Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / നിലക്കടല ചട്ടിയിലും നടാം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

നിലക്കടല ചട്ടിയിലും നടാം

നിലക്കടല ,വിത്തുകൾ, കൃഷി ചെയ്യാം, ചട്ടിയിലും നടാം

നിലക്കടല ചട്ടിയിലും നടാം


ചെടിയുടെ മുകളില്‍ പൂവുണ്ടാകുന്നു. എന്നാല്‍ പരാഗണം നടന്നു കഴിഞ്ഞാല്‍ പിന്നീട് പൂവ് താഴേയ്ക്ക് നാരുപോലെ വളര്‍ന്നിറങ്ങി കായ മണ്ണിനടിയിലുണ്ടാകുന്നു.

മികച്ച പോഷകങ്ങളടങ്ങിയ ആ കായ നമ്മുടെ നിത്യജീവിതത്തില്‍ ദിവസവും നാം ഉപയോഗിക്കുന്നു. പാര്‍ക്കിലും ബീച്ചിലും സിനിമാ തിയേറ്ററിലും മാത്രമല്ല നേരമ്പോക്കിനായുള്ള നടത്തത്തില്‍ വരെ നാം തിരഞ്ഞെടുക്കുന്ന നേരംകൊല്ലിയാണ് ഈ കായ. ഏതാണെന്നല്ലേ കപ്പലണ്ടിയെന്നും കടലയെന്നും നാം സ്‌നേഹപൂര്‍വം വിളിച്ചു പോരുന്ന നിലക്കടല മികച്ച പോഷകമൂല്യമുള്ള ഭക്ഷ്യപദാര്‍ഥമാണ്.

കേരളത്തില്‍ ആലപ്പുഴയിലെ കഞ്ഞിക്കുഴിയിലാണ്  കര്‍ഷക സഹകരണത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞവര്‍ഷം കര്‍ഷകര്‍ നിലക്കടല നന്നായി വിളയിച്ചെടുത്തത്. കോഴിക്കോട് കൊയിലാണ്ടിയില്‍ കടലോര പ്രദേശത്ത് വനിതാകൂട്ടായ്മ കൃഷിചെയ്ത നിലക്കടല നല്ല വിളവ് പ്രദാനം  ചെയ്തിരുന്നു

മഴകുറഞ്ഞ ശൈത്യ മേഖലയിലാണ് സാധാരണയായി നിലക്കടല വിളയുന്നത്. അതുകൊണ്ടുതന്നെ മദ്ധ്യേന്ത്യയില്‍ കൃഷി ചെയ്യുന്ന ഒരു പ്രധാന എണ്ണക്കുരുവാണത്. സാധാരണയായി പരുത്തിക്കരിമണ്ണിലാണ് നിലക്കടല തനി വിളയായി കൃഷിചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരാണ് നിലക്കടല ഇന്ത്യയിലെത്തിച്ചത് കരുതപ്പെടുന്നു. നിലക്കടലയുടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉത്പാദകരാണ് ഇന്ന് നമ്മുടെ രാജ്യം.

വിത്തുകള്‍


കേരളത്തില്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന വിത്തുകളാണ് വാങ്ങി വിതയ്ക്കുന്നത്. കഴിഞ്ഞവര്‍ഷം കഞ്ഞിക്കുഴി കര്‍ഷകസംഘം വിപണിയില്‍ കിട്ടുന്ന പച്ചക്കടലയാണ് വാങ്ങിവിതച്ചത്. അതില്‍ നിന്നുതന്നെ അവര്‍ക്ക് അത്യാവശ്യം നന്നായി വിളവു ലഭിച്ചു. *കോയമ്പത്തൂര്‍ കാര്‍ഷിക സര്‍വകലാശാലയാണ് മുന്തിയയിനം വിത്തുകള്‍ പുറത്തിറക്കുന്നത് .* അവരുടെ സി.ഒ.യിനം വിത്തുകള്‍ അത്യുത്പാദനശേഷിയുള്ളവയാണ്. കേരളത്തിലും വിപണിയില്‍ ലഭിക്കും. അല്പനേരം നനച്ചു വെച്ചാണ് വിത്തുകള്‍ വിതയ്‌ക്കേണ്ടത്.

കൃഷി ചെയ്യാം


നല്ല ജൈവപുഷ്ടിയും ഇളക്കവുമുള്ള മണ്ണാണ് നിലക്കടല കൃഷിക്ക്  ഉത്തമം. കേരളത്തിലെ ഭൂപ്രകൃതിയനുസരിച്ച് 1500 മീറ്റര്‍ വരെ ഇത് കൃഷിചെയ്യാം. എന്നാല്‍ 400-1000 മീറ്ററിലാണ് വിളവ് കൂടുതല്‍ കിട്ടുന്നതായിക്കണ്ടുവരുന്നത്. നടുന്ന മണ്ണ് നല്ല നീര്‍വാര്‍ച്ചയുള്ളതും നല്ലവായു സഞ്ചാരം നിലനില്‍ക്കുന്നതുമായിരിക്കണം. മാത്രമല്ല മണ്ണിന്റെ അമ്ല-ക്ഷാര നിലവാരം ആറിനും ഏഴിനുമിടയിലായാല്‍ വിളവ് കൂടും.

അമ്ലഗുണം കൂടിയ മണ്ണില്‍ ഡോളമൈറ്റോ കുമ്മായമോ വിതറി അത് കുറയ്ക്കാം. നടുന്നതിനുമുമ്പ് കൃഷിയിടം നന്നായി  ഉഴുത് മറിക്കണം. അതിനുശേഷം അതില്‍ സെന്റൊന്നിന് 30-40 കിലോ തോതില്‍ കാലിവളമോ കമ്പോസ്‌റ്റോ ചേര്‍ത്തിളക്കി നിരപ്പാക്കണം . അങ്ങനെ വളംചേര്‍ത്ത് നിരപ്പാക്കിയ നിലത്ത് ഒരടിയുയരത്തില്‍ തടം കോരിയെടുക്കാം. നീളത്തിലോ കുറുകെയോ ചാലെടുത്താണ് വിത്തുകള്‍ പാകേണ്ടത്.

തൈകകള്‍ തമ്മില്‍ കുറഞ്ഞത് 15 സെ.മീ. അകലം അത്യാവശ്യമാണ്. വരിയും നിരയുമായാണ് തടങ്ങളെടുക്കേണ്ടത്. തടങ്ങള്‍ തമ്മില്‍ കുറഞ്ഞത് കാല്‍മീറ്റര്‍ അകലവും തടത്തിന്റെ ഉയര്‍ച്ച കുറഞ്ഞത് കാല്‍ മീറ്ററെങ്കിലും ഉണ്ടായിരിക്കണം. ചരിഞ്ഞ സ്ഥലങ്ങളിലാണ് കൃഷിയിറക്കുന്നതെങ്കില്‍ 30 സെ.മീ. അകലത്തില്‍ തടമെടുക്കാം. ഇവിടങ്ങളില്‍ താഴ്ചയുമുള്ള തടങ്ങളെടുത്താകണം വിത.

തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ പ്രധാനമായും നിലക്കടല കൃഷി ചെയ്യുന്നത്. വരണ്ട കാലാവസ്ഥയിലും ചെയ്യാവുന്ന ഒരു കൃഷിയാണെങ്കിലും നല്ല വിളവിന് ജലസേചനം ആവശ്യമാണ്.

വര്‍ഷത്തില്‍ 75 മുതല്‍ 100 സെന്റീമീറ്റര്‍ വരെ വര്‍ഷപാതമാണ് നിലക്കടലക്കൃഷിക്ക് ഏറ്റവും നല്ലത്. ഏകദേശം അഞ്ചുമാസം കൊണ്ട് നിലക്കടല വിളവെടുപ്പിന് തയ്യാറാകും. വളരെ പൊക്കം കുറഞ്ഞ് നിലം ചേര്‍ന്ന് വളരുന്ന സസ്യമായതിനാല്‍ ഉയരത്തില്‍ വളരുന്ന പരുത്തി, ജോവര്‍ തുടങ്ങിയ വിളകള്‍ക്ക് ഇടവിളയായും നിലക്കടല കൃഷി ചെയ്യുന്നു. 120 മുതല്‍  130 ദിവസത്തിനകം വിളവെടുക്കാം. ഇതിനിടയ്ക്ക് നാലഞ്ചു പ്രാവശ്യം ജലസേചനം നടത്തണം. ഒരു ചെടിയില്‍ നിന്ന് നൂറിലധികം കടല കിട്ടും. നൂറു ദിവസം കൊണ്ട് വിളവെടുക്കാന്‍ സാധിക്കുന്ന ഇനങ്ങളും ഇപ്പോള്‍ കൃഷി ചെയ്യുന്നുണ്ട്. അതുകൊണ്ട് വര്‍ഷത്തില്‍ രണ്ടു വിളകള്‍ ചെയ്യാം

ചട്ടിയിലും നടാംമാര്‍ക്കറ്റില്‍ നിന്നു കിട്ടുന്ന വിത്തുകള്‍ വാങ്ങി തുണിയില്‍ കെട്ടി നനച്ചുവെച്ച് മുളപ്പിച്ച് ചട്ടിയിലും ഗ്രോബാഗിലും നട്ട് വളര്‍ത്തിയെടുത്തിയെടുത്ത് നമ്മള്‍ക്ക് വീട്ടിലും നിലക്കടല കൃഷി പരീക്ഷിക്കാം. നല്ല വെയിലും വളക്കൂറുമുള്ള എല്ലാ സഥലത്തും കേരളത്തില്‍ ഇത് വളരും. നഴ്സറിയില്‍ പാകി മുളപ്പിച്ചെടുക്കുന്ന വിത്തുകള്‍ മാറ്റിനട്ട് വളര്‍ത്തിയെടുത്ത് ചാക്കുകളിലും നിലക്കടല കൃഷി ചെയ്യാം. ജൈവവളങ്ങള്‍ മാത്രം നല്‍കിയാല്‍ നല്ല ജൈവ കടല കീടനാശിനിയുടെ ബാധയില്ലാതെ വിളയിച്ചെടുക്കാം.

എണ്ണക്കുരുവായും നേരിട്ട് ഭക്ഷണമായും നിലക്കടല ഉപയോഗിക്കുന്നു. ഭക്ഷ്യഎണ്ണ എന്നതിനു പുറമേ മാര്‍ഗരൈന്‍, ഔഷധങ്ങള്‍, വാര്‍ണിഷുകള്‍, സോപ്പ് എന്നിവ നിര്‍മിക്കുന്നതിനും നിലക്കടല എണ്ണ ഉപയോഗിക്കുന്നു.

വിവിധ നിലക്കടലയിനങ്ങളിലെ എണ്ണയുടെ അളവ് വ്യത്യസ്തമാണ്. ഇത് 43 മുതല്‍ 54 ശതമാനം വരെ വ്യത്യാസപ്പെട്ടിരിക്കുന്നു.

വിളവ് നല്‍കുന്നതിനൊപ്പം മണ്ണൊലിപ്പ് തടയുന്നുവെന്നതും നിലക്കടല കൃഷി ചെയ്യുന്നതുകൊണ്ടുള്ള ഒരു പ്രധാനഗുണമാണ്. മാംസത്തിലും മുട്ടയിലുമുള്ളതിനെക്കാള്‍ പ്രോട്ടീന്‍ നിലക്കടലയിലുണ്ട്. പച്ചക്കറികളില്‍ സോയാബീന്‍സില്‍ മാത്രമാണ് നിലക്കടലയിലുള്ളതിനെക്കാള്‍ പ്രോട്ടീന്‍. പാലിനൊപ്പം നിലക്കടല കഴിച്ചാല്‍ ആവശ്യമുള്ള മിക്കവാറും അമിനോ അംശങ്ങള്‍ ശരീരത്തിനു ലഭിക്കും. നിലക്കടലയില്‍ പ്രോട്ടീന്‍ , കൊഴുപ്പ് , ധാതുക്കള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ , ഭക്ഷ്യനാരുകള്‍, ഫോസ്ഫറസ്, കാത്സ്യം, ഇരുമ്പ്, വിറ്റാമിന്‍ ഇ-യും ബി-യും, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, കോപ്പര്‍  എന്നിവയുമൊക്കെ അടങ്ങിയിട്ടുണ്ട്.

ക്ഷയം, കരള്‍ രോഗങ്ങള്‍ തുടങ്ങിയവക്കെതിരെ ഇത് നല്ല പ്രതിരോധം നല്‍കും. നിലക്കടല ശരിയായി ദഹിക്കണമെങ്കില്‍ നന്നായി ചവച്ചരച്ച് കഴിക്കണം. വറുത്ത നിലക്കടലയില്‍ കുറച്ചു ഉപ്പു ചേര്‍ത്ത് നന്നായി അരച്ചാണ്  'പീനട്ട് ബട്ടര്‍ ' ഉണ്ടാക്കുന്നത്. ഇതു പെട്ടെന്ന് ദഹിക്കുന്നതുകൊണ്ട് കുട്ടികള്‍ക്ക് നല്ലതാണ്.നിലക്കടലയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന 'കടല മിഠായി' കഴിക്കുന്നത് ആരോഗ്യവും ശരീര പുഷ്ടിയുമുണ്ടാകാന്‍ നല്ലതാണ്.


- കെ.ജാഷിദ്-
3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top