Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / മത്സ്യകൃഷി / മത്സ്യ ഉല്‍പ്പാദനം / ബ്ലാക്ക് മൂര്‍ മത്സ്യങ്ങള്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ബ്ലാക്ക് മൂര്‍ മത്സ്യങ്ങള്‍

സ്വര്‍ണ്ണമത്സ്യങ്ങളില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച പോപ്ഐ മത്സ്യങ്ങളാണ് ബ്ലാക്ക് മൂര്‍

ബ്ലാക്ക് മൂര്‍

കറുത്തിരുണ്ട ദേഹവും പുറത്തേക്കുന്തി നില്‍ക്കുന്ന ബലൂണ്‍ കണ്ണുകളുമുള്ള ബ്ലാക്ക് മൂറുകള്‍, യഥാര്‍ത്തില്‍ സ്വര്‍ണ്ണമത്സ്യങ്ങള്‍ തന്നെയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍ സംഗതി ശരിയാണ്. ഇരുവശങ്ങളിലേക്കും തള്ളിനില്‍ക്കുന്ന വലിയ കണ്ണുകളുള്ള മത്സ്യങ്ങളാണ് പോപ്ഐസ് (Pop-eyes). സ്വര്‍ണ്ണമത്സ്യങ്ങളില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച പോപ്ഐ മത്സ്യങ്ങളാണ് ബ്ലാക്ക് മൂര്‍ (Black moor) അഥവാ കരിങ്കുമിളക്കണ്ണന്മാര്‍. മറ്റു സ്വര്‍ണ്ണമത്സ്യയിനങ്ങളിലൊന്നും ദൃശ്യമല്ലാത്ത മെറ്റാലിക് കരി നിറം കൊണ്ടു തന്നെയാകാം, കോടിക്കണക്കിനു ഹോബിയിസ്റ്റുകളെ ബ്ലാക്ക് മൂറുകള്‍ ആകര്‍ഷിച്ചത്! ഇവ സ്വര്‍ണ്ണമത്സ്യങ്ങളായതിനാല്‍ ശാസ്ത്രീയനാമം കരേസിയസ് ഒറേറ്റസ് (Carassius auratus) എന്ന് തന്നെ. ജപ്പാനില്‍ കുറോ ഡെമക്കിന്‍ എന്നും ചൈനയില്‍ ഡ്രാഗണ്‍ ഐ എന്നും അറിയപ്പെടുന്ന ബ്ലാക്ക് മൂറുകള്‍ക്ക് കറുത്ത മെറ്റാലിക് നിറത്തിലുള്ള, വെല്‍വറ്റു പോലെ തിളങ്ങുന്ന ചെതുമ്പലുകളാണുള്ളത്. ഇവയുടെ ഒഴുകിനടക്കുന്ന ചിറകുകള്‍, കറുത്ത ശരീര ഭംഗിക്ക് മാറ്റുകൂട്ടുന്നു. കണ്ണുകള്‍ താരതമ്യേന വലുതാണെങ്കിലും കാഴ്ചശക്തി തുലോം കുറവാണ് ബ്ലാക്ക് മൂറുകള്‍ക്ക്.

പൂര്‍ണ്ണവളര്‍ച്ചയെത്തിയ ബ്ലാക്ക് മൂര്‍ മത്സ്യങ്ങള്‍ക്ക് 10 ഇഞ്ച് വരെ നീളം കാണും . സാഹചര്യങ്ങള്‍ക്കനുസരിച്ച്, ആറു മുതല്‍ ഇരുപത്തിയഞ്ച് വര്‍ഷം വരെ ആയുസ്സുണ്ടിവയ്ക്ക്. പക്ഷെ അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള പ്രജനനം (കിയൃലലറശിഴ) വഴി സൃഷ്ടിച്ചെടുത്ത മത്സ്യങ്ങള്‍ പൊതുവെ ആറ് ഏഴ് വര്‍ഷങ്ങളില്‍ക്കൂടുതല്‍ ജീവിച്ചിരിക്കാറില്ല. പ്രായം കൂടുന്തോറും ബ്ലാക്ക് മൂറുകളുടെ കറുത്ത നിറം, നരച്ചു പൊടിപിടിച്ചതു പോലെയുള്ള ഇളം കറുപ്പായിത്തീരും. ചൂടുള്ള കാലാവസ്ഥയില്‍ നല്ല സൂര്യ പ്രകാശമുള്ള ടാങ്കില്‍ വളര്‍ത്തിയാല്‍, ഇവയുടെ മെറ്റാലിക് നിറം കൂടുതല്‍കാലം നിലനിര്‍ത്താം. ഓര്‍ത്തിരിക്കേണ്ട മറ്റൊരു സവിശേഷത, ബ്ലാക്ക് മൂറുകള്‍ അവയുടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും കറുപ്പ് നിറത്തിലുള്ളവയായിരിക്കില്ല എന്നതാണ്. ജലത്തിന്റെ ഗുണമേന്മ, പ്രകാശത്തിന്റെ സവിശേഷതകള്‍ എന്നിവയനുസരിച്ച് മത്സ്യങ്ങളുടെ നിറത്തിലും വ്യത്യാസം പ്രകടമാകാം. കുഞ്ഞു മത്സ്യങ്ങള്‍ക്ക് മറ്റു സ്വര്‍ണ്ണമത്സ്യയിനങ്ങളിലേതുപോലെ പിച്ചളനിറമോ തവിട്ടു നിറമോ ആയിരിക്കും. പ്രായം കൂടുമ്പോള്‍ മാത്രമേ കറുപ്പ് നിറവും ഉന്തിയ കണ്ണുകളും ഇവയില്‍ പ്രകടമാകൂ. വളര്‍ച്ചാഘട്ടങ്ങളില്‍ ചിലതിലെങ്കിലും ഈ മത്സ്യങ്ങള്‍ക്ക് ഓറഞ്ചു നിറമോ തുരുമ്പിന്റെ നിറമോ കാണാറുണ്ട്. ശരീരത്തില്‍ ഓറഞ്ചു കുത്തുകളുള്ള മത്സ്യങ്ങളും വിരളമല്ല.

പല നിറത്തിലും ആകൃതിയിലും വലിപ്പത്തിലുമുള്ള, വാലുകളും ശരീരവുമനുസരിച്ചു പല തരത്തിലുള്ള മൂര്‍ മത്സ്യങ്ങള്‍ പ്രചാരത്തിലുണ്ട്. ഞൊറിവാലന്മാരും, റിബണ്‍ പോലെയോ പൂമ്പാറ്റകള്‍ പോലെയോ ഒക്കെ വാലകളുള്ള സുന്ദരന്മാരും എല്ലാമുണ്ട് ബ്ലാക്ക് മൂറുകളില്‍. കറുപ്പിന് പകരം വെളുത്ത നിറത്തിലുള്ള മത്സ്യങ്ങളാണ് വൈറ്റ് മൂറുകള്‍ (White moor) അഥവാ വെണ്‍കുമിളക്കണ്ണന്മാര്‍. പാന്‍ഡ മൂറുകളാകട്ടെ കറുപ്പും വെളുപ്പും കലര്‍ന്നവയും. ബ്ലാക്ക് മൂറുകളുടെയത്ര തിളക്കമില്ലാത്ത കറുത്ത നിറത്തിലുള്ള മറ്റു സ്വര്‍ണ്ണമത്സ്യയിനങ്ങളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. കറുത്ത പേള്‍ സ്‌കെയില്‍, ഒറാന്റ, ഹിബ്യൂണകള്‍ തുടങ്ങിയവയൊക്കെ ചൈനയില്‍ നിന്നും മറ്റും നമ്മുടെ രാജ്യത്തേക്ക് എത്തിയിട്ടുണ്ട്. ചെറിയ വ്യത്യാസങ്ങളൊഴിച്ചാല്‍ ബ്ലാക്ക് മൂറുകളെപ്പോലെ തന്നെയാണ് ബ്ലാക്ക് ഡെമെക്കിനുകളും . ഡെമെക്കിനുകള്‍ക്ക് തടിച്ച ശരീരവും കുറുകിയ വാലുകളുമാണുള്ളത്. കണ്ണുകള്‍ മുകളിലേക്ക് നോക്കുന്നത് പോലെ കാണപ്പെടുന്ന സ്വര്‍ണ്ണമത്സ്യയിനമായ വിണ്മിഴികളിലും (Celestial eyes) ഇപ്പോള്‍ കറുത്തനിറമുള്ളവയുണ്ടെങ്കിലും, ഇവയെ ബ്ലാക്ക് മൂറുകളായി കണക്കാക്കാറില്ല.

തുടക്കക്കാര്‍ക്ക് യോജിച്ച സ്വര്‍ണ്ണമത്സ്യയിനമാണ് ബ്ലാക്ക് മൂറുകള്‍. ഇവയ്ക്ക് മറ്റു സ്വര്‍ണ്ണമത്സ്യങ്ങളെ അപേക്ഷിച്ച് പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവ് കൂടുതലാണ്. കാഴ്ചശക്തി കുറവായതിനാല്‍ ബ്ലാക്ക് മൂറുകളെ സാധാരണഗതിയില്‍ ആരും കുളങ്ങളില്‍ വളര്‍ത്താറില്ല. വലിയ കുളത്തില്‍ ഇര തേടാനും ഭക്ഷണം സ്വീകരിക്കാനും കാഴ്ചക്കുറവ് തടസ്സം സൃഷ്ടിക്കും. മാത്രമല്ല , ഇരപിടിയന്മാരായ പക്ഷികളില്‍ നിന്നും മറ്റും രക്ഷ നേടാന്‍, പൊതുവെ കഴിവ് കുറവാണ് ബ്ലാക്ക് മൂറുകള്‍ക്ക് .

പുതുതായി വാങ്ങുന്ന ബ്ലാക്ക് മൂര്‍ മത്സ്യങ്ങളില്‍ നേത്രരോഗങ്ങളില്ല എന്ന് ഉറപ്പു വരുത്തേണ്ടതാണ്. പലപ്പോഴും നേത്ര രോഗങ്ങള്‍ക്ക് കാരണക്കാരായ സൂക്ഷ്മാണുക്കള്‍, ശരീരത്തെയും ബാധിച്ചുവെന്നുവരാം. മാത്രമല്ല ഇത്തരം രോഗങ്ങള്‍ എളുപ്പം പകരുന്നവയുമായിരിക്കും. സാധിക്കുമെങ്കില്‍ പുതിയ മത്സ്യങ്ങളെ ഒരു ക്വാരന്റൈന്‍ ടാങ്കിലിട്ടു നിരീക്ഷിച്ചശേഷം മറ്റു മത്സ്യങ്ങളോടൊപ്പം നിക്ഷേപിക്കാവുന്നതാണ്. സമാധാനപ്രിയരും ഒരുമിച്ചു നീന്താനിഷ്ടപ്പെടുന്ന (Schooling) വയുമായതിനാല്‍, പെരുവിരലിന്റെ വലിപ്പമുള്ള ഒരു ജോടി മത്സ്യങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞത് 40 ലിറ്റര്‍ എന്ന തോതിലെങ്കിലും വെള്ളം കൊള്ളുന്ന അക്വേറിയം വേണം. മത്സ്യങ്ങളുടെ നീളം ഈ വലിപ്പത്തില്‍ നിന്ന് കൂടുന്തോറും ഒരിഞ്ചിന് 5 ലിറ്റര്‍ എന്ന തോതില്‍ ടാങ്കിന്റെ വലിപ്പം വര്‍ധിപ്പിക്കണം. ചെറിയ ഗോളാകൃതിയിലുള്ള കണ്ണാടിപ്പാത്രങ്ങളില്‍ ബ്ലാക്ക് മൂറുകളെ വളര്‍ത്തുന്നത് ക്രൂരതയാണ്. മറ്റു സ്വര്‍ണ്ണമത്സ്യങ്ങളെപ്പോലെ വിസര്‍ജ്ജ്യം സൃഷ്ടിക്കുന്നവയായതിനാല്‍, ടാങ്കിന്റെ വലിപ്പം കൂട്ടുന്നതില്‍ തെറ്റില്ല. കൂര്‍ത്ത വശങ്ങളുള്ള അലങ്കാരവസ്തുക്കളും കല്ലുകളും പ്ലാസ്റ്റിക് ചെടികളും അക്വേറിയത്തില്‍ ഉപയോഗിക്കരുത്. ബ്ലാക്ക് മൂറുകളുടെ വലിയ കണ്ണുകള്‍ ദ്രാവകം നിറഞ്ഞവയും മൃദുലമായ ത്വക്കിനാല്‍ സംരക്ഷിക്കപ്പെട്ടവയുമാണ്. അതിനാല്‍ തന്നെ കൂര്‍ത്ത വസ്തുക്കളില്‍ തട്ടി കണ്ണുകള്‍ക്ക് ക്ഷതമേല്‍ക്കാന്‍ സാധ്യതയുണ്ട്. ചില അവസരങ്ങളില്‍ ഇത്തരം അപകടങ്ങള്‍ ബ്ലാക്ക് മൂറുകളുടെ കണ്ണുകള്‍ തന്നെ പൊഴിച്ച് കളയാറുമുണ്ട്. പലപ്പോഴും അക്വേറിയം സസ്യങ്ങളുടെ കൂര്‍ത്ത ഇലകള്‍ പോലും ഈ മത്സ്യങ്ങള്‍ക്ക് ക്ഷതമേല്‍പ്പിച്ചെന്ന് വരാം .

അക്വേറിയത്തില്‍ ഒരു എയറേറ്റര്‍ ഉപയോഗിച്ച് വായുകുമിളകള്‍ സൃഷ്ടിക്കുന്നത് കൂടുതല്‍ ഓക്‌സിജന്‍ വെള്ളത്തില്‍ ലയിക്കാന്‍ സഹായകമാണ്. പ്രത്യേകിച്ച് രാത്രി കാലങ്ങളില്‍ ഇത്തരത്തില്‍ അധിക വായുകുമിളകള്‍ പ്രദാനം ചെയ്യാന്‍ ശ്രദ്ധിക്കണം. തണുപ്പ് കൂടിയ വെള്ളം ഇഷ്ടപ്പെടുന്നതിനാല്‍ (യോജിച്ച താപനില 10 21 ഡിഗ്രി സെല്‍ഷ്യസ്) അക്വേറിയത്തില്‍ ഹീറ്ററിന്റെ ആവശ്യമില്ല. പകരം ടാങ്കില്‍ ഒരു ഫാന്‍ ഘടിപ്പിച്ചു ജലതാപം കുറയ്ക്കുന്നത് ഗുണം ചെയ്യും. അനുയോജ്യമായ ുഒ 6 8 ആണ്. ജലത്തിന്റെ കാഠിന്യം വലിയ പ്രശനമല്ല (ഏഒ 5 19). യഥാസമയമുള്ള ജല പരിശോധന, വെള്ളം മാറ്റല്‍ തുടങ്ങിയവ കൊണ്ട് അക്വേറിയത്തിന്റെ സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കുകയും വേണം. 20 25 ശതമാനം വെള്ളം ആഴ്ചയില്‍ രണ്ടു തവണ വീതം മാറ്റുന്നത് വളരെ നല്ലതാണ്. അക്വേറിയത്തിന്റെ അടിത്തട്ടില്‍, ചരല്‍ മുന്‍വശത്തേക്ക് ചെരിച്ചു വിരിക്കുന്നത് വിസര്‍ജ്ജ്യവും അഴുക്കും നീക്കം ചെയ്യാന്‍ സഹായിക്കും. ടാങ്കില്‍ ഒരു നല്ല ഫില്‍റ്റര്‍ സ്ഥാപിക്കാന്‍ മറക്കരുത്. സ്വര്‍ണ്ണമത്സ്യങ്ങളുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട എല്ലാ കാര്യങ്ങളും ബ്ലാക്ക് മൂറുകള്‍ക്കും ബാധകമാണ് .

ബ്ലാക്ക് മൂറുകളെ മറ്റിനം മത്സ്യങ്ങളുമായി ഒന്നിച്ചു പാര്‍പ്പിക്കാതിരിക്കുന്നതാണ് നല്ലത്. സാധാരണ സ്വര്‍ണ്ണമത്സ്യയിനങ്ങളോടൊപ്പം ഇവയെ വളര്‍ത്താമെങ്കിലും ചടുലമായി നീന്തുന്ന കോമെറ്റ്, കാര്‍പ്പ് , ഷുബുണ്‍കിന്‍ തുടങ്ങിയവയെ ഒഴിവാക്കണം. ഈയിനം മത്സ്യങ്ങള്‍ വളരെ വേഗം നീന്തി ദ്രുതഗതിയില്‍ തീറ്റയെടുക്കുന്നവയാണ്. അതിനാല്‍ ഇട്ടു കൊടുക്കുന്ന തീറ്റ മുഴുവന്‍ ഈ മത്സ്യങ്ങള്‍ ക്ഷണനേരം കൊണ്ട് അകത്താക്കുകയും ബ്ലാക്ക് മൂറുകള്‍ പലപ്പോഴും പട്ടിണിയിലാകുകുകയും ചെയ്യും. ഭക്ഷണ ദൌര്‍ലഭ്യവും അസ്വസ്ഥതയും അവയെ അല്പായുസ്സുക്കളാക്കും. സാരിവാലന്‍ ബ്ലാക്ക് മൂറുകള്‍ക്ക് യോജിച്ചത് സാരിവാലന്‍ സ്വര്‍ണ്ണമത്സ്യങ്ങളും, കുറുകിയ വാലുകളുള്ള ബ്ലാക്ക് ഡെമെക്കിനുകള്‍ക്ക് യോജിച്ചത് കുറുകിയ വാലുകളുള്ള സ്വര്‍ണ്ണമത്സ്യങ്ങളുമാണ്. ഉരുണ്ട ശരീര പ്രകൃതിയുള്ള ഫാന്‍ടെയില്‍, റിയുകിന്‍, പേള്‍ സ്‌കെയില്‍ തുടങ്ങിയ സ്വര്‍ണ്ണമത്സ്യങ്ങളെയും ബ്ലാക്ക് മൂറുകള്‍ക്ക് കൂട്ടായി വളര്‍ത്താം. എന്നാല്‍ ഈയിനങ്ങള്‍ തുടക്കക്കാര്‍ക്ക് യോജിച്ചവയല്ലെന്ന് ഓര്‍ക്കണം .

എല്ലാ സ്വര്‍ണ്ണമത്സ്യത്തീറ്റകളും ബ്ലാക്ക് മൂറുകള്‍ക്ക് യോജിച്ചവയാണ്. വായ്ഭാഗം താഴേക്കും കണ്ണുകള്‍ വശങ്ങളിലേക്കും ആയതിനാല്‍, പൊങ്ങിക്കിടക്കുന്ന മത്സ്യത്തീറ്റ മുകളില്‍ വന്നു കഴിക്കാന്‍ താരതമ്യേന പ്രയാസമാണ് ഇവയ്ക്ക്. അക്വേറിയത്തിന്റെ മധ്യഭാഗത്ത് കൂടുതല്‍നേരം ചെലവഴിക്കുന്ന ബ്ലാക്ക് മൂറുകള്‍ക്ക് പെല്ലെറ്റു രൂപത്തിലുള്ള, അക്വേറിയത്തിന്റെ അടിത്തട്ടിലേക്ക് താഴ്ന്നു പോകുന്ന തീറ്റയാണ് അനുയോജ്യം. അതോടൊപ്പം തന്നെ ശീതീകരിച്ച ഡാഫ്‌നിയ, ബ്ലഡ് വേംസ്, വേവിച്ചരച്ച ചെമ്മീന്‍ എന്നിവയും ആഴ്ച്ചയിലൊരിക്കല്‍ നല്‍കാവുന്നതാണ്. എന്നാല്‍ തീറ്റയില്‍ 30 ശതമാനത്തിലധികം പ്രോട്ടീന്‍ കൂടുന്നത് ദഹനസംബന്ധിയായ അസുഖങ്ങള്‍ വരുത്തും. മാസത്തില്‍ രണ്ടു മൂന്നു പ്രാവശ്യമെങ്കിലും വേവിച്ചു തൊലികളഞ്ഞ പഠാണിപ്പയര്‍, വേവിച്ച സുക്കിനി, വെള്ളരിക്ക, ലെട്ട്യൂസ്, സ്പിനാച്ച് എന്നിവ കൊടുക്കുന്നത് ദഹനത്തെ സഹായിക്കും. മാസത്തില്‍ ഒരു ദിവസമെങ്കിലും മത്സ്യങ്ങളെ ഉപവസിപ്പിക്കുന്നതും നല്ലതാണ്. അടിത്തട്ടില്‍ വീഴുന്ന തീറ്റ തപ്പിപ്പിടിച്ചു കഴിക്കാന്‍ വിരുതുണ്ടെങ്കിലും ബ്ലാക്ക് മൂര്‍ മത്സ്യങ്ങള്‍ ചെടികളെ വേരോടെ പിഴുതുകളയാറുണ്ട്. മൃദുസസ്യങ്ങളാണെങ്കില്‍ ഭക്ഷണമാക്കി എന്നും വരാം.

മറ്റിനം ഫാന്‍സി സ്വര്‍ണ്ണമത്സ്യങ്ങളെ ബാധിക്കുന്ന സ്വിം ബ്ലാഡര്‍ രോഗം ബ്ലാക്ക് മൂറുകളെയും ബാധിക്കാറുണ്ട്. നൈട്രേറ്റിന്റെ അളവ് കൂടുതലുള്ള അക്വേറിയത്തില്‍ ഇവയ്ക്ക് നേത്രരോഗങ്ങള്‍ പതിവാണ് . കുമിള്‍രോഗം ബാധിച്ച് ബ്ലാക്ക് മൂറുകളുടെ കാഴ്ചശക്തി ക്ഷയിക്കാറുണ്ട്. കണ്ണില്‍ തിമിരം വന്നത് പോലുള്ള വെളുത്തനിറം കാണുന്നുണ്ടെങ്കില്‍ കുമിള്‍ബാധയാകാനാണ് സാധ്യത. അതുപോലെ മറ്റൊരു നേത്രരോഗമാണ് പോപ്ഐ. അക്വേറിയത്തിന്റെ സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കുന്നതിലൂടെ രോഗങ്ങളെ വലിയൊരളവു വരെ ചെറുക്കാം.

മറ്റു സ്വര്‍ണ്ണമത്സ്യങ്ങളിലെ പ്രജനനരീതി ബ്ലാക്ക് മൂറുകളുടെ കാര്യത്തിലും അവലംബിക്കാം. പ്രജനനസമയത്ത് ആണ്‍മത്സ്യങ്ങളില്‍, ചെകിളപ്പൂക്കളിലും അംസച്ചിറകുകളിലും (Pectoral fins) ബ്രീഡിംഗ് സ്റ്റാര്‍സ് അഥവാ ട്യൂബെര്‍ക്കിള്‍സ് പ്രത്യക്ഷപ്പെടാറുണ്ട്. മുട്ടകള്‍ നിറഞ്ഞുരുണ്ട വയര്‍, പെണ്‍മത്സ്യങ്ങളെ വ്യത്യസ്തരാക്കുന്നു. ബ്ലാക്ക് മൂറുകളെ പ്രജനനം ചെയ്യിക്കുമ്പോള്‍, മത്സ്യക്കുഞ്ഞുങ്ങളില്‍ കുറച്ചെണ്ണമെങ്കിലും ബലൂണ്‍ കണ്ണുകളില്ലാത്ത സാധാരണ സ്വര്‍ണ്ണമത്സ്യങ്ങളായിരിക്കും. അല്പകാലം വളര്‍ത്തിയതിനുശേഷം, കുമിളക്കണ്ണുള്ള മത്സ്യങ്ങളെ മാത്രം തെരഞ്ഞെടുത്തു വലുതാക്കി വിപണനം ചെയ്യുകയാണ് പതിവ് .


ഒറ്റനോട്ടത്തില്‍ :


മറ്റ് പേരുകള്‍

കരിങ്കുമിളക്കണ്ണന്മാര്‍ , കുറോ ഡെമക്കിന്‍, ഡ്രാഗണ്‍ ഐ , ബ്ലാക്ക് പിയോണി ഗോള്‍ഡ് ഫിഷ്

നിറം

വെല്‍വറ്റ് പോലെയുള്ള മെറ്റാലിക് കറുപ്പ്

പ്രത്യേകത

ഇരുവശങ്ങളിലേക്കും തള്ളി നില്‍ക്കുന്ന കണ്ണുകള്‍

നീളം

10 ഇഞ്ച് വരെ

ആയുസ്സ്

6 25 വര്‍ഷം

ജല താപനില

10 21 ഡിഗ്രി സെല്‍ഷ്യസ്

അക്വേറിയത്തിന്റെ വലിപ്പം

പെരുവിരലിന്റെ വലിപ്പമുള്ള മത്സ്യത്തിന് ഏറ്റവും കുറഞ്ഞത് 40 ലിറ്റര്‍. ഈ വലിപ്പത്തില്‍ നിന്ന് മത്സ്യത്തിന്റെ നീളം ഓരോ ഇഞ്ച് കൂടുമ്പോഴും 5 ലിറ്റര്‍ എന്ന തോതില്‍ വലിപ്പം കൂട്ടണം
pH 6 8
ജലത്തിന്റെ കാഠിന്യം 5 19

അലങ്കാര വസ്തുക്കള്‍

കൂര്‍ത്ത അറ്റങ്ങള്‍ / വശങ്ങളുള്ളവ ഒഴിവാക്കുക

സസ്യങ്ങള്‍

പിഴുതു കളയും എന്നതിനാല്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്

രോഗങ്ങള്‍

പോപ്ഐ, കണ്ണിനെ ബാധിക്കുന്ന കുമിള്‍ രോഗം, സ്വിം ബ്ലാഡര്‍ രോഗം

മറ്റ് നിര്‍ദ്ദേശങ്ങള്‍

തുടക്കക്കാര്‍ക്ക് യോജിച്ച സ്വര്‍ണ്ണമത്സ്യം

 

 

3.11363636364
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top