Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

തീറ്റപ്പുല്ല് സൈലേജാക്കാം

കൂടുതല്‍ വിവരങ്ങള്‍

തീറ്റപ്പുല്ല് സൈലേജാക്കാം

തീറ്റപ്പുല്ല് വ്യാപകമായി നശിച്ചു പോയതും വൈക്കോൽ വെള്ളം കയറി നഷ്ടപ്പെട്ടതും കാരണം കന്നുകാലികൾക്ക് തീറ്റ കിട്ടാനില്ലാത്ത അവസ്ഥ പ്രളയാനന്തരകാലത്തെ പ്രധാന പ്രശ്നമായി അവശേഷിക്കുകയാണ്. പുല്ലും വൈക്കോലും കിട്ടാനില്ലാത്ത സാഹചര്യത്തിൽ ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പുകളും മറ്റു

സർക്കാരിതര സംഘടനകളും നൽകിയ സാന്ദ്രിത കാലിത്തീറ്റയും വൈക്കോലും മാത്രമായിരുന്നു കർഷകർക്ക് ആശ്രയം. പുൽകൃഷി വ്യാപകമായി നശിച്ചുപോയ സാഹചര്യത്തിൽ പച്ചപ്പുല്ലിന്റെ കുറവ് കന്നുകാലികളെ വളരെ സാരമായിത്തന്നെ ബാധിച്ചു. സാന്ദ്രിത കാലിത്തീറ്റയോ വൈക്കോലോ എത്രകണ്ട് നൽകിയാലും അതിനു പകരമാവുന്നില്ല. പശുക്കളുടെ ആരോഗ്യത്തെയും തുടർന്നുള്ള പാലുല്പാദനത്തെയും അത് സാരമായി ബാധിക്കുകയും ചെയ്യുന്നുണ്ട്.

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ഷീരവികസനവകുപ്പ് "നാഷണൽ ഡെയറി ഡെവലപ്പ്മെന്റ് ബോർഡു’മായി ചേർന്ന് സൈലേജ് കർഷകർക്ക് വിതരണം ചെയ്തിരുന്നു. ക്ഷീര കർഷകർക്ക് ഒട്ടൊന്നുമല്ല അത് പ്രയോജനപ്പെട്ടത്. പച്ചപ്പുല്ലിന്റെ ഗുണം പൂർണമായി കിട്ടുന്ന പോഷകസമൃദ്ധമായ സൈലേജ് ലഭ്യമെങ്കിൽ ഏത് വരൾച്ചയിലും വെള്ളപ്പൊക്കത്തിലും കാലികളെ തീറ്റുന്നതിനും പാലുൽപ്പാദനം കുറയാതെ നിലനിർത്തുന്നതിനും പ്രയോജനകരമാണ്. എന്നാൽ കേരളത്തിലെ വലിയ ഫാമുകളിൽ പോലും സൈലേജ് നൽകുന്ന രീതി നിലവിൽ വന്നിട്ടില്ല. കൂടുതൽ വർഷം നിലനിൽക്കുന്ന വിളകൾ കാലാവസ്ഥാ വ്യതിയാനമനുസരിച്ച് പെട്ടെന്ന് ഇല്ലാതാകുമ്പോൾ അത് നമ്മുടെ കാലിസമ്പത്തിനെ ബാധിക്കാതിരിക്കുന്നതിന് പച്ചപ്പുല്ല് സംഭരിച്ച് വച്ച് സൈലേജ് ആക്കി സൂക്ഷിക്കാവുന്നതും അടിയന്തിര ഘട്ടങ്ങളിൽ പ്രയോജനപ്പെടുത്താവുന്നതാണ്.

എന്താണ് സൈലേജ്

പോഷകസമൃദ്ധമായ പച്ചപ്പുല്ല് ധാരാളം ലഭിക്കുന്നകാലത്ത് അതിനെ പ്രത്യേക രീതിയിൽ സംസ്കരിച്ച് സൂക്ഷിക്കുന്ന രീതിയാണിത്. ചുരുക്കിപ്പറഞ്ഞാൽ തീറ്റപ്പുല്ല് അച്ചാർ ആക്കി സൂക്ഷിച്ച് വച്ച് അവയുടെ ദൗർലഭ്യം അനുഭവപ്പെടുന്ന കാലത്ത് ഉപയോഗിക്കുന്ന രീതി. ഹൈബ്രിഡ് നേപ്പിയർ പോലുള്ള നല്ല വിളവു തരുന്ന പുല്ലിനങ്ങൾ,ഹസ്വകാല വിളകളായ മക്കച്ചോളം തുടങ്ങിയവ ഇപ്രകാരം സൈലേജ് ആക്കി സൂക്ഷിച്ച് സംഭരിക്കാവുന്നതാണ്. മക്കച്ചോളം പോലുള്ളവ ഒറ്റ വിളവെടുപ്പു മാത്രമുള്ളതാണ്. അതുകൊണ്ട് ഇങ്ങനെ സംഭരിച്ച് വച്ച് ഉപയോഗിക്കുന്നതാണ് അഭികാമ്യം.

നമ്മുടെ നാട്ടിലും ചോളത്തിന് വളരാൻ പറ്റിയ സാഹചര്യമുണ്ട്. വ്യാവസായികാടിസ്ഥാനത്തിൽ തീറ്റപ്പുൽ കൃഷിചെയ്യുന്ന കർഷകരെ തെരഞ്ഞെടുത്ത് സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിൽ ഇതു ചെയ്യാവുന്നതാണ്. ഇതിന്റെ ഗുണഫലം കർഷകർ മനസ്സിലാക്കുന്ന മുറയ്ക്ക് കൂടുതൽ വ്യാപിപ്പിക്കുവാനും പച്ചപ്പുല്ലിന്റെ ദൗർലഭ്യത്തിന് സ്ഥായിയായ പരിഹാരം കാണുവാനും കഴിയും.

സൈലേജ് ഉണ്ടാക്കുന്ന വിധം

സൈലേജ് ഉണ്ടാക്കുന്നതിന് പല രീതികളുണ്ട്. വലിയ കുഴികളിൽ (സൈലോ പിറ്റ്) പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന രീതി, കനമുള്ള ഭിത്തിയോടുകൂടിയ ബങ്കറുകളിൽ (ബങ്കർ സൈലോ) നിർമ്മിക്കുന്ന രീതി, ടവർ സൈലോ രീതി ഒക്കെ അവലംബിച്ചുവരുന്നുണ്ട്. വ്യാവസായികാടിസ്ഥാനത്തിൽ യന്ത്രസഹായത്തോടെ നിർമ്മിക്കുന്നതിന് രണ്ടും മൂന്നും രീതികളാണ് പിന്തുടരുന്നത്. ഇവയ്ക്ക് പുറമേ പ്രത്യേകം തയ്യാറാക്കിയ പ്ലാസ്റ്റിക് ബാഗുകളിലും സൈലേജ് ഉണ്ടാക്കാം. പിറ്റ് സൈലോകളുടെ അടിവശവും വശങ്ങളും കോൺക്രീറ്റ് ചെയ്തതാണ് നല്ലത്.

അടിവശം അൽപ്പം ചരിച്ച് നിർമ്മിക്കുന്നത് നല്ലതാണ്. അധികജലം ഒഴുകിപ്പോകാനാണിത്. അധികജലം ഒഴുകിപ്പോകുന്നതിന് ചെറിയ ചാലും വയ്ക്കാം. 2 ക്യുബിക് മീറ്റർ വ്യാപ്തമുള്ള കുഴിയിൽ 400 കി.ഗ്രാം പുല്ല് സംഭരിക്കാം.

സൈലേജ് നിർമാണത്തിന്റ ആദ്യഘട്ടമായി തീറ്റപ്പുല്ല് അല്ലെങ്കിൽ മക്കച്ചോളം വിളവെടുക്കുന്നു. പച്ചപ്പുല്ലിൽ പോഷകങ്ങൾ ഏറ്റവും കൂടുതലുള്ള സമയത്താണ് വിളവെടുപ്പ് നടത്തേണ്ടത്. സങ്കരനേപ്പിയർ ആണെങ്കിൽ പൂവിടുന്നതിനു മുൻപും, മക്കച്ചോളമാണെങ്കിൽ കായ്കളിൽ പാൽ ഉറയ്ക്കുന്ന ഘട്ടത്തിലും വിളവെടുക്കണം. ഇങ്ങനെ വിളവെടുത്ത പച്ചപ്പുല്ല് നന്നായി അരിഞ്ഞെടുക്കണം. തണ്ടും ഇലകളുമെല്ലാം യന്ത്രസഹായത്താൽ (ചാഫ് കട്ടർ) ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കാം. ഒരു ടൺ പുല്ലിന് 30-35 കിലോഗ്രാം എന്ന നിരക്കിൽ മൊളാസസ് (ശർക്കര) 1 കിലോയ്ക്ക് 3 ലിറ്റർ എന്ന നിരക്കിൽ വെള്ളം ചേർത്ത് ലായനി തയ്യാറാക്കുക. അതിനുശേഷം അരിഞ്ഞെടുത്ത പുല്ല് സൈലേജ് കുഴിയിൽ അധികം കനമില്ലാത്ത രീതിയിൽ നിരത്തുക. ശർക്കര ലായനി പുല്ലിന്റെ എല്ലാ ഭാഗവും നനയും വിധം തളിക്കുക. ഗാർഡൻസ്പ്രേയർ ഇതിനായി ഉപയോഗിക്കാം. ജലാംശം അധികമാവാതെ നോക്കണം. വീണ്ടും അടുത്ത പാളിനിരത്തുക. ലായനി അൽപ്പാൽപ്പം തളിക്കുക. ഇടയ്ക്കിടെ അൽപ്പാൽപ്പം ഉപ്പ് വിതറുന്നതും നല്ലതാണ്. പുല്ല് നന്നായി ചവിട്ടി അമർത്തുക. ഓരോ പാളി പുല്ല് നിരത്തി മേല്‍ പ്രക്രിയകൾ ആവർത്തിക്കുക. വായു കടക്കാത്ത വിധം നന്നായി അമർത്തിക്കൊള്ളിക്കുക. കുഴിയുടെ മുകൾഭാഗത്തിനടുത്തെത്തുമ്പോൾ നന്നായി അമർത്തി പ്ലാസ്റ്റിക് കൊണ്ട് നന്നായി മൂടി വയ്ക്കുക. അതിന് മുകളിൽ ചെളിമണ്ണ് കുഴച്ച് ഭദ്രമായി മഴവെളളം വീഴാത്ത തരത്തിൽ മൂടിയുള്ള തരത്തിൽ സൂക്ഷിക്കുക. ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ സൈലെജ് അമർന്ന് ചെളി മൂടിയ ഭാഗത്ത് വിള്ളൽ ഉണ്ടാകാം. അപ്പോൾ വീണ്ടും ഇപ്രകാരം അമർത്തിത്തേച്ച് വായുവും വെള്ളവും കടക്കാതെ സൂക്ഷിക്കുക.

ഇങ്ങനെ തയ്യാറാക്കിയ സൈലേജിൽ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം നടന്ന് കന്നുകാലികളുടെ ദഹനത്തെ സഹായിക്കുന്ന പോഷകപ്രദമായ പദാർത്ഥങ്ങൾ രൂപപ്പെടുന്നു. 60 ദിവസമായി സൈലേജ് ഉപയോഗയോഗ്യമാണ്. തുറക്കാതെ, വായുവും വെള്ളവും കടക്കാതെ സൂക്ഷിച്ചാൽ ദീർഘനാൾ കഴിഞ്ഞ് പുല്ലിനു ദൗർലഭ്യം നേരിടുന്ന വേനലിലും മറ്റും ഉപയോഗിക്കാം. തുറന്നുകഴിഞ്ഞാൽ കഴിയും വേഗം ഉപയോഗിച്ച് തീർക്കണം. ഓരോ ദിവസവും ആവശ്യത്തിന് എടുത്തശേഷം ഭദ്രമായി മൂടിവയ്ക്കാം. നല്ല സൈലേജിന് പച്ചകലർന്ന മഞ്ഞനിറവും ആകർഷകമായ ഗന്ധവും ഉണ്ടാകും. പ്രളയകാലത്ത് വിവിധ ഏജൻസികൾ നൽകിയ സൈലേജ് കേരളത്തിലെ പശുക്കൾ വളരെ സ്വാദോടെ കഴിക്കുന്നുണ്ട്. വടക്കേ ഇന്ത്യയിൽ നിന്നുള്ള ഏജൻസികളിൽ ചിലത് ഇവിടെ സൈലേജിന് വിപണി പിടിക്കുവാൻ ശ്രമിക്കുന്നുണ്ട്. കാരണം പ്രളയ മേഖലയിലെങ്കിലും സൈലേജിന്റെ ഗുണം നമ്മുടെ ക്ഷീരകർഷകർ മനസ്സിലാക്കിക്കഴിഞ്ഞു.

ആദ്യമായി സൈലേജ് ഉപയോഗിച്ചു തുടങ്ങുമ്പോൾ

ആദ്യദിവസം ഓരോ കിലോ വീതം രണ്ടു നേരമായി ഒരു പശുവിന് നൽകാം. രണ്ടാം ദിവസം രണ്ടു കിലോ വീതം ഇങ്ങനെ ക്രമത്തിൽ അഞ്ചുകിലോ വീതം രണ്ടു നേരമായി നൽകാവുന്നതാണ്. കറുപ്പുനിറം ബാധിച്ചതോ പൂപ്പൽ ബാധിച്ചതോ ആയവ കന്നുകാലികൾക്ക് നൽകരുത്. മൂന്നുമാസത്തിനുള്ളിലുള്ള കിടാങ്ങൾക്കും പ്രസവിക്കാറായവയ്ക്കും സൈലേജ് നൽകേണ്ടതില്ല.

സൈലേജ് ഉത്തമ പോഷകം

അഞ്ചു കിലോ സൈലേജിൽ നിന്നും 1 കിലോഗ്രാം പച്ചപ്പുല്ല്, 1.25 കിലോഗ്രാം ചോളപ്പൊടി, 1.25 കിലോഗ്രാം വൈക്കോൽ ഇവയിൽ നിന്നും ലഭിക്കുന്നത്ര പോഷകങ്ങൾ ലഭിക്കും.

ക്ഷീരവികസന ഓഫീസര്‍,

ഹരിപ്പാട് ബ്ലോക്ക്,

കടപ്പാട്: കേരളകര്‍ഷകന്‍

 

3.09090909091
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top