. ഈ രോമങ്ങള്‍ ഒരുമിച്ചുകൂടി കുടലില്‍ തടസ്സമുണ്ടാക്കുന്നു. തീറ്റയോട്‌ മടുപ്പ്‌, വയര്‍സ്‌തംഭം, മലബന്ധം എന്നിവയാണു ലക്ഷണങ്ങള്‍. 20 മില്ലി പാരാഫിന്‍ ഓയില്‍ കാലത്തും വൈകിട്ടും 5 ദിവസം നല്‍കിയാല്‍ രോമങ്ങള്‍ മലത്തോടൊപ്പം പുറത്തുപോകും.

മുയലിറച്ചി സംസ്‌കരണം

മുയലിറച്ചിയുടെ പ്രത്യേകതകള്‍

നാം കഴിക്കുന്ന മറ്റ്‌ ഇറച്ചിയുമായി താരതമ്യം ചെയ്യുമ്പോള്‍ മുയലിറച്ചിയില്‍ കൊളസ്‌ട്രോള്‍ വളരെ കുറവാണ്‌. മുയലിറച്ചി വെളുത്ത മാംസമായാണ്‌ അറിയപ്പെടുന്നത്‌. വളരെ മൃദുവായ ഇറച്ചിയാണിത്‌. ഹൃദ്രോഗികള്‍ക്കും പ്രമേഹരോഗികള്‍ക്കും മുയലിറച്ചി ഉപയോഗിക്കാം. കൂടാതെ മുയലിറച്ചിയില്‍ മനുഷ്യന്‌ ദോഷം ചെയ്യാത്ത അപൂരിത കൊഴുപ്പുകളാണ്‌ കൂടുതലുള്ളത്‌. മറ്റുള്ള ഇറച്ചിയെ അപേക്ഷിച്ച്‌ മുയലിറച്ചിയില്‍ മാംസ്യത്തിന്റെ അളവും കൂടുതലാണ്‌.

മുയലിറച്ചി-ഒരു താരതമ്യം

മുയലിറച്ചിയില്‍ ധാരാളം മൂലകങ്ങളും അടങ്ങിട്ടുണ്ട്‌. കൂടാതെ ഹൃദ്രോഗത്തെച്ചെറുക്കുന്ന ഒമേഗ-3 അമിനോ ആസിഡുകളും മുയലിറച്ചിയിലുണ്ട്‌. മുയലിന്‌ മറ്റു മൃഗങ്ങളെ അപേക്ഷിച്ച്‌ മാംസോല്‍പ്പാദനശേഷി കൂടുതലാണ്‌.

മുയലിനെ കൊല്ലുന്ന രീതി

മുയലുകളെ ശാസ്‌ത്രീയമായി കൊന്നാല്‍ മാത്രമേ നല്ല മാംസം ലഭിക്കൂ.
1. സന്ധിതെറ്റിക്കല്‍: മുയലിനെ പിന്‍കാലുകളുടെ മുട്ടുകള്‍ക്കു മുകളില്‍ ഒരു കൈകൊണ്ട്‌ പിടിച്ച്‌ മറ്റേ കൈകൊണ്ട്‌ മുയലിന്റെ കഴുത്തില്‍ ചെവിക്കു തൊട്ടുപിറകിലോ മുമ്പിലോ പിടിക്കുന്നു. അതിനുശേഷം പെട്ടെന്നു മുയലിന്റെ കഴുത്ത്‌ താഴേക്കു വലിക്കുന്നു. അതോടൊപ്പം കൈ പുറകിലേക്കു തിരിക്കുകയും വേണം. ശരിയായി സന്ധിതെറ്റിയിട്ടുണ്ടെങ്കില്‍ കഴുത്തിനും തലയ്‌ക്കുമിടയില്‍ ഒരു വിടവ്‌ പ്രത്യക്ഷപ്പെടും. ഇങ്ങനെ ചെയ്യുമ്പോള്‍ സുഷുമ്‌ന മുറിയുന്നതിനാല്‍ ഒട്ടും വേദന അറിയുകയില്ല. പിന്നീട്‌ തല മുറിക്കണം.
2. അടിച്ചുകൊല്ലുന്ന രീതി: മുയലിനെ പിന്‍കാലില്‍ തൂക്കിയെടുത്ത്‌ കഴുത്തിന്റെ പിന്നില്‍ ഇരുമ്പുവടികൊണ്ടോ മരക്കമ്പുകൊണ്ടോ ശക്തമായി ഒരടി നല്‍കിയാല്‍ മുയലിന്‌ ബോധം നഷ്‌ടപ്പെടും. അതിനുശേഷം കഴുത്ത്‌ മുറിച്ചാല്‍ രക്തം വാര്‍ന്നൊഴുകും. പ്രായമായ മുയലിനെ കൊല്ലുന്നതിന്‌ ഈ രീതിയാണ്‌ അഭികാമ്യം. പ്രായമായതിന്റെ കഴുത്തിന്‌ ഉറപ്പുള്ളതിനാല്‍ സന്ധി തെറ്റിക്കല്‍ ബുദ്ധിമുട്ടാണ്‌.

തൊലിയൂരിയല്‍

രക്തം വാര്‍ന്നു തീര്‍ന്നു കഴിഞ്ഞാല്‍ നല്ല ശുദ്ധമായ വെള്ളത്തില്‍ മുക്കിയെടുക്കുക. അതിനുശേഷം വാലും മുന്‍കാലുകളും മുട്ടിനുതാഴെ മുറിച്ചുമാറ്റുക. പിന്‍കാലുകളില്‍ ചരടുകെട്ടി തലഭാഗം കീഴോട്ടായി തൂക്കിയിടുക. തുടയുടെ ഭാഗത്ത്‌ രണ്ടുകാലിലും വൃത്താകൃതിയില്‍ മുറിക്കുക. അതിനുശേഷം ചര്‍മത്തില്‍ തുടഭാഗത്തിലൂടെയുള്ള വലിയ മുറിവിലൂടെ വാലിന്റെ മുറിവുകൂടി ഉള്‍പ്പെടുത്തുന്നവിധം രണ്ട്‌ മുറിവുകളും യോജിപ്പിക്കുക. തൊലി പിന്‍കാലുകളില്‍നിന്നും പതുക്കെ വലിച്ച്‌ താഴോട്ട്‌ കൊണ്ടുവന്ന്‌ കഴുത്തുവരെ വേര്‍പെടുത്തുക. മാംസവും തൊലിയും വേര്‍പെടുത്താന്‍ മൂര്‍ത്തയുള്ള കത്തി ഉപയോഗിക്കണം. തൊലിക്ക്‌ ക്ഷതം തട്ടാതെ വേണം കത്തി പ്രയോഗിക്കാന്‍. കഴുത്തുവരെ വേര്‍പെടുത്തിയശേഷം കഴുത്തിന്‌ മുകളിലൂടെ തൊലി വലിക്കുക. തൊലി നിവര്‍ത്തി തൂക്കിയിടാം. അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മാംസവും കൊഴുപ്പും ചെത്തി മാറ്റുകയും വേണം.

മാംസം തയാറാക്കല്‍

തൊലിയുരിച്ചശേഷം തൂക്കിയിട്ടിരിക്കുന്ന മുയലിന്റെ മലദ്വാരത്തില്‍നിന്നും വാരിയെല്ലുവരെ മുറിക്കുക. ആമാശയവും മറ്റ്‌ ആന്തരാവയവങ്ങളൊന്നും തന്നെ മുറിയാതെ ശ്രദ്ധിക്കണം. മുറിവിലൂടെ ആമാശയവും കുടലുകളും ഉപയോഗശൂന്യമായ മറ്റ്‌ അവയവങ്ങളും നീക്കം ചെയ്യുക. ഹൃദയം, കരള്‍, വൃക്കകള്‍ എന്നിവ മാംസമായി ഉപയോഗിക്കുന്നതുകൊണ്ട്‌ ഇവ മാറ്റി കവറിലാക്കി വയ്‌ക്കാം. കരളില്‍നിന്ന്‌ പിത്തസഞ്ചി പൊട്ടാതെ മുറിച്ച്‌ മാറ്റേണ്ടതാണ്‌. തൂങ്ങിക്കിടക്കുന്ന മുയലിന്റെ ശരീരം അവിടെനിന്നും മാറ്റി മുട്ടിനു താഴെ പിന്‍കാലുകള്‍ മുറിച്ചുകളയുക. ശുദ്ധമായ വെള്ളത്തില്‍ കഴുകിയെടുത്തശേഷം കഷണങ്ങളാക്കി മുറിക്കുകയോ, മുഴുവനായോ വിപണനം ചെയ്യാം. കാലുകള്‍ക്കും എല്ലില്ലാത്ത ഇറച്ചിക്കും വിപണി സാധ്യതയുണ്ട്‌. കഴുകിയെടുത്ത്‌ മുറിച്ച മാംസം ഉടനെ ഫ്രീസറിലേക്ക്‌ മാറ്റണം. വ്യാവസായികാടിസ്ഥാനത്തില്‍ തയാറാക്കുമ്പോള്‍ 00 വരെ തണുപ്പിച്ചശേഷം ഫ്രീസറിലേക്ക്‌ മാറ്റാവുന്നതാണ്‌. 240 യില്‍ തണുപ്പിച്ച്‌ സൂക്ഷിച്ചാല്‍ 6 മാസം വരെ കേടുകൂടാതിരിക്കും.

മുയലുകളെ തിരിച്ചറിയല്‍

 1. മുയല്‍ക്കൂടിന്റെ പുറത്ത്‌ നമ്പര്‍ എഴുതിവയ്‌ക്കുക: ഓരോ മുയലിന്റെയും കൂടിനു പുറത്ത്‌ മുയലിന്റെ തിരിച്ചറിയല്‍ നമ്പര്‍ എഴുതിവയ്‌ക്കുന്ന രീതിയാണിത്‌. ഒരു കൂട്ടില്‍ ഒന്നിലധികം മുയലുകളുണ്ടെങ്കില്‍ ഈ രീതി ഫലപ്രദമല്ല. മുയലുകളെ കൂടുമാറ്റിയിട്ടാലും പ്രശ്‌നമാകും.
 2. പച്ചകുത്തല്‍ (ടാറ്റൂയിങ്‌): മുയലിന്റെ ചെവിയുടെ ഉള്‍വശത്ത്‌ തിരിച്ചറിയല്‍ നമ്പര്‍ പച്ചകുത്തുന്ന രീതിയാണിത്‌. പച്ചകുത്തുന്ന മെഷീന്‍ ഇന്ന്‌ മാര്‍ക്കറ്റില്‍ ലഭ്യമാണ്‌. നല്ല മഷിയല്ലെങ്കില്‍ മാഞ്ഞുപോകാറുണ്ട്‌. നമ്പറുകള്‍ ആപ്ലിക്കേറ്ററില്‍വച്ചശേഷം ചെവിയില്‍ പതിപ്പിക്കുന്നു. ഉടനെ മഷി പുരട്ടിക്കൊടുക്കുകയും വേണം.
 3. കമ്മലിടല്‍: പ്ലാസ്റ്റിക്കുകൊണ്ടോ ലോഹത്തകിടുകൊണ്ടോ ഉണ്ടാക്കിയ കമ്മല്‍ ചെവിയില്‍ പതിക്കുന്ന രീതിയാണിത്‌. ചിലപ്പോള്‍ ഇത്തരം കമ്മലുകള്‍ കൂടിന്റെ വശങ്ങളില്‍ കൊളുത്തിവലിച്ച്‌ ചെവി മുറിഞ്ഞുപോകാറുണ്ട്‌.

തള്ളയില്‍നിന്നും കുഞ്ഞുങ്ങളെ വേര്‍പെടുത്തുമ്പോള്‍ത്തന്നെ നമ്പറുകള്‍ ഇടുകയും അവ രജസിറ്ററില്‍ രേഖപ്പെടുത്തുകയും വേണം. ഓരോ കൂടിനും മുമ്പിലായി ഈ നമ്പര്‍ രേഖപ്പെടുത്തിയ ഒരു കാര്‍ഡും ഘടിപ്പിച്ചിരിക്കേണ്ടതാണ്‌. പ്രസ്‌തുത കാര്‍ഡില്‍ ആ മുയലിനെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കണം. (ജനനത്തീയതി, അച്ഛന്റെയും അമ്മയുടെയും വിവരങ്ങള്‍, ഇണ ചേര്‍ത്ത ദിവസം തുടങ്ങിയവ). ഈ വിവരങ്ങളെല്ലാംതന്നെ ഒരു രജിസ്റ്ററിലും എഴുതി സൂക്ഷിക്കണം. പ്രസ്‌തുത വിവരങ്ങള്‍ വശകലനം ചെയ്‌ത്‌ പ്രജനനത്തിനായി നിര്‍ത്തേണ്ടവ ഏതൊക്കെയാണെന്നും മാംസത്തിനായി നിര്‍ത്തേണ്ടവ ഏതൊക്കെയാണെന്നും തരംതിരിക്കാം.
മുയലുകളെ കൈകാര്യം ചെയ്യുന്നതെങ്ങനെ
മുയലുകളെ ചെവിയില്‍ പിടിച്ചെടുക്കരുത്‌. ചെവിക്ക കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്‌. ഭാരം കുറഞ്ഞ മുയലുകളെ ഇടുപ്പില്‍ പിടിച്ചെടുക്കാം. ഭാരം കൂടിയ മുയലുകളാണെങ്കില്‍ കഴുത്തിന്റെ പിറകിലുള്ള തൊലിയില്‍ പിടിച്ചെടുക്കാവുന്നതാണ്‌. ഒപ്പം പിന്‍കാലുകളില്‍ താങ്ങുകയും വേണം

മുയലുകളുടെ ശരീരശാസ്‌ത്രം

നീളന്‍ ചെവികളും നീണ്ട പിന്‍കാലുകളും വലിയ കണ്ണുകളും കുറിയവാലും മുയലുകളുടെ പ്രത്യേകതകളാണ്‌. മേല്‍ച്ചുണ്ടില്‍നിന്നും ഉയര്‍ന്നുനില്‍ക്കുന്ന കട്ടിയുള്ള നീളന്‍രോമങ്ങള്‍ ചുറ്റുപാടുമുള്ള വായുവിന്റെ ചലനവും മര്‍ദ്ദും അറിയുവാനും വസ്‌തുക്കളെ തിരിച്ചറിയുവാനും ഉപയോഗിക്കുന്നു. നീളന്‍ ചെവികള്‍ സൂക്ഷ്‌മമായ ശബ്‌ദങ്ങള്‍ തിരിച്ചറിയുവാനും സഹായിക്കുന്നു. മെച്ചപ്പെട്ട കാഴ്‌ചശക്തിയും ഘ്രാണശക്തിയും മുയലിന്റെ രക്ഷാകവചങ്ങളാണ്‌. കുറിയ മുന്‍കാലുകളും വലിയ പിന്‍കാലുകളും ഏതു ദിശയിലേക്ക്‌ ഓടി രക്ഷപ്പെടുവാനും സഹായിക്കുന്നു. മുയലുകള്‍ക്ക്‌ വിയര്‍പ്പു ഗ്രന്ഥികളില്ല. ശരീര ഊഷ്‌മാവ്‌ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്‌ ചെവികളാണ്‌. കഴുത്ത്‌ കുറുകിയതും യഥേഷ്‌ടം തിരിക്കാന്‍ കഴിയുന്നതുമാണ്‌. നെഞ്ചിലായി നാലോ അഞ്ചോ ജോഡി മുലക്കാമ്പുകള്‍ ആണിനും പെണ്ണിനും കാണാമെങ്കിലും അവയോടനുബന്ധിച്ചുള്ള സ്‌തനഗ്രന്ഥികള്‍ പെണ്‍മുയലുകളിലേ പ്രവര്‍ത്തനക്ഷമമായുള്ളൂ. വാലിന്റെ താഴെയായി മൂത്രദ്വാരവും കാണാം. പെണ്‍മുയലുകളില്‍ ത്രികോണാകൃതിയില്‍ യോനിയും ആണ്‍മുയലുകളില്‍ വൃത്താകൃതിയില്‍ ലിംഗവുമുണ്ടായിരിക്കും. പ്രായപൂര്‍ത്തിയായ ആണ്‍മുയലുകള്‍ക്ക്‌ ലിംഗദ്വാരത്തിന്‌ ഇരുവശവും രണ്ട്‌ വൃഷണസഞ്ചരികളുമുണ്ട്‌. മലദ്വാരത്തിന്റെ ഇരുവശവും രോമരഹിതമായ രണ്ടു കുഴികളുണ്ട്‌. ഇത്‌ മുയലുകള്‍ക്ക്‌ മണം നല്‍കുന്ന ഗ്രന്ഥികളിലെത്തി നില്‍ക്കുന്നു. കുറിയ വാലുപയോഗിച്ച്‌ മറ്റു മുയലുകള്‍ക്ക്‌ അപകടസൂചന നല്‍കാറുണ്ട്‌. കുതിച്ചുചാടുമ്പോള്‍ നിലയുറപ്പിക്കാനും മണ്ണു മാന്തുവാനും മുന്‍കാലുകള്‍ സഹായിക്കുന്നു. പിന്‍കാലുകളാണ്‌ ഓടുവാന്‍ സഹായിക്കുന്നത്‌. ഓട്ടം വാസ്‌തവത്തില്‍ നിരന്തരമായ ചാട്ടമാണ്‌. പരമാവധി വേഗത മണിക്കൂറില്‍ 35 കി.മീ. ആണ്‌.
മറ്റു സസ്‌തനികളെപ്പോലെ പൂര്‍ണമായ അസ്ഥികൂടവും രക്തചംക്രമണവ്യൂഹവും ദഹനവ്യൂഹവും ശ്വസനവ്യൂഹവും മൂത്ര-പ്രത്യുല്‍പ്പാദനവ്യൂഹങ്ങളും ഉണ്ട്‌. സസ്യഭുക്കുകളാണെങ്കിലും പശുക്കളെപ്പോലെ ഇവ അയവിറക്കുന്നില്ല. മുയലുകളില്‍ കാട്ടുമുയലും നാട്ടുമുയലുമുണ്ട്‌. ഇവ തമ്മില്‍ വലിയ അന്തരമുണ്ട്‌.
മുയലുകളുടെ സവിശേഷതകള്‍
പ്രസവം വര്‍ഷത്തില്‍ : 6-18
ഒരു പ്രസവത്തിലെ കുഞ്ഞുങ്ങള്‍ : 6-14
മുലക്കാമ്പുകള്‍ : 5-6 ജോഡി
പ്രതിദിന പാലുല്‍പ്പാദനം : 170-200 ഗ്രാം
പാലിലെ മാംസ്യം : 13-15%
പാലിലെ കൊഴുപ്പ്‌ : 13%
ശരീരത്തിലെ രക്തത്തിന്റെ അളവ്‌ : ഒരു കി.ഗ്രാം തൂക്കത്തിന്‌ 50-60 മില്ലി

മുയല്‍വളര്‍ത്തലിന്റെ പരിമിതികള്‍

 1. ചെറിയ ശരീരമുള്ളവയായതിനാല്‍ മറ്റു മൃഗങ്ങളാല്‍ വേട്ടയാടപ്പെടുവാന്‍ സാധ്യതകളേറെയാണ്‌.
 2. അധ്വാനം കൂടുതലാണ്‌. ധാരാളം മുയലുകളെ വളര്‍ത്താവുന്ന ഫാമുകളില്‍ പ്രത്യേകം പ്രത്യേകം കൂടുകളില്‍ വളര്‍ത്താവുന്നവയാണെങ്കില്‍ നല്ല ജോലിഭാരം കാണും.
 3. കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍: ചൂടു കൂടുതലുള്ള കാലാവസ്ഥയിലും ആര്‍ദ്രത കൂടുതലുള്ള കാലാവസ്ഥയിലും മുയലുകള്‍ക്ക്‌ പൊരുത്തപ്പെടാന്‍ പ്രയാസമാണ്‌.
 4. വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല: സാധാരണ ജനങ്ങള്‍ക്കിടയില്‍ മുയലിറച്ചിയുടെ ഗുണഗണങ്ങള്‍ വേണ്ടത്ര ആഴത്തിലിറങ്ങിയിട്ടില്ല. കോഴിയിറച്ചിയും മാട്ടിറച്ചിയും ജനങ്ങള്‍ക്ക്‌ നന്നേ പഥ്യമാണെങ്കിലും മുയലിറച്ചി ഇന്നും നമ്മുടെ തീന്‍മേശകളില്‍ വിരളമായേ കടന്നുവരുന്നുള്ളു.
 5. സാധുമൃഗമായി കരുതുന്നതിനാല്‍ കൊല്ലാന്‍ മടിക്കുന്നു. പണ്ടുകാലം മുതല്‍ക്കെ പ്രചരിച്ചുവരുന്ന പുരാതനകഥകളില്‍ മുയലൊരു കഥാപാത്രമാവുകയും പലപ്പോഴും അവയ്‌ക്ക്‌ ദിവ്യത്വം കല്‍പ്പിച്ചുകൊടുത്തിരിക്കുന്നതുകൊണ്ടും പലരും മുയലിനെ ഇറച്ചിക്കായി വളര്‍ത്തുവാന്‍ മടി കാണിക്കുന്നു. സാധുമൃഗമായും ദൈവത്തിന്റെ പ്രതിരൂപമായും പലരും മുയലുകളെ കാണുന്നതിനാല്‍ ഇവര്‍ മുയലുകളെ കൊല്ലാന്‍ മടിക്കുന്നു.
 6. പൊതുജനങ്ങളുടെ ഇടയിലെ ഈ അപക്വമായ സമീപനം ഉല്‍പ്പന്നങ്ങള്‍ക്കും ഇറച്ചിക്കും ഡിമാന്റില്ലാതാക്കുന്നു.
 7. ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പ്രയാസം: ഈ മേഖലയുടെ ഉല്‍പ്പന്നങ്ങളായ തുകലിന്‌ പ്രത്യേക ഡിമാന്റില്ല. എന്നാല്‍ അന്താരാഷ്‌ട്ര വിപണിയില്‍ തുകലിന്‌ നല്ല ഡിമാന്റണ്ടുതാനും. പലപ്പോഴും മുയലിറച്ചിക്കും ഡിമാന്റില്ലാതെ വരാറുണ്ട്‌.
 8. മനുഷ്യനോടൊപ്പം മുയലുകളെ വളര്‍ത്തുന്നത്‌ നല്ലതല്ലെന്ന തെറ്റായ ധാരണ മൂലം മുയല്‍ വളര്‍ത്തുന്നതിന്‌ ആളുകള്‍ വിമുഖത കാണിക്കുന്നു.
 9. ശാസ്‌ത്രീയ പരിശീലനപരിപാടികളുടെ അഭാവം കാരണം ഈ മേഖലയിലേക്ക്‌ കൂടുതലായി ആളുകള്‍ കടന്നുവരുന്നില്ല.
 10. ഗുണമേന്മയുള്ള അമ്മമുയലുകളുടെയും അതിന്റെ കുഞ്ഞുങ്ങളുടെയും അഭാവം.
പരിഹാരമാര്‍ഗങ്ങള്‍

$ ജനങ്ങളുടെ ഇടയില്‍ മുയലിറച്ചിയുടെ സ്വീകാര്യത വര്‍ധിപ്പിക്കുക. മലയാളിയുടെ തീന്‍ മേശയിലെ ഒരു നിത്യവിഭവമായി മാറ്റാന്‍ ശാസ്‌ത്രജ്ഞരും കര്‍ഷകരും സര്‍ക്കാരും എല്ലാ തന്നെ തീവ്രമായ പ്രചാരണ പരിപാടികള്‍ നടത്തണം.
$ മുയലിന്റെ മാംസം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുവാനും വിപണനം നടത്തുവാനും തയാറാവണം.
$ കൃത്രിമമായി ഉല്‍പ്പാദിപ്പിച്ചെടുക്കുന്ന തീറ്റകളൊന്നും നല്‍കാതെതന്നെ ശുദ്ധമായ ഇറച്ചി ഉല്‍പ്പാദിപ്പിക്കാമെന്ന വസ്‌തുത ജനങ്ങളുടെയിടയില്‍ പ്രചരിപ്പിച്ചെടുക്കണം.
$ വിപണനത്തെ സഹായിക്കണം: മുയല്‍കര്‍ഷകരുടെ ഒരു കൂട്ടായ്‌മയിലൂടെ ഇടത്തട്ടുകാരെ ഒഴിവാക്കി സുതാര്യവും സുദൃഢവുമായ ഒരു വിപണന ശൃംഖലതന്നെ വാര്‍ത്തെടുക്കണം. ഇതോടെ കര്‍ഷകന്‌ അവന്റെ ഉല്‍പ്പന്നതിനു മാന്യമായ വില ലഭിക്കും. ഈ സംരംഭത്തിലൂടെത്തന്നെ കര്‍ഷകന്‌ കുറഞ്ഞ വിലയ്‌ക്ക്‌ മുയല്‍ക്കുഞ്ഞുങ്ങളും മറ്റും എത്തിച്ചു കൊടുക്കുവാനും സാധിക്കും.
$ മുയലിന്റെ രോമം, തുകല്‍ എന്നിവയ്‌ക്ക്‌ അന്താരാഷ്‌ട്ര വിപണിയില്‍ വന്‍ ഡിമാന്റുണ്ട്‌. എന്നാല്‍ നമ്മുടെ ഉല്‍പ്പന്നങ്ങള്‍ മറ്റു രാജ്യങ്ങളില്‍ വിശിഷ്യാ യൂറോ-അമേരിക്കന്‍ രാജ്യങ്ങളില്‍ സ്വീകരിക്കില്ല. നമ്മുടെ ഉല്‍പ്പന്നങ്ങള്‍ ഇവര്‍ക്കുകൂടി സ്വീകാര്യമായ രീതിയില്‍ മാറ്റിയെടുത്താല്‍ ഒരുപക്ഷേ, നമ്മുടെ മുയല്‍ കര്‍ഷകരും രക്ഷപ്പെട്ടേക്കാം

മുയല്‍ വളര്‍ത്തല്‍; പൊതുവിവരങ്ങള്‍

കൃഷിസ്ഥലപരിമിതിയും തൊഴിലില്ലായ്‌മയും മൂലം കഷ്‌ടപ്പെടുന്ന തൊഴില്‍ സംരംഭകര്‍ക്കും ആദായകരമായി ചെയ്യാവുന്ന ഒരു തൊഴിലാണ്‌ മുയല്‍ വളര്‍ത്തല്‍.
കുറഞ്ഞ മുതല്‍മുടക്ക്‌, ഉയര്‍ന്ന തീറ്റപരിവര്‍ത്തനശേഷി, എല്ലാ മതവിഭാഗത്തിനും സ്വീകാര്യമായ ഇറച്ചി, ഉയര്‍ന്ന രോഗപ്രതിരോധശേഷി, കുറഞ്ഞ ഗര്‍ഭകാലം എന്നിവ മുയല്‍ വളര്‍ത്തലിന്റെ പ്രത്യേകതകളാണ്‌. ഇതൊക്കെയാണെങ്കിലും ശാസ്‌ത്രീയമായ പരിപാലനരീതികള്‍ അവലംബിച്ചില്ലെങ്കില്‍ പരാജയപ്പെടാന്‍ ഏറ്റവും സാധ്യതയുള്ളതാണ്‌ മുയല്‍വളര്‍ത്തല്‍.
സസ്യങ്ങളിടങ്ങിയിട്ടുള്ള മാംസ്യം മനുഷ്യരാശിക്കുപയോഗയോഗ്യമായ മാംസ്യമാക്കി മാറ്റുന്നതില്‍ മുയലുകള്‍ മുന്‍പന്തിയിലാണ്‌. മുയലുകള്‍ അവയുടെ ഭക്ഷണത്തിന്റെ 20% മാംസ്യമാക്കി മാറ്റുമ്പോള്‍ മാട്ടിറച്ചിയില്‍ ഇത്‌ 8-12% ഉം പന്നിയിറച്ചിയില്‍ 16-18% ഉം ആണ്‌.
മുയല്‍ വളര്‍ത്തലിന്റെ പ്രത്യേകതകള്‍
കുറഞ്ഞ സ്ഥലം: മുയലുകള്‍ക്ക്‌ കുറഞ്ഞ സ്ഥലം മതിയാകും.
ഭക്ഷണത്തിനുവേണ്ടി മനുഷ്യരുമായി മല്‍സരിക്കുന്നില്ല
സസ്യാഹാരങ്ങള്‍ മാത്രം നല്‍കി നമുക്കു മുയലുകളെ വളര്‍ത്താം. നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ജനസംഖ്യയും ശുഷ്‌കിച്ചുവരുന്ന ഭക്ഷണകലവറയും നമ്മെ മറ്റ്‌ മൃഗങ്ങളെ പോറ്റുന്നതില്‍നിന്നും പിന്‍തിരിപ്പിച്ചേക്കും. കാരണം മറ്റു മൃഗങ്ങളുടെ തീറ്റയുടെ ചേരുവകളായ സോയാബീന്‍, ചോളം, ഗോതമ്പ്‌ എന്നിവയെല്ലാം മനുഷ്യര്‍ക്ക്‌ ആവശ്യമായി വരും. എന്നാലും കേവലം സസ്യാഹാരങ്ങള്‍ മാത്രം നല്‍കി (അതു മനുഷ്യന്‍ ഒട്ടും ആഹരിക്കാത്ത സെല്ലുലോസ്‌ ധാരാളമുള്ളവ) നമുക്ക്‌ മുയലുകളെ വളര്‍ത്താന്‍ സാധിക്കും.
സന്താനോല്‍പ്പാദനം
ചുരുങ്ങിയ കാലയളവില്‍ത്തന്നെ പെറ്റുപെരുകുന്നു. വേണമെന്നുണ്ടെങ്കില്‍ പ്രതിവര്‍ഷം 12 പ്രസവങ്ങള്‍ (മാസത്തിലൊന്ന്‌ വളരെ സാധ്യമാക്കാവുന്നതാണ്‌. ചുരുങ്ങിയത്‌ ഓരോ മുയലില്‍നിന്നും വര്‍ഷം തോറും മുപ്പതിലധികം കുഞ്ഞുങ്ങളെ ലഭിക്കും.
ഉയര്‍ന്ന മാംസോല്‍പ്പാദനശേഷി-ദിനംപ്രതി 40 ഗ്രാം വരെ മുയലുകള്‍ വളരും
താരതമ്യേന കൊളസ്‌ട്രോള്‍ കുറഞ്ഞ ഇറച്ചി
മനുഷ്യന്റെ ദഹനേന്ദ്രിയത്തിനു ദ്രോഹമുണ്ടാക്കാത്ത വെളുത്ത ഇറച്ചിയുടെ ഗണത്തില്‍ പെടുത്താവുന്നവയാണ്‌ മുയലിറച്ചി (ആട്‌, മാട്‌, പന്നി എന്നിവ നല്‍കുന്നത്‌ ചുവന്ന ഇറച്ചിയാണ്‌. ഇവ ഭക്ഷിക്കുന്നതുമൂലം ആമാശയത്തില്‍ കാന്‍സര്‍ വരാന്‍ സാധ്യത ഏറെയാണ്‌). മാത്രവുമല്ല ഉപദ്രവകാരികളായ ഫാറ്റി അമ്ലങ്ങള്‍ തുലോം കുറവാണെന്നു മാത്രമല്ല ഹൃദ്രോഗത്തെ ചെറുക്കുന്ന ഒമേഗ-3 ഫിനോലിക്‌ ഫാറ്റി അമ്ലത്തിന്റെ അളവ്‌ കൂടുതലുമാണ്‌.
എല്ലാ മതസ്ഥര്‍ക്കും സ്വീകാര്യമായ ഇറച്ചിയാകുന്നു മുയലിറച്ചി
സംസ്‌കരിച്ചെടുത്ത മൃദുരോമ ചര്‍മ്മത്തിന്‌ അന്താരാഷ്‌ട്ര കമ്പോളത്തില്‍ വന്‍ ഡിമാന്‍ഡാണ്‌.

കടപ്പാട് : ജീവലോകം

 

2.94285714286
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top