Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മൃഗസംരക്ഷണം

കൂടുതല്‍ വിവരങ്ങള്‍

കിങ് ചാള്‍സ് സ്‌പാനിയല്‍


രാജാക്കന്മാരുടെ പേരില്‍ അറിയപ്പെട്ട് പ്രശസ്തരായ ചില നായ്ക്കളുണ്ട്. അതിലൊരാളാണ് 'കിങ് ചാള്‍സ് സ്പാനിയല്‍'. രാജപ്രതാപകാലത്ത് അവരോടൊപ്പം വി.വി.ഐ.പി.കളായി കഴിഞ്ഞ് സുഖജീവിതം നയിച്ചിരുന്നവരാണിവര്‍. ഇംഗ്ലണ്ടിലെ ചാള്‍സ് രണ്ടാമന്റെ(1630-1685) അരുമകളായിരുന്നതിനാലാണ് ഇവയ്ക്ക് ആപേര് വന്നത്. അതിന് മുന്‍പ് മേരി ട്യൂഡറുടെ(1516-1558) കാലത്തും ഇവര്‍ ഇംഗ്ലീഷ് രാജവംശത്തിന്റെ അരുമകളായിരുന്നു.

അന്നത്തെക്കാലത്ത് രാജാവിനോളംതന്നെ ജനങ്ങള്‍ ഭയക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ഇവരുടെ ജീവിതത്തെക്കുറിച്ച് ഒന്നോര്‍ത്തുനോക്കൂ. സുഖഭക്ഷണം, സുഖജീവിതം!

കിങ് ചാള്‍സ് സ്പാനിയലിനെ ഇംഗ്ലീഷ് ടോയ് സ്പാനിയല്‍ എന്നും അറിയപ്പെടാറുണ്ട്. 1903ലാണ് കെന്നല്‍ ക്ലബ് നാല് വ്യത്യസ്ത സ്പാനിയല്‍ കുടുംബങ്ങളെ ഒന്നാക്കി കിങ് ചാള്‍സ് സ്പാനിയല്‍ എന്ന ഒരു കുടക്കീഴില്‍ കൊണ്ടുവന്നത്. രാജവംശത്തില്‍പ്പെട്ടവര്‍ ഈ നായ്ക്കളെ സമ്മാനമായി നല്കിയിരുന്നു.

മുന്‍കാല പെയിന്റിങ്ങുകളിലും സാഹിത്യങ്ങളിലും എന്നും നിറസാന്നിധ്യമായിരുന്നു ചാള്‍സ് സ്പാനിയല്‍. ചാള്‍സ് രണ്ടാമന്റെ കാലത്ത് രാജകൊട്ടാരത്തിലൂടെ യാതൊരു വിലക്കുമില്ലാതെ അലഞ്ഞുനടന്നിരുന്ന ഈ നായ്ക്കളെക്കുറിച്ച് സാമുവല്‍ പെപ്പീസിന്റെ ഡയറിയിലുണ്ട്. ജെയിംസ് രണ്ടാമന്റെ കാലത്തും ഇവര്‍ക്ക് വി.വി.ഐ.പി. പരിഗണനയായിരുന്നു. വിക്ടോറിയ രാജ്ഞിയുടെ ആദ്യത്തെ അരുമയായ 'ഡാഷ്' എന്ന് പേരുള്ള നായ ചാള്‍സ് സ്പാനിയല്‍ ആണെന്ന് പറയുന്നു.ഇവയുടെ ശരീരപ്രകൃതിയെക്കുറിച്ച് നോക്കാം. മൂന്നുമുതല്‍ ആറ് കിലോഗ്രാം ഭാരവും 23-28 സെന്റിമീറ്റര്‍ ഉയരവും മാത്രമേയുള്ളൂ. അതായത്, ഒരു പന്ത് തട്ടിയെറിയുന്ന ലാഘവത്തോടെ ഇതിനെ തട്ടിയെറിയാം എന്നര്‍ഥം. 10 വര്‍ഷംവരെയാണ് ആയുസ്സ്. കറുപ്പ്, തവിട്ട്, കറുപ്പിനൊപ്പം തവിട്ട് നിറത്തില്‍ പാട്, വെള്ളയും കറുപ്പും, ചുവപ്പ് എന്നീ നിറങ്ങളില്‍ ഇവയെ കാണാം. വലിയ കറുത്ത കണ്ണുകളും ചെറിയ മൂക്കും നല്ല വലിപ്പമുള്ള തലയും വായ്ക്ക് ചുറ്റുമുള്ള കറുത്ത തൊലിയും ഇതിന്റെ പ്രത്യേകതകളാണ്.

പരമ്പരാഗതമായി വാല് മുറിച്ചവരാണിവര്‍. ഒടിഞ്ഞ് മടങ്ങിക്കിടക്കുന്ന വലിയ ചെവികളും നീളംകൂടിയ രോമവും ഇവയുടെ മറ്റു പ്രത്യേകതകളാണ്. നല്ല രോമമുള്ളവയായതിനാല്‍ ദിവസവുമുള്ള ബ്രഷിങ് നിര്‍ബന്ധമാണ്. മുന്‍കാലങ്ങളില്‍ ഇവയെ നായാട്ടിനാണ് ഉപയോഗിച്ചിരുന്നതെങ്കിലും 'കുറിയ' ശരീരപ്രകൃതി നായാട്ടിന് ഒരു പ്രധാന തടസ്സമായിരുന്നു.

കുടുംബാംഗങ്ങളുടെ ഉറ്റ സുഹൃത്തായി അറിയപ്പെടുന്ന ഇവര്‍ അത്ര നല്ല കാവല്‍നായയാണെന്ന് പറയാനാവില്ല. അപരിചിതരെ കണ്ടാല്‍ കുരച്ച് ബഹളംവയ്ക്കുമെന്നല്ലാതെ അവരുടെനേരെ ചാടുമെന്ന് പറയാനാവില്ല. ദീര്‍ഘകാലം ഒറ്റയ്ക്ക് കഴിയാന്‍ ഇഷ്ടപ്പെടാത്ത ഇവര്‍ വീട്ടിനുള്ളിലെ സുഖവാസമാണ് കൂടുതല്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ, ഫ്ലാറ്റില്‍ ജീവിക്കുന്നവര്‍ക്കൊക്കെ പ്രിയങ്കരരാണ് ഇവര്‍. അനുസരണയിലും ബുദ്ധിശക്തിയിലും ഏറെ മുന്നിലായതിനാല്‍ വിദേശത്ത് ആസ്പത്രികളില്‍ നഴ്‌സുമാരെ സഹായിക്കാന്‍ ഇവരെ നിയോഗിക്കാറുണ്ട്. ഇവര്‍ക്ക് അസുഖങ്ങള്‍ എളുപ്പത്തില്‍ പിടിപെടാന്‍ സാധ്യതയുണ്ട്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും കണ്ണിന്റെ അസുഖവുമാണ് ഇതില്‍ പ്രധാനം

ഹാംസ്റ്റര്‍ വളര്‍ത്തല്‍

കാണാന്‍ കൗതുകമുള്ള വര്‍ണ എലികളാണ് ഹാംസ്റ്റര്‍. ഇവ മനുഷ്യരോട് ഇണങ്ങി ജീവിക്കും. സ്വയംതൊഴില്‍ തേടുന്നവര്‍ക്കും കര്‍ഷകര്‍ക്കും കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ വരുമാനം നേടാന്‍ സ്വീകരിക്കാവുന്ന ഉപജീവനമാര്‍ഗമാണ് ഹാംസ്റ്റര്‍ വളര്‍ത്തല്‍. പരിപാലനച്ചെലവ് കുറവ്, രോഗപ്രതിരോധശേഷി, കുറഞ്ഞ പരിപാലനസ്ഥലം എന്നിവകൊണ്ട് വീട്ടമ്മമാര്‍ക്ക് വീടുകളിലും ഹാംസ്റ്ററുകളെ വളര്‍ത്തി വരുമാനം കണ്ടെത്താനാകും. 

അലങ്കാരജീവികളായി വീടുകളില്‍ കൂടുകളിലും അക്വേറിയങ്ങളിലും ഗ്ലാസ് ഭരണികളിലും ഇവയെ വളര്‍ത്താം. സൗമ്യശീലവും വര്‍ണഭംഗിയും നിറഞ്ഞ ഹാംസ്റ്ററുകള്‍ക്ക് ആവശ്യക്കാരേറെയാണ് . 800 രൂപ മുതല്‍ 4000 രൂപ വരെയാണ് വില.

പരിപാലനത്തിന് പ്രത്യേക ചെലവും പരിചരണവും ആവശ്യമില്ലെന്നതാണ് ഹാംസ്റ്റര്‍ വളര്‍ത്തലിന്റെ പ്രധാന ആകര്‍ഷണം. വീടുകളിലെ മുറികളില്‍പ്പോലും ഇവയെ വില്പനാവശ്യങ്ങള്‍ക്കായി വളര്‍ത്താം. പണം ചെലവഴിച്ച് കൂടൊരുക്കാന്‍ സാധിച്ചില്ലെങ്കില്‍ ബക്കറ്റുകളില്‍ പോലും വളര്‍ത്താം. അറക്കപ്പൊടി, മരചിപ്ലി, ഉണങ്ങിയ മണല്‍, പേപ്പര്‍ കഷണങ്ങള്‍ എന്നിവ നിറച്ച് വളര്‍ത്തുനിലമൊരുക്കാം. വളരുന്ന ചുറ്റുപാട് വൃത്തിയായി സൂക്ഷിക്കുന്ന സ്വഭാവമുള്ളതിനാല്‍ മുറികളില്‍ വളര്‍ത്തുമ്പോള്‍പ്പോലും ദുര്‍ഗന്ധം ഉണ്ടാകില്ല.

റഷ്യന്‍-ചൈനീസ് വംശജരായ ഇവയെ വെള്ള, ചാരം, ലൈറ്റ് ക്രീം, കറുപ്പ്, ഇടകലര്‍ന്ന നിറങ്ങള്‍ എന്നിങ്ങനെയാണ് കണ്ടുവരാറ്. ചുവന്ന കണ്ണുകളോട് കൂടിയ വെള്ളനിറമുള്ളവയ്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍.

നെല്ല്, സണ്‍ഫ്ലവര്‍, ചോളം, പയര്‍, കുതിര്‍ത്ത കടല, മമ്പയര്‍, സോയാബീന്‍, ചെറുപയര്‍, ഉഴുന്ന് തവിട്, എള്ള് പിണ്ണാക്ക്, ആപ്പിള്‍, കാരറ്റ്, ബീറ്റ്‌റൂട്ട്, പേരക്ക, മുട്ടയുടെ വെള്ളക്കരു, ഗോതമ്പ്, കടലപ്പിണ്ണാക്ക് തുടങ്ങി വീടുകളില്‍ ലഭ്യമായവ എന്തും ഇവയ്ക്ക് ഭക്ഷണമായി നല്‍കാം.

ഒരു പ്രസവത്തില്‍ മൂന്ന് മുതല്‍ 12 കുഞ്ഞുങ്ങളെ ലഭിക്കും. ഇതില്‍ എട്ടെണ്ണത്തെ വരെ ആരോഗ്യത്തോടെ ലഭിക്കും. ആരോഗ്യം കുറഞ്ഞവയെ തള്ളതന്നെ ആഹാരമാക്കും. പ്രസവം കഴിഞ്ഞ് ആരോഗ്യം വീണ്ടെടുത്താലുടന്‍ അടുത്ത ബ്രീഡിങ്ങിനായി ഒരുക്കാ

ഗര്‍ഭിണിയായാല്‍ പ്രത്യേക കൂട്ടിലേക്ക് മാറ്റുന്നതും നല്ലതാണ്. 18 മുതല്‍ 21 ദിവസം വരെയാണ് ഗര്‍ഭകാലം. വര്‍ഷത്തില്‍ ആറ് മുതല്‍ ഏഴ് പ്രസവങ്ങള്‍ വരെ നടക്കും.

ജര്‍മന്‍ ഷേപ്പേഡിന് ചേര്‍ന്ന ഭക്ഷണം

 

നായ്ക്കളില്‍ തന്നെ വില കൂടുതലുള്ള മൃഗങ്ങളിലൊന്നാണ് ജെര്‍മന്‍ ഷെപ്പേഡ്. നായപ്രേമികളുടെ ഒരു ഇഷ്ട ഇനം. പെട്ടെന്ന് വയറിന് അസുഖം വരാന്‍ സാധ്യതയുള്ള ഒരിനം നായയാണ് ജര്‍മന്‍ ഷെപ്പേഡ്. ഇതുകൊണ്ടുതന്നെ ഇതിനുള്ള ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. ജര്‍മന്‍ ഷെപ്പേഡിന് ചേര്‍ന്ന ചിലയിനം ഭക്ഷണങ്ങള്‍ എന്തെന്നറിയൂ, ഒഴിവാക്കേണ്ടവയും

1: വെളുത്ത ചോറ്‌
വെളുത്ത അരിയുടെ ചോറും ഇവയ്ക്കു ചേര്‍ന്ന ഒരു ഭക്ഷണം തന്നെയാണ്. ഇത് ദഹിയ്ക്കുവാന്‍ എളുപ്പവുമാണ്.

2: റാഗി
റാഗി വേവിച്ചത് ജെര്‍മന്‍ ഷെപ്പേഡിനു ചേര്‍ന്ന ഒരു ഭക്ഷണവസ്തുവാണ്. എളുപ്പത്തില്‍ ദഹിയ്ക്കുമെന്നതു തന്നെയാണ് ഇതിന്റെ ഗുണം.വേവിച്ചത് ജെര്‍മന്‍ ഷെപ്പേഡിനു ചേര്‍ന്ന ഒരു ഭക്ഷണവസ്തുവാണ്. എളുപ്പത്തില്‍ ദഹിയ്ക്കുമെന്നതു തന്നെയാണ് ഇതിന്റെ ഗുണം.

3: ഓട്‌സ്
ഓട്‌സ് വേവിച്ചതു പോലുള്ള ഭക്ഷണങ്ങളും ജര്‍മന്‍ ഷെപ്പേഡിന് ഗുണം ചെയ്യും,


4: പാല്‍
പാല്‍ ഇത്തരം നായ്ക്കള്‍ക്കു നല്‍കാവുന്ന മറ്റൊരിനം ഭക്ഷണമാണ്. ഇതിലെ കാല്‍സ്യം ഇവയുടെ പല്ലുകളുടെ വളര്‍ച്ചയ്ക്കു സഹായിക്കും. 


5: ഇറച്ചി
വേവിയ്ക്കാത്ത ഇറച്ചി ഇവയ്ക്കു കൊടുക്കാതിരിയ്ക്കുകയാണ് നല്ലത്. ഇത് വയര്‍ കേടാകുവാന്‍ ഇടയാക്കും. 


6: പയര്‍
പയര്‍ വര്‍ഗങ്ങളും ഇവയക്കു നല്‍കരുത്. ഇവയും ദഹനത്തിന് പ്രയാസമുണ്ടാക്കും.


7: ചോളം
ചോളം ഇവ ഇഷ്ടപ്പെടുന്ന ഭക്ഷണസാധനമാണെങ്കിലും ഇതിലെ പശിമ നായക്കളുടെ വയറിന് നല്ലതല്ല.

വളര്‍ത്ത് നായക്ക് മുറിവേറ്റാല്‍

 

വളര്‍ത്ത് മൃഗങ്ങളില്‍ ഏറ്റവും സ്നേഹമുള്ളവയാണ് നായകള്‍. അവ അത്ര പ്രിയപ്പെട്ടവയല്ലെങ്കില്‍ പോലും ചിലപ്പോഴൊക്കെ വളരെ സൗഹൃദം പ്രകടമാക്കും. സത്യസന്ധരും, സഹായ മനസ്ഥിതി ഉള്ളവരും, നേരം പോക്കിന് സഹായിക്കുന്നവയുമാണ് നായകള്‍. എന്നാല്‍ നായകള്‍ക്ക് പരിക്ക് പറ്റാനുള്ള സാധ്യതയും കൂടുതലാണ്. മുറിവേറ്റാല്‍ തന്നെ അവയെ ശുശ്രൂഷിക്കുക എളുപ്പമുള്ള കാര്യമല്ല.


നായവളര്‍ത്തുമ്പോള്‍ അറിയാന്‍

മറ്റ് നായകളുമായുള്ള ഏറ്റമുട്ടല്‍ മൂലമോ, അപകടം മൂലമോ, അണുബാധ മൂലമോ ആവാം ഈ പരുക്കുകള്‍. പലപ്പോഴും ഇവ എങ്ങനെ ശുശ്രൂഷിക്കണം എന്ന് നിങ്ങള്‍ക്ക് അറിവുണ്ടാകില്ല. നിങ്ങള്‍ ഒരു നായയെ വളര്‍ത്തുന്നുണ്ടെങ്കില്‍ അവയുടെ പ്രഥമ ശുശ്രൂഷകളും അറിഞ്ഞിരിക്കേണ്ടതാണ്. നായകളിലെ പരുക്കുകളും, മുറിവുകളും ശുശ്രൂഷിക്കുന്നതിന് പല മാര്‍ഗ്ഗങ്ങളുണ്ട്.

1. സമീപനം - പരുക്കേറ്റ നായക്ക് ഭീതിയും, മാനസികാഘാതവും ഉണ്ടാകും. വേദനയും, മുറിവും മൂലമാണ് ഇവ ഉണ്ടാവുക. ഈ അവസരത്തില്‍ നിങ്ങള്‍ തിരക്കിട്ടും പരിഭ്രാന്തിയോടെയും നായയെ സമീപിച്ചാല്‍ അവ അക്രമാസക്തരാകുകയോ, ഭയപ്പെടുകയോ ചെയ്യുകയും ഓടിപ്പോവുകയും ചെയ്യും. നിങ്ങള്‍ സമീപത്തെത്തുമ്പോള്‍ നായക്ക് സുരക്ഷിതത്വം തോന്നണം. നായയെ ചികിത്സിക്കുന്നതിന് മുമ്പ് ആദ്യം അറിഞ്ഞിരിക്കേണ്ട കാര്യമാണ് ഇത്.

2. നിരീക്ഷണം - നായയെ സമീപിച്ചാലുടന്‍ മുറിവില്‍ സ്പര്‍ശിക്കരുത്. ആദ്യം നായയുടെ ഭാവവും, ചലനങ്ങളും നിരീക്ഷിക്കുക. മുരളുകയോ, കുരയ്ക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ നായയെ ശുണ്ഠി പിടിപ്പിക്കരുത്. പേടികൊണ്ട് നായ നിങ്ങളെ ചിലപ്പോള്‍ കടിച്ചേക്കാം. മുറിവ് ശരിയായി പരിശോധിക്കുക. ആദ്യം മുറിവിന്‍റെ ആഴവും തീവ്രതയും മനസിലാക്കണം.

3. കെട്ടിയിടുക - അടുത്ത പടി നായയെ തൂണിലോ, മരത്തിലോ മറ്റെവിടെയങ്കിലുമോ ബന്ധിക്കുകയാണ്. ഇത് വഴി നിങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനും നായയെ ശാന്തമാക്കാനും സാധിക്കും. കയറോ, തുണിയോ, ചങ്ങലയോ ഉപയോഗിച്ച് ബന്ധിക്കാം. മുറിവില്‍ സ്പര്‍ശിക്കുന്നതിന് മുമ്പ് ഇത് ചെയ്തിരിക്കണം. മുറിവില്‍ സ്പര്‍ശിക്കുന്നത് വേദന കൂടാന്‍ ഇടയാക്കും. ഇത് നായക്ക് പേടിയുണ്ടാകാനും നിങ്ങളെ ആക്രമിക്കാനും ഇടയാക്കും. ചിലപ്പോള്‍ നായ ഓടിപ്പോവുകയും ചെയ്യാം. അതിനാല്‍ തന്നെ കെട്ടിയിടുന്നത് പ്രധാനമാണ്.

4. പ്രഥമ ശുശ്രൂഷ - നായ സൗഹാര്‍ദ്ദത്തിലും, ശാന്തതയിലുമായാല്‍ ഉറങ്ങുന്ന അവസരത്തില്‍ മുറിവ് ശരിയായി നിരീക്ഷിക്കാനാവും. തുടര്‍ന്ന് പതിയെ ഹൈഡ്രജന്‍ പെറോക്സൈഡ് കോട്ടണ്‍ തുണിയില്‍ മുക്കി ശ്രദ്ധയോടെ മുറിവ് വൃത്തിയാക്കുക. ഇത് ചെയ്യുമ്പോള്‍ നായ കുതറാതെ അടക്കി പിടിക്കണം. സഹായിക്കാനും ആളുണ്ടാവുന്നത് നല്ലതാണ്. മുറിവ് വൃത്തിയാക്കാന്‍ ആന്‍റി സെപ്റ്റിക് ലിക്വിഡും ഉപയോഗിക്കാം.

5. ബാന്‍ഡ് എയ്ഡ് - മുറിവ് വൃത്തിയാക്കിക്കഴിയുമ്പോള്‍ അത് എത്രത്തോളം ഗൗരവമുള്ളതാണെന്ന് മനസിലാകും. മുറിവ് വലുതാണെങ്കില്‍ ഒരു മൃഗഡോക്ടറുടെ സഹായം തേടുക. മുറിവ് പൊതിഞ്ഞ് കെട്ടാന്‍ ഡ്രസിങ്ങ് പാഡും, കോട്ടണ്‍ തുണിയും ഉപയോഗിക്കാം. അണുബാധ ഉണ്ടാകുന്നത് തടയാന്‍ മുറിവ് കെട്ടുന്നത് പ്രധാനമാണ്. നായക്ക് പരുക്കേറ്റാല്‍ ചെയ്യാവുന്ന ചില പ്രധാന നടപടികളാണിത്. മുന്‍ പരിചയമില്ലെങ്കില്‍ തെരുവ് നായ്ക്കളില്‍ ഇത് ഒരു കാരണവശാലും പ്രയോഗിക്കരുത്.

മുയല്‍ക്കൂടൊരുക്കാം

 

മുയല്‍ വളര്‍ത്തല്‍ വളരെ വ്യാപകമായിക്കൊണ്ടിരിക്കുകയാണല്ലോ. മുയല്‍ വളര്‍ത്തല്‍ തുടങ്ങുന്നവര്‍ക്ക ്ഏറെ ചെലവുള്ള ഒന്നാണ്അവയ്ക്കാവശ്യമായ കൂട്‌നിര്‍മാണം.മുയലുകളെ പ്രധാനമായും രണ്ട്തരത്തിലാണ് വളര്‍ത്തുന്നത്. കൂടുകളിലും ലിറ്ററിലും.കൂടുകള്‍ ഒറ്റക്കുള്ളതും കൂടുതല്‍ എണ്ണത്തെ താമസിപ്പിക്കാവുന്ന തരത്തിലുമുണ്ട്. പ്രജനനത്തിനുള്ളവയെ ഒറ്റയ്ക്കുള്ള കൂട്ടില്‍ത്തന്നെ വളര്‍ത്തണം. വളരുന്ന പ്രായത്തിലുള്ള മുയലുകളെയും ഇറച്ചി മുയലുകളെയും ഒരുമിച്ചുവളര്‍ത്താം. ആണ്‍ മുയലുകളെയും പെണ്‍മുയലുകളെയും വെവ്വേറെ കൂടുകളിലാണ്‌വളര്‍ത്തേണ്ടത്. കൂടുകളില്‍ വളര്‍ത്തല്‍ കൂടുതല്‍ ചെലവുള്ളതാണ്. മരത്തിന്റെ കൂട്മുയലുകള്‍ക്ക്അനുയോജ്യമല്ല.

കോഴികളെ വളര്‍ത്തുംപോലെ ലിറ്ററിന്റെ മുകളിലും മുയലുകളെ വളര്‍ത്താം. കൂട്ടിലിടുന്ന ചിപ്പിലിപ്പൊടി, ഈര്‍ച്ചപ്പൊടി, ഉമി എന്നിവയേയാണ്‌ലിറ്റര്‍ എന്ന്പറയുന്നത്. ഇവ ഏതെങ്കിലും ഒന്ന്ഒരിഞ്ച്കനത്തില്‍ കൂട്ടില്‍ വിരിച്ച്മുയലുകളെ വളര്‍ത്താം. ഇടക്കിടയ്ക്ക്പഴയതിനു മുകളില്‍ പുതിയ ലിറ്റര്‍ ഇട്ട്‌കൊടുക്കണം. ഇത്തരം ലിറ്ററുകളില്‍ മൂന്ന്‌നാല്മാസം വരെ മുയലുകളെ വളര്‍ത്താം. ഈ ലിറ്റര്‍ പിന്നീട് വളമായി ഉപയോഗിക്കാം. ആണ്‍മുയലുകള്‍ രണ്ട്കിലോഗ്രാം ഭാരമാകുന്നതുവരെ ഇങ്ങനെ വളര്‍ത്താം. പിന്നീടുള്ള സന്ദര്‍ഭങ്ങളില്‍ ആണ്‍മുയലുകള്‍ തമ്മില്‍ കടികൂടാനുള്ള പ്രവണത കൂടുതലാണ്.

കൂട്ടില്‍ വളര്‍ത്താനും ലിറ്ററില്‍ വളര്‍ത്താനും ഒരു ഷെഡ്ആവശ്യമാണ്. ഓടോ ഓലയോ ഫൈബര്‍ ഷീറ്റുകളോ മേല്‍ക്കൂരയായുള്ള ഷെഡ്ഇതിനായി നിര്‍മിക്കാം. ഷെഡ്ഡിന്റെ പകുതി ഉയരം കല്ലോ ഇഷ്ടികയോ ഉപയോഗിച്ച്ഭിത്തി പണിയണം. ബാക്കി ഭാഗത്ത്കമ്പിവല ഉപയോഗിക്കാം. മേല്‍ക്കൂരയും വശങ്ങളും മറ്റു ജീവികള്‍ക്ക്അകത്ത്കടക്കാന്‍ പറ്റാത്ത രീതിയില്‍ സുരക്ഷിതമായിരിക്കണം. ഷെഡ്ഡിന്റെതറ കോണ്‍ക്രീറ്റ്‌ചെയ്തില്ലെങ്കില്‍ മുയലുകള്‍ മാളങ്ങള്‍ ഉണ്ടാക്കും. കോണ്‍ക്രീറ്റ്‌ചെയ്താല്‍ തറ കഴുകാനും സൗകര്യമാണ്.

ഇരുമ്പ്പട്ടയില്‍ ചട്ടക്കൂടുണ്ടാക്കി വലകള്‍ ഘടിപ്പിച്ച കൂടുകളിലും മുയലുകളെ വളര്‍ത്താം. ഓരോ കൂടിനും നീളം 80 സെന്റിമീറ്റര്‍ വീതി 60 സെന്റിമീറ്റര്‍ ഉയരം 50 സെന്റമീറ്റര്‍ എന്നീ അളവുകള്‍ വേണം. ഷെഡ്ഡിനുള്ളില്‍ കൂടുകള്‍ വെക്കുന്നത് തറയില്‍ നിന്ന്ഉയരത്തിലായിരിക്കണം. കാഷ്ഠവും മൂത്രവും കൂട്ടില്‍ കെട്ടിക്കിടക്കാതെ ഷെഡ്ഡിന്റെ തറയില്‍ വീഴാന്‍ ഇത് സഹായിക്കും.

മുയലുകള്‍ക്ക്പാര്‍പ്പിടം ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: 

1. ജലലഭ്യത: ശുദ്ധജലം സുലഭമായി ലഭിക്കുന്ന സ്ഥലത്തായിരിക്കണം മുയലുകള്‍ക്ക്പാര്‍പ്പിടമൊരുക്കുന്നത്. കുടിക്കാനും കൂടുകളും ഷെഡ്ഡുകളും കഴുകി വൃത്തിയാക്കാനും വെള്ളം വേണം. ക്ലോറിന്‍ കലര്‍ത്തിയ വെള്ളം മുയലുകള്‍ക്ക്കുടിക്കാന്‍ കൊടുക്കാതിരിക്കയാണ്അഭികാമ്യം.

2. ജലനിര്‍ഗമന മാര്‍ഗം: വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലത്തായിരിക്കണം മുയല്‍ കൂടുകള്‍ നിര്‍മിക്കുന്നത്. കൂടുകഴുകുമ്പോഴുണ്ടാവുന്ന മലിനജലം കൂടിന്റെ പരിസരത്ത്‌കെട്ടിക്കിടക്കരുത്. മലിനജലത്തില്‍ കൂടി രോഗാണുകള്‍ വരാനുള്ള സാധ്യതയുള്ളതുകൊണ്ടാണ്ഇത്.

3. സുരക്ഷിതത്വം: മുയലുകളെ പാര്‍പ്പിക്കുന്നതു സുരക്ഷിതമായ സ്ഥലത്തായിരിക്കണം. പാമ്പ്, മരപ്പട്ടി, പൂച്ച, നായ, മൂങ്ങ തുടങ്ങിയവ മുയലിന്റെ ശത്രുക്കളാണ്. മുയല്‍ക്കൂടുകളുള്ള ഷെഡ്ഡ് പക്ഷികള്‍ക്ക്കയറാന്‍ പറ്റാത്തതാവണം.

4. ഗതാഗത സൗകര്യം: ശരിയായ ഗതാഗത സൗകര്യമുള്ള സ്ഥലത്തായിരിക്കണം മുയല്‍ ഷെഡ്ഡുകള്‍. മുയലുകളെയും തീറ്റയും കൊണ്ടുവരാനും ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ്ങിനും ഗതാഗത സൗകര്യം ആവശ്യമാണ്. പക്ഷേ, തുടര്‍ച്ചയായി വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുന്ന റോഡുവക്കില്‍ മുയല്‍ക്കൂടുകള്‍ പണിയരുത്.

5. കാലാവസ്ഥ: മുയലിനുതണുത്ത കാലാവസ്ഥയാണ്കൂടുതല്‍ നല്ലത്. ഷെഡ്ഡിന്ചുറ്റും തണല്‍ മരങ്ങളും ഷെഡ്ഡിനകത്ത്ഫാനും നല്ലതാണ്. സൂര്യരശ്മികള്‍ കൂട്ടിലേക്ക്‌നേരിട്ട്പതിക്കരുത്. ടെറസ്സ്, പാറപ്പുറം, കുന്നിന്‍പുറം എന്നിവിടങ്ങളില്‍ മുയല്‍ വളര്‍ത്തല്‍ അനുയോജ്യമല്ല. ഏറ്റവും അനുയോജ്യമായ അന്തരീക്ഷതാപനില 10 ഡിഗ്രി സെല്‍ഷ്യസിനും 20 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്.

മുയല്‍ കൂടുകളില്‍ അവയ്ക്ക്‌സമ്മര്‍ദമുണ്ടാക്കുന്ന തരത്തില്‍ സ്ഥലപരിമിതി ഉണ്ടാവാന്‍ പാടില്ല. മുയല്‍ക്കൂടിനുള്ളിനും ഷെഡ്ഡിനുള്ളിലും ശരിയായ കാറ്റും വെളിച്ചവും ആവശ്യമാണ്. മുയല്‍ക്കൂട് വൃത്തിയുള്ളതായാല്‍ മിക്ക രോഗങ്ങളും തടയാം. ശത്രുക്കളുടെ ശബ്ദമോ ഗന്ധമോ അതുമല്ലെങ്കില്‍ മറ്റുവലിയ ശബ്ദങ്ങളോ മുയലുകളെ ഭയപ്പെടുത്തും. മുയല്‍ക്കൂടിനകത്തേക്ക്‌സന്ദര്‍ശകരെ കയറ്റരുത്. കൂടുതല്‍ അന്തരീക്ഷ ആര്‍ദ്രതയും മുയലുകള്‍ക്ക്‌രോഗം വരുത്തും. ഇതിനൊക്കെ പുറമെ കൂട്ടില്‍ തീറ്റയും വെള്ളവും കൊടുക്കാനുള്ള നല്ല സൗകര്യവും ഉണ്ടായിരിക്കണം

എമു വളര്‍ത്തല്‍

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പക്ഷിയായ എമു രൂപത്തിലും ഭാവത്തിലും ജീവിതരീതിയിലുമെല്ലാം കൗതുകമുണര്‍ത്തുന്നതാണ്. ശാസ്ത്രീയമായി 80 മില്യണിലധികം വര്‍ഷം പഴക്കമുണ്ടെന്നു വിശ്വസിക്കുന്ന  ഈ ഭീമന്‍പക്ഷി പരിണാമത്തെ അതിജീവിച്ചാണ് ഇപ്പോഴും ഈ രൂപത്തില്‍ തുടരുന്നതത്രെ. കൊടുംശൈത്യത്തിലും കടുത്ത വേനലിലും ഒരുപോലെ ജീവിക്കാന്‍ കഴിയുന്ന, പ്രത്യേക തീറ്റയെന്നും ആവശ്യമില്ലാത്ത എമു അതുകൊണ്ടുതന്നെ ഒരത്ഭുതപക്ഷിയാണ്. "ന്യൂ ഹൊളന്തീസ' എന്ന് ശാസ്ത്രീയ നാമമുള്ള എമുവിന്റെ കുത്തക സ്വന്തമാക്കാന്‍ പല രാജ്യങ്ങളും ശ്രമിച്ചിരുന്നു. ഒടുവില്‍ ഓസ്ട്രേലിയ എമുവിനെ ദേശീയപക്ഷിയാക്കി.

അലങ്കാരപക്ഷിയായും വ്യാവസായികാ ടിസ്ഥാനത്തിലും വളര്‍ത്താന്‍ കഴിയുന്ന ഇവ മനുഷ്യരോട് വളരെവേഗത്തില്‍ ഇണങ്ങുന്നവയാണ്. 100 വര്‍ഷങ്ങള്‍ക്കുമുമ്പു തന്നെ ഓസ്ട്രേലിയയില്‍ വ്യാവസായികമായി എമുവിനെ വളര്‍ത്തിയിരുന്നു. ലോകത്ത് ഇന്നു ലഭിക്കുന്ന മാംസങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ 97 ശതമാനം കൊഴുപ്പുരഹിത ഇറച്ചിയാണ് എമുവിന്റേതെന്നതാണ് പ്രത്യേകത. മൃഗങ്ങളുടെ ഇറച്ചി പോലെത്തന്നെ എമു ഇറച്ചിയും ചുവന്നതാണെന്നതും പാശ്ചാത്യരെ ആകര്‍ഷിക്കുന്നു. സാധാരണ പക്ഷികളുടെ മാംസം വെളുത്ത ഇറച്ചിയിലാണ് പെടുന്നത്. മാംസത്തിന്റെ ഗുണം കണ്ടറിഞ്ഞ അമേരിക്ക ഗവണ്‍മെന്റ് തലത്തിലാണ് 100 എമുവിനെ നാട്ടിലെത്തിച്ചത്. ഇന്ന് അമേരിക്കയില്‍ ഇവ സമൃദ്ധമാണ്.  കാഴ്ചയില്‍ ഭീമാകാരനാണെങ്കിലും വളരെ സാധു സ്വഭാവക്കാരാണ്. ആറടിയോളം ഉയരവും 50 കിലോ തൂക്കവുമുള്ള എമുവിന് 50 കി.മീറ്റര്‍ സ്പീഡില്‍ ഓടാനും കഴിയും. മിശ്രഭോജിയാണെങ്കിലും സസ്യാഹാരമാണ് കൂടുതല്‍ താല്പര്യം. കാട്ടില്‍ പച്ചില, കിഴങ്ങ്, പുല്ല്,      പൂക്കള്‍, ചെറിയ പുഴുക്കള്‍ എന്നിവയൊക്കെ തിന്നാണ് ഇവ കഴിയാറ്. വലുതായാല്‍ ആണ്‍പക്ഷിയേയും പെണ്‍പക്ഷിയേയും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ള ഇവയിലെ ആണ്‍പക്ഷിയാണ് 52 ദിവസം നെഞ്ചിലെ ചൂടുനല്‍കി മുട്ടകള്‍ വിരിയിച്ചെടുക്കുന്നത്.  പൊതിച്ച ഒരു വലിയ തേങ്ങയോളം വലിപ്പമുള്ള മുട്ടയ്ക്ക് മുക്കാല്‍ കിലോയോളം തൂക്കമുണ്ടായിരിക്കും. കടും പച്ചനിറമാണ് മുട്ടയ്ക്ക്. ഒരെണ്ണത്തിന് 1000 രൂപയോളം വിലവരും. ഓരോ രാജ്യങ്ങളിലെ പ്രത്യേകതയനുസരിച്ചാണ് എമുവിന്റെ ഭക്ഷണക്രമം. കേരളത്തില്‍ ഇവിടെ കിട്ടുന്ന അരി, ഗോതമ്പ്, മുന്നാറി, മക്കച്ചോളം, തവിട്, പിണ്ണാക്ക് എന്നിവയൊക്കെ നല്‍കാം. അരിക്കും ഗോതമ്പിനും പകരം ഓസ്ട്രേലിയയില്‍ സോയാബീനും അമേരിക്കയില്‍ ഓട്സുമാണ് നല്‍കുന്നത്. എമുവിന്റെ വളര്‍ച്ചയ്ക്ക് കാല്‍സ്യം അത്യാവശ്യമാണ്. വളര്‍ച്ചയുടെ ഘട്ടത്തിലും മുട്ടയിടുമ്പോഴും കാല്‍സ്യം ധാരാളം വേണം. ഒരു എമു ഒരു കിലോയോളം ഭക്ഷണം ദിവസം കഴിക്കും. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് എമുവിന്റെ പ്രജനനകാലം. പിന്നെ മെയ് തുടങ്ങി സെപ്തംബര്‍ വരെ ഇടവേളയാണ്. പെണ്‍പക്ഷി 18~ാം മാസത്തിലും ആണ്‍പക്ഷി 20~ാം മാസത്തിലുമാണ് പ്രായപൂര്‍ത്തിയാവുന്നത്. വിരിഞ്ഞിറങ്ങി 21~ാം മാസത്തില്‍ മുട്ട പ്രതീക്ഷിക്കാം. ഫാമുകളില്‍ ഒരു പൂവന് ഒരു പിട എന്ന രീതിയാണ്. ഒരു തവണ ഇണചേര്‍ന്നു കഴിഞ്ഞാല്‍ 10 മുട്ട വരെ ലഭിക്കും. പിന്നെ 15~20 ദിവസം ഇടവേളയായിരിക്കും. ഇണചേരലിനുശേഷം പിന്നെയും മുട്ടയിടാന്‍ തുടങ്ങും. ഫാമുകളില്‍ മുട്ട അപ്പോള്‍ത്തന്നെ എടുത്തുമാറ്റുന്നതുകൊണ്ട് പക്ഷികള്‍ തുടര്‍ച്ചയായി ഇണചേരുകയും മുട്ട ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒരു വര്‍ഷം 56 മുട്ടയോളം ലഭിക്കുന്നു. മുട്ട എടുത്തുമാറ്റുന്നതുകൊണ്ട് പ്രജനനകാലത്തിന്റെ അവസാനദിവസങ്ങളില്‍ ആണ്‍പക്ഷിക്ക് മുട്ട കാണാത്തതു കൊണ്ടുള്ള വിഷാദമുണ്ടാകാറുണ്ടത്രെ. പൂവന്‍ അടയിരിക്കുന്ന 52 ദിവസവും ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യാറില്ല. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ മൂന്നുമാസം വരെ ഇവ പരിരക്ഷിക്കും. 40 വ.യസ്സോളം ആയുസ്സുള്ള എമു 30 വയസ്സുവരെ മുട്ടയിടും.  ജനിച്ച ഉടന്‍ തന്നെ എഴുന്നേറ്റു നില്‍ക്കുന്ന കുഞ്ഞുങ്ങള്‍ പിറ്റേന്നുമുതല്‍ നല്ല സ്പീഡില്‍ ഓടാന്‍ തുടങ്ങും. വിരിഞ്ഞിറങ്ങുമ്പോള്‍ 450 ഗ്രാം തൂക്കവും അര അടി ഉയരവും ഉണ്ടാകും മൂന്നു മാസമാകുമ്പോള്‍ രണ്ടടി ഉയരവും ആറുകിലോ തൂക്കവും ആകുന്നു. മൂന്നുമാസം വരെ ദേഹത്ത് വരകള്‍ കാണാം. ആണ്‍,പെണ്‍ കുഞ്ഞുങ്ങളെ തിരിച്ചറിയുന്നതും സാധാരണയായി വില്‍ക്കുന്നതും ഈ പ്രായത്തിലാണ്. ഒരു വര്‍ഷത്തില്‍ അഞ്ചര അടി ഉയരവും അഞ്ചുകിലോതൂക്കവും വെയ്ക്കുന്ന ഇവ രണ്ടു വയസ്സുമുതല്‍ മുട്ടയിട്ടു തുടങ്ങും.മയിലെണ്ണയോട് സാദൃശ്യമുള്ള എമുവിന്റെ എണ്ണയ്ക്കും ഏറെ ഔഷധഗുണമുണ്ടെന്നാണ് കണ്ടെത്തല്‍. സന്ധിവേദന, വീക്കം, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്്. എട്ടു വര്‍ഷം മുമ്പാണ് ഹൈദ്രാബാദിലേയും മഹാരാഷ്ട്രയിലേയും ഫാമുകളിലേക്ക് ഗവണ്‍മെന്റ് അംഗീകാരത്തോടെ എമുവിനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.  വ്യാവസായികാടിസ്ഥാനത്തില്‍ എമുവിനെ വളര്‍ത്തിയാല്‍ മാത്രമെ എമു എണ്ണ ഉത്പാദിപ്പിക്കുവാന്‍ കഴിയൂ. തൊലിയുടേയും മാംസത്തിന്റേയും ഇടയില്‍ ഒരാവരണം പോലെ കാണപ്പെടുന്ന കൊഴുപ്പ് ഉരുക്കിയാണ് എണ്ണ ഉണ്ടാക്കുന്നത്. അടയിരിക്കുന്ന ആണ്‍പക്ഷിക്ക് 52 ദിവസത്തോളം ഒന്നും കഴിക്കാതെ ജീവിക്കാന്‍ കഴിയുന്നത് ഈ കൊഴുപ്പുള്ളതുകൊണ്ടാണ്. നേരിട്ട് തീ ഏല്‍പ്പിക്കാതെ ബ്രോയ്ലര്‍രീതിയില്‍ കൊഴുപ്പ് ഉരുക്കിയാണ് എണ്ണ എടുക്കുന്നത്. കേരളത്തിലും ചില ഫാമുകളില്‍ എമുവിനെ വളര്‍ത്തുന്നുണ്ട്. വലിയ കമ്പിവേലികള്‍ തീര്‍ത്ത് വിസ്തൃതമായ പറമ്പുകളിലാണ് ഇവയെ വളര്‍ത്തുക. പ്രത്യേകിച്ച് രോഗങ്ങളോന്നുമില്ലാത്ത ഇവ പാമ്പ്, കീരി തുടങ്ങിയ ശത്രുക്കളെ ആക്രമിച്ച് കൊല്ലാറുണ്ട്. ഉപദ്രവകാരികല്ലാത്തതിനാല്‍ അലങ്കാരപക്ഷിയെന്ന നിലയില്‍ വീട്ടുമുറ്റത്തും വളര്‍ത്താം.


എമു ഇറച്ചിയില്‍ കൊളസ്റ്ററൊളിന്റെ അളവ് കുറവാണ്. ചുവപ്പ് നിറമാണ്, സ്വാദിഷ്ഠമാണ്. ഹൃദ്രോഗികള്‍ക്കുപോലും കഴിക്കാവുന്നതാണ്. ഈ സഹസ്രാബ്ദത്തിലെ സൂപ്പര്‍ ഫുഡ് എന്നാണ് എമു ഇറച്ചി അറിയപ്പെടുന്നത്. ഇതിന് കിലോയ്ക്ക് 200-250 രൂപവരെ വിലവരും.
തൊപ്പി, വസ്ത്രങ്ങള്‍, ബ്രഷുകള്‍, ബാഗുകള്‍, എന്നിവയ്ക്കുവേണ്ടി തൂവലുകള്‍ ഉപയോഗിച്ചു വരുന്നു. ബാഗുകള്‍, സീറ്റ് കവറുകള്‍, കയ്യുറ എന്നിവയുടെ നിര്‍മ്മാണത്തിന് ഇതിന്റെ തുകല്‍ ഉപയോഗിക്കാം. ഒരു പക്ഷിയില്‍ നിന്നും 12 ചതുരശ്ര അടിവരെ തൊലി ലഭിക്കുമത്രെ! ഒരു ചതുരശ്രയടിക്ക് 1000 രൂപ വിലവരും.
മുട്ടയ്ക്ക് 500 രൂപവരെ വില വരുന്നുണ്ട്. മുട്ടത്തോട് അലങ്കാര വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചു വരുന്നു. എമു എണ്ണയ്ക്ക് ലിറ്ററിന് 3000 രൂപയോളമാണ് വില! ഒരു എമുവില്‍ നിന്നും ആറു ലിറ്ററോളം എണ്ണ ലഭിക്കും. എമുവിന് 10 മീറ്ററോളം ദൂരത്തുള്ള കാഴ്ചകള്‍ കാണാന്‍ സാധിക്കുന്നതിനാല്‍ ഇവയുടെ കണ്ണുകള്‍ കോര്‍ണിയ മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയില്‍ മനുഷ്യര്‍ക്ക് ഉപയോഗിക്കാമത്രെ!
ഒരു ജോടി എമു പക്ഷികള്‍ക്ക് 15 മാസം പ്രായത്തില്‍ 20,000 രൂപയിലധികം വിലവരും. ഈ പ്രായത്തില്‍ 40 കി.ഗ്രാം. തൂക്കമുണ്ടായിരിക്കും

മുയല്‍ വളര്‍ത്തല്‍

മുയലുകളെ വളര്‍ത്തുന്നത് പ്രധാനമായും ഇറച്ചിക്കും ചര്‍മ്മത്തിനും വേണ്ടിയാണ്. കുറഞ്ഞ സമയം കൊണ്ട് പെറ്റുപെരുകാനുള്ള കഴിവ്, കൊഴുപ്പ് കുറഞ്ഞ ഇറച്ചി എന്നിവയും കുറഞ്ഞ സ്ഥലസൗകര്യത്തിലും ചെറിയ മുതല്‍മുടക്കിലും, ഏത് പ്രായത്തിലുള്ളവര്‍ക്കും ആരംഭിച്ചു വളരെ പെട്ടെന്ന് ആദായം ഉണ്ടാക്കാന്‍ കഴിയും എന്നതും മുയല്‍കൃഷിയുടെ പ്രത്യേകതകളാണ്.
മുയലിറച്ചിയിലുള്ള ഒമേഗ-ത്രീ-ഫാറ്റി ആസിഡ് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത ഒഴിവാക്കുകയും ചെയ്യുന്നു. മറ്റു മാംസാഹാരങ്ങള്‍ കഴിക്കാന്‍ പറ്റാത്തവര്‍ക്കും മുയലിറച്ചി ഭയം കൂടാതെ ഉപയോഗിക്കാം. ഇറച്ചിക്കായി പ്രധാനമായും മൂന്നിനം മുയലുകളെയാണ് വളര്‍ത്തുന്നത്.


1. സോവിയറ്റ് ചിഞ്ചില
2. ഗ്രേ ജയന്റ്
3. ന്യൂസിലാന്റെ വൈറ്റ്
4. ഡച്ച്

ഇവയുടെ സങ്കരയിനങ്ങളും നമ്മുടെ നാട്ടില്‍ വളര്‍ത്താന്‍ യോജിച്ചവയാണ്.

മുയല്‍ക്കൂടുകള്‍ മരം കൊണ്ടോ, കമ്പിവേലി കൊണ്ടോ ഉണ്ടാക്കാം. കൂടുതല്‍ വായുസഞ്ചാരമുള്ളതും ഇഴജന്തുക്കള്‍ കടക്കത്തതുമായ ഷെഡുകളില്‍ വെയ്ക്കേണ്ടതാണ്. കൂടിന്റെ ശുചിത്വമില്ലായ്മ രോഗങ്ങള്‍ക്ക് കാരണമാകും. പ്രജനനത്തിനുള്ള വലിയ മുയലുകള്‍ക്ക് ഒന്നിന് 90 സെ.മീ നീളവും 70 സെ.മീ വീതിയും 50 സെ.മീ ഉയരവും ഉള്ള കൂടുകള്‍ ആവശ്യമാണ്. കൂടിന്റെ അടിഭാഗം തറനിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ പൊക്കത്തില്‍ ആയിരിക്കണം. വിസര്‍ജ്യവസ്തുക്കള്‍ എളുപ്പത്തില്‍ താഴേയ്ക്കു പോകുന്ന രീതിയില്‍ ആയിരിക്കണം കൂട് നിര്‍മ്മിക്കേണ്ടത്. ശുദ്ധജലം കൂടിനുള്ളില്‍ എപ്പോഴും ലഭ്യമാക്കണം. ഇതിനായി മണ്‍ച്ചട്ടികളോ, ഒഴിഞ്ഞ ഗ്ലൂക്കോസ് കുപ്പികളില്‍ പ്ലാസ്റ്റിക് ട്യൂബ് ഘടിപ്പിച്ചതോ ഉപയോഗിക്കാം.

പച്ചപ്പുല്ല്, മുരുക്കില, കാരറ്റ്, കാബേഝ്, പയറുകള്‍, പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ എന്നിവയോടൊപ്പം മാംസ്യം കൂടുതല്‍ അടങ്ങിയ തീറ്റമിശ്രിതവും മുയലുകളുടെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം. ആണ്‍മുയലിനെയും പെണ്‍മുയലിനെയും പ്രത്യേകം കൂടുകളിലാണ് വളര്‍ത്തുന്നത്. അഞ്ച് പെണ്‍മുയലുകള്‍ക്ക് ഒരു ആണ്‍മുയല്‍ എന്ന അനുപാതത്തിലാണ് വളര്‍ത്തേണ്ടത്. 8-12 മാസം പ്രായം പൂര്‍ത്തിയായ ആണ്‍മുയലുകളെയും 6-8 മാസം പ്രായം പൂര്‍ത്തിയായ പെണ്‍മുയലുകളെയും ഇണചേര്‍ക്കാവുന്നതാണ്.

തടിച്ചു ചുവന്ന ഈറ്റം അസ്വസ്ഥത, മുഖം കൂടിന്റെ വശത്ത് ഉരയ്ക്കുക, പുറകു വശം പൊക്കി കിടക്കുക, വാല്‍ ഉയര്‍ത്തിപ്പിടിക്കുക എന്നിവയാണ് മദിയുടെ ലക്ഷണങ്ങള്‍. ഈ സമയത്ത് ആണ്‍മുയലിന്റെ കൂട്ടിലേക്കു വിടേണ്ടതാണ്. വിജയകരമായി ഇണചേര്‍ന്നാല്‍ ആണ്‍മുയല്‍ പുറകിലേക്കോ വശത്തേക്കോ മറിഞ്ഞു വീഴുന്നതായി കാണാം. 28-34 ദിവസം വരെയാണ് ഇവയുടെ ഗര്‍ഭകാലം. ഗര്‍ഭകാലത്തിന്റെ അവസാന ആഴ്ചയില്‍ തടി കൊണ്ടോ വീഞ്ഞപ്പെട്ടി കൊണ്ടോ ഒരു പ്രത്യേക കൂട് കൂട്ടിനുള്ളില്‍ വെയ്ക്കേണ്ടതാണ്. ഇതിന് 50x30x15 സെ.മീ വലിപ്പം ഉണ്ടായിരിക്കണം. ഒരു പ്രസവത്തില്‍ ആറു മുതല്‍ എട്ടു കുട്ടികള്‍ ഉണ്ടായിരിക്കാം. ജനിച്ചയുടനെ കുഞ്ഞുങ്ങളെ തിന്നുന്ന പ്രവണത തള്ളമുയലുകള്‍ കാണിക്കാറുണ്ട്. ഗര്‍ഭകാലത്തെ ശരിയായ തീഠ്ടക്രമം കൊണ്ട് ഇത് ഒഴിവാക്കാവുന്നതാണ്. നാല് മുതല്‍ ആറ് ആഴ്ച വരെ പ്രായമാകുമ്പോ‌ള്‍ കുഞ്ഞുങ്ങളെ തള്ളയില്‍ നിന്ന് മാറ്റേണ്ടതാണ്

.

മുയലുകള്‍ക്ക് പാര്‍പ്പിടം ഒരുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

1. ജല ലഭ്യത

ശുദ്ധജലം സുലഭമായി ലഭിക്കുന്ന സ്ഥലത്തായിരിക്കണം മുയലുകള്‍ക്ക് പാര്‍പ്പിടമൊരുക്കുന്നത്. കുടിക്കാനും, കൂടുകളും ഷെഡ്ഡുകളും കഴുകി വൃത്തിയാക്കാനും വെള്ളം വേണം. ക്ലോറിന്‍ കലര്‍ത്തിയ വെള്ളം മുയലുകള്‍ക്ക് കുടിക്കാന്‍ കൊടുക്കാതിരിക്കുകയാണ് അഭികാമ്യം.

2. ജല നിര്‍ഗമന മാര്‍ഗം 

വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലത്തായിരിക്കണം മുയല്‍ക്കൂടുകള്‍ നിര്‍മിക്കേണ്ടത്. കൂട് കഴുകുമ്പോഴുണ്ടാകുന്ന മലിനജലം കൂടിന്റെ പരിസരത്ത് കെട്ടിനില്‍ക്കരുത്. മലിനജലത്തില്‍  കൂടി രോഗാണുക്കള്‍ വരാനുള്ള സാധ്യതയുണ്ട്. 

3. സുരക്ഷിതത്വം

മുയലുകളെ പാര്‍പ്പിക്കുന്നത് സുരക്ഷിതമായ സ്ഥലത്തായിരിക്കണം. പാമ്പ്, മരപ്പട്ടി, പൂച്ച, നായ, മൂങ്ങ തുടങ്ങിയവ മുയലിന്റെ ശത്രുക്കളാണ്. കൂടാതെ കള്ളന്മാര്‍ക്ക് മുയലിനെ കൊണ്ടുപോകാനും സാധിക്കരുത്. മുയല്‍ കൂടുകളുള്ള ഷെഡ്ഡുകളില്‍ പക്ഷികള്‍ക്ക് കയറാന്‍ പറ്റാത്തതാവണം.

4. ഗതാഗത സൗകര്യം

ശരിയായ ഗതാഗത സൗകര്യമുള്ള സ്ഥലത്തായിരിക്കണം മുയല്‍ ഷെഡ്ഡുകള്‍. മുയലുകളേയും തീറ്റയും കൊണ്ടുവരാനും ഉല്‍പന്നങ്ങളുടെ മാര്‍ക്കറ്റിംഗിനും ഗതാഗത സൗകര്യം ആവശ്യമാണ്. പക്ഷെ തുടര്‍ച്ചയായി വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുന്ന റോഡുവക്കില്‍ മുയല്‍ക്കൂടുകള്‍ പണിയരുത്.

4. കാലാവസ്ഥ

മുയലിന് തണുത്ത കാലാവസ്ഥയാണ് കൂടുതല്‍ നല്ലത്. ഷെഡ്ഡിന് ചുറ്റും തണല്‍ മരങ്ങളും ഷെഡ്ഡില്‍ ഫാനും നല്ലതാണ്. സൂര്യരക്ഷ്മികള്‍ നേരിട്ട് കൂട്ടിലേക്ക് പതിക്കരുത്. ടെറസ്സ്, പാറപ്പുറം, കുന്നിന്‍പുറം എന്നിവിടങ്ങളില്‍ മുയല്‍ വളര്‍ത്തല്‍ അനുയോജ്യമല്ല. ഏറ്റവും അനുയോജ്യമായ അന്തരീക്ഷ താപനില പത്ത് ഡിഗ്രി സെല്‍ഷ്യസിനും ഇരുപത് ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. 
മുയല്‍ക്കൂടുകള്‍ മുയലുകള്‍ക്ക് സമ്മര്‍ദ്ദമുണ്ടാകുന്ന തരത്തില്‍ സ്ഥലപരിമിതി ഉണ്ടാവാന്‍ പാടില്ല. മുയല്‍ക്കൂടിനുള്ളിലും ശരിയായ കാറ്റും വെളിച്ചവും ആവശ്യമാണ്. മുയല്‍ കൂട് വൃത്തിയുള്ളതായാല്‍ മിക്ക രോഗങ്ങളും തടയാം. ശത്രുക്കളുടെ ശബ്ദമോ ഗന്ധമോ അതുമല്ലെങ്കില്‍ മറ്റ് വലിയ ശബ്ദങ്ങളോ മുയലുകളെ ഭീതിപ്പെടുത്തുന്നു. മുയല്‍ക്കൂടിനകത്തേക്ക് സന്ദര്‍ശകരെ കയറ്റരുത്. കൂടുതല്‍ അന്തരീക്ഷ ആര്‍ദ്രതയും മുയലുകള്‍ക്ക് രോഗം വരുത്തും. ഇതിനൊക്കെ പുറമെ കൂട്ടില്‍ തീറ്റയും വെള്ളവും കൊടുക്കാനുള്ള നല്ല സൗകര്യവും ഉണ്ടായിരിക്കണം.

അലങ്കാര കോഴികള്‍

അലങ്കാര കോഴികള്‍ക്ക് ഇന്ന് നമ്മുടെ നാട്ടില്‍ വളരെയധികം വിപണന പ്രാധാന്യമുണ്ട്.ഒറിജിനലാണെങ്കില്‍ നല്ല വിലയും കിട്ടും. പ്രധാനമായും ഈ ഗണത്തിലുള്ളത് "ബാന്റം''കോഴികളാണ്. ബാന്റം എന്നാല്‍ ചെറുത് എന്നര്‍ഥം. കൊഷിന്‍ ബാന്റം, അമേരിക്കന്‍ കൊഷിന്‍ ബാന്റം, ബൂട്ടഡ് ബാന്റം, ഫ്രില്‍ഡ് ബാന്റം, സെബ്രൈറ്റ് ബാന്റം, സില്‍വര്‍ലൈസ്, മില്ലി ഫ്ളോര്‍, സില്‍ക്കി, പോളിഷ്ക്യാപ്, റോസ് കോമ്പ് അങ്ങനെ തുടങ്ങുന്നു ജനപ്രിയ ഇനങ്ങള്‍. സില്‍ക്കിയില്‍ തന്നെ ഗോള്‍ഡന്‍, ബ്ളാക്ക്, വൈറ്റ്, ബഫ് എന്നീ നാല് കളറുകളുണ്ട്. ഓരോ ഇനവും വ്യത്യസ്ത കളറുകളില്‍ ലഭ്യമാണ്. അഴകില്‍ എതിര്‍ നില്‍ക്കാനില്ലാത്തവരാണിക്കൂട്ടര്‍. ചിലതിന് അങ്കവാല്‍, വേറെച്ചിലതിന് ആടയും തലപ്പൂവും മറ്റുചിലതിന് തൂവല്‍കുപ്പായവും ഷൂസിട്ടതുപോലെ കാല്‍പാദംമുഴുവന്‍ മൂടിക്കിടക്കുന്ന തൂവലുകളും. ആഫ്രിക്കയിലെ ഗിനിയക്കാരന്‍ പുള്ളിയഴകന്‍ ഗിനിക്കോഴികളെയും, ഇന്ത്യക്കാരന്‍, കാരിരുമ്പിന്റെ കരുത്തുള്ള അങ്കച്ചേകവര്‍ അസീലുകളെയും, നീളന്‍ അംഗവാലോടുകൂടിയ ഓണഗഡേറിയന്‍ വരെ തരപ്പെട്ടാല്‍ വളര്‍ത്താം.


മരവും കമ്പിവലയും ഉപയോഗിച്ചോ രണ്ടും തനിയെ ഉപയോഗിച്ചോ കൂട് നിര്‍മിക്കാം. നല്ല വായു സഞ്ചാരമുണ്ടാകണം. പുറത്തുവിടാതെ വളര്‍ത്തുന്നവക്ക് ആവശ്യമായ സ്ഥലം കൂടുകളിലുണ്ടായിരിക്കണം. കൂടിന്റെ അടിഭാഗം കമ്പിവല ആയിരിക്കുന്നതാണുത്തമം. വലക്കണ്ണിയിലൂടെ കാഷ്ഠം കൊഴിഞ്ഞുപോകുന്നതിനാല്‍ തൂവലുകളും കൂടും വൃത്തിയായി സൂക്ഷിക്കാം. രണ്ടോ മൂന്നോ തട്ടായും കൂടൊരുക്കാം. ഓരോ തട്ടിനിടയിലും ട്രേയോ പലകത്തട്ടോ വെച്ച്, മുകളിലത്തെ തട്ടില്‍ നിന്നുള്ള കാഷ്ഠവും മറ്റും തടയണം. രണ്ട് തട്ടാണെങ്കില്‍ ഒന്നാമത്തെത് നെഞ്ചിന്റെ ഉയരത്തിലും രണ്ടാമത്തെത് കണ്ണിന്റ ഉയരത്തിലുമായിരിക്കണം. മൂന്നാമതൊന്നുണ്ടെങ്കില്‍ ഒന്നാമത്തെതിന്റ താഴെയാണ് നല്ലത്. ഒറ്റ ജോഡിക്കുവേണ്ട കൂടിന് അമ്പത് സെന്റീമീറ്റര്‍ വീതം നീളവും വീതിയും ഉയരവും മതി. ഒരു പൂവന്റെ കൂടെ മൂന്നോ നാലോ പിടകളെ ഒന്നിച്ചുവളര്‍ത്താം. കൂടിന്റ നീളവും വീതിയും ആനുപാതികമായി വര്‍ധിപ്പിക്കണമെന്നുമാത്രം. അംഗവാലിനു നീളക്കൂടുതലുള്ള ഇനങ്ങളാണെങ്കില്‍ ഉയരം മുക്കാല്‍ മീറ്ററാക്കാം. ഫ്ളാറ്റുകളിലാണെങ്കില്‍ കൂടിനു താഴെ ട്രേയിലോ ചാക്കിലോ മണല്‍ നിരത്തിയാല്‍ ദിവസവും വൃത്തിയാക്കാന്‍ എളുപ്പമാണ്. ടെറസുകളില്‍ അല്‍പം വിശാലമായിത്തന്നെ വളര്‍ത്താം. മഴയും വെയിലുമേല്‍കാത്ത തരത്തില്‍ ഷീറ്റ് മേയണമെന്നുമാത്രം. നിരത്തിവെച്ച കൂടുകള്‍ക്കു താഴെ മണല്‍വിരിക്കാം. മുറ്റമുള്ള വീട്ടുകാര്‍ക്ക് പുറത്തുവിട്ടും വളര്‍ത്താം. പുറത്തുവിട്ട് വളര്‍ത്തുമ്പോള്‍ വിവിധയിനങ്ങള്‍ തമ്മില്‍ ഇണചേര്‍ന്ന് വംശഗുണം നഷ്ടപ്പെടാനിടയുണ്ട്. മൂന്നോ നാലോ പിടകള്‍ക്ക് ~ഒരു പൂവനെന്ന നിലയില്‍ പ്രത്യേകം കൂടുകളില്‍ വളര്‍ത്താം.

സാധാരണതീറ്റകള്‍ തന്നെയാണ് ഫാന്‍സി കോഴികള്‍ക്കും നല്‍കാറ്. അടച്ചിട്ട് വളര്‍ത്തുന്നവക്ക് പോഷകക്കമ്മി രോഗങ്ങള്‍ പുറത്തുവിടുന്നവയേക്കാള്‍ കൂടുതലാണ്. അതിനാല്‍ സമീകൃതാഹാരങ്ങളും നല്‍കണം. മാര്‍ക്കറ്റില്‍ നിന്നും വാങ്ങിക്കുന്ന തീറ്റയില്‍ അരി, ഗോതമ്പ്, ചോറ് തുടങ്ങിയവ ചേര്‍ത്തും നല്‍കാം. ഉപ്പ് ചേര്‍ക്കാതെ ഉണക്കിയ മീന്‍, കപ്പ എന്നിവ പൊടിച്ചതും കടലപ്പിണ്ണാക്കും ധാന്യങ്ങളും ചേര്‍ത്ത് തീറ്റയായി നല്‍കാം. വൃത്തിയുള്ള വെള്ളം കൂട്ടിലെപ്പോഴും വേണം. പാത്രത്തില്‍ കയറി ചിക്കിച്ചികഞ്ഞ് തീറ്റ മറിഞ്ഞുവീഴാത്ത തരത്തില്‍ തീറ്റപ്പാത്രവും വെള്ളപ്പാത്രവും ഉറപ്പിക്കണം. അല്ലെങ്കില്‍ കൂടിനു പുറത്ത് നീളത്തില്‍ സ്ഥാപിച്ച്, തല മാത്രം പുറത്തിടാവുന്ന ദ്വാരങ്ങള്‍ നല്‍കണം. ഈ രീതി പുറമെ നിന്നുള്ള അക്രമമേല്‍കാത്ത ഷെഡിനകത്തോ ടെറസിനു മുകളിലോ ആണ് പ്രായോഗികം. 

ഒരുപൂവനും പിടക്കും വിരിയുന്ന കുഞ്ഞുങ്ങളില്‍ ഒന്നാം തലമുറയെയും രണ്ടാംതലമുറയെയും ആദ്യത്തെ പൂവനെ കൊണ്ടുതന്നെ കൊത്തിക്കാം. ഇതുവഴി പൂര്‍ണമായും ശുദ്ധ ജനുസുകള്‍ തന്നെയായിരിക്കും ഉരുത്തിരിയുക. അതിനുശേഷം ഇതില്‍നിന്നു കിട്ടുന്ന ശുദ്ധ ജനുസിലെ പൂവന്‍മാരെ ഉപയോഗിച്ചാണ് പിടകളെ കൊത്തിക്കേണ്ടത്. ഇതുമൂലം അഴകില്‍ മുന്നില്‍നില്‍ക്കുന്ന നല്ല കുഞ്ഞുങ്ങളെ ലഭിക്കും.
നല്ല ആരോഗ്യവും സൌന്ദര്യവുമുള്ള ഇണകളുടെ മുട്ടകള്‍ ആണ് വിരിയിക്കാനായി തെരഞ്ഞെടുക്കേണ്ടത്. ചെറിയ ഇനങ്ങളുടെ മുട്ടകള്‍ പൊതുവെ ചെറുതായിരിക്കുമെങ്കിലും വിരിയിക്കാനെടുക്കേണ്ടത് അധികം ചെറുതും വലുതുമല്ലാത്തതും, തോട് അധികം കട്ടികൂടിയതും കുറഞ്ഞതുമല്ലാത്തതുമാണ്. സാധാരണ ആകൃതിയുള്ളതും വൃത്തിയുള്ളതുമായിരിക്കണം. നാടന്‍ കോഴികളെയും വളര്‍ത്തി അവയെ അടക്കോഴികളായി ഉപയോഗപ്പെടുത്താം.
കൂടുതല്‍ മുട്ടകള്‍ ഒരേ സമയം വിരിയിപ്പിക്കേണ്ടി വരുമ്പോള്‍, ഇന്‍ക്യബേറ്റര്‍ ഉപയോഗിക്കാം. ഇന്‍ക്യുബേറ്ററുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ മുട്ടകള്‍ ഒന്നടങ്കം കേടുവന്നേക്കാം. ഒരു ഭാഗത്തു തന്നെ ചൂടു തട്ടിയാല്‍ കേടാകും. ദിവസവും ആറ്-എട്ട് പ്രാവശ്യം മുട്ടയുടെ ഓരോ ഭാഗവും തിരിച്ചുവെച്ച് ചൂട് കൊള്ളിക്കണം. ആവശ്യത്തിന് ഈര്‍പ്പം ലഭ്യമാക്കാന്‍ ചെറിയ പാത്രത്തില്‍ വെള്ളം വെക്കുകയും ക്രമീകരിക്കുകയും ചെയ്യുക.

അലങ്കാര കോഴികള്‍ ഏറെ രോഗപ്രതിരോധ ശേഷിയുള്ളവയാണ്. അവക്ക് പ്രത്യേകം അസുഖങ്ങള്‍ വരാറില്ല. കാലാവസ്ഥ മാറുമ്പോഴും പകര്‍ച്ചവ്യാധികളുണ്ടാകുമ്പോഴും മുന്‍കരുതലെടുക്കണം. വെറ്ററിനറി ഡോക്ടറെ സമീപിച്ച് പ്രതിരോധ മരുന്നുകള്‍ സമയാസമയം നല്‍കുക. പുറത്ത് മേഞ്ഞുനടക്കുന്നവയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. തുളസിനീരും മഞ്ഞള്‍ വെള്ളവും ഇടക്കിടെ നല്‍കുന്നത് ഏറെ ഗുണം ചെയ്യും. പെരുമാറ്റവും കാഷ്ഠത്തിന്റെ നിറവ്യത്യാസവുമൊക്കെ നിരീക്ഷിച്ചു കൊണ്ടിരിക്കണം.

കേരളത്തിനു പുറത്തുനിന്നാണ് പ്രധാനമായും അലങ്കാര കോഴികള്‍ കേരള വിപണിയിലെത്തുന്നത്. കുറഞ്ഞ ഉല്‍പാദനമുള്ളവര്‍ക്ക് പ്രാദേശികമായി വിപണികള്‍ കണ്ടെത്താം. കൊഷിന്‍, സില്‍ക്കി തുടങ്ങിയവക്ക് 1500 നു മുകളിലും പോളിഷ് ക്യാപ്, സെബ്രൈറ്റ് തുടങ്ങിയവക്ക് 2500 നു മുകളില്‍ വിലകിട്ടും. രണ്ട് മാസമായ കുഞ്ഞുങ്ങള്‍ക്ക് 350 ഉും 500 മാണ് മാര്‍ക്കറ്റ് വില.

3.17307692308
Jancy Jijo May 26, 2016 05:00 PM

നന്നായിരിക്കുന്നു

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top