অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

എരുമകള്‍

എരുമയുടെ പെരുമ

ഇന്ത്യയില്‍ കര്‍ഷകരുടെ മനസ്സില്‍ എരുമയ്ക്ക് നൂറഴകാണ്. ദേശത്ത് ധവളവിപ്ലവം കൊണ്ടുവന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ സ്വന്തമായ എരുമകളാണ്. ലോകത്തിന്റെ പാല്‍ക്കുടമായി ഭാരതം മുന്നേറുമ്പോള്‍ അതിന്റെ പകുതിയിലധികം സംഭാവനചെയ്യുന്നത് എരുമകളാണ്. സങ്കരയിനം പശുക്കള്‍ ക്ഷീരോല്‍പ്പാദനത്തിന്റെ നട്ടെല്ലാകുന്ന കേരളത്തില്‍ എരുമകളുടെ എണ്ണം ക്രമാതീതമായി കുറയുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. കാരണങ്ങളേറെ നിരത്തിയാലും വിലയേറിയ ഈ ജൈവസമ്പത്ത് കുറയുന്നത് ഉല്‍ക്കണ്ഠ ഉണര്‍ത്തുന്നതാണ്.കണക്കുകള്‍ പറയുന്നത്

ലോകത്ത് ഏറ്റവും കൂടുതല്‍ എരുമകളുള്ള രാജ്യമാണ് ഇന്ത്യ. ഏകദേശം 10 കോടി എരുമകള്‍ ഇന്ത്യയിലുണ്ട്. പശുക്കളുടെ എണ്ണം 19 കോടിയോളം വരുമെങ്കിലും പാലുല്‍പ്പാദനത്തിന്റെ ഏറിയ പങ്കും എരുമകളില്‍നിന്നാണ്. ഇന്ത്യയിലെ മൊത്തം എരുമകളുടെ എണ്ണം വര്‍ധിക്കുന്നുമുണ്ട്. എന്നാല്‍, കേരളത്തിലെ എരുമകളുടെ എണ്ണത്തില്‍ വന്‍തോതിലുള്ള കുറവാണ് കാണുന്നത്. അവസാനം ലഭ്യമായ കണക്കനുസരിച്ച് എരുമകളുടെ എണ്ണം കേവലം അറുപതിനായിരത്തിനടുത്താണ്. സ്ഥിതിവിവരക്കണക്കിന്റെ ഇടവേളയില്‍ 40 ശതമാനത്തോളം എണ്ണത്തില്‍ കുറവുവരികയെന്നത് ഏറെ ആശങ്കാജനകംതന്നെ.

ശാരീരിക സവിശേഷതകള്‍
എരുമകളുടെ ഏറ്റവും വലിയ ശത്രു ചൂടുകാലാവസ്ഥയാണ്. കറുപ്പു നിറവും കട്ടിയുള്ള തൊലിയും വിയര്‍പ്പുഗ്രന്ഥികളുടെ എണ്ണക്കുറവും ശരീര താപനില നിയന്ത്രിക്കാനുള്ള കഴിവുകുറവിനു കാരണമാകുന്നു. വെള്ളക്കെട്ടുള്ള പാടങ്ങള്‍, ചതുപ്പുനിലങ്ങള്‍, കടലോരങ്ങള്‍ ഇവയൊക്കെ എരുമ വളര്‍ത്താന്‍ യോജിച്ച സ്ഥലങ്ങളാകുന്നത് ഇതിനാലാണ്. വെള്ളത്തോടും ജലാശയങ്ങളോടും സ്വതസിദ്ധമായൊരിടം ഇവയ്ക്കുണ്ട്. ചളിവെള്ളത്തില്‍ ഉരുളുന്നതും, വെള്ളത്തില്‍ നീന്തിത്തുടിക്കുന്നതും ഇവ ഏറെ ഇഷ്ടപ്പെടുന്നു. ശരീരതാപവും ബാഹ്യപരാദങ്ങളെയും നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു. ചൂടുകൂടുമ്പോള്‍ വെള്ളവും തണലും തേടി ഇവ നീങ്ങുന്നു.

തീറ്റക്രമം- പ്രത്യേകതകള്‍ 
ഗുണം അല്‍പ്പം കുറഞ്ഞ പരുഷാഹാരങ്ങളില്‍ നിലനില്‍ക്കാനും മേന്മയുള്ള പാലും, മാംസവും ഉല്‍പ്പാദിപ്പിക്കാനുമുള്ള കഴിവാണ് എരുമകളുടെ പ്രത്യേകത. നാരുകള്‍ കൂടിയ ആഹാരം ദഹിപ്പിക്കാനുള്ള കഴിവും കൂടുതലുണ്ട്. ഉമിനീരിന്റെ അളവ്, ആമാശയത്തിന്റെ ആദ്യ അറയായ ദമന്റെ വലുപ്പം, സൂക്ഷ്മജീവികളുടെ എണ്ണം എന്നിവയും കൂടുതലാണ്. അതിനാല്‍ പരുഷാഹാരം കൂടുതല്‍ നല്‍കി വിശപ്പടക്കണം. ഓരോ രണ്ടുകിലോ പാലിനും ഒരു കിലോഗ്രാം കാലിത്തീറ്റ നല്‍കണം. ഭക്ഷ്യയോഗ്യമായ കാര്‍ഷിക വ്യവസായ അവശിഷ്ടങ്ങള്‍ തീറ്റയായി നല്‍കാമെന്ന പ്രയോജനവുമുണ്ട്. എരുമകളുടെ പാലില്‍ കൂടുതല്‍ കൊഴുപ്പും, ഖരപദാര്‍ഥങ്ങളും ഉള്ളതിനാല്‍ കൂടുതല്‍ തീറ്റ നല്‍കേണ്ടിവരും. പശുക്കള്‍ക്ക് നല്‍കാന്‍കഴിയാത്ത പരുക്കന്‍ തീറ്റകളും ഇവയ്ക്ക് ഉപയോഗിക്കുന്നു.

പെരുമയുള്ള ഇനങ്ങള്‍
എരുമകളുടെ ജന്മദേശമായ ഇന്ത്യയില്‍ ഏകദേശം പന്ത്രണ്ടോളം ജനുസ്സുണ്ട്. ഏറ്റവും ഉല്‍പ്പാദനശേഷിയുള്ള ഇനമായ മുറ, ഗുജറാത്തിലെ സുര്‍ത്തി, ജാഫ്രബാഡി, നീലിരവി, ധവളവിപ്ലവത്തിന് വിത്തുകള്‍ പാകിയ മെഹ്സാന തുടങ്ങി മികച്ച ജനുസ്സുകളുടെ ജന്മഭൂമിയാണ് ഇന്ത്യ. കൂടാതെ കൃഷിയിടങ്ങളില്‍ ജോലിചെയ്യാന്‍ ഉപയോഗിക്കുന്ന ഇനങ്ങളുമുണ്ട്. ഇവയൊക്കെ കഠിന പരിതസ്ഥിതികളില്‍ ജോലിചെയ്യാന്‍ യോജിച്ചവയാണ്. സ്വന്തമായി പാല്‍ ജനുസ്സുകളൊന്നും ഇല്ലാത്ത കേരളത്തില്‍ സുര്‍ത്തി പോത്തുകളെയാണ് പ്രജനത്തിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ അവയുടെ പാലുല്‍പ്പാദനശേഷി കുറവാണെന്നതിനാല്‍ ഇപ്പോള്‍ മുറ ഇനങ്ങളുടെ ബീജമാണ് ഉപയോഗിക്കുന്നത്.

മേന്മയേറിയ പാലും മാംസവും
എരുമപ്പാലില്‍ പശുവിന്‍പാലിനെക്കാള്‍ കൊഴുപ്പും, ഖരപദാര്‍ഥങ്ങളും കൂടുതലുണ്ട്. മാംസ്യം, കാത്സ്യം എന്നിവയും അധികമുണ്ട്. അതിനാല്‍ പാലുല്‍പ്പന്ന നിര്‍മാണത്തിന് അനുയോജ്യം. വിറ്റമിന്‍ എ, ഇ എന്നിവയുടെ അളവും കൂടുതലാണ്. കൊളസ്ട്രോളിന്റെ അളവ് കുറവ്. തൈര്, വെണ്ണ, നെയ്യ്, ചീസ്, പനീര്‍, യോഗര്‍ട്ട്, ഖോവ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ എരുമപ്പാല്‍ ഏറെ യോജ്യമാണ.് സംസ്കരണ പ്രക്രിയയില്‍ വിറ്റാമിനുകള്‍ ഏറെ നഷ്ടപ്പെടുന്നുമില്ല. എരുമപ്പാലില്‍നിന്ന് പാല്‍പ്പൊടി ഉണ്ടാക്കാമെന്നു തെളിയിച്ചതാണ്, വര്‍ഗീസ് കുര്യന്‍ അമൂലിനു നല്‍കിയ പ്രധാന സംഭാവനകളിലൊന്ന്. ചായ, കാപ്പി എന്നിവ ഉണ്ടാക്കാന്‍ മികച്ച ഒരു ഡെയ്റി വൈറ്റ്നര്‍കൂടിയാണ് എരുമപ്പാല്‍. രുചികരവും, മൃദുവും, ഉയര്‍ന്ന മാംസ്യതോതുമുള്ള പോത്തിറച്ചിയില്‍ കൊഴുപ്പും, കൊളസ്ട്രോളും മാട്ടിറച്ചിയെക്കാള്‍ കുറവ്. കട്ടിയുള്ള പേശീതന്തുക്കളാണ് ഇവയുടെ പ്രത്യേകത. ലോക മാംസ്യവിപണിക്ക് ഭീഷണിയായ ഭ്രാന്തിപ്പശു രോഗം എരുമയുടെ ഏഴയലത്തുവരില്ല. അതിനാല്‍ വിദേശ വിപണിയിലും സാധ്യതകളുണ്ട്.

എരുമകളില്‍ വന്ധ്യത

കേരളത്തില്‍ എരുമകളുടെ വലിയ കുറവുവന്നിരിക്കുമ്പോഴും എരുമകളെ ഇഷ്ടപ്പെടുകയും പരിപാലിക്കുകയുംചെയ്യുന്ന ഒരുവിഭാഗം കര്‍ഷകരുണ്ട്.  ഇവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എരുമകളിലെ വന്ധ്യതയാണ്. എന്നാല്‍, വന്ധ്യതയ്ക്ക് കാരണമാകുന്ന ചില പ്രധാന പ്രശ്നങ്ങളെങ്കിലും ശാസ്ത്രീയ പരിപാലനത്തിലൂടെ ഒഴിവാക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നതാണ്.
എരുമകളുടെ പ്രത്യുല്‍പ്പാദനവുമായി ബന്ധപ്പെട്ട് സാധാരണ കര്‍ഷകര്‍ പറയാറുള്ള സ്ഥിരം പരാതികളുണ്ട്.

വയസ്സു രണ്ടു കഴിഞ്ഞിട്ടും മദി കാണിക്കുന്നില്ല, മദിക്ക് ശക്തമായ വ്യക്തമായ ലക്ഷണങ്ങളില്ല, രണ്ടോ അതില്‍ കൂടുതലോ  ദിവസങ്ങള്‍ നീളുന്ന മദി, പലതവണ കുത്തിവയ്പിച്ചാലും ഗര്‍ഭധാരണം നടക്കുന്നില്ല,  2–3 മാസം ഇടവിട്ടുള്ള മദി തുടങ്ങിയവയാണിത്. മേല്‍പ്പറഞ്ഞ പ്രശ്നങ്ങളുടെ പരിഹാരം തേടുന്നതിനുമുമ്പ് പശുക്കളുടേതില്‍നിന്നു വ്യത്യസ്തമായ ശാരീരികസ്വഭാവ പ്രത്യേകതകളുള്ള മൃഗമാണ് എരുമയെന്നും അവയുടെ പ്രത്യേകതകളെക്കുറിച്ചുമുള്ള പാഠങ്ങള്‍ എരുമകര്‍ഷകര്‍ മനസ്സിലാക്കിയിരിക്കണം.

എരുമകളില്‍ കിടാരികളില്‍ മദിചക്രം 18–20 ദിവസവും അമ്മമാരില്‍ 20–24 ദിവസവുമാണ്. മദിസമയം 18–24 മണിക്കൂര്‍ ആയിരിക്കും. മദിയുടെ പുറംലക്ഷണങ്ങള്‍ ശക്തമായി പ്രകടിപ്പിക്കുകയില്ല. പശുക്കളില്‍ മദിയുടെ മുഖ്യലക്ഷണമായി നാം കാണുന്ന മറ്റു പശുക്കളുടെ പുറത്തുകയറുന്ന സ്വഭാവം എരുമകള്‍ കാണിക്കുക പതിവില്ല.  എന്നാല്‍, മദിയിലുള്ള എരുമകള്‍ പോത്തുകളെ മേലില്‍ക്കയറാന്‍ അനുവദിക്കുന്നു. മദിയിലല്ലെങ്കില്‍  ഇതൊരിക്കലും അനുവദിക്കുകയുമില്ല.  പാല്‍ കുറയുക, കരച്ചില്‍, പതിവില്ലാതെ ഓട്ടവും ചാട്ടവും, ഇടവിട്ട് കുറഞ്ഞ അളവില്‍ മൂത്രമൊഴിക്കല്‍, ഈറ്റത്തില്‍ തടിപ്പ്, തെളിഞ്ഞ മാച്ചുപോകല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചേക്കാം.  കൃത്യമായ നിരീക്ഷണത്തിലൂടെ മാത്രമേ എരുമകളിലെ മദിസമയം തിരിച്ചറിയാന്‍ കഴിയുകയുള്ളു. ആദ്യമായി  എരുമകള്‍  മദി കാണിക്കുന്നത് പശുക്കളുമായി  താരതമ്യം ചെയ്യുമ്പോള്‍ അല്‍പ്പം പ്രായമെത്തിയതിനുശേഷമാണ്.  നല്ല തീറ്റക്രമം അനുവര്‍ത്തിച്ചാല്‍ 30–36 മാസം പ്രായത്തില്‍ ആദ്യ മദിലക്ഷണം കാണിക്കുന്നു.  ഈ സമയം 300 കിലോഗ്രാംവരെ തൂക്കവുമെത്തുന്നു. ഒന്നോര്‍ക്കുക  പ്രായമല്ല, ശരീരമാണ്  ഇക്കാര്യത്തില്‍ പ്രധാനം.

എരുമകളില്‍ ബീജാധാനം നടത്തുന്ന സമയം ഏറെ ശ്രദ്ധിക്കണം. മദിയുള്ള സമയത്ത്  അതായത് മദിയുടെ മധ്യഭാഗത്തും മദി അവസാനിക്കുന്നതിന്  മുമ്പുമാണ് പറ്റിയ സമയം. അതായത് മദി തുടങ്ങി 12 മണിക്കൂറിനുശേഷം കുത്തിവയ്പ് നടത്താം. മദി തുടങ്ങിയ സമയം അറിയാത്ത സാഹചര്യത്തില്‍ ലക്ഷണങ്ങള്‍ കാണുമ്പോള്‍ത്തന്നെ  ബീജാധാനം നടത്തുകയും അടുത്ത ദിവസം മദിലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍  കുത്തിവയ്പ് ഒന്നുകൂടി  നടത്തുകയുംചെയ്യണം. രണ്ടുതവണ കുത്തിവയ്പ് നടത്തിയിട്ടും ഗര്‍ഭധാരണം  നടക്കാത്തവയെയും രണ്ടില്‍ക്കൂടുതല്‍ ദിവസം മദി കാണിക്കുന്നവയെയും  വെറ്ററിനറി ഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കണം.

കുത്തിവയ്പ് സംബന്ധിച്ച അബദ്ധധാരണകള്‍ പുലര്‍ത്തുന്ന രീതികള്‍ കാര്യങ്ങള്‍ പഠിച്ച് മാറ്റിയെടുക്കണം. ബീജാധാനത്തിനുശേഷം വെള്ളം നല്‍കരുത്. ബീജാധാനത്തിനുമുമ്പ്  വെള്ളവും തീറ്റയും നല്‍കരുത്. ബീജാധാനത്തിനുശേഷം എരുമ കിടക്കരുത്, മൂത്രമൊഴിക്കരുത് തുടങ്ങിയ പല ധാരണകളുമുണ്ട്. എന്നാല്‍,  ഇവയ്ക്കൊന്നും ശാസ്ത്രീയ അടിത്തറയില്ല. എന്നാല്‍, ബീജാധാനത്തിനായി ഏറെ ദൂരം  ഓടിച്ചുകൊണ്ടുവരിക, അടിക്കുക, വേദന നല്‍കുക തുടങ്ങിയ പ്രവൃത്തികള്‍ ഗര്‍ഭധാരണസാധ്യത കുറയ്ക്കുന്നു.

വേനല്‍ക്കാലമാണ് എരുമകളുടെ പ്രധാന ശത്രു. ഈ സമയത്ത് വന്ധ്യതയും പ്രശ്നമാകും.  ഉയര്‍ന്ന ചൂട് എരുമകള്‍ സഹിക്കില്ല. മദിലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരിക്കുക, പ്രകടിപ്പിച്ചാലും ഗര്‍ഭധാരണംനടക്കാതിരിക്കുക എന്നിവയുണ്ടാകും. എന്നാല്‍,വര്‍ഷക്കാലം തുടങ്ങുന്നതോടെ മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ ചികിത്സയില്ലെങ്കിലും സാധാരണയായി അവസാനിക്കാറാണ് പതിവ്. ഗര്‍ഭാശയ അണുബാധയും എരുമകളില്‍ വന്ധ്യതയുണ്ടാക്കും. പ്രസവസമയത്തും മദിസമയത്തും മാത്രമാണ് ഗര്‍ഭാശയം  തുറക്കുന്നത് ഈ സമയങ്ങളില്‍ അണുബാധയ്ക്കുള്ള സാധ്യത കൂടുന്നു. ഈ സമയത്തുണ്ടാകുന്നപിഴവുകള്‍  അണുബാധയുണ്ടാക്കും. അതിനാല്‍ പ്രസവവും ബീജാധാനവും വിദഗ്ധഡോക്ടര്‍മാര്‍തന്നെ  ചെയ്യാന്‍ ശ്രദ്ധിക്കണം.പോഷകക്കുറവും വന്ധ്യതയുടെ കാരണമായതിനാല്‍ വെറ്ററിനറി ഡോക്ടറുടെ ഉപദേശപ്രകാരം  സമീകൃത തീറ്റക്രമം അനുവര്‍ത്തിക്കണം. പുല്ലിനും വൈക്കോലിനും ഒപ്പം 2 കിലോഗ്രാം പാലിന് ഒരു കിലോഗ്രാംസമീകൃത കാലിത്തീറ്റ എന്നഅളവില്‍ നല്‍കണം.

എരുമകളുടെ ഗര്‍ഭകാലം  310–315 ദിവസമാണ്. പ്രസവം കഴിഞ്ഞാല്‍ 3–4 മാസങ്ങള്‍ക്കുള്ളിലാവും മദിലക്ഷണങ്ങള്‍. ആദ്യം മദി ഒഴിവാക്കി അടുത്ത മദിയില്‍ ബീജാധാനം നടത്താം. മൂന്നുവര്‍ഷത്തില്‍ രണ്ടു പ്രസവമെങ്കിലും കിട്ടിയാലേ എരുമവളര്‍ത്തല്‍ വിജയകരമാകൂ. ചൂടുകൂടിയ സമയത്ത് ഗര്‍ഭധാരണശേഷി കുറയുമെങ്കിലും ഒക്ടോബര്‍മുതല്‍ ഫെബ്രുവരിവരെയുള്ള മാസങ്ങളില്‍ ഗര്‍ഭധാരണശേഷി കൂടുതലുള്ളതായി കാണപ്പെടുന്നു. തണുത്ത കാലാവസ്ഥയും പകലിന്റെ നീളക്കുറവും  കാരണമാണിത്. ഈ സമയത്ത് കാണുന്ന മദിയില്‍ കുത്തിവയ്പ് നിര്‍ബന്ധമായും ചെയ്യണം.

എരുമക്കര്‍ഷകര്‍ മദിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രത്യേകിച്ച് മദി കണ്ട ദിവസം, ലക്ഷണങ്ങള്‍ തുടങ്ങിയ സമയം, അവസാനിച്ച സമയം തുടങ്ങിയ വിവരങ്ങളും കുത്തിവയ്പുമായി ബന്ധപ്പെട്ട തീയതികളും കൃത്യമായി എഴുതിസൂക്ഷിക്കുന്നത് ഏറെ സഹായകരമാകും.

കടപ്പാട് : ഡോ. സാബിന്‍ ജോര്‍ജ്

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate