অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോഴിക്കു മഴക്കാല പരിരക്ഷ

കോഴിക്കുഞ്ഞുങ്ങൾ കൂട്ടിനുളളിൽ എത്തുന്നതിനു മുമ്പുതന്നെ മുന്നൊരുക്കം നടത്തണം. കോഴിക്കുഞ്ഞുങ്ങളെ എത്തിക്കുന്നതിനു മുമ്പ് ഫോർമലിൻ എന്ന ദ്രാവകവും പൊട്ടാസ്യം പെർമാംഗനേറ്റ് എന്ന പൊടിയും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഫോർമാൽഡിഹൈഡ് പുകച്ചു കൂട് അണുവിമുക്തമാക്കുക. തീറ്റപ്പാത്രം, വെളളപ്പാത്രം എന്നിവയും അണുനശീകരണം നടത്തണം.

കോഴിക്കൂടിനു ചുറ്റും 10–15 അടി സ്ഥലത്തെ കുറ്റിച്ചെടികളും പുല്ലും മാറ്റണം. വെളളം കെട്ടിനിൽക്കാത്ത വിധം ഒാട വ‍ൃത്തിയാക്കണം. ഷെഡ്ഡിന്റെ മേൽക്കൂര ഭിത്തിയില്‍നിന്ന് മൂന്നടിയെങ്കിലും പുറത്തേക്ക് ഇറങ്ങിയിരിക്കണം. ഷെഡ്ഡിനുളളിൽ മഴവെളളം വീഴാത്തവിധം ചോർച്ചയില്ലെന്ന് ഉറപ്പാക്കണം.

മഴയത്ത് വെളളം ഊത്തൽ അടിക്കാത്തവിധം കൂടിനുചുറ്റും പ്ലാസ്റ്റിക് കർട്ടൻ ഇടുകയും മഴ മാറിയതിനുശേഷം കർട്ടൻ ഉയർത്തി വായുസഞ്ചാരം ഉറപ്പാക്കുകയും വേണം. മഴക്കാലത്ത് കൂട്ടിലെ ചോർച്ച വഴിയോ മഴസമയത്ത് ഊത്തൽ അടിച്ചോ നിലത്തു വിരിച്ചിട്ടുളള ലിറ്റർ നനയില്ലെന്ന് ഉറപ്പാക്കണം. ലിറ്റർ നനഞ്ഞാൽ രക്താതിസാരം എന്ന രക്തം കലർന്ന വയറിളക്കത്തിനു സാധ്യതയേറും. രോഗം ശ്രദ്ധയിൽപ്പെട്ടാൽ വിദഗ്ധ പരിശോധന നടത്തി ഉടനടി ചികിൽസിക്കണം.

കൂട്ടിനുളളിൽ ഈച്ച, എലി എന്നിവയുടെ ശല്യം ഒഴിവാക്കാൻ നടപടിയെടുക്കണം. മഴക്കാലത്ത് ചൂട് കുറവായതിനാൽ കോഴിക്കുഞ്ഞുങ്ങൾക്ക് ബ്രൂഡിങ് ചൂട് ഉറപ്പാക്കുന്നതിന് ലൈറ്റുകൾ ക്രമീകരിക്കുകയും സാധാരണയായി നൽകുന്നതിനെക്കാൾ കൂടുതൽ ദിവസങ്ങളിലേക്ക് ചൂട് നൽകുകയും വേണം.

കോഴിത്തീറ്റ നനവുതട്ടാത്ത വിധം മരപ്പലകയിൽ വയ്ക്കണം. കുടിവെളളത്തിന്റെ ശുദ്ധി ഉറപ്പാക്കണം. ആയിരം ലിറ്ററിന് രണ്ടു ഗ്രാം എന്ന തോതിൽ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് വെളളം ശുദ്ധീകരിക്കാം. വെളളം ശുദ്ധീകരിക്കുന്ന ചില മരുന്നുകൾ വിപണിയിൽ ലഭ്യമാണ്.

പ്രതിരോധ കുത്തിവയ്പ് യഥാസമയം നൽകണം. കുഞ്ഞുങ്ങളുടെ വളർച്ചാനിരക്ക് ഉറപ്പാക്കുന്നതിന് ഒാരോ ആഴ്ചയും അഞ്ചു ശതമാനത്തിൽ കുറയാതെ കുഞ്ഞുങ്ങളുടെ വളർച്ചനിരക്ക് നോക്കണം.

നായ്ക്കളിലെ ഹെമറ്റോമ

ഹെമറ്റോമ(Heamaitoma) എന്ന അവസ്ഥ. ചെവിയിൽ ഉണ്ടാകാനിടയുളള സൂക്ഷ്മപരാദങ്ങളുടെ ആക്രമണം വഴി ചെവി കൂടെക്കൂടെ ആട്ടുകയും തുടർച്ചയായി ഉരച്ച് ചൊറിയുകയും ചെയ്യുന്ന അവസ്ഥയിൽ ചെവിയുടെ ഉൾഭാഗത്തെ ചെറിയ രക്തധമനികൾ പൊട്ടുകയും രക്തവും ചെന്നീരും കലർന്ന ദ്രാവകം ചെവിയുടെ ത്വക്കിനുളളിൽ കെട്ടിക്കിടക്കുകയും ചെയ്യുന്നതുവഴിയാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

തുടക്കത്തില്‍ ഇത് വലിഞ്ഞുപോകാനായി Thrombophob Ointment പുറമേ പുരട്ടിനോക്കാം. രോഗാവസ്ഥയ്ക്കു ശമനം കണ്ടില്ലെങ്കിൽ ചെറിയ ശാസ്ത്രക്രിയയിലൂടെ കെട്ടിക്കിടക്കുന്ന രക്തവും ചെന്നീരും പുറത്തുകളഞ്ഞ് ആന്റിബയോട്ടിക് മരുന്ന് നൽകുകയും പുറമേ, ആന്റിസെപ്്റ്റിക് ലേപനം പുരട്ടുകയും വേണം. വേദനസംഹാരികളും നൽകേണ്ടി വരും.

  • ഡോ.സി.കെ.ഷാജു, പെരുവ സീനിയർ വെറ്റിനറി സർജൻ, ഗവ. വെറ്റിനറി ക്ലിനിക്, മുളന്തുരുത്തി. ഫോൺഃ 9447399303

കാണെക്കാണെ വളരട്ടെ കൺമണി

ഉടമയ്ക്കും കുടുംബത്തിനും കൺമണി, അയൽവീട്ടുകാർക്കു നല്ല സ്നേഹിതൻ, നാട്ടുകാർക്കു മാന്യൻ, മറ്റു നായ്ക്കളുമായി ആവശ്യത്തിനു മാത്രം സഹവർത്തിത്വം-നല്ല വളർത്തുനായയെക്കുറിച്ചു നമ്മുടെ സങ്കൽപങ്ങൾ ഇങ്ങനെയൊക്കെയാണ്.

എന്നാൽ നായ്ക്കുട്ടികൾക്ക് വളർച്ചക്കാലത്തു ലഭിക്കുന്ന പരിശീലനവും ഉണ്ടാകുന്ന അനുഭവങ്ങളുമാണ് അവരുടെ സ്വഭാവം കരുപിടിപ്പിക്കുന്നത്. അതിനാൽ നായ്ക്കളുടെ ജീവിതത്തിലെ വളർച്ചയുടെയും വികാസത്തിന്റെയും വിവിധ ഘട്ടങ്ങളെക്കുറിച്ച് ഉടമ നന്നായി അറിയണം. ഓരോ ഘട്ടത്തിലും നായ്ക്കളുടെ ശരീരവളർച്ചയിലും സ്വഭാവരീതികളിലും സവിശേഷ മാറ്റങ്ങളാണ് ഉണ്ടാകുന്നത്.

ഭ്രൂണാവസ്ഥയിൽ

ഗർഭധാരണം മുതൽ ജനനംവരെയുള്ള 60-63 ദിനങ്ങളിൽ തള്ളയുടെ മാനസികാവസ്ഥ കുട്ടിയുടെ സ്വഭാവ രൂപീകരണത്തെ ഏറെ സ്വാധീനിക്കുന്നു. ഗർഭകാലത്തു ഭയപ്പെടുത്തുന്ന സാഹചര്യങ്ങളിൽ കഴിയേണ്ടിവരുന്ന അമ്മമാരുടെ കുട്ടികൾ വൈകാരിക പ്രശ്നങ്ങളുള്ളവരായിരിക്കുമെന്ന് പഠനങ്ങൾ.

ഗർഭ സമയത്ത് അമ്മ അനുഭവിക്കുന്ന സമ്മർദ്ദം നായ്ക്കുട്ടികളിൽ സ്വഭാവ വൈകല്യങ്ങൾക്കും പ്രത്യുൽപാദന ന്യൂനതകൾക്കും കാരണമാകുമത്രെ. ഗർഭകാലത്തുതന്നെ ലിംഗവ്യത്യാസത്തിലേക്കു നയിക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾക്കും തുടക്കം കുറിക്കപ്പെടുന്നു.

ജനനം മുതൽ 12 ദിവസം വരെ

നവജാതശിശു അമ്മയെത്തന്നെ ആശ്രയിച്ചു കഴിയുന്ന രണ്ടാഴ്ചക്കാലത്ത് ഉറക്കവും പാൽകുടിയുമാണ് പ്രധാന പരിപാടി. കണ്ണും കാതും തുറന്നിട്ടില്ലാത്ത സമയമാണിത്. ശരീരതാപനില ക്രമീകരിക്കാനുള്ള ശേഷി കുറവായതിനാൽ കുട്ടികൾ കൂട്ടം കൂടി ചുരുണ്ടികിടക്കുന്നു.

തണുക്കുമ്പോഴും അമ്മയുടെ അസാന്നിധ്യത്തിലും ചെറിയ ശബ്ദത്തിൽ മൂളിക്കൊണ്ടിരിക്കും. 6-10 ദിവസം പ്രായം വരെ മുൻകാലുകളിലും 11-15 ദിവസങ്ങൾ വരെ പിൻകാലുകളിലും ഭാരം താങ്ങാനാവാത്തതിനാൽ ചലനങ്ങൾ കേവലം നീന്തലിലും തുഴയലിലും ഒതുങ്ങുന്നു.

എന്നാൽ സ്പർശനത്തോടും ഗന്ധങ്ങൾ, സ്വാദുകൾ എന്നിവയോടും പ്രതികരിക്കും. ഗുഹ്യപ്രദേശത്ത് അമ്മ നൽകുന്ന ഉത്തേജനം മലമൂത്രവിസർജനത്തിന് ആവശ്യമാണ്.

ഈ സമയത്തുപോലും അൽപസമയത്തേക്കെങ്കിലും കൈയിലെടുത്തു ലാളിക്കുന്നത് നായ്കുട്ടികളുടെ വളർച്ചയെയും സ്വഭാവരൂപവൽക്കരണത്തെയും ഏറെ സഹായിക്കുമെന്നു പഠനങ്ങൾ പറയുന്നു. പല രീതിയിൽ പിടിക്കുന്നത് ഇവയ്ക്കു ഭാവി സമ്മർദങ്ങളെ നേരിടാനുള്ള ആദ്യപരിശീലനമാകുമത്രെ.

പ്രായം 12-21 ദിവസം

നായ്ക്കുട്ടിയുടെ ശാരീരിക മാനസിക വളർച്ച ദ്രുതഗതിയിലാകും. കണ്ണും കാതും തുറന്ന് ശബ്ദങ്ങളോടു പ്രതികരിച്ചു തുടങ്ങുന്നു. ഖരാഹാരം രുചിച്ചു തുടങ്ങുന്നു. സ്വാശ്രയത്വത്തിന്റെ പാഠങ്ങൾ പരിശീലിക്കുന്നു.

മുമ്പോട്ടും പിന്നോട്ടും വേഗത്തിൽ ഇഴയാനും നടക്കാനും പഠിക്കുന്നു. അമ്മയുടെ സ്പർശനത്തിന്റെ ഉത്തേജനമില്ലാതെ മലമൂത്രവിസർജനം ചെയ്യാനും പ്രസവ അറയിൽ നിന്നു പുറത്തുവരാനും കഴിയുന്നു.

ഒറ്റയ്ക്കാകുമ്പോഴും അപരിചിത സാഹചര്യങ്ങളിലും ശബ്ദമുണ്ടാക്കാൻ പഠിക്കുന്നു കൂട്ടത്തിലെ നായ്ക്കുട്ടികളുമായി കളിക്കാനും ശണ്ഠ കൂടാനും മുറുമുറുക്കാനും മുരളാനുമൊക്കെ തുടങ്ങുന്നു. ഈ സമയത്തു ചെറിയ ചെറിയ പ്രചോദനങ്ങൾ, പ്രേരണകൾ ഉത്തേജനങ്ങൾ എന്നിവ നൽകുന്നതു വളർച്ചയെ ഏറെ സഹായിക്കും

പ്രായം 3-12 ആഴ്ച‍‍

ഇക്കാലത്തെ അനുഭവങ്ങളാണ് നായ്ക്കളുടെ സ്വഭാവരൂപീകരണത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നതെന്നു പഠനങ്ങളിൽ കണ്ടിട്ടുണ്ട്. ഈ കാലഘട്ടത്തിലാണ് മിക്കവരും നായ്ക്കുട്ടികളെ വാങ്ങാറുള്ളതും അവ പുതിയ വീടുകളിൽ ചേക്കേറുന്നതും.

നായ്ക്കുട്ടികൾ ഈ സമയത്ത് കൂടുതൽ സ്വതന്ത്രരാണ്. മലമൂത്ര വിസർജനത്തിനു പ്രത്യേക സ്ഥലം തിരഞ്ഞെടുക്കുന്ന സമയമായതിനാൽ യഥാസ്ഥലത്ത് ഇതു നടത്താൻ പരിശീലിപ്പിക്കാം. ചലിക്കുന്ന വസ്തുക്കളെ, വിശേഷിച്ച് മറ്റു നായ്ക്കളെയും മനുഷ്യരെയും പിൻതുടരുന്നു. കളികൾക്കിടെ കുരയ്ക്കാനും കടിക്കാനും തുടങ്ങുന്നു. ആശയവിനിമയത്തിന്റെ ഭാഗമായി കൈകൾ ഉയർത്താനും വാലാട്ടാനും തുടങ്ങുന്നു. സ്ഥലങ്ങളോടും വ്യക്തികളോടും വൈകാരികബന്ധം സ്ഥാപിച്ചെടുക്കുന്ന സമയവുമാണിത്.

വിനോദങ്ങളും കളികളും മുഴുവൻ സമയ പ്രവർത്തനമാകുന്നു. സമൂഹത്തിൽ പുലർത്തേണ്ട മര്യാദകളെക്കുറിച്ചും സ്വീകാര്യവും അസ്വീകാര്യവുമായ പെരുമാറ്റങ്ങളെക്കുറിച്ചും കളികളിലൂടെത്തന്നെ മനസിലാക്കുന്നു.

കളികൾക്കിടയിൽ കളിക്കൂട്ടുകാരനു സമ്മാനിച്ച കടിയുടെ വീര്യം അൽപം കൂടിയതു കാരണമാണ് കൂട്ടുകാരൻ കരയുന്നതും കളി നിർത്തുന്നതുമെന്നു തിരിച്ചറിയാൻ ഇക്കാലത്തു നായ്ക്കുട്ടിക്കു കഴിയും . അതിനാൽ നല്ല പെരുമാറ്റത്തിനു സമ്മാനം നൽകിയും മോശം പെരുമാറ്റത്തിനു ചെറിയ ശിക്ഷ നൽകിയും ചെറിയ പാഠങ്ങൾ പഠിപ്പിക്കാൻ പറ്റിയ സമയമാണിത്.

സാമൂഹിക ജീവിതത്തിലെ അധികാര ശ്രേണിയെക്കുറിച്ചും ഈ സമയത്തു പഠിക്കുന്നു. ഈ സമയത്തെ അനുഭവങ്ങളുടെ കുറവ് നായ്ക്കളുടെ സ്വഭാവവികാസത്തെ ബാധിക്കും. നായ്ക്കുട്ടികൾക്ക് ഈ പ്രായത്തിൽ വിശേഷിച്ച്, ഏഴാഴ്ച പ്രായം മുതലെങ്കിലും പുതിയ അനുഭവങ്ങൾക്കുള്ള സാഹചര്യമുണ്ടാക്കണം.

വിശേഷിച്ച് കാഴ്ചകൾ, ശബ്ദങ്ങൾ, നടക്കുന്ന പ്രതലം, ഭക്ഷണം, ആളുകൾ, സ്ഥലങ്ങൾ എന്നിവയിൽ. എന്നാൽ ഒരു കാര്യം ഓർക്കുക. ഇത്തരം അനുഭവങ്ങൾ മിതമായ രീതിയിലായിരിക്കണം,. അമിതമായ അനുഭവങ്ങൾ, ഭയം, മോശം പ്രതികരണം എന്നിവയ്ക്കും കുറഞ്ഞ അനുഭവങ്ങൾ, ആശങ്ക, മോശം മാസികാവസ്ഥ എന്നിവയിലേക്കും നയിക്കും.

മറ്റു നായ്ക്കളുമായി 3-8 ആഴ്ച പ്രായത്തിലും, മനുഷ്യരുമായി 5-12 ആഴ്ച പ്രായത്തിലും പുതിയ പരിതസ്ഥിതികളുമായി 10-18 ആഴ്ച സമയത്തിലുമാണ് ഇഴുകിച്ചേരുകയും ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നത്.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നായ്ക്കുട്ടിയെ പുതിയ വീട്ടിലേക്ക് എത്തിക്കേണ്ടത് എട്ടാഴ്ച പ്രായത്തിലാകണമെന്നു വിദഗ്ധർ ഉപദേശിക്കുന്നത്. അമ്മയുമായും സഹോദങ്ങളുമായും മറ്റു നായ്ക്കളുമായും മനുഷ്യരുമായി ഇടപഴകാൻ അവസരം ലഭിക്കാത്ത നായ്ക്കൾ പിൽക്കാലത്ത് മറ്റു നായ്ക്കളോടു പേടിയോ വിരോധമോ അക്രമസ്വഭാവമോ പുലർത്തുന്നതു കാണാം.

വളരെ നേരത്തെ തള്ളയിൽ നിന്നു മാറ്റി തീറ്റ കൊടുത്തു വളർത്തുകയാണെങ്കിൽ നായ്ക്കുട്ടികൾ മനുഷ്യനുമായി സ്നേഹബന്ധം സ്ഥാപിച്ചെടുക്കുമെങ്കിലും മറ്റു നായ്ക്കളുമായി അടുപ്പം കുറവായിരിക്കും.

നേരേ മറിച്ച്, മറ്റു നായ്ക്കളുമായി ഇടപഴകാൻ കുറച്ചു സമയം നൽകിയശേഷം മാത്രം തള്ളയിൽ നിന്നു മാറ്റുന്നത് മനുഷ്യരും മറ്റു നായ്ക്കളുമായി നല്ല ബന്ധം സ്ഥാപിക്കാൻ സഹായിക്കുന്നു. എന്നാൽ മുതിർന്നു പോയാൽ സ്വന്തം വർഗത്തോടു മാത്രം അടുപ്പവും മനുഷ്യബന്ധം കുറവുമായിരിക്കുമെന്ന പ്രശ്നവുമുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ 3-12 ആഴ്ച നീണ്ടുനിൽക്കുന്ന സഹവാസപ്രിയ കാലഘട്ടമാണ് നായ്ക്കുട്ടി ഭാവിയിൽ എങ്ങനെയുള്ള നായയായിത്തീരുമെന്ന് തീരുമാനിക്കുന്നത്.

മൂന്നാം മാസം മുതൽ

അടിസ്ഥാന പെരുമാറ്റരീതിയിൽ മാറ്റങ്ങളൊന്നും വരുന്നില്ലെങ്കിലും ചലനങ്ങളിലും വേഗത്തിലും വ്യത്യാസം വരുന്നു. ഈ കാലഘട്ടത്തിന്റെ തുടക്കത്തിൽ നായ്ക്കുട്ടികൾ പഠനകഴിവിൽ പൂർണ വളർച്ചയെത്തുന്നു.

പ്രത്യുൽപാദനക്ഷമത കൈവരിക്കുന്നു. ഇത് 6-14 മാസക്കാലയളവിൽ സംഭവിക്കാം.18-36 മാസം പ്രായത്തിൽ സാമൂഹികപരമായി നായക്കൾ പൂർണ വികാസം പ്രാപിക്കുന്നു. എന്നാൽ മനുഷ്യൻ ഇണക്കി വളർത്തിയതിനാൽ പ്രായപൂർത്തിയെത്തിയാലും ചില കുട്ടിത്തങ്ങളും കളികളും നായ്ക്കളിൽ സ്വഭാവങ്ങളായി ശേഷിക്കും.

ഫോൺ: 9446203839

ബോർബുൾ: സുന്ദരനായ കാവൽക്കാരൻ

വീടിനും വീട്ടുകാർക്കും നല്ല കാവൽക്കാരനാണ് ബോർബുൾ ഇനം നായ. ജന്മനാട് ദക്ഷിണാഫ്രിക്കയാണ്. ഇതിനെ സൗത്ത് ആഫ്രിക്കൻ മാസ്റ്റിഫ് എന്നും വിളിക്കാറുണ്ട്. ആഫ്രിക്കയിൽ ബോർ എന്നാൽ ഫാർമർ (കർഷകൻ) എന്നർഥം.

ചാരം, തവിട്ട്, ചുവപ്പു കലർന്ന തവിട്ട് തുടങ്ങി പല നിറങ്ങളിലുമുള്ള ബോർബുൾ നായകളുണ്ട്. ചതുരാകൃതിയിൽ വീതിയുള്ള പരന്ന തല, മൂക്കിന് കറുപ്പുനിറം, വിടർന്ന നാസാദ്വാരങ്ങൾ, V ആകൃതിയിൽ തൂങ്ങിനിൽക്കുന്ന ചെവികൾ, ബലമേറിയ കഴുത്ത്, വിസ്താരമുള്ള നെഞ്ച്, മുകളിലേക്ക് ഉന്തിനിൽക്കുന്ന ചെറിയ വാൽ... സൗന്ദര്യമുള്ള ആകാരം.

സവിശേഷതകൾ
ബുദ്ധിമാൻ, വിശ്വസ്തൻ, ശാന്തശീലൻ — പക്ഷേ അപരിചിതരോട് പരുക്കൻ സ്വഭാവം. ഉടമസ്ഥരെ രക്ഷിക്കാൻ സ്വന്തം ജീവൻ ബലി കൊടുക്കുന്ന സ്വഭാവം. വീട്ടുകാരോടും കുട്ടികളോടും വലിയ ഇഷ്ടം. ഓടിക്കളിക്കാൻ താൽപ്പര്യപ്പെടുന്ന ഇവ ചെറിയ സ്ഥലത്ത് ഒതുങ്ങിയിരിക്കില്ല. എപ്പോഴും കുടുംബാംഗങ്ങളുമായുള്ള സാമീപ്യം ഇഷ്ടപ്പെടുന്നു. മാനസികോല്ലാസത്തിനും ശാരീരികക്ഷമതയ്ക്കുമായി ദിവസവും നടത്തണം.

ആയുസ് 12—15 വർഷം. ഒരു പ്രസവത്തിൽ 7 മുതൽ 12 വരെ കുഞ്ഞുങ്ങൾ. ചെറിയ രോമങ്ങൾ. ആൺ നായകൾക്ക് പെൺനായയെക്കാൾ വലുപ്പം. ആൺനായയുടെ ഉയരം 64 മുതൽ 70 സെ.മീറ്റർ വരെ. പെൺനായയുടേത് 59 മുതൽ 65 സെ.മീറ്റർ വരെ. തൂക്കം 70 കിലോ മുതൽ 90 കിലോ വരെ.

വിലാസം: മുൻ ഡപ്യൂട്ടി ഡയറക്ടർ (മൃഗസംരക്ഷണ വകുപ്പ്), ശ്രീരാമമന്ദിരം, പൂങ്കുന്നം, തൃശൂർ —680 002, ഫോൺ: 99474 52708

ദത്തെടുക്കാം; നാടൻ നായ്ക്കുട്ടികളെയും

തൃശൂരിൽ ആദ്യമായി നാടൻ നായ്ക്കുട്ടികളെ ദത്തെടുക്കുന്ന പദ്ധതി ആരംഭിക്കുന്നു. പൂങ്കുന്നം ഹരിശ്രീ വിദ്യാലയത്തിനു സമീപമുള്ള പ്ലേ ഹൗസിൽ അനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരമുള്ള പീപ്പിൾ ഫോർ ആനിമൽ വെൽഫെയർ സർവീസ് ആണ് പദ്ധതിയൊരുക്കുന്നത്. ഏകദേശം ഒന്നു മുതൽ മൂന്നു മാസം വരെ പ്രായമായ നാടൻ നായ്ക്കുട്ടികളെ എല്ലാവിധ പ്രതിരോധ കുത്തിവയ്പ്പുകളും നടത്തി ആവശ്യമുള്ള ആളുകൾക്കു സൗജന്യമായി നൽകുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം.

സാധാരണ നാടൻ നായ്കൾ വിദേശ ബ്രീഡ് നായ്കളെ അപേക്ഷിച്ചു വളരെ മികച്ച രോഗപ്രതിരോധ ശേഷിയും ബുദ്ധിശക്തിയും സ്നേഹവും ഉള്ളവയാണെന്നതിനാൽ ഇവയെ വീട്ടുകാവലിന് ഉപയോഗിക്കാൻ അനുയോജ്യമാണ്.തൃശൂർ കോർപറേഷൻ പരിധിയിൽ തെരുവുനായ്ക്കളുടെ വർധനവ് ഒരു പരിധിവരെ കുറയ്ക്കുവാൻ ഈ പദ്ധതി പ്രയോജനകരമാവും എന്നാണ് പ്രതീക്ഷ. തെരുവുനായ്ക്കളുടെ വർധനവിന് കടിഞ്ഞാണിടുവാൻ സംഘടന ‘അനിമൽ ബർത്ത് കൺട്രോൾ’ എന്ന പദ്ധതിക്കും തുടക്കം കുറിക്കുന്നുണ്ട്. 2014 മേയ് മാസത്തിൽ എട്ടു ദിവസം കൊണ്ട് 160-ഓളം നായ്ക്കളെ സംഘടന വന്ധ്യകരണത്തിനു വിധേയമാക്കിയിരുന്നു.

അനിമൽ വെൽഫെയർ ബോർഡിന്റെ നിബന്ധനകൾ അനുസരിച്ച് തെരുവുനായ്ക്കളെ വന്ധ്യകരണം ചെയ്ത് മൂന്നു ദിവസം നിരീക്ഷണത്തിൽ വച്ച് പിടിച്ച അതേ സ്ഥലത്ത് തന്നെ കൊണ്ടുവിടുക എന്നതായിരുന്നു പദ്ധതി.ഇതിനായി ഒരു നായയ്ക്ക് 1200 രൂപ ചെലവ് വരും. തുകയുടെ പകുതി സംഖ്യ കോർപറേഷൻ നൽകിയാൽ വന്ധ്യംകരണം നടത്താൻ തയാറാണെന്നു സംഘടന കോർപറേഷൻ അധികാരികളെ അറിയിച്ചിരുന്നു.പദ്ധതി തൃശൂരിൽ നടപ്പിലാവുകയാണെങ്കിൽ രണ്ടു വർഷത്തിനുള്ളിൽ തെരുവുനായ വർധനവ് പൂർണമായും തടയാനാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. സൗജന്യമായി നായ്ക്കുട്ടികളെ വേണ്ടവർ വിളിക്കേണ്ട ഫോൺ: 9567850809.

കൊച്ചിയുടെ ഓമനകൾ

കൊച്ചിയുടെ ഇപ്പോഴത്തെ ഓമനകൾ പൂച്ചകളാണ്. പൂച്ചകളെ വളർത്തുന്നവരുടെ എണ്ണം നഗരത്തിലും പരിസരത്തും കൂടുകയാണ്. പൂച്ച പ്രേമത്തിനു പിന്നിൽ ചില കാര്യങ്ങളുണ്ട്. പല ഫ്ലാറ്റുകളിലും നായ്ക്കളെ വളർത്താൻ നിയന്ത്രണമുണ്ടെങ്കിലും പൂച്ചകളെ അനുവദിക്കാറുണ്ട്. തെരുവു നായ്ക്കളുടെ പ്രശ്നവും നായ്ക്കളെ വളർത്താൻ ലൈസൻസ് എടുക്കേണ്ടി വരുമെന്ന പ്രചാരണവുമെല്ലാം ഈ പൂച്ചപ്രേമത്തിനു വഴിയൊരുക്കി.

എന്തായാലും പൂച്ചകൾക്കും പൂച്ചകളെ വിൽക്കുന്നവർക്കും കോളായി. ഇവിടെയും വിദേശികൾക്കാണു ഡിമാൻഡ്! വാലിൽ നിറയെ രോമങ്ങളുള്ള പേർഷ്യൻ പൂച്ചകൾക്കാണു പ്രിയം. നിലവാരമുള്ള പേർഷ്യൻ പൂച്ചകൾക്കു വില 16,000 മുതൽ 20,000 രൂപ വരെയാണ്. കാര്യമായിട്ടാണു പൂച്ചവളർത്തൽ–പേ വാക്സിനേഷൻ, വന്ധ്യംകരണം എന്നിവയൊക്കെ കൃത്യമായി ചെയ്യും.

ഓന്തു മുതൽ എലിവരെ

ഓമന മൃഗങ്ങളിൽ 75% നായ്ക്കളും 15% പൂച്ചകളുമാണെങ്കിൽ ബാക്കി 10% വേറൊരാളുണ്ട്. ഇഗ്വാന എന്ന വലിയ ഓന്ത്– ഇതിന്റെ കുഞ്ഞിനു 12,000–15,000 വിലയുണ്ട്. ഹാംസ്റ്റർ എന്ന ചെറിയ എലി–ജോഡിക്ക് 1000 രൂപയാണ്. ഗിനി പിഗ്–500 രൂപ, അണ്ണാനെ പോലിരിക്കുന്ന ഷുഗർ ഗ്ലൈഡർ–12,000 രൂപ.പക്ഷികളുടെ വലിയ നിരതന്നെയുണ്ട്. മക്കാവ് എന്ന ആഫ്രിക്കൻ തത്തയ്ക്ക് ഒന്നര ലക്ഷം വരെയാണു വില. ഗ്രേ പാരട്ട്–30,000–35,000. ലവ് ബേഡ്സ് പഴയ പോലെ തന്നെ വ്യാപകമാണ്. എല്ലാതരം പക്ഷികൾക്കും പ്രത്യേക തീറ്റയും വാങ്ങാൻ കിട്ടും.

വില കേട്ടാൽ ഞെട്ടും

നായ്ക്കളുടെ വില നിശ്ചയിക്കുന്നത് പല ഘടകങ്ങളാണ്. 1. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തവ. 2. കെന്നൽ ക്ലബ്ബിന്റെ പെഡിഗ്രി സർട്ടിഫിക്കറ്റ് ഉള്ള മാതാപിതാക്കളുടെ കുട്ടികൾ. 3. മൽസരങ്ങളിൽ പങ്കെടുത്തു ചാംപ്യനായ നായയുടെ കുട്ടി. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന മികച്ചയിനം നായ്ക്കൾക്ക് ഒരു ലക്ഷം മുതൽ ഒന്നരലക്ഷം വരെ വിലയുണ്ട്. കൊച്ചിയിൽ ഇങ്ങനെ വിമാനമിറങ്ങിയ നായ്ക്കൾ ഒട്ടേറെയാണ്.

സൈബീരിയൻ ഹസ്കി എന്നൊരിനത്തിനാണ് ഇപ്പോൾ ഡിമാൻഡ്. കണ്ടാൽ കുറുക്കനെപ്പോലെ. 40,000–50,000 രൂപ വിലയുണ്ട്. സെന്റ് ബർണാഡ് എന്ന മറ്റൊരിനത്തിനും ഇഷ്ടക്കാർ കൂടുതലാണ്. ഇവയെല്ലാം തണുപ്പുരാജ്യങ്ങളിലെ നായ്ക്കളാണ്. വൻ വില കൊടുത്തു വാങ്ങിയാലും കൊച്ചിയിലെ കൊടും ചൂടിൽ കഷ്ടപ്പെടും. പലപ്പോഴും എസി മുറികളിലാകും ഇത്തരം നായ്ക്കളെ പാർപ്പിക്കാറ്. റോട്ട്‌വെയ്‌ലറിനും വൻ ഡിമാൻഡാണ്. ഇറക്കുമതി ചെയ്തതിന് ഒരു ലക്ഷം വരെ വിലവരും. പെഡിഗ്രി സർട്ടിഫിക്കറ്റുള്ളവയ്ക്കു 40,000 രൂപ വരെ വിലയുണ്ട്. ഇതൊന്നുമല്ലാത്തവ 15,000 രൂപയ്ക്കു കിട്ടും.

അൽസേഷ്യൻ അഥവാ ജർമൻ ഷെപ്പേർഡിന് 25,000–30,000 രൂപവരെ വിലയുണ്ട്. ഡോബർമാനും അതേ വില. നിലവാരമുള്ള നായ്ക്കളുടെ വിലയാണിത്. ഡാഷ്ഹണ്ട്– 5000–6000. ലാബ്രഡോർ–കൂടിയ ഇനം–10,000–15,000. സാദാ ഇനം–6000–7000 രൂപ. നല്ലയിനം പഗിന് 12,000, സാദായെങ്കിൽ 7000.

പെറ്റ് ഷോപ്പുകൾ പെരുകുന്നു

ഇപ്പോൾ നാൽപതോളം പെറ്റ് ഷോപ്പ് നഗരത്തിലുണ്ട്. ഇവിടങ്ങളിലെ സാധനങ്ങളുടെ വൈവിധ്യം കണ്ടാൽ അത്ഭുതം തോന്നും. ഇവ വാങ്ങാനെത്തുന്നവർക്കു പലപ്പോഴും വില പ്രശ്നമേയല്ല. നായക്കും പൂച്ചയ്ക്കും സുഖമായി കിടക്കാൻ പതുപതുത്ത കിടക്ക വരെയുണ്ട്.പൂച്ചയ്ക്കു കെട്ടാനുള്ള മണി–100 രൂപ. കുഷൻ ബെഡിനു 350–450 രൂപ. പട്ടിക്കും പൂച്ചയ്ക്കും ബോഡി സ്പ്രേ–140 രൂപ. കുളിപ്പിക്കാൻ ഷാംപൂ–90 രൂപ. നായ്ക്കും പൂച്ചയ്ക്കും ഡ്രസ്–450 രൂപ. രോമം മിനുങ്ങാൻ ടോണിക്–120 രൂപ മുതൽ.

പുത്തൻ പേരുകൾ

നായ്ക്കൾക്കിടുന്ന പേരുകളിലും മാറ്റമായി. പഴയ ടിപ്പുവും കൈസറും മാറി മലയാളം പേരുകളും കടന്നുവന്നു. അപ്പു, അമ്മു, ചിന്നു എന്നിങ്ങനെ പോകുന്നു പേരുകൾ. സംവിധായകനും നടനുമായ ലാലിന്റെ നായ്ക്കളുടെ പേരുകൾ ടാങ്ക്, സ്പാ, സ്റ്റോം...

പൊങ്ങച്ചമല്ല; ഇത് ഇഷ്ടം

പൊങ്ങച്ചത്തിനുവേണ്ടി നായ്ക്കളെയും പൂച്ചകളെയും വളർത്തുന്ന രീതി ഇപ്പോഴില്ലെന്നു ബ്രീഡർമാരും ഡോക്ടർമാരും പറയുന്നു. നായ്, അല്ലെങ്കിൽ പൂച്ചയെ ഇഷ്ടംകൊണ്ടു തന്നെയാണു വളർത്തുന്നത്. പ്രദർശനങ്ങൾക്കോ പൊങ്ങച്ചത്തിനോ വളർത്തുന്നവർ വളരെ കുറവാണ്. പണ്ടു പൊങ്ങച്ചത്തിന്റെ ചിഹ്നമായി കരുതിയിരുന്ന പോമറേനിയൻ ഉദാഹരണം. പോമറേനിയനെ വളർത്തുന്നവർ ഇപ്പോൾ കുറവാണ്. വോഡഫോൺ പരസ്യത്തിലെ പഗിന് ഇപ്പോഴും താരത്തിളക്കമുണ്ട്. ചെറിയ ഇനം നായ്ക്കളാണ് ഇപ്പോഴത്തെ ട്രെൻഡ്. ബീഗിൾ, ഷിക്സു എന്നിവയെത്തേടി എത്തുന്നവർ കൂടുകയാണ്.

ഫ്ലാറ്റുകളിൾ ഓമന മൃഗങ്ങളെ വിലക്കിയപ്പോൾ ചില മൃഗപ്രേമികൾ നിയമനടപടിയിലേക്കു തിരിഞ്ഞു. മൃഗക്ഷേമ ബോർഡിൽ നിന്ന് ഇത്തരക്കാർ അനുകൂല ഉത്തരവും സമ്പാദിച്ചു. പക്ഷേ പ്രായോഗിക തലത്തിൽ ഇതു ബുദ്ധിമുട്ടാണ്. മറ്റു ഫ്ലാറ്റ് ഉടമകളുടെ നിസ്സഹകരണമാണ് ഒരു പ്രശ്നം. വാടകക്കാരാണെങ്കിൽ ഒഴിയാൻ ആവശ്യപ്പെടും. അതുകൊണ്ടു ഫ്ലാറ്റിലെ താമസക്കാർ നായ്ക്കളെ വളർത്തുന്നതു വളരെ കുറവാണ്.

നായ്ക്കൾക്കും വേണം ശ്മശാനം

മുന്തിയ ഇനം നായ് തെരുവിൽ അലഞ്ഞു നടക്കുന്നതു കാണുന്നുണ്ടോ? എങ്കിൽ അവ ഉപേക്ഷിക്കപ്പെട്ടവയാകാം. അല്ലെങ്കിൽ വീടുവിട്ടു വിരണ്ടോടിയവയാകാം. ഇടിവെട്ടുമ്പോഴും വലിയ ശബ്ദം കേൾക്കുമ്പോഴും നായ്ക്കൾ വിരണ്ടു ലക്ഷ്യമില്ലാതെ ഓടാറുണ്ട്.നായ്ക്കളെയും പൂച്ചകളെയും മോഷ്ടിക്കുന്നവരുമുണ്ട്. അങ്ങനെ മോഷ്ടിക്കപ്പെടുന്ന നായ് ഉടമസ്ഥന്റെ വീടു തേടി ചാടിപ്പോകാറുണ്ട്. പലപ്പോഴും ഇവ വീട്ടിലെത്താനാകാതെ അലഞ്ഞു തിരിയുന്നു.

നായ്ക്കൾ ചത്താൽ സംസ്കരിക്കാൻ ഇടമില്ലെന്നതാണു ഒരു പ്രധാന പ്രശ്നം. എവിടെ കുഴിച്ചു മൂടും? വീട്ടിലെ അംഗത്തെപ്പോലെ വളർത്തിയതിനാൽ വഴിയിൽ ഉപേക്ഷിക്കാനാകില്ല. മൃഗങ്ങളെ സംസ്കരിക്കാൻ ഒരിടം നഗരസഭ ഒരുക്കണമെന്ന് ഓമനമൃഗങ്ങളെ ചികിൽസിക്കുന്ന ഡോ.സുനിൽ പറയുന്നു. മൃഗങ്ങളുടെ ഭക്ഷണത്തിനു ഗുണനിലവാര പരിശോധനയും ഏർപ്പെടുത്തണം. നായ്ക്കൾക്കു ചർമ രോഗങ്ങളും കിഡ്നി രോഗങ്ങളും കൂടുതലായി കാണപ്പെടുന്നുണ്ട്. പ്രോട്ടീൻ കൂടുതൽ കലർന്ന ഡോഗ് ഫുഡാണു വില്ലനെന്നു തോന്നുന്നുവെന്നല്ലാതെ ശാസ്ത്രീയ തെളിവില്ല. അതാണു ഗുണനിലവാരം കർശനമാക്കണമെന്ന വാദത്തിനു പിന്നിൽ.

ഭക്ഷണവും ചെലവാണ്

ഓമനമൃഗങ്ങളുടെ ഭക്ഷണകാര്യത്തിൽ ഉടമസ്ഥർക്കു പ്രത്യേക ശ്രദ്ധയാണ്. പൂച്ചകൾക്കും നായ്ക്കൾക്കുമുള്ള ഭക്ഷണം പെറ്റ്ഷോപ്പുകളിൽ മാത്രമല്ല സൂപ്പർമാർക്കറ്റുകളിലും കിട്ടും. ഇവയുടെ വിൽപന കുതിച്ചു കയറുകയാണ്. കഴിഞ്ഞ വർഷം ഒരു പ്രത്യേക ബ്രാൻഡ് ഡോഗ് ഫുഡ് 20 ടൺ വിറ്റവർ ഇക്കൊല്ലം 32 ടണ്ണാണു ലക്ഷ്യമിടുന്നത്. കുഞ്ഞിലേ തന്നെ ഇത്തരം ഭക്ഷണം ശീലിപ്പിക്കുന്നതിനാൽ അതൊഴികെ വേറൊന്നും കഴിക്കാതാകും. മീൻ തിന്നാത്ത പൂച്ചയുണ്ടോന്നു ചോദിച്ചാൽ ഉണ്ട്! ക്യാറ്റ് ഫുഡ് തിന്നു ശീലിച്ച പൂച്ചകൾ പച്ചമീൻ തൊടില്ല. മീൻ മണവും രുചിയുമുള്ള ക്യാറ്റ്ഫുഡ് തിന്നും, പക്ഷേ മീൻ മുറിച്ചിട്ടു കൊടുത്താൽ മാറിയിരിക്കും!

ഈ തീറ്റയ്ക്കൊക്കെ എന്താ വില! 450 ഗ്രാമിനു 180 രൂപയോളമാകും. നായ് ബിസ്ക്കറ്റും ഇറച്ചി മണമുള്ള കറികളും എല്ലുകളുമെല്ലാം ചേരുന്ന ഭക്ഷണ വൈവിധ്യം കാണുമ്പോൾ നായ് ആയി ജനിച്ചാൽ മതിയായിരുന്നു എന്നാരെങ്കിലും വിചാരിച്ചാൽ അത്ഭുതപ്പെടാനില്ല

ആവശ്യത്തിനിണങ്ങിയ നായ ജനുസ്സുകൾ

യജമാന സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും പ്രതീകങ്ങളാണ് നായ്ക്കൾ. കന്നുകാലികളുടെ കാവൽക്കാരായി ആദിമ മനുഷ്യർ ഉപയോഗിച്ച നായ്ക്കൾ ഒടുവിൽ അരുമകളും വിനോദോപാധിയും പ്രദർശനവസ്തുക്കളുമായി മാറി. കേവലം ഒരു കിലോ ശരീരഭാരവും പതിനഞ്ചു സെൻറിമീറ്റർ ഉയരവുമുള്ള ഷിവാവ മുതൽ നൂറു കിലോയ്ക്കടുത്ത് ശരീരഭാരം വരുന്ന സെൻറ് ബർണാഡും ഒരു മീറ്ററോളം ഉയരം വയ്ക്കുന്ന ഐറിഷ് റൂൾഫ് ഹൗണ്ട് വരെയുള്ള ജനുസ്സുകൾ ഇന്നു പ്രചാരത്തിലുണ്ട്.

നായ ജനുസ്സുകളെയും അവയുടെ ഗ്രൂപ്പുകളെയും കുറിച്ചുള്ള അറിവ് നമ്മുടെ സാഹചര്യത്തിനും ആവശ്യങ്ങൾക്കും ഇണങ്ങിയ ഇനത്തെ തിരഞ്ഞെടുക്കാൻ സഹായിക്കും. ആദ്യം നായജനുസ്സുകളിലെ പ്രധാന ഗ്രൂപ്പുകളെ പരിചയപ്പെടാം.

വേട്ട നായ്ക്കൾ (Gun Dogs)

വെടിയേറ്റു വീഴുന്ന ഇരയെ വേട്ടക്കാരന്റെ അടുത്ത് എത്തിക്കാനും ഇരകളെ ഒളിച്ചിരിക്കുന്ന സ്ഥലങ്ങളിൽനിന്നു പുറത്തു ചാടിക്കാനും ഉപയോഗിച്ചിരുന്ന നായ്ക്കളാണ് ഈ വിഭാഗത്തിൽ. സ്നേഹവും ബുദ്ധിശക്തിയും ശാന്തശീലവുമുള്ള മികച്ച കാവൽക്കാരാണ് ഇവർ. നല്ല തോതിലും ഗുണത്തിലും ഭക്ഷണവും വ്യായാമവും ഇവർക്കാവശ്യമാണ്. ലാബ്രഡോർ റിട്രീവർ, ഗോൾഡൻ റിട്രീവർ, ഐറിഷ് സെറ്റർ, കോക്കർ സ്പാനിയൽ, പോയിൻറർ, വീമാരനർ എന്നീ ജനുസ്സുകളാണ് ഈ ഗ്രൂപ്പിലെ പ്രമുഖർ.

ജോലി നായ്ക്കൾ (Working Dogs)

വളർത്തുമൃഗങ്ങളുടെ വിശേഷിച്ച് ചെമ്മരിയാട്ടിൻപറ്റങ്ങളുടെ കാവൽക്കാരാണ് ഇവർ. സംരക്ഷണമാണ് ജന്മസ്വഭാവം. ഉയർന്ന ശരീരഭാരം, ഉത്സാഹം, ചുറുചുറുക്ക്, സൗന്ദര്യം തുടങ്ങിയ ഗുണങ്ങളാൽ സമ്പന്നർ. കാവലിനും കായികാഭ്യാസങ്ങൾക്കും മിടുക്കർ. ജർമൻ ഷെപ്പേർഡ് (അൽസേഷൻ), ഡോബർമാൻ, ബോക്സർ, കോളി, ഗ്രേൻ ഡെയ്നം, ബുൾ മാസ്റ്റിഫ്, റോട്ട് വീലർ, നിയോ പൊളിറ്റൻ മാസ്റ്റിഫ്, സെയ്ന്റ് ബെർണാഡ്, സൈബീരിയൻ ഹസ്കി തുടങ്ങിയ ജനപ്രിയ ഇനങ്ങൾ ഈ വിഭാഗത്തിലാണ്.

പ്രത്യേക ജോലിക്കാർ (Utility Breeds)

പ്രത്യേക ആവശ്യത്തിനായി ഉരുത്തിരിച്ചെടുത്തവർ. സ്നേഹവും ആത്മാർഥതയുമുള്ള ഇവർ വീടിനുള്ളിൽ കഴിയാനും സുഹൃദ്ബന്ധം സ്ഥാപിക്കാനും ഇഷ്ടപ്പെടുന്നു. ബുൾഡോഗ്, ഡാൽമേഷൻ സ്പിറ്റ്സ്, പുഡിൽ, ലാസാപ്സോ തുടങ്ങിയ ജനുസ്സുകൾ ഈ വിഭാഗത്തിലാണ്.

ഓമന നായ്ക്കൾ (Toy Breeds)

ഓമനത്തമുള്ള കുഞ്ഞൻനായ്ക്കൾ. യജമാനന്റെ മടിയിലും ഹൃദയത്തിലും സ്ഥാനം പിടിക്കാൻ കഴിവുള്ള ഉറ്റചങ്ങാതിമാരാകാനും കുട്ടികൾക്ക് പ്രിയപ്പെട്ട കളിക്കൂട്ടുകാരാകാനും ഇവർക്കു കഴിയും. കൂടുതൽ സമയവും വീട്ടിനുള്ളിൽ വസിക്കാൻ ഇവർ ഇഷ്ടപ്പെടുന്നു. ഉടമയുമായുള്ള അതി വൈകാരിക ഹൃദയബന്ധമാണ് ഇവരെ വാത്സല്യത്തിന്റെ കൈക്കുമ്പിളിലിരുത്തുന്നത്. ഷിവാവ, പഗ്ഗ്, പൊമറേനിയൻ, പെക്കിൻഗീസ്, മാൾട്ടീസ്, മിനിയേച്ചർ, പിൻഷർ കിങ്, ചാൾസ് സ്പാനിയേൽ തുടങ്ങിയവയാണ് ഈ വിഭാഗത്തിലെ പ്രധാന ഇനങ്ങൾ.

ടെറിയറുകൾ (Terrier Group)

ടെറിയർ ധീരതയുടെ പര്യായമാണ്. വേട്ടയ്ക്കൊരുങ്ങുമ്പോൾ മാളത്തിൽ ഒളിച്ചിരിക്കുന്ന ചെറു ജീവികളെ പിടിക്കാൻ ഇവരെയാണ് ഉപയോഗപ്പെടുത്തിയിരുന്നത്. ശരീരവലുപ്പത്തേക്കാൾ ബലവും നിർഭയത്വവുമാണ് ഇവരുടെ മികവ്. ചെറിയ ശരീരം, പരന്ന തല, നീളമുള്ള മൂക്ക്, ഉയർന്ന വാല്, ഘ്രാണശക്തി എന്നിവ പൊതു സവിശേഷതകൾ. ഉടമയോട് അചഞ്ചലമായ കൂറുള്ളവർ. യോർക്ക് ഷെയർ ടെറിയർ, ബുൾ ടെറിയർ, ഫോക്സ് ടെറിയർ, ജാക്ക് റസൽ ടെറിയർ എന്നിവരാണ് പ്രധാനികൾ.

നാടൻ നായ്ക്കളുടെ ഗരിമ

ഓരോ ദേശത്തും അവരുടെ സ്വന്തം നായ താരമാകുന്നതാണ് പുതിയ ട്രെൻഡ്. ഇന്ത്യൻ ജനുസ്സുകളെ ഹൗണ്ട്സ് വിഭാഗത്തിൽ ഉൾപ്പെടുത്താം. ഇവയെല്ലാം ഓരോ നാടിന്റെയും കാലാവസ്ഥ, ഭൂപ്രകൃതി, ജീവിതരീതി, ജനങ്ങളുടെ അഭിരുചി എന്നിവയനുസരിച്ച് ഉരുത്തിരിഞ്ഞുവന്നതാണ്. വിദേശ ഇനങ്ങൾക്കുവേണ്ട ഫൈവ് സ്റ്റാർ സൗകര്യങ്ങൾ ഇവർക്ക് ആവശ്യമില്ല. എന്നാൽ കരുത്തിലും വേഗത്തിലും ബുദ്ധിയിലും മുമ്പർ. രാജപാളയം, ചിപ്പിപ്പാറ, കന്നി, മലയ്പട്ടി, മുദോൾ ഹൗണ്ട്, രാം പൂർ ഹൗണ്ട്, കോമ്പായ് തുടങ്ങിയവ ഉദാഹരണങ്ങൾ

കേരളത്തിന്റെ താരങ്ങൾ

ലോകത്താകമാനം നാനൂറിനടുത്തു നായ ജനുസ്സുകളുള്ളവയിൽ നൂറോളം ഇനങ്ങൾ ഇന്ത്യയിൽ ലഭ്യമാണ്. കേരളത്തിൽ ഇന്ന് ഏറെ ആവശ്യക്കാരുള്ള, ഏറ്റവുമധികം വളർത്തപ്പെടുന്ന ജനുസ്സുകളെ പരിചയപ്പെടാം.

അൽസേഷൻ

ജനപ്രീതിയിൽ കേരളത്തിൽ നമ്പർ വൺ അൽസേഷൻ എന്നു വിളിക്കുന്ന ജർമൻ ഷെപ്പേർഡ് തന്നെ. ജർമനിയിൽ പിറന്നു ലോകമാസകലം പ്രിയപ്പെട്ടവനായി മാറിയ ഇനം. ഒന്നാം ലോകമഹായുദ്ധകാലം മുതൽ പട്ടാളത്തിലും പൊലീസിലും പണിയെടുക്കുന്ന ഇവരെ എന്തു ജോലിയും പരിശീലിപ്പിച്ചെടുക്കാം. സ്നേഹവും വിശ്വസ്തതയും ധൈര്യവും ഇവയുടെ മുഖമുദ്രകൾ. നല്ല ബുദ്ധിയും ഗ്രഹണശക്തിയുമുള്ള ഇവൻ സദാ ജാഗരൂകനായ കാവൽനായയാണ്. കുട്ടികളുടെ കളിത്തോഴനാകാനും ഇവനു മടിയില്ല. ഉയർന്നു നിൽക്കുന്ന ചെവികൾ, തിങ്ങി വളരുന്ന രോമവുമായി വാളുപോലെ താഴോട്ട് കിടക്കുന്ന വാൽ എന്നിവ സവിശേഷതകൾ. ജന്മനാ കുട്ടികളിൽ ചെവി തളർന്ന് കിടക്കുമെങ്കിലും 3—6 മാസത്തിനുള്ളിൽ നിവരുന്ന, രണ്ടടിയോളം ഉയരവും മുപ്പത് കിലോയിലധികം തൂക്കവുമുള്ള ഇവർക്ക് നിത്യ വ്യായാമം ആവശ്യം. ചെവിയുടെയും രോമത്തിന്റെയും കൃത്യമായ സംരക്ഷണമാണ് പ്രധാന പരിപാലനാവശ്യം. അനുസരണത്തിനു മാതൃകയെങ്കിലും വീട്ടിലെ ഒരംഗത്തെ കൂടുതൽ സ്നേഹിക്കുന്ന ശീലമുണ്ടാകാം. പരിശീലനത്തിന് എളുപ്പം വഴങ്ങും.

റോട്ട് വീലർ

ശൗര്യത്തിന്റെ പ്രതീകം. മാന്യനായ ഭീകരൻ, കില്ലർ ഡോഗ് തുടങ്ങിയ അപരനാമങ്ങൾ കൽപിച്ചുകിട്ടിയത് ഈ രൗദ്രഭാവം കാരണമാണ്. ജന്മദേശമായ ജർമനിയിൽ കച്ചവടക്കാരെയും നാൽക്കാലികളെയും കള്ളന്മാരിൽനിന്നും ശത്രുക്കളിൽനിന്നും സംരക്ഷിക്കുന്ന ജോലി നോക്കിയിരുന്ന ഇവർ പട്ടാളത്തിലും സേവനം ചെയ്തിട്ടുണ്ട്. ഇന്നും എസ്റ്റേറ്റുകളും വിശാലമായ കൃഷിയിടങ്ങളും കാക്കാൻ റോട്ട് വീലറിന്റെ വേഗവും കഠിനാധ്വാനവും ഓർമശക്തിയും വേണം. ക്രൂരമുഖഭാവം മാറ്റി കേരളത്തിലെ വീടുകളോട് ഇണങ്ങിയ ഇവർ തങ്ങൾക്കു കിട്ടുന്ന സ്നേഹം പതിൻമടങ്ങ് തിരിച്ചുനൽകുന്ന കാവൽനായ്ക്കളാണ്. കുഞ്ഞുന്നാളിലേ നല്ല പരിശീലനം നൽകിയാൽ ഇവർ മിടുക്കന്മാരാകും. നല്ല വ്യായാമം വേണം. നീളം കുറഞ്ഞു കട്ടിയുള്ള രോമങ്ങൾ നിത്യവും ചീകി മിനുക്കണം. വാൽ മുറിച്ചെത്തുന്ന ഇവർ കുറ്റിവാലുകൊണ്ട് തിരിച്ചറിയപ്പെടും. 50 കിലോ വരെ തൂക്കവും രണ്ടടി ഉയരവുമുണ്ടാകും. അമിതഭാരം ഒഴിവാക്കണം.

ലാബ്രഡോർ

വാട്ടർ ഡോഗ് എന്നു വിളിക്കാവുന്ന വിധം തണുപ്പും വെള്ളവും ഏറെ ഇഷ്ടപ്പെടുന്ന നീന്തൽക്കാരാണ് ലാബ്രഡോർ റിട്രീവർ. മീൻ പിടിക്കാൻ സഹായിയായി നിന്നാണ് തുടക്കം. പിന്നീടത് പൊലീസ് വകുപ്പിലെ സ്നിഫർ നായയുടെ വേഷത്തിലായി. ഇന്ന് കേരളം നെഞ്ചിലേറ്റിയ പ്രിയ സ്നേഹിതർ. സൗഹൃദഭാവം അൽപം കൂടിയതിൽ കാവൽ നായയുടെ ലിസ്റ്റിൽ പിന്നിലാണ് സ്ഥാനം. ധൈര്യവും അധ്വാനശീലവും ബുദ്ധിശക്തിയുമുള്ള ഇവരെ ആരും ഇഷ്ടപ്പെട്ടുപോകും. കുട്ടികളുടെ കളിത്തോഴരും കുരയ്ക്കാൻ മിടുക്കരുമായ ഇവർക്ക് ദിവസവും വ്യായാമം വേണം. നീളം കുറഞ്ഞ് ഇടതൂർന്ന രോമങ്ങളായതിനാൽ പരിചരണം എളുപ്പമാണ്. അനുസരണശീലവും സൗഹൃദ മനോഭാവവും കൊണ്ട് നായ വളർത്തലിലെ പുതുമുഖങ്ങൾ തിരഞ്ഞെടുക്കുന്ന ഇനമാണ് ഇത്. രണ്ടടി ഉയരമെത്തുന്ന ഇവർക്ക് മുപ്പതു കിലോ വരെ തൂക്കം വരാം.

ഡാഷ്ഹണ്ട് (Dachshund)

സാധാരണ നായ്ക്കളുടെ പകുതി ഉയരവും കുറുകിയ കാലുകളുമുള്ളവർ. മണ്ണിനടിയിലെ പൊത്തുകളിൽ കയറി ചെറിയ ഇരകളെ പിടിക്കാൻ നായാട്ടുകാർ ഇവരെ ഉപയോഗിച്ചിരുന്നു. സ്നേഹവും സമർപ്പണവും കൗശലവുമുള്ളവർ. സൂക്ഷ്മദൃഷ്ടിയെന്ന ഗുണമുണ്ടെങ്കിലും ഇവയെ നല്ല സംരക്ഷകരെന്നു പറയാനാകില്ല. മണ്ണിൽ മാളങ്ങളുണ്ടാക്കി ജന്മസ്വഭാവം കാണിച്ചേക്കാം. വീട്ടിനുള്ളിൽ വളർത്തുമ്പോൾ തൂക്കം മിതമായി നിർത്തണം. ശരീരഭാരം കൂടി നട്ടെല്ലിന് തകരാർ വന്ന് തളർന്നുപോകാനിടയുണ്ട്. നട്ടെല്ലിന്റെ പ്രശ്നങ്ങൾ കൂടുതലുള്ള ഇനം കുറിയ കാലിൽ നടക്കുമ്പോൾ തറയിൽ സ്പർശിച്ച് ത്വക്ക് രോഗങ്ങൾ പിടിപെടാറുണ്ട്. അതിനാൽ കൂടും ശരീരവും വൃത്തിയായി സൂക്ഷിക്കണം. ദിവസവും മിതമായ വ്യായാമം വേണം. നീളം കുറഞ്ഞ രോമമുള്ള ഡാഷ്ഹണ്ട് ഇനത്തിന് രോമപരിചരണം കുറവ് മതിയെങ്കിലും നീളൻ രോമക്കാർക്ക് ക്രമമായ ബ്രഷിങ് വേണം. ശരാശരി ഒരടി ഉയരവും 10 കിലോ തൂക്കവുമുള്ള ഈ ചെറുനായ്ക്കൾ ഊർജവും സ്നേഹവുംകൊണ്ട് മനം കവരുന്നവയാണ്.

പഗ്ഗ്

മൊബൈൽ കമ്പനിയുടെ പരസ്യചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതോടെ തലവര തെളിഞ്ഞു പഗ്ഗ് എന്ന ചൈനക്കാരന്. ചുളിവുകളുള്ള കരി പിടിച്ചതുപോലെയുള്ള ഉരുണ്ട മുഖവും ഉണ്ടക്കണ്ണുകളുമൊക്കെ ചേർന്ന് ആകെയൊരു കോമാളി ലുക്ക്. കവിളിലൊരു മറുകും, ചുരുണ്ട കട്ടിവാലും മധുരമായ പെരുമാറ്റവും കുസൃതിയുമൊക്കെ ചേർന്ന കളിക്കൂട്ടുകാരാണ് ഇവർ. കളിജ്വരം മാത്രമേയുള്ളൂവെന്ന് ചിലപ്പോൾ തോന്നും. കുട്ടികളെ നിഴൽപോലെ പിൻതുടരുന്നു ഇവർ. ഇണങ്ങിയും പിണങ്ങിയും മൃദുല വികാരങ്ങൾ പ്രകടിപ്പിക്കും. നിത്യവും കുറച്ചു വ്യായാമം വേണം. അധിക വ്യായാമം ഇവരെ തളർത്തും. വീട്ടിനുള്ളിലെ സാന്നിധ്യമാകാനാണ് ഇവരുടെ ആഗ്രഹം. കണ്ണ്, ത്വക്ക്, ശ്വാസകോശം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അൽപം കൂടുതലാണ്. ദിവസവും രോമങ്ങൾ ബ്രഷ് ചെയ്യണം. ചൂടുള്ള കാലാവസ്ഥ താങ്ങാൻ കഴിവു കുറഞ്ഞ ഇവർക്ക് പ്രത്യേക വേനൽക്കാല പരിചരണം നൽകണം. ഒരടിയിൽ താഴെ ഉയരമുള്ള ഇവർക്ക് 6—8 കിലോ ശരീരഭാരമേയുള്ളൂ.

ബുൾ മാസ്റ്റിഫ്

ധൈര്യവും രൗദ്രഭാവവും ഇംഗ്ലീഷുകാരനായ ബുൾ മാസ്റ്റിഫിന്റെ സവിശേഷതകൾ. ഊർജസ്വലരായ യജമാനന്മാർക്ക് ഇവർ ഇണങ്ങും. അമിതമായി കുരയ്ക്കില്ലെങ്കിലും ശ്രദ്ധയുള്ള കാവൽക്കാരനും ബുദ്ധിമാനുമാണ്. വലിയ എസ്റ്റേറ്റുകൾക്ക് കാവൽ നിൽക്കാൻ അനുയോജ്യർ. അപരിചിതരെ സംശയദൃഷ്ടിയോടെ നോക്കുന്ന സംരക്ഷകൻ, വലുപ്പമേറിയ തലയും മുഖത്തെ ചുളിവുകളും സിംഹരാജന്റെ പോലുള്ള ചലനങ്ങളും കൊണ്ട് പ്രൗഢിയുള്ള ഇനം. പൊണ്ണത്തടിയന്മാരാകാൻ ഇടയുള്ള ഇവർക്ക് പതിവു വ്യായാമവും ആഹാര ക്രമീകരണവും വേണം. നീളം കുറഞ്ഞ രോമങ്ങൾക്ക് പരിചരണം കുറവു മതി. രണ്ടടിയിലധികം ഉയരവും, 50 കിലോ വരെ തൂക്കവും വരാം. കണ്ണിന്റെ രോഗങ്ങൾ ഇവയുടെ നിത്യപ്രശ്നമാണ്.

ഡോബർമാൻ

ജർമൻകാരനായ ഡോബർമാൻ ബുദ്ധിശക്തിയിലും കൂറിലും യജമാനഭക്തിയിലും മുമ്പിലാണ്. പൊലീസിനും പട്ടാളത്തിനും നല്ല സഹായികൾ. തിടുക്കക്കാരായ ഇവർക്ക് വിശേഷിച്ച് ആൺനായ്ക്കൾക്ക് കൃത്യമായ പരിശീലനം വേണം. ചുറ്റും സ്ഥലം കൂടുതലുള്ള വീടുകളുടെ കാവൽജോലിക്ക് ഇവരെ ഉപയോഗിക്കാം. മുക്കിലും മൂലയിലും തളരാതെ ഓടിയെത്തി ഇവർ കാവൽജോലി ഭംഗിയാക്കും. കള്ളന്മാരെ ഏഴയലത്ത് അടുപ്പിക്കാത്ത ധീരന്മാർ. മനുഷ്യന്റെ പുറത്തേക്ക് ചാടിക്കയറുന്നതും വീടിന്റെ ചുവരുകൾ വൃത്തികേടാക്കുന്നതുമൊക്കെ ദോഷമായി പറയാം. എന്നാൽ ചെറുപ്പത്തിൽ തന്നെ പരിശീലനം നൽകിയാൽ ഈ ദോഷങ്ങൾ ഒഴിവാക്കാം. ദിവസവും വ്യായാമം വേണം. നീളം കുറഞ്ഞ, മിനുസമുള്ള രോമങ്ങൾ പരിചരണം എളുപ്പമാക്കുന്നു. സ്വാഭാവികമായുള്ള നേർത്ത വാൽ ശരീരത്തിന് അഭംഗിയെന്നതിനാൽ കുട്ടിക്കാലത്തുതന്നെ വാൽ മുറിച്ചു മാറ്റി ഭംഗി കൂട്ടുന്ന പതിവുണ്ട്. ഉയരം രണ്ടടി വരെ. തൂക്കം 30—40 കിലോ.

ജാപ്പനീസ് സ്പിറ്റ്സ് (Spitz)

കേരളത്തിൽ പോമറേനിയൻ എന്നു കരുതി വളർത്തുന്ന പല നായകളും സ്പിറ്റ്സ് ആകാനാണ് വഴി. പോമറേനിയൻ താരതമ്യേന കുഞ്ഞൻ നായകളാണ്. കേരളത്തിലേറെ പ്രചാരമുള്ള സ്പിറ്റ്സിന്റെ ചുറുചുറുക്കും അതിസാമർഥ്യവും ശ്രദ്ധേയമാണ്. മൃദു സ്വഭാവമെന്ന് തോന്നുമെങ്കിലും ചിലപ്പോൾ ആക്രമണകാരിയാകും. ഉടമയെയും വീട്ടുകാരെയും സ്നേഹിക്കുമ്പോൾ തന്നെ അപരിചിതരെ അകറ്റി നിർത്തും. കുരയാണ് ഇവരുടെ സഹജ സ്വഭാവം. ചെറിയ ശബ്ദങ്ങൾ കേട്ടാൽപോലും നിർത്താതെ കുരച്ചുകൊണ്ടിരിക്കും. ജപ്പാനിലെ ആഢ്യന്മാരുടെ ഓമനകളായതിനാലാവണം ഉടമയുടെ കിടപ്പറയിൽ കളിപ്പാട്ടമായി ഉറങ്ങാനാണ് ആഗ്രഹം. ദിവസവും വ്യായാമം വേണം. നീളമുള്ള ഇടതൂർന്ന രോമങ്ങൾക്ക് ക്രമമായ പരിചരണവും ബ്രഷിങ്ങും ആവശ്യം. ബോറടിച്ചാൽ ദേഷ്യം വരുന്ന ഇവർ വീട്ടുകാര്യങ്ങളിൽ സഹകരിക്കും. അൽപം മുതിർന്ന കുട്ടികൾക്കിവർ കൂട്ടുകാരാണ്. 5—6 കിലോ തൂക്കവും ഒരടി ഉയരവുമുണ്ടാകും.

ഇവ കൂടാതെ ഗ്രേറ്റ് ഡെയ്ൻ, ബാസ്റ്റ്ഹണ്ട്, നിയോപോളിറ്റൻ മാസ്റ്റിഫ്, ലസാപ്സോ, കോക്കർ സ്പാനിയേൽ, ബീഗിൾ ഗോൾഡൻ റിട്രീവർ, അയറിഷ് സെറ്റർ, ഡാൽമേഷൻ തുടങ്ങിയവയും കേരളത്തിൽ പ്രചാരത്തിലുണ്ട്.

നിങ്ങൾക്കിണങ്ങിയ നായ

നമ്മുടെ ആവശ്യത്തിനു പറ്റിയ ഇനത്തെ തിരഞ്ഞെടുക്കാൻ നായ് ജനുസ്സുകൾ സംബന്ധിച്ച് വിവരങ്ങൾ കൃത്യമായി ശേഖരിക്കണം. ചിത്രങ്ങൾ, വിഡിയോ, ശ്വാനപ്രദർശനങ്ങൾ, കെന്നലുകൾ ഇവയിലൂടെ കൂടുതൽ അറിവ് നേടാം. തിരഞ്ഞെടുക്കപ്പെടുന്ന ഇനത്തിനുവേണ്ട സൗകര്യങ്ങൾ നൽകാൻ തനിക്കു കഴിയുമോ എന്നും നോക്കണം.

ശുദ്ധ ജനുസ്സാണോ സങ്കരമാണോ വേണ്ടതെന്നു മുൻകൂർ തീരുമാനിക്കണം. നായയെ വളർത്തുന്നതിന്റെ കൃത്യമായ ഉദ്ദേശ്യം കണക്കാക്കണം. ഉദാഹരണത്തിന് കാവലിനാണോ അതോ ഓമനിക്കാനാണോ അതല്ല, പ്രജനനവും ശ്വാനപ്രദർശനവുമാണോ. വീട്ടിലെ മറ്റ് അംഗങ്ങളുടെ താൽപര്യം പരിഗണിക്കണം.

നായയുടെ വലുപ്പം, രോമത്തിന്റെ സ്വഭാവം, നായയുടെ സ്വഭാവം, ഉടമയുമായുള്ള ബന്ധത്തിന്റെ പ്രതീക്ഷ, താമസ സ്ഥലത്തിന്റെ സൗകര്യം, നായ വളർത്തലിലെ മുൻപരിചയം, അലർജി, മറ്റ് മൃഗങ്ങളുടെ സാന്നിധ്യം, ജനപ്രിയത, ലഭ്യത എന്നിവയും നായ ജനുസ്സുകളെ തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ടതുണ്ട്.

പല ജനുസ്സുകൾക്കും കൃത്യമായ വ്യായാമം ആവശ്യമാണ്. ഇതിനായി സമയം ചെലവഴിക്കാൻ വീട്ടുകാർക്കു കഴിയുമോയെന്ന് ചിന്തിക്കണം. ശ്രദ്ധിക്കാൻ ആളില്ലാതെ ഒരു സ്ഥലത്തു മുഴുവൻ സമയവും കെട്ടിയിടുന്നതു നന്നല്ല. ഉടമയുടെ ജീവിതശൈലിക്കിണങ്ങുന്ന ഇനമാണ് വേണ്ടത്. ആണോ പെണ്ണോ, നായ്കുട്ടിയോ വലുപ്പമുള്ളതോ എന്നതും സാഹചര്യം അനുസരിച്ച് തീരുമാനിക്കണം. വീട്ടിലെ കുട്ടികളുടെ പ്രായവും മനോഭാവവും പരിഗണിക്കണം. ഇഷ്ടപ്പെട്ട നായ, പൂച്ച, പക്ഷി ഇവയെ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന നിരവധി ചോദ്യാവലികൾ ഇന്റർനെറ്റിൽ ലഭ്യമാണ്. Dog breed selector / Cat breed selector / Pet breed selector എന്നിങ്ങനെ തിരഞ്ഞാൽ ചോദ്യാവലി ലഭിക്കും. ഇവ ഉപദേശമായി പരിഗണിക്കാമെങ്കിലും ഇവയൊന്നും അവസാന വാക്കല്ല എന്നോർക്കണം.

വിലാസം: അസി. പ്രഫസർ, ഡിപ്പാർട്ട്മെന്റ് ഓഫ് എൽപിഎം, വെറ്ററിനറി കോളജ്, മണ്ണുത്തി, തൃശൂർ —680651

Email: drsabinlpm@yahoo.com

ഫോൺ: 94462 03839

വിദേശികൾ പടിക്കു പുറത്ത്

സൈബീരിയൻ ഹസ്കിയും സെയിൻറ് ബെർണാഡുമൊക്കെ സ്വന്തമെന്നു തലയുയർത്തി നാ‌ട്ടുകാരുടെ മുൻപിൽ വിലസാൻ ഇനിയൽപം ബുദ്ധിമു‌ട്ടാകും. കേന്ദ്രസർക്കാരിന്റെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള വാണിജ്യവകുപ്പിന്റെ ഭാഗമായ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) ഏപ്രിൽ 25ന് പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് വാണിജ്യാവശ്യങ്ങൾക്കായോ പ്രജനനത്തിനായോ നായ്ക്കളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.

മൂന്ന് ആവശ്യങ്ങൾക്ക് ഈ നിരോധനത്തിന് ഇളവുണ്ട്. നിയമപരമായ പെറ്റ്ബുക്കുള്ള വളർത്തുനായ്ക്കളെ കൃത്യമായ രേഖകൾ സഹിതം കൊണ്ടുവരാം. ഗവേഷണ സ്ഥാപനങ്ങൾക്ക് മൃഗക്ഷേമബോർഡിന്റെ ശുപാർശയോടെ ഗവേഷണത്തിനായി നായ്ക്കളെ ഇറക്കുമതി ചെയ്യാം. രാജ്യസുരക്ഷയുടെ ഭാഗമായി സൈന്യത്തിനും പൊലീസിനും നായ്ക്കളെ കൊണ്ടുവരാം. ഇന്റർനെറ്റ് വ്യാപാര പോർട്ടലുകൾ വഴി ചുളുവിൽ വിലയേറിയ വിദേശ ഇനങ്ങളെ നാട്ടിലെത്തിച്ചു പ്രജനനം നടത്തി ഞെളിയാൻ ഇനി ബുദ്ധിമുട്ടുമെന്നു ചുരുക്കം. മുൻപൊരിക്കലും കാണാത്തവിധം വേനൽച്ചൂട് ഉയർന്നപ്പോൾതന്നെ മെട്രോനഗരങ്ങളിലെ വെറ്ററിനറി ഡോക്ടർമാരുടെ ഫോണുകൾക്കു വിശ്രമമില്ലാതായിരുന്നു. ഇന്ത്യൻ കാലാവസ്ഥയോട് ഇണങ്ങാൻ കഴിയാത്ത നായ്ക്കളെ സ്വന്തമാക്കിയ ഉ‌ടമകളുടെ പരിഭ്ര‍ാന്തി നിറഞ്ഞ വിളികളായിരുന്നു നല്ല പങ്ക‍ും. അതിനാൽതന്നെ ഈ ന‌ടപടിയെ മൃഗസ്നേഹികളുടെ സംഘടനകൾ സ്വാഗതം ചെയ്യുന്നു.

പൊങ്ങച്ചത്തിന്റെ ബലിയാ‌ടുകൾ

നാടിനിണങ്ങുന്ന നായ്ക്കൾ തെരുവിൽ തെണ്ടി നടക്കുമ്പോഴാണ് ലക്ഷങ്ങൾ വിലമതിക്കുന്ന, സ്റ്റാറ്റസ് സിംബലായ ജനുസുകളെ തേടി ആളുകൾ പരക്കം പായുന്നത്. പൊങ്ങച്ചം കാട്ടാനുള്ള പരക്കംപാച്ചിലിനിടെ ഇറക്കുമതി ഇനങ്ങൾക്കുള്ള ശാരീരിക, ജനിതക സവിശേഷതകളും പ്രശ്നങ്ങളും ആരും തിരക്കാറില്ല. സ്വഭാവ വിശേഷങ്ങൾ പോലും പഠിക്കാതെയാണ് പലരും ഇവയെ സ്വന്തമാക്കുന്നതെന്ന് മൃഗപ്രേമികൾ ആരോപിക്കുന്നു. വെറ്ററിനറി ഡോക്ടർമാരും ഒരു പരിധിവരെ ഇതു ശരിവയ്ക്കുന്നു.

ഒരോ പ്രദേശത്തിനും കാലാവസ്ഥ, ഭൗമ പ്രത്യേകതകളുണ്ട്. അവിടെനിന്നുള്ള നായ്ക്കൾ മറ്റു സ്ഥലങ്ങളിൽച്ചെന്നാൽ പലപ്പോഴും യാതനയേറിയ ജീവിതം, വിശേഷിച്ച് ഉഷ്ണകാലത്ത് നയിക്കേണ്ടിവരും. ഓരോ നാടിന്റെയും കാലാവസ്ഥയ്ക്ക് യോജിച്ച നാടൻ നായ്ക്കളെയോ അല്ലെങ്കിൽ പുതിയ കാലാവസ്ഥയുമായി പെട്ടെന്ന് ഇണങ്ങിച്ചേരുന്ന വിദേശ ഇനങ്ങളെയോ തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്നു വിദഗ്ധാഭിപ്രായം.

നായ്ക്കളും താപനിലയും

ഇനി നായ്ക്കൾ ശരീര താപനില നിലനിർത്തുന്ന രീതിയെക്കുറിച്ച് അൽപം അറിയുക. നായ ഉൾപ്പെടുന്ന സസ്തനികൾ അടക്കമുള്ള വലിയ വിഭാഗം ജീവികളുടെ ശരീരത്തിലെ കോശങ്ങളുടെ പ്രവർത്തനം നടക്കുന്നത് പ്രത്യേക പരിധിയിലുള്ള താപനിലയിലാണ്. ഓരോ ജീവിക്കും സ്വന്തമായ താപനിലയുടെ പരിധിയുണ്ടാകും. ഈ ശരീരതാപനില പരിസര താപനിലയുടെ ഉയർച്ചതാഴ്ചകൾക്കനുസരിച്ച് ക്രമീകരിക്കാനുള്ള സംവിധാനം ശരീരത്തിൽ തന്നെയുണ്ട്. ശ്വാസകോശം, ഹൃദയം, രക്തക്കുഴലുകൾ, ഹോർമോണുകൾ, മൂത്രാശയ വ്യൂഹം, നാഡീവ്യൂഹം, ചർമം തുടങ്ങി പല വ്യവസ്ഥകൾ ഒരുമിച്ചു പ്രവർത്തിച്ചാണ് ഇതു സാധ്യമാക്കുന്നത്. പുതിയ പ്രദേശങ്ങളിലെത്തുമ്പ‍ോൾ അവിടത്തെ കാലാവസ്ഥയുമായി 10–60 ദിവസം കൊണ്ട് ഒത്തുചേർന്നു പോകാനും ഈ സംവിധാനം സഹായിക്കുന്നു.

അന്തരീക്ഷ താപനില വർധിക്കുമ്പോൾ ജീവികളിൽ ശരീര താപനില സാധാരണ തോതിൽ നിലനിർത്താനുള്ള പല സംവിധാനങ്ങളിൽ ഒന്നാണ് ചർമത്തിലേക്കുള്ള രക്തയോ‌ട്ടം കൂട്ടാനായി അവിടെയുള്ള രക്തക്കുഴലുകൾ വികസിക്കുകയും വിയർപ്പുണ്ടാകുകയും ഈ വിയർപ്പ് ബാഷ്പീകരിക്കാനുള്ള ചൂട് ശരീരത്തിൽ നിന്നെടുത്ത് താപനില കുറയ്ക്കുകയും ചെയ്യുന്നത്. എന്നാൽ, നായ്ക്കളിൽ ഇത്തരം രക്തക്കുഴൽ വികാസം നാവിലും സമീപപ്രദേശങ്ങളിലും രോമം ഇല്ലാത്ത ചെവിയുടെ ഭാഗങ്ങളിലുമേ സംഭവിക്കുന്നുള്ളൂ. ഇതോടെ കടുത്ത വേനലിൽ നായ്ക്കൾ ബുദ്ധിമുട്ടിലാകുന്നു. കൂടാതെ, നായ്ക്കൾ വിയർക്കാറില്ല. വിയർപ്പുഗ്രന്ഥ‍ികൾ വളരെക്കുറച്ചു മാത്രം. അവതന്നെ കാൽപാദങ്ങളിലാണുള്ളത്. നാവ് പുറത്തിട്ട് അണച്ചും വായിലൂടെയും നാക്കിലൂടെ ഉമിനീർ ബാഷ്പീകരിച്ചുമാണ് ഇവ ശരീരതാപം ക്രമീകരിക്കുന്നത്. താപനിലയിലുള്ള വ്യത്യാസമനുസരിച്ച് ശ്വസനം, അണയ്ക്കൽ എന്നിവയു‌ടെ രീതിയും വ്യത്യാസപ്പെടുന്നു. മൂക്കിലൂടെ മാത്രമുള്ള ശ്വസനം പിന്നീട് വായിലൂടെയും കൂടിയാകുന്നു. നാവ് കൂടുതൽ പുറത്തേക്കു നീട്ടി അണയ്ക്കുകയും ചെയ്യുന്നു. ആരോഗ്യമുള്ള നായ്ക്കൾക്കേ ഇതിനു കഴിയുകയുള്ളൂ. പ്രായമായവയും തീരെ ചെറുപ്പമായവയും പിടിച്ചു നിൽക്കാൻ കഴിയാതെ താപാഘാതമേറ്റ് മരണംവരെ സംഭവിക്കാവുന്ന നിലയിലാകുന്നു.

കേരളത്തിന്റെ താരങ്ങൾ

ഇംഗ്ലിഷ് ബുൾഡോഗ്, ഫ്രഞ്ച് ബുൾഡോഗ്, പഗ്ഗ്, പെക്കിൻഗീസ്, ബോസ്റ്റൺ ടെറിയർ തുടങ്ങിയ ബ്രാക്കിസിഫാലിക് നായ്ക്കളുടെ മുഖത്തിനും മൂക്കിനും ചില പ്രത്യേകതകളുണ്ട്. പതിഞ്ഞ മൂക്കും മുഖവുമുള്ള ഇവയ്ക്ക് ബാഷ്പീകരണം വഴി താപനില ക്രമീകരിക്കാനുള്ള കഴിവു കുറയും.

ശരീര താപനിലയുടെ ക്രമീകരണം അവതാളത്തിലാക്കുന്ന പല ഘടകങ്ങളുണ്ട്. ഒന്ന്: നായ്ക്കളുടെ സ്വതവേയുള്ള പ്രശ്നങ്ങൾ. ഉദാഹരണങ്ങൾ: ബ്രാക്കിസിഫാലിക് സിൻഡ്രോം, അമിതവണ്ണം, ഹൃദയസംബന്ധമായ രോഗം, നാഡീവ്യൂഹ രോഗം. രണ്ടാമതായി പുറമേനിന്നുള്ള പ്രശ്നങ്ങൾ. ഉദാ: കാലാവസ്ഥയോ‌ടു യോജിക്കാൻ കഴിയാത്ത സ്ഥലത്തേക്കു മാറ്റുക, വായു സഞ്ചാരമില്ലാത്ത സ്ഥലത്ത് കെട്ടിയിടുക, ആവശ്യത്തിനു വെള്ളം നൽകാതിരിക്കുക, ഉയർന്ന അന്തരീക്ഷ ആർദ്രത. അതുകൊണ്ടുതന്നെ ആൽപ്സ് പർവതത്തിൽ വളർന്നുവന്ന സെയിൻറ് ബെർണാഡും മഞ്ഞ‍ുമലകളിൽ പിച്ചവച്ചു നടന്ന സൈബീരിയൻ ഹസ്കിയുമൊക്കെ നമ്മു‌ടെ ചൂ‌‌ടിൽ ഉരുകിയൊലിച്ചു പോകുന്നു.

ജനിതക പ്രശ്നങ്ങൾ

മൃഗസ്നേഹികൾ സർക്കാർ ന‌ടപടിയെ സ്വാഗതം ചെയ്യുമ്പോഴും വെറ്ററിനറി വിദഗ്ധർ ചൂണ്ടിക്കാട്ടുന്ന മറ്റൊരു വശമുണ്ട്. പ്രജനനത്തിനായി പുറമേനിന്ന് നായ്ക്കൾ വരാതാകുന്നതോടെ നാട്ടിലുള്ള നായ്ക്കൾ തമ്മിൽ പ്രജനനം തുടരുകയും ഇതിൽ പല ഇനങ്ങളുടെയും മൊത്തം അംഗസംഖ്യ കുറയുകയും ചെയ്താൽ ബന്ധുക്കൾ തമ്മിലുള്ള അന്ത:പ്രജനനം (Inbreeding) വർധിക്കുകയും തുടർന്ന് പല ജനിതക പ്രശ്നങ്ങളുടെയും നിരക്ക് കൂടുകയും ചെയ്യും.

പഗ്, ഡാഷ്ഹണ്ട്, ബോക്സർ, ബുൾഡോഗ് തുടങ്ങിയ ഇനങ്ങളിൽ സ്വതവേയുള്ള ശ്വാസകോശ തടസ്സം രൂക്ഷമാകാം. ഗ്രേറ്റ് ഡേൻ, സെയിൻറ് ബെർണാഡ് പോലുള്ളവയുടെ അരയെല്ലിന്റെ പ്രശ്നവും രൂക്ഷമാകാം.

അതായത്, പ്രശ്നരഹിതമല്ല ഈ നിരോധനം. അതിനാൽ കൃത്യമായ നിയന്ത്രണം, ലൈസൻസിങ് എന്നിവയിലൂടെ പ്രജനനത്തിലെ ദുഷ്പ്രവണതകൾ തടയുകയാണ് നല്ലത്.

ഫോൺ: 9446203839

നായ്ക്കൾക്ക് എന്താണ് ഇത്ര ക്രൗര്യം

പത്രങ്ങളിൽ തലക്കെട്ടു വാർത്തയായും ചാനലുകളിൽ ബ്രേക്കിങ് ന്യൂസായും നായയും നായ്പ്പേടിയും നിറയുകയാണ്. തമിഴ്നാട്ടിലെ വെല്ലൂരിൽ രണ്ടു റോട്ട് വീലർ ഇനം വളർത്തുനായ്ക്കൾ ചേർന്ന് 56 വയസ്സുള്ള ഉടമയെ കടിച്ചുകീറി കൊന്നതായിരുന്നു ആദ്യ വാർത്ത. പിന്നീട് ബെംഗളൂരുവിലെ ഒരു ഹോസ്റ്റലിന്റെ ടെറസിൽനിന്ന് മെഡിക്കൽ വിദ്യാർഥികൾ ഒരു നായയെ താഴേക്ക് എറിയുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായി. എന്നാൽ നമ്മുടെ സ്വന്തം കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിനടുത്തു പുല്ലുവിള കാഞ്ഞിരംകുളം കടപ്പുറത്ത് ശീലുവമ്മയെന്ന വൃദ്ധയെ തെരുവുനായക്കൂട്ടം ജീവനോടെ കടിച്ചുകീറി ഭക്ഷണമാക്കിയെന്ന വാർത്ത നാടിനെയാകെ നടുക്കിക്കളഞ്ഞു. തെരുവുനായ്ക്കളുടെ ആക്രമണം നാടുനീളെ പെരുകുന്നതിൽ അസ്വസ്ഥതയും പ്രതിഷേധവും പുകയുമ്പോഴാണ് ഈ ദാരുണ സംഭവം. നായകടിയേറ്റ കൊട്ടാരക്കര വേലംകോണം തയ്യിൽ ഉണ്ണിക്കൃഷ്ണൻ പേവിഷബാധയാൽ മരിച്ചെന്ന വാർത്ത കൂടി വന്നതോടെ തെരുവുനായ്ക്കൾ മലയാളിയുടെ പേടിസ്വപ്നമായി മാറിക്കഴിഞ്ഞു.

രണ്ടര ലക്ഷം തെരുവുനായ്ക്കൾ

കേരളത്തിൽ തെരുവുനായ്ക്കൾ രണ്ടര ലക്ഷം വരുമെന്നാണ് ഏകദേശ കണക്ക്. ഗ്രാമ, നഗര ഭേദമില്ലാതെ കുന്നുകൂടുന്ന, ഇറച്ചിയും മീനുമടക്കമുള്ള ആഹാര, ജൈവാവശിഷ്ടങ്ങൾ തിന്നുകൊഴുത്ത് അവ ആഘോഷമായി ജീവിക്കുന്നു. ശീലുവമ്മ കൊല്ലപ്പെട്ട കടപ്പുറം മാംസാവശിഷ്ടങ്ങൾ സ്ഥിരമായി തള്ളുന്ന സ്ഥലമാണെന്നത് ഇതിനോടു ചേർത്തു വായിക്കണം. 2015–16'ൽ സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികമാളുകൾക്കു നായകടിയേറ്റിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 2012നു ശേഷം അമ്പതോളം പേർ നായകടിയേറ്റു മരിച്ചതായും റിപ്പോർട്ടുണ്ട്.

കോടതിയിടപെടൽ

കേരളത്തിൽ വ്യാപകമാകുന്ന തെരുവുനായ ആക്രമണം, അതിനു പരിഹാരം, കടിയേറ്റവർക്കു ചികിത്സാസൗകര്യം, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു പഠിക്കാൻ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തിൽ ഒരു സമിതിയെ സുപ്ര‍ീംകോടതി നിയോഗിക്കുകയുണ്ടായി. മാലിന്യ സംസ്കരണം കാര്യക്ഷമമാക്കൽ, തെരുവുനായ്ക്കൾക്കു നിർബന്ധിത വന്ധ്യംകരണം, വളർത്തുനായ്ക്കൾക്കു റജിസ്‌ട്രേഷൻ തുടങ്ങിയ നിർദേശങ്ങളടങ്ങിയ സമിതി റിപ്പോർട്ട് സുപ്രീംകോടതി ഉടൻ പ്രത്യേകം പരിഗണിക്കും.

പുല്ലുവിള സംഭവം സർക്കാരിനെയും തദ്ദേശ ഭരണസ്ഥാപനങ്ങളെയും താൽക്കാലികമായെങ്കിലും പ്രശ്നപരിഹാരത്തിനു നിർബന്ധിതമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി നേരിട്ടുതന്നെ പ്രശ്നത്തിൽ ഇടപെട്ടിരിക്കുന്നു. അടിയന്തര നടപടികൾക്കായി കൂടുതൽ അടിസ്ഥാന സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും നൽകി മൃഗസംരക്ഷണ വകുപ്പിനെ സുസജ്ജമാക്കൽ, മൃഗക്ഷേമ സംഘടനകൾക്കു റജിസ്ട്രേഷൻ, ഓരോ ജില്ലയിലും തെരുവുനായ പുനരധിവാസ സംവിധാനം, ഇവിടെ ഭക്ഷണം നൽകാൻ മൃഗക്ഷേമ സംഘടനകളെ ചുമതലപ്പെടുത്തൽ, ആക്രമണകാരികളായ നായ്ക്കളെ കൊന്നൊടുക്കൽ, തെരുവുനായ്ക്കളുടെ വന്ധ്യംകരണം എന്നിവയാണ് സർക്കാർ തീരുമാനിച്ചി‌ട്ടുള്ള കർമപദ്ധതി. തെരുവുനായ്ക്കളെ നിയമാനുസരണം കുത്തിവച്ചു കൊല്ലുന്നതിനും വന്ധ്യംകരണത്തിനും പദ്ധതിത്തുകയിൽനിന്നു പണം ചെലവഴിക്കാൻ തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് അനുമതി നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങൾക്കു ലൈസൻസ് ഏർപ്പെടുത്തൽ, മൊബൈൽ വന്ധ്യംകരണ ശസ്ത്രക്രിയാ യൂണിറ്റ്, പട്ടിപിടിത്തക്കാർക്ക് 600 രൂപ വേതനം തുടങ്ങിയ നടപടികളുമായി തിരുവനന്തപുരം നഗരസഭയും രംഗത്തിറങ്ങി.

ശീലുവമ്മയുടെ ദുരന്തവും വെല്ലൂരിൽ വളർത്തുനായ്ക്കൾ ഉടമയെ കൊന്നതും യുവഡോക്ടർമാർ നായയെ എറിഞ്ഞു രസിച്ചതും നായ്ക്കൾ ആക്രമിക്കപ്പെടുന്നതുമൊക്കെ ആഴത്തിൽ ചർച്ച ചെയ്യേണ്ട ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

നായയും മനുഷ്യനും

നൂറ്റാണ്ടുകൾകൊണ്ട് ഉരുത്തിരിഞ്ഞതാണ് മനുഷ്യനും നായയും തമ്മിലുള്ള ബന്ധം. വേട്ടയാടി നടന്ന മനുഷ്യന്റെ ഭക്ഷണാവശിഷ്ടങ്ങളിൽ തൃപ്തി കണ്ടെത്തിയ ചെന്നായ പിന്നീട് അവൻ വേട്ടയാടൽ നിർത്തി കൃഷിയിലേക്കും കാടുവിട്ടു വീട്ടിലേക്കും ജീവിതം പറിച്ചുനട്ടപ്പോൾ ഒപ്പം കൂടുകയായിരുന്നു. മനുഷ്യനൊപ്പം ജീവിച്ച ചെന്നായ്ക്കൂട്ടം തലമുറകൾ നീണ്ട ബന്ധത്തിലൂടെ അനുസരണശീലമുള്ള ഇന്നത്തെ നായ്ക്കളായി ഇണക്കിവളർത്തപ്പെട്ടു. പരിണാമ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരേട്. മനുഷ്യൻ ഇണക്കിയെടുത്തു എന്നതിനെക്കാൾ നായ്ക്കൾ സ്വയം ഇണങ്ങിവന്നു എന്നു പറയുന്നതാവും ശരി.

അതുവരെ കടന്നുചെല്ലാൻ കഴിയാതിരുന്ന പല പ്രദേശങ്ങളും പ്രകൃതി പ്രതിഭാസങ്ങളും കീഴടക്കാൻ നായ്ക്കളുടെ സഹായത്തോടെ മനുഷ്യനു സാധിച്ചു. നായ്ക്കളാകട്ടെ, രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തി മനുഷ്യന്റെ സംരക്ഷണത്തിൽ സുഖവും സംതൃപ്തിയും കണ്ടെത്തി. സാമൂഹിക ജീവിതവും സംഘം ചേരലും ഇഷ്ടപ്പെടുന്ന നായ്ക്കൾ അവരുടെ സംഘനേതാവായി സ്വന്തം യജമാനനായ മനുഷ്യനെ അംഗീകരിക്കുകയായിരുന്നു. മനുഷ്യനാകട്ടെ, സ്വന്തം ആവശ്യത്തിന് അനുസൃതമായി രൂപ, സ്വഭാവ വ്യത്യാസങ്ങളുള്ള ഒട്ടേറെ നായ ജനുസ്സുകളെ ഉരുത്തിരിച്ചെടുക്കുകയും ചെയ്തു.

നായ്ക്കളുടെ പൂർവികർക്ക് തനതായുണ്ടായിരുന്നതോ ഇര തേടാൻ അവർ രൂപം കൊടുത്തതോ ആയ ശക്തമായ സാമൂഹികബന്ധം ശക്തരായ, വലുപ്പമേറിയ മൃഗങ്ങളെപ്പോലും വേട്ടയാടി ഭക്ഷണമാക്കാൻ അവരെ പ്രാപ്തരാക്കിയിരുന്നു. ഇത്തരം ദൃഢമായ സാമൂഹികബന്ധം കെട്ടിപ്പടുക്കാനുള്ള കഴിവാണ് ജീവിവർഗമെന്ന നിലയിൽ നായ്ക്കളുടെ അതിജീവന രഹസ്യം.

ഇനി നായയും മനുഷ്യനും തമ്മിലുള്ള ദൃഢബന്ധത്തിന്റെ അടിസ്ഥാനമെന്തെന്നു പരിശോധിക്കാം. സംഘമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന സാമൂഹിക ജീവികളായതിനാൽ നായ്ക്കൾ ഒരു സംഘത്തലവനാൽ നയിക്കപ്പെടാൻ ആഗ്രഹിക്കുന്നു. അത്തരമൊരു തലവനായാണ് തന്നെ തീറ്റിപ്പോറ്റുന്ന മനുഷ്യനെ നായ കാണുന്നത്. വേട്ടയാടി ജീവിച്ചിരുന്ന നായക്ക‍ൂട്ടം അവരുടേതായ ഒരു സ്വാധീന മേഖല (ടെറിട്ടറി) രൂപപ്പെടുത്തിയിരുന്നതുപോലെ ഉടമയെ തലവനായും കുടുംബാംഗങ്ങളെ തന്റെ സംഘമായും വളർത്തുനായ കരുതുന്നു. വീ‌ടും പരിസരവും തന്റെ സ്വാധീന മേഖല (ടെറിട്ടറി) യായി കണ്ടു സംരക്ഷിക്കുകയും ചെയ്യുന്നു. നായ തിരിച്ച് ആഗ്രഹിക്കുന്നതു ഭക്ഷണവും സുരക്ഷയും മനുഷ്യന്റെ ലാളനയും.

ഇണക്കി വളർത്തൽ

അടിസ്ഥാനപരമായി നായ ഒരു വന്യമൃഗമാണ്. തലമുറകൾകൊണ്ടു മെരുങ്ങി മനുഷ്യനോടിണങ്ങി ജീവിച്ചുവരുന്നെങ്കിലും അവയുടെ പ്രകൃത്യാലുള്ള അതിജീവനത്വരകൾ മാറിയിട്ടുണ്ടാവില്ല. പകരം അടക്കിവയ്ക്കപ്പെടുകയാണുണ്ടായത്. അപ്പോൾ ചോദ്യമിതാണ്. അടക്കിവച്ച വന്യഭാവങ്ങൾ പ്രത്യേക സാഹചര്യങ്ങളിൽ ചങ്ങലപൊട്ടിച്ചു പുറത്തു ചാടില്ലേ? അതല്ലേ വെല്ലൂരിൽ വളർത്തുനായ്ക്കൾ ഉടമയുടെ ജീവനെടുക്കാൻ കാരണം? ഇണക്കി വളർത്തപ്പെട്ട ഓമനനായ്ക്കൾ മനുഷ്യനെ വിട്ടു ജീവിക്കേണ്ടിവരുമ്പോൾ അടിസ്ഥാന സ്വഭാവം വീണ്ടും ആർ‌ജ്ജിച്ചെടുക്കില്ലേ? തെരുവുജീവിതത്തിൽ അങ്ങനെ ജന്മവാസനകളിലേക്കു മടങ്ങിയ നായ്ക്കളല്ലേ ശീലുവമ്മയുടെ ജീവനെടുത്തത്?

റോട്ട് വീലർ വാർ ഡോഗ്

രാത്രിയിൽ രഹസ്യമായി ശത്രുപാളയങ്ങളിലേക്കു കടത്തിവിടാൻ ഒന്നാം ലോകമഹായുദ്ധകാലത്തു ജർമൻകാർ സൃഷ്ടിച്ചടുത്ത കില്ലർ ജനുസ്സാണ് റോട്ട് വീലർ. തനി വാർ ഡോഗ്. പന്നിക്കൂട്ടങ്ങളെ വേട്ടയാടാൻ ഉപയോഗിച്ചിരുന്ന നായ്ക്കളുടെ പിന്മുറക്കാർ. ഒരൊറ്റ യജമാനനോടു മാത്രം കൂറുള്ളവർ. ഇത്തരം രണ്ടു നായ്ക്കൾ ചേർന്ന് ഉടമയെ കടിച്ചു കീറി കൊല്ലണമെങ്കിൽ നായ–മനുഷ്യൻ ബന്ധത്തിന്റെ മനഃശാസ്ത്രത്തിനു വിരുദ്ധമായ എന്തെങ്കിലും അവിടെ സംഭവിച്ചിരിക്കണം.

വളർത്തുനായ്ക്കൾ ആക്രമണത്തിനു മുതിരുന്ന പല സാഹചര്യങ്ങളുണ്ട്. ഇവയിൽ നായയുടെ വയസ്സ്, വലുപ്പം, ലിംഗം, ഹോർമോൺനിലയിലെ വ്യത്യാസം, ഉടമയും നായയും തമ്മിൽ അകൽച്ച, ഉടമയുടെ അവഗണന, മുൻവൈരാഗ്യം, അധീനപ്രദേശത്തേക്കു കടന്നുകയറ്റം എന്നിവ പ്രധാനം. മറ്റൊരു പ്രധാന കാര്യം ഉടമയോ, ഗൃഹനാഥനോ അല്ല, വളർത്തുനായ സ്നേഹിക്കുന്ന സംഘ നേതാവ്, മറിച്ച് അതിനെ പരിപാലിക്കുകയും ലാളിക്കുകയും ചെയ്യുന്ന ആളാണ് എന്നതാണ്. താൻ നേതാവായി കാണുന്നയാളെ ഉപ്രദവിക്കുന്നവരോ‌ടു നായ പക തീർക്കാനിടയുണ്ട്. റോട്ട് വീലറിന്റെ കാര്യത്തിൽ മറ്റൊരു സവിശേഷത, അത് ഒരൊറ്റ യജമാനനെ മാത്രമേ അംഗീകരിക്ക‍ൂ എന്നതാണ്. ഉടമ മാറിയാൽ പുതിയ ആളെ അംഗീകരിക്കണമെന്നില്ല. ഒരു നായ ആക്രമണം തുടങ്ങിയപ്പോൾ സംഘസ്വഭാവം കാരണം മറ്റേതും ഒപ്പം ചേർന്നുകാണണം.

വളർത്തുനായയ്ക്കു കൃത്യമായ പരിശീലനം നൽകാത്തതും നായയുടെ മനഃശാസ്ത്രം മനസ്സിലാക്കാതെ അവയോടു പെരുമാറുന്നതുമൊക്കെ ദുരന്തം ക്ഷണിച്ചു വരുത്തും. ഉത്തരവാദിത്തമുള്ളവർക്കു മാത്രം നായയെ വളർത്താൻ ലൈസൻസ് കൊടുക്കണമെന്നു പറയുന്നത് ഇതുകൊണ്ടാണ്.

റോട്ട് വീലർപോലെ ആക്രമണ സ്വഭാവമുള്ള നായ്ക്കളുടെ ഉടമകൾ ശക്തമായ വ്യക്തിത്വമുള്ളവരായിരിക്കുകയും വേണം.

ശീലുവമ്മയുടെ മരണം

പുല്ലുവിള കടപ്പുറത്തെ തെരുവുനായ്ക്കൾ സംഘനേതൃത്വത്തിൽ ഇരതേടലും വേട്ടയാടലുമെന്ന അടിസ്ഥാനത്വര തന്നെയാണ് കാണിച്ചത്. ഭക്ഷണം സുലഭമായ കടപ്പുറത്തു താവളമുറപ്പിച്ച സംഘം അവിടം സ്വന്തം സ്വാധീനമേഖലയായും കരുതുന്നു. തങ്ങളുടെ മേഖലയിൽ കടന്നുകയറിയ, ദുർബലയായ ഇരയെ അവർ ആക്രമിച്ചു ഭക്ഷണമാക്കുകയായിരുന്നു. ശ്രദ്ധിക്കുക ഇത്തരം സംഘങ്ങൾ ഇരയാക്കുക ദുർബലരെ (ഉദാ: കുട്ടികൾ, വൃദ്ധർ, സ്ത്രീകൾ, പശുക്കുട്ടികൾ, ആട്ട‍ിൻകുട്ടികൾ) യാകും. അതുപോലെ സാമാന്യം വിജനവും ശാന്തവുമായ പ്രദേശത്ത്, അതിരാവിലെയും സായാഹ്നത്തിലുമാകും ഇവ ആക്രമണത്തിനു തുനിയുന്നത്.

ഉണ്ണിക്കൃഷ്ണന്റെ ദുര്യോഗം

സാധാരണഗതിയിൽ കൂട്ടമായി വരുന്ന നായ്ക്കൾ പേവിഷബാധയുള്ളവരാവില്ല. ഇത്തരം നായ്ക്കൾ ഒറ്റയ്ക്കാവും നടക്കുക. ഇത്തരം ഒറ്റയാന്മാരുടെ കടിയേറ്റാൽ തീർച്ചയായും പ്രതിരോധ ചികിത്സ തേടണം. നിർഭാഗ്യവശാൽ ഉണ്ണിക്കൃഷ്ണൻ അതു ചെയ്തില്ല. നായക്കൂട്ടത്തിൽ പേപ്പട്ടികളെ കാണാറില്ലെങ്കിലും അലഞ്ഞുതിരിയുന്ന നായക്കൂട്ടങ്ങൾ പേവിഷബാധയ്ക്കു സാധ്യത കൂട്ടുന്നുണ്ട്.

കുസൃതിയോ ക്രിമിനൽ സ്വഭാവമോ

ടെറസിൽനിന്നു നായയെ വലിച്ചെറിയുകയും അതു ചിത്ര‍ീകരിക്കുകയും ചെയ്ത വിദ്യാർഥികൾ ക്രിമിനൽ സ്വഭാവമുള്ളവരാണെന്നും അവർ ഭാവിയിൽ വലിയ കുറ്റവാളികളാകുമെന്നുമാണ് മൃഗസ്നേഹികളുടെ വാദം. എന്നാൽ മനഃശാസ്ത്രജ്ഞർ പലരും അത്ര കടത്തിപ്പറയുന്നില്ല. കൂട്ടുകൂടുമ്പോഴുള്ള തമാശയോ ഷൈൻ ചെയ്യാനുള്ള ആഗ്രഹമോ ഒക്കെയാകാം സംഭവത്തിനു പിന്നിലെന്നു പറയുമ്പോഴും അവർ ഇത്തരം കുട്ടികളുടെ മാതാപിതാക്കൾക്കു നൽകുന്ന മുന്നറിയിപ്പ് അവഗണിക്കാനാവില്ല. നിങ്ങളുടെ കുട്ടി പരുക്കേറ്റതോ ചോരയൊലിക്കുന്നതോ ആയ മൃഗത്തെ കണ്ടിട്ടും അവഗണിച്ചാൽ, മുതിർന്നിട്ടും ഇതു തുടരുന്നുവെങ്കിൽ അവരെ ശ്രദ്ധിക്കണമെന്നാണ് മനഃശാസ്ത്രജ്ഞരുടെ ഉപദേശം.

പ്രശ്നപരിഹാരം

തെരുവുനായ്ക്കളെ സൃഷ്ടിക്കുന്നതു നാം തന്നെയാണ്. ഓമനകളായി വളർത്തുന്ന നായ്ക്കൾക്കു പ്രായമാകുമ്പോൾ അല്ലെങ്കിൽ അവശതയോ രോഗപീഡകളോ പിടിപെടുമ്പോൾ അവയെ തെരുവിലേക്ക് ഇറക്കിവിടുന്നതു നമ്മളല്ലേ? അതിജീവനത്തിന്റെ തത്രപ്പാടിലാണ് അവർ ആക്രമണകാരികളാകുന്നത്. അതുകൊണ്ട് ഓമനമൃഗങ്ങളെ ഉപേക്ഷിക്കുന്നതു തടയുന്നതടക്കമുള്ള സമഗ്ര സമീപനമാണ് പ്രശ്നപരിഹാരത്തിനു വേണ്ടത്. നായ്ക്കളെ വളർത്തുന്നതിനു ലൈസൻസ് കർശനമാക്കുകയും അശാസ്ത്രീയ പരിപാലനം കുറ്റകരമാക്കുകയും വേണം. രോഗപ്രതിരോധ കുത്തിവയ്പ് നിർബന്ധിതമാക്കണം. ഉടമസ്ഥർ ഉത്തരവാദിത്തമുള്ളവരായിരിക്കണം. അവർക്കു നായവളർത്തൽ സംബന്ധിച്ച് അറിവും പരിശീലനവും നൽകുന്ന സംവിധാനം വേണം.

അതേസമയം അടിയന്തരമായി തെരുവുനായ്ക്കളുടെ പുനരധിവാസം, വന്ധ്യംകരണം, മാലിന്യ നിർമാർജനം എന്നിവ നടപ്പാക്കുകയും വേണം. ഓർമിക്കുക, പിഴച്ചതു നായ്ക്കൾക്കല്ല, നമുക്കുതന്നെയാണ്.

വിലാസം: അസി. പ്രഫസർ, ഡിപ്പാർട്ട്മെന്റ് ഓഫ് എൽപിഎം, വെറ്ററിനറി കോളജ്, മണ്ണുത്തി, തൃശൂർ. ഫോൺ: 9446203839

ഇ–മെയിൽ: drsabinlpm@yahoo.com

നായകളുടെ പരിചരണവും പ്രതിരോധ കുത്തിവയ്പും

നായകളുടെ ആരോഗ്യവും അനുസരണശീലവും ഉറപ്പാക്കാൻ ശാസ്ത്രീയ പരിചരണം അത്യാവശ്യമാണ്. നായ്ക്കുട്ടി ജനിച്ച ഉടൻതന്നെ ഇതു പ്രാവർത്തികമാക്കുകയും വേണം.

∙ ജനിച്ച ഉടൻ നായ്ക്കുട്ടിയുടെ വായ, മൂക്ക്, ശരീരം എന്നീ ഭാഗങ്ങൾ ഉണങ്ങിയ തൂവാലകൊണ്ട് തുടയ്ക്കണം. ശ്വാസതടസ്സമുണ്ടെങ്കിൽ നെഞ്ച് പതിയെ തടവണം.

∙ പൊക്കിൾക്കൊടി കുട്ടിയുടെ വയറിൽ നിന്ന് മൂന്നു സെ.മീറ്റർ വിട്ട് മുറിക്കാം. രക്തസ്രാവം ഉണ്ടെങ്കിൽ കട്ടിയുള്ള നൂലുകൊണ്ടു കെട്ടാം. പോവിഡിൻ അയഡിൻപോലുള്ള മരുന്നു പുരട്ടണം.

∙ ചുറ്റുപാടും വൃത്തിയാക്കി പേപ്പറുകൾ, തുണികൾ എന്നിവ വിരിച്ച് ചൂട് കിട്ടത്തക്കവിധം കിടത്തണം.

∙ ആദ്യനാളുകളിൽ 2–3 മണിക്കൂർ ഇടവിട്ട് തള്ളയുടെ പാൽ കുടിപ്പിക്കണം.

∙ ശരീരഭാരം രേഖപ്പെടുത്തണം. ദിവസം 5–10% ശരീരഭാരം കൂടണം. ഇത് ആരോഗ്യത്തിന്റെ ലക്ഷണമാണ്.

∙ ശ്വാസോച്ഛ്വാസം ക്രമത്തിലാണോ എന്നു നിരീക്ഷിക്കണം. സാധാരണയായി മിനിറ്റിൽ 15–40 തവണ ശ്വസിക്കും.

∙ ശരീര ഊഷ്മാവ് 90–94 ഡിഗ്രി ഫാരൻഹീറ്റ് ഉണ്ടായിരിക്കണം.

∙ മൂന്ന് ആഴ്ചവരെ നായ്ക്കുട്ടി മിക്കവാറും ഉറക്കത്തിലായിരിക്കും. ശരീരവളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഇതു നല്ലതാണ്. കണ്ണ്, ചെവി ഇവയുടെ പ്രവർത്തനം ഉണ്ടാകില്ല.

∙ നാലാമത്തെ ആഴ്ച നടന്നു തുടങ്ങും. ഖരഭക്ഷണം കഴിക്കാൻ തുടങ്ങും. 8–12 ആഴ്ച ആകുമ്പോൾ തള്ളയിൽ നിന്നു വേർപെടുത്താം. പരിശീലനം തുടങ്ങാം.

∙ 12–24 ആഴ്ച ആകുമ്പോൾ ആദ്യത്തെ സ്ഥിരം പല്ല് വളരുന്നു. ആഹാരം ചവച്ചു കഴിക്കാൻ തുടങ്ങുന്നു.

∙ 24–48 ആഴ്ച ആകുമ്പോൾ പ്രായപൂർത്തിയാകുന്നു.

∙ ജനിച്ച ഉടൻ നായ്ക്കുട്ടി എഴുന്നേറ്റുനിൽക്കില്ല. അതിനു 10 ദിവസം കഴിയണം. കണ്ണു തുറക്കാൻ 14 ദിവസം വരെ കാത്തിരിക്കണം.

∙ നായ്ക്കുട്ടികളുടെ ഗുഹ്യഭാഗം 2–3 ആഴ്ചവരെ തള്ള, നക്കുന്നതു കാണാം. മല, മൂത്രവിസർജനത്തെ ഉത്തേജിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത്.

ഭക്ഷണം: വലിയവയ്ക്കു ദിവസം രണ്ടുനേരം ഭക്ഷണം കൊടുത്തു ശീലിപ്പിക്കുന്നതാണ് ശരിയായ ദഹനത്തിനും ആരോഗ്യത്തിനും നല്ലത്. രാവിലെ ഏഴിനു പ്രാതൽ, വൈകിട്ടത്തെ ഭക്ഷണം ആറിനും. വെള്ളം എപ്പോഴും പാത്രത്തിൽ നിറച്ചുവയ്ക്കണം. രാവിലെ ഏഴിനു പാത്രം കഴുകി വെള്ളം പകുതി നിറയ്ക്കണം. ഉച്ചയ്ക്ക് പാത്രത്തിലെ ബാക്കി വെള്ളം കളഞ്ഞ് കഴുകി പകുതി നിറയ്ക്കണം. വൈകിട്ട് ആറിന് പാത്രം പിന്നെയും കഴുകി പകുതി വെള്ളം നിറച്ചുവയ്ക്കണം. ഉറങ്ങുന്നതിനു മുമ്പ് പാത്രം കഴുകി കാൽഭാഗം വെള്ളം നിറയ്ക്കണം.

വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണമോ, പെറ്റ് ഷോപ്പിൽനിന്നു കിട്ടുന്ന ടിൻ ഫുഡുകളോ കൊടുക്കാം. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിൽ ഇറച്ചി, പച്ചക്കറി, ചോറ് എന്നിവ ചേര്‍ക്കാം. ബീഫ്, കോഴി, മീൻ, മുട്ട, പയർവർഗങ്ങൾ ഇവയിൽനിന്ന് പ്രോട്ടീനും കാരറ്റ്, മറ്റു പച്ചക്കറികൾ എന്നിവയിൽനിന്ന് വിറ്റമിനുകളും ചോറ്, പൊട്ടറ്റോ, ഓട്സ് എന്നിവയിൽ നിന്ന് കാർബോഹൈഡ്രേറ്റും കിട്ടും. ഉപ്പ് ആവശ്യത്തിന്. മധുരം അധികമാകരുത്.

ഉറക്കവും കളിയും: ദിവസവും 14 മണിക്കൂറെങ്കിലും ഉറങ്ങാൻ അനുവദിക്കണം. 16 മണിക്കൂറിൽ അധികം ഉറങ്ങുന്നത് ആരോഗ്യത്തിനു നല്ലതല്ല. കുട്ടികൾ കൂടുതൽ സമയം ഉറങ്ങും.

രാവിലെയും വൈകിട്ടും 15 മിനിറ്റെങ്കിലും നായകളുടെ കൂടെ കളിക്കാൻ സമയം കണ്ടെത്തണം. ദിവസം അരമണിക്കൂർ നായയുടെ കൂടെ നടക്കണം. ഇതു രാവിലെയും വൈകിട്ടു ഭക്ഷണത്തിനു മുമ്പും ചെയ്യണം. ഉച്ചയ്ക്ക് നായയെ രണ്ടു കാലിൽ നടക്കാൻ പഠിപ്പിക്കണം. ഇതിന് ‘ഡോഗ് വോക്കർ’ ഉപയോഗപ്പെടുത്താം. ഉടമസ്ഥൻ (വീട്ടുകാർ) വിശ്രമിക്കുമ്പോഴും വായിക്കുമ്പോഴും ടെലിവിഷൻ കാണുമ്പോഴും നായയെ അടുത്തു വിളിച്ച് ഇരുത്താം. ഇത് സ്നേഹം വർധിപ്പിക്കും.

മലമൂത്രവിസർജനം: ഇതിനായി പരിശീലനം നൽകണം. വീടിനുള്ളിലാണെങ്കിൽ നിശ്ചിതസ്ഥലത്ത് കിടക്കാനും ഉറങ്ങാനും ശീലിപ്പിക്കണം. വിസര്‍ജനത്തിനായി രണ്ടു മാസം പ്രായമായവയെ മൂന്നു മണിക്കൂർ ഇടവിട്ടും നാലു മാസമായവയെ അഞ്ച് മണിക്കൂർ ഇടവിട്ടും മുതിർന്നവയെ മൂന്നു തവണയോ അതിൽ കൂടുതലോ തവണയും കൊണ്ടു പോകണം.

പ്രതിരോധ കുത്തിവയ്പ്: പേവിഷബാധയ്ക്കെതിരെ ആദ്യ കുത്തിവയ്പ് മൂന്നു മാസം പ്രായമാകുമ്പോഴും ബൂസ്റ്റർ കുത്തിവയ്പ് ഇതിനുശേഷം മൂന്നു മാസം ആകുമ്പോഴും പിന്നീട് വർഷത്തിലൊരിക്കലും നൽകണം.

കാനൈയിൻ ഡിസ്റ്റംബർ, കാനൈയിൻ ഹെപ്പറ്റൈറ്റിസ്, കൊറോണാ വൈറസ്, എൻടറൈറ്റിസ്, പാർവോ വൈറസ്, ലെപ്ടോസ്പൈറോസിസ് എന്നീ രോഗങ്ങൾക്കുള്ള വാക്സിൻ മെഡിക്കൽ ഷോപ്പുകളിൽ ലഭ്യമാണ്. ആദ്യ കുത്തിവയ്പ് ആറ് ആഴ്ച പ്രായത്തിലും ബൂസ്റ്റർ കുത്തിവയ്പ് ഇതിനുശേഷം മൂന്ന് ആഴ്ചയ്ക്കും 16 ആഴ്ചയ്ക്കും ഉള്ളിലും ചെയ്യിക്കണം. പിന്നീട് എല്ലാ വർഷവും തുടരണം.

വിരമരുന്ന്: മൂന്നു മാസത്തിൽ താഴെ പ്രായമുള്ളവയ്ക്ക് രണ്ടാഴ്ച കൂടുമ്പോൾ വിരമരുന്ന് നൽകണം. മൂന്ന്– ആറു മാസത്തിനു മധ്യേ പ്രായമുള്ളവയ്ക്ക് മാസത്തിൽ ഒരു തവണയും 6 മുതൽ 12 മാസം വരെ പ്രായമുള്ളതിന് രണ്ടു മാസത്തിൽ ഒരു തവണയും നൽകണം. ഒരു വയസ്സു കഴിഞ്ഞാൽ മൂന്നു മാസത്തിൽ‌ ഒരു തവണ എന്ന ക്രമത്തിൽ മരുന്നു നൽകാം.

ഫോൺ: 99474 52708

വിലാസം: മുൻ ഡപ്യൂട്ടി ഡയറക്ടർ (മൃഗസംരക്ഷണ വകുപ്പ്), തൃശൂർ

നന്ദി; നായ്ക്കൾക്കു മാത്രം

കാഴ്ചക്കാരുടെ കരളലിയിക്കുന്ന ചിത്രമായിരുന്നു അത്. 2013 ഒാഗസ്റ്റ് 2 വെള്ളിയാഴ്ച കണ്ണൂർ മെട്രോ മനേരമയിലാണ് അതു വന്നത്. അന്നം തേടിയുള്ള അലച്ചിലിനിടയിൽ കാലിൽ കുരുങ്ങിമുറകിയ കമ്പി ക്രമേണ മാംസത്തിലേക്ക് ആഴ്ന്നിറങ്ങിയതിന്റെ മുറിവും വേദയുമായി ഒരു തെരുവുനായ. കമ്പി തറച്ചിറങ്ങിയ പിൻകാല് നിലത്തു കുത്താതെ കല്ലേറു പേടിച്ചു തെരുവിലലയുന്ന ദുരന്ത ജീവിതം.

രാവിലെ പത്രത്തിൽ കണ്ട ചിത്രം ശ്രീലതയുടെ ഒാഗസ്റ്റ് രണ്ടിനെ ദുഃഖവെള്ളിയാക്കി. പത്രം മടക്കി പതിവു ചര്യകളിലേക്കു മടങ്ങാൻ മനസ്സുവന്നില്ല. പകരം മരുന്നും ഭക്ഷണവുമായി കാസർകോട്ടെ ഉദുമയിലേക്കു വണ്ടികയറി.

ഉദുമയിലെത്തി ഒാട്ടോക്കാരുടെ സഹായത്തോടെ നായയെ കണ്ടെത്തി. സ്ഥലത്തെ വെറ്റിറിനറി ഡോക്ടറെ കൊണ്ടുവന്നു നായയുടെ കാലിലെ കമ്പി നീക്കി മുറിവിൽ മരുന്നു പുരട്ടി ഭക്ഷണവും നൽകി ശ്രീലത മടങ്ങുമ്പോൾ സന്ധ്യ മയങ്ങിയിരുന്നു. അങ്ങനെയാണ് ശ്രീലതയുടെ നായസ്നേഹം നാടറിയുന്നത്. പക്ഷേ, അതിനും എത്രയോ മുമ്പു മുതൽ നായ്ക്കൾ ശ്രീലതയുടെ ജീവനും ജീവിതമാർഗവുമായിരുന്നു.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു ഫലം കാത്തിരിക്കുമ്പോഴാണ് കണ്ണൂർ ജില്ലയിൽ കാസർകോടിനോടു തൊട്ടു കിടക്കുന്ന കരുവള്ളുരിലെ ചേലരി മഠത്തിൽ ശ്രീലതയുടെ കല്യാണം. ഇരുപതുവയസിസുനുള്ളിൽ‌ രണ്ടു കുട്ടികൾ, ഇഴപൊട്ടിയ ദാമ്പത്യം. തുടർന്നിങ്ങോട്ടു ജീവിതം വെല്ലുവിളികളുടെയും അതിജീവനത്തിന്റെയുമായിരുന്നു ഇരുപതു വർഷം തികയുന്ന സംരംഭത്തിന്റെ തുടക്കവും അവിടെനിന്നുതന്നെ.

കടുത്ത വെല്ലുവിളി

പാരമ്പര്യവും പ്രതാപവുമുള്ള കുടുംബമായിരുന്നെങ്കിലും തറവാട് ഭാഗിച്ചപ്പോൾ സമ്പത്തികസ്ഥിതി മോശമായി. അമ്മയുടെ പശുക്കൾ മാത്രമായിരുന്നു വരുമാനമാർഗം. അക്കാലത്തൊരിക്കൽ ചാണകം കെടുത്തതിന്റെ പണം വാങ്ങാൻ സമീപത്തുള്ള ഒരു വീട്ടിലെത്തിയതായിരുന്നു ശ്രീലത. പണം വാങ്ങി മടങ്ങാനെരുങ്ങുമ്പോഴാണ് വീടിന്റെ തിണ്ണയിൽ പ്രസവിച്ചു കിടക്കുന്ന പൊമറേനിയൻ നായയിലും കുഞ്ഞുങ്ങളിലും കണ്ണുടക്കുന്നത്. കൗതുകം കെണ്ട് ഒന്നിനെ തരുമോ? എന്നു ചേദിച്ചുപോയെന്നു ശ്രീലത.

വില കടുപ്പം. ചാണകത്തിന്റെ പണത്തിൽ നിന്നു നയാപെസയെടുത്താൽ അമ്മ വീട്ടിൽ കയറ്റില്ല. ശ്രീലത പിന്നെയും പറഞ്ഞു, പണമില്ല, പക്ഷേ ഒന്നിനെ വേണം. ഒടുവിൽ, ഒന്നിനെ കെണ്ടുപൊയ്ക്കോ കൊച്ചേ എന്നു വീട്ടുകാരി പറഞ്ഞു തീരുംമുമ്പ് ഒരു സുന്ദരി പൊമറേനിയൻ കുഞ്ഞ് ശ്രീലതയുടെ കൈക്കുള്ളിലായി.

കുഞ്ഞു വളർന്നു വന്നപ്പോൾ അതിനെ ഇണചേർക്കാൻ സമയമായെന്നു പറഞ്ഞു കെടുത്തത് വീട്ടിൽ പണിക്കു വന്ന ആ ശാരി. അദ്ദേഹത്തിനു പരിചയമുള്ള ഒരിടത്തു കെണ്ടുപേയി ഇണ ചേർത്തുകൊണ്ടു വരും; പക്ഷേ കുഞ്ഞുങ്ങളുണ്ടാവുമ്പോൾ ഒന്നിനെ വെറുതെ കൊടുക്കണം. സമ്മതമെന്നു ശ്രീലത. പെമറേനിയൻ പ്രസവിച്ചപ്പോൾ ഏറ്റവും നല്ല കുഞ്ഞിനെ അദ്ദേഹം കൊണ്ടുപോയി. ബാക്കി മൂന്നെണ്ണത്തിനെ ഒന്നിന് 500 രൂപ നിരക്കിൽ വിറ്റു, ആദ്യത്തെവരുമാനം. നായ് വളർത്തൽ ഒരു സംരംഭമാക്കാമെന്ന് ഉറപ്പിച്ച നിമിഷം.

വെല്ലുവിളികൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. നായ വിൽപന ചേലേരി മഠത്തിനു ചേരാത്തതെന്നു നാട്ടുകാരും വീട്ടുകാരും എതിർപ്പ് ബഹിഷ്കരണത്തേളം വളർന്നു മലബാറിൽ അന്നു കെന്നൽ സംരംഭങ്ങൾ അത്ര പരിചിതമല്ലാത്തതും ഒരു സ്ത്രീ അതിനിറങ്ങിത്തിരിച്ചതും എതിർപ്പിന്റെ മൂർച്ച കൂട്ടി. പക്ഷേ എതിർപ്പിനേക്കാൾ ശക്തിയുണ്ടായിരുന്നു സാമ്പത്തിക പരാധീനകൾക്കെന്നതിനാൽ മുമ്പോട്ടു തന്നെയെന്നു ശ്രലത ഉറപ്പിച്ചു.

ശാസ്ത്രീയ പഠനം

ഒരിക്കൽ കേഴിക്കോടു വഴി യാത്ര ചെയ്യുമ്പോൾ ഒരു വീടിന്റെ പടിക്കൽ കണ്ടനായയുടെ തലയെടുപ്പും ഗാംഭീര്യവും ഇഷ്ടപ്പെട്ട് അവിടെ ബസിറങ്ങി വീട്ടുകാരോട് അത് ഏതിനമെന്നും എവിടെനിന്നു വാങ്ങിയെന്നും അന്വേഷിച്ചു. ഇനം റോട്‌വെയ്‌ലർ, വാങ്ങിയത് താനൂരിൽ നിന്ന്. നേരേ താനൂരിലേക്കു വച്ചുപിടിച്ചു.

ശാസ്ത്രീയമായി നിർമിച്ച ഒരു കെന്നൽ ആദ്യം കാണുന്നതും ബ്രീഡിങ്ങിനെക്കുറിച്ച് അറിയുന്നതും അവിടെവച്ചാണ്. അന്ന് ഫോട്ടോയെടുക്കാൻ മൊബൈൽ ഫോണില്ല. മനസ്സിൽ ക്ലിക്ക് ചെയ്ത കെന്നലിന്റെ ചിത്രവുമായി വീട്ടിലെത്തി. വീടിരിക്കുന്ന പരിമൂന്നര സെന്റ് സ്ഥലത്തിന്റെ ആധാരവുമെടുത്ത് കരിവെള്ളൂർ സഹകരണ ബാങ്കിന്റെ പടികയറി. ആധാരം പണയം വച്ച് രണ്ടു ലക്ഷം രൂപ വായ്പയെടുത്തു. മനസ്സിൽ പകർത്തിയ താനൂരിലെ കെന്നൽ ചിത്രം ചുടുകട്ടയിലേക്കും കേൺക്രീറ്റിലേക്കും പകർത്തിയപ്പോൾ നായ്ക്കൾക്കുള്ള കൂടുകൾ തയാർ.

താനൂരിൽനിന്നുതന്നെ ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നാലു നായ്ക്കളെവാങ്ങി. പക്ഷേ, ഉദ്ദേശിച്ചതുപോലെ സംരംഭം വളർന്നില്ല. താനൂരിലെ കെന്നലുടമ നൽകിയത് ഒാൾഡ് സ്റ്റോക്കായിരുന്നു. വാർധക്യം ബാധിച്ചവ. ഒന്നു രണ്ടെണ്ണം ഒന്നോരണ്ടോകുഞ്ഞുങ്ങളെ പ്രസവിച്ചു. സംരംഭത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ചിട്ടുതന്നെ കാര്യം എന്നുറച്ചു.

ഇതിനിടെ, ഇരുപത്തിയേഴാം വയസ്സിൽ പിഎസ്സിവഴി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ജേലി കിട്ടി. അമ്മയുടെ സഹായത്തോടെ സംരംഭം തുടർന്നു. സങ്കേതിക യേഗ്യതയുണ്ടെങ്കിൽ പ്രമോഷൻ കിട്ടുമെന്ന് അറിഞ്ഞ് മുപ്പത്തിയഞ്ചാം വയസ്സിൽ ശ്രീലതം ശമ്പളമില്ലാത്ത ലീവെടുത്ത് െഎടിഐയ്ക്കു പഠിക്കുമ്പോൾ വരുമാനം കെന്നൽ മാത്രം. ഇന്നു കരിവെള്ളൂർ ഗവൺമെന്റ് എൻജിനീയറിങ് കേളജിൽ ഇൻസ്ട്രക്ടറായി ജോലി നോക്കുന്ന ശ്രീലതയ്ക്കൊപ്പം സംരംഭത്തിൽ സജീവമായി മകൻ രാഹുലുണ്ട്.

ജീർണിച്ചു വീഴാറായ തറവാടു പെളിച്ചുകളഞ്ഞ് മനേഹരമായ വീടു പണിയാനും സംരംഭം കൂടുതൽ വിപുലമാക്കാനും ശ്രീലതയ്ക്കു തുണയായതു നായ്ക്കൾ. കെന്നൽ സംരംഭം മുന്നേറുമ്പോഴാണ് നായ്ക്കൾക്കു പരിശീലനം നൽകേണ്ടതിന്റെ പ്രാധാന്യം ശ്രീലത തിരിച്ചറിഞ്ഞത്. നായ്ക്കുട്ടികളെ വീട്ടുകാവലിനു വാങ്ങിക്കൊണ്ടു പേകുന്നവർക്ക് ഉപകരിക്കുന്ന തരത്തിൽ അത്യാവശ്യം അനുസരണമുറകൾ. അത് ഉപഭേക്താക്കളെ കൂടുതൽ ആകർഷിക്കുമെന്നും തോന്നി.

തിരുവനന്തപുരത്തു നായ്ക്കളുടെ പരിശീലന കളരിയിൽ എത്തിയപ്പോൾ ശ്രീലതയ്ക്കു സ്വാഗതമായി അരികൽ വന്നു നിന്നത് കണ്ണിൽ ഭയപ്പെടുത്തുന്ന ശാന്തതയുമായി കൂറ്റൻ റോട്ട്‌വെയ്‍ലർ. എന്റെ അനുവാദമില്ലാതെ ഈ നായ നിങ്ങളെ തെട്ടാൽ അന്നു ഞാൻ പണി നിർത്തുമെന്ന് കളരിയാശാൻ. നായയെ ഇങ്ങനെ ഉള്ളം കയ്യിലെന്നപോലെ അനുസരണയിൽ നിർത്താമെന്നറിഞ്ഞത് അന്നാണെന്നു ശ്രീലത.

ഏതാനും മാസങ്ങൾ അവിടെ താമസിച്ച് പരിശീലനമുറകൾ അഭ്യസിച്ചു. ഇന്നു തന്റെ നായ്ക്കളെ വാങ്ങിപ്പോകുന്നവർക്കു വീടുകാവലിനു വേണ്ടി നായയെ ഒരുക്കാനുള്ള ആദ്യപാഠങ്ങൾ കൂടി ശ്രീലതപകർന്നു നൽകും. സംരംഭത്തെ കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കാൻ ഇതു വഴിയെരുക്കുന്നു.

നിലവിൽ 25 നായ്ക്കളാണ് ശ്രീലതയുടെ ഫാമിലുള്ളത്. ജർമൻ ഷെപ്പേർഡ്, റോട്ട്‌വെയ്‍ലർ, ലാബ്രഡോർ, പൊമറേനിയൻ, പഗ്ഗ് എന്നീ വിപണിപ്രിയമുള്ള ഇനങ്ങൾ. ബ്രീഡിങ് ലക്ഷ്യമിടുന്നതിനാൽ ഒാരോന്നിന്റെയും മൂന്നു പെണ്ണും ഒരു ആണുമാണുള്ളത്. ജർമനും റോട്ട്‌വെയ്‍ലറും തികഞ്ഞ കാവൽ നായക്കൾ. ലാബ്രഡോർ അസ്വാഭവികവും അസാധാരണവുമായ സാഹചര്യങ്ങളെ വേഗത്തിൽ തിരിച്ചറിയുന്ന ഇനം. പെമറേനിയന്റെയും പഗ്ഗിന്റെയും ആരാധകർ കൂടുതലും കുട്ടികളാണ്.

ശാസ്ത്രീയമായി തയാറാക്കിയ കൂടുകളിലാണ് നായ്ക്കളുടെ താമസം. കൂടുകളെല്ലാം മികച്ച സെപ്റ്റിക് ടാങ്ക് സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു. വീട്ടുകാർ സസ്യാഹാരികളായതിനാൽ നായ്ക്കളുടെ നേൺവെജ് മത്തി വേവിച്ചതിലൊതുങ്ങും. കുളി, വ്യായാമം തുടങ്ങിയ കാര്യങ്ങളെല്ലാം ചിട്ടയായി നടക്കും. നായ്ക്കൾക്ക് ആണ്ടിൽ രണ്ടു പ്രസവം, പിറന്ന് ഇരുപത്തിയഞ്ച് ദിവസം കഴിയുന്നതോടെ കുഞ്ഞുങ്ങളെ വിൽക്കും. കെന്നൽ ക്ലബ് റജിസ്ട്രേഷനോടെ വേണ്ടവർക്ക് അങ്ങനെ നൽകും.

ചുരുങ്ങിയത് അഞ്ചുലക്ഷം രൂപ വാർഷിക വരുമാനം. മികച്ച ആദായമുള്ള സംരംഭമാണതെന്നു പറയുമ്പോൾ തന്നെ ശ്രീലത ഒരു കാര്യം ഒാർമിപ്പിക്കുന്നു. സംരംഭം തുടങ്ങാൻ കയ്യിൽ കാശുണ്ടായാൽ പോരാ, നായ്ക്കളോട് കരളിൽ കളങ്കമില്ലാത്ത സ്നേഹവും വേണം.

പകർന്നു നൽകേണ്ട പാഠങ്ങൾ

പിറന്നു നാൽപതു ദിവസം മുതൽ 90 ദിവസം വരെയുള്ള പ്രായത്തിൽ നായക്കുട്ടികളെ ആദ്യപാഠങ്ങൾ പരിശീലിപ്പിക്കാം. ടേയ്‌ലെറ്റ് ട്രെയിനിങ്ങാണ് മുഖ്യം. രാവിലെ ഭക്ഷണം കെടുക്കുന്നതിനു മുമ്പു വിസർജ്ജന സ്ഥലത്ത് എത്തിക്കുക. പതിവായി ഒരേ സമയത്ത് ഒരേ സ്ഥലത്ത് വിസർജനത്തിന് പോയി വന്നാൽ ഭക്ഷണം ലഭിക്കുമെന്നു നായയ്ക്കു മനസ്സിലാവണം. അതൊരു ശീലമായി മാറും.

വീട്ടിലെത്തിച്ച് ആദ്യമായി ഭക്ഷണം നൽകുമ്പോൾതന്നെ നായ അതിന്റെ യജമാനനെ അറിഞ്ഞിരിക്കും. എന്നാൽ വല്ലയിടത്തുനിന്നും കെണ്ടുവന്നതല്ലേ, ആദ്യം തന്നെ മൃഗാശുപത്രിയിൽ എത്തിച്ച് ഇഞ്ചക്ഷൻ കൊടുത്തുകളയാം എന്നു നിശ്ചയിച്ചാൽ കഥ മാറും. വേദനിപ്പിക്കാനാണ് കൊണ്ടുവന്നതെന്ന് തെറ്റിദ്ധരിക്കുന്ന നായയിൽ ധൈര്യത്തേക്കാൾ ഭയത്തിനാവും മുൻതൂക്കം.

നായ്ക്കുട്ടി അടുത്തു വരുമ്പോൾ വീട്ടിലുള്ളവർ നിലത്ത് ഉറക്കെ ചവിട്ടി അതിനെ ഭയപ്പെടുത്തുന്നതും ദോഷം ചെയ്യും. ശബ്ദം കേട്ടുള്ള നായ്കുഞ്ഞിന്റെ പിൻവലിയൽ അതിന്റെ ജീവിതകാലം മുഴുവൻ തുടരും.

വീട്ടുകാരുമായല്ലാതെ മറ്റാരുമായും അടുത്തിടപഴകാൻ നായയ്ക്ക് അവസരമെരുക്കരുത്. നാട്ടുകാരും വിരുന്നെത്തുന്നവരുമെല്ലാം നായയ്ക്ക് ഭക്ഷണം നൽകുന്ന പ്രവണതയും ഒഴിവാക്കണം. മറ്റുള്ളവരെയെല്ലാം ശത്രുവായി കാണാൻ നായയെ ഒരുക്കണമെന്നല്ല ഇതിനർഥം. മറിച്ച് ഈ അകൽച്ച അന്യരിൽ നിന്നുണ്ടായേക്കാവുന്ന അസുഖകരമായ നീക്കങ്ങൾ മനസ്സിലാക്കാൻ നായയെ സഹായിക്കാം.

അപരിചിതരെ കാണുമ്പോൾ നായ കുരച്ചാൽ മിണ്ടരുത് എന്നു ഭയപ്പെടുത്തരുത്. വീട്ടുകാരേടുള്ള അപരിചിതരുടെ പെരുമാറത്തിൽ നിന്ന് അൽപനേരത്തിനുള്ളിൽത്തന്നെ തുടർന്നു കുരയ്ക്കണോ വേണ്ടയോ എന്ന് നല്ല നായയ്ക്കു ബേധ്യപ്പെടും.

നായയെക്കൂട്ടി നടക്കാനിറങ്ങുമ്പേൾ ഉടമ അതിനെ വലിച്ചുകെണ്ടു നടക്കുകയോ നായ ഉടമയെ വലിച്ചുകൊണ്ടു പേവുകയോ ചെയ്യുന്ന സാഹചക്യമുണ്ടാവരുത്. മറിച്ച് നായയെ ഒപ്പം നടത്തി ശീലിപ്പിക്കണം.

ഫോൺ: 9947086657

കടപ്പാട്-മനോരമ ഓണ്‍ലൈന്‍.കോം

അവസാനം പരിഷ്കരിച്ചത് : 3/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate