Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

അപൂർവ പക്ഷികൾ

ഈ പ്രദേശങ്ങളിൽ കാണപ്പെടുന്ന അപൂർവ പക്ഷികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ

വാലുകുലുക്കി പക്ഷികള്‍(Wagtails birds)

വാലുള്‍പ്പെടുന്ന പിന്‍ഭാഗം എപ്പോഴും ചലിപ്പിച്ചുകൊണ്ടുനടക്കുന്ന പക്ഷികളാണ് വാലുകുലുക്കി പക്ഷികള്‍. വാലാട്ടി പക്ഷികളെന്നും ഇവയെ വിളിക്കും. ഇരതേടി നടക്കുമ്പോഴാണ് ഇവ വാലുകുലുക്കുന്നത്. പ്രാണികള്‍, ചെറുകീടങ്ങള്‍, ചെറുപുഴുക്കള്‍ എന്നിവയൊക്കെ ഭക്ഷണമാകും.
വാലുകുലുക്കികളില്‍ 10ഓളം ഇനങ്ങളെ കേരളത്തില്‍ കണ്ടുവരുന്നുണ്ട്. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന വാലുകുലുക്കി പക്ഷികളിലൊന്നാണ് വലിയ വാലുകുലുക്കി (largepiled wagtail). ശരീരത്തില്‍ കറുപ്പ്, വെളുപ്പ് നിറങ്ങളുണ്ട്. കണ്ണിനുമുകളിലെ വെളുത്ത അടയാളം നോക്കി തിരിച്ചറിയാം. പുറത്ത് ചാരനിറവും അടിഭാഗം വെളുത്തനിറത്തിലും കാണപ്പെടുന്ന പക്ഷിയാണ് വഴികുലുക്കി (Grey wagtail). കൂടാതെ, വെള്ളവാലുകുലുക്കി (White wagtail) എന്നൊരുതരം ദേശാടനക്ഷിയെയും ദേശാടനപക്ഷിതന്നെയായ കാട്ടുവാലുകുലുക്കി (Forest wagtail)യെയും കേരളത്തില്‍ കാണാം. കൂടാതെ, വാലുകുലുക്കി പക്ഷികളോട് ബന്ധമുള്ള ചിലതരം പക്ഷികളും നമ്മുടെ നാട്ടിലുണ്ട്. വയല്‍ വരമ്പന്‍ (Paddy field Pipit), ചതുപ്പന്‍ (Richard’s Pipt), പാറനിരങ്ങന്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍പെടുന്നു.

ചിലപ്പന്‍ കിളികള്‍ (Babbler birds)

പേരുപോലെ തന്നെ വളരെ ഉച്ചത്തില്‍ ശബ്ദംവെക്കുന്ന പക്ഷികളാണ് ചിലപ്പന്‍ പക്ഷികള്‍. ഇവയെ നമുക്ക് ഏറെ സുപരിചിതമാണ്. നാട്ടിന്‍പുറങ്ങളില്‍ കരിയിലകള്‍ ധാരാളമായി വീണുകിടക്കുന്ന പ്രദേശങ്ങളില്‍ കൂട്ടമായെത്തി ചികഞ്ഞ് ഇരതേടുന്ന പക്ഷികള്‍ അന്തരീക്ഷത്തെ ആകെ മുഖരിതമാക്കും.നമുക്കേറെ പരിചിതമായത് ഇക്കൂട്ടത്തില്‍ കരിയിലക്കിളി (jungle babbler)യാണ്. കൂട്ടം തെറ്റാതിരിക്കാനും ശത്രുക്കളെപ്പറ്റി സൂചനകള്‍ നല്‍കാനും ഇവ ഇങ്ങനെ ശബ്ദംവെക്കാറുണ്ട്. കൂട് നിര്‍മാണവും കരിയലക്കിളികള്‍ കൂട്ടമായാണ് നിര്‍വഹിക്കുന്നത്
ഇവയുടെ കൂട്ടത്തില്‍ സഹ്യപര്‍വത നിവാസികളായ ചെഞ്ചിലപ്പന്‍ (Rufous babbler) നമ്മുടെ നാട്ടിലെ പൂത്താങ്കീരി (White headed babbler)കള്‍, സംഗീതം പൊഴിക്കുന്ന പുള്ളിചിലപ്പന്‍ (Spotted babbler) എന്നിവയും ഉള്‍പ്പെടുന്നു.

പഫിന്‍

ആഗോളതാപനം പോലുള്ള വിപത്തുകളുടെ ഫലമായി ഇന്ന് വംശനാശ ഭീഷണി ഏറ്റവും കൂടുതല്‍ നേരിട്ടുകൊണ്ടിരിക്കുന്ന പക്ഷി വര്‍ഗങ്ങളിലൊന്നാണ് പഫിന്‍. ധ്രുവ പ്രദേശങ്ങളാണ് ഈ പക്ഷിയുടെ പ്രധാന ആവാസകേന്ദ്രം.ശരീരത്തിന്‍െറ മുകള്‍ഭാഗം കറുപ്പ്  നിറത്തിലാണ്. അടിഭാഗം വെളുപ്പും.  നീന്താന്‍ പ്രത്യേക കഴിവുണ്ട് ഈ പക്ഷികള്‍ക്ക്. പറക്കാനും മിടുക്കരാണ്. ചുവന്നനിറത്തില്‍ തത്തയുടേതിന് സമാനമായ അല്‍പംവളഞ്ഞ ചുണ്ടുകളാണ് പഫിന്‍ പക്ഷിയുടേത്.ആഹാരം ജലജീവികളാണ്.  ഊളിയിട്ട് ജലജീവികളെ പിടികൂടാന്‍ പ്രത്യേക വൈദഗ്ധ്യമുണ്ട്. കൂടൊരുക്കുന്നത് കടല്‍ത്തീരങ്ങളിലെ പാറക്കെട്ടുകള്‍ക്കരികിലെ ചെറുമാളങ്ങളിലാണ്. ഒരു കാലത്ത് പെണ്‍പക്ഷി ഒരു മുട്ടമാത്രമേ ഇടാറുള്ളൂ. 45 ദിവസം അടയിരുന്നാണ് മുട്ട വിരിയുന്നത്. ആണ്‍പക്ഷിയും പെണ്‍പക്ഷിയും മാറിമാറി അടയിരിക്കുകയെന്നത് ഇവയുടെ പ്രത്യേകതയാണ്.

കാക്കത്താറാവ് (Cormorant)

നമ്മുടെനാട്ടില്‍ നീര്‍ക്കാക്കയെന്നാണ് ഇതിനെ വിളിക്കുന്നത്്. കറുത്തനിറമാണിതിന്. ഒരു പ്രത്യേക രീതിയില്‍ തിളങ്ങുന്ന ശരീരം. ജലപക്ഷിയായതിനാലാവാം ഈ തിളക്കം.
ജലത്തില്‍ മുങ്ങി ഇരപിടിക്കാന്‍ കാക്കത്താറാവ് കേമനാണ്. എണ്ണമയം കുറവായതിനാല്‍ കാക്കത്താറാവിന്‍െറ ചിറകുകള്‍ ജലം നനയുമ്പോള്‍ പരസ്പരം ഒട്ടിപ്പിടിക്കുന്നത് കാണാം. അതുകൊണ്ടുതന്നെ ഇരപിടിത്തം കഴിഞ്ഞ് വെയിലില്‍ ചിറകുകള്‍ വിടര്‍ത്തിയിരിക്കുന്ന കാക്കത്തറാവുകള്‍ നാട്ടിന്‍പുറങ്ങളിലെ കാഴ്ചയാണ്. കാലുകള്‍ ശരീരത്തിന്‍െറ പിന്‍ഭാഗത്തായതിനാല്‍ കരയില്‍ നടത്തം പ്രയാസമാണ്. കാല്‍വിരലുകള്‍ ചര്‍മങ്ങള്‍കൊണ്ട് ബന്ധിക്കപ്പെട്ടതാണ്. എന്നാല്‍, പറക്കാന്‍ പ്രയാസമില്ല. കൂടൊരുക്കുന്നത് മരക്കൊമ്പുകളിലാണ്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് കാക്കത്തറാവുകളുടെ പ്രജനനകാലം.

മഞ്ഞക്കണ്ണി (Yellow wattled lapwing)

ജലപരിസരങ്ങളിലൂടെ കൂട്ടംകൂടി നടക്കുന്ന പക്ഷികളാണ് മഞ്ഞക്കണ്ണികള്‍. ശിരസ്സില്‍ കറുത്ത തൊപ്പിപോലെ കാണാം. ഇതു നോക്കി മഞ്ഞക്കണ്ണികളെ തിരിച്ചറിയാം. കണ്ണിന്‍െറ ഭാഗത്തുനിന്നു താഴേക്ക് വെളുത്ത വര മഞ്ഞക്കണ്ണി പക്ഷികള്‍ക്കും കാണാം. ശരീരത്തിന്‍െറ മുന്‍ഭാഗവും ചിറകും തവിട്ടു നിറത്തിലാണ്.

ചേരക്കോഴി ( Darter/Snake bird)

കറുത്ത ശരീരവും നീണ്ട കഴുത്തുമുള്ള ചേരക്കോഴികള്‍ ജലപക്ഷികളാണ്. പുറത്തെ തൂവലുകള്‍, കഴുത്തിന്‍െറ മുകള്‍ ഭാഗം എന്നിവിടങ്ങളില്‍ വെളുത്തനിറം കാണാം. പൊതുവെ വലുപ്പമേറിയ പക്ഷികളാണിവ. ജലത്തില്‍ ചേരക്കോഴികള്‍ നീന്തുന്നതു കണ്ടാല്‍ ഒരു പാമ്പ് തലയുയര്‍ത്തിപ്പിടിച്ച്  നീങ്ങുകയാണെന്നേ തോന്നൂ. ശരീരം ജലത്തിനടിയിലും നീളന്‍ കഴുത്തും ശിരസ്സും മുകളിലുമായാണ്  ചേരക്കോഴിയുടെ സഞ്ചാരം. കൂര്‍ത്ത  മഞ്ഞ കൊക്കുകളാണ് ചേരക്കോഴികള്‍ക്കുള്ളത്.  ജലജീവികളെ പിടികൂടിയാണ് ഭക്ഷണം. നവംബറോടെ പ്രജനനകാലം തുടങ്ങും. പറക്കലില്‍ കേമന്മാരായ ചേരക്കോഴികള്‍ മരക്കൊമ്പുകളില്‍ കൂടൊരുക്കുന്നു.

കാളിക്കിളി (Starling)

സ്റ്റുമസ് കുടുംബക്കാരനായ കാളിക്കിളി ഏത് കാലാവസ്ഥയിലും ജീവിക്കാന്‍ ഇണങ്ങിയ ശരീരഘടനയുള്ള പക്ഷിയാണ്. വരണ്ട ഉഷ്ണമേഖലാ കാടുകളിലും അതിശൈത്യഭൂമികളിലും ഈ പക്ഷികളെ കണ്ടുവരുന്നു.നാട്ടുകാളിക്കിളി, ചാരത്തലക്കാളി, കരിന്തലച്ചിക്കാളി, പുള്ളിക്കാളിക്കിളി തുടങ്ങി ഒട്ടേറെ ഇനങ്ങള്‍ കാളിക്കിളി കൂട്ടത്തിലുണ്ട്. നമ്മുടെ മൈനയോട് സാമ്യമുള്ള പക്ഷിയാണിത്. മൈനയോളം തന്നെ വലുപ്പമുണ്ടാവും.കൂട്ടമായാണ് സഞ്ചാരം. ചില സംഘങ്ങളില്‍ ആയിരക്കണക്കിന് അംഗങ്ങളുണ്ടാവും. കാളിക്കിളികളില്‍ ഓരോന്നിനും ശാരീരിക നിറങ്ങള്‍ വ്യത്യസ്തമാണ്. ശരീരത്തിന്‍െറ മുന്‍ഭാഗത്തും കഴുത്തിനു കീഴിലും ചെമ്പന്‍ നിറവും പുറത്ത് ചാരനിറവുമാണ് ചാരത്തലക്കാളിക്കിളിക്ക്. പുള്ളിക്കാളിക്കിളിയുടെ സവിശേഷത അതിന്‍െറ നീണ്ട ചുണ്ടുകളാണ്. ശലഭങ്ങള്‍, ഷഡ്പദങ്ങള്‍, പഴവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയാണ് കാളിക്കിളികളുടെ ആഹാരം.

ഗൗളിക്കിളി

കാട്ടിലും നാട്ടിലും ഒരുപോലെ വസിക്കാനിഷ്ടപ്പെടുന്ന ചെറുപക്ഷിയാണ് ഗൗളിക്കിളി. മരക്കൊമ്പുകളില്‍ ഏത് രീതിയിലും പിടിച്ചുനടക്കാന്‍ ഈ കുഞ്ഞുപക്ഷിക്കാവും. മച്ചില്‍ നടക്കുന്ന പല്ലിയെപ്പോലെ അദ്ഭുതപ്രവൃത്തികള്‍ ചെയ്യുന്നതിനാലാവാം ഈ പക്ഷിക്ക് ഗൗളിക്കിളി എന്ന് പേര് ലഭിച്ചത്. ശരീരത്തിന്‍െറ മുകള്‍ ഭാഗത്ത് നീലകലര്‍ന്ന വയലറ്റ് നിറവും അടിഭാഗം ചുവപ്പുകലര്‍ന്ന തവിട്ട് നിറത്തിലുമാണ്. കഴുത്തില്‍ വെളുപ്പ് നിറം കാണാം. കറുത്ത നെറ്റിത്തടവും കറുത്ത ചുണ്ടുകളുടെ അഗ്രഭാഗവും ഈ പക്ഷിയെ തിരിച്ചറിയാന്‍ സഹായിക്കും. ഒരു പ്രത്യേകതരം മഞ്ഞനിറം ഈ പക്ഷിയുടെ കണ്ണുകള്‍ക്കുണ്ട്. മരത്തില്‍ ഓടുന്ന ഈ പക്ഷി ശബ്ദിച്ചുകൊണ്ടേയിരിക്കും. ഭക്ഷണം പുഴു, ശലഭങ്ങള്‍ തുടങ്ങിയവയാണ്. മരത്തിലെ പൊത്തുകള്‍ കൂടാക്കി മാറ്റും. ജനുവരി മുതല്‍ പ്രജനനകാലം തുടങ്ങും.

ബേഡ്സ് ഓഫ് പാരഡൈസ് (Birds of Paradise )

പേരുപോലെത്തന്നെ പറുദീസയിലെ പക്ഷികളെന്നുതോന്നും ബേഡ്സ് ഓഫ് പാരഡൈസുകളെ കണ്ടാല്‍. അത്രക്ക് സുന്ദരന്മാരാണ് ഈ പക്ഷികള്‍. ആസ്ട്രേലിയയിലും ന്യൂഗിനിയ, മൊലുക്ക എന്നിവിടങ്ങളിലുമൊക്കെ ബേഡ്സ് ഓഫ് പാരഡൈസുകളെ കാണാം. ഇവിടത്തെ ഉഷ്ണ മേഖലാ വനങ്ങളിലാണ് ഇവ ആവാസമുറപ്പിക്കുന്നത്.
സാധാരണയായി ഒരു മീറ്റര്‍വരെ നീളമുള്ള വലിയ ശരീരമാണ് ഇവയുടേത്. സൗന്ദര്യത്തിന്‍െറ കാര്യത്തില്‍ പെണ്‍പക്ഷികളേക്കാള്‍ സുന്ദരന്മാര്‍ ആണ്‍പക്ഷികളാണ്. കാരണം, ആണ്‍പക്ഷികളുടെ ചിറകുകളുടെ വര്‍ണവിന്യാസങ്ങള്‍ പെണ്‍പക്ഷികളുടെ ചിറകുകളെ അപേക്ഷിച്ച് മനോഹരമാണ്.
ഉച്ചത്തില്‍ ശബ്ദംവെക്കുന്ന ഈ പക്ഷികളുടെ ശബ്ദത്തിന് മാധുര്യം കുറവാണ്. പ്രജനനകാലത്ത് പെണ്‍പക്ഷികളാണ് കൂടുകെട്ടുന്നത്. ഒരു കപ്പിന്‍െറ ആകൃതിയാണ് കൂടിന്. ചില്ലകള്‍, ഇലകള്‍ എന്നിവ ഉപയോഗപ്പെടുത്തിയാണ് കൂട് നിര്‍മാണം. മുട്ടകള്‍ വരകളോടുകൂടിയതാണ്. 43ഓളം ഇനങ്ങള്‍ ഇക്കൂട്ടരിലുണ്ട്. ലിറ്റില്‍ കിങ്, കിങ് ഓഫ് സാക്സണി എന്നിവ ഇവയിലെ ഭീമാകാരന്മാരും സുന്ദരന്മാരുമാണ്.

ഓയില്‍ ബേഡ്

തെക്കേ അമേരിക്കയിലാണ് ഓയില്‍ ബേഡുകളെ സാധാരണ കണ്ടുവരുന്നത്. നൈറ്റ് ജര്‍ പക്ഷികളോടാണ്  ഓയില്‍ ബേഡുകള്‍ക്ക് കൂടുതല്‍ സാമ്യം. തവിട്ട്-ചുകപ്പ് നിറങ്ങള്‍ കൂടിക്കലര്‍ന്ന ശരീരം. കാലുകള്‍ ചെറുതാണ്. ഒരു കൊളുത്തിന് സമാനമാണ് ഓയില്‍ ബേഡുകളുടെ കൊക്ക്.
എണ്ണപ്പന വളര്‍ന്നുനില്‍ക്കുന്നിടങ്ങളാണ് ഇവയുടെ പ്രധാന ആവാസകേന്ദ്രങ്ങള്‍. പകല്‍ സമയങ്ങളില്‍ പൂര്‍ണ വിശ്രമത്തിലാണ്. രാത്രികളിലാണ് ഭക്ഷണം തേടിയിറങ്ങല്‍. അതിനുയോജിച്ച കാഴ്ചശേഷിയാണ് ഓയില്‍ ബേഡുകള്‍ക്കുള്ളത്

ഗ്രൗസ്

ചെറിയ ഇനം കോഴിവര്‍ഗക്കാരാണ് ഗ്രൗസ് പക്ഷികള്‍. ആര്‍ടിക് മേഖലകളിലാണിവയെ കണ്ടുവരുന്നത്. ഇതില്‍ 25ഓളം ഇനങ്ങളുണ്ടെന്നാണ് കണക്ക്. കട്ടിയേറിയ ചുണ്ടുകളും മനോഹരങ്ങളായ തൂവലുകളും ഗ്രൗസുകള്‍ക്കുണ്ട്. കാലുകള്‍ ചികയുവാനനുയോജ്യമാണ്. പ്രാണികള്‍, സസ്യഭാഗങ്ങള്‍ തുടങ്ങിയവയാണ് ഗ്രൗസുകളുടെ ഭക്ഷണം. വനങ്ങള്‍, പൊന്തക്കാടുകള്‍, പുല്‍മേടുകള്‍ തുടങ്ങിയവയാണ് ഗ്രൗസുകളുടെ ആവാസസ്ഥാനം. ജീവിത സാഹചര്യങ്ങള്‍ക്കിണങ്ങുന്ന നിറത്തിലുള്ള തൂവലുകളും ഗ്രൗസുകള്‍ക്കുണ്ടത്രെ. ചുവപ്പ്, തവിട്ട്, ചാര നിറങ്ങള്‍ ശരീരത്തില്‍ കാണാം.  ഒരിടത്തുതന്നെ കഴിയാനിഷ്ടപ്പെടുന്നവയാണ് ഗ്രൗസ്പക്ഷികളിലധികവും. എന്നാല്‍, ദേശാടനം ചെയ്യുന്നവയും ഇവക്കിടയിലുണ്ട്. ഇണയെ ആകര്‍ഷിക്കാനായി ഇവ ഒരു പ്രത്യേകതരം ശബ്ദംതന്നെ പുറപ്പെടുവിക്കാറുണ്ട്. പ്രജനന കാലത്ത് ഗ്രൗസുകള്‍ കൂട്ടമായി ഇത്തരം ശബ്ദം പുറപ്പെടുവിക്കും. ഓരോന്നിനും ഒന്നിലധികം ഇണകള്‍ ഉണ്ടാകും. ഇതിലെ ഒരു പ്രധാന ഇനമാണ് അമേരിക്കയില്‍ കണ്ടുവരുന്ന റഫ്ഡ് ഗ്രൗസ്.

കറുത്ത അരയന്നം

കറുത്ത നിറത്തില്‍ കാണപ്പെടുന്നതിനാലാണ് ഈ അരയന്നങ്ങള്‍ക്ക് ഈ പേര് ലഭിച്ചത്. കറുത്ത ശരീരമുള്ള ഇവയുടെ ചുണ്ടുകളും ചേര്‍ന്നുള്ള ഭാഗങ്ങളും വെള്ളകലര്‍ന്ന കടും ചുവപ്പാണ്. കറുത്ത ശരീരത്തില്‍ അവിടവിടെയായി വെളുത്ത തൂവലുകളും കാണാം. എല്ലാംകൂടി മറ്റൊരു അരയന്ന സുന്ദരനാക്കി മാറ്റുന്നു ഈ പക്ഷിയെ.
നല്ല വലുപ്പമുള്ള പക്ഷിയാണിത്. ഒരു കഴുകനോളം വലുപ്പമുണ്ടാകും പ്രായമായ ഒരു കറുത്ത അരയന്നത്തിന്. നീളന്‍ കഴുത്തും ഉയര്‍ത്തി ജലത്തിലൂടെ ഈ അരയന്ന സുന്ദരന്‍ നീന്തിപ്പോകുന്നത് കൗതുകമുള്ള കാഴ്ചയാണ്. ഭക്ഷണം ജലജീവികളാണ്. ജലസസ്യങ്ങളും ആഹരിക്കും. ജലാശയങ്ങളുടെ കരയിലാണ് ഇവ കൂടൊരുക്കുന്നത്.

ഞാറ

പെലിക്കണ്‍ എന്നറിയപ്പെടുന്ന ഞാറപ്പക്ഷികള്‍ പക്ഷികളിലെ ആദിമവര്‍ഗക്കാരെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഏകദേശം നാലു കോടി വര്‍ഷമെങ്കിലും പഴക്കമുള്ള പക്ഷിവര്‍ഗക്കാരായ ഞാറകള്‍ ജലപക്ഷികളാണ്. യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ വന്‍കരകളില്‍ ധാരാളമായി കണ്ടുവരുന്നു. ജലത്തിലും ചതുപ്പിലും പുല്‍മേടുകളിലുമൊക്കെ ഞാറകള്‍ വിഹരിക്കുന്നു. ജലത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഇവയുടെ ഇരപിടിത്തം.
ഇവയുടെ ഏറ്റവും വലിയ സവിശേഷത നീളമേറിയ തടിച്ച കൊക്കിനു കീഴിലെ കട്ടിയേറിയ തോല്‍സഞ്ചിയാണ്. ഈ തോല്‍സഞ്ചിക്കായി ഇവയെ വന്‍തോതില്‍ കൊന്നൊടുക്കുന്നത് ഇവയുടെ വംശത്തിന്‍െറ നിലനില്‍പിനുതന്നെ ഭീഷണിയായിരിക്കയാണ്. മരുന്നുകള്‍, വാളുറ തുടങ്ങിയവ നിര്‍മിക്കാനാണത്രെ ഈ തോല്‍സഞ്ചി പ്രയോജനപ്പെടുത്തുന്നത്. കൂടാതെ ഇവയുടെ തോല്‍, തൂവല്‍ തുടങ്ങിയവയും വ്യവസായങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. ഒരുപക്ഷി കൊല്ലത്തില്‍ രണ്ടോ മൂന്നോ മുട്ടകളേയിടൂ. അടയിരിപ്പുകാലം 40 ദിവസമാണ്.

ലൂണ്‍

ജീവിതത്തിന്‍െറ 99 ശതമാനവും ജലത്തില്‍ കഴിയുന്ന പക്ഷിയാണ് ലൂണ്‍. 90 സെ.മീറ്റര്‍ വരെ വലുപ്പംവെക്കുന്ന ലൂണുകള്‍ പത്തുവര്‍ഷത്തോളം ആയുര്‍ദൈര്‍ഘ്യമുള്ള പക്ഷികളാണ്. യൂറോപ്പ്, വടക്കെ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിലാണ് ലൂണ്‍ പക്ഷികളുടെ ആവാസം. Gavia immer എന്ന് ശാസ്ത്രനാമം.ആണ്‍പക്ഷികളാണ് ശരീരവലുപ്പത്തിന്‍െറ കാര്യത്തില്‍ മുന്നില്‍. കൊക്ക് നീളമേറിയതും ഒരു കഠാരയുടെ ആകൃതിയുള്ളതുമാണ്. ഇരപിടിത്തത്തിന് തികച്ചും അനുയോജ്യമാണിത്. ജലത്തില്‍മുങ്ങി ഇരകളെ കണ്ടെത്തുകയും ജലത്തില്‍വെച്ചുതന്നെ  കൊന്നുതിന്നുകയും ചെയ്യും.  എന്നാല്‍, വലിയ ഇരകളെ ഭക്ഷിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ ജലത്തില്‍ വെച്ച് ഭക്ഷിക്കാറില്ല. ഇരയെ ജലപ്പരപ്പില്‍ കൊണ്ടുവന്നശേഷമാണ് ഭക്ഷണമാക്കുക.
ഇവയുടെ കാലുകള്‍ ഘടിപ്പിച്ചിരിക്കുന്നത് ശരീരത്തിന്‍െറ ഏറെ പിന്നിലായാണ്. അതുകൊണ്ട് നടത്തം എളുപ്പമല്ല. എന്നാല്‍, കാലുകളുടെ ഈ ഘടന ജലസഞ്ചാരത്തിന് ഏറെ അനുഗുണമാണുതാനും. അതുകൊണ്ടുതന്നെയാവാം ലൂണ്‍പക്ഷികള്‍ ജീവിതം മുഴുവന്‍ ജലത്തില്‍ കഴിയാനിഷ്ടപ്പെടുന്നത്. ഇണചേരേണ്ട അവസരങ്ങളില്‍ മാത്രമേ ലൂണ്‍ പക്ഷികള്‍ കരയിലെത്താറുള്ളൂ. വൈകാതെ തന്നെ പക്ഷികള്‍ ജലത്തില്‍ തിരികെ എത്തുകയും ചെയ്യും. ലൂണ്‍ പക്ഷികള്‍ കൂടൊരുക്കുന്നതും ജലപരിസരങ്ങളിലാണ്.

ഇന്ത്യന്‍ സ്കിമ്മര്‍

ഇന്ത്യന്‍ സ്കിമ്മറുകളെ ഇന്ത്യ, പാകിസ്താന്‍, ബംഗ്ളാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ കാണാം. ശാസ്ത്രനാമം Rynhops albicollis. കടല്‍പ്പക്ഷിയാണ് ഇന്ത്യന്‍ സ്കിമ്മര്‍. ദേശാടനപ്പക്ഷികളാണിവ. ഇന്ത്യയുടെ അയല്‍രാജ്യമായ നേപ്പാളിലേക്കാണ് പലപ്പോഴും ഇന്ത്യന്‍ സ്കിമ്മര്‍ പക്ഷികളുടെ ദേശാടനം. കൂട്ടംചേര്‍ന്ന് കാണപ്പെടുന്ന ഈ പക്ഷികളെ തിരിച്ചറിയാന്‍ എളുപ്പമാണ്. ശരീരത്തില്‍ കറുപ്പും വെളുപ്പും തൂവലുകള്‍ ഇടകലര്‍ന്നു കാണാം. ചുവന്ന ചുണ്ടുകളും കാലുകളും ഇന്ത്യന്‍ സ്കിമ്മറുകള്‍ക്കുണ്ട്. പെണ്‍പക്ഷി ആണ്‍പക്ഷിയെ അപേക്ഷിച്ച് ചെറുതായിരിക്കും. കോരികയുടെ ആകൃതിയാണിവയുടെ ചുണ്ടുകള്‍ക്ക്. സാധാരണയായി കൂട്ടംചേര്‍ന്ന് കാണപ്പെടുമെങ്കിലും ചിലപ്പോള്‍ ഇന്ത്യന്‍ സ്കിമ്മറുകള്‍ തനിച്ചും സഞ്ചരിക്കും. പ്രത്യേകിച്ച്, ഇരതേടുന്ന സന്ദര്‍ഭങ്ങളില്‍. പകലും രാത്രിയും ഇരതേടുന്ന പതിവുണ്ട്.സാധാരണ ഒരു ഇന്ത്യന്‍ സ്കിമ്മറിന്‍െറ വലുപ്പം 40 സെന്‍റിമീറ്ററാണ്്. ഫെബ്രുവരി മുതലാണ് ഇവയുടെ പ്രജനനകാലം ആരംഭിക്കുന്നത്. ഇത് മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങള്‍ നീണ്ടുനില്‍ക്കും. മത്സ്യങ്ങളാണ് പ്രധാന ആഹാരം. മറ്റു ജലജീവികളെയും ഭക്ഷണമാക്കാറുണ്ട്. കടലില്‍ രാസവിഷങ്ങളുടെ വ്യാപനം ഇന്ത്യന്‍ സ്കിമ്മറുകളെ വംശനാശത്തിലേക്ക് എത്തിച്ചുകൊണ്ടിരിക്കയാണ്.

മരത്തുള്ളന്‍

സ്ളേറ്റ് നിറത്തിലുള്ള മുകള്‍ഭാഗവും തവിട്ട് നിറത്തിലുള്ള അടിഭാഗവും മരത്തുള്ളന്‍ പക്ഷിയുടെ പ്രത്യേകതയാണ്. വൃക്ഷങ്ങളില്‍ ഓടിനടക്കുന്ന ഈ പക്ഷി മരത്തിന്‍െറ വിള്ളലുകളില്‍ ഒളിച്ചുകഴിയുന്ന ഇരകളെ പുറത്തുചാടിച്ച് ഭക്ഷണമാക്കും. കൂടാതെ കട്ടിയേറിയ പുറന്തോടുകളോടു കൂടിയ ഫലങ്ങള്‍ പൊട്ടിച്ച് അകത്തെ ഭക്ഷ്യയോഗ്യമായ ഭാഗം പുറത്തെടുത്ത് കഴിക്കാനും മരത്തുള്ളന്‍ പക്ഷികള്‍ക്ക് കൗശലം കൂടും. മരപ്പൊത്തുകളിലാണ് മരത്തുള്ളന്‍ പക്ഷികള്‍ കൂടൊരുക്കുന്നത്. മുട്ടയിട്ട് അടയിരിക്കാറാവുമ്പോള്‍ കൂട്ടിലേക്കുള്ള പ്രവേശ കവാടം ചളികൊണ്ടോ മറ്റോ അടച്ച് ചെറുതാക്കാറുണ്ട് ഈ പക്ഷി. പക്ഷി മുട്ടയില്‍ ചുവന്ന പുള്ളി കത്തുകള്‍ കാണാം. തനിച്ചും ഇണയോടൊപ്പവും സഞ്ചരിക്കും. ‘സിറ്റിഡേ’ കുടുംബക്കാരനാണ് ഈ പക്ഷി.

തവളവായ പക്ഷി

ആസ്ട്രേലിയയിലും ദക്ഷിണ ഏഷ്യയിലും നമ്മുടെ ഭാരതത്തിലും ശ്രീലങ്കയിലുമൊക്കെ കണ്ടുവരുന്ന നിശാപക്ഷിയാണ് തവളവായ പക്ഷി. Batrachostomns species എന്ന് ശാസ്ത്രനാമം. വീതിയേറിയ വായയും ചുണ്ടും നീളന്‍ നാവുമൊക്കെയുള്ള ഈ പക്ഷിക്ക് ഒറ്റനോട്ടത്തില്‍ മൂങ്ങയോടാണ് സാദൃശ്യം. തൂവലുകള്‍ക്ക് നരകലര്‍ന്ന തവിട്ട് നിറമുണ്ട്. ഈ നിറം കാരണം മരക്കൊമ്പിലിരിക്കുന്ന തവളവായ പക്ഷിയെയും മരക്കൊമ്പിനെയും പെട്ടെന്ന് തിരിച്ചറിയാനാവില്ല.പറക്കുന്ന കാര്യത്തില്‍ ഇവ കേമന്മാരല്ല. എന്നാല്‍, വേഗംകൂടിയ പക്ഷികളിലൊന്നാണ്. പാട്ടുപാടുന്ന പക്ഷിയെന്ന ഖ്യാതിയും തവളവായ പക്ഷിക്കുണ്ട്. ഇതിന്‍െറ ശബ്ദം ഒരുതരം അലര്‍ച്ചപോലെയാണ്. കൂട് നിര്‍മിക്കാറില്ല. മരക്കൊമ്പുകളില്‍ കാണുന്ന വിള്ളലുകളിലും മറ്റുമാണ് മുട്ടയിട്ട് അടയിരിക്കുക. പകല്‍ ആണ്‍പക്ഷിയും രാത്രി പെണ്‍പക്ഷിയുമാണ് അടയിരിക്കുക. വലുപ്പം അരമീറ്ററോളമാണ്.

സ്കുവ

സ്കുവയുടെ ശാസ്ത്രനാമം catharactaus species എന്നത്രെ. അമേരിക്ക, ആഫ്രിക്ക തുടങ്ങിയ വന്‍കരകളില്‍ ധാരാളമായി കാണാം. സ്കുവകളില്‍ ആര്‍ട്ടിക് സ്കുവ, ഗ്രേറ്റ് സ്കുവ, പോമറിന്‍ സ്കുവ തുടങ്ങി ഏറെ ഇനങ്ങളുണ്ട്.അരമീറ്ററിലേറെ വലുപ്പമുള്ള പക്ഷിയാണ് സ്കുവ. ഒറ്റനോട്ടത്തില്‍ വലിയ കടല്‍കാക്കളാണെന്ന് തോന്നാം. വളഞ്ഞ അഗ്രഭാഗത്തോടുകൂടിയ കൊക്ക് ഈ പക്ഷികളുടെ പ്രത്യേകതയാണ്്. കൂടാതെ പാദങ്ങ്ളില്‍ കൂര്‍ത്ത നഖങ്ങളും. ഇവയെല്ലാം ഇരപിടിത്തത്തിന് അനുയോജ്യമാണ്. അല്‍പം ഇരുണ്ട ശരീരത്തിലെ ചിറകുകളില്‍ പുള്ളികള്‍ കാണാം.മത്സ്യം, മറ്റ് ജലജീവികള്‍, ചെറുപക്ഷികള്‍, ഷഡ്പദങ്ങള്‍, ചീഞ്ഞ ശവശരീരങ്ങള്‍ തുടങ്ങിയവയൊക്കെ സ്കുവകള്‍ ആഹാരമാക്കും. പ്രജനന കാലം ഏപ്രിലില്‍ ആരംഭിക്കും. മറ്റ് പക്ഷികളുടെ ഇരകളെ തട്ടിയെടുത്ത് ഭക്ഷിക്കുന്നതും സ്കുവകളുടെ പ്രത്യേകതയാണ്. വായുവില്‍ ഒരഭ്യാസിയെപ്പോലെ കറങ്ങിയാണ് മറ്റ് പക്ഷികളെ ആക്രമിക്കുക.

ഓക്ക്

ഒറ്റനോട്ടത്തില്‍ പെന്‍ഗ്വിനുമായി വല്ലാത്ത സാദൃശ്യം തോന്നുന്ന കടല്‍പ്പക്ഷിയാണ് ഓക്ക്. Penguinus impennis എന്നാണ് ഓക്ക് പക്ഷിയുടെ ശാസ്ത്രനാമം. കാണപ്പെടുന്നത് ഗ്രീന്‍ലന്‍ഡ്, ബ്രിട്ടന്‍, ഐസ്ലന്‍ഡ്, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയവയോടടുത്ത ദ്വീപ് മേഖലകളില്‍. സാധാരണയായി ഓക്ക് പക്ഷി മുക്കാല്‍മീറ്ററോളം വലുപ്പംവെക്കും.ശരീരത്തിന്‍െറ പുറംഭാഗത്ത് കറുപ്പ് നിറവും അടിഭാഗം വെളുപ്പ് നിറത്തിലുമാണ്. എന്നാല്‍, അവിടവിടെയായി തവിട്ട് നിറവും കാണാം. വെള്ളത്തില്‍ മുങ്ങി ഇരപിടിക്കുന്ന സ്വഭാവക്കാരാണ് ഓക്കുകള്‍. മത്സ്യങ്ങള്‍, മറ്റു ജലജീവികള്‍ തുടങ്ങിയവയെ ആഹരിക്കും. വര്‍ഷത്തില്‍ ഒരു മുട്ട മാത്രമാണ് ഓക്ക് പക്ഷികളിടുക. പെന്‍ഗ്വിനുകളെപ്പോലെ സംഘംചേര്‍ന്ന് ജീവിക്കുകയും പ്രജനനകാലങ്ങളില്‍ ശബ്ദംവെക്കുകയും ചെയ്യും. ഇതില്‍ ഭീമന്‍ ഓക്കുകള്‍ കൂടിയുണ്ട്. ഇവയെ വേട്ടയാടി ഇന്ന് വംശനാശത്തിന്‍െറ വക്കിലെത്തിച്ചിരിക്കുകയാണ് മനുഷ്യര്‍.

ചെങ്കണ്ണി (Red Wattled Lapwing)

മണല്‍ക്കോഴികളുമായി ബന്ധമുള്ള വംശമാണിവയുടേത്. ഇന്ത്യയില്‍ മിക്കവാറും പ്രദേശങ്ങളില്‍ ഇവയെ കാണാം.  തവിട്ട് നിറത്തിലാണ് ശരീരത്തിന്‍െറ മേല്‍ഭാഗവും ചിറകുകളും. ശരീരത്തിന്‍െറ അടിഭാഗത്തെ നിറം വെളുപ്പാണ്. ശിരസ്സും കഴുത്തും കറുപ്പ് നിറത്തില്‍. ഇവയുടെ നേത്രഭാഗത്തുനിന്നും ചിറകുകളുടെ വശങ്ങളിലേക്ക്  വെള്ളനിറം പടരുന്നത് കാണാം.താമസവും ഇരതേടലും പാറയിടുക്കുകളിലും പുല്‍പ്രദേശങ്ങളിലുമൊക്കെയാണ്. പുഴുക്കള്‍, വണ്ടുകള്‍, ഉറുമ്പുകള്‍ തുടങ്ങിയവയെ ആഹരിക്കും. രാവും പകലും ഒരുപോലെ ഇരതേടും. പ്രജനനകാലം മാര്‍ച്ചില്‍ ആരംഭിച്ച് സെപ്റ്റംബറോടെ അവസാനിക്കുന്നു. മണ്ണില്‍ കുഴികള്‍ നിര്‍മിച്ച് അതില്‍ മൂന്നുനാല് മുട്ടകളിടും. ഒരു മാസമാണ് അടയിരുപ്പ് കാലം. നമ്മുടെ നാട്ടില്‍ ഈ പക്ഷിയെ ‘ചെങ്കണ്ണി തിത്തിരി’യെന്നും വിളിക്കാറുണ്ട്.

സിലോണ്‍ കുട്ടുറുവന്‍ (Brown Headed Barbet)

കാട്ടില്‍ വസിക്കുന്ന പക്ഷിയാണ് സിലോണ്‍ കുട്ടുറുവന്‍. ചിന്ന കുട്ടുറുവനെ അപേക്ഷിച്ച് അല്‍പം വലുപ്പം കൂടുതല്‍ സിലോണ്‍ കുട്ടുറുവനാണ്. ചുവന്ന കൊക്കും കണ്ണിനു സമീപം ഓറഞ്ച് നിറവുംഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നു. മരപ്പൊത്തുകളാണ് വാസസ്ഥാനങ്ങള്‍. മുഴക്കമുള്ള  ശബ്ദം പുറപ്പെടുവിക്കും. ഇതേ വര്‍ഗത്തില്‍പെടുന്ന ഒട്ടേറെ ഇനം പക്ഷികളെ നമ്മുടെ നാട്ടില്‍ കാണാം. അതിലൊന്ന് ആല്‍ക്കിളി (Crimson throated barbet) ഈ വര്‍ഗക്കാരന്‍ തന്നെ.

തീക്കാക്ക (Malabar Trogon)

ട്രോഗോണി ഹോര്‍മിസ് വര്‍ഗത്തില്‍പെട്ട പക്ഷിയാണ് തീകാക്ക. പശ്ചിമമലനിരകളില്‍ കാണപ്പെടുന്ന പക്ഷികളെ ഇന്ത്യയിലെ ഒഡിഷ പോലുള്ള ചില സംസ്ഥാനങ്ങളിലും കണ്ടുവരുന്നു. ചെറുതും പരന്നതുമായ കൊക്കാണ് തീ കാക്കയുടേത്. നാല് വിരലുകളാണ് കാലിലുള്ളത്. കറുത്ത നിറമാണ് ചിറകിന്. ചിറകില്‍ വെളുത്ത വരകളുണ്ട്.
തീകാക്കകളിലെ ആണ്‍പക്ഷിയുടെ കഴുത്തും മുകളിലേക്കുള്ള ഭാഗവും കറുപ്പാണ്. എന്നാല്‍, കഴുത്ത്, നെഞ്ച് എന്നിവയെ വെളുത്ത വളയംകൊണ്ട് വേര്‍ തിരിക്കുന്നു. നെഞ്ചിനുതാഴെ ചുവപ്പ് നിറമാണ്. പെണ്‍പക്ഷികള്‍ക്ക് ഇവിടെ തവിട്ട് നിറമാണ്. ഫെബ്രുവരിയോടെ തീകാക്കയുടെ പ്രജനനകാലം  തുടങ്ങുന്നു. ഭക്ഷണം ചെറുകീടങ്ങളും പ്രാണികളുമൊക്കെയാണ്. ഉണങ്ങിയമരങ്ങളുടെ പൊത്തുകള്‍ തീകാക്ക വാസസ്ഥാനങ്ങളാക്കുന്നു.

നെല്ലിക്കോഴി (Rails and Crakes)

കുളക്കോഴികളുടെ വംശത്തില്‍ പിറന്നവരാണ് നെല്ലിക്കോഴികള്‍. വയലുകളിലും ചതുപ്പുനിലങ്ങളിലും കാട്ടുപൊന്തകളിലുമൊക്കെ നെല്ലിക്കോഴികളെ കാണാം. മണ്ണിന്‍െറ നിറമുള്ള ശരീരവും ചുവന്ന കണ്ണുകളും കാലുകളും മടങ്ങിയ ചിറകുമൊക്കെ നെല്ലിക്കോഴികള്‍ക്കുണ്ട്. വാല്‍ ഉയര്‍ത്തിയും താഴ്ത്തിയും ഇരതേടുക ഇവയുടെ സ്വഭാവമാണ്. ചുവന്ന നെല്ലിക്കോഴി (Ruddy Crake) യെ കൂടാതെ തവിടന്‍ നെല്ലിക്കോഴി (Slaty legged Banded Crake) എന്നൊരു ഇനമുണ്ട്. ഇതിന്‍െറ തലയും കഴുത്തും തവിട്ടുനിറം കലര്‍ന്ന ചുവപ്പാണ്. കാലുകള്‍ക്ക് സ്ളേറ്റ് നിറമായതിനാലാണ് തവിടന്‍ നെല്ലിക്കോഴിയെ ഇംഗ്ളീഷില്‍ Slaty legged Banded Crake എന്നു പറയുന്നത്.

ചിന്ന കുട്ടുറുവന്‍ (Small Green Barbet)

പച്ചില അടവന്‍ എന്നാണ് ചിന്നകുട്ടുറുവന്‍െറ മറ്റൊരുപ്പേര്. മഞ്ഞകലര്‍ന്ന പച്ചനിറത്തില്‍ കാണപ്പെടുന്ന ഈ പക്ഷി നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സര്‍വസാധാരണമാണ്. ശിരസ്സ്, കഴുത്ത് എന്നീ ഭാഗങ്ങളില്‍ നേരിയ തവിട്ടുനിറം കാണാറുണ്ട്. കണ്ണുകള്‍ക്കുസമീപം വെളുത്തപാടുകളുണ്ടാവും. തടിച്ച ചുണ്ടുകള്‍ക്ക് നീളം കുറവാണ്. ഞാവല്‍, ആല്‍, ചാമ്പ തുടങ്ങിയ മരങ്ങളില്‍ ഭക്ഷണം തേടുന്നത് കാണാം. മരപ്പൊത്തുകളാണ് വാസസ്ഥാനം.

പനങ്കാക്ക (Indian Roller)

വയലുകളിലും മറ്റ് കൃഷിയിടങ്ങളിലുംമൊക്കെ ഇടക്ക് കാണപ്പെടുന്ന പക്ഷിയാണ് പനങ്കാക്ക. വലിയതലയും തടിച്ച ശരീരവും പനങ്കാക്കക്കുണ്ടായിരിക്കും. വാല്‍ ചെറുതും. തലയുടെ താഴെഭാഗങ്ങള്‍ തവിട്ട് നിറത്തിലാണ്. ശരീരത്തിന്‍െറ അടിഭാഗത്തും ചിറകുകളിലും നീലനിറം വ്യാപിച്ചിരിക്കുന്നത് കാണാം.
ഒരു വലിയ  മരത്തിന്‍െറ ശിഖരത്തിലിരിക്കുന്ന പനങ്കാക്ക മണ്ണിലിഴയുന്ന ചെറിയ ഇരയെ നിഷ്പ്രയാസം കണ്ടെത്തും. താഴേക്ക് പറന്നുവന്ന് ഞൊടിയിടയില്‍ അതിനെ കൊത്തിയെടുക്കുകയും ചെയ്യും. വലിയ ഇരകളെയാണ് പിടിക്കുന്നതെങ്കില്‍ പനങ്കാക്ക മരത്തില്‍ തല്ലി ഇരയെ വകവരുത്തിയതിനുശേഷം ഭക്ഷിക്കും. സാധാരണയായി കൃഷിയിടങ്ങള്‍ക്കു സമീപത്തെ തെങ്ങിലും പനയിലുമൊക്കെ ഈ പക്ഷികളെ കാണാം. കാട്ടുപനങ്കാക്ക (ഡോളര്‍ ബേര്‍ഡ്) ഈ വര്‍ഗത്തില്‍പെട്ട പക്ഷിയാണ്.

റോസ് കുരുവി (Rose Sparrow)

റോസ് നിറത്തില്‍ ചെറിയ വരകളുള്ള ഇവയുടെ ശരീരം സുന്ദരമാണ്. തടിച്ച, നീളംകുറഞ്ഞ കൊക്കുകളാണ് ഈ പക്ഷിയുടേത്. തലഭാഗം നല്ല ചുവപ്പ് നിറത്തിലായിരിക്കും. ചെറുവനങ്ങളിലും കുറ്റിക്കാടുകളിലും കഴിയാനിഷ്ടപ്പെടുന്ന റോസ് കുരുവി ചെറിയ വിത്തുകള്‍ ഭക്ഷിക്കുന്നു. കൂട്ടമായാണ് ഇര തേടുക. വളരെ വേഗത്തില്‍ പറക്കും. മരങ്ങളില്‍ ചേക്കേറുകയും കൂടുവെക്കുകയും ചെയ്യും.


ഹിമാലയന്‍ മോണല്‍

എഴുപത്തിരണ്ട് സെ.മീറ്റര്‍ നീളമുള്ള വലിയ പക്ഷികളാണ് ഹിമാലയന്‍ മോണലുകള്‍. ഭാരതത്തില്‍ വടക്കു-കിഴക്ക് ഭാഗങ്ങളില്‍ കണ്ടുവരുന്ന ഈ പക്ഷികള്‍ മയിലിനോട് സാദൃശ്യമുള്ളവയാണ്. തൂവലുകള്‍ക്ക് നീലനിറമാണ്. അടിഭാഗത്തെ തൂവലുകള്‍ കറുപ്പ് നിറത്തിലും. ശിരസ്സില്‍ മയിലുകളെപ്പോലെ ഒരു നീളന്‍ പൂവ് ഹിമാലയന്‍ മോണലിനും കാണാം. ഷഡ്പദങ്ങള്‍, പുഴുക്കള്‍, ധാന്യങ്ങള്‍, കായ്കനികള്‍ എന്നിവയൊക്കെ ഹിമാലയന്‍ മോണല്‍ പക്ഷികള്‍ ആഹരിക്കും.


കാക്കപോ (Kakapo)


മൂങ്ങത്തത്ത എന്ന പേരില്‍ അറിയപ്പെടുന്നതും തത്തവര്‍ഗത്തില്‍ പെട്ടതുമായ അപൂര്‍വയിനം പക്ഷിയാണ് കാക്കപോ. പറക്കാനാവാത്ത ഈ പക്ഷി ഇന്ന് പൂര്‍ണമായും വംശനാശത്തിന്‍െറ വക്കിലാണ്. ന്യൂസിലന്‍ഡാണ് കാക്കപോയുടെ ജന്മദേശം. ലോകത്ത് ഇന്ന് നൂറില്‍താഴെ കാക്കപോ പക്ഷികള്‍  മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ എന്ന വസ്തുത നാം വിസ്മരിച്ചു കൂടാ.മുന്‍കാലങ്ങളില്‍ ന്യൂസിലന്‍ഡിലേക്ക് കുടിയേറിയ ജനസമൂഹങ്ങള്‍ ഇറച്ചിക്കൊതിയന്മാരായ അവരുടെ വളര്‍ത്തുമൃഗങ്ങളെയും ഒപ്പംകൂട്ടി. ഈ ജീവികള്‍ വന്നെത്തിയതോടെ കാക്കപോ പക്ഷികള്‍ ആപത്കരമായി വേട്ടയാടപ്പെട്ടു.
കാക്കപോയുടെ തൂവലുകള്‍ക്ക് മഞ്ഞകലര്‍ന്ന പച്ച നിറമാണ്. കറുപ്പ്-തവിട്ട് പുള്ളികള്‍ തൂവലുകളിലുണ്ട്. ചെറിയ ചുണ്ടും ചെറിയ വാലും തത്തയെപ്പോലെ തോന്നിക്കുന്ന രൂപവും കാക്കപോ പക്ഷികള്‍ക്കുണ്ട്. മരങ്ങളില്‍ വിദഗ്ധമായി കയറാന്‍ ഇവക്കാവും. പഴവര്‍ഗങ്ങളും ഇലകളും കായ്കളുമൊക്കെയാണ് ഭക്ഷണം!


ഈസ്റ്റേണ്‍ കിങ് ബേഡ് (Eastern King Bird)

ഈസ്റ്റേണ്‍ കിങ് ബേഡുകള്‍ ദേശാടനപ്പക്ഷികളാണ്. അമേരിക്ക, കനഡ, മെക്സിക്കന്‍ തീരം എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. പക്ഷിരാജാക്കന്മാരുടെ കൂട്ടത്തിലാണ് ഇവയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. താരതമ്യേന ചെറുപക്ഷികളാണ് ഇവ. 20-22 സെന്‍റീമീറ്ററേ വലുപ്പമുണ്ടാവൂ. ശബ്ദമുണ്ടാക്കിക്കൊണ്ടാണ് എല്ലായ്പോഴും സഞ്ചാരം. താരതമ്യേന വലിയ പക്ഷികളെപ്പോലും പതിയിരുന്നാക്രമിക്കാന്‍ ഈ ചെറുപക്ഷികള്‍ക്ക് ഒരു മടിയുമില്ല. കഴുകന്മാര്‍, പരുന്തുകള്‍ തുടങ്ങിയ വലിയ പക്ഷികളെപ്പോലും ഈസ്റ്റേണ്‍ കിങ് ബേഡ് എന്ന ഈ കൊച്ചുരാജാക്കന്മാര്‍ ആക്രമിക്കും. ചിലപ്പോള്‍ മനുഷ്യനു തന്നെയും ഭീഷണിയുയര്‍ത്താറുണ്ട്. വിമാനങ്ങള്‍ക്കുനേരെ പറന്നടുക്കുന്ന ഈ പക്ഷികള്‍ വിമാനയാത്രകള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഷഡ്പദങ്ങളെ പിടിച്ച് ആഹരിക്കാന്‍ ഒരു പ്രത്യേക കഴിവുണ്ട്. മെക്സികോയില്‍ വെസ്റ്റേണ്‍ കിങ്ബേഡ് എന്നൊരു വിഭാഗത്തെയും കണ്ടുവരുന്നു.

വാനമ്പാടി (Lark)

ഭൂമിയില്‍ ഒട്ടുമിക്ക വന്‍കരകളിലും വാനമ്പാടി എന്ന ചെറുപക്ഷിയെ കാണാം. ‘വാനമ്പാടി’ എന്ന് ഗായികമാരെ നാം വിശേഷിപ്പിക്കാറുണ്ടല്ലോ. സ്വരമാധുര്യമാണ് ഇത്തരത്തില്‍ വിശേഷണങ്ങള്‍ നല്‍കാന്‍ കാരണം. വാനമ്പാടി എന്ന കൊച്ചു പക്ഷിയുടെ സ്വരവും ഇങ്ങനെ മാധുര്യമേറുന്നതാണത്രെ!
ചാരനിറവും വെളുപ്പും കറുപ്പുമാണ് വാനമ്പാടിയുടെ ശരീര നിറങ്ങള്‍. ഇതില്‍ തന്നെ പലതരം വാനമ്പാടികള്‍ക്കും വ്യത്യസ്ത നിറങ്ങളാണ്. തലയില്‍ തൂവല്‍കിരീടം വെച്ച കൊമ്പന്‍ പാടികള്‍. കറുപ്പു നിറക്കാരനായ കരിവയറന്‍, ചെമ്പന്‍ പാടി തുടങ്ങിയവയൊക്കെ വാനമ്പാടി ഇനങ്ങളാണ്. മരുഭൂമിയിലെ കനത്ത ചൂടിലും അതിതീവ്രമായ തണുപ്പിലുമൊക്കെ വാനമ്പാടികള്‍ക്ക് കഴിയാനാവുമെന്നതാണ് അതിന്‍െറ പ്രത്യേകത. പ്രാണികള്‍, മത്സ്യം, സസ്യഭാഗങ്ങള്‍ തുടങ്ങിയവയൊക്കെയാണ് വാനമ്പാടികളുടെ ഭക്ഷണം.

കാസോവരി

അപകടകാരികളായ ഭീമാകാരനായ പക്ഷിയാണ് കാസോവരി. ഇവയുടെ കാലുകള്‍ ബലമേറിയതും തടിച്ചതുമാണ്. കാലിലെ പ്രധാന വിരലുകളിലെ മധ്യഭാഗത്തെ വിരല്‍ ഒരു വാളിന് സമാനമാണ്. ഇത് ശരീരത്തില്‍ കുത്തിയിറക്കി കാസോവരിക്ക് ഒരു മനുഷ്യനെ നിഷ്പ്രയാസം വകവരുത്താന്‍ കഴിയും. ഒറ്റനോട്ടത്തില്‍ പാവത്താന്മാരെന്നു തോന്നുന്ന ഈ പക്ഷികള്‍ പലപ്പോഴും അപകടകാരികളായി മാറുന്നത് ശത്രുവാണെന്ന സംശയം ജനിക്കുമ്പോഴാണ്. മികച്ച ഓട്ടക്കാരനായ ഈ പക്ഷി മണിക്കൂറില്‍ അമ്പത് കിലോമീറ്ററിലേറെ ദൂരം  ഓടും. അതുകൊണ്ടുതന്നെ ആക്രമിക്കാന്‍ മുതിര്‍ന്ന ഒരു കാസോവരിയില്‍ നിന്ന് മനുഷ്യന്  ഓടിയകലുക എളുപ്പമല്ല. എന്നാല്‍, ഒരു അടിപോലും പറക്കാന്‍ ഈ പക്ഷിക്കാവില്ല. ശരീരം കറുത്ത തൂവലുകളാല്‍ ആവരണം ചെയ്യപ്പെട്ടതാണ്. ഒരുതരം നീലവര്‍ണവും കാണാം. ശിരസ്സില്‍ വലിയ പൂവും ഉണ്ടായിരിക്കും. പെണ്‍പക്ഷിക്കാണ് വലുപ്പക്കൂടുതല്‍. പെണ്‍പക്ഷി ഇടുന്ന മുട്ടക്ക് അടയിരിക്കുന്നത് ആണ്‍പക്ഷിയാണ്.


തിരവെട്ടിപ്പക്ഷി (Shearwater Bird

ദീര്‍ഘദൂരം പറക്കുന്ന ചെറിയ കടല്‍പക്ഷിയാണ് തിരവെട്ടി. ഒട്ടേറെ ഇനങ്ങളുണ്ട് തിരവെട്ടികളില്‍. ചെങ്കാലന്‍, കൊതവാലന്‍ തുടങ്ങിയവയൊക്കെ നമ്മുടെ നാട്ടില്‍ കാണുന്ന ഇനങ്ങളാണ്. ഘ്രാണശക്തിയുടെ കാര്യത്തില്‍ മറ്റേതൊരു പക്ഷിയെയും മറികടക്കുന്നവയാണ് തിരവെട്ടികള്‍.
ഏറ്റവുമധികം വേട്ടയാടപ്പെടുന്ന കടല്‍പക്ഷികൂടിയാണ് തിരവെട്ടി. ഭക്ഷണാവശ്യത്തിനാണത്രെ മനുഷ്യര്‍ ഈ ഇത്തിരിക്കുഞ്ഞന്‍ പക്ഷികളോട് ക്രൂരത ചെയ്യുന്നത്. എത്ര ദൂരെ പോയാലും സമര്‍ഥമായി സ്വന്തം കൂട്ടില്‍ തിരിച്ചെത്താനുള്ള കഴിവ് പല പരീക്ഷണങ്ങളിലൂടെയും ശാസ്ത്രജ്ഞര്‍ക്ക് ബോധ്യപ്പെട്ടതാണ്. സൗത് വെയില്‍സില്‍ ഒരു തിരവെട്ടിക്കിളിയെ പേടകത്തിലാക്കി അയ്യായിരം കിലോമീറ്ററിലേറെ ദൂരം കടലിലൂടെ ഒഴുക്കിയശേഷം തുറന്നുവിട്ടപ്പോള്‍ അത് സര്‍വരെയും അമ്പരപ്പിച്ചുകൊണ്ട് തന്‍െറ കൂട്ടില്‍ തിരിച്ചെത്തിയത്രെ. അമ്പത് ദിവസത്തോളമാണ് തിരവെട്ടിപ്പക്ഷികളുടെ അടയിരിപ്പ് കാലം.

സെക്രട്ടറി പക്ഷി (Secretary Bird

ഭരണത്തിലിരുന്ന വ്യക്തികളുടെ സെക്രട്ടറിമാര്‍ ഉപയോഗിച്ചിരുന്ന പഴയ ‘തൂവല്‍പേന’കള്‍ക്ക് സമാനമായ നീണ്ട തൂവലുകള്‍ ശിരസ്സില്‍ ധരിച്ച പക്ഷിയായതിനാലാണ് ഈ വേട്ടപ്പക്ഷിക്ക് സെക്രട്ടറി പക്ഷി എന്ന പേരുവന്നത്. ശിരസ്സില്‍ ഒരു കിരീടത്തിന് സമാനമാണ് കുത്തനെ നില്‍ക്കുന്ന ഇരുപതോളം തൂവലുകള്‍.
വലിയ പക്ഷിയാണ് ഇവ. ഒരു മീറ്ററിലേറെയാണ് ഇതിന്‍െറ ഉയരം. നിലത്ത് നടന്ന് ഇരതേടുന്ന സ്വഭാവവുമുണ്ട്. ദേശാടന തല്‍പരനല്ല സെക്രട്ടറി ബേര്‍ഡ്. ആഹാരം തേടുന്നത് കൂട്ടമായാണ്. ഒരു ഇര മുന്നില്‍പെട്ടാല്‍ സംഘംചേര്‍ന്ന് നേരിടും.
പല്ലികള്‍, പാമ്പുകള്‍ തുടങ്ങിയവയാണ് ആഹാരം. മുന്നില്‍ വന്നുപെടുന്ന ഇരയെ വേട്ടയാടുന്ന രീതി ഭയാനകമാണ്. കാരണം, പാമ്പ് തുടങ്ങിയ ഇരകളെ സെക്രട്ടറി ബേഡ് ചവിട്ടിയരച്ച് കൊല്ലുകയും ഭക്ഷണമാക്കുകയും ചെയ്യും. ആഫ്രിക്കയിലാണ് സെക്രട്ടറി പക്ഷികളെ കണ്ടുവരുന്നത്.

3.07407407407
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top