অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പശു വളർത്തൽ - കൂടുതൽ വിവരങ്ങൾ

പശു വളർത്തൽ - കൂടുതൽ വിവരങ്ങൾ

  1. കന്നുകാലി വളര്‍ത്തലിലെ ബാലപാഠങ്ങള്‍
  2. ലക്ഷണം നോക്കാം, ആരോഗ്യമുള്ള പശുവിനെ അടുത്തറിയാം
  3. പാലുത്‌പാദനം വര്‍ധിപ്പിക്കണോ? വേണം വര്‍ഷത്തില്‍ ഒരു പ്രസവം
  4. പാല്‍ കുറയാന്‍ പലതുണ്ട് കാരണം
  5. പാദസംരക്ഷണവും സമീകൃത തീറ്റയും
  6. മഴക്കാലത്ത് കുരലടപ്പന്‍ ഭീഷണി
  7. ആദ്യം സ്റ്റീമിംഗ് അപ്; പിന്നീട് ചലഞ്ച് തീറ്റക്രമം
  8. കൃത്യതാ തീറ്റ 'ക്ഷീരപ്രഭ'വഴി
  9. ഡയറി ഫാമുകള്‍ക്ക്‌ ഭീഷണിയായി സറ
  10. പശു പരിപാലനം
  11. പ്രഥമശുശ്രൂഷപ്പെട്ടി
  12. പാല്‍ കറവയും ചില വസ്തുതകളും
  13. പശുക്കളുടെ ഗര്‍ഭകാല പരിപാലനം
  14. തൊഴുത്തിന്‍റെ രൂപകല്‍പ്പന
  15. കറവപ്പശുക്കള്‍ക്ക് വെള്ളം നല്‍കുന്നതിന്‍റെ പ്രാധാന്യം
  16. കറവപ്പശുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  17. പുല്‍കൃഷി

കന്നുകാലി വളര്‍ത്തലിലെ ബാലപാഠങ്ങള്‍

കന്നുകാലികളില്‍ രോഗം വരാതിരിക്കാനും വന്നാല്‍ പടര്‍ന്നു പിടിക്കാതിരിക്കാനുമാണ് നാം ശ്രദ്ധിക്കേണ്ടത്. രോഗപ്രതിരോധം, ചികിത്സ, രോഗ സംക്രമണം തടയല്‍ എന്നീ അടിസ്ഥാന തത്വങ്ങളില്‍ പിഴവുകളുണ്ടാകുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. എല്ലാ കന്നുകാലി ഫാമുകളിലും പിന്തുടരേണ്ട ജൈവസുരക്ഷാ സംവിധാനത്തിന്റെ ബാലപാഠങ്ങള്‍ താഴെപറയുന്നവയാണ്.     

മാറ്റി നിര്‍ത്തണം രോഗികളെ

രോഗം ബാധിച്ച കന്നുകാലികളെയും രോഗബാധ സംശയിക്കുന്നവയെയും കൂട്ടത്തില്‍നിന്നും മാറ്റിപ്പാര്‍പ്പിക്കണം. ഇതിനായി പ്രത്യേക ഷെഡ്ഡുകള്‍ വലിയ ഫാമുകളില്‍ ഉണ്ടാകണം. നിലവിലുള്ള ഷെഡ്ഡിന്റെ ഒരു ഭാഗവും ആവശ്യത്തിന് ഉപയോഗിക്കാം. പ്രധാന ഷെഡ്ഡില്‍ നിന്നും പരമാവധി അകലത്തിലും താഴ്ന്ന നിലയിലുമായിരിക്കണം രോഗികളുടെ പാര്‍പ്പിടം. രോഗബാധയുള്ളവയെ ശുശ്രൂഷിച്ചവര്‍ അസുഖമില്ലാത്തവയെ കൈകാര്യം ചെയ്യരുത്. രോഗമുള്ളവയെ അവസാനം ശുശ്രൂഷിക്കുന്ന രീതിയില്‍ ജോലി ക്രമീകരിക്കണം.     

ക്വാറന്റൈന്‍

ഫാമിലേക്ക് പുതുതായി കൊണ്ടുവരുന്ന കന്നുകാലികളെ നിശ്ചിതകാലയളവില്‍  പ്രത്യേകം പാര്‍പ്പിച്ചതിനു ശേഷം മാത്രം കൂട്ടത്തില്‍ ചേര്‍ക്കുക. കൊണ്ടുവരുമ്പോള്‍ രോഗ ലക്ഷണങ്ങളില്ലെങ്കിലും ഇതു ചെയ്യണം. കാരണം ഇവരുടെ ശരീരത്തില്‍ രോഗബാധയുണ്ടാകാം. സാധാരണ 30 ദിവസമാണ് ഇത്തരം അയിത്തത്തിന്റെ കാലയളവ്. അണുബാധയുണ്ടെങ്കില്‍ ഈ സമയത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കാണിച്ചിരിക്കാം. ഈ സമയത്ത് 23-24 ദിവസമാകുമ്പോള്‍ വിരമരുന്നും 25-26 ദിവസങ്ങളില്‍ ബാഹ്യപരാദ ബാധയകറ്റാനുള്ള മരുന്നും നല്‍കണം. 
പ്രതിരോധ കുത്തിവയ്പ്

കുളമ്പുരോഗം, അടപ്പന്‍, കുരലടപ്പന്‍, കരിങ്കാല്‍ തുടങ്ങിയ രോഗങ്ങള്‍ക്കെതിരേ കൃത്യമായി പ്രതിരോധ കുത്തിവയ്പ് മൃഗഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നല്‍കണം. രോഗം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞാല്‍ പ്രതിരോധ കുത്തിവയ്പു നല്‍കുന്നത് ശ്രദ്ധയോടെ വേണം. കുത്തിവയ്പിനു ശേഷം പ്രതിരോധ ശേഷി നേടാനെടുക്കുന്ന 14-21 ദിവസം രോഗസാധ്യത കൂടിയ സമയമാണ്.     
രോഗവാഹകരെ കണ്ടെത്തുക
രോഗലക്ഷണങ്ങള്‍ പുറത്തുകാണിക്കാതെ രോഗാണുക്കളെ പേറുകയും മറ്റുള്ള മൃഗങ്ങളിലേക്ക് രോഗം പകര്‍ത്തുകയും ചെയ്യുന്ന രോഗവാഹകര്‍ പല രോഗങ്ങളുടേയും പ്രത്യേകതയാണ്.  ഇവയെ കണ്ടെത്താന്‍ പ്രത്യേക പരിശോധന വലിയ ഫാമുകളില്‍ നടത്താറുണ്ട്. ക്ഷയം, ജോണ്ടിസ് രോഗം, ബ്രൂസല്ലോസിസ്, സബ്ക്ലിനിക്കല്‍ അകിടുവീക്കം എന്നിവ ഉദാഹരണങ്ങളാണ്. രോഗബാധ മാറുന്ന സമയവും രോഗവാഹക ഘട്ടത്തിന് ഉദാഹരണമാണ്. 

ചത്ത കന്നുകാലികളുടെ 
ശരീരം നീക്കം ചെയ്യല്‍


സാംക്രമീക രോഗങ്ങള്‍ വന്നുചാവുന്ന കന്നുകാലികളുടെ ശരീരം  എവിടെയെങ്കിലും കൊണ്ടുപോയി ഇട്ട് തടിതപ്പാമെന്നു കരുതേണ്ട. ഇതു രോഗബാധ വ്യാപിപ്പിക്കും.  ആന്ത്രാക്‌സ് പോലുള്ള രോഗങ്ങളിലാണ് ഇത് ഏറ്റവും പ്രധാനമായിരിക്കുന്നത്. ആന്ത്രാക്‌സ് ബാധ സംശയിക്കുന്ന ചത്ത കന്നുകാലികളുടെ ശരീരം കീറാന്‍ ശ്രമിക്കരുത്. മൃതശരീരങ്ങള്‍ കൃത്യമായ മുന്‍കരുതലോടെ ആവശ്യമായ ആഴത്തില്‍ കുഴിച്ചിടുകയോ കത്തിച്ചു കളയുകയോ ചെയ്യുകയാണ് ചെയ്യേണ്ടത്.    

രോഗവഴികള്‍ തടയുക

അണുനശീകരണം, രോഗികളുടെ ചികിത്സ എന്നിവവഴി രോഗാണുക്കളെ നേരിട്ടു നശിപ്പിക്കാം. രോഗം പരത്തുന്ന കൊതുക്, പട്ടുണ്ണി, ഈച്ച എന്നിവയുടെ നിയന്ത്രണം വഴിയും രോഗാണു ബാധ തടയാം. ബ്ലീച്ചിംഗ് പൗഡര്‍, കാസ്റ്റിക്ക് സോഡ, ക്രെസോള്‍, ഫിനോള്‍, കുമ്മായം, സോപ്പ്, സോഡിയം, ഹൈപ്പോക്ലോറൈറ്റ്, അപ്പക്കാരം മുതലായവ അണുനാശിനികളായി ഉപയോഗിക്കാം.     

തൊഴുത്തില്‍ ശുചിത്വം

സൂര്യപ്രകാശം, ചൂട്, അണുനാശിനികള്‍ എന്നിവ തൊഴുത്തിലെ അണുനാശനത്തിന് സഹായിക്കുന്നു. ദിവസത്തില്‍ കുറച്ചു സമയമെങ്കിലും സൂര്യപ്രകാശം തൊഴുത്തില്‍ വീഴുന്നത് വളരെ നല്ലതാണ്.  അണുനാശിനികളായി വര്‍ത്തിക്കുന്ന രാസവസ്തുക്കള്‍, ഗാഢത, രോഗാണുവിന്റെ സ്വഭാവം എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യത്യാസപ്പെടുത്തണം. ചാണകം, തീറ്റയുടെ അവശിഷ്ടങ്ങള്‍ എന്നിവയുടെ സാന്നിധ്യത്തില്‍ അണുനാശിനികള്‍ പലതും ശക്തിഹീനമാകുന്നതിനാല്‍ ഇവ നീക്കിയതിനു ശേഷമാകണം അണുനാശിനി പ്രയോഗം.

ലക്ഷണം നോക്കാം, ആരോഗ്യമുള്ള പശുവിനെ അടുത്തറിയാം

രോഗലക്ഷണങ്ങള്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ് ചികിത്സയും പരിചരണങ്ങളും നല്കിയാല്‍ രോഗങ്ങള്‍ മൂലമുളള നഷ്ടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും. രോഗലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടോ എന്നറിയാന്‍ ദിവസവും ഉരുക്കളെ പ്രത്യേകം നിരീക്ഷിക്കണം. ഇതിനായി രോഗലക്ഷണങ്ങളെക്കുറിച്ച് കര്‍ഷകര്‍ക്ക് അറിവുണ്ടായിരിക്കണം. ഏതാണ് രോഗമെന്ന് കൃത്യമായിനിര്‍ണയിക്കാനായില്ലെങ്കിലും പ്രശ്‌നമുണ്ടോയെന്ന് മനസിലാക്കി വിദഗ്ധ സഹായം ഉടന്‍ നേടാന്‍ ഈ അറിവ് സഹായിക്കും.

പശുവിന്റെ നില്പും, നടപ്പും പശുവിന്റെ ആരോഗ്യത്തിന്റെ സൂചനകളാണ്. തല കുനിച്ചും, കൂട്ടം തെറ്റിയും നില്‍ക്കുന്ന പശുക്കള്‍ക്ക് പ്രശ്‌നങ്ങളുണ്ടെന്നു വേണം കരുതാന്‍. പശുക്കള്‍ തീറ്റയെടുക്കുന്ന രീതി ശ്രദ്ധിക്കണം. ആരോഗ്യമുളളവ തീറ്റ ആര്‍ത്തിയോടെ തിന്നു തീര്‍ക്കും. വിശപ്പില്ലായ്മ, അയവെട്ടാതിരിക്കുക എന്നിവ പല രോഗങ്ങളുടേയും ആദ്യ ലക്ഷണങ്ങളാണ്. എന്നാല്‍ ഇതേ പ്രശ്‌നം തീറ്റയുടെ ഗുണമേന്മ കുറവുകൊണ്ടോ, രുചി വ്യത്യാസം മൂലമോ അല്ലെന്ന് ഉറപ്പു വരുത്തണം. ചര്‍മത്തിന്റെ ആരോഗ്യവും നല്ലൊരു സൂചനയാണ്. ആരോഗ്യമുളള പശുക്കളുടെ ചര്‍മം മൃദുലവും വലിച്ചാല്‍ പൂര്‍വസ്ഥിതി പ്രാപിക്കുന്നതുമായിരിക്കും. കഴുത്തിന്റെ ഭാഗത്തുളള ചര്‍മം പെരുവിരലിനുംചൂണ്ടുവിരലിനുമിടയില്‍ വലിച്ചു പിടിച്ച് ഇത് മനസിലാക്കാം. ഉണങ്ങിയ പരുപരുത്ത ചര്‍മവും, എഴുന്നുനില്‍ക്കുന്ന കൊഴിയുന്ന തിളക്കമില്ലാത്ത രോമവും അനാരോഗ്യ ലക്ഷണമാണ്. ഇത് വിരബാധ, ശരീരക്ഷയം എന്നിവയുടെ ലക്ഷണമാണ്. തൊലിയില്‍ രോമമില്ലാത്ത ഭാഗങ്ങള്‍ ഉണ്ടാകുന്നത് ഫംഗസ്, പേന്‍തുടങ്ങിയ ബാഹ്യപരാദബാധയെ സൂചിപ്പിക്കുന്നു.

ആരോഗ്യമുളള പശുക്കളുടെ കണ്ണുകള്‍ തിളക്കമുളളവയായിരിക്കും. നിറം മാറിയ, കുഴിഞ്ഞു തൂങ്ങി യ കണ്ണുകള്‍ ആരോഗ്യ ലക്ഷണമല്ല. വെളളമൊലിക്കുന്ന പഴുപ്പു നിറഞ്ഞ അവസ്ഥ പ്രത്യേകം ശ്രദ്ധിക്കണം. ഒരു കണ്ണില്‍ മാത്രം വരുന്ന ലക്ഷണങ്ങള്‍ കണ്ണിന്റെ പ്രശ്‌നമാകുമ്പോള്‍ ഇരു കണ്ണിലുംവരുന്ന പ്രശ്‌നങ്ങള്‍ പൊതുവായ രോഗലക്ഷണമായിരിക്കും. ആരോഗ്യമുളള പശുക്കളുടെ മൂക്ക് അഥവാമുഞ്ഞി നനവുളളതായിരിക്കും. ഈര്‍പ്പരഹിതമായ മൂക്ക് പനിയെ സൂചിപ്പിക്കുന്നു. ശ്വാസ തടസം, ചുമ,അസാധാരണ ശബ്ദം എന്നിവയും ശ്രദ്ധിക്കണം.

ആരോഗ്യമുളള പശുക്കളുടെ ചാണകം അധികം അയവില്ലാതെ മുറുകിയതായിരിക്കും. കഫം, രക്തം, കുമിളകള്‍ എന്നിവ വിരബാധയുടെ ലക്ഷണമായിരിക്കും. ചാണകം പരിശോധിച്ച് ഉടന്‍ചികിത്സ നേടണം. ആരോഗ്യമുളള പശുവിന്റെ മൂത്രം തെളിഞ്ഞതും ഇളം മഞ്ഞ നിറമുളളതുമായിരിക്കും. എന്നാല്‍ ഇരുണ്ടതോ, ചുവന്നതോ, കട്ടന്‍ കാപ്പിയുടെ നിറമോ, കടും മഞ്ഞ നിറമോ ഉളള മൂത്രം രോഗലക്ഷണമാണ്.
പാലിന്റെ അളവ്, നിറം, ഗുണം എന്നിവയിലുളള വ്യത്യാസം ശ്രദ്ധിക്കണം. രക്തത്തിന്റെഅംശം, ചാരനിറം, മഞ്ഞ നിറം, ഉപ്പുരസം, കട്ടകള്‍ എന്നിവ അകിടുവീക്കത്തിന്റെ ലക്ഷണങ്ങളാകും. ഈറ്റത്തില്‍നിന്നു വരുന്ന സ്രവം ശ്രദ്ധിക്കണം. മുട്ടയുടെ വെളളക്കുരു പോലെയുളള കൊഴുത്ത സ്രവംമദിലക്ഷണമായിരിക്കും. എന്നാല്‍ പഴുപ്പ്, രക്തം എന്നിവ കലര്‍ന്ന സ്രവം ഗര്‍ഭാശയ രോഗങ്ങളെ കാണിക്കുന്നു. ഉയര്‍ന്ന താപനില, ശ്വാസോച്ഛാസം, നെഞ്ചിടിപ്പ് എന്നിവ പല രോഗങ്ങളുടേയും പ്രഥമലക്ഷണമാണ്. തുടര്‍ന്ന് പശു തീറ്റയെടുപ്പ് കുറയ്ക്കുകയും ചെയ്യും. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ഒരു വെറ്ററിനറി ഡോക്ടറുടെ ഉപദേശം തേടുകയും കൃത്യസമയത്ത് ചികിത്സ നല്‍കുകയും വേണം.രോഗലക്ഷണങ്ങള്‍ കാണിച്ച പശുവിനെ കൂട്ടത്തില്‍നിന്നും മാറ്റി പ്രത്യേകം പാര്‍പ്പിക്കണം.

ഇവരെ പരിചരിക്കുന്ന വ്യക്തികള്‍രോഗമില്ലാത്തവയുടെ അടുത്ത് പോകരുത്. ഇങ്ങനെ തുടക്കത്തില്‍ തന്നെ രോഗബാധ തിരിച്ചറിയുന്നത് ചികിത്സ എളുപ്പമാക്കുന്നു.

പാലുത്‌പാദനം വര്‍ധിപ്പിക്കണോ? വേണം വര്‍ഷത്തില്‍ ഒരു പ്രസവം

ലാഭകരമായ പാലുത്‌പാദനത്തി ന്റെ അടിസ്ഥാനം ശാസ്‌ത്രീയ പ്രത്യുത്‌പാദന പരിപാലനമാണ.്‌ ഓരോ പശുവിന്റെയും ആദ്യ പ്രസവം 30 മാസത്തിനുള്ളിലും, രണ്ട്‌ പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള 15 മാസത്തിലും നിലനിര്‍ ത്തണം.

ഒരു വര്‍ഷത്തില്‍ പശുവിന്‌ ഒരു കിടാവ്‌ എന്നതാവണം അത്യന്തിക ലക്ഷ്യം. കൃത്യമായി മദി കണ്ടെ ത്തി ശരിയായ സമയത്തു കൃത്രിമ ബീജാധാനം നടത്തുക, ഗര്‍ഭ പരിശോധന, ശരിയായ തീറ്റക്രമം, രോഗാവസ്ഥകള്‍ കണ്ടെത്തി ചികിത്സ എന്നിവയാണ്‌ ശ്രദ്ധിക്കേണ്ട മേഖലകള്‍. 

മദി ലക്ഷണങ്ങള്‍ നിരീക്ഷിച്ചാണ്‌ കര്‍ഷകര്‍ കൃത്രിമബീജാധാനത്തിനുള്ള സമയം തിരിച്ചറിയുന്നത്‌. കരച്ചില്‍, മറ്റു പശുക്കളുടെ പുറത്തു കയറുക, മറ്റുള്ളവയ്‌ക്ക്‌ കയറാനായി നിന്നു കൊടുക്കുക, ഈറ്റം തടിക്കുകയും മുട്ടയുടെ വെള്ളപോലെ ദ്രാവകം ഒലിക്കുകയും ചെയ്യുക തുടങ്ങിയവയാണ്‌ പ്രധാന ലക്ഷണങ്ങള്‍. സാധാരണ ഗതിയില്‍ 16-24 മണിക്കൂറാണ്‌ മദിയുടെ ദൈര്‍ഘ്യം. ബീജാധാനം ശരിയായ സമയത്തുതന്നെ നടത്തുക എന്നതാണ്‌ പ്രധാനം. മദിയുടെ അവസാന ഘട്ടത്തില്‍ കുത്തിവയ്‌പ്‌ നടത്തണം. രാവിലെ മദിലക്ഷണങ്ങള്‍ കണ്ടാല്‍ വൈകുന്നേരവും, വൈകുന്നേരം കണ്ടാല്‍ പിറ്റേ ദിവസം രാവിലെയും കുത്തിവയ്‌പിക്കണം. മദി നീണ്ടു നില്‍ക്കുകയാണെങ്കില്‍ കുത്തിവെയ്‌പ്‌ അടുത്ത ദിവസവും ആവര്‍ത്തിക്കണം. 

ബീജാധാനത്തിനു മുമ്പും പിമ്പും ഏറെ ശ്രദ്ധിക്കണം. ചൂടു ള്ള കാലാവസ്ഥയില്‍ ഏറെ ശ്രദ്ധവേണം. തൊഴുത്തില്‍ പരമാവധി തണുപ്പു നല്‍കണം. പശുക്കളെ കുളിപ്പിക്കുന്നതു നല്ലതാണ്‌. ബീജാധാനത്തിനായി നടത്തിക്കൊണ്ടു പോകുകയാണെങ്കില്‍ തണലില്‍ അരമണിക്കൂര്‍ വിശ്രമം നല്‍കിയതിനു ശേഷമാവണം കുത്തിവയ്‌പ്‌. ശാന്തമായ അന്തരീക്ഷത്തില്‍ ഭയപ്പെടുത്താതെയും വെകിളിപിടിപ്പിക്കാതെയുമാകണം കുത്തിവയ്‌പ്‌. കുത്തിവയ്‌പിനുശേഷം പശു ഉടന്‍തന്നെ മൂത്രമൊഴി ച്ചതുകൊണ്ടോ വെള്ളം കുടിച്ചതു കൊണ്ടോ പ്രശ്‌നങ്ങളൊന്നുമില്ല. കുത്തിവയ്‌പിനുശേഷം ഒന്നോ രണ്ടോ ദിവസങ്ങള്‍ കഴിഞ്ഞ്‌ ഒരല്‍പ്പം രക്തം പോകുന്നത്‌ സാധാരണമാണ്‌. 
അമിത രക്തസ്രാവം സൂക്ഷിക്കണം. ഒരു ദിവസത്തില്‍ കൂടുതല്‍ മദി നീണ്ടു നില്‍ക്കുകയാണെങ്കില്‍ 24 മണിക്കൂര്‍ ഇടവിട്ട്‌ രണ്ടു പ്രാവശ്യം ഉരുവിനെ കുത്തിവയ്‌പി ക്കണം. മൂന്നു പ്രാവശ്യം ബീജാ ധാനം നടത്തിയിട്ടും ഗര്‍ഭം ധരിക്കാത്ത ഉരുക്കളെ വിദഗ്‌ധ പരിശോധ നയ്‌ക്കു വിധേയമാക്കണം. ഗര്‍ഭധാരണം കൃത്യമായി നടക്കാന്‍ പശുക്കളുടെ ശാരീരികാവസ്ഥയും മെച്ചപ്പെട്ടതായിരിക്കണം. അതിനാല്‍ സമീകൃത കാലിത്തീറ്റയും പച്ചപ്പുല്ലും കൃത്യമായ അളവില്‍ നല്‍കിയിരിക്കണം. ബീജാധാനം കഴിഞ്ഞാല്‍ 60-70 ദിവസത്തിനുള്ളില്‍ ഗര്‍ഭ പരിശോധന നടത്തണം. കൃത്രിമ ബീജാധാനത്തിന്റെ വിജയ സാധ്യത സ്വാഭാവികമായി തന്നെ നാല്‍പതുശതമാനമാണ്‌. അതിനാല്‍ മറ്റു പ്രശ്‌നങ്ങളില്ലെങ്കില്‍ പോലും നൂറുശതമാനം ഗര്‍ഭധാരണം നടക്കണമെന്നില്ലെന്ന്‌ ഓര്‍ക്കുക. എന്നാല്‍ ഗര്‍ഭധാരണം നടക്കാത്തത്‌ രോഗാവസ്ഥമൂലമോ, പോഷകക്കുറവുകൊണ്ടോ, പരിപാലനത്തിലെ പാളിച്ചകൊണ്ടോ അല്ലെന്ന്‌ ഉറപ്പാക്കണം. 

പ്രത്യുത്‌പാദനവുമായി ബന്ധപ്പെട്ട രോഗാവസ്ഥകള്‍ സംശയിക്കുന്നുണ്ടെങ്കില്‍ വെറ്ററിനറി ഡോക്‌ടറുടെ സഹായം തേടണം. കൗമാര പ്രായമെത്തിയിട്ടും മദി കാണിക്കാതിരിക്കല്‍, പ്രസവശേഷം മൂന്നുമാസത്തിനുള്ളിലും മദിയില്ലായ്‌മ, നീണ്ടു നില്‍ക്കുന്ന മദി തുടങ്ങിയ മദി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം. ഈറ്റത്തില്‍ നിന്നുള്ള ദ്രാവകത്തിന്റെ നിറത്തിലുള്ള വ്യത്യാസം ശ്രദ്ധിക്കണം. 
ഒന്നോ അതിലധികമോ തവണ കുത്തിവെച്ചിട്ടും ഗര്‍ഭം ധരിക്കാത്ത അവസ്ഥയും രോഗലക്ഷണമായി കണക്കാക്കണം. കൂടാതെ ഉത്‌പാദനശേഷി കൂടിയ പശുക്കളില്‍ മേന്മയേറിയ ബീജം തന്നെ കുത്തിവെയ്‌ക്കുന്നു എന്നുറപ്പാക്കിയാലേ നമ്മുടെ തൊഴുത്തുകളില്‍ പശു ക്കളുടെ വംശ ഗുണം വര്‍ധിക്കുകയുള്ളൂ. 
കൃത്രിമ ബീജാധാനവുമായി ബന്ധപ്പെട്ട്‌ തെറ്റായ ധാരണകള്‍ കര്‍ഷകര്‍ വച്ചു പുലര്‍ത്തുന്നുണ്ട്‌. ഇതില്‍ പലതിനും ശാസ്‌ത്രീയ അടിത്തറയില്ല. ബീജാധാനം കഴിഞ്ഞാല്‍ പശു കിടക്കരുത്‌. ഗര്‍ഭപരിശോധന ഗര്‍ഭമലസലിന്‌ കാരണമാകും. കുത്തിവയ്‌പിനു ശേഷം ഈറ്റത്തില്‍ നിന്നു രക്തം വരുന്നത്‌ ഗര്‍ഭമലസലിന്റെ ലക്ഷണമാണ്‌ തുടങ്ങി നിരവധി അബദ്ധ ധാരണകള്‍. ശാസ്‌ത്രീയ പ്രത്യുത്‌പാദന പരിപാലനത്തെക്കുറിച്ച്‌ വെറ്ററിനറി ഡോക്‌ടറുടെ സഹായത്തോടെ ശരിയായ ധാരണ ഉണ്ടാക്കിയാല്‍ വര്‍ഷത്തില്‍ ഒരു പ്രസവവും അതുവഴി സാമ്പത്തിക ലാഭവും ഉറപ്പാക്കാം

പാല്‍ കുറയാന്‍ പലതുണ്ട് കാരണം

പാരമ്പര്യഗുണമാണ് പാലുത്പാദനത്തിന്റെ അളവ് തീരുമാനിക്കുന്ന അടിസ്ഥാന ഘടകം.  ജനിതകശേഷിയുള്ള  പശുക്കള്‍ക്ക് ആവശ്യമായ പോഷണവും  കൃത്യമായ   പരിപാലനവും ലഭിക്കുമ്പോള്‍  അവര്‍ പരമാവധി  പാല്‍ ചുരത്തുന്നു. അതിനാല്‍ വര്‍ഗഗുണമുള്ള  പശുക്കളെ തൊഴുത്തിലെത്തിക്കുക ഏറെ പ്രധാനം.   കറവയുടെ ഓരോ ഘട്ടത്തിലും കൃത്യമായ പരിപാലനം നല്‍കുകയും ഉത്പാദനത്തില്‍ കുറവുണ്ടായാല്‍  ഒരു വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയും വേണം. 

പ്രസവത്തിന് മുമ്പ്  7-8 ആഴ്ച പശുക്കള്‍ക്ക് വറ്റുകാലം നല്‍കിയോ എന്ന് പരിശോധിക്കുക.  പ്രസവശേഷം  നല്‍കേണ്ട തീറ്റ പ്രസവത്തിനു മുമ്പേ തന്നെ നല്‍കി തുടങ്ങി പരിചയപ്പെടുത്തുന്ന  സ്റ്റീമിംഗ് അപ്' രീതി നടപ്പാക്കിയോ എന്ന് ഉറപ്പാക്കണം.  ഊര്‍ജ്ജവും, ധാന്യങ്ങളും കൂടുതല്‍ അടങ്ങിയ  സാന്ദ്രാഹാരം  കറവയുടെ തുടക്കത്തില്‍ നല്‍കിയില്ലെങ്കില്‍ ഉയര്‍ന്ന  ഉത്പാദനത്തിലെത്താന്‍ പശുക്കള്‍ക്ക് കഴിയില്ല. പ്രസവശേഷം  ആദ്യത്തെ  60 ദിവസം തീറ്റയുടെ അളവ് ഓരോ ്യൂാലു ദിവസം, കൂടുമ്പോഴും അരക്കിലോഗ്രാം കൂട്ടിക്കൊടുക്കുന്ന  'ചലഞ്ച് ഫീഡിംഗ്' രീതി പരീക്ഷിച്ചാല്‍ മാത്രമേ പരമാവധി  ഉത്പാദനം സാധ്യമാകൂ.  തീറ്റപ്പുല്ലില്‍നിന്നുള്ള  ശുഷ്‌കാഹാരം  (ഡ്രൈ മാറ്റര്‍), ഫലപ്രദമായ  നാരുകളുടെ അളവ് എന്നിവയിലുണ്ടാകുന്ന കുറവ് ദഹനത്തെ ബാധിക്കുകയും ഉത്പാദനം  ഉയര്‍ന്ന  അളവിലെത്തുന്നത്  തടയുകയും ചെയ്യുന്നു.  ശരീരഭാരത്തിന്റെ  1.5 ശതമാനം എന്ന നിരക്കില്‍  (20-30 കിലോഗ്രാം പച്ചപ്പുല്ല്) തീറ്റപ്പുല്ലില്‍  നിന്നുള്ള ശുഷ്‌ക പദാര്‍ഥങ്ങള്‍ കിട്ടുന്നുണ്ടോയെന്നു പരിശോധിക്കുക.  ഊര്‍ജ്ജം, മാംസ്യം, കാല്‍സ്യം, ഫോസ്ഫറസ്,  മഗ്നീഷ്യം, സള്‍ഫര്‍, ഉപ്പ് എന്നിവയുടെ ന്യൂനത  പരിശോധിച്ചറിയണം. ശുദ്ധമായ ജലം  ആവശ്യത്തിനും  സമയത്തും  ലഭ്യമാക്കുന്നുവെന്ന് ഉറപ്പു വരുത്തണം.
അമിതമായി കൊഴുപ്പ്,  ധാന്യഭക്ഷണം, എളുപ്പം ദഹിപ്പിക്കാവുന്ന അന്നജം എന്നിവ  നല്‍കുന്നത് ദഹനത്തെ  ബാധിക്കുകയും  ദീര്‍ഘകാലം നിലനില്‍ക്കുന്ന അസിഡോസിസ് വരുത്തി വയ്ക്കുകയും ചെയ്യുന്നു. പാല്‍ പെട്ടെന്നു കുറയാനിടയുള്ള കാരണങ്ങളിലൊന്നാണിത്.  സാന്ദ്രാഹാരത്തിന്റെയും, പരുഷാഹാരത്തിന്റെയും അനുപാതം പരിശോധിക്കണം.  ഉയര്‍ന്ന ഉത്പാദനത്തില്‍ ഇത് 60:40 എന്ന  വിധത്തിലും പിന്നീട്  50:50 അല്ലെങ്കില്‍ 40:60 എന്ന രീതിയിലും ആയിരിക്കണം.

അകിടുവീക്കമാണ്  ശരിയായ  ഉത്പാദനത്തിനുള്ള പ്രധാന തടസം.  ഉത്പാദനത്തില്‍ കുറവ് കണ്ടാല്‍ പാല്‍ പരിശോധിക്കണം.     മുലക്കാമ്പുകളില്‍  വ്രണങ്ങളോ, മുറിവുകളോ ഉണ്ടോയെന്ന് പരിശോധിക്കാം.  കറവയന്ത്രത്തിന്റെ പ്രവര്‍ത്തനം കൃത്യമാണെന്ന് ഉറപ്പുവരുത്തണം.  കൃത്യ സമയത്ത്  യന്ത്രം ഘടിപ്പിക്കാനും  മാറ്റാനും ശ്രദ്ധിക്കണം.  കറവസമയത്ത് കുത്തിവെയ്പുകള്‍ നല്‍കുന്നതും വെറളി പിടിപ്പിക്കുന്ന  അസുഖകരമായ  സാഹചര്യങ്ങള്‍ ഉണ്ടാകുന്നതും ഒഴിവാക്കണം. 
പ്രസവത്തോടനുബന്ധിച്ചുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളായ അകിടുവീക്കം, ഗര്‍ഭാശയ വീക്കം,  കീറ്റോണ്‍ രോഗം, ആമാശയ സ്ഥാനഭ്രംശം എന്നിവ ഉയര്‍ന്ന ഉത്പാദനം അസാധ്യമാക്കുന്നു. 

ശ്വാസകോശ, ആമാശയ പ്രശ്‌നങ്ങള്‍, ആന്തരബാഹ്യ പരാദബാധ എന്നിവ പാലുത്പാദനം കുറയ്ക്കുന്ന പ്രധാന വില്ലന്‍മാരാണ്. ദീര്‍ഘകാലമുള്ള മാംസ്യം, അയണ്‍, കോപ്പര്‍, കൊബാള്‍ട്ട്, സെലീനിയം എന്നിവയുടെ കുറവും,  വിരബാധയും വിളര്‍ച്ചയിലേക്കും ഉത്പാദന നഷ്ടത്തിലേക്കും വഴിതെളിയിക്കുന്നു. പാദത്തിന്റേയും, കുളമ്പിന്റേയും അനാരോഗ്യം പാലുത്പാദനത്തെ തളര്‍ത്തുന്നു. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, ഗര്‍ഭമലസല്‍,  സമയമെത്തും മുമ്പേയുള്ള പ്രസവം എന്നിവ  പാല്‍ കുറയുന്നതിന് കാരണമാകും.  വിഷസസ്യങ്ങള്‍, പൂപ്പല്‍ബാധ, എന്നിവ തീറ്റയെടുക്കുന്നത് കുറയ്ക്കുകയും, പാല്‍ പെട്ടെന്ന്  വലിയ അളവില്‍ കുറയാന്‍ ഇടയാക്കുകയും ചെയ്യുന്നു. ഉയര്‍ന്ന പനിയുണ്ടാക്കുന്ന  സാംക്രമിക രോഗങ്ങള്‍  പാല്‍ പെട്ടെന്ന് താഴ്ന്നു പോകുന്നതിന് കാരണമാകും. 
ഉയര്‍ന്ന ചൂടും, അന്തരീക്ഷ ആര്‍ദ്രതയും  പാലുത്പാദനത്തിന്റെ പ്രധാന ശത്രുക്കളാണ്. തീറ്റയെടുക്കുന്നതിലുണ്ടാകുന്ന കുറവ് പാലുത്പാദനം കുറയ്ക്കുന്നു.  അതിനാല്‍ കാലാവസ്ഥയുടെ കാഠിന്യങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന വിധത്തില്‍ തൊഴുത്തിലും ക്രമീകരണങ്ങളുണ്ടെന്ന്  ഉറപ്പാക്കണം.
24 മണിക്കൂറും ആവശ്യമായ അളവില്‍ ശുദ്ധജലം ലഭിക്കുന്ന  വിധം വെള്ളപാത്രങ്ങള്‍ സജ്ജീകരിക്കണം. ആവശ്യത്തിന്  സ്ഥല സൗകര്യമില്ലാത്ത തൊഴുത്തില്‍ പശുക്കള്‍ക്ക് കിടക്കാന്‍ കഴിയാതെ  വരുന്നതും ദീര്‍ഘ സമയം നില്‍ക്കേണ്ടിവരുന്നതും അവയെ സമ്മര്‍ദ്ദത്തിലാക്കുകയും പാല്‍ ചുരത്താന്‍ മടിക്കുന്ന  അവസ്ഥയെത്തുകയും ചെയ്യുന്നു. പെട്ടെന്നുള്ള  കാലാവസ്ഥാ മാറ്റങ്ങള്‍  പാല്‍ അളവ് കുറയാന്‍ ഇടയാക്കുന്നു.
മേല്‍ പറഞ്ഞ വിവരങ്ങളില്‍ നിന്ന് 'പാല്‍ കിട്ടുന്നില്ലായെന്ന' പരാതി പരിഹരിക്കാന്‍ പരിപാലനത്തിന്റെ  വിവിധ വശങ്ങള്‍ പരിശോധിച്ച് തിരുത്തലുകള്‍ വരുത്തണമെന്ന് മനസിലാക്കുമല്ലോ. ഇതിനായി കര്‍ഷകര്‍ ലഭ്യമായ വിദഗ്ധ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുക തന്നെ വേണം.

പാദസംരക്ഷണവും സമീകൃത തീറ്റയും

കാലികളുടെ കുളമ്പുകളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉത്പാദനത്തെയും ആരോഗ്യത്തെയും സാരമായി ബാധിക്കും. കുളമ്പുകളുടെ സംരക്ഷണത്തില്‍ ഏറ്റവും പ്രധാനം സമീകൃത തീറ്റ ശാസ്ത്രീയമായ ക്രമത്തില്‍ നല്‍കുകയെന്നതാണ്. 

പശുക്കളുടെ ആമാശയത്തിന്റെ ആദ്യ അറയായ റൂമന്റെ  അമ്ലക്ഷാരനില  കൃത്യമായി നിലനിര്‍ത്തുക  ഏറെ പ്രധാനമാണ്.  പാലുത്പാദനം ക്രമമായി വര്‍ധിക്കുന്ന  പ്രസവശേഷമുള്ള  രണ്ടുമൂന്നു മാസക്കാലം  ഇത് ഏറെ പ്രധാനമാണ്. 
ഈ സമയത്ത് കൂടുതല്‍ ഉത്പാദനം നേടാന്‍  അധികം ഊര്‍ജ്ജം പശുക്കള്‍ക്ക് ആവശ്യമുണ്ട്.   ഊര്‍ജ്ജം ഏറെ അടങ്ങിയ ധാന്യങ്ങളും  കഞ്ഞിയും മറ്റും നല്‍കിയാണ്  കര്‍ഷകര്‍ ഈ അവസ്ഥ കൈകാര്യം ചെയ്യുന്നത്.   എന്നാല്‍ ശീലമില്ലാത്ത ധാന്യാഹാരം  പെട്ടെന്ന് അമിതമായി നല്‍കുന്നത്  റൂമനിലെ അമ്ലങ്ങളുടെ  ഉത്പാദനം  കൂട്ടുന്നു. 
നാരുകള്‍ കൂടുതലടങ്ങിയ  തീറ്റ പ്പുല്ലിന്റെയും  വൈക്കോലിന്റെയും കുറവ് ഈ പ്രശ്‌നത്തിന്റെ  രൂക്ഷത   കൂട്ടുന്നു. ഇങ്ങനെ അമ്ലനിലയിലുണ്ടാകുന്ന വര്‍ധന  രക്തത്തിലൂടെ കുളമ്പുകള്‍ക്കിടയിലെ  മൃദു കോശങ്ങളെ  നശിപ്പിക്കുന്നു.   തന്‍ മൂലമുണ്ടാകുന്ന  വേദന തീറ്റയെടുപ്പിനേയും  അതുവഴി  ഉത്പാദനത്തെയും ബാധിക്കുന്നു.  അതിനാല്‍ പ്രസവശേഷമുള്ള രണ്ടുമാസത്തെ  തീറ്റക്രമം സമീകൃതവും, ശാസ്ത്രീയവുമാകാന്‍ ശ്രദ്ധിക്കണം.
ഉയര്‍ന്ന  ഉത്പാദനക്ഷമതയുള്ള  പശുക്കള്‍ക്ക് ശാസത്രീയ മാര്‍ഗ നിര്‍ദ്ദേശപ്രകാരം  ധാതുലവണ മിശ്രിതങ്ങള്‍ നല്‍കണം. ഇതില്‍ കാല്‍സ്യമാണ് മുഖ്യം. കുളമ്പിലെ കോശങ്ങള്‍ നിര്‍മിക്കാന്‍ കാല്‍സ്യം ആവശ്യമുണ്ട്.

ഉത്പാദനം കൂടിയ പശുക്കളില്‍  കാല്‍സ്യം  പാലിലൂടെ  നഷ്ടപ്പെടുന്നതിനാല്‍ കുളമ്പു തേയ്മാനവും വിള്ളലുകളും പ്രത്യക്ഷപ്പെടുന്നു. ജീവകം എ, ഇ എന്നിവ ലഭ്യമാകുന്നതിന് സമൃദ്ധമായ പച്ചപ്പുല്ല്  ആവശ്യത്തിന് നല്‍കണം.  കുളമ്പിലെ കോശങ്ങളുടെ സംരക്ഷണത്തിലും കരോട്ടിന്‍ നിര്‍മാ ണത്തിലും  വിറ്റമിന്‍ എ ആവശ്യമാണ്.  നാകം, ഗന്ധകം, മാംഗനീസ്, സെലീനിയം, ചെമ്പ്, കൊബാള്‍ട്ട്, അയഡിന്‍ തുടങ്ങിയ ധാതുക്കളും  പാദസംരക്ഷണത്തില്‍ ഏറെ പ്രധാനമാണ്.

കുളമ്പില്‍ കാണപ്പെടുന്ന വിള്ളലുകള്‍ യഥാസമയം  കണ്ടെത്തി പരിചരിക്കണം. കുളമ്പിലും അടിയിലുള്ള ചര്‍മത്തിലും വേദനയോ, മുറിവുകളോ, പുഴുബാധയോ  ഉണ്ടോയെന്ന് പരിശോധിക്കണം.  മാഗ്‌സള്‍ഫ് ഗ്ലിസറിന്‍, അയഡിന്‍ ലേപനങ്ങള്‍ പുരട്ടി ഉണക്കേണ്ടതാണ്.
വ്രണങ്ങളില്‍  ഈച്ചകള്‍ മുട്ടയിടുന്ന അവസ്ഥയുണ്ടായാല്‍  പുഴുക്കള്‍ കാണപ്പെടും.  

ഈച്ചശല്യം ഒഴിവാക്കാന്‍ വേപ്പെണ്ണ പുരട്ടാം.  വിദഗ്ധന്റെ സഹായത്തോടെ കൃത്യമായ ഇടവേളകളില്‍ കുളമ്പ് ചെത്തിയൊരുക്കണം.
ധാതുലവണ മിശ്രിതം  അടങ്ങിയ സമീകൃ തീറ്റ  ഉറപ്പാക്കണം.   പ്രസവാനന്തരം ഊര്‍ജ്ജദായകമായ  തീറ്റ നല്‍കുമ്പോള്‍ അവ സമീകൃതവും  അമ്ലാശം അധികം വര്‍ധിപ്പിക്കാത്തതുമാണെന്ന്  ഉറപ്പുവരുത്തണം. 
ഇതിനായി  ബൈപാസ് പോഷകങ്ങള്‍ അടങ്ങിയ തീറ്റകള്‍ ഉപയോഗിക്കാം.

മഴക്കാലത്ത് കുരലടപ്പന്‍ ഭീഷണി

പാസ്ചുറില്ല' എന്ന ബാക്ടീരിയയാണ് കുരലടപ്പനു കാരണം. പശുക്കളിലും എരുമകളിലും മഴക്കാലത്താണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ആരോഗ്യമുള്ള പശുക്കളുടെ ശ്വാസനാളത്തില്‍ ഈ രോഗാണുക്കള്‍ ഉണ്ടായിരിക്കും. സാധാരണഗതിയില്‍ നിരുപദ്രവകാരികളായി കഴിയുന്ന ഇവര്‍ പശുക്കള്‍ക്ക് സമ്മര്‍ദമുണ്ടായി രോഗപ്രതിരോധശേഷി കുറയുന്ന സമയത്ത് രോഗകാരികളായി മാറുന്നു. പോഷകാഹാരക്കുറവ്, ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവും ആര്‍ദ്രതയും, ദീര്‍ഘയാത്ര, മറ്റു രോഗങ്ങള്‍ എന്നിവ ഇത്തരം സമ്മര്‍ദാവസ്ഥകള്‍ക്ക് ഉദാഹരണങ്ങളാണ്. 
ആരോഗ്യവും, ശാരീരികശേഷിയും കുറഞ്ഞ പശുക്കളെയാണ് കൂടുതലായും ഈ രോഗം ബാധിക്കുക.
അണുബാധയുള്ള തീറ്റ, വെള്ളം, വായു എന്നിവ വഴിയാണു രോഗം പകരുന്നത്. അടുത്തടുത്തു വസിക്കുന്ന മൃഗങ്ങളിലേക്ക് ചുമ, തുമ്മല്‍ മുതലായവ വഴി പെട്ടെന്ന് പകരുന്നു. നനവും ഊഷ്മാവും കൂടുത ലായുള്ള സാഹചര്യത്തില്‍ ഇവ പെട്ടെന്നു പെരുകും. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 2-5 ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. ശ്വാസകോശത്തെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്.
തീവ്രരൂപത്തിലോ, ഉപതീവ്രരൂപത്തിലോ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന തരത്തിലോ ഈ രോഗം കാണപ്പെടാം. രോഗബാധയുടെ തീവ്രതയനുസരിച്ചായിരിക്കും ലക്ഷണങ്ങള്‍.

പനി, ശ്വാസോച്ഛാസത്തിന്റെ നിരക്കിലും നെഞ്ചിടിപ്പിലുമുള്ള വര്‍ധന, തീറ്റയെടുക്കാതിരിക്കല്‍, മൂക്കിലും വായിലുംനിന്നുള്ള നീരൊലിപ്പ്, പാലുത്പാദനത്തിലെ കുറവ്, ശ്ലേഷ്മസ്തരങ്ങളിലെ നീലനിറം, വയറു വേദനയുടെ ലക്ഷണങ്ങള്‍, വയറിളക്കം, രക്താതിസാരം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടേക്കാം. തൊണ്ട, നെഞ്ചിന്റെ അടിഭാഗം, താട എന്നിവിടങ്ങളില്‍ നീര്‍വീക്കം പ്രത്യക്ഷപ്പെടുന്നു. ചിലപ്പോള്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ പശു ചത്തുവീഴും. വായില്‍നിന്ന് ഉമിനീരൊലിക്കല്‍, ശ്വാസതടസം, മൂക്കില്‍നിന്നു രക്തം കലര്‍ന്ന സ്രവം തുടങ്ങിയ ലക്ഷണങ്ങളും കാണിച്ചേക്കാം.

ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞും രക്ത പരിശോധനയിലൂടെയുമാണ് രോഗനിര്‍ണയം. രോഗാരംഭത്തില്‍ത്തന്നെ ആന്റിബയോട്ടിക്കുകളും അനുബന്ധ ചികിത്സകളും നല്‍കുകയാണ് അഭികാമ്യം. പലപ്പോഴും ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് പെട്ടെന്നുതന്നെ ചാകുന്നത് കര്‍ഷകരെ വിഷമത്തിലാക്കുന്നു.

അസുഖമുള്ളവയെ മാറ്റി പാര്‍പ്പിക്കുക, രോഗലക്ഷണമുള്ളവയെ ചികിത്സിക്കുക, കൃത്യസമയത്ത് പ്രതിരോധ കുത്തിവയ്പ് നല്‍കുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍. ആറുമാസം പ്രായമാകുമ്പോള്‍ ആദ്യത്തെ കുത്തിവയ്പ് നല്‍കണം. രോഗമുണ്ടാകാറുള്ള സ്ഥലങ്ങളില്‍ എല്ലാ വര്‍ഷവും ആവര്‍ത്തന കുത്തിവയ്പ് നല്‍കണം.

മഴക്കാലത്ത് രോഗബാധ കൂടുതലായി കണപ്പെടുന്നതുകൊണ്ട് പ്രതിരോധ കുത്തിവയ്പ് മഴക്കാലത്തിനു മുമ്പായാണ് എടുക്കേണ്ടത്. രോഗം ബാധിച്ച മൃഗങ്ങളുടെ ചാണകം, ഉമിനീര്‍, തീറ്റ എന്നിവയുമായി മറ്റുള്ള മൃഗങ്ങള്‍ക്കു ബന്ധമുണ്ടാവാതെ സൂക്ഷിക്കണം. ചത്ത മൃഗങ്ങളെ ശരിയായ വിധം മറവു ചെയ്യണം.

പ്രതികൂല കാലാവസ്ഥയും, സമ്മര്‍ദാവസ്ഥയും തരണം ചെയ്യാന്‍ സഹായിക്കും വിധമുള്ള പരിപാലനം  ഉറപ്പാക്കണം. പോഷകാഹാരം ഉറപ്പാക്കുക, നനവുള്ള അന്തരീക്ഷം ഒഴിവാക്കുക, പശുക്കളെ കൂട്ടമായി പാര്‍പ്പിക്കാതിരിക്കുക.

ആദ്യം സ്റ്റീമിംഗ് അപ്; പിന്നീട് ചലഞ്ച് തീറ്റക്രമം

പ്രസവത്തിനു രണ്ടുമാസം മുമ്പ് പശുക്കള്‍ക്ക് കറവനിര്‍ത്തി വറ്റുകാലം എന്ന വിശ്രമസമയം നല്‍കണം. വറ്റുകാലത്തെ പരിമിതമായ അളവിലുള്ള തീറ്റയില്‍നിന്നും പ്രസവശേഷം കഴിക്കേണ്ടിവരുന്ന അധിക  തീറ്റയിലേക്ക് മാറുവാനായി പശുവിനെ ശീലിപ്പിച്ചെടുക്കണം. പശുക്കളില്‍ ദഹനം നടക്കുന്ന ആമാശയത്തിന്റെ ആദ്യ അറയായ റൂമനും ദഹനത്തെ സഹായിക്കുന്ന സൂക്ഷ്മ ജീവികളും ഒരു പ്രത്യേക ആഹാരവുമായി ശീലപ്പെടാന്‍ 10-15 ദിവസം വരെ എടുക്കും. 
അതിനാല്‍ പ്രസവാനന്തരം കൊടുക്കുവാന്‍ ഉദ്ദേശിക്കുന്ന കാലിത്തീറ്റ 15 ദിവസം മുമ്പുതന്നെ കൊടുത്തു തുടങ്ങുകയും തീറ്റയുടെ അളവ് പടിപടിയായി ഉയര്‍ത്തികൊണ്ടു വന്ന് പ്രസവസമയത്ത് 3-4 കിലോഗ്രാം കാലിത്തീറ്റ നല്‍കാവുന്ന രീതിയില്‍ പശുവിനെ പരുവപ്പെടുത്തിയെടുക്കുകയും ചെയ്യുന്നതിനാണ് സ്റ്റീമിംഗ് അപ് എന്നു പറയുന്നത്. ഈ രീതിയില്‍ പരുവപ്പെടുത്തിയെടുക്കുന്ന പശുക്കള്‍ക്ക് പ്രസവസമയത്ത് ദഹന പ്രശ്‌നങ്ങള്‍ കുറവായിരിക്കുമെന്നു മാത്രമല്ല പ്രസവശേഷം ആവശ്യത്തിന് തീറ്റയെടുത്ത് പാലുത്പാദനം തുടങ്ങാനും കഴിയുന്നു.
പ്രസവിച്ച തീയതി മുതല്‍ ആദ്യത്തെ അറുപതു ദിവസമാണ് കറവക്കാലയളവില്‍ ഏറ്റവും കൂടുതല്‍ പാലുത്പാദിപ്പിക്കുന്ന സമയം. പ്രസവശേഷം പാലുത്പാദനം ക്രമമായി ഉയരുകയും 6-8 ആഴ്ചയില്‍ പരമാവധി ഉത്പാദനം അഥവാ പീക്ക് എത്തുകയും ചെയ്യുന്നു. ഇങ്ങനെ പശുക്കളെ, പരമാവധി ഉത്പാദനത്തില്‍ എത്തിക്കാനായി ചലഞ്ച് ഫീഡിംഗ് എന്ന തീറ്റക്രമം അനുവര്‍ത്തിക്കാം. ഇതിനായി പ്രസവശേഷം ആദ്യത്തെ 60 ദിവസം തീറ്റയുടെ അളവ് ഓരോ നാലഞ്ചു ദിവസം കൂടുന്തോറും അരക്കിലോഗ്രാം എന്ന അളവില്‍ കൂട്ടികൊടുക്കുന്നു. അതായത് കൂടുതല്‍ തീറ്റ നല്‍കി അധികപാല്‍ തരാന്‍ പശുവിനെ വെല്ലുവിളിക്കുന്നു.

തീറ്റ അധികം നല്‍കുമ്പോള്‍ പാലുത്പാദനത്തില്‍ വര്‍ധനയുണ്ടാക്കുന്നു. ഇങ്ങനെ തീറ്റ കൂടുതല്‍ നല്‍കി പരമാവധി പാലുത്പാദനത്തിലേക്ക് പശുക്കളെ എത്തിക്കണം . ഒരു ഘട്ടത്തില്‍ തീറ്റയുടെ അളവു കൂട്ടിയിട്ടും പാലുത്പാദനം കൂടുന്നില്ലായെന്ന് വരുമ്പോള്‍ തീറ്റ ആ അളവില്‍ തന്നെ നിലനിര്‍ത്തുക. ഉയര്‍ന്ന ഉത്പാദനത്തിനനുസരിച്ച് ആവശ്യമായ തീറ്റ കഴിക്കാനുള്ള കഴിവ് ഈ ഘട്ടത്തില്‍ പശുവിന് കുറവമായിരുക്കുമെന്ന പ്രശ്‌നമുണ്ട്. അതിനാല്‍ കുറച്ചു തീറ്റയില്‍ കൂടുതല്‍ പോഷകങ്ങള്‍ അടങ്ങുന്ന വിധത്തില്‍ തീറ്റ ക്രമീകരിക്കണം. ബൈപാസ് പ്രോട്ടീന്‍, കൊഴുപ്പ്, ചോളപ്പൊടി, കപ്പപൊടി, പയര്‍വര്‍ഗവിളകള്‍, ധാന്യവര്‍ഗങ്ങളുടെ ഇലകള്‍ എന്നിവ ചേര്‍ത്ത് വിഗഗ്ധ ഉപദേശപ്രകാരം തീറ്റ ക്രമീകരിക്കണം.

ഏറ്റവും ഉയര്‍ന്ന അളവില്‍ പാല്‍ കിട്ടേണ്ട ഈ സമയത്ത് പീക്ക് ഉത്പാദനം ഒരു ലിറ്റര്‍ കൂട്ടാന്‍ കഴിഞ്ഞാല്‍ ആ കറവക്കാലയളവില്‍ 220 ലിറ്റര്‍ വരെ അധികം പാല്‍ കിട്ടാന്‍ സാധ്യതയുള്ളതിനാല്‍ ചാലഞ്ച് തീറ്റക്രമവും അതിനു മുന്നോടിയായി പരുവപ്പെടുത്തല്‍ രീതിയും അവലംബിക്കണം.

കൃത്യതാ തീറ്റ 'ക്ഷീരപ്രഭ'വഴി

അളവിലും ഗുണത്തിലും സമീകൃതമായ കാലിത്തീറ്റ നിര്‍മാണത്തിനും അതുവഴി ആദായകരമായ പാലുത്പാദനത്തിനും ക്ഷീര കര്‍ഷകരെ സഹായിക്കുന്ന മലയാളത്തിലുള്ള കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുമായി വെറ്ററിനറി സര്‍വകലാശാല. കേരള ശാസ്ത്രസാങ്കേതികപരിസ്ഥിതി കൗണ്‍സിലിന്റെ  ധനസഹായത്തോടെ  മണ്ണുത്തി വെറ്ററിനറി കോളജിലെ അനിമല്‍ ന്യൂട്രിഷന്‍  വിഭാഗമാണ് 'ക്ഷീരപ്രഭ' എന്ന പേരില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാം വികസിപ്പിച്ചെടുത്തത്.
ഉത്പാദനശേഷിയുള്ള സങ്കരയിനം  പശുക്കള്‍ക്ക്  ജനിതക ശേഷിക്കനുസരിച്ച് ഉത്പാദനം  സാധ്യമാകണമെങ്കില്‍ സന്തുലിത തീറ്റ നല്‍കിയേ മതിയാകൂ. വിപണിയില്‍ ലഭ്യമായ കാലിത്തീറ്റ, പിണ്ണാക്ക്, തവിട്, ധാന്യങ്ങള്‍, മിനറല്‍ മിക്‌സ്ചര്‍ എന്നിവ നിശ്ചിത അനുപാതത്തില്‍ ചേര്‍ക്കുമ്പോഴാണ് കറവപ്പശുവിന് ഉത്പാദനത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത്.  ആവശ്യമായ പോഷകങ്ങള്‍ കൃത്യമായ അളവില്‍ ലഭിച്ചില്ലെങ്കില്‍ ഉത്പാദനം കുറയുകയും ഒപ്പം പ്രത്യുത്പാദന, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയും ചെയ്യും.
പോഷകങ്ങള്‍ അധികമാകുന്നത് സാമ്പത്തിക നഷ്ടവും വരുത്തിവെയ്ക്കും.  അല്‍പാഹാരവും, അമിതാഹാരവും ആപത്തായതിനാല്‍ നല്‍കുന്ന തീറ്റ സന്തുലിതമാക്കാന്‍ ശ്രദ്ധിക്കണം. ഇതിനായി കര്‍ഷകര്‍ക്ക് 'ക്ഷീരപ്രഭ' വഴികാട്ടിയാകും.

മിക്ക ക്ഷീരസഹകരണ  സംഘങ്ങളിലും കമ്പ്യൂട്ടര്‍ സംവിധാനമുള്ളതിനാല്‍ ക്ഷീര സംഘങ്ങള്‍ക്കും തീറ്റ സന്തുലനത്തിന് മുന്‍കൈയെടുക്കാവുന്നതാണ്.  ലളിതമായ രീതിയില്‍ മലയാളത്തില്‍ തയാറാക്കിയിരിക്കുന്നു എന്നതാണ് ക്ഷീരപ്രഭയുടെ പ്രത്യേകത.  കമ്പ്യൂട്ടറില്‍ സാമാന്യ ജ്ഞാനമുള്ളവര്‍ക്ക് ഇത് എളുപ്പം ഉപയോഗിക്കാം.
ആവശ്യമായ പോഷകങ്ങള്‍ എത്രയെന്നു കണ്ടുപിടിക്കുകയാണ് ആദ്യഘട്ടം. ഇതിനായി പശുക്കളുടെ ഏകദേശ തൂക്കം, പാലുത്്പാദനം, കൊഴുപ്പിന്റെ അളവ് തുടങ്ങിയ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ നല്‍കണം.  പശുവിന് ആവശ്യമായ പോഷകങ്ങളുടെ അളവ് എത്രയെന്ന് സോഫ്റ്റ് വെയര്‍  തനിയെ കണക്കുകൂട്ടി നല്‍കുന്നു.
ആവശ്യമായ പോഷകങ്ങള്‍ കര്‍ഷകന്‍ നല്‍കുന്ന തീറ്റ വസ്തുക്കളില്‍നിന്നും ലഭ്യമാക്കുകയാണ് അടുത്ത ഘട്ടം.  ഇതിന് കര്‍ഷകന്‍ തന്റെ പശുവിനു നല്‍കാന്‍ ഉദ്ദേശിക്കുന്ന തീറ്റകള്‍ സോഫ്റ്റ്‌വെയറില്‍ നല്‍കിയിരിക്കുന്ന ലിസ്റ്റില്‍നിന്നും തെരഞ്ഞെടുക്കണം. മൂന്നാം ഘട്ടത്തില്‍ കര്‍ഷകന്‍ തെരഞ്ഞെടുത്ത തീറ്റകള്‍ എത്ര വീതം നല്‍കണമെന്ന് കമ്പ്യൂട്ടര്‍ നിര്‍ദ്ദേശിക്കുന്നു.
തീറ്റ സന്തുലിതമാക്കുന്ന ഇത്തരം സമ്പ്രദായം കര്‍ഷകരിലെത്തിച്ചാല്‍ ക്ഷീരോത്പാദനം ആദായകരമാക്കാമെന്നും കേരളത്തിന്റെ പ്രതിദിന പാലുത്പാദനം വര്‍ധിപ്പിക്കാമെന്നും പദ്ധതിയ്ക്ക് നേതൃത്വം  നല്‍കിയ ഡോ. കെ.എം. ശ്യാം മോഹന്‍  പറഞ്ഞു.  സങ്കരയിനം പശുക്കളുടെ ഉത്പാദനശേഷി ഉപയോഗപ്പെടുത്താമെന്നതിനൊപ്പം  അളന്നു തീറ്റ നല്‍കി തീറ്റച്ചെലവ് കുറയ്ക്കാനും ഇതു വഴി കഴിയുന്നു.

ഡയറി ഫാമുകള്‍ക്ക്‌ ഭീഷണിയായി സറ

പരമാവധി പാല്‍ ഉത്പാദനം ലക്ഷ്യമാക്കി തീവ്രരീതിയില്‍ പശുക്കളെ പരിപാലിക്കുന്ന ഡയറി ഫാമുകള്‍ക്ക് ഭീഷണിയാകുന്ന രോഗാവസ്ഥയാണ് 'സറ' (SARA). സബ് അക്യൂട്ട് റൂമിന. അസിഡോസിസ് (Sub Acute Ruminal Acidosis) എന്ന ഉപാപചയ രോഗത്തിന്റെ ചുരുക്കപ്പേരാണിത്. പശുക്കള്‍ കൂടുതല്‍ പാല്‍ ചുരത്താനായി രുചിയേറിയ എളുപ്പം ദഹിക്കുന്ന അന്നജ പ്രധാനമായ, എന്നാല്‍ നാരുകളുടെ അളവ് കുറവായ സാന്ദ്രാഹാരം ധാരാളമായി നല്‍കുന്നതു വഴി ആമാശയത്തിന്റെ അമ്ലത ദീര്‍ഘ സമയത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന അവസ്ഥയാണിത്.

കറവപ്പശുക്കളുടെ ആരോഗ്യത്തെയും ഉത്പാദനക്ഷമതയേയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാധിക്കുന്ന ഈ അവസ്ഥ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. പുല്ലിന്റെയും, വൈക്കോലിന്റെയും ലഭ്യത കുറയുകയും കാലിത്തീറ്റയെ പൂര്‍ണമായും ആശ്രയിക്കേണ്ടി വരികയും ചെയ്യുന്നതോടെ കേരളത്തിലെ ഫാമുകളും 'സറ' ഭീഷണിയിലാണ്. പശുവിന്റെ ആമാശയത്തിനു നാല് അറകളാണുള്ളത്. ഇതില്‍ ആദ്യത്തെ അറയായ റൂമിനയിലാണ് സൂക്ഷ്മാണുക്കളുടെ സഹായത്തോടെ പുളിപ്പാക്കല്‍ പ്രക്രിയയിലൂടെ ദഹനത്തിന്റെ ഭൂരിഭാഗവും നടക്കുന്നത്. നാരുകള്‍ കൂടുതലടങ്ങിയ പുല്ലു തിന്നാനും ദഹിപ്പിക്കാനും കഴിയുന്നവിധമാണ് റൂമിന്‍ സംവിധാനം ചെയ്തിരിക്കുന്നത്.

ദഹനം കൃത്യമായി നടക്കുന്നതിനായി റൂമിനിലെ അമ്ലക്ഷാരനില നിശ്ചിത പരിധിക്കുള്ളില്‍ നിര്‍ത്തുന്നതിനുള്ള കഴിവ് സാധാരണയായി പശുക്കള്‍ക്കുണ്ട്. ഇതിനായി റൂമിനിലെ പി.എച്ച്. (അമ്ല-ക്ഷാര നിലയുടെ സൂചിക) 6-7 എന്ന നിലയില്‍ നിലനിര്‍ത്തുന്നു. റൂമിനില്‍ അന്നജം ദഹിച്ചുണ്ടാകുന്ന ഫാറ്റി ആസിഡുകള്‍ പി.എച്ച്. വ്യത്യാസം വരുത്തുമെങ്കിലും ഇവയെ നിശ്ചിത പരിധിയില്‍ നിലനിര്‍ത്താനുള്ള സങ്കീര്‍ണമായ സംവിധാനങ്ങള്‍ പശുവിന് പ്രകൃത്യാ തെന്നയുണ്ട്. അമ്ലനില കൂടുന്ന സമയത്ത് തീറ്റയുടെ അളവ് കുറയ്ക്കുന്നതും, കൂടുതലുള്ള അമ്ലങ്ങള്‍ നിര്‍വീര്യമാക്കാന്‍ ധാരാളം ഉമിനീര്‍ ഉത്പാദിപ്പിക്കുന്നതുമൊക്കെ ഇത്തരം സംവിധാനങ്ങളാണ്. എന്നാല്‍ ധാന്യങ്ങള്‍ ധാരാളമടങ്ങിയ എളുപ്പം ദഹിക്കുന്ന തീറ്റകള്‍ കൂടുതല്‍ അളവില്‍ കഴിക്കുമ്പോള്‍ റൂമിനിലെ അമ്ലനില ഉയരുന്നു. അതായത് പി.എച്ച്. സാധാരണ പരിധിയിലും താഴുന്നു. ഈ സമയത്ത് റൂമിന്റെ പി.എച്ച്. 5-5.5 എന്ന നിലയിലെത്തുന്നു. ഇങ്ങനെ ഒരു ദിവസം മൂന്നു മണിക്കൂര്‍ നേരമെങ്കിലും പി.എച്ച്. താഴ്ന്ന് നില്‍ക്കുന്ന അവസ്ഥയുണ്ടായാല്‍ അതിനെ നമുക്ക് സറ എന്നു വിളിക്കാം.

റൂമനിലുള്ള അമ്ലനില പരിധിയിലധികം വര്‍ധിക്കുന്നതോടെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായി. റൂമനെ ആവരണം ചെയ്യുന്ന കോശങ്ങള്‍ക്ക് ശ്ലേഷ്മാവരണത്തിന്റെ സംരക്ഷണമില്ല. അതിനാല്‍ അമ്ലങ്ങള്‍ അടിഞ്ഞു കൂടുന്നത് റൂമന്റെ ആവരണത്തെ നശിപ്പിക്കുന്നു. ഇത് റൂമന്‍ വീക്കത്തിനും ഭിത്തിയില്‍ വ്രണങ്ങള്‍ക്കും കാരണമാകുന്നു. ഈ അവസരം മുതലെടുത്ത് ബാക്ടീരിയകള്‍ റൂമന്‍ ഭിത്തിവഴി രക്തത്തിലേക്ക് പ്രവേശിക്കുകയും, അവിടെ നിന്ന് കരള്‍, ശ്വാസകോശം, ഹൃദയ വാല്‍വ്, കിഡ്‌നി, സന്ധികള്‍ തുടങ്ങി പാദങ്ങള്‍വരെയും പ്രശ്‌നമുണ്ടാക്കുന്നു. അമ്ലനില കൂടുന്നതോടെ നാരുകളെ ദഹിപ്പിക്കുന്ന പ്രക്രിയ താറുമാറാകുകയും ചെയ്യുന്നു.

വ്യക്തവും, കൃത്യവുമായ ബാഹ്യലക്ഷണങ്ങള്‍ പലപ്പോഴും കാണപ്പെടുന്നില്ല എന്നതാണ് സറയുടെ പ്രത്യേകത. പലപ്പോഴും ആഴ്ചകളോ, മാസങ്ങളോ കഴിഞ്ഞാവും ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. അതുകൊണ്ടുതെന്നയാവണം സറ എന്ന അവസ്ഥ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നത്. കഴിക്കുന്ന തീറ്റയുടെ അളവ് കുറയുന്നതാണ് ഒരു ലക്ഷണം. ഈ ലക്ഷണവും ഒരു പ്രത്യേക രീതിയിലാണ് കാണപ്പെടുന്നത്. ഒരു ദിവസം കൂടുതല്‍ തീറ്റയെടുക്കുന്ന പശു അടുത്ത ദിവസം തീറ്റയുടെ അളവ് കുറയ്ക്കുന്നു. പാലിലെ കൊഴുപ്പിന്റെ അളവില്‍ കുറവുണ്ടാകുന്നു. വയറിളക്കം നേരിയ തോതില്‍ കാണപ്പെടുന്നു. ചാണകം അയഞ്ഞു പോവുകയും പതഞ്ഞ് കുമിളകള്‍ കാണപ്പെടുകയും ചെയ്യാം.

ഇടവിട്ട ദിവസങ്ങളില്‍ വയറിളക്കം കാണപ്പെടുന്നതും ലക്ഷണമാണ്. പലപ്പോഴും പശുവിന്റെ ശരീരത്തില്‍ എപ്പോഴും ചാണകം പറ്റിയിരിക്കുന്നതായി കാണാം. അയവെട്ടല്‍ കുറയുകയും നല്ല തീറ്റ തിന്നിട്ടും പശു ക്ഷീണിക്കുന്നതായും കാണപ്പെടുന്നു.
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ പലതും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ് പതിവ്. എന്നാല്‍ പശുവിന്റെ പാദത്തിനും കുളമ്പിനുമുണ്ടാകുന്ന പ്രശ്‌നങ്ങളാണ് സറയുടെ പ്രധാനവും, കൃത്യവുമായ ലക്ഷണം. കുളമ്പിന്റെ പ്രശ്‌നങ്ങള്‍, ഫലകവീക്കം, കുളമ്പിന്റെ നിറവ്യത്യാസം, രക്തസ്രാവം, വ്രണങ്ങള്‍, ആകൃതി നഷ്ടപ്പെടല്‍ തുടങ്ങിയ പാദത്തിന്റെ പ്രശ്‌നങ്ങള്‍ ദീര്‍ഘ കാലത്തേക്ക് നിലനില്‍ക്കുന്നു. ഗര്‍ഭാശയ വീക്കം, പ്രത്യുത്പാദന പ്രശ്‌നങ്ങള്‍, അകിടുവീക്കം തുടങ്ങിയ പ്രശ്‌നങ്ങളും പിന്നാലെയെത്തും.
പ്രത്യുത്പാദന, ഉത്പാദന ക്ഷമത കുറഞ്ഞ് ആരോഗ്യം നശിച്ച ഇത്തരം പശുക്കള്‍ അകാലത്തില്‍ ഫാമുകളില്‍നിന്ന് ഒഴിവാക്കപ്പെടുന്നു. ചുരുക്കം പറഞ്ഞാല്‍ പാലുത്പാദനം കൂട്ടാനായി നല്‍കിയ അമിതമായ ആഹാരം താത്കാലിക ലാഭം നല്‍കിയെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വന്‍ നഷ്ടം വരുത്തിവെയ്ക്കുന്നു. ഇതാണ് സറ ഉയര്‍ത്തുന്ന വലിയ ഭീഷണി.
ദീര്‍ഘകാലം കുറഞ്ഞ അളവില്‍ തീറ്റ നല്‍കിയിരുന്ന പശുക്കള്‍ക്ക് പെട്ടെന്ന് കൂടിയ അളവില്‍ എളുപ്പം ദഹിക്കുന്ന തീറ്റ നല്‍കുന്നത് സറയ്ക്ക് കാരണമാകുന്നു. പ്രസവശേഷം കറവയുടെ ആദ്യഘട്ടത്തിലാണ് ഇത് ഏറെ പ്രധാനം. ഈ സമയത്ത് പശുക്കള്‍ക്ക് അമിതമായ രീതിയില്‍ പെട്ടെന്നു കഞ്ഞിവെച്ച് നല്‍കുന്നതും ചോളപ്പൊടി നല്‍കുന്നതുമൊക്കെ റൂമന്റെ അമ്ലത വര്‍ധിപ്പിക്കുന്നു. മാത്രമല്ല, കറവയുടെ ആദ്യഘട്ടത്തില്‍ പശുക്കള്‍ക്ക് തിന്നാന്‍ കഴിയുന്നതിലധികം ധാന്യസമ്പന്നമായ ആഹാരം നല്‍കിയാല്‍ അവ പിന്നീട് നാരുകളടങ്ങിയ പുല്ല് കഴിക്കാന്‍ മടി കാട്ടുകയും നാരിന്റെ കുറവ് അമ്ലനില ഉയര്‍ത്താന്‍ കാരണമാവുകയും ചെയ്യും. നാരുകളടങ്ങിയ തീറ്റ കൂടുതല്‍ ഉമിനീര്‍ ഉത്പാദനം സാധ്യമാക്കുകയും ഉമിനീരില്‍ അടങ്ങിയ ബൈകാര്‍ബണേറ്റുകള്‍ അമ്ലനിലയെ നിര്‍വീര്യമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതിനാല്‍ ആവശ്യമായ അളവില്‍ തീറ്റപ്പുല്ലിന്റെ ലഭ്യത ഉറപ്പാക്കണം.
പശുക്കളുടെ റൂമന്റെ ആവരണത്തിനും, അവയിലെ സൂക്ഷ്മജീവികള്‍ക്കും തീറ്റയുമായി പൊരുത്തപ്പെടാന്‍ നിശ്ചിത സമയം ആവശ്യമാണ്. ഇത് ഒന്നു മുതല്‍ നാലാഴ്ചവരെ നീളുന്ന സമയമാണ്. അതിനാല്‍ വറ്റുകാലത്തിന്റെ സമയത്തുതെന്ന പ്രസവാനന്തരം നല്‍കാനുള്ള തീറ്റ പശുക്കളെ ശീലിപ്പിച്ചു തുടങ്ങണം. കൃത്യമായ തീറ്റക്രമവും, തീറ്റ സമയവും പാലിക്കണം. പശുക്കള്‍ക്ക് നല്‍കുന്ന തീറ്റയില്‍ നാരിന്റെ അളവ് കൃത്യമായി ഉറപ്പാക്കണം. മൊത്തം ശുഷ്‌കാഹാരത്തിന്റെ 27-30 ശതമാനം ന്യൂട്രല്‍ ഡിറ്റര്‍ജന്റ് ഫൈബര്‍ (NDF) ആയിരിക്കണം. ഇതില്‍തെന്ന 70-80 ശതമാനം തീറ്റപ്പുല്ലില്‍ നിന്നുമായിരിക്കണം.

തീറ്റപ്പുല്‍ അരിഞ്ഞ് നല്‍കുമ്പോള്‍ വലിപ്പം 3.5 സെന്റീ മീറ്ററില്‍ കുറയാന്‍ പാടില്ല. വലിപ്പം കൂടിയാല്‍ പശു തിന്നാത്ത അവസ്ഥയും വരും. കൃത്യമായ അളവില്‍ നാരുകളടങ്ങിയ തീറ്റ നല്‍കുന്ന ഫാമില്‍ 40 ശതമാനം പശുക്കളും ഒരു സമയത്ത് അയവെട്ടുന്ന ജോലിയിലായിരിക്കും. അമ്ലങ്ങളെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്ന അപ്പക്കാരവും മറ്റും തീറ്റയില്‍ ചേര്‍ത്തു നല്‍കാം. ഡയറി ഫാമുകളിലെ തീറ്റ സാന്ദ്രാഹാരവും, പരുഷാഹാരവും ചേര്‍ത്ത് നല്‍കുന്ന ടോട്ടല്‍ മിക്‌സ്ഡ് റേഷന്‍ (Total Mixed Ration) രീതിയാക്കുന്നത് ഉത്തമം. ഒരു ന്യട്രീഷ്യനിസ്റ്റിന്റെ സഹായത്തോടെ തീറ്റക്രമം സംവിധാനം ചെയ്യുകതന്നെയാണ് സറ തടയാനുള്ള മാര്‍ഗം.

കടപ്പാട് :ഡോ. സാബിന്‍ ജോര്‍ജ്

പശു പരിപാലനം

 

കന്നുകാലി വില്‍പ്പന

ചോദ്യോത്തരം

1 ) വറ്റ് കാലം എന്തിന് ?

  • പാലുല്‍പ്പാദനം മൂലം ശരീരത്തിനുണ്ടാകുന്ന ക്ഷീണം ഇല്ലാതാക്കി പശുക്കള്‍ക്ക് നല്ല ശാരീരികാവസ്ഥ കൈവരിക്കുവാന്‍ സഹായിക്കുന്നു.
  • സുഖകരമായ പ്രസവത്തിനും തുടര്‍ന്നുള്ള മെച്ചമായ കറവയ്ക്കും വേണ്ടി തയ്യാറെടുക്കുന്നതിന് ശരീരത്തെ ഒരുക്കുന്നു.

2 ) യൂറിയ മൊളാസസ്സ് ബ്ലോക്ക് നല്‍കുമ്പോള്‍, ഇതിനു പുറമേ, യൂറിയ ഉപയോഗിച്ച് സംസ്കരിച്ച വൈയ്ക്കോല്‍ കന്നുകാലികള്‍ക്ക് നല്‍കേണ്ടതുണ്ടോ ?

  • ഇതിന്‍റെ ആവശ്യമില്ല.

3 ) യൂറിയ ഉപയോഗിച്ച് സംസ്കരിച്ച വൈയ്ക്കോല്‍ നല്‍കുമ്പോള്‍, കന്നുകാലികള്‍ക്ക് കാലിത്തീറ്റ വേറെ നല്‍കേണ്ടതുണ്ടോ ?

  • കറവയുള്ളതോ, ചെനയുള്ളതോ ആയ പശുക്കള്‍ക്ക്, യൂറിയ ഉപയോഗിച്ച് സംസ്കരിച്ച വൈയ്ക്കോലിന് പുറമേ, നിശ്ചിത അളവില്‍ സമീകൃത കാലിത്തീറ്റ നല്‍കേണ്ടതുണ്ട്. എന്നാല്‍ കറവയോ, ചെനയോ ഇല്ലാത്ത പശുക്കള്‍ക്ക് യൂറിയ ഉപയോഗിച്ച് സംസ്കരിച്ച വൈയ്ക്കോല്‍ (ആവശ്യത്തിന്) അല്ലെങ്കില്‍ യൂറിയ മൊളാസസ്സ് ബ്ലോക്കും, സാധാരണ വൈയ്ക്കോലും (ആവശ്യത്തിന്) നല്‍കുന്നുണ്ടങ്കില്‍ വേറെ സമീകൃതകാലിത്തീറ്റ നല്‍കേണ്ടതില്ല.

4 ) സമീകൃതകാലിത്തീറ്റ നല്‍കുന്ന പശുക്കള്‍ക്ക് ധാതുലവണമിശ്രിതം വേറെ നല്‍കേണ്ടതുണ്ടോ ?

  • സമീകൃതകാലിത്തീറ്റയില്‍ ധാതുലവണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍, വേറെയായി നല്‍കേണ്ട ധാതുലവണ മിശ്രിതത്തിന്‍റെ അളവ് 50% ആയി കുറയ്ക്കാവുന്നതാണ്.

5 ) പശു, യൂറിയ മൊളാസസ്സ് ബ്ലോക്ക് നക്കുന്നില്ലെങ്കില്‍ എന്തു ചെയ്യണം ?

  • ഗോതമ്പു പൊടിയോ, തവിടോ, പൊടിരൂപത്തിലുള്ള കാലിത്തീറ്റയോ, കുറേ ദിവസത്തേയ്ക്ക് യൂറിയ മൊളാസസ്സ് ബ്ലോക്കിനുമുകളില്‍ വിതറിക്കൊടുക്കണം.

6 ) ഒരു യൂറിയാ മൊളാസസ്സ് ബ്ലോക്ക് എത്ര ദിവസത്തേയ്ക്ക് മതിയാകുന്നതാണ് ?

  • മൂന്ന് കിലോ തൂക്കമുള്ള ഒരു ബ്ലോക്ക് ഒരു പശുവിന് ഒരാഴ്ചത്തേയ്ക്ക് മതിയാകുന്നതാണ്.

7 ) കുളമ്പ് രോഗത്തിന് എതിരെ പ്രതിരോധ വാക്സിന്‍ ഐസ് ബോക്സിലല്ലാതെ കൊണ്ടുവരുന്ന വാക്സിനേറ്ററെ പശുക്കളെ കുത്തിവയ്ക്കാന്‍ അനുവദിക്കണോ ?

  • അനുവദിയ്ക്കരുത്, ഐസ് ബോക്സില്‍ വയ്ക്കാതെ കൊണ്ടുവരുന്ന വാക്സിന് രോഗപ്രതിരോധശക്തി നല്‍കാന്‍ കെല്‍പില്ല.

8 ) എന്തെങ്കിലും അസുഖമുള്ള ഒരു പശുവിന് പ്രതിരോധ കുത്തിവയ്പ് നല്‍കാമോ ?

  • പാടില്ല, അസുഖം ഭേദമാകുന്നതുവരെ കാക്കുക.

9 ) ചെനയുള്ള പശുവിന് പ്രതിരോധ കുത്തിവയ്പ് നല്‍കാമോ ?

  • ചെനയുള്ള പശുവിനെ കുത്തിവെയ്ക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ല. എന്നാല്‍ പ്രസവം അടുത്ത പശുവിനെ കുത്തിവയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. ഇങ്ങിനെയുള്ള പശുക്കളെ കുത്തിവയ്ക്കാനായി, ബലം പ്രയോഗിച്ച് നിയന്ത്രിക്കേണ്ടിവന്നാല്‍, അപകടം ഉണ്ടായേക്കാം എന്നുള്ളതുകൊണ്ട് ആണ് ഇപ്രകാരം ഒഴിവാക്കുന്നത്.

10 ) കുളമ്പുരോഗം പടരുന്ന ഒരു ഗ്രാമത്തില്‍ ഇതിനെതിരെ പ്രതിരോധ കുത്തിവെയ്പ് നല്‍കുമ്പോള്‍, അസുഖം ബാധിയ്ക്കാത്ത പശുക്കളെ കുത്തിവയ്ക്കേണ്ടതുണ്ടോ ?

  • അസുഖം ബാധിയ്ക്കാത്ത എല്ലാ പശുക്കളേയും പ്രത്യേകം പ്രത്യേകം സൂചി ഉപയോഗിച്ച് കുത്തിവയ്ക്കേണ്ടതാണ്. കുത്തിവയ്ക്കുന്ന സമയത്ത് രോഗാണു ബാധിച്ചിട്ടില്ലാത്ത പശുക്കള്‍ മൂന്നാഴ്ചക്കുള്ളില്‍ രോഗത്തിനെതിരെ പ്രതിരോധ ശക്തി നേടുന്നതാണ്.

11 ) ഒന്നിലധികം രോഗങ്ങള്‍ക്കെതിരെ, ഒരേ സമയത്ത് പ്രതിരോധകുത്തിവയ്പ്പ് നടത്താമോ?

  • നടത്താം, കുളമ്പ് രോഗം, കുരലടപ്പന്‍, കരിങ്കൊറു എന്നീ രോഗങ്ങള്‍ക്കെതിരെയുള്ള സംയോജിത പ്രതിരോധ കുത്തിവയ്പ്പ് ഇന്ന് ലഭ്യമാണ്.

12 ) പുഴുവരിയ്ക്കുന്ന മുറിവുകള്‍ എങ്ങിനെ ചികിത്സിക്കാം ?

  • ഡെറ്റോളോ, പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയോ ഉപയോഗിച്ച് മുറിവ് വൃത്തിയാക്കി, ടര്‍പ്പന്റൈന്‍ എണ്ണയില്‍ മുക്കിയ പഞ്ഞി മുറിവില്‍ വയ്ക്കുക. ഇതോടെ പുഴുക്കള്‍ പുറത്തുവരും പുഴുക്കളെ മാറ്റിയശേഷം, ഏതെങ്കിലും ആന്‍റ്റി സെപ്റ്റിക് ക്രീം ഉപയോഗിച്ച് മുറിവ് ഡ്രസ് ചെയ്യുക.

13 ) പശുവിനെ പട്ടികടിച്ചാല്‍ എന്തു ചെയ്യണം ?

  • ഒഴുകുന്ന വെള്ളം ഉപയോഗിച്ച് (ടാപ്പില്‍ നിന്നോ, ഹോസ്സില്‍ നിന്നോ) 5 മിനിറ്റു നേരത്തേയ്ക്ക് മുറിവ് തുടര്‍ച്ചയായി കഴുകുക. സാധാരണ സോപ്പ് ഉപയോഗിച്ച് മുറിവ് വീണ്ടും കഴുകുക. മുറിവില്‍ ടിഞ്ചര്‍ അയോഡിന്‍ പുരട്ടിയതിന് ശേഷം, ഒരു വെറ്ററിനറി ഡോക്ടറുടെ സേവനം തേടുക.

14 ) പശുവിനെ പാമ്പുകടിച്ചാല്‍ എന്തുചെയ്യണം ?

  • ചരടോ, നാടയോ ഉപയോഗിച്ച് മുറിവായ്ക്ക് 3 ഇഞ്ച് മുകളിലായി മുറുക്കിക്കെട്ടുക. മുറിവായ്, വൃത്തിയുള്ള ബ്ലേഡ് കൊണ്ട് വലുതാക്കി, ചോര വാര്‍ന്നുപോകാന്‍ അനുവദിയ്ക്കുക. ഉടന്‍ തന്നെ വെറ്ററിനറി ഡോക്ടറുടെ സേവനം തേടുക.

15 ) പേന്‍ശല്യം നിയന്ത്രിക്കാന്‍ എന്തുചെയ്യണം ?

  • ശരീരം പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകുക. പേന്‍ ബാധിച്ച പ്രദേശങ്ങളിലെ രോമങ്ങള്‍ മുറിച്ചെടുത്ത് കത്തിച്ചുകളയുക 'ഗ്മക്സേന്‍' തുല്യ അളവ് ചാരമോ, ചോക്കുപൊടിയോ കലര്‍ത്തി, പേന്‍ ബാധിച്ച ഭാഗത്ത് പുരട്ടുക.

16 ) പശുക്കള്‍ക്ക് വയര്‍വീര്‍പ്പ് വന്നാല്‍ എന്തുചെയ്യണം ?

  • പയര്‍വിളകളുടെ ഇലകള്‍ ധാരാളമായി തിന്നുന്നതു പശുക്കളില്‍ വയര്‍വീര്‍പ്പ് ഉണ്ടാക്കും. ഇങ്ങിനെയുള്ള ഘട്ടങ്ങളില്‍ പശുവിന് വെള്ളം കൊടുക്കാതിരിയ്ക്കുകയും കിടക്കാന്‍ അനുവദിയ്ക്കാതിരിയ്ക്കുകയും ചെയ്യുക. 500 മില്ലി വെളിച്ചെണ്ണയും, 100 മില്ലി ടര്‍പെന്റൈന്‍ എണ്ണയും, 30 ഗ്രാം കായവും, 100 ഗ്രാം റോക്ക് സാള്‍ട്ടും കലര്‍ത്തിയ മിശ്രിതം പഴുവിന് നല്‍കുക. അതിനുശേഷം വെറ്ററിനറി ഡോക്ടറുടെ സേവനം തേടുക.

17 ) ചുരപ്പ് വിടാന്‍ പശുക്കള്‍ക്ക് നല്‍കുന്ന ഓക്സിടോസിന്‍ ഇഞ്ചക്ഷന്‍, പശുക്കള്‍ക്കോ, പാല്‍ ഉപഭോക്താക്കള്‍ക്കോ ഹാനികരമാണോ ?

  • ഓക്സിടോസിന്‍ വെറ്ററിനറി ഡോക്ടറുടെ ഉപദേശപ്രകാരമല്ലാതെ ഉപയോഗിയ്ക്കരുത്.

18 ) നാടന്‍ ഇനം പശുക്കളുടെ വര്‍ഗ്ഗ സംരക്ഷണത്തിന് നാം കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതല്ലേ ?

  • ഉല്‍പ്പാദനക്ഷമതകൂടിയ നാടന്‍ ഇനം പശുക്കളെ അവയുടെ രോഗപ്രതിരോധശക്തി, കാലാവസ്ഥയുമായി താദാത്മ്യം പ്രാപിയ്ക്കാനുള്ള കഴിവ്, വിലകുറഞ്ഞ കര്‍ഷിക ഉപഉല്‍പ്പന്നങ്ങള്‍ പാല്‍ ആക്കി മാറ്റാനുള്ള അവയുടെ കഴിവ്, എന്നിവ കണക്കിലെടുത്ത് വര്‍ഗസംരക്ഷണത്തിനായി തെരഞ്ഞെടുക്കാവുന്നതാണ്.

പ്രഥമശുശ്രൂഷപ്പെട്ടി

 

 

എല്ലാ കന്നുകാലി വളര്‍ത്തുകേന്ദ്രങ്ങളിലും ക്ഷീരവ്യവസായ സഹകരണ സംഘങ്ങളിലും താഴെ പറയുന്നവ ഉള്‍ക്കൊള്ളുന്ന പ്രഥമശുശ്രൂഷപ്പെട്ടി സൂക്ഷിക്കേണ്ടതാണ്.

  1. പഞ്ഞി, ബാന്‍ഡേജ് തുണി, അലക്കിയ തുണി.
  2. ടൂര്‍ണിക്കെ ഇടാന്‍ ഉപയോഗിക്കുന്ന ചെറിയ റബ്ബര്‍ക്കുഴല്‍.
  3. കത്രിക (അറ്റം വളഞ്ഞതും നേരെ ഉള്ളതും)
  4. ഫോഴ്സെപ്സ് (ചെറിയ കൊടില്‍)
  5. ഒടിവു വച്ചുകെട്ടാനുള്ള മുളക്കഷണങ്ങളോ അതുപോലുള്ള വസ്തുക്കളോ.
  6. ക്ലിനിക്കല്‍ തെര്‍മോമീറ്റര്‍.
  7. അണുനാശിനികള്‍ - പൊട്ടാസിയം പെര്‍മാംഗനേറ്റ്, അക്രിഫ്ളേവിന്‍, ഡെറ്റോള്‍ മുതലായവ.
  8. സല്‍ഫണാമൈഡ് പൊടി, ബോറിക് പൊടി.
  9. ആവണക്കെണ്ണ (കണ്ണിലൊഴിക്കാന്‍).
  10. ഗ്ലിസറിന്‍, ഭേദിഉപ്പ്, തുരിശ്.
  11. ടര്‍പ്പന്‍റെന്‍ ലിനമെന്‍റെ (പുരമേ പുരട്ടുവാന്‍).
  12. പ്രസവതടസ്സത്തിന് ഉപയോഗിക്കുന്ന ചരട്, ചങ്ങല, കൊളുത്ത് മുതലായവ.
  13. അയഡിന്‍ ടിങ്ചര്‍, ബെന്‍സോയില്‍ ടിങ്ചര്‍.
  14. പേനാക്കത്തി (അത്യാഹിതങ്ങളില്‍പ്പെടുമ്പോള്‍ കയര്‍ അറുത്തു വിടാന്‍).
  15. സോപ്പ്.
  16. ടോര്‍ച്ച് ലൈറ്റ്
  17. തോര്‍ത്തോ ടവ്വലോ.

ഓരോ കാലിവളര്‍ത്തുകാരന്‍റെയും കൈവശം ഇനിപ്പറയുന്നവ ഉള്‍ക്കൊള്ളുന്ന പ്രഥമ ശുശ്രൂഷപ്പെട്ടി സൂക്ഷിക്കുന്നതു നല്ലതാണ്.

  1. പഞ്ഞി, ഒട്ടിക്കുന്ന പ്ലാസ്റ്റര്‍, ബാന്‍ഡേജ് തുണി
  2. ഡെറ്റോള്‍.
  3. കത്രിക.
  4. ടിങ്ചര്‍ അയഡിനും ബെന്‍സോയിനും.
  5. സോപ്പ്
  6. ടോര്‍ച്ച് ലൈറ്റ്
  7. ടൂര്‍ണിക്കെ ഇടാനുള്ള ചെറിയ റബ്ബര്‍ക്കുഴല്‍.
  8. തെര്‍മോമീറ്റര്‍ (ക്ലിനിക്കല്‍).
  9. ചെറിയ കൊടില്‍.
  10. സല്‍ഫണാമൈഡ് പൊടി, ബോറിക്പൊടി.
  11. കടലയെണ്ണ, ടര്‍പ്പന്‍റെന്‍ ലിനമെന്‍റെ.
  12. ഗ്ലിസറിനും ഭേദിഉപ്പും.
  13. പേനാക്കത്തി.

പാല്‍ കറവയും ചില വസ്തുതകളും

 

ചില പ്രാഥമിക തത്വങ്ങള്‍

ക്ഷീരോല്‍പ്പാദനത്തിന് സ്തനഗ്രന്ഥികളിലേക്കു ധാരാളം രക്തം എത്തേണ്ടിയിരിക്കുന്നു. അകിടിലേക്കു രക്തം വിതരണം ചെയ്യുന്ന മുഖ്യധമനികള്‍ നിരവധി ശാഖകളായി പിരിഞ്ഞ് ഗ്രന്ഥിയില്‍ മിക്കവാറും എല്ലായിടത്തും രക്തം പ്രദാനം ചെയ്യുന്നു. ഇവ ഗ്രന്ഥിയുടെ സ്രവണഭാഗങ്ങളെ ചുറ്റി സ്ഥിതിചെയ്യുന്നതിനാല്‍ അവയ്ക്ക് എളുപ്പം പോഷകങ്ങള്‍ എത്തിച്ചുകൊടുക്കുന്നു. അല്‍വിയോളസുകള്‍ എന്നറിയപ്പെടുന്ന ക്ഷീരസ്രവണഭാഗങ്ങള്‍ക്കു ചുറ്റുമുള്ള കോശങ്ങള്‍ നടത്തുന്ന സംശ്ലേഷണ അരിക്കല്‍ പ്രക്രിയയുടെ ഫണമാണ് ക്ഷീരസ്രാവം. അല്‍ലിയോളസുകളുടെ ബാഹ്യമര്‍ദം 30-40 മില്ലി ലിറ്റര്‍ രസയൂപത്തിനു തുല്യമാകുമ്പോള്‍ അകിടില്‍നിന്ന് നീക്കം ചെയ്യപ്പെടാത്ത പാല്‍ ആഗിരണം ചെയ്യപ്പെടുന്നു. ദീര്‍ഘനേരം പാല്‍ കറക്കാതിരിക്കുകയോ അപൂര്‍ണമായി കറക്കുകയോ ചെയ്യുന്നത് ക്ഷീരസ്രവണം കുറയ്ക്കും. അത്യുല്‍പ്പാദനശേഷിയുള്ള പശുക്കളെ ദിവസം രണ്ടു പ്രാവശ്യം കറക്കുന്നതിനുപകരം മൂന്നു പ്രാവശ്യം കറക്കുന്നതുകൊണ്ട് കൂടുതല്‍ പാല്‍ കിട്ടും.


സ്പര്‍ശം, മര്‍ദം, ചൂട് എന്നിവകൊണ്ട് മുലക്കാമ്പിലെ നാഡി അഗ്രങ്ങള്‍ ഉദ്ദീപിപ്പിക്കപ്പെടുന്നു. ഈ വിധം ഉദ്ദീപിപ്പിക്കുന്നതിനു വേണ്ടിയാണ് കറവയ്ക്കു മുമ്പ് കുട്ടിയെക്കൊണ്ട് മുല ചപ്പിക്കുന്നത്. അകിടു വെള്ളം കൊണ്ട് കഴുകുന്നതും മുലക്കാമ്പില്‍ സ്പര്‍ശനമേല്‍പ്പിക്കുന്നതും ഇതിന് ഉദാഹരണമാണ്. തല്‍ഫലമായി തലച്ചോറിന്‍റെ അധോഭാഗത്തുള്ള ഗ്രന്ഥിയില്‍ നിന്ന് ഓക്സിട്ടോസിന്‍ എന്ന ഹോര്‍മോണ്‍ നിര്‍മോചിതമാകുന്നു. രക്തത്തില്‍ക്കൂടി ഓക്സിട്ടോസിന്‍ അകിടിലേക്ക് പ്രേവേശിക്കുകയും അല്‍വിയോളസുകള്‍ക്ക് ചുറ്റുമുള്ള കോശങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. തല്‍ഫലമായി അവ സങ്കോചിക്കുകയും അല്‍വിയോളസുകളില്‍നിന്നു പാല്‍ ചെറുവാഹിനികളില്‍ക്കൂടി വമിക്കുകയും ചെയ്യുന്നു. അകിട് നിറയുമ്പോള്‍ മുലക്കാമ്പുകളില്‍ കൂടി പാല്‍ കറന്നെടുക്കാം. . 

ഉത്തേജനം തുടങ്ങി ചുരത്തല്‍ ഉണ്ടാകുന്നതുവരെയുള്ള സമയം നാല്‍പ്പത്തിയഞ്ചു സെക്കന്‍് മുതല്‍ ഒന്നര മിനിട്ടുവരെ ആകാവുന്നതാണ്. ഹോര്‍മോണിന്‍റെ പ്രവര്‍ത്തനക്ഷമതാകാലം പരിമിതമാകയാല്‍ എട്ടു മിനിട്ടിനകം പാല്‍ കറന്നുകഴിഞ്ഞിരിക്കണം. കറന്നു തുടങ്ങിയാല്‍ എത്രയും വേഗം തീര്‍ക്കാന്‍ ശ്രദ്ധിക്കണം. എങ്കില്‍ മാത്രമേ പാല്‍ പൂര്‍ണമായ അളവില്‍ കറന്നെടുക്കുവാന്‍ കഴിയൂ. കറക്കുന്ന സമയത്ത് പശുവിനെ പേടിപ്പിക്കുകയോ അടിക്കുകയോ ഭയപ്പോടുത്തുകയോ ചെയ്യുന്നതുകൊണ്ട് ശരീരത്തില്‍ ഉണ്ടാകുന്ന അഡ്രിനലിന്‍ എന്ന ഹോര്‍മോണ്‍ ചുരത്തലിനെ ഭാഗികമായോ പൂര്‍ണമായോ തടസ്സപ്പെടുത്തിയേക്കാം. ആയതിനാല്‍ കറവസമയത്തു മൃഗങ്ങളെ ഉപദ്രവിക്കാന്‍ പാടില്ല. 

കറക്കുന്നതിനു മുമ്പ്
പശുവിന്‍റെ പിന്‍ഭാഗം, അകിട്, അകിടിനു ചുറ്റുമുള്ള ഭാഗങ്ങള്‍ എന്നിവ കറക്കുന്നതിനു മുമ്പായി കഴുകിവൃത്തിയാക്കുക. കറവയ്ക്കു മുമ്പും കന്നുകുട്ടിയെ കുടിപ്പിച്ചശേഷവും അണുനാശിനിയില്‍ മുക്കിപ്പിഴിഞ്ഞ തുണിക്കൊണ്ട് അകിട് തുടയ്ക്കണം. അകിടും ശരീരഭാഗവും വൃത്തിയാക്കുന്നതിനോടൊപ്പം കറവപാത്രങ്ങളും കറവക്കാരന്‍റെ കൈയും വൃത്തിയാക്കിയിരിക്കണം. കറക്കുന്ന സമയത്തു പൊടിപറക്കുന്ന ആഹാരവസ്തുക്കള്‍ ഒന്നും തന്നെ കൊടുത്തുകൂട. കറവക്കാരന്‍റെ കൈനഖങ്ങള്‍ മുറിക്കാനും വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം.

കറവരീതി
പശുവിന്‍റെ ഇടതുവശത്തിരുന്നാണു കറക്കേണ്ടത്. വിവിധ രീതിയിലുള്ള കറവമാര്‍ഗങ്ങളുണ്ട്. കറവയന്ത്രങ്ങള്‍ ലഭ്യമാണെങ്കിലും നമ്മുടെ നാട്ടില്‍ ഇതിനു പ്രചാരം കിട്ടിയിട്ടില്ല. കൈകൊണ്ടുള്ള കറവയില്‍ പ്രധാനമായി ശ്രദ്ധിക്കേണ്ടത് മുലക്കാമ്പിനും അകിടിനുമേല്‍ക്കാവുന്ന ക്ഷതം കഴിവതും ലഘൂകരിക്കുക എന്നതാണ്. . 

നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ളതില്‍ രണ്ടു കറവ രീതികളാണ് ശാസ്ത്രീയമായി പരിപോഷിപ്പിക്കേണ്ടത്.

  1. പെരുവിരലും ആദ്യവിരലും ഉപയോഗിച്ച് പാല്‍ പിഴിഞ്ഞെടുക്കുന്ന രീതി (ചിത്രം 20.1 മുകളില്‍). ഇതില്‍ രണ്ടു കൈകളും ഉപയോഗിക്കാം. ചെറിയ മുലക്കാമ്പുള്ള മൃഗങ്ങള്‍ക്ക് ഈ രീതി യോജിച്ചതല്ല.
  2. അഞ്ചുവിരലും ഉപയോഗിച്ചുള്ള കറവയാണ് ഏറ്റവും ശാസ്ത്രീയം. മുലക്കാമ്പിന്‍റെ മുകളറ്റത്തു പെരുവിരലും ആദ്യവിരലും ഉപയോഗിച്ച് ഒരു വളയം ഉണ്ടാക്കുകയും മറ്റു മൂന്നു വിരലുകള്‍കൊണ്ട് പാല്‍ പിഴിഞ്ഞെടുക്കുകയും ചെയ്യുന്നു (ചിത്രം 20.1 താഴെ). കാമ്പിനു നീളക്കുറവുള്ള മൃഗങ്ങളില്‍ ഈ രീതി ബുദ്ധിമുട്ടുള്ളതാണ്.

 

എന്നാല്‍ ചില കറവക്കാര്‍ പെരുവിരല്‍ മടക്കി (ചിത്രം 20.2) കാമ്പിനോട് ചേര്‍ത്തുവെച്ച് കറക്കാറുണ്ട്. ഇതു കാമ്പിന് ക്ഷതമേല്‍ക്കുന്ന തെറ്റായ മാര്‍ഗമാണ്. കറക്കുമ്പോള്‍ കൈ നനഞ്ഞിരിക്കണമെന്നു നമ്മുടെ നാട്ടിലെ കറവക്കാര്‍ക്കു നിര്‍ബന്ധമാണ്. പാല്‍, വെള്ളം എന്നിവകൊണ്ടു കൈ നനച്ചശേഷമേ അവര്‍ കറവ ആരംഭിക്കൂ. ഈ വിധം നനയുന്നതു കാമ്പില്‍ പൊട്ടല്‍ അഥവാ വെടിപ്പ് ഉണ്ടാക്കുന്നതിനു വഴി തെളിച്ചേക്കും. ശാസ്ത്രീയമായിപ്പറഞ്ഞാല്‍ കറവക്കാരന്‍റെ കൈ കറക്കുന്ന സമയത്ത് ഉണങ്ങിയിരിക്കുകയാണു വേണ്ടത്. കാമ്പില്‍ പൊട്ടല്‍ ഉണ്ടാകുമ്പോള്‍ കറവയ്ക്കു ശേഷം ഏതെങ്കിലും ആന്റിസെപ്റ്റിക് കുഴമ്പ് പുരട്ടണം

പശുക്കളുടെ ഗര്‍ഭകാല പരിപാലനം

 


കിടാരികള്‍ക്ക് നല്‍കുന്ന പോഷകാഹാരവും ശരിയായ ആരോഗ്യ പരിപാലനവും അവ നേരത്തേ  തന്നെ മദിയില്‍ വരുന്നതിനും രണ്ടരവയസ്സ് ആകുമ്പോഴേക്കും പ്രസവിക്കുന്നതിനും ഇടയാകുന്നു.  ഗര്‍ഭകാലത്തിന്‍റെ 6ഉം 7ഉം മാസങ്ങളില്‍ ഭ്രൂണം വളരെ പെട്ടെന്ന് വളരുന്നതിനാല്‍, താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

  • ഗര്‍ഭാവസ്ഥയുടെ ഈ ഘട്ടത്തില്‍ പശുക്കളെ അകലെയുള്ള പ്രദേശങ്ങളിലേയ്ക്കോ, നിരപ്പില്ലാത്ത പ്രദേശങ്ങളിലേയ്ക്കോ മേയ്ക്കാന്‍ വിടരുത്.
  • ഗര്‍ഭത്തിന്‍റെ 7-ാം മാസത്തോടെ പശുവിന്‍റെ കറവ വറ്റിയ്ക്കേണ്ടതാണ്.
  • തൊഴുത്തില്‍ പശുവിന് സൗകര്യമായി നില്‍ക്കുന്നതിനും, കിടക്കുന്നതിനും ആവശ്യമായ സ്ഥലം ഉണ്ട് എന്ന് ഉറപ്പുവരുത്തണം.
  • പ്രസവത്തോടനുബന്ധിച്ച് ഉണ്ടായേക്കാവുന്ന ക്ഷീരസന്നി, കിറ്റോസിസ് എന്നീ രോഗങ്ങളെ പ്രതിരോധിക്കാന്‍ പോഷകസമ്പുഷ്ടമായ തീറ്റികള്‍ പശുക്കള്‍ക്ക് ആവശ്യമാണ്.

ഗര്‍ഭകാലത്ത് പശുക്കള്‍ക്ക് ആഹാരക്രമം താഴെ കൊടുക്കും വിധം ആയിരിക്കണം.

പച്ചപ്പുല്ല്

25-30 കി.ഗ്രാം

പിണ്ണാക്ക്

1 കി.ഗ്രാം

വൈക്കോല്‍

5 കി. ഗ്രാം

കാലിത്തീറ്റ

3 കി.ഗ്രാം

ധാതുമിശ്രിതം

50 ഗ്രാം

ഉപ്പ്

30 ഗ്രാം

 

  • ഗര്‍ഭാവസ്ഥയിലുള്ള പശുവിന് ദിവസവും ഏകദേശം 80 ലിറ്റര്‍ ശുദ്ധജലം കുടിക്കാന്‍ ആവശ്യമാണ്.
  • 6-7 മാസം ചെനയുള്ള കിടാരികളെ കറവപ്പശുക്കളോടൊപ്പം കെട്ടേണ്ടതും, അവയുടെ മുതുകും, അകിടും ഇടയ്ക്ക് തടവിക്കൊടുക്കേണ്ടതുമാണ്.
  • പ്രസവത്തിന് നാലഞ്ച് ദിവസം മുമ്പ് പശുവിനെ വിസ്താരമുള്ളതും, സൂര്യപ്രകാശം ഉള്ളതുമായ ഒരു സ്ഥലത്തേയ്ക്ക് മാറ്റിക്കെട്ടേണ്ടതും, വൈയ്ക്കോല്‍, ഒരു മെത്ത പോലെ വിരിച്ചുകൊടുക്കേണ്ടതാണ്.
  • പ്രസവത്തിന് തൊട്ടുമുമ്പുള്ള ഒന്നോ രണ്ടോ ദിവസം, പശുവിനെ ഇടയ്ക്കിടയ്ക്ക് ശ്രദ്ധിച്ചുകൊണ്ടിരിക്കണം.

ഗര്‍ഭകാലത്ത് പശുക്കള്‍ക്ക് നല്‍കുന്ന ശ്രദ്ധയും പരിചരണവും കറവക്കാലത്ത് കര്‍ഷകന് ഗുണം ചെയ്യും.

ധാതുമിശ്രിതത്തിന്‍റെ പ്രാധാന്യം

ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ് ധാതുക്കള്‍, ഗുണനിലവാരമുള്ള ധാതുമിശ്രിതത്തില്‍, ശരീരത്തിന് ആവശ്യമായ അളവില്‍ അടങ്ങിയിരിയ്ക്കുന്നു.

ധാതുമിശ്രിതം പശുക്കള്‍ക്ക് നല്‍കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ താഴെക്കൊടുക്കുന്നു.

  • കന്നുകുട്ടികളില്‍ വളര്‍ച്ചയുടെ നിരക്ക് കൂട്ടുന്നു.
  • ആഹാരപദാര്‍ത്ഥങ്ങളുടെ ദഹന പ്രക്രിയ ത്വരിതപ്പെടുത്തുന്നു.
  • കറവപ്പശുക്കളില്‍ പാലുല്‍പ്പാദനം വര്‍ദ്ധിപ്പിയ്ക്കുന്നു.
  • പ്രത്യുല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിയ്ക്കുകയും, രണ്ടുപ്രസവങ്ങള്‍ തമ്മിലുള്ള കാലദൈര്‍ഘ്യം കുറയ്ക്കുകയും ചെയ്യുന്നു.
  • കന്നുകാലികളില്‍ ഉല്‍പ്പാദനക്ഷമതയുള്ള ജീവിതകാലം ദൈര്‍ഘിപ്പിയ്ക്കുന്നു,.
  • രോഗപ്രതിരോധ ശക്തിവര്‍ദ്ധിപ്പിയിക്കുന്നു.
  • പ്രസവത്തോടനുബന്ധിച്ച് ഉണ്ടായേക്കാവുന്ന ക്ഷീരസന്നി (കാത്സ്യക്കുറവ്), കീറ്റോസിസ്, ഹിമച്ചൂറിയ എന്നീ രോഗങ്ങളെ തടയുന്നു.

തൊഴുത്തിന്‍റെ രൂപകല്‍പ്പന

തൊഴുത്തു നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രതികൂല കാലാവസ്ഥയില്‍ നിന്നും പശുവിന് രക്ഷ നല്‍കുന്ന പാര്‍പ്പിടങ്ങളാണല്ലോ തൊഴുത്തുകള്‍. വൃത്തിയുള്ളതും സൗകര്യപ്രദവും ആയ തൊഴുത്ത് കറവപ്പശുക്കളുടെ ഉല്‍പ്പാദനക്ഷമതയേയും വളര്‍ച്ചയേയും ബാധിയ്ക്കുന്ന ഒരു പ്രധാനഘടകമാണ്. കടുത്ത വേനല്‍, മഞ്ഞ്, നേരിട്ടുള്ള സൂര്യരശ്മികള്‍, കാറ്റ് എന്നിവയില്‍ നിന്ന് പശുക്കള്‍ക്ക് സംരക്ഷണം ലഭിക്കുന്ന രീതിയിലായിരിയ്ക്കണം തൊഴുത്ത് രൂപകല്‍പ്പന ചെയ്യേണ്ടത്.

വേനല്‍കാലത്ത് കൂടിയ അന്തരീക്ഷതാപം മൂലം പശുക്കള്‍ അസ്വസ്ഥത കാട്ടുന്നു. വിയര്‍ക്കുകയും അണയ്ക്കുകയും ചെയ്യുന്നതിലൂടെ ഒരു പരിധി വരെ ശരീരം തകണുപ്പിക്കാന്‍ അവയ്ക്കു കഴിയുമെങ്കിലും, ഇക്കാലത്ത് അവ സ്വയം ആഹാരം കുറയ്ക്കുകയും, ഇതുമൂലം പാലുല്‍പ്പാദനം കുറയുകയും ചെയ്യുന്നു.

വീടിന്‍റെ ചായ്പ് തൊഴുത്തായി ഉപയോഗിക്കുന്നുവെങ്കില്‍ പുല്‍ക്കൂട് വീടിന്‍റെ ചുമരിനോട് ചേര്‍ത്താണ് ഉണ്ടാക്കേണ്ടത്. രണ്ടു പശുക്കളും അതിന്‍റെ കിടാക്കളും ഉള്ള ഒരു ചെറിയ കര്‍ഷകന് ഇത്തരം തൊഴുത്താണ് ലാഭകരം. ഭിത്തിയോട് ചേര്‍ന്ന് രണ്ടര അടി വീതീയുള്ള ഇടനാഴി ഉണ്ടായിരിക്കുന്നത് വീടിന്‍റെ ചുമരിന് അഭിമുഖമായി കെട്ടി നിര്‍ത്തുന്ന കന്നുകാലികള്‍ക്ക് തീറ്റ നല്‍കാന്‍ സൌകര്യമായിരിക്കും

ചാണകവും മൂത്രവും ശേഖരിക്കാനുള്ള കുഴികള്‍ തൊഴുത്തില്‍ നിന്നും ദൂരെ ഉണ്ടാക്കുന്നതാണ് ഉത്തമം. എങ്കിലും ചാണകം വാരിയിടാനുള്ള എളുപ്പത്തിന് തൊഴുത്തിനോട് ചേര്‍ത്താണ് പല കര്‍ഷകരും കുഴി ഉണ്ടാക്കുന്നത്. അത്തരം സാഹചര്യത്തില്‍ മൂത്രം പ്രത്യേകം ശേഖരിച്ച് മാറ്റുവാനുള്ള മൂത്രച്ചാല്‍ തൊഴുത്തില്‍ ഉണ്ടാക്കണം. തൊഴുത്തിന്‍റെ മേല്‍ക്കൂര നിര്‍മ്മിക്കാന്‍ ഓട്, ഓല, ആസ്ബറ്റോസ് ഷീറ്റ്, ലൈറ്റ് റൂഫ് എന്നിവ ഉപയോഗിക്കാം. പാദേശികമായി ലഭിക്കുന്ന ചെലവു കുറഞ്ഞ വസ്തുക്കള്‍ ഉപയോഗപ്പെടുത്തി തൊഴുത്തു നിര്‍മ്മിക്കുവാന്‍ പ്രതേകം ശദ്ധിക്കേണ്ടതാണ്.

തൊഴുത്ത് നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • നീര്‍വീഴ്ചയുള്ളതും വെള്ളം കെട്ടിക്കിടക്കാത്തതുമായ സ്ഥലമാണ് അനുയോജ്യം.
  • തൊഴുത്തിന്‍റെ പ്രതലത്തിന് 40 സെന്ടി മീറ്ററിന് 1 സെന്ടി മീറ്റര്‍ എന്ന നിരക്കില്‍ ചരിവ് കൊടുക്കണം.
  • ചാണകവും മൂത്രവും ശേഖരിക്കുകന്നതിനുള്ള കുഴികള്‍ തൊഴുത്തില്‍ നിന്നും അകലെ ഉണ്ടാക്കുന്നതാണ് ഉത്തമം.
  • ഒന്നോ രണ്ടോ പശുക്കളെ മാത്രം വളര്‍ത്തുന്ന കര്‍ഷകര്‍ വീടിനോട് ചേര്‍ന്ന് ഒരു ചായ്പ്പുപോലെ നിര്‍മ്മിക്കുന്നതാണ് ലാഭകരം.
  • തൊഴുത്തില്‍ ഒരു പശുവിന് ആവശ്യമായ ഫ്ളോര്‍ സ്പേസ് (തറയളവ്) 5.5 അടി 10 അടി ആ
  • തറപരുക്കന്‍ കോണ്‍ക്രീറ്റില്‍ തീര്‍ത്ത് പിറകിലെ ഓവ് ചാലിലേയ്ക്ക് 1.5 ശതമാനം സ്ലോപ്പ് നല്‍കണം. ചാല് തുറന്നതും, 8 ഇഞ്ച് വീതി, 3 ഇഞ്ച് താഴ്ച, 1 ശതമാനം ക്രോസ് സ്ലോപ്പ് എന്നീ അളവോടു കൂടിയതും ആയിരിക്കണം.
  • തറയില്‍ നിന്ന് സീലിംഗിലേയ്ക്കുള്ള ഉയരം, ചുരുങ്ങിയത് 10 അടി എങ്കിലും ഉണ്ടായിരിക്കണം.
  • തൊഴുത്ത് മൂന്ന് വശത്തും തുറന്നതും പടിഞ്ഞാറുഭാഗത്ത് മാത്രം ചുമരുള്ളതും ആയിരിക്കണം.
  • ഓരോ പശുവിനും 3 അടി x 1.5 അടി വിസ്തീര്‍ണ്ണമുള്ള വെന്റിലേറ്റര്‍ ഉണ്ടായിരിക്കണം.
  • 2 അടി വീതിയും 1.5 അടി താഴ്ചയുമുള്ള പുല്‍ത്തൊട്ടി, പടിഞ്ഞാറെ ചുവരിനോട് ചേര്‍ത്ത് പണിയണം. പുല്‍ത്തൊട്ടിയുടെ അടിഭാഗം, തറനിരപ്പില്‍ നിന്ന് ഒരു അടിയെങ്കിലും ഉയര്‍ന്നിരിയ്ക്കണം. ശുദ്ധജലം നിറഞ്ഞു നില്‍ക്കുന്ന വെള്ളത്തൊട്ടികള്‍, പുല്‍തൊട്ടിയോട് ചേര്‍ന്ന് പണിയണം.
  • വേനല്‍ക്കാലത്ത് ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവ് കൊണ്ട് പശുക്കള്‍ക്ക് ഉണ്ടാകുന്ന അസ്വസ്ഥത ഒഴിവാക്കുന്നതിന്, 15-20 മിനിറ്റ് ഇടവേളയില്‍ പശുക്കളുടെ പുറത്ത് വെള്ളം തളിയിക്കുന്നത് നല്ലതാണ്. ഇതിനായി ഏകദേശം 6000 രൂപ വിലവരുന്നതും, 4 മുതല്‍ 10 വരെ പശുക്കള്‍ക്ക് ഉപയോഗിക്കാവുന്നതുമായ അനിമല്‍ കൂളിംഗ് സിസ്റ്റം, ദേശീയ ക്ഷീരവികസന ബോര്‍ഡ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.

കറവപ്പശുക്കള്‍ക്ക് വെള്ളം നല്‍കുന്നതിന്‍റെ പ്രാധാന്യം

താഴെപ്പറയുന്ന ശരീരപ്രക്രിയകള്‍ക്ക് ജലം ആവശ്യമാണ്.

  • കാലിത്തീറ്റയുടേയും പുല്ലിന്‍റെയും ദഹനം.
  • ദഹനേന്ദ്രിയങ്ങളില്‍ നിന്ന് ആഗിരണം ചെയ്യപ്പെടുന്ന പോഷകങ്ങളുടെ വിതരണം (ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്ക്).
  • ശരീരത്തിലെ മാലിന്യങ്ങളുടേയും, വിഷാംശങ്ങളുടേയും മൂത്രത്തിലൂടെയുള്ള വിസര്‍ജ്ജനം.
  • ശാരീരിക ഊഷ്മാവിന്‍റെ സന്തുലനം.

വളര്‍ച്ചയെത്തിയ ഒരു പശുവിന് പ്രതിദിനം 75-80 ലിറ്റര്‍ വെള്ളം ആവശ്യമാണ്. ഇതിനുപുറമെ, ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഓരോ ലിറ്റര്‍ പാലിനും 2.5 ലിറ്റര്‍ വെള്ളം വീതം അധികമായി ആവശ്യമുണ്ട് (പാലില്‍ 85 ശതമാനംവും വെള്ളം ആണ്).

നിര്‍ദ്ദേശങ്ങള്‍

  • ദിവസവും പശുവിന് ശുദ്ധജലത്തിന്‍റെ ലഭ്യതഉറപ്പു വരുത്തുക.
  • വേനല്‍കാലത്ത് സങ്കരയിനം പശുക്കളേയും എരുമകളേയും ദിവസം രണ്ടു പ്രാവിശ്യമെങ്കിലും കുളിപ്പിയ്ക്കണം.

കറവപ്പശുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

ഉല്‍പ്പാദനശേഷി പരമാവധി ചൂഷണം ചെയ്താണല്ലോ കന്നുകാലിവളര്‍ത്തല്‍ ലാഭകരമാക്കുന്നത്. ഇതിന് കറവമാടുകളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില പ്രധാന കാര്യങ്ങളുണ്ട്. ഉയര്‍ന്ന ക്ഷീരോല്‍പ്പാദനശേഷിയും ദീര്‍ഘമായ കറവയും പ്രത്യുല്‍പ്പാദനശേഷിയും രോഗപ്രതിരോധശക്തിയും രൂപഭംഗിയും ഉള്ളവയാണോ താന്‍ വാങ്ങിയ മൃഗമെന്ന് ഉറപ്പുവരുത്തണം. 

ഒരു കറവമാടിന്‍റെ ഉല്‍പ്പാദനശേഷി വിലയിരുത്തുവാന്‍ അതുമായി ബന്ധമുള്ള പല വിവരങ്ങളും ലഭിക്കേണ്ടതുണ്ട്. പശുക്കിടാവിനാണെങ്കില്‍ അതിന്‍റെ തള്ളയുടെ ഉല്‍പ്പാദനശേഷിയുടെ വിവരങ്ങള്‍ അറിയണം. കറവമാടിനാണെങ്കില്‍ അതിന്‍റെ കഴിഞ്ഞ പ്രസവങ്ങളില്‍ പ്രത്യേക കാലയളവിലുണ്ടായിരുന്ന പാലിന്‍റെ അളവ്, പാലിലെ കൊഴുപ്പിന്‍റെയും കൊഴുപ്പല്ലാത്ത ഖരവസ്തുക്കളുടെയും അളവ് എന്നിവ പ്രധാനപ്പെട്ട ഘടകങ്ങളാണ്..

കന്നുകാലിയുടെ പ്രായം, പ്രസവങ്ങളുടെ എണ്ണം, ഒരു ദിവസത്തെ കറവയുടെ തവണ, തീറ്റയുടെ ഗുണം, അളവ് എന്നിവ ഉല്‍പ്പാദനത്തെ ബാധിക്കുന്ന ബാഹ്യഘടകങ്ങളാണ്.

ഓരോ പ്രസവം കഴിയുതോറും ഒരു നിശ്ചിത വയസ്സുവരെ പാല്‍ കൂടി വരും. എന്നാല്‍ അതിനുശേഷം പാല്‍ ക്രമേണ കുറയും. വിവിധ ജനുസ്സുകളില്‍ അത് വ്യത്യസ്തമായിരിക്കും. പൊതുവേ പറഞ്ഞാല്‍, ആറ് വയസ്സു മുതല്‍ എട്ടു വയസ്സുവരെ പ്രായമുള്ള പശുക്കള്‍ ഉല്‍പ്പാദനത്തിന്‍റെ പാരമ്യത്തിലെത്തുന്നു. അതുവരെ പടിപടിയായി ഉയര്‍ന്നുകൊണ്ടിരുന്ന ഉല്‍പ്പാദനശേഷി ക്രമേണ കുറയുന്നതായി കാണാം. ആയതിനാല്‍ കറവമാടുകളെ വാങ്ങുമ്പോള്‍ അവയുടെ പ്രായത്തിന്‍റെ കാര്യം കൂടി ഓര്‍മയിലിരിക്കുന്നത് നല്ലതാണ്. അതുപോലെ പ്രസവം കഴിഞ്ഞാലുടന്‍ സാമാന്യം ഉയര്‍ന്ന അളവില്‍ പാല്‍ ലഭ്യമാകുന്നു. ഉല്‍പ്പാദനനിരക്ക് ക്രമേണ വര്‍ധിക്കുന്നതായി കാണാം. ഏതാണ്ട് നാലോ അഞ്ചോ ആഴ്ചകള്‍ കൊണ്ട് ഉല്‍പ്പാദനം അതിന്‍റെ ഉച്ചകോടിയിലെത്തുന്നു. ചെറിയ ഇടവേളയ്ക്കുശേഷം പാലിന്‍റെ അളവ് പടിപടിയായി കുറയും. എത്രയും വേഗം ക്ഷീരോല്‍പ്പാദനം ഉച്ചക്കോടിയിലെത്തുകയും കറവക്കാലം മുഴുവന്‍ താരതമ്യേന ഉയര്‍ന്ന ഉല്‍പ്പാദനനിലവാരം പുലര്‍ത്തുകയും ചെയ്യുന്ന പശുക്കളെ വേണം തിരഞ്ഞുപിടിച്ചു വളര്‍ത്തേണ്ടത്. 

നമ്മുടെ നാട്ടില്‍ ദിവസവും രണ്ടു പ്രാവശ്യമാണല്ലോ കറവ, എന്നാല്‍ മൂന്നുതവണ കറക്കുന്നതുകൊണ്ട് 15-20 ശതമാനം വരെ പാല്‍ കൂടുതല്‍ കിട്ടുന്നതായി ഗവേഷണങ്ങള്‍ കാണിക്കുന്നു. ശരീരപ്രകൃതിയും ക്ഷീരോല്‍പ്പാദനശേഷിയും തമ്മില്‍ വളരെ ബന്ധമില്ല എന്നു പറയാമെങ്കിലും ശരീര പ്രാപ്തി, മുന്‍ അകിട്, പിന്‍ അകിട്, പാല്‍ ഞരമ്പുകള്‍ തുടങ്ങിയവ നോക്കുന്നതു നല്ലതാണ്. മുലയുടെ സ്ഥാനവും അവയുടെ വലുപ്പവും പ്രേത്യേകം ശ്രദ്ധിക്കണം. വലുപ്പം കൂടിയതോ കുറഞ്ഞതോ ആയ മുലകള്‍ ഉണ്ടായിരിക്കുവാന്‍ പാടില്ല. കറക്കുമ്പോള്‍ പാല്‍ ചിതറി വീഴുന്നത് നല്ല ലക്ഷണമല്ല. കറക്കാന്‍ ചെല്ലുമ്പോള്‍ വഴങ്ങിക്കൊടുക്കുന്ന സ്വഭാവമുള്ളതായിരിക്കണം പശുക്കള്‍. അല്ലാതെ ചവിട്ടുന്നതോ ചാടുന്നതോ ആയിരിക്കരുത്. 

പശുവിന്‍റെ പ്രത്യുല്‍പ്പാദനശേഷി വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. കൃത്യമായി കാരണങ്ങള്‍ നിര്‍ണയിക്കുവാന്‍ പലപ്പോഴും വിദഗ്ധന്മാരുടെ സേവനം ആവശ്യമായി വന്നേക്കും. എന്നാല്‍ പ്രധാനമായി രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കുന്നതുകൊണ്ട് ഗര്‍ഭം ധരിക്കുവാനുള്ള പശുവിന്‍റെ കഴിവിനെക്കുറിച്ച് ഒരു വിലയിരുത്തല്‍ നടത്താന്‍ കഴിയും. ഇതിന് കഴിഞ്ഞ പ്രസവങ്ങളില്‍ ചെനപിടിച്ചു കിട്ടാന്‍ എത്ര പ്രാവശ്യം ബീജസംയോജനം നടത്തേണ്ടിവന്നുവെന്നും, പ്രസവങ്ങള്‍ തമ്മിലുള്ള സമയദൈര്‍ഘ്യം എത്രയാണെന്നും മനസ്സിലാക്കണം.

നമ്മുടെ നാടന്‍ കന്നുകാലികള്‍ രോഗപ്രതിരോധ ശക്തിയുള്ളവയാണ്. എന്നാല്‍ ശുദ്ധ ജനുസ്സില്‍പ്പെടാത്ത നാടന്‍ കന്നുകാലികളില്‍ ശുദ്ധജനുസ്സില്‍പ്പെട്ടതും ഉയര്‍ന്ന ഉല്‍പ്പാദനശേഷിയുള്ളതുമായ കാലികളെ ഇണചേര്‍ത്ത് വര്‍ഗ ഉന്നതീകരണം നടത്തുന്നതിനാല്‍ രോഗപ്രതിരോധശക്തി താരതമ്യേന കുറയുന്നതും പാല്‍ ഉല്‍പ്പാദനശേഷിയും രോഗപ്രതിരോധശക്തിയും കൈകോര്‍ത്തു പിടിച്ചുകൊണ്ടുള്ള ഒരു പ്രജനനരീതി പ്രായോഗികമായി ബുദ്ധിമുട്ടുള്ളതാണ്. അതുകൊണ്ട് കന്നുകാലികളെ വാങ്ങുമ്പോള്‍ മുമ്പ് ഏതെങ്കിലും മാരകരോഗങ്ങള്‍ വന്നിട്ടുള്ളതാണോ എന്നും ഏതെല്ലാം രോഗങ്ങള്‍ക്കെതിരെ പ്രതിരോധ കുത്തിവെയ്പ് നടത്തിയിട്ടുണ്ടെന്നും മനസ്സിലാക്കുന്നതു നല്ലതാണ്.

പശുവിനെ തിരഞ്ഞെടുക്കുന്നതിന്‍റെ പ്രധാന മാനദണ്ഡം അതിന്‍റെ പാലുല്‍പ്പാദനമാണെങ്കിലും പശുവിന്‍റെ ആരോഗ്യം, ആദ്യ പ്രസവം നടന്ന പ്രായം, പ്രസവങ്ങള്‍ തമ്മിലുള്ള കാലദൈര്‍ഘ്യം എന്നിവയും ഒപ്പം തന്നെ പ്രാധാന്യം അര്‍ഹിക്കുന്നു. കഴിവതും ഒന്നാമത്തെയോ, രണ്ടാമത്തെയോ പ്രസവത്തിലെ ഇളം കറവയിലുള്ള പശുക്കളെ തെരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കണം.

വലിപ്പമുള്ളതും ശരീരത്തോട് ചേര്‍ന്നിരിക്കുന്നതുമായ അകിട്, ഒരേപോലെയുള്ള മുലക്കാമ്പുകള്‍ വൃക്തമായി കാണാവുന്ന തടിച്ച പാല്‍ഞരമ്പ്, കല്ലിപ്പില്ലാത്ത മാര്‍ദ്ദവമുള്ള അകിട് എന്നിവ കൂടുതല്‍ പാല്‍ ലഭിക്കുന്ന പശുവിന്‍റെ ലക്ഷണങ്ങളാണ്. കഴിവതും രണ്ടുനേരമെങ്കിലും കറവ കണ്ടതിനുശേഷം വേണം പശുവിനെ വാങ്ങാന്‍. പാലിലെ കൊഴുപ്പ് (ഫാറ്റ്), കൊഴുപ്പിതര ഖര പദാര്‍ത്ഥങ്ങള്‍ (എസ്.എന്‍.എഫ്) എന്നിവ അടുത്തുള്ള പാല്‍ സൊസൈറ്റിയില്‍ പരിശോധിച്ച് പശുവിനെ വാങ്ങുന്നത് നന്നായിരിക്കും.

പുല്‍കൃഷി

ക്ഷീരോല്‍പ്പാദന പ്രക്രിയയില്‍ തീറ്റപ്പുല്ലിന്‍റെ പ്രാധാന്യം

പശുവിന്‍റെ പരിപാലനത്തിനും, പാലുല്‍പ്പാദനത്തിനും തീറ്റിപ്പുല്ല് അത‌്യ‌ാവശ്യമാണ്. സ്വാദിഷ്ടവും എളുപ്പം ദഹിയ്ക്കുന്നതുമായ ഈ തീറ്റവസ്തു, വൈറ്റമിന്‍-എ, ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടവും, അതുകൊണ്ട് തന്നെ പശുവിന്‍റെ ഉല്‍പ്പാദനക്ഷമതയേയും പ്രത്യുല്‍പ്പാദനക്ഷമതയേയും ഉദ്ദീപിപ്പിക്കുന്നതുമാണ്.

കൃത്യമായി പശു മദിയില്‍ വരുന്നതിനും, രണ്ടു പ്രസവങ്ങള്‍ തമ്മിലുള്ള അകലം പരമാവധി കുറക്കുന്നതിലും, ആഹാരക്രമത്തിലുള്ള തീറ്റപ്പുല്ല് പ്രധാന പങ്കുവഹിക്കുന്നു. കൃഷിചെയ്യാനുള്ള സ്ഥലത്തിന്‍റെ പരിമിതി അഥവാ ലഭ്യതക്കുറവ് മൂലം, പലപ്പോഴും കര്‍ഷകര്‍ തീറ്റപ്പുല്ലു വളര്‍ത്തുന്നതിനേക്കാള്‍ പ്രാധാന്യം കൊടുക്കുന്നത് നാണ്യവിളകള്‍ കൃഷിചെയ്യുന്നതിനാണ്. എന്നാല്‍ താഴെ പറയുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചാല്‍ പുല്ല് ഉല്‍പ്പാദനം ഗണ്യമായി വര്‍ദ്ധിപ്പിയ്ക്കാന്‍ നമുക്ക് ആകം.

  • അത്യുല്‍പ്പാദനശേഷിയുള്ള തീറ്റപ്പുല്ലിനങ്ങള്‍ കൃഷിചെയ്ത് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാവുന്നതാണ്.
  • ഗുണനിലവാരമുള്ള പുല്‍വിത്തുകള്‍ മാത്രം ഉപയോഗിക്കുക.
  • തരിശുനിലങ്ങളില്‍ അനുയോജ്യമായ പുല്ലിനങ്ങള്‍ വച്ചു പിടിപ്പിക്കുക.
  • ഗ്രാമപരിസരത്തുള്ള പുറമ്പോക്കുകളിലും, പൊതുസ്ഥലങ്ങളിലും ഫോഡര്‍മരങ്ങളോ തീറ്റിപ്പുല്ലിനങ്ങളോ വച്ചു പിടിപ്പിക്കുക.
  • തോട്ടങ്ങളില്‍ മരങ്ങള്‍ക്കിടയിലുള്ള സ്ഥലത്ത് കോംഗോ സിഗ്നല്‍ പോലുള്ള പുല്ലിനങ്ങള്‍ വച്ചു പിടിപ്പിക്കുക.
  • അടുക്കളത്തോട്ടത്തിനോടനുബന്ധിച്ചും വെള്ളച്ചാലുകള്‍ക്കും ചുറ്റും, പാര, നേപ്പിയര്‍ ഇനങ്ങളില്‍പെട്ട പുല്ലിനങ്ങള്‍ വച്ചു പിടിപ്പിക്കാവുന്നതാണ്.
  • ജല ലഭ്യതയുള്ള പ്രദേശങ്ങളില്‍ രണ്ട് വിളകള്‍ കൃഷി ചെയ്യുന്നതിനിടയ്ക്കുള്ള ഇടവേളകളില്‍ തീറ്റപ്പുല്ല് കൃഷിചെയ്യാവുന്നതാണ്.

ആദായകരമായ ക്ഷീരോല്‍പ്പാദനത്തില്‍ പച്ചപ്പുല്ലിനുള്ള പ്രാധാന്യം

  • നല്ല പോഷകഗുണമൂള്ള പുല്‍പയര്‍ മിശ്രിതതീറ്റകൊണ്ട് സാന്ദ്രീതാഹാരം ഇല്ലാതെ ഏഴ് ലിറ്റര്‍ പാല്‍ വരെ പ്രതിദിനം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.
  • തീറ്റച്ചെലവില്‍ അന്‍പത് ശതമാനം വരെ കുറയ്ക്കാന്‍ കഴിയുന്നു.
  • വില കൂടിയ പിണ്ണാക്ക്, കാലിത്തീറ്റ തുടങ്ങിയ സാന്ദ്രിതാഹാരങ്ങളുടെ അളവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുന്നു.
  • കന്നുകാലികള്‍ക്കാവശ്യമായ വൈറ്റമിന്‍ എ തുടങ്ങിയജിവകങ്ങളും ധാതുക്കളും മറ്റ് പോഷകങ്ങളും ഏറ്റവും കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്നു.
  • പാലിന്‍റെ ഗുണമേന്മ മെച്ചപ്പെടുന്നു.
  • പശുക്കളുടെ ജനിതക കഴിവുകള്‍ ഫലപ്രാപ്തി കൈവരിക്കുന്നതിന് സഹായിക്കുന്നു.
  • കന്നുകുട്ടികള്‍ അതിവേഗം പൂര്‍ണ്ണ വളര്‍ച്ച പ്രാപിക്കുന്നതിന് സഹായിക്കുന്നു.
  • കന്നുകാലികളുടെ രോഗപ്രതിരോധ ശക്തി വര്‍ദ്ധിക്കുന്നു.

കുടുതല്‍ പാലിന് ഫോഡര്‍ വിളകള്‍

കേരളത്തില്‍ മഴയെ മാത്രം ആശ്രയിച്ച്, ജലസേചന സൗകര്യത്തോടെയും, തെങ്ങിന്‍ തോപ്പുകളിലും മറ്റ് തുറസ്സായ സ്ഥലങ്ങളിലും കൃഷി ചെയ്യാന്‍ യോജിച്ച ഫോഡര്‍ വിളകള്‍ താഴെപ്പറയുന്നവയാണ്.

എ) പുല്ലിനങ്ങള്‍

  • ഗിനി (പാനിക്കം മാക്സിമം)
  • കോംഗോ സിഗ്നല്‍ (ബ്രാക്കേറിയ റൂസിയന്‍സിസ്)
  • സെറ്റേറിയ (സെറ്റേറിയ സ്ഫാസെലേറ്റ)
  • സങ്കര നേപ്പിയര്‍ (പാനിക്കം പര്‍പ്യാറിയം, കോ-3)
  • പാരാ (ബ്രാക്കേറിയ മ്യൂട്ടിക്ക)


ബി) പയറിനങ്ങള്‍

  • സ്റ്റൈലോസാന്തസ് ഹമാറ്റ
  • വന്‍പയര്‍ (വിഗ്ന സൈനന്‍സിസ്)
  • സെന്‍ട്രോ (സെന്‍ട്രോസീമ പ്യൂബെന്‍സിസ്)
  • കല്‍പഗോണിയം മ്യൂക്കനോയിഡ്സ്

 

സി) ധാന്യവിളകള്‍

  • മക്കച്ചോളം (സീയാ മേയ്സ്)
  • ഓട്സ്
  • മണിച്ചോളം (സോര്‍ഗം വള്‍ഗേര്‍)


ഡി) മിശ്രിത ഫോഡര്‍വിളകള്‍

  • കോംഗോ സിഗ്നല്‍ : സെന്‍ട്രോ/സ്റ്റൈലോ
  • ഗിനി : സെന്‍ട്രോ/സ്റ്റൈലോ
  • സങ്കര നേപ്പിയര്‍ : കല്‍പഗോണിയം / സ്റ്റൈലോ

ഇ) വൃക്ഷവിളകള്‍

  • പീലിവാക (സുബാബുള്‍) - (ലൂസിന ലൂക്കോസെഫാല)
  • അഗത്തി
  • ശീമക്കൊന്ന (ഗ്ളൈറിസീഡിയ മാക്കുലേറ്റ)

 

മികച്ചയിനം പുല്‍വിത്തുകള്‍ ആവശ്യമുള്ളവര്‍ താഴെപ്പറയുന്ന വിലാസത്തില്‍ ബന്ധപ്പെടുക.

  1. കോര്‍ഡിനേറ്റര്‍, കെ.എല്‍.ഡി. ബോര്‍ഡ്, ധോണിഫാം, പാലക്കാട് - 678016 ഫോണ്‍ : 0491 2555127)
  2. മാനേജിംഗ് ഡയറക്ടര്‍, കെ.എല്‍.ഡി. ബോര്‍ഡ്, ഗോകുലം, പട്ടം - പി.ഒ. തിരുവനന്തപുരം. ഫോ:

 

അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate