অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വീട്ടുവളപ്പിലെ പച്ചക്കറികൃഷി

വീട്ടുവളപ്പിലെ പച്ചക്കറികൃഷി

ഒരല്പം സ്ഥലമുണ്ടെങ്കില്‍ അടുക്കളത്തൊടികളില്‍ നമുക്ക് ആവശ്യമായ പച്ചക്കറികള്‍ കൃഷി ചെയ്തുണ്ടാക്കാം. അടുക്കളത്തോട്ടത്തിന്റെ വലിപ്പം നിര്‍ണ്ണയിക്കുന്നത് കുടുംബത്തിലെ അംഗങ്ങളുടെ എണ്ണവും സ്ഥലത്തിന്റെ ലഭ്യതയും അനുസരിച്ചായിരിക്കണം. ഒരു കുടുംബത്തിന് ആവശ്യമായ പച്ചക്കറികള്‍ യഥേഷ്ടം ലഭിക്കണമെങ്കില്‍ ഒരാള്‍ക്ക് അര സെന്റ്‌ എന്ന കണക്കില്‍ കൃഷിസ്ഥലം ആവശ്യമായി വരും. നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണാണ് പച്ചക്കറികൃഷിക്ക് ഉചിതം. മണലിന്റെ അംശം കൂടുതലാണെങ്കില്‍ ധാരാളം ജൈവവളം ചേര്‍ത്തു കൊടുക്കേണ്ടതാണ്.

വെള്ളവും വെളിച്ചവും ധാരാളം ലഭിക്കുന്ന സ്ഥലമാണ് പച്ചക്കറികൃഷിക്ക് ഏറ്റവും അനുയോജ്യം. വീടിന്റെ തെക്കുഭാഗത്ത്‌ കൂടുതല്‍ വെയില്‍ ലഭിക്കുന്നതിനാല്‍ അവിടെ പച്ചക്കറികൃഷി ചെയ്യാം. കിണറിന്റെ അടുത്താണെങ്കില്‍ നനയ്ക്കാനുള്ള സൗകര്യവും ലഭിക്കും. സോപ്പ്, മറ്റ് ഡിറ്റര്‍ജെന്റുകള്‍ എന്നിവ കലര്‍ന്ന വെള്ളം തോട്ടത്തിലെത്താതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ദീര്‍ഘകാലം വിളവു തരുന്ന ഇനങ്ങള്‍ക്കും വിളകള്‍ക്കും അടുക്കളത്തോട്ടത്തില്‍ പ്രത്യേകം സ്ഥലം കണ്ടെത്തണം. കറിവേപ്പ്, മുരിങ്ങ, നാരകം, പപ്പായ, വാഴ ഇവയെല്ലാം തന്നെ തോട്ടത്തിനരികിലായി നടാം.

തണലില്‍ വളരാന്‍ കഴിയുന്ന ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ് എന്നിവ മറ്റ് വിളകളുടെ ഇടയില്‍ കൃഷി ചെയ്യാം. ഇവയ്ക്കിടയില്‍ വീട്ടാവശ്യത്തിനുള്ള മുളക്, കാ‍ന്താരി, എന്നിവയും നടാം. ബാക്കിയുള്ള സ്ഥലത്ത് ചെറിയ പ്ലോട്ടുകള്‍ തിരിച്ച് പലതരം പച്ചക്കറികള്‍ വളര്‍ത്താം. ഒരേ പ്ലോട്ടില്‍ തന്നെ ഒരേ കുടുംബത്തില്‍പ്പെട്ട പച്ചക്കറികള്‍ തുടര്‍ച്ചയായി കൃഷി ചെയ്യരുത്. അതായത് തക്കാളി, മുളക്, വഴുതന എന്നിവ കൃഷി ചെയ്ത സ്ഥലത്ത് അടുത്ത തവണ ചീര, പയര്‍, വെള്ളരി വര്‍ഗങ്ങള്‍ എന്നിവയിലേതെങ്കിലും നടാം. രോഗകീടബാധ കുറയാനും മണ്ണിന്റെ പല തലങ്ങളില്‍ നിന്നും വളം വലിച്ചെടുക്കാനും ഈ വിളപരിക്രമം സഹായിക്കുന്നു.

അടുക്കളത്തോട്ടം ആകര്‍ഷകമാക്കാന്‍ പച്ചക്കറി കൊണ്ട് തന്നെ ഒരു വേലിയും ഉണ്ടാക്കാം. മധുരച്ചീര അഥവാ ചെക്കുര്മാനിസ് വളരെ പോഷകഗുണമുള്ള ഒരു ഇലക്കറിയാണ്. ഇതിന്റെ ഒരടി നീളത്തിലുള്ളതും ഇടത്തരം മൂപ്പെത്തിയതുമായ കമ്പുകള്‍ 30 സെ.മീ. അകലത്തില്‍ നട്ടാല്‍ അവ വളര്‍ന്ന് നല്ല വേലിയായിത്തീരും. അമര, ചതുരപ്പയര്‍, കോവല്‍, നിത്യവഴുതന, പീച്ചില്‍ എന്നീ പടര്‍ന്നു കയറുന്ന വിളകളും വേലിയില്‍ പടര്‍ത്താം.

വീട്ടുവളപ്പിലെ പച്ചക്കറികൃഷിക്ക് ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചാല്‍ മതി. ചാണകം, കോഴിവളം, ആട്ടിന്കാഷ്ടം, പിണ്ണാക്ക്, ജൈവസ്ലറി, കമ്പോസ്റ്റ് എന്നിവ ലഭ്യതയനുസരിച്ച് ഉപയോഗിക്കാം. ഉണക്കിപ്പൊടിച്ച ചാണകം സെന്റൊന്നിനു 206 കിലോഗ്രാം എന്നാ കണക്കില്‍ മണ്ണുമായി ചേര്‍ത്തിളക്കണം. വീട്ടുവളപ്പിന്റെ ഒരതിര്‍ത്തിയില്‍ ശീമക്കൊന്ന നട്ടാല്‍ ആവശ്യത്തിനു പച്ചിലവളം ലഭിക്കും. അടുക്കള മാലിന്യങ്ങളും, പച്ചിലവളങ്ങളും, ചാണകവും ചേര്‍ത്ത് കമ്പോസ്റ്റ് ഉണ്ടാക്കുകയും ആവാം.

മണ്ണിന്റെ ജലാംശം നഷ്ടപ്പെടാതിരിയ്ക്കാന്‍ ചെടികള്‍ക്കിടയില്‍ ഉണങ്ങിയ പുല്ലോ വൈക്കോലോ ഇലകളോ ഇട്ട് പുതയിടുന്നതും നല്ലതാണ്. ആവശ്യാനുസരണം വളം ചേര്‍ത്ത്, നന നല്‍കി, ജൈവകീടനാശിനികളും ചേര്‍ത്താല്‍ ഒരു കുടുംബത്തിനാവശ്യമായ മുഴുവന്‍ പച്ചക്കറികളും അടുക്കളത്തൊടിയില്‍ നിന്ന് ലഭിക്കും.

മട്ടുപ്പാവിലെ ജൈവകൃഷി

കൃഷിസ്ഥലം ലഭ്യമല്ലാത്ത നഗരപ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് പച്ചക്കറി ലഭ്യമാക്കാന്‍ ഏറെ അനുയോജ്യമാണ് മട്ടുപ്പാവിലെ കൃഷി. കുറഞ്ഞ ചെലവില്‍ ഏറ്റവും നല്ല പച്ചക്കറികള്‍ ആവശ്യാനുസരണം ലഭിക്കുന്നു എന്നതാണ് ഇതിന്റെ മെച്ചം. വീട്ടിലെ ജൈവമാലിന്യങ്ങള്‍ വളമായും കുടുംബാംഗങ്ങളുടെ ഒഴിവുസമയം കൃഷിപ്പണികള്‍ക്കും ഉപയോഗിക്കാന്‍ കഴിയും എന്ന സവിശേഷതയുമുണ്ട്. രാസവളങ്ങള്‍ ഒഴിവാക്കുന്നതിനാല്‍ മട്ടുപ്പാവിലെ കൃഷിയിലൂടെ ലഭിക്കുന്ന സുരക്ഷിതമായ പച്ചക്കറികള്‍ കുടുംബാംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

മട്ടുപ്പാവിലെ കൃഷി ചാക്കില്‍

ചെടിച്ചട്ടിയേക്കാള്‍ മട്ടുപ്പാവിലെ കൃഷിക്ക് അനുയോജ്യം പ്ലാസ്റ്റിക്‌ ചാക്കാണ്. കാലിയായ സിമെന്റ് ചാക്ക്, വളച്ചാക്ക്, അരി – പലവ്യഞ്ജന ചാക്ക് എന്നിവ ഉപയോഗിക്കാം. ചാക്കിന്റെ മൂലകള്‍ ഉള്ളിലേക്ക് കയറ്റിവെച്ച് മണ്ണുമിശ്രിതം നിറച്ചുവേണം പച്ചക്കറികളുടെ വിത്തോ തൈയോ നടേണ്ടത്. ഭാരക്കുറവ്, വിലക്കുറവ്, മണ്ണുമിശ്രിതത്തില്‍ ഈര്‍പ്പം പിടിച്ചുനിര്‍ത്താനുള്ള കഴിവ് എന്നിവയാണ് പ്ലാസ്റ്റിക്‌ ചാക്കുകളുടെ മെച്ചം. രണ്ടു ഭാഗം മണ്ണ്, ഒരു ഭാഗം മണല്‍, ഒരു ഭാഗം ചാണകപ്പൊടിയോ കമ്പോസ്റ്റോ എന്നിവ ചേര്‍ത്തടുക്കുന്നതാണ് മണ്ണുമിശ്രിതം. കൈവരിയോടു ചേര്‍ത്തും അടിയില്‍ ചുമര്‍ വരുന്ന ഭാഗത്ത് മട്ടുപ്പാവിന്റെ മുകളിലായും വരിയായി ചാക്കുകള്‍ വെക്കാം. മൂന്ന് ഇഷ്ടികകള്‍ അടുപ്പ്പോലെ കൂട്ടി അതിനു മുകളില്‍ ചാക്ക് വെക്കുന്നതാണ് നല്ലത്. ചാക്കില്‍ നിന്നും വെള്ളം ഇറ്റുവീണാല്‍ പോലും മട്ടുപ്പാവില്‍ ചെളി കെട്ടാതിരിയ്ക്കാന്‍ ഇതുമൂലം കഴിയും. മഴവെള്ളത്തിന്‍റെ ഒഴുക്ക് മട്ടുപ്പാവില്‍ തടസപ്പെടാതിരിയ്ക്കാനും ചാക്കിന്റെ അടിയില്‍ ഇഷ്ടികകള്‍ വെയ്ക്കുന്നത് സഹായിക്കും.

തുടര്‍ച്ചയായി മൂന്നോ നാലോ വിളകള്‍ക്ക് ഒരേ ചാക്ക് മതിയാകും. ഓരോ വിള കഴിയുമ്പോഴും മണ്ണിളക്കി ജൈവവളം ചേര്‍ത്തിട്ട് അടുത്ത വിള നടുക. ഓരോ തവണയും ഒരേ ചാക്കില്‍ വിള മാറ്റി നടാനും ശ്രദ്ധിക്കണം.

രാസവളങ്ങളും രാസകീടനാശിനികളും മട്ടുപ്പാവിലെ കൃഷിയില്‍ ഒഴിവാക്കുക. വീട്ടിലെ ജൈവമാലിന്യങ്ങളില്‍ നിന്നുള്ള കമ്പോസ്റ്റ്, ചാണകപ്പൊടി, കോഴിക്കാഷ്ടം എന്നിവ ഉള്‍പ്പെടെയുള്ള ജൈവവളങ്ങള്‍ മാത്രം മട്ടുപ്പാവിലെ കൃഷിയ്ക്ക് നല്‍കുക. രാസവളങ്ങള്‍ നല്‍കിയാല്‍ അവ വെള്ളമൊഴിയ്ക്കുമ്പോള്‍ ഒലിച്ചിറങ്ങി മട്ടുപ്പാവിന് ബലക്ഷയം ഉണ്ടാകും.

ജൈവവളം – അസോള

അന്തരീക്ഷത്തില്‍ നിന്നും നൈട്രജന്‍ വലിച്ചെടുക്കുന്ന നിത്യഹരിത പായലിനെ ഉള്‍കൊള്ളുന്ന അസോള എന്ന സസ്യം പച്ചക്കറികൃഷിയ്ക്ക് നല്ലൊരു ജൈവവളമാണ്. മട്ടുപ്പാവില്‍ കട്ടിയുള്ള പോളിത്തീന്‍ ഷീറ്റ് കൊണ്ട് ഉണ്ടാക്കിയ ആഴം കുറഞ്ഞ ടാങ്കിലെ വെള്ളത്തില്‍ അസോള സമൃദ്ധമായി വളരുന്നു. ടാങ്ക് നിറയുമ്പോള്‍ അസോള വാരിയെടുത്ത് ചാക്കിലെ പച്ചക്കറികള്‍ക്ക് ജൈവവളമായി നല്‍കാം. ടാങ്കില്‍ അവ വീണ്ടും പെരുകി വളര്‍ന്നുകൊള്ളും. ഇടയ്ക്കിടെ പച്ചചാണകം കലക്കി ഒഴിച്ച് കൊടുക്കുന്നത് അസോളയുടെ വളര്‍ച്ചയ്ക്ക് സഹായകരമാകും.

മട്ടുപ്പാവിലെ കൃഷിയ്ക്ക് ചുറ്റും മറ്റു ചെടികള്‍ ഇല്ലാത്തതിനാലും തറ നിരപ്പില്‍ നിന്നും വളരെ ഉയരത്തിലായതിനാലും കീടാനുക്കളുടെ  ശല്യം കുറവായിരിക്കും. ദിവസവും രാവിലെ ഓരോ ചെടിയുടെയും ഇലകളുടെയും ഇരുവശങ്ങളും പരിശോധിച്ച് കീടങ്ങളുണ്ടെങ്കില്‍ അവയെ പെറുക്കിയെടുത്ത് കൊന്ന് കളയുക. പയറിലെ മുഞ്ഞപോലെ മൃദുശരീരമുള്ള, നീരൂറ്റിക്കുടിക്കുന്ന പ്രാണികള്‍ക്കെതിരെ മരുന്നുതളി ആവശ്യമെങ്കില്‍ മാത്രം പുകയിലക്കഷായം ഉണ്ടാക്കി തളിക്കുക.

ജൈവ കീടനാശിനി – പുകയിലക്കഷായം

പുകയിലക്കഷായം തയ്യാറാക്കുന്നതിന് അര കിലോഗ്രാം പുകയില ചെറുതായി അരിഞ്ഞു നാലര ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഒരു ദിവസം വയ്ക്കുക. അതിനുശേഷം പുകയിലക്കഷണങ്ങള്‍ പിഴിഞ്ഞ് ചണ്ടി മാറ്റി സത്ത് അരിച്ചെടുക്കുക. ചെറിയ ചീളുകളായി ചീകിയെടുത്ത 120 ഗ്രാം ബാര്‍സോപ്പ്‌ അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു കിട്ടുന്ന സോപ്പുലായനി അരിച്ചെടുക്കുക. സോപ്പുലായനി പുകയിലക്കഷായവുമായി നന്നായി ചേര്‍ത്തിളക്കുക. ഈ ലായനി ആറിരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം.

മട്ടുപ്പാവിലെ കൃഷിയ്ക്ക് റേഷന്‍ ജലസേചനം

രാവിലെയും വൈകുന്നേരവും നിശ്ചിത അളവില്‍ ചാക്കുകളില്‍ വെള്ളമൊഴിക്കണം. ചാക്കിലെ മണ്ണുമിശ്രിതത്തിന്‍റെ അളവ്, ചെടികളുടെയും ഇലകളുടെയും എണ്ണം, കാലാവസ്ഥ എന്നിവയെ ആശ്രയിച്ചു ഒഴിക്കുന്ന വെള്ളത്തിന്റെ അളവ് വ്യത്യാസപ്പെടുത്തണം. വെള്ളത്തിന്‍റെ അളവ് കുറഞ്ഞാല്‍ ചെടികള്‍ വാടി നശിക്കും. വെള്ളത്തിന്‍റെ അളവ് കൂടിയാല്‍ ചാക്കില്‍ നിന്നും ഇറ്റുവീണ് മട്ടുപ്പാവ് നനയും. അതിനാല്‍ ഒഴിക്കുന്ന വെള്ളത്തിന്‍റെ അളവ് റേഷന്‍ പോലെ പരിമിതപ്പെടുത്തണം.

വിവിധയിനം പച്ചക്കറികളുടെ കൃഷിരീതികള്‍

I. ഇലവര്‍ഗ പച്ചക്കറികള്‍

ചീര

കേരളത്തിലെ ഏറ്റവും പ്രചാരമേറിയ ഇലക്കറിവിളയാണ് ചീര. ജൈവകൃഷിയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കൃഷിമുറയാണ് കാലാവസ്ഥയും മണ്ണിനും യോജിച്ച രോഗപ്രതിരോധശക്തിയുള്ള ഇനങ്ങള്‍ കൃഷി ചെയ്യുക എന്നത്.

അനുയോജ്യമായ കാലം – എല്ലാകാലത്തും കൃഷി ചെയ്യാം.

ഇനങ്ങള്‍

  • അരുണ്‍ - അത്യുല്‍പാദനശേഷിയുള്ള ചുവന്ന ചീരയിനം. ഋതുബന്ധ സ്വഭാവം ഇല്ല.
  • മോഹിനി – പച്ചനിറമുള്ള ഇലകള്‍
  • കൃഷിശ്രീ – ബ്രൌണ്‍ കലര്‍ന്ന ചുവപ്പ് നിറമുള്ള ഈ ഇനത്തിനു ഇലപ്പുള്ളി രോഗം താരതമ്യേന കുറവാണ്.
  • രേണുശ്രീ – പച്ച ഇലകളും ചുവന്ന തണ്ടും ഈ ഇനത്തിന്റെ പ്രത്യേകത ആണ്.
  • സി.ഒ.1 – പച്ച നിറമുള്ള ഇനമാണ്.
  • കണ്ണാറ നാടന്‍ - ചുവപ്പ് നിറമുള്ള ഇലകള്‍. ഈ ഇനം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പൂവിടുന്നതിനാല്‍ നടീല്‍ സമയം അതിനനുസരിച്ച് ക്രമീകരിക്കണം.

വിത്തിന്റെ തോത്

ഒരു സെന്‍റിന് 8 ഗ്രാം വിത്ത് വേണ്ടി വരും.

നടീല്‍ രീതി

നേരിട്ട് വിതയും പറിച്ചുനടീലും

നഴ്സറി (തവാരണ)

വിത്ത് പാകുന്നതിനു മുമ്പ് നഴ്സറി തടങ്ങള്‍ സൂര്യതാപീകരണത്തിനു വിധേയമാക്കിയാല്‍ മണ്ണില്‍ നിന്നും ഉണ്ടാകുന്ന പല രോഗങ്ങളും തടയാവുന്നതാണ്. വിത്ത് പരിചരണത്തിനായി 1 ഗ്രാം സ്യുഡോമോണാസ് പൊടി വിത്തുമായി കലര്‍ത്തുക. നഴ്സറി രോഗങ്ങളെ തടയുന്നതിനായി ഒരു ചതുരശ്രമീറ്ററിന് ട്രൈക്കൊടെര്‍മ സമ്പുഷ്ട കാലിവളം 10 കി.ഗ്രാം., പി.ജി.പി.ആര്‍. മിശ്രിതം – 2 100 ഗ്രാം എന്ന തോതില്‍ നല്‍കുക.

കൃഷിസ്ഥലം ഒരുക്കലും നടീലും

കൃഷിസ്ഥലം കിളച്ചു നിരപ്പാക്കിയ ശേഷം 30–35 സെ.മീ. വീതിയില്‍ ആഴം കുറഞ്ഞ ചാലുകള്‍ ഒരടി അകലത്തില്‍ ( 30 സെ.മീ. ) എടുക്കുക. സെന്‍റിന് 100 കി.ഗ്രാം ട്രൈക്കൊടെര്‍മ സമ്പുഷ്ട കാലിവളം ചാലുകളില്‍ അടിവളമായി മണ്ണുമായി ഇളക്കി ചേര്‍ക്കുക. ഈ ചാലുകളില്‍ 20 മുതല്‍ 30 ദിവസം പ്രായമായ തൈകള്‍ സ്യുഡോമോണാസ് ലായനിയില്‍ ( 20 ഗ്രാം സ്യുഡോമോണാസ് 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത് ) വേരുകള്‍ 20 മിനുറ്റ് മുക്കിയതിനു ശേഷം 20 സെ.മീ അകലത്തില്‍ നടുക. മഴക്കാലത്ത് ചാലുകള്‍ക്ക് പകരം തടങ്ങള്‍ എടുത്ത് നടുന്നതാണ് ഉത്തമം. ഒരു സെന്ററില്‍ 657 ചെടികള്‍ നടാവുന്നതാണ്. മേല്‍വളമായി 8 – 10 ദിവസത്തെ ഇടവേളയില്‍ താഴെ പറയുന്ന ഏതെങ്കിലും ജൈവവളം ചേര്‍ക്കേണ്ടതാണ്.

ചാണകപ്പാല്‍/ബയോഗ്യാസ് സ്ലറി (200 ഗ്രാം) 4ലിറ്റര്‍ വെള്ളവുമായി ചേര്‍ത്തത്/ഗോമൂത്രം/വേര്‍മിവാഷ് (200 മി.ലി) 8 ഇരട്ടി വെള്ളവുമായി ചേര്‍ത്ത്, 4 കിലോ വെര്‍മി കമ്പോസ്റ്റ്/കോഴിവളം, കടലപ്പിണ്ണാക്ക് (200ഗ്രാം) 4 ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്തത്.

ഓരോ വിളവെടുപ്പ് കഴിയുമ്പോഴും നേര്‍പ്പിച്ച വേര്‍മിവാഷ് തളിച്ച് കൊടുക്കേണ്ടതാണ്.

മറ്റു പരിപാലനമുറകള്‍

മണ്ണില്‍ ഈര്‍പ്പാംശം ഇല്ലെങ്കില്‍ ആവശ്യത്തിനു നനച്ചു കൊടുക്കണം. പുതയിട്ട് കൊടുക്കുന്നത് നല്ലതാണ്. വേനല്‍ക്കാലത്ത് രണ്ടു ദിവസം ഇടവിട്ടെങ്കിലും നനയ്ക്കണം. മഴക്കാലത്ത് മണ്ണ് കൂട്ടിക്കൊടുക്കണം.

സസ്യസംരക്ഷണം

കീടങ്ങള്‍

വിവിധയിനം ശലഭങ്ങളുടെ പുഴുക്കള്‍ ചീരയെ ആക്രമിക്കുന്നു.

  • കൂടുകെട്ടിപ്പുഴുക്കള്‍ - ഇലകള്‍ കൂട്ടി യോജിപ്പിച്ച് അതിനുള്ളിലിരുന്നു തിന്നു നശിപ്പിക്കുന്നു.
  • ഇലതീനിപ്പുഴുക്കള്‍ - ഇലകള്‍ തിന്നു നശിപ്പിക്കുന്നു.

നിയന്ത്രണ മാര്‍ഗങ്ങള്‍

പുഴുക്കളോട്കൂടി ഇലകള്‍ പറിച്ചെടുത്ത് നശിപ്പിക്കുക. ആക്രമണം കണ്ടു തുടങ്ങുന്ന അവസരത്തില്‍ തന്നെ വേപ്പിന്‍ കുരു സത്ത് 5% തളിക്കണം. ജീവാണു കീടനാശിനിയായ ജൈപ്പല്‍ അഥവാ ഹാള്‍ട്ട് (0.7 മില്ലി) ഒരു ലിറ്റര്‍ വെള്ളത്തില്‍ തളിക്കുകയോ പെരുവലത്തിന്റെ 4% ഇലച്ചാര്‍ സോപ്പ് വെള്ളവുമായി ചേര്‍ത്ത് തളിക്കുകയോ ചെയ്യുക.

രോഗങ്ങള്‍

  • ഇലപ്പുള്ളി രോഗം

ചീരയുടെ ഇലകളില്‍ അടിവശത്തും മുകള്‍പ്പരപ്പിലും ഒരുപോലെ പുള്ളികള്‍ കാണപ്പെടുന്നു. ചുവന്ന ചീരയിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്.

നിയന്ത്രണ മാര്‍ഗങ്ങള്‍

സംയോജിത നിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിച്ച് രോഗം നിയന്ത്രിക്കേണ്ടതാണ്. ഇലപ്പുള്ളി രോഗത്തിനെതിരെ പ്രതിരോധ ശക്തിയുള്ള സി.ഒ. 1 കൃഷി ചെയ്യുക. ചുവന്ന ചീര തനിവിളയായി കൃഷി ചെയ്യാതെ സി.ഒ. 1 എന്നയിനം പച്ചചീരയുമായി ഇടകലര്‍ത്തി കൃഷി ചെയ്യുക. വിത്തിടുന്നതിനു മുന്പ് സ്യുഡോമോണാസ് കള്‍ച്ചര്‍ ഉപയോഗിച്ച് വിത്ത് പരിചരണം നടത്തുക. ട്രൈക്കൊടെര്‍മ – വേപ്പിന്‍ പിണ്ണാക്ക് സമ്പുഷ്ട ചാണകം മണ്ണില്‍ ചേര്‍ത്ത് കൊടുക്കുക. 1 കിലോ പച്ചചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തയ്യാറാക്കിയ ലായനിയുടെ തെളി നിശ്ചിത കാലയളവില്‍ തളിച്ച് കൊടുക്കുക. ചീര നനയ്ക്കുമ്പോള്‍ വെള്ളം ഇലയുടെ മുകളില്‍ കൂടി ഒഴിക്കാതെ ചുവട്ടില്‍ ഒഴിക്കുക. 1 ഗ്രാം അപ്പക്കാരം,4 ഗ്രാം മഞ്ഞള്‍പ്പൊടി എന്നിവ ഒരു ലിറ്റര്‍ പാല്ക്കായ ലായനിയില്‍ ( 4 ഗ്രാം/ലിറ്റര്‍ ചേര്‍ത്ത് ഇലയുടെ രണ്ടു വശത്തും തളിക്കണം ).

  1. II. വെണ്ട

നടീല്‍ കാലം – ജനുവരി-ഫെബ്രുവരി, മേയ്-ജൂണ്‍, സെപ്തംബര്‍-ഒക്ടോബര്‍ എന്നീ സമയങ്ങളില്‍ വെണ്ട കൃഷി ചെയ്യാം.

ഇനങ്ങള്‍

  • സുസ്ഥിര  – മോസേക്ക് രോഗത്തിനെതിരെ പ്രതിരോധ ശേഷിയുണ്ട്.   മഴക്കാലത്തെ കൃഷിയ്ക്ക് അനുയോജ്യം.
  • സല്‍ക്കീര്‍ത്തി  - ഇളം പച്ച നിറത്തില്‍ നീളമുള്ള കായ്കള്‍.
  • കിരണ്‍ - 20-30 സെ.മീ. നീളമുള്ള ഇളം പച്ച നിറത്തിലുള്ള കായ്കള്‍. മഴക്കാലത്തെ കൃഷിയ്ക്ക് അനുയോജ്യം
  • അരുണ, സി.ഒ. 1 – നല്ല ചുവപ്പ് നിറമുള്ള കായ്കള്‍
  • അര്‍ക്ക, അനാമിക, വര്‍ഷ, ഉപഹാര്‍, അര്‍ക്ക, അഭയ, അന്ജിത, എന്നിവ മോസേക്ക് രോഗത്തിനെതിരെ പ്രതിരോധ ശേഷിയുള്ളവയാണ്.

വിത്തിന്റെ തോത്

ഒരു സെന്‍റിന്     : 30 ഗ്രാം വിത്ത് വേണ്ടി വരും

നടീല്‍ അകലം : 60*60 സെ.മീ ( ഒരു സെന്‍റില്‍ 222 ചെടികള്‍ )

വിത്ത് പരിചരണം : ഒരു ഗ്രാം സ്യുഡോമോണാസ് വിത്തുമായി കലര്‍ത്തി വിത്ത് പരിചരണം നടത്തണം. വിത്ത് വിതച്ചു കഴിഞ്ഞാല്‍ മണ്ണില്‍ ആവശ്യത്തിന് ഈര്‍പ്പം ഉണ്ടാകണം.

നടീല്‍ രീതി

കൃഷിസ്ഥലം കിളച്ച് കളകള്‍ മാറ്റി പരുവപ്പെടുത്തിയെടുക്കാം. വിത്ത് വിതയ്ക്കുന്നതിന് 15 ദിവസം മുമ്പ് സെന്‍റിന് 2 കിലോഗ്രാം കുമ്മായം മണ്ണില്‍ ചേര്‍ത്ത് കൊടുക്കുന്നത് മണ്ണിലെ അമ്ലത്വം കുറയ്ക്കും. 100 കിലോഗ്രാം ചാണകമോ കമ്പോസ്റ്റ് വളമോ 10 ഗ്രാം ട്രൈക്കൊടെര്മയുമായി ചേര്‍ത്ത് തണലില്‍ 15 ദിവസം സൂക്ഷിച്ചതിന് ശേഷം അടിവളമായി ചേര്‍ക്കണം. മേല്‍വളമായി രണ്ടാഴ്ച്ചയില്‍ ഒരിക്കല്‍ താഴെ പറയുന്ന ഏതെങ്കിലും ഒരു വളം ചേര്‍ക്കേണ്ടതാണ്.

  • ചാണകപ്പാല്‍ അല്ലെങ്കില്‍ ബയോഗ്യാസ് സ്ലറി 200 ഗ്രാം 4 ലിറ്റര്‍ വെള്ളവുമായി ചേര്‍ത്തത്.
  • ഗോമൂത്രം അല്ലെങ്കില്‍ വെര്‍മിവാഷ് 2 ലിറ്റര്‍ 8 ഇരട്ടി വെള്ളവുമായി ചേര്‍ത്തത്.
  • 4 കിലോഗ്രാം മണ്ണിരവളം അല്ലെങ്കില്‍ കോഴിവളം
  • കടലപ്പിണ്ണാക്ക് 200 ഗ്രാം 4 ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്തത്.

മറ്റു പരിപാലനമുറകള്‍

മണ്ണില്‍ നനവ്‌ ഇല്ലെങ്കില്‍ ആവശ്യത്തിനു നനച്ചു കൊടുക്കണം. പുതയിട്ട് കൊടുക്കുന്നത് കളകള്‍ നിയന്ത്രിക്കാനും മണ്ണിലെ ഈര്‍പ്പാംശം നിലനിര്‍ത്താനും സഹായിക്കും. വേനല്‍ക്കാലത്ത് രണ്ടു ദിവസത്തിലൊരിക്കല്‍ നനയ്ക്കേണ്ടതാണ്. മഴക്കാലത്ത് കള പറിയ്ക്കലും മണ്ണ് കൂട്ടിക്കൊടുക്കലും നടത്തുക.

സസ്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍

രോഗപ്രതിരോധശേഷിയുള്ള ഇനങ്ങള്‍ കൃഷി ചെയ്യുന്നത് വഴി രോഗ കീടനിയന്ത്രണം ഒരു പരിധിവരെ എളുപ്പമാണ്. തോട്ടം ശുചിയായി സംരക്ഷിക്കേണ്ടതാണ്.

രോഗങ്ങള്‍

  1. 1. മോസേക്ക് രോഗം

വെണ്ടകൃഷിയില്‍ സാധാരണ ഉണ്ടാകുന്ന ഈ വൈറസ് രോഗത്തിന്റെ ലക്ഷണം ഇലഞരമ്പുകളിലെ പച്ചപ്പ്‌ നഷ്ടപ്പെട്ട് മഞ്ഞ നിറമാകുകയും ഞരമ്പുകള്‍ തടിക്കുകയും ചെയ്യുന്നതാണ്. കായ്കള്‍ ചെറുതും മഞ്ഞ കലര്‍ന്ന പച്ച നിറത്തോടുകൂടിയതും ആയിരിക്കും. വെള്ളീച്ച, ഇലത്തുള്ളന്‍ എന്നീ കീടങ്ങളാണ് വൈറസിന്‍റെ രോഗവാഹകര്‍.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • രോഗമുള്ള ചെടികള്‍ കണ്ടാല്‍ ഉടന്‍ പിഴുത് നശിപ്പിക്കുക.
  • വേപ്പെണ്ണ, വെളുത്തുള്ളി മിശ്രിതം രണ്ടു ശതമാനം വീര്യത്തില്‍ നിംബസിഡിന്‍/എക്കൊനിം/യൂനിം എന്നീ വേപ്പധിഷ്ടിത കീടനാശിനികള്‍ രണ്ടു മില്ലിലിറ്റര്‍ എന്ന തോതില്‍ തളിച്ച് കൊടുക്കാവുന്നതാണ്. വൈറസിന്‍റെ വാഹകരായ മറ്റു കളകളെ നശിപ്പിക്കാവുന്നതാണ്. രോഗപ്രതിരോധശേഷിയുള്ള ഇനങ്ങള്‍  ( അര്‍ക്ക, അനാമിക, അര്‍ക്ക, അഭയ, ) കൃഷി ചെയ്യുകയാണ് ഉത്തമം. രോഗം ബാധിക്കാത്ത നല്ല ആരോഗ്യമുള്ള ചെടികളില്‍ നിന്ന് മാത്രം വിത്ത് ശേഖരിക്കുക.

കീടങ്ങള്‍

തണ്ടുതുരപ്പന്‍, കായ്തുരപ്പന്‍, ഇലച്ചുരുട്ടിപ്പുഴു, വേരിനെ ആക്രമിക്കുന്ന നിമാവിരകള്‍, നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ എന്നിവയാണ് പ്രധാനപ്പെട്ട കീടങ്ങള്‍.

  1. 1. തണ്ടുതുരപ്പന്‍/കായ്തുരപ്പന്‍ പുഴു

വെളുത്ത മുന്‍ ചിറകുകളില്‍ പച്ച അടയാളമുള്ള ശലഭത്തിന്റെ പുഴുക്കള്‍, ഇളം തണ്ടുകളിലും കായ്കളിലും തുളച്ചു കയറി ഉള്‍ഭാഗം തിന്ന് കേടാക്കുന്നു. തണ്ട് വാടി ക്രമേണ കരിയുന്നു. കായ്കളില്‍ ദ്വാരങ്ങള്‍ കാണാം.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

വിത്ത് നട്ട് രണ്ടാഴ്ച കഴിയുമ്പോള്‍ വേപ്പിന്‍പിണ്ണാക്ക് ഇട്ടുകൊടുക്കുക. കീടാക്രമണ രൂക്ഷത കുറയ്ക്കുന്നതിന് ഇത് സഹായിക്കും. കീടബാധയേറ്റ തണ്ടും കായ്കളും മുറിച്ചുമാറ്റുക. ആക്രമണം കണ്ടു തുടങ്ങുമ്പോള്‍ വെപ്പിന്കുരു സത്ത് 5% തളിക്കുക. വിപണിയില്‍ ലഭ്യമാകുന്ന വേപ്പധിഷ്ടിത കീടനാശിനികളും ഉപയോഗിക്കാവുന്നതാണ്.

  1. 2. നീരൂറ്റുംകീടങ്ങള്‍ (പച്ചത്തുള്ളന്‍, മുഞ്ഞ, വെള്ളീച്ച)

ഇവ ഇലയുടെ അടിവശത്ത് പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റി കുടിക്കുന്നു. ഇലകള്‍ മഞ്ഞളിച്ച് ഉണങ്ങുന്നു. കൂടാതെ വെള്ളീച്ച വൈറസ് രോഗം പരത്തുകയും ചെയ്യുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • മൊസൈക്ക് രോഗപ്രതിരോധശേഷിയുള്ള ഇനങ്ങള്‍ കൃഷി ചെയ്യുക.
  • തോട്ടത്തില്‍ മഞ്ഞക്കെണികള്‍ സ്ഥാപിച്ച് മുഞ്ഞ, വെള്ളീച്ച എന്നിവയെ കുടുക്കി നശിപ്പിക്കുക.
  • വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതം 2% വേപ്പെണ്ണ എമല്‍ഷന്‍ 3% ഇവയില്‍ ഏതെങ്കിലും ഒന്ന് തളിക്കുക.
  1. 3. ഇലച്ചുരുട്ടിപ്പുഴു

ഇളം മഞ്ഞ ചിറകില്‍ തവിട്ടു നിറത്തിലുള്ള വരകളുള്ള ശലഭത്തിന്റെ പുഴുക്കള്‍ ഇല ചുരുട്ടി നശിപ്പിക്കുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • ഇലച്ചുരുളുകള്‍ പറിച്ചു നശിപ്പിക്കുക
  • വെപ്പിന്കുരു സത്ത് 5% തളിക്കുക
  • വിപണിയില്‍ ലഭ്യമാകുന്ന ഏതെങ്കിലും വേപ്പധിഷ്ടിത കീടനാശിനി ഉപയോഗിക്കാവുന്നതാണ്.
  • ബിവേറിയ ബാസ്സിയാന ഉപയോഗിക്കാം. (ബയോഗാര്‍ഡ് 5 മില്ലി ലിറ്റര്‍)
  1. 4. വേരുബന്ധക നിമാവിര

ചെടിയുടെ വേരുകളെ ആക്രമിക്കുകയും ക്രമേണ ചെടികള്‍ ഉണങ്ങിപ്പോവുകയും ചെയ്യുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • 4 കിലോ വേപ്പിന്‍ പിണ്ണാക്കോ ആവണക്കിന്‍ പിണ്ണാക്കോ ഒരു സെന്ററില്‍ ചേര്‍ത്ത് കൊടുക്കുകയും ചെടിയുടെ ഇടയ്ക്ക് കെണിവിളയായി ബന്ദിപ്പൂക്കള്‍ നട്ട് വളര്‍ത്തുകയും ചെയ്യുക.
  • വേപ്പില/കമ്മ്യൂണിസ്റ്റ് പച്ചില (ചെടിക്ക് 250 ഗ്രാം എന്ന തോതില്‍) നടുന്നതിന് ഒരാഴ്ച മുമ്പ് തടങ്ങളിലിട്ട് ദിവസേന വെള്ളമൊഴിക്കുക. ഇതിന്റെ ഫലം വേനല്‍ക്കാലത്ത് വിത കഴിഞ്ഞ് 75 ദിവസം വരെ നീണ്ടു നില്‍ക്കും.

 

  1. III. വെള്ളരിവര്‍ഗ്ഗ വിളകള്‍

ഇതില്‍ പാവല്‍, പടവലം, വെള്ളരി, കക്കരി, തണ്ണിമത്തന്‍, ചുരയ്ക്ക, മത്തന്‍, കുമ്പളം എന്നിവയുല്പ്പെടുന്നു. കൃഷിക്കാലം, നടീല്‍ രീതി എന്നിവ ചുവടെ ചേര്‍ക്കുന്നു.

 

വിള

ഇനം

നടീല്‍ കാലം

വിത്തിന്റെ തോത് (സെന്‍റിന്)

നടീല്‍ കാലം

പാവല്‍

പ്രിയ, പ്രീതി, പ്രിയങ്ക

മഴക്കാല വിള (മെയ്‌-ഓഗസ്റ്റ്‌)ജലസേചിത വിള (ജനുവരി-മാര്‍ച്ച്‌)(സെപ്തംബര്‍-ഡിസംബര്‍)

24 ഗ്രാം

2 മീ.* 2 മീ.(സെന്‍റിന് 10 കുഴികള്‍)

പടവലം

കൗമുദി, മനുശ്രീ, ബേബി, റ്റി.എ-19

ജലസേചിത വിള (ജനുവരി-മാര്‍ച്ച്‌) , (സെപ്തംബര്‍-ഡിസംബര്‍)

16 ഗ്രാം

2 മീ.* 2 മീ.(സെന്‍റിന് 10 കുഴികള്‍)

വെള്ളരി

മുടിക്കോട്, അരുണിമ,സൗഭാഗ്യ

(ജനുവരി-മാര്‍ച്ച്‌) , (സെപ്തംബര്‍-ഡിസംബര്‍)

3 ഗ്രാം

2 മീ.* 1.5  മീ.(സെന്‍റിന് 13  കുഴികള്‍)

കുമ്പളം

കെ.എ.യു. ലോക്കല്‍, ഇന്ദു

മഴക്കാല വിള (മെയ്‌-ഓഗസ്റ്റ്‌)ജലസേചിത വിള (ജനുവരി-മാര്‍ച്ച്‌)(സെപ്തംബര്‍-ഡിസംബര്‍)

4 ഗ്രാം

4.5 മീ.* 2 മീ.(സെന്‍റിന് 13  കുഴികള്‍)

സലാഡ് വെള്ളരി

ശീതള്‍, സ്വര്‍ണ്ണ പൂര്‍ണ്ണ,പുസന്യോഗ്, എ.എ.യു.സി.

(ജനുവരി-മാര്‍ച്ച്‌)(സെപ്തംബര്‍-ഡിസംബര്‍)

2 ഗ്രാം

2 മീ.* 1.5  മീ.(സെന്‍റിന് 13  കുഴികള്‍)

മത്തന്‍

അമ്പിളി, സുവര്‍ണ്ണ, സരസ്

മഴക്കാല വിള (മെയ്‌-ഓഗസ്റ്റ്‌)ജലസേചിത വിള (ജനുവരി-മാര്‍ച്ച്‌)(സെപ്തംബര്‍-ഡിസംബര്‍)

5 ഗ്രാം

4.5 മീ.* 2 മീ.(സെന്‍റിന് 13  കുഴികള്‍)

തണ്ണിമത്തന്‍ (ഷുഗര്‍ ബേബി)

 

ഡിസംബര്‍ - ഏപ്രില്‍

6 ഗ്രാം

3 മീ.* 2 മീ.(സെന്‍റിന് 6   കുഴികള്‍)

കോവല്‍

സുലഭ

മേയ് – ജൂണ്‍, സെപ്തംബര്‍-ഒക്ടോബര്‍

30-40 സെ.മീ. നീളമുള്ള തണ്ടുകള്‍

4 മീ.* 3 മീ.(സെന്‍റിന് 3  കുഴികള്‍)

ചുരയ്ക്ക

പൂസാ സമ്മര്‍ പോളിഫിക് ലോങ്ങ്, പൂസാ സമ്മര്‍ പോളിഫിക് റൗണ്ട് അര്‍ക്ക ബഹാര്‍

മഴക്കാല വിള (മെയ്‌-ഓഗസ്റ്റ്‌)ജലസേചിത വിള (ജനുവരി-മാര്‍ച്ച്‌)(സെപ്തംബര്‍-ഡിസംബര്‍)

14 ഗ്രാം

3 മീ.* 3 മീ.(സെന്‍റിന് 4  കുഴികള്‍)

പീച്ചിങ്ങ

ഹരിതം, ദീപ്തി, പൂസാ നസ്ധാര്‍

(ഡിസംബര്‍ - മാര്‍ച്ച്)( മെയ്‌-ഓഗസ്റ്റ്‌)

6.12 ഗ്രാം

2 മീ.* 2 മീ.(സെന്‍റിന് 10 കുഴികള്‍)

 

നടീല്‍ രീതിയും വളപ്രയോഗവും

രണ്ടടി വലിപ്പവും ഒരടി ആഴവുമുള്ള കുഴിയെടുക്കുക. 50 കിലോഗ്രാം ചാണകം/കമ്പോസ്റ്റ് മേല്‍മണ്ണുമായി ചേര്‍ത്ത് കുഴികളിലിടുക. നാല് മുതല്‍ അഞ്ചു വിത്ത് വീതം ഒരു കുഴിയില്‍ പാകുക. മുളച്ച് രണ്ടാഴ്ചയ്ക്ക് ശേഷം ഒരു തടത്തില്‍ നല്ല മൂന്നു തൈകള്‍ വീതം നിര്‍ത്തിയാല്‍ മതി.

മേല്‍വളമായി ചാണകമോ കമ്പോസ്റ്റോ 30 കി.ഗ്രാം വീതം അല്ലെങ്കില്‍ മണ്ണിര കമ്പോസ്റ്റ് 15 കിലോ രണ്ടു പ്രാവശ്യമായി വള്ളി വീശുമ്പോഴും പൂവിടുമ്പോഴും കൊടുക്കുക. രണ്ടാഴ്ചയിലൊരിക്കല്‍ ചാണകം 1 കിലോഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി പുഷ്പിക്കുമ്പോള്‍ കൊടുക്കുക.

കോവലിന്‍ നടുന്ന സമയത്തും വള്ളി വീശുമ്പോഴും 12.5 കിലോ എന്ന തോതില്‍ കാലിവളം ചേര്‍ത്ത് കൊടുക്കുക. ദീര്‍ഘകാലം കോവല്‍ ചെടി നിലനിര്‍ത്തുന്ന സ്ഥലങ്ങളില്‍ മാസത്തിലൊരിക്കല്‍ ജൈവവള പ്രയോഗം നടത്തുക.

മറ്റു പരിചരണമാര്‍ഗ്ഗങ്ങള്‍

പാവല്‍, പടവലം, ചുരയ്ക്ക, പീച്ചിങ്ങ, എന്നിവ വള്ളി വീശുമ്പോള്‍ പന്തലിട്ടു കൊടുക്കുക. വെള്ളരി, തണ്ണിമത്തന്‍, മത്തന്‍, കുമ്പളം എന്നിവ തറയില്‍ പടരുന്നതിനുള്ള സംവിധാനമൊരുക്കുക. വളമിടുന്നതിനൊപ്പം കള പറിക്കലും ഇടയിളക്കലും നടത്തുക. മഴക്കാലത്ത് മണ്ണ് കൂട്ടിക്കൊടുക്കുക, പച്ചില, വിളയവശിഷ്ടം, വിഘടിപ്പിച്ച ചകിരിചോര്‍ കമ്പോസ്റ്റ്, തൊണ്ട്, വൈക്കോല്‍ തുടങ്ങിയവ കൊണ്ട് വിളകള്‍ക്ക് പുതയിടുക. വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളില്‍ 2-3 ദിവസം ഇടവിട്ടും പൂവും കായും ഉള്ള സമയത്ത് ഒന്നിടവിട്ടും നനയ്ക്കുക. മണല്‍ കലര്‍ന്ന പശിമരാശി മണ്ണില്‍ വേനല്‍ക്കാലങ്ങളില്‍ 2 ദിവസത്തിലൊരിക്കല്‍ നനയ്ക്കുന്നതിനേക്കാള്‍ 3 ദിവസത്തിലൊരിക്കല്‍ നനച്ചാല്‍ മതിയാകും.

സസ്യസംരക്ഷണം

കീടങ്ങള്‍

കായീച്ച : പെണ് ഈച്ച കായുടെ തൊലിക്കടിയില്‍മുട്ടയിടുന്നു. മുട്ടയുടെ വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ കായ്ക്കുള്ളിലെ മാംസള ഭാഗങ്ങള്‍ തിന്നുന്നു. കായ്കള്‍ അഴുകി വീഴുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

പേപ്പര്‍ കൊണ്ടോ പോളിത്തീന്‍ കൊണ്ടോ കായ്കള്‍ പൊതിയുക. കീടബാധയേറ്റ കായ്കള്‍ ശേഖരിച്ചു നശിപ്പിക്കുക. നടുന്ന സമയത്തും ഒരു മാസത്തിനു ശേഷവും ഒരു കുഴിക്ക് 100 ഗ്രാം എന്ന തോതില്‍ വേപ്പിന്‍ പിണ്ണാക്ക് ഇട്ടു കൊടുക്കുക. പഴയീച്ച കെണിയോ, ഫെരമോണ്ട കെണിയോ (ക്യൂലര്‍ കെണിയോ) ഉപയോഗിച്ച് കായീച്ചയെ നശിപ്പിക്കാം. മുഞ്ഞ, പച്ചത്തുള്ളന്‍, മണ്ഡരി ഇവ സസ്യഭാഗങ്ങളില്‍ കൂട്ടംകൂടിയിരുന്ന് നീരൂറ്റി കുടിക്കുന്നു. വെള്ളീച്ച മൊസൈക്ക് രോഗവും പരത്തുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

മുഞ്ഞക്കെണി അഞ്ചു സെന്‍റിന് ഒന്ന് എന്ന തോതില്‍ കെട്ടുക. മുഞ്ഞകള്‍ കൂടുതലായി കാണുന്ന ഇലകള്‍ പറിച്ച് നശിപ്പിക്കുക. 2% വീര്യമുള്ള വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതം തളിക്കുക. അല്ലെങ്കില്‍ വേപ്പെണ്ണയും (80 മി.ലി.) ആവണക്കെണ്ണയും (20 മി.ലി.) 60 ഗ്രാം ബാര്‍സോപ്പും ലയിപ്പിച്ച് 150 മി.ലി. വെള്ളത്തില്‍ ചേര്‍ക്കുക. ഇതിലേക്ക് 150 ഗ്രാം വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. ഇത് 6 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തളിക്കുക. നീരൂറ്റി കുടിക്കുന്ന പ്രാണികളുടെ ആക്രമണ ഫലമായി വെള്ളരി പച്ചിലകളില്‍ ഉണ്ടാകുന്ന മഞ്ഞളിപ്പ് അതിജീവിക്കുന്നതിന് 10 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റ് 1 ലിറ്റര്‍ എന്ന തോതില്‍ ഇലകളില്‍ തളിക്കുക. ഇത് ചെടികള്‍ക്ക് വള്ളി വീശുന്ന സമയത്തും വള്ളികള്‍ പന്തലില്‍ പടര്‍ത്തുന്ന അവസരത്തിലും ചെയ്യാവുന്നതാണ്.

ഇലതീനിപ്പുഴുക്കള്‍ (പടവലപ്പുഴു/വരയന്‍ പുഴു)

പുഴുക്കള്‍ ഇലകള്‍ തിന്നും കായകള്‍ തിന്നും നശിപ്പിക്കുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കാം. വെപ്പിന്കുരു സത്ത് 5% തളിക്കുക. ഗോമൂത്രം 1 ലിറ്റര്‍ - കാ‍ന്താരി (10 ഗ്രാം) മിശ്രിതം തയ്യാറാക്കി 9 ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിക്കുക. ബിവേറിയ ബാസിയാന എന്ന മിത്ര കുമിള്‍ ഉപയോഗിക്കുക.

എപ്പിലാക്ന വണ്ട്

തവിട്ട് നിറത്തില്‍ കറുത്ത പുള്ളികളുള്ള അര്‍ദ്ധ വൃത്താകൃതിയിലെ വണ്ടുകളും മഞ്ഞ നിറത്തിലുള്ള പുഴുക്കളും ഇലയിലെ ഹരിതകം കാര്‍ന്നു തിന്ന് ഇലകള്‍ ഉണങ്ങിക്കരിയുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • കൈവല ഉപയോഗിച്ച് വണ്ടുകളെ ശേഖരിച്ച് നശിപ്പിക്കുക.
  • ഇലകളില്‍ കാണുന്ന മുട്ടക്കൂട്ടം, പുഴു, സമാധി ദശ എന്നിവ ശേഖരിച്ച് സുഷിരങ്ങളുള്ള പോളിത്തീന്‍ കവറില്‍ സൂക്ഷിക്കുക. മിത്ര പ്രാണികള്‍ വിരിഞ്ഞു വരുമ്പോള്‍ അവയെ തുറന്നു തോട്ടത്തില്‍ വിടുക.
  • വെപ്പിന്കുരു സത്ത് 5%, പെരുവലം സത്ത് 10%, വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം 2% എന്നിവയില്‍ ഏതെങ്കിലും ഒന്ന് തളിക്കുക.

വെള്ളരി വര്‍ഗ്ഗ ചെടികളിലെ രോഗങ്ങള്‍

  • മൊസൈക്ക് രോഗം

ഇലപ്പരപ്പില്‍ പച്ചയും മഞ്ഞയും കലര്‍ന്ന നിറങ്ങള്‍ കാണപ്പെടുന്നു. ഇലകള്‍ മുരടിക്കുന്നു. പുതുതായി വരുന്ന ഇലകള്‍ ചെറുതാകുകയും മുരടിക്കുകയും ചെയ്യുന്നു. ശാഖകളുടെ എണ്ണം നന്നേ കുറയുകയും കായ പിടിത്തം തീരെ കുറയുകയും ചെയ്യുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  1. രോഗം ബാധിച്ച ചെടികളെ നശിപ്പിച്ചു കളയുക.
  2. രോഗ വിമുക്തമായ തോട്ടത്തില്‍ നിന്ന് മാത്രം വിത്ത് ശേഖരിക്കുക.
  3. തടങ്ങളിലെ വിത്തിന്റെ തോത് കൂട്ടുക, ചെടി വള്ളി വെയ്ക്കുന്ന അവസരത്തില്‍ ആരോഗ്യമുള്ള രണ്ടോ മൂന്നോ ചെടികള്‍ മാത്രം നിര്‍ത്തി ബാക്കിയുള്ളവയെ നശിപ്പിക്കുക.
  4. രോഗവാഹകരായ കീടങ്ങളെ നശിപ്പിക്കാന്‍ വേപ്പെണ്ണ, ആവണക്കെണ്ണ, വെളുത്തുള്ളി മിശ്രിതം അല്ലെങ്കില്‍ 2% വീര്യമുള്ള വേപ്പധിഷ്ടിത കീടനാശിനി എന്നിവ ഉപയോഗിക്കുക.
  • ഇലപ്പുള്ളി രോഗം

ഇലയുടെ അടിഭാഗത്ത് വെള്ളം നനഞ്ഞ പോലെയുള്ള പാടുകള്‍ ഉണ്ടാവുകയും തുടര്‍ന്ന് ഇലയുടെ മുകള്‍ഭാഗത്ത് മഞ്ഞപ്പുള്ളികള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. പുള്ളികള്‍ വലുതായി ഒന്നിച്ച് ചേര്‍ന്ന് ഇലകള്‍ കരിഞ്ഞുണങ്ങുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • രോഗലക്ഷണങ്ങളുള്ള ഇലകള്‍ നശിപ്പിക്കുക.
  • സ്യൂഡോമോണാസ് ലായനി (2%) ഇലയുടെ ഇരു വശങ്ങളിലും വീഴത്തക്കവിധം തളിക്കുക.
  1. IV. വഴുതനവര്‍ഗ്ഗ വിളകള്‍

കേരളത്തിലെ പ്രധാന വഴുതനവര്‍ഗ്ഗ വിളകളാണ് മുളക്, വഴുതന, തക്കാളി എന്നിവ.

വിള

ഇനങ്ങള്‍

നടീല്‍ സമയം

വിത്തിന്റെ തോത് (സെന്‍റിന്)

ഇടയകലം

മുളക്

ജ്വാലാമുഖി, ജ്വാലാസഖി, ഉജ്വല, അനുഗ്രഹ (വെള്ളായണി – സമൃദ്ധി)

മഴയെ ആശ്രയിച്ച് (മേയ്-ജൂണ്‍)

ജലസേചിത കൃഷി (സെപ്തംബര്‍-ഒക്ടോബര്‍)

4 ഗ്രാം

45 സെ.മീ.* 45 സെ.മീ.

സെന്‍റിന് 198 ചെടികള്‍

വഴുതന

സൂര്യ, ശ്വേത, നീലിമ, ഹരിത (ബാക്ടീരിയല്‍ വാട്ടത്തിനെതിരെ പ്രതിരോധ ശേഷിയുള്ള ഇനങ്ങളാണിത്) പൂസാ പര്‍പ്പിള്‍ ക്ലസ്ടര്‍

മേയ്-ജൂണ്‍

 

സെപ്തംബര്‍-ഒക്ടോബര്‍

2 ഗ്രാം

75 സെ.മീ.* 60 സെ.മീ.

സെന്‍റിന് 89 ചെടികള്‍

തക്കാളി

ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്‌

ഒക്ടോബര്‍ - നവംബര്‍

2 ഗ്രാം

60 സെ.മീ.* 60 സെ.മീ.

സെന്‍റിന് 111 ചെടികള്‍

 

നഴ്സറി

പറിച്ചു നടുന്ന വിളകളാണ്  വഴുതനവര്‍ഗ്ഗ വിളകള്‍. വിത്തുകള്‍ തവാരണകളില്‍ പാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നടാം. നല്ല തുറസ്സായ, ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ വളക്കൂറുള്ള മേല്‍മണ്ണും നല്ലപോലെ ഉണങ്ങി പൊടിഞ്ഞ ചാണകവും ചേര്‍ത്താണ് നഴ്സറി തയ്യാറാക്കേണ്ടത്. ഉണക്കിപ്പൊടിച്ച ചാണകത്തിന് പകരം ട്രൈക്കൊടെര്‍മ ഉപയോഗിച്ച് പരിപോഷിപ്പിച്ച ചാണകം ഉപയോഗിക്കുന്നത് നല്ലതാണ്. വിത്ത് പാകിയതിനു ശേഷം വാരങ്ങള്‍ പച്ചില കൊണ്ട് പുതയിട്ട്‌ ദിവസേന കാലത്ത് നനയ്ക്കുക. വിത്ത് മുളച്ച് തുടങ്ങിയാല്‍ പുത മാറ്റണം. നിശ്ചിത ഇടവേളയില്‍ 2% സ്യൂഡോമോണാസ് ഫ്ലൂറന്‍സ് ലായനി തളിച്ച് കൊടുക്കേണ്ടതാണ്. തൈകളുടെ പുഷ്ടി വര്‍ധിപ്പിക്കുന്നതിന് വേണ്ടി ചാണകപ്പാലോ നേര്‍പ്പിച്ച ഗോമൂത്രമോ (പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്പ്പിച്ചത്) തളിക്കേണ്ടതാണ്. തൈകള്‍ നടുന്നതിന് വേണ്ടി പറിച്ചെടുക്കുന്നതിനായി തവാരണകള്‍ നനച്ചതിനു ശേഷം തൈകള്‍ പറിച്ചെടുക്കുക. നട്ട തൈകള്‍ക്ക് താല്‍ക്കാലികമായി തണല്‍ നല്‍കണം.

നടീലും വളപ്രയോഗവും

കൃഷിസ്ഥലം നല്ലപോലെ കിളച്ച് നിരപ്പാക്കുക. തൈകള്‍ പറിച്ചു നടുന്നതിന് രണ്ടാഴ്ച മുമ്പേ 2 കിലോഗ്രാം കുമ്മായം ചേര്‍ത്ത് കൊടുക്കുക. 100 കിലോഗ്രാം ട്രൈക്കൊടെര്‍മയും പി.ജി.പി.ആര്‍. – 1 മിശ്രിതവുമായി ചേര്‍ത്ത് ഇളക്കി അടിവളമായി നടുക. പറിച്ചു നടുന്ന സമയത്ത് തൈകളുടെ വേരുകള്‍ 20 മിനുറ്റ് സ്യൂഡോമോണാസ് (20 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍) ലായനിയില്‍ മുക്കി വെച്ചതിനു ശേഷം നടുക. കാലിവളത്തിന് പകരം കോഴിവളമോ പൊടിച്ച ആട്ടിന്‍ കാഷ്ഠമോ ഉപയോഗിക്കാവുന്നതാണ്. മേല്‍വളം നല്‍കുന്നതിനായി എട്ടു പത്ത് ദിവസം ഇടവേളയായി താഴെ പറയുന്ന ഏതെങ്കിലും ജൈവവളം ചേര്‍ക്കാവുന്നതാണ്.

  • ചാണകപ്പാല്‍ അല്ലെങ്കില്‍ ബയോഗ്യാസ് സ്ലറി 200 ഗ്രാം 4 ലിറ്റര്‍ വെള്ളത്തില്‍
  • ഗോമൂത്രം അല്ലെങ്കില്‍ വെര്‍മിവാഷ് (2 ലിറ്റര്‍) 8 ഇരട്ടി വെള്ളവുമായി ചേര്‍ത്തത്
  • 4 കിലോഗ്രാം മണ്ണിര കമ്പോസ്റ്റ്, കോഴിവളം അല്ലെങ്കില്‍ ആട്ടിന്കാഷ്ടം. കടലപിണ്ണാക്ക് (200 ഗ്രാം) 4 ലിറ്റര്‍ വെള്ളത്തില്‍

കുതിര്‍ത്തത്.

മറ്റ് പരിപാലനമാര്‍ഗ്ഗങ്ങള്‍

വേനല്‍ക്കാലത്ത് രണ്ടോ മൂന്നോ ദിവസത്തിലൊരിക്കല്‍ ജലസേചനം നടത്തുക. ആവശ്യമാണെങ്കില്‍ തൈകള്‍ക്ക് താങ്ങു കൊടുക്കുക. പറിച്ചു നട്ട് ഒരു മാസം കഴിയുമ്പോള്‍ കളയെടുക്കല്‍. ജൈവവളം നല്‍കല്‍, മണ്ണ് കൂട്ടിക്കൊടുക്കല്‍ തുടങ്ങിയ പരിപാലന മുറകള്‍ അനുവര്‍ത്തിക്കാം. പച്ചിലകള്‍, വിളയവശിഷ്ടങ്ങള്‍, അഴുകിപ്പോടിഞ്ഞ ചകിരിചോര്‍, തൊണ്ട്, വൈക്കോല്‍ തുടങ്ങിയവ ഉപയോഗിച്ച് പുതയിട്ട് കൊടുത്താല്‍ മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനും കളകള്‍ നിയന്ത്രിക്കാനും കഴിയും.

സസ്യസംരക്ഷണം

കീടങ്ങള്‍

വഴുതനയിലെ തണ്ട്/കായ് തുരപ്പന്‍ പുഴു

വെളുത്ത  ചിറകുകളില്‍ തവിട്ട് നിറത്തിലുള്ള പുള്ളിയോട് കൂടിയ ശലഭത്തിന്റെ പുഴുക്കള്‍, ഇളം തണ്ടുകളിലും കായ്കളിലും തുളച്ചു കയറി ഉള്‍ഭാഗം തിന്ന് കേടാക്കുന്നു. തണ്ട് വാടി ക്രമേണ കരിയുന്നു. പുഴു ബാധയേറ്റ കായ്കളില്‍ ദ്വാരങ്ങള്‍ കാണാം.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • തൈ പറിച്ചു നടുമ്പോള്‍ വേപ്പിന്‍ പിണ്ണാക്ക് മണ്ണില്‍ ഇടുക.
  • കീടബാധയേറ്റ തണ്ടും കായ്കളും മുറിച്ചുമാറ്റുക.
  • ആക്രമണം കണ്ടു തുടങ്ങുമ്പോള്‍ വെപ്പിന്കുരു സത്ത് 5% തളിക്കുക.

എപ്പിലാക്ന വണ്ട്

തവിട്ട് നിറത്തില്‍ കറുത്ത പുള്ളിയുള്ള വണ്ടുകള്‍, മഞ്ഞ നിറത്തിലുള്ള പുഴുക്കള്‍, മുട്ടക്കൂട്ടങ്ങള്‍, സമാധി ദശ എന്നിവ ഇലകളില്‍ കാണുന്നു. വണ്ടും പുഴുവും ഇലകളിലെ ഹരിതകം കാര്‍ന്നു തിന്ന് ഇലകള്‍ ഉണങ്ങിക്കരിയുന്നു. ആക്രമണം രൂക്ഷമാകുമ്പോള്‍ ചെടിയുടെ വളര്‍ച്ചയെ ബാധിക്കുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  1. കൈവല ഉപയോഗിച്ച് വണ്ടുകളെ ശേഖരിച്ച് നശിപ്പിക്കുക.
  2. ഇലകളില്‍ കാണുന്ന മുട്ടക്കൂട്ടം, പുഴു, സമാധി ദശ എന്നിവ ശേഖരിച്ച് സുഷിരങ്ങളുള്ള പോളിത്തീന്‍ കവറില്‍ സൂക്ഷിക്കുക. മിത്ര പ്രാണികള്‍ വിരിഞ്ഞു വരുമ്പോള്‍ അവയെ തുറന്നു തോട്ടത്തില്‍ വിടുക.
  3. വെപ്പിന്കുരു സത്ത് 5%, പെരുവലം സത്ത് 10%, വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം 2% എന്നിവയില്‍ ഏതെങ്കിലും ഒന്ന് തളിക്കുക.

നീരൂറ്റുംകീടങ്ങള്‍

മീലിമുട്ട, റേന്തപത്ര കീടം, മുഞ്ഞ എന്നിവ ഇലകളുടെ അടിയില്‍ പറ്റിപ്പിടിച്ചിരുന്നു നീരൂറ്റിക്കുടിച്ച് നശിപ്പിക്കുന്നു. മീലിമുട്ട മറ്റു സസ്യഭാഗങ്ങളെയും ആക്രമിക്കുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • ആരംഭദിശയില്‍ ഇവ കൂടുതലായി കാണുന്ന ഇലകള്‍ പറിച്ച് നശിപ്പിക്കുക.
  • വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതം 2% വേപ്പെണ്ണ എമല്‍ഷന്‍ 3% ഇവയില്‍ ഏതെങ്കിലും ഒന്ന് തളിക്കുക.

വഴുതനയിലെ രോഗങ്ങള്‍

കുറ്റില രോഗം

രോഗലക്ഷണങ്ങള്‍

ചെടിയുടെ ഇലകള്‍ കുറ്റികളായി മാറുന്നു. മൊട്ടുകള്‍ തമ്മിലുള്ള ഇടയകലം കുറയുകയും ചെടികളുടെ വളര്‍ച്ച മുരടിച്ച് പോവുകയും ചെയ്യുന്നു. കായ്പിടിത്തം നിലയ്ക്കുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • രോഗം വന്ന ചെടി പിഴുത് നശിപ്പിക്കുക.
  • രോഗവാഹകരായ ജാസിടുകളെ വെളുത്തുള്ളി – വേപ്പെണ്ണ മിശ്രിതം (2%) തളിച്ച് നിയന്ത്രിക്കുക.

മുളകിലെ കീടങ്ങള്‍

എഫിടുകള്‍, ജാസിടുകള്‍, ത്രിപ്സ്, മണ്ഡരി, വെള്ളീച്ച എന്നിവ മുളകിനെ ആക്രമിക്കുന്ന കീടങ്ങളാണ്.

എഫിടുകളെ നിയന്ത്രിക്കുന്നതിനായി പുകയില കഷായം, വെളുത്തുള്ളി – വേപ്പെണ്ണ മിശ്രിതം (2%), നാറ്റപ്പൂചെടി എമല്‍ഷന്‍ (10%) എന്നിവയില്‍ ഏതെങ്കിലും ഒന്ന് തളിക്കുക.

ജാസിടുകളെ നിയന്ത്രിക്കുന്നതിനായി കിരിയാത്ത് സത്ത് (10%) തളിക്കുക.

മണ്ഡരിയെ നിയന്ത്രിക്കുന്നതിനായി വേപ്പെണ്ണ – വെളുത്തുള്ളി എമല്‍ഷന്‍ (2%) തളിക്കുക. പത്ത് ദിവസത്തിലൊരിക്കല്‍ നേര്‍പ്പിച്ച കഞ്ഞിവെള്ളം ഇലയുടെ അടിയില്‍ തളിച്ചുകൊടുക്കുന്നത് നല്ലതാണ്.

വെള്ളീച്ച

വെര്‍ട്ടിസീലിയം ലക്കാനി 3-5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുക. ആവണക്കെണ്ണ പുരട്ടിയ മഞ്ഞക്കെണികള്‍ സ്ഥാപിക്കുക. വെളുത്തുള്ളി എമല്‍ഷന്‍ (2%) തളിക്കുക.

മുളകിലെ രോഗങ്ങള്‍

  • തൈ ചീയല്‍

മണ്ണിലെ രോഗാണുക്കളെ നിയന്ത്രിക്കുന്നതിന് സെന്‍റിന് ഒരു കിലോ എന്ന കണക്കില്‍ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുക. ഉയര്‍ന്ന വാരങ്ങളില്‍ വേനല്‍ക്കാലത്ത് വിത്തുകള്‍ പാകണം. തവാരണകളില്‍ കുമ്മായം വിതറണം, സ്യൂഡോമോണാസ്, ട്രൈക്കൊടെര്‍മ, പി.ജി.പി.ആര്‍ മിക്സ് 2 എന്നിവ ഉപയോഗിക്കണം.

  • ഇലപ്പുള്ളി രോഗം

സ്യൂഡോമോണാസ് ഫ്ലൂറസെന്‍സ് 2 ശതമാനമോ അല്ലെങ്കില്‍ ബോര്‍ഡോ മിശ്രിതം 1 ശതമാനമോ തളിക്കുക.

  • ബാക്ടീരിയല്‍ വാട്ടം

പ്രതിരോധശേഷിയുള്ള ഉജ്ജ്വല, അനുഗ്രഹ തുടങ്ങിയ ഇനങ്ങള്‍ നട്ട് പിടിപ്പിക്കുക. സ്യൂഡോമോണാസ് ഫ്ലൂറസെന്‍സ്, പി.ജി.പി.ആര്‍ മിക്സ് 2 (20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) എന്ന തോതില്‍ 15 ദിവസത്തെ ഇടവേളകളില്‍ മണ്ണില്‍ തളിച്ച് കൊടുക്കുക. നടുന്നതിന് മുമ്പായി തൈകളുടെ വേരുകള്‍  സ്യൂഡോമോണാസ് (2%) മുക്കി വയ്ക്കുക. ഈ ലായനി ഇലകളിലും തളിച്ച് കൊടുക്കുക.

  • മൊസൈക്ക് രോഗം

വൈറസ് രോഗങ്ങളില്‍ പരത്തുന്നത് ഇലപ്പേനുകളാണ്. ഇവ ഇലയുടെ അടിയിലിരുന്നു നീരൂറ്റി കുടിക്കുന്നതിന്റെ ഫലമായി ഇലകള്‍ കരിയുന്നു. ചെടികളുടെ വളര്‍ച്ച മുരടിച്ച് ക്രമേണ നശിക്കുന്നു. വേപ്പധിഷ്ടിത കീടനാശിനി തളിച്ച് കൊടുക്കുക. പ്രതിരോധ ശക്തിയുള്ള ഇനങ്ങളായ ഉജ്ജ്വല, പഞ്ചാബ്, സാല്‍, പൂസ, സധാബഹാര്‍ എന്നിവ കൃഷി ചെയ്യുക.

തക്കാളിയുടെ കീടബാധ

  • കായ്തുരപ്പന്‍

വേപ്പിന്‍കുരു സത്ത് 5 ശതമാനം തളിക്കുക. വേപ്പിന്‍ പിണ്ണാക്ക് സെന്‍റിന് 1 കിലോഗ്രാം എന്ന തോതില്‍ നടീല്‍ സമയത്തും 30-45 ദിവസത്തെ ഇടവേളയിലും നല്‍കുക.

  • വെള്ളീച്ച

വെര്‍ട്ടിസീലിയം ലക്കാനി 3-5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുക. ആവണക്കെണ്ണ പുരട്ടിയ മഞ്ഞക്കെണികള്‍ സ്ഥാപിക്കുക. വെളുത്തുള്ളി എമല്‍ഷന്‍ (2%) തളിക്കുക

  • തൈ ചീയല്‍

മണ്ണിലെ രോഗാണുക്കളെ നിയന്ത്രിക്കുന്നതിന് സെന്‍റിന് ഒരു കിലോ എന്ന കണക്കില്‍ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുക. തവാരണകളില്‍ കുമ്മായം വിതറണം, സ്യൂഡോമോണാസ്, ട്രൈക്കൊടെര്‍മ, പി.ജി.പി.ആര്‍ മിക്സ് 2 എന്നിവ ഉപയോഗിക്കണം.

  • ബാക്ടീരിയല്‍ വാട്ടം

സ്യൂഡോമോണാസ് ഫ്ലൂറസെന്‍സ്, പി.ജി.പി.ആര്‍ മിക്സ് 2 (20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) എന്ന തോതില്‍ 15 ദിവസത്തെ ഇടവേളകളില്‍ മണ്ണില്‍ തളിച്ച് കൊടുക്കുക. നടുന്നതിന് മുമ്പായി തൈകളുടെ വേരുകള്‍  സ്യൂഡോമോണാസ് (2%) മുക്കി വയ്ക്കുക. ഈ ലായനി ഇലകളിലും തളിച്ച് കൊടുക്കുക.

  1. V. പയറുവര്‍ഗ്ഗ പച്ചക്കറികള്‍
    1. 1. വന്‍പയര്‍

പച്ചക്കറിക്കായി ഉപയോഗിക്കുന്ന വന്‍പയറിനങ്ങള്‍ രണ്ടു തരമുണ്ട്. കുറ്റിപ്പയറും, വള്ളിപ്പയറും.

കേരളത്തിലെ കാലാവസ്ഥയില്‍ എല്ലായ്പ്പോഴും കൃഷി ചെയ്യാന്‍ പറ്റിയ വിളയാണ് വന്‍പയര്‍. നെല്‍പ്പാടങ്ങളില്‍ ഒന്നാം വിളയ്ക്കും രണ്ടാം വിളയ്ക്കും ശേഷം റാബിക്കാലത്തും വേനല്‍ക്കാലത്തും തനിവിളയായി വന്‍പയര്‍ കൃഷി ചെയ്യാം. വീട്ടുവളപ്പില്‍ എല്ലായ്പ്പോഴും കൃഷി ചെയ്യാന്‍ പറ്റിയ വിളയാണ് വന്‍പയര്‍. വേനല്‍ക്കാലത്ത് ജലദൌര്‍ലഭ്യം മൂലം നെല്‍കൃഷിയിറക്കാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ വന്‍പയര്‍ കൃഷി ചെയ്യാവുന്നതാണ്.

നടീല്‍ കാലം

വന്‍പയര്‍ എല്ലാക്കാലത്തും കൃഷി ചെയ്യാം. മഴക്കാലവിളയ്ക്ക് ജൂണ്‍ മാസത്തില്‍ വിത്ത് പാകണം. ജൂണ്‍ ആദ്യ വാരമാണ് വിത്ത് പാകുന്നതിന് ഏറ്റവും അനുയോജ്യം. രണ്ടാം വിളയ്ക്ക് വിതയ്ക്കേണ്ടത് സെപ്തംബര്‍ - ഒക്ടോബര്‍ മാസങ്ങളിലാണ്. വേനല്‍ക്കാലത്ത് വന്‍പയര്‍ ജനുവരി – ഫെബ്രുവരി മാസത്തില്‍ വിതയ്ക്കണം.

ഇനങ്ങള്‍

  • കുറ്റിപ്പയര്‍ - ഭാഗ്യലക്ഷ്മി, പുസ ബര്‍സാത്തി, പുസ കോമള്‍
  • കുറച്ച് പടരുന്ന സ്വഭാവമുള്ളവ – കൈരളി, അനശ്വര, വരുണ്‍, അര്‍ക്ക ഗരിമ
  • പടരുന്ന ഇനങ്ങള്‍ - ശാരിക, മാലിക, ലോല, വൈജയന്തി, കെ.എം.വി.-1 വെള്ളായണി ജ്യോതിക.

കുറ്റിപ്പയറിനു വിത്തിന്റെ തോത് സെന്‍റിന് 80 മുതല്‍ 100 ഗ്രാം വരെ.

വള്ളിപ്പയറിനു  വിത്തിന്റെ തോത് സെന്‍റിന് 16 മുതല്‍ 20  ഗ്രാം വരെ

നടീല്‍ അകലം

നല്ലതു പോലെ ഉഴുത് കട്ടകള്‍ ഉടച്ച് പരുവപ്പെടുത്തണം. കുറ്റിപ്പയറിനങ്ങള്‍ 30*15 സെന്റിമീറ്റര്‍ അകലത്തിലും ചെറിയ തോതില്‍ പടരുന്നവ 45*30 സെന്റിമീറ്റര്‍ അകലത്തിലും (ഒരു കുഴിയില്‍ 3 ചെടികള്‍ വീതം) കമ്പുകള്‍ കുത്തിപ്പടര്‍ത്തുന്നവ 1.5*45 സെന്റിമീറ്റര്‍ അകലത്തിലുമാണ് നടേണ്ടത്.

വിത്ത് പരിചരണം

വന്‍പയര്‍ വിത്തുകള്‍ റൈസോബിയം എന്ന ജീവാണു പുരട്ടിയ ശേഷം നടേണ്ടതാണ്. റൈസോബിയം പുരട്ടുന്നതിനു വേണ്ടി വിത്ത് അല്പം വെള്ളമോ കഞ്ഞിവെള്ളമോ ചേര്‍ത്ത് റൈസോബിയം കള്‍ച്ചറുമായി നല്ലപോലെ എല്ലാ ഭാഗത്തും എത്തുന്നത് പോലെ കൂട്ടി യോജിപ്പിക്കുക. വിത്തിന്റെ ആവരണത്തിന് കേടുപറ്റാതെ ശ്രദ്ധിക്കുക. ഈ വിത്തുകള്‍ വൃത്തിയുള്ള കടലാസിലോ ചാക്കിലോ ഇട്ട് തണലത്തുണക്കി ഉടനെ വിതയ്ക്കണം. രാസവളവുമായി യാതൊരു കാരണവശാലും റൈസോബിയം കലര്‍ത്തിയ വിത്തുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ പാടില്ല.

വളപ്രയോഗം (ഒരു സെന്‍റിന്)

അമ്ലത്വം കൂടിയ മണ്ണിന് ഒരു കിലോ കുമ്മായം നടുന്നതിന് 15 ദിവസം മുമ്പായി മണ്ണില്‍ ചേര്‍ത്ത് കൊടുക്കണം. കൃഷിസ്ഥലം ഒരുക്കിയ ശേഷം 80 കിലോ ചാണകം ചേര്‍ക്കണം. നിശ്ചിത അകലത്തില്‍ കുഴിയെടുത്ത ശേഷം റൈസോബിയം എന്ന ജീവാണു പുരട്ടിയ വിത്ത് നടുക. ഫോസ്ഫറസ് ലായക സൂക്ഷ്മാണു വളങ്ങള്‍ ഒരു ഗ്രാം ഒരു ചെടിക്കെന്ന തോതില്‍ ചേര്‍ത്ത് കൊടുക്കുന്നത് ഫോസ്ഫറസിന്റെ ലഭ്യത കൂട്ടുന്നതിനു സഹായിക്കും. കൂടാതെ താഴെ പറയുന്ന ഏതെങ്കിലും ഒരു വളപ്രയോഗം കൂടി ചേര്‍ക്കാവുന്നതാണ്.

ചാണകം, മണ്ണിര കമ്പോസ്റ്റ് 8 കിലോഗ്രാം, 400 ഗ്രാം റോക്ക് ഫോസ്ഫേറ്റ് അലെങ്കില്‍ കോഴിവളം 6 കിലോ, 200 ഗ്രാം റോക്ക് ഫോസ്ഫേറ്റ് എന്നിവ നല്‍കാവുന്നതാണ്. ജൈവവളങ്ങള്‍ 10 മുതല്‍ 15 ദിവസം ഇടവേളകളില്‍ ചേര്‍ത്ത് കൊടുക്കാവുന്നതാണ്. റോക്ക് ഫോസ്ഫേറ്റ് അടിവളമായിത്തന്നെ നല്‍കേണ്ടതാണ്. വളര്‍ച്ചാ ഉത്തേജകങ്ങളായ നേര്‍പ്പിച്ച പഞ്ചഗവ്യം, വെര്‍മിവാഷ് എന്നിവ ചെടിക്ക് നല്‍കുന്നത് വളര്‍ച്ച വര്‍ധിപ്പിക്കും.

മറ്റ് പരിപാലനമുറകള്‍

മേല്‍വളം ഇട്ടതിനു ശേഷം മണ്ണിളക്കിക്കൊടുക്കുന്നത് നല്ല വേരോട്ടത്തിനും അതുവഴി നല്ല സമയത്ത് വള്ളികളുടെ തല നുള്ളിക്കളയുന്നത് വിളവു വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാകും. പടര്‍ന്നു വരുന്ന ഇനങ്ങള്‍ക്ക് വള്ളി വീശാന്‍ തുടങ്ങുമ്പോള്‍ത്തന്നെ പന്തല്‍ കെട്ടി പടരാനുള്ള സൗകര്യം ഉണ്ടാക്കണം. വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുക. പൂവിടുന്ന സമയത്തുള്ള ജലസേചനം പൂക്കളും കായ്കളും ഉണ്ടാകുന്നതിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും.

സസ്യസംരക്ഷണം

കീടങ്ങള്‍

  1. പയറിലെ മുഞ്ഞ : പയറിന്റെ നീരൂറ്റിക്കുടിക്കുന്ന പ്രധാന കീടമാണ്‌ മുഞ്ഞ. കറുത്ത നിറത്തിലുളള മുഞ്ഞകള്‍ സസ്യഭാഗങ്ങളില്‍ പറ്റിപ്പിടിച്ചിരുന്നു നീരൂറ്റിക്കുടിക്കുന്നു. തന്മൂലം ഉണങ്ങുകയും ഇലകള്‍ മഞ്ഞളിക്കുകയും ചെടികളുടെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

വേപ്പധിഷ്ടിത കീടനാശിനി 4 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കൊടുക്കുക. ബിവേറിയ ബാസിയാന എന്ന മിത്ര കുമിള്‍ ഉപയോഗിക്കുക. പുകയിലക്കഷായവും ഫലപ്രദമാണ്. വേപ്പിന്കുരു സത്ത് 5% വും തളിക്കാവുന്നതാണ്.

  1. ഇലച്ചാടികളും വള്ളിച്ചാടികളും

വെപ്പിന്കുരു സത്ത് 5% വും തളിച്ച് നിയന്ത്രിക്കാവുന്നതാണ്.

  1. പയര്‍ചാഴി

പയര്‍ചാഴി പയറുമണിയില്‍ നിന്നും നീരൂറ്റിക്കുടിക്കുന്നു. തന്മൂലം പയര്‍ ചുക്കിച്ചുളിയുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

വല ഉപയോഗിച്ച് വണ്ടിന്റെ വിവിധ ദശകളെ ശേഖരിച്ച് നശിപ്പിക്കാം. വേപ്പധിഷ്ടിത കീടനാശിനികള്‍ തളിച്ച് കൊടുക്കുക. വേപ്പിന്കുരു സത്ത് 5% തളിച്ച് കൊടുക്കാവുന്നതാണ്. ബിവേറിയ ബാസിയാന എന്ന മിത്ര കുമിള്‍ ഉപയോഗിക്കാവുന്നതാണ്‌.

  1. കായ്തുരപ്പന്‍

പുഴുക്കള്‍  മുകുളം, കായ്, പൂവ് തുടങ്ങിയവ തുരന്നു ഭക്ഷിക്കുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

കേടായ കായ്കള്‍ ശേഖരിച്ച് നശിപ്പിക്കുക. നട്ട് 45 ദിവസത്തിനു ശേഷം വേപ്പിന്കുരു സത്ത് 5% തളിച്ച് കൊടുക്കുക. ആവശ്യമെങ്കില്‍ 15 ദിവസത്തിനു ശേഷം വീണ്ടും തളിക്കാവുന്നതാണ്. വെളുത്തുള്ളി, കായം, കാ‍ന്താരി മുളക് മിശ്രിതം 10% തളിക്കാവുന്നതാണ്. (ഗോമൂത്രം 100 മില്ലി ലിറ്റര്‍ വെള്ളം 900 മില്ലി ലിറ്റര്‍ കായം 10 ഗ്രാം കാ‍ന്താരി മുളക് സത്ത്), വേപ്പിന്‍പിണ്ണാക്ക് 1 കിലോഗ്രാം ഒരു സെന്‍റിന് പൂവിടുന്ന സമയത്ത് മണ്ണിലുപയോഗിക്കാം.

  1. ചിത്രകീടം

പുഴുക്കള്‍ ഇല തുളച്ച് ഉള്‍വശം തിന്നുന്നു. ഇലപ്പുറത്ത് വെളുത്ത ചാലുകള്‍ കാണാം. വേപ്പെണ്ണ – സോപ്പ് എമല്‍ഷന്‍ 2 ശതമാനമോ വേപ്പിന്‍കുരു സത്ത് 5% തളിച്ച് കൊടുക്കുക.

  1. പയര്‍ വണ്ട്

ഒരു കിലോ പയര്‍വിത്തില്‍ ഒരു മില്ലി ലിറ്റര്‍ നിലക്കടലയെണ്ണയോ, വെളിച്ചെണ്ണയോ പുരട്ടി സൂക്ഷിക്കുക. പയര്‍ വിത്ത് സൂക്ഷിക്കുന്ന സമയത്ത് 100 കിലോ വിത്തിനു 1 കിലോഗ്രാം എന്ന തോതില്‍ വയമ്പിന്റെ ഉണക്കിപ്പൊടിച്ച കിഴങ്ങ് ചേര്‍ക്കുക.

പയറിന്റെ രോഗങ്ങള്‍

  • മണ്ണില്‍ക്കൂടി  പകരുന്ന രോഗങ്ങളും നിമാ വിരകളും

മണ്ണില്‍ സൂര്യതാപീകരണം നടത്തുന്നത് കൊണ്ട് മണ്ണിലെ നിമാവിരകളെയും കളവിത്തുകളെയും മണ്ണിലെ കുമിള്‍, ബാക്ടീരിയകളെയും നശിപ്പിക്കുകയും ചെയ്യുന്നു. ഒരു ശതമാനം ബോര്‍ഡോമിശ്രിതമോ 2% സ്യൂഡോമോണസോ മണ്ണിലൊഴിച്ചു കൊടുക്കുന്നത് വിളകളെ കുമിള്‍ രോഗത്തില്‍ നിന്ന് സംരക്ഷിക്കും.

  • കരിവള്ളി രോഗം

ചെടിയുടെ തണ്ടിലും ഇലയിലും കായ്കളിലും കറുത്ത പാടുകള്‍ കാണാം. കായ്കള്‍ മുരടിക്കുന്നു. വിത്തിടുന്നതിന് മുമ്പ് തടം 1% ബോര്‍ഡോമിശ്രിതം ഒഴിച്ച് നനയ്ക്കുക. വിളവെടുപ്പ് കഴിഞ്ഞാല്‍ വള്ളികള്‍ കത്തിച്ച് നശിപ്പിക്കുക. 2% സ്യൂഡോമോണാസ് ചെടികളില്‍ തളിക്കുക.

  • വാട്ടരോഗം

മണ്ണിനു തൊട്ടു മുകളിലുള്ള തണ്ടില്‍ നനഞ്ഞ പാടുകള്‍ കാണപ്പെടുന്നു. ക്രമേണ അത് ചീയലായി മാറി ചെടി വാടുന്നു. രോഗം വളരെ പെട്ടെന്ന് തന്നെ അടുത്തുള്ള ചെടികളിലേക്ക് വ്യാപിക്കുന്നു. വിള പരിക്രമരീതി സ്വീകരിക്കുക. നടുന്നതിന് മുമ്പ് കുഴികളില്‍ വിളയവശിഷ്ടങ്ങള്‍ കത്തിക്കുക. രോഗബാധിതമായ ചെടികള്‍ വേരോടെ പിഴുത് കത്തിച്ച് നശിപ്പിക്കുക. വിത്തിടുന്നതിന് മുമ്പ് തടം ഒരു ശതമാനം ബോര്‍ഡോമിശ്രിതം അല്ലെങ്കില്‍ രണ്ട്  ശതമാനം സ്യൂഡോമോണാസ് ഒഴിച്ച് നനയ്ക്കുക. ഇതേ ലായനി തന്നെ രണ്ടാഴ്ച പ്രായമാകുമ്പോള്‍ ചെടിയുടെ ചുവട്ടില്‍ ഒഴിച്ച് നനയ്ക്കുകയും ഇലകളിലും ഇലകളിലും തണ്ടുകളിലും പതിക്കത്തക്കവിധത്തില്‍ തളിക്കുകയും ചെയ്യുക. നടീല്‍ സമയത്ത് 50 ഗ്രാം വേപ്പിന്‍പിണ്ണാക്ക് ഒരു കുഴിക്ക് ചേര്‍ത്ത് കൊടുക്കുന്നത് നല്ലതാണ്. പയറിനു പന്തലിടാന്‍ ഒരിക്കല്‍ ഉപയോഗിച്ച കയര്‍ വീണ്ടും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ചുവട് വീക്കവും കടചീയലും

പയറു ചെടിയുടെ കടഭാഗം വണ്ണിക്കുകയും തണ്ട് ഉണങ്ങി നശിക്കുകയും ചെയ്യുന്നു. ഇത്തരം ചെടിയുടെ ചുവട് ഭാഗം വിണ്ടു കാണപ്പെടുന്നു. ക്രമേണ ചെടി നശിക്കുകയും ചെയ്യുന്നു. വള്ളിയുണക്കവും ചുവടു വീക്കവും ഒറ്റയ്ക്കോ കൂട്ടായോ ചെടികളില്‍ കണ്ടുവരുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

തുടര്‍ച്ചയായി ഒരേ സ്ഥലത്ത് കൃഷി ചെയ്യാതെ മറ്റു വിള കൃഷി ചെയ്യുന്ന വിള പരിക്രമ രീതി ഉള്‍പ്പെടുത്തുക. വിത്തിടുന്നതിന് മുമ്പ് ചവര്‍ കൂട്ടി കത്തിക്കുക. വിത്തിടുന്നതിന് മുമ്പ് തടം ഒരു ശതമാനം ബോര്‍ഡോമിശ്രിതം അല്ലെങ്കില്‍ രണ്ട്  ശതമാനം സ്യൂഡോമോണാസ് ഒഴിച്ച് നനയ്ക്കുക.

കമ്പിളിപ്പുഴുക്കള്‍

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

ഇലയിലെ ചെടികളില്‍ നിന്ന് മാത്രം വിത്ത് ശേഖരിക്കുക. രോഗമുള്ള ചെടികള്‍ കണ്ടാല്‍ ഉടന്‍ പിഴുത് നശിപ്പിക്കുക. രോഗവാഹകരായ കീടങ്ങളുടെ നിയന്ത്രണത്തിനായി വേപ്പെണ്ണ എമല്‍ഷന്‍ (3%) തളിക്കുക. അല്ലെങ്കില്‍ ഏതെങ്കിലും വേപ്പധിഷ്ടിത കീടനാശിനി തളിക്കുക.

റസ്റ്റ്‌

ഇലയുടെ ഇരുവശങ്ങളിലും തുരുമ്പ് പിടിച്ചത്പോലെയുള്ള ചുവന്ന ചെറിയ പാടുകളുണ്ടാകുന്നു. രോഗാരംഭത്തില്‍ തന്നെ കേടുവന്ന ഇലകള്‍ പറിച്ചു നടുക. രണ്ട്  ശതമാനം സ്യൂഡോമോണാസ് ലായനി തളിക്കുക.

വേരുചീയല്‍ രോഗം

സ്യൂഡോമോണാസ് ഫ്ലൂറസേന്‍സ് 1 ഗ്രാം ഉപയോഗിച്ച് വിത്ത് പരിചരണം നടത്തുക. വേപ്പിന്‍ പിണ്ണാക്ക് 100 ഗ്രാം ഒരു കുഴിയില്‍ എന്ന തോതില്‍ മണ്ണില്‍ ചേര്‍ത്ത് കൊടുക്കുക. രണ്ട്  ശതമാനം സ്യൂഡോമോണാസ് (20 ഗ്രാം ഒരു ലിറ്റര്‍) മണ്ണില്‍ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്.

അമരപ്പയര്‍

വീട്ടു വളപ്പില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ വിളയാണ് അമരപ്പയര്‍. അമരപ്പയറില്‍ പടരുന്നവയും കുറ്റിയായി വളരുന്നവയും ലഭ്യമാണ്.

നടീല്‍ കാലം

പടരുന്ന ഇനങ്ങള്‍ നടാന്‍ ജൂലൈ-ഓഗസ്റ്റ്‌ മാസങ്ങളാണ് അനുയോജ്യം. കുറ്റിയിനങ്ങള്‍ വര്‍ഷത്തില്‍ എല്ലായ്പ്പോഴും നടാം.

ഇനങ്ങള്‍

  • പടരുന്നവ – ഹിമ, ഗ്രേസ്
  • കുറ്റിചെടിയായി വളരുന്നവ – അര്‍ക്കാ ജയ്‌, അര്‍ക്കാ വിജയ്‌

വിതയ്ക്കുന്ന രീതി

പടരുന്ന ഇനങ്ങള്‍ 1.25*1.75 മീറ്റര്‍ ഇടയകലത്തില്‍ പാകണം. കുറ്റിയിനങ്ങള്‍ 0.6*.5 മീറ്റര്‍ ഇടയകലത്തില്‍ വാരങ്ങളും ചാലുകളുമെടുത്ത് കുറ്റിയിനങ്ങളുടെ വിത്തുകള്‍ വിതയ്ക്കണം. പടരുന്ന ഇനങ്ങള്‍ക്ക് താങ്ങുകളോ കമ്പികളോ നാട്ടി കൊടുക്കണം.

വളപ്രയോഗം

അടിവളമായി 80 മുതല്‍ 100 കിലോ വരെ കാലിവളം ഒരു സെന്‍റിന് നല്‍കണം. ഇത് കൂടാതെ താഴെ പറയുന്ന ഏതെങ്കിലും ജൈവവള കൂട്ടുകളും ഒരു സെന്‍റിന് 16 മുതല്‍ 20 കിലോ വരെ കൊടുക്കണം. ഇതോടൊപ്പം 500 ഗ്രാം ചാരവും ഒരു കിലോ റോക്ക് ഫോസ്ഫേറ്റും നല്‍കേണ്ടതാണ്. കോഴിവളം ലഭ്യമാകുമെങ്കില്‍ സെന്‍റിന് 15 കിലോ കോഴിവളവും ഒരു കിലോ ചാരവും അര കിലോ റോക്ക് ഫോസ്ഫേറ്റും നല്‍കേണ്ടതാണ്. ജൈവവളങ്ങള്‍ പത്തു മുതല്‍ പതിനഞ്ചു ദിവസം ഇടവേളകളായി നല്‍കാവുന്നതാണ്. റോക്ക് ഫോസ്ഫേറ്റ് അടിവളമായി നല്‍കേണ്ടതാണ്. വിത്ത് നടുന്നതിന് ജീവാണുവളം ഒരു ചെടിക്ക് ഒരു ഗ്രാം എന്ന തോതില്‍ ചേര്‍ത്ത് കൊടുക്കുന്നത് ഫോസ്ഫറസിന്റെ ലഭ്യത കൂട്ടുന്നതിന് സഹായിക്കും.

ജലസേചനം

സ്ഥിരമായ ജലലഭ്യത ഉറപ്പുവരുത്തുക. പൂവിടുന്ന സമയത്തുള്ള ജലസേചനം കായ്ഫലം വര്‍ധിപ്പിക്കും.

സസ്യസംരക്ഷണം

വന്‍പയറിനു ശുപാര്‍ശ ചെയ്തിട്ടുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ഇതിനും പ്രയോജനമാണ്.

പച്ചക്കറി കൃഷിക്ക് ഒരു സഹായി (സെന്റ്‌ ഒന്നിന്)

ക്രമ നമ്പര്‍

വിള

കാലം

ഏറ്റവും നല്ല നടീല്‍ സമയം

വിത്തിന്റെ അളവ്

നഴ്സറി

അകലം

ദൈര്‍ഘ്യം

1

ചീര

വര്‍ഷം മുഴുവനും (മഴക്കാലം ഒഴിവാക്കുക.)

ജനുവരി

4 ഗ്രാം-പറിച്ചു നടുമ്പോള്‍ 10 ഗ്രാം നേരിട്ട് വിതയ്ക്കുമ്പോള്‍

നഴ്സറിയില്‍ മുളപ്പിച്ച തൈകള്‍ 20 ദിവസം കഴിഞ്ഞ് നടാം.

30*20 സെ.മീ.

54-140 ദിവസം

2

വെണ്ട

മേയ്-ജൂണ്‍ ഒക്ടോബര്‍-നവംബര്‍

മേയ്-ജൂണ്‍

 

30 ഗ്രാം

-

60*45 സെ.മീ.

100-110 ദിവസം

3

പയര്‍

വള്ളിപ്പയര്‍

കുറ്റിപ്പയര്‍

വര്‍ഷം മുഴുവനും

ഓഗസ്റ്റ്‌-സെപ്തംബര്‍ ജൂണ്‍-ജൂലൈ

ജനുവരി-മാര്‍ച്ച്

ഓഗസ്റ്റ്‌-സെപ്തംബര്‍

 

16-20 ഗ്രാം

 

 

 

 

80-100 ഗ്രാം

 

 

-

 

 

 

 

-

2*1 സെ.മീ

 

 

 

30*20 സെ.മീ.

120-130 ദിവസം

 

 

 

110-120 ദിവസം

 

 

4

വഴുതന

മേയ്-ജൂണ്‍

സെപ്തംബര്‍-ഒക്ടോബര്‍

മേയ്-ജൂണ്‍

 

2 ഗ്രാം

നഴ്സറിയില്‍ മുളപ്പിച്ച തൈകള്‍ 30-40 ദിവസം കഴിഞ്ഞ് നടാം.

60*60 സെ.മീ.

140-150 ദിവസം

5

തക്കാളി

സെപ്തംബര്‍-ഒക്ടോബര്‍

സെപ്തംബര്‍-ഒക്ടോബര്‍

2 ഗ്രാം

നഴ്സറിയില്‍ മുളപ്പിച്ച തൈകള്‍ 20-30 ദിവസം കഴിഞ്ഞ് നടാം.

60*60 സെ.മീ.

120-130 ദിവസം

 

6

മുളക്

മേയ്-ജൂണ്‍

ഓഗസ്റ്റ്‌-സെപ്തംബര്‍ ഡിസംബര്‍-ജനുവരി

മേയ്-ജൂണ്‍

 

4 ഗ്രാം

നഴ്സറിയില്‍ മുളപ്പിച്ച തൈകള്‍ 20-30 ദിവസം കഴിഞ്ഞ് നടാം.

60*60 സെ.മീ.

140-150 ദിവസം

7

പാവല്‍

ജനുവരി-മാര്‍ച്ച് മേയ്-ജൂണ്‍

സെപ്തംബര്‍- ഡിസംബര്‍

മേയ്-ജൂണ്‍ സെപ്തംബര്‍- ഡിസംബര്‍

10 ഗ്രാം

-

2*2 മീ.

120-130 ദിവസം

 

8

പടവലം

ജനുവരി-മാര്‍ച്ച് മേയ്-ജൂണ്‍

സെപ്തംബര്‍- ഡിസംബര്‍

മേയ്-ജൂണ്‍ സെപ്തംബര്‍- ഡിസംബര്‍

10 ഗ്രാം

-

2*2 മീ.

140-150 ദിവസം

9

കുമ്പളം

ജനുവരി-മാര്‍ച്ച് ജൂണ്‍-ഓഗസ്റ്റ്‌

സെപ്തംബര്‍- ഡിസംബര്‍

ജൂണ്‍- ഓഗസ്റ്റ്‌

സെപ്തംബര്‍- ഡിസംബര്‍

4 ഗ്രാം

-

4.5*2 മീ

140-150 ദിവസം

10

വെള്ളരി

ജനുവരി-മാര്‍ച്ച്

ജൂണ്‍-ഓഗസ്റ്റ്‌

ജൂണ്‍-ഓഗസ്റ്റ്‌

ഫെബ്രുവരി-ഡിസംബര്‍

5 ഗ്രാം

-

1.5*2 മീ

90-100 ദിവസം

11

മത്തന്‍

ജനുവരി-മാര്‍ച്ച്

ഏപ്രില്‍-ജൂണ്‍

ഓഗസ്റ്റ്‌-സെപ്തംബര്‍

ഏപ്രില്‍-ജൂണ്‍

ഓഗസ്റ്റ്‌-സെപ്തംബര്‍

6 ഗ്രാം

-

4.5*2 മീ

90-120 ദിവസം

12

കാബേജ്

സെപ്തംബര്‍-ഒക്ടോബര്‍

ഡിസംബര്‍- ജനുവരി

സെപ്തംബര്‍-ഒക്ടോബര്‍

 

2 ഗ്രാം

നഴ്സറിയില്‍ മുളപ്പിച്ച തൈകള്‍ 25 ദിവസം കഴിഞ്ഞ് നടാം.

4*45 സെ.മീ

70 ദിവസം

13

കോളിഫ്ലവര്‍

സെപ്തംബര്‍-ഒക്ടോബര്‍

ഡിസംബര്‍- ജനുവരി

സെപ്തംബര്‍-ഒക്ടോബര്‍

 

2 ഗ്രാം

-

60*45 സെ.മീ

80 ദിവസം

14

കാരറ്റ്

സെപ്തംബര്‍-ഒക്ടോബര്‍

ഡിസംബര്‍- ജനുവരി

സെപ്തംബര്‍-ഒക്ടോബര്‍

 

25-30 ഗ്രാം

-

45*10 സെ.മീ

90 ദിവസം

15

റാഡിഷ്‌

സെപ്തംബര്‍-ഒക്ടോബര്‍

ഡിസംബര്‍- ജനുവരി

സെപ്തംബര്‍-ഒക്ടോബര്‍

 

35-40 ഗ്രാം

-

45*10 സെ.മീ

60 ദിവസം

16

ബീറ്റ്റൂട്ട്

സെപ്തംബര്‍-ഒക്ടോബര്‍

ഡിസംബര്‍- ജനുവരി

സെപ്തംബര്‍-ഒക്ടോബര്‍

 

35-40 ഗ്രാം

-

45*20 സെ.മീ

90 ദിവസം

17

അമരപ്പയര്‍

ജൂലൈ-ഓഗസ്റ്റ്‌

ജൂലൈ-ഓഗസ്റ്റ്‌

8 ഗ്രാം

-

1.25*.75 മീ

120-150 ദിവസം

18

ചതുരപ്പയര്‍

ജൂലൈ-ഓഗസ്റ്റ്‌

ജൂലൈ-ഓഗസ്റ്റ്‌

8 ഗ്രാം

-

3*3 മീ

120-150 ദിവസം

19

തണ്ണിമത്തന്‍

ജനുവരി-ഫെബ്രുവരി

നവംബര്‍-ഡിസംബര്‍

നവംബര്‍-ഡിസംബര്‍

6 ഗ്രാം

-

3*2 മീ.

90 ദിവസം

പച്ചക്കറി സെന്റ്‌ ഒന്നിന് ചിത്രം 2 ചാര്‍ട്ട്

കീടങ്ങളും രോഗങ്ങളും

ലക്ഷണം

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍, മുഞ്ഞ, വണ്ടുകള്‍, വെള്ളീച്ച, മീലിമുട്ട, പച്ചത്തുള്ളന്‍, ഇലപ്പേന്‍

ഇലകള്‍ വാടുന്നു. ഈ കീടങ്ങള്‍ ചെടികളുടെ ഇല, തണ്ട്, പൂവ്, കായ് തുടങ്ങിയവയില്‍ നിന്നും നീരൂറ്റി കുടിക്കുന്നതിനാല്‍ ആരോഗ്യം കുറഞ്ഞ് വളര്‍ച്ച മുരടിക്കുന്നു.

0.1% വീര്യമുള്ള വേപ്പിന്‍ കുരു സത്ത്, 25-10% വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍, പുകയിലക്കഷായം, 1% വീര്യമുള്ള ബിവേറിയ ബാസിയാന എന്നിവയില്‍ ഏതെങ്കിലും ഒന്ന് സ്പ്രേ ചെയ്യുക.

മണ്ഡരി

ഇളം ഇലകളുടെ ഉപരിതലത്തില്‍ നിന്നും നീരൂറ്റി കുടിക്കുന്നതിനാല്‍ ഇലകള്‍ വിളറി നില്‍ക്കും.

1.1% വീര്യമുള്ള വേപ്പിന്‍ കുരു സത്ത്, 25-10% വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍, പുകയിലക്കഷായം, 1% വീര്യമുള്ള ബിവേറിയ ബാസിയാന എന്നിവയില്‍ ഏതെങ്കിലും ഒന്ന് സ്പ്രേ ചെയ്യുക.

ചിത്രകീടം

ഇലകളുടെ ഹരിതകം കഴിക്കുന്നതിനാല്‍ ആ ഭാഗത്ത് സര്‍പ്പത്തിന്റേതുപോലെ തോന്നുന്ന വെളുത്ത പാടുകള്‍ കാണും.

വേപ്പെണ്ണ മിശ്രിതം (10%) വീര്യത്തില്‍ തളിക്കുക.

ഇലചുരുട്ടി പുഴുക്കള്‍ കായ്-തണ്ട് തുരപ്പന്‍ പുഴുക്കള്‍

 

കായീച്ച

പുഴുക്കളും ലാര്‍വകളും ഇലകള്‍ തിന്നുകയും കായ്, തണ്ട് എന്നിവ തുരക്കുന്നതായും കാണുന്നു.

കായീച്ചകള്‍ കായ്ക്കുള്ളില്‍ മുട്ടയിടുന്നു. പുഴുക്കള്‍, കായ്കള്‍ തിന്നു നശിപ്പിക്കുന്നു.

പുഴുക്കളെയും ലാര്‍വകളെയും എടുത്ത് നശിപ്പിക്കുക. 5% വീര്യമുള്ള വേപ്പിന്‍ കുരു സത്ത്, ഗോമൂത്രം കാ‍ന്താരി മുളക് ലായനി, 1% വീര്യമുള്ള ബിവേറിയ ബാസിയാന എന്നിവയില്‍ ഏതെങ്കിലും ഒന്ന് സ്പ്രേ ചെയ്യുക. കേടാവുന്ന കായ്കള്‍ പറിച്ചെടുത്ത് നശിപ്പിക്കുക. ആണീച്ചകളെ നശിപ്പിക്കാനായി പഴക്കെണി/കഞ്ഞിവെള്ളക്കെണി/മീന്‍കെണി/തുളസി കെണി/ശര്‍ക്കര കെണി  ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കുക.

ചീയല്‍ രോഗം

ചെടികളില്‍ വേരിനു തൊട്ടു മുകളിലായി കാണുന്ന ഭാഗം ചീഞ്ഞു മറിഞ്ഞു വീഴുന്നു.

വിത്തിടുന്നതിന് മുമ്പ് ട്രൈക്കോടെര്‍മ ജൈവവള മിശ്രിതം മണ്ണില്‍ ചേര്‍ത്ത് കൊടുക്കുക. 2% വീര്യത്തില്‍ സ്യൂഡോമോണാസ് ലായനി ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക.

ചീരയിലെ ഇലപ്പുള്ളി രോഗം

ഇലകളില്‍ വെളുത്ത പൊട്ടുകള്‍ കാണപ്പെടുന്നു.

മഞ്ഞള്‍പ്പൊടി മിശ്രിതം തളിക്കുക. 2% വീര്യത്തില്‍ സ്യൂഡോമോണാസ് ലായനി തളിച്ചു കൊടുക്കുക.

ഇലപ്പുള്ളി രോഗം മൃദുരോമ പൂപ്പല്‍ രോഗം

ബ്രൌണ്‍ നിറത്തിലോ മഞ്ഞ നിറത്തിലോ പാടുകള്‍ ഇലകളുടെയും കായ്കളുടെയും പുറത്ത് കാണുന്നു.

പാടുവീണ ഇലകളുടെ ഭാഗങ്ങള്‍ നശിപ്പിക്കുക. 2% വീര്യത്തില്‍ സ്യൂഡോമോണാസ് ലായനി തളിച്ചു കൊടുക്കുക.

വാട്ടം

ചെടികള്‍ മൊത്തമായും മഞ്ഞ നിറം ബാധിച്ച് ഉണങ്ങി നശിക്കുന്നു.

പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക. വാട്ടം ബാധിച്ച ചെടികള്‍ നശിപ്പിക്കുക. 2% വീര്യത്തില്‍ സ്യൂഡോമോണാസ് ലായനി ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക. ചാണകപ്പാല്‍ ലായനി തളിച്ചു കൊടുക്കുക.

മൊസൈക്ക്

മഞ്ഞ നിറത്തിലുള്ള പാടുകള്‍ ചെടികളില്‍ കാണുകയും, വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു.

പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക. മുരടിച്ച ചെടികള്‍ തീര്‍ത്തും നശിപ്പിക്കുക. രോഗം പരത്തുന്ന പ്രാണികളെ നശിപ്പിക്കാന്‍ 1% വീര്യമുള്ള വേപ്പിന്‍ കുരു സത്ത്, 10% വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍, പുകയിലക്കഷായം, 1% വീര്യമുള്ള ബിവേറിയ ബാസിയാന എന്നിവയില്‍ ഏതെങ്കിലും ഒന്ന് സ്പ്രേ ചെയ്യുക.

ചൂര്‍ണ്ണ പൂപ്പ് രോഗം

വെള്ള നിറത്തിലുള്ള പൂപ്പല്‍ ഇലകളുടെ പ്രതലത്തില്‍ കാണുന്നു.

പാടുവീണ ഇലകളുടെ ഭാഗങ്ങള്‍ നശിപ്പിക്കുക. 2% വീര്യത്തില്‍ സ്യൂഡോമോണാസ് ലായനി തളിച്ചു കൊടുക്കുക.

കടപ്പാട് : farm information bureau

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate