অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നായ വളര്‍ത്തല്‍

നായ വളര്‍ത്തല്‍ - ആമുഖം

കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പുവരെ നാം ഏതിനം നായെ വളര്‍ത്തിയാലും അതെല്ലാം വീട്ടുകാവലിനു മാത്രമുള്ളവയായിരുന്നു. എന്നാല്‍ കേരളത്തില്‍ കെന്നല്‍ ക്ലബുകളും (Kennel club) ശ്വാനപ്രദര്‍ശനവും (Dog show) സജീവമായതോടെ നമ്മുടെ ചിന്താഗതിയിലും മാറ്റങ്ങള്‍ ഉണ്ടായി. അപൂര്‍വ്വ ജനുസ്സുകളെ (Rare Genus) സ്വന്തമാക്കുവാനും അവയെ സ്‌നേഹത്തോടെ ശാസ്‌ത്രീയമായി വളര്‍ത്തുവാനും നാം ശീലിച്ചുകഴിഞ്ഞു. നായ വളര്‍ത്തലില്‍ താല്‍പര്യത്തോടെ കടന്നുവരുന്ന തുടക്കക്കാരെ മനസ്സില്‍ കണ്ടുകൊണ്ടാണ്‌ ഇങ്ങനെയൊരു ഉദ്യമത്തിനു മുതിര്‍ന്നത്‌. നായവളര്‍ത്തലിനെക്കുറിച്ചു പുതിയ കാര്യങ്ങള്‍ പറയുകയല്ല, മറിച്ച്‌ മറന്നുപോയ കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുക മാത്രമാണ്‌ ഇവിടെ ചെയ്യുന്നത്‌. വളര്‍ത്തുന്നയാളുടെ താല്‍പര്യത്തിനും സൗകര്യത്തിനും, സാമ്പത്തികസ്ഥിതിക്കും അനുസരിച്ച്‌ ഏതിനം നായെയാണു വളര്‍ത്തേണ്ടതെന്ന്‌ ഏകദേശ ധാരണയുണ്ടാക്കുവാന്‍ ഇത്‌ ഉപകരിക്കുമെന്നു കരുതുന്നു. ഓരോ നായ ജനുസ്സിനും അതിന്റേതായ സ്വഭാവവിശേഷങ്ങളും, ഇഷ്‌ടാനിഷ്‌ടങ്ങളും, ഗുണദോഷങ്ങളും ഉണ്ടെന്നും ഒന്നൊന്നിനോടു വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും മനസ്സിലാക്കിക്കൊണ്ടുവേണം നായജനുസ്സുകളെ തെരഞ്ഞെടുക്കുവാന്‍.
നായവര്‍ഗ്ഗത്തെ പ്രധാനമായും കായികതത്‌പരായ നായ്‌ക്കളെന്നും (Sporting dogs) കായികതല്‌പരരല്ലാത്ത നായ്‌ക്കളെന്നും (Nonsporting dogs) രണ്ടായിതിരിച്ചിരിക്കുന്നു. കായിക തത്‌പരരായ നായ്‌ക്കളെ വര്‍ക്കിങ്‌, യൂട്ടിലിറ്റി, ടോയി എന്നും കായികതത്‌പരരല്ലാത്ത നായ്‌കകളെ ഗണ്‍, ഹോണ്‍ഡ്‌, ടെറിയര്‍ എന്നും വീണ്ടും തരംതിരിച്ചിരിക്കുന്നു.

വര്‍ക്കിങ്‌ ഡോഗ്‌സ്‌

കാവല്‍ നായായും ആടുമാടുകളെ സംരക്ഷിക്കുന്നതിനായും വികസിപ്പിച്ചെടുത്തിട്ടുള്ള നായ്‌ക്കളാണ്‌ വര്‍ക്കിങ്‌ ഡോഗ്‌സ്‌. ഇവ പാരമ്പര്യമായിത്തന്നെ ശൗര്യസ്വഭാവം ഉള്ളവയാണ്‌. ഓടിനടക്കുവാന്‍ തുറസ്സായ സ്ഥലവും ചെയ്യുവാന്‍ എന്തെങ്കിലും ജോലിയുമുണ്ടെങ്കില്‍ ഇവ സന്തുഷ്‌ടരാണ്‌.

യൂട്ടിലിറ്റി ഡോഗ്‌സ്‌

ടോയിഗ്രൂപ്പില്‍പെടാത്തവയും ഏതെങ്കിലും പ്രത്യേക ഉദ്ദേശ്യത്തോടുകൂടി വികസിപ്പിച്ചെടുക്കുന്നവയുമാണ്‌ യൂട്ടിലിറ്റി ഡോഗ്‌സ്‌. ഇവ ഒരുപക്ഷേ നാളെ ഈ ഗ്രൂപ്പില്‍തന്നെ ആയിരിക്കണമെന്നില്ല.

ടോയി ഡോഗ്‌സ്‌

ഉടമസ്ഥന്റെ സന്തതസഹചാരിയായി ഓമനിച്ചുവളര്‍ത്താവുന്ന ചെറിയ ഇനം നായ്‌ക്കളാണ്‌ ടോയി ഡോഗ്‌സ്‌. പേരിനോടൊപ്പം `ടോയി' എന്നുണ്ടെങ്കിലും പൂഡില്‍ നായ്‌ക്കള്‍ യൂട്ടിലിറ്റി വിഭാഗത്തില്‍പെടുന്നു. അതുപോലെ യോക്‌ഷെയര്‍ ടെറിയര്‍ടോയി വിഭാഗത്തിലുംപെടുന്നവയാണ്‌.

ഗണ്‍ ഡോഗ്‌സ്‌

സാഹസികത ഇഷ്‌ടപ്പെടുന്നവര്‍ക്കും കായിക തത്‌പരരായവര്‍ക്കും ഉപയോഗപ്രദമാണ്‌ ഈ വര്‍ഗ്ഗം. പക്ഷികളുടെ സ്ഥാനം മണം പിടിച്ചു കണ്ടെത്തി തന്റെ യജമാനനു കാണിച്ചുകൊടുക്കുകയും വെടിയേറ്റു വീഴുന്ന പക്ഷികളെ എടുത്തുകൊണ്ടു വരുകയും ചെയ്യുന്ന വര്‍ഗ്ഗമാണിത്‌.

ഹോണ്ട്‌ ഡോഗ്‌സ്‌

മണം, കാഴ്‌ച ഇവയാല്‍ മൃഗങ്ങളെയും പക്ഷികളെയും തിരിച്ചറിഞ്ഞ്‌ തന്റെ ഉടമസ്ഥനു അവയെ കാണിച്ചുകൊടുക്കുകയും വെടിയേറ്റു വീഴുന്ന മൃഗത്തെ എടുത്തുകൊണ്ടുവരുന്നതുമാണ്‌ ഈ വര്‍ഗ്ഗം.

ടെറിയര്‍ ഡോഗ്‌സ്‌

തീരെ ചെറിയ ജീവികളെ വേട്ടയാടി പിടിക്കുന്നതിനും മാളങ്ങളില്‍ ഒളിഞ്ഞിരിക്കുന്നവയെ കണ്ടെത്തുന്നതിനും ഉടമസ്ഥനെ സഹായിക്കുന്നു.

ഇനങ്ങള്‍

വര്‍ക്കിംഗ്‌ ഡോഗ്‌സ്‌

ജര്‍മ്മന്‍ ഷെപ്പേര്‍ഡ്‌ German Shepherd (Alsatian)

ആകാര ഭംഗികൊണ്ടും അനുസരണശീലം കൊണ്ടും എല്ലാക്കാലത്തും നായപ്രേമികളുടെ മനം കവരുന്ന ഒരിനമാണു ജര്‍മ്മന്‍ സ്വദേശിയായ അള്‍സേഷ്യന്‍. നമ്മുടെ നാട്ടില്‍ അള്‍സേഷ്യനും ജര്‍മ്മന്‍ഷെപ്പേര്‍ഡും രണ്ടു വര്‍ഗ്ഗം നായ്‌ക്കളാണെന്നു കരുതുന്നുവരുണ്ട്‌. കുട്ടികളോടും മുതിര്‍ന്നവരോടും വളരെ സ്‌നേഹത്തോടെ പെരുമാറുന്ന ജര്‍മ്മന്‍ ഷെപ്പേര്‍ഡ്‌ ആണ്‍നായയ്‌ക്ക്‌ അറുപത്തിമൂന്നു സെ.മീ. ഉയരവും പെണ്‍നായയ്‌ക്ക്‌ അന്‍പത്തിയെട്ടു സെ.മീ. ഉയരവുമുണ്ട്‌. ഇവയുടെ ഭാരം ഉദ്ദേശം നാല്‌പത്തിയഞ്ചു കി.ഗ്രാമാണ്‌. പരിശീലനത്തിനു വളരെയളുപ്പത്തില്‍ വഴങ്ങുന്ന ഇവ നമ്മുടെ കാലാവസ്ഥയിലും നന്നായി ഇണങ്ങും. വ്യായാമത്തിനു ധാരാളം സ്ഥലം ആവശ്യമായ ജര്‍മ്മന്‍ഷെപ്പേഡിന്റെ ശരീരം നിത്യവും നന്നായി ബ്രഷു ചെയ്‌തു സംരക്ഷിക്കണം. ഊര്‍ജ്ജസ്വലനായ ഈ ജനുസ്സിന്‌ അലസന്മാരായ യജമാനന്മാര്‍ ഒട്ടും യോജിച്ചതല്ല. പതിനഞ്ചുവര്‍ഷം ആയുസ്സുള്ള ജര്‍മ്മന്‍ ഷെപ്പേഡ്‌ അറിയപ്പെടുന്ന കാവല്‍നായുമാണ്‌.

ഡോബര്‍മാന്‍ (Doberman)

അസാധാരണ ബുദ്ധിശാലിയായ ഈ കാവല്‍നായുടെ ജന്മദേശം ജര്‍മ്മനിയാണ്‌. ആണ്‍നായയ്‌ക്ക്‌ അറുപത്തിയൊന്‍പതു സെ.മീറ്ററും പെണ്‍നായയ്‌ക്ക്‌ അറുപത്തിയഞ്ചു സെ.മീറ്ററും ഉയരമുണ്ട്‌. സ്വതന്ത്രനായിരിക്കുന്നതിനു താല്‍പര്യമുള്ളവനാണ്‌ ഈ ജനുസ്സ്‌. ശരീരം ദിവസവും കൈകൊണ്ടോ, കട്ടിയുള്ള തുണികൊണ്ടോ നന്നായി തുടച്ചാല്‍ അനാവശ്യരോമം മാറി ഇവ വൃത്തിയായിരിക്കും. വളരെ ദേഷ്യക്കാരനായ ഡോബര്‍മാന്‍, വീട്ടിലെ ഒരംഗത്തെ മാത്രമേ യജമാനനായി അംഗീകരിക്കയുള്ളു: അയാളെ മാത്രമേ അനുസരിക്കുകയുമുള്ളു. വ്യായാമത്തിനു ധാരാളം സ്ഥലം ആവശ്യമുള്ള ഡോബര്‍മാനു പതിനഞ്ചു വര്‍ഷത്തോളം ആയുസ്സുണ്ട്‌.

റോട്ട്‌വീലര്‍ (Rottweiller)

അപരിചിതരെയും മറ്റും നായ്‌ക്കളെയും ഒരു വിധത്തിലും അംഗീകരിക്കാത്ത റോട്ട്‌വീലറിന്റെ ജന്മദേശം ജര്‍മ്മനിയാണ്‌. റോട്ട്‌വീലര്‍ ആണ്‍നായയ്‌ക്ക്‌ അറുപത്തിയൊന്‍പതു സെ.മീറ്ററും പെണ്‍നായയ്‌ക്ക്‌ അറുപത്തിമൂന്നു സെ.മീറ്ററും ഉയരമുണ്ട്‌. ഇവ കാഴ്‌ചയ്‌ക്ക്‌ അഴകുള്ളവയുമാണ്‌. അലസതയില്ലാത്ത പ്രവര്‍ത്തനങ്ങളിലും ബുദ്ധിപരമായ കഴിവുകളിലും ഈ ജനുസ്സ്‌ വളരെ മുന്നിട്ടുനില്‍ക്കുന്നു. യജമാനനോടു വളരെയധികം സ്‌നേഹവും വിധേയത്വവും പുലര്‍ത്തുന്ന ഇവ നല്ല കാവല്‍നായയാണ്‌. ഉദ്ദേശം അന്‍പതു കി.ഗ്രാം ഭാരമുള്ള റോട്ട്‌വീലറിന്റെ ശരീരം ദിവസവും ബ്രഷുചെയ്‌തു സംരക്ഷിക്കേണ്ടത്‌ അത്യാവശ്യമാണ്‌. പരിപാലനത്തിലെ ശ്രദ്ധക്കുറവു റോട്ട്‌വീലറിനെ ദേഷ്യക്കാരനാക്കി മാറ്റാം. വ്യായാമത്തിനു ധാരാളം സ്ഥലം ആവശ്യമുള്ള ഈ ജനുസ്സും പതിനഞ്ചുവര്‍ഷത്തോളം ആയുസ്സുള്ളവയാണ്‌.
റോട്ട്‌വീലറിന്റെ ആഹാരത്തോടൊപ്പം വലിയ എല്ലിന്‍ തുണ്ടുകള്‍ കൊടുക്കേണ്ടത്‌ ആവശ്യമാണ്‌. എങ്കില്‍ മാത്രമേ ഇവയുടെ മുഖത്തിന്‌ യഥാര്‍ത്ഥഭംഗി കിട്ടുകയുള്ളു. പരിശീലനത്തിന്‌ പ്രയാസമാണെങ്കിലും പഠിച്ചകാര്യങ്ങള്‍ മറക്കാതിരിക്കുന്നതില്‍ മുന്‍പന്തിയിലാണ്‌ റോട്ട്‌വീലര്‍.

ബോക്‌സര്‍ (Boxer)

ശാഠ്യക്കാരനും ദേഷ്യക്കാരനുമാണെങ്കിലും ജര്‍മ്മന്‍ സ്വദേശിയായ ഈ ജനുസ്സു നല്ലൊരു സുഹൃത്തും കാവല്‍നായയുമാണ്‌. വൈരൂപ്യത്തിലും സൗന്ദര്യമുള്ള ബോക്‌സറിനു വ്യായാമത്തിനു ധാരാളം സ്ഥലം ആവശ്യമാണ്‌. ഈ ജനുസ്സു കുട്ടികളോടു വിരോധം കാണിക്കാറില്ലെങ്കിലും അപരിചിതരോടും മറ്റു നായ്‌ക്കളോടും ദേഷ്യസ്വഭാവം കാണിക്കുന്നവയാണ്‌. മറ്റു നായ്‌ക്കളെക്കാള്‍ ഇവയ്‌ക്കു ഘ്രാണശക്തി വളരെക്കൂടുതലാണ്‌. വെളുത്തനിറമുള്ള ബോക്‌സര്‍ ജന്മനാബധിരനായിരിക്കാന്‍ സാധ്യതയുണ്ട്‌. ഈ ജനുസ്സിലെ ആണ്‍നായയ്‌ക്ക്‌ അറുപത്തിമൂന്നു സെ.മീറ്ററും പെണ്‍നായയ്‌ക്ക്‌ അന്‍പത്തിയൊന്‍പതു സെ.മീറ്ററും ഉയരമുണ്ട്‌. മുപ്പതു കി.ഗ്രാം ഭാരമുള്ള ബോക്‌സറിന്റെ ആയുസ്സു ഏതാണ്ട്‌ പതിനഞ്ചുവര്‍ഷമാണ്‌.

ഗ്രേറ്റ്‌ ഡെയിന്‍ (Great Dane)

വ്യായാമത്തിനു അധികം സ്ഥലം ആവശ്യമുള്ള ഈ ജനുസ്സിന്റെ ജന്മദേശം ജര്‍മ്മനിയാണ്‌. ഉടമസ്ഥനോടു നന്നായി ഇണങ്ങി സ്‌നേഹത്തോടെ പെരുമാറുമെങ്കിലും ചിലപ്പോള്‍ ഇവ ദേഷ്യസ്വഭാവവും കാണിക്കാറുണ്ട്‌. സംരക്ഷണവും പരിപാലനവും പ്രയാസമായതുകൊണ്ടാവാം ഈ ജനുസ്സിന്റെ ഗുണത്തിനനുസരിച്ചു പ്രചാരം ലഭിക്കാത്തത്‌. ഗ്രേറ്റ്‌ഡെയിന്‍ ആണ്‍നായയ്‌ക്ക്‌ എഴുപത്തിയാറു സെ.മീറ്ററും പെണ്‍നായയ്‌ക്ക്‌ എഴുപത്തിയൊന്നു സെ.മീറ്ററും ഉയരമുണ്ട്‌ ഇവ അറിയപ്പെടുന്ന കാവല്‍നായകൂടിയാണ്‌. പതിനഞ്ചുവര്‍ഷത്തോളം ആയുസ്സുള്ള ഇവയ്‌ക്ക്‌ ഉദ്ദേശം അന്‍പത്തിയഞ്ചു കി.ഗ്രാം ഭാരം ഉണ്ടാകും. പല നിറങ്ങളില്‍ കാണപ്പെടുന്ന ഈ ജനുസ്സില്‍ ഏറ്റവും ആകര്‍ഷകം വെളുപ്പില്‍ കറുത്ത പുള്ളികളുള്ള ഹര്‍ളിക്യൂന്‍ (Harlequins) തന്നെയാണ്‌. ശരീരത്തു വരകളുള്ളതിനെ ടൈഗര്‍ പ്രിന്റ്‌ എന്നു വിളിക്കാറുണ്ടെങ്കിലും ബ്രിന്‍ഡില്‍ (Brindle) എന്നതാണു അവയുടെ യഥാര്‍ത്ഥ നാമഥേയം.

സെയിന്റ്‌ ബര്‍ണാഡ്‌ (Saint Bernard)

സംരക്ഷണവും പരിചരണവും പ്രയാസമേറിയ ഈ ഭീമാകാരന്‍ നമ്മുടെ കാലാവസ്ഥയ്‌ക്കു ഒട്ടും ഇണങ്ങുന്നില്ല. സിറ്റ്‌സര്‍ലാന്‍ഡ്‌ സ്വദേശികളായ ഇവയ്‌ക്ക്‌ ഉദ്ദേശം തൊണ്ണൂറു കി.ഗ്രാം ഭാരമുണ്ടാവും. അലസതയില്ലാത്ത ഉടമസ്ഥനോടു വലിയ സ്‌നേഹം കാട്ടാറുള്ള ഇവ മറ്റു നായക്കളെ തീരെ ഇഷ്‌ടപ്പെടുന്നില്ല. ഈ ജനുസ്സിന്റെ ആയുസ്സ്‌ പന്ത്രണ്ടുവര്‍ഷത്തിലധികമാകാറില്ല. സെയിന്റ്‌ ബര്‍ണാഡ്‌ ആണ്‍നായയ്‌ക്ക്‌ എഴുപത്തിയഞ്ചു സെ.മീറ്ററും പെണ്‍നായയ്‌ക്ക്‌ എഴുപതു സെ.മീറ്ററും ഉയരം ഉണ്ടാവും. ഇവയ്‌ക്കു വ്യായാമത്തിനു ധാരാളം സ്ഥലം ആവശ്യമുണ്ട്‌.

മസ്‌റ്റിഫ്‌ (Mastiff)

കാഴ്‌ചയില്‍ ഭീമാകാരനായ ഈ ജനുസ്സിന്റെ ജന്മദേശം ടിബറ്റാണ്‌. വ്യായാമത്തിനു ധാരാളം സ്ഥലസൗകര്യം ആവശ്യമുള്ള ഈ ജനുസ്സിലെ ആണ്‍നായയ്‌ക്ക്‌ എഴുപത്തിയാറ്‌ സെ.മീറ്ററും പെണ്‍നായയ്‌ക്ക്‌ എഴുപതു സെ.മീറ്ററും ഉയരമുണ്ടാവും. നമ്മുടെ കാലാവസ്ഥയ്‌ക്ക്‌ അത്ര ഇണങ്ങുന്നതല്ല ഈ ജനുസ്സ്‌. ഉടമസ്ഥനോടു വളരെ സ്‌നേഹത്തോടെ പെരുമാറുന്ന ഇവ നല്ല കാവല്‍നായയാണ്‌. ടിബറ്റന്‍ മസ്‌റ്റിഫിന്റെ ആയുസ്സ്‌ ഏതാണ്ട്‌ പന്ത്രണ്ടുവര്‍ഷമാണ്‌.

കൂളി (Collie)

ബ്രിട്ടീഷ്‌ സ്വദേശിയെങ്കിലും നമ്മുടെ കാലാവസ്ഥയുമായി ഇണങ്ങിപ്പോവുന്ന ഈ ജനുസ്സിന്‌ പരിചരണത്തില്‍ അതീവ ശ്രദ്ധവേണ്ടിവരും. നോട്ടം തീരെ അനാകര്‍ഷകമായ കൂളിക്ക്‌ ഒരു ഉറക്കംതൂങ്ങിയുടെ മുഖഭാവമാണ്‌. പരിശീലനത്തിലൂടെ അരുമയായി വളര്‍ത്താമെങ്കിലും ഇവ അല്‍പ്പം ശാഠ്യസ്വഭാവവും കാണിക്കാറുണ്ട്‌. ഉടമസ്ഥനോടു വലിയ സ്‌നേഹവും ബഹുമാനവും കാട്ടുന്ന കൂളി നല്ലൊരു കാവല്‍നായയാണ്‌. ഉദ്ദേശം അന്‍പത്തിയഞ്ചു സെ.മീറ്റര്‍ ഉയരവും മുപ്പത്തിയഞ്ചു കി.ഗ്രാം ഭാരവും ഉള്ള ഇവയ്‌ക്ക്‌ വ്യായാമത്തിനു ധാരാളം സ്ഥലം ആവശ്യമാണ്‌. നല്ല ആരോഗ്യമുള്ള ഈ ജനുസ്സ്‌ ഏതാണ്ട്‌ പതിനഞ്ചുവര്‍ഷത്തോളം ജീവിച്ചിരിക്കും. ഇവയുടെ ശരീരം ദിവസവും ബ്രഷുചെയ്‌തു സംരക്ഷിക്കേണ്ടത്‌ ആവശ്യമാണ്‌.

കമാന്‍ണ്ടര്‍

കമാന്‍ണ്ടര്‍ ഹങ്കറിക്കാരനാണ്‌. നീളമുള്ള രോമങ്ങള്‍ ഇവയുടെ പരിചരണം ദുഷ്‌ക്കരമാക്കുന്നു. ഉടമസ്ഥനോടു സ്‌നേഹവും അനുസരണയും കാട്ടുന്ന ഇവ നല്ല കാവല്‍നായയാണ്‌. വ്യായാമത്തിനു ധാരാളം സ്ഥലം ആവശ്യമായ കമാന്‍ണ്ടര്‍ ഇനത്തിലെ ആണ്‍നായയ്‌ക്ക്‌ ഉദ്ദേശം എഴുപത്തിയഞ്ചു സെ.മീറ്ററും പെണ്‍നായയ്‌ക്ക്‌ എഴുപതു സെ.മീറ്ററും ഉയരമുണ്ട്‌. പന്ത്രണ്ടു പതിമൂന്നു വര്‍ഷം ആയുസ്സുള്ള കമാന്‍ണ്ടറിന്റെ ഭാരം ഏതാണ്ട്‌ അറുപതു കി.ഗ്രാമാണ്‌. ശരീരം അതീവ ശ്രദ്ധയോടെ ദിവസവും ബ്രഷ്‌ചെയ്‌തില്ലെങ്കില്‍ ഇവയുടെ ഭംഗി പൂര്‍ണ്ണമായും നശിക്കും.
ഇവയുടെ കണ്ണുകളും രോമങ്ങള്‍ കൊണ്ട്‌ മൂടികിടക്കുന്നതുകൊണ്ട്‌ ശ്രദ്ധയോടെ കൈകാര്യം ചെയ്‌തില്ലെങ്കില്‍ ഉടമസ്ഥനോടും ചിലപ്പോള്‍ ക്രൂരമായി പെരുമാറും. അപരിചിതരായവര്‍ കമാന്‍ണ്ടറിനെ കൈകാര്യം ചെയ്യാതിരിക്കുന്നതാണ്‌ നല്ലത്‌. ഒരു ദിവസം മൂന്നുനേരം ആഹാരം കൊടുക്കുന്നതാണ്‌ ഈ വര്‍ഗ്ഗത്തിന്റെ ദഹനത്തിന്‌ നല്ലത്‌.

ന്യൂ ഫൗണ്ട്‌ ലാന്‍ഡ്‌ (New Found Land)

ഈ കാനഡാക്കാരന്‍ കാഴ്‌ചയില്‍ സുന്ദരനായ അനുസരണശീലമുള്ള നല്ലൊരു കാവല്‍നായയാണ്‌. ഒപ്പം മറ്റുള്ളവരോട്‌ അകന്നുപെരുമാറാന്‍ താല്‍പര്യപ്പെടുന്ന ശാഠ്യക്കാരനും. ആണ്‍നായയ്‌ക്ക്‌ ഉദ്ദേശം എഴുപത്തിയൊന്നു സെ.മീറ്ററും പെണ്‍നായയ്‌ക്ക്‌ അറുപത്തിയാറു സെ.മീറ്ററും ഉയരമുണ്ടാവും. ഊര്‍ജ്ജസ്വലനും ശക്തനുമായ ഈ ജനുസ്സിന്റെ ഭാരം ഏതാണ്ട്‌ എഴുപതു കി.ഗ്രാമാണ്‌. മറ്റ്‌ നായക്കളെ അപേക്ഷിച്ചു ന്യൂ ഫൗണ്ട്‌ ലാന്‍ഡിന്‌ ആയുസ്സു കുറവാണ്‌. ശാരീരികവ്യായാമത്തിനു ധാരാളം സ്ഥലം ആവശ്യമുള്ള ഈ ജനുസ്സിന്റെ ശരീരം ദിവസവും ബ്രഷ്‌ചെയ്‌തു സംരക്ഷിക്കേണ്ടതാണ്‌.
ലോകത്തിലെ ആദ്യത്തെ നായവര്‍ഗ്ഗങ്ങളില്‍ ഒന്നാണ്‌ ന്യൂ ഫൗണ്ട്‌ ലാന്‍ഡ്‌. അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഇന്ത്യ മുതലായ സ്ഥലങ്ങളില്‍ ഇതിനെ വര്‍ക്കിങ്‌ ഡോഗ്‌ ആയി പരിഗണിക്കുമ്പോള്‍ ആസ്‌ട്രേലിയായില്‍ ന്യൂ ഫൗണ്ട്‌ ലാന്‍ഡിനെ കായികതാല്‍പര്യമില്ലാത്ത നായകളുടെ ഗണത്തിലാണ്‌ പെടുത്തിയിരിക്കുന്നത്‌.

യൂട്ടിലിറ്റി ഡോഗ്‌സ്‌ സ്‌പിറ്റ്‌സ്‌ (Spitz)

ജര്‍മ്മന്‍ സ്വദേശിയായ ഈ ജനുസ്സ്‌ ഉടമസ്ഥനോട്‌ എപ്പോഴും സ്‌നേഹമായി കഴിയാന്‍ താല്‍പര്യപ്പെടുന്നു. കുറഞ്ഞ ചെലവില്‍ വളര്‍ത്താവുന്ന സ്‌പിറ്റ്‌സിനു വ്യായാമവും പരിചരണവും അത്യാവശ്യമാണ്‌. കുട്ടികളോടു വളരെ സ്‌നേഹമായി ഇടപെടുന്ന ഈ ജനുസ്സിലെ ആണ്‍നായയ്‌ക്കു ഉദ്ദേശം മുപ്പത്തിയാറു സെ.മീറ്ററും പെണ്‍നായയ്‌ക്കും മുപ്പതു സെ.മീറ്ററും ഉയരമുണ്ടാകും. സ്വതന്ത്രമായി നടക്കുന്നതിന്‌ ഇഷ്‌ടപ്പെടുന്ന ഈ ജനുസ്സ്‌ നമ്മുടെ കാലാവസ്ഥയിലും നന്നായി ഇണങ്ങും. ഇതിനെ പോമറേനിയന്‍ എന്നു തെറ്റിദ്ധരിച്ചു പലരും വളര്‍ത്താറുണ്ട്‌. ഏതാണ്ട്‌ പതിനൊന്നു കി.ഗ്രാം ഭാരമുള്ള ഇവ ഉടമസ്ഥനോടു സ്‌നേഹവും വിധേയത്വവും കാട്ടുന്ന നല്ല കാവല്‍നായയാണ്‌. കുസൃതിയും ശാഠ്യവും ഉണ്ടെങ്കിലും ശിക്ഷണത്തില്‍ ഓമനയായി വളരുന്ന ജനുസ്സാണിത്‌. ഇവയുടെ ആയുസ്സ്‌ പതിനഞ്ചു വര്‍ഷത്തോളമാണ്‌.

പൂഡില്‍ (Poodle)

ഭാവനയ്‌ക്കനുസരിച്ചു രോമം മുറിച്ച്‌ ഭംഗി വരുത്താവുന്ന ജര്‍മ്മന്‍ സ്വദേശിയായ ഈ ജനുസ്സിന്റെ ഉയരം മുപ്പത്തിയെട്ടു സെ.മീറ്ററില്‍ കുറവായിരിക്കും. പരിചരണത്തില്‍ അലംഭാവം കാട്ടിയാല്‍ പൂഡിലിന്റെ ഭംഗി അപ്പാടെ നശിക്കും. ശരീരം ബ്രഷു ചെയ്യുന്നതിനും വളര്‍ന്നുവരുന്ന രോമം ഭംഗിയായി മുറിച്ചുമാറ്റുന്നതിനും ശ്രദ്ധിക്കേണ്ടതാണ്‌. ശാഠ്യവും കുസൃതിത്തരങ്ങളും ഉണ്ടെങ്കിലും നല്ലൊരു കാവല്‍ നായയായി ഇതിനെ വളര്‍ത്താം. പല നിറങ്ങളില്‍ ഇവ കാണപ്പെടുന്നു. ഇവയുടെ ഭാരം ഇരുപത്തിയഞ്ചു കിലോയില്‍ താഴെയായിരിക്കും. വലുത്‌, ചെറുത്‌,ഇടത്തരം എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്ന ഇവയുടെ ആയുസ്സ്‌ പതിനഞ്ചുവര്‍ഷത്തോളമാണ്‌.

ചൗ ചൗ (Chow Chow)

കടുംനീലനിറമുള്ള നാക്കോടുകൂടിയ ലോകത്തിലെ ഏക ജനുസ്സാണ്‌ ഇത്‌. അപരിചിതരെ ഒരു വിധത്തിലും ഇഷ്‌ടപ്പെടാത്ത ഈ ചൈനക്കാരന്‍ നല്ല സുഹൃത്തും കാഴ്‌ചയില്‍ സിംഹത്തിന്റെ രൂപസാദൃശ്യം ഉള്ളവനുമാണ്‌. വ്യായാമത്തിനു ധാരാളം സ്ഥലം ആവശ്യമുള്ള ഇവയെ ദിവസവും ബ്രഷുചെയ്‌തു സംരക്ഷിക്കേണ്ടത്‌ അത്യാവശ്യമാണ്‌. പല നിറങ്ങളില്‍ കാണപ്പെടുന്ന ഇവയുടെ ഭാരം ഏകദേശം മുപ്പതു കി.ഗ്രാമും ഉയരം ആണ്‍നായയ്‌ക്ക്‌ അന്‍പത്തിയാറു സെ.മീറ്ററും പെണ്‍നായയ്‌ക്ക്‌ അന്‍പത്തിയൊന്നു സെ.മീറ്ററും ആണ്‌. നമ്മുടെ കാലാവസ്ഥയുമായി അത്ര ഇണങ്ങാത്ത ഇവയുടെ ആയുസ്സു പതിനഞ്ചുവര്‍ഷത്തോളമാണ്‌.

ഡാല്‍മേഷ്യന്‍ (Dalmatian)

യുഗോസ്ലാവിയന്‍ സ്വദേശിയായ ഡാല്‍മേഷ്യന്‍ സ്‌നേഹംകൊണ്ടും ഭംഗികൊണ്ടും ആരുടെയും ശ്രദ്ധ ആകര്‍ഷിക്കും. വ്യായാമത്തിന്‌ ധാരാളം സ്ഥലം ആവശ്യമുള്ള ഡാല്‍മേഷ്യനെ നല്ല സുഹൃത്തായി വീട്ടില്‍ വളര്‍ത്താനാവും. നല്ല ഉല്‍സാഹശീലവും ബുദ്ധികൂര്‍മതയുമുള്ള ഈ ജനുസ്സിലെ ആണ്‍നായയ്‌ക്ക്‌ അറുപത്തിയൊന്നു സെ.മീറ്ററും പെണ്‍നായയ്‌ക്ക്‌ അന്‍പത്തിയൊന്‍പതു സെ.മീറ്ററും ഉയരമുണ്ടാവും. ഇവയുടെ ഭാരം ഏതാണ്ട്‌ ഇരുപത്തിഞ്ചു കി.ഗ്രാമാണ്‌. ഡാല്‍മേഷ്യന്റെ വെളുത്ത ശരീരത്തില്‍ കറുപ്പോ കരളിന്റെ നിറമോ ഉള്ള പുള്ളികള്‍ കാണപ്പെടുന്നു. ഇവയില്‍ കരളിന്റെ നിറമുള്ള പുള്ളികള്‍ക്കാണ്‌ കറുത്തവയെക്കാള്‍ ഭംഗി. ഇവയുടെ ശരീരത്തില്‍നിന്നു വെളുത്തരോമം ധാരാളമായി കൊഴിഞ്ഞുവീഴുന്നത്‌ ചിലപ്പോള്‍ ഉടമസ്ഥനു ശല്യമാകാറുണ്ട്‌. പരിചരിക്കുന്നതിനും സംരക്ഷിക്കുന്നതിനും എളുപ്പമായ ഇവയുടെ ആയുസ്സ്‌ പതിനഞ്ചുവര്‍ഷത്തോളമാണ്‌.

ലാസാ ആപ്‌സോ (Lhasa Apso)

തന്നിഷ്‌ടക്കാരനായ ഈ ടിബറ്റന്‍ സ്വദേശി ബുദ്ധിശാലിയും നല്ല സ്‌നേഹമുള്ളവനുമാണ്‌. കുട്ടിത്തരങ്ങള്‍ തീരെ ഇഷ്‌ടമില്ലാത്ത ആപ്‌സോ ഉല്‍സാഹശീലനും കാഴ്‌ചയ്‌ക്കു ഭംഗിയുള്ളവനുമാണ്‌. ഈ ജനുസ്സിലെ ആണ്‍നായയ്‌ക്കു മുപ്പതും പെണ്‍നായയ്‌ക്ക്‌ ഇരുപത്തെട്ടും സെ.മീറ്റര്‍ ഉയരമുണ്ടാവും. നമ്മുടെ കാലാവസ്ഥയിലും നന്നായി പൊരുത്തപ്പെട്ടു ജീവിക്കുവാന്‍ കഴിയുന്ന ഇവയുടെ ശരീരത്തിലെ ഇടതൂര്‍ന്ന രോമം ആരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍പോന്നതാണ്‌. പരിചരണത്തില്‍ അലംഭാവം കാട്ടിയാല്‍ ഇവയുടെ ഭംഗി നശിക്കും. വീടിനുള്ളില്‍ ഓമനയായി വളര്‍ത്താവുന്ന ഇവയുടെ ആയുസ്സു പതിനഞ്ചു വര്‍ത്തോളമാണ്‌.

ബുള്‍ഡോഗ്‌ (Bull Dog)

ഉടമസ്ഥനോടു സ്‌നേഹവും വിധേയത്വവും കാണിക്കുന്ന ബ്രിട്ടനില്‍നിന്നുള്ള ബുള്‍ഡോഗ്‌ നമ്മുടെ കാലാവസ്ഥയ്‌ക്ക്‌ അത്ര ഇണങ്ങുന്നവയല്ല. കാഴ്‌ചയില്‍ ആരെയും ഭയപ്പെടുത്തുന്ന, നല്ല ആരോഗ്യവും ഉല്‍സാഹശീലവുമുള്ള ഈ ജനുസ്സു കുട്ടികളെയും അപരിചിതരെയും അത്ര ഇഷ്‌ടപ്പെടുന്നില്ല. ബുള്‍ഡോഗ്‌ ആണ്‍നായയ്‌ക്കു ഉദ്ദേശം മുപ്പത്തിയഞ്ചും പെണ്‍നായയ്‌ക്കു മുപ്പത്തിമൂന്നും സെ.മീറ്റര്‍ ഉയരമുണ്ടാവും. ഇവയുടെ ഭാരം ഇരുപത്തിയഞ്ചു കി.ഗ്രാമില്‍ അധികമാകാറില്ല. ഇവയുടെ ധൈര്യം പ്രശംസനീയമത്രേ.

ജാപ്പനീസ്‌ അക്കിറ്റാ (Japanese Akkitta)

സാവധാനത്തിലാണെങ്കിലും നമ്മുടെ നാട്ടില്‍ പ്രചാരത്തിലാകുന്ന അക്കീറ്റ ജപ്പാന്‍ സ്വദേശിയാണ്‌. ഉത്സാഹശീലവും യജമാനനോടു ആത്മാര്‍ത്ഥമായ സ്‌നേഹവുമുള്ള ഇവ മറ്റു നായ്‌ക്കളുമായുള്ള സൗഹൃദബന്ധം അത്ര ഇഷ്‌ടപ്പെടുന്നില്ല. ഈ ജനുസ്സിലെ ആണ്‍നായയ്‌ക്ക്‌ ഏതാണ്ട്‌ എഴുപതും പെണ്‍നായയ്‌ക്ക്‌ അറുപത്തിയഞ്ചു സെ.മീറ്ററും ഉയരം ഉണ്ടാവും. വ്യായാമത്തിനു ധാരാളം സ്ഥലസൗകര്യം ആവശ്യമായ ഇവയുടെ ആയുസ്സു പതിനഞ്ചു വര്‍ഷത്തോളമാണ്‌.

ടോയി ഡോഗ്‌സ്‌ പോമറേനിയന്‍ (Pomeranian)

നമ്മുടെ നാട്ടില്‍ നല്ല പ്രചാരമുള്ള, കാണാന്‍ ഭംഗിയുള്ള, പോമറേനിയന്‍ ജര്‍മ്മന്‍ സ്വദേശിയാണ്‌. മുതിര്‍ന്നവരോടു വലിയ താല്‍പര്യമുള്ള പോമറേനിയനു കുട്ടികളുമായും പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ല. ഉദ്ദേശം മുപ്പതു സെ.മീറ്റര്‍ ഉയരമുള്ള ഇവയ്‌ക്ക്‌ നല്ല പരിചരണം അത്യാവശ്യമാണ്‌. കുറഞ്ഞചെലവില്‍ വളര്‍ത്താവുന്ന പോമറേനിയനിന്റെ ഭാരം നാലു കി.ഗ്രാമില്‍ അധികമാവാറില്ല. നമ്മുടെ നാട്ടില്‍ സാധാരണ കാണുന്ന വെളുത്ത പോമറേനിയനെ കൂടാതെ കറുപ്പ്‌, ബ്രൗണ്‍, ഓറഞ്ച്‌, ക്രീം നിറങ്ങളിലും ഇവ കാണപ്പെടുന്നു. നമ്മുടെ നാട്ടില്‍ ജര്‍മ്മന്‍ സ്‌പിറ്റ്‌സിനെ പോമറേനിയനാണെന്നു കരുതി വളര്‍ത്തുന്നവര്‍ ധാരാളമുണ്ട്‌. കാഴ്‌ചയ്‌ക്കു അതീവ ഭംഗിയുള്ളവയെങ്കിലും കറുപ്പ്‌, ബ്രൗണ്‍, ഓറഞ്ച്‌ നിറങ്ങളിലുള്ള പോമറേനിയന്‍ നമ്മുടെ നാട്ടില്‍ അപൂര്‍വ്വമാണ്‌. ഇവയുടെ ആയുസ്സ്‌ പതിനഞ്ചു വര്‍ഷത്തോളമാണ്‌. ശരീരവലിപ്പും അധികമുള്ള നായ്‌ക്കളെപ്പോലെ പെരുമാറുന്ന പോമറേനിയന്‍ അധികം വ്യായാമം ആവശ്യമില്ല. ഉടമസ്ഥനോടൊപ്പം അല്‍പ്പം നടക്കുന്നതും ഉല്‍സാഹത്തോടെ കുറേനേരം കളിക്കുന്നതും തന്നെ ഇവയ്‌ക്കു ധാരാളം മതിയാകും. നന്നായി ബ്രഷുചെയ്‌തു സൂക്ഷിച്ചില്ലെങ്കില്‍ ഇവയുടെ ശരീരഭംഗി നഷ്‌ടമാകും.

പഗ്‌ (Pug)

ബുദ്ധികൂര്‍മ്മതയിലും സ്‌നേഹത്തിലും മുന്നിട്ടു നില്‍ക്കുന്ന ഈ ജനുസ്സിന്റെ ജന്മദേശം ചൈനയാണ്‌. കുട്ടികളെ സ്‌നേഹിക്കുന്ന, കുട്ടിക്കളികളില്‍ താല്‍പര്യമുള്ള, ഈ ജനുസ്സിന്റെ ആയുസ്സു പതിനഞ്ചു വര്‍ഷത്തോളമാണ്‌. ഇവയുടെ ചതുരാകൃതിയിലുള്ള മുഖം ബുള്‍ഡോഗിനെ അനുസ്‌മരിപ്പിക്കും.

പിക്‌നീസ്‌ (Peknesse)

ചൈനിസ്‌ വംശജനായ പിക്‌നീസ്‌, സ്വാതന്ത്ര്യ പ്രിയനും ശാഠ്യക്കാരനുമാണ്‌. കറുത്ത ചെലവില്‍ വളര്‍ത്താനാവുന്ന ഇവയുടെ ശരീരം ദിവസേന ബ്രഷുചെയ്‌തു സംരക്ഷിച്ചില്ലെങ്കില്‍ ഭംഗി അപ്പാടെ നശിക്കും. വ്യായാമത്തിലും കളികളിലും താല്‍പര്യമില്ലാത്ത പിക്‌നീസ്‌, ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കു പറ്റിയ വളര്‍ത്തുനായാണ്‌. അഞ്ചു കി.ഗ്രാമില്‍ത്താഴെ മാത്രം ഭാരമുള്ള ഇവയുടെ ഉയരം ഇരുപത്തിയഞ്ചു സെ.മീറ്ററും, ആയുസ്സു പതിനഞ്ചു വര്‍ഷവുമാണ്‌.

പാപ്പിലോന്‍ (Pappilon)

ബുദ്ധികൂര്‍മ്മതയില്‍ പേരു കേട്ട സ്‌പെയിനിന്റെ സന്തതിയായ പാപ്പിലിയോണ്‍, നല്ല സുഹൃത്തും വിശ്വസ്‌തനായ കാവല്‍ നായുമാണ്‌. ഏതു കാലാവസ്ഥയുമായും ഇവ പൊരുത്തപ്പെട്ടു പോകുന്നു. ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക്‌ വളര്‍ത്തുന്നതിനു വളരെ അനുയോജ്യമാണിവ. അധിക വ്യായാമം ഇഷ്‌ടമില്ലാത്ത ഇവ ദിവസവും കുറേദൂരം നടക്കുന്നതില്‍ സംതൃപ്‌തരണ്‌. ഇവയ്‌ക്ക്‌ ഉദ്ദേശ്യം മുപ്പത്‌ സെ.മീ. ഉയരമുണ്ടാവും ഇവയുടെ ആയുസ്സ്‌ പതിനഞ്ച്‌ വര്‍ഷമാണ്‌.

മിനിയേച്ചര്‍ പിന്‍ഷര്‍ (Miniature Pinsher)

ജര്‍മ്മന്‍സ്വദേശിയായ പിന്‍ഷര്‍ നല്ല ധൈര്യശാലിയും ബുദ്ധിശാലിയുമാണ്‌. ഉടമസ്ഥനോടു സ്‌നേഹവും വിധേയത്വവും കാണിക്കുന്ന ഈ ജനുസ്സിനെ കുറഞ്ഞചെലവില്‍ വളര്‍ത്താനാവും. കറുപ്പ്‌, നീല, ബ്രൗണ്‍ നിറങ്ങളില്‍ ഇവ കാണപ്പെടുന്നു. ഈ ജനുസ്സിലെ ആണ്‍നായയ്‌ക്കു മുപ്പതും പെണ്‍നായയ്‌ക്ക്‌ ഇരുപത്തിയഞ്ചും സെ.മീ. ഉയരമുണ്ടാവും. പതിനഞ്ചുവര്‍ഷത്തോളം ആയുസ്സള്ള പിന്‍ഷറിനെ ``മിന്‍പിന്‍'' എന്നും വിളിക്കാറുണ്ട്‌. മിതമായ വ്യായാമവും പരിചരണവും മതി ഈ ജനുസ്സിന്‌.
ഉടമസ്ഥനോടൊപ്പം വളരെ ദൂരം നടക്കുന്നതിനു താല്‍പര്യമുള്ള ഇവയെ തുടലില്‍ ബന്ധിച്ച്‌ കൊണ്ടുനടന്നാല്‍ എപ്പോഴും തലതിരിച്ച്‌ ഉടമസ്ഥനെ നോക്കിക്കൊണ്ടിരിക്കും. കുതിരയുടെ ശരീരചലനത്തെ അനുസ്‌മരിപ്പിക്കുന്ന വിധമുള്ള ഓട്ടമാണ്‌ ഇവയെ ആകര്‍ഷകമാക്കുന്ന മറ്റൊരു ഘടകം. ഇയര്‍ടാപ്പിങ്‌ നടത്തിയതുപോലെ ഇവയുടെ ചെവികള്‍ മുകളിലേക്ക്‌ ഉയര്‍ന്ന്‌ അറ്റം കൂര്‍ത്തിരിക്കും.

യോക്‌ഷയര്‍ ടെറിയര്‍ (York Share Terrier)

ബ്രിട്ടീഷ്‌ സ്വദേശിയായ ഈ ജനുസ്സ്‌ അതീവ ബുദ്ധിശാലിയും സ്‌നേഹമുള്ളവനും ഉത്സാഹശീലനുമാണ്‌. ഉടമസ്ഥനോടു ചേര്‍ന്നിരിക്കാന്‍ താല്‍പര്യപ്പെടുന്ന ഈ ചെറിയ ഇനം കുട്ടികളെ വളരെ ഇഷ്‌ടപ്പെടുന്നു. ശരിയായ പരിചരണം അത്യാവശ്യമായ യോക്‌ഷയറിനു മൂന്നു കി.ഗ്രാമോളം ഭാരവും ഇരുപത്തിമൂന്നു സെ.മീ. ഉയരവും ഉണ്ടാവും. രോമം കൂടുതലായതുകൊണ്ടു പരിചരണം അല്‍പം ദുഷ്‌കരമാണ്‌. പരിചരിക്കാനുള്ള പ്രയാസം കൊണ്ടാവാം ഈ സുന്ദരന്‍ നമ്മുടെ നാട്ടില്‍ പ്രചരിക്കാതെ പോയത്‌. വരുംകാലങ്ങളില്‍ ഓമനയായി യോക്‌ഷയര്‍ നമ്മുടെ നാട്ടില്‍ പ്രചരിക്കുമെന്നു തന്നെ കരുതാം.

ഷിവാവാ (Chi-Hua-Hua)

ലോകത്തിലെ ഏറ്റവും ചെറിയ നായയായ ഷിവാവാ, ഉല്‍സാഹശീലനും നല്ല ധൈര്യശാലിയുമാണ്‌. ഉടമസ്ഥനോടു സ്‌നേഹവും വിധേയത്വവും കാണിക്കുന്ന ഈ ജനുസ്സ്‌ ഓടിനടക്കാന്‍ ഏറെ സൗകര്യം ഇഷ്‌ടപ്പെടുന്നു. മെക്‌സിക്കന്‍ ഇനമായ ഷിവാവാ, ഏത്‌ വലിയ നായോടും മല്‍സരിച്ചു നില്‍ക്കുന്നതിനു മടിയില്ലാത്തവനാണ്‌. ഉടമസ്ഥനെ മാറി സ്വീകരിക്കാന്‍ ഒട്ടും ഇഷ്‌ടപ്പെടാത്ത ഈ ജനുസ്സിന്‌ സുമാര്‍ ഇരുപതു സെ.മീറ്റര്‍ മാത്രമാവും ഉയരം. ഇവയുടെ ഭാരമാകട്ടെ ഒരു കി.ഗ്രാമില്‍ താഴെ മാത്രമെയുള്ളു. അലസന്‍മാരായ യജമാനന്മാര്‍ക്കു തീരെ ഇണങ്ങാത്ത ഇവയുടെ ആയുസ്സു പതിനഞ്ചു വര്‍ഷത്തോളമാണ്‌.

ഗണ്‍ ഡോഗ്‌സ്‌ (ലാബ്രഡോര്‍ റിട്രൈവര്‍) (Labrador Retriever)

ബുദ്ധികൂര്‍മതയില്‍ പേരുകേട്ട ബ്രിട്ടീഷ്‌ സ്വദേശിയായ ലാബ്രഡോര്‍, നല്ല സുഹൃത്തും വിശ്വസ്‌തനായ കാവല്‍ നായയുമാണ്‌. കുട്ടികളോടും മുതിര്‍ന്നവരോടും ഇവ മാന്യമായി പെരുമാറുമെങ്കിലും ചിലയവസരങ്ങളില്‍ മറിച്ചും സംഭവിക്കാറുണ്ട്‌. വീട്ടിലുള്ള ഒരാളെ മാത്രമേ ഇവ യജമാനനായി അംഗീകരിക്കൂ. ഈ ജനുസ്സിലെ ആണ്‍നായയ്‌ക്ക്‌ ഉദ്ദേശം അന്‍പത്തിയേഴും പെണ്‍നായയ്‌ക്ക്‌ അന്‍പതിയാറും സെ.മീറ്റര്‍ ഉയരമുണ്ടാവും. പരിശീലനവും വ്യായാമവും അധികം വേണ്ടതായ ഈ വേട്ടപ്പട്ടിയുടെ ഭാരം മുപ്പത്തിയഞ്ചു കി.ഗ്രാമാണ്‌. കറുപ്പ്‌, മഞ്ഞ, കറുപ്പുകലര്‍ന്ന തവിട്ട്‌ (കരളിന്റെ നിറം) എന്നിങ്ങനെ മൂന്നുനിറങ്ങളില്‍ ഇവ കാണപ്പെടുന്നു.

ഗോള്‍ഡന്‍ റിട്രൈവര്‍ (Golden Retriver)

ബ്രിട്ടീഷ്‌ സ്വദേശിയായ ഗോള്‍ഡന്‍ റിട്രൈവര്‍, കുട്ടികളോടു മാന്യമായി പെരുമാറുകയും ഉടമസ്ഥനോടു വിധേയത്വം കാട്ടുകയും ചെയ്യുന്നു. സദാസന്തോഷവാന്മാരായി കാണപ്പെടുന്ന ഇവയ്‌ക്ക്‌ വ്യായാമത്തിനു ധാരാളം സ്ഥലം ആവശ്യമാണ്‌. ഈ ജനുസ്സിലെ ആണ്‍നായയുടെ ഉയരം ഏതാണ്ട്‌ അന്‍പത്തിയേഴ്‌ സെ.മീറ്ററും പെണ്‍നായയുടേത്‌ അന്‍പത്തിയാറു സെ.മീറ്ററുമാണ്‌. ഗോള്‍ഡന്‍ റിട്രൈവറിനെയും ലാബ്രഡോര്‍ റിട്രൈവറിനെയും പലരും ഒരിനമായി തെറ്റിദ്ധരിക്കാറുണ്ട്‌. ഗോള്‍ഡന്‍ റിട്രൈവര്‍ ക്രീം, കടുംക്രീം എന്നിങ്ങനെ മൂന്നുനിറങ്ങളില്‍ കാണപ്പെടുന്നു.

വൈമറൈനര്‍ (Weimarianr)

തിളക്കമുള്ള ചാരനിറവും നീലനിറത്തില്‍ ഭംഗിയുള്ള കണ്ണുകളും ജര്‍മ്മന്‍ സ്വദേശിയായ വൈമറേനിയനെ മറ്റു നായ്‌ക്കളില്‍നിന്നു വ്യത്യസ്‌തനാക്കുന്നു. ഇവ പൊതുവേ സ്‌നേഹസമ്പന്നരെങ്കിലും കുട്ടികളോട്‌ അത്ര പ്രതിപത്തികാട്ടാറില്ല. ശാരീരികവ്യായാമത്തിനു ധാരാളം സ്ഥലം ആവശ്യമുള്ള ഈ ജനുസ്സിലെ ആണ്‍നായയ്‌ക്ക്‌ ഏതാണ്ട്‌ അറുപത്തിയൊന്‍പതും പെണ്‍നായയ്‌ക്ക്‌ അറുപത്തിനാലും സെ.മീറ്റര്‍ ഉയരമുണ്ടാവും. ഇവയുടെ ഭാരം ഉദ്ദേശം നാല്‌പതു കി.ഗ്രാമാണ്‌. നമ്മുടെ നാട്ടില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ ജനുസ്സിന്റെ ആയുസ്സു പതിനഞ്ചുവര്‍ത്തോളം ആണ്‌. രോമം അധികമുള്ള വൈമറൈനര്‍ നമ്മുടെ നാട്ടില്‍ അപൂര്‍വ്വമാണ്‌.

ജര്‍മ്മന്‍ പോയിന്റര്‍ (German Pointer)

കാവല്‍നായും വേട്ടപ്പട്ടിയുമായി പേരെടുത്ത പോയിന്റര്‍, ജര്‍മ്മന്‍ സ്വദേശിയാണ്‌. ഉദ്ദേശം അറുപത്തിയഞ്ചു സെ.മീറ്റര്‍ ഉയരമുള്ള പോയിന്റര്‍ പൊതുവേ കുട്ടിക്കളികള്‍ ഇഷ്‌ടപ്പെടാത്ത ദേഷ്യക്കാരനാണ്‌. ശാഠ്യവും ദേഷ്യവുമുണ്ടെങ്കിലും ഇവ യജമാനനെ സ്‌നേഹിക്കുന്നതില്‍ മുന്‍പന്തിയിലാണ്‌. ശാരീരികവ്യായാമത്തിനു ധാരാളം സ്ഥലം ഇവയ്‌ക്ക്‌ ആവശ്യമാണ്‌. ഇവയുടെ ഭാരം ഉദ്ദേശം മുപ്പതു കി.ഗ്രാമും ആയുസ്സു പതിനഞ്ചുവര്‍ഷത്തോളവുമാണ്‌. ഉടമസ്ഥനോടൊപ്പം കാട്ടിലൂടെ നിശബ്‌ദനായി സഞ്ചരിച്ച്‌ വേട്ടമൃഗത്തെ കാണിച്ചു കൊടുക്കുന്നതുകൊണ്ടാണ്‌ ഇവയ്‌ക്ക്‌ പോയിന്റര്‍ എന്ന പേരു ലഭിച്ചത്‌.

ഐറിഷ്‌ സെറ്റര്‍ (Irish Setter)

ശരിയായ പരിചരണവും മികച്ച സംരക്ഷണവും അത്യാവശ്യമായി വേണ്ട ഐറിഷ്‌ സെന്റര്‍ അയര്‍ലന്റ്‌ സ്വദേശിയാണ്‌. ആണ്‍നായയ്‌ക്ക്‌ അറുപത്തിയെട്ടും പെണ്‍നായയ്‌ക്ക്‌ അറുപത്തിയഞ്ചും സെ.മീറ്റര്‍ ഉയരമുണ്ടാവുന്ന ഇവയുടെ പരിചരണത്തില്‍ അതീവശ്രദ്ധ കൊടുക്കേണ്ടതുണ്ട്‌. പെട്ടെന്ന്‌ ക്ഷോഭിക്കുന്ന പ്രകൃതമാണെങ്കിലും ഇവ ഉടമസ്ഥനോടു സ്‌നേഹത്തോടെ പെരുമാറും. ഐറിഷ്‌ സെറ്ററിന്‌ വ്യായാമത്തിനു ധാരാളമായി സ്ഥലസൗകര്യം ആവശ്യമുണ്ട്‌. ഘ്രാണശക്തി വളരെക്കൂടുതലുള്ള ഇവയുടെ ആയുസ്സ്‌ പതിനഞ്ചു വര്‍ഷത്തോളമാണ്‌.

കോക്കര്‍ സ്‌പാനിയല്‍ (Cocker Spaniel)

വലിയ ഉല്‍സാഹശീലനായ കോക്കര്‍ സ്‌പാനിയല്‍ അമേരിക്കന്‍ സ്വദേശിയാണ്‌. ആരെയും ആകര്‍ഷിക്കുന്ന രോമാവൃതമായ ശരീരവും യജമാനനോടുള്ള അളവില്ലാത്ത സ്‌നേഹവും ഇവയുടെ പ്രത്യേകതയാണ്‌. അലസത ഒട്ടും ഇഷ്‌ടപ്പെടാത്ത ഇവയുടെ മുഖത്ത്‌ സ്ഥിരമായുള്ളത്‌ ദേഷ്യഭാവമായിരിക്കും. ഈ ജനുസ്സിന്റെ ഉയരം ഉദ്ദേശം മുപ്പതിയെട്ടു സെ.മീറ്ററാണ്‌. ഭാരം പതിമൂന്നു കി.ഗ്രാമില്‍ അധികമുണ്ടാകാറില്ല.
കുറഞ്ഞചെലവില്‍ വളര്‍ത്താമെങ്കിലും കോക്കല്‍ സ്‌പാനിയലിനു ശരിയായ പരിചരണം അത്യാവശ്യമാണ്‌. ഇവയുടെ ആയുസ്സു പതിനഞ്ചുവര്‍ഷത്തോളമാണ്‌. പരിചരണത്തിന്റെ ബുദ്ധിമുട്ടുകൊണ്ടാവാം ഈ ജനുസ്സിന്റെ ഭംഗി അനുസരിച്ച്‌ നാട്ടില്‍ വേണ്ടത്ര പ്രചാരം ലഭിക്കാതെപോയത്‌.

ഹോണ്ട്‌ ഡോഗ്‌സ്‌ (അഫ്‌ഗാന്‍ ഹോണ്ട്‌) (Afghan Hound)

രോമാവൃതമായ ശരീരംകൊണ്ട്‌ ആരുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന അഫ്‌ഗാന്‍ ഹോണ്ടിന്റെ ജന്മദേശം അഫ്‌ഗാനിസ്ഥനാണ്‌. ഇവ ഉടമസ്ഥനോടും കുട്ടികളോടും വളരെ സ്‌നേഹമായി പെരുമാറും. അഫ്‌ഗാന്‍ ഹോണ്ടിന്റെ ആണ്‍നായയ്‌ക്ക്‌ എഴുപത്തിനാലും പെണ്‍നായയ്‌ക്ക്‌ അറുപത്തിയൊന്‍പതും സെ.മീറ്റര്‍ ഉയരമുണ്ടാവും. വ്യായാമത്തിനു ധാരാളം സ്ഥലമാവശ്യമുള്ള ഇവയുടെ ശരീരം കൃത്യമായി ബ്രഷ്‌ ചെയ്‌തു സൂക്ഷിച്ചില്ലെങ്കില്‍ ഭംഗി അപ്പാടെ നശിക്കും. ഇവയുടെ ആയുസ്സു പതിനഞ്ചുവര്‍ഷത്തോളമാണ്‌.

ഡാഷ്‌ ഹോണ്ട്‌ (Dachs Hound)

നമ്മുടെ നാട്ടില്‍ വളരെയധികം പ്രചാരത്തിലുള്ള ഡാഷ്‌ ഹോണ്ടിന്റെ ജന്മദേശം ജര്‍മ്മനിയാണ്‌. കുട്ടികളുടെ കളിത്തൊഴനായി അറിയപ്പെടുന്ന ഇവയെ കുറഞ്ഞ ചെലവില്‍ വളര്‍ത്തനാവും. ശരിയായ പരിചരണവും അതീവ ശ്രദ്ധയും വേണ്ട ഈ ജനുസ്സിന്‌ ഇരുപത്തിയഞ്ചു സെ.മീറ്ററില്‍ അധികം ഉയരമുണ്ടാകാറില്ല. ഇവയുടെ ബലിഷ്‌ടമായ കാലുകളും മുഴക്കമുള്ള കുരയും ആരെയും അതിശയിപ്പിക്കുന്നതാണ്‌. രോമവളര്‍ച്ചയുടെ വ്യത്യാസത്തില്‍ ഇവയെ മൂന്നായി തരംതിരിച്ചിരിക്കുന്നു.
1. ചെറിയരോമം ഉള്ളവ
2. പരുപരുത്ത രോമം ഉള്ളവ
3. നീണ്ടരോമം ഉള്ളവ
ഇതില്‍ ചെറിയ രോമമുള്ളവ നമ്മുടെ നാട്ടില്‍ ധാരാളമായി കാണപ്പെടുന്നു. ഇവയുടെ ഭാരം പത്തു കി.ഗ്രാമാണെങ്കിലും മിനിയേച്ചര്‍ ഡാഷ്‌ഹോണ്ടിന്റെ ഭാരം അഞ്ചു കി.ഗ്രാമാണ്‌. ഡാഷ്‌ഹോണ്ടിന്റെ ആയുസ്സു പതിനഞ്ചു വര്‍ഷത്തോളമാണ്‌.

രാജപാളയം (Rajapalayam)

തമിഴ്‌നാട്ടിലെ രാജപ്പാളയം നിവാസികള്‍ക്ക്‌ സ്വന്തം നാടിന്റെ പേരു ഈ നായുമായി ബന്ധപ്പെടുത്തി പറയുന്നതു ഇഷ്‌ടമില്ല. അവര്‍ ആവശ്യമുള്ള കുഞ്ഞുങ്ങളെയെടുത്തു ബാക്കിയുള്ളവയെ നശിപ്പിച്ചുകളയുന്നു. ഇവ ഒട്ടും ഭംഗിയുള്ളവയുമല്ല. അതുകൊണ്ടാണ്‌ ഈ ഇന്ത്യന്‍ ജനുസ്സിന്‌ നമ്മുടെ നാട്ടില്‍ വലിയ പ്രചാരം ലഭിക്കാതെ പോയത്‌. ബുദ്ധിശാലിയായ ഈ ജനുസ്സ്‌, നല്ലൊരു കാവല്‍നായും അറിയപ്പെടുന്ന വേട്ടപ്പട്ടിയുമാണ്‌. ശാരീരികവ്യായാമത്തിനു ധാരാളം സ്ഥലം ആവശ്യമുള്ള ഇവയുടെ ഭാരം ഇരുപത്തിയഞ്ചു കി.ഗ്രാമില്‍ അധികമാകാറില്ല. രാജപാളയം നായയുടെ ഉയരം ഉദ്ദേശം അറുപത്തിയഞ്ചു സെ.മീറ്ററും ആയുസ്സു പതിനഞ്ചുവര്‍ഷത്തോളവുമാണ്‌.
വംശം നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ചില ഇന്ത്യന്‍ നായ്‌ക്കളാണ്‌ കോമ്പൈ, ചിപ്പിപ്പാറെ, കാരവന്‍ ഹോണ്ട്‌, ജനുങ്കി, ചെങ്കോട്ട പട്ടി, സിന്ത്‌ ഹോണ്ട്‌, പോളിഗാര്‍, ത്രിപുരി എന്നീ ഇനങ്ങള്‍. ഇവയെ വംശനാശം സംഭവിക്കാതെ സംരക്ഷിക്കേണ്ടത്‌ ആവശ്യമാണ്‌.

ബസാന്‍ജി (Basenji)

``കുരയ്‌ക്കാന്‍ അറിയില്ലാത്ത നായ'' എന്ന ``ബഹുമതി''യുള്ള ലോകത്തിലെ ഒരേയൊരു നായയാണ്‌, സൗത്താഫ്രിക്കന്‍ സ്വദേശിയായ ബസാന്‍ജി. കുട്ടികളോടു വളരെ സ്‌നേഹം കാട്ടുന്ന ഈ ജനുസ്സിന്‌ ഉടമസ്ഥനോടു സ്‌നേഹം വിധേയത്വവുമുണ്ട്‌. ശാഠ്യക്കാരനും ദേഷ്യക്കാരനും ആണെങ്കിലും ഏറ്റവും വൃത്തിയുള്ള നായ്‌ക്കളില്‍ ഒന്നാണിത്‌. ഇവയുടെ ആണ്‍നായയ്‌ക്കും നാല്‌പത്തിമൂന്നും പെണ്‍നായയ്‌ക്കു നാല്‍പതു സെ.മീറ്ററും ഉയരമുണ്ടാവും. മഴയും മഴക്കാലവും ഇഷ്‌ടപ്പെടാത്ത ബസാന്‍ജിയുടെ ആയുസ്സ്‌ പതിനഞ്ചുവര്‍ഷത്തോളമാണ്‌.

ബാസറ്റ്‌ ഹോണ്ട്‌ (Basset Hound)

നമ്മുടെ നാട്ടിലെ കാലാവസ്ഥയിലും നന്നായി ഇണങ്ങി ജീവിക്കുന്ന ബാസറ്റ്‌ ഹോണ്ടിന്റെ ജന്മദേശം ഫ്രാന്‍സാണ്‌. സംരക്ഷണവും പരിചരണവും അധികമായി വേണ്ടിവരുന്നതുകൊണ്ടാവാം നമ്മുടെ നാട്ടില്‍ ഇവയ്‌ക്കു വേണ്ട പ്രചാരം ലഭിക്കാതെ പോയത്‌. കാഴ്‌ചയില്‍ സുന്ദരനായ ഈ ജനുസ്സു ഓമനിച്ചു വളര്‍ത്തുവാന്‍ ഏറ്റവും പറ്റിയതാണ്‌. പന്ത്രണ്ടുവര്‍ഷത്തോളം ആയുസ്സും ശരാശരി മുപ്പത്തിയഞ്ചു സെ.മീറ്റര്‍ ഉയരവുമുള്ള ഇവയുടെ ഭാരം ഇരുപത്തിയഞ്ചു കി.ഗ്രാമില്‍ താഴെമാത്രമാണ്‌. നല്ലൊരു കാവല്‍നായകൂടിയായ ബാസറ്റ്‌ ഹോണ്ടിന്റെ വലുപ്പമേറിയ ചെവികള്‍ ആരെയും ആകര്‍ഷിക്കും.

ഗ്രേ ഹോണ്ട്‌ (Grey Hound)

ഉടമസ്ഥനോടു സ്‌നേഹവും അനുസരണയും കാട്ടുന്ന ഗ്രേ ഹോണ്ടിന്റെ ജന്മദേശം സ്‌പെയിനാണ്‌. ശാരീരിക വ്യായാമത്തിനു ധാരാളം സ്ഥലം ആവശ്യമുള്ള ഈ ജനുസ്സിനെ പരിശീലനം കൊണ്ടു നല്ലൊരു കാവല്‍നായായി വളര്‍ത്തിയെടുക്കാം. ഈ ജനുസ്സില്‍പ്പെട്ട ആണ്‍നായയ്‌ക്ക്‌ എഴുപത്തിയാറും പെണ്‍നായയ്‌ക്ക്‌ എഴുപത്തിയൊന്നും സെ.മീറ്റര്‍ ഉയരമുണ്ടാവും. കുറഞ്ഞ ചെലവില്‍ വളര്‍ത്താനാവുന്ന ഗ്രേഹോണ്ടു പ്രായപൂര്‍ത്തിയാകാന്‍ ഇരുപത്തിനാലു മാസം വേണം. ഇവയ്‌ക്ക്‌ പതിനഞ്ചുവര്‍ഷത്തോളം ആയുസ്സുണ്ടാവും.

ബീഗിള്‍ (Beagle)

ഉടമസ്ഥനെയും വീട്ടിലുള്ള മറ്റംഗങ്ങളെയും വളരെയധികം സ്‌നേഹിക്കുന്ന ബീഗിള്‍ അല്‍പം ശാഠ്യക്കാരനും കുസൃതിത്തരങ്ങള്‍ ഉള്ളവനുമാണ്‌. ബ്രിട്ടീഷ്‌ സ്വദേശിയായ ഈ ഓമനനായ്‌ ആരെയും ആകര്‍ഷിക്കും. നമ്മുടെ കാലാവസ്ഥയിലും ഇവയ്‌ക്കു നന്നായി ഇണങ്ങി ജീവിക്കാനാവും. കൃത്യമായ പരിചരണവും വേണ്ടശ്രദ്ധയും നല്‍കാതിരുന്നാല്‍ ഈ നായയുടെ ഭംഗി അപ്പാടെ നശിക്കും. പെട്ടെന്ന്‌ പ്രകോപിതനാകുന്ന ബീഗിളിന്‌ നാല്‍പതു സെ.മീറ്ററില്‍ അധികം ഉയരമുണ്ടാകാറില്ല. ഇവയുടെ ആയുസ്സു പതിനഞ്ചു വര്‍ഷത്തോളമാണ്‌.

ബ്ലഡ്‌ ഹോണ്ട്‌ (Blood Hound)

നല്ലൊരു കാവല്‍നായും അറിയപ്പെടുന്ന ഓട്ടക്കാരനുമായ ബ്ലഡ്‌ ഹോണ്ട്‌ ബല്‍ജിയം സ്വദേശിയാണ്‌. ചുറുചുറുക്കിലും ബുദ്ധിശക്തിയിലും മുന്നിലായ ഇവ ശാഠ്യസ്വഭാവത്തിലും ആരുടെയും പിന്നിലല്ല. കാഴ്‌ചയില്‍ പറയത്തക്ക ഭംഗിയില്ലാത്ത ഈ ജനുസ്സിന്റെ ഭാരം അന്‍പതു കിലോഗ്രാമും ആയുസ്സു പതിനഞ്ചുവര്‍ഷത്തില്‍ താഴെയുമാണ്‌. ഉദ്ദേശം എഴുപതു സെ.മീറ്ററില്‍ ഉയരം ഇവയ്‌ക്ക്‌ ഉണ്ടാകും.

സലൂക്കി (Saluki)

സലൂക്കിയുടെ സ്വദേശം ഈജിപ്‌റ്റാണ്‌. വ്യായാമത്തിനു ധാരാളം സ്ഥലം ആവശ്യമുള്ള ഈ ജനുസ്സ്‌, അറിയപ്പെടുന്ന വേട്ടപ്പട്ടിയാണ്‌. ആണ്‍നായയ്‌ക്ക്‌ അറുപത്തിയാറും പെണ്‍നായയ്‌ക്ക്‌ അറുപത്തിമൂന്നും സെ.മീറ്റര്‍ ഉയരം ഉണ്ടാവും. ഇവ ഉടമസ്ഥനോടു അതീവ സ്‌നേഹത്തോടെ പെരുമാറും. ഉദ്ദേശം അന്‍പതു കി.ഗ്രാം ഭാരമുള്ള ഇവയുടെ ആയുസ്സു പതിനഞ്ചുവര്‍ഷത്തോളമാണ്‌.

വിപ്പറ്റ്‌ (Whippet)

കാണാന്‍ വലിയ ഭംഗിയില്ലെങ്കിലും ബ്രിട്ടീഷ്‌ വംശജനായ വിപ്പറ്റ്‌ മികച്ച കാവല്‍ക്കാരനും വേഗത്തില്‍ ഓടാന്‍ കഴിവുള്ള നല്ലൊരു വേട്ടക്കാരനുമാണ്‌. ഉദ്ദേശം അന്‍പതു സെ.മീറ്റര്‍ ഉയരമുള്ള ഇവ, അലസന്‍മാരുമായുള്ള സുഹൃദ്‌ബന്ധം തീരെ ഇഷ്‌ടപ്പെടുന്നില്ല. വ്യായാമത്തിനു ധാരാളം സ്ഥലസൗകര്യം വേണ്ട ഈ ജനുസ്സിനു ദേഷ്യവും ശാഠ്യവും ഇത്തിരി കൂടുതലാണ്‌. മനുഷ്യന്റെ നല്ല സുഹൃത്തായ ഇവയുടെ ആയുസ്സ്‌ പതിനഞ്ചുവര്‍ഷത്തോളമാണ്‌.

ടെറിയര്‍ ഡോഗ്‌സ്‌ (എയര്‍ഡയല്‍ ടെറിയര്‍) (Airdale Terrier)

ടെറിയര്‍ ഗ്രൂപ്പില്‍പ്പെട്ട ഭീമാകരനാണ്‌ എയര്‍ഡയല്‍. ഉടമസ്ഥനോടു സ്‌നേഹവും, വിധേയത്വും കാട്ടുന്ന നല്ലൊരു കാവല്‍നായ കൂടിയാണ്‌ എയര്‍ഡയല്‍. നല്ല പരിചരണം ആവശ്യമായ ഈ നായയ്‌ക്ക്‌ വ്യായാമത്തിനു ധാരാളം സ്ഥലം ആവശ്യമാണ്‌. ഇവയുടെ ആയുസ്സ്‌ പതിനഞ്ചുവര്‍ഷത്തില്‍ അധികമാകാറില്ല.

ഫോക്‌സ്‌ ടെറിയര്‍ (Fox Terrier)

കാഴ്‌ചയില്‍ വലിയ സുന്ദരനല്ലാത്ത ഫോക്‌സ്‌ ടെറിയര്‍ കൂര്‍മ്മബുദ്ധിയുള്ള നല്ലൊരു കാവല്‍ നായയാണ്‌. ഉടമസ്ഥനോടു വലിയ സ്‌നേഹം കാട്ടുന്ന ഇവയ്‌ക്കു ശാഠ്യവും ദേഷ്യവും കൂടുമെങ്കിലും നല്ലൊരു വേട്ടപ്പട്ടിയുമാണ്‌. വ്യായാമത്തിനു സ്ഥലം ധാരാളമാവശ്യമുള്ള ഫോക്‌സ്‌ ടെറിയറിന്റെ ആയുസ്സു പതിനഞ്ചുവര്‍ഷത്തില്‍ അധികമാകാറില്ല.

ബുള്‍ ടെറിയര്‍ (Bull Terrier)

ബ്രിട്ടീഷ്‌ സ്വദേശിയായ ബുള്‍ ടെറിയര്‍ അസാധാരണ ധൈര്യശാലിയും അതീവബുദ്ധിമാനുമാണ്‌. ഉടമസ്ഥനോടും കുട്ടികളോടും വളരെ സ്‌നേഹത്തോടെ ഇവ പെരുമാറും. ഉദ്ദേശം പതിനഞ്ചു സെ.മീറ്റര്‍ ഉയരമുള്ള ഇവയ്‌ക്ക്‌ ഭാരം ഏതാണ്ട്‌ പതിനേഴു കി.ഗ്രാം വരും. പരിചരണത്തില്‍ അതീവ ശ്രദ്ധപുലര്‍ത്തേണ്ട ബുള്‍ ടെറിയറിന്റെ ആയുസ്സു പതിനഞ്ചുവര്‍ഷത്തോളമാണ്‌.

നോല്‍ഫോള്‍ക്ക്‌ ടെറിയര്‍ (Norfolk Terrier)

ഉടമസ്ഥനോടു വളരെ സ്‌നേഹത്തോടെ പെരുമാറുന്ന ഉല്‍സാഹശീലനായ നോര്‍ഫോള്‍ക്ക്‌ ടെറിയര്‍ നല്ലൊരു കാവല്‍നായയാണ്‌. ടെറിയര്‍ നായകള്‍ പൊതുവേ വ്യായാമത്തില്‍ തല്‍പരരാണെങ്കിലും നോര്‍ഫോള്‍ക്ക്‌ ടെറിയര്‍ വ്യായാമം തീരെ ഇഷ്‌ടപ്പെടുന്നില്ല. ഇരുപത്തിയാറു സെ.മീറ്റര്‍ ഉയരമുണ്ടാവാറുള്ള ഇവയുടെ ആയുസ്സ്‌ ഏകദേശം പതിനഞ്ചു വര്‍ഷമാണ്‌.

സില്‍ക്കി ടെറിയര്‍ (Silky Terrier)

ഉടമസ്ഥനോടൊപ്പം സഞ്ചരിക്കാന്‍ താല്‍പ്പര്യപ്പെടുന്ന ഈ ആസ്‌ട്രേലിയന്‍ ഇനം നമ്മുടെ കാലാവസ്ഥയ്‌ക്കു തീരെ പറ്റിയതല്ല. കുറഞ്ഞ ചെലവില്‍ വളര്‍ത്താനാവുന്ന ഇവയെ പരിചരിക്കുക വലിയ പ്രയാസമാണ്‌. സില്‍ക്കി ടെറിയറിന്‌ ഇരുപത്തിയഞ്ചു സെ.മീറ്ററോളം ഉയരവും ഏതാണ്ടു പതിനഞ്ചു വര്‍ഷത്തോളം ആയുസ്സുമുണ്ട്‌. നല്ല ബുദ്ധിയും ഏറെ സ്‌നേഹവും ഉള്ള ഈ ഇനം കുട്ടികളുടെ ഉറ്റമിത്രമാണ്‌.

നായ്‌ക്കുട്ടിയെ തിരഞ്ഞെടുക്കല്‍

ഇന്നു കേരളത്തില്‍ നായ വില്‍പ്പനക്കാരുടെ എണ്ണം വളരെക്കൂടുതലാണ്‌. അതുകൊണ്ടുതന്നെ എല്ലാ കള്ളത്തരങ്ങളും ഈ രംഗത്തുമുണ്ട്‌. നായയെ തിരഞ്ഞെടുക്കുമ്പോള്‍ അവയുടെ വംശശുദ്ധിക്കോ സ്വഭാവഗുണങ്ങള്‍ക്കോ യാതൊരു വിധ പ്രാധാന്യവും ആരും കല്‍പ്പിക്കുന്നില്ല. അലട്ടുന്നതു വിലയിലെ നേരിയ ഏറ്റക്കുറച്ചിലുകള്‍ മാത്രമാണ്‌. ഏതാണ്ട്‌ രണ്ടുമൂന്നു മാസംവരെ എല്ലാ നായ്‌ക്കുട്ടികളും നിഷ്‌കളങ്ക മുഖത്തോടെ നല്ല ചുണക്കുട്ടികള്‍ തന്നെയായിരിക്കും. എന്നാല്‍ വളര്‍ന്നുവരുംതോറും വംശസ്വഭാവവ്യത്യാസങ്ങള്‍ നായയില്‍ പ്രകടമാകും. വിലകള്‍ തമ്മിലുള്ള ഏറ്റക്കുറച്ചിലുകള്‍ മാറ്റിവച്ച്‌ ഒരു നായക്കുട്ടിയെ എങ്ങനെ തിരഞ്ഞെടുക്കാമെന്നു നോക്കാം.
1. വേണ്ടതു വീടിനുള്ളില്‍ വളര്‍ത്താന്‍ പറ്റിയ ചെറിയ ഇനമാണോ? ഇത്തരം വലുപ്പമുള്ള ഇനമാണോ? അതോ ഏതെങ്കിലും ഒരു വലിയ ജനുസ്സാണോ?
2. വളര്‍ത്താനുദ്ദേശിക്കുന്ന നായ വീടിന്‌ എത്രമാത്രം അനുയോജ്യമാണ്‌?
3. രോമാവൃതമായ ശരീരമുള്ളവയാണോ അതോ രോമം കുറവുള്ള ഇനമാണോ വേണ്ടത്‌?
4. മുതിര്‍ന്ന നായയെ വളര്‍ത്തുന്നതാണോ അതോ നായക്കുട്ടിയെ വളര്‍ത്തുന്നതാണോ ഏറെ സൗകര്യപ്രദം?
5. വേണ്ടത്‌ ആണ്‍നായ്‌ക്കുട്ടിയെയോ അതോ പെണ്‍നായ്‌ക്കുട്ടിയെയോ?
6. നായയെ സ്വന്തമായി വാങ്ങി വളര്‍ത്തി അതിന്റെ ഉടമസ്ഥനാകുന്നതില്‍ അഭിമാനമുണ്ടോ?
7. നായയുടെ സാമീപ്യം കുടുംബത്തിലുള്ള ആര്‍ക്കെങ്കിലും ഏതെങ്കിലും രോഗങ്ങള്‍ ഉണ്ടാക്കാറുണ്ടോ?
8. നായയെ കരുതലോടെയും സ്‌നേഹത്തോടെയും സംരക്ഷിക്കാന്‍ പറ്റുമോ?
9. നായയ്‌ക്ക്‌ എടുക്കേണ്ട പ്രതിരോധ കുത്തിവെയ്‌പുകള്‍ എല്ലാ കൃത്യമായി നടത്തുവാനും നായ്‌ക്കള്‍ രോഗലക്ഷണം കാണിച്ചാല്‍ അവയെ ഡോക്‌ടറുടെ അടുത്ത്‌ എത്തിക്കാനും കഴിയുമോ?
10. ``കെന്നല്‍ ക്ലബ്‌ ഓഫ്‌ ഇന്ത്യ''യുടെ സര്‍ട്ടിഫിക്കറ്റ്‌ ഉള്ള നായയെ വേണോ അതോ ഏതെങ്കിലും ഒരു നായയെ മതിയോ?
11. നായയെ നന്നായി വളര്‍ത്തുന്നതിനുള്ള സമയവും സൗകര്യവും സാമ്പത്തികസ്ഥിതിയും ഉണ്ടോ?
ഏതാണ്ട്‌ ഇത്രയും ചോദ്യങ്ങള്‍ക്ക്‌ തൃപ്‌തികരമായ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഒരു കെന്നലില്‍ നിന്നോ, നല്ല നായവളര്‍ത്തുകാരില്‍നിന്നോ, നന്നായി അറിയാവുന്ന നല്ല നായയെ വളര്‍ത്തുന്ന ഏതെങ്കിലും വീട്ടില്‍നിന്നോ ഒരു നായക്കുട്ടിയെ വാങ്ങാവുന്നതാണ്‌.
ശാന്തമായ അന്തരീക്ഷത്തില്‍വേണം നായ്‌ക്കുട്ടിയെ വീട്ടിലേക്കു കൊണ്ടുവരുവാന്‍. അതും രാവിലെയോ വൈകുന്നേരമോ ആയാല്‍ ഏറ്റവും ഉത്തമം. നായക്കുട്ടിയെ വാങ്ങാന്‍ പോകുമ്പോള്‍ അല്‍പ്പം തുണിയുടെയോ ചാക്കിന്റെയോ ഒരു കഷണം കരുതാന്‍ മറക്കരുത്‌. പട്ടിക്കുഞ്ഞിനെ തള്ളയില്‍നിന്നു മാറ്റി വീട്ടിലേക്കുകൊണ്ടു വരുന്നതു നാല്‍പ്പത്തിയഞ്ചു ദിവസത്തിനും അറുപതു ദിവസത്തിനും ഇടയിലായിരിക്കാം. പുതിയ പരിതസ്ഥിതിയുമായി ഇണങ്ങുന്നതിനു പ്രയാസമായ കുട്ടി തള്ളയുടെ സാമീപ്യത്തിനായി നിര്‍ത്താതെ കുരയ്‌ക്കും. ഇതുമൂലമുണ്ടാകുന്ന അരക്ഷിതാവസ്ഥയും ഭയവും ഒരു നല്ല പരിധിവരെ കുറയ്‌ക്കുന്നതിനു കരുതുന്ന തുണിയോ ചാക്കിന്റെ കഷണമോ ഉപകരിക്കും. നായക്കുട്ടിയെ വാങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തു ചെല്ലുമ്പോള്‍തന്നെ കൈയ്യില്‍ കരുതിയിരിക്കുന്ന തുണി തള്ളയും കുഞ്ഞും കിടക്കുന്ന സ്ഥലത്തു നിക്ഷേപിക്കുക. കുറച്ചു നിമിഷംകൊണ്ടു തള്ളയുടെയും കുട്ടികളുടെയും ഗന്ധം ഈ തുണിയില്‍ ഉണ്ടാവും. തിരഞ്ഞെടുക്കുന്ന കുഞ്ഞിനോടൊപ്പം ഈ തുണിയും എടുത്തുകൊണ്ടുപോന്നാല്‍ നായ്‌ക്കുട്ടിയുടെ അരക്ഷിതാവസ്ഥ ഒരുപരിധിവരെ കുറയ്‌ക്കാന്‍ സാധിക്കും. അപ്രായോഗികമായ ഒരാശയമാണെന്നു തോന്നാമെങ്കിലും കൊണ്ടുവരുന്ന പട്ടിക്കുട്ടിയുടെ ഭയമകറ്റാനും അവ സുഖമായി ഉറങ്ങാനും ഇതു വളരെയധികം സഹായിക്കും എന്നതാണ്‌ യാഥാര്‍ഥ്യം. മനസ്സിലുണ്ടാകുന്ന ചെറിയ ഭയം പോലും നായക്കുട്ടിയെ ഒരു ഭീരുവാക്കി മാറ്റുമെന്ന്‌ ഓര്‍ക്കുക.
നായക്കുട്ടികളുടെ എണ്ണം കൂടുന്നതനുസരിച്ചു വില്‍പനക്കാരന്‍ അവയുടെ ഇല്ലാത്ത ഗുണങ്ങളും പ്രത്യേക കഴിവുകളും വിവരിച്ച്‌ കുട്ടികളെ വിറ്റുതീര്‍ക്കാന്‍ ശ്രമിക്കും. അത്തരം വാചകക്കസര്‍ത്തുകള്‍ അധികമായി ശ്രദ്ധിക്കരുത്‌. തെരഞ്ഞെടുപ്പു നിങ്ങളുടെതന്നെ കര്‍ത്തവ്യമാകുന്നതാണ്‌ എപ്പോഴും നല്ലത്‌.
ഒരു പ്രസവത്തിലെതന്നെ ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ഒരു കാരണവശാലും ഒരുമിച്ച്‌ വാങ്ങരുത്‌. സഹോദരനും സഹോദരിയും, അമ്മയും മകനും, പിതാവും മകളും തമ്മിലുള്ള ലൈംഗികബന്ധം പ്രകൃതിവിരുദ്ധമാണ്‌. ഇത്തരം ബന്ധങ്ങളിലൂടെ ഉണ്ടാകുന്ന കുട്ടികളുടെ സ്വഭാവത്തില്‍ മാതാപിതാക്കളുടെ ഗുണങ്ങളേക്കാള്‍ അധികം ദോഷങ്ങളാണു ഉണ്ടാവുക. ശരിയായ സ്വഭാവവിശേഷങ്ങളും ആകര്‍ഷകമായ ആകാരഭംഗിയും കുട്ടികള്‍ക്കു ഉണ്ടാകാന്‍ വംശശുദ്ധിയുള്ള മറ്റൊരു നായുമായി ഇണചേര്‍ക്കുന്നതായിരിക്കും ഉത്തമം.
ഇന്‍ബ്രീഡിങ്ങിലൂടെ ഉണ്ടാകുന്ന കുട്ടികള്‍ക്ക്‌ ഇന്ത്യന്‍ കെന്നല്‍ ക്ലബിന്റെ അംഗീകാരം കിട്ടുകയില്ലെന്നും ഓര്‍ക്കുക. സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ വളരെയധികം തട്ടിപ്പുകള്‍ ഇടക്കാലത്തു നമ്മുടെ നാട്ടില്‍ അരങ്ങേറി. എന്നാല്‍ ഇപ്പോള്‍ `കെന്നല്‍ ക്ലബ്‌ ഓഫ്‌ ഇന്ത്യ' ചുമതലപ്പെടുത്തിയ അധികാരികള്‍ നേരിട്ടു പരിശോധനകള്‍ നടത്തി കുഞ്ഞുങ്ങളുടെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തുന്നതിനാല്‍ തട്ടിപ്പുകള്‍ ഇല്ലെന്നുപറയാം. വംശശുദ്ധി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റോടുകൂടി വിറ്റാല്‍ പട്ടിക്കുട്ടികള്‍ക്കു നല്ല വില കിട്ടുകയും ചെയ്യും.
സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാത്ത പട്ടിക്കുട്ടികളും സങ്കരയിനം നായക്കുട്ടികളും മോശമാണെന്നു ധരിച്ച്‌ അവയെ വളര്‍ത്താതിരിക്കേണ്ട കാര്യമില്ല. (സങ്കരയിനം നായ്‌ക്കള്‍ രണ്ടുവിധത്തില്‍ കാണപ്പെടുന്നു.) വംശശുദ്ധി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ ഉള്ള നായ്‌ക്കളെപ്പോലെതന്നെ മറ്റുള്ള നായ്‌ക്കളും കഴിവിലും പ്രാപ്‌തിയിലും ഉടമസ്ഥനോടുള്ള വിശ്വസ്‌തതയിലുമൊക്കെ മുന്നിട്ടുതന്നെ നില്‍ക്കുന്നു. ജനുസ്സ്‌ ഗുണത്തേക്കാളുപരി, പരിശീലനം കൊണ്ടും പരിചരണം കൊണ്ടുമാണ്‌ ഒരു നായ അഭിമാനിക്കാവുന്ന ഓമനമൃഗമായി വളരുന്നതെന്ന്‌ ഓര്‍ക്കുക. നായ്‌ക്കുട്ടികളെ വില്‍ക്കാനും ശ്വാനപ്രദര്‍ശനത്തില്‍ പങ്കെടുപ്പിക്കാനും മറ്റുമാണ്‌ താല്‍പര്യമെങ്കില്‍, കെന്നല്‍ ക്ലബ്‌ ഓഫ്‌ ഇന്ത്യയുടെ സര്‍ട്ടിഫിക്കറ്റുള്ള നായ്‌ക്കളെത്തന്നെ വേണം വാങ്ങാനും വളര്‍ത്താനും.

ഏതാണ്‌ നല്ല നായ്‌ക്കുട്ടി

നായ്‌ക്കുട്ടിയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്‌ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്‌ അത്യാവശ്യമാണ്‌.
1. വളരെ ഉല്‍സാഹശീലനായി സന്തോഷത്തോടുകൂടി ഓടിനടക്കുന്ന നായ്‌ക്കുട്ടിയെ തെരഞ്ഞെടുക്കുക.
2. ഭയമുള്ളതും, ഓടിയൊളിക്കാന്‍ ശ്രമിക്കുന്നതുമായ നായ്‌ക്കുട്ടിയെ ഒരു കാരണവശാലും തെരഞ്ഞെടുക്കരുത്‌.
3. കണ്ണില്‍നിന്നോ, മൂക്കില്‍നിന്നോ, ലൈംഗികാവയവങ്ങളില്‍നിന്നോ അഴുക്കും ദ്രാവകങ്ങളും ഒലിച്ചുകൊണ്ടിരിക്കുന്നവ ആയിരിക്കരുത്‌.
4. ചെവിയുടെ ഉള്‍ഭാഗം വൃത്തിയുള്ളതും ചെവിക്കായം ഇല്ലാത്തതും, ഏതെങ്കിലും തരത്തിലുള്ള ദ്രാവകം ഒലിച്ചുകൊണ്ടിരിക്കാത്തതും ആയിരിക്കണം.
5. നാക്കിനും മോണയ്‌ക്കും പിങ്ക്‌ നിറമാണെങ്കില്‍ നായ്‌ക്കുട്ടി ആരോഗ്യമുള്ളതെന്ന്‌ ഉറപ്പിക്കാം.
6. രോമങ്ങള്‍ തിളക്കമുള്ളതും, ശരീരം ഉറച്ചതുമായിരിക്കണം
7. നായക്കുട്ടിയുടെ ശരീരത്തില്‍ എവിടെനിന്നെങ്കിലും രോമം കൊഴിഞ്ഞതോ, വാല്‌ ഒടിഞ്ഞതോ ആയിരിക്കരുത്‌.
8. കണ്ണു തുറന്നു പിടിക്കാന്‍ പ്രയാസമുള്ളതോ, സദാഅടച്ചതോ, തിളക്കമില്ലാത്തതോ ആയ നായക്കുട്ടികളെ യാതൊരു കാരണവശാലും തെരഞ്ഞെടുക്കരുത്‌.
9. വയറു രണ്ടു വശങ്ങളിലേക്കും ചാടിക്കിടക്കുന്നതും, മലദ്വാരത്തിലൂടെ ഏതെങ്കിലും ദ്രാവകം ഒലിച്ചുകൊണ്ടിരിക്കുന്നതുമായ നായക്കുട്ടി ആയിരിക്കരുത്‌.
10. അംഗവൈകല്യം ഉള്ളവയെയും, ജനുസ്സു അനുസരിച്ചുള്ള മാര്‍ക്കിങ്‌ ഇല്ലാത്തവയെയും തെരഞ്ഞെടുക്കരുത്‌.
11. പല്ലു നിരപ്പുള്ളതും തൂവെള്ള നിറമുള്ളതുമായിരിക്കണം.
12. വൃത്തിയില്ലാത്ത പരിതസ്ഥിതിയില്‍ വളരുന്നവ ആയിരിക്കരുത്‌.
13.നായക്കുട്ടിയുടെ മാതാപിതാക്കളെ കണ്ടിട്ടുവേണം കുട്ടിയെ തെരഞ്ഞെടുക്കുവാന്‍.
14. വാക്‌സിനേഷന്‍ ചെയ്യാത്ത കുട്ടികയാണെങ്കില്‍ വാക്‌സിനേഷന്‍ നടത്തിയിട്ടുവേണം വീട്ടില്‍ കൊണ്ടുവരാന്‍
15. സൗകര്യപ്പെടുമെങ്കില്‍ ഒരു വെറ്ററിനറി ഡോക്‌ടറെ കാണിച്ചു പരിശോധന നടത്തിവേണം നായക്കുട്ടിയെ വീട്ടില്‍ കൊണ്ടുവരാന്‍. പിറന്ന്‌ നാല്‍പത്തിയഞ്ചു ദിവസത്തിനും അറുപതു ദിവസത്തിനുമിടയില്‍ വേണം നായ്‌ക്കുട്ടിയെ വാങ്ങുവാന്‍.
16. സൂക്ഷിച്ചില്ലെങ്കില്‍ നിരവധി മണ്ടത്തരങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതാണു മുതിര്‍ന്ന നായ്‌ക്കളുടെ തെരഞ്ഞെടുക്കല്‍. പ്രായക്കൂടുതല്‍ ഉള്ളവയെയും, രോഗങ്ങള്‍കൊണ്ട്‌ ഉപേക്ഷിക്കപ്പെട്ടവയെയും വാങ്ങരുത്‌. പ്രജനനത്തകരാറുകള്‍ ഇല്ലെന്നു ബോധ്യമുള്ള നായ്‌ക്കളെത്തന്നെ വാങ്ങണം. മറ്റു ശാരീരികതകരാറുകള്‍ ഇല്ലെന്ന്‌ ഉറപ്പുവരുത്തണം. വാക്‌സിനേഷന്‍ എല്ലാം കൃത്യമായി എടുത്തവയും ആയിരിക്കണം.
17. ഓരോ ജനുസ്സിനും നിര്‍ദ്ദേശിച്ചിട്ടുള്ള ശാരീരിക തൂക്കമുള്ള കുഞ്ഞിനെ വേണം തെരഞ്ഞെടുക്കാന്‍. അതിന്‌ ഒരു വെറ്ററിനറി ഡോക്‌ടറുടെ സഹായം തേടാം. പ്രസവത്തില്‍ കുട്ടികളുടെ എണ്ണം കൂടുതലാണെങ്കില്‍ കുട്ടികള്‍ക്കു സ്വാഭാവികമായുള്ള തൂക്കം കുറയും. കുറച്ചു ദിവസങ്ങള്‍കൊണ്ട്‌ അതു ശരിയാവുകയും ചെയ്യും.
18. വിരയിളക്കാനുള്ള മരുന്ന്‌ എന്നു കൊടുത്തുവെന്നും, വാങ്ങുന്നതുവരെ നായ്‌ക്കുട്ടിയെ ആഹാരരീതി എന്തായിരുന്നെന്നും ഉടമസ്ഥനോടു ചോദിച്ചു മനസ്സിലാക്കിയിട്ടുവേണം നായക്കുട്ടിയെ കൊണ്ടുപോരുവാന്‍.
ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ച്‌ നായ്‌ക്കുട്ടിയെ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ പിന്നീട്‌ അതിനെ ആരോഗ്യത്തോടെ വളര്‍ത്തുന്നതിനു നായയുടെ ആഹാരക്രമത്തെക്കുറിച്ചു നന്നായി അറിഞ്ഞിരിക്കണം.

നായയുടെ കൂട്‌

നിങ്ങളുടെ വീടും നായയ്‌ക്കു ഒരു കൂടും

ഒരു നായക്കുട്ടിയെ വാങ്ങണമെന്നും വളര്‍ത്തണമെന്നും ചിന്തിച്ചു തുടങ്ങുമ്പോള്‍തന്നെ ചിന്തിക്കേണ്ട പല കാര്യങ്ങളും ഉണ്ട്‌. വാങ്ങുന്ന നായ്‌ക്കുട്ടി വീട്ടില്‍ കുറച്ചു നാളുകളിലേക്ക്‌ വരുന്ന വെറുമൊരു അതിഥിയല്ല, മറിച്ച്‌ രണ്ടുമാസം പ്രായമാകുന്നതിനുമുമ്പ്‌ തള്ളയില്‍നിന്നു വേര്‍പെട്ട്‌ നിങ്ങള്‍ കൊടുക്കുന്ന ആഹാരവും, സ്‌നേഹവും, പരിചരണവും മാത്രം പ്രതീക്ഷിച്ച്‌. നിങ്ങളെ നിസ്വാര്‍ത്ഥമായി സ്‌നേഹിച്ച്‌, ഏതാണ്ടു പത്തു പതിനഞ്ചു കൊല്ലം നിങ്ങളോടൊപ്പം ജീവിക്കാന്‍ വരുന്ന, കുടുംബത്തിലെ ഒരു അംഗം തന്നെയാണ്‌.
നായ്‌ക്കുട്ടിയുടെ കുസൃതിത്തരങ്ങളും ഓട്ടവും ചാട്ടവും അവന്റെ നിഷ്‌കളങ്കമായ നോട്ടവും, എന്തിന്‌ ഓടിത്തളര്‍ന്ന അതിന്റെ ഉറക്കംപോലും അസഹ്യതയോടെ നോക്കിക്കാണുന്ന ഒരാളെങ്കിലും വീട്ടില്‍ ഉണ്ടെങ്കില്‍ നായ്‌ക്കുട്ടിയെ വളര്‍ത്തുന്നതിന്റെ ആവശ്യകത അവരെ പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടു വേണം ഈ പുതിയ ബന്ധുവിനെ വീട്ടിലേക്കു കൊണ്ടുവരാന്‍. അല്ലാത്തപക്ഷം നിങ്ങളുടെയും നായ്‌ക്കുട്ടിയുടെയും ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാവുക സ്വാഭാവികം.
നമ്മുടെ സ്‌നേഹവും സംരക്ഷണയും മാത്രം പ്രതീക്ഷിച്ചെത്തുന്ന ഓമനമൃഗത്തിന്‌ ആരോഗ്യത്തോടെ, ഉന്മേഷവാനായി വളരാനുള്ള സാഹചര്യം വീട്ടില്‍ എത്രത്തോളമുണ്ടെന്ന്‌ നാം അറിഞ്ഞിരിക്കണം. നമ്മുടെ അസാന്നിധ്യത്തില്‍ വീട്ടിലുള്ള മറ്റംഗങ്ങള്‍ അതേ താല്‍പര്യത്തോടെ അതിനെ നോക്കാന്‍ തയാറാണെങ്കില്‍ ഒരു നായക്കുട്ടിയെ വളര്‍ത്തുന്നതിനെക്കുറിച്ചു ചിന്തിച്ചുതുടങ്ങാം. വീട്ടിലെ ചെറിയകുട്ടികള്‍ അനുസരത്തോടും അച്ചടക്കത്തോടുംകൂടി വളരണമെന്ന്‌ ആഗ്രഹിച്ച്‌ അവര്‍ക്കായി നിയമങ്ങള്‍ ഉണ്ടാക്കുകയും, വളര്‍ത്തുനായയ്‌ക്ക്‌ നിയമങ്ങളുടെ അതിര്‍വരമ്പുകളൊന്നുമില്ലാത്ത സ്‌നേഹം വാരിക്കോരിക്കൊടുക്കുകയും ചെയ്‌താല്‍ അത്‌ കുട്ടികളില്‍ മാനസികമായ പല പ്രശ്‌നങ്ങളും ഉണ്ടാക്കാം. അതുപോലെതന്നെ വീട്ടിലെ പ്രായമായവര്‍ക്ക്‌ സ്‌നേഹം നല്‍കാത്തവരോ അവരെ ശുശ്രൂഷിക്കാന്‍ മടിയുള്ളവരോ, നായവളര്‍ത്തലിനു മുതിരാതിരിക്കുന്നതാണ്‌ നല്ലത്‌.
നായയെ വളര്‍ത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടെങ്കിലും അത്യാവശ്യം വേണ്ട മറ്റൊരു കാര്യമാണ്‌ അയല്‍ക്കാരുടെ സഹകരണം. അവര്‍ക്കും മറ്റ്‌ ആള്‍ക്കാര്‍ക്കും നിങ്ങളുടെ നായയില്‍നിന്നു ശല്യമുണ്ടാകാതിരിക്കുവാനും പുറത്ത്‌ അലഞ്ഞു നടക്കുന്ന നായയ്‌ക്കളില്‍നിന്നു നിങ്ങളുടെ നായയ്‌ക്ക്‌ ഉപദ്രവമേല്‍ക്കാതിരിക്കാനും വീടിനു ചുറ്റും മതിലോ, ഉറപ്പുള്ള വേലിയോ ഉണ്ടായിരിക്കണം.
ഒരു നായയ്‌ക്കുട്ടിയെ വളര്‍ത്താന്‍ കുറച്ച്‌ ആഹാരം മാത്രം കൊടുത്താല്‍ മതിയെന്നു കരുതുന്നവര്‍ ധാരണമാണ്‌. എന്നാല്‍ നായയ്‌ക്ക്‌ പോഷകസമ്പുഷ്‌ടമായ ആഹാരത്തോടൊപ്പം തന്നെ ശരിയായ വ്യായാമവും അത്യാവശ്യമാണ്‌. അതിനാല്‍ നായയ്‌ക്ക്‌ ഓടിനടക്കാന്‍ പാകത്തില്‍ വിസ്‌തൃതമായ ഒരു കോമ്പൗണ്ട്‌ ഉണ്ടായിരിക്കണം. ഇത്രയുമൊക്കെ സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ഒരു നായക്കുട്ടിയെ വളര്‍ത്തിത്തുടങ്ങാം.

നായയുടെ കൂട്‌

നായയ്‌ക്കളില്‍നിന്നു മനുഷ്യരിലേക്കു പകരാവുന്ന പേവിഷബാധ, അലര്‍ജി എന്നിങ്ങനെ പലവിധ രോഗങ്ങള്‍ ഉണ്ട്‌. അതുകൊണ്ട്‌ വീട്ടില്‍നിന്ന്‌ കുറച്ച്‌ അകലത്തില്‍, തറനിരപ്പില്‍നിന്ന്‌ അല്‍പ്പം ഉയരത്തില്‍, തണലുള്ള സ്ഥലത്തുവേണം നായയ്‌ക്ക്‌ ഉറപ്പും ഭംഗിയുമുള്ള കൂടു നിര്‍മിക്കാന്‍. ഇത്രമാത്രം വിസ്‌താരമുള്ള കൂട്‌ എന്നു പറയുക പ്രയാസമാണ്‌. എങ്കിലും ചെറിയ ജനുസ്സില്‍പ്പെട്ട നായകള്‍ക്കു നാല്‌ അടിയില്‍ താഴെ വലുപ്പമുള്ളതും, ഇടത്തരം വലുപ്പമുള്ള നായകള്‍ക്ക്‌ അഞ്ച്‌ അടി വിസ്‌താരമുള്ളതും, വളരെ വലുപ്പം കൂടിയവയ്‌ക്ക്‌ ആറടി വിസ്‌താരമുള്ളതുമായ കൂടാണ്‌ അഭികാമ്യം. വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന നായ ജനുസ്സിന്റെ ഉയരത്തേക്കാള്‍ ഒരു മീറ്റര്‍ എങ്കിലും കൂടുതലായിരിക്കണം കൂടിന്റെ ഉയരം. അതായതു നിങ്ങള്‍ വളര്‍ത്തുന്ന നായയുടെ കൂട്‌ ഒരു ജയിലറയാകാതെ സ്വതന്ത്രസഞ്ചാരത്തിന്‌ ഉതകുന്നത്ര വലുപ്പമുള്ളതായിരിക്കണം.
വീടിനു മുന്‍പിലായി നായയ്‌ക്ക്‌ കൂടു പണിയുന്നശീലം നമ്മുടെ നാട്ടില്‍ മാറ്റി വരുന്നുണ്ട്‌. വളര്‍ത്തുന്ന നായ ജനുസ്സിന്റെ ഉപയോഗം അനുസരിച്ചുവേണം കൂടിന്റെ സ്ഥാനം നിശ്ചയിക്കാന്‍. ഒരു കാവല്‍നായയെ ആണ്‌ വളര്‍ത്താന്‍ ഉദ്ദേശിക്കുന്നത്‌ എങ്കില്‍ വീടിന്റെ മുന്‍വശവും സാധാരണമായി വീടിന്റെ ആളൊഴിഞ്ഞ വശവും കാണത്തക്കവിധം വേണം നായയ്‌ക്ക്‌ കൂടു നിര്‍മിക്കാന്‍.
വേനല്‍ക്കാലവും, മഴക്കാലവും നായകള്‍ക്കു പലവിധ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാറുണ്ട്‌. ഇതില്‍നിന്നെല്ലാം സംരക്ഷണം കിട്ടത്തക്കവിധം വലുപ്പമുള്ളതും സ്വതന്ത്രമായി ചുറ്റിനടക്കാന്‍ തക്ക സൗകര്യമുള്ളതും ആയിരിക്കണം നായയുടെ കൂട്‌. നിങ്ങള്‍ നിര്‍മിക്കുന്ന കൂട്ടില്‍ ചെറിയ നായ ജനുസ്സിനെയാണു വളര്‍ത്താന്‍ ഉദ്ദേശിക്കുന്നതെങ്കിലും ഭാവിയില്‍ ജര്‍മ്മന്‍ ഷെപ്പേഡുപോലെയോ ഗ്രേറ്റ്‌ ഡെയിന്‍ പോലെയോ ഉള്ള ഒരു വലിയ ജനുസ്സിനെ വളര്‍ത്തേണ്ടിവന്നേക്കാം. അതുകൊണ്ട്‌ ഇപ്പോള്‍ അനാവശ്യമായി തോന്നാമെങ്കിലും ഒരു വലിയ ജനുസ്സിനെ വളര്‍ത്താന്‍ തക്ക വലുപ്പമുള്ള കൂടുതന്നെ നിര്‍മിക്കുന്നതാണ്‌ ഉചിതം.
നായയ്‌ക്കു പണിയുന്ന കൂടിന്റെ തറ ഈര്‍പ്പരഹിതമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഈര്‍പ്പരഹിതമായ തറ നായകള്‍ നന്നായി ഇഷ്‌ടപ്പെടുന്നു. മാത്രമല്ല ഈര്‍പ്പമുള്ള തറ നായയ്‌ക്കു പലവിധ രോഗങ്ങള്‍ക്കു കാരണമാവുകയും ചെയ്യുന്നു.
എന്നാല്‍ നായയുടെ കൂടിന്‌ സിമന്റുതറ നിര്‍മിക്കാതിരിക്കുകയാണു നല്ലത്‌. പകരം വീഴുന്ന വെള്ളം വേഗം വലിച്ചെടുക്കുന്ന തറയോടോ തടിയോ ഇട്ടു തറ നിര്‍മിക്കുന്നതാണ്‌ ഉത്തമം. തറയോടു പാകിയ കൂടു വൃത്തിയാക്കുക അല്‍പ്പം പ്രയാസമാണ്‌. അതുകൊണ്ട്‌ നായയുടെ വിസര്‍ജ്യവസ്‌തുക്കളും, ഭക്ഷ്യാവശിഷ്‌ടങ്ങളും താഴെവീഴുംവിധം തടികൊണ്ടുള്ള പട്ടികകള്‍ നിരത്തിയ തറയാണ്‌ ഏറെ അഭികാമ്യം. എന്നാല്‍ നായയുടെ കാലുകള്‍ ഇടയ്‌ക്ക്‌ പോകാത്തവിധം അടുത്താവണം പട്ടികകള്‍ നിരത്താന്‍. ഇത്തരത്തില്‍ പട്ടികകൊണ്ടു കൂടിനു തറ നിര്‍മിക്കുമ്പോള്‍, അടിവശം വൃത്തിയാക്കത്തക്കവിധം സൗകര്യത്തോടുകൂടി വേണം അവ നിര്‍മിക്കാന്‍.
കൂടിന്റെ തറയില്‍ മണലോ മറ്റു വസ്‌തുക്കളോ ഉപയോഗിക്കുന്നതും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. വിസര്‍ജ്യവസ്‌തുക്കള്‍ കൂട്ടില്‍ വീഴാന്‍ ഇടയായാല്‍ അതിലെ ജലാംശം മണലിലേക്കിറങ്ങി ദുര്‍ഗന്ധം ഉണ്ടാക്കും. കൂടാതെ ഇടയ്‌ക്കിടയ്‌ക്കു മണലും മറ്റും മാറ്റി കൂട്‌ വൃത്തിയാക്കുക ദുഷ്‌കരമായിത്തീരുകയും ചെയ്യും.
സിമന്റുതറയാണ്‌ നിര്‍മിക്കുന്നതെങ്കില്‍, കൂട്‌ നന്നായി കഴുകി വൃത്തിയാക്കാനും സാമാന്യം വലിയ ഒരു കുഴിയിലേക്കു വെള്ളം ഒഴുകാനും പാകത്തില്‍ ചരിവിട്ടുവേണം വാര്‍ക്കാന്‍. കുഴി, ബലമുള്ള സിമന്റു സ്ലാബുകൊണ്ടു മൂടണം. സിമന്റുകൊണ്ടു തറ നിര്‍മിച്ചാല്‍ കുറഞ്ഞത്‌ ഒരു മാസമെങ്കിലും കഴിഞ്ഞേ നായയെ കൂട്ടില്‍ പ്രവേശിപ്പിക്കാവൂ. അല്ലെങ്കില്‍ സിമന്റില്‍നിന്നുണ്ടാകുന്ന രാസപ്രതിപ്രവര്‍ത്തനം നായയുടെ ആരോഗ്യത്തെ ബാധിക്കാം.
കൂടിന്റെ വശങ്ങള്‍ നിര്‍മിക്കുമ്പോള്‍, തറയില്‍നിന്ന്‌ ആകെ ഉയരത്തിന്റെ നാലിലൊന്ന്‌ ഭാഗം, പലകയോ ചുടുകട്ടയോ കൊണ്ടു ബലമായി കെട്ടുക. അതിനു മുകളില്‍ ഇരുമ്പുകമ്പിയും പട്ടയും നെടുകയും കുറുകെയും ഇട്ട്‌ ഉറപ്പിക്കുക. ഇത്‌ കൂട്ടിനുള്ളിലേക്ക്‌ ആവശ്യത്തിനു കാറ്റുംവെളിച്ചവും കടത്തിവിടാന്‍ സഹായിക്കും. കമ്പികള്‍ തമ്മിലുള്ള അകലം നായയുടെ തല പുറത്തേക്ക്‌ കടക്കാതിരിക്കാന്‍ പാകത്തില്‍ അടുത്തടുത്തായി ക്രമീകരിക്കണം.
കൂടിന്റെ മേല്‍ക്കൂര ഓടോ, ഷീറ്റോ കൊണ്ടു നിര്‍മിക്കാമെങ്കിലും സിമന്റുകൊണ്ടുതന്നെ വാര്‍ക്കുന്നതാണു ഉറപ്പും ബലവും കിട്ടാന്‍ നല്ലത്‌. മഴക്കാലത്തു കൂടിനുള്ളില്‍ വെള്ളം അടിച്ചുകയറാതിരിക്കാനും, സൂര്യപ്രകാശം നേരിട്ടു കൂടിനുള്ളിലേക്ക്‌ അടിക്കാതിരിക്കാനും ആവശ്യത്തിനു തള്ള്‌ ഇട്ടുവേണം മേല്‍ക്കൂര നിര്‍മിക്കാന്‍. സിമന്റുവാര്‍ത്ത കൂടുകളില്‍ വേനല്‍കാലത്ത്‌ അസഹ്യമായ ചൂട്‌ അനുഭവപ്പെടും. കൂടിനു മുകളില്‍ ചെടിച്ചട്ടിവച്ചോ, ഓലപാകിയോ ചൂടിന്റെ കാഠിന്യത്തില്‍നിന്നു നായയ്‌ക്കളെ രക്ഷിക്കാനാവും.
വീട്ടുമുറ്റത്തെ ചെടിക്കമ്പിലോ മരച്ചുവട്ടിലോ നായയ്‌ക്കളെ തുടലില്‍ ബന്ധിച്ചിടുന്നത്‌ ഒട്ടും അഭികാമ്യമല്ല. അതുപോലെതന്നെ നായയുടെ കൂടു വീടിനോടു ചേര്‍ത്തു നിര്‍മിക്കുന്നതും ആശാസ്യമല്ല.
കൂടു രണ്ടു കള്ളികളായി തിരിച്ച്‌ ഓരോന്നിനും വാതിലുകള്‍ വെയ്‌ക്കുക. വെള്ളവും ആഹാരവും കൊടുക്കുന്ന പാത്രങ്ങള്‍ തട്ടിമാറ്റിയിട്ടാല്‍ എടുക്കാനും, നായയെ കള്ളികളില്‍ മാറ്റിമാറ്റിയിട്ടു കൂടു വൃത്തിയാക്കുവാനും ഇത്‌ ഏറെ സഹായിക്കും.
വീടിനുള്ളില്‍ നായക്കളെ അഴിച്ചുവിട്ടു വളര്‍ത്തുന്നവര്‍ നായയുടെ പരിചരണത്തിലും സംരക്ഷണത്തിലും വളരെ ശ്രദ്ധിക്കണം. നായയുടെ രോമം കൊഴിഞ്ഞുവീണു വീടിനുള്ളിലെ കാര്‍പ്പറ്റും സെറ്റിയും മറ്റു വീട്ടുപകരണങ്ങളും വൃത്തികേടാകും. കാറ്റില്‍ പറന്നുനടക്കുന്ന ചെറിയരോമങ്ങള്‍ ആഹാരസാധനങ്ങളോടൊപ്പവും അല്ലാതെയും ഉള്ളില്‍ കടക്കാനിടയുണ്ട്‌. നായയ്‌ക്കളെ വീടിനുള്ളില്‍ ഓമനിച്ചു വളര്‍ത്തുന്നതു വീട്ടുസാധനങ്ങള്‍ നശിപ്പിക്കുന്നതിനും ഇലക്‌ട്രിക്‌ വയറുകള്‍ കടിച്ചുമുറിച്ച്‌ അപകടം വിളിച്ചുവരുത്തുന്നതിനും വഴിയൊരുക്കാം. കൊച്ചുകുട്ടികള്‍ ഉള്ള വീടുകളില്‍ ഈ അപകസാധ്യത പതിന്മടങ്ങാണ്‌. നായ്‌കളും കുട്ടികളും തമ്മില്‍ നേരിട്ടുള്ള ബന്ധം ഒട്ടും പ്രോല്‍സാഹിപ്പിക്കാവുന്നതല്ല.
നായയ്‌ക്ക്‌ എത്ര നല്ല കൂടു നിര്‍മിച്ചാലും അവ വൃത്തിയായി സൂക്ഷിക്കാന്‍ കഴിയാതെ വന്നാല്‍ അതൊരു വലിയ പ്രശ്‌നംതന്നെയാണ്‌. വൃത്തികെട്ട കൂടും പരിസരവും നായയ്‌ക്കളുടെയും നിങ്ങളുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
നായയുടെ കൂടു വൃത്തിയായി സൂക്ഷിക്കുക നായ പരിചരണത്തില്‍ സുപ്രധാനകാര്യമാണ്‌. നായയുടെ കൂടുദിവസവും സാധാരണ സോപ്പുപൗഡര്‍ ഉപയോഗിച്ചു കഴുകി വൃത്തിയാക്കുന്നതിനു പുറമെ കൂടും പരിസരവും ഏതെങ്കിലും അണുനാശിനി തളിച്ചു കീടങ്ങളില്‍നിന്നു സംരക്ഷിക്കുകയും വേണം. ചെള്ള്‌, കൊതുക്‌, ഈച്ച തുടങ്ങി നിരവധിപരാദങ്ങളില്‍ക്കൂടി ഉണ്ടായേക്കാവുന്ന രോഗങ്ങളെ ഇങ്ങനെ തടയാന്‍ സാധിക്കും. അണുനാശിനിയുടെ ഉപയോഗം എപ്പോഴും ഒരു വിദഗ്‌ധ ഡോക്‌ടറുടെ അഭിപ്രായം അനുസരിച്ചു മാത്രമേ ആകാവൂ. അല്ലെങ്കില്‍ അതു ഗുണത്തേക്കാളേറെ ദോഷം വരുത്തിവയ്‌ക്കാം.

നായയുടെ ഭക്ഷണക്രമം

നായപ്രേമികളില്‍ ഏറ്റവും അധികം പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുക നായയുടെ ഭക്ഷണക്രമത്തെക്കുറിച്ചുള്ള സംശയങ്ങളാണ്‌. നായയ്‌ക്കു ദിവസത്തില്‍ എത്ര പ്രാവശ്യം ആഹാരം കൊടുക്കാം? ഭക്ഷണത്തിന്റെ അളവ്‌ എത്ര? രീതി എങ്ങനെ? ഭക്ഷണത്തില്‍ അടങ്ങിയിരിക്കേണ്ട പോഷകങ്ങള്‍ ഏതെല്ലാം? ആഹാരത്തില്‍ ഉപ്പ്‌ ചേര്‍ക്കാമോ? പച്ചമാംസം കൊടുക്കാമോ? ഇങ്ങനെ നിരവധി കാര്യങ്ങളെക്കുറിച്ചു സാമാന്യജ്ഞാനം ഉണ്ടായാല്‍ മാത്രമേ ഒരു നായയെ ഉദ്ദേശിക്കുന്ന രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കൂ.
പ്രത്യക്ഷരോഗങ്ങളൊന്നും ഇല്ലാത്ത, കൊടുക്കുന്ന ആഹാരമത്രയും കഴിയുന്ന നായ ആരോഗ്യവാനായിരിക്കുമെന്നാണു പലരുടെയും ധാരണ. എന്നാല്‍ പ്രത്യക്ഷമായ രോഗങ്ങളോ രോഗലക്ഷണങ്ങളോ ഇല്ലെങ്കിലും ചെറിയ പോഷകക്കുറവുപോലും നായയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മനുഷ്യരെപ്പോലെ ചവച്ചരച്ചുതിന്നുന്ന രീതിക്കുപകരം കിട്ടുന്ന ആഹാരമത്രയും വിഴുങ്ങുക എന്നതാണു മാംസഭുക്കുകളുടെ ആഹാരരീതി.

ഡാഷ്‌ ഹോണ്ട്‌, പോമറേനിയന്‍ തുടങ്ങിയ ചെറിയ ജനുസുകള്‍ക്ക്‌ അല്‍പ്പം ചോറും പാലും മതിയെന്നും, ജര്‍മ്മന്‍ ഷെപ്പേഡും, ഗ്രേറ്റ്‌ ഡെയിനും പോലെയുള്ള വലിയ ജനുസ്സുകള്‍ക്ക്‌ ഇറച്ചിയും മറ്റാഹാരങ്ങളും കൊടുക്കണമെന്നുമൊക്കെയാണു പലരുടെയും ധാരണ. എന്നാല്‍ അളവുകള്‍ വ്യത്യസ്‌തമെങ്കിലും എല്ലാ ജനുസ്സുകള്‍ക്കും കൊടുക്കേണ്ട ആഹാരം ഒന്നുതന്നെയാണ്‌. ധാരാളം വ്യായാമം ചെയ്യുന്ന ഒരു നായയുടെയും, പറയത്തക്ക വ്യായാമങ്ങളില്ലാത്ത ഒരു നായയുടെയും ആഹാരത്തിന്റെ അളവുകള്‍ തമ്മില്‍ കാര്യമായ വ്യത്യാസം ഉണ്ടായിരിക്കും. ഏതെങ്കിലും ഒരു നായയെ ചൂണ്ടിക്കാട്ടി, ഈ അളവില്‍ ആഹാരം ഇതിന്‌ ആവശ്യമാകും എന്നു പറയുക അശാസ്‌ത്രീയമാണ്‌. നായ ചെലവിടുന്ന ഊര്‍ജ്ജത്തിന്റെ തോതനുസരിച്ച്‌ കൊടുക്കേണ്ട ഭക്ഷണത്തിന്റെ അളവു തീരുമാനിക്കുകയാണു ഉത്തമം.

ഒരു നായക്കുട്ടിയെ അതിന്റെ തള്ളയില്‍നിന്നു മാറ്റുമ്പോള്‍ മുതല്‍ പോഷകസമ്പുഷ്‌ടമായ ആഹാരംതന്നെ കൊടുക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ വളര്‍ച്ചമുരടിച്ച്‌ ഭംഗിനഷ്‌ടപ്പെട്ട ഒന്നായി നായ മാറും. പോഷകസംപുഷ്‌ടമായ ആഹാരം ശരിയായ രീതിയില്‍ കിട്ടുന്ന ഒരു നായയ്‌ക്കു രോഗബാധ ഉണ്ടാകാനുള്ള സാധ്യത തുലോം കുറവായിരിക്കും. പോഷകാംശത്തിന്റെ കുറവ്‌ ഒരു പ്രത്യേകതരം പോഷകത്തിന്റെ മാത്രം കുറവായിരിക്കണമെന്നില്ല. പലതരം പോഷകങ്ങളുടെ ഒന്നിച്ചുള്ള അഭാവമായിരിക്കാം.

എല്ലാ സസ്‌തനികളെയുംപോലെ നായ്‌ക്കള്‍ക്കും ഏറ്റവും സമ്പുഷ്‌ടമായ ആഹാരം മുലപ്പാലുതന്നെയാണ്‌. എന്നാല്‍ ഒരു പരിധിക്കപ്പുറം മുലപ്പാലിനെ ആശ്രയിക്കാന്‍ പറ്റില്ലാത്തതുകൊണ്ട്‌ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്‌, കൊഴുപ്പ്‌, ധാതുലവണങ്ങള്‍, വിറ്റാമിനുകള്‍ ഇവ ശരിയായ അനുപാതത്തില്‍ അടങ്ങിയിട്ടുള്ള സമീകൃതാഹാരരീതിയാണു നായകള്‍ക്കും ഉത്തമം.
പഴകിയതും വൃത്തിയില്ലാത്തതും, ഫ്രിഡ്‌ജില്‍വച്ചു തണുപ്പിച്ചതുമായ സാധനങ്ങള്‍ ഒരു കാരണവശാലും നായ്‌ക്കള്‍ക്കു കൊടുക്കരുത്‌. എന്തുതന്നെയാണെങ്കിലും അവ ചെറുചൂടോടെ (ഉദ്ദേശം 370c) കൊടുക്കുന്നതാണ്‌ നല്ലത്‌. പഴകിയതും, അഴുകിയതുമായ സാധനങ്ങള്‍, ബാക്‌ടീരിയായുടെ പ്രവര്‍ത്തനംമൂലം, നായ്‌ക്കള്‍ക്ക്‌ പലവിധരോഗങ്ങള്‍ക്ക്‌ കാരണമാവും.

ആഹാരം ദിവസം എത്രപ്രാവശ്യം?

നായയില്‍നിന്നു പ്രതീക്ഷിക്കുന്ന ഉപയോഗത്തിന്‌ അനുസരിച്ചുവേണം നായയ്‌ക്കു ആഹാരം കൊടുക്കാന്‍. സാധാരണമായി നമ്മുടെ നായ്‌ക്കളെ വളര്‍ത്തുന്നതു വീട്ടുകാവലിനാണ്‌. വളര്‍ത്തുന്നത്‌ ഓമനിക്കാനായാലും കാവലിനായാലും നായ്‌കള്‍ക്കു കുറഞ്ഞതു രണ്ടു പ്രാവശ്യമെങ്കിലും ആഹാരം കൊടുക്കണം. ഒരു നായ ഏതാണ്ട്‌ പത്തുമിനിട്ടുകൊണ്ട്‌ തിന്നുതീര്‍ക്കുന്നതാണ്‌ അതിനുവേണ്ട ഒരുനേരത്തെ ആഹാരം. ആകെ കഴിക്കുന്ന ആഹാരത്തിന്റെ പകുതിയില്‍ അല്‍പ്പം അധികം ഉത്തമം. പ്രധാനഭക്ഷണത്തിനു പുറമെ കാലത്തും, വൈകിട്ടും എന്തെങ്കിലും ലഘുഭക്ഷണവും കൊടുക്കണം. പ്രധാന ആഹാരം വൈകുന്നേരം അഞ്ചുമണിക്കു മുമ്പായി കൊടുത്താല്‍ നായ്‌ അല്‍പ്പ ഉറക്കത്തിനുശേഷം ഉണര്‍ന്നു കര്‍മ്മനിരതനായിക്കൊള്ളും. വളരെ താമസിച്ച്‌ ആഹാരം കൊടുത്താല്‍ രാത്രിയില്‍ അലസമായി കിടന്നുറങ്ങാനുള്ള പ്രവണത നായ്‌കള്‍ക്കു കൂടും.

മാംസഭുക്കായ നായയുടെ ശരിയായ വളര്‍ച്ചയ്‌ക്കു പ്രോട്ടീന്‍ അവശ്യഘടകമായതുകൊണ്ടു ഭക്ഷണത്തില്‍ മാംസം ചേര്‍ക്കുകതന്നെ വേണം. നായയെ സസ്യഭുക്കായി വളര്‍ത്താന്‍ പ്രോട്ടീന്‍ അടങ്ങിയ സോയാബീനോ, കാരറ്റോ അതിനായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. മാംസത്തെക്കാള്‍ വിലകുറഞ്ഞതും ഗുണമേറിയതുമാണു മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന സോയബീന്‍. അതുപോലെതന്നെ നായയുടെ ഭക്ഷണത്തില്‍ അത്യാവശ്യം വേണ്ട കാര്‍ബോഹൈഡ്രേറ്റ്‌ ലഭ്യമാക്കാന്‍ മാംസ്യത്തിനോടൊപ്പം ഗ്ലൂക്കോസ്‌, ചോറ്‌, ഗോതമ്പ്‌, മറ്റുള്ള ഭക്ഷ്യധാന്യങ്ങള്‍ ഇവയും ഉള്‍പ്പെടുത്തണം. പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റിനും ഒപ്പം കൊഴുപ്പും അത്യാവശ്യഘടകമായതുകൊണ്ട്‌ നെയ്യോ മറ്റേതെങ്കിലും സസ്യഎണ്ണകളോ ആഹാരത്തില്‍ ചേര്‍ക്കണം. (നമ്മുടെ നാട്ടില്‍ മാംസത്തിനുപകരം സാധാരണമായി കൊടുക്കുന്നതു മാംസാവശിഷ്‌ടമായ `ചൗ' ആണ്‌.)

മാംസ്യവും അന്നജവും കൊഴുപ്പും തുടര്‍ച്ചയായി നായ്‌ക്കള്‍ക്കും കൊടുക്കുന്നതുകൊണ്ട്‌ ആവശ്യമുള്ള പല വിറ്റാമിനുകളുടെയും, മിനറലുകളുടെയും കുറവുണ്ടാകുകയും അതു നായയുടെ വളര്‍ച്ചയെ ബാധിക്കുകയും ചെയ്യും. നായ്‌ക്കള്‍ക്ക്‌ ആവശ്യമുള്ള വിറ്റാമിനുകളില്‍ ഏറ്റവും പ്രധാനമായ വിറ്റാമിന്‍ `എ' ധാരാളമായി ല്യമാക്കുവാന്‍ ലിവറും പാലും, മുട്ടയുടെ മഞ്ഞക്കരുവും, മീനെണ്ണയും കൊടുത്താല്‍ മതിയാകും. വിറ്റാമിന്‍ `ബി' നായകള്‍ക്കു ലഭ്യമാക്കാന്‍ കരളും ഇറച്ചിയും സോയാബീനും നല്‍കിയാല്‍ മതിയാകും. നായകള്‍ക്ക്‌ വിറ്റാമിന്‍ `ബി' വളരെക്കുറച്ചു മതി. അതുപോലെ കരളിലും മുട്ടയിലും, ഈസ്റ്റിലും പാലിലും ധാരാളമായി അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി2 നായയുടെ ആഹാരത്തില്‍ തീരെ കുറയുവാന്‍ പാടില്ല. മീനിലും ഈസ്റ്റിലും എല്ലാ ധാന്യങ്ങളിലും പാലിലും അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി6 നായകള്‍ക്കു കുറഞ്ഞ അളവില്‍ മതിയാകും. വിറ്റാമിന്‍ സി ലഭിക്കാന്‍ ആഹാരത്തോടൊപ്പം പച്ചക്കറികള്‍ ചേര്‍ത്താല്‍ മതിയാകും. വിറ്റാമിന്‍ ഇ മുട്ടയുടെ മഞ്ഞക്കരു, പാല്‌, ഗോതമ്പ്‌, ചോളം എന്നിവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്‌. സൂര്യപ്രകാശത്തിലും മീനെണ്ണയിലും, പാലിലും, നെയ്യിലും വിറ്റാമിന്‍ ഡി ധാരാളമായുണ്ട്‌.
നായയ്‌ക്ക്‌ ഉപ്പ്‌ കൊടുക്കാമോ എന്നത്‌ നായ വളര്‍ത്തുന്നവരില്‍ എന്നും നിലനില്‍ക്കുന്ന ഒരു തര്‍ക്കമാണ്‌. നായയുടെ ശരിയായ ശരീരവളര്‍ച്ചയ്‌ക്ക്‌ വിറ്റാമിനുകളെപ്പോലെതന്നെ പ്രധാനമാണ്‌ മിനറലുകളും നായയുടെ ആഹാരത്തില്‍ ഉപ്പ്‌ അത്യാവശ്യം തന്നെയാണ്‌. എന്നാല്‍ അധികമാകരുതെന്നു മാത്രം. നായയുടെ ആഹാരത്തില്‍ എത്രമാത്രം ഉപ്പ്‌ ചേര്‍ക്കാമെന്നു പറയുക പ്രയാസമായതുകൊണ്ട്‌ സൗകര്യത്തിനായി `ഒരു നുള്ള്‌' ഉപ്പ്‌ ചേര്‍ക്കാം എന്നു പറയട്ടെ.

നായ്‌കള്‍ക്കു വളരെ അത്യാവശ്യമായ മറ്റു രണ്ടു ധാതുക്കളാണു കാല്‍സ്യവും ഫോസ്‌ഫറസ്സും. ഇവ രണ്ടും നായ്‌കള്‍ക്കു ലഭ്യമാക്കാന്‍ എല്ലിന്‍ തുണ്ടുകളും തോടോടുകൂടിയ മുട്ടയും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാകും. നായകള്‍ക്കു ലഭ്യമാകേണ്ട മറ്റൊരു ധാതുവായ ഇരുമ്പിന്റെ കുറവ്‌ പരിഹരിക്കാന്‍ കരളും സോയാബീനും മതിയാകും. ഈ വിവരിച്ചതു കൂടാതെ ആവശ്യമുള്ള മറ്റു ധാതുക്കളും വിറ്റാമിനുകളും, മാറിമാറി കൊടുക്കുന്ന ആഹാരത്തില്‍നിന്ന്‌ നായ്‌കള്‍ക്കു ലഭിക്കുന്നു.
നായയ്‌ക്ക്‌ ബ്രോയിലര്‍ കോഴിയുടെ കാലുകളും തലയും ചിലരെങ്കിലും കൊടുത്തു വരുന്നു. ധാരാളമായി കാല്‍സ്യം അടങ്ങിയിട്ടുണ്ടെങ്കിലും അവയുടെ അധികമായ ഉപയോഗം നായകള്‍ക്കു ദോഷം ചെയ്യുമെന്നതു വിസ്‌മരിച്ചുകൂടാ.

നായയ്‌ക്കു കൊടുക്കുന്ന മാംസം (ചൗവ്വ്‌) പച്ചയായിതന്നെ കൊടുക്കാമെങ്കിലും നമ്മുടെ നാട്ടില്‍ പച്ചമാംസം ശുചിയായി കിട്ടാന്‍ സാധ്യത കുറവായതിനാല്‍ അവ നന്നായി വേവിച്ചു കൊടുക്കുന്നതാണു നല്ലത്‌. മാംസം വേവിക്കുമ്പോള്‍ അല്‍പ്പം മഞ്ഞളും, വെളുത്തുള്ളിയും, ഒരു നുള്ള്‌ ഉപ്പും അതോടൊപ്പം ചേര്‍ക്കുക. വായില്‍ കുത്തിക്കയറി അപകടം സംഭവിക്കാതിരിക്കാന്‍ നായയ്‌ക്കു കൊടുക്കുന്ന എല്ലിന്‍തുണ്ടുകള്‍ വലിയ കഷണങ്ങളായിത്തന്നെ തിളപ്പിച്ചു കൊടുക്കുക.

മറന്നുപോകുന്ന മറ്റൊരു കാര്യമാണ്‌ നായ്‌കള്‍ക്കു കുടിക്കാന്‍ ശുദ്ധജലം കൊടുക്കുന്ന കാര്യം. നായ്‌കള്‍ക്കു ദാഹിക്കുമ്പോള്‍ സൗകര്യമായി കുടിക്കാന്‍ പാകത്തില്‍ വൃത്തിയുള്ള പാത്രത്തില്‍ വെള്ളം വെയ്‌ക്കുകയും ദിവസം രണ്ടോ മൂന്നോ പ്രാവശ്യം വെള്ളം മാറിക്കൊടുക്കുകയും വേണം. ഭക്ഷണം കഴിവതും കൂടിനു വെളിയില്‍ കൊണ്ടുവന്നു കൊടുക്കുന്നതാണു നല്ലത്‌. ഒന്നിലധികം നായ്‌കള്‍ ഉണ്ടെങ്കില്‍ ഭക്ഷണത്തിന്‌ ഓരോന്നിനും ഓരോ പാത്രവും, ഓരോ പ്രത്യേക സ്ഥലവും ഉണ്ടായിരിക്കുന്നതാണ്‌ നന്ന്‌. ഭക്ഷണം കൊടുക്കാന്‍ കൂടിനുള്ളിലെ സൗകര്യമുള്ളൂവെങ്കില്‍ നായയ്‌ക്ക്‌ ആവശ്യമുള്ള ഭക്ഷണം കഴിച്ചശേഷമുള്ള അവശിഷ്‌ടങ്ങള്‍ കൂട്ടില്‍തന്നെ കിടക്കാതെ എടുത്തു മാറാന്‍ ശ്രദ്ധിക്കുക. ഇതുപോലെ നായയ്‌ക്ക്‌ ഭക്ഷണം കൊടുക്കുന്ന പാത്രങ്ങള്‍ എപ്പോവും ശുചിയായി സൂക്ഷിക്കുകയെന്നതും സുപ്രധാനമാണ്‌. അല്ലെങ്കില്‍ പഴകി, പാത്രത്തില്‍ പിടിച്ചിരിക്കുന്ന ഭക്ഷണാവശിഷ്‌ടങ്ങളില്‍ ബാക്‌ടിരീയ പെരുകി നായകള്‍ക്ക്‌ പലവിധ രോഗങ്ങള്‍ ഉണ്ടാകും. നായ്‌കള്‍ക്ക്‌ ഉണ്ടാകുന്ന രോഗങ്ങളില്‍ പലതും ഭക്ഷണം നിശ്ചിതസമയത്തുതന്നെ കൃത്യമായി കൊടുത്താല്‍ ഒഴിവാക്കാനാവും. 
ഓരോ നായയ്‌ക്കും ഇത്ര ആഹാരം കൊടുക്കണമെന്നു കൃത്യമായി പറയാന്‍ പറ്റില്ലെങ്കിലും വലിയ വ്യത്യാസമില്ലാതെ നായയുടെ ശരീരഭാരത്തിന്‌ അനുസരിച്ച്‌ കൊടുക്കേണ്ട ഭക്ഷണത്തിന്റെ പട്ടിക ചുവടെ ചേര്‍ക്കുന്നു.

പട്ടിക 1. നായയുടെ ഭക്ഷണത്തിന്റെ അളവ്‌

ശരീരഭാരം (കി.ഗ്രാം)

ഭക്ഷണത്തിന്റെ അളവ്‌ (ഗ്രാം)

2.5 കി.ഗ്രാം

5.0

10.0

15.0

20.0

30.0

40.0

50.0

60.0

250/300 ഗ്രാം

450/600

650

900

1100

1500

1900

2400

2650

നായ്‌ക്കുട്ടി ഉണ്ടായി ഒരു മാസത്തോളം എല്ലാപോഷകങ്ങളും അടങ്ങിയ മുലപ്പാല്‍ മാത്രം മതിയാകും. എന്നാല്‍ ഒരു ഡോക്‌ടറുടെ ഉപദേശവും അനുസരിച്ചു പതിനെട്ടു ദിവസം മുതല്‍ മറ്റ്‌ ആഹാരവും വിറ്റാമിന്‍ ഡ്രോപ്‌സ്‌, കാല്‍സ്യം ഡ്രോപ്‌സ്‌, മീനെണ്ണ ഇവയും നായ്‌ക്കുട്ടിക്ക്‌ കൊടുത്തു തുടങ്ങാം. നായ്‌ക്കുട്ടിക്ക്‌ കൊടുക്കുന്ന ആഹാരത്തിന്റെ അളവിനല്ല, മറിച്ച്‌ ആഹാരം നന്നായി ദഹിക്കാന്‍ വേണ്ട തവണകള്‍ക്കാണു പ്രാധാന്യം കൊടുക്കേണ്ടത്‌. നായയുടെ പാലില്‍ ഉള്ളതിനേക്കാള്‍ പഞ്ചസാര പശുവിന്‍പാലില്‍ അടങ്ങിയിട്ടുണ്ട്‌. അതുകൊണ്ട്‌ വേണ്ടത്ര നേര്‍പ്പിക്കാതെ പശുവിന്‍പാല്‍ കൊടുത്താല്‍ അത്‌ ദഹിക്കാതെ വയറിളക്കത്തിനു കാരണമാവും. ഒരു നായ്‌ക്കുട്ടിയെ ആഹാരക്രമം പട്ടികയായി ചുവടെ ചേര്‍ക്കുന്നു.

പട്ടിക 2. നായ്‌ക്കുട്ടിയുടെ ഭക്ഷണക്രമം

പ്രായം (മാസം)

തവണ

ഒരു മാസം മുതല്‍ രണ്ടുമാസം വരെ

രണ്ടുമാസം മുതല്‍ മൂന്നുമാസം വരെ

മൂന്നുമാസം മുതല്‍ എട്ടുമാസം വരെ

എട്ടുമാസം മുതല്‍ എല്ലാക്കാലത്തേക്കും

ആറു പ്രാവശ്യം

അഞ്ചു പ്രാവശ്യം

മൂന്നുപ്രാവശ്യം

രണ്ടുപ്രാവശ്യം

എട്ടുമാസം മുതല്‍ പ്രായമായ നായ്‌ക്കുട്ടിക്ക്‌ എത്ര പ്രാവശ്യം ആഹാരം കൊടുത്താലും രണ്ടു പ്രാവശ്യം പ്രധാന ആഹാരവും കാലത്തും വൈകിട്ടും ലഘുഭക്ഷണവും കൊടുക്കണം. ചെറിയ ജനുസ്സില്‍പ്പെട്ട നായകള്‍ക്ക്‌ അഞ്ചു മി.ഗ്രാം മീനെണ്ണയോ കാല്‍സ്യമോ കൊടുക്കുക. വലിയ ജനുസ്സുകള്‍ക്ക്‌ അത്‌ അഞ്ച്‌ മി.ഗ്രാം വീതം രണ്ടുനേരമായി കൊടുക്കാം. ജനുസ്സേതായാലും ഭക്ഷണത്തിന്റെ ക്രമം ഒന്നാവാം. ശരീരവലുപ്പമനുസരിച്ച്‌ അളവു വ്യത്യാസപ്പെടുത്തണമെന്നുമാത്രം.

ഒരു മാസം മുതല്‍ രണ്ടുമാസം വരെ

1. രാവിലെ ആറുമണിക്ക്‌: പാലിന്റെ കൊഴുപ്പ്‌ അനുസരിച്ച്‌ ആവശ്യത്തിനു വെള്ളം ചേര്‍ത്തു തിളപ്പിച്ചാറിച്ച്‌ അതില്‍ രണ്ടുതുള്ളി വീതം സിങ്കോവൈറ്റ്‌, അപ്‌ഡക്ക്‌, ഓസ്‌ട്രോ കാല്‍സ്യം, മീനെണ്ണ ഇവ ചേര്‍ത്തു കൊടുക്കാം.
2. രാവിലെ ഒന്‍പതു മണിക്ക്‌: പഞ്ഞപ്പുല്ല്‌, ഗോതമ്പുപൊടി ഇവ നന്നായി വേവിച്ച്‌ അതില്‍ അല്‍പ്പം പാലൊഴിച്ചു കൊടുക്കാവുന്നതാണ്‌. കുടിക്കാന്‍ മടികാണിച്ചാല്‍ അല്‍പ്പം ചക്കരയോ, തേനോ ചേര്‍ത്തു കൊടുത്താല്‍ മതിയാകും.
3. ഉച്ചയ്‌ക്കു പന്ത്രണ്ടു മണിക്ക്‌: അല്‍പ്പം കരള്‍, മാംസം, സോയാബീന്‍ ഇവയിലൊന്ന്‌ നന്നായിവേവിച്ച്‌ അതില്‍ റൊട്ടി, റെസ്‌ക്ക്‌, ചോറ്‌ ഇവയിലൊന്നും ചെറുതായി അരിഞ്ഞ കാരറ്റും നന്നായി ഇളക്കിക്കൊടുക്കാം.
4. മൂന്നു മണിക്ക്‌: തിളപ്പിച്ചാറിച്ച പാലും ഏതെങ്കിലും ലഘുഭക്ഷണവും മാംസമോ കരളോ ഇട്ടു വേവിച്ച ചോറില്‍നിന്നൂറ്റിയ വെള്ളവും ചേര്‍ത്തു കൊടുക്കാം.
5. വൈകുന്നേരം ആറുമണിക്ക്‌: നന്നായി വേവിച്ച ഇറച്ചിയുടെ വെള്ളവും, കുറുക്കിയ പഞ്ഞപ്പുല്ലും അല്‍പ്പം പാലും, ഒരു കോഴിമുട്ടയുടെ പകുതിയും കൊടുക്കാം. കോഴിമുട്ട കൊടുക്കുമ്പോള്‍ അതു നന്നായി വാട്ടിയതാവാന്‍ ശ്രദ്ധിക്കുക. ഒരു കാരണവശാലും പച്ചമുട്ട കൊടുക്കരുത്‌.
6. രാത്രി പത്തുമണിക്ക്‌: രണ്ടോ, മൂന്നോ തുള്ളി മീനെണ്ണയും വിറ്റാമിന്‍ ഡ്രോപ്‌സും ഒന്നോ രണ്ടോ കക്ഷണം റൊട്ടിയും പാലില്‍ ഇളക്കി കൊടുക്കാം.

രണ്ടുമാസം മുതല്‍ മൂന്നുമാസം വരെ

1. രാവിലെ ഏഴുമണിക്ക്‌: തിളപ്പിച്ചാറിച്ച പാലില്‍ ഗോതമ്പോ പഞ്ഞപ്പുല്ലോ വേവിച്ചതു കോഴിമുട്ടയുടെ പകുതിയും വിറ്റാമിന്‍ ഡ്രോപ്‌സും, കാല്‍സ്യവും ചേര്‍ത്തു കൊടുക്കാം.
2. രാവിലെ പത്തുമണിക്ക്‌: രാവിലത്തെ ഭക്ഷണത്തിന്റെ ഒരുപങ്കും തിളപ്പിച്ചാറിച്ച പാലും കൊടുക്കാം.
3. ഉച്ചയ്‌ക്ക്‌ ഒരു മണിയ്‌ക്ക്‌: ഇറച്ചിയും (കരള്‍) ചെറുതായി അരിഞ്ഞ കാരറ്റും ഇട്ടു വേവിച്ച ചോറു കൊടുക്കാം. ധാരാളമായി ചോറു കൊടുത്താല്‍ നായ്‌ക്കുട്ടിയുടെ വയര്‍ വശങ്ങളിലേക്ക്‌ ചാടാന്‍ സാധ്യത ഏറും. അതുകൊണ്ട്‌ ചോറിനോടൊപ്പം റൊട്ടിയോ, പ്രഭാതഭക്ഷണത്തിന്റെ പങ്കോ കൂടി ചേര്‍ത്തു കൊടുക്കുകയാണ്‌ ഉത്തമം. ഇതിനെ പ്രധാനഭക്ഷണമായി കണക്കാക്കാം.
4. നാലുമണിക്ക്‌: അരഗ്ലാസു പാലില്‍ റൊട്ടിയോ, വീട്ടിലുണ്ടാക്കുന്ന ഏതെങ്കിലും പലഹാരത്തിന്റെ പങ്കോ കൊടുക്കാം. അധികം മധുരമുള്ള സാധനങ്ങള്‍ കഴിവതും ഒഴിവാക്കുക.
5. രാത്രി ഏഴുമണിക്ക്‌: ഇറച്ചിയും കാരറ്റും അല്ലെങ്കില്‍ കരളും സോയാബീനും ഇട്ടു വേവിച്ച ചോറ്‌ കൊടുക്കാം. ഒപ്പം മീനെണ്ണയും, ഏതെങ്കിലും കണ്ടീഷന്‍ ഗുളികയും കൊടുക്കാം. മലബന്ധം ഉണ്ടാവാതിരിക്കാന്‍ മീനെണ്ണ വൈകുന്നേരം കൊടുക്കുന്നതാണ്‌ നന്ന്‌. രാത്രി ഏഴുമണിക്കു കൊടുക്കുന്ന ഈ ആഹാരവും പ്രധാന ഭക്ഷണമായി കണക്കാക്കാം.

മൂന്നുമാസം മുതല്‍ അഞ്ചുമാസം വരെ

1. രാവിലെ എട്ടുമണിക്ക്‌: വീട്ടിലെ പ്രഭാതഭക്ഷണത്തിന്റെ പങ്കും ഏതെങ്കിലും കുറുക്ക്‌ തിളപ്പിച്ചതും തിളപ്പിച്ചാറിച്ച പാലില്‍ ചേര്‍ത്തു നന്നായി ഇളക്കി കാല്‍സ്യവും, മീനെണ്ണയും വൈറ്റമിന്‍ ട്രോപ്‌സും ചേര്‍ത്തു കൊടുക്കുക.
2. രാവിലെ പതിനൊന്നു മണിക്ക്‌: പത്തു പതിനഞ്ചു കഷണം സോയബീന്‍ നന്നായി വേവിച്ചു തിളപ്പിച്ചാറിച്ച പാലില്‍ പകുതി കോഴിമുട്ടയും ചേര്‍ത്തു കൊടുക്കാം.
3. ഉച്ചയ്‌ക്കു രണ്ടുമണിക്ക്‌: ചെറുതായി അരിഞ്ഞ ഇറച്ചിയോ ലിവറോ ചേര്‍ത്ത്‌ വേവിച്ച ചോറും, വീട്ടിലെ ഏതെങ്കിലും ഭക്ഷണത്തില്‍ ചേര്‍ത്തു പ്രധാന ഭക്ഷണമായി കൊടുക്കാം.
4. വൈകുന്നേരം ഏഴുമണിക്ക്‌: വീട്ടിലുണ്ടാക്കുന്ന ഏതെങ്കിലും ഭക്ഷണം അല്‍പ്പം പാലും മീനെണ്ണയും ചേര്‍ത്തു കൊടുക്കാം. നന്നായി അരിഞ്ഞ കാരറ്റും ബീന്‍സും ഇതില്‍ ചേര്‍ത്താല്‍ നന്നായിരിക്കും. ഇതും പ്രധാന ഭക്ഷണമായിത്തന്നെ കണക്കാക്കാം.

അഞ്ചു മാസം മുതല്‍ എട്ടുമാസം വരെ

1. രാവിലെ എട്ടുണിക്ക്‌: ഗോതമ്പോ, പഞ്ഞപ്പുല്ലോ നന്നായി വേവിച്ച്‌ പാലും ചേര്‍ത്തു വിറ്റാമിനും, കാല്‍സ്യവും മീനെണ്ണയും നന്നായി വാട്ടിയ ഒരു മുട്ടയും ചേര്‍ത്തു കൊടുക്കാം.
2. ഉച്ചയ്‌ക്കു പന്ത്രണ്ടു മണിക്ക്‌: സോയബീന്‍, ഇറച്ചി ഇവയിലൊന്നും ചെറുതായി അരിഞ്ഞ കാരറ്റും ചോറുമായി ചേര്‍ത്തു കൊടുക്കുക.
3. വൈകുന്നേരം നാലു മണിക്ക്‌: ഇറച്ചിയോ ലിവറോ ചേര്‍ത്തു വേവിച്ച ചോറ്‌ അല്‍പ്പം മീനെണ്ണയും ചേര്‍ത്ത്‌ കൊടുക്കാം.

എട്ടുമാസം മുതല്‍

നായ്‌ക്കള്‍ക്ക്‌ ഒരുനേരം ആഹാരം കൊടുക്കുന്ന രീതിയാണു പലരും തുടര്‍ന്നു പോരുന്നത്‌. എന്നാല്‍ ശരിയായ ദഹനം നടക്കാന്‍ ആഹാരത്തിന്റെ പകുതിയില്‍ അല്‍പ്പം കൂടുതല്‍ രണ്ടു പ്രാവശ്യമായി കൊടുക്കുന്നതാണ്‌ ഉത്തമം. അതിനു പുറമേ രാവിലെ ഇരുനൂറ്റിയന്‍പതു മി.ലി. പാല്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്തു തിളപ്പിച്ച്‌ ഗോതമ്പോ, പഞ്ഞപ്പുല്ലോ ചേര്‍ത്തു കൊടുക്കാം. അതോടൊപ്പം കാല്‍സ്യവും വൈറ്റമിനും കൊടുക്കണം. വൈകുന്നേരം ഏഴുമണിക്ക്‌ അന്‍പതു മി.ലി. പാലില്‍, വൈറ്റാമിന്‍ ഡ്രോപ്‌സ്‌, കാല്‍സ്യം, മീനെണ്ണ ഇവ ചേര്‍ത്തു കൊടുക്കാം. ഉച്ചക്ക്‌ പന്ത്രണ്ടു മണിയ്‌ക്കും, വൈകുന്നേരം അഞ്ചുമണിക്കും മുമ്പായി പ്രധാന ആഹാരം കൊടുക്കണം. പ്രധാന ആഹാരത്തില്‍ മാംസവും, ചോറും, പച്ചക്കറികളും സൗകര്യംപോലെ ഉള്‍പ്പെടുത്താം.
നായ്‌ക്കള്‍ക്ക്‌ ശരിയായ ദഹനത്തിന്‌ വേവിച്ചയിറച്ചിയാണ്‌ നന്ന്‌. പീത്തവിരയുടെ ശല്യം ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ പച്ചയായ പന്നിയിറച്ചിയും കാളയിറച്ചിയും ഒഴിവാക്കുന്നതാണ്‌ ഉത്തമം. മാംസം കൊടുക്കുമ്പോള്‍ ശുചിത്വത്തില്‍ അങ്ങേയറ്റത്തെ നിഷ്‌കര്‍ഷ പാലിച്ചിരിക്കണം. പാരാസൈറ്റ്‌ ഇന്‍ഫെക്ഷന്‍ ഉണ്ടാകുവാന്‍ ഇടയുള്ളതുകൊണ്ട്‌ ഒരു കാരണവശാലും കോഴിയിറച്ചി കൊടുക്കരുത്‌.

മല്‍സ്യം നായയുടെ ശരീരവളര്‍ച്ചയ്‌ക്കു വളരെ നല്ലതാണ്‌. പക്ഷേ, മുള്ളു മാറ്റി വൃത്തിയാക്കി, പുഴുങ്ങി കൊടുക്കണമെന്നുമാത്രം. വളരുന്ന നായ്‌ക്കള്‍ക്ക്‌ ആവശ്യാനുസരണം ഭക്ഷണത്തിന്റെ തോതു വര്‍ധിപ്പിക്കണം. ആഴ്‌ചയില്‍ നാലോ, അഞ്ചോ ദിവസം മുട്ട കൊടുക്കുക.
നായ്‌കള്‍ക്കു രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ്‌ വര്‍ധിപ്പിക്കാനും ക്ഷീണമകറ്റാനും ടോണിക്കുകളും, എല്ലുകളുടെയും പല്ലുകളുടെയും ഉറപ്പിനും വളര്‍ച്ചയ്‌ക്കും കാല്‍സ്യവും, വൈറ്റമിന്റെ കുറവു നികത്താന്‍ വൈറ്റമിന്‍ സിറപ്പ്‌, ഡ്രോപ്‌സ്‌, ടാബലറ്റും ഇവയിലൊന്നും നല്‍കാവുന്നതാണ്‌. ഇവ ഒരുമിച്ചു കൊടുക്കുന്നതിനേക്കാള്‍ പല സമയത്തു കൊടുക്കുന്നതാണ്‌ നല്ലത്‌. കാരണം ഇവയിലെല്ലാം പൊതുവായി അടങ്ങിയിട്ടുള്ള ചില ഘടകങ്ങള്‍ ഉണ്ടാവാം. അവ ഒരേ സമയം നായയുടെ ഉള്ളില്‍ ചെന്നാല്‍ ദഹനപ്രക്രിയ പൂര്‍ണ്ണമാകാതെ മലത്തോടൊപ്പം പുറത്തുപോവുകയേ ഉള്ളൂ.
നായക്കുട്ടികള്‍ക്കു നാലു മാസത്തിനുള്ളില്‍തന്നെ വീട്ടിലുണ്ടാക്കുന്ന എല്ലാവിധ ഭക്ഷണങ്ങളും കൊടുത്തു ശീലിപ്പിക്കേണ്ടതാണ്‌. അതിന്‌ വിവിധ ഭക്ഷണപദാര്‍ത്ഥങ്ങള്‍ മാറി മാറി കൊടുക്കുന്നതു നന്നായിരിക്കും. വ്യത്യസ്‌തങ്ങളായ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ വ്യത്യസ്‌തമായതുകൊണ്ടു നായയ്‌ക്ക്‌ ആവശ്യമായ എല്ലാ പോഷക ഘടകങ്ങളും യഥേഷ്‌ടം ലഭിക്കും. ഒരേരീതിയിലുള്ള ഭക്ഷണം തന്നെ നിത്യവും കൊടുത്താല്‍ ചില പോഷകങ്ങള്‍ ലഭിക്കാതാവുകയും അതു നായയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. നായയുടെ ആഹാരത്തില്‍ മല്‍സ്യം, മാംസം, മുട്ട, പാല്‍, പാല്‍പൊടി, ധാന്യങ്ങള്‍, പച്ചക്കറി ഇവയെല്ലാം മാറി മാറി ഉപയോഗിക്കണം. പച്ചക്കറികള്‍ നായ്‌ക്കു കൊടുക്കുന്നതു നല്ലതാണ്‌. പച്ചക്കറികളില്‍ നാരിന്റെ അളവുകൂടുതലായതുകൊണ്ട്‌ അവ അന്നപഥത്തില്‍കൂടി കടന്നു പോകുവാന്‍ കൂടുതല്‍ സമയമെടുക്കും. ഈ സമയംകൊണ്ടു ആഹാരത്തില്‍ അടങ്ങിയിട്ടുള്ള എല്ലാ പോഷകങ്ങളും നല്ലരീതിയില്‍ ആഗിരണം ചെയ്യുന്നതിനു സാധിക്കുന്നു. എന്നാല്‍ ഉരുളക്കിഴങ്ങുപോലെയുള്ള ഭക്ഷണസാധനങ്ങള്‍ നായയ്‌ക്ക്‌ വയറിനു പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതിനാല്‍ അവ ഒഴിവാക്കുക.

പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു നായയ്‌ക്കു സസ്യാഹാരം മാത്രമാണു കൊടുക്കുന്നതെങ്കില്‍ ദിവസം മൂന്നു നാലു പ്രാവശ്യം നിര്‍ബന്ധമായും ആഹാരം കൊടുക്കണം. സസ്യാഹാരമാണെങ്കിലും, മാംസാഹാരമാണെങ്കിലും ദിവസവും കാല്‍സ്യവും മീനെണ്ണയും കൊടുക്കണം. കാല്‍സ്യം എല്ലുകളുടെയും പല്ലുകളുടെയും ഉറപ്പിനു ഉപകരിക്കും. അതിനു പുറമേ കൂടുതല്‍ നായ്‌കുട്ടികള്‍ ഉണ്ടാകുവാനും ഉപകരിക്കും. മീനെണ്ണ വിറ്റാമിന്‍ ഡി യുടെ അളവു നികത്തുന്നതിനു പുറമേ രോമത്തിനു നല്ല തിളക്കവും നല്‍കും. കൂടാതെ മലബന്ധം ഒഴിവാക്കാനും മീനെണ്ണ സഹായിക്കും. ഒരു കാരണവശാലും മരുന്നുകളും വിറ്റാമിന്‍ ഗുളികകളും നായ്‌ക്കള്‍ക്കു വെറുതെ കൊടുക്കരുത്‌. കൃത്യമായ പരിശോധനകളിലൂടെ രോഗനിര്‍ണയം നടത്തി മരുന്നു നിര്‍ദ്ദേശിക്കാന്‍ കഴിവുള്ള ഒരു വെറ്ററിനറി ഡോക്‌ടറുടെ നിര്‍ദ്ദേശം അനുസരിച്ചു നായ്‌ക്കളുടെ ഭക്ഷണസമയത്തിന്റെയും ആഹാരസാധനങ്ങളുടെയും ഒരു പട്ടിക തയാറാക്കി ആഹാരം കൊടുക്കുന്നതാണ്‌ ഉത്തമമായ രീതി.

ജര്‍മ്മന്‍ ഷേപ്പേഡിന്റെ പല പ്രായത്തിലുള്ള ഭാരം

പ്രായം (മാസത്തില്‍)

ആണ്‍ നായയുടെ ഭാരം കി.ഗ്രാം

പെണ്‍നായയുടെ ഭാരം കി.ഗ്രാം

1

2

3

4

5

6

7

8

9

10

11

12

4.2

9.0

14.2

19.0

22.9

26.1

28.4

30.1

31.5

2.7

33.7

34.5

3.3

7.5

12.1

16.4

20.0

22.7

24.7

26.1

27.1

27.9

28.6

29.1

നായ്‌ക്കളുടെയും നായക്കുട്ടികളുടെയും ആഹാരകാര്യത്തില്‍ വലിയശ്രദ്ധയൊന്നും കൊടുക്കാത്തവരില്‍നിന്നു വാങ്ങുന്ന നായക്കുട്ടി ആരെയും അതിശയിപ്പിക്കുന്നവിധം ആഹാരസാധനങ്ങള്‍ അധികമായി തിന്നേക്കാം. ആരോഗ്യം നന്നാക്കുന്നതിനുവേണ്ടി ഉടമസ്ഥര്‍ അത്തരത്തില്‍ ആഹാരം കൊടുത്തു നായ്‌ക്കുട്ടിക്ക്‌ അജീര്‍ണം വരുത്തുകയും അതിന്റെ ജീവന്‍ അപകടപ്പെടുത്തുകയും ചെയ്യുന്നു. എപ്പോഴും നായക്കുട്ടികളുടെ ആഹാരം അവയുടെ തൂക്കത്തിന്‌ അനുസരിച്ചായിരിക്കണം. ഓരോ ജനുസ്സിലെ നായ്‌ക്കുട്ടികള്‍ക്കും ശരീരഭാരത്തിനു വ്യത്യാസം വരാമെന്നതുകൊണ്ടു ഒരു വെറ്ററിനറി ഡോക്‌ടറുടെ സഹായം തേടുകയാണു നല്ലത്‌. അമിതമായ ആഹാരം കൊടുത്തു ദഹനക്കേടുണ്ടാക്കുക, നായക്കുട്ടിയുടെ കാര്യത്തില്‍ ശരിയായി ശ്രദ്ധിക്കാന്‍പറ്റാതെ വരുക ഇവയെല്ലാംതന്നെ നായക്കുട്ടിയുടെ ആരോഗ്യകരമായ വളര്‍ച്ചയ്‌ക്കും തടസ്സം സൃഷ്‌ടിക്കും. തടിച്ചുകൊഴുത്തിരിക്കുന്ന ശരീരം ആരോഗ്യത്തിന്റെ ലക്ഷണമാകണമെന്നില്ല. കഴിക്കുന്ന ആഹാരത്തിനനുസരിച്ചു നായ്‌കള്‍ക്കു വ്യായാമവും അത്യാവശ്യമാണ്‌. എന്നാല്‍, അമിതമായ വ്യായാമം നായയുടെ ശരീരത്തിനു ഗുണത്തേക്കാളേറെ ദോഷമാണു വരുത്തുക.

കഴിക്കുമ്പോള്‍ നായ്‌ക്കള്‍ക്കും ആഹാരത്തില്‍ ഒരു പങ്ക്‌ കൊടുക്കുന്ന പതിവ്‌ നമ്മുടെ ഇന്നുമുണ്ട്‌. അത്‌ ഒഴിവാക്കുകയാണ്‌ നല്ലത്‌. അതുപോലെ നായ കരയുകയോ, മറ്റു ശബ്‌ദം ഉണ്ടാക്കുകയോ ചെയ്യുമ്പോഴും ആഹാരം മുന്‍പില്‍ എത്തിച്ചു കൊടുക്കുന്ന പതിവും ആശാസ്യമല്ല.

ഹോര്‍ലിക്‌സും ഫാരക്‌സും നായ്‌ക്കള്‍ക്കു കൊടുക്കുന്നതു നല്ലതാണെങ്കിലും വീട്ടിലുണ്ടാക്കുന്ന ആഹാരസാധനങ്ങള്‍തന്നെ നായ്‌ക്കള്‍ക്കു കൊടുത്തു ശീലിപ്പിക്കുന്നതാണ്‌ ഉത്തമം. എന്നാല്‍ ചോറ്‌ കൂടുതലായി കൊടുത്താല്‍ വയറു ചാടും. പാല്‌ അധികം കൊടുത്താല്‍ വിരയുടെ ശല്യം ഉണ്ടാകുമെന്നു പറയാറുണ്ടെങ്കിലും അതൊരു തെറ്റായ ധാരണയാണ്‌. നായയ്‌ക്കു പാല്‍ മാത്രം കൊടുത്താല്‍ അവയ്‌ക്ക്‌ വേഗം വിശക്കുമെന്നതിനാല്‍ ഒപ്പം വീട്ടിലുണ്ടാക്കുന്ന ആഹാരസാധനങ്ങളും, റെസ്‌ക്കും ചേര്‍ത്തുവേണം കൊടുക്കാന്‍. നായക്കുട്ടികള്‍ക്കു ആട്ടിന്‍പാല്‍ വളരെ നല്ലതാണെങ്കിലും എരുമപ്പാല്‍ അത്ര നന്നല്ല. കാരണം നായക്കുട്ടികള്‍ക്കു എരുമപ്പാലിലെ കൊഴുപ്പിനെ ദഹിപ്പിക്കാനുള്ള കഴിവില്ല. നായ്‌ക്കുട്ടികള്‍ ആഹാരസാധനങ്ങള്‍ അധികമായി കഴിക്കുമെങ്കിലും പ്രായപൂര്‍ത്തിയാകുന്നതോടെ ആഹാരത്തിന്റെ അളവു തനിയെ കുറയ്‌ക്കും.

നായ്‌ക്കള്‍ക്ക്‌ ആഹാരം എപ്പോഴും ഏതെങ്കിലും ഉയര്‍ന്ന പ്രതലത്തില്‍ വച്ചുകൊടുക്കുന്നത്‌ നന്നായിരിക്കും. അല്ലെങ്കില്‍ ഉയര്‍ന്നിരിക്കേണ്ട തോളെല്ലുകള്‍ താഴ്‌ന്നുപോകാന്‍ സാധ്യതയുണ്ട്‌. ആഴ്‌ചയില്‍ ഒരു ദിവസം നായകള്‍ക്കു പ്രധാന ഭക്ഷണമെല്ലാം ഒഴിവാക്കി ഒരുനേരം ഏതെങ്കിലും ലഘുഭക്ഷണം മാത്രം കൊടുക്കുന്നതു നന്നായിരിക്കും. ഒരു വയസ്സ്‌ ആകുമ്പോള്‍ നായ്‌ക്കുട്ടിയുടെ പെട്ടെന്നുള്ള വളര്‍ച്ച നിലയ്‌ക്കും. നാം കൊടുക്കുന്ന ആഹാരം മാത്രമേ നായയ്‌ക്കു ലഭിക്കൂ എന്നുള്ളതു ഓര്‍ത്തുവേണം ദിനംപ്രതിയുള്ള നായയുടെ ആഹാരക്രമത്തെക്കുറിച്ചു ചിന്തിക്കാന്‍. നായയുടെ ആഹാരത്തെ സംബന്ധിച്ച ശേഷിക്കുന്ന സംശയങ്ങള്‍ക്ക്‌ ഒരു വെറ്ററിനറി ഡോക്‌ടറുടെ സഹായം തേടാവുന്നതാണ്‌

പരിചരണങ്ങള്‍

നായയുടെ പരിചരണം ആഴ്‌ചയില്‍ ഒരിക്കലോ, മാസത്തില്‍ രണ്ടു പ്രാവശ്യമോ ചെയ്യേണ്ട കാര്യമല്ല. നായയെ പരിചരിക്കുന്നതു ഒരു ഭാരിച്ച ജോലിയാണെന്നുള്ള മുന്‍വിധി ഒരിക്കലും വേണ്ട. എല്ലാ ദിവസവും കുറച്ചു സമയം ഇതിനായി മാറ്റിവച്ചാല്‍ മാത്രം മതിയാകും. സയമക്കുറവിന്റെയും, മറ്റ്‌ ഒഴിവുകഴിവുകളുടെയും പേരില്‍ പരിചരണത്തില്‍ അലംഭാവം കാട്ടിയാല്‍ ഒരു തെരുവു നായയെപ്പോലെ മോശമായിപ്പോകും എന്നതില്‍ സംശയമില്ല. പരിപാലനരീതികള്‍ എല്ലാ നായ്‌ക്കള്‍ക്കും ഒന്നുതന്നെയാണെങ്കിലും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍, രോമാവൃതവും അല്ലാത്തതുമായ ശരീരമുള്ളവയുടെ പരിചരണരീതികളില്‍ ഏറെ വ്യത്യാസങ്ങള്‍ ഉണ്ട്‌.

ഒരു നായയെ നല്ല രീതിയില്‍ പരിചരിക്കാന്‍ പലതരം ഉപകരണങ്ങള്‍ കരുതേണ്ടതുണ്ട്‌. അവയില്‍ പ്രധാനം ശരീരം ബ്രഷു ചെയ്യുവാനുള്ള ബ്രഷ്‌, ചീപ്പുകള്‍, നഖംവെട്ടി, അനാവശ്യരോമം മുറിച്ചു മാറ്റാനുള്ള കത്രികകള്‍, കുളിപ്പിക്കുവാനുള്ള സോപ്പ്‌, ടൗവലുകള്‍, ചെവി വൃത്തിയാക്കാനുള്ള തുണി, പല തരത്തിലുള്ള കളിക്കോപ്പുകള്‍, വാക്‌സിനേഷന്റെ സമയത്തും മരുന്നു കൊടുക്കുമ്പോഴും നായയില്‍നിന്ന്‌ ഉപദ്രവമേല്‍ക്കാതിരിക്കാന്‍ അവയുടെ വായ്‌കെട്ടാനുള്ള മൗത്ത്‌ ഗാര്‍ഡ്‌ (Mouth Guard) എന്നിവയാണ്‌. ഇത്രയുമായാല്‍ ഇനി നായയുടെ പരിചണങ്ങളിലേക്കു കടക്കാം.

നായയെ കുളിപ്പിക്കുന്നവിധം

കഴിവതും നായയെ കുളിപ്പിക്കരുതെന്നു പറയുമ്പോള്‍ നെറ്റി ചുളിക്കുന്നവര്‍ ധാരാളമുണ്ടാകാം. എന്നാല്‍ ഏറ്റവും അനുയോജ്യമായ രീതി അത്യാവശ്യമുണ്ടെങ്കില്‍ മാത്രം നായയെ കുളിപ്പിക്കുക എന്നതാണ്‌. അതായതു നായയുടെ ശരീരത്തില്‍നിന്നു ദുര്‍ഗന്ധം വമിക്കുമ്പോഴോ ചെളിയോ അഴുക്കോ നായയുടെ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുമ്പോഴോ മാത്രം നായയെ കുളിപ്പിക്കുക. ഇത്തരം കാര്യങ്ങളിലൊന്നും കൃത്യമായ ഒരു മാര്‍ഗ്ഗനിര്‍ദേശം തരാന്‍ ആവില്ല. എങ്കിലും സാമാന്യമായി, നല്ല വേനല്‍ക്കാലത്തു രണ്ടാഴ്‌ചയില്‍ ഒരിക്കലും, മഴക്കാലത്തും തണുപ്പുകാലത്തും അത്യാവശ്യമെങ്കില്‍ മാസത്തില്‍ ഒരിക്കലും, തെളിഞ്ഞ കാലാവസ്ഥയുള്ള ദിവസം നായയെ കുളിപ്പിക്കാം.

നായയെ കുളിപ്പിക്കുമ്പോള്‍ സാധാരണ ഉപയോഗിക്കുന്ന സോപ്പുകള്‍ ഒന്നുംതന്നെ ഉപയോഗിക്കരുത്‌. അതില്‍ കാര്‍ബോളിക്ക്‌ ആസിഡ്‌ അടങ്ങിയിട്ടുള്ളതിനാല്‍ അതു നായയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നായയുടെ ശരീരത്തില്‍ ജന്മനാ ഉള്ള എണ്ണമയം നഷ്‌ടപ്പെടുത്തുകയും, രോമത്തിന്റെ സ്വാഭാവികതിളക്കം ഇല്ലാതാക്കുകയും ചെയ്യും. വിപണിയില്‍ ഇന്നു ലഭ്യമാകുന്ന ഏതെങ്കിലും ഡോഗ്‌ സോപ്പ്‌ തന്നെ ഉപയോഗിക്കുന്നതാണു നല്ലത്‌. ഏതെങ്കിലും ഷാമ്പുവും ഉപയോഗിക്കാം. സോപ്പ്‌, ഷാമ്പു ഇവയുടെ ഗുണനിലവാരത്തെക്കുറിച്ച്‌ ഉത്തമബോധ്യം ഉണ്ടാവണം. ഗുണനിലവാരം തീരെയില്ലാത്ത, വിലയുടെ കാര്യത്തില്‍ വലിയ ഏറ്റക്കുറിച്ചിലുള്ള വിവിധ സോപ്പുകളും, ഷാമ്പുകളും വിപണിയില്‍ ഉള്ളതുകൊണ്ട്‌ ഒരു വെറ്ററിനറി ഡോക്‌ടറുടെ സഹായത്തോടെയുള്ള ഇവയുടെ തെരഞ്ഞെടുപ്പായിരിക്കും നല്ലത്‌.

കുളിപ്പിക്കുമ്പോള്‍ നായയുടെ തലമുതല്‍ താഴോട്ടു വെള്ളം ഒഴിക്കുകയാണ്‌ പലരും ചെയ്യുക. എന്നാല്‍ അങ്ങനെ കുളിപ്പിക്കുമ്പോള്‍ നായ അതിന്റെ ശരീരം കുടയുന്നത്‌ കുളിപ്പിക്കുന്നവര്‍ക്ക്‌ പ്രയാസമായിത്തീരും. അതിനുള്ള പരിഹാരം വാലുമുതല്‍ തലവരെ കുളിപ്പിക്കുക എന്നതാണ്‌. നായയുടെ ശരീരത്തില്‍ തേക്കുന്ന സോപ്പോ, ഷാമ്പുവോ ശുദ്ധജലം ഉപയോഗിച്ചു നന്നായി കഴുകിക്കളഞ്ഞ്‌ നായയെ ടൗവലുപയോഗിച്ചു തുടച്ചു വൃത്തിയാക്കുക. നായയെ കൂട്ടിലോ, കുറ്റിയിലോ ബന്ധിച്ചു ഹോസിലൂടെ വെള്ളം ചീറ്റിച്ച്‌ കുളിപ്പിക്കരുത്‌. അങ്ങനെ കുളിപ്പിച്ചാല്‍ നായയുടെ ചെവികളില്‍ വെള്ളം കയറി `കാന്‍കര്‍' പോലെയുള്ള മറ്റു രോഗങ്ങള്‍ക്ക്‌ കാരണമാകാം. കുളിപ്പിക്കുമ്പോള്‍ നായയുടെ ചെവിയില്‍ തുണിയോ പഞ്ഞിയോ തിരുകിവച്ചിരിക്കണം.
നായ ഗര്‍ഭിണിയായി ഒരുമാസത്തിനുശേഷം അവയെ കുളിപ്പിക്കേണ്ട ആവശ്യമില്ല. രോഗാവസ്ഥയില്‍ ഇരിക്കുന്ന നായയെ രോഗം ഭേദമാകുന്നതുവരെ കുളിപ്പിക്കേണ്ടതില്ല. ഇത്തരം അവസ്ഥയില്‍ നായ്‌ക്കളെ കുളിപ്പിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ഒരു ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ചെയ്യുക. നായക്കുട്ടികളെ ആറുമാസംവരെ കുളിപ്പിക്കുകയോ വേണ്ടാ. ശരീരം നന്നായി ബ്രഷു ചെയ്‌താല്‍ മാത്രം മതിയാകും.

ബ്രഷു ചെയ്യുന്നവിധം

നായയുടെ യഥാര്‍ത്ഥത്തിലുള്ള ഭംഗി അതിന്റെ ത്വക്കിന്റെയും രോമത്തിന്റെയും അഴകുതന്നെയാണ്‌. നായയുടെ ശരീരം നിത്യവും ബ്രഷുചെയ്യുന്നുമൂലം അതിന്റെ ത്വക്കിനടിയിലുള്ള രക്തവാഹനികള്‍ പ്രവര്‍ത്തനക്ഷമമാവുകയും നായ വര്‍ധിച്ച ഊര്‍ജ്ജസ്വലത കാട്ടുകയും ചെയ്യും. എല്ലാ നായ്‌ക്കളും വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം രോമം പൊഴിക്കാറുണ്ട്‌. ഒരിക്കല്‍ ശരീരത്തിലെ നീളമുള്ള രോമമാണ്‌ പൊഴിക്കുന്നതെങ്കില്‍ അടുത്ത തവണ നീളംകുറഞ്ഞ രോമങ്ങളായിരിക്കും പൊഴിക്കുന്നത്‌. കുടിക്കുന്ന കുട്ടികളുള്ള നായ്‌ക്കളും ധാരാളമായി രോമം പൊഴിക്കും.

അല്‍പ്പനേരം കളിക്കാനായി വിട്ടതിനുശേഷം ബ്രഷുചെയ്‌താല്‍ നായ വളരെ സന്തോഷത്തോടെ ഈ പ്രവര്‍ത്തിയില്‍ സഹകരിക്കും. നിത്യവും ബ്രഷുചെയ്യുന്നതു നന്നായി കുളിപ്പിക്കുന്നതിനു തുല്യമാണ്‌. മനുഷ്യരെപ്പോലെ വിയര്‍ക്കാത്ത നായയുടെ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിപടലവും ദുര്‍ഗന്ധം ഉണ്ടാക്കുന്ന ചെറിയ രോമങ്ങളും ബ്രഷുചെയ്യുമ്പോള്‍ നീക്കം ചെയ്യാനാവും. മാത്രമല്ല നായയുടെ ശരീരത്തിലെ ദുര്‍ഗന്ധം ഒഴിവാകുകയും ചെയ്യും. ഏതെങ്കിലും വിധത്തില്‍ നായയുടെ രോമങ്ങള്‍ ജടകെട്ടാനിടയായാല്‍ അവ മൂര്‍ച്ചയുള്ള കത്രികകൊണ്ട്‌, ശരീരത്തില്‍ മുറിവുണ്ടാകാത്തവിധം ശ്രദ്ധയോടെ മുറിച്ചു മാറ്റിയിട്ടുവേണം നായയെ ബ്രഷു ചെയ്യാന്‍. അല്ലാത്ത പക്ഷം ബ്രഷു ചെയ്യുമ്പോള്‍ ബ്രഷു നായയുടെ രോമത്തില്‍ ഉടക്കി അതിനു വേദന ഉണ്ടാകുവാനും തിരിച്ചു പ്രതികരിക്കുവാനും സാധ്യതയുണ്ട്‌.

നായയുടെ രോമം മനുഷ്യന്റെ ഉള്ളില്‍ കടന്നാല്‍ അതു പലവിധ രോഗങ്ങള്‍ക്ക്‌ ഇടയാക്കും. അതുകൊണ്ടു നായപരിചരണത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഒന്നാണു ബ്രഷു ചെയ്യല്‍.
ബ്രഷു ചെയ്യുന്നത്‌ എപ്പോഴും രോമം വളര്‍ന്നു കിടക്കുന്ന ഭാഗത്തേക്കായിരിക്കണം. തലമുതല്‍ തുടങ്ങി താഴോട്ടു ഇടതുംവലതും വശങ്ങള്‍ നന്നായി ബ്രഷു ചെയ്യുക. അതിനുശേഷം നായയുടെ കീഴ്‌ത്താടി മുതല്‍ കഴുത്തിന്‌ അടിവശവും പിന്നീടു തുടയും കൈകാലുകളും അവസാനമായി വാലും ചെവികളും ബ്രഷുചെയ്യുക. നായയുടെ ശരീരം ബ്രഷു ചെയ്യുന്ന സമയത്ത്‌ ശരീരത്തിലുള്ള ചെള്ളും മറ്റുപരാദങ്ങളും കണ്ടെത്തി നശിപ്പിക്കുകയും വേണം. വേനല്‍ക്കാലത്താണ്‌ നായ്‌ക്കളില്‍ പരാദങ്ങളുടെയും ചെള്ളുകളുടെയും ഉപദ്രവം കൂടുതലായി ഉണ്ടാകുന്നത്‌. നായ്‌ക്കുട്ടികളെ ഒരു മാസം കഴിയുമ്പോള്‍ മുതല്‍ ബ്രഷുചെയ്‌തു തുടങ്ങാം. അങ്ങനെ ശീലിപ്പിച്ചാല്‍ നായ്‌ വളര്‍ന്നാലും ഈ പ്രവര്‍ത്തിയില്‍ നന്നായി സഹകരിക്കും. ബ്രഷു ചെയ്യുന്നതിനു മുമ്പായി പന്തോ മറ്റ്‌ കളിക്കോപ്പുകളോ കൊടുത്തു കുറച്ചുനേം നായയെ കളിപ്പിക്കുന്നതു നന്നായിരിക്കും. രോമവളര്‍ച്ച കൂടുതലുള്ള നായ്‌ക്കളുടെ പാദത്തില്‍ രോമം അധികമായി വളര്‍ന്നാല്‍ മുറിവുണ്ടാക്കാതെ അവ മുറിച്ചുമാറ്റണം.

ബലമുള്ള രോമം

അധികമായി വളര്‍ന്നു വരുന്ന രോമം മുറിച്ചു മാറ്റുകയും ദിവസവും ബ്രഷു ചെയ്യുകയും വേണം.

ചുരുണ്ട രോമം

രണ്ടുമാസത്തില്‍ ഒരിക്കല്‍ കുളിപ്പിക്കുകയും അധികമായി വളര്‍ന്നുവരുന്ന രോമം മുറിച്ചു മാറ്റുകയും വേണം.

നീളം കുറഞ്ഞരോമം

ആഴ്‌ചയിലൊരിക്കല്‍ ബ്രഷു ചെയ്‌താല്‍ മതിയാകും

നീളമുള്ള രോമം

അധികമായി വളര്‍ന്നു വരുന്ന രോമം മുറിച്ചുമാറ്റുകയും ദിവസവും ബ്രഷു ചെയ്യുകയും വേണം.

പട്ടുപോലുള്ള രോമം

അധികമായി വളര്‍ന്നു വരുന്ന രോമം മുറിച്ചുമാറ്റുകയും ദിവസവും പ്രഷുചെയ്യുകയും വേണം.

രോമം കുറഞ്ഞ നായ

ദിവസവും കട്ടിയുള്ള തുണി കൊണ്ട്‌ തുടയ്‌ക്കുകയും ആഴ്‌ചയിലൊരിക്കല്‍ ബ്രഷുചെയ്യുകയും വേണം.

നായയുടെ ചെവികള്‍

നായയുടെ അവയവങ്ങളില്‍ പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്ന മറ്റൊന്നാണ്‌ അവയുടെ ചെവികള്‍. നായ നുസ്സുകള്‍ക്ക്‌ അനുസരിച്ചു ചെവിയുടെ ഘടനയിലും വ്യത്യാസങ്ങള്‍ ഉണ്ട്‌. ഉയര്‍ന്ന ചെവി (Prick), വീണു കിടക്കുന്ന ചെവി (Drop ears), റോസു ചെവി (Rose ears), ബട്ടന്‍ ചെവി (Button ears) കുറച്ച്‌ ഉയര്‍ന്ന ചെവി (Semi prick), വവ്വാല്‍ ചെവി (But ears) എന്നിങ്ങനെ ജനുസ്സുകള്‍ക്കനുസൃതമായി ചെവികളെ തരംതിരിക്കാം. ചിലയിനം നായക്കളുടെ ചെവി മുറിച്ചു ഭംഗികൂട്ടാറുണ്ട്‌. അത്തരത്തില്‍ ഭംഗി കൂട്ടാവുന്ന ഒരു നായായണു ഡോബര്‍മാന്‍. നായയുടെ ചെവിക്കുള്ളില്‍ ചെവിക്കായവും (Ear wax) മറ്റ്‌ അഴുക്കും അടിഞ്ഞുകൂടി പലവിധ രോഗങ്ങളും അസ്വസ്ഥതകളും ഉണ്ടാക്കാറുണ്ട്‌. നായ അവയുടെ കൈകള്‍കൊണ്ട്‌ തുടര്‍ച്ചയായി ചെവി മാന്തുന്നതു കാണുമ്പോള്‍ അതു ചെവിക്കുള്ളിലെ ഏതെങ്കിലും രോഗം മൂലമോ അസ്വസ്ഥത കൊണ്ടോ ആണെന്നു തീര്‍ച്ചയാക്കാം. നിത്യേനയുള്ള പരിചരണം കൊണ്ടു ചെവിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ഒരു നല്ല പരിധിവരെ അകറ്റിനിര്‍ത്താം. ഇതിനു ചെയ്യേണ്ടത്‌, ചെവിയുടെ ഉള്‍ഭാഗം പൊട്ടാസ്യം പെര്‍മാഗ്‌നറ്റ്‌ ലായനിയില്‍ മുക്കിപ്പിഴിഞ്ഞ തുണികൊണ്ടു നല്ലവണ്ണം തുടച്ചു വൃത്തിയാക്കുകയാണ്‌. ചെവിക്കുള്ളിലുള്ള പരാദങ്ങളെ നശിപ്പിക്കുകയും വേണം. യാതൊരു കാരണവശാലും ചെവിക്കുള്ളില്‍ വെള്ളം പോകുവാനിടയാകരുത്‌. ചെവിയില്‍നിന്നു വെള്ളം ഒലിക്കുകയോ, ദുര്‍ഗന്ധം വമിക്കുകയോ, ചെവിയില്‍ കായവും അഴുക്കും അധികമാകുകയോ ചെയ്‌താല്‍ ഒരു വെറ്ററിനറി ഡോക്‌ടറുടെ സമീപത്തേക്കു നായയെ കൊണ്ടു ചെന്നു ചികില്‍സ തേടണം.

കായവും അഴുക്കും അധികമായിട്ടില്ലെങ്കില്‍ ഒരു ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം ഹൈഡ്രജന്‍ പെറോക്‌സൈഡ്‌ ഉപയോഗിച്ചു ചെവി വൃത്തിയാക്കാം. ബഡ്‌സ്‌ ഉപയോഗിച്ചു നായയുടെ ചെവി വൃത്തിയാക്കാന്‍ ശ്രമിക്കരുത്‌- പുറത്തേക്കു വരുന്ന ചെവിക്കായം ഉള്ളിലേക്കു വീണ്ടും വീണു പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാം.

നായയുടെ ചെവി മുറിക്കല്‍ (Ear Tapining)

ചിലയിനം നായ്‌ക്കളുടെ ചെവി മുറിച്ച്‌ അവയുടെ ഭംഗി കൂട്ടാറുണ്ട്‌. ഇതിന്‌ ഇയര്‍ ടാപ്പിങ്‌ എന്നു പറയുന്നു. ഡോബര്‍മാന്‍, ബോക്‌സര്‍, ഗ്രേറ്റ്‌ഡേന്‍ ഇവ ഇത്തരത്തില്‍ ചെവിമുറിച്ചു സൗന്ദര്യം വര്‍ധിപ്പിക്കുന്ന ഇനങ്ങളാണ്‌. പിറന്ന്‌ നാല്‍പത്തിയഞ്ചു ദിവസത്തിനും അന്‍പതു ദിവസത്തിനും ഇടയിലാണ്‌ ഇയര്‍ടാപ്പിങ്ങിനു പറ്റിയ ഏറ്റവും നല്ല സമയം. ചെവി മുറിച്ചു ഭംഗി കൂട്ടുന്നതിനു മുമ്പായി നായക്കുട്ടിയുടെ ശാരീരികസ്ഥിതി മെച്ചമാണെന്ന്‌ ഉറപ്പുവരുത്തണം. നായക്കുട്ടിയുടെ വിരയിളക്കിയതും ഡിസ്റ്റബറിനുള്ള വാക്‌സിന്‍ നല്‍കിയതുമായിരിക്കണം. സാധാരണമായി ചെവിയുടെ മൂന്നില്‍ ഒന്നുഭാഗമാണ്‌ മുറിച്ചു മാറ്റുന്നത്‌.

നായയുടെ ചെവി ബലമുള്ള ദണ്ഡുകള്‍ ഉപയോഗിച്ചു ബലമായി ഉയര്‍ത്തിക്കെട്ടിയതും ഭംഗികൂട്ടാറുണ്ട്‌. ചെവികള്‍ക്ക്‌ ഏതെങ്കിലും ഒടിവുകളോ അനാവശ്യ മടക്കുകളോ ഉണ്ടായാലും ഇയര്‍ടാപ്പിങ്‌ ചെയ്യാറുണ്ട്‌. എന്തായാലും പരിശീലനം സിദ്ധിച്ച നല്ലൊരു വെറ്ററിനറി ഡോക്‌ടറുടെ മേല്‍നോട്ടത്തിലേ ഇയര്‍ടാപ്പിങ്‌ നടത്താവൂ.

വാലുമുറിക്കല്‍ (Docking)

നായയുടെ ഭംഗി കൂട്ടുവാനോ, കെന്നല്‍ ക്ലബ്‌ നിയമത്തിന്റെ ഭാഗമായോ ആണ്‌ നായയുടെ വാലു മുറിച്ചു മാറ്റേണ്ടി വരുക. നായയുടെ വാലുമുറിച്ചു മാറ്റുന്നതിനെപ്പറ്റി പല കഥകളും കേള്‍ക്കാറുണ്ടെങ്കിലും അവയൊക്കെ വെറും കഥകളായി മാത്രം കരുതിയാല്‍ മതി.

ജനിച്ചു മൂന്നു ദിവസത്തിനും ഏഴു ദിവസത്തിനും ഇടയില്‍ നായ്‌ക്കുട്ടിയുടെ വാല്‍മുറിക്കണം. ഒരു വിദഗ്‌ധ ഡോക്‌ടറുടെ മേല്‍നോട്ടത്തില്‍തന്നെയാവണം ഇത്‌ ചെയ്യേണ്ടത്‌ ഡോക്‌ടറുടെ മേല്‍നോട്ടത്തില്‍തന്നെയാവണം ഇത്‌ ചെയ്യേണ്ടത്‌ ഡോക്കിങ്ങിന്റെ ഭാഗമായും അതല്ലാതെയും നായയുടെ വാലുമുറിച്ചു മാറ്റേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്‌. വാലിന്‌ ഒടിവോ ചതവോ സംഭവിക്കുമ്പോഴും രോഗങ്ങള്‍ ഉണ്ടാകുമ്പോഴും ഇങ്ങനെ ചെയ്യാറുണ്ട്‌. നായയുടെ വാലുമുറിച്ചു ഭംഗികൂട്ടുന്നതു സ്വീഡനില്‍ നിരോധിച്ചിരിക്കുകയാണ്‌. `കെന്നല്‍ ക്ലബ്‌ ഓഫ്‌ ഇന്ത്യ'യുടെ നിയമപ്രകാരം ഇന്ത്യയില്‍ ചില ജനുസ്സുകളുടെ വാലു മുറിക്കുന്ന അളവു താഴെകൊടുക്കുന്നു.

റോട്ട്‌വീലര്‍ ശരീരത്തില്‍നിന്നു പൂര്‍ണ്ണമായോ വാലിന്റെ ഒരു കശേരുവോ നിര്‍ത്തി വാലിന്റെ ബാക്കി മുറിച്ചുമാറ്റുന്നു.
കോക്കര്‍ സ്‌പാനിയല്‍ വാലിന്റെ മൂന്നില്‍ ഒന്നുഭാഗം നിര്‍ത്തി ബാക്കി മുറിച്ചുമാറ്റുന്നു.
ഡോബര്‍മാന്‍ ശരീരത്തില്‍നിന്നു രണ്ടോ മൂന്നോ കശേരുക്കള്‍ നിര്‍ത്തി വാലിന്റെ ബാക്കി മുറിച്ചുമാറ്റുന്നു
ബോക്‌സര്‍ വാലിലെ ആദ്യത്തെ രണ്ടു കശേരുക്കള്‍ നിര്‍ത്തി ബാക്കി മുറിച്ചുമാറ്റുന്നു.
പോയിന്റര്‍ വാലിന്റെ ആകെ നീളത്തില്‍ മൂന്നില്‍ ഒന്നുഭാഗം മുറിച്ചുമാറ്റുന്നു
പൂഡില്‍ വാലിന്റെ ആകെ നീളത്തിന്റെ മൂന്നില്‍ രണ്ടുഭാഗം മുറിച്ചുമാറ്റുന്നു
ഐറിഷ്‌ ടെറിയര്‍ വാലിന്റെ നാലില്‍ മൂന്നുഭാഗം നിലനിര്‍ത്തി ബാക്കി മുറിച്ചുമാറ്റുന്നു.
വൈമറൈനര്‍ വാലിന്റെ രണ്ടു കശേരുക്കള്‍ നിലനിര്‍ത്തുന്നു.

ജന്മനാ കാട്ടാടുകളെപ്പോലെ കുറുകിയ വാലുമായി ചില നായ്‌ക്കള്‍ പിറക്കാറുണ്ട്‌ (Old english sheep dog, Schipperke). നാട്ടില്‍ വാലില്ലാതെ കാണുന്ന നായ്‌ക്കളെല്ലാം തന്നെ ഡോക്കിങ്ങിനു വിധേമാക്കിയവയാണ്‌. ചെവികളും വാലും മുറിച്ചു സൗന്ദര്യം വര്‍ധിപ്പിക്കുന്നതു മൃഗസ്‌നേഹികളാരും ഇഷ്‌ടപ്പെടുന്നില്ല. ഭാവിയില്‍ മറ്റു നായ ജനുസ്സുകളിലേക്കും ഈ വിധമുള്ള സൗന്ദര്യബോധം കടന്നുകൂടിയാല്‍ വികലാംഗാരായ നായ്‌ക്കളെയാവും നാം വളര്‍ത്തേണ്ടിവരിക. വാലാട്ടി ചെവി കൂര്‍പ്പിച്ചു ഓടിവരുന്ന കൈസറും ഭൂട്ടോയും ടിപ്പുവും നാട്ടില്‍ ഇല്ലാതാവുകയും ചെയ്യും.

നഖങ്ങള്‍

രണ്ടുമാസത്തില്‍ ഒരിക്കലെങ്കിലും നായയുടെ നഖങ്ങള്‍ പരിശോധിച്ചു വളരുന്ന മുറയ്‌ക്കു മുറിച്ചുമാറ്റേണ്ടതു അത്യാവശ്യമാണ്‌. നായ്‌ക്കള്‍ സ്‌നേഹം പ്രകടിപ്പിക്കാന്‍ യജമാനന്റെയും വീട്ടിലെ മറ്റ്‌ അംഗങ്ങളുടെയും ശരീരത്തില്‍ ചാടിക്കയറുക പതിവാണ്‌. അത്തരം സന്ദര്‍ഭങ്ങളില്‍ നായയുടെ വളര്‍ന്ന നഖങ്ങള്‍ ശരീരത്തില്‍ പോറലുകളോ മുറിവോ ഉണ്ടാക്കുക സ്വാഭാവികമാണ്‌. ഇത്തരത്തിലുള്ള ചെറിയ അപകടങ്ങള്‍ ഒഴിവാക്കാന്‍ നായയുടെ നഖങ്ങള്‍ മുറിച്ചുമാറ്റേണ്ടത്‌ അത്യാവശ്യമാണ്‌. നായയുടെ വിരലുകള്‍ക്കിടയില്‍ പരാദങ്ങളുടെ ശല്യം ഉണ്ടോ എന്നു പ്രത്യേകം ശ്രദ്ധിക്കണം

വളര്‍ന്നുനില്‍ക്കുന്ന നഖങ്ങള്‍ മുറിച്ചുമാറ്റുന്നതിനുമുമ്പ്‌ അവ നന്നായി വെള്ളം പുരട്ടി മുദൃവാക്കുക. നഖങ്ങള്‍ മുറിച്ചു മാറ്റുന്നതിന്‌ അതിനായി പ്രത്യേകം തയാര്‍ ചെയ്‌തിട്ടുള്ള `നഖംവെട്ടി' (Nail cutter) തന്നെ ഉപയോഗിക്കുകയാണ്‌ ഉത്തമം. മറ്റെന്തെങ്കിലും മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാല്‍ അതു നായയുടെ ശരീരത്തില്‍ മുറിവുണ്ടാക്കാനും നായ തിരിച്ചു പ്രതികരിക്കുവാനും ഇടയാക്കും.

നായ്‌ക്കള്‍ക്ക്‌ കാലിന്റെ പത്തിക്കു അല്‍പ്പം മുകളിലായി ഓരോ നഖങ്ങള്‍ (Due claws) വളര്‍ന്നു വരാറുണ്ട്‌. വളഞ്ഞു വളര്‍ന്നുവരുന്ന ഈ നഖങ്ങള്‍ നായയുടെ ശരീരത്തില്‍ തറച്ചു കയറി മുറിവുകള്‍ ഉണ്ടാവുക സാധാരണമാണ്‌. അതുകൊണ്ട്‌ ജനിച്ചു നാലഞ്ചു ദിവസത്തിനുള്ളില്‍തന്നെ അത്തരം നഖങ്ങള്‍ മുറിച്ചുമാറ്റുന്നതാണ്‌ നല്ലത്‌. പരുപരുത്തതറയില്‍ നടക്കുന്ന നായ്‌ക്കള്‍ക്ക്‌ നഖം വളര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറവാണെങ്കിലും വീടിനുള്ളില്‍ മിനുസ്സമുള്ള തറയില്‍ വളരുന്ന നായ്‌ക്കളിലാണ്‌ ഇത്തരം പ്രശ്‌നങ്ങള്‍ അധികമായി കാണുന്നത്‌.

പല്ലുകള്‍

നായയുടെ ആരോഗ്യമുള്ള പല്ലുകള്‍ വൃത്തിയുള്ളവയും ഭംഗിയുള്ളവയും ആയിരിക്കും. എന്നാല്‍ ശ്രദ്ധക്കുറവുകൊണ്ടു നായയുടെ പല്ലുകള്‍ വൃത്തിഹീനമാവും. ക്രമേണ ആരോഗ്യം ക്ഷയിച്ച്‌ നായയ്‌ക്ക്‌ വിവിധ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യും.

ജനിക്കുമ്പോള്‍ പല്ലുകള്‍ ഒന്നുംതന്നെയില്ലാത്ത കുട്ടികള്‍ക്കു ഒന്നുരണ്ടു മാസം കൊണ്ടു മുഴുവന്‍ പാല്‍പല്ലുകളും വന്നിരിക്കും. നായക്കുട്ടികളുടെ പല്ലുകള്‍ ഏതാണ്ട്‌ ആറുമാസത്തിനുള്ളില്‍ പൊഴിഞ്ഞുപോവുകയും അതേസ്ഥാനത്തുപകരം പുതിയ പല്ലുകള്‍ മുളച്ചു വരുകയും ചെയ്യും. പല്ലുകള്‍ പൊഴിഞ്ഞുപോയി പുതിയ പല്ലുകള്‍ വരുന്നതിനു തൊട്ടു മുന്‍പുള്ള അസ്വസ്ഥത കൊണ്ടാവാം നായ്‌ക്കുട്ടികള്‍ കല്ലുകടിച്ചു പൊട്ടിക്കുന്നതും, മറ്റു ഖരവസ്‌തുക്കളില്‍ കടിക്കുന്നതും. നായ്‌ക്കുട്ടികള്‍ കല്ലു കടിച്ചുതിന്നുന്നതു പലപ്പോഴും വിരയുടെ ലക്ഷണമായി പറയാറുണ്ടെങ്കിലും അത്‌ എപ്പോഴും ശരിയായിരിക്കണമെന്നില്ല.

മനുഷ്യരുടെ പല്ലുകള്‍ ഉണ്ടാകുന്നതുപോലെതന്നെ നായ്‌ക്കളുടെ പല്ലുകള്‍ക്കും അസുഖങ്ങള്‍ ഉണ്ടാകാറുണ്ട്‌. നായതാടിയില്‍ മാന്തുകയും കീഴ്‌ത്താടി നിലത്ത്‌ അമര്‍ത്തി കരയുകയും ചെയ്യുന്നത്‌ വായിലെ അസുഖങ്ങള്‍ മൂലമുള്ള അസ്വസ്ഥതകള്‍കൊണ്ടാണ്‌.
നായ്‌ക്കള്‍ ജന്മനാ മാംസഭുക്കുകള്‍ ആയതുകൊണ്ട്‌ അവയുടെ പല്ലില്‍ `ടാര്‍ടാര്‍' എന്നൊരു വസ്‌തു അടിഞ്ഞുകൂടാറുണ്ട്‌. ഒരു വെറ്ററിനറി ഡോക്‌ടറുടെ സഹായത്തോടെ അത്‌ നീക്കംചെയ്‌ത്‌ പല്ലുകള്‍ ഭംഗിയുള്ളതാക്കാം. എല്ലും വലിയ മാംസകഷണങ്ങളും കടിച്ചുകീറി തിന്നുന്ന നായ്‌ക്കളുടെ പല്ലുകള്‍ ഒരു പരിധിവരെ വൃത്തിയുള്ളതായിരിക്കും. ഇളകിയതും ക്ഷതം സംഭവിച്ചതുമായ പല്ലുകള്‍ ഒരു വെറ്ററിനറി ഡോക്‌ടരുടെ സഹായത്തോടെ പറിച്ചുമാറ്റണം.

കണ്ണുകള്‍ (Eyes)

വളരെ ശ്രദ്ധയോടും സൂക്ഷ്‌മതയോടും പരിചരിക്കേണ്ട നായയുടെ മറ്റൊരു പ്രധാന അവയവമാണ്‌ കണ്ണുകള്‍. നായ്‌ക്കുട്ടി ജനിച്ചു പതിനഞ്ചു ദിവസത്തിനുള്ളില്‍ കണ്ണുകള്‍ തുറക്കും. ഉന്മേഷമില്ലാത്ത ഉറക്കം തൂങ്ങിയ കണ്ണുകളുള്ള ഒരു നായ എത്ര നല്ല ജനുസ്സായാലും ഒട്ടും ആകര്‍ഷണീയമായിരിക്കില്ല.
കണ്ണുകളില്‍നിന്ന്‌ സ്രവങ്ങള്‍ (Discharges) ഉണ്ടാകുന്നതും തുടര്‍ച്ചയായി കണ്ണുകള്‍ അടച്ചുതുറക്കുന്നതും നായയുടെ അനാരോഗ്യത്തെയാണു കാണിക്കുന്നത്‌. ഇത്തരം അവസരങ്ങളില്‍ നായ്‌ക്കളുടെ കണ്ണുകള്‍ ദിവസവും മൂന്നു നാലുപ്രാവശ്യം തിളപ്പിച്ചാറിച്ച ബോറിക്‌ ലോഷനിലോ ഡോക്‌ടര്‍ നിര്‍ദ്ദേശിക്കുന്ന മറ്റ്‌ ഏതെങ്കിലും ലോഷനിലോ കഴുകുന്നതു നന്നായിരിക്കും.
കണ്ണിനോ, കണ്ണിനു ചുറ്റുമുള്ള സ്ഥലത്തോ മറ്റുള്ള നായ്‌ക്കളുടെ കടിമൂലമോ മറ്റോ മുറിവുണ്ടായാല്‍ എത്രയും വേഗം ഡോക്‌ടറുടെ വിദഗ്‌ധ ചികില്‍സ തേടണം.

നായയുടെ വായ കെട്ടുന്നവിധം

1. നായയുടെ ഉപദ്രവത്തില്‍നിന്നു രക്ഷനേടുന്നതിന്‌ അതിന്റെ വായ കെട്ടുന്നത്‌ എങ്ങനെ എന്ന്‌ അറിഞ്ഞിരിക്കുന്നതു നന്നായിരിക്കും.
2. നായയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ പലപ്പോഴും ഇത്തരം സാഹചര്യം ഉണ്ടാവാം.
3. ഉദാഹരണമായി വാക്‌സിനേഷന്‍ കൊടുക്കുമ്പോഴും അപകടത്തില്‍പെട്ടവയെ പരിചരിക്കുമ്പോഴും ഇത്‌ ആവശ്യമായിത്തീരും.
4. ഇത്തരം സന്ദര്‍ഭങ്ങളില്‍ നായയെ പരിചരിക്കുമ്പോള്‍ നിങ്ങളുടെ സഹായത്തിന്‌ അപരിചിതരുടെയും സാന്നിധ്യവും അനിവാര്യമായിത്തീരാറുണ്ട്‌.
5. അപ്പോള്‍ ഒരു മുന്‍കരുതലെന്ന നിലയില്‍ നായയുടെ വായ കെട്ടുന്നതാണ്‌ നല്ലത്‌.
6. ഇന്നു വിപണിയില്‍ ലഭിക്കുന്ന മൗത്ത്‌ഗാര്‍ഡുകള്‍ നായയുടെ വായ കെട്ടുന്നതിനു പൊതുവെ ഉപകരിക്കാമെങ്കിലും ചില അടിയന്തിരഘട്ടങ്ങളില്‍ ഇവ പറ്റിയെന്നു വരില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ബലവും നല്ല നീളവുമുള്ള ഒരു ചരടു തന്നെയാണ്‌ ഉത്തമം. ചരടിന്റെ മധ്യഭാഗത്തായി നായയുടെ കീഴ്‌ത്താടിയും മേല്‍ത്താടിയും കടക്കത്തക്കവിധം ചരടില്‍തന്നെ ഒരു വളയവും അതില്‍ ഒരു കുടുക്കും ഉണ്ടാക്കുക. നായയുടെ മുഖം വളയത്തില്‍ കടത്തി കെട്ടു കീഴ്‌ത്താടിയുടെ അടിവശത്തായി വരത്തക്കവിധം വലിച്ചുമുറുക്കുക. ചരടിന്റെ രണ്ടറ്റവും പിന്നിലേക്ക്‌ എടുത്തു ചെവിയുടെ പുറകിലായി ബലത്തില്‍ കെട്ടിയിടാം. നായ്‌ക്കളുടെ കടിയില്‍നിന്നുള്ള രക്ഷയ്‌ക്ക്‌ വായ്‌ കെട്ടിയാലും, കൈകാലുകള്‍ ബലമായി കൂട്ടിപ്പിടിച്ചാവണം അവയെ കൈകാര്യം ചെയ്യാന്‍. അല്ലാത്തപക്ഷം നായ മാന്തി ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കാം. വായിലേക്കു മരുന്നു നേരിട്ടു കൊടുക്കാന്‍ പ്രയാസമുണ്ടെങ്കില്‍ കെട്ടിയ വായയുടെ വശങ്ങളിലൂടെ മരുന്ന്‌ ഒഴിച്ചുകൊടുത്തു തൊണ്ടയില്‍ പതിയെ തടവിയാല്‍ നായ്‌ തനിയെ മരുന്ന്‌ ഇറക്കിക്കൊള്ളും.

മരുന്നുകൊടുക്കുന്നവിധം

അസുഖം വരുമ്പോഴും, തനിയെ മരുന്നു കഴിക്കാന്‍ പറ്റാത്ത പ്രായമായ അവസ്ഥയിലും നായയ്‌ക്ക്‌ എങ്ങനെ മരുന്നു കൊടുക്കാമെന്ന്‌ അറിഞ്ഞിരിക്കേണ്ടതുണ്ട്‌. നായ കുട്ടിയായിരിക്കുമ്പോള്‍തന്നെ വായില്‍ ഗുളികളും ദ്രവരൂപത്തിലുള്ള മരുന്നുകളും ഒഴിച്ചുകൊടുത്തു ശീലിപ്പിക്കുന്നതു നന്നായിരിക്കും.
മരുന്നുകൊടുക്കുന്നതിനു മുന്‍പായി നായ്‌ക്കുട്ടിയുടെ വായില്‍ ഏതെങ്കിലും മധുരമുള്ള ആഹാരസാധനങ്ങള്‍വെച്ചു കൊടുക്കണം. അതിനുശേഷം സാവാധാനത്തില്‍ നായയുടെ കീഴ്‌ത്താടി ഇടതുക്കൊണ്ട്‌ അല്‍പം അകത്തി ആഹാരസാധനം വലതുകൈകൊണ്ടു നായയുടെ വായില്‍വെച്ചു ചൂണ്ടുവിരല്‍കൊണ്ട്‌ അകത്തേക്കു തള്ളുക. ഇങ്ങനെ പലതവണ ആവര്‍ത്തിക്കുമ്പോള്‍ നിര്‍ബന്ധം കൂടാതെതന്നെ നായ അതിനു തയാറായിക്കൊള്ളും. അതിനുശേഷം ആദ്യം ആഹാരസാധനവും പിന്നീടു മരുന്നും, വീണ്ടും ആഹാരസാധനവും കൊടുക്കുക. ശീലിച്ചു കഴിഞ്ഞാല്‍ മരുന്നു കൊടുക്കുന്നതിനുമുമ്പ്‌ ആഹാരസാധനങ്ങള്‍ നായയ്‌ക്ക്‌ നിര്‍ബന്ധമുള്ള കാര്യമല്ലാതായി മാറും.

നായ്‌ക്കുട്ടിയെ എടുക്കുന്നവിധം

നായ്‌ക്കുട്ടികളോടു ചെയ്യുന്ന പൊറുക്കാനാവാത്ത ദ്രോഹമാണ്‌ അവയെ നിലത്തുനിന്നും കൈകളില്‍ ഉയര്‍ത്തുന്ന വിവിധരീതികള്‍. നായ്‌ക്കുട്ടിയെ കാലിലോ, വാലിലോ ചെവിയിലോ പിടിച്ച്‌ ഉയര്‍ത്തുന്നതും, കഴുത്തിലെ തൊലിയില്‍ പിടിച്ച്‌ ഉയര്‍ത്തുന്നതും തെറ്റായ രീതികള്‍ തന്നെയാണ്‌. ശരീരഭാരം മുഴുവന്‍ കൈകളില്‍ വരത്തക്കവിധം നായ്‌ക്കുട്ടിയുടെ ഉദരത്തിനടിയിലൂടെ കൈപ്പത്തി കടത്തി, അതു മറിഞ്ഞു വീഴത്തവിധം ശരീരത്തോട്‌ ചേര്‍ത്തുതന്നെ പിടിച്ചുവേണം നായ്‌ക്കുട്ടിയെ കൈയില്‍ എടുക്കാന്‍.

പ്രതിരോധകുത്തിവയ്‌പുകള്‍

നായയുടെ പരിചരണത്തില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്‌ അവയ്‌ക്കുള്ള പ്രതിരോധകുത്തിവയ്‌പുകള്‍ കൃത്യമായി നല്‍കുകയെന്നത്‌. നായ്‌കള്‍ക്ക്‌ പിടിപെടാവുന്ന അനവധി രോഗങ്ങളും നായയില്‍നിന്നു മനുഷ്യരിലേക്കു സംക്രമിക്കുന്ന അസഖ്യം രോഗങ്ങളും ഉള്ളതുകൊണ്ടു കുത്തിവയ്‌പുകള്‍ കൃത്യസമയത്തുതന്നെ എടുക്കാന്‍ ശ്രദ്ധിക്കണം. പ്രതിരോധ കുത്തിവയ്‌പുകള്‍ക്കുമുമ്പായി നായയുടെ വിരയിളക്കേണ്ടത്‌ ആവശ്യമാണ്‌. രോഗാവസ്ഥയില്‍ കഴിയുന്ന നായയെ രോഗം ഭേദമായതിനുശേഷം പ്രതിരോധ കുത്തിവയ്‌പുകള്‍ എടുത്താല്‍ മതിയാകും.

കഴുത്തില്‍ തുടല്‍ ഇടുന്ന രീതി

നല്ല രീതിയില്‍ പരിശീലനം സിദ്ധിച്ച ഒരു നായയെ ചങ്ങലയില്‍ ബന്ധിക്കേണ്ട കാര്യമില്ല. ഇവയ്‌ക്ക്‌ കഴുത്തില്‍ ഒരു കണ്‍ട്രോളിങ്‌ ചെയിന്‍ ആണ്‌ നന്ന്‌. കണ്‍ട്രോളിങ്‌ ചെയിനില്‍ ലീഷ്‌ ഘടിപ്പിച്ചു നായയെ ഇഷ്‌ടാനുസരണം നിയന്ത്രിക്കാവുന്നതാണ്‌. ലീഷില്‍ വലിച്ചാല്‍ കഴുത്തില്‍ ചെയിന്‍ മുറുകുന്നതുകൊണ്ടു നായയുടെ ചലനങ്ങള്‍ നിയന്ത്രിക്കപ്പെടുന്നു. വലിവ്‌ അയയുമ്പോള്‍ നായ വീണ്ടും പ്രവര്‍ത്തന നിരതനാവുകയും ചെയ്യും.

അഞ്ചുമാസത്തിനുശേഷം മാത്രമേ ചെയിനുകള്‍ സ്ഥിരമായി ഉപയോഗിക്കാവൂ. കഴുത്തില്‍ ചെയിനോ, ബല്‍റ്റോ ആദ്യമായി ഇടേണ്ടിവരുന്ന ഒരു നായ്‌ക്കുട്ടി അകാരണമായി ഭയപ്പെടുകയും നിഷേധാര്‍ത്ഥത്തില്‍ പെരുമാറുകയും ചെയ്യാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ നായ്‌ക്കുട്ടിയെ തല്ലാനോ വഴക്കുപറയാനോ മുതിരരുത്‌. കഴുത്തില്‍ `ചെയിന്‍' ബന്ധിച്ചിട്ട്‌ അല്‍പ്പസമയം നായ്‌ക്കുട്ടിയെ സ്വന്ത്രമായി വിടുക. അതിനുശേഷം തുടലില്‍ പിടിച്ചുകൊണ്ട്‌ കുറേദൂരം അതിന്റെ ഇഷ്‌ടത്തിനു നടക്കാന്‍ അനുവദിക്കുക. ഇതിനിടിയില്‍ നായ്‌ക്കുട്ടിക്ക്‌ ഇഷ്‌ടമുള്ള ഏതെങ്കിലും ആഹാരം കൊടുക്കാനും മറക്കരുത്‌. ഇത്തരത്തില്‍ പല ദിവസം ആവര്‍ത്തിക്കുമ്പോള്‍ കഴുത്തില്‍ കിടക്കുന്ന തുടലിനോടുള്ള ഭയം മാറുകയും നായ്‌ക്കുട്ടി ശാന്തനായിത്തീരുകയും ചെയ്യും.
കൂടിനുള്ളില്‍ വളര്‍ത്തുന്ന നായ്‌ക്കളെ പുറത്തു കൊണ്ടുപോകുമ്പോള്‍ ചോക്ക്‌ ചെയിനും, ലീഷും ഉപയോഗിക്കുന്നതാണു നല്ലത്‌. ഇവ വാങ്ങുമ്പോള്‍ ഗുണനിലവാരത്തിനു വിലയേക്കാള്‍ മുന്‍ഗണന നല്‍കുക.

ചില നായ്‌ക്കുട്ടികള്‍ക്കു എത്ര പോഷകസമ്പുഷ്‌ടമായ ആഹാരം കൊടുത്താലും വളര്‍ച്ച മുരടിച്ചു അലസനായി ഏതെങ്കിലും ഒരു മൂലയില്‍ കിടക്കുന്നതു കാണാം. അവയുടെ ഉദരത്തില്‍ വളര്‍ന്നു പെരുകിയിട്ടുള്ള വിരകളായിരിക്കാം ഒരു പക്ഷേ, അതിനു കാരണം. ശരീരം മെലിയുക, വൃത്തികെട്ട സാധനങ്ങള്‍ തിന്നുവാനുള്ള പ്രവണത കാണിക്കുക, രോമം എഴുന്നുനില്‍ക്കുക, ആവശ്യത്തിലധികം വെള്ളം കുടിക്കുക, പരവേശം കാണിക്കുക, ഭക്ഷണത്തിനുശേഷം വയര്‍ രണ്ടുവശങ്ങളിലേക്കും ചാടിക്കിടക്കുക, ഭക്ഷണത്തോടു മടികാണിക്കുക ഇവയെല്ലാം വിരയുള്ളതിന്റെ ലക്ഷണങ്ങളാണ്‌. നായ്‌ക്കളില്‍ ഉണ്ടാകുന്ന ചില വിരകള്‍ മനുഷ്യര്‍ക്കും രോഗങ്ങള്‍ ഉണ്ടാക്കുന്നവയാണ്‌. അതുകൊണ്ടു കുട്ടികള്‍ നായ്‌ക്കളെ കൈകാര്യം ചെയ്യുന്നതു നിരുല്‍സാഹപ്പെടുത്തേണ്ടതാണ്‌.

നായ്‌ക്കളിലെ വിരകള്‍

നായ്‌ക്കളുടെ ഉദരത്തില്‍ കുടിയേറി അവയ്‌ക്ക്‌ അപകടം വരുത്തിവ്‌ക്കുന്ന ചിലയിനം വിരകളെക്കുറിച്ചു താഴെ പ്രതിപാദിക്കുന്നു.

ഹുക്ക്‌ വേം (കൊക്കപ്പുഴു)

കുടലില്‍ പറ്റിപ്പിടിച്ചുകിടക്കുന്ന നായ്‌ക്കുട്ടികളുടെ ശരീരത്തിലുള്ള രക്തം ആഹാരമാക്കി ജീവിക്കുന്നു. തീരെ ചെറിയ നായ്‌ക്കുഞ്ഞുങ്ങളിലും ഹുക്ക്‌ വേമിനെ കാണാന്‍ സാധിക്കും. മണ്ണില്‍നിന്നും, തിന്നുന്ന അഴുക്കു സാധനങ്ങളില്‍നിന്നും ഹുക്ക്‌വേം ഉള്ളില്‍ കടക്കുന്നു. ഹുക്കുവേം ബാധിച്ച നായ്‌ക്കള്‍ക്കു ഇടയ്‌ക്കിടെ ഛര്‍ദ്ദി ഉണ്ടാകുന്നു: രക്തത്തിന്റെ കുറവുമൂലം അവയുടെ മോണ വിളറിയിരിക്കുന്നതായി കാണാം. അയഞ്ഞു പോവുന്ന മലത്തില്‍ രക്തമയവും കാണുന്നു.

വിപ്പ്‌ വേം

പിറന്ന്‌ ആറുമാസത്തിനും രണ്ടുവയസ്സിനും ഇടയിലാണു നായ്‌ക്കുട്ടികളില്‍ സാധാരണ വിപ്പ്‌വേം കാണുക. ഇവ നായ്‌ക്കുട്ടികളുടെ വന്‍കുടലില്‍നിന്ന്‌ ആഹാരം സ്വീകരിച്ച്‌ അവിടെ കഴിയുന്നു. മറ്റു നായ്‌ക്കളുടെ മലം അകത്താകുന്നതിലൂടെയാണ്‌ വിപ്പ്‌ വേമിന്റെ ലാര്‍വ്വ ഉദരത്തില്‍ എത്തുന്നത്‌. ഈ വിരകള്‍മൂലം നായയുടെ ശരീരത്തിലെ രക്തം നഷ്‌ടപ്പെട്ട്‌, ഭാരം കുറഞ്ഞ്‌, നായ മെലിയുന്നു. ഈ വിര അധികം ഉള്ളപ്പോള്‍ ദുര്‍ഗന്ധമുള്ള അയഞ്ഞ മലമാണ്‌ ഉണ്ടാകുന്നത്‌.

ടേപ്പ്‌ വേം (നാടവിര)

ചെള്ളില്‍ക്കൂടിയും അത്തരം മറ്റു ജീവികളിലൂടെയുമാണ്‌ നാടവിരയുടെ ലാര്‍വ്വ നായ്‌ക്കുട്ടിയുടെ അകത്തുക്കുന്നത്‌. ഇവ ബാധിച്ചാല്‍ ശരീരം മെലിയുകയും മലം അയഞ്ഞുതാവുകയും ചെയ്യും. പരന്ന അരിമണിയുടെ രൂപത്തില്‍ ക്രീം നിറത്തിലോ ബ്രൗണ്‍ നിറത്തിലോ ഉള്ള നാടവിരയുടെ തുണ്ടുകള്‍ മലത്തില്‍ കാണാന്‍ കഴിയും

ഹാര്‍ട്ട്‌ വേം (Micro Phyleria)

കൊതുകില്‍നിന്നു ഹാര്‍ട്ട്‌ വേം ലാര്‍വ്വ നായയുടെ ഉള്ളില്‍ ചെല്ലുന്നു. തുടര്‍ച്ചയായി ചുമയ്‌ക്കുക, ക്ഷീണം കാണിക്കുക, ശ്വാസോഛ്വാസത്തില്‍ ആഞ്ഞു വലിക്കേണ്ടിവരുക ഇവ ഹാര്‍ട്ട്‌ വേം ബാധിച്ചതിന്റെ ലക്ഷണങ്ങളാണ്‌. പലപ്പോഴും അവസാന സമയത്താവും ഇതു പ്രകടമാകുക. അതുകൊണ്ട്‌ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ഒരു വിദഗ്‌ധ ഡോക്‌ടറുടെ സഹായം തേടണം.

വെസ്സല്‍ വേം

നായ്‌ക്കളില്‍ സാധാരണ കാണുന്ന ഒരിനം വിരകളാണ്‌ വെസ്സല്‍ വേം. ഭാരം കുറയുക, മലത്തില്‍ രക്തമയം കാണുക, ആഹാരത്തോടു വിരക്തി ഉണ്ടാകുക ഇവയാണ്‌ രോഗലക്ഷണങ്ങള്‍. വെസ്സല്‍ വേം ബാധിച്ച നായയുടെ ശരീരത്തില്‍ മുറിവുണ്ടായാല്‍ രക്തം ക്ലോട്ടു ചെയ്യുവാന്‍ താമസമുണ്ടാകുകയും ഹൃദയത്തെയും ശ്വാസകോശത്തെയും തമ്മില്‍ ബന്ധിക്കുന്ന രക്തക്കുഴല്‍ തകരുകയും ചെയ്യുന്നു. മലപരിശോധനയിലൂടെ ഇവയുടെ ലാര്‍വ്വയെ കണ്ടെത്തി ശരിയായ ചികില്‍സനടത്തുകയാണ്‌ ഈ വിരയെ നിയന്ത്രിക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗം.

കിഡ്‌നി വേം

കിഡ്‌നി വിര ബാധിച്ച നായ മൂത്രവിസര്‍ജ്ജനം നടത്തുമ്പോള്‍ വേദനകൊണ്ടു പുളയുന്നതുകാണാം. വിരബാധയുള്ളപ്പോള്‍ മൂത്രത്തിനു രക്തവര്‍ണ്ണമായിരിക്കും. ഛര്‍ദ്ദി, വയറ്റില്‍ വേദന, ആഹാരത്തോടുള്ള മടി ഇവയാണു രോഗലക്ഷണങ്ങള്‍. മരുന്നു കഴിക്കുമ്പോള്‍ മൂത്രത്തിനുണ്ടാവുന്ന നിറവ്യത്യാസം ഈ വിരബാധയാണെന്ന്‌ തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്‌. മൂത്രം പരിശോധിച്ച്‌ ഇവയുടെ ലാര്‍വ്വയെ കണ്ടെത്താനാകും.

ത്രഡ്‌ വേം (കൃമി)

ഉന്മേഷം കുറയുക, മലത്തോടൊപ്പം രക്തമയം കാണുക, രക്തം നഷ്‌ടപ്പെട്ട്‌ വിളറിയിരിക്കുക, ശരീരത്തിന്റെ ഭാരം കുറയുക ഇവ വിരബാധയുടെ ലക്ഷണങ്ങളാണ്‌. മലം പരിശോധിക്കുന്നതിലൂടെ ഇതിന്റെ ലാര്‍വായെ കണ്ടെത്തി ചികില്‍സ നടത്താം.

റൗണ്ട്‌ വേം

നായ്‌ക്കളുടെ ഉദരത്തില്‍ കുടിയേറി രക്തമാഹാരമാക്കി ജീവിക്കുന്നു. മലംപരിശോധിക്കുന്നതിലൂടെ ഇതിന്റെ ലാര്‍വ്വായെ കണ്ടെത്തി ചികില്‍സ നടത്താം.
നായയുടെ ഉദരത്തില്‍ ഏതുതരം വിരയാണുള്ളതെന്നു മലവും രക്തവും പരിശോധിക്കുന്നതിലൂടെ കണ്ടെത്താന്‍ സാധിക്കും. എന്നാല്‍ വിപ്പ്‌ വേമിനെയും ടേപ്പ്‌ വേമിനെയും മലപരിശോധനയിലൂടെ കണ്ടെത്തുക പ്രയാസമാണ്‌. ഹാര്‍ട്ട്‌ വേമിനെ രക്തം പരിശോധനയിലൂടെയോ എക്‌സറേ ഉപയോഗിച്ചോ കണ്ടുപിടിക്കാം. വിര ഏതിനമാണെന്ന്‌ കണ്ടെത്തി മരുന്നുകൊടുക്കുകയാണ്‌ ഏറ്റവും നല്ല രീതി.

അവസാനം പരിഷ്കരിച്ചത് : 6/6/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate