Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / മൃഗ സംരക്ഷണം / വളര്‍ത്തുമൃഗങ്ങളും കോഴി വളര്‍ത്തലും / ആട് / ആടു വളർത്തൽ / ആട് വളര്‍ത്തല്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആട് വളര്‍ത്തല്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

ആമുഖം

ആട് പാവപ്പെട്ടവന്‍റെ പശു എന്നാണ് അറിയപ്പെടുന്നത്. ആട്ടിറച്ചിയുടെ ഉയര്‍ന്ന വില, പാലിന്‍റെ ഉയര്‍ന്ന പോഷകഗുണം, ചെറിയ മുതല്‍മുടക്ക്, ഉയര്‍ന്ന ഉത്പാദനക്ഷമത തുടങ്ങിയ ഒരുപാട് അനുകൂല ഘടകങ്ങള്‍ ആട് വളര്‍ത്തലിനുണ്ട്. ഇന്ത്യയില്‍ തന്നെ പേരുകേട്ട മലബാറി ഇനം നമ്മുടെ സ്വന്തമാണ്.

കൂടുനിര്‍മ്മാണം

ആടുകളുടെ സുരക്ഷിതത്വവും നല്ല വായുസഞ്ചാരവും മാത്രമാണ് അവശ്യഘടകങ്ങള്‍. ചൂടും സ്ഥലക്കുറവും അതിജീവിക്കാന്‍ ആടുകള്‍ക്ക് നിഷ്പ്രയാസം കഴിയും. രാത്രികാലങ്ങളില്‍ മാത്രം ആടുകളെ കൂട്ടിലാക്കുന്ന രീതിയാണെങ്കില്‍ ഒരാടിന് 10 ചതുരശ്ര അടിയും മുഴുവന്‍ സമയവും കൂട്ടില്‍ നിര്‍ത്തുന്നവയ്ക്ക് ഒന്നിന് 15 ചതുരശ്ര അടിയുമാണ് സ്ഥലം വേണ്ടത്. നിലത്തുനിന്നും നാലടി പൊക്കത്തില്‍ പൊങ്ങി നില്‍ക്കുന്ന രീതിയിലാണ് തറ പണിയേണ്ടത്.

തറ നിര്‍മിക്കാന്‍ വേണ്ട മുള, പനമ്പട്ട, മരം എന്നിവയ്ക്ക് പകരമായി ഫെറോസിമന്‍റ് സ്ലാബുകളും കട്ടികൂടിയ പിവിസി സ്ലാബുകളും ഉപയോഗിക്കാം. ഇവ ആദായകരവും കൂടുതല്‍ കാലം ഈടുനില്‍ക്കുന്നവയുമാണ്. വശങ്ങളില്‍ കമ്പിവലയും മേല്‍ക്കൂരയില്‍ ടിന്‍ ഷീറ്റും ഉപയോഗിക്കാം. ഓലമേഞ്ഞ് പ്ലാസ്റ്റിക്‌ ഷീറ്റ് കൊണ്ട് പൊതിഞ്ഞും ഉപയോഗിക്കാം. വെള്ളം കുടിക്കാന്‍ വശങ്ങളില്‍ ഉറപ്പിച്ച പിവിസി ഡ്രെയിനേജ് പൈപ്പുകളും തീറ്റപ്പാത്രങ്ങളായി ടയറുകളില്‍ ഇറക്കിവെച്ച പ്ലാസ്റ്റിക്‌ ബേസിനുകളും മതി. തീറ്റപ്പുല്ല് അരിഞ്ഞിട്ട് കൊടുക്കാനായി രണ്ടിഞ്ച് കമ്പിവല വളച്ചുകെട്ടി കൂടപോലെയാക്കി കൂടിനുള്ളില്‍ സജ്ജീകരിക്കണം. കൂടിന്‍റെ ഉള്ളിലെ അറകളുടെ വാതിലുകളും ഇടനാഴിയും ഒരേ വീതിയിലായാല്‍ വാതിലുകള്‍ പുറത്തേക്ക് തുറന്നുവച്ചു ഇടനാഴി ആവശ്യാനുസരണം ബ്ലോക്ക് ചെയ്യാന്‍ കഴിയും.

ആടുകളെ തെരഞ്ഞെടുക്കുമ്പോള്‍

 • ആട്ടിന്‍കുട്ടികളുടെ വില്‍പ്പനയാണ് പ്രധാന വരുമാനമാര്‍ഗ്ഗമായി ഉദ്ദേശിക്കുന്നതെങ്കില്‍ മലബാറി ആടുകളെ മാത്രം തിരഞ്ഞെടുക്കുക. മാംസാവശ്യത്തിനുള്ള വില്‍പ്പന കൂടി ഉദ്ദേശിച്ചാണെങ്കില്‍ മലബാറി പെണ്ണാടുകളെ ജമ്നാപ്യാരി മുട്ടനാടുകളുമായി ഇണചേര്‍ക്കുക. ഒന്നാം തലമുറയിലെ വളര്‍ച്ചാനിരക്കില്‍ ഇവയെ വെല്ലാന്‍ മറ്റൊരിനമില്ല. മറ്റ് ഉത്തരേന്ത്യന്‍ ഇനങ്ങളെ വളര്‍ത്തുന്നതിന്‍റെ ലാഭം അവയുടെ ഒറ്റക്കുഞ്ഞുങ്ങളെ മോഹവിലയ്ക്ക് വിപണനം ചെയ്യാന്‍ നിങ്ങള്‍ക്കുള്ള കഴിവിനേക്കൂടി ആശ്രയിച്ചിരിക്കുന്നു.
 • പെണ്ണാടുകളെയാണ് വാങ്ങുന്നതെങ്കില്‍ 12 മുതല്‍ 14 മാസംവരെ പ്രായമുള്ള ആരോഗ്യമുള്ളവയെ മാത്രം തിരഞ്ഞെടുക്കുക. പിറകിലെ നട്ടെല്ലുകളുടെ വശങ്ങള്‍ കൊഴുത്ത് ഉരുണ്ടിരിക്കുക, വാലിന്‍റെ കടഭാഗം രണ്ടുവശവും നികന്നിരിക്കുക, ഇടുപ്പിലെ മാംസപേശികള്‍ മാംസളമായിരിക്കുക, വാല് താഴ്ന്നു കിടക്കാതിരിക്കുക എന്നിവയാണ് ആരോഗ്യത്തിന്‍റെ ബാഹ്യലക്ഷണങ്ങള്‍. കീഴ്ത്താടിയിലെ മുന്‍വശത്തെ പല്ലുകളില്‍ നടുക്കുള്ള നാലെണ്ണം മാത്രം വലുതും മഞ്ഞനിറമുള്ളതും ആകുന്ന പ്രായം വരെയുള്ളവയെ വാങ്ങണം. ശരീരത്തിന്‍റെ പുറകുവശത്തൊഴികെ മറ്റുഭാഗങ്ങളില്‍ രോമം വളരെ നീണ്ടുവളര്‍ന്ന ആടുകളെ ഒഴിവാക്കണം.
 • ആട്ടിന്‍കുട്ടികളെയാണ് വാങ്ങുന്നതെങ്കില്‍ 3 മുതല്‍ 4 മാസംവരെ പ്രായമുള്ളവയില്‍ ഏറ്റവും വളര്‍ച്ചാനിരക്കുള്ള പെണ്ണാട്ടിന്‍കുട്ടികളെ മാത്രം തെരഞ്ഞെടുക്കുക.
 • ചന്തകളില്‍നിന്നോ ആടുഫാമുകളില്‍നിന്നോ മൊത്തമായി കുഞ്ഞുങ്ങളെ വാങ്ങുന്നത് ഒഴിവാക്കണം. നല്ല ഒരു മാതൃശേഖരമാണ് നമ്മുടെ സംരംഭത്തിന്‍റെ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത് എന്ന കാര്യം മനസ്സില്‍വെച്ച് ബുദ്ധിമുട്ടി അലഞ്ഞു നടക്കേണ്ടിവന്നാലും വീടുകളിലും നിരവധി ഫാമുകളിലും നേരിട്ട് പോയി നല്ലവയെ മാത്രം തിരഞ്ഞെടുക്കുക. വില അല്‍പ്പം കൂടുതല്‍ കൊടുക്കേണ്ടി വന്നാലും സാരമില്ല.
 • രക്തബന്ധമുള്ള മുട്ടനാടുകളും പെണ്ണാടുകളും തമ്മില്‍ ഇണചേര്‍ന്നുണ്ടാകുന്ന കുഞ്ഞുങ്ങള്‍ വളര്‍ച്ചാനിരക്കിലും രോഗപ്രതിരോധശക്തിയിലും മോശമായിരിക്കും. അതിനാല്‍ മുട്ടനാടുകളെ വെവ്വേറെ സ്ഥലങ്ങളില്‍നിന്നുമാത്രം തെരഞ്ഞെടുക്കുക.

ആടുകളുടെ തീറ്റയും തീറ്റക്രമവും

ആടുഫാമുകളിലെ പ്രധാന ചെലവിനം തീറ്റയാണ്. ആടുകളുടെ ദഹനേന്ദ്രിയങ്ങളുടെ നീളം താരതമ്യേന കുറവായതിനാല്‍ നാരിന്‍റെ അംശം കൂടുതലുള്ള മൂത്തപുല്ലുകള്‍ ദഹിപ്പിക്കാന്‍ കഴിയില്ല. അതേസമയം ഉണങ്ങിയ പയറുവര്‍ഗ്ഗങ്ങളുടെയും പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളുടെയും ഇലകള്‍ നല്ലതാണ്. അതുകൊണ്ട് സി.ഒ. 3 പോലുള്ള തീറ്റപ്പുല്ലുകള്‍ 30 ദിവസത്തില്‍ കൂടുതല്‍ മൂപ്പെത്താന്‍ അനുവദിക്കാതെ മുറിച്ചുകൊടുക്കണം. തീറ്റപ്പുല്ല് താരതമ്യേന വൈകുന്നേരങ്ങളില്‍ നല്‍കുന്നതാണ് നല്ലത്. പാലുല്‍പ്പാദനം പ്രധാന ലക്ഷ്യമല്ലാത്തതിനാല്‍ കറവപ്പശുക്കള്‍ക്ക് നല്‍കുന്നതുപോലെയുള്ള ഊര്‍ജ്ജം കൂടിയ തീറ്റകള്‍ ആടുകള്‍ക്ക് ആവശ്യമില്ല. കാലിത്തീറ്റ തുടര്‍ച്ചയായി നല്‍കുന്നത് നിരവധി ആടുകളില്‍ വിട്ടുമാറാത്ത വയറിളക്കത്തിന് കാരണമാകുന്നതായി കണ്ടിട്ടുണ്ട്. സ്വന്തമായി തീറ്റ തയ്യാറാക്കാന്‍ സന്നദ്ധതയുള്ളവര്‍ പിണ്ണാക്ക്, തവിട്, അരി/കൊള്ളിപ്പൊടി (കപ്പ/മരച്ചീനി) എന്നിവ സമം ചേര്‍ത്ത് ഉണ്ടാക്കുന്ന തീറ്റ 200 മുതല്‍ 250 ഗ്രാം വരെ ഒരു ദിവസം നല്‍കിയാല്‍ മതി. തീറ്റയില്‍ നാരിന്‍റെയും മാംസ്യത്തിന്‍റെയും അനുപാതം വ്യത്യാസപ്പെടുന്നതനുസരിച്ച്  ഭക്ഷണം സ്വയം ക്രമീകരിക്കാന്‍ കഴിവുള്ള ഒരേയൊരു വളര്‍ത്തുമൃഗമാണ്‌ ആട്. അതിനാല്‍ നാം നല്‍കുന്ന തീറ്റകളില്‍ തീറ്റപ്പുല്ലോ പ്ലാവിലയോ സാന്ദ്രീകൃത തീറ്റയോ എതെങ്കിലുമൊന്നു മാത്രം ബാക്കിവയ്ക്കുന്നത് തീറ്റ അസന്തുലിതമായതുകൊണ്ടാണെന്ന് തിരിച്ചറിയണം.

പ്രസവിച്ച് മുലയൂട്ടുന്ന ആടുകള്‍ക്കും വളരുന്ന കുട്ടികള്‍ക്കുമാണ് സമീകൃതാഹാരം അത്യാവശ്യം. മുട്ടനാടുകള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവയ്ക്ക് പ്രതിദിനം 3 കിലോ പച്ചപ്പുല്ലും 100-125 ഗ്രാം തീറ്റയും മതി. ആവശ്യത്തില്‍ കവിഞ്ഞ് ഭക്ഷണം നല്‍കുന്നതാണ് ആവശ്യത്തിന് ഭക്ഷണം നല്‍കാത്തതിനേക്കാള് അപകടം. ഭക്ഷണസമയത്ത് മത്സരം ഉണ്ടാകാതിരിക്കാന്‍ തീറ്റപ്പാത്രങ്ങള്‍ ആവശ്യത്തിന് എണ്ണം ഉണ്ടാകണം. ഒട്ടകം കഴിഞ്ഞാല്‍ വെള്ളം ഏറ്റവും മിതമായി ഉപയോഗിക്കുന്ന മൃഗമാണ്‌ ആട്. എന്നിരുന്നാലും ആട്ടിന്‍കൂടിനുള്ളില്‍ വശങ്ങളിലെ പാത്രത്തില്‍ എപ്പോഴും വെള്ളം നിറച്ചുവയ്ക്കണം.

ആട്ടിന്‍കുഞ്ഞുങ്ങളുടെ മരണനിരക്ക്

ആടുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ നഷ്ടത്തിലാകുന്നതിന്‍റെ പ്രധാനകാരണങ്ങളിലൊന്നു ആട്ടിന്‍കുഞ്ഞുങ്ങളുടെ മരണനിരക്കാണ്. ആടുവളര്‍ത്തല്‍ ആദായകരമാകണമെങ്കില്‍ പിറക്കുന്നതില്‍ കുറഞ്ഞത് 85 ശതമാനം ആട്ടിന്‍കുട്ടികളെയെങ്കിലും നമുക്ക് വളര്‍ത്തിയെടുക്കാന്‍ സാധിക്കണം. എന്നാല്‍ ഭൂരിഭാഗം ഫാമുകളിലും ഇത് 60 ശതമാനത്തിനും താഴെയാണ്. പിറന്നുവീഴുന്ന ആട്ടിന്‍കുട്ടികളില്‍ പകുതിയോളം ഒരു മാസത്തിനുള്ളില്‍ ചത്തുപോകുന്നു. മെച്ചപ്പെട്ട പരിപാലനരീതികള്‍ മാത്രമാണ് ഇതിനൊരു പോംവഴി.

ജനിച്ച് അരമണിക്കൂറിനുള്ളില്‍ ആട്ടിന്‍കുട്ടിയെ കന്നിപ്പാല്‍ കുടിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ആവശ്യമെങ്കില്‍ തള്ളയാടിനെ പിടിച്ചുനിര്‍ത്തി കുട്ടിയെ താങ്ങിപ്പിടിച്ചുതന്നെ ഇത് നടപ്പിലാക്കണം. ഒന്നാം ദിവസം അകത്തുചെല്ലുന്ന കന്നിപ്പാല്‍ മാത്രമാണ് ആട്ടിന്‍കുട്ടിക്ക് ഫലപ്രദമായ രോഗപ്രതിരോധശക്തി പ്രദാനം ചെയ്യുന്നത്. അതില്‍ത്തന്നെ ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ കുടിക്കുന്ന പാലാണ് ഏറ്റവും പ്രധാനം. തനിച്ചു വിടുകയാണെങ്കില്‍ മിക്ക ആട്ടിന്‍കുട്ടികളും ജനിച്ച് ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞുമാത്രമേ പാല്‍ കുടിക്കൂ. തന്നെയുമല്ല ഒരു ദിവസം പരമാവധി 150 മുതല്‍ 200 മില്ലിവരെ പാലേ അവ തനിയെ അകത്താക്കുകയുള്ളൂ.

എന്നാല്‍ 300 മുതല്‍ 350 മില്ലി വരെ കന്നിപ്പാല്‍ അവയ്ക്ക് ദഹിപ്പിക്കാനാവും. എത്ര പാല്‍ ആദ്യദിവസം ഉള്ളില്‍ച്ചെല്ലുന്നോ അത്രയും നല്ലതാണ്. അതിനാല്‍ ആടുകള്‍ പ്രസവിക്കുന്ന ദിവസം കുഞ്ഞുങ്ങളെ പരമാവധി പാല്‍ ഇടവിട്ട്‌ കുടിപ്പിക്കുകയോ കറന്നുകൊടുക്കുകയോ ചെയ്യണം. പാത്രത്തില്‍ കറന്നുവച്ച പാല്‍ ഒരു സിറിഞ്ചിലെടുത്ത് വായുടെ വശങ്ങളിലൂടെ അകത്തേക്ക് സാവധാനം പീച്ചിക്കൊടുക്കുകയോ ഒരു തുണിക്കഷണം പിരിച്ച് പാലില്‍ കുതിര്‍ത്ത് ആട്ടിന്‍കുട്ടിയുടെ വായില്‍ വെച്ച് കൊടുക്കുകയോ ചെയ്യാം. ഒരു കാരണവശാലും പാല്‍ കോരിക്കൊടുക്കരുത്. പാല്‍ക്കുപ്പികളും അപകടകാരികളാണ്.

ആടുവളര്‍ത്തല്‍ പരാജയപ്പെടുന്നതെപ്പോള്‍

മൃഗസംരക്ഷണരംഗത്ത് പന്നിവളര്‍ത്തല്‍ കഴിഞ്ഞാല്‍ ഏറ്റവും വിജയസാധ്യതയുള്ള മേഖല ആടുവളര്‍ത്തലാണ്. പരാജയപ്പെട്ട ആടുവളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ സാധാരണയായി നിരീക്ഷിക്കാന്‍ കഴിഞ്ഞ ചില പോരായ്മകള്‍ താഴെ പറയുന്നു.

 • നേരിട്ടുള്ള മേല്‍നോട്ടം ഇല്ലായ്ക. ഫാമുകള്‍ പൂര്‍ണ്ണമായും പണിക്കാര്‍ക്ക് വിട്ടുകൊടുക്കുക.
 • രോഗബാധിതമായ മാതൃശേഖരത്തെ വാങ്ങല്‍. നാം വാങ്ങിക്കൊണ്ടുവരുന്ന വലിയ ആടുകളില്‍ അഞ്ചു ശതമാനമെങ്കിലും സാരമായ രോഗബാധയുള്ളതായാല്‍ സംരംഭം പ്രശ്നത്തിലാകും.
 • കൂടിനുവേണ്ടി നടത്തിയ അധികച്ചെലവ്, അതിന്‍റെ പരിപാലനച്ചെലവ്, ആടുകളില്‍ അത്തരം കൂടുകളില്‍ സൃഷ്ടിക്കുന്ന അസ്വസ്ഥത.
 • ആട്ടിന്‍കുഞ്ഞുങ്ങളുടെ മരണനിരക്ക്
 • തീറ്റപ്പുല്ലോ ഇലകളോ കിട്ടാതെ വരുന്നത്. പലരും ഇത്തരം സന്ദര്‍ഭങ്ങളില്‍ കൈയില്‍ കിട്ടിയ എന്തും തീറ്റയായി നല്‍കാറുണ്ട്.
 • വിരശല്യം

നിരന്തരമായ നിരീക്ഷണത്തിലൂടെ ഓരോ കര്‍ഷകനും കണ്ടെടുത്ത് സ്വായത്തമാക്കുന്ന അറിവുകളാണ് ഏതൊരു സംരംഭത്തിന്‍റെയും വിജയപരാജയങ്ങള്‍  നിശ്ചയിക്കുന്നത്.

ആടുവളര്‍ത്തല്‍ - പാലിന്

ആട്ടിന്‍ പാലിന് നല്ല വിപണിയുണ്ട്. ആയുര്‍വേദ മരുന്ന് കമ്പനിക്കാര്‍ക്ക് ധാരാളം ആട്ടിന്‍പാല്‍ വേണ്ടിവരും. കൂടാതെ രോഗം മാറി വിശ്രമിക്കുന്നവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കും ആട്ടിന്‍പാല്‍ നല്ലതാണ്. നല്ല പാലുല്‍പ്പാദനശേഷിയുള്ള 100 മലബാറി/ജമ്നാപാരി ഇനങ്ങളെ ഇതിനായി വളര്‍ത്താം. മലബാറി/ജമ്നാപാരി സങ്കരയിനങ്ങളും പാലുല്‍പ്പാദനശേഷി കൂടുതലാണ്. ഒരു ലിറ്റര്‍ ആട്ടിന്പാലിനു വിപണിയില്‍ 80 രൂപ വിലയുണ്ട്. നല്ലയിനം മലബാറി ആടുകള്‍ക്ക് 2-3 ലിറ്റര്‍ പാല്‍ ലഭിക്കും. ഈയടുത്ത കാലത്ത് സിറിയയിലെ ദമാസ്ക്കസ് ആടുകളുടെ ബീജം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ദമാസ്ക്കസ് ആടുകള്‍ക്ക് 4-5 ലിറ്റര്‍ പാല്‍ ലഭിക്കും. മലബാറി/ദമാസ്ക്കസ് സങ്കര ഇനങ്ങളും നന്നായി പാലുത്പാദിപ്പിക്കും.

പ്രധാന ജനുസ്സുകള്‍

 • ജമ്നാപാരി

ജമ്നാപാരി ഇന്ത്യയില്‍ കാണുന്ന ആടുകളില്‍ ഏറ്റവും വലിയവയാണ്‌. ഉത്തര്‍പ്രദേശിലെ ജമുനാ നദിയുടെ തീരമാണ് ഇവയുടെ ഉത്ഭവം. ഇപ്പോള്‍ ഇന്ത്യയുടെ നാനാഭാഗത്തും ഇവയെ കണ്ടുവരുന്നു. ഏറ്റവും അഴകും ഗാംഭീര്യവുമുള്ള ഒരു ജനുസ്സാണിത്. ഇവയുടെ നിറം തൂവെള്ളയോ മഞ്ഞ കലര്‍ന്ന വെള്ളയോ ആണ്. ചിലതില്‍ തവിട്ടുനിറത്തിലുള്ള പുള്ളികള്‍ ഉണ്ടാകും. മൂക്കിന്‍റെ അസ്ഥികള്‍ ഒരു വളവോടുകൂടിയതാണ്. ഇതിനെ ‘റോമന്‍ മൂക്ക്’ എന്ന് വിശേഷിപ്പിക്കുന്നു. ചെവികള്‍ നീണ്ടതും കഴുത്തിനു താഴെ വരെ നീണ്ടു കിടക്കുന്നവയുമാണ്. കാലുകള്‍ നീളം കൂടിയവയാണ്. പിന്‍കാലുകളില്‍ തുടഭാഗം ധാരാളം രോമങ്ങളാല്‍ ആവരണം ചെയ്തിരിക്കുന്നു.

പാലുത്പാദനത്തിന് ഇവ പേരുകേട്ടതാണ്. ചില ജമ്നാപാരി ആടുകള്‍ ദിനംപ്രതി 5 കിലോഗ്രാം വരെ പാല്‍ തരുന്നു. എന്നാല്‍ ശരാശരി ഉത്പാദനം 600 ഗ്രാമാണ്. കറവക്കാലം 300 ദിവസത്തോളം നീണ്ടുനില്‍ക്കും. ഇവ വര്‍ഷത്തിലൊരിക്കലേ പ്രസവിക്കൂ. പ്രസവത്തില്‍ ഒരു കുട്ടിയെ ഉണ്ടാകാറുള്ളൂ. അപൂര്‍വ്വമായി രണ്ട് കുട്ടികള്‍ വരെ കാണും.

നല്ല വളര്‍ച്ചയെത്തിയ മുട്ടനാടിന് 60-90 കിലോഗ്രാമും കൊറ്റിക്ക് 50-60 കിലോഗ്രാമും തൂക്കമുണ്ടാകും.

കേരളത്തില്‍ ഈ ജനുസ്സിനെ കൊണ്ടുവന്ന് വളര്‍ത്തുന്നതിനും അവയെ കേരളത്തില്‍ പ്രചരിപ്പിക്കുന്നതിനും പദ്ധതികള്‍ തയ്യാറാക്കിയിരുന്നുവെങ്കിലും വിജയിച്ചില്ല. നമ്മുടെ നാട്ടിലെ മഴകൂടിയ കാലാവസ്ഥ അവയ്ക്ക് യോജിച്ചതല്ലെന്ന് വേണം കരുതാന്‍. കൂടാതെ വലിയ ആടുകളെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കൈകാര്യം ചെയ്യുവാനും ബുദ്ധിമുട്ടാണ്. ഈ ആടിന് എല്ലിന്‍റെയും ഇറച്ചിയുടെയും അനുപാതം കുറവാണ്. വലുപ്പത്തിനനുസരിച്ചുള്ള ഇറച്ചി ഇവയില്‍നിന്നും ലഭിക്കില്ല.

 • ബാര്‍ബാറി

കിഴക്കന്‍ ആഫ്രിക്കയിലെ ബര്‍ബറാ എന്ന സ്ഥലമാണ് ഇതിന്‍റെ ഉത്ഭവമെന്ന് കരുതുന്നു. ഭാരതത്തില്‍ ഇവയെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്നു. അഴിച്ചുവിട്ടു വളര്‍ത്തുന്നതിനു പുറമേ കെട്ടിയിട്ടു വളര്‍ത്തിയാലും ഉത്പാദനത്തിന് കോട്ടം തട്ടാത്ത ജനുസ്സാണിത്. നിറം വെള്ളയാണെങ്കിലും തവിട്ടുനിറത്തോടുകൂടിയ പുള്ളികള്‍ ധാരാളമുണ്ടായിരിക്കും. മുഖം ചെറുതും മൂക്കിന്‍റെ അഗ്രം കൂര്‍ത്തതുമാണ്. ചെവികള്‍ നീളം കുറഞ്ഞതും രണ്ട് വശത്തേക്കും തള്ളി നില്‍ക്കുന്നതുമാണ്. കൊമ്പുകള്‍ നീളം കുറഞ്ഞതും അഗ്രം കൂര്‍ത്തതുമാണ്. കുറുകിയ കാലുകളുള്ളതിനാല്‍ പൊക്കം വളരെ കുറവായിരിക്കും. പ്രായപൂര്‍ത്തിയായ മുട്ടനാടിന് 40-50 കിലോഗ്രാമും പെണ്ണാടിനു 35-40 കിലോഗ്രാമും ഭാരമുണ്ടായിരിക്കും.

നല്ല ക്ഷീരോത്പാദന ശേഷിയുള്ളവയാണ് ബാര്‍ബാറി ആടുകള്‍. ശരാശരി പാലുത്പാദനം 1-2 ലിറ്ററാണെങ്കില്‍ 4 കിലോഗ്രാം വരെ പാലുതരുന്ന ബാര്‍ബാറി ആടുകളുണ്ടത്രേ. ഒരു പ്രസവത്തില്‍ രണ്ടും മൂന്നും കുട്ടികള്‍ ഇതിന്‍റെ പ്രത്യേകതകളാണ്. കേരളത്തില്‍ വളര്‍ത്താന്‍ പറ്റിയ ഒരു ജനുസ്സാണിത്. ആലക്കോട്ടുള്ള ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ ബാര്‍ബാറി ആടുകളുണ്ട്. മഹാരാഷ്ട്രയില്‍ ബാര്‍ബാറി x ബോവര്‍ സങ്കരയിനത്തെ ഉത്പാദിപ്പിച്ച് വരുന്നു.

 • ബീറ്റല്‍

വലിപ്പത്തില്‍ ജമ്നാപാരി ആടുകളോട് കിടപിടിക്കുന്നതാണ് ബീറ്റല്‍. ഇവ അമൃതസാരി എന്ന പേരിലും അറിയപ്പെടുന്നു. ഈ ആടുകളെ പഞ്ചാബിലാണ് കണ്ടുവരുന്നത്.

സാധാരണയായി കറുപ്പോ വെളുപ്പോ തവിട്ടോ നിറത്തോടുകൂടിയതാണെങ്കിലും മഞ്ഞ കലര്‍ന്ന വെളുപ്പോ, വെള്ളയില്‍ മറ്റ് നിറത്തിലുള്ള പുള്ളികളോ, കറുപ്പില്‍ വെള്ളപുള്ളികളോ ഉണ്ടാകാം. ജമ്നാപാരിയുടെതുപോലെ ചെവി ഞാന്നു കിടക്കുന്നതും റോമന്‍ മൂക്കുമാണ്. എന്നാല്‍ കൊമ്പുകള്‍ വളഞ്ഞതും പിറകോട്ട് വളരുന്നവയുമാണ്. മുട്ടനാടിന് താടിയില്‍ രോമങ്ങളുണ്ടാകുമെങ്കിലും പെണ്ണാടില്‍ ഇത് കാണാറില്ല. വളര്‍ച്ചയെത്തിയ മുട്ടനാടിന്‍റെ തൂക്കം 50-75 കിലോഗ്രാമും പെണ്ണാടിന്‍റെ തൂക്കം 40-50 കിലോഗ്രാമുമാണ്. കാലുകള്‍ നീളമുള്ളതിനാല്‍ നല്ല പൊക്കമുള്ളവയാണ്. നല്ല പ്രജനനക്ഷമതയുള്ളതിനാല്‍ ഇവ ധാരാളം സന്തതികളെ പ്രദാനം ചെയ്യും. പ്രതിദിനം 2-3 കിലോഗ്രാം വരെ പാല്‍ നല്‍കും. വേഗത്തില്‍ വളരുന്നതുകൊണ്ടും നല്ല ശരീരമുള്ളതിനാലും മാംസാവശ്യത്തിനും ഉപയോഗ്യമാണ്. കേരളത്തില്‍ ഇവയെ കൊണ്ടുവന്ന് വളര്‍ത്തിയതായി അറിവില്ല. നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബീറ്റല്‍ ആടുകളെ ആല്‍പൈന്‍, സാനന്‍ ആടുകളുമായി സങ്കരപ്രജനനം നടത്തി വരുന്നുണ്ട്.

 • സിരോഹി

രാജസ്ഥാനിലെ സിരോഹി പ്രവിശ്യയില്‍ കണ്ടുവരുന്ന ജനുസ്സാണ് സിരോഹി. കറുപ്പാണ് സാധാരണ നിറമെങ്കിലും തവിട്ടുനിറത്തിലും വെളുപ്പുനിറത്തിലും ഇവയെ കാണാം. ചിലപ്പോള്‍ കറുപ്പില്‍ വെള്ളപ്പുള്ളിയുള്ളവയെയും കാണാം. കൂട്ടിലിട്ടു വളര്‍ത്താനും യോജിച്ചവയാണ് സിരോഹി. മാംസാവശ്യത്തിനാണ് സാധാരണയായി ഇവയെ വളര്‍ത്തുന്നത്. ശരാശരി പാലുത്പാദനം ഒരു ലിറ്ററില്‍ താഴെയാണ്. പ്രസവത്തില്‍ കുട്ടികളുടെ എണ്ണം ഒന്നോ രണ്ടോ ആയിരിക്കും. വളരച്ചയെത്തിയ മുട്ടനാടിന് 40 കിലോഗ്രാമും പെണ്ണാടിനു 25 കിലോഗ്രാമും തൂക്കമുണ്ടാകും. ഏത് ചൂടുള്ള കാലാവസ്ഥയെയും ചെറുക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. രാജസ്ഥാനില്‍ ബീറ്റല്‍ x സിരോഹി സങ്കരയിനത്തെ ഉത്പാദിപ്പിച്ച് വരുന്നു.

 • ഒസ്മാനാബാദി

ഇറച്ചിക്കും പാലിനുംവേണ്ടി വളര്‍ത്തുന്ന ഒരു ജനുസ്സാണ് ഒസ്മാനാബാദി. മഹാരാഷ്ട്രയിലെ മറാത്തവാഡാ ജില്ലയില്‍ ഒസ്മാനാബാദാണ് ഇതിന്‍റെ ഉത്ഭവസ്ഥലം.

ഒസ്മാനാബാദി ആടുകള്‍ക്കെല്ലാം കറുത്ത നിറമാണ്. പ്രായപൂര്‍ത്തിയായ പെണ്ണാടിനു 30-40 കിലോഗ്രാം തൂക്കവും 60 സെ.മീ. ഉയരവും ഉണ്ടാകും. മുട്ടനാടിന് 40-50 കിലോഗ്രാം തൂക്കവും 70 സെ.മീ. ഉയരവും ഉണ്ടാകും. തിളങ്ങുന്ന കണ്ണുകളും റോമന്‍ മൂക്കും നീണ്ടു തിങ്ങിക്കിടക്കുന്ന ചെവികളും ഇതിന്‍റെ പ്രത്യേകതകളാണ്. കഴുത്ത് നീണ്ടതും കുളമ്പ് കറുത്തതുമാണ്. കാലില്‍ തുടയുടെ ഭാഗത്ത് നീണ്ട രോമങ്ങളുണ്ടാകും. പരന്നു പിറകോട്ട് വളരുന്നതാണ് കൊമ്പ്. ചിലതിനു കൊമ്പില്ലാതെയുമിരിക്കും.

8-12 മാസം പ്രായമായാല്‍ ചെനയെടുപ്പിക്കാം. ആദ്യപ്രസവത്തില്‍ രണ്ടും തുടര്‍ന്നുള്ള പ്രസവങ്ങളില്‍ 3 മുതല്‍ 5 വരെ കുട്ടികളുമുണ്ടാകും. ദിവസം 1-2 ലിറ്റര്‍ പാല് കിട്ടും. 90 ദിവസം കറക്കാം. ഇറച്ചിയും സ്വാദേറിയതാണ്. കറുത്ത നിറമായതിനാല്‍ തൊലിക്കും നല്ല ഡിമാന്റുണ്ട്. കേരളത്തില്‍ ഈ ആടുകള്‍ നന്നായി വളരും.

 • മലബാറി

ആടുകളില്‍ കേരളത്തിന്‍റെതെന്നു പറയാവുന്ന ഒരു ജനുസ്സ് മാത്രമേയുള്ളൂ. അതാണ്‌ മലബാറി. തലശ്ശേരിയാട്, വടകരയാട് എന്നിങ്ങനെയെല്ലാം വിളിക്കാറുണ്ട്. മലബാറില്‍ പ്രത്യേകിച്ച് തലശ്ശേരി, കണ്ണൂര്‍, വടകര എന്നീ പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്.

വിവിധ ആട് ജനുസ്സുകളുടെ ഒരു സമ്മിശ്രമാണ് മലബാറി. അറേബ്യന്‍, സുര്‍ത്തി, കച്ചി, ജമ്നാപാരി എന്നിവയും മലബാറിലെ നാടന്‍ ആടുകളും ചേര്‍ന്ന ഒരു സമ്മിശ്ര ഇനമാണിത്. കപ്പല്‍മാര്‍ഗ്ഗം കച്ചവടത്തിനെത്തിയ അറബികളും മറ്റും നല്ല പാലുത്പാദനശേഷിയുള്ള ആടുകളെ കോഴിക്കോട്, കത്തിയവാര്‍ എന്നീ തുറമുഖങ്ങളില്‍ കൊണ്ടുവന്നിരുന്നു. ഇത്തരം വിദേശി ആടുകള്‍ നാടന്‍ ആടുകളുമായി ഇണചേര്‍ന്നാണ് മലബാറി ആടുകള്‍ ഉരുത്തിരിഞ്ഞതെന്നു അനുമാനിക്കുന്നു. ഉയര്‍ന്ന ക്ഷീരോത്പാദനവും പ്രജനനക്ഷമതയും ഇതിന്‍റെ പ്രത്യേകതകളാണ്.

പല നിറത്തിലും വലിപ്പത്തിലും ഈ ആടുകളെ കാണാം. തൂവെള്ളനിറം, എണ്ണക്കറുപ്പ്, തവിട്ടുനിറം, നരച്ചനിറം, മാന്‍നിറം, കറുപ്പില്‍ വെളുത്ത പുള്ളികള്‍, വെളുപ്പില്‍ കറുപ്പോ തവിട്ടോ പുള്ളികള്‍ എന്നിങ്ങനെ പല നിറത്തിലും ഇവയെ കണ്ടുവരുന്നു. അതിനാല്‍ ഈ ജനുസ്സിന് പ്രത്യേക നിറമുണ്ടെന്ന് പറയാനാകില്ല. കൊമ്പുള്ളവയും ഇല്ലാത്തവയുമുണ്ട്. ചിലതിനു റോമന്‍ മൂക്കുണ്ട്. ചെവികള്‍ പുറത്തേക്ക് തള്ളി തൂങ്ങിനില്‍ക്കും. എന്നാല്‍ ജമ്നാപാരി പാരമ്പര്യമുള്ളവയില്‍ ചെവി നേരെ തൂങ്ങിക്കിടക്കും. ചിലതിനു താടിക്കുതാഴെ രോമക്കെട്ടും കഴുത്തില്‍ കുഞ്ചകങ്ങളും കാണും.

ക്ഷീരോത്പാദനത്തിനും മാംസോത്പാദനത്തിനും പേരുകേട്ടതാണ് മലബാറി. ഒരു പ്രസവത്തില്‍ രണ്ടിലധികം കുട്ടികള്‍ ഇതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഗുണമാണ്. 2-3 ലിറ്റര്‍ പാല്‍ ലഭിക്കുന്ന ആടുകള്‍ നിരവധിയുണ്ട്. ഒരു പ്രസവത്തില്‍ 4 കുട്ടികളെ വരെ ലഭിക്കാറുണ്ട്. ആറു കുട്ടികളെ പ്രസവിച്ച ആടുകളുമുണ്ട്. പ്രായപൂര്‍ത്തിയായ മുട്ടനാടിന് 50 കിലോഗ്രാമും പെണ്ണാടിനു 30 കിലോഗ്രാമും ഭാരമുണ്ടാകും. ആലക്കോടുള്ള ഫാമില്‍ ബോയര്‍ x മലബാറി സങ്കരയിനത്തെ ഉത്പാദിപ്പിച്ച് വരുന്നു.

ആടുകളുടെ തീറ്റക്രമം

എന്തും എത്രയും തിന്നുകയെന്നത് ആടുകളുടെ സ്വഭാവമാണ്. അതുകൊണ്ടുതന്നെ ശാസ്ത്രീയമായ തീറ്റക്രമം പാലിച്ചില്ലെങ്കില്‍ ആടുവളര്‍ത്തല്‍ നഷ്ടത്തിലാകും. ആവശ്യത്തില്‍ കൂടുതല്‍ തീറ്റ തിന്നുന്നത് യാതൊരു പ്രയോജനവും ചെയ്യില്ല. വ്യത്യസ്ത പ്രായത്തിലുള്ളതിനും ചെനയുള്ളതിനും കറവയാടിനും പ്രജനനകാലത്തെ മുട്ടനാടിനും ആവശ്യമായ തീറ്റയുടെ അളവ് വ്യത്യസ്ഥമായിരിക്കും. അതുകൊണ്ടുതന്നെ ആടുകളുടെ തീറ്റക്രമം കൃത്യമായി അറിഞ്ഞിരിക്കണം. പശുക്കളില്‍നിന്നും വ്യത്യസ്തമായി ആടുകളില്‍ തീറ്റ തിന്നുന്നതില്‍ ഒരുപാട് ഘടകങ്ങളുണ്ട്. നമ്മള്‍ കൊടുക്കുന്ന തീറ്റയില്‍ 20-30 ശതമാനമെങ്കിലും പാഴായിപ്പോകാറുണ്ട്. ഇങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ ആടിന്‍റെ ആഹാരരീതിയിലുള്ള പ്രത്യേകതകള്‍ കൂടി അറിഞ്ഞിരിക്കണം. ആട് തീറ്റയെടുക്കുന്നത് മൂന്നു ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. തീറ്റയുടെ ഗുണം, കൊടുക്കുന്ന വിധം, ആടിന്‍റെ ശീലം.

തീറ്റ

ശുഷ്കപദാര്‍ത്ഥം (ശതമാനം)

തളിര്‍പുല്ല്

15-20

മൂത്തപുല്ല്

20-30

വൈക്കോല്‍

80-90

പയര്‍വര്‍ഗ്ഗ ചെടി

18-20

പച്ചിലകള്‍

20-25

 1. തീറ്റയുടെ ഗുണം

നല്ല രുചിയും മണവുമുള്ള തീറ്റ ആടുകള്‍ വേഗം തിന്നും. വിവിധ തരത്തിലുള്ളവയാണെങ്കിലും വേഗം തിന്നും. എന്നും ഒരേതരത്തിലുള്ള ആഹാരം കൊടുക്കുമ്പോള്‍ തിന്നുന്നതില്‍ വേണ്ട താല്‍പ്പര്യം കാണിക്കില്ല. വേഗം ദഹിക്കുന്ന തീറ്റയും വലിപ്പം കുറഞ്ഞതും വേഗം തിന്നും.

 1. കൊടുക്കുന്ന വിധം

പല തവണകളായി കൊടുത്താലും തവണകള്‍ തമ്മിലുള്ള ദൈര്‍ഘ്യം കൂടിയാലും വേഗം കഴിക്കും. കൊടുക്കുന്ന സമയത്തിന്‍റെ കൃത്യത, അളവ് എന്നിവ പാലിച്ചാലും ആടുകള്‍ പെട്ടെന്ന് തീറ്റ തിന്നും. ആടുകളില്‍ തീറ്റ തിന്നുന്നതിനായി മത്സരമുണ്ടാകാറുണ്ട്. അതുകൊണ്ട് കുറച്ചു ആടുകള്‍ക്ക് ഒന്നിച്ചു തീറ്റ കൊടുത്താല്‍ വേഗത്തില്‍ തിന്നുതീര്‍ക്കും. ചൂടും ആര്‍ദ്രതയും കൂടുതലുള്ള സമയങ്ങളില്‍ തീറ്റയെടുപ്പ് കുറയും. നല്ല വൃത്തിയുള്ള സ്ഥലത്തുവേണം ആടിന് തീറ്റ കൊടുക്കാന്‍. അതുകൊണ്ട് ദിവസവും രാവിലെ തന്നെ തീറ്റത്തൊട്ടി വൃത്തിയാക്കണം. തീറ്റത്തൊട്ടിയില്‍ ആട്ടിന്കാഷ്ഠമോ മൂത്രമോ വീണെങ്കില്‍ കഴുകുകയും വേണം. വളരെ വൃത്തിബോധമുള്ള മൃഗമാണ്‌ ആട് എന്നത് ഓര്‍ക്കുക.

 1. ആടിന്‍റെ ശീലം

ഇത് ഒരു പ്രധാന ഘടകമാണ്. മലബാറി ആടുകള്‍ തെരഞ്ഞെടുത്ത് തിന്നുന്ന സ്വഭാവക്കാരാണെങ്കില്‍ എന്തും തിന്നുന്ന സ്വഭാവക്കാരാണ് ബോവര്‍ ആടുകള്‍. അതുകൊണ്ട് ബോവറും മലബാറിയുമുള്ള ഫാമുകളില്‍ മലബാറികള്‍ തിന്നതിന് ശേഷമുള്ള അവശിഷ്ടങ്ങള്‍ ബോവറിനു കൊടുക്കുകയാണ് പതിവ്. ഏതു ചെടിയുടെയും ഉണങ്ങിയ ഇലകള്‍ ബോവര്‍ ആടുകള്‍ തിന്നും. എന്നാല്‍ മലബാറികളുടെ തീറ്റശീലം പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കും. ആദ്യം തളിരും പിന്നെ ഇലയുടെ തണ്ടും തിന്നു ബാക്കി പാഴാക്കി കളയും. തെരഞ്ഞെടുത്ത് തിന്നുന്ന സ്വഭാവമുള്ളവയാണ് മലബാറി ആടുകള്‍.

വിശപ്പുള്ളവ, കറവയുള്ള ഗര്‍ഭിണികള്‍, ഇണ ചേരുന്ന മുട്ടന്‍, വളരുന്ന ആടുകള്‍, വലിയ ആടുകള്‍ എന്നിവ നല്ലവണ്ണം തീറ്റയെടുക്കും. ആടുകള്‍ ഉയരത്തില്‍നിന്ന് തിന്നു ശീലമുള്ള മൃഗങ്ങളാണ്. കഴിയുമെങ്കില്‍ തീറ്റത്തൊട്ടി കുറച്ച് ഉയരത്തില്‍ കെട്ടാം. കൂടാതെ പച്ചിലകള്‍ കൂട്ടിനു മുകളില്‍നിന്ന് തൂക്കിയിട്ടും കൊടുക്കാം.

ആടിന് വേണ്ട തീറ്റ കണക്കാക്കുന്ന വിധം

ആടുകള്‍ക്ക് അവയുടെ ശരീരാകാരത്തിന്‍റെ 3 ശതമാനം വരെ ശുഷ്കപദാര്‍ത്ഥം അഥവാ ഡ്രൈമാറ്റര്‍ (പുല്ല്, പച്ചില, വൈക്കോല്‍ മുതലായവയിലെ ജലാംശം മാറ്റിയുള്ള പദാര്‍ത്ഥം) ആവശ്യമാണ്‌. പച്ചിലകളിലും പച്ചപ്പുല്ലിലും വൈക്കോലിലും ശുഷ്കപദാര്‍ത്ഥത്തിന്‍റെ അളവ് വ്യത്യാസമാണ്.

അതായത് ഒരുകിലോ പാകമായ പച്ചപ്പുല്ല് തിന്നാല്‍ 300 ഗ്രാം ശുഷ്കപദാര്‍ത്ഥം ലഭിക്കും. അതുപോലെ പച്ചിലകളില്‍ നിന്നും 200-250 ഗ്രാം ശുഷ്കപദാര്‍ത്ഥം ലഭിക്കും. ഒരുകിലോ വൈക്കോലില്‍ നിന്നും 800-900 ഗ്രാം ശുഷ്കപദാര്‍ത്ഥം ലഭിക്കുന്നു. 25 കിലോ തൂക്കമുള്ള ആടിന് മൂന്നു ശതമാനം ശുഷ്കപദാര്‍ത്ഥം എന്ന നിലയില്‍ 750 ഗ്രാം ഡ്രൈമാറ്റര്‍ ആവശ്യമാണ്‌. 750 ഗ്രാം ശുഷ്കപദാര്‍ത്ഥം ലഭിക്കുവാന്‍ 2-2.5 കിലോഗ്രാം പച്ചപ്പുല്ല് കൊടുക്കണം. വൈക്കോലാണെങ്കില്‍ 900 ഗ്രാം മതിയാകും. പച്ചിലയാണെങ്കില്‍ 3 കിലോഗ്രാം വരെ കൊടുക്കേണ്ടിവരും. ഈ രീതിയില്‍ തൂക്കത്തിനനുസരിച്ച് ആടുകള്‍ക്ക് എത്ര പുല്ല്/വൈക്കോല്‍/പച്ചില വേണമെന്ന് കണക്കാക്കാം.

വെള്ളം

ഒട്ടകം കഴിഞ്ഞാല്‍ വെള്ളം കുറച്ചുപയോഗിച്ചു ജീവിക്കാന്‍ കഴിയുന്ന മൃഗമാണ്‌ ആട്. ആടിന് വെള്ളത്തിന്‍റെ ആവശ്യകത അതിന്‍റെ പ്രായം, ഗര്‍ഭകാലം, കറവക്കാലം, കാലാവസ്ഥ എന്നിവയെ ആശ്രയിച്ചു വ്യത്യാസപ്പെട്ടിരിക്കും. മഴക്കാലങ്ങളില്‍ വെള്ളം കുടിക്കുന്നത് കുറയും. അതുപോലെ പച്ചപ്പുല്ലും പച്ചിലയും കൂടുതല്‍ കഴിച്ചാലും വെള്ളം കുടിക്കുന്നത് കുറയും. ഒരു കിലോഗ്രാം ഡ്രൈമാറ്റര്‍ തിന്നുന്ന ആടിന് 4 ലിറ്റര്‍ വെള്ളം വേണ്ടിവരും. അതായത് ഒരു കിലോഗ്രാം വൈക്കോല്‍ തിന്നുന്ന ആടിന് ഒരു ദിവസം 3.6 ലിറ്റര്‍ വെള്ളം വേണ്ടിവരും.

1 കിലോഗ്രാം വൈക്കോലില്‍ 0.9 കിലോഗ്രാം ശുഷ്കപദാര്‍ത്ഥം 1 കിലോഗ്രാം ശുഷ്കപദാര്‍ത്ഥത്തിന് 4 ലിറ്റര്‍ അപ്പോള്‍ 0.9 കിലോഗ്രാം ശുഷ്കപദാര്‍ത്ഥത്തിന് 3.6 ലിറ്റര്‍.

കറവയുള്ള ആടിന് ഒരു ലിറ്റര്‍ പാലുത്പാദിപ്പിക്കാന്‍ 1-3 ലിറ്റര്‍ വെള്ളം വേണം. അതുപോലെ ഗര്‍ഭിണിയായ ആടിന് ഒരു ലിറ്റര്‍ അധികം വെള്ളം കൊടുക്കണം.

ആടിന്‍റെ തീറ്റയില്‍ പച്ചിലയും പച്ചപ്പുല്ലും മാത്രം കൊടുത്താല്‍ വളര്‍ച്ചാനിരക്ക് കുറയും. ആയതിനാല്‍ സാന്ദ്രീകൃത തീറ്റ കൂടി ആടിന് കൊടുക്കണം. അമിതമായി പച്ചപ്പുല്ലും പച്ചിലയും തിന്നുകഴിഞ്ഞാല്‍ പിന്നെ സാന്ദ്രീകൃത തീറ്റ തിന്നാന്‍ കഴിയാതെ വരും. അതുകൊണ്ട് ആവശ്യത്തിനുമാത്രം പച്ചിലയും പച്ചപ്പുല്ലും കൊടുക്കുക. ഇതിന്‍റെ ശരിയായ ദഹനത്തിന് സാന്ദ്രീകൃത തീറ്റയും ആവശ്യമാണ്‌.

ജനനതൂക്കം 1.5-2 കിലോഗ്രാമുള്ള ആട്ടിന്‍കുട്ടിക്ക് 250 മില്ലിയും 3.5-4.5 കിലോഗ്രാം തൂക്കമുള്ളതിനു 600 മില്ലിയും കന്നിപ്പാല്‍ ദിവസവും കൊടുക്കണം. ആട്ടിന്‍കുട്ടികള്‍ക്ക് അധികമോ കുറവോ പാല്‍ കൊടുക്കുന്നത് അപകടകരമാണ്. ആട്ടിന്‍കുട്ടികള്‍ക്ക് രണ്ടാമത്തെ ആഴ്ച്ച മുതല്‍ പച്ചിലയോ പച്ചപ്പുല്ലോ കെട്ടിത്തൂക്കി കൊടുക്കണം. സാന്ദ്രീകൃത തീറ്റയും ഈ പ്രായത്തില്‍ തന്നെ കുറേശ്ശെ കൊടുത്ത് ശീലിപ്പിക്കണം.

തീറ്റക്രമം

ആട്ടിന്‍കുട്ടികള്‍ക്ക് ആദ്യ 5 ദിവസം കന്നിപ്പാല്‍ തന്നെ കൊടുക്കണം.

ആടിന്‍റെ പ്രായം

(ദിവസം)

പാല്‍ (മില്ലി)

250-500

കൊടുക്കേണ്ട

തവണ

പച്ചിലത്തീറ്റ

ഗ്രാം

സാന്ദ്രീകൃത തീറ്റ

കാത്സ്യം ടോണിക്ക്

1-7

 

4-5

-

-

-

7-14

500-600

2-3

-

-

10 മില്ലി

15-30

400-500

2

200

50

15 മില്ലി

30-45

300-400

2

300

100

20 മില്ലി

45-60

150-200

2

400

150

20 മില്ലി

60-90

100-150

2

500

200

20 മില്ലി

ആടുവളര്‍ത്തലിന്‍റെ ചെലവും ലാഭവും

വീട്ടുമുറ്റത്തെ ആട് വളര്‍ത്തല്‍ വീട്ടമ്മമാര്‍ക്ക് മികച്ച വരുമാന മാര്‍ഗ്ഗമായിരുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ കൂടുതല്‍ ആടുകളെ ഒന്നിച്ച് വളര്‍ത്തുമ്പോള്‍ കൂടിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കും വേണ്ടി വരുന്ന മുതല്‍മുടക്ക് കണക്കിലെടുത്താല്‍ ആദ്യ വര്‍ഷങ്ങളില്‍ വലിയ മിച്ചമില്ലെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാനാകും. അഴിച്ചുവിട്ടു വളര്‍ത്താന്‍ സൌകര്യമുണ്ടെങ്കില്‍ ആദായം വര്‍ദ്ധിക്കും. തീറ്റ കുറഞ്ഞ ചെലവില്‍ ലഭിക്കുന്നതിനുള്ള സൗകര്യം, രോഗപ്രതിരോധശേഷിയുള്ള ഇനങ്ങളെ തെരഞ്ഞെടുത്ത് വളര്‍ത്തുന്നത്, മികച്ച വിപണന സാധ്യതകള്‍ എന്നിവ കണക്കിലെടുത്ത് വേണം വലിയ തോതില്‍ ആടുകളെ വളര്‍ത്താനായി മുന്നോട്ടിറങ്ങാന്‍. മലയാളികള്‍ക്ക് ഏറെ പ്രിയമുള്ളതാണ് ആട്ടിറച്ചിയെന്നതിനാല്‍ വിപണനത്തിന് വലിയ പ്രയാസമില്ലെന്ന് കണക്കാക്കാം. കൂട്ടമായി വളര്‍ത്തുമ്പോള്‍  രോഗങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. ശരിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ ശ്വാസകോശ രോഗങ്ങള്‍ പലപ്പോഴും മാരകമായേക്കാം. പ്രത്യേകിച്ച് കുട്ടികളില്‍. ജമ്നാപാരി, ബീറ്റല്‍, എന്നീ ജനുസുകളെ മലബാറി ഇനങ്ങളുമായി ഇണചേര്‍ത്തുണ്ടാകുന്ന സങ്കരയിനം കുഞ്ഞുങ്ങള്‍ക്ക് ശുദ്ധ മലബാറിയേക്കാള്‍ കൂടുതല്‍ ശരീരതൂക്കമുണ്ടാകും.

ഒരു വര്‍ഷത്തിനുള്ളില്‍ പ്രായപൂര്‍ത്തിയെത്തുകയും ഇണചേരുകയും ചെയ്യുന്നുവെന്നതാണ് ആടുകളുടെ മെച്ചം. കുറഞ്ഞ കാലത്തിനുള്ളില്‍ കുട്ടികളുണ്ടാവും. തറനിരപ്പില്‍നിന്ന് ഉയര്‍ന്നുവേണം ആട്ടിന്‍കൂട് നിര്‍മിക്കാന്‍. രോഗങ്ങളെ ചെറുക്കുന്നതിനും ആട്ടിന്‍കാഷ്ടവും മൂത്രവും ശേഖരിക്കുന്നതിനും ഇത് സഹായകരമാണ്. നാല് മുതല്‍ ആറടി വരെ ഉയരത്തില്‍ ആട്ടിന്‍കൂടു നിര്‍മിക്കാം. പ്രാദേശികമായി ലഭ്യമായ കവുങ്ങ്, പനപോലെയുള്ളവ ഉപയോഗിച്ചാല്‍ ചെലവ് കുറഞ്ഞിരിക്കും.

നൂറു പെണ്ണാടുകളേയും 10 മുട്ടനാടുകളേയും കുട്ടികളെയും വളര്‍ത്തുന്നതിനുള്ള കൂടു നിര്‍മിക്കുന്നതിനുള്ള ചെലവ് = ചതുരശ്രയടിക്ക് 200 രൂപ.

ആട്ടിന്‍കുഞ്ഞുങ്ങള്‍ അടക്കം നൂറു ആടുകള്‍ക്ക് ആവശ്യമായ സ്ഥലം = 1250 ചതുരശ്രയടി. ഒരു പെണ്ണാടിനു കുറഞ്ഞത് പത്ത് ചതുരശ്രയടിയും മുട്ടനാടിന് 15 ചതുരശ്രയടിയും സ്ഥലസൗകര്യം വേണം. വശങ്ങള്‍ പലകകള്‍ ഉപയോഗിച്ചോ കമ്പിവല ഉപയോഗിച്ചോ സംരക്ഷിക്കാം. ആട്ടിന്‍കാഷ്ടവും മൂത്രവും കെട്ടിക്കിടന്നു നനയാതെ തൂവാനമുള്ള മേല്‍ക്കൂര വേണം.

കൂടിന് വേണ്ടിവരുന്ന ചെലവ്               = 1250x200=2,50,000

പെണ്ണാടുകള്‍ക്കായി വേണ്ടി വരുന്ന മുതല്‍മുടക്ക്= 4,000x100=4,00,000

പത്ത് മുട്ടനാടുകള്‍ക്കുള്ള മുതല്‍മുടക്ക്         = 5,000x10=50,000

ആടുകള്‍ക്ക് തീറ്റ നല്‍കുന്നതിനുള്ള പാത്രങ്ങളും മറ്റ് സൌകര്യങ്ങള്‍ക്കുമുള്ള മുതല്‍മുടക്ക്        = 20,000

തുടര്‍ച്ചെലവുകള്‍              = 20,000

ആടൊന്നിനു 200-300 ഗ്രാം എന്ന തോതില്‍ 110 ആടുകള്‍ക്ക് ഒരു ദിവസം 33 കിലോ പരുഷ തീറ്റ ആവശ്യമായേക്കാം. അസംസ്കൃത വസ്തുക്കളും ധാതുക്കളും ചേര്‍ത്ത് സ്വന്തമായി തീറ്റ നിര്‍മിച്ചു നല്‍കിയാല്‍ ചെലവ് കുറയും.

365 ദിവസത്തേക്കുള്ള തീറ്റച്ചെലവ് = 100,000 രൂപയായി കണക്കാക്കാം.

പുല്ല്, വൈക്കോല്‍, പ്ലാവില എന്ന് തുടങ്ങിയ തീറ്റകള്‍ക്കും മറ്റും വേണ്ടിവരുന്ന ചെലവ് ഒരു വര്‍ഷത്തേക്ക് = 2,00,000 രൂപ

ആടുകളുടെ പരിചരണത്തിനും മറ്റുമായി വേണ്ടിവരുന്ന വാര്‍ഷിക ചെലവ്   = 100,000

മരുന്നിനും മൃഗഡോക്ടറുടെ സേവനത്തിനും വേണ്ടി വരുന്ന ചെലവ് = 20,000

ഇന്‍ഷുറന്‍സിനായി വേണ്ടിവരുന്ന ചെലവ്   = 10,000

ഒരാട് 14 മാസത്തെ ഇടവേളയില്‍ രണ്ട് പ്രാവശ്യം പ്രസവിക്കും.

മലബാറി ഇനങ്ങള്‍ക്ക് രണ്ട് മുതല്‍ നാല് കുട്ടികള്‍ വരെയുണ്ടാകാം. ഒരു വര്‍ഷത്തില്‍ ആകെ 350 ആട്ടിന്‍കുട്ടികളുടെ വില്‍ക്കാന്‍ കഴിയും എന്ന് കണക്കാക്കാം.

ആട്ടിന്‍കുട്ടിക്ക് 4,000 രൂപ വില ലഭിക്കും എന്ന് കണക്കാക്കിയാല്‍ വിറ്റുവരവ്      = 4,000x350=14,00,000

ആട്ടിന്‍കാഷ്ടവും മൂത്രവും വില്‍ക്കുന്ന വകയില്‍ വരുമാനം = 30,000

ആകെ വരുമാനം = 14,00,000+30,000

ആദ്യവര്‍ഷത്തെ ചെലവ് = 11,50,000

മൂലധനചെലവുകള്‍ രണ്ടാം വര്‍ഷം ആവര്‍ത്തിക്കുന്നില്ല എന്നതിനാല്‍ രണ്ടാം വര്‍ഷം മുതല്‍ ആട് ഫാം ആദായകരമാകും. പലിശനിരക്ക്, സ്ഥലത്തിന് വേണ്ടിവരുന്ന ചെലവ് എന്നിവ കണക്കാക്കാതെയാണ് ഈ കണക്കുകള്‍.

കടപ്പാട്: കര്‍ഷകമിത്രം, സമ്പൂര്‍ണ്ണ കാര്‍ഷികഗൈഡ്

 

 

 

3.31578947368
അൻവർ ഒരുമനയൂർ Jan 04, 2019 08:34 PM

ഒരുപാട് കാര്യങ്ങൾ അറിയുവാൻ സാധിച്ചു നന്ദി

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top