Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കോഴി വളർത്തൽ

കോഴി വളർത്തലിനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ

കോഴികളിലെ അനഭിലഷണീയ സ്വഭാവ വൈകല്യങ്ങളെ ദുശ്ശീലങ്ങളെന്ന് പറയാം. മുട്ടക്കോഴികളില്‍ സാധാരണ കണ്ടുവരുന്ന ദുശ്ശീലങ്ങള്‍ പരിശോധിക്കാം.

സ്വവര്‍ഗ ഭോജനവും തൂവല്‍ കൊത്തിവലിക്കലും


തീറ്റ, വെള്ളം എന്നിവ ആവശ്യാനുസരണം ലഭിക്കാനുള്ള സൗകര്യക്കുറവ്, ശരിയായപോഷകങ്ങളുടെും ധാതുലവണങ്ങളുടെയും അഭാവം, തീറ്റയിലെ അമിതമായ ഊര്‍ജം, നിയന്ത്രിത ഭക്ഷണരീതി,ആവശ്യത്തിലേറെയുള്ള വെളിച്ചം എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. കൂടെയുള്ള കോഴികളുടെ വിസര്‍ജനദ്വാരം, വയറിന്റെ അടിഭാഗം എന്നിവിടങ്ങളില്‍ കൊത്തി കുടല്‍മാല വലിച്ചെടുക്കുകയും അത് ജീവനാശത്തിന് ഇടയാക്കുകയും ചെയ്യുന്നു. ഒരിക്കല്‍ കൊത്തുകൊണ്ട കോഴിയെ മറ്റ് കോഴികളെല്ലാം കൂടി കൊത്താനുള്ള പ്രവണത വളരെ കൂടുതലാണ്.

ചില കോഴികള്‍ അവയുടെ വാലിലും ചിറകിലുമുള്ള തൂവലുകള്‍ കൊത്തിവലിക്കുകയും തല, പുറം എന്നിവിടങ്ങളില്‍ കൊത്തി മുറിവുകളുണ്ടാക്കുകയും ചെയ്യുന്നു.

ഈ ദുഃസ്വഭാവങ്ങള്‍ക്കുള്ള പ്രതിവിധിയായി കോഴികളുടെ കൊക്ക് മുറിക്കാറുണ്ട്. കോഴിക്കുഞ്ഞുങ്ങള്‍ക്ക് ആറാഴ്ച പ്രായമാകുമ്പോള്‍ കൊക്ക് മുറിക്കാം. മേല്‍കൊക്കിന്റെ നീളത്തില്‍ മൂന്നില്‍ ഒരു ഭാഗവും കീഴ്‌ക്കൊക്കിന്റെ അഗ്രവും ഡീ ബീക്കര്‍ ഉപയോഗിച്ച് മുറിക്കാം. കോഴികളെ മുട്ടയിടാനുള്ള കൂടുകളിലേക്ക് മാറ്റുന്ന അവസരങ്ങളിലും വീണ്ടും ഒരിക്കല്‍ക്കൂടി കൊക്കുമുറിക്കാം. കീഴ്‌ക്കൊക്ക് മേല്‍ക്കൊക്കിനേക്കാള്‍ നീളം കൂടിയതായിരിക്കാനും കോഴിയുടെ നാക്ക് മുറിയാതിരിക്കാനും ശ്രദ്ധിക്കണം. കുടിക്കുന്ന വെള്ളത്തില്‍ കുറച്ച് ഉപ്പുചേര്‍ത്ത് കൊടുക്കുന്നതും കൂട്ടില്‍പച്ചിലകള്‍കെട്ടിത്തൂക്കിക്കൊടുക്കുന്നതും ഈ പ്രശ്‌നത്തിനുള്ളപരിഹാരങ്ങളില്‍ ചിലതാണ്.

മുട്ട കൊത്തിക്കുടിക്കല്‍

മുട്ടപ്പെട്ടികളുടെ അഭാവം, ഇടയ്ക്കിടെ കൂട്ടില്‍ നിന്ന് മുട്ടശേഖരിക്കാതിരിക്കുക, മുട്ടക്കൂടുകളില്‍ ശരിയായ തോതില്‍ ലിറ്റര്‍(അറക്കപ്പൊടി, ഉമി മുതലായവ) ഇല്ലാതിരിക്കല്‍ എന്നിവയാണ് ഈ ദുശ്ശീലത്തിനുള്ള കാരണം. 

താഴെക്കൊടുത്ത കാര്യങ്ങളില്‍ കോഴിവളര്‍ത്തുകാര്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ കോഴികളുടെ ദുശ്ശീലങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാം.

1.കോഴികള്‍ക്ക് പ്രായാനുസൃതമായി ആവശ്യമായ തീറ്റപ്പാത്രങ്ങള്‍,വെള്ളപ്പാത്രങ്ങള്‍, കൂട്ടിനുള്ളിലെ സ്ഥലം എന്നിവ ലഭ്യമാക്കാന്‍ശ്രദ്ധിക്കുക.
2. വെള്ളവും തീറ്റയും കൂടിന്റെ പല ഭാഗങ്ങളിലായി സജ്ജീകരിക്കുക.
3. കോഴിക്കൂട്ടിലെ പ്രകാശത്തിന്റെ ശക്തി എല്ലാ സ്ഥലങ്ങളിലും ഒരേ രീതിയിലും ആവശ്യാനുസൃത അളവിലും ലഭ്യമാക്കുക.
4. പല പ്രായത്തിലുള്ള കോഴികളെ ഒന്നിച്ച് വളര്‍ത്താതിരിക്കുക. 
5. അഞ്ച് കോഴികള്‍ക്ക് ഒന്ന് എന്ന അനുപാതത്തില്‍ കോഴിക്കൂടിന് മുട്ടപ്പെട്ടി സജ്ജീകരിക്കുക.
6. കൂടുകളില്‍ നിന്ന് ഇടയ്ക്കിടെ മുട്ടകള്‍ പെറുക്കുക.
7. കോഴികള്‍ക്ക് സമീകൃതാഹാരം കൊടുക്കുക.
8. കോഴിക്കുഞ്ഞുങ്ങളുടെ കൊക്കുമുറിക്കല്‍ പതിവാക്കുക.

ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഈ ദുശ്ശീലങ്ങള്‍ അകറ്റാം.

കോഴിവളര്‍ത്തല്‍ മേഖലയിലെ തൊഴില്‍സാധ്യതകള്‍

നമ്മുടെ സംസ്ഥാനത്ത് സാധാരണക്കാരായ ജനങ്ങള്‍ വളരെയധികം പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന ഒരു മേഖലയാണ് കോഴിവളര്‍ത്തല്‍. ഏറ്റവും ചുരുങ്ങിയ മുതല്‍മുടക്കില്‍ കുറച്ചുകാലം കൊണ്ട് ഏറെ വരുമാനം നേടിത്തരുന്ന ചില മേഖലകളിലൊന്നാണിത്. ഭാരിച്ച മുതല്‍മുടക്ക് ആവശ്യമില്ലാത്തതിനാലും ഏതു പ്രായത്തില്‍പ്പെട്ടയാള്‍ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാമെന്നതിനാലും ഗ്രാമങ്ങളില്‍ കോഴിവളര്‍ത്തലിനെ ഒരു വരുമാനമാര്‍ഗമെന്ന നിലയില്‍ കണ്ടുവരുന്നവര്‍ ഏറെയാണ്. എളുപ്പത്തില്‍ ഏര്‍പ്പെടാവുന്നതും, മനസ്സോടെയൊ അല്ലാതെയോ അനായാസം അവസാനിപ്പിക്കാവുന്നതുമായ ഒരു തൊഴില്‍ എന്ന നിലയിലും കോഴിവളര്‍ത്തല്‍ പ്രസിദ്ധമാണ്. ഒരേയൊരാള്‍ക്ക് നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്ന ഒരുപക്ഷെ ഏകവ്യവസായം എന്ന സവിശേഷതയും ഈ തൊഴിലിനുണ്ട്.

തൊഴില്‍ സാധ്യതകള്‍ ഏറെയുള്ള മേഖലയാണ് കോഴിവളര്‍ത്തല്‍. വീട്ടുപരിസരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കോഴിവളര്‍ത്തല്‍ സമ്പ്രദായമാണ് പരമ്പരാഗതമായി കേരളത്തില്‍ അനുവര്‍ത്തിച്ചുവരുന്നത്. ഇതുമൂലം പ്രത്യക്ഷത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതായി അനുഭവപ്പെടുന്നില്ലെങ്കിലും കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഹാച്ചറികളുടെ നടത്തിപ്പ്, അവയുടെ വിതരണം, കോഴിത്തീറ്റയുത്പാദനം, ഇറച്ചിക്കോഴി വളര്‍ത്തല്‍, മുട്ട-ഇറച്ചി എന്നിവയുടെ വിപണനം തുടങ്ങിയ രംഗങ്ങള്‍ നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്കുന്നുണ്ട്. മുട്ടയുത്പാദനം മാത്രം ലക്ഷ്യം വെച്ച് കോഴികളെ വളര്‍ത്തുക, വിരിയിക്കാനുള്ള മുട്ടകള്‍ ഉത്പാദിപ്പിക്കുക, ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി മുട്ടയിടാന്‍ പ്രായമാകുംവരെ വളര്‍ത്തി വിപണനം നടത്തുക എന്നീ പ്രവര്‍ത്തനങ്ങളിലൂടെയും വരുമാനം നേടാനാവും.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു സംരംഭമാണ് എഗ്ഗര്‍ നഴ്സറികള്‍. കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ രണ്ടുമാസക്കാലം വളര്‍ത്തി കര്‍ഷകര്‍ക്കു വിതരണം ചെയ്യുന്ന എഗ്ഗര്‍ നേഴ്സറികള്‍ ഒട്ടനവധിപേര്‍ക്ക് മുഴുവന്‍ സമയതൊഴില്‍ നല്കുന്ന പദ്ധതിയാണ്.

ഓരോ കുടുംബത്തിനും നിത്യവൃത്തി കഴിയുവാന്‍ എത്രമാത്രം പണം ആവശ്യമുണ്ട് എന്നതിനെ അടിസ്ഥാനമാക്കി അവര്‍ വളര്‍ത്തേണ്ട കോഴികളുടെ എണ്ണം തീരുമാനിക്കണം. കോഴികളുടെ എണ്ണം കൂടുംതോറും ആദായം വര്‍ധിക്കുന്നു. എന്നാല്‍ മുടക്കുമുതലിന്റെ തോത് ഗണ്യമായി കൂടുന്നുമില്ല. കുടുംബത്തിലുള്ളവര്‍ക്കുതന്നെ ചെയ്യാന്‍ സാധിക്കുന്ന ഒരു ഉപതൊഴിലായതു കൊണ്ട് കൂലിച്ചെലവിനും മറ്റും ഒരു പൈസപോലും വേണ്ടിവരുന്നില്ല എന്നതാണ്. കോഴിവളര്‍ത്തലിന്റെ സുപ്രധാനനേട്ടം. കേരള സംസ്ഥാന പൌള്‍ട്രി ഡവലപ്മെന്റ് കോര്‍പ്പറേഷന്‍, കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് ഉടനീളം നടപ്പിലാക്കിവരുന്ന പല പദ്ധതികളും തൊഴില്‍ദായകമാണെന്നുള്ളത് ശ്രദ്ധേയമായ വസ്തുതയാണ്.

കോഴിക്കുഞ്ഞുങ്ങള്‍, കോഴിത്തീറ്റ, ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവയുടെ വിപണനം നിരവധിപേര്‍ക്ക് തൊഴിലവരങ്ങള്‍ ലഭ്യമാക്കുന്നു. ഈ രംഗത്തെതൊഴില്‍സാധ്യതകള്‍ ഇനിയും വര്‍ധിക്കുകയേയുള്ളൂ. സ്വന്തം മുതല്‍ മുടക്കുപയോഗിച്ചും, ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള സഹായത്താലും കോഴിവളര്‍ത്തല്‍, പ്രത്യേകിച്ച് ഇറച്ചിക്കോഴിവളര്‍ത്തല്‍ ഒരു തൊഴില്‍മാര്‍ഗമായി സ്വീകരിക്കാവുന്നതാണ്.

കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഹാച്ചറി കളുടെ നടത്തിപ്പ് ഈ മേഖലയിലെ മറ്റൊരു തൊഴിലവസരമാണ്. വളര്‍ച്ചയെത്തിയ മുട്ടക്കോഴികളില്‍ നല്ലൊരു ശതമാനത്തേയും ഓരോ വര്‍ഷവും മാറ്റി പകരം പുതിയവയെ ഉള്‍ക്കൊള്ളിക്കുന്നുണ്ട്. ഇതിനാവശ്യമായ കുഞ്ഞുങ്ങളെ വിപണിയില്‍ ലഭ്യമാക്കേണ്ടതുണ്ട്. മാത്രമല്ല വളരെയേറെ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളേയും നമുക്കാവശ്യമുണ്ട്. ആയതിനാല്‍, ഒരു ദിവസം പ്രായ മുട്ടക്കോഴികളുടേയും ഇറച്ചിക്കോഴികളുടെയും കുഞ്ഞുങ്ങളെ വിരിയിച്ചുകൊടുക്കുന്ന ഹാച്ചറികള്‍ക്ക് ഏറെ പ്രസക്തിയാണുള്ളത്. മികച്ച ആദായം തരുന്ന ഒരു വ്യവസായമാണിത്.

് ഹാച്ചറിയുടെ വിജയം അവിടെ വിരിയിക്കുവാന്‍ വയ്ക്കുന്ന കൊത്തുമുട്ടകളുടെ മേന്മയെ അടിസ്ഥാനമാക്കിയാണ് നിലകൊള്ളുന്നത്. തന്മൂലം കൊത്തുമുട്ടയുത്പാദനത്തിന് കോഴിവളര്‍ത്തല്‍ വ്യവസായത്തില്‍ നിര്‍ണായകപങ്കുതന്നെയുണ്ട്. വിരിയിക്കുവാനുള്ള മുട്ടകള്‍ മാത്രം ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നത് ആദായകരമായ മറ്റൊരു തൊഴില്‍ മേഖലയാണ്.

കോഴിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുന്ന ദിവസം തന്നെ ലിംഗ നിര്‍ണയം ചെയ്ത് പൂവനേയും പിടയേയും വേര്‍തിരിക്കുന്ന സമ്പ്രദായത്തിന് ചിക്ക് സെക്സിങ്ങ് എന്നു പറയും. ലിംഗനിര്‍ണ്ണയം ചെയ്യുന്ന രീതി നടപ്പായതിനുശേഷമാണ് വ്യാവസായികാടിസ്ഥാനത്തില്‍ കോഴിവളര്‍ത്തല്‍ വളര്‍ന്നത്. കേരളത്തില്‍ മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും മറ്റും പരിശീലനം ലഭിച്ചവരാണ് ഇന്ന് ഇന്ത്യയെമ്പാടുമുള്ള വിവിധ ഹാച്ചറികളില്‍ ചിക് സെക്സിഗ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ പോലും വളരെ മാന്യതയും മികച്ച പ്രതിഫലവും ലഭിക്കുന്ന ഒരു തൊഴിലാണിത്.

കോഴിമുട്ടയുടേയും ഇറച്ചിയുടേയും വിപണനമാണ് തൊഴിലവസരം സൃഷ്ടിക്കുന്ന മറ്റൊരു മേഖല. തികച്ചും അസംഘടിതമായ വിപണനരംഗത്ത് ശാസ്ത്രീയ പുനഃസംഘടനയുണ്ടായാല്‍ ഇടത്തട്ടുകാരുടേയും, കമ്മീഷന്‍ ഏജന്റുമാരുടേയും ചൂഷണം ഒഴിവാക്കുന്നതോടൊപ്പം തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനും കഴിയും.

കേരളീയരുടെ ഉപഭോഗശീലത്തില്‍ വന്ന മാറ്റങ്ങളെത്തുടര്‍ന്ന് ഫാസ്റ് ഫുഡ്സംസ്കാരം വ്യാപകമായത് ചിക്കന്‍സ്റാളുകള്‍, ചിക്കന്‍ കോര്‍ണര്‍, ഉപയുത്പന്നങ്ങളുടെ വിപണനം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ കൂടുതലാണെന്നുള്ളതും ശ്രദ്ധേയമാണ്.

ശാസ്ത്രീയപരിപാലനമുറകള്‍ അവലംബിച്ച് ആദായകരമായി നടത്താവുന്നതാണ് ഇറച്ചിക്കോഴിവളര്‍ത്തല്‍. കോഴിവളര്‍ത്തല്‍ സഹകരണസംഘവും, ഇറച്ചിക്കോഴി വിപണന സഹകരണസംഘവും സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ എത്രയോ തൊഴില്‍രഹിതര്‍ക്ക് വലിയൊരു ആശ്വാസം കിട്ടും. ഇറച്ചിക്കോഴികളുടെ വിപണനത്തില്‍ പുത്തന്‍ പാതകള്‍ സൃഷ്ടിച്ച് ആദായം കൂട്ടാന്‍ കഴിയും. ഇറച്ചിക്കോഴികളെ സംസ്കരിച്ച് അഥവാ ശാസ്ത്രിയമായി കശാപ്പുചെയ്ത് ഒരു മുഴുവന്‍ കോഴിയായും, പകുതിയായും, അതിന്റെ പകുതിയായും, വിപണനം നടത്താം. മാത്രമല്ല കശാപ്പുചെയ്ത കോഴിയുടെ വിവിധ ഭാഗങ്ങളാക്കിയും വിപണനം നടത്താവുന്നതാണ്. ഇതുമൂലം ഒരു മുഴുവന്‍ കോഴി വേണ്ടാത്തവര്‍ക്ക് കയ്യിലുള്ള പണത്തിനനുസരിച്ച് കോഴിയിറച്ചി വാങ്ങിയുപയോഗിക്കാം. ഇന്ന് വിരുന്നുസല്‍ക്കാരങ്ങളില്‍ കോഴിയുടെ മാറിടമൊ കയ്യോ കാലോ മാത്രം വാങ്ങി ഉപയോഗിക്കുവാന്‍ താത്പര്യം കാണിക്കുന്നവരേറെയുണ്ട്.

സംസ്ഥാനത്തെ കോഴിവളര്‍ത്തല്‍ മേഖലയുടെ തൊഴില്‍സാധ്യതകളെക്കുറിച്ച് ആധികാരിക പഠനങ്ങള്‍ വളരെയൊന്നും നടന്നിട്ടില്ല. എങ്കിലും 500 മുട്ടക്കോഴികളെ വളര്‍ത്തുന്ന ഒരു യൂണിറ്റും ആഴ്ചതോറും 100 ഇറച്ചിക്കോഴികളെ വീതം വിപണനം നടത്തുന്ന യൂണിറ്റും ഒരു വ്യക്തിക്ക് വര്‍ഷം മുഴുവന്‍ തൊഴില്‍ ലഭ്യമാക്കുമെന്ന് കണക്കാക്കപ്പെടുന്നു. താറാവ്, കാട, ടര്‍ക്കി, വാത്ത, ഓമനപ്പക്ഷികള്‍ എന്നിവയുടെ പരിപാലനവും വിപണനവും തൊഴിലവസരങ്ങള്‍ നല്കുന്ന മറ്റ് മേഖലകളാണ്.

3.16901408451
ഉബൈദുല്ല Oct 21, 2016 04:47 AM

എനിക്കു മുട്ടക്കോഴി കൃഷി തുടക്കണമെന്നുണ്ട് പക്ഷെ കുഞ്ഞുകളെ എവിടെനിന്നു ലഭിക്കും ഞാൻ വായനാട്ടിലാണ്

Musthak Oct 18, 2016 04:38 PM

കോഴിയുടെ ചൂടിൽ കുരു

റഈസ് Aug 30, 2016 10:31 PM

നാടൻ കോഴിക്കുഞ്ഞുങ്ങളുടെ തൂക്കരോഗത്തിന് എന്താണ് പ്രതിവിധി?

ഷാജി Aug 30, 2016 09:49 PM

മുട്ടക്കോഴിവളർത്തൽ കോച്ചിങ്‌ക്ലാസ്സും ഗവഃ അംഗീകൃത സെർട്ടിഫിക്കറ്റും കിട്ടാൻ എവിടെ എപ്പോൾ ബന്ധപ്പെടാം ? ഞാൻ മലപ്പുറം ജില്ലയിൽ താമസിക്കുന്നു .

Anilkumar J Aug 08, 2016 03:56 PM

വികാസ് പീഡിയയുടെ പവർത്തങ്ങൾ പ്രത്യേക അഭിനന്ദങ്ങൾ അർഹിക്കുന്നു

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top