অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഒത്തിരി വരുമാനത്തിനു ഇത്തിരിപ്പക്ഷികള്‍

ഒത്തിരി വരുമാനത്തിനു ഇത്തിരിപ്പക്ഷികള്‍

പ്രളയശേഷം അതിജീവനത്തിന്റെ വഴികൾ തേടുന്നവർക്ക് വേഗത്തിൽ നിത്യവരുമാനം നേടിക്കൊടുക്കാൻ കഴിവുള്ളവയാണ് കാടപ്പക്ഷികൾ. മുട്ടയ്ക്കായും, ഇറച്ചിയ്ക്കായും ഇവയെ വളർത്താം. ഒപ്പം കാടക്കുഞ്ഞുങ്ങളെ വിരിയിച്ചിറക്കുന്ന ഹാച്ചറികളും, വിരിഞ്ഞിറങ്ങുന്ന കാടക്കുഞ്ഞുങ്ങളെ നിശ്ചിത പ്രായം വരെ പരിപാലിക്കുന്ന നഴ്സസറികളും അനുബന്ധ വരുമാനമാർഗങ്ങളാക്കാം.

ഒരു ദിവസം പ്രായത്തിൽ ആൺ പെൺ വ്യത്യാസമില്ലാതെയോ, നാലാമത്തെ ആഴ്ചയിൽ പെൺകാടകൾ മാത്രമായോ വിപണിയിൽ നിന്നു ലഭിക്കും. ഒരു ദിവസം പ്രായമുള്ള കാടയ്ക്ക് 7 രൂപയോളം വില വരും, 3-4 ആഴ്ചയുള്ള പെൺകാടകളുടെ വില 30-40 രൂപയും. ആറാഴ്ച പ്രായം മുതൽ മുട്ടയിട്ടു തുടങ്ങുന്നതിനാൽ വരുമാനം ലഭിച്ചു തുടങ്ങും. കാടകളെ വീടിന്റെ ചായ്പിലോ, പ്രത്യേകമായി ഷെഡ് ഉണ്ടാക്കിയോ അതിൽ കൂടുകൾ വച്ച് പാർപ്പിക്കാം. ഷെഡ്ഡിന്റെ മേൽക്കൂര ഓടോ, ഓലയോ ആകാം. നേരിട്ട് സൂര്യപ്രകാശം വീഴാതിരിക്കാൻ കിഴക്ക്-പടിഞ്ഞാറ് ദിശയിൽ ഷെഡ് നിർമ്മിക്കുന്നത് ഉചിതം. വിരിഞ്ഞിറങ്ങുന്ന ആദ്യത്തെ മൂന്നാഴ്ച സമയം ബ്രൂഡർ സമയം എന്നും, 3-6 ആഴ്ച്ച വരെ ഗ്രോവര്‍ സമയം എന്നും, ഏഴാമത്തെ ആഴ്ച്ച മുതല്‍ (മുട്ടയിടുന്ന സമയം) ലെയര്‍ എന്നും പറയും. മൂന്ന് സമയത്തിനും യോജിച്ച പരിപാലന രീതികളാണ് അനുവര്‍ത്തിക്കേണ്ടത്. നിപ്പിള്‍ ഡ്രിങ്കറുകളും, തീറ്റപ്പാത്രങ്ങളുമൊക്കെ ഘടിപ്പിച്ച പുതുപുത്തന്‍ മോഡല്‍ കൂടുകള്‍ വിപണിയില്‍ ലഭ്യമാണ്. 100 കാടകളെ പാര്‍പ്പിക്കുന്ന കൂടുകള്‍ക്ക് നാലായിരം രൂപയോളം വിലവരും. പത്ത് വർഷത്തോളം ആയുസ്സുണ്ടാകും. ചെലവു കുറഞ്ഞ കമ്പിവലക്കൂടുകൾക്ക് ആയുസ് കുറവായിരിക്കും, ഒപ്പം സൗകര്യങ്ങളും.

കാടക്കുഞ്ഞുങ്ങളെ കൃതിമ ചൂട് നൽകി വളർത്തണം. 3 അടി നീളം, 2 അടി വീതി, ഒരടി ഉയരമുള്ള കൂട്ടിൽ 100 കുഞ്ഞുങ്ങളെ താമസ്സിപ്പിക്കാം. കാൽ ഇഞ്ച് കണ്ണികളുളള കമ്പിവലക്കൂടുകളിൽ വൈദ്യുത ബൾബ് ഇടാനുള്ള സൗകര്യമുണ്ടാകണം. ഒരു കുഞ്ഞിന് ഒരു വാട്ട് എന്നാണ് കണക്ക്. അതായത് 40 കുഞ്ഞുങ്ങൾക്ക് 40 വാട്ടിന്റെ ഒരുബൾബ്. ആദ്യത്തെ രണ്ടാഴ്ച പ്രായത്തിൽ 24 മണിക്കൂറും ചൂടും, വെളിച്ചവും വേണം. ബ്രൂഡർ കൂടുകളിൽ കുഞ്ഞുങ്ങളെ 14 ദിവസം വരെ താമസ്സിപ്പിക്കാം. ആദ്യത്തെ ആഴ്ചയിൽ കുഞ്ഞ് വീഴാതിരിക്കാൻ കൂട്ടിൽ ചണച്ചാക്ക് വിരിച്ചു കൊടുക്കണം. ആദ്യത്തെ ആഴ്ച പത്രക്കടലാസിൽ തീറ്റ നൽകാം. ഈ സമയത്തെ വെള്ളപ്പാത്രം ആഴം കുറഞ്ഞതും കാടക്കുഞ്ഞുങ്ങൾക്ക് ഉള്ളിൽ കടക്കാൻ കഴിയാത്ത വിധവുമായിരിക്കണം. ഈ സമയത്ത് കാടക്കുഞ്ഞുങ്ങൾ വെള്ളപ്പാത്രത്തിൽ വീണു മരിക്കാൻ കൂടുതൽ സാധ്യതയുണ്ട്.

4 അടി നീളത്തിൽ 2 അടി വീതിയിൽ 10 ഇഞ്ച് ഉയരത്തിൽ ഉള്ള ഒരു കൂട്ടിൽ 60 ഗ്രോവർ കാടകളെ വളർത്താം. ഇവയ്ക്ക് ചൂടും, വെളിച്ചവും ആവശ്യമില്ല. ഏകദേശം മൂന്നാഴ്ച പ്രായമാകുമ്പോൾ ആൺ പെൺ കാടകളെ തിരിച്ചറിയാം. ആൺകാടകൾക്ക് കഴുത്തിലും നെഞ്ചിലും, ഇളം ചുവപ്പും തവിട്ടും കലർന്ന നിറവും, പെൺകാടകൾക്ക് ഈ ഭാഗത്ത് കറുത്ത പുള്ളിക്കുത്തോടു കൂടിയ ചാരനിറവുമാണ്. 4 ആഴ്ച പ്രായത്തിൽ ആൺകാടകളെ മാംസത്തിനായി വിൽക്കാം. 7 അടി നീളവും 3 അടി വീതിയും 10 ഇഞ്ച് ഉയരമുള്ള ഒരു കൂട്ടിൽ 100 കാടകളെ താമസിപ്പിക്കാം. മുട്ടയ്ക്കുവേണ്ടി വളർത്തുമ്പോൾ പെൺകാടകൾ മാത്രം മതി. മുട്ട വിരിയിക്കാനാണെങ്കിൽ ആൺകാടകൾ നിശ്ചിത അനുപാതത്തിൽ വേണം. മുട്ടയിടുന്ന കാടകൾക്ക് ദിവസം 14-16 മണിക്കൂർ വെളിച്ചം ആവശ്യമാണ്. ഇതിനായി ഷെഡ്ഡിൽ ട്യൂബ് ലൈറ്റുകൾ വേണം. വൈകുന്നേരമാണ് കാടകൾ മുട്ടയിടുന്നത്. കാടകൾക്ക് ബ്രോയിലർ കോഴികളുടെ സ്റ്റാർട്ടർ തീറ്റ ആറാമത്തെ ആഴ്ചവരെയും, പിന്നീട് മുട്ടക്കാടകളുടെ തീറ്റയും നൽകണം. പൊതുവേ രോഗസാധ്യത കുറവാണെങ്കിലും പരിപാലനത്തിലെ കുറവുകൾ രക്താതിസാരം, ന്യൂമോണിയ, വയറിളക്കം എന്നിവയുണ്ടാകാം. തുടക്കത്തിൽ തന്നെ ചികിത്സിച്ചാൽ ഇവയെ പ്രതിരോധിക്കാം.

പെട്ടെന്ന് വരുമാനം, നിത്യവരുമാനം

ഏഴു രൂപ വിലയ്ക്ക് വാങ്ങുന്ന ഒരു കാട ആറാഴ്ച പ്രായം വരെ 600 ഗ്രാം തീറ്റ കഴിക്കും. ബ്രോയിലർ സ്റ്റാർട്ടർ തീറ്റയ്ക്ക് 28 രൂപയോളം വിലവരും. ആറാഴ്ചയ്ക്കു ശേഷം മുട്ടയിട്ടു തുടങ്ങുന്ന കാടകൾ പിന്നീട് 52 ആഴ്ചവരെ 9 കിലോ തീറ്റ കഴിക്കും. മുട്ടക്കാടയുടെ തീറ്റയ്ക്കും 27-28 രൂപവരും. മൂന്നാഴ്ച പ്രായത്തിൽ പെൺകാടകളെ മാത്രമായി വാങ്ങിയാൽ 30-40 രൂപ വിലവരും. നൂറു കാടകളുടെ കൂടിന് സൗകര്യങ്ങളും, ഗുണനിലവാരവുമനുസരിച്ച് അഞ്ഞൂറു മുതൽ നാലായിരം രൂപവരെ വിലവരാം. നാലാഴ്ച പ്രായമാകുമ്പോൾ ആൺകാടകളെ 20-25 രൂപയ്ക്ക് വിൽക്കാം. 100 കാടകൾ ശരാശരി 80 മുട്ടകൾ വരെ പ്രതിദിനം തരുന്നു. ചില്ലറവിലയിൽ 2 മുതൽ 2.50 വരെ മുട്ടയ്ക്ക് വില കിട്ടാം. മുട്ടയിട്ടു കഴിഞ്ഞ കാടകളെ ഇറച്ചിക്കായി കാടയൊന്നിന് 30 രൂപ വരെ വിലയിൽ വിൽക്കാം.

അസിസ്റ്റന്റ്റ് പ്രൊഫസര്‍,

വെറ്ററിനറി കോളേജ്,

മണ്ണുത്തി, തൃശ്ശൂര്‍,

ഫോണ്‍: 9446203839

കടപ്പാട്: കേരളകര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 4/18/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate