অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഞണ്ടുകൃഷി

ആമുഖം


ഞണ്ടുകൃഷി ഇന്ത്യയിലും കേരളത്തിലും താരതമ്യേന പുതിയ സംരംഭമാണ്. കേരളത്തില്‍ ഞണ്ടുല്‍പാദനം പ്രധാനമായും മത്സ്യബന്ധനത്തില്‍നിന്നുള്ള അനുബന്ധ ഉല്‍പന്നമായി മാത്രമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉല്‍പാദന വര്‍ദ്ധനവ് ആവശ്യമായ സാഹചര്യത്തിലാണ് ശാസ്ത്രീയമായ ഞണ്ടുകൃഷി ആരംഭിച്ചത്.

ഞണ്ടുകളുടെ കയറ്റുമതി സാദ്ധ്യത വര്‍ദ്ധിച്ച സാഹചയ്യത്തില്‍ ഞണ്ടുകൃഷിക്ക് ധാരാളം സാദ്ധ്യതകള്‍ തുറന്നു കിട്ടിയിട്ടുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍, ജീവനുള്ള ഞണ്ടുകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത, ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് വളരെ സഹായകരമാണ്. 

കായല്‍ ഞണ്ട് പ്രധാനമായും രണ്ടിനങ്ങളില്‍ പെടുന്നു.

1. സില്ല ട്രാന്‍ക്യൂബാറിക്ക

സില്ല ട്രാന്‍ക്യൂബാറിക്ക

22 സെ.മീ. വരെ വീതിയുള്ള പുറംതോടോടുകൂടിയ ഏറ്റവും വലിപ്പത്തില്‍ വളരുന്ന ഇനമാണ് ഇത്.
മുന്‍വശത്തുള്ള തടിയന്‍ ഇറക്കുകാലുകളുടെ മണിബന്ധത്തിലുള്ള മൂര്‍ച്ചയുള്ള രണ്ടു മുള്ളുകളും എല്ലാ കാലുകളിലും കാണുന്ന മൊസൈക്ക് പോലുള്ള പുള്ളികളും ഇവയെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നു.
വെള്ളത്തിലും കുളങ്ങളിലും സ്വതന്ത്രമായി ഇഴഞ്ഞു നടക്കാന്‍ ഇഷ്ടപ്പെടുന്നവയാണ് ഈ ഇനത്തില്‍പ്പെട്ടവ.
പെണ്‍ ഞണ്ടുകള്‍ ഏകദേശം 12 സെ.മീ. വലിപ്പമാകുന്പോള്‍ ലൈംഗിക വളര്‍ച്ചയെത്തുന്നു.

2. സില്ല സെറേറ്റ

സില്ല സെറേറ്റ

ഇവ ആദ്യത്തെ ഇനത്തേക്കാള്‍ ചെറിയതും 14.7 സെ.മീ. വരെ മാത്രം വീതിയുള്ള പുറംതോടുള്ളവയുമാണ്.
മുന്‍കാലുകളുടെ മണിബന്ധത്തില്‍ ഇവയ്ക്ക് മുനയില്ലാത്ത ഒരു മുള്ളു മാത്രമാണ് കാണുന്നത്. ചെറിയ പുള്ളികള്‍ ഏറ്റവും പുറകിലെ പങ്കായം പോലുള്ള കാലുകളില്‍ മാത്രമാണ് കാണുന്നത്.
ചെറിയ മാളങ്ങളിലാണ് ഇവ സാധാരണയായി ജീവിക്കുന്നത്.
ആണ്‍ഞണ്ടുകള്‍ക്ക് പെണ്‍ഞണ്ടുകളേക്കാള്‍ അല്പം വലിപ്പം കൂടും.
പെണ്‍ഞണ്ടുകള്‍ ഏകദേശം 8.5 സെ.മീ. വലിപ്പത്തില്‍ ലൈംഗിക വളര്‍ച്ചയെത്തുന്നു.
ഇവ മാസത്തിലൊരിക്കലാണ് പ്രജനനം നടത്തുന്നത്.
കായല്‍ ഞണ്ടുകളുടെ പ്രധാന ആഹാരം ചെമ്മീന്‍, ചെറിയ ഞണ്ടുകളള്‍, കക്ക, മത്സ്യം എന്നിവയാണ്.

ബീജസംയോഗം നടന്ന മുട്ടകളെ രണ്ടാഴ്ചയോളം പെണ്‍ഞണ്ടുകള്‍ അവയുടെ ഉദരത്തിലുള്ള പ്ലീയോപോടുകളില്‍ പേറിക്കൊണ്ടു നടക്കും. ഈ അടയിരിപ്പുകാലത്ത് മുട്ടയ്ക്കുള്ളിലെ ഭ്രൂണം പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കും.

മുട്ട വിരിഞ്ഞുണ്ടാകുന്ന ലാര്‍വകള്‍ കടലില്‍ വച്ച് ഞണ്ടിന്‍ കുഞ്ഞുങ്ങളായി രൂപാന്തരപ്പെട്ട് കായലില്‍ എത്തുന്നു.

ഞണ്ടുവളര്‍ത്തല്‍


തായ്ലാന്‍ഡ്, തൈവാന്‍, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, മല്യേ തുടങ്ങിയ പൂര്‍വ്വ ഏഷ്യന്‍ രാജ്യങ്ങളിലാണ് ഞണ്ടുവളര്‍ത്തല്‍ വ്യവസായികാടിസ്ഥാനത്തില്‍ നടക്കുന്നത്. അതേസമയം ഇന്ത്യയില്‍ ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം മുതലായ സംസ്ഥാനങ്ങളില്‍ അടുത്തകാലത്തായി ഞണ്ടുകൃഷി നടപ്പിലാക്കിവരുന്നുണ്ട്.
ഞണ്ടുവളര്‍ത്തല്‍ പ്രധാനമായും രണ്ടു രീതിയിലാണ് നടത്തുന്നത്.

ചെറിയ ഞണ്ടുകളെ ശേഖരിച്ച് ഞണ്ടുവളര്‍ത്തലിനു തയ്യാറാക്കിയ കെട്ടുകളില്‍ 5 മുതല്‍ 6 മാസം വരെ വളര്‍ത്തുക.

പഞ്ഞിഞണ്ടുകളെ ശേഖരിച്ച് ചെറിയ കുളങ്ങളില്‍ 20 മുതല്‍ 30 ദിവസം വരെ സൂക്ഷിച്ച് പുറംതോട് കട്ടിയാകുന്നത് വരെ വളര്‍ത്തുക.

ഞണ്ടുകള്‍ വളരുന്നത് അവയുടെ കട്ടിയുള്ള തോട് ഒന്നോ രണ്ടോ മാസത്തിലൊരിക്കല്‍ പടംപൊഴിച്ചു കളഞ്ഞുകൊണ്ടാണ്. പടം പൊഴിച്ച ഉടനെ ഞണ്ടിന്‍റെ പുറംതോട് വളരെ മാര്‍ദ്ദവമേറിയതും മാംസം വെള്ളം നിറഞ്ഞതും ആയിരിക്കും. ഈ അവസ്ഥയിലുള്ള ഞണ്ടുകളെയാണ് “പഞ്ഞിഞണ്ടുകള്‍ അഥവാ വാട്ടര്‍ക്രാന്പുകള്‍” എന്ന് പറയുന്നത്.

ഞണ്ടിന്‍ കുഞ്ഞുങ്ങളുടെ ശേഖരണം

 

നദീമുഖങ്ങള്‍, തടാകങ്ങള്‍, കായലുകള്‍, കണ്ടല്‍ കാടുകള്‍, ഓരുജലചതുപ്പുനിലങ്ങള്‍ മുതലായ സ്ഥലങ്ങളില്‍ നിന്നും ഇവയുടെ കുഞ്ഞുങ്ങളെ വീശുവല, ഊന്നുവല, ചീനവല മുതലായവ ഉപയോഗിച്ച് ശേഖരിക്കാവുന്നതാണ്.

തെക്കുപടിഞ്ഞാറന്‍ തീരത്ത് മേയ്-ഒക്ടോബര്‍ മാസങ്ങളിലും, മദ്രാസ് തീരത്തു ഡിസംബര്‍ - മേയ് മാസങ്ങളിലും, ചില്‍ക്ക തടാകത്തില്‍ മാര്‍ച്ച്-ജൂണ്‍ മാസങ്ങളിലും ഞണ്ടിന്‍ കുഞ്ഞുങ്ങള്‍ വലിയതോതില്‍ കാണാറുണ്ട്.

വ്യാവസായിക രീതിയില്‍ ഞണ്ടിന്‍ കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാനുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള ഹാച്ചറി കോച്ചിയിലെ കേന്ദ്ര സമുദ്രമത്സൃ ഗവേഷണ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


ഞണ്ടുവളര്‍ത്തല്‍ പ്രക്രിയ


550 ഗ്രാമില്‍ കൂടുതല്‍ തൂക്കമുള്ളതും പുറംതോടിന്‍റെ വീതി 14 സെന്‍റീമീറ്ററില്‍ കുറയാത്തതുമായ ഞണ്ടുകളെ മൂന്ന് ചതുരശ്രമീറ്ററിന് ഒന്ന് എന്ന നിരക്കില്‍ വേണം കെട്ടുകളില്‍ നിക്ഷേപിക്കുവാന്‍.

കായല്‍ ഞണ്ടുകള്‍ക്ക് ഓരുജലസാന്ദ്രതയില്‍ ജീവിക്കാന്‍ കഴിവുള്ളതിനാല്‍ എല്ലാത്തരം കായല്‍ പ്രദേശങ്ങളിലും ഞണ്ടു കൃഷി ചെയ്യാവുന്നതാണ്. ഞണ്ടുകൃഷിക്ക് അനുയോജ്യമായ ജലത്തിന്‍റെ ലവണസാന്ദ്രത 10 മുതല്‍ 34 ശതമാനം വരേയും, താപം 23 മുതല്‍ 30ീ ഇ വരേയും, പ്രാണവായു 3 പിപിഎം - ല്‍ കൂടുതലും ക്ഷാര-അമ്ള നിലവാരം 8.0-8.5 വരേയും ആയിരിക്കണം.

മീനോ, ചെമ്മീനോ വളര്‍ത്താന്‍ ഉപയോഗിക്കുന്ന കെട്ടുകളിലോ, പ്രത്യേകം തയ്യാറാക്കിയ കെട്ടുകളിലോ ഞണ്ടുകൃഷി ചെയ്യാവുന്നതാണ്.
ഉദ്ദേശം 0.3 മുതല്‍ 0.5 ഹെക്ടര്‍ വരെ വിസ്തീര്‍ണ്ണമുള്ള മണലോട് കൂടിയ ചെളിയുള്ള ചെറിയ കെട്ടുകളാണ് ഞണ്ടുകൃഷിക്ക് കൂടുതല്‍ അനുയോജ്യം.
വെള്ളത്തിന്‍റെ ആഴം 1-1.5 മീറ്റര്‍ ആയിരിക്കണം.
ഞണ്ടുകള്‍ വരന്പിന് മുകളില്‍ കൂടി കയറി രക്ഷപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ വരന്പിന്‍റെ നാലു ചുറ്റിനും തൂന്പുകള്‍ക്ക് മുകളിലും കെട്ടിലേക്ക് ചരിഞ്ഞ് നില്‍ക്കുന്നവിധത്തില്‍ വല കെട്ടി സുരക്ഷിതമാക്കണം.
വെള്ളം വറ്റിച്ച് സൂര്യപ്രകാശത്തില്‍ നല്ലവണ്ണം ഉണക്കിയശേഷം കുമ്മായം വിതറിയാണ് കെട്ട് തയ്യാറാക്കുന്നത്.
പുറംതോടിന് ഏറ്റവും കുറഞ്ഞത് 2-3 സെ.മീ. വീതിയുള്ള കുഞ്ഞുങ്ങളെയാണ് കൃഷിക്ക് ഉപയോഗിക്കേണ്ടത്.
ഞണ്ടിന്‍കുഞ്ഞുങ്ങളെ പുതിയസാഹചര്യവുമായി ഇണക്കിച്ചേര്‍ത്തതിന് ശേഷം വേണം കെട്ടുകളില്‍ നിക്ഷേപിക്കാന്‍.
ഞണ്ടുകളള്‍ സ്വവര്‍ഗ്ഗഭോജികളായതുകൊണ്ട് അവയുടെ സുരക്ഷിത ത്ത്വത്തിനുവേണ്ടി കെട്ടുകളില്‍ കല്ലുകളും മുളകളും കൊണ്ടുണ്ടാക്കിയ അഭയസ്ഥാനങ്ങള്‍ ഒരുക്കേണ്ടതാണ്.
കെട്ടുകളിലെ വെള്ളം തൂന്പു വഴിയോ പന്പ് ഉപയോഗിച്ചോ കയറ്റി ഇറക്കണം.
ഞണ്ട് മാത്രം കൃഷിചെയ്യുന്ന കെട്ടുകളില്‍ ഒരു ച.മീറ്ററില്‍ 1-5 വരെ കുഞ്ഞുങ്ങളെ അവയുടെ വലുപ്പം അനുസരിച്ച് നിക്ഷേപിക്കാവുന്നതാണ്. മറ്റു മത്സ്യങ്ങളോടൊപ്പം കൃഷി ചെയ്യുന്പോള്‍ കുഞ്ഞുങ്ങളുടെ എണ്ണം യഥോചിതം കുറയ്ക്കണം. തീറ്റയായി കക്കയിറച്ചി ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങള്‍ മുതലായവ ശരീരത്തിന്‍റെ അഞ്ച് മുതല്‍ 10% എന്ന തോതില്‍ കൊടുക്കേണ്ടതാണ്. ഞണ്ടിന്‍കുഞ്ഞുങ്ങള്‍ക്ക് 5-6 മാസംകൊണ്ട് 200-300 ഗ്രാം തൂക്കം ലഭിക്കും.

ഞണ്ടിന്‍ കെട്ടുകള്‍

പഞ്ഞിഞണ്ടുകളുടെ പുഷ്ടിപ്പെടുത്തല്‍


പുതുതായി പടംപൊഴിച്ച ഞണ്ടുകളെ കെട്ടുകളിലും കൂടുകളിലും ഇട്ട് പുഷ്ടിപ്പെടുത്താവുന്നതാണ്.

1 മുതല്‍ 1.5 മീറ്റര്‍ ആഴത്തില്‍ വെള്ളവും 0.1 മുതല്‍ 0.2 ഹെക്ടര്‍ വരെ വിസ്തീര്‍ണ്ണവും ഉള്ള ചെറിയ കെട്ടുകളാണ് ഇതിന് അനുയോജ്യം.
കെട്ടുകള്‍ക്കുചുറ്റും വെള്ളം കയറ്റി ഇറക്കാന്‍ തൂന്പും സ്ഥാപിക്കേണ്ടതാണ്.
ഒരു ചതുരശ്രമീറ്ററിന് 1-2 ഞണ്ടുകള്‍ എന്ന നിരക്കില്‍ 8 സെന്‍റീമീറ്ററില്‍ കൂടുതല്‍ പുറംതോട് വീതിയുള്ള വാട്ടര്‍ ഞണ്ടുകളെ നിക്ഷേപിക്കാം.
ഞണ്ട് കൃഷിയിലെന്നപോലെ ഇതിനും ആഹാരം നല്‍കണം.
ഏകദേശം 20-30 ദിവസത്തെ വളര്‍ച്ചകൊണ്ട് പുറംതോട് നല്ല കട്ടിയുള്ളതും മാംസം ഉറപ്പുള്ളതുമായി തീരുന്നു.
പുറംതോടുകള്‍ നല്ലവണ്ണം കട്ടിയായവ മാത്രം തിരഞ്ഞ് അടുത്ത പടംപൊഴിക്കലിന് മുന്‍പായി പിടിച്ചെടുക്കണം.
ഒരു വര്‍ഷം ഒരു കെട്ടില്‍ത്തന്നെ 9-10 പ്രാവശ്യം വരെ ഞണ്ടുകൊഴുപ്പിക്കല്‍/ പുഷ്ടിപ്പെടുത്തല്‍ ലാഭകരമായി നടപ്പിലാക്കാവുന്നതാണ്. ഒരേ കെട്ട് ഇടവിടാതെ തുടര്‍ച്ചയായി ഇതിനുവേണ്ടി ഉപയോഗിക്കുന്നത് രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും.

വിളവെടുപ്പ്


പുറംതോടിന്‍റെ വീതി 10 സെ.മീ.ഉം 150-200 ഗ്രാം ഭാരവുമുള്ള കുഞ്ഞുങ്ങളെയിട്ട് ആറുമാസം വളര്‍ത്തി ശരാശരി 600 ഗ്രാം ഭാരമാകുന്പോള്‍ പിടിച്ച് ഞണ്ടുകൃഷി കൂടുതല്‍ ലാഭകരമാക്കാം.
ഭാഗികമായി വിളവെടുക്കുന്പോള്‍ തീറ്റികെട്ടിയ റിംങ് വലകളുപയോഗിച്ചും പൂര്‍ണ്ണമായി വിളവെടുക്കുന്പോള്‍ കെട്ടിലെ വെള്ളം വറ്റിച്ചും ഞണ്ടുകളെ ശേഖരിക്കാവുന്നതാണ്.
വിളവെടുപ്പു നടത്തുന്പോള്‍ ജലനിരപ്പ് താഴ്ന്നിരിക്കുന്നതിനാല്‍ ജലം എളുപ്പം ചൂടാകുകയും ഞണ്ട്് ചത്തുപോകാന്‍ ഇടയാകുകയും ചെയ്യുന്നു. അതിനാല്‍ പ്രഭാത സമയത്ത് വിളവെടുക്കുന്നതായിരിക്കും ഉത്തമം.
വിളവെടുപ്പിനുശേഷം ഞണ്ടുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചെളി നല്ലവണ്ണം കഴുകികളയണം
വിപണനത്തിനായി ഞണ്ടുകളെ ബന്ധിക്കുന്പോള്‍ ചരട് അവയുടെ കണ്ണില്‍ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

കെട്ടിയ ഞണ്ടുകള്‍

പ്രത്യേകം ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍


കെട്ടിന് ചുറ്റും 0.5 മീറ്റര്‍ പൊക്കത്തില്‍ വല കെട്ടിയിരിക്കണം
ഞണ്ടുകള്‍ തുരന്ന് രക്ഷപ്പെടാതിരിക്കാന്‍ വരന്പിന് ഒരു മീറ്ററെങ്കിലും വീതി ഉണ്ടായിരിക്കണം
തൂന്പിന്‍റെ ഉള്‍ഭാഗം മുള്ളുകൊണ്ടുള്ള അഴികള്‍ ഉപയോഗിച്ച് ഉറപ്പിക്കേണ്ടതാണ്.
കെട്ടിലെ വെള്ളത്തിന്‍റെ ആഴം 75 സെ.മീറ്ററില്‍ കുറയുകയാണെങ്കില്‍ വേനല്‍കാലത്ത് വെള്ളം ചൂടായി ഞണ്ടുകള്‍ ചാകാനിടയാകും.
ഒരേ വലിപ്പിത്തിലുള്ള ഞണ്ടുകളേയോ കുഞ്ഞുങ്ങളേയോ നിക്ഷേപിക്കുകയാണെങ്കില്‍ സ്വവര്‍ഗ്ഗഭോജനം തടയുവാനും ഒരേ വലുപ്പത്തിലുള്ള ഞണ്ടുകളെ വിളവെടുക്കുവാനും സാധിക്കും.
550 ഗ്രാമില്‍ കൂടുതല്‍ തൂക്കമുള്ള ഞണ്ടുകളെ കൊഴുപ്പിക്കുന്നതായിരിക്കും ലാഭകരം.
വേഗം വളരുന്നതിനും സ്വവര്‍ഗ്ഗഭോജനം തടയുന്നതിനും ഞണ്ടുകള്‍ക്ക് ശരിയായ രീതിയില്‍ ആഹാരം നല്‍കേണ്ടതാണ്.
കല്ലുകള്‍ ചെറിയ മുളംകുറ്റികള്‍ മേച്ചില്‍ ഓടുകള്‍ പൊള്ള ഓടുകള്‍ മുതലായവകൊണ്ട് കെട്ടുകളില്‍ അഭയസ്ഥാനങ്ങള്‍ ഒരുക്കേണ്ടതാണ്.


കടപ്പാട്: കേന്ദ്ര സമുദ്രമത്സൃ ഗവേഷണ സ്ഥാപനം, കോച്ചി

അവസാനം പരിഷ്കരിച്ചത് : 5/24/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate