অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കോഴി വളര്‍ത്തല്‍ - രീതികള്‍

കോഴി വളര്‍ത്തല്‍ - രീതികള്‍

കോഴി

മനുഷ്യന്‌ പ്രയോജനപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ കോഴികളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്‌. മുട്ട ഇടുന്നവ, ഇറച്ചിക്കും മുട്ടയ്‌ക്കും ഉപയോഗിക്കാന്‍ പറ്റിയവ, ഇറച്ചിക്കു പറ്റിയവ എന്നിങ്ങനെ.

ഇനങ്ങള്‍

മുട്ട ഇടുന്നവ

മുട്ടയിടുന്ന വര്‍ഗത്തില്‍പ്പെട്ടവയാണ്‌ ഏറ്റവും പ്രചാരമുള്ളവ. നല്ല വലിപ്പത്തില്‍ ധാരാളം മുട്ട ഇടുന്നവ ആയതുകൊണ്ട്‌ ഇവയെ മുട്ട ജനുസ്സ്‌ എന്നും പറയുന്നു.
ലഗോണ്‍, മിനോര്‍ക്കഅങ്കോണ എന്നീ ജനുസ്സുകളെയാണ്‌ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

  • ലഗോണ്‍

ചെറുതും ഊര്‍ജസ്വലതയുള്ളതും വിവിധ ശാരീരിക ഭാഗങ്ങള്‍ തമ്മില്‍ വളരെ യോജിപ്പുള്ളതുമാണിത്‌. താരതമ്യേന നീളക്കൂടുതലുള്ള മുതുക്‌, മുഴുപ്പുള്ള നെഞ്ച്‌, നീളക്കൂടുതലുള്ള കണങ്കാല്‍ എന്നിവ ലഗോണിന്റെ പ്രത്യേകതകളാണ്‌. പല ഇനങ്ങള്‍ ഉള്ളവയില്‍ സാധാരണമായവ വെളുപ്പ്‌, തവിട്ടുനിറം, കറുപ്പ്‌, ബഫ്‌ (മങ്ങിയ മഞ്ഞനിറം) എന്നിവയാണ്‌. ഇവയില്‍ ആഗോളപ്രശസ്‌തി ആര്‍ജിച്ചത്‌ വെളുത്തവയാണ്‌. വൈറ്റ്‌ലഗോണിന്റെ എല്ലാ ഇനങ്ങളുടെയും കൊക്ക്‌, ത്വക്ക്‌, കണങ്കാല്‍, കാല്‍വിരലുകള്‍ എന്നിവയ്‌ക്ക്‌ മഞ്ഞനിറമാണുള്ളത്‌. പൂവന്‌ മൂന്ന്‌ കി.ഗ്രാമും പിടയ്‌ക്ക്‌ രണ്ട്‌ കി.ഗ്രാമും തൂക്കമുണ്ട്‌. ഈ ജനുസ്സിലെ പൂവന്‍മാര്‍ക്കുള്ള ഒറ്റപ്പൂവ്‌ ഉയര്‍ന്നുനില്‍ക്കുന്നു. 5�-6 മാസമെത്തുമ്പോള്‍ പ്രായപൂര്‍ത്തി പ്രാപിക്കുകയും പിടകള്‍ മുട്ടയിട്ടു തുടങ്ങുകയും ചെയ്യും. വെള്ളക്കെട്ടുള്ള പ്രദേശങ്ങളെക്കാള്‍ വരണ്ട സ്ഥലങ്ങളില്‍ വളര്‍ത്തുന്നതിന്‌ പറ്റിയതാണ്‌ ഇവ.

  • മിനോര്‍ക്ക

നീളംകൂടിയ ഉടലും വലിപ്പമേറിയ പൂവും നീളമുള്ള താടയുമാണ്‌ ഈ ജനുസ്സിന്റെ പ്രത്യേകത. നീളമുള്ള മുതുകിന്‌ തോള്‍ മുതല്‍ വാല്‍വരെ ഒരി ചരിവ്‌ ഉണ്ടായിരിക്കും. കറുപ്പ്‌, വെളുപ്പ്‌, ബഫ്‌ എന്നിങ്ങനെ മൂന്ന്‌ ഇനങ്ങളും മിനോര്‍ക്കയിലുണ്ട്‌. ചുണ്ട്‌, കണങ്കാല്‍, കാല്‍വിരലുകള്‍ എന്നിവ കറുപ്പനിറത്തിലായിരിക്കും. ഇതില്‍ ഏറ്റവും പ്രചാരമുള്ള ഇനമായ ബ്ലാക്ക്‌ മിനോര്‍ക്കയ്‌ക്ക്‌ നല്ല തിളങ്ങുന്ന കറുപ്പുനിറമായിരിക്കും. പൂവന്മാരുടെ തൂക്കം 3-4 കി.ഗ്രാമും പിടകളുടേത്‌ 2-3 കി.ഗ്രാമും ആണ്‌.

  • അങ്കോണ

അങ്കോണയ്‌ക്ക്‌ ലഗോണില്‍നിന്നും വ്യത്യാസമൊന്നുമില്ല. നല്ല തിളക്കത്തില്‍ കറുപ്പുനിറമുള്ള തൂവലുകളുടെ അഗ്രഭാത്ത്‌ വെള്ളപ്പുള്ളികള്‍ ഉള്ളതിനാല്‍ ഇവയെ ചിത്രിത ലഗോണുകള്‍ എന്നും പറയുന്നു. മഞ്ഞനിറമുള്ള കൊക്കിന്റെ മുകള്‍പാളിക്ക്‌ നേരിയ കറുപ്പുനിറമുണ്ട്‌. കണങ്കാല്‍, കാല്‍വിരലുകള്‍ എന്നിവയ്‌ക്ക്‌ മഞ്ഞയോ മഞ്ഞകലര്‍ന്ന കറുപ്പുനിറമോ ആയിരിക്കും. പൂവന്റെ തൂവലുകള്‍ക്ക്‌ പച്ച കലര്‍ന്ന കറുപ്പുനിറമാണ്‌. പൂവന്‌ മൂന്നും പിടയ്‌ക്ക്‌ രണ്ടും കി.ഗ്രാം വീതമാണ്‌ തൂക്കം.

ഇറച്ചിക്കും മുട്ടയ്‌ക്കും ഉപയോഗിക്കാന്‍ പറ്റിയവ

നല്ല ഇറച്ചിക്കും സാമാന്യം മെച്ചമായ രീതിയില്‍ മുട്ട ഇടുന്നതിനും പറ്റിയതാണ്‌ ഇവ. കുറച്ചു കോഴികളെ മാത്രം വളര്‍ത്തുന്നവര്‍ക്ക്‌ ഈ ഇനങ്ങള്‍ വിശേഷിച്ച്‌ `ബാക്ക്യാര്‍ഡ്‌' (തുറന്നുവിട്ട്‌) രീതിയിലും പട്ടണത്തിലും മറ്റും വളര്‍ത്താന്‍ അനുയോജ്യമായതാണ്‌. ഒരു വയസ്സു പൂര്‍ത്തിയാകുന്നതിനിടയ്‌ക്ക്‌ ധാരാളം മുട്ട ഇടുന്നതിനാല്‍ അതിനുശേഷം ഇറച്ചിക്ക്‌ ഉപയോഗിക്കുകയായിരിക്കും നല്ലത്‌. നല്ല രീതിയില്‍ പരിപാലിച്ചാല്‍ എല്ലാക്കാലത്തും ഇവയില്‍നിന്നും മുട്ട ലഭിക്കും. റോഡ്‌ ഐലന്റ്‌ റെഡ്‌, പ്ലിമത്ത്‌ റോക്ക്‌, ന്യൂഹാം ഷെയര്‍, വിയിന്‍ഡോട്ട്‌, ആസ്‌ട്രലോപ്‌, ഓര്‍പിങ്‌ടണ്‍, കോര്‍ണിഷ്‌, അസീല്‍ തുടങ്ങിയവയാണ്‌ ഇനങ്ങള്‍.

  • കോര്‍ണിഷ്‌

ഇന്ത്യയിലുള്ള അസീലും മലായ്‌ ഇംഗ്ലിഷ്‌ ഗെയിംകോഴികളും തമ്മില്‍ സങ്കരണം നടത്തി ഇംഗ്ലണ്ടില്‍ ഉരുത്തിരിച്ചെടുത്തതായി വിശ്വസിക്കപ്പെടുന്നു. വെളുത്ത തൊലിയുള്ള മറ്റ്‌ ഇംഗ്ലീഷ്‌ കോഴികളില്‍നിന്നും വിഭിന്നമായി കോര്‍ണിഷിന്‌ മഞ്ഞത്തൊലിയാണുള്ളത്‌. `പീകോമ്പ്‌' ഉള്ള ഈ ജനുസ്സില്‍പ്പെട്ട കോഴികള്‍ നന്നായി മാംസം വയ്‌ക്കുന്നവയാണ്‌. പൂവന്‌ 4.5 കി.ഗ്രാമും പിടയ്‌ക്ക്‌ 3.5 കി.ഗ്രാമുമാണ്‌ തൂക്കം. ഈ ജനുസ്സിലെ പൂവന്‍കോഴികളെ വ്യാപകമായ സങ്കരണപ്രക്രിയയിലൂടെ ബ്രോയിലര്‍ കോഴികളായി ഉരുത്തിരിച്ചെടുക്കുന്നു.

  • അസീല്‍

കോഴിപ്പോരിന്‌ പ്രസിദ്ധമായ ജനുസ്സാണിത്‌. റീസ, ടിക്ര എന്നീ പേരുകളിലാണ്‌ മുമ്പ്‌ ഇവ അറിയപ്പെട്ടിരുന്നത്‌. ഒരു നല്ല അസീല്‍ പൂവന്‌ കൊക്കു മുതല്‍ പാദം വരെ 28 ഇഞ്ച്‌ ഉയരവും നാല്‌ കി.ഗ്രാം ഭാരവും കാണപ്പെടാറുണ്ട്‌. അങ്കക്കോഴികളായി ഉപയോഗിക്കുന്ന ഇവയുടെ മാംസം നല്ലതാണ്‌. പോരിന്റെ മൂര്‍ധന്യത്തില്‍ അപകടകരമായ സാഹചര്യത്തില്‍പോലും ഇവ പിന്തിരിയാറില്ല. പൊരുതി മരണമടയുന്നതത്രെ ഇവയുടെ സ്വഭാവം. ഇന്ത്യയില്‍ കോഴിപ്പോര്‌ നിയമവിരുദ്ധമാക്കിയതിനാല്‍ ഇവയുടെ പ്രാധാന്യം കുറഞ്ഞിട്ടുണ്ട്‌. ഇപ്പോള്‍ ശരിയായ അസീല്‍ കോഴികള്‍ വളരെ കുറവാണ്‌. മറ്റു വിദേശക്കോഴികളുമായി ഇണചേര്‍ത്ത്‌ കൂടുതല്‍ സഹനശക്തിയുള്ളതും സ്വാദിഷ്‌ഠമായ ഇറച്ചിയുള്ളതുമായ കോഴികളെ ഉല്‍പ്പാദിപ്പികാകന്‍ ഇതു യോജിച്ചതാണ്‌. ആന്ധ്രപ്രദേശ്‌, ഉത്തര്‍പ്രദേശ്‌, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്നു. മുട്ടയുല്‍പ്പാദനം കുറവാണെങ്കിലും അടയിരിക്കുന്ന സ്വഭാവം നന്നായിട്ടുണ്ട്‌. പൂവന്‌ 4-5 കി.ഗ്രാമും പിടയ്‌ക്ക്‌ 3-4 കി.ഗ്രാമും തൂക്കമുണ്ടാകും. 196 ദിവസമാകുമ്പോള്‍ പ്രായപൂര്‍ത്തിയെത്തും. വാര്‍ഷിക മുട്ടയുല്‍പ്പാദനം 92 ആണ്‌. മുട്ടയുടെ തൂക്കം 50 ഗ്രാമുണ്ടാകും. ചെറുതും ബലമേറിയതുമായ കൊക്ക്‌, വീതിയുള്ള തലയോട്‌, പീകോമ്പ്‌, ശൗര്യം പ്രകടിപ്പിക്കുന്ന വളരെ ചെറിയ കണ്ണുകള്‍ തുടങ്ങിയവയാണ്‌ ശാരീരിക പ്രത്യേകതകള്‍.

  • റോഡ്‌ ഐലന്റ്‌ റെഡ്‌

ഈ ജനുസ്സില്‍പ്പെട്ട കോഴികള്‍ക്ക്‌ നീളംകൂടി ദീര്‍ഘചതുരാകൃതിയിലുള്ള ഉടലാണുള്ളത്‌. മുതുക്‌ നിരപ്പായതും ഉടലാണുള്ളത്‌. മുതുക്‌ നിരപ്പായതും നെഞ്ച്‌ മുന്നോട്ട്‌ തള്ളിയതുമാണ്‌ (നല്ല മാംസമുള്ളതിന്റെ ലക്ഷണമാണിത്‌). ഇവ തവിട്ടുനിറമുള്ള തോടോടു കൂടിയ മുട്ടകള്‍ ഇടുന്നു. ഒറ്റപ്പൂവുള്ളതും `റോസ്‌' പൂവുള്ളതും എന്നിങ്ങനെ രണ്ട്‌ ഇനങ്ങള്‍ ഇവയിലുണ്ട്‌. ഒറ്റപ്പൂവുള്ളവയ്‌ക്കാണ്‌ കൂടുതല്‍ പ്രചാരം. കുഞ്ഞുങ്ങള്‍ പ്രതികൂല പരിതഃസ്ഥിതികള്‍ അതിജീവിക്കാന്‍ കെല്‌പുള്ളവയും പൂവന്‌ നാല്‌ കി.ഗ്രാമും പിടയ്‌ക്ക്‌ മൂന്ന്‌ കി.ഗ്രാമുമാണ്‌ ഇവയ്‌ക്കുള്ളത്‌. പൂവന്‌ നാല്‌ കി.ഗ്രാമും പിടയ്‌ക്ക്‌ മൂന്ന്‌ കി.ഗ്രാമുമാണ്‌ തൂക്കം. ഒരു കാലത്ത്‌ ഇന്ത്യയില്‍ വളരെ പ്രചാരത്തിലിരുന്ന വര്‍ഗമാണിത്‌.

  • പ്ലിമത്ത്‌ റോക്ക്‌

വടക്കേ അമേരിക്കയില്‍ വളരെ പ്രചാരത്തിലിരിക്കുന്ന ജനുസ്സാണിത്‌. ചാരം കലര്‍ന്ന വെളുപ്പുനിറത്തില്‍ കുറുകെ കറുത്ത വരകള്‍ കലര്‍ന്ന നിറമാണ്‌ ഇവുടേത്‌. നല്ല വീതിയും നീളവും മുഴുപ്പുമുള്ള നെഞ്ചും മറ്റൊരു പ്രത്യേകതയാണ്‌. ഇവയില്‍ത്തന്നെ പല ഇനങ്ങളുണ്ടെങ്കിലും `വൈറ്റ്‌ പ്ലിമത്ത്‌ റോക്കി'ന്‌ അടുത്തകാലത്ത്‌ വളരെ പ്രചാരം ലഭിച്ചിട്ടുണ്ട്‌. നാടന്‍കോഴികളുടെ വംശോദ്ധാരണത്തിന്‌ ഈ ജനുസ്സില്‍പ്പെട്ട കോഴികള്‍ പറ്റിയതാണ്‌. പൂവന്‌ നാല്‌ കി.ഗ്രാമും പിടയ്‌ക്ക്‌ മൂന്ന്‌ കി.ഗ്രാമും തൂക്കം കാണും.

  • ആസ്‌ട്രേലോപ്‌

പേര്‌ സൂചിപ്പിക്കുന്നതുപോലെ ബ്ലാക്ക്‌ ഓര്‍പിങ്‌ടണില്‍നിന്നും ആസ്‌ട്രലിയയില്‍ രൂപംകൊണ്ട വര്‍ഗമാണിത്‌. മുട്ടയിടുന്ന ജനുസ്സാണെങ്കിലും നല്ല ഇറച്ചി ധാരാളം കിട്ടുന്നതിനാല്‍ ഇവ പൊതു ഉപയോഗത്തിന്‌ അനുയോജ്യമായതാണ്‌. കേരളത്തെപ്പോലെ മഴ കൂടുതലുള്ള പ്രദേശങ്ങളില്‍ ബ്ലാക്ക്‌ യാര്‍ഡ്‌ രീതിയില്‍ വളര്‍ത്താന്‍ പറ്റിയവയാണെന്നാണ്‌ വിദഗ്‌ധാഭിപ്രായം. ഇന്ത്യയില്‍ അടുത്തകാലത്ത്‌ ഇവ വളരെ പ്രചരിപ്പിച്ചിട്ടുണ്ട്‌. ഒറ്റപ്പൂവുള്ള ഇവയുടെ കൊക്കിന്‌ കറുപ്പുനിറവും തൂവലുകള്‍ക്ക്‌ പച്ചകലര്‍ന്ന കറുപ്പുനിറവുമാണ്‌. പൂവന്‌ 4.5 കി.ഗ്രാമും പിടയ്‌ക്ക്‌ 3.5 കി.ഗ്രാമും ആണ്‌ തൂക്കം.
വൈറ്റ്‌ലഗോണ്‍ പിടയും ആസ്‌ട്രലോപ്‌ പൂവനുമായി ഇണചേര്‍ന്ന്‌ `ആസ്‌ട്രോവൈറ്റ്‌' എന്ന ഒരു സങ്കരത്തെ രൂപപ്പെടുത്തിയിട്ടുണ്ട്‌. ധാരാളം മുട്ട ഇടുന്ന ഇവയെ വന്‍കിട പൗള്‍ട്രിഫാമുകളില്‍ വളര്‍ത്തുന്നു.
മുട്ടക്കോഴി സങ്കര ഇനങ്ങള്‍

  • HH260

ഹസര്‍ഗട്ടയിലെ കേന്ദ്ര കോഴി പ്രജനനകേന്ദ്രം വികസിപ്പിച്ചെടുത്ത ഇനമാണിത്‌. വെള്ളനിറമുള്ള ഈ ഇനം നല്ല ഉല്‍പ്പാദനശേഷിയുള്ളതാണ്‌.
പ്രത്യേകത
മുട്ടയുല്‍പ്പാദനം വര്‍ഷത്തില്‍ - 270
മുട്ടയുടെ തൂക്കം - 56 ഗ്രാം
തീറ്റ പരിവര്‍ത്തനശേഷി - 3 കി.ഗ്രാം
(ഒരു കി.ഗ്രാം മുട്ട ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിയുന്ന തീറ്റ)
വിരിയല്‍ നിരക്ക്‌ (ശതമാനം) - 80-85
മരണനിരക്ക്‌ (ശതമാനം) - കോഴിക്കുഞ്ഞുങ്ങള്‍
0-8 ആഴ്‌ച -2
8-20 ആഴ്‌ച 4
മുട്ടയിടാന്‍ തുടങ്ങുന്ന പ്രായം - നാലുമാസം
50 ശതമാനം ഉല്‍പ്പാദനമെത്തുന്ന പ്രായം - 152 ദിവസം
ഉയര്‍ന്ന ഉല്‍പ്പാദന പ്രായം - 28-29 ആഴ്‌ച
21-ാമത്തെ ആഴ്‌ചയിലെ ശരീരതൂക്കം - 12 കി.ഗ്രാം
40-ാമത്തെ ആഴ്‌ചയിലെ ശരീരതൂക്കം - 1.7 കി.ഗ്രാം

  • ഗിരിരാജ

ബാംഗ്ലൂരിലെ കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത ഇനമാണിത്‌. നാടന്‍ ഇനങ്ങളുടെ ശരീരപ്രകൃതിയും രോഗപ്രതിരോധശേഷിയും അതോടൊപ്പം ഉയര്‍ന്ന മുട്ടയുല്‍പ്പാദനവും ഇറച്ചിയും ഉള്ള ഇനമാണിത്‌. ഗ്രാമീണര്‍ക്ക്‌ വീട്ടുപറമ്പില്‍ വളര്‍ത്താനുതകുന്ന ഏറ്റവും നല്ല ഇനമായാണ്‌ ഗിരിരാജ അറിയപ്പെടുന്നത്‌.
പ്രത്യേകതകള്‍
വാര്‍ഷിക മുട്ടയുല്‍പ്പാദനം - 120-150 എണ്ണം
മുട്ടയുടെ തൂക്കം (ഗ്രാം) - 50-55
വിരിയല്‍ നിരക്ക്‌ (ശതമാനം) - 80-85
8-ാമത്തെ ആഴ്‌ചയിലെ തൂക്കം - 13-14 കി.ഗ്രാം
തീറ്റ പരിവര്‍ത്തനശേഷി - 1:2.4
മരണനിരക്ക്‌ (ശതമാനം) - 8-ാമത്തെ ആഴ്‌ച 2-5
ഡ്രസ്സിങ്‌ (ശതമാനം - 75
പൂര്‍ണ്ണ വളര്‍ച്ചയെത്തുന്ന പ്രായം - 166 ദിവസം
280-ാം ദിവസത്തെ ശരീരതൂക്കം - 3-3.5 കി.ഗ്രാം

  • ഗ്രാമലക്ഷ്‌മി

മണ്ണുത്തിയിലെ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത ഇനമാണിത്‌. ഉയര്‍ന്ന ജീവനക്ഷമതയും കൂടിയ ശരീരഭാരവും വലിപ്പമുള്ള മുട്ടയും ഇതിന്റെ പ്രത്യേകതയാണ്‌. ആസ്‌ട്രലോപ്‌ പൂവനും വൈറ്റ്‌ലഗോണ്‍ പിടയും ഇണചേര്‍ത്ത്‌ ഉല്‍പ്പാദിപ്പിച്ച ഇനമാണിത്‌.
പ്രത്യേകതകള്‍
മുട്ടയുല്‍പ്പാദനം വര്‍ഷത്തില്‍ - 180-120
ഉല്‍പ്പാദനം തുടങ്ങുന്ന പ്രായം
50 ശതമാനം മുട്ട ഉല്‍പ്പാദിപ്പിക്കുന്ന പ്രായം - 180 ദിവസം
ശരീരതൂക്കം - 1.7 കി.ഗ്രാം
മുട്ടയുടെ നിറം - നേര്‍ത്ത ബ്രൗണ്‍
ജീനക്ഷമത (ശതമാനം) - 96
കോഴിയുടെ നിറം - വെളുപ്പില്‍ കറുത്തപുള്ളികള്‍

  • ILM 90 (അതുല്യ)

കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഐ.സി.എ.ആര്‍ ഗവേഷണസ്ഥാപനം 1990-ല്‍ വികസിപ്പിച്ചെടുത്ത ഇനമാണിത്‌. ഇത്‌ അതുല്യ എന്നും അറിയപ്പെടുന്നു. ഡീപ്പ്‌ലിറ്റര്‍ രീതിയിലും കൂട്ടിലിട്ടും വളര്‍ത്താന്‍ പറ്റിയ ഇനമാണിത്‌.
പ്രത്യേകതകള്‍
മുട്ടയുല്‍പ്പാദനം വര്‍ഷത്തില്‍ - 280 എണ്ണം
മുട്ടയുടെ തൂക്കം - 55.8 ഗ്രാം
ദിവസം കഴിക്കുന്ന തീറ്റയുടെ ശരാശരി - 105 ഗ്രാം
അളവ്‌
ഒരു ഡസന്‍ മുട്ട ഉല്‍പ്പാദിപ്പിക്കാന്‍ കഴിക്കുന്ന - 1.69 കി.ഗ്രാം
തീറ്റ
ജീവനക്ഷമത (ശതമാനം) - 93-94
വിരിയല്‍ നിരക്ക്‌ (ശതമാനം) - 85-87
ശരീരതൂക്കം: 20 ആഴ്‌ചയില്‍ - 1.35-1.4 കി.ഗ്രാം
40 ആഴ്‌ചയില്‍ - 1.5-1.55 കി.ഗ്രാം
72 ആഴ്‌ചയില്‍ - 1.58-1.66 കി.ഗ്രാം
മരണനിരക്ക്‌ ശതമാനം - 0-20 ആഴ്‌ച-9
21-72 ആഴ്‌ച-8.9

  • ഗ്രാമപ്രിയ

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ചിന്റെ (ICAR) ഹൈദരാബാദിലെ പ്രോജക്‌ട്‌ ഡയറക്‌ടറേറ്റില്‍നിന്നും ഉരുത്തിരിച്ചെടുത്ത ഇനമാണിത്‌. ഒരു വര്‍ഷം 180-200 വരെ മുട്ട ലഭിക്കും. മുട്ടയുല്‍പ്പാദനം കഴിഞ്ഞ കോഴിക്ക്‌ 2 കി.ഗ്രാം തൂക്കവുമുണ്ടാകും. മുട്ടയ്‌ക്ക്‌ 53-55 ഗ്രാം തൂക്കമുണ്ട്‌.

  • പാസ്‌ ജാതി

കൊല്ലത്തെ പഴകുളം സര്‍വ്വീസ്‌ സഹകരണ സൊസൈറ്റിയില്‍നിന്നും വില്‍പ്പന നടത്തുന്ന സങ്കരയിനമാണിത്‌. കടക്കനാഥ്‌ പൂവനും വൈറ്റ്‌ലഗോണ്‍ പിടയും ഇണചേര്‍ത്ത്‌ ഉല്‍പ്പാദിപ്പിച്ചതാണിത്‌. ഇതിന്‌ വര്‍ഷത്തില്‍ 180-190 മുട്ടകള്‍ ലഭിക്കും. മുട്ടയുടെ തൂക്കം 45 ഗ്രാമാണ്‌.

  • ചിറ്റഗോഗ്‌

ഇന്ത്യയില്‍ കണ്ടുവരുന്ന കോഴികളില്‍ ഏറ്റവും നീളമുള്ള ഇനമാണിത്‌. പ്രായപൂര്‍ത്തിയെത്തിയ ഈ ഇനത്തില്‍ 75 സെ.മീ. വരെ നീളം കാണും. പൂവന്‌ 3-4.5 കി.ഗ്രാമും പിടയ്‌ക്ക്‌ 3-4 കി.ഗ്രാമും തൂക്കമുണ്ടാകും.

  • കടക്കനാഥ്‌

മധ്യപ്രദേശ്‌, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്നു. ആദിവാസികളാണ്‌ ഇവയെ മുഖ്യമായും വളര്‍ത്തിവരുന്നത്‌. കോഴിയുടെ മാംസവും തൂവലും തൊലിയും കറുത്തതാണ്‌. മാംസത്തിന്‌ പോഷകഗുണമുണ്ടെന്ന്‌ പറയപ്പെടുന്നു. ലൈംഗിക ഉത്തേജനത്തിനുവേണ്ടിയും ഈ കോഴിയുടെ ഇറച്ചികഴിച്ചുവരുന്നു. ഇറച്ചിയില്‍ 25.47 ശതമാനം പ്രൊട്ടീനും നല്ല അളവില്‍ ഇരുമ്പും അടങ്ങിയിട്ടുണ്ട്‌. ആറ്‌ മാസമായാല്‍ പ്രത്യുല്‍പ്പാദനക്ഷമമാകും. വാര്‍ഷിക മുട്ടയുല്‍പ്പാദനം ശരാശരി 105 ആണ്‌. മുട്ടയ്‌ക്ക്‌ 49 ഗ്രാം തൂക്കമുണ്ടാകും. ജീവനക്ഷമത 55 ശതമാനം. വിരിയല്‍നിരക്ക്‌ 52 ശതമാനവുമാണ്‌.

  • നേക്കഡ്‌ നെക്ക്‌

കഴുത്തിന്‌ രോമമില്ലാത്ത നേക്കഡ്‌ നെക്ക്‌ കേരളത്തിലെ തെക്കന്‍ ജില്ലകളിലാണ്‌ കൂടുതലായി വളര്‍ത്തുന്നത്‌. 201 ദിവസം പ്രായമായാല്‍ ഉല്‍പ്പാദനക്ഷമമാകും. ശരാശരി വാര്‍ഷിക മുട്ടയുല്‍പ്പാദനം 99 ആണ്‌. മുട്ടയ്‌ക്ക്‌ 54 ഗ്രാം തൂക്കമുണ്ടാകും. ജീവനക്ഷമത 66 ശതമാനവും വിരിയല്‍നിരക്ക്‌ 71 ശതമാനവുമാണ്‌.

  • വനരാജ

ഹൈദരാബാദിലെ ഐ.സി.എ.ആര്‍ വികസിപ്പിച്ചെടുത്ത ഇനമാണിത്‌. മുട്ടയ്‌ക്കും ഇറച്ചിക്കും വളര്‍ത്താന്‍ പറ്റിയ ഈ ഇനം വിവിധ നിരങ്ങളില്‍ കാണപ്പെടുന്നു. നല്ല രോഗപ്രതിരോധശേഷിയുള്ളതിനാല്‍ വീട്ടുമുറ്റത്തു വളര്‍ത്താന്‍ പറ്റിയ ഇനമാണ്‌. വാര്‍ഷിക മുട്ടയുല്‍പ്പാദനം 160-180 ആണ്‌.

  • സ്വര്‍ണ്ണ ധാര

ബാംഗ്ലൂര്‍ ഹബ്ബാലിലെ വെറ്ററിനറി യൂണിവേഴ്‌സിറ്റി 2005-ല്‍ വികസിപ്പിച്ചെടുത്ത ഇനമാണിത്‌. വാര്‍ഷിക മുട്ടയുല്‍പ്പാദനം 180-190 ആണ്‌. നല്ല വളര്‍ച്ചാനിരക്കും ഉയര്‍ന്ന രോഗപ്രതിരോധശേഷിയും ഇതിന്റെ പ്രത്യേകതയാണ്‌. വീട്ടുമുറ്റത്ത്‌ വളര്‍ത്താന്‍ പറ്റിയ ഈ കോഴികള്‍ 22-23 ആഴ്‌ചയില്‍ പ്രായപൂര്‍ത്തിയെത്തും. പൂവന്‌ 4 കി.ഗ്രാമും പിടയ്‌ക്ക്‌ മൂന്ന്‌ കി.ഗ്രാമും തൂക്കമുണ്ടാകും.

  • കൃഷി ബ്രോ

ബഹുവര്‍ണ്ണമുള്ള ഇറച്ചിക്കോഴിയിനമാണിത്‌. നടാന്‍ ഇനങ്ങളുടെ രൂപസാദൃശ്യമുള്ളതിനാല്‍ ഇറച്ചിക്ക്‌ കൂടുതല്‍ ഡിമാന്റുണ്ടാകും. ഇതിനു നല്ല രോഗപ്രതിരോധശേഷിയുമുണ്ട്‌. 42 ദിവസം പ്രായമായാല്‍ 1.5 കി.ഗ്രാം തൂക്കമുണ്ടാകും. 1:2.2 എന്നതാണ്‌ തീറ്റ പരിവര്‍ത്തനത്തിന്റെ അനുപാതം. മരണനിരക്ക്‌ മൂന്ന്‌ ശതമാനത്തില്‍ താഴെയാണ്‌. ഏഴ്‌ ആഴ്‌ചയായാല്‍ തീറ്റപരിവര്‍ത്തനത്തിന്റെ അനുപാതം 1:2:3 ആയിരിക്കും. ആ പ്രായത്തില്‍ 1.8 കി.ഗ്രാം തൂക്കവുമുണ്ടാകും.

  • നാടന്‍കോഴി

നാടന്‍കോഴിയിനങ്ങള്‍ വംശം നശിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്‌. ഇവയ്‌ക്ക്‌ അടയിരിക്കുന്ന സ്വഭാവം നന്നായിട്ടുണ്ട്‌. പലനിറത്തിലും വലിപ്പത്തിലും ഇവയെ കണ്ടുവരുന്നു. സങ്കരയിനങ്ങളെ ഉരുത്തിരിച്ചെടുക്കാനായി നാടന്‍ ഇനങ്ങളെ ഉപയോഗിക്കാറുണ്ട്‌.

നാടന്‍ ഇനങ്ങളുടെ പ്രത്യേകതകള്‍

മുട്ടയുല്‍പ്പാദനം വര്‍ഷത്തില്‍ - 64-68
വിരിയല്‍ നിരക്ക്‌ (ശതമാനം) - 50
മുട്ടയുടെ തൂക്കം - 45 ഗ്രാം
പ്രായപൂര്‍ത്തിയെത്തുന്നത്‌ - 215 ദിവസം
28-ാം ദിവസത്തെ തൂക്കം - 1.3-1.5 കി.ഗ്രാം
ഡ്രസ്സിങ്‌ ശതമാനം - 68
തീറ്റ പരിവര്‍ത്തനശേഷി - 1:3.2
മരണനിരക്ക്‌-8-ാമത്തെ ആഴ്‌ച - 10 ശതമാനം

മുട്ടയിടുന്നതിനുള്ള കൂടുകള്‍

വൃത്തിയുള്ള മുട്ടകള്‍ ലഭിക്കുന്നതിന്‌ ശരിയായ കൂടുകള്‍ ലഭ്യമാക്കണം. അഞ്ച്‌ കോഴികള്‍ക്ക്‌ മുട്ട ഇടുന്നതിന്‌ ഒരു കൂടെങ്കിലും ലഭ്യമാക്കണം. 30 x 30 x 40 സെന്റിമീറ്റര്‍ അളവിലുള്ളതായിരിക്കണം മുട്ടക്കൂടുകള്‍. മൂന്നോ നാലോ എണ്ണത്തിന്‌ ഒരു കൂടുമതി. കൂട്ടിനുള്ളില്‍ ഉണങ്ങിയ വൈക്കോല്‍, അറക്കപ്പൊടി തുടങ്ങിയ സാധനങ്ങള്‍കൊണ്ടുള്ള ഒരു വിരിപ്പും ഉണ്ടായിരിക്കണം. അഴുക്കായാല്‍ ഉടന്‍തന്നെ വിരിപ്പ്‌ മാറ്റുകയും വേണം.

മുട്ടവിരിയിക്കല്‍

1. അടക്കോഴിയെ ഉപയോഗിച്ചുള്ള സാധാരണ മുട്ടവിരിയിക്കല്‍

അടക്കോഴിയെ ഉപയോഗിച്ച്‌ മുട്ട്‌ വിരിയിക്കാം. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കാണപ്പെടുന്ന നാടന്‍ കോഴികള്‍ നന്നായി അടയിരിക്കുന്നതിനു പുറമേ നല്ല അമ്മമാരായി കുഞ്ഞുങ്ങളെ വളര്‍ത്തുകയും ചെയ്യും.
എത്ര മുട്ടകള്‍ അടവയ്‌ക്കണം?: വിരിയിച്ചിറക്കുന്ന കുഞ്ഞുങ്ങളില്‍ 50% പിട ആയിരിക്കും. അടവയ്‌ക്കപ്പെടുന്ന മുട്ടകളില്‍തന്നെ 50-65% മാത്രമേ വിരിയുകയുള്ളൂ. രോഗംകൊണ്ടും മറ്റു കാരണങ്ങള്‍കൊണ്ടും കോഴിക്കുഞ്ഞുങ്ങളെ തിരസ്‌കരിച്ചു മാറ്റാന്‍ ഇടയുള്ളതുകൊണ്ട്‌ നല്ല ഒരു പിടയെ തിരഞ്ഞെടുക്കുന്നതിന്‌ അഞ്ചോ ആറോ മുട്ടകള്‍ അടവയ്‌ക്കണം.
അടക്കോഴിയെ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം
1. ആരോഗ്യമുള്ളവയും ബഹളം വയ്‌ക്കാത്തതുമായവയെ മാത്രം തിരഞ്ഞെടുക്കുക.

2. മുട്ടയിടിലിന്റെ ആദ്യകാലത്തുള്ളവയെക്കാള്‍ അല്‍പ്പം മുതിര്‍ന്ന കോഴികളാണ്‌ നല്ലത്‌.

കൂടുകള്‍

അടവയ്‌ക്കുന്നവയ്‌ക്കുള്ള കൂടുകള്‍, മുട്ട ഇട്ടുകൊണ്ടിരിക്കുന്ന മറ്റു കോഴികളുടേതില്‍നിന്നും അകലത്തില്‍ വേമം വയ്‌ക്കേണ്ടത്‌. മഴ, കാറ്റ്‌, ക്ഷുദ്രജീവികള്‍ എന്നിവയുടെ ശല്യമില്ലാതെ സ്വസ്ഥമായിരിക്കാന്‍ അനുവദിക്കണം. സ്ഥലസൗകര്യമുള്ളതും വാതിലില്‍നിന്നും വളരെ താഴ്‌ചയില്ലാത്തതുമായ കൂടാണ്‌ നല്ലത്‌. കൂട്‌ തറനിരപ്പിനോടു ചേര്‍ന്നു നിര്‍മ്മിക്കുന്നതായിരിക്കും നല്ലത്‌. അതിനു സൗകര്യമില്ലെങ്കില്‍ കൂട്ടിനടിയില്‍ വിരിപ്പിനു താഴെ, കുറച്ചു നനഞ്ഞ മണ്ണിടണം. മുട്ടയ്‌ക്കുള്ളിലെ ജലാംശം പെട്ടെന്നു നഷ്‌ടപ്പെടാതിരിക്കാനാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. ചിന്തേരുപൊടി, അറക്കപ്പൊടി, ചെറുതായി നുറുക്കിയ വൈക്കോല്‍ എന്നിവയാണ്‌ വിരിപ്പായി ഉപയോഗിക്കാന്‍ പറ്റിയവ. ചിതല്‍, ഉറുമ്പ്‌, മറ്റു ക്ഷുദ്രജന്തുക്കള്‍ തുടങ്ങിയവയെ അകറ്റിനിറുത്തുന്നതിന്‌ ഒരു ഭാഗം നല്ല ചാരവും മൂന്നോ നാലോ മടങ്ങ്‌ ബി.എച്ച്‌.സി. 10% പൊടിയും തമ്മില്‍ ചേര്‍ന്ന മിശരിതം കൂട്ടില്‍ വിതറുന്നതു നല്ലതാണ്‌.

അടവയ്‌ക്കുന്നത്‌ എങ്ങനെ?

വൈകുന്നേരം അടവയ്‌ക്കുന്നതാണ്‌ നല്ലത്‌. അപ്പോള്‍ അടക്കോഴി പുതിയ ചുറ്റുപാടുമായി രാത്രിയില്‍ പൊരുത്തപ്പെടുന്നു. അടവയ്‌ക്കുന്നതിനുമുമ്പ്‌ ഒന്നുരണ്ടു ദിവസത്തേക്ക്‌ രണ്ടോ മൂന്നോ സാധാരണ മുട്ടയുടെ പുറത്തിരിക്കാന്‍ കോഴിയെ പരിശീലിപ്പിക്കണം. അടവയ്‌ക്കപ്പെടുന്ന മുട്ടയുടെ എണ്ണം കോഴിയുടെയും മുട്ടയുടെയും വലിപ്പം ആശ്രയിച്ചിരിക്കും.
കൂട്ടില്‍ കയറ്റുന്നതിനുമുമ്പ്‌ ഫ്‌ളൈ കില്‍, ടിക്‌ടോക്‌സ്‌ തുടങ്ങിയ കീടനാശിനി ഉപയോഗിച്ച്‌ കോഴിയുടെ പുറത്ത്‌ പേനുകളുണ്ടെങ്കില്‍ നശിപ്പിക്കേണ്ടതാണ്‌.

അടക്കോഴിയുടെ പരിപാലനം

അടക്കോഴിക്ക്‌ വലിയ പരിപാലനമൊന്നും ആവശ്യമില്ലെങ്കിലും ഇടയ്‌ക്കിടയ്‌ക്ക്‌ ശ്രദ്ധിക്കുന്നുതു കൊള്ളാം. തുടക്കത്തില്‍ ഒന്നുരണ്ടു ദിവസം രണ്ടുതവണ മാത്രമേ പുറത്തു വിടാവൂ. ഇരുപതുമിനിറ്റു സമയം മാത്രം പുറത്തുവിട്ടാല്‍ മതി. ഈ ഇടവേളയില്‍ മുട്ടകള്‍ക്ക്‌ വേണ്ടത്ര വായുസമ്പര്‍ക്കം ലഭിക്കുകയും ചെയ്യും.

അടവച്ച മുട്ടകളുടെ പരിശോധന

അടവച്ചശേഷം ഏഴും ഒന്‍പതും ദിവസങ്ങളില്‍ ക്യാന്റിലിങ്‌ നടത്തി വിരിയാന്‍ സാധ്യതയില്ലാത്ത മുട്ടകള്‍ മാറ്റണം. സൗകര്യപ്പെടുമെങ്കില്‍ 15-16 ദിവസങ്ങളില്‍കൂടി പരിശോധിച്ച്‌ ഉര്‍വരതയില്ലാത്ത മുട്ടകള്‍ മാറ്റുന്നത്‌ നല്ലതാണ്‌. 18-ാം ദിവസം മുതല്‍ കോഴിയെ ശല്യപ്പെടുത്താന്‍ പാടില്ല തീറ്റയ്‌ക്കും വെള്ളത്തിനുമായി കൂടുതുറന്നു വച്ചിരുന്നാല്‍ മതി. സാധാരണഗതിയില്‍ 20-ാം ദിവസം തോടുകള്‍ പൊട്ടി കുഞ്ഞുങ്ങള്‍ പുറത്തുവരും. മുഴുവന്‍ കുഞ്ഞുങ്ങളും പുറത്തുവരും. മുഴുവന്‍ കുഞ്ഞുങ്ങളും പുറത്തു വരുന്നതിനുമുമ്പ്‌ അടക്കോഴിയെ വെളിയില്‍ പോകാന്‍ അനുവദിക്കരുത്‌.
വിരിയല്‍പ്രക്രിയ പൂര്‍ത്തിയായ ഉടനേ മുട്ടത്തോട്‌, വിരിപ്പ്‌ എന്നിവ മാറ്റി പുതിയ വിരിപ്പ്‌ ഇടണം. കീടനാശിനി ഒരിക്കല്‍കൂടി വിതരണം. ചുരുങ്ങിയത്‌ രണ്ടുദിവസം കുഞ്ഞുങ്ങളെയും തള്ളക്കോഴിയെയും തനിയെ വിടുക. ആ സമയത്ത്‌ കോഴിക്കുഞ്ഞുങ്ങള്‍ക്ക്‌ തീറ്റ നല്‍കേണ്ട ആവശ്യമില്ല.

കൂടുനിര്‍മ്മാണം

മുട്ടക്കോഴികളെ വളര്‍ത്താനുള്ള നിര്‍മ്മിക്കുവാനുള്ള സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
1. മുട്ടയ്‌ക്കും ഇറച്ചിക്കും വിപണനസാധ്യതയുള്ള സ്ഥലത്തുവേണം കൂടു നിര്‍മ്മിക്കാന്‍
2. കോഴിത്തീറ്റയ്‌ക്കുള്ള അസംസ്‌കൃത വസ്‌തുക്കള്‍ ലഭ്യമാക്കണം.
3. യാത്രാസൗകര്യം, വെള്ളം, വൈദ്യുതി എന്നിവ ഉണ്ടായിരിക്കണം.
4. പൊതുജനങ്ങള്‍ക്ക്‌ പരാതിയില്ലാത്ത സ്ഥലമായിരിക്കണം.
5. ഭാവിവികസനത്തിനുകൂടി സൗകര്യമുള്ള സ്ഥലമായിരിക്കണം.
6. കിഴക്കുപടിഞ്ഞാറുദിശയില്‍ ഷെഡ്ഡ്‌ പണിയാനുള്ള സൗകര്യമുണ്ടാക്കണം.
മുട്ടക്കോഴികള്‍ക്ക്‌ കിഴക്കുപടിഞ്ഞാറു ദിശയില്‍ വേണം കൂടുനിര്‍മ്മിക്കാന്‍. കോഴികളുടെ എണ്ണത്തിനനുസരിച്ച്‌ നീളം വ്യത്യാസപ്പെടുത്താം. എന്നാല്‍ കെട്ടിടത്തിന്റെ വീതി വീതി 4.5-9 മീറ്റര്‍ ആണ്‌ വേണ്ടത്‌. വീതി അധികമായാല്‍ കൂട്ടില്‍ കാറ്റ്‌ കുറയും. ഒന്‍പത്‌ മീറ്ററില്‍ കൂടുതല്‍ വീതിയുണ്ടായാലാണ്‌ ഈ പ്രശ്‌നം അനുഭവപ്പെടുന്നത്‌. ചുമരിന്റെ ഉയരം 1.8-3.6 മീറ്റര്‍വരെയാകാം. കെട്ടിടത്തിനകത്ത്‌ 500 കോഴികള്‍ക്കുള്ള കള്ളി തിരിക്കാവുന്നതാണ്‌. ഓരോ കള്ളിക്കും പ്രത്യേകം വാതില്‍ കൊടുക്കണം.
30-40 മുട്ടക്കോഴികളെ വളര്‍ത്താനായി 5മീ. x3മീ. വലിപ്പത്തിലുള്ള കൂടുമതിയാകും. തറ മണ്‍നിരപ്പില്‍നിന്നും 25 സെ.മീ. ഉയരത്തില്‍ പണിയണം. അടുക്കളമുറ്റത്തു കോഴി വളര്‍ത്തുന്നതിനായി ചെറിയ കൂടുകള്‍ നിര്‍മ്മിക്കുവാന്‍ കഴിയും. 120 സെ.മീ. x90 സെ.മീ.x 60 സെ.മീ വലിപ്പത്തിലുള്ള ഒരു കൂട്ടില്‍ 10 കോഴികളെ വളര്‍ത്താം. മരംകൊണ്ട്‌ ഇത്തരത്തിലുള്ള കൂടുണ്ടാക്കാം.
മരമില്ലില്‍നിന്നും ലഭിക്കുന്ന ഗുണംകുറഞ്ഞ മരക്കഷണങ്ങള്‍ മാത്രം മതി. ഇത്തരം കൂടുണ്ടാക്കാന്‍ ഒന്നര അടി ഉയരത്തില്‍ 4 തൂണില്‍ വേണം കൂടു നിര്‍ത്തുവാന്‍. കാലോടുകൂടിയതും കൂടുണ്ടാക്കാന്‍ കഴിയും. മരപ്പലകള്‍ തമ്മില്‍ ഒരു ഇഞ്ച്‌ വിടവു മതിയാകും. ഓടോ ആസ്‌ബസ്റ്റോസോ കൊണ്ട്‌ മേല്‍ക്കൂരയുണ്ടാക്കാം. കൂടിന്‌ ഒരു വാതില്‍ മതിയാകും. വാതിലിന്‌ അടച്ചുപൂട്ടാനുള്ള സൗകര്യംകൂടി വേണം. ഇത്തരം കൂട്ടില്‍ മുട്ടയിടാനായി ഒരു പെട്ടികൂടി വെക്കേണ്ടിവരും. കൂടിനടിവശത്ത്‌ പ്ലാസ്റ്റിക്‌ ഷീറ്റ്‌ വിരിച്ചിട്ടാല്‍ കോഴിക്കാഷ്‌ഠം നഷ്‌ടപ്പെടാതെ എടുക്കുവാന്‍ കഴിയും. കൂട്‌ ഇടയ്‌ക്കിടെ സ്ഥലം മാറ്റിവെക്കുവാനുംകഴിയും.

കെട്ടിടം ഡീപ്പ്‌ ലിറ്റര്‍ സമ്പ്രദായത്തില്‍

ഒരേ വര്‍ഗത്തിലും പ്രായത്തിലുമുള്ള കോഴികളെ നിലത്തുവിരിച്ച ലിറ്ററില്‍ വളര്‍ത്തുന്ന രീതിയാണ്‌ ഡീപ്പ്‌ ലിറ്റര്‍ സമ്പ്രദായമെന്നു പറയുന്നത്‌. ഡീപ്പ്‌ ലിറ്റര്‍ സമ്പ്രദായത്തിനാവശ്യമായ കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ അവ കഴിവതും ഗൃഹപരിസരങ്ങളില്‍നിന്നും സുമാര്‍ 50 അടി (15 മീറ്റര്‍) അകലെയായി നിര്‍മ്മിക്കുന്നതാണ്‌ കൂടുതല്‍ സൗകര്യപ്രദം. വേണ്ടത്ര വെളിച്ചം കിട്ടുന്നതും വെള്ളം ലഭ്യമുള്ളതുമായ സ്ഥലത്തായിരിക്കണം കെട്ടിടം നിര്‍മ്മിക്കുന്നതിനായി തെരഞ്ഞെടുക്കേണ്ടത്‌. കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ കെട്ടിടത്തിന്റെ അടിത്തറ കല്ലുകൊണ്ടു കെട്ടിയതും ഭൂനിരപ്പില്‍നിന്നും ഒരടി ഉയരത്തിലുള്ളതുമായിരിക്കണം. അടിത്തറ സിമന്റുകൊണ്ട്‌ കെട്ടുകയും അവയുടെ നിര്‍മ്മാണ സമയത്ത്‌ പാര്‍ശ്വങ്ങളില്‍ കമ്പിവല ഭൂനിരപ്പിന്‌ ഒരടി താഴെ കുഴിച്ചിടുകയും ചെയ്‌താല്‍ എലിയുടെ ശല്യം കുറയ്‌ക്കാന്‍ ഉപകാരപ്രദമായിരിക്കും. അതുപോലെ മണ്‍തറ ഉപയോഗിക്കാമെങ്കിലും കോണ്‍ക്രീറ്റ്‌ ചെയ്യുന്നത്‌ ലിറ്റര്‍ നനയാതെ സൂക്ഷിക്കാനും എലികള്‍ ഭൂമിക്കടിയില്‍ക്കൂടി തുരന്നു കെട്ടിടത്തിനുള്ളില്‍ കയറാതിരിക്കാനും എളുപ്പം വൃത്തിയാക്കാനും സഹായകരമാണ്‌. കെട്ടിടത്തിന്റെ വീതി 30 അടി (9 മീ.) യില്‍ കൂടുന്നത്‌ ഫലപ്രദമായ വായുഗതാഗതത്തിന്‌ അനുയോജ്യമല്ല. കെട്ടിടത്തിന്റെ മോന്തായത്തിന്‌ 11 അടി (8.3 മീ) ഉയരവും മേല്‍ക്കൂരയും ഭിത്തിയും ചേരുന്ന സ്ഥലത്തിന്‌ 6 അടി (1.8 മീ.) ഉയരവും ഉണ്ടായിരിക്കണം. വര്‍ഷകാലത്തെ മഴ കെട്ടിടത്തിനുള്ളില്‍ അടിച്ചുകയറാതിരിക്കാനും ശക്തമായ സൂര്യരശ്‌മി അകത്ത്‌ വീഴുന്നത്‌ തടയുവാനും മേല്‍ക്കൂര ഭിത്തിയില്‍നിന്നും 3.3 അടി (100 സെ.മീ.) പുറത്തേക്കുന്തി നില്‍ക്കുന്ന രീതിയില്‍ വേണം പണിയുവാന്‍. മേല്‍ക്കൂരയുടെ ചായ്‌വ്‌ പത്തിന്‌ ഒന്ന്‌ എന്ന അനുപാതത്തില്‍ നിര്‍മ്മിക്കുന്നത്‌ തടസ്സമില്ലാതെ മഴവെള്ളം കൂരയില്‍നിന്നൊലിച്ചു പോകുവാന്‍ സഹായകമാകും. കൂര മേയുവാന്‍ ഓട്‌, ആസ്‌ബസ്റ്റോസ്‌, ലിറ്റ്‌റൂഫ്‌ എന്നിവയോ ഓലയോ ഉപയോഗിക്കാവുന്നതാണ്‌. ഓല ഉപയോഗിച്ചു മേയുമ്പോള്‍ അത്‌ പ്രതിവര്‍ഷം മാറ്റേണ്ടതുണ്ടെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. ഓലമേഞ്ഞശേഷം പ്ലാസ്റ്റിക്‌ ഷീറ്റ്‌ ഉപയോഗിച്ച്‌ മൂടിയാല്‍ 2-3 വര്‍ഷവരെ ഉപയോഗിക്കാം.
കെട്ടിടത്തിലെ പാര്‍ശ്വഭിത്തികള്‍ 2 അടി (60 സെ.മീ.) ഉയരത്തില്‍ കെട്ടി ബാക്കി ഭാഗങ്ങള്‍ കമ്പിവലയോ എക്‌സ്‌പാന്റഡ്‌ മെറ്റല്‍ വലയോ ഉപയോഗിച്ച്‌ മറയ്‌ക്കാവുന്നതാണ്‌. കമ്പിവല 2.5 സെ.മീ. x2.5 സെ.മീ. നീളമുള്ളതും നല്ല ബലമുള്ളതുമായിരിക്കണം. കമ്പിവലകള്‍ മരംകൊണ്ടുണ്ടാക്കിയ ചട്ടക്കൂട്ടില്‍ ഘടിപ്പിക്കുന്നത്‌ ഇവ ഏറെ നാള്‍ കേടുവരാതിരിക്കാന്‍ സഹായിക്കുന്നു. പക്ഷേ, മരംകൊണ്ടുള്ള ചട്ടങ്ങള്‍ പണിയുമ്പോള്‍ അവയ്‌ക്ക്‌ വീതി കുറവായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. അല്ലെങ്കില്‍ കോഴികള്‍ അതില്‍ കയറിനില്‍ക്കുവാനും അതുവഴി ഭിത്തിയും പരിസരങ്ങളും മലിനപ്പെടുത്തുവാനും സാധ്യതയുണ്ട്‌. ഇത്‌ ഒഴിവാക്കേണ്ടതാണ്‌. കെട്ടിടത്തിന്‌ പുറത്തേക്കു തുറക്കുന്ന രീതിയിലുള്ള ഒരു വാതില്‍ മതിയാകും.
കൂടിന്റെ തറയില്‍ അറക്കപ്പൊടി, ചിന്തേര്‌, ഉണങ്ങിയ കരിമ്പിന്‍ചണ്ടി, ഉമി, നുറുക്കിയ വൈക്കോല്‍ എന്നിവ അതാതു സ്ഥലങ്ങളിലെ ലഭ്യത, വില എന്നിവ കണക്കിലെടുത്ത്‌ വിരിയായി ഉപയോഗിക്കാവുന്നതാണ്‌. കോഴികളെ പാര്‍പ്പിക്കുന്നതിനുമുമ്പായി ആദ്യം 6-8 സെ.മീ. കനത്തില്‍ ലിറ്റര്‍ കൃത്യമായി നിലത്തു വിരിക്കേണ്ടതുണ്ട്‌. ഇതിനുശേഷം കോഴികളെ പാര്‍പ്പിക്കുകയും ക്രമാനുഗതമായി വിരി അഥവാ ലിറ്ററിന്റെ കനം 15-20 സെ.മീ. വരെ കൂട്ടുകയും ചെയ്യേണ്ടതാണ്‌. ഇത്‌ ആഴ്‌ചയില്‍ ഒരിഞ്ച്‌ (2.5 സെ.മീ.) എന്ന തോതില്‍ കൂട്ടുന്നത്‌ സൗകര്യപ്രമായിരിക്കും. ഈ രീതിയില്‍ 15-20 സെ.മീ. കനത്തില്‍ ലിറ്റര്‍ വിരിക്കാന്‍ ഉദ്ദേശം ഒരു ചതുരശ്രമീറ്ററിന്‌ 10 കിലോ വിരിസാധനം വേണ്ടിവരും. ലിറ്റര്‍ നനയാതെ സൂക്ഷിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. നനഞ്ഞ ലിറ്റര്‍ കെട്ടിടത്തിലെ ഈര്‍പ്പം വര്‍ധിപ്പിക്കുകയും അതുവഴി ഉല്‍പ്പാദനത്തെ ബാധിക്കുമെന്നുമാത്രമല്ല കോക്‌സിഡിയോസിസ്‌ തുടങ്ങിയ രോഗങ്ങളുണ്ടാവാനുള്ള അവസരം വര്‍ധിപ്പിക്കുകയും ചെയ്യും. ലിറ്റര്‍ ഈര്‍പ്പമില്ലാതിരിക്കാന്‍ അത്‌ ഇടയ്‌ക്കിടെ ഇളക്കിക്കൊടുക്കുന്നത്‌ നല്ലതാണ്‌. മഴക്കാലങ്ങളില്‍ ആഴ്‌ചയില്‍ ഒരിക്കല്‍ വീതം ഇളക്കുന്നത്‌ ആശാസ്യമാണ്‌. മഴക്കാലങ്ങളിലും വെള്ളപ്പാത്രം വെക്കുന്ന സ്ഥലങ്ങളില്‍ എല്ലാക്കാലങ്ങളിലും ലിറ്ററിലെ നനവു പരിശോധിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. നനവുള്ള ലിറ്ററില്‍ പുതിയ ലിറ്റര്‍ വിതറുകയോ, നനഞ്ഞ ഭാഗം അപ്പാടെ മാറ്റി പുതിയ ലിറ്റര്‍ ഇടുകയോ ചെയ്യണം. കൂടാതെ നനവ്‌ പരിപഹരിക്കാന്‍ ലിറ്ററില്‍ 4 ച.മീറ്ററിന്‌ 250 ഗ്രാം എന്ന തോതില്‍ കുമ്മായം വിതറി ഇളക്കിക്കൊടുക്കുന്നത്‌ നല്ലതാണ്‌.
വിവിധ പ്രായമുള്ളവയെയും വിവിധ വര്‍ഗത്തില്‍പ്പെട്ടവയെയും പ്രത്യേകം കെട്ടിടങ്ങളില്‍ വളര്‍ത്തുന്നത്‌ രോഗബാധ പകരുന്നത്‌ തടയുവാന്‍ വളരെയേറെ സഹായിക്കും. ഇതുപോലെതന്നെ കോഴികളെ വളര്‍ത്തുന്ന കെട്ടിടങ്ങള്‍ തമ്മില്‍ 11 മീറ്റര്‍ ദൂരമുണ്ടായിരിക്കുന്നതും ഇതിന്‌ സഹായകരമാണ്‌. കോഴികളെ വളര്‍ത്തുന്ന കെട്ടിടങ്ങളില്‍ അകത്ത്‌ കടക്കുന്ന വാതിലിനു സമീപം സന്ദര്‍ശകരുടെ കാലുകള്‍ നനയ്‌ക്കാനായി അണുനാശിനി ലായനി ഒഴിച്ചുവയ്‌ക്കാനുള്ള സംവിധാനവും ഉണ്ടായിരിക്കേണ്ടതാണ്‌. ഫിനോള്‍, ഡെറ്റോള്‍, ബ്ലീച്ചിങ്‌ പൗഡര്‍ ഇവയില്‍ ഏതെങ്കിലും ഒന്ന്‌ ഇതിനായി ഉപയോഗിക്കാം. കെട്ടിടത്തില്‍ തിരിച്ചിരിക്കുന്ന കൂട്ടില്‍നിന്ന്‌ കോഴികളെ അപ്പാടെ മാറ്റുമ്പോള്‍ അവിടത്തെ വിരി (ലിറ്റര്‍) പൂര്‍ണ്ണമായും മാറ്റുകയും ആ സ്ഥലം അണുനാശിനി ഉപയോഗിച്ച്‌ വൃത്തിയാക്കുകയും വേണം.
കേജ്‌ സമ്പ്രദായത്തിന്‌ ഇന്ന്‌ കോഴി വളര്‍ത്തുന്നവരുടെയിടയില്‍ വളരെയേറെ പ്രചാരം സിദ്ധിച്ചിട്ടുണ്ട്‌. വികസിത പാശ്ചാത്യ രാജ്യങ്ങളില്‍ വളര്‍ത്തുന്ന കോഴികളില്‍ 90 ശതമാനവും കേജ്‌ സമ്പ്രദായമനുസരിച്ച്‌ വളര്‍ത്തപ്പെടുന്നവയാണ്‌. ഡീപ്പ്‌ ലിറ്റര്‍ സമ്പ്രദായത്തില്‍ വര്‍ത്തുന്നതിനേക്കാള്‍ മൂന്നോ നാലോ ഇരട്ടി കോഴികളെ ഒരു നിശ്ചിത സ്ഥലത്ത്‌ വളര്‍ത്താം എന്നതാണ്‌ ഈ സമ്പ്രദായത്തിന്റെ പ്രധാന മെച്ചം. കൂടാതെ സ്ഥലപരിമിതി കാരണം കോഴികള്‍ അവയ്‌ക്കു നല്‍കുന്ന ഊര്‍ജ്ജം പാഴാക്കാതെ ഉല്‍പ്പാദനത്തിലേക്കായി ചെലവഴിക്കുകയും അതുവഴി ഉല്‍പ്പാദനക്ഷമത, തീറ്റപരിവര്‍ത്തനശേഷി എന്നീ ഗുണങ്ങളില്‍ ഡീപ്പ്‌ ലിറ്ററില്‍ വളര്‍ത്തുന്നവയേക്കാള്‍ മെച്ചപ്പെട്ട ഫലം നല്‍കുകയും ചെയ്യുന്നു എന്നതും കേജ്‌ സമ്പ്രദായത്തിന്റെ സവിശേഷതയാണ്‌. രോഗം പകരാനുള്ള കുറഞ്ഞ സാധ്യത, വിരബാധയ്‌ക്കും മറ്റുമുള്ള സാധ്യതക്കുറവ്‌, ഓരോ കോഴിയുടെയും ഉല്‍പ്പാദനക്ഷമതയെക്കുറിച്ച്‌ അറിയുവാനുള്ള എളുപ്പം, തെരഞ്ഞു മാറ്റുന്നതിനുള്ള എളുപ്പം, ശുചിയായ മുട്ടയുല്‍പ്പാദനം എന്നിവയും ഈ സമ്പ്രദായത്തിന്റെ മെച്ചങ്ങളാണ്‌.
കേജ്‌ സമ്പ്രദായത്തില്‍ പ്രാരംഭമുതല്‍ മുടക്കു കൂടുതലാണെങ്കിലും ദീര്‍ഘകാലസേവനം, മുന്തിയ ഉല്‍പ്പാദനക്ഷമത, കൂടുതല്‍ കോഴികളെ പാര്‍പ്പിക്കാനുള്ള സൗകര്യവും തന്നിമിത്തമുണ്ടാകുന്ന അധിക വരവും കണക്കിലെടുക്കുമ്പോള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ധാരാളം കോഴികളെ വളര്‍ത്താനുദ്ദേശിക്കന്ന കോഴിവളര്‍ത്തലുകാര്‍ക്ക്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കേജ്‌ സമ്പ്രദായം ഡീപ്പ്‌ ലിറ്റര്‍ സമ്പ്രദായത്തേക്കാള്‍ മെച്ചപ്പെട്ടതായിരിക്കും.
കേജ്‌ സമ്പ്രദായത്തില്‍ എല്ലാ പ്രായത്തിലുള്ള കോഴികളെയും വളര്‍ത്താം. പ്രായാനുസൃതമായ കേജുകള്‍ വേണമെന്നു മാത്രം. ഇന്ത്യയില്‍ കേജ്‌സമ്പ്രദായത്തില്‍ കോഴികളെ വളര്‍ത്തുന്നവര്‍ മിക്കവാറും മുട്ടയിടുന്ന പ്രായം വരെ കുഞ്ഞുങ്ങളെ ഡീപ്പ്‌ ലിറ്റര്‍ സമ്പ്രായത്തിലും മുട്ടയിടുന്ന പ്രായം മുതല്‍ കേജിലുമാണ്‌ സാധാരണയായി വളര്‍ത്തുന്നത്‌.
ഇന്നു വിപണിയില്‍ ഒന്നു മുതല്‍ അഞ്ചു കോഴികളെ വരെ വളര്‍ത്താന്‍ പര്യാപ്‌തമായ കേജുകള്‍ ലഭ്യമാണ്‌. എന്നാല്‍ നാലു കോഴികളുള്ള കേജാണ്‌ കൂടുതല്‍ അനുയോജ്യമെന്നാണ്‌ കണ്ടിരിക്കുന്നത്‌. ഇത്തരം ഒരു കേജിന്‌, അതായത്‌ 4 കോഴികളെ വളര്‍ത്താനുള്ള ഒരു കേജിന്‌ 18 ഇഞ്ച്‌ (45 സെ.മീ.) നീളവും (ആഴവും) പിന്‍വശം 13 ഇഞ്ച്‌ (32.5 സെ.മീ.) ഉയരവും, മുന്‍വശം 18 ഇഞ്ച്‌ (45 സെ.മീ.) ഉയരവും, വീതി ഒരു കോഴിക്ക്‌ 4 ഇഞ്ച്‌ (10 സെ.മീ.) എന്ന തോതില്‍ സ്ഥലം കണക്കാക്കി 16 ഇഞ്ച്‌ (40 സെ.മീ.) ഉം ആയിരിക്കും. ഇത്‌ കേജിന്റെ അടിവശം മുന്‍വശത്തേക്കു ചായ്‌വോടുകൂടിയിരിക്കാനാണ്‌. ഇത്തരത്തലുള്ള കൂടിന്റെ അടിയിലെ കമ്പിവല മുന്‍വശത്തേക്കുള്ള ചരിവോടുകൂടി കേജില്‍നിന്ന്‌ 15 ഇഞ്ച്‌ (37.5 സെ.മീ.) തള്ളി നില്‍ക്കുന്ന രീതിയിലും അഗ്രഭാഗം മുകളിലേക്ക്‌ വളച്ചതുമായിരിക്കണം. ഈ രീതിയിലുള്ള കേജില്‍ മുട്ട ശേഖരിക്കുവാന്‍ എളുപ്പവുമാകുന്നു എന്നതാണ്‌ സവിശേഷത. കോഴികളിടുന്ന മുട്ട അടിയിലെ കമ്പിവലയുടെ ചരിവു കാരണം ഉരുണ്ടുവരികയും അവ അഗ്രഭാഗത്തിലെ വളഞ്ഞ സ്ഥലത്തു തട്ടി അവിടെ ശേഖരിക്കപ്പെടുകയും ചെയ്യുന്നു.
കേജുകള്‍ നല്ല ഉറപ്പുള്ള കമ്പികൊണ്ട്‌ നിര്‍മ്മിച്ചതാവണം. ഇതിനായി ഒന്‍പതോ പത്തോ ഗേജ്‌ വണ്ണമുള്ളതും ഉറപ്പുള്ളതുമായ വെല്‍ഡഡ്‌ വയര്‍ മെഷ്‌ ആണ്‌ ഉപയോഗിക്കുന്നത്‌. കേജിന്റെ പിന്‍ഭാഗത്തും മുന്‍വശത്തും മുകളിലും ഉപയോഗിക്കുന്ന കമ്പിവലയുടെ കണ്ണികള്‍ 3`` x 2`` (7.5 x 5സെ.മീ) 3`` x 3`` (7.5 x 7.5 സെ.മീ.) വലിപ്പത്തിലുള്ളവയും അടിവശത്തുപയോഗിക്കുന്ന വലയുടെ കണ്ണികള്‍ 1`` x 2`` (2.5 x 5 സെ.മീ.) വലുപ്പത്തിലുള്ളവയും ആയിരിക്കണം. പാര്‍ശ്വഭാഗത്ത്‌ 1`` x 3`` (2.5 x 7.5 സെ.മീ.) അല്ലെങ്കില്‍ 2``x 2`` (5x 5 സെ.മീ.) വലിപ്പമുണ്ടായിരിക്കേണ്ടതാണ്‌. കേജിന്റെ മുന്‍വശത്തു കേജിനോട്‌ ചേര്‍ത്ത്‌ 9`` (23.5 സെ.മീ.) ഉയരവും 6`` (15 സെ.മീ.) വീതിയുമുള്ള വാതിലും ഘടിപ്പിക്കേണ്ടതുണ്ട്‌.
ഇത്തരത്തിലുള്ള കേജുകള്‍ ഒന്നിനോടു ചേര്‍ത്ത്‌ മറ്റൊന്നായി അടുക്കി ആവശ്യമുള്ള കേജുകളുടെ ഒരു സമൂഹം നിര്‍മ്മിക്കാം. കൂടാതെ ഒരു കേജിനു മുകളില്‍ മറ്റൊരു കേജ്‌ വരത്തക്കവണ്ണവും കോണിപ്പടിപോലെയും മൂന്നാം നിരയായുള്ള കേജുകളുടെ സമൂഹവും ഘടിപ്പിക്കാവുന്നാണ്‌. ഈ കേജ്‌ സമൂഹങ്ങള്‍ കൂരയില്‍നിന്നു കെട്ടിത്തൂക്കിയോ, നിലത്തുറപ്പിച്ച ആംഗിള്‍ അയേണുകളുമായി ബന്ധിപ്പിച്ചോ നിര്‍ത്താവുന്നതാണ്‌. എന്നാല്‍ കൂടിന്റെ അടിവശം തറനിരപ്പില്‍നിന്ന്‌ സുമാര്‍ 3 അടി (90 സെ.മീ.) ഉയരത്തില്‍ വരത്തക്കവണ്ണം ആയിരിക്കണം ഘടിപ്പിക്കേണ്ടത്‌. കേജുകളില്‍നിന്നും വീഴുന്ന കാഷ്‌ഠം സംഭരിക്കാനായി കേജുകള്‍ ഘടിപ്പിച്ചിരിക്കുന്നതിനു തൊട്ടുതാഴെ കേജ്‌ സമൂഹത്തിന്റെ നീളത്തില്‍ തറയുടെ നിരപ്പില്‍നിന്ന്‌ ഒരു അടി (30 സെ.മീ.) താഴ്‌ചയില്‍ വീതിയുള്ള ചാല്‌ പണിയണം.
കേജുകളിലെ കോഴികള്‍ക്കു തീറ്റയും വെള്ളവും നല്‍കാനുള്ള സംവിധാനമാണ്‌ പിന്നെ ശ്രദ്ധിക്കേണ്ടത്‌. ഓരോ കേജ്‌സമൂഹത്തിനും അതിന്റെ ഉടനീളം വരുന്ന രീതിയില്‍ പാത്തിരൂപത്തിലുള്ള തീറ്റപ്പാത്രങ്ങള്‍ കേജിന്റെ മുന്‍വശത്തെ കമ്പിവലയില്‍ ഘടിപ്പിക്കേണ്ടതുണ്ട്‌. ഈ തീറ്റപ്പാത്രങ്ങള്‍ മരം കൊണ്ടുള്ളതോ ഗാല്‍വനൈസ്‌ഡ്‌ തകിടുകൊണ്ടുള്ളതോ ആകാം. തീറ്റപ്പാത്ര നിര്‍മ്മിതിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കണക്കിലെടുത്തുവേണം കേജിലെ തീറ്റപ്പാത്രങ്ങള്‍ നിര്‍മ്മിക്കാന്‍. വെള്ളം കൊടുക്കുവാന്‍ തീറ്റപ്പാത്രത്തിന്റെ തൊട്ടുമുകളിലായി പാത്തിരൂപത്തിലുള്ള വെള്ളപ്പാത്രം ഉടനീളം കേജിന്റെ മുന്‍വശത്തായി ഘടിപ്പിക്കണം. വെള്ളപ്പാത്രം കഴിവതും അലൂമിനിയം കൊണ്ടു നിര്‍മ്മിച്ചതാവണം. തുരുമ്പുപിടിക്കാനുള്ള സാധ്യതയില്ലായ്‌മ, വൃത്തിയാക്കാനുള്ള എളുപ്പം എന്നിവ കണക്കിലെടുത്താണ്‌ അലൂമിനിയം കൊണ്ട്‌ നിര്‍മ്മിച്ചിരിക്കണം എന്ന്‌ നിര്‍ദ്ദേശിക്കുന്നത്‌. വെള്ളപ്പാത്രങ്ങള്‍ V ആകൃതിയിലുള്ളതും 600 ചരിവോടുകൂടിയതുമായിരിക്കണം ഇതിന്റെ ഘടന. വെള്ളപ്പാത്രത്തിന്റെ 3-ല്‍ 2 ഭാഗവും വെള്ളപ്പാത്രത്തിന്റെ 4-ല്‍ 3 ഭാഗവും നിറഞ്ഞിരിക്കുന്ന രീതിയില്‍ വേണം തീറ്റയും വെള്ളവും കൊടുക്കാന്‍.
ഫാമിനോടനുബന്ധിച്ച്‌ ചത്ത കോഴികളെ നശിപ്പിക്കുന്നതിനുള്ള കുഴികളോ കത്തിച്ചുകളയാനുള്ള സംവിധാനമോ ഒരുക്കണം.
പ്രായപൂര്‍ത്തിയായ ഒരു പിടക്കോഴി പൂവന്റെ സാമീപ്യമില്ലാതെ ഇടുന്ന മുട്ടകള്‍ ഉല്‍പ്പാദനക്ഷമത (ഉര്‍വരത) ഉള്ളവയല്ല. അതുകൊണ്ട്‌ അടവയ്‌ക്കാനും സാധിക്കുകയില്ല. ഇണചേര്‍ന്ന്‌ 24 മണിക്കൂറുകള്‍ കഴിഞ്ഞശേഷം ഇടുന്ന മുട്ടകള്‍ മാത്രമേ അടവയ്‌ക്കാന്‍ ഉപയോഗിക്കാവൂ. പൂവന്‍കോഴിയുമായി ഇണചേര്‍ന്ന ശേഷം 10 ദിവസം വരെ ഉല്‍പ്പാദനക്ഷമതയുള്ള മുട്ട ലഭിക്കുമെങ്കിലും, 5-ാം ദിവസമാണ്‌ ഏറ്റവും കൂടുതലായി ഉല്‍പ്പാദനക്ഷമതയുള്ള മുട്ടകള്‍ ഇടുന്നത്‌. തന്മൂലം ഉല്‍പ്പാദനക്ഷമതയുള്ള മുട്ടകള്‍ ലഭിക്കുന്നതിന്‌ 10 ദിവസം മുമ്പേ ആസൂത്രണം ചെയ്യണം. ഉര്‍വരത ഒരു പൂവന്റെയോ പിടയുടെയോ വ്യക്തിപരമായതാണ്‌. അത്‌ കുഞ്ഞുങ്ങളിലേക്ക്‌ പാരമ്പര്യരൂപത്തില്‍ പകര്‍ന്നു കൊടുക്കുന്നതല്ല.

ഉല്‍പ്പാദനക്ഷമതയുള്ള മുട്ടകള്‍

പൂവന്‍കോഴിയുടെ സമീപ്യമില്ലാതെതന്നെ പിടക്കോഴി മുട്ട ഇടുമെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെ ഇടുന്ന മുട്ടയാണ്‌ `വെജിറ്റബിള്‍ മുട്ട'. സസ്യഭോജികള്‍ക്ക്‌ അത്‌ വര്‍ജ്യമല്ല. പൂവനുമായി വിജയകരമായി ഇണ ചേര്‍ന്നശേഷമിടുന്ന മുട്ടയുടെ മഞ്ഞക്കുരുവിലെ ഒരു നേരിയ പൊട്ടില്‍നിന്നും മൂന്ന്‌ ആഴ്‌ചകൊണ്ട്‌ കോഴിക്കുഞ്ഞു വിരിഞ്ഞു പുറത്തിറങ്ങുന്നു. സസ്‌തനജീവികളുടെ കാര്യത്തില്‍, ഭ്രൂണം മാതൃരക്തത്തില്‍ നിന്നും പോഷണം വലിച്ചെടുത്ത്‌ ഗര്‍ഭപാത്രത്തിനുള്ളില്‍ വളരുന്നു. പക്ഷികളിലാണെങ്കില്‍, ഒരു പ്രത്യേക ജീവി ആയി വളര്‍ന്നു സ്വതന്ത്രജീവിതം നയിക്കുന്നതിനാവശ്യമായ ആഹാരസാധനം കൂടി ഭ്രൂണത്തോടൊപ്പം മഞ്ഞക്കരുവില്‍ ലഭ്യമാക്കിയിട്ടുണ്ട്‌. മുട്ട വിരിയാന്‍ വേണ്ട സമയം 21 ദിവസമാണ്‌.

മുട്ടശേഖരണം

ആകര്‍ഷകമായ വലിപ്പമുള്ളതും വൃത്തിയുള്ളതുമായ മുട്ടകള്‍ ഉല്‍പ്പാദിപ്പിച്ച്‌ അവ നല്ല രീതിയില്‍ സംഭരിച്ച്‌ തക്ക സമയത്ത്‌ വിപണനം ചെയ്യുക എന്നതാണ്‌ കോഴിവളര്‍ത്തല്‍ വ്യവസായത്തിലെ പരമപ്രധാനമായ ലക്ഷ്യം. മുട്ടകള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവിട്ട്‌ ശേഖരിക്കേണ്ടതാണ്‌. ലിറ്ററില്‍ കൂടുതല്‍ സമയം മുട്ടകള്‍ കിടന്നാല്‍ തോടിനു പുറത്ത്‌ അഴുക്കു പുരളുന്നതിനു പുറമേ കോഴികള്‍ മുട്ട കൊത്തിക്കുടിക്കുകയോ ചവിട്ടിപ്പൊട്ടിക്കുകയോ ചെയ്യും. ദിവസത്തില്‍ ഏറ്റവും ചുരുങ്ങിയത്‌ നാലു തവണയെങ്കിലും മുട്ടകള്‍ ശേഖരിക്കേണ്ടതാണ്‌. കൂട്ടിനകത്തുനിന്നും ശേഖരിച്ച മുട്ടകള്‍ ഉടനേതന്നെ നല്ല വായുസഞ്ചാരമുള്ള, വൃത്തിയുള്ള മുട്ടകള്‍ സൂക്ഷിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള, മുറികളിലേക്ക്‌ മാറ്റണം.
ശേഖരിച്ച മുട്ടകള്‍ വൃത്തിയുള്ളതും കാറ്റ്‌ കടക്കാന്‍ സൗകര്യമുള്ളതുമായ ഫില്ലര്‍ ഫ്‌ളാറ്റുകളിലോ കമ്പിക്കൂട്ടിനകത്തോ വെക്കേണ്ടതാണ്‌. ഫില്ലര്‍ ഫ്‌ളാറ്റില്‍ മുട്ടകള്‍ അടുക്കുമ്പോള്‍ മുട്ടയുടെ വീതികൂടിയ ഭാഗം മേല്‍പോട്ടായി വെക്കേണ്ടതാണ്‌. അഴുക്കുപുരണ്ട മുട്ടകള്‍ തിരഞ്ഞുമാറ്റി ഉണങ്ങിയ തുണി ഉപയോഗിച്ച്‌ വൃത്തിയാക്കേണ്ടതാണ്‌. എന്നിട്ടും അഴുക്ക്‌ പോകാത്ത മുട്ടകള്‍ അണുനാശിനിലായിനിയില്‍ കഴുകി എടുക്കണം.

മുട്ടസംഭരണം

ശേഖരിച്ച മുട്ടകള്‍ വലിപ്പം, ആകൃതി, നിറം, വൃത്തി, മുട്ടത്തോടിന്റെ ഉറപ്പ്‌ എന്നീ സ്വഭാവങ്ങള്‍ അനുസരിച്ച്‌ വേര്‍തിരിച്ച്‌ പ്രത്യേകം ഫില്ലര്‍ ഫ്‌ളാറ്റുകളില്‍ സൂക്ഷിക്കണം. പൊട്ടിയ മുട്ടകള്‍ പ്രത്യേകം മാറ്റണം. പെട്ടികളിലും ബക്കറ്റുകളിലും മുട്ടകള്‍ അടുക്കിവയ്‌ക്കാന്‍ പാടുള്ളതല്ല. കാരണം, മുട്ടകള്‍ക്കിടയില്‍ വായുസഞ്ചാരം കുറഞ്ഞാല്‍ മുട്ടകള്‍ പെട്ടെന്ന്‌ കേടുവരും. മുട്ട സൂക്ഷിക്കുന്ന മുറിയിലും നല്ല വായുസഞ്ചാരം ഉണ്ടായിരിക്കണം. മുറിക്കുള്ളിലെ താപനിലയാണ്‌ മുട്ടകള്‍ സംഭരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്‌. കൂടിയ താപനിലയും താഴ്‌ന്ന അന്തരീക്ഷ ഈര്‍പ്പവും മുട്ടയുടെ ഗുണത്തെ കാര്യമായി ബാധിക്കും. ഉയര്‍ന്ന ചൂടുള്ളപ്പോള്‍ മുട്ടയ്‌ക്കുള്ളിലെ ജലം നീരാവിയായി പോകുന്നതുകൊണ്ട്‌ മുട്ടയുടെ തൂക്കം കുറയുകയും വെള്ളക്കരുവില്‍നിന്ന്‌ ജലാംശം മഞ്ഞക്കരുവിലേക്ക്‌ ചേരുന്നതുകൊണ്ട്‌ മഞ്ഞക്കരുവിന്റെ കട്ടി കുറയ്‌ക്കുകയും ചെയ്യുന്നു. ചൂടു കുറഞ്ഞതും ഈര്‍പ്പം കൂടിയതുമായ അവസ്ഥയില്‍ മുട്ടകള്‍ സംഭരിക്കാവുന്നതാണ്‌. 10-15 ഡിഗ്രി സെന്റിഗ്രേഡ്‌ താപമാണ്‌ മുട്ട സൂക്ഷിക്കുന്നതിന്‌ അഭികാമ്യം.
മുട്ട ഇട്ടുകഴിഞ്ഞ ഉടനേ അതിന്റെ ആന്തരികഗുണം ഏറ്റവും നന്നായിരിക്കും. സംഭരിച്ചു വെക്കുമ്പോള്‍ ഗുണം ക്രമത്തില്‍ കുറഞ്ഞു വരുന്നതാണ്‌. നല്ല വൃത്തിയുള്ളതും തോടിന്റെ പുറത്ത്‌ പൊട്ടലുകളോ പോറലുകളോ ഇല്ലാത്തതുമായ മുട്ടകള്‍ വേണം സംഭരിച്ചുവയ്‌ക്കുവാന്‍. തീരെ ചെറിയ പോറലുകളും മുട്ടയ്‌ക്കകത്തെ `ബ്ലഡ്‌സ്‌പോട്ടും' `മീറ്റ്‌ സ്‌പോട്ടും' കാന്റ്‌ ലിങ്‌ വഴി കണ്ടുപിടിക്കാം. അതുകൊണ്ട്‌ സംഭരിക്കുന്നതിനുമുമ്പുതന്നെ മുട്ടകള്‍ കാന്റ്‌ലിങ്‌ ചെയ്യണം. കനം കുറഞ്ഞ വൃത്തിയുള്ള തുണി ഉപയോഗിച്ച്‌ മുട്ടകള്‍ തുടച്ച്‌ വൃത്തിയാക്കേണ്ടതാണ്‌. എന്നിട്ടും അഴുക്കുപോകാത്ത മുട്ടകള്‍ ഏതെങ്കിലും അണുനാശിനി ചേര്‍ത്ത ചെറിയ ചൂടുള്ള (40.5 ഡിഗ്രി സെന്റിഗ്രേഡ്‌) വെള്ളത്തില്‍ കഴുകി എടുക്കാവുന്നതാണ്‌. കൂട്ടിനുള്ളില്‍നിന്നും ശേഖരിച്ച അതേ ദിവസംതന്നെ മുട്ടകള്‍ കഴുകണം. ലായനിയില്‍ മുട്ടകള്‍ 3 മിനിറ്റില്‍ കൂടുതല്‍ സമയം ഇടുവാന്‍ പാടുള്ളതല്ല. ഇങ്ങനെ കഴുകിയെടുത്ത മുട്ടകള്‍ ഫാനിന്റെ അടിയില്‍വച്ച്‌ ഉണക്കാം. തോടിന്റെ പുറത്ത്‌ പൊട്ടലുകളോ പോറലുകളോ ഉള്ള മുട്ടകള്‍ കഴുകുവാന്‍ പാടില്ല.

മുട്ടസംരക്ഷണം

മുട്ടകള്‍ തണുപ്പിച്ച്‌ സൂക്ഷിക്കല്‍: വളരെയധികം മുട്ടകള്‍ ദീര്‍ഘകാലം സൂക്ഷിക്കേണ്ടിവരുമ്പോള്‍ നിയന്ത്രിത താപമുള്ള സംഭരണമുറികള്‍ ഉപയോഗിക്കുന്നു. മുറിക്കകത്തെ താപം പൂജ്യം സെന്റിഗ്രേഡായും ആപേക്ഷിക ആര്‍ദ്രത 80-90 ശതമാനമായും നിയന്ത്രിക്കുകയാണെങ്കില്‍ മുട്ടകള്‍ ഏഴോ എട്ടോ മാസം കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്‌.
മുട്ടത്തോടില്‍ എണ്ണപുരട്ടി സൂക്ഷിക്കാന്‍: തരംതിരിച്ച നല്ല മുട്ടകള്‍ മാത്രമേ ഈ രീതിയില്‍ സംഭരിക്കുവാന്‍ സാധിക്കുകയുള്ളു. മുട്ടകള്‍ ശേഖരിച്ച ഉടനേ അവയെ 10 ഡിഗ്രി സെന്റിഗ്രേഡുള്ള മുറിയില്‍ 13 മണിക്കൂര്‍വെക്കുന്നു. ഇത്‌ മുട്ടയുടെ അകത്തെ ചൂടു കുറയ്‌ക്കുവാന്‍ സഹായിക്കും. മുട്ടയില്‍ എണ്ണ പുരട്ടിയ ഉടനേ തണുപ്പിക്കേണ്ടതാണ്‌. സാധാരണയായി നിറവും മണവും രുചിയുമില്ലാത്ത മിനറല്‍ എണ്ണകളാണ്‌ ഉപയോഗിക്കുന്നത്‌. ഉദാ: പാരഫിന്‍ ലായനി. മുട്ടകള്‍ പാരഫിന്‍ ലായനിയില്‍ മുക്കിയെടുത്തോ മുട്ടയുടെ പുറത്ത്‌ ലായനി സ്‌പ്രേ ചെയ്‌തോ സൂക്ഷിക്കുകയാണെങ്കില്‌ മുട്ടത്തോടിലുള്ള സുഷിരങ്ങള്‍വഴി ജലാംശം നഷ്‌ടപ്പെടാതിരിക്കുകയും മുട്ടയുടെ തൂക്കം വ്യത്യാസപ്പെടാതിരിക്കുകയും ചെയ്യും. ഇങ്ങനെ സൂക്ഷിക്കുന്ന മുട്ടകള്‍ 4 മുതല്‍ 7 മാസം വരെ കേടുകൂടാതെ ഇരിക്കുന്നതാണ്‌.
മുട്ടകള്‍ കൂടുതല്‍ നാള്‍ സംഭരിച്ച്‌ വെക്കേണ്ടിവരുമ്പോള്‍ അവ കേടുകൂടാതെ സംരക്ഷിക്കേണ്ടത്‌ അത്യാവശ്യമാണ്‌. മുട്ടയുടെ തോടിന്മേലുള്ള സുഷിരങ്ങളില്‍ക്കൂടി അണുക്കള്‍ അകത്തേക്ക്‌ കയറുന്നത്‌ വിവിധ സംരക്ഷണരീതികള്‍വഴി തടയാവുന്നതാണ്‌. മുട്ടത്തോടിന്റെ പുറത്തുള്ള സുഷിരങ്ങളുടെ വലിപ്പം, തോടിന്റെ കനം എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കും സംഭരണകാലദൈര്‍ഘ്യം.
ഡ്രൈ പാക്കിങ്‌: തവിട്‌ മണല്‍, ചാരം എന്നിവ ഉപയോഗിച്ച്‌ പായ്‌ക്ക്‌ ചെയ്‌ത്‌ സൂക്ഷിക്കുന്ന രീതിയാണ്‌ ഡ്രൈ പാക്കിങ്‌. മുട്ടയുടെ ജലാംശം നഷ്‌ടപ്പെടുന്നത്‌ തയാനോ അണുക്കള്‍ മുട്ടയ്‌ക്കകത്ത്‌ പ്രവേശിക്കുന്നത്‌ തടയാനോ സഹായകമല്ലാത്തതുകൊണ്ട്‌ ഈ രീതി അഭിലഷണീയമല്ല.
പ്ലാസ്റ്റിക്‌ കവറില്‍ സീല്‍ ചെയ്‌തുവെക്കല്‍: ഇതുമൂലം കൂടിയ അന്തരീക്ഷ ഊഷ്‌മാവുള്ള കാലാവസ്ഥയില്‍ (വേനല്‍ക്കാലത്ത്‌) മുട്ടയുടെ ജലാംശം നഷ്‌ടപ്പെടുന്നത്‌ തടയാന്‍ സഹായിക്കുന്നു.
അണുനാശിനിലായനിയില്‍ മുക്കിവെക്കല്‍: മുട്ടയിലെ ജലാംശം നഷ്‌ടപ്പെടാതിരിക്കാന്‍ ഈ രീതി സഹായകമാണ്‌. ഈ ആവശ്യത്തിനായി ക്ലോറിനേറ്റഡ്‌ ലൈംലായനി, ലൈംവാട്ടര്‍ ബ്രയിന്‍, പൊട്ടാസിയം ഹൈഡ്രോക്‌സൈഡ്‌ ലായനി, മഗ്നീഷ്യം ഓക്‌സൈഡ്‌ ലായനി, വാട്ടര്‍ ഗ്ലാസ്‌ എന്നിവ ഉപയോഗിക്കാവുന്നതാണ്‌. വെള്ളത്തില്‍ കക്ക ലയിപ്പിച്ചാണ്‌ ലൈംലായനി ഉണ്ടാക്കുന്നത്‌. ഇത്‌ അണുക്കളെ നശിപ്പിക്കുകയും അങ്ങനെ മുട്ടയുടെ സംഭരണകാലം ദീര്‍ഘിപ്പിക്കുകയും ചെയ്യുന്നു.
സോഡിയം സിലിക്കേറ്റ്‌ 1:10 എന്ന അനുപാതത്തില്‍ ലയിപ്പിച്ച്‌ വാട്ടര്‍ ഗ്ലാസ്‌ ലായനി ഉണ്ടാക്കുന്നു. ഈ ലായനി നല്ല വൃത്തിയുള്ള ഒരു ഭരണിയില്‍ എടുത്ത്‌ മുട്ടകള്‍ ലായനിയില്‍ മുക്കിവെക്കാവുന്നതാണ്‌. മൂന്നോ നാലോ ഡസന്‍ മുട്ടകള്‍ ഈ രീതിയില്‍ സൂക്ഷിക്കാം. സോഡിയം സിലിക്കേറ്റ്‌ മുട്ടത്തോടിന്റെ പുറത്ത്‌ ഒരു ചര്‍മ്മംപോലെ രൂപാന്തരപ്പെടുന്നതുകൊണ്ട്‌ മുട്ടയിലെ ജലാംശം നഷ്‌ടപ്പെടുന്നത്‌ തടയുകയും അണുക്കള്‍ അകത്തേക്ക്‌ കയറാതെ സൂക്ഷിക്കുകയും ചെയ്യുന്നു. ഇത്തരം മുട്ടകള്‍ വേവിക്കുന്നതിനുമുമ്പ്‌ വായുഭാഗം ഒരു സൂചികൊണ്ട്‌ തുളയ്‌ക്കുന്നത്‌ മുട്ട പൊട്ടാതിരിക്കാന്‍ സഹായിക്കും.

മുട്ടവിപണനം

ശേഖരിച്ച മുട്ടകള്‍ ഗ്രേഡ്‌ ചെയ്‌തതിനുശേഷം പായ്‌ക്ക്‌ ചെയ്‌ത്‌ വിപണിയിലേക്ക്‌ അയയ്‌ക്കാം. ആഴ്‌ചയില്‍ രണ്ടുതവണ മുട്ടകള്‍ വിതരണം ചെയ്യണം. വേനല്‍ക്കാലത്ത്‌ മൂന്നോ നാലോ തവണയും. കോഴികളുടെ എണ്ണം, മുട്ടകള്‍ സൂക്ഷിക്കുവാനുള്ള സൗകര്യങ്ങള്‍, മുട്ടകള്‍ അയയ്‌ക്കുന്ന രീതി എന്നിവ അനുസരിച്ച്‌ മുട്ടകള്‍ വിപണനം ചെയ്യാവുന്നതാണ്‌. പൊട്ടിയ മുട്ടകള്‍ ശേഖരിച്ച അതേ ദിവസംതന്നെ വിറ്റഴിക്കണം. കഴുകിയെടുത്ത മുട്ടകള്‍ ഒരാഴ്‌ചയ്‌ക്കകം വിറ്റഴിക്കേണ്ടതാകുന്നു.
വലിപ്പം, ആകൃതി, നിറം എന്നിവയ്‌ക്കനുസൃതമായി മുട്ടകള്‍ പ്രത്യേകം പായ്‌ക്ക്‌ ചെയ്യേണ്ടതാണ്‌. റോഡുവഴിയും റെയില്‍വഴിയും മുട്ടകള്‍ അയയ്‌ക്കാം. കുട്ടകളിലും മുട്ടകെയ്‌സുകളിലും മുട്ടകള്‍ പായ്‌ക്ക്‌ ചെയ്യാം. വിപണനകേന്ദ്രത്തിലേക്കുള്ള ദൂരം കണക്കിലെടുത്ത്‌ പായ്‌ക്കറ്റുകളിലെ മുട്ടകളുടെ എണ്ണം തിട്ടപ്പെടുത്തണം.
ഫൈബര്‍ബോര്‍ഡുകൊണ്ടുണ്ടാക്കിയ `ഫില്ലര്‍ ഫ്‌ളാറ്റു'കളില്‍ 30 മുട്ടകള്‍ അടുക്കാവുന്നതാണ്‌. 30 ഡസന്‍ മുട്ടകള്‍ പായ്‌ക്ക്‌ ചെയ്യാവുന്ന കെയ്‌സുകള്‍ ഉണ്ട്‌. മുട്ടകള്‍ അടുക്കിയ 6 ഫില്ലര്‍ ഫ്‌ളാറ്റുകള്‍ വീതം രണ്ട്‌ അരികിലും ഏറ്റവും മീതെ ഓരോ ഒഴിഞ്ഞ ഫില്ലര്‍ ഫ്‌ളാറ്റും വെച്ച്‌ 30 ഡസന്‍ മുട്ടകള്‍ ഒരു കെയ്‌സില്‍ പായ്‌ക്ക്‌ ചെയ്യാവുന്നതാണ്‌.
മുട്ടകള്‍ കുട്ടകളില്‍ അടുക്കുന്ന രീതി: ഈ രീതിയില്‍ പായ്‌ക്ക്‌ ചെയ്യുമ്പോള്‍ മുട്ടകള്‍ പൊട്ടിപ്പോകാനുള്ള സാധ്യതകള്‍ കൂടുതലാണ്‌. ഉറപ്പുള്ളതും 50 സെ.മീ. വ്യാസവും 80 സെ.മീ. ആഴവുമുള്ളതുമായ മുളകൊണ്ടുള്ള ഒരു കുട്ടയില്‍ 300 മുട്ടകള്‍ പായ്‌ക്ക്‌ ചെയ്യാം. കുട്ടയുടെ കൂര്‍ത്ത അടിഭാഗം അകത്തേക്കു തള്ളി കുട്ട തറയില്‍ വെക്കാന്‍ പാകത്തിലാക്കിയശേഷം 1.25 സെ.മീ. കനത്തില്‍ കുട്ടയുടെ അകത്ത്‌ ഉണങ്ങിയ വൈക്കോല്‍ വിരിക്കുക. അതിനു മീതെ ഉമി വിതറിയശേഷം 45 മുട്ടകള്‍ അടുക്കുക. അതിനു മീതെ ഉമി, ഉണങ്ങിയ വൈക്കോല്‍ ഇവയില്‍ ഏതെങ്കിലും ഒന്ന്‌ നിരത്തിയശേഷം 60 മുട്ടകളുടെ രണ്ടാമത്തെ നിരയും പിന്നീട്‌ ഉമി വിതറിയതിനുശേഷം 70 മുട്ടകള്‍ വീതം മൂന്നും നാലും നിരയും ഏറ്റവും മുകളിലായി 55 മുട്ടയുടെ അഞ്ചാമത്തെ നിരയും അടുക്കി മീതെ നല്ലവണ്ണം വൈക്കോല്‍ പരത്തി രണ്ടു മുളക്കഷണങ്ങള്‍ വിലങ്ങനെ വെച്ചതിനുശേഷം അടച്ച്‌ അരികുക്‌ എല്ലാ തുന്നി ഉറപ്പിക്കുക. കുട്ടയുടെ പുറത്ത്‌ ലേബല്‍ ഒട്ടിച്ച്‌ `മുട്ടകള്‍-സൂക്ഷിക്കണം' എന്ന്‌ പ്രത്യേകം എഴുതേണ്ടതാണ്‌.

പ്രജനനം

അടവയ്‌ക്കാന്‍ മുട്ട ലഭിക്കേണ്ടതിനു ചുരുങ്ങിയത്‌ 6-8 ആഴ്‌ചകള്‍ക്ക്‌ മുമ്പേ പ്രത്യേക തീറ്റ നല്‍കണം. പിടകളുടെകൂടെ വിടുന്നതിന്‌ മൂന്നുമാസത്തിനു മുമ്പേ പൂവന്‍കോഴികള്‍ക്ക്‌ പ്രജനനതീറ്റ ലഭ്യമാക്കുകയും വേണം. തീറ്റയില്‍ റിബോഫ്‌ളേവിന്‍, വിറ്റാമിന്‍ B-12, ബയോട്ടിന്‍, കോളിന്‍, വിറ്റാമിന്‍ A, വിറ്റാമിന്‍ D, മാംഗനീസ്‌ എന്നിവ അടങ്ങിയിരിക്കണം. ഇവ കിട്ടുന്നതിന്‌ ഫിഷ്‌മീല്‍ (മീന്‍പൊടി 10%), പുല്ല്‌, പച്ചിലകള്‍, യീസ്റ്റ്‌ (50%) എന്നിവ ഉള്‍പ്പെടുത്തിയാല്‍ മതി. വിറ്റാമിന്‍ A, D എന്നിവ ലഭിക്കുന്നതിന്‌ ഒരു ഗ്രാം തീറ്റയില്‍ 600 ഇന്റര്‍നാഷണല്‍ യൂണിറ്റ്‌ വിറ്റാമിന്‍ Aയും 85 ഇന്റര്‍നാഷണല്‍ ചിക്ക്‌ യൂണിറ്റ്‌ ഉള്ള വിറ്റാമിന്‍ D യും അടങ്ങിയ മീനെണ്ണ (ഷാര്‍ക്ക്‌ ലിവര്‍ ഓയില്‍) ചേര്‍ക്കേണ്ടതുണ്ട്‌.
രോഗബാധ ഇല്ലാത്ത കോഴികളില്‍നിന്നു മാത്രമേ അടവയ്‌ക്കുന്നതിന്‌ മുട്ടശേഖരിക്കാവൂ. പുള്ളോറം രോഗം, കോഴികളെ ബാധിക്കുന്ന സന്നിപാതജ്വരം, മാരക്‌സ്‌ രോഗം എന്നിവ മുട്ടകളിലൂടെ അടുത്ത തലമുറയിലേക്ക്‌ പകരുന്നതാണ്‌.

പൂവന്റെയും പിടയുടെയും പ്രായം

പൂവന്റെ പ്രായം മുട്ടയുടെ വിരിയല്‍ നിരക്കിനെയോ വിരിയിച്ചിറക്കുന്ന കുഞ്ഞുങ്ങളുടെ ഊര്‍ജ്ജ്വലതയെയോ ബാധിക്കാറില്ല. പൂവന്റെ പ്രായം കൂടുന്തോറും ഉര്‍വരത നിലനിറുത്തിക്കൊണ്ട്‌ സ്വന്തം ആകര്‍ഷണവലയത്തില്‍ കുറച്ചു പിടകളെ മാത്രമേ നിര്‍ത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ പിടയുടെ പ്രായവും വിരിയല്‍നിരക്കും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്‌. മുട്ട ഇട്ടുതുടങ്ങുന്ന വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും രണ്ടാം പാദത്തിലും രണ്ടാം മുട്ട ഇടുന്ന കാലത്തും വിരിയല്‍ നിരക്ക്‌ കൂടിയിരിക്കും. അതിനുശേഷം കുറയുന്നു. ഭാരം കുറഞ്ഞ ജനുസ്സുകളില്‍ ഒരു പൂവന്‍കോഴിക്ക്‌ 10-15 പിടകളും ഭാരം കൂടിയവയ്‌ക്ക്‌ ഒരു പൂവന്‌ 8-10 പിടകളും എന്ന തോതാണ്‌ ഉത്തമം.

അടവയ്‌ക്കുന്നതിനുള്ള മുട്ട തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അതിസൂക്ഷ്‌മതയോടെ വേണം അടവയ്‌ക്കാനുള്ള മുട്ടകള്‍ തിരഞ്ഞെടുക്കേണ്ടത്‌. ക്യാന്റ്‌ ലിങ്‌ നടത്തി മുട്ടയുടെ വലിപ്പം, ആകൃതി, ഘടന, ഷെല്ലിന്റെ (തോടിന്റെ ഗുണം, ആന്തരഘടന എന്നിവ നോക്കാം.
വലിപ്പം: ഇടത്തരം വലിപ്പമാണ്‌ നല്ലത്‌. വളരെ വലിപ്പമുള്ളതും തീരെ ചെറുതും ഒഴിവാക്കണം.
ആകൃതി: അസാധാരണ ആകൃതിയിലുള്ള മുട്ട തിരഞ്ഞെടുക്കരുത്‌.
തോടിന്റെ ഗുണം: കട്ടികൂടിയ തോടുള്ള മുട്ടയാണ്‌ നല്ലത്‌. പൊട്ടിയ മുട്ടകള്‍ ഒഴിവാക്കുക.
ആന്തരഘടന: ക്യാന്റില്‍ ചെയ്യുമ്പോള്‍ മഞ്ഞക്കുരു അവ്യക്തമാര്‍ന്ന നിഴലായി കാണണം. വായു അറ ചെറുതും വെള്ളക്കരു നല്ല അവസ്ഥയിലും ആയിരിക്കണം.
മുട്ടകളിലൂടെ രോഗം പകരാതെ സൂക്ഷിക്കുന്നതിന്‌ ശുചിത്വമാണ്‌ പ്രാധാന്യമര്‍ഹിക്കുന്ന ഘടകം.
അഴുക്കുപുരണ്ട മുട്ടകള്‍ രോഗാണുക്കള്‍ക്ക്‌ വളരാന്‍ സാഹചര്യമൊരുക്കും.

കൃത്രിമമായി മുട്ട വിരിയിക്കുന്നത്‌

മുട്ട വിരിയിക്കുന്നതിന്‌ ആവശ്യമായ സാഹചര്യങ്ങള്‍ കൃത്രിമമായി ലഭ്യമാക്കാന്‍ സഹായിക്കുന്ന ഒരു ഉപകരണമാണ്‌ ഇന്‍ക്യുബേറ്റര്‍.
10,000 മുട്ടകള്‍ വയ്‌ക്കാവുന്ന ക്യാബിനറ്റ്‌ തരത്തില്‍പെട്ട ഇന്‍ക്യുബേറ്ററുകള്‍ ഇന്ന്‌ ലഭ്യമാണ്‌. ഇതിന്‌ രണ്ടുതരം അറകള്‍ ഉണ്ടായിരിക്കും. ഒന്നാമത്തേത്‌ മുട്ടവെക്കുന്ന അറയാണ്‌. ഇതില്‍ 24 തട്ടുകള്‍ രണ്ടു വരിയായി ഒന്നിനു മുകളില്‍ മറ്റൊന്ന്‌ എന്ന നിലയില്‍ ഘടിപ്പിച്ചിരിക്കും. ഈ തട്ടുകളെല്ലാംതന്നെ ഒരു ഗിയറിലാണ്‌ ഘടിപ്പിച്ചിരിക്കും. ഗിയര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ എല്ലാ തട്ടുകളും ഒന്നായി തിരിക്കാന്‍ കഴിയും 18 ദിവസം വരെയാണ്‌ ഇതില്‍ മുട്ടവയ്‌ക്കേണ്ടത്‌. രണ്ടാമത്തേത്‌ വിരിയുന്ന കുഞ്ഞുങ്ങള്‍ക്കായുള്ള അറയാണ്‌. 18 ദിവസം വരെ മുകളിലത്തെ തട്ടില്‍ വെച്ച മുട്ടകള്‍ ഈ തട്ടിലേക്ക്‌ മാറ്റുന്നു.
നിര്‍മ്മാതാക്കളുടെ ഡിസൈന്‍ അനുസരിച്ച്‌ ഇന്‍ക്യുബേറ്റുകള്‍ വ്യത്യാസപ്പെട്ടിരിക്കും. കൂടുതല്‍ സൗകര്യങ്ങള്‍ക്കായി വാക്‌-ഇന്‍-ഇന്‍ക്യുബേറ്റര്‍, ഡ്രൈവ്‌-ഇന്‍-ഇന്‍ക്യുബേറ്റര്‍ തുടങ്ങിയ പുതിയ ഇനത്തില്‍പ്പെട്ട ഇന്‍ക്യുബേറ്ററുകളും ലഭ്യമാണ്‌.
ഇന്‍ക്യുബേറ്ററില്‍ മുട്ട വിരിക്കുമ്പോള്‍ താപനില, ഈര്‍പ്പം, മുട്ട അടുക്കുന്ന രീതി, മുട്ടകളുടെ സ്ഥാനചലനം, വായുസഞ്ചാരം എന്നിവയില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കേണ്ടതാണ്‌.
വ്യാവസായികാടിസ്ഥാനത്തില്‍ മുട്ടവിരിയിച്ച്‌ കുഞ്ഞുങ്ങളെ വിപണനം നടത്തുന്നതിന്‌ ഹാച്ചറികള്‍ വേണ്ടിവരും. മുട്ടക്കോഴിക്കുഞ്ഞുങ്ങളെയും ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെയും മറ്റ്‌ പൗള്‍ട്രി ഇനങ്ങളെയും വിരിയിച്ച്‌ വിതരണം ചെയ്യും. ഇത്തരത്തില്‍ ഒരു സംരംഭം ആരംഭിക്കുന്നതിനുള്ള ഹാച്ചറിയില്‍ ഇന്‍ക്യുബേറ്റര്‍ റൂം, ഹാച്ചര്‍ റൂം, സ്റ്റോര്‍ റൂം, ജനറേറ്റര്‍ റൂം, ഫൂമിഗേഷന്‍ റൂം എന്നിവയ്‌ക്കു പുറമേ മറ്റ്‌ അനുബന്ധസൗകര്യങ്ങളും കൂടിവേണം.

1. താപനില

വിജയകരമായി മുട്ടകള്‍ വിരിയിച്ചെടുക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ്‌ ഇന്‍ക്യുബേറ്ററിനുള്ളിലെ താപനില. കോഴി അടയിരിക്കുമ്പോള്‍ മുട്ടയ്‌ക്ക്‌ ഏല്‍ക്കുന്ന ചൂടിന്‌ സമമായിരിക്കണം ഇത്‌.
ക്യാബിനറ്റ്‌ തരത്തില്‍പ്പെട്ട ഇന്‍ക്യുബേറ്ററുകളില്‍ ആദ്യത്തെ 18 ദിവസം 37 ഡിഗ്രി സെന്റിഗ്രേഡ്‌ മുതല്‍ 38 ഡിഗ്രി സെന്റിഗ്രേഡ്‌ (99-100 ഡിഗ്രി ഫാരന്‍ഹീറ്റ്‌) വരെയും അതിനുശേഷം 36 ഡിഗ്രി സെന്റിഗ്രേഡ്‌ മുതല്‍ 37 ഡിഗ്രി സെന്റിഗ്രേഡ്‌ (98-99 ഡിഗ്രി ഫാരന്‍ഹീറ്റ്‌) വരെയുള്ള താപനിലയാണ്‌ വേണ്ടത്‌.

2. ഈര്‍പ്പം

താപനിലപോലെതന്നെ പ്രധാനപ്പെട്ട മറ്റൊരു ഘടകമാണ്‌ ഇന്‍ക്യുബേറ്ററിനുള്ളിലെ ഈര്‍പ്പം. കൂടുതല്‍ ശതമാനം കുഞ്ഞുങ്ങള്‍ വിരിയുന്നതിന്‌ ഈര്‍പ്പം അത്യാവശ്യമാണ്‌. ആദ്യത്തെ 18 ദിവസം വരെ 60 ശതമാനം ഈര്‍പ്പമാണ്‌ ഉത്തമം. അതിനുശേഷം ഈര്‍പ്പത്തിന്റെ അളവ്‌ കൂട്ടേണ്ടതാണ്‌.

3. വായുസഞ്ചാരം

മുട്ടയ്‌ക്കുള്ളില്‍ വളരുന്ന ഭ്രൂണത്തിന്‌ പ്രാണവായു ആവശ്യമാണ്‌. അതുപോലെതന്നെ കാര്‍ബണ്‍ഡയോക്‌ടസൈഡ്‌ പുറത്തുപോകുകയും വേണം. അതിനാല്‍ ഇന്‍ക്യുബേറ്ററിനുള്ളില്‍ ശരിയായ വായുസഞ്ചാരത്തിന്‌ പ്രാധാന്യം കൊടുക്കണം. സാധാരണ വായുവില്‍ കാണുന്ന 21% പ്രാണവായുവാണ്‌ ആവശ്യം. അതുപോലെ കാര്‍ബഡയോക്‌സൈഡ്‌ 0.5 ശതമാനത്തില്‍ കുറവാകുകയും വേണം.

4. മുട്ട അടുക്കുന്ന രീതി

തട്ടുകളില്‍ മുട്ടകള്‍ നിരത്തുമ്പോള്‍ മുട്ടയുടെ വീതിയുള്ള ഭാഗം മുകളിലേക്കായി വയ്‌ക്കണം. അല്ലെങ്കില്‍ മുട്ടകള്‍ കിടത്തിവയ്‌ക്കാം. മുട്ടകള്‍ ഇന്‍ക്യുബേറ്ററില്‍ ഒരേപോലെ ഇരിക്കുകയാണെങ്കില്‍ ഭ്രൂണം മുട്ടയുടെ ഏതെങ്കിലും ഭാഗത്തോട്‌ ഒട്ടിച്ചേരുകയും തന്മൂലം ഭ്രൂണം നശിക്കുകയും ചെയ്യും. ഇത്‌ തടയുന്നതിനായി മുട്ടകള്‍ ഇന്‍ക്യുബേറ്ററിനുള്ളില്‍ വെച്ച്‌, 3 ദിവസം കഴിഞ്ഞത്‌ മുതല്‍ 18 ദിവസം വരെ, ദിവസം 6 മുതല്‍ 8 പ്രാവശ്യം തട്ടുകള്‍ രണ്ടുവശത്തേക്കും മാറിമാറി ചരിച്ചുവെക്കണം. ക്യാബിനറ്റ്‌ തരത്തില്‍പ്പെട്ട പല ഇന്‍ക്യുബേറ്ററുകളിലും ഇത്‌ തന്നത്താന്‍ തിരിയുന്നതിനുള്ള സംവിധാനങ്ങളുണ്ട്‌.
മുട്ടകള്‍ 7-ാമത്തെയും 18-മത്തെയും ദിവസങ്ങളില്‍ പരിശോധന നടത്തണം (കാന്റ്‌ലിങ്‌). മുട്ടയ്‌ക്കുള്ളില്‍ പ്രകാശരശ്‌മികള്‍ കടത്തിവിട്ടാണ്‌ ഇത്‌ സാധിക്കുന്നത്‌. കുഞ്ഞുങ്ങള്‍ വിരിഞ്ഞതിനുശേഷം ഉണങ്ങുന്നതിനായി കുറച്ച്‌ മണിക്കൂറുകള്‍കൂടി അവയെ ഇന്‍ക്യുബേറ്ററിനുള്ളില്‍ വയ്‌ക്കണം.

കൃത്രിമ ഇന്‍ക്യുബേറ്റര്‍കൊണ്ടുള്ള മെച്ചങ്ങള്‍

1. ഒരേ സമയത്ത്‌ കൂടുതല്‍ കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാം.
2. ആണ്ടില്‍ ഏതു സമയത്തും വിരിയിക്കാം.
3. രോഗമില്ലാതെ കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാം.
4. അടക്കോഴികളെ ഉപയോഗിച്ചുള്ളതിനെക്കാള്‍, ഇന്‍ക്യുബേറ്റര്‍ ശരിയായി പ്രവര്‍ത്തിപ്പിക്കുകയാണെങ്കില്‍, അതില്‍നിന്നുള്ള വിരിയല്‍ നിരക്കു മുന്‍കൂട്ടി നിശ്ചയിക്കാം.
മുട്ടവിരിയിക്കാന്‍ ചെലവു കുറഞ്ഞ ഡിജിറ്റല്‍ ഇന്‍ക്യുബേറ്റര്‍
100 മുതല്‍ 1000 മുട്ടവരെ വിരിയിക്കാനുതകുന്ന ഇന്‍ക്യുബേറ്ററാണിത്‌. ഡിജിറ്റല്‍ ഊഷ്‌മനിയന്ത്രണസംവിധാനം, വൈദ്യുതി പ്രവാഹം നിലച്ചാല്‍ അതറിയാനുള്ള ബസ്സര്‍, വോള്‍ട്ടേജ്‌ അളക്കാനുള്ള വോള്‍ട്ട്‌ മീറ്റര്‍ എന്നിവ ഇതിന്റെ സവിശേഷതയാണ്‌. വിരിയല്‍ നിരക്ക്‌ 85 ശതമാനമുണ്ട്‌. ഇതില്‍ എല്ലാ മുട്ടകളും വിരിയിച്ചെടുക്കാന്‍ കഴിയും. ജി.ഐ. ഷീറ്റ്‌ കൊണ്ടു നിര്‍മ്മിച്ച ഈ ഇന്‍കുബേറ്ററിന്‌ 10000 രൂപയാണ്‌ വില, കാസറഗോട്ടുള്ള പി.എ. ചന്ദ്രനാണ്‌ ഇത്‌ കണ്ടുപിടിച്ചത്‌.

കോഴിക്കുഞ്ഞുങ്ങളുടെ രോഗപ്രതിരോധം

രക്താതിസാരം, കോഴിവസന്ത, ഐ.ബി.ഡി., കോഴിവസൂരി, വിരബാധ, അസ്‌പര്‍ജില്ലോസിസ്‌, ഹെമറാജിക്‌ ഡിസീസ്‌, മാരക്‌സ്‌ രോഗം മുതലായ രോഗങ്ങളാണ്‌ സാധാരണയായി കോഴിക്കുഞ്ഞുങ്ങള്‍ക്ക്‌ പിടിപെടാറുള്ളത്‌. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെ വാങ്ങുമ്പോള്‍ അവയ്‌ക്ക്‌ കോഴിവസന്തക്കെതിരായ ആദ്യത്തെ കുത്തിവയ്‌പും മാരക്‌സ്‌ രോഗത്തിനെതിരായ കുത്തിവയ്‌പും ലഭിച്ചതാണോ എന്നറിയേണ്ടതുണ്ട്‌. ഇവ രണ്ടു ഹാച്ചറികളില്‍ തന്നെ ചെയ്യുന്ന കുത്തിവയ്‌പുകളാണ്‌. മാരക്‌സ്‌ രോഗത്തിനെതിരായി കുത്തിവയ്‌പ്‌ ആദ്യ ദിവസം ചെയ്യുകയാണെങ്കില്‍ കോഴി വസന്തക്കെതിരായ ആദ്യത്തെ കുത്തിവയ്‌പ്‌ കോഴിക്കുഞ്ഞിന്‌ 4-5 ദിവസം പ്രായമാകുമ്പോള്‍ നടത്തിയാല്‍ മതി. കോഴിവസൂരിക്കെതിരായ ആദ്യത്തെ കുത്തിവയ്‌പ്‌ കോഴിക്കുഞ്ഞിന്‌ 2 ആഴ്‌ച പ്രായമാകുമ്പോഴും രണ്ടാമത്തെ കുത്തിവയ്‌പ്‌ 6 ആഴ്‌ച പ്രായമാകുമ്പോഴും ചെയ്യണം. കോഴിവസന്തയ്‌ക്കായുള്ള രണ്ടാമത്തെ കുത്തിവയ്‌പ്‌ 8-ാമത്തെ ആഴ്‌ചയില്‍ ചെയ്യേണ്ടതാണ്‌. മൂന്നാമത്തെ ആഴ്‌ചയില്‍ ഐ.ബി.ഡി.യെ നിയന്ത്രിക്കുന്നതിനുള്ള വാക്‌സിന്‍ നല്‍കേണ്ടതുണ്ട്‌.
വാക്‌സിന്‍ ലഭിക്കുന്ന സ്ഥാപനങ്ങള്‍
1. ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ വെറ്ററിനറി ബയോളജിക്കല്‍സ്‌ ആന്റ്‌ ആനിമല്‍ ഹെര്‍ത്ത്‌, പാലോട്‌, തിരുവനന്തപുരം.
2. ഐ.വി.പി.എ. റാണിപെട്ട്‌, മദ്രാസ്‌
3. ഐ.വി.ആര്‍.ഐ., ഇസത്ത്‌ നഗര്‍, ഉത്തര്‍പ്രദേശ്‌

വാക്‌സിനേഷന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിശ്വസനീയമായ കമ്പനികളില്‍നിന്നു മാത്രം വാക്‌സിന്‍ വാങ്ങിക്കുക. ബാച്ച്‌ നമ്പര്‍
$ നിര്‍മാണ തീയതി, വിതരണക്കാരുടെ വിലാസം എന്നിവ നോക്കണം.
$ കാലാവധി കഴിഞ്ഞ വാക്‌സിന്‍ ഉപയോഗിക്കാതിരിക്കുക
$ വാക്‌സിന്‍ 2-80 C-ല്‍ വാക്‌സിന്‍ സൂക്ഷിക്കേണ്ടതാണ്‌. വാക്‌സിന്‍ കൊണ്ടുപോകുമ്പോഴും ഈ ഊഷ്‌മാവില്‍തന്നെ കൊണ്ടുപോകേണ്ടതാണ്‌.
$ സൂര്യപ്രകാശത്തില്‍ വാക്‌സിന്‍ പൊട്ടിക്കാനോ ലായകത്തില്‍ ചേര്‍ക്കാനോ പാടില്ല.
$ വാക്‌സിനേഷന്‍ തണുപ്പുള്ള സമയങ്ങളില്‍ മാത്രം ചെയ്യുക. അന്തരീക്ഷ ഊഷ്‌മാവും 300 c-ല്‍ കൂടുതലുള്ള ദിവസങ്ങളില്‍ വാക്‌സിന്‍ ചെയ്യരുത്‌.
$ രോഗമുള്ള കോഴികളെ കുത്തിവെക്കരുത്‌.
വെള്ളത്തില്‍ ചേര്‍ത്തുകൊടുക്കേണ്ട വാക്‌സിന്‍ തുറക്കേണ്ടത്‌ കൊടുക്കുന്ന വെള്ളത്തില്‍ മുക്കിപ്പിടിച്ചാണ്‌. ക്ലോറിന്‍ ചേര്‍ത്ത വെള്ളമോ ടാപ്പില്‍നിന്നുള്ള വെള്ളമോ വാക്‌സിന്‍ ചേര്‍ത്ത്‌ കൊടുക്കാനുപയോഗിക്കരുത്‌. ലോഹം കൊണ്ടുള്ള പാത്രത്തില്‍ വാക്‌സിന്‍ ചേര്‍ത്ത വെള്ളം കൊടുക്കരുത്‌. ബാക്‌ടീരിയ രോഗത്തിനെതിരെ വാക്‌സിന്‍ നല്‍കുമ്പോള്‍ വെള്ളത്തിലും തീറ്റയിലും ആന്റിബയോട്ടിക്ക്‌ ചേര്‍ക്കരുത്‌. വാക്‌സിന്‍ തുറക്കുമ്പോള്‍ തറയിലോ കൂട്ടിലോ വീഴാതെ നോക്കണം. വെള്ളത്തില്‍ വാക്‌സിന്‍ ചേര്‍ത്ത്‌ കൊടുക്കുകയാണെങ്കില്‍ 2-3 മണിക്കൂര്‍ മുമ്പു വെള്ളം കൊടുക്കുന്നത്‌ നിര്‍ത്തേണ്ടതാണ്‌.
വാക്‌സിന്‍ നിര്‍മ്മാണ കമ്പനിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുമാത്രം വാക്‌സിന്‍ നല്‍കുക. വാക്‌സിനേഷന്‍ ചെയ്യുന്നതിനു തൊട്ടുമുമ്പ്‌ മാത്രമേ വാക്‌സിന്‍ അടങ്ങിയ കുപ്പിതുറന്ന്‌ ലായകത്തില്‍ ചേര്‍ക്കാന്‍ പാടുള്ളൂ. വാക്‌സിനേഷന്‍ ചെയ്യാനുപയോഗിക്കുന്ന ഉപകരണങ്ങള്‍ ചൂടാക്കി അണുനാശനം ചെയ്‌തതായിരിക്കണം. ലായകത്തില്‍ ചേര്‍ത്തുകഴിഞ്ഞാല്‍ 2 മണിക്കൂറിനകം വാക്‌സിന്‍ ചെയ്‌ത്‌ തീര്‍ക്കേണ്ടതാണ്‌. വാക്‌സിന്‍കുപ്പികള്‍ സിറിഞ്ചുകള്‍ എന്നിവ വാക്‌സിനേഷനുശേഷം നശിപ്പിക്കേണ്ടതാണ്‌. വാക്‌സിന്‍ കമ്പനി പറയുന്ന അളവിലും രീതിയിലും മാത്രമേ വാക്‌സിന്‍ ചെയ്യാവൂ. വെള്ളത്തില്‍ ചേര്‍ത്ത വാക്‌സിന്‍ 2-3 മണിക്കൂറിനകം കുടിച്ചുതീര്‍ക്കുന്നു എന്ന്‌ ഉറപ്പാക്കണം.
വാക്‌സിന്‍ കൊടുക്കുവാന്‍ വളരെ സൗകര്യപ്രദമായ ഡ്രോപറര്‍ വാക്‌സിനേറ്റര്‍ എന്ന സിറിഞ്ച്‌ ഇന്ന്‌ ലഭ്യമാണ്‌.
രക്താതിസാരം തടയുന്നതിനായി 100 കി.ഗ്രാം തീറ്റയില്‍ 50 ഗ്രാം നിരക്കില്‍ ബൈഫുറാന്‍, എംബസിന്‍ മുതലായ മരുന്നുകള്‍ ചേര്‍ക്കേണ്ടതാണ്‌. കോഴികള്‍ക്ക്‌ രക്താതിസാരം പിടിപെടുകയാണെങ്കില്‍ താഴെ പറയുന്ന മരുന്നുകള്‍ കൊടുക്കാവുന്നതാണ്‌.
1. ബൈഫുറാന്‍ ഗുളിക ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു ഗുളിക എന്ന തോതില്‍ 7 ദിവസത്തേക്ക്‌.
2. എംബസിന്‍ ലായനി ഒരു ലിറ്റര്‍ വെള്ളത്തില്‍ 5 മി.ലി. എന്ന തോതില്‍ 3 ദിവസം കൊടുക്കുക. പിന്നെ രണ്ട്‌ ദിവസം വിശ്രമം കൊടുത്തിട്ട്‌ വീണ്ടും മൂന്ന്‌ ദിവസം കൊടുക്കുക (3:2:3)
3. ആംപ്രോസോള്‍ പൊടി (20 ശതമാനം) 25 ലിറ്റര്‍ വെള്ളത്തില്‍ 30 ഗ്രാം എന്ന തോതില്‍ 5-7 ദിവസത്തേക്ക്‌
4. കോഡ്രിനല്‍ പൊടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 4 ഗ്രാം എന്ന തോതില്‍ 2-4 ദിവസത്തേക്ക്‌
5. സള്‍മറ്റ്‌ (സോഡിയം സള്‍ഫാ ഡൈമീതൈല്‍ പൈറിമിഡന്‍) ആദ്യത്തെ 2 ദിവസം 7.5 മി.ലി. വെള്ളത്തില്‍. പിന്നീട്‌ 3.5 മി.ലിറ്റര്‍ 1 ലിറ്റര്‍ വെള്ളത്തില്‍ 3 ദിവസം.
ഓരോ ദിവസത്തേക്ക്‌ വേണ്ട മരുന്നു ലായനി അതാത്‌ ദിവസംതന്നെ ഉണ്ടാക്കേണ്ടതാണ്‌. കോഴിക്കുഞ്ഞിന്‌ 7 ആഴ്‌ച പ്രായമാകുമ്പോള്‍ വിരബാധയ്‌ക്കുള്ള മരുന്ന്‌ കൊടുക്കണം. സേഫര്‍സോള്‍, വെര്‍മക്‌സ്‌, ഹെല്‍മാസിഡ്‌, വെര്‍ബല്‍, പൈപ്പാറാസിന്‍ അഡിപ്പേറ്റ്‌ മുതലായ മരുന്നുകള്‍ ഇതിനായി ഉപയോഗിക്കാം. വിരബാധയ്‌ക്ക്‌ എതിരെ ആവശ്യമായ മരുന്ന്‌ കോഴിക്കുഞ്ഞുങ്ങള്‍ 4 മണിക്കൂര്‍ സമയംകൊണ്ട്‌ കുടിച്ച്‌ തീര്‍ക്കാന്‍ കഴിയുന്നത്ര അളവ്‌ വെള്ളത്തില്‍ മാത്രമേ ചേര്‍ക്കാവൂ. മരുന്ന്‌ കലക്കിയ വെള്ളം കുടിച്ചു കഴിഞ്ഞതിനുശേഷം വേറെ വെള്ളം കൊടുക്കാം.
വിരബാധ ഒഴിവാക്കുന്നതിനുള്ള മരുന്ന്‌ കുഞ്ഞുങ്ങള്‍ക്ക്‌ 7 ആഴ്‌ച പ്രായം ആകുമ്പോള്‍ കൊടുക്കണം. അതിനുശേഷം ഓരോ മൂന്ന്‌-നാല്‌ ആഴ്‌ചയിലും ഇത്‌ തുടരേണ്ടതാണ്‌. അങ്ങനെ മൊത്തം നാല്‌ പ്രാവശ്യയമെങ്കിലും മുട്ടക്കോഴികളെ പാര്‍പ്പിക്കുന്ന കെട്ടിടത്തിലേക്ക്‌ കോഴികളെ മാറ്റുന്നതിനു മുമ്പ്‌ വിരയ്‌ക്കുള്ള മരുന്ന്‌ കൊടുക്കണം.

കോഴിക്കുഞ്ഞുങ്ങളുടെ പരിപാലനം

ലിംഗനിര്‍ണ്ണയം

വിരിഞ്ഞ്‌ 24 മണിക്കൂറിനകംതന്നെ കോഴിക്കുഞ്ഞുങ്ങളുടെ ലിംഗനിര്‍ണ്ണയം നടത്തുന്നതിന്‌ അവലംബിക്കുന്ന മാര്‍ഗ്ഗത്തെ അവസ്‌കരഭിത്തിയുടെ നിരീക്ഷണം എന്നു പറയുന്നു. ഈ മാര്‍ഗ്ഗം ഉപയോഗിച്ച്‌ കോഴിക്കുഞ്ഞുങ്ങളുടെ ലിംഗനിര്‍ണ്ണയം ചെയ്യുവാന്‍ 200 വാട്ട്‌ ബള്‍ബ്‌ കത്തിച്ചിട്ടുള്ള ഒരു വിളക്ക്‌ ആവശ്യമാണ്‌. ലിംഗനിര്‍ണ്ണയം നടത്തുന്ന ആളുകളുടെ കണ്ണുകള്‍ക്ക്‌ താഴെ വരത്തകവണ്ണം സജ്ജീകരിച്ചിട്ടുള്ള വിളക്കിലെ വെളിച്ചം മുഴുവന്‍ കോഴിക്കുഞ്ഞില്‍ പതിക്കത്തക്ക വിധമുള്ള ഒരു ഷേഡ്‌ ഉണ്ടായിരിക്കണം. ഇത്‌ ലിംഗനിര്‍ണ്ണയം നടത്തുന്ന ആളുകളുടെ കണ്ണില്‍ വെളിച്ചം നേരിട്ടു പതിക്കാതിരിക്കാന്‍ സഹായകമാകും.
ലിംഗനിര്‍ണ്ണയം ചെയ്യേണ്ട കോഴിക്കുഞ്ഞിനെ ഇടതുകൈയിലെടുക്കുന്നു. തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ചു കോഴിക്കുഞ്ഞിന്റെ വയറ്റില്‍ അമര്‍ത്തി വയറ്റിലുള്ള കാഷ്‌ഠം ഞെക്കിക്കളയുകയാണ്‌ ആദ്യമായി ചെയ്യുന്നത്‌. തുടര്‍ന്ന്‌ കോഴിക്കുഞ്ഞിന്റെ അവസ്‌കരഭാഗം മുകളിലായി വരത്തക്കവണ്ണം ഇടതു തള്ളവിരലും വലതു ചൂണ്ടുവിരലും ഉപയോഗിച്ച്‌ പിടിക്കുന്നു. അവസ്‌കരഭാഗത്തിനു മുകളിലായി വയറിനെതിരെ ഈ വിരലുകള്‍ പതിഞ്ഞിരിക്കും. വലതുകൈയുടെ തള്ളവിരല്‍ അവസ്‌കരഭാഗത്തിന്റെ അടിവശത്തു വെക്കുന്നു. മുകള്‍വവശത്തുള്ള രണ്ടു വിരലുകളും ആദ്യസ്ഥാനത്തുതന്നെ വെച്ചു പതുക്കെ താഴോട്ടുമര്‍ത്തും. അപ്പോള്‍ത്തന്നെ അടിവശത്തുള്ള വിരലിന്റെ നഖമുപയോഗിച്ച്‌ അവസ്‌കരഭിത്തിയെ മുകളിലോട്ടു തള്ളുന്നു. തുടര്‍ന്ന്‌ മുകള്‍വശത്തുള്ള വിരലുകളെ രണ്ടു വശങ്ങളിലേക്കും അല്‍പ്പം ചലിപ്പിക്കും.
ഇതിന്റെ ഫലമായി അവസ്‌കരത്തിന്റെ ഉള്‍ഭാഗം വ്യക്തമായി പരിശോധിക്കുവാന്‍ തക്കവണ്ണം പുറത്തേക്കു തള്ളിവരുന്നു. പൂവന്‍കോഴികളില്‍ ലൈംഗികാവയവങ്ങളുടെ പ്രാരംഭ വളര്‍ച്ചകള്‍ വ്യക്തമായ മുഴകളുടെ രൂപത്തില്‍ കാണുവാന്‍ കഴിയും. പിടക്കോഴികളില്‍ ഈ മുഴ വളരെ ചെറുതായിരിക്കുകയോ തീരെ ഇല്ലാതിരിക്കുകയോ ചെയ്യും.

കോഴിക്കുഞ്ഞുങ്ങളെ വാങ്ങല്‍

നല്ലയിനം കോഴിക്കുഞ്ഞങ്ങളെ മാത്രം വളര്‍ത്തി സംരക്ഷിച്ച്‌ ശാസ്‌ത്രീയ പ്രജനനമുറകള്‍ കൈകൊള്ളുന്ന സ്ഥാപനങ്ങളില്‍നിന്നുമാത്രമേ കോഴിക്കുഞ്ഞുങ്ങളെ വാങ്ങാവൂ. മുട്ടയുല്‍പ്പാദനം ലക്ഷ്യമാക്കി ഈ രംഗത്തിറങ്ങുന്നവര്‍ ലിംഗനിര്‍ണ്ണയം നടത്തിയ പിടക്കുഞ്ഞുങ്ങളെ വാങ്ങുന്നതാണ്‌ അഭികാമ്യം.
വര്‍ഷത്തിലെ ഏതു മാസവും കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനായി തെരഞ്ഞെടുക്കാമെങ്കിലും കേരളത്തിലെ പ്രത്യേക കാലാവസ്ഥ കണക്കിലെടുക്കുമ്പോള്‍ ഫെബ്രുവരി മുതല്‍ മെയ്‌മാസം വരെയുള്ള സമയമാണ്‌ ഉചിതമായിട്ടുള്ളത്‌. കാരണം ഈ സമയത്ത്‌ വളര്‍ത്തുന്ന കുഞ്ഞുങ്ങള്‍, മുട്ടയുടെ വില വിണിയില്‍ വര്‍ധിക്കാന്‍ തുടങ്ങുമ്പോള്‍, ഉല്‍പ്പാദനം തുടങ്ങുന്നു. കൂടാതെ മേല്‍ പ്രസ്‌താവിച്ച മാസങ്ങളില്‍ അന്തരീക്ഷത്തിലെ ചൂട്‌ കൂടുതലായതിനാല്‍ കൃത്രിമചൂടിനായി വേണ്ടിവരുന്ന വിദ്യുച്ഛക്തിയുടെ ചെലവും ഒരു പരിധിവരെ കുറയ്‌ക്കാം. സെപ്‌റ്റംബര്‍ മാസം മുതല്‍ സാധാരണയായി മുട്ടയ്‌ക്ക്‌ കൂടുതല്‍ വില കിട്ടുന്ന സമയമായതുകൊണ്ട്‌ ഫെബ്രുവരി-മാര്‍ച്ച്‌ മാസങ്ങളില്‍ കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്താന്‍ തുടങ്ങിയാല്‍ അവയില്‍നിന്നും കൂടുതല്‍ ആദായം പ്രതീക്ഷിക്കാം.

ബ്രൂഡിങ്‌

കോഴിക്കുഞ്ഞുങ്ങള്‍ക്ക്‌ തൂവലുകള്‍ വളരുന്നതുവരെ കൃത്രിമമായി ചൂട്‌ നല്‍കി സംരക്ഷിക്കേണ്ടത്‌ അത്യാവശ്യമാണ്‌. കോഴിക്കുഞ്ഞുങ്ങള്‍ക്ക്‌ 4 ആഴ്‌ച പ്രായം ആകുന്നതുവരെ ഇങ്ങനെ ചൂട്‌ നല്‍കി സംരക്ഷിക്കണം. തണുപ്പുകാലമാണെങ്കില്‍ രണ്ട്‌ ആഴ്‌ചകൂടി ചൂട്‌ കൊടുക്കേണ്ടിവരും. ഡീപ്പ്‌ ലിറ്റര്‍ രീതിയിലോ ബാറ്ററി ബ്രൂഡര്‍ ഉപയോഗിച്ചോ കുഞ്ഞുങ്ങളെ വളര്‍ത്താം. ഡീപ്പ്‌ ലിറ്റര്‍ രീതിയില്‍ ആദ്യത്തെ രണ്ടാഴ്‌ചവരെ ഒരു കുഞ്ഞിന്‌ 0.045 ച.മീറ്റര്‍ എന്ന നിരക്കിലും അതിനുശേഷം 0.07 ച.മീറ്റര്‍ നിരക്കിലും കൂട്ടിനകത്ത്‌ സ്ഥലമനുവദിക്കണം. ഹോവര്‍ അഥവാ ബ്രൂഡറിനുള്ളില്‍ ഒരു കുഞ്ഞിന്‌ 7 മുതല്‍ 10 ച.സെ.മീറ്റര്‍ സ്ഥലംവേണ്ടിവരും. ആവശ്യാനുസരണം ചൂട്‌ നല്‍കി കോഴിക്കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ആദ്യത്തെ 4 ആഴ്‌ചക്കാലത്തെ സംരക്ഷണം വഹിക്കുന്നതില്‍ മുഖ്യപങ്ക്‌ വഹിക്കുന്ന ഉപകരണമാണ്‌ ബ്രൂഡര്‍ അഥവാ ഹോവര്‍. പലക, മുളച്ചീള്‌, വീഞ്ഞപ്പെട്ടി, അലൂമിനിയം തുടങ്ങിയ ഉപയോഗിച്ച്‌ ഈ ഉപകരണങ്ങള്‍ നിര്‍മ്മിക്കാം. ബ്രൂഡറിന്റെ എണ്ണം, ആകൃതി എന്നിവ കുഞ്ഞുങ്ങളുടെ എണ്ണത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. ഒരു മീറ്റര്‍ വ്യാസമുള്ള ഒരു സാധാരണ ബ്രൂഡര്‍ ഉപയോഗിച്ച്‌ ഏകദേശം 250 കുഞ്ഞുങ്ങള്‍ വീതമുള്ള യൂണിറ്റുകളാണ്‌ നല്ലത്‌. വ്യാവസായികാടിസ്ഥാനത്തിലെ പലതരം ബ്രൂഡറുകള്‍ ഇന്ന്‌ നിലവിലുണ്ട്‌. ചൂട്‌ നല്‍കുവാനായി ഇലക്‌ട്രിക്‌ ബള്‍ബുകളോ ഇന്‍ഫ്രാറെഡ്‌ ബള്‍ബുകളോ ഉപയോഗിക്കാവുന്നതാണ്‌. ആദ്യഘട്ടത്തില്‍ കോഴിക്കുഞ്ഞുങ്ങള്‍ക്ക്‌ ഉദ്ദേശം 35 ഡിഗ്രി സെന്റിഗ്രേഡ്‌ ചൂട്‌ ലഭിക്കേണ്ടതാണ്‌. കുഞ്ഞുങ്ങള്‍ വളരുന്തോറും ചൂടിന്റെ അളവ്‌ കുറച്ചുകൊണ്ടുവരണം.
ഉഷ്‌മാപിനി ഉപയോഗിച്ച്‌ താപനില മനസ്സിലാക്കുന്നതിനേക്കാള്‍ ഉത്തമം ബ്രൂഡറിന്‌ താഴെ കോഴിക്കുഞ്ഞുങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്ന്‌ നിരീക്ഷിക്കുന്നതാണ്‌. ചൂട്‌ അധികമാകുമ്പോള്‍ ബ്രൂഡറില്‍നിന്ന്‌ കഴിയുന്നത്ര അകന്നു നില്‍ക്കുന്നതിനും മറിച്ചുള്ള അവസ്ഥയില്‍ താപകേന്ദ്രത്തോട്‌ അടുത്തു നില്‍ക്കുന്നതിനും ഉള്ള പ്രവണത കുഞ്ഞുങ്ങളില്‍ കാണാം. ഒരു കുഞ്ഞിന്‌ ഒരു വാട്ട്‌ എന്ന തോതില്‍ ബള്‍ബുകള്‍ മതിയാകും. 250 കോഴിക്കുഞ്ഞുങ്ങള്‍ ഉള്ള ഒരു യൂണിറ്റില്‍ 250 വാട്ടിന്റെ ഒരു ഇന്‍ഫ്രാറെഡ്‌ ബള്‍ബ്‌ മതിയാവും. ഏതുതരെ ബള്‍ബുകളായാലും ഇവയുടെ അടിഭാഗം ലിറ്റര്‍ നിരപ്പില്‍നിന്നും കുറഞ്ഞത്‌ 50 സെ.മീറ്ററെങ്കിലും മുകളിലായിരിക്കണം. വേനല്‍ക്കാലത്ത്‌ കൃത്രിമ ചൂട്‌ രാത്രിയില്‍ മാത്രം നല്‍കിയാല്‍ മതിയാകും.
ആദ്യത്തെ ഒരാഴ്‌ച ബ്രൂഡറിന്‌ ചുറ്റും 30 സെ.മീ. പൊക്കത്തില്‍ ഒരു വലയം സ്ഥാപിക്കണം. ഈ വലയം ബള്‍ബില്‍നിന്നും 30 മുതല്‍ 60 സെ.മീ. അകലത്തിലായിരിക്കണം. കാര്‍ഡ്‌ബോര്‍ഡ്‌, പനമ്പ്‌ അല്ലെങ്കില്‍ തകിട്‌ എന്നിവകൊണ്ട്‌ ഇതുണ്ടാക്കാം. കുഞ്ഞുങ്ങള്‍ വളരുന്നതനുസരിച്ച്‌ ബ്രൂഡറിന്‌ ചുറ്റുമുള്ള വലയത്തിന്റെ വിസ്‌തീര്‍ണ്ണം വലുതാക്കിക്കൊണ്ട്‌ ആവശ്യത്തിനുള്ള സ്ഥലം നല്‍കാന്‍ കഴിയും.
ഡീപ്പ്‌ ലിറ്റര്‍ രീതിയില്‍ കുഞ്ഞുങ്ങളെ വളര്‍ത്തുമ്പോള്‍ തുടക്കത്തില്‍ 6 സെ.മീ. കനത്തില്‍ ലിറ്റര്‍ അഥവാ വിരി തറയില്‍ വിരിക്കണം. അതിനുശേഷം ആഴ്‌ചയില്‍ 2 സെ.മീ. നിരക്കില്‍ മൊത്തം 16 സെ.മീ. ധനം ആകുന്നതുവരെ ലിറ്റര്‍ വിതരണം. ഈ അളവില്‍ 1 ച.മീ. സ്ഥലത്ത്‌ ഏകദേശം 10 കി.ഗ്രാം ലിറ്റര്‍ വേണ്ടിവരും. വേനല്‍ക്കാലത്ത്‌ ആഴ്‌ചയില്‍ ഒരു പ്രാവശ്യവും, മഴക്കാലത്ത്‌ ആഴ്‌ചയില്‍ രണ്ടു പ്രാവശ്യവും ലിറ്റര്‍ ഇളക്കണം. ലിറ്റര്‍ എല്ലായ്‌പ്പോഴും ഉണക്കി സൂക്ഷിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തണുപ്പുള്ള കാലാവസ്ഥയിലും മഴക്കാലത്തും കുറച്ച്‌ പുതിയ ലിറ്റര്‍ വിതറുന്നത്‌ നല്ലതാണ്‌.
കോഴിക്കുഞ്ഞുങ്ങള്‍ക്ക്‌ ആദ്യത്തെ 3 ആഴ്‌ചവരെ കൊടുക്കുന്ന തീറ്റയ്‌ക്ക്‌ സ്റ്റാര്‍ട്ടര്‍ തീറ്റ എന്നു പറയുന്നു. സര്‍ക്കാര്‍ ഉടമയിലും സ്വകാര്യ ഉടമയിലുമുള്ള തീറ്റനിര്‍മ്മാണ കമ്പനികള്‍ കോഴിക്കള്‍ക്കായുള്ള വിവിധ തീറ്റകള്‍ നിര്‍മ്മിച്ച്‌ വിപണനം ചെയ്യുന്നുണ്ട്‌. വിശ്വാസയോഗ്യമായ സ്ഥാപനങ്ങളില്‍നിന്ന്‌ ആവശ്യാനുസരണമുള്ള തീറ്റ വാങ്ങിക്കാവുന്നതാണ്‌.
കേരളത്തില്‍ ലഭ്യമായ തീറ്റ സാധനങ്ങള്‍ ഉപയോഗിച്ച്‌ നിര്‍മ്മിക്കാവുന്ന ഒരു മാതൃകാ സ്റ്റാര്‍ട്ടര്‍ തീറ്റ താഴെ പറയുന്ന രീതിയില്‍ ഉണ്ടാക്കാം.
മുകളില്‍ കാണിച്ചിരിക്കുന്ന 100 കി.ഗ്രാം തീറ്റയില്‍ 25 ഗ്രാം വിറ്റാമിന്‍ മിശ്രിതം (ജീവകങ്ങള്‍ എ,ബി2, ഡി3 എന്നിവ അടങ്ങിയ മശ്രിതം) ചേര്‍ക്കേണ്ടതാണ്‌. കൂടാതെ 50 ഗ്രാം രക്താതിസാരം ചെറുക്കുന്നതിനുള്ള മരുന്നും ചേര്‍ക്കണം.
കോഴിക്കുഞ്ഞുങ്ങള്‍ തിന്നുന്ന തീറ്റയുടെ അളവ്‌, അന്തരീക്ഷചൂട്‌, തീറ്റയിലെ ഊര്‍ജ്ജത്തിന്റെ തോത്‌ മുതലായവയെ ആശ്രയിച്ചാണിരിക്കുന്നത്‌. 
ആദ്യത്തെ രണ്ടുമൂന്ന്‌ ദിവസം ബ്രൂഡറിനകത്ത്‌ കടലാസ്‌ വിരിച്ച്‌ അതില്‍ വേണം തീറ്റ നല്‍കാന്‍. അതിനുശേഷം ചെറിയ തരം തീറ്റപ്പാത്രങ്ങള്‍ ഉപയോഗിക്കണം. തീറ്റപ്പാത്രങ്ങള്‍ വാങ്ങുകയോ അല്ലെങ്കില്‍ മുള ഉപയോഗിച്ച്‌ ഉണ്ടാക്കുകയോ ചെയ്യാം. നിലത്തുറപ്പിച്ച നീളത്തിലുള്ള തീറ്റപ്പാത്രങ്ങളാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ രണ്ടാഴ്‌ചവരെ ഒരു കുഞ്ഞിന്‌ 2.5 സെ.മീ. നിരക്കിലും ആറാഴ്‌ചവരെ 4.5 സെ.മീ. നിരക്കിലും പാത്രസ്ഥലം അനുവദിക്കണം. തൂക്കിയിടുന്ന തീറ്റപ്പാത്രങ്ങളാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ 100 കുഞ്ഞുങ്ങള്‍ക്ക്‌ 12 കി.ഗ്രാം തീറ്റകൊള്ളുന്ന 36 സെ.മീ. വ്യാസമുള്ള 3 എണ്ണം വേണ്ടിവരും. ആദ്യത്തെ രണ്ടുമൂന്നു ദിവസം കഴിഞ്ഞാല്‍ തീറ്റപ്പാത്രത്തില്‍ ½ മുതല്‍ ¾ വരെ മാത്രമേ തീറ്റ നിറയ്‌ക്കാവൂ.
കുഞ്ഞുങ്ങള്‍ക്ക്‌ കുടിക്കാനായി വൃത്തിയുള്ള വെള്ളം എല്ലാ സമയത്തും വെള്ളപ്പാത്രങ്ങളില്‍ ഉണ്ടായിരിക്കണം. ട്രഫ്‌ ടൈപ്പ്‌ അല്ലെങ്കില്‍ ഫൗണ്ടന്‍ ടൈപ്പ്‌ വെള്ളപ്പാത്രങ്ങള്‍ ഉപയോഗിക്കാം. ആദ്യത്തെ രണ്ടാഴ്‌ചവരെ 0.6 സെ.മീ. നിരക്കിലും 2 മുതല്‍ 7 ആഴ്‌ച പ്രായമാകുന്നതുവരെ 1.3 സെ.മീ. നിരക്കിലും ഓരോ കുഞ്ഞിനും വെള്ളപ്പാത്രസ്ഥലം അനുവദിക്കണം. ഒരു കാരണവശാലും വെള്ളപ്പാത്രങ്ങള്‍ താപകേന്ദ്രത്തിനടുത്ത്‌ വയ്‌ക്കരുത്‌. കാരണം പാത്രത്തിനുള്ളിലെ വെള്ളം എളുപ്പത്തില്‍ ചൂടാകും. തീറ്റപ്പാത്രങ്ങളും വെള്ളപ്പാത്രങ്ങളും ബ്രൂഡറിനും വെളിയില്‍ നാലുഭാഗത്തുമായി വെച്ചിരിക്കണം. തീറ്റയ്‌ക്കും വെള്ളത്തിനും വേണ്ടി കോഴിക്കുഞ്ഞുങ്ങള്‍ക്ക്‌ 3 മീറ്ററില്‍ കൂടുതല്‍ നടക്കേണ്ടാത്ത വിധത്തിലാണ്‌ തീറ്റപ്പാത്രങ്ങളും വെള്ളപ്പാത്രങ്ങളും സജ്ജീകരിക്കേണ്ടത്‌.
ശ്രദ്ധയര്‍ഹിക്കുന്ന ഒരു പ്രധാന കാര്യം പരിസരശുചിത്വമാണ്‌. ഉപയോഗിക്കുന്ന ലിറ്റര്‍ നനവുള്ളതാണെങ്കില്‍ അത്‌ എളുപ്പത്തില്‍ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു. അണുനാശിനി ഉപയോഗിച്ച്‌ ഉപകരണങ്ങളും പരിസരവുമെല്ലാം വൃത്തിയാക്കേണ്ടതാണ്‌.

വളരുന്ന കോഴികളുടെ പരിപാലനം

കോഴിക്കുഞ്ഞുങ്ങള്‍ക്ക്‌ 4 മുതല്‍ 5 ആഴ്‌ചവരെ പ്രായമാകുന്നതോടെ അവയ്‌ക്ക്‌ കൊടുത്തുകൊണ്ടിരിക്കുന്ന കൃത്രിമ ചൂട്‌ പിന്‍വലിക്കാം. അതിനുശേഷം ശരിയായ വളര്‍ച്ചയും ആരോഗ്യവുമില്ലാത്ത കുഞ്ഞുങ്ങളെ തെരഞ്ഞെുമാറ്റണം. ഇങ്ങനെയുള്ള കുഞ്ഞുങ്ങള്‍ മറ്റുള്ളവയെപ്പോലെ തീറ്റ തിന്നുമെങ്കിലും അവ പൂര്‍ണ്ണ വളര്‍ച്ചയെത്തുവാന്‍ കൂടുതല്‍ സമയമെടുക്കും. പൂര്‍ണ്ണ വളര്‍ച്ച എത്തിയാല്‍തന്നെ ഇവ മറ്റു കോഴികളെപ്പോലെ ശരിയായ തോതില്‍ മുട്ട ഉല്‍പ്പാദിപ്പിക്കുകയില്ല. തിരഞ്ഞു മാറ്റിയവയില്‍ വളരെ മോശവും സുഖമില്ലാത്തതുമായ കുഞ്ഞുങ്ങളെ നശിപ്പിക്കുന്നതാണ്‌ ഉത്തമം. കാരണം അവയ്‌ക്ക്‌ കൊടുക്കുന്ന തീറ്റയ്‌ക്കു വേണ്ടിവരുന്ന ചെലവ്‌ നഷ്‌ടമായി പരിണമിക്കുന്നു.
ആറാഴ്‌ചവരെ കുഞ്ഞുങ്ങളെ വളര്‍ത്തിയിരുന്ന കെട്ടിടത്തില്‍ത്തന്നെ വളരുന്ന കുഞ്ഞുങ്ങളെ 18 ആഴ്‌ചവരെ പാര്‍പ്പിക്കാം. കെട്ടിടത്തിനുള്ളില്‍ ഒരു കോഴിക്ക്‌ 0.095-0.19 ച.മീ. നിരക്കില്‍ സ്ഥലമനുവദിക്കേണ്ടതാണ്‌.
കോഴിക്കുഞ്ഞുങ്ങള്‍ക്ക്‌ 9 ആഴ്‌ച മുതല്‍ 18 ആഴ്‌ചവരെ കൊടുക്കുന്ന തീറ്റയ്‌ക്ക്‌ ഗ്രോവര്‍ തീറ്റ പറയുന്നു.
മുട്ടയ്‌ക്കുവേണ്ടി വളര്‍ത്തുന്ന കുഞ്ഞുങ്ങള്‍, എട്ട്‌ ആഴ്‌ച മുതല്‍ 20 ആഴ്‌ചവരെ ഒരു കുഞ്ഞ്‌ 6 കി.ഗ്രാം തീറ്റ എന്ന തോതില്‍ ഭക്ഷിക്കുന്നു. ഈ കാലയളവില്‍ തീറ്റപ്പാത്രങ്ങളുടെയും വെള്ളപ്പാത്രങ്ങളുടെയും എണ്ണം കൂട്ടണം. ഒരു കുഞ്ഞിന്‌ 10 സെ.മീ. നിരക്കിലാണ്‌ ഈ സമയത്ത്‌ തീറ്റപ്പാത്ര സ്ഥലം അനുവദിക്കേണ്ടത്‌. തൂക്കിയിടുന്ന തീറ്റപ്പാത്രങ്ങളാണെങ്കില്‍ 50 കോഴിക്ക്‌ 25 കി.ഗ്രാം തീറ്റ ഉള്‍ക്കൊള്ളുന്ന ഒരെണ്ണം എന്ന നിരക്കില്‍ ആവശ്യമാണ്‌. തീറ്റപ്പാത്രത്തിന്റെ വിതാനം കോഴിക്കുഞ്ഞിന്റെ പുറകുവശത്തിനു തുല്യമായോ അല്‍പ്പംകൂടി ഉയര്‍ന്നോ ആയിരിക്കണം. ശുദ്ധജലം എല്ലാ സമയത്തും കുഞ്ഞുങ്ങള്‍ക്ക്‌ കുടിക്കുന്നതിനുള്ള സൗകര്യത്തിനായി വെള്ളപ്പാത്രത്തില്‍ നിറച്ചിരിക്കണം.
ലിംഗനിര്‍ണ്ണയം നടത്താത്ത കുഞ്ഞുങ്ങളെയാണ്‌ വളര്‍ത്തുന്നതെങ്കില്‍ അവയ്‌ക്ക്‌ 10 ആഴ്‌ച പ്രായമാകുമ്പോള്‍ ബാഹ്യലക്ഷണങ്ങള്‍ നോക്കി പൂവനെയും പിടയെയും വേര്‍തിരിക്കണം.

മുട്ടക്കോഴികളുടെ പരിപാലനം

നല്ലയിനം കോഴിക്കുഞ്ഞുങ്ങളെ വാങ്ങി ആരംഭിക്കുകയും വളര്‍ച്ചയുടെ ഘട്ടം വരെ വേണ്ടത്ര സംരക്ഷണ ചിട്ടകള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്‌തതുകൊണ്ടു മാത്രം ഉയര്‍ന്ന ഉല്‍പ്പാദനം ലഭ്യമാകുകയില്ല. ഉല്‍പ്പാദനഘട്ടത്തിലുള്ള കോഴികളുടെ പരിപാലനത്തിനും സജീവശ്രദ്ധ അത്യന്താപേഷിതമാണ്‌.
പതിനെട്ടാഴ്‌ച പ്രായമാകുന്നതോടെ വളര്‍ച്ചയും ആരോഗ്യവും കുറഞ്ഞ പിടക്കോഴികളെ നീക്കം ചെയ്യണം. കഴിക്കുവാനുള്ള മുട്ടയുല്‍പ്പാദിപ്പിക്കുന്നതിന്‌ പൂവന്‍കോഴികളെ ആവശ്യമില്ല. അതുകൊണ്ട്‌ ആരോഗ്യവും പ്രസരിപ്പും ഉള്ള പിടക്കോഴികളെ മുട്ടയിടുന്നവയ്‌ക്കുവേണ്ടി സജ്ജമാക്കിയിട്ടുള്ള കൂടുകളിലേക്ക്‌ മാറ്റണം. ഈ സന്ദര്‍ഭത്തിലുള്ള അവധാനപൂര്‍വമായ തെരഞ്ഞെടുക്കല്‍ മെച്ചപ്പെട്ട ഉല്‍പ്പാദനത്തിനും അനന്തരമായ കുറഞ്ഞ തെരഞ്ഞുമാറ്റലിനും വഴിതെളിക്കുന്നു.
തെരഞ്ഞുമാറ്റല്‍വഴി ഒരു പറ്റത്തിന്റെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുവാന്‍ സാധിക്കുന്നു. ആരോഗ്യമല്ലാത്തവയെയും വൈകല്യമുള്ളവയെയും തെരഞ്ഞുമാറ്റുന്നതിനു പുറമേ മുട്ടയുല്‍പ്പാദനക്ഷമത കുറഞ്ഞവയെയും പറ്റത്തില്‍നിന്നും മാറ്റേണ്ടതാണ്‌. പിടക്കോഴികളില്‍ ഉല്‍പ്പാദനം തുടങ്ങുന്നതിനു തൊട്ടുമുമ്പായി ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട ഗ്രന്ഥികള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നു. തന്മൂലം പിടക്കോഴികളുടെ ശരീരഭാഗങ്ങളിലും ചില മാറ്റങ്ങള്‍ ദൃശ്യമാകുന്നു. ഈ മാറ്റങ്ങള്‍ ശ്രദ്ധിച്ച്‌ മുട്ടയുല്‍പ്പാദിപ്പിക്കുന്നവരയെയും ഉല്‍പ്പാദനം ഇല്ലാത്തവയെയും തിരിച്ചറിയാന്‍ സാധിക്കുന്നു. ചുവടെ ചേര്‍ത്തിരിക്കുന്ന പട്ടിക ഇതിനു സഹായകമാകും.
18 ആഴ്‌ച പ്രായമാകുമ്പോള്‍ കോഴികളെ മുട്ടയിടുന്നവയ്‌ക്കുവേണ്ടിയുള്ള പ്രത്യേക കൂടുകളിലേക്ക്‌ മാറ്റുകയോ അവയെ വളര്‍ത്തിയെടുത്ത കൂടുകളില്‍തന്നെ പരിപാലിക്കുകയോ ചെയ്യാവുന്നതാണ്‌. കൂട്ടില്‍ അനുവദനീയമായ പരമാവധിയെണ്ണം കോഴികളെ വളര്‍ത്തുന്നതുകൊണ്ട്‌ ഉപകരണങ്ങള്‍, പ്രയത്‌നം എന്നിവ വളരെ മെച്ചപ്പെട്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നു. മുട്ടയിടുന്ന കോഴികള്‍ ഒന്നിന്‌ 0.23-0.28 ച.മീ. നിരക്കില്‍ കൂട്ടിനുള്ളില്‍ സ്ഥലം ലഭിച്ചിരിക്കണം. മുട്ടയിടാന്‍ തുടങ്ങുന്നതിന്‌ രണ്ടാഴ്‌ച മുമ്പുതന്നെ മുട്ടക്കൂടുകള്‍ സജ്ജീകരിക്കണം. ഇതുവഴി കോഴികള്‍ക്ക്‌ ഈ കൂടുകളുമായി ഇടപഴകുന്നതിനും പരിചയം സിദ്ധിക്കുന്നതിനും ഇടവരുത്തുന്നു. ഇത്‌ എളുപ്പത്തില്‍ വൃത്തിയാക്കാവുന്നതും വായു അകത്ത്‌ കടക്കാന്‍ പാകത്തിലുള്ളതുമായിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 5 കോഴികള്‍ക്ക്‌ ഒരു കൂട്‌ എന്ന അനുപാതത്തില്‍ മുട്ടക്കൂടുകള്‍ ഉണ്ടായിരിക്കണം. വിലകുറഞ്ഞ മരപ്പലകകള്‍കൊണ്ട്‌ 30:3:40 സെ.മീ. അളവില്‍ ഇത്തരം കൂടുകള്‍ നിര്‍മ്മിക്കാവുന്നതാണ്‌. മുട്ടക്കൂടിനുള്ളില്‍ അനുയോജ്യമായ വൃത്തിയുള്ള വിരി അഥവാ ലിറ്റര്‍ ഉപയോഗിക്കണം. ഇടയ്‌ക്കിടെ ഇവ മാറ്റി പുതിയവ ഇടുകയും ചെയ്യേണ്ടതാണ്‌. വിരി കൂടെക്കൂടെ ഇളക്കിയിടേണ്ടതും വേണ്ടിവന്നാല്‍ പുതിയ വസ്‌തുക്കള്‍ മേല്‍വിരിയായി ചേര്‍ക്കേണ്ടതുമാണ്‌. മുട്ടക്കൂടുകള്‍ക്ക്‌ പകരം മണ്‍കലവും ഉപയോഗിക്കാവുന്നതാണ്‌.
ഉയര്‍ന്ന ഉല്‍പ്പാദനത്തിന്‌ വേണ്ടത്ര വെളിച്ചം അത്യാവശ്യമാണ്‌. മുട്ടയിടുന്ന കാലങ്ങളില്‍ കൂടുതല്‍ വെളിച്ചം നല്‍കുന്നത്‌ പ്രയോജനപ്രദമാണ്‌. 22-ാമത്‌ ആഴ്‌ച മുതല്‍ ആഴ്‌ചയില്‍ 15 മിനിട്ട്‌ എന്ന നിരക്കില്‍ (പകല്‍വെളിച്ചത്തിനു പുറമേ) വെളിച്ചം കൂടുതല്‍ നല്‍കിയാല്‍ ഏകദേശം 33 ആഴ്‌ച പ്രായമെത്തുന്നതോടെ ദിവസം ആകെ 16 മണിക്കൂര്‍ വെളിച്ചം ലഭിക്കുവാന്‍ പര്യാപ്‌തമാകുന്നു. ഉല്‍പ്പാദനത്തിന്റെ കാലത്ത്‌ വെളിച്ചത്തിന്റെ ലഭ്യത കുറയാന്‍ ഇടയാകരുത്‌.
കോഴികള്‍ക്ക്‌ കുറച്ച്‌ വെളിച്ചം ലഭ്യമാക്കിയതുകൊണ്ട്‌ മാത്രമായില്ല. ഒരു കോഴിക്ക്‌ ഒരുവാട്ട്‌ ബള്‍ബുകള്‍ 10 എണ്ണം എന്ന നിരക്കില്‍ ഓരോ 19.0 ച.മീ. സ്ഥലത്തിനും 60 വാട്ടിന്റെ ഒരു ബള്‍ബ്‌ വച്ചിട്ടുണ്ടായിരിക്കണം. തറയില്‍നിന്നും ഉദ്ദേശം 2 മീറ്റര്‍ ഉയരത്തില്‍ തീറ്റപ്പാത്രത്തിനും വെള്ളപ്പാത്രത്തിനും നേരേ മുകളിലായി ഒരു നിരയിലായിരിക്കണം ബള്‍ബുകള്‍ ഘടിപ്പിക്കേണ്ടത്‌.
ഏകദേശം 6 മാസത്തെ ഉല്‍പ്പാദനം കഴിയുന്നതോടെ വെളിച്ച സമയം 17 മണിക്കൂറായി വര്‍ധിപ്പിക്കാവുന്നതാണ്‌. ശേഷിക്കുന്ന ഉല്‍പ്പാദനകാലത്ത്‌ ഇത്രയും സമയം വെളിച്ചം നല്‍കിയാല്‍ മതിയാകും. പതിനേഴു മണിക്കൂറില്‍ കൂടുതല്‍ വെളിച്ചം നല്‍കുന്നതുകൊണ്ട്‌ പ്രത്യേകം നേട്ടങ്ങളൊന്നും തന്നെയില്ല.
നിലത്തുവയ്‌ക്കാവുന്ന നീളത്തിലുള്ള തീറ്റപ്പാത്രങ്ങളിലോ തൂക്കിയിടുന്ന തീറ്റപ്പാത്രങ്ങളിലോ തീറ്റകൊടുക്കാവുന്നതാണ്‌. നീളത്തിലുള്ള പാത്രങ്ങളാണ്‌ ഉപയോഗിക്കുന്നതെങ്കിലും ഒരു കോഴിക്ക്‌ 12.5 സെ.മീ. എന്ന തോതില്‍ പാത്രസ്ഥലം ഉണ്ടായിരിക്കണം. മുട്ടക്കോഴികള്‍ക്ക്‌ തൂക്കിയിടുന്ന തീറ്റപ്പാത്രങ്ങളാണ്‌ അഭിലഷണീയം. 35 സെ.മീ. വ്യാസമുള്ളതും 20 മുതല്‍ 25 കി.ഗ്രാം തീറ്റ ഉള്‍ക്കൊള്ളാന്‍ കഴിവുള്ളതുമായ തൂക്കിയിടുന്ന തീറ്റപ്പാത്രങ്ങള്‍ 100 മുട്ടക്കോഴികള്‍ക്ക്‌ 5 എണ്ണം വച്ച്‌ നല്‍കണം. തീറ്റപ്പാത്രങ്ങള്‍ വെള്ളപ്പാത്രത്തില്‍നിന്ന്‌ 3 മീറ്റര്‍ അകലെയായിട്ടാണ്‌ സജ്ജീകരിക്കേണ്ടത്‌. കോഴികളുടെ പുറകുഭാഗത്തിനു സമം ഉയരത്തിലോ ലിറ്റര്‍ നിരപ്പില്‍നിന്ന്‌ 25 സെ.മീ. പൊക്കത്തിലോ ഇവ ഉറപ്പിക്കാവുന്നതാണ്‌. തീറ്റപ്പാത്രങ്ങളില്‍ 1/3-ല്‍ കൂടുതല്‍ തീറ്റ നിറയ്‌ക്കരുത്‌. തിന്നുന്നത്‌ ത്വരിതപ്പെടുത്തുന്നതിനായി തീറ്റ ഇടയ്‌ക്കിടെ ഇളക്കികൊടുക്കുന്നത്‌ നന്നായിരിക്കും. പച്ചപ്പുല്ലിന്റെ ലഭ്യതയനുസരിച്ച്‌ 100 കോഴികള്‍ക്ക്‌ 1 മുതല്‍ 2 കി.ഗ്രാം വരെ പുല്ല്‌ കൊടുക്കുന്നത്‌ ഗുണപ്രദമാണ്‌. പൊടിച്ച കക്ക തീറ്റയില്‍ ചേര്‍ക്കുന്നതിന്‌ പുറമേ പ്രത്യേകം പാത്രങ്ങളില്‍ യഥേഷ്‌ടം ഉപയോഗത്തിനായി ലഭ്യമാക്കണം.
കൂടിന്റെ നീളത്തിന്‌ സമമായി ഒരു വശത്തുണ്ടാക്കുന്ന വെള്ളത്തിനുള്ള `ചാനല്‍' രീതി കൂടുതല്‍ മെച്ചപ്പെട്ടതാണ്‌. മറ്റു വിധത്തിലുള്ള പാത്രങ്ങളാണ്‌ ഇതിനുപയോഗിക്കുന്നതെങ്കില്‍ ഒരു കോഴിക്ക്‌ 2.5 സെ.മീ. സ്ഥലംവച്ച്‌ ലഭ്യമാക്കിയിരിക്കണം. താപനില 27 ഡിഗ്രി സെന്റിഗ്രേഡില്‍ അധികമാവുന്നപക്ഷം വെള്ളപ്പാത്രസ്ഥലം 25 ശതമാനം വര്‍ധിപ്പിക്കേണ്ടത്‌ ആവശ്യമാണ്‌.
വൈറ്റ്‌ലഗോണ്‍, മൈനോര്‍ക്ക, അങ്കോണ തുടങ്ങിയ മെഡിറ്ററേനിയന്‍ കോഴികളെയാണ്‌ മുട്ടയ്‌ക്കുവേണ്ടി വളര്‍ത്തുന്നത്‌. ഇത്തരം കോഴികള്‍ക്ക്‌ തീറ്റയെ മുട്ടയാക്കി മാറ്റുവാനുള്ള കഴിവ്‌ മറ്റിനങ്ങളിലുള്ള കോഴികളെക്കാളും വളരെ കൂടുതലാണ്‌. കോഴികളുടെ മേന്മ നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യമായ ഒരു ഘടകമാണ്‌ ആഹാരപരിവര്‍ത്തനശേഷി. ഒരു ഡസന്‍ മുട്ടയുല്‍പ്പാദനത്തിനാവശ്യമായ തീറ്റയുടെ അളവാണ്‌ മുട്ടക്കോഴിയുടെ ആഹാരപരിവര്‍ത്തനശേഷിയെന്ന്‌ സാധാരണയായി വിവക്ഷിക്കുന്നത്‌. നല്ല ഉല്‍പ്പാദനക്ഷമതയുള്ള വൈറ്റ്‌ലഗോണ്‍ കോഴികളുടെ ആഹാര പരിവര്‍ത്തനശേഷി രണ്ടോ അതില്‍ കുറവോ ആണ്‌.
മുട്ടയിടുന്ന കോഴികളുടെ സംരക്ഷണകാര്യത്തില്‍ ഉഷ്‌ണകാലങ്ങളില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. കൂട്ടിനുള്ളിലെ താപനില 32.3 സെന്റിഗ്രേഡില്‍ കൂടിയാല്‍ കോഴികള്‍ അസ്വസ്ഥരാവുകയും തീറ്റ കഴിക്കുന്നതിന്റെ അളവ്‌ തീരെ താണുപോകുകയും ചെയ്യും. താപനില 37.3 ഡിഗ്രി സെന്റിഗ്രേഡില്‍ കൂടിയാല്‍ ഉയര്‍ന്ന മരണനിരക്കും വളരെ കുറഞ്ഞ മുട്ടയുല്‍പ്പാദനവുമായിരിക്കും ഫലം. ഇതിനെല്ലാം പുറമേ ഇത്തരം സമയങ്ങളില്‍ മുട്ടയുടെ വിലയും ഇടിഞ്ഞിട്ടുണ്ടാകും.
ഉഷ്‌ണകാലത്ത്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ പറയുന്നവയാണ്‌.
1. എല്ലാ സമയത്തും ശുദ്ധമായ തണുത്ത വെള്ളം ലഭ്യമാക്കണം. വേണമെങ്കില്‍ ഐസ്‌ കഷണങ്ങള്‍ പൊട്ടിച്ച്‌ വെള്ളപ്പാത്രങ്ങളില്‍ ഇടാവുന്നതാണ്‌.
2. കോഴികളെ പാര്‍പ്പിക്കുന്ന കെട്ടിടത്തിനു ചുറ്റും തണലിനായി മരങ്ങള്‍ വെച്ചുപിടിപ്പിക്കണം.
3. മേല്‍ക്കൂരയില്‍ വൈക്കോല്‍ വിരിക്കുന്നത്‌ പ്രയോജനപ്രദമാണ്‌. കൂടാതെ മേല്‍ക്കൂരയില്‍ വെള്ളം തളിക്കുന്നതും നല്ലതാണ്‌. ഇതുവഴി കെട്ടിടത്തിനുള്ളിലെ ചൂട്‌ 5 ഡിഗ്രി സെന്റിഗ്രേഡ്‌ വരെ കുറയുമെന്ന്‌ കണ്ടിട്ടുണ്ട്‌.
4. കൂട്ടിനുള്ളിലെ വായുസഞ്ചാരം തൃപ്‌തികരമാക്കാന്‍ വശങ്ങളിലുള്ള കമ്പിവല നിത്യവും വൃത്തിയാക്കണം.
5. നനവുള്ള ചാക്കുമറ കാറ്റുള്ള വശത്തായി തൂക്കിയിടുക.
6. പഴയ ലിറ്ററിന്റെ കനം കുറയ്‌ക്കുകയും അതിനു മുകളില്‍ രണ്ടിഞ്ച്‌ കനത്തില്‍ പുതിയ ലിറ്റര്‍ വിരിക്കുകയും ചെയ്യുക.
7. അതിരാവിലെ വൈദ്യുതി വെളിച്ചം നല്‍കുക. ഇത്‌ തണുപ്പുള്ള പ്രഭാതസമയത്ത്‌ കൂടുതല്‍ തീറ്റയും വെള്ളവും കഴിക്കുന്നതിന്‌ സഹായിക്കുന്നു.
8. വെള്ളത്തില്‍ കുഴച്ച തീറ്റ ചെറിയ അളവുകളില്‍ ദിവസം രണ്ടോ മൂന്നോ പ്രാവശ്യം നല്‍കുക.
9. പൊടിച്ച കക്ക എല്ലാ സമയത്തും ലഭ്യമാക്കുക.
10. വേനല്‍ക്കാലങ്ങളില്‍ കോഴികള്‍ ആഹരിക്കുന്ന തീറ്റയുടെ അളവ്‌ കുറയുന്നതിനാല്‍ മാംസ്യം, ഊര്‍ജ്ജം, കാല്‍സിയം, ഫോസ്‌ഫറസ്‌, ജീവകം എ,ബി2, ഡി3 തുടങ്ങിവയുടെ അളവ്‌ സാധാരണ തോതിനേക്കാള്‍ 19 ശതമാനം അധികമുള്ള തീറ്റ നല്‍കുക.
കൂടുതല്‍ കോഴികളെ ഊര്‍ജ്ജിത രീതിയില്‍ വളര്‍ത്തുമ്പോള്‍ രോഗം ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്‌. അതിനാല്‍ രോഗനിവാരണമാര്‍ഗങ്ങള്‍ വളരെ ഗൗരവമായി പാലിക്കേണ്ടത്‌ ലാഭകരമായ കോഴിവളര്‍ത്തലിന്‌ ഒഴിച്ചുകൂടാനാവാത്ത സംഗതിയാണ്‌. പുതിയ വിഭാഗം കോഴികളെ പ്രവേശിപ്പിക്കുന്നതിന്‌ രണ്ടാഴ്‌ച മുമ്പ്‌ കോഴിക്കൂടുകള്‍ വൃത്തിയാക്കുകയും പഴയ ലിറ്റര്‍, ഉപകരണം തുടങ്ങിയവ കൂട്ടിനുള്ളില്‍നിന്ന്‌ മാറ്റുകയും ചെയ്യേണ്ടതാണ്‌. മേല്‍ത്തട്ട്‌, ചുമരുകള്‍, തറ എന്നിവ അണുനാശിനികള്‍ ഉപയോഗിച്ച്‌ വൃത്തിയാക്കുകയും വേണം. ഉപകരണങ്ങളും ഇതേ രീതിയില്‍ ശുചിയാക്കിയതിനുശേഷമാണ്‌ കൂട്ടിനുള്ളില്‍ വയ്‌ക്കേണ്ടത്‌. വൈദ്യുതസജ്ജീകരണങ്ങള്‍ പരിശോധിച്ച്‌ തൃപ്‌തി വരുത്തുന്നതിലും ശ്രദ്ധിക്കണം.. കോഴികളുടെ ശത്രുക്കളായ വന്യപക്ഷികള്‍, എലി, നായ, പൂച്ച തുടങ്ങിയവയെ എല്ലായ്‌പോഴും അകറ്റി നിര്‍ത്തണം. സന്ദര്‍ശകരെ കഴിയുന്നിടത്തോളം ഒഴിവാക്കുന്നതാണ്‌ നല്ലത്‌. തീറ്റപ്പാത്രങ്ങളും വെള്ളപ്പാത്രങ്ങളും ദിവസേന രോഗസംഹാരി തളിച്ച്‌ കഴുകേണ്ടതാണ്‌. നനഞ്ഞ ലിറ്റര്‍ ഉടനടി മാറ്റി പുതിയവ ഇടണം. ഓരോ പ്രാവശ്യം കൂട്ടില്‍ പോകുമ്പോഴും കോഴികളെ നിരീക്ഷണത്തിനു വിധേയമാക്കണം. ഓരോ മൂന്നുമാസവും വിരബാധയ്‌ക്കുള്ള മരുന്ന്‌ നല്‍കണം. എല്ലാറ്റിനും ഉപരിയായി കോഴിക്കൂടും പരിസരവും ശുചിയായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണം എന്തെങ്കിലും കാണിക്കുന്നുവെങ്കില്‍ എത്രയും പെട്ടെന്ന്‌ രോഗനിര്‍ണ്ണയം നടത്തുകയും വിദഗ്‌ധന്മാരുടെ ഉപദേശപ്രകാരം ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുകയും വേണം.

ഉല്‍പ്പാദന ലക്ഷ്യങ്ങള്‍

വിജയകരമായ കോഴിവളര്‍ത്തലിന്‌ കര്‍ഷകര്‍ക്ക്‌ ചില സാങ്കേതിക ലക്ഷ്യങ്ങള്‍ മനസ്സിലുണ്ടായിരിക്കണം. താഴെ പറയുന്ന കാര്യങ്ങള്‍ വിലയിരുത്തി കോഴിവളര്‍ത്തല്‍ വിജയപ്രദമാണോ എന്നു മനസ്സിലാക്കാം.
1. വാര്‍ഷിക മുട്ടയുല്‍പ്പാദനം- കുറഞ്ഞത്‌ വര്‍ഷത്തില്‍ 260-280 മുട്ടകളെങ്കിലും ഒരു കോഴിയില്‍നിന്നും കിട്ടണം.
2. മുട്ടക്കോഴികളുടെ മരണനിരക്ക്‌- മാസത്തില്‍ ഒരു ശതമാനത്തിന്‌ താഴെ.
3. മുട്ടക്കോഴികളുടെ തെരഞ്ഞുമാറ്റല്‍- വര്‍ഷത്തില്‍ 5 ശതമാനത്തില്‍ കൂടരുത്‌.
4. ആഹാര പരിവര്‍ത്തനശേഷി- ഒരു ഡസന്‍ മുട്ടയ്‌ക്ക്‌ 2.0 കി.ഗ്രാമോ അതില്‍ കുറവോ തീറ്റ
5. ലാഭം ഒരു മുട്ടക്കോഴിയില്‍നിന്നും ഒരു മാസത്തില്‍ രണ്ടു രൂപയോ അതില്‍ കൂടതലോ

പോഷകമൂല്യം കോഴിത്തീറ്റയില്‍

ഘടനയും പോഷകമൂല്യവും കണക്കിലെടുത്ത്‌ പോഷകങ്ങളെ ആറായി വിഭജിച്ചിരിക്കുന്നു. ജലം, മാംസ്യം, കൊഴുപ്പ്‌, ധാന്യങ്ങള്‍, അസംസ്‌കൃത നാര്‌, ധാതുക്കള്‍ എന്നിങ്ങനെ. കൂടാതെ ജീവകങ്ങളും ഇവയില്‍ അടങ്ങിയിരിക്കുന്നു.
ശരീര വളര്‍ച്ചയ്‌ക്കും മുട്ടയുല്‍പ്പാദനത്തിനും അത്യന്താപേക്ഷിതമായ ഒരു പോഷകമാണ്‌ ജലം. കോഴിമുട്ടയില്‍ ഏകദേശം 65 ശതമാനവും മാംസ്യത്തില്‍ 55 ശതമാനവും ജലമാണ്‌. ശരീരത്തിലുള്ള കൊഴുപ്പ്‌ മുഴുവനും മാംസ്യത്തിന്റെ പകുതിയിലധികവും നഷ്‌ടപ്പെട്ടാലും ജീവിക്കാം. പക്ഷേ, 10 ശതമാനം ജലം നഷ്‌ടപ്പെട്ടാല്‍ അത്‌ മരണത്തില്‍ കലാശിക്കുന്നു. ഇതില്‍നിന്നും ജലത്തിന്റെ പ്രാധാന്യം മനസ്സിലാക്കാം. സാധാരണയായി കുടിക്കുന്ന വെള്ളവും ഭക്ഷണസാധനങ്ങളിലെ വെള്ളവും ശരീരത്തന്റെ ആവശ്യത്തിന്‌ മതിയാകും. തീറ്റയുടെ അളവ്‌, സ്വഭാവം, അന്തരീക്ഷ ഊഷ്‌മാവ്‌, കോഴിയുടെ തൂക്കം, മുട്ടയുല്‍പ്പാദനത്തിന്റെ തോത്‌ എന്നിവയനുസരിച്ച്‌ വെള്ളത്തിന്റെ ആവശ്യം കൂടിയും കുറഞ്ഞുമിരിക്കും. ഒരു കോഴിക്ക്‌ ഒരു ദിവസം ഏകദേശം 200 മി.ലി. വെള്ളം വേണ്ടിവരും. വെള്ളം കൊടുക്കാതിരുന്നാല്‍ ആഹരിക്കുന്ന തീറ്റയുടെ അളവ്‌ കുറയുന്നു. മുട്ടയിടുന്ന കോഴിക്ക്‌ വെള്ളം കൊടുക്കാതിരുന്നാല്‍ മുട്ടയുല്‍പ്പാദനം നിന്നുപോകുകയും അഞ്ചെട്ടു ദിവസത്തിനുള്ളില്‍ അത്‌ ചത്തുപോകുകയും ചെയ്യുന്നു.

മാംസ്യങ്ങള്‍

കോഴികളുടെ തൂക്കത്തിന്റെ ഏതാണ്ട്‌ 21 ശതമാനവും മുട്ടയുടെ 13 ശതമാനവും മാംസ്യമാണ്‌. ഏകദേശം 23 അമൈനോ അമ്ലങ്ങള്‍ വ്യത്യസ്‌തമായ ക്രമത്തിലും അനുപാതത്തിലും കോര്‍ത്തിണക്കിയതാണ്‌ വിവിധതരം മാംസ്യങ്ങള്‍. ശരീരത്തില്‍ നിര്‍മ്മിക്കാത്ത അമൈനോ അമ്ലങ്ങളെ അനിവാര്യ അമൈനോ അമ്ലങ്ങള്‍ എന്നു പറയുന്നു. ഭക്ഷ്യമാംസ്യങ്ങളുടെ പോഷകമൂല്യം നിര്‍ണ്ണയിക്കുന്നത്‌ ശരീരത്തിന്‌ ആവശ്യമുള്ള അമൈനോ അമ്ലങ്ങള്‍ പ്രദാനം ചെയ്യുന്നതിനുള്ള അവയുടെ കഴിവിനെ ആശ്രയിച്ചാണ്‌. പോഷകങ്ങളുടെ കൂട്ടത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ്‌ മാംസ്യത്തിനുള്ളത്‌. ശരീരത്തിന്റെ വളര്‍ച്ചയ്‌ക്കും സംരക്ഷണത്തിനും ഉല്‍പ്പാദനപ്രക്രിയകള്‍ക്കും മാംസ്യം ആവശ്യമാണ്‌. കോഴികളെ സംബന്ധിച്ചിടത്തോളം മാംസ്യത്തിന്റെ അളവും മേന്മയും പ്രാധാന്യമര്‍ഹിക്കുന്നു. ലൈസിന്‍, മിത്യയോണിന്‍, സിസ്റ്റിന്‍ തുടങ്ങിയ അനിവാര്യ അമൈനോ അമ്ലങ്ങള്‍ തീറ്റയില്‍ വേണ്ടത്ര ഉണ്ടായിരുന്നാല്‍ മാത്രമേ ശരിയായ വളര്‍ച്ചയും മുട്ടയുല്‍പ്പാദവും നടക്കുകയുള്ളൂ. സസ്യജന്യമാംസ്യങ്ങളില്‍ ഒന്നോ അതിലധികമോ അനിവാര്യ അമൈനോ അമ്ലങ്ങളുടെ കമ്മി കണ്ടുവരുന്നതിനാല്‍ അവ പോഷകമൂല്യം കുറഞ്ഞവയാണ്‌. ഈ കുറവ്‌ പരിഹരിക്കുന്നതിന്‌ ജന്തുജന്യമാംസ്യങ്ങള്‍ തീറ്റയില്‍ ചേര്‍ക്കുന്നു. മാംസ്യത്തിന്റെ അളവിലും മേന്മയിലുമുള്ള കുറവ്‌ വളര്‍ച്ച മുരടിപ്പിക്കുകയും മുട്ടയുല്‍പ്പാദനം കുറയ്‌ക്കുകയും ചെയ്യുന്നു. കൂടുതല്‍ രൂക്ഷമായാല്‍ മുട്ടയുല്‍പ്പാദനം പാടേ നിന്നുപോകുന്നു. നിറമുള്ള തൂവലുകളുള്ള കോഴികളുടെ തൂവലിന്റെ നിറം പോകുന്നത്‌ ലൈസിന്‍, മിത്യയോണിന്‍ തുടങ്ങിയ അമൈനോ അമ്ലങ്ങളുടെ കുറവുകൊണ്ടാണ്‌.
തീറ്റയില്‍ ഉണ്ടായിരിക്കേണ്ട പോഷകങ്ങളാണ്‌ ധാന്യങ്ങളും കൊഴുപ്പും. ഇവയാണ്‌ ശരീരത്തിനാവശ്യമുള്ള ഊര്‍ജ്ജം പ്രദാനം ചെയ്യുന്നത്‌. അസംസ്‌കൃത നാര്‌ ദഹിപ്പിക്കുന്നതിനുള്ള കഴിവ്‌ കോഴികളില്‍ തുലോം കുറവാണ്‌. ധാന്യങ്ങളെക്കാളും മാംസ്യതതെക്കാളും 2 � ഇരട്ടി ഊര്‍ജ്ജം കൊഴുപ്പില്‍ അടങ്ങിയിരിക്കുന്നു. അന്നജത്തിന്റെ അളവ്‌ വളരെ കുറവാണെങ്കിലും മിക്ക തീറ്റ സാധങ്ങളിലും ഇവ ധാരാളമായി കാണുന്നു. അധികോര്‍ജ്ജം കൊഴുപ്പായി ശരീരത്തില്‍ ശേഖരിക്കും. കൊഴുപ്പില്‍ ധാരാളമായി കൊഴുപ്പലേയ ജീവകങ്ങളും അനിവാര്യ ഫാറ്റി അമ്ലങ്ങളും കണ്ടുവരുന്നു. ചില ധാതുക്കളുടെയും ജീവകങ്ങളുടെയും ആഗിരണത്തിനും ചില പ്രധാനപ്പെട്ട അവയവങ്ങള്‍ക്ക്‌ സംരക്ഷണമായും കൊഴുപ്പ്‌ ഉപകരിക്കുന്നു. അനിവാര്യ ഫാറ്റി അമ്ലങ്ങളുടെ അഭാവം മൂലം വളര്‍ച്ച മന്ദീഭവിപ്പിക്കുന്നു. ചിലപ്പോള്‍ കോഴികള്‍ ചത്തുപോകും. ചിലപ്പോള്‍ തൂവലുകളുടെ വളര്‍ച്ച കുറയും. ഈ അമ്ലങ്ങള്‍ അധികമായി തീറ്റയില്‍ ചേര്‍ത്താല്‍ ജീവകം ഇ യുടെ ആവശ്യം വളരെ വര്‍ധിക്കുന്നു.

ധാതുക്കള്‍

ശരീരത്തിലെ എല്ലുകളുടെ വളര്‍ച്ചയ്‌ക്കും മറ്റു രാസപ്രവര്‍ത്തനങ്ങള്‍ക്കും മുട്ടയുല്‍പ്പാദനത്തിനും ധാതുക്കള്‍ ആവശ്യമാണ്‌. ഇവയില്‍ പ്രധാനമായവ കാല്‍സിയം, ഫോസ്‌ഫറസ്‌, സോഡിയം, പൊട്ടാസിയം, മാംഗനീസ്‌, സിങ്ക്‌, അയഡിന്‍, ഇരുമ്പ്‌, ചെമ്പ്‌, സെലീനിയം മുതലായവയാണ്‌. മറ്റു പോഷകങ്ങളെ അപേക്ഷിച്ച്‌ ഇവയുടെ ആവശ്യം പരിമിതമാണെങ്കിലും അഭാവം കോഴികളുടെ ആരോഗ്യത്തെയും ഉല്‍പ്പാദനത്തെയും സാരമായി ബാധിക്കുന്നു. കോഴിയുടെ ശരീരത്തില്‍ 3-4 ശതമാനവും കോഴിമുട്ടയില്‍ 10 ശതമാനവും ധാതുക്കളാണ്‌. എല്ലില്‍ പ്രധാനമായും കാല്‍സിയം, ഫോസ്‌ഫറസ്‌, മഗ്നീഷ്യം എന്നിവയാണുള്ളത്‌. മുട്ടത്തോട്‌ കാല്‍സിയം കാര്‍ബണേറ്റ്‌ ആണ്‌. മാംസപേശികളുടെ പ്രവര്‍ത്തനത്തിന്‌ കാല്‍സിയം, പൊട്ടാസിയം എന്നിവ വേണം. രക്തത്തിലുള്ളത്‌ പ്രധാനമായും ഇരുമ്പ്‌, ചെമ്പ്‌, ക്ലോറിന്‍ എന്നിവയാണ്‌. ശരിയായി എല്ലുകള്‍ വളരുന്നതില്‍ മാംഗനീസ്‌ ഒരു പ്രധാന പങ്ക്‌ വഹിക്കുന്നു. അയഡിന്‍ ഇല്ലാതായാല്‍ തൈറോയിഡ്‌ഗ്രന്ഥിയുടെ പ്രവര്‍ത്തനം തകരാറിലാകും. സെലീനിയവും ജീവകം ഇയും കൂടി ബന്ധപ്പെട്ടിരിക്കുന്നു. ധാതുക്കളുടെ അഭാവം കണ, പെറോസിസ്‌ തുടങ്ങിയവ പല രോഗങ്ങള്‍ക്കും മുട്ടയുടെ തോടിന്റെ ദൂഷ്യങ്ങള്‍ക്കും കാരണമാകുന്നു. മുട്ട വിരിയുന്നതിനും ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകുന്നതിനും ധാതുക്കള്‍ അത്യാവശ്യമാണ്‌.

ജീവകങ്ങള്‍

ജീവകങ്ങളെ കൊഴുപ്പില്‍ ലയിക്കുന്നവയെന്നും വെള്ളത്തില്‍ ലയിക്കുന്നവയെന്നും രണ്ടായി തിരിച്ചിരിക്കുന്നു. ഇതില്‍ ആദ്യത്തേത്തില്‍ ജീവകം എ,ഡി,ഇ,കെ എന്നിവയും രണ്ടാമത്തേതില്‍ ബി-കോംപ്ലക്‌സും സിയും ഉള്‍പ്പെടുന്നു. ജീവകങ്ങള്‍ വളര്‍ച്ചയ്‌ക്കും മുട്ടയുല്‍പ്പാദനത്തിനും ആരോഗ്യം നിലനിര്‍ത്തുന്നതിനും കൂടാതെ തൂവലുകളുടെ നിറത്തിനും വളര്‍ച്ചയ്‌ക്കും ആവശ്യമാണ്‌. ഇവയില്‍ ജീവകം ഡി ശരീരത്തില്‍ നിര്‍മ്മിക്കുന്നതിന്‌ കോഴികള്‍ക്ക്‌ കഴിയും. സൂര്യപ്രകാശം നേരിട്ട്‌ ശരീരത്തില്‍ പതിച്ചാല്‍ ജീവകം ഡി ശരീരത്തില്‍ത്തന്നെയുണ്ടാകുന്നു. കൂട്ടിലിട്ട്‌ വളര്‍ത്തുന്നവയ്‌ക്ക്‌ ജീവകം ഡിയും മേല്‍പ്പറഞ്ഞ മറ്റ്‌ ജീവകങ്ങളും തീറ്റയിലുണ്ടായിരിക്കണം. അവയുടെ അഭാവത്തില്‍ പല കമ്മിരോഗങ്ങളും കണ്ടുവരുന്നു. ജീവകം എ കണ്ണ്‌, ശ്വാസോച്ഛ്വാസത്തിനുള്ള അവയവങ്ങള്‍, ദഹനേന്ദ്രിയങ്ങള്‍ എന്നിവയുടെ ആരോഗ്യത്തിനും രോഗങ്ങളെ ചെറുക്കുന്നതിനും ആവശ്യമാണ്‌. മുട്ടയിലെ ഈ ജീവകത്തിന്റെ അളവ്‌ തീറ്റയിലെ ജീവകത്തെ അനുസരിച്ച്‌ കൂടിയും കുറഞ്ഞുമിരിക്കുന്നു. ഈ ജീവകം കുറവുള്ള കൊത്തുമുട്ട വിരിയുകയില്ല. വിരിഞ്ഞാല്‍തന്നെയും കുഞ്ഞുങ്ങള്‍ ആരോഗ്യമില്ലാത്തവയായിരിക്കും. ജന്തുജന്യ തീറ്റസാധനങ്ങളിലുള്ള ജീവകം ഡി ആണ്‌ കോഴികള്‍ക്ക്‌ ഉപയോഗമായിട്ടുള്ളത്‌. ചെറുകുഞ്ഞുങ്ങളില്‍ ഈ ജീവകത്തിന്റെ അഭാവം കണരോഗം ഉണ്ടാകുവാന്‍ കാരണമാകുന്നു. മുട്ടയിടുന്ന കോഴികളില്‍ മുട്ടത്തോടിന്റെ ദൂഷ്യങ്ങള്‍ക്ക്‌ ഇടയാക്കുന്നു. കാല്‍മുട്ടിനു വീക്കം, നടക്കാനുള്ള പ്രയാസം എന്നിവയും ഈ ജീവകത്തിന്റെ കുറവുകൊണ്ടുണ്ടാകുന്നു. ജീവകം ഇ വംശോല്‍പ്പാദനത്തിനുള്ള അവയവങ്ങളുടെയും തലച്ചോറിന്റെയും ആവശ്യമാണ്‌. ജീവകം കെ രക്തം കട്ടപിടിക്കുന്നതിന്‌ സഹായിക്കും.
ബി കോംപ്ലക്‌സില്‍പ്പെട്ട ജീവകങ്ങളില്‍ പ്രധാനമായവ ബി1, ബി2, ബി12, ഫോളിക്‌ ആസിഡ്‌, പാന്റോതെനിക്‌ ആസിഡ്‌, ബയോട്ടിന്‍ എന്നിവയാണ്‌. ഇവയില്‍ ചിലതെല്ലാം പോഷകങ്ങളുടെ ഉപാപചയത്തിന്‌ വേണ്ടതാണ്‌. മറ്റു ചിലത്‌ എന്‍സൈമുകളുടെ ഘടനയിലുള്ളവയാണ്‌. വേറെ ചിലത്‌ രക്തമുണ്ടാക്കുന്നതിനും എല്ലുകളുടെ വളര്‍ച്ചയ്‌ക്കും നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തിനും വേണ്ടവയാണ്‌. മുട്ട വിരിയുന്നതില്‍ പല ബി ജീവകങ്ങളും പ്രധാന പങ്കുവഹിക്കുന്നു. ബി വര്‍ഗത്തില്‍പ്പെട്ട ജീവകങ്ങളുടെ അഭാവം മൂലം വളര്‍ച്ച മന്ദീഭവിക്കുന്നു. ചില സമയത്ത്‌ തളര്‍ച്ച, വിളര്‍ച്ച, കാലുകളുടെ വീക്കം, ബലക്കുറവ്‌, മുട്ടയുല്‍പ്പാദനത്തില്‍ കുറവ്‌, മുട്ട വിരിയാതിരിക്കല്‍ എന്നിവയ്‌ക്കും കാരണമാകുന്നു. പച്ചപ്പുല്ല്‌, ധാന്യങ്ങള്‍, തവിട്‌, പാല്‍, മല്‍സ്യ എണ്ണകള്‍, മീന്‍പൊടി എന്നിവയിലെല്ലാം ധാരാളം ബി ജീവകങ്ങള്‍ അടങ്ങിയിട്ടുണ്ട്‌.
മേല്‍ പ്രസ്‌താവിച്ചതില്‍നിന്ന്‌ കോഴികളുടെ ആരോഗ്യത്തിലു ഉല്‍പ്പാദനത്തിലും പോഷകങ്ങള്‍ക്കുള്ള പ്രാധാന്യം മനസ്സിലാക്കാം. മിക്കവാറും ചെറിയ തോതിലുള്ള കമ്മി, രോഗകാരണമാകുന്നില്ലെങ്കിലും ആദായകരമായ കോഴിവളര്‍ത്തലിന്‌ ഇത്‌ ദോഷകരമാണ്‌. അതുകൊണ്ട്‌ കോഴികള്‍ക്ക്‌ അവയുടെ വര്‍ഗവും പ്രായവും കണക്കിലെടുത്ത്‌ വേണ്ടതായ സമീകൃതാഹാരം തെരഞ്ഞെടുക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

തീറ്റമിശ്രിതമുണ്ടാക്കല്‍

നമ്മുടെ രാജ്യത്തെ മിശ്രിതതീറ്റ വ്യവസായത്തിന്‌ ഏകദേശം 30 വര്‍ഷത്തെ കാലപ്പഴക്കമേ ഉള്ളൂ. വിവിധതരം തീറ്റസാധനങ്ങള്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ അളവും ഘടനയുമറിഞ്ഞാല്‍ മാത്രമേ അവ ഉപയോഗിച്ച്‌ സമീകൃതാഹാരം ക്രമപ്പെടുത്തുവാന്‍ സാധിക്കുകയുള്ളൂ. ഒരു തീറ്റ വസ്‌തുവിലും ശരീരത്തിനുവേണ്ട പോഷകങ്ങള്‍ മുഴുവനും വേണ്ടത്ര തോതില്‍ ഇല്ലാത്തതിനാല്‍ പല തീറ്റസാധനങ്ങളും കൂട്ടികലര്‍ത്തി സമീകൃതാഹാരം നിര്‍മ്മിക്കുന്നു. തീറ്റസാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ അളവിലും ഘടനയിലും വ്യത്യാസമുണ്ട്‌. തീറ്റകളെ മാംസ്യത്തിനുവേണ്ടിയുള്ളവ, ഊര്‍ജ്ജത്തിനുവേണ്ടിയുള്ളവ, ധാതുക്കള്‍, ജീവകങ്ങള്‍ എന്നിവ പ്രദാനം ചെയ്യുന്നവ എന്നിങ്ങനെ തരംതിരിക്കാം. സസ്യങ്ങളില്‍നിന്ന്‌ കിട്ടുന്നതില്‍ കടലപ്പിണ്ണാക്കിലാണ്‌ ഏറ്റവും കൂടുതല്‍ മാംസ്യം അടങ്ങിയിരിക്കുന്നത്‌. എള്ളിന്‍പിണ്ണാക്കിലെ മാംസ്യം ഗുണത്തില്‍ മെച്ചമാണ്‌. തീറ്റമിശ്രിതമുണ്ടാക്കുമ്പോള്‍ ചെറിയ തോതില്‍ ജന്തുമാംസ്യങ്ങള്‍ അടങ്ങിയ തീറ്റവസ്‌തുക്കള്‍ ചേര്‍ക്കുന്നു.
ഊര്‍ജ്ജത്തിനുവേണ്ടി ധാന്യങ്ങളും കൊഴുപ്പും ഉപയോഗിക്കുന്നു. കോഴിത്തീറ്റയിലെ പ്രധാന ഘടകം ധാന്യങ്ങളും അവയുടെ ഉപോല്‍പ്പന്നങ്ങളുമാകുന്നു. മഞ്ഞച്ചോളം, അരി, ഗോതമ്പ്‌ ഇവയുടെ തവിട്‌ എന്നിവ ധാരാളമായി കോഴിത്തീറ്റയില്‍ ഉള്‍പ്പെടുത്താം. മനുഷ്യാഹാരത്തിന്‌ ഉതകാത്തതും അതേസമയം പൂപ്പല്‍ കയറാത്തതുമായ അരി, ഗോതമ്പ്‌ എന്നിവയും കോഴിത്തീറ്റയില്‍ ചേര്‍ക്കാവുന്നതാണ്‌. അസംസ്‌കൃതനാര്‌ ഉപയോഗിക്കുവാനുള്ള കഴിവ്‌ കോഴികള്‍ക്കില്ലാത്തതിനാല്‍ ഉമിയില്ലാത്ത തവിട്‌ തെരഞ്ഞെടുക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തൊണ്ടുകളഞ്ഞുണക്കിയ ഉണക്കക്കപ്പയും ഊര്‍ജ്ജത്തിനായി തീറ്റയില്‍ ചേര്‍ക്കാം. തീറ്റമിശ്രിതത്തില്‍ ഇത്‌ 25 ശതമാനത്തില്‍ അധികം കലര്‍ത്തിയാല്‍ വളര്‍ച്ച മുരടിക്കും.
മൃഗക്കൊഴുപ്പ്‌, സസ്യഎണ്ണകള്‍ എന്നിവ ഊര്‍ജ്ജത്തിനായി തീറ്റയില്‍ ചേര്‍ക്കാം. ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്ന കോഴികളുടെ തീറ്റയിലാണ്‌ കൊഴുപ്പ്‌ ഉപയോഗിച്ചു കാണുന്നത്‌. 1-8% വരെ കൊഴുപ്പ്‌ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, കൊഴുപ്പ്‌ ചേര്‍ത്ത തീറ്റ വേഗത്തില്‍ കേടുവരുന്നു. സാധാരണയായി ഉപയോഗിക്കുന്ന തീറ്റവസ്‌തുക്കളില്‍ അതായത്‌ പിണ്ണാക്കുകള്‍, ഉണക്കമല്‍സ്യം എന്നിവയില്‍ ആവശ്യമുള്ളത്ര കൊഴുപ്പ്‌ ഉണ്ട്‌.
ധാതുക്കള്‍ക്കായി ധാതുമിശ്രിതങ്ങള്‍, കക്ക, ചുണ്ണാമ്പുകല്ല്‌ എന്നിവ ഉപയോഗിക്കാം. കോഴിക്കായി പ്രത്യേകം തയാറാക്കിയിട്ടുള്ള ധാതുമിശ്രിതങ്ങള്‍ വാങ്ങുന്നതില്‍ ശ്രദ്ധിക്കണം. കോഴികളുടെ വളര്‍ച്ചയ്‌ക്കും ഉല്‍പ്പാദനത്തിനുംവേണ്ട പ്രത്യേക ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്‌ ഇവയുടെ ധാതുമിശ്രിതങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌.
ജീവകങ്ങള്‍ക്കായി മിശ്രിതതീറ്റയില്‍ മിക്കപ്പോഴും ജീവകം എ, ബി2, ഡി3 എന്നിവയുടെ മിശ്രിതം ആണ്‌ ഉപയോഗിക്കുന്നത്‌. ഈ ജീവകങ്ങളുടെ കമ്മിയാണ്‌ സാധാരണയായി അനുഭവപ്പെടാറ്‌. മറ്റു ജീവകങ്ങള്‍ കോഴികള്‍ക്ക്‌ കൊടുക്കുന്ന തവിട്‌, ഉണക്കമല്‍സ്യം, പച്ചപ്പുല്ല്‌, പച്ചില എന്നിവയില്‍നിന്ന്‌ കിട്ടുന്നു.
ഇവയ്‌ക്കെല്ലാം പുറമേ ചില പ്രത്യേകതരം മരുന്നുകളും ആന്റിബയോട്ടിക്കുകളും മറ്റും തീറ്റമിശ്രിതങ്ങളില്‍ ചേര്‍ത്തുവരുന്നു. കോഴികളില്‍ കാണുന്ന രക്താതിസാരം എന്ന രോഗം ചെറുക്കുന്നതിനായി സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ കോക്‌സീഡിയോസ്റ്റാറ്റ്‌ കലര്‍ത്തുന്നു. വളര്‍ച്ചയെ സഹായിക്കുന്നതിനും രോഗപ്രതിരോധത്തിനുമായി ചിലതീറ്റകളില്‍ ആന്റിബയോട്ടിക്കുകള്‍, ആര്‍സെനിക്കല്‍സ്‌ എന്നിവയും ചേര്‍ക്കുന്നു. കൂടാതെ തീറ്റ കേടുവരാതിരിക്കുന്നതിന്‌ ആന്റി ഓക്‌സിഡന്റ്‌, കുമിള്‍നാശിനികള്‍ എന്നിവയും തീറ്റയില്‍ ഉപയോഗിക്കാറുണ്ട്‌.
നമ്മുടെ രാജ്യത്തെ BIS (ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്റ്റാന്‍ഡാന്‍ഡ്‌സ്‌) ന്റെ കണക്കനുസരിച്ചാണ്‌ ഈ തീറ്റമിശ്രിതം നിര്‍മ്മിക്കുന്നത്‌. ചെറിയ കുഞ്ഞുങ്ങളുടെ തീറ്റയില്‍ ചുരുങ്ങിയത്‌ 20 ശതമാനവും വളരുന്ന കോഴികളുടെ തീറ്റയില്‍ 16 ശതമാനവും മുട്ടയിടുന്ന കോഴികളുടെ തീറ്റയില്‍ 18 ശതമാനവും മാംസ്യം അടങ്ങിയിരിക്കണം. ഊര്‍ജ്ജം, ധാതുക്കള്‍, ജീവകങ്ങള്‍ എന്നിവയും എത്ര വീതം ഓരോ തീറ്റയിലും ഉണ്ടായിരിക്കണമെന്നും BIS രേഖപ്പെടുത്തിയിട്ടുണ്ട്‌.
കേരളത്തില്‍ ലഭ്യമാകുന്ന തീറ്റസാധനങ്ങള്‍ ഉപയോഗിച്ച്‌ താഴെ പറയുന്ന രീതിയിലും അനുപാതത്തിലും മുട്ടയിടുന്ന കോഴികള്‍ക്കായി തീറ്റ ഉണ്ടാക്കാം.
താഴെ കൊടുത്തിരിക്കുന്ന 100 കി.ഗ്രാം തീറ്റയില്‍ 25 ഗ്രാം വിറ്റാമിന്‍ മിശ്രിതം (ജീവകങ്ങള്‍ എ, ബി, ഡി3 എന്നിവ അടങ്ങിയ മിശ്രിതം) ചേര്‍ക്കണം. ഉല്‍പ്പാദനക്ഷമതയുടെയും ലാഭത്തിന്റെയും കോണുകളിലൂടെ നോക്കിയാല്‍ കൂടുതല്‍ കോഴികളെ വളര്‍ത്തുന്നവര്‍ തീറ്റ സ്വയം ഉണ്ടാക്കുന്നതായിരിക്കും ഉത്തമം.

തീറ്റമിശ്രിതം ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. കലര്‍പ്പിലാത്ത, പൂപ്പലില്ലാത്ത നല്ല തീറ്റ സാധനങ്ങള്‍ തെരഞ്ഞെടുക്കുക.
2. ഓരോ തരം കോഴിക്കും വേണ്ടതായ തീറ്റുയുടെ ചേരുവകള്‍ പ്രത്യേകം തയാറാക്കുക.
3. തീറ്റസാധനങ്ങള്‍ വേണ്ടതുപോലെ പൊടിച്ചു കലര്‍ത്തുക
4. ധാതുമിശ്രിതങ്ങള്‍, ജീവകങ്ങള്‍, മരുന്നുകള്‍ എന്നിവ വേണ്ട തോതില്‍ എടുത്ത്‌ തവിട്‌ തുടങ്ങിയ തീറ്റസാധനങ്ങളില്‍ നല്ലതുപോലെ കലര്‍ത്തിയതിനുശേഷം വേണം മറ്റു തീറ്റസാധനങ്ങളും കൂടി കലര്‍ത്തുവാന്‍.
5. വേണ്ടപോലെ പരുവപ്പെടുത്തിയ തീറ്റ പ്രത്യേകം ചാക്കുകളിലാക്കി, പേരെഴുതി ഈര്‍പ്പം തട്ടാത്തതും എലി, അണ്ണാന്‍ എന്നിവയുടെ ഉപദ്രവം ഇല്ലാത്തതും വൃത്തിയുള്ളതുമായ സ്ഥലത്ത്‌ സൂക്ഷിക്കണം.
6. അധികം നാള്‍ തീറ്റസാധനം സൂക്ഷിച്ചാല്‍ അവയിലെ ജീവകങ്ങള്‍ നഷ്‌ടപ്പെടുന്നതുകൊണ്ട്‌ പല പ്രാവശ്യമായി തീറ്റയുണ്ടാക്കുന്നത്‌ ഉത്തമം.
തീറ്റയുടെ അളവ്‌
കോഴിക്ക്‌ സാധാരണയായി ഇഷ്‌ടംപോലെ തീറ്റകൊടുക്കുന്നു. അതില്‍നിന്ന്‌ അവ ആവശ്യത്തിനുള്ളത്‌ മാത്രം കഴിക്കുന്നു. കോഴികള്‍ ഊര്‍ജ്ജത്തിനുവേണ്ടി തിന്നുന്നു എന്നാണ്‌ പറയുന്നത്‌. അതായത്‌ അവ ക്ലിപ്‌ത അളവ്‌ ഊര്‍ജ്ജം ലഭിക്കുന്നതിനുവേണ്ടി തിന്നുന്നു. ഊര്‍ജ്ജം അധികമുള്ള തീറ്റയാണെങ്കില്‍ അവ താരതമ്യേന കുറച്ചു മാത്രമേ തിന്നൂ. ഊര്‍ജ്ജം കുറവാണെങ്കില്‍ വേണ്ട തീറ്റുടെ അളവ്‌ ക്രമപ്പെടുത്തുവാന്‍ അവയ്‌ക്ക്‌ കുറച്ചെല്ലാം സാധിക്കുന്നു. ഈ കഴിവ, ചെറിയ കോഴികളിലും മുട്ടയിടുന്ന കോഴികളില്‍ 40 ആഴ്‌ച പ്രായംവരെയും ആണ്‌ കൂടുതലായി കാണുന്നത്‌. ഈ പ്രായത്തിനുശേഷം മിക്ക കോഴികളും ശരീരത്തില്‍ കൊഴുപ്പ്‌ ശേഖരിക്കുവാന്‍ തുടങ്ങുന്നു. അതായത്‌ അവ ആവശ്യത്തിലധികം തിന്നുന്നു എന്നര്‍ത്ഥം. ഇറച്ചിക്കോഴികളില്‍ പ്രത്യേകിച്ച്‌ അധിക ഭക്ഷണം ഒരു സ്വഭാവമായി കാണാം. ഒരു തീറ്റയില്‍നിന്നും മറ്റൊരു തീറ്റയിലേക്ക്‌ പെട്ടെന്നുള്ള മാറ്റം കോഴികളുടെ ഉല്‍പ്പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നു എന്നതുകൊണ്ട്‌ ഈ മാറ്റം ക്രമേണ ആയിരിക്കണം.
കാലാവസ്ഥയിലെ മാറ്റങ്ങള്‍ തീറ്റയുടെ അളവിനെ ബാധിക്കുന്നുണ്ട്‌. ചൂടുകാലത്ത്‌ കോഴികള്‍ കുറച്ചു മാത്രമേ തീറ്റ തിന്നുകയുള്ളൂ. വെള്ളം കൊടുക്കാതിരുന്നാല്‍ തീറ്റയുടെ അളവ്‌ കാര്യമായി കുറയും. ചൂടുകാലത്ത്‌ തണുത്ത വെള്ളം, മോര്‌ എന്നിവ കോഴികള്‍ക്ക്‌ കുടിക്കുവാന്‍ കൊടുക്കുന്നത്‌ നല്ലതാണ്‌. മുട്ടയിടുന്ന ഒരു കോഴി പ്രതിദിനം ഏകദേശം 100-110 ഗ്രാം തീറ്റ ഭക്ഷിക്കുന്നു. ചെറിയ കുഞ്ഞങ്ങള്‍ 8 ആഴ്‌ചവരെ ഏകദേശം 1.5 കിലോ ഗ്രാമും വളരുന്നവ 20 ആഴ്‌ചവരെ ഏതാണ്ട്‌ 6 കി.ഗ്രാമും തീറ്റ തിന്നുന്നു. മുട്ടയിടുന്ന ഒരു കോഴി ഒരു കൊല്ലം ഏകദേശം 36 കി.ഗ്രാം ആഹാരം കഴിക്കുന്നതായി കണ്ടിരിക്കുന്നു. മോശമായ തീറ്റയാണ്‌ തീറ്റയുടെ അളവ്‌ വര്‍ധിപ്പിക്കുന്നത്‌.

കോഴികള്‍ക്കുള്ള ദുശ്ശീലങ്ങളും പ്രതിവിധികളും

കോഴികളില്‍ സാധാരണയായി കണ്ടുവരാറുള്ള ദുശ്ശീലങ്ങള്‍ താഴെ പറയുന്നവയാണ്‌.

സ്വവര്‍ഗഭോജനവും തൂവല്‍ കൊത്തിവലിക്കലും

ഇത്‌ എല്ലാ വര്‍ഗത്തില്‍പ്പെട്ട കോഴികളിലും പല രീതിയിലും കണ്ടുവരുന്നു. ശരീരഭാരം കുറഞ്ഞ വൈറ്റ്‌ലഗോണ്‍പോലുള്ള കോഴികളിലാണ്‌ ഈ ദുശ്ശീലം കൂടുതല്‍ കാണുന്നത്‌. സ്വവര്‍ഗഭോജനം, തൂവല്‍ കൊത്തിവലിക്കല്‍ ഇവ രണ്ടും തന്നെ അസാസ്ഥ്യജനകവും ചിലപ്പോള്‍ മരണത്തിനുവരെ ഇടയാക്കുന്നതുമാണ്‌. ഈ രണ്ടു സ്വഭാവദൂഷ്യങ്ങളും പല കാരണങ്ങള്‍ക്കൊണ്ട്‌ ആകാമെങ്കിലും പരിപാലനത്തില്‍ വരാവുന്ന അപാകതകളായ തീറ്റ, വെള്ളം ഇവ ആവശ്യാനുസരണം ലഭിക്കുവാനുള്ള സൗകര്യക്കുറവ്‌, ശരിയായ പോഷകങ്ങളുടെയും ധാതുലവണങ്ങളുടെയും അഭാവം, തീറ്റയിലെ അമിതമായ ഊര്‍ജ്ജം, നിയന്ത്രിത ഭക്ഷണരീതി, കൂട്ടില്‍ മുട്ടപ്പെട്ടികളുടെ കുറവ്‌, ആവശ്യത്തിലേറെയുള്ളതോ രൂക്ഷമോ ആയ വെളിച്ചം എന്നിവയാണ്‌ പ്രധാന കാരണങ്ങള്‍.
സ്വവര്‍ഗഭോജനമെന്ന ദുശ്ശീലം പലവിധത്തില്‍ പ്രകടമാകുന്നു. എന്നിരുന്നാലും കോഴികളുടെ വിസര്‍ജ്ജനദ്വാരം, വയറിന്റെ അടിഭാഗം എന്നിവിടങ്ങളില്‍ കൊത്തി കുടല്‍മാല വലിച്ചെടുക്കുകയും തദ്വാരാ മരണത്തിനിരയാക്കുകയും ചെയ്യുന്ന അവസ്ഥയാണ്‌ കൂടുതലും കാണാറുള്ളത്‌. ഇതുപോലെതന്നെ അത്യുല്‍പ്പാദനശേഷിയുള്ള കോഴികളില്‍ അണ്ഡവാഹിനിയുടെ അഗ്രം ചില സന്ദര്‍ഭങ്ങളില്‍ പുറത്തേക്കു തള്ളിവരാറുണ്ട്‌. ഇതിന്റെ ചുവന്ന നിറവും രക്തത്തിന്റെ ഗന്ധവും മറ്റു കോഴികളെ ആകര്‍ഷിക്കുകയും അവ, അവിടം കൊത്തുകയും ചെയ്യുന്നു. ഒരിക്കല്‍ കൊത്ത്‌ തുടങ്ങിയാല്‍ ആ സ്വഭാവം മൂര്‍ച്ഛിച്ച്‌ കൊത്തുകൊള്ളുന്ന കോഴിയുടെ മരണത്തിന്‌ ഇടയാക്കുന്നു.
വാലിലും ചിറകിലും ഉള്ള തൂവലുകള്‍ കൊത്തിവലിക്കുക, തല, പുറം എന്നിവിടങ്ങളില്‍ കൊത്തി മുറിവുകള്‍ ഉണ്ടാക്കുക എന്നീ ദുഃസ്വഭാവങ്ങളും മുതിര്‍ന്ന കോഴികളില്‍ കാണാറുണ്ട്‌. പാദങ്ങളില്‍ കൊത്തി മുറിവേല്‍പ്പിക്കുന്ന ദുഃസ്വഭാവം ചെറിയ കോഴിക്കുഞ്ഞുങ്ങളിലാണ്‌ (2 ആഴ്‌ചപ്രായം) സാധാരണ കാണാറുള്ളത്‌.

കോഴികളുടെ കൊക്കു മുറിക്കല്‍ (ഡീബിക്കിങ്‌)

ഈ സ്വഭാവദൂഷ്യങ്ങള്‍ നിയന്ത്രിക്കാന്‍ വളരെയധികം സഹായിക്കുന്നു. സാധാരണയായി കോഴിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിയ ദിവസംതന്നെ കൊക്കു മുറിക്കുകയാണ്‌ പതിവ്‌. മേല്‍ക്കൊക്കിന്റെ നീളത്തിന്റെ മൂന്നിലൊരു ഭാഗവും കീഴ്‌കൊക്കിന്റെ അഗ്രവും ചുട്ടുപഴുത്ത കത്തി ഉപയോഗിച്ച്‌ മുറിക്കുന്നതാണ്‌ സാധാരണ അനുവര്‍ത്തിക്കുന്ന മാര്‍ഗം. ഇതിനായി ഉപയോഗിക്കുന്ന ഉപകരണം ഡീബിക്കര്‍ എന്നറിയപ്പെടുന്നു. ഇതു വിദ്യുച്ഛക്തിയില്‍ പ്രര്‍ത്തിക്കുന്ന ഉപകരണമാണ്‌. ഈ ഉപകരണം ഉപയോഗിക്കുമ്പോള്‍ കൊക്കു മുറിക്കപ്പെടുന്നു എന്നു മാത്രമല്ല മുറിവായ്‌ ചൂടുകൊണ്ട്‌ പൊള്ളിക്കുകയും ചെയ്യുന്നു. ഇത്‌ രക്തസ്രാവം ഇല്ലാതിരിക്കാനും കൊക്കു വീണ്ടും പെട്ടെന്നു വളരാതിരിക്കാനും സഹായിക്കുന്നു. കൊക്കു മുറിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമാണ്‌ കീഴ്‌കൊക്ക്‌ മേല്‍ക്കൊക്കിനേക്കാള്‍ നീളം കൂടിയതായിരിക്കണം എന്നത്‌. ഇത്തരത്തിലല്ലെങ്കില്‍ കോഴികള്‍ക്ക്‌ തീറ്റ കൊത്തിയെടുക്കാന്‍ സാധിക്കാതെ വരും. അതുപോലെതന്നെ കൊക്കു മുറിക്കുമ്പോള്‍ കോഴിയുടെ നാക്ക്‌ മുറിയാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
സാധാരണയായി വിരിഞ്ഞ ഉടനേ കോഴിക്കുഞ്ഞുങ്ങളുടെ കൊക്കു മുറിച്ചാല്‍ അവ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ വളരാറില്ല. ചില സന്ദര്‍ഭങ്ങളില്‍ കോഴികളെ മുട്ടയിടാനുള്ള കോഴിക്കൂടുകളിലേക്ക്‌ മാറ്റുന്ന അവസരങ്ങളില്‍ വീണ്ടും ഒരിക്കല്‍ക്കൂടി കൊക്കു മുറിക്കേണ്ടി വന്നേക്കാം.

മുട്ട കൊത്തിക്കുടിക്കല്‍

കോഴികളില്‍ കണ്ടുവരാറുള്ളതും കനത്ത സാമ്പത്തികനഷ്‌ടമുണ്ടാക്കുന്നതുമായ മറ്റൊരു സ്വഭാവദൂഷ്യമാണ്‌ മുട്ട കൊത്തിക്കുടിക്കുക എന്നത്‌. ഒരു പറ്റത്തില്‍ ഒരു കോഴിക്ക്‌ ഈ ദുശ്ശീലമുണ്ടായാല്‍ അതുകണ്ടു മറ്റു കോഴികളും പഠിക്കാനിടയുണ്ട്‌. മുട്ടപ്പെട്ടികളുടെ അഭാവം, ഇടയ്‌ക്കിടെ കൂട്ടില്‍നിന്നു മുട്ടശേഖരിക്കാതിരിക്കുക, മുട്ടക്കൂടുകളില്‍ വിരി (ലിറ്റര്‍) ഇടാതിരിക്കുക എന്നിവയാണ്‌ ഈ ദുശ്ശീലത്തിനുള്ള കാരണങ്ങള്‍.
താഴെ കൊടുത്തിട്ടുള്ള മാര്‍ഗങ്ങളവലംബിച്ച്‌ പരിപാലനക്രമങ്ങള്‍ നിത്യവും ശ്രദ്ധിക്കുകയാണെങ്കില്‍ കോഴികളിലെ ദുശ്ശീലങ്ങളും തല്‍ഫലമായുണ്ടാകുന്ന സാമ്പത്തികനഷ്‌ടവും ഒഴിവാക്കാവുന്നതാണ്‌.
1. കോഴികള്‍ക്ക്‌ പ്രായാനുസൃതമായി ആവശ്യമായ തീറ്റപ്പാത്രങ്ങള്‍, വെള്ളപ്പാത്രങ്ങള്‍, കൂട്ടിനുള്ളിലെ സ്ഥലം എന്നിവ ലഭ്യമാക്കാന്‍ ശ്രദ്ധിക്കുക.
2. വെള്ളവും തീറ്റയും കോഴികള്‍ക്ക്‌ ലഭിക്കാനുള്ള സൗകര്യങ്ങള്‍ കൂടിന്റെ പല ഭാഗങ്ങളിലായി സ്ഥാപിക്കുക (ഒരു കാരണവശാലും ഒരു കോഴി തീറ്റയ്‌ക്കോ വെള്ളത്തിനോ ആയി 800 സെ.മീ. (10 അടി)യില്‍ കൂടുതല്‍ നടക്കേണ്ടി വരരുത്‌).
3. കോഴിക്കൂട്ടിലെ പ്രകാശത്തിന്റെ ശക്തി എല്ലാ സ്ഥലങ്ങളിലും ഒരേ രീതിയിലും ആവശ്യാനുസൃതമായ അളവിലും ലഭ്യമാക്കുക.
4. പല പ്രായത്തിലുള്ള കോഴികളെ ഒന്നിച്ചു വളര്‍ത്താതിരിക്കുക.
5. അഞ്ചു കോഴികള്‍ക്ക്‌ ഒന്ന്‌ എന്ന അനുപാതത്തില്‍ കോഴിക്കൂട്ടില്‍ മുട്ടപ്പെട്ടി സജ്ജീകരിക്കുക.
6. മുട്ടപ്പെട്ടികള്‍ വൃത്തിയായി സൂക്ഷിക്കുകയും അവയ്‌ക്കുള്ളില്‍ ആവശ്യമായ ലിറ്റര്‍ വിരിക്കുകയും ചെയ്യാന്‍ ശ്രദ്ധിക്കുക.
7. കൂടുകളില്‍നിന്ന്‌ ഇടയ്‌ക്കിടെ മുട്ട പെറുക്കുക (കുറഞ്ഞത്‌ ദിവസത്തില്‍ 4 പ്രാവശ്യമെങ്കിലും.)
8. കോഴികള്‍ക്ക്‌ സമീകൃതാഹാരം കൊടുക്കുക
9. കോഴികള്‍ക്ക്‌ കൊക്കു മുറിക്കല്‍ പതിവാക്കുക. ഇത്‌ ആവതും വിരിഞ്ഞ ഇടനേതന്നെ ചെയ്യുക.

കോഴിമുട്ടയിലെ പോഷകമൂല്യങ്ങള്‍

ഒരു സാധാരണ കോഴിമുട്ടയ്‌ക്ക്‌ ശരാശരി 50 മുതല്‍ 55ഗ്രാംവരെ തൂക്കം ഉണ്ടായിരിക്കും. ഇതിന്റെ 12% മുട്ടത്തോടും 30% മഞ്ഞക്കരുവും 58% വെള്ളക്കരുവുമായിരിക്കും. 55 ഗ്രാം തൂക്കമുള്ള ഒരു മുട്ടയില്‍ ആഹാരയോഗ്യമായ ഭാഗം 50 ഗ്രാം ആണ്‌. കോഴി മുട്ടയുടെ മഞ്ഞക്കരു (Yolk)വില്‍ ആണ്‌ അതിന്റെ കൊഴുപ്പുകളു ജീവകങ്ങളും ധാതുക്കളും പ്രധാനമായതും അടങ്ങിയിരിക്കുന്നത്‌. എന്നാല്‍ വെള്ളക്കരു (Albumin)വില്‍ പ്രധാനമായും മാംസ്യം മാത്രമാണ്‌ അടങ്ങിയിട്ടുള്ളത്‌. മുട്ടത്തോടില്‍ ഖനിജാംശങ്ങള്‍ വളരെയധികം അടങ്ങിയിരിക്കുന്നു.
ഒരു മുഴുവന്‍ കോഴിമുട്ടയില്‍ 12.1% മാംസ്യവും 10.5% കൊഴുപ്പും 10.9% ഖനിജാംശങ്ങളും 0.9% കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. മുട്ടത്തോട്‌ മാറ്റുന്നതോടുകൂടി മിക്കവാറും ഖനിജാംശങ്ങള്‍ നഷ്‌ടപ്പെടുന്നു. ആഹാരയോഗ്യമായ ഭാഗത്തില്‍ 0.8% മാത്രമായേ ഖനിജാംശങ്ങള്‍ അടങ്ങിയിട്ടുള്ളൂ. 100 ഗ്രാം ആഹാരയോഗ്യമായ ഭാഗം കഴിക്കുകയാണെങ്കില്‍ ഒരു വ്യക്തിക്ക്‌ ഒരു ദിവസത്തേക്ക്‌ ആവശ്യമെന്ന്‌ കണക്കാക്കപ്പെട്ടിരിക്കുന്ന മാംസ്യത്തിന്റെ 25 ശതമാനവും മിക്കവാറും എല്ലാ അമൈനോ അമ്ലങ്ങളും 88% ജീവകം എ-യും 70% ഫോളിക്‌ ആസിഡും ലഭിക്കുന്നതാണ്‌. ഇതിനെല്ലാം പുറമേ കോഴിമുട്ടയിലെ മാംസ്യം വളരെ എളുപ്പത്തില്‍ ദഹിച്ച്‌ ആഗിരണം ചെയ്യപ്പെടുന്നു. മുട്ടയിലെ കൊഴുപ്പ്‌ ചെറിയ കണികകളുടെ രൂപതതിലായതുകൊണ്ട്‌ വളരെ എളുപ്പത്തില്‍ ദഹിക്കുന്നു.
നമ്മുടെ ആഹാരത്തില്‍ ശരീരത്തിന്‌ അത്യന്താപേക്ഷിതങ്ങളായ ചില ഫാറ്റി അമ്ലങ്ങള്‍ വേണമെന്ന്‌ ശാസ്‌ത്രജ്ഞന്മാര്‍ കണ്ടുപിടിച്ചിരിക്കുന്നു. ഈ ഫാറ്റി അമ്ലങ്ങള്‍ അത്യാവശ്യ ഫാറ്റി അമ്ലങ്ങള്‍ എന്നാണ്‌ അറിയപ്പെടുന്നത്‌. രണ്ടു വലിയ മുട്ടയില്‍ 1.5ഗ്രാം അത്യാവശ്യ ഫാറ്റി അമ്ലങ്ങള്‍ ഉണ്ട്‌.
ഒരു കോഴിമുട്ടയില്‍ ഏകദേശം 300 മി.ഗ്രാം കൊളസ്‌ട്രോള്‍ ഉണ്ട്‌. ഇത്‌ രക്തത്തിലെ കോളസ്‌ട്രോളിന്റെ അളവു ഗണ്യമായി കൂട്ടുന്നില്ലെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌.
ശരീരത്തിന്‌ ആവശ്യമായ എല്ലാ ഖനിജങ്ങളും മുട്ടയില്‍ അടങ്ങിയിരിക്കുന്നു-പ്രത്യേകിച്ചും ഫോസ്‌ഫറസ്‌, ഇരുമ്പ്‌, കാല്‍സിയം മുതലായവ. ഒരു മുട്ടയില്‍ 116 മി.ഗ്രാം ഫോസ്‌ഫറസ്‌ അടങ്ങിയിട്ടുണ്ട്‌. ഇതില്‍ 110 ഗ്രാമും മുട്ടയുടെ മഞ്ഞക്കുരുവിലാണ്‌. മുട്ടയില്‍ 2 മി.ഗ്രാം ഇരുമ്പ്‌ അടങ്ങിയിട്ടുണ്ട്‌. ഫോസ്‌ഫറസും ഇരുമ്പും ശരീരത്തിന്‌ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന തരത്തിലാണ്‌ മുട്ടയില്‍ സ്ഥിതിചെയ്യുന്നത്‌.
മുട്ടയുടെ മഞ്ഞക്കരു ജീവകം എ ലഭിക്കുവാനുള്ള നല്ല ഒരു മാര്‍ഗമാണ്‌. മുട്ടയില്‍ 200 മുതല്‍ 1000 ഐ.യു.വരെ അടങ്ങിയിരിക്കുന്നു. ജീവകം ബി 12, നിയാസിന്‍, പാന്റെറാത്തെനിക്‌ ആസിഡ്‌, ഇനാസിറ്റോള്‍, ഫോളിക്‌ ആസിഡ്‌, ജീവകം ഡി എന്നിവ മെച്ചപ്പെട്ട തോതില്‍ അടങ്ങിയിട്ടുണ്ട്‌. ജീവസം സി കോഴിമുട്ടയിലില്ല.
മുട്ട പാകം ചെയ്യുമ്പോള്‍ ഒരു പരിധിവരെ അതിലെ പോഷകങ്ങള്‍ നഷ്‌ടപ്പെട്ടു പോകുന്നു. എന്നാല്‍ പച്ചമുട്ട കഴിക്കുന്നത്‌ ശരീരത്തിനു നല്ലതല്ല. പാചകരീതികൊണ്ട്‌ ജീവകങ്ങളാണ്‌ അധികവും നഷ്‌ടപ്പെടുന്നത്‌. പോഷകമൂലകങ്ങള്‍ ഏറ്റവും കുറവ്‌ നഷ്‌ടപ്പെടുന്ന പാചകരീതി, ആവിയില്‍ പുഴുങ്ങുകയാണ്‌.

മുട്ടയും കൊളസ്‌ട്രോളും

മുട്ട തിന്നാന്‍ കൊളസ്‌ട്രോള്‍ കൂടുമെന്ന ധാരണ ഇന്ന്‌ ജനങ്ങളുടെ ഇടയിലുണ്ട്‌. എന്നാല്‍ രക്തത്തിലെ കൊളസ്‌ട്രോളും ആഹാരത്തിലെ കൊളസ്‌ട്രോളും തമ്മില്‍ ബന്ധമില്ലെന്ന്‌ ഇതുവരെയുള്ള പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. മുട്ടയിലെ കൊളസ്‌ട്രോളിനെ പേടിച്ച്‌ മുട്ട കഴിക്കാതിരിക്കുന്നത്‌ പോഷകാഹാരം ഒഴിവാക്കുന്നതിന്‌ തുല്യമാണ്‌.
സസ്യാഹാരികളെല്ലാം കൊളസ്‌ട്രോള്‍രഹിതമാണ്‌. എന്നാല്‍ പാലു പോലും ഉപയോഗിക്കാത്ത സസ്യഭുക്കുകളുടെ രക്തത്തിലെ കൊളസ്‌ട്രോളും ഉയര്‍ന്നതായിരിക്കും. ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക്‌ കൊളസ്‌ട്രോള്‍ അനിവാര്യമാണുതാനും. അതുകൊണ്ടുതന്നെ ദിനംപ്രതി മൂവായിരം മി.ഗ്രാം കൊളസ്‌ട്രോള്‍ നമ്മുടെ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്‌. എന്നാല്‍ നമുക്കാവശ്യമായത്‌ ഏകദേശം 1200 മി.ഗ്രാം മാത്രമാണ്‌. ശരീരത്തിലെ ഹോര്‍മോണുകള്‍, ജീവകം D3, നാഡികള്‍ എന്നിവയുടെ അടിസ്ഥാനഘടകമാണ്‌ കൊളസ്‌ട്രോള്‍. മനുഷ്യനില്‍ കൊളസ്‌ട്രോളിന്റെ ഉല്‍പ്പാദനം നിയന്ത്രിക്കുന്നത്‌ ഭക്ഷ്യാഹാരം വഴിയുള്ള കൊളസ്‌ട്രോളിന്റെയും യഥാര്‍ത്ഥ കൊളസ്‌ട്രോളിന്റെ ആവ്യകതയുടെയും അടിസ്ഥാനത്തിലാണ്‌.
മുട്ടയിലെ കൊഴപ്പമ്ലങ്ങള്‍ ശരീരത്തില്‍വെച്ച്‌ പ്രോസ്സാഗ്ലാന്റിന്‍ എന്ന പദാര്‍ത്ഥമായി മാറുന്നു. ഇത്‌ ശരീരത്തിലെ രക്തസമ്മര്‍ദ്ദ നിയന്ത്രണം, മാംസപേശികളുടെ ചലനം, ഗര്‍ഭധാരണം, പ്രസവം തുടങ്ങിയ ശാരീരപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു. മുട്ടയില്‍ നല്ലൊരു ശതമാനം അപൂരിത കൊഴുപ്പമ്ലങ്ങളാണുള്ളത്‌. ഇത്‌ ഒരിക്കലും രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ വര്‍ധിപ്പിക്കുന്നില്ല. കൊളസ്‌ട്രോള്‍ വളരെ കൂടുതലുള്ള വ്യക്തിയില്‍ ശരീരത്തിന്റെ കൊളസ്‌ട്രോള്‍ വളരെ കൂടുതലുള്ള വ്യക്തിയില്‍ ശരീരത്തിന്റെ കൊളസ്‌ട്രോള്‍ ഉല്‍പ്പാദനവും, വിസര്‍ജ്ജനവും നിയന്ത്രിക്കുന്നതിന്‌ തടസ്സം നേരിടുന്നു. ഇതുകൊണ്ടാണ്‌ ചിലയാളുകളില്‍ കൊളസ്‌ട്രോള്‍ കൂടിയിരിക്കുന്നത്‌. മലബന്ധവും ശരിയായ ദഹനമില്ലായ്‌മയുമാണ്‌ ഉയര്‍ന്ന കൊളസ്‌ട്രോളിന്‌ കാരണമായി കണ്ടെത്തിയിരിക്കുന്നത്‌. പാരമ്പര്യത്തിനും കൊളസ്‌ട്രോള്‍ കൂടുന്നതില്‍ പങ്കുണ്ട്‌. ചിലയാളുകള്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ള ആഹാരങ്ങള്‍ (മാംസവും മാംസക്കൊഴുപ്പും) എത്രതന്നെ കഴിച്ചാലും അവരുടെ രക്തത്തിലെ കൊളസ്‌ട്രോള്‍ വര്‍ധിക്കുന്നില്ലെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. യൂറോപ്യന്‍ രാജ്യങ്ങള്‍, ജപ്പാന്‍, എക്‌സിമോ തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ ഒരു വര്‍ഷം മുന്നൂറിലധികം മുട്ട കഴിക്കുന്നവരാണ്‌. എന്നാല്‍ അവരുടെ രക്തത്തിലെ കൊളസ്‌ട്രോള്‍ വര്‍ധിക്കാറില്ല. ഇന്ത്യയില്‍ സസ്യാഹാരഭോജികളില്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ കാണുകയും ചെയ്യുന്നു.

ഒരു ദിവസം എത്ര മുട്ടകള്‍ കഴിക്കാം

ഒരു രാഷ്‌ട്രവും ആരോഗ്യസംഘടനകളും അധികാരികളും മുട്ട കഴിക്കുന്നതില്‍ തടസ്സം ഉണ്ടാക്കുകയോ, ഇത്ര മുട്ട (എണ്ണം) മാത്രമേ ഉപയോഗിക്കവൂ എന്ന്‌ നിജപ്പെടുത്തുകയോ ചെയ്‌തിട്ടില്ല. അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്‍ മാത്രം, നാഷണല്‍ കൊളസ്‌ട്രോള്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമുമായും അമേരിക്കന്‍ ഡയബെറ്റിക്‌ അസോസിയേഷനുമായും ബന്ധപ്പെട്ട്‌ ചര്‍ച്ച നടത്തിയതിന്റെ ഫലമായി കൂടുതല്‍ സുരക്ഷയെന്നോണം, ഹൃദ്രോഗസാധ്യത കൂടുതലുള്ളവര്‍ക്ക്‌, ആഴ്‌ചയില്‍ മഞ്ഞക്കരുവിന്റെ ഉപയോഗം നാലെണ്ണം വരെ ആകാമെന്ന്‌ ഉപദേശം നല്‍കിയിട്ടുണ്ട്‌. എന്നാല്‍ വെള്ളക്കരുവിന്റെ ഉപയോഗത്തില്‍ ഒരു നിബന്ധനയും നല്‍കിയിട്ടില്ല.
നല്ല കൊളസ്‌ട്രോള്‍ (HDLC) 60 മി.ഗ്രാമില്‍ കൂടുതല്‍ (60 mg/dl/HDL-C ) ഉള്ള വ്യക്കികള്‍ കൂടുതല്‍ എണ്ണം മുട്ട, കുറേക്കാലം കഴിക്കുന്നതില്‍ അപാകതയില്ല. `കെം' (KEM) എന്ന ശാസ്‌ത്രജ്ഞന്‍ 1991-ല്‍ ന്യൂ ഇംഗ്ലണ്ട്‌ മെഡിസിന്‍ ജേര്‍ണലില്‍ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്‌: `നിത്യവും 25 മുട്ട ഉപയോഗിക്കുന്ന കുറച്ചുപേരുടെ രക്തകൊളസ്‌ട്രോളിന്റെ അളവ്‌ സാധാരണ നിലയില്‍തന്നെ കണ്ടു'. ലോകാരോഗ്യ സംഘടന (WHO)യും മറ്റു നിരവധി ആരോഗ്യവകുപ്പുകളും ചുരുങ്ങിയത്‌ അര മുട്ട ഒരാള്‍ക്ക്‌ ഒരു ദിവസം ഉപയോഗിക്കാമെന്ന്‌, ആരോഗ്യപരമായ ജീവിതത്തിന്‌, തിട്ടപ്പെടുത്തിയിട്ടുണ്ട്‌. ഈ യാഥാര്‍ത്ഥ്യങ്ങളുടെയെല്ലാം അടിസ്ഥാനത്തില്‍ ഒരാള്‍ക്ക്‌ ഒരു ദിവസം ഒരു മുട്ട വീതം ഉപയോഗിക്കാവുന്നതാണ്‌. അദ്ധ്വാനശീലരും കൂടുതല്‍ നല്ല രക്തകൊളസ്‌ട്രോലും (HDL-C) ഉള്ളവരും ആയ വ്യക്തികള്‍ നിത്യവും രണ്ടു മുട്ടവീതം ഉപയോഗിക്കുന്നതും ഉചിതം തന്നെ. 
അമേരിക്കയിലെ മൂന്നു സ്ഥലങ്ങളിലായി 2000 വ്യക്തികള്‍ ഓരോ ആഴ്‌ചയിലും വ്യത്യസ്‌ത എണ്ണത്തില്‍ മുട്ട ഉപയോഗിച്ച്‌ ലഭിച്ച ഫലമാണ്‌ മുകളില്‍ ചേര്‍ത്തിരിക്കുന്നത്‌. രക്തകൊളസ്‌ട്രോളിന്റെ അളവും ഉപയോഗിക്കുന്ന മുട്ടയുടെ എണ്ണവും തമ്മില്‍ അനുപാതം ഇല്ലെന്നാണ്‌ ഈ പഠനം തെളിയിച്ചിരിക്കുന്നത്‌. സാധാരണയായി ഒരു പ്രത്യേക ഘടകം മാത്രം ഉയര്‍ന്ന രക്തക്കൊഴുപ്പിന്‌ ഉത്തരവാദിയാകുന്നില്ല. വിവിധ ഭക്ഷ്യേതര ഭക്ഷ്യ ഘടകങ്ങളും തമ്മിലുള്ള സമ്മിശ്രിമാണ്‌ പലപ്പോഴും കാരണമാകാറുള്ളത്‌.

കോഴിരോഗങ്ങള്‍

മാരക്‌സ്‌ രോഗം (Mareks Disease)

ലക്ഷണങ്ങള്‍: കോഴിക്കുഞ്ഞുങ്ങളില്‍ രോഗം ബാധിച്ചവയുടെ നാഡികള്‍ തളരുന്നതു മൂലം ആരോഗ്യമില്ലാതെ ക്ഷീണിച്ച്‌ കാണപ്പെടുന്നു. വലിയവയില്‍ ഒരു കാല്‍ മുമ്പോട്ടും ഒരു കാല്‍ പിന്‍പോട്ടും വച്ചിരിക്കുക, തല ഒരു വശത്തേക്ക്‌ ചരിച്ച്‌ പിടിക്കുക, ചിറകുകള്‍ തൂങ്ങി ക്ഷീണിച്ച്‌ കാണപ്പെടുക.
കാരണം: വൈറസ്‌ മൂലം രോഗം ബാധിച്ചവയില്‍നിന്നും വായുവിലൂടെയും മറ്റ്‌ കോഴികള്‍ക്ക്‌ രോഗം പകരാവുന്നതാണ്‌.
പ്രതിരോധമാര്‍ഗ്ഗം: ഹാച്ചറിയില്‍നിന്നുതന്നെ വാക്‌സിന്‍ നല്‍കി വരുന്നു. കോഴിക്കുഞ്ഞുങ്ങളെ വാങ്ങുമ്പോള്‍ മാരക്‌സ്‌ വാക്‌സിന്‍ നല്‍കിയിട്ടുണ്ടോ എന്നുറപ്പുവരുത്തണം.

ലിംഫോയിഡ്‌ ലൂക്കോസിസ്‌ (Lymphoid Leukosis or Avian Leukosis)

ലക്ഷണങ്ങള്‍: മാരക്‌സ്‌ രോഗത്തിന്റെ വകഭേദമാണ്‌ ഈ രോഗം. Sarcoma എന്നും അറിയപ്പെടുന്നു. വയര്‍ വലുതാവുക, പെന്‍ഗ്വിന്‍പക്ഷിയെപ്പോലെ പ്രത്യേക രീതിയില്‍ കോഴികള്‍ ഇരിക്കുക, കാഷ്‌ഠം ലൂസായി പോകുന്നു. കാലുകള്‍ക്ക്‌ തളര്‍ച്ച, ആന്തരികാവയവ പരിശോധനയില്‍ കരള്‍, വൃക്ക, പ്ലീഹ മുതലായവയ്‌ക്ക്‌ ക്രമത്തിലധികം വലിപ്പവും മുഴകളും കാണുക.
കാരണം: ഇത്‌ ഒരുതരം വൈറസ്‌ബാധ മൂലമാണ്‌. വൈറസ്‌ബാധ മുട്ടയില്‍ക്കൂടിയും രോഗം ബാധിച്ച കോഴിയില്‍നിന്നും പകരുന്നു.
പ്രതിരോധം മാര്‍ഗ്ഗം: ഇതിന്‌ ഫലപ്രദമായ ചികില്‍സ ഇല്ല.

ലീച്ചി (Leechi) മഹോദരം

ലക്ഷണങ്ങള്‍: വൈറസ്‌ മൂലം വയറില്‍ വെള്ളം കെട്ടുക.
കാരണം: തീറ്റയില്‍ പൂപ്പല്‍, വിഷം, കൂടിയ തോതില്‍ ഉപ്പ്‌.
പ്രതിരോധമാര്‍ഗ്ഗം: സോഡാക്കാരം ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം കുറഞ്ഞ അളവില്‍ തീറ്റയില്‍ നല്‍കുക. (സാധാരണഗതിയില്‍ 50 കി.ഗ്രാം തീറ്റയില്‍ 25 ഗ്രാം മാത്രം.)

കോഴിവസന്ത

ലക്ഷണങ്ങള്‍: ന്യൂകാസില്‍ (New Castle), റാണിക്കെറ്റ്‌ (Rankhet) എന്നീ പേരുകളിലും അറിയപ്പെടുന്നു. റാണിക്കെറ്റ്‌ എന്ന സ്ഥലത്തു കണ്ടെത്തിയ ഈ രോഗം മരണത്തിന്റെ മാലാഖ (Angel of death) എന്നു വിശേഷിപ്പിക്കപ്പെടുന്നു. നൂറു ശതമാനവും മരണസാധ്യതയുണ്ട്‌. ചുണ്ണാമ്പുനിറത്തില്‍ വെള്ളംപോലുള്ള വയറിളക്കം. കഴുത്ത്‌ പിരിക്കുക, ശ്വസനത്തിനു തടസ്സം, കൂട്ടത്തില്‍നിന്ന്‌ അകന്നുമാറി തൂങ്ങിയിരിക്കുക, മൂക്കില്‍നിന്ന്‌ സ്രവം വരി, കൊക്ക്‌ പകുതി തുറന്ന്‌ ശ്വാസമെടുക്കക, തീറ്റക്കുറവ്‌.
കാരണം : വായുവിലൂടെയും കാഷ്‌ഠം, മൂക്കിലെ സ്രവം ഇവയിലൂടെയും പടര്‍ന്നുപിടിക്കും.
പ്രതിരോധമാര്‍ഗ്ഗം: 7-ാം ദിവസം ലെസോട്ടോ വാക്‌സിന്‍ നല്‍കുക. ആവശ്യമെങ്കില്‍ 21-ാം ദിവസം ആവര്‍ത്തിക്കുക.

ഇന്‍ഫക്ഷ്യസ്‌ ബര്‍സല്‍ (Infectious Bursal) or Gum baro

ലക്ഷണങ്ങള്‍: IBD എന്ന്‌ ചുരുക്കപ്പേര്‌. 5 മുതല്‍ 60% വരെ മരണപ്പെടാം. പച്ച നിറത്തില്‍ കാഷ്‌ഠിക്കുക, തൂങ്ങി നില്‍ക്കുക, ശരീരത്തിന്റെ രോഗപ്രതിരോധശേഷി തീര്‍ത്തും നഷ്‌ടപ്പെടുന്നതായി കണ്ടുവരുന്നു.
കാരണം: വൈറസ്‌ മൂലം തീറ്റയിലൂടെയും വെള്ളത്തിലൂടെയും പകരാം. പേരന്റ്‌ സ്റ്റോക്കിന്‌ നിര്‍ദ്ദിഷ്‌ട വാക്‌സിന്‍ നല്‍കിയിട്ടില്ലെങ്കില്‍ ആ മുട്ടയിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്കു രോഗം വരാവുന്നതാണ്‌.
പ്രതിരോധമാര്‍ഗ്ഗം: 14-നോ 16-നോ ഇടയ്‌ക്കുള്ള ദിവസം IBD വാക്‌സിന്‍ നല്‍കുക. 28-ാം ദിവസം ആവശ്യമെങ്കില്‍ ആവര്‍ത്തിക്കുക. ലിറ്റര്‍ മാറ്റി പാത്രങ്ങളും മറ്റും ഉടനടി വൃത്തിയാക്കുക.

ഇന്‍ഫക്ഷ്യസ്‌ കൊറൈസ (Infectious Coryza)

ലക്ഷണങ്ങള്‍: തണുപ്പുകാലത്ത്‌ അധികവും പ്രത്യക്ഷപ്പെടുന്നു. മൂക്കില്‍നിന്നും കണ്ണില്‍നിന്നും ഒരു സ്രവം വെള്ളംപോലെ ഒഴുകുന്നു. കണ്ണുകള്‍ ചുവന്നും ചിലപ്പോള്‍ പോളകള്‍ ഒട്ടിച്ചേര്‍ന്നും ഇരിക്കും. കൊക്ക്‌ പകുതി തുറന്ന്‌ ശ്വാസമെടുക്കുന്നത്‌ പ്രയാസത്തോടെ ആയിരിക്കും. മുഖം വീര്‍ക്കും. കാഷ്‌ഠത്തിന്‌ സാധാരണയല്ലാത്ത ദുര്‍ഗന്ധം.
കാരണം: ബാക്‌ടീരിയ മൂലം പടര്‍ന്നുപിടിക്കുവാന്‍ സാധ്യത, കൂട്‌ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ മറ്റ്‌ കോഴികള്‍ക്കും വരാവുന്നതാണ്‌.
പ്രതിരോധമാര്‍ഗ്ഗം: 25% വീര്യമുള്ള ബോറിക്‌ ആസിഡുകൊണ്ട്‌ കണ്ണുകള്‍ തുടയ്‌ക്കുക. Streptomycin, Sulphadimidine തുടങ്ങിയ മരുന്നുകള്‍ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം ഉപയോഗിക്കുക.

ഇന്‍ഫക്‌ഷ്യസ്‌ ബ്രോങ്കൈറ്റീസ്‌ (InfectiousBronchitis)

ലക്ഷണങ്ങള്‍: 40% വരെ മരണപ്പെടാറുണ്ട്‌. കോഴിക്കുഞ്ഞുങ്ങളില്‍ തുമ്മല്‍, ശ്വാസംമുട്ടല്‍, ചുമ, വായ്‌ തുറന്നു പിടിക്കുക, മൂക്കില്‍നിന്ന്‌ സ്രവം വരിക, വീക്കമുള്ള കണ്ണുകള്‍, ചെവിയോട്‌ ചേര്‍ന്നുപിടിച്ച്‌കുഞ്ഞുങ്ങളെ ശ്രദ്ധിച്ചാല്‍ പടപടമിടിപ്പ്‌ വ്യക്തമായി കേള്‍ക്കാം. വലിയവയില്‍-തുമ്മല്‍, ചീറ്റല്‍, മൂക്കില്‍നിന്ന്‌ സ്രവം വരിക. ഇന്‍ഫക്‌ഷ്യസ്‌ കൊറൈസ്‌ പോലെ മുഖത്ത്‌ വീക്കം ഉണ്ടാകുന്നില്ല.
കാരണം: വൈറസ്‌ മൂലം വായുവഴി പകരാം.
പ്രതിരോധമാര്‍ഗ്ഗം: കോഴികള്‍ക്ക്‌ ആവശ്യത്തിനു സ്ഥലം നല്‍കി തിങ്ങിക്കൂടല്‍ ഒഴിവാക്കുക. ആന്റിബയോട്ടിക്‌ ഔഷധപ്രയോഗം രോഗം ഒരു പരിധിവരെ തടയുന്നതാണ്‌.

പുല്ലോറം രോഗം (Pullorum Disease)

ലക്ഷണങ്ങള്‍: പുല്ലോറം രോഗം അഥവാ ബാസിലറി വൈറ്റ്‌ ഡയേറിയ അല്ലെങ്കില്‍ ഫൗള്‍ ടൈഫോയിഡ്‌ (Fowl Typhoid). ഏവിയന്‍ ലൂക്കോസിസ്‌ കോംപ്ലക്‌സ്‌ എന്നറിയപ്പെടുന്ന ഈ രോഗ ശ്യംഖലയെ രണ്ടായി തിരിച്ചിട്ടുണ്ട്‌. മാരക്‌സ്‌ രോഗവും ലൂക്കോസിസ്‌ രോഗവും ഇതിന്റെ വകഭേദമാണ്‌. തണുപ്പ്‌ കൂടുതല്‍ ഉള്ളതുപോലെ കൂട്ടംകൂടി നില്‍ക്കുക. വെള്ളനിറത്തിലോ, തവിട്ടുനിറത്തിലോ വയര്‍ ഇളകുക, മലദ്വാരത്തിനു ചുറ്റും തൂവലുകളില്‍ കാഷ്‌ഠം പറ്റിപ്പിടിക്കുക, കൂടുതല്‍ ദാഹിക്കുന്നതുപോലെ തോന്നുക, ശ്വാസമെടുക്കുവാന്‍ വിമ്മിട്ടപ്പെടുക, തീറ്റ തിന്നുന്നത്‌ കുറയുക.
കാരണം: സാള്‍മൊണല്ലാ പുള്ളോറം (Salmonella Pullorum) എന്ന ബാക്‌ടീരിയ മൂലം മുട്ടയില്‍ക്കൂടി പകരുന്നു. രോഗം ബാധിച്ച കുഞ്ഞുങ്ങളിലൂടെയും പകരും.
പ്രതിരോധമാര്‍ഗ്ഗം: സള്‍ഫാഡയസിന്‍, ക്ലോറംഫനിക്കോള്‍ ഇവയില്‍ ഒന്ന്‌ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം ഉപയോഗിക്കുക.

കോഴിവസൂരി (Fowl Pox or Aviae Pox)

ലക്ഷണങ്ങള്‍: പൂവ്‌, താട, തല എന്നീ ഭാഗങ്ങളില്‍ പൊങ്ങലുകള്‍ കാണും. കണ്‍പോളകളില്‍ പഴുപ്പ്‌, വായില്‍ പാടപോലെ സ്രവം കാണുന്നതിനാല്‍ ശ്വാസതടസ്സം ഉണ്ടാകും. കണ്ണിലും വായിലും പരുക്കള്‍ വന്നാല്‍ തീറ്റ തിന്നുവാന്‍ സാധിക്കില്ല.
കാരണം: വൈറസ്‌ മൂലം മുറിവുകളിലൂടെ പകരും. കൊതുകുകള്‍, കീടങ്ങള്‍ ഇവ ഈ രോഗകാരികളായ വൈറസുകളെ വഹിക്കുന്നു.
പ്രതിരോധമാര്‍ഗ്ഗം: ഈ രോഗം വാക്‌സിനേഷന്‍ നല്‍കി ഫലപ്രദമായി നിയന്ത്രിക്കാം.

ഫൗള്‍ കോളറ (fowl Cholera)

ലക്ഷണങ്ങള്‍: പച്ച കലര്‍ന്ന മഞ്ഞനിറത്തില്‍ കാഷ്‌ഠിക്കുക, സന്ധികള്‍, താട, പൂവ്‌ ഈ ഭാഗങ്ങള്‍ നീരുവന്ന്‌ വീര്‍ക്കുക. ശ്വാസംമുട്ടല്‍, അധികം ദാഹിക്കുന്നതുപോലെ കാണപ്പെടുക.
കാരണം: ബാക്‌ടീരിയ മൂലം, നല്ല രീതിയിലുള്ള പരിചരണമില്ലായ്‌മ രോഗം പരത്തുന്നു.
പ്രതിരോധമാര്‍ഗ്ഗം: ക്ലോറോം ഫെനിക്കോള്‍, സ്‌ട്രെപ്‌റ്റോമൈസിന്‍ തുടങ്ങിയ സള്‍ഫാ ഇനത്തില്‍പ്പെട്ട മരുന്ന്‌ വെള്ളത്തില്‍ ചേര്‍ത്ത്‌ നല്‍കുക.

സി.ആര്‍.ഡി (Chronic Respiratory Disease)

ലക്ഷണങ്ങള്‍: സി.ആര്‍.ഡി. അഥവാ എയര്‍ സാക്‌ ഡിസീസ്‌, ഈ രോഗം വന്നാല്‍ മറ്റു രോഗങ്ങളും ചേര്‍ന്ന്‌ സങ്കീര്‍ണ്ണമാവുന്നു. ചുമ, തുമ്മല്‍, വിമ്മിട്ടം, ശ്വസിക്കുമ്പോള്‍ കുറുകള്‍ശബ്‌ദം പുറപ്പെടുക, മൂക്കില്‍നിന്നും ജലം വരി, കണ്ണുനീരു വന്ന്‌ വീര്‍ക്കുക, കാഷ്‌ഠത്തിന്‌ ചിലപ്പോള്‍ പച്ചനിറം കണ്ടേക്കാം.
കാരണം: മൈക്കോപ്ലാസ്‌മ ഗാലിസെപ്‌റ്റിക്കം (Mycoplasma Gallisepticum) എന്ന അണുജീവി മൂലം. കോഴികളില്‍ ആരോഗ്യം കുറയുമ്പോള്‍ അധികവും രോഗം പിടിപെടുന്നു. വായുവിലൂടെയും, രോഗം ബാധിച്ച കോഴികള്‍ വഴിയും കോഴിമുട്ടകള്‍ വഴിയും രോഗബാധ ഉണ്ടാകാം. കൂട്ടിലെ അതിയായ ചൂട്‌, തണുപ്പ്‌, ഈര്‍പ്പം മുതലായവ രോഗം പടരുവാന്‍ ഇടയാക്കുന്നു.
പ്രതിരോധമാര്‍ഗ്ഗം: ഓറിയോമൈസിന്‍ ടെറാമൈസിന്‍, ടെട്രൈസൈക്ലിന്‍ തുടങ്ങിയ മരുന്നുകള്‍ ഉപയോഗിച്ചു വരുന്നു. Tiamutin, Tylosin ഇവയും ഉപയോഗിക്കുന്നു.

ഉംഫലൈറ്റിസ്‌ (Omphalitis)

ലക്ഷണങ്ങള്‍: നേവല്‍ ഇന്‍ഫെക്‌ഷന്‍ (Nevel Infection) മഷിചിക്‌ ഡിസീസ്‌ എന്നും അറിയപ്പെടുന്നു. കോഴിക്കുഞ്ഞുങ്ങള്‍ ക്ഷീണിച്ച്‌ അവശരായി ബള്‍ബിനു ചുറ്റും കൂടിനില്‍ക്കും. പൊക്കിള്‍ പരിശോധിച്ചാല്‍ പഴുത്തിരിക്കും.
കാരണം: വിരിഞ്ഞു കഴിഞ്ഞ കോഴിക്കുഞ്ഞിന്റെ പൊക്കിള്‍ ശരിയായി അടയാതെ അണുജീവികള്‍ കടന്ന്‌ പൊക്കിള്‍ പഴുക്കുന്നതുമൂലം ഉണ്ടാകുന്നു.
പ്രതിരോധമാര്‍ഗ്ഗം: വൃത്തിയില്ലാത്ത ഹാച്ചറി മാനേജ്‌മെന്റ്‌ ഇന്‍ക്യുബേറ്റര്‍ വൃത്തിയാക്കി അണുനശീകരണം നടത്തുക. സാധാരണഗതിയില്‍ രോഗം ബാധിച്ചവ ഉല്‍പ്പാദനക്ഷമത പുലര്‍ത്താത്തിനാല്‍ ചികില്‍സ നല്‍കാറില്ല.

ബ്രൂഡന്‍ ന്യൂമോണിയ (Brooder Pneumonia) അഥവാ ആസ്‌പര്‍ ജിലോസിസ്‌ (Aspergillosis)

ലക്ഷണങ്ങള്‍: കണ്ണുകള്‍ ചലം നിറഞ്ഞ്‌ വീങ്ങിയിരിക്കും. ചുണ്ടുകള്‍ പിളര്‍ത്തി ശ്വസിക്കുന്നതിന്‌ വിഷമിക്കും. കണ്ണുകള്‍ ജ്വലിക്കുന്നതുപോല ചിലപ്പോള്‍ തോന്നും.
കാരണം: ഫംഗസ്‌ മൂലം. പഴകിയ പൂപ്പല്‍ നിറഞ്ഞ തീറ്റ, ലിറ്റര്‍ ഇവ വഴി രോഗം പകരുന്നു. ഈര്‍പ്പവും ചൂടും ഈ രോഗം പടരുന്നതിന്‌ കാരണമാണ്‌.
പ്രതിരോധമാര്‍ഗ്ഗം: കോഴികളെ ബ്രൂഡറിനുള്ളില്‍ തിക്കിയിടരുത്‌. പൂപ്പല്‍ ബാധിച്ച ലിറ്ററും തീറ്റയും മാറ്റുക. ട്രൈക്കോമൈസിന്‍ ഒരു പരിധിവരെ ഫലപ്രദമാകുന്നു.

അഫ്‌ളാ വിഷബാധ (Aflatoxicosis)

ലക്ഷണങ്ങള്‍: കോഴിക്കുഞ്ഞുങ്ങള്‍ മുകളിലേക്ക്‌ നോക്കി ചുണ്ടുകള്‍ പിളര്‍ത്തി വിഷമിച്ച്‌ ശ്വസിക്കുന്നതായി കാണാം. ഇത്‌ പ്രധാനമായും കരളിനെ ബാധിക്കുന്നു. തീറ്റ തിന്നുന്നത്‌ കുറവ്‌. കരള്‍വീക്കം കാണാം. അതിയായ വേദന അനുഭവിക്കുന്നതുപോലെ കുഞ്ഞുങ്ങള്‍ വിഷമിക്കുന്നതു കാണാം.
കാരണം: ഫംഗസ്‌ മൂലം. തീറ്റയില്‍ ചേര്‍ക്കുന്ന പിണ്ണാക്കില്‍നിന്നാണ്‌ ഈ വിഷബാധ ഉണ്ടാകുന്നത്‌. പ്രത്യേകിച്ച്‌ നനഞ്ഞതും പഴകിയതുമായ തീറ്റയില്‍ ഇതു പ്രത്യക്ഷമാണ്‌.
പ്രതിരോധമാര്‍ഗ്ഗം: പഴകിയ തീറ്റ മാറ്റുക. വൈറ്റമിന്‍ എ, കെ ഇവ കലര്‍ന്ന ജലം കുടിക്കുവാന്‍ നല്‍കുക. തീറ്റയില്‍ സെലിനിയം ചേര്‍ക്കുന്നത്‌ നല്ലതാണ്‌. ലിവര്‍ ടോണിക്‌ നല്‍കുക.

രക്താതിസാരം (Coccidosis)

ലക്ഷണങ്ങള്‍: കാഷ്‌ഠത്തില്‍ രക്തം കാണപ്പെടുന്നത്‌ പ്രഥമ ലക്ഷണം. പൂവും താടയും വരണ്ടുണങ്ങി വിളര്‍ത്തു കാണപ്പെടുന്നു. തളര്‍ന്നു തൂങ്ങിയ ചിറകുകള്‍, കണ്ണുകള്‍ അടച്ച്‌ കൂട്ടംകൂടി തൂങ്ങി നില്‍ക്കുക. തീറ്റതിന്നുന്നതില്‍ കുറവ്‌.
പ്രതിരോധമാര്‍ഗ്ഗം: സള്‍ഫാ ഡയാസിന്‍, സൊളിന്‍ തുടങ്ങിയ ഔഷധങ്ങള്‍ തീറ്റയിലോ ജലത്തിലോ കൊടുക്കുക.

സഡന്‍ ഡെത്ത്‌ സിന്‍ഡ്രോം (Sudden Death Syndrome-S.D.S.)

ലക്ഷണങ്ങള്‍: മൂന്നു മുതല്‍ അഞ്ച്‌ വരെ ആഴ്‌ചകളില്‍ കോഴികളില്‍ പെട്ടെന്നുള്ള മരണം കാണപ്പെടുന്നു. കോഴികളിലെ ഹൃദ്രോഗമായി ഇത്‌ അറിയപ്പെടുന്നു. സാധാരണഗതിയില്‍ ചികില്‍സയ്‌ക്ക്‌ സമയം ലഭിക്കാറില്ല. നല്ല വളര്‍ച്ചയുള്ള കോഴികളുടെ പെട്ടെന്നുള്ള മരണമാണ്‌ ലക്ഷണം. ആന്തര പരിശോധനയില്‍ വൃക്ക, ശ്വാസകോശം, ഹൃദയപേശികള്‍ തുടങ്ങിയവയില്‍ രക്തസ്രാവം. തീറ്റ തിന്നാലുടനെ പിടഞ്ഞു മരിക്കാറുണ്ട്‌.
കാരണം: സോഡിയം, പൊട്ടാസ്യം അപര്യപ്‌തതയും. കൂട്ടില്‍ വായു സഞ്ചാരമില്ലാത്തതും രോഗകാരണമായി കരുതപ്പെടുന്നു.
പ്രതിരോധമാര്‍ഗ്ഗം: ബി-കോംപ്ലക്‌സ്‌, ബയോട്ടിന്‍ വൈറ്റമിനുകള്‍ ധാരാളം നല്‍കുക. തീറ്റയുടെ അളവ്‌ കുറയ്‌ക്കുക.

അസൈറ്റീസ്‌ (Ascites)

ലക്ഷണങ്ങള്‍: കരള്‍, വൃക്ക, ഹൃദയം ഇവയില്‍ രോഗലക്ഷണങ്ങള്‍ കാണാം. ഉദരഭാഗത്ത്‌ ദ്രാവകം കെട്ടിനിന്ന്‌ കോഴികള്‍ ചത്തുപോകുന്നു.
കാരണം: തീറ്റയില്‍ അശാസ്‌ത്രീയമായ രീതിയില്‍ ചേര്‍ത്തിരിക്കുന്ന കൊഴുപ്പില്‍നിന്നുണ്ടാകുന്ന വിഷബാധയാണ്‌ കാരണമെന്നു കരുതുന്നു.
പ്രതിരോധമാര്‍ഗ്ഗം: തീറ്റ മാറ്റിനല്‍കുക. വൈറ്റമിന്‍ സംയുക്തങ്ങള്‍ നല്‍കുക.

ഇ-കോളി (E-Coli) അഥവാ കോളി ബാസിലോസിസ്‌ (Coli Basilosis)

ലക്ഷണങ്ങള്‍: പത്ത്‌ ദിവസത്തില്‍ താഴെയുള്ളവയെ അധികം ബാധിക്കുന്നു. തൂവലുകള്‍ വിടര്‍ന്ന്‌ ക്ഷീണിച്ച്‌ ഉറക്കം തൂങ്ങി നില്‍ക്കുക, കൊക്കില്‍ പശപോലെ ഒരു ദ്രാവകം പറ്റിച്ചേര്‍ന്നിരിക്കുന്നു, വെള്ളം, തീറ്റ ഇവ എടുക്കുന്നതില്‍ കുറവു വരിക തുടങ്ങിയവ. കുടലിനെ ബാധിക്കുമ്പോള്‍ ഭാരം കുറയും. വായു അറകളെ ബാധിക്കുമ്പോള്‍ ചുമ, കുറുകല്‍ ഇവ അനുഭവപ്പെടാം. ബാക്‌ടീരിയ മൂലം ഹൃദയത്തിന്റെ ബാഹ്യാവരണത്തിനും കുടലിനും വീക്കമുണ്ടാകുന്നതിനായി ആന്തരിക പരിശോധനയില്‍ കാണാം.
കാരണം: പരിസരശുചീകരണം ഇല്ലാത്തതുകൊണ്ടും പകരാം.
പ്രതിരോധമാര്‍ഗ്ഗം: നല്ല പരിചരണം കൊടുക്കേണ്ടതുണ്ട്‌. ഓറിയോ മൈസിന്‍ ഫുറസോളിഡോണ്‍ മുതലായവ ഫലപ്രദമാണ്‌.

പാരാടൈഫോയിഡ്‌ (Para Typhoid)

ലക്ഷണങ്ങള്‍: പുള്ളോറം രോഗത്തിനോട്‌ ലക്ഷണങ്ങളില്‍ സാമ്യം.
കാരണം: സാള്‍ മൊണല്ലാ അണുതന്നെ രോഗകാരി.
പ്രതിരോധമാര്‍ഗ്ഗം: ചികില്‍സ പുള്ളോറം ഡിസീസിന്റേതുതന്നെ

കോഴി ക്ഷയരോഗം (Avian Tuberculosis)

ലക്ഷണങ്ങള്‍: ഉറക്കംതൂങ്ങി നില്‍ക്കുക, മഞ്ഞയോ പച്ചയോ കലര്‍ന്ന കാഷ്‌ഠം പോവുക, മുടന്തി നടക്കുക മുതലായവ ലക്ഷണങ്ങള്‍
കാരണം: ബാക്‌ടീരിയ.
പ്രതിരോധമാര്‍ഗ്ഗം: രോഗം ബാധിച്ചവയെ നശിപ്പിക്കുക, അണുനശീകരണം നടത്തുക എന്നിവയാണ്‌ ഫലപ്രദമായ മാര്‍ഗ്ഗം.

സാംക്രമിക വിറയല്‍ബാധ (Avian Encephalo Myelitise)

ലക്ഷണങ്ങള്‍: മൂന്നാഴ്‌ച വരെ പ്രായമുള്ളവയെ സാധാരണ ബാധിക്കുന്നു. തല, കഴുത്ത്‌, വാല്‍, മറ്റ്‌ ശരീരഭാഗങ്ങള്‍ മുതലായവ വിറയ്‌ക്കുന്നു. ഉറയ്‌ക്കാത്ത കാല്‍വെപ്പ്‌ മുതലായവ ലക്ഷണങ്ങള്‍.
കാരണം: വൈറസ്‌ മൂലമാണ്‌ രോഗം പകരുന്നത്‌.
പ്രതിരോധമാര്‍ഗ്ഗം: ആന്റിബയോട്ടിക്‌ ഫലപ്രദമാണ്‌. വൈറ്റമിന്‍ മിശ്രിതം ധാരളം നല്‍കുക.

സാംക്രമിക സന്ധിവീക്കം (Infectious Synovitis)

ലക്ഷണങ്ങള്‍: പച്ചനിറത്തില്‍ കാഷ്‌ഠിക്കുക, ക്ഷീണിച്ചു തളര്‍ന്നുപോലെ കാണു, മുടന്തി നടക്കുക, സന്ധികളില്‍ നീരുവന്നു വീര്‍ക്കുക തുടങ്ങിയവയാണ്‌ ബാക്‌ടീരിയ മൂലമുണ്ടാകുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.
കാരണം: ബാക്‌ടീരിയ
പ്രതിരോധമാര്‍ഗ്ഗം: ടൈലോസിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ വെള്ളത്തിലൂടെ നല്‍കുക.

ബ്ലൂ-കോംബ്‌ രോഗം (Blue-Comb Disease)

ലക്ഷണങ്ങള്‍: ഏവിയന്‍ മോണോസൈറ്റോസിസ്‌, നോണ്‍സ്‌പെസിഫിക്‌ ഇന്‍ഫെക്ഷ്യസ്‌ എന്ററൈറ്റിസ്‌ എന്നീ പേരുകളിലും അറിയപ്പെടുന്നു. പൂവ്‌, താട തുടങ്ങിയവയ്‌ക്ക്‌ ഇരുണ്ട നീല നിറം. വെളുത്ത നിറത്തില്‍ അത്യന്തം ദുര്‍ഗന്ധത്തോടുകൂടിയ വയറിളക്കം, കാലുകള്‍ ചുക്കിച്ചുളുങ്ങി ഇരിക്കുക മുതലായവ ലക്ഷണങ്ങള്‍.
കാരണം: ബാക്‌ടീരിയ മൂലം ഉണ്ടാകുന്നതായി അമുമാനിക്കപ്പെടുന്നു.
പ്രതിരോധമാര്‍ഗ്ഗം: വൈറ്റമിന്‍ മിശ്രിതം, ആന്റിബയോട്ടിക്കുകള്‍ ഇവ ജലത്തിലൂടെ നല്‍കുന്നു.

ഏവിയന്‍ നെഫ്രോസിസ്‌ (Avian Nefrosis)

ലക്ഷണങ്ങള്‍: തൂവലുകള്‍ വിടര്‍ത്തി, തൂങ്ങിനില്‍ക്കുക, വെളുത്ത നിറത്തില്‍ വെള്ളംപോലെ കാഷ്‌ഠിക്കുക, മലദ്വാരത്തില്‍ കൂടെക്കൂടെ കൊത്തിക്കൊണ്ടിരിക്കുക, വിറയല്‍മൂലം താളം തെറ്റി നടക്കുക, മലദ്വാരത്തില്‍ കാഷ്‌ഠം പറ്റിപ്പിടിച്ച്‌ വൃത്തികേടായിരിക്കുക.
പ്രതിരോധമാര്‍ഗ്ഗം: പ്രത്യേക ചികില്‍സ ഇല്ല. ശുചീകരണപ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടത്തുക.

ബംബിള്‍ ഫൂട്ട്‌ (Bumble foot)

ലക്ഷണങ്ങള്‍: മുടന്തി നടക്കുക, പാദം നീരു വന്ന്‌ വീര്‍ക്കുക.
കാരണം: സ്‌ട്രെപ്‌റ്റോകോക്കസ്‌, സ്റ്റഫൈലോ കോക്കസ്‌ തുടങ്ങിയ അണുജീവികള്‍മൂലം ആണിപോലുള്ള വസ്‌തുക്കള്‍ കാലില്‍ തറയ്‌ക്കുന്നതു മൂലമുണ്ടാകുന്ന മുറിവിലൂടെ അണുബാധ ഉണ്ടാകുന്നു.
പ്രതിരോധമാര്‍ഗ്ഗം: അണുനാശിനികൊണ്ട്‌ മുറിവ്‌ കഴുകി വൃത്തിയാക്കുക. സള്‍ഫാ ഓയിന്‍മെന്റ്‌ പുരട്ടുക.

ഫാറ്റിലിവര്‍ സിന്‍ഡ്രോം

ലക്ഷണങ്ങള്‍: കരള്‍ വലുതായി ചിലപ്പോള്‍ പൊട്ടുന്നു. 4 മുതല്‍ 6 ആഴ്‌ച വരെയുള്ള കോഴികളില്‍ ബാധിക്കുന്നു.
കാരണം: ഉയര്‍ന്ന ചൂട്‌, മാംസ്യക്കമ്മിയുള്ള തീറ്റ എന്നിവ കാരണങ്ങള്‍.

ബോട്ടുലിസം (Limber Neck)

ലക്ഷണങ്ങള്‍: വിഷബാധ എന്നു പറയും. ഉന്മേഷമില്ലാതെ ഉറക്കം തൂങ്ങി നില്‍ക്കും. കഴുത്ത്‌ പൊക്കിപ്പിടിക്കുവാന്‍ വിഷമിക്കുന്നു. വെള്ളം പോലെ കാഷ്‌ഠം പോകും. ശരീരം തളര്‍ന്ന്‌ പിടഞ്ഞു മരിക്കും.
കാരണം: ക്ലോസ്‌ട്രിഡിയം ബോട്ടുലീനം എന്ന അണുജീവി ഉല്‍പ്പാദിപ്പിക്കുന്ന വിഷം.
പ്രതിരോധമാര്‍ഗ്ഗം: ചത്ത കോഴിയെ ഉടന്‍ മറവു ചെയ്യുക. തീറ്റകുഴച്ച്‌ ഇപ്‌സം സാള്‍ട്ട്‌ ചേര്‍ത്ത്‌ കൊടുക്കുക. (1 കി.ഗ്രാം 160 കോഴികള്‍ക്ക്‌) വെള്ളത്തില്‍ നല്‍കുമ്പോള്‍ 1 കി.ഗ്രാം 220 കോഴികള്‍ക്ക്‌ നല്‍കാം.

ഫേവസ്‌/വൈറ്റ്‌ കോംബ്‌

കാരണം: ഫംഗസ്‌ രോഗം മൂലം തല മുഴുവന്‍ ചെതുമ്പലുകള്‍ പിടിച്ച്‌ ശരീരത്തില്‍നിന്നും തൂവലുകള്‍ കൊഴിഞ്ഞുപോകുന്നു.
പ്രതിരോധമാര്‍ഗ്ഗം: രോഗം ബാധിച്ചവയെ മാറ്റിപ്പാര്‍പ്പിക്കണം. ചത്തവയെ ഉടന്‍ മറവു ചെയ്യുക. രോഗബാധയുള്ള ഭാഗങ്ങളില്‍ ഫോര്‍മലിന്‍ ലായനി പുരട്ടുക.

ഹെലികോപ്‌ടര്‍ രോഗം

ലക്ഷണങ്ങള്‍: എത്രമാത്രം തീറ്റ തിന്നാലും വളര്‍ച്ച ഉണ്ടാകുന്നില്ല. പാന്‍ക്രിയാസ്‌ (ആഗ്നേയഗ്രന്ഥി)യുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നു.
കാരണം: വൈറസ്‌ ബാധ മൂലം
പ്രതിരോധമാര്‍ഗ്ഗം: നല്ല രീതിയിലുള്ള സംരക്ഷണരീതി മാത്രം.

സ്‌പൈറോക്കീറ്റോസിസ്‌ (Avian Spirochaetosis or Tick Fever)

ലക്ഷണങ്ങള്‍: പനി, മഞ്ഞയും പച്ചയും കലര്‍ന്ന നിറത്തില്‍ കാഷ്‌ഠം, ഉറക്കംതൂങ്ങി നില്‍ക്കുക, വിളര്‍ത്ത താടയും പൂവും.
കാരണം: സ്‌പൈറോക്കിറാന്‍സെറൈന എന്ന പരാദം മൂലം ആര്‍ഗസ്‌ പഴ്‌സിക്കസ്‌ (Argas Persicus) എന്ന ചെള്ളുകള്‍വഴി രോഗം പടരുന്നു.
പ്രതിരോധമാര്‍ഗ്ഗം: വാക്‌സിന്‍ നല്‍കുക. രോഗം പരത്തുന്ന ചെള്ളുകളെ മാലത്തിമോണ്‍, റൊഗുവന്‍ തുടങ്ങിയവ ഉപയോഗിച്ച്‌ നശിപ്പിക്കാം.

ചെള്ളുബാധ

ലക്ഷണങ്ങള്‍: കോഴികളെ ചെള്ള്‌, പേന്‍ തുടങ്ങിയവ മൂലം പലവിധ രോഗങ്ങള്‍ ഉണ്ടാകാറുണ്ട്‌. ഇറച്ചിക്കോഴികളെ അപേക്ഷിച്ച്‌ മുട്ടക്കോഴികളിലാണ്‌ ഇത്‌ രൂക്ഷമാവുക. കോഴികളില്‍ നിരന്തര ചൊറില്ലില്‍, രക്തം ഊറ്റിക്കുടിക്കുന്ന ചെള്ളുകള്‍ ആണെങ്കില്‍ കോഴികളില്‍ അതിയായ ക്ഷീണം കാണും.
പ്രതിരോധമാര്‍ഗ്ഗം: കോഴികളിലെ ചെള്ള്‌, പേന്‍ തുടങ്ങിയവയെ നശിപ്പിക്കുന്നതിനുള്ള മരുന്നുകള്‍ ഒരു ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം ഉപയോഗിക്കുക.

പെറോസിസ്‌ (Perosis)

ലക്ഷണങ്ങള്‍: സ്ലീവ്‌ഡ്‌ ടെന്റണ്‍, ന്യൂട്രീഷണല്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രോം (പോഷക കമ്മി) എന്നു അറിയപ്പെടുന്നു. കാലുകള്‍ വളയുക, സന്ധികള്‍ വീര്‍ക്കുക, തളര്‍ന്നു നടക്കുക മുതലായവ ലക്ഷണങ്ങള്‍.
കാരണം: കോളിന്‍, മാംഗനീസ്‌ തുടങ്ങിയ ധാതുക്കളുടെ അഭാവം മൂലം ഉണ്ടാകാം. പകരുന്നത്‌ തീറ്റയിലൂടെയും വെള്ളത്തിലൂടെയുമാണ്‌.
പ്രതിരോധമാര്‍ഗ്ഗം: വൈറ്റമിന്‍ സംയുക്തങ്ങള്‍ ധാരാളമായി നല്‍കുക. തീറ്റയില്‍ ജീവകങ്ങളുടെയും മറ്റും കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങളെ തടയുവാന്‍ AD3 Ec B12 അടങ്ങിയ പോഷക മിശ്രിതങ്ങള്‍ ജലത്തില്‍ക്കൂടി നല്‍കുക. തീറ്റ കൂടുതല്‍ കാലം സൂക്ഷിക്കുന്നതു മൂലം ജീവകങ്ങള്‍ നഷ്‌ടപ്പെടുവാന്‍ ഇടയുണ്ട്‌. ജലത്തിലൂടെ വൈറ്റമിന്‍സ്‌ നല്‍കുന്നതുമൂലം ഇവയുടെ കുറവ്‌ പരിഹരിക്കാം.

മാംസഭോജനം, തൂവല്‍കൊത്തല്‍ (Cannibalism)

കോഴികളില്‍ കണ്ടുവരുന്ന ദുശ്ശീലം തമ്മില്‍ കൊത്തി മാംസം പറിക്കുന്നതാണ്‌. തൂവലുകളും കൊത്തിപ്പറിക്കും. ചോര മറ്റുള്ളവയുടെ ദേഹത്ത്‌ പറ്റുമ്പോള്‍ അവയേയും ആക്രമിക്കുന്നു. അങ്ങനെ കോഴികള്‍ മൊത്തം ഈ ദുശ്ശീലത്തിനടിമപ്പെടുന്നു.
പ്രതിരോധമാര്‍ഗ്ഗം: കോഴിക്ക്‌ ചിക്കിച്ചികയുന്ന സ്വഭാവമായതുകൊണ്ട്‌, കൂട്‌ തൂക്കി ഇടരുത്‌. ആവശ്യത്തിനു സ്ഥലം അനുവദിക്കുക. കോഴിക്കുഞ്ഞുങ്ങളുടെ മേല്‍ച്ചുണ്ട്‌ ഹാച്ചറിയില്‍നിന്നുതന്നെ മുറിച്ചു കളയുന്നു. തന്മൂലം കൊത്തുമ്പോള്‍ മാംസം പറിയുന്നില്ല. കൊത്തി മുറിവേറ്റവയ്‌ക്ക്‌ പച്ചമഞ്ഞള്‍ കര്‍ഷകര്‍ സാധാരണ അരച്ചുപുരട്ടുന്നു. ശീമക്കൊന്നയില അരിഞ്ഞ്‌ കൂട്ടില്‍ വിതറുക.

വിരബാധ

ലക്ഷണങ്ങള്‍: നാടവിര, ഉരുളന്‍വിര, സിക്കന്‍വിരകള്‍ ഇങ്ങനെ മൂന്നുതരം വിരകളാണ്‌ കോഴികളില്‍ സാധാരണ കണ്ടുവരുന്നത്‌. ബ്രോയിലര്‍ക്കോഴികളെ സംബന്ധിച്ച്‌ വിരബാധ അധികം പ്രശ്‌നം ഉണ്ടാക്കുന്നില്ല. തീറ്റ തിന്നുവാന്‍ മടി കാണിക്കുക, ക്ഷീണിച്ച്‌ അവശരാവുക, വയറിളക്കം, കാഷ്‌ഠത്തിന്റെ കൂടെ വിരകള്‍ പുറത്തുപോകുന്നതു കാണാം.
കാരണം: കോഴികള്‍ വിരയുടെ മുട്ടകള്‍ തിന്നാം. കാഷ്‌ഠത്തിന്റെ കൂടെ പുറത്തു വരുന്ന മുട്ടകള്‍ തീറ്റയിലോ വെള്ളത്തിലോ കലരുകയും അങ്ങനെ വിരബാധ ഉണ്ടാവുകയും ചെയ്യുന്നു.
പ്രതിരോധമാര്‍ഗ്ഗം: നാടവിരകള്‍ക്ക്‌ ഡൈസെസ്റ്റാര്‍ നല്‍കുക. ഉരുളന്‍ വിരകള്‍ക്ക്‌ പൈപ്പരസിന്‍ ഗുളികകള്‍ നല്‍കുക.

ബേര്‍ഡ്‌ ഫ്‌ളൂ (Bird Flu)

ലക്ഷണങ്ങള്‍: ഈ രോഗം ബാധിച്ചാല്‍ പനിപിടിച്ച്‌ തൂങ്ങിനില്‍ക്കുകയാണ്‌ പ്രധാന ലക്ഷണം. അതിവേഗം മരണപ്പെടും.
കാരണം: H5 N1 എന്ന വൈറസാണ്‌ കാരണം എന്നു കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്‌.
പ്രതിരോധമാര്‍ഗ്ഗം: ഇന്ത്യയില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. ഹോങ്കോങ്ങില്‍ ഇതുമൂലം ലക്ഷക്കണക്കിന്‌ കോഴികളെ കൊന്നൊടുക്കുകയുണ്ടായി. ഫലപ്രദമായ വാക്‌സിനേഷനോ മരുന്നുകളോ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. രോഗം ബാധിച്ചവയെ കൊന്നുകളയുക.
രോഗം വന്നു ചികില്‍സിക്കുന്നതിനേക്കാള്‍ നല്ലത്‌ വരാതിരിക്കാനുള്ള മാര്‍ഗ്ഗം നോക്കുകയാണ്‌ എന്ന തത്ത്വം കോഴികള്‍ക്ക്‌ എത്രയും പ്രായോഗികമാണ്‌. കോഴികള്‍ക്ക്‌ രോഗങ്ങള്‍ വരാതിരിക്കാന്‍ എടുക്കേണ്ട പ്രതിരോധ നടപടികള്‍ താഴെ പറയുന്നവയാണ്‌:
1. കോഴികള്‍ക്ക്‌ ആവശ്യമായ പ്രതിരോധ കുത്തിവയ്‌പുകള്‍ നടത്തുക.
2. സ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
3. പുതിയ കുഞ്ഞുങ്ങള്‍ വരുമ്പോള്‍ കോഴിക്കൂട്‌ വൃത്തിയാക്കി അണുനശീകരണം ചെയ്യുക.
4. ഉപയോഗം കഴിഞ്ഞ ലിറ്റര്‍ മാറ്റിയശേഷം കൂട്ടില്‍നിന്ന്‌ അകലെ കളയുക.
5. കോഴിക്കൂട്ടിലെ ഉപകരണങ്ങള്‍ ഇടയ്‌ക്കിടെ വൃത്തിയാക്കി അണുനശീകരണം ചെയ്യുക.
6. പുറമേനിന്ന്‌ മറ്റു പക്ഷികള്‍ കൂട്ടിനകത്തു കയറാതിരിക്കാന്‍ ശ്രദ്ധിക്കുക.
7. ഈച്ച, കൊതുക്‌, പുഴു എന്നിവയെ നശിപ്പിക്കാന്‍ ഇടയ്‌ക്കിടയ്‌ക്ക്‌ മരുന്ന്‌ തളിക്കുക
8. എലി, ചുണ്ടെലി എന്നിവയെ നശിപ്പിക്കുക. അല്ലെങ്കില്‍ അവ തീറ്റ തിന്ന്‌ വലിയ നഷ്‌ടം ഉണ്ടാക്കും.
9. ചത്ത കോഴികളെ വിദഗ്‌ധ പരിശോധനയ്‌ക്കുശേഷം കുഴിച്ചുമൂടുകയോ തീയിട്ടു നശിപ്പിക്കുകയോ ചെയ്യുക.
10. പുറമേനിന്ന്‌ ആരെയും കൂടിനകത്ത്‌ പ്രവേശിപ്പിക്കാതിരിക്കുക
11. അണുനാശിനി കലര്‍ത്തിയ വെള്ളം കോഴിക്കൂടിനു മുന്നില്‍ ഒരു ട്രേയില്‍ എപ്പോഴും കരുതിയിരിക്കണം. അതില്‍ കാലുമുക്കിയശേഷമേ അകത്തു പ്രവേശിക്കാവൂ. ഇത്‌ ഒരു കൂട്ടില്‍നിന്ന്‌ മറ്റൊരു കൂട്ടിലേക്ക്‌ രോഗം പകരുന്നത്‌ തടയുന്നതിന്‌ സഹായിക്കും.
12. എല്ലായ്‌പോഴും സമീകൃതാഹാരം നല്‍കുകയും, നല്ല പരിചരണമുറകള്‍ സ്വീകരിക്കുകയും ചെയ്യുകയാണെങ്കില്‍ കോഴികള്‍ക്ക്‌ തനതായ രോഗപ്രതിരോധശേഷി ഉണ്ടാകുന്നതാണ്‌.
13. ഏതെങ്കിലും അസുഖത്തിന്‍െറ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടനേ വിദഗ്‌ധ സഹായം തേടണം.

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate