অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കീട-രോഗ നിയന്ത്രണം

പച്ചക്കറി വിളകളിലെ രോഗ-കീട ബാധ

പച്ചക്കറി കൃഷിയിലെ വെല്ലുവിളികളില്‍ പ്രധാനമാണ് രോഗകീടബാധ. കാലാവസ്ഥാമാറ്റം, കീടങ്ങള്‍ക്കുള്ള പ്രതിരോധശേഷി, വളപ്രയോഗരീതികള്‍, ചെടിയുടെ ചുറ്റുപാടുകള്‍ എന്നിവയെല്ലാം കീടരോഗബാധയെ സ്വാധീനിക്കുന്നു. മുന്‍ കാലങ്ങളെക്കാള്‍ കീടരോഗബാധ ഏറിവരുന്നു എന്ന് മിക്ക കര്‍ഷകരും സാക്ഷ്യപ്പെടുത്തുന്നു. കീടനിയന്ത്രണത്തിന് രാസകീടനാശിനികള്‍ കൂടിയേ തീരൂ എന്ന ധാരണ തെറ്റാണ്. പ്രകൃതിക്ക് ദോഷം വരുത്താത്ത, മിത്രകീടങ്ങളെ നശിപ്പിക്കാത്ത, ജൈവകീടരോഗ നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് വഴി രാസവിഷങ്ങള്‍ കൂടാതെ തന്നെ ഇവയെ നിയന്ത്രിക്കാം.

സസ്യങ്ങളില്‍ ജൈവരോഗനിയന്ത്രണം പ്രാവര്‍ത്തികമാക്കുമ്പോള്‍ ആദ്യമായി മണ്ണില്‍ നിന്ന് തന്നെയാണ് തുടങ്ങേണ്ടത്. മണ്ണ് ശുദ്ധമാണെങ്കില്‍ വിളയും ശുദ്ധമായിരിക്കും. മണ്ണിനെ അണുവിമുക്തമാക്കാന്‍ ഏറ്റവും പ്രയോജനപ്രദവും ലാഭകരവുമായ ഒരു മാര്‍ഗ്ഗമാണ് മണ്ണ് താപീകരണം.

മണ്ണ് താപീകരണം

നടുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലം നല്ലതുപോലെ കിളച്ച് കട്ടകള്‍ ഉടച്ച് പൊടിരൂപത്തിലാക്കുക. എന്നിട്ട്‌ തടം നല്ലപോലെ ആക്കി വെള്ളം തളിച്ച് മണ്ണ് ഈര്‍പ്പം ഉള്ളതാക്കുക. അതിലെ 150-200 ഗേജ് കട്ടിയുള്ള പോളിത്തീന്‍ ഷീറ്റ് കൊണ്ട് മൂടിയിടുക. പോളിത്തീന്‍ ഷീറ്റ് താപീകരണം മൂലം 56-65 ഡിഗ്രി വരെ താപനില ഉയരുന്നത് കാരണം മണ്ണില്‍ അധിവസിക്കുന്ന രോഗകാരികളായ അണുക്കളും കളവിത്തുകളും നശിക്കുന്നു. ഏകദേശം ഒരു മാസത്തോളം ഈ കവര്‍ ഇങ്ങനെ തന്നെ മണ്ണില്‍ നിലനിര്‍ത്തേണ്ടതുണ്ട്. അതിനുശേഷം വിത്തുകളോ തൈകളോ നടുമ്പോള്‍ അവ വളരെ ആരോഗ്യത്തോടും കരുത്തോടും കൂടി വളരുകയും നല്ല കായ്ഫലം നല്‍കുകയും ചെയ്യുന്നു. പോട്ടിംഗ് മിശ്രിതവും സൂര്യതാപീകരണം നടത്തിയ ശേഷം തൈകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കാവുന്നതാണ്.

രോഗ-കീട നിയന്ത്രണം

  1. വിളകള്‍ നടുമ്പോള്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇനങ്ങള്‍ മാത്രം ഉപയോഗിച്ചാല്‍ രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം കുറയും.
  2. കൃഷി ചെയ്യുന്നതിന് മുമ്പ് ആ സ്ഥലത്തുള്ള പാഴ്വസ്തുക്കള്‍ കൂട്ടിയിട്ട് തീ കത്തിക്കുക.
  3. കൃഷി ചെയ്യുന്നതിന് 15 ദിവസം മുമ്പ് കുമ്മായം മണ്ണില്‍ ചേര്‍ക്കുകയാണെങ്കില്‍ ബാക്ടീരിയ മൂലമുണ്ടാകുന്ന വാട്ടം ചെറുക്കാവുന്നതാണ്.
  4. ആവര്‍ത്തിച്ച് കൃഷി ചെയ്യുമ്പോള്‍ ഒരേ ഇനം ഉപയോഗിക്കരുത്.

ഉദാ: പാവല്‍ കൃഷി ചെയ്ത സ്ഥലത്ത് അടുത്ത കൃഷി പാവലോ പടവലമോ കൃഷി ചെയ്യാതെ പയര്‍വര്‍ഗ്ഗങ്ങള്‍ ചെയ്യുക.

  1. മിശ്രവിള കൃഷിരീതി അവലംബിക്കുന്നത് നല്ലതാണ്.
  2. പ്രാണികളുടെ മുട്ട, സമാധിദശ, പുഴു തുടങ്ങിയവ കാണുകയാണെങ്കില്‍ അതിനെ എടുത്ത് നശിപ്പിക്കുക.
  3. രോഗം ബാധിച്ച ചെടികള്‍ ഉണ്ടെങ്കില്‍ അവ പറിച്ചെടുത്ത് നശിപ്പിക്കുക.
  4. മൊസൈക്ക് രോഗമോ വാട്ടരോഗമോ കാണുകയാണെങ്കില്‍ ആ ചെടികളെ വേരോടെ പിഴുത് നശിപ്പിക്കുക.
  5. ജൈവകീടനാശിനികളും ജീവാണുക്കളും യഥാസമയം, കൃത്യമായ അളവില്‍ ശരിയായ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കി തളിച്ചും രോഗകീട നിയന്ത്രണം സാധ്യമാക്കാം.

ജൈവകീടനാശിനികള്‍

സസ്യജന്യ കീടനാശിനികള്‍

കീടനിയന്ത്രണത്തിന് ഉപയോഗിക്കുന്ന സസ്യജന്യ കീടനാശിനികള്‍ തയ്യാറാക്കുന്നവിധം.

പുകയിലക്കഷായം

പുകയില 100 ഗ്രാം ചെറുതായി നുറുക്കി ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം കുതിര്‍ക്കുക. അതിനുശേഷം കുതിര്‍ത്ത പുകയില പിഴിഞ്ഞ് ചണ്ടിമാറ്റുക. ബാര്‍സോപ്പ്‌ 20 ഗ്രാം ചീകി 100 മില്ലി വെള്ളത്തില്‍ ലയിപ്പിച്ച് പുകയില സത്തുമായി ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് 5 ലിറ്റര്‍ വെള്ളം ചേര്‍ത്ത് ഉപയോഗിക്കുക.

വേപ്പധിഷ്ടിത കീടനാശിനികള്‍
  • വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതം 2%

വെളുത്തുള്ളി 20 ഗ്രാം നന്നായി അരച്ച് 50 മില്ലി വെള്ളവും ചേര്‍ത്ത് സത്തെടുക്കുക. ബാര്‍സോപ്പ്‌ 5 ഗ്രാം മി.ലി. വെള്ളത്തില്‍ ലയിപ്പിക്കുക. വെളുത്തുള്ളി സത്തും 900 മി.ലി. വെള്ളവും കൂടി സോപ്പ് ലായനിയില്‍ ചേര്‍ത്ത് വെളുത്തുള്ളി - സോപ്പ് ലായനി തയ്യാറാക്കുക. ഈ ലായനിയില്‍ 20 മി.ലി. വേപ്പെണ്ണ ചേര്‍ത്ത് നന്നായി ഇളക്കി തളിക്കുക.

  • വേപ്പെണ്ണ എമല്‍ഷന്‍ 3%

ബാര്‍സോപ്പ്‌ 10 ഗ്രാം ചീകി 100 മി.ലി. ചൂടുവെള്ളത്തില്‍ ലയിപ്പിക്കുക. ഇതില്‍ 900 മി.ലി. വെള്ളം ചേര്‍ത്ത് 1 ലിറ്റര്‍ സോപ്പ് ലായനി തയ്യാറാക്കുക. വേപ്പെണ്ണ 30 മി.ലി. സോപ്പ് ലായനിയിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം തളിക്കുക. (വേപ്പധിഷ്ടിത കീടനാശിനികള്‍ ചെടികളില്‍ തളിക്കുമ്പോള്‍ ഗാഡത കൂടിയാല്‍ ചെടികള്‍ കരിഞ്ഞുപോകുവാനുള്ള സാധ്യത ഉണ്ട്.)

  • വേപ്പിന്‍കുരു സത്ത് 5%

വേപ്പിന്‍കുരു 50 ഗ്രാം നന്നായി പൊടിച്ച് കിഴികെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 24 മണിക്കൂര്‍ മുക്കിവയ്ക്കുക. അതിനുശേഷം കിഴിപിഴിഞ്ഞ് ലായനി കലക്കി തളിക്കാം.

വ്യാവസായിക വേപ്പധിഷ്ടിത ഉത്പന്നങ്ങള്‍

വിപണിയില്‍ അനേകം വേപ്പധിഷ്ടിത ഉത്പന്നങ്ങള്‍ ലഭ്യമാണ്. നീമസാള്‍ റ്റി.എസ്. 1% ഏകോനീം പ്ലസ്‌. നിമ്പിസിടിന്‍, നീം ഗോള്‍ഡ്‌ എന്നിവ 2 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ പച്ചക്കറി കീടനിയന്ത്രണത്തിനായി ഉപയോഗിക്കാവുന്നതാണ്.

കിരിയാത്ത് എമല്‍ഷന്‍ 10%

കിരിയാത്ത് ചെടിയുടെ ഇലയും തണ്ടും നന്നായി ചതച്ച് 100 മി.ലി. നീരെടുക്കുക. ബാര്‍സോപ്പ്‌ 5 ഗ്രാം ചീകി 900 മി.ലി. വെള്ളത്തില്‍ ലയിപ്പിക്കുക. കിരിയാത്ത് സത്തും 20 ഗ്രാം നന്നായി അരച്ച വെളുത്തുള്ളിയും ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് കീടനിയന്ത്രണത്തിനായി ഉപയോഗിക്കുക.

പെരുവല സത്ത് 5%

പെരുവല ചെടിയുടെ പൂക്കളും ഇലകളും ചേര്‍ത്ത് അരച്ച മിശ്രിതം ഒരു ലിറ്റര്‍ വെള്ളത്തില്‍ 100 ഗ്രാം എന്ന അളവില്‍ കലക്കി അരിച്ചെടുത്ത് തളിക്കുക.

ഗോമൂത്രം – കാ‍ന്താരി മിശ്രിതം

കാ‍ന്താരി മുളക് 10 ഗ്രാം നന്നായി അരച്ച് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ ചേര്‍ക്കുക. മിശ്രിതം 9 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തളിച്ച് കീടനിയന്ത്രണം ഉറപ്പുവരുത്തുക.

പച്ചക്കറിയിലെ കീടനിയന്ത്രണത്തിന് ഉപയോഗിക്കുന്ന കെണികള്‍

വെള്ളരിവര്‍ഗ്ഗ പച്ചക്കറികളിലെ പ്രധാന ശത്രുവായ കായീച്ചകളെ കുടുക്കുന്നതിന് പഴം-ശര്‍ക്കരക്കെണി, ഫെറമോണ് കെണി എന്നിവ ഉപയോഗിക്കാം. വെള്ളീച്ച, മുഞ്ഞ എന്നീ കീടങ്ങളെ മഞ്ഞക്കെണി നാറി നിയന്ത്രിക്കാം.

  • പഴം-ശര്‍ക്കരക്കെണി

പഴം 20 ഗ്രാം അല്ലെങ്കില്‍ പപ്പായ 10 ഗ്രാം, ശര്‍ക്കര 10 ഗ്രാം, മാലത്തയോണ്‍ അരമില്ലി എന്നിവ 100 മി.ലി. വെള്ളത്തില്‍ കലര്‍ത്തി ദ്വാരമുള്ള പ്ലാസ്റ്റിക്‌ കുപ്പികളിലാക്കി പന്തലിന് താഴെ തൂക്കിയിടുക. രണ്ടാഴ്ച്ചയിലൊരിക്കല്‍ കെണി പുതുക്കേണ്ടതാണ്.

  • ഫിറമോണ്‍ കെണി

ക്യൂലിയര്‍ എന്ന ഫിറമോണ്‍ കെണികള്‍ ഒരു ഹെക്ടറിനു 10 എണ്ണം എന്ന തോതില്‍ പന്തലില്‍ തൂക്കിയിട്ട് ആണ്‍ കായീച്ചകളെ ശേഖരിച്ച് നശിപ്പിക്കാം. ആല്‍ക്കഹോള്‍, ക്യൂലിയര്‍, മാലത്തയോണ്‍ എന്നിവ 6:4:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയ മിശ്രിതത്തില്‍ മുക്കിയ 5*5*12 സെ.മീ വലിപ്പമുള്ള തടിക്കഷണങ്ങള്‍ ദ്വാരമുള്ള കുപ്പികളില്‍ തൂക്കിയിട്ടാണ് ഫിറമോണ്‍കെണി തയ്യാറാക്കുന്നത്. ഈ കെണി ആണ്‍ ഈച്ചകളെ മാത്രം ആകര്‍ഷിക്കുന്നതിനാല്‍ പഴം-ശര്‍ക്കരക്കെണി ഉപയോഗിച്ച് പെണ് ഈച്ചകളെക്കൂടി നശിപ്പിക്കണം.

  • മഞ്ഞക്കെണി

ഒഴിഞ്ഞ ടിന്നുകളുടെ പുറത്ത് മഞ്ഞ പെയിന്റടിച്ച് ഉണക്കിയ ശേഷം ആവണക്കെണ്ണ പുരട്ടുക. തോട്ടത്തില്‍ കമ്പുകള്‍ നാട്ടി അതിന്മേല്‍ തയ്യാറാക്കിയ ടിന്നുകള്‍ കമിഴ്ത്തി വയ്ക്കുക. കട്ടിയുള്ള കാര്‍ഡ്ബോര്‍ഡില്‍ മഞ്ഞ പെയിന്റടിച്ച് അതില്‍ ആവണക്കെണ്ണ തേച്ച് കമ്പുകളില്‍ തറച്ച് മഞ്ഞക്കെണി ഉണ്ടാക്കാവുന്നതാണ്. ചെടിയുടെ നിരപ്പില്‍ നിന്നും അല്‍പ്പം താഴ്ത്തി വേണം മഞ്ഞക്കെണി വെയ്ക്കാന്‍. പച്ചക്കറികള്‍ക്കിടയില്‍ നാട്ടിയാല്‍ ചെറു പ്രാണികള്‍ അതില്‍ പറ്റിപ്പിടിയ്ക്കും. ഇടയ്ക്കിടെ ബോര്‍ഡ് വൃത്തിയാക്കി ആവണക്കെണ്ണ തേക്കുക.

ജീവാണുക്കളെ ഉപയോഗിച്ചുള്ള കീടനിയന്ത്രണം

  • ട്രൈക്കോടെര്‍മ

മണ്ണില്‍ക്കൂടി പടരുന്ന കുമിള്‍ രോഗങ്ങളെ വളരെ ഫലപ്രദമായി നിയന്ത്രിക്കുവാന്‍ കഴിവുള്ള മിത്രകുമിളാണ് ട്രൈക്കോടെര്‍മ. ഈ കള്‍ച്ചര്‍ ചാണകപ്പൊടി വേപ്പിന്‍ പിണ്ണാക്ക് മിശ്രിതത്തില്‍ വളര്‍ത്തി എണ്ണത്തില്‍ പെരുകിപ്പിച്ച് പച്ചക്കറികള്‍ക്ക് പ്രയോഗിക്കാം.

ട്രൈക്കോടെര്‍മ വളര്‍ത്തുന്ന രീതി

നന്നായി ഉണക്കിപ്പൊടിച്ച് ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് (9:1) എന്ന അനുപാതത്തില്‍ കലര്‍ത്തി 2%-3% ട്രൈക്കോടെര്‍മ ചേര്‍ത്ത് ഇളക്കി സംയോജിപ്പിച്ച് ഈര്‍പ്പം തളിച്ച് തണലത്ത് കൂനകൂട്ടി നനഞ്ഞ ചണച്ചാക്ക് ഉപയോഗിച്ച് മൂടിയിടുക. ഒരാഴ്ചയ്ക്ക് ശേഷം ഇവ പച്ചക്കറികള്‍ക്ക് നല്‍കാവുന്നതാണ്. എപ്പോഴും ചാണകപ്പൊടി നല്‍കുന്നതിനുപകരം  ട്രൈക്കോടെര്‍മ കലര്‍ത്തിയ ചാണകപ്പൊടി  ആയാല്‍ കുമിള്‍ രോഗങ്ങള്‍ ഫലപ്രദമായി തടയാന്‍ സാധിക്കും.

  • സ്യൂഡോമോണാസ്

പച്ചക്കറിവിളകളെ ബാധിക്കുന്ന പ്രധാന കുമിള്‍ - ബാക്ടീരിയല്‍ രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ സ്യൂഡോമോണാസ് എന്ന മിത്ര ബാക്ടീരിയയ്ക്ക് സാധിക്കും. ഇവ വിത്തില്‍ പുരട്ടിയും തൈകളുടെ വേര് സാന്ദ്രത കൂടിയ ലായനിയില്‍ മുക്കി നട്ടും ചെടികളില്‍ തളിച്ചും പച്ചക്കറികളില്‍ പ്രയോഗിക്കാവുന്നതാണ്.

ഉപയോഗരീതി

വിത്തില്‍ പുരട്ടുന്ന രീതി

വെള്ളം അല്ലെങ്കില്‍ കഞ്ഞിവെള്ളം ഉപയോഗിച്ച് ചെറുതായി ഈര്‍പ്പം വരുത്തിയ വിത്തിലേക്ക് പൊടിരൂപത്തിലുള്ള സ്യൂഡോമോണാസ് ചേര്‍ത്ത് സംയോജിപ്പിച്ച് തണലത്ത് 10-15 കി.ഗ്രാം വിത്ത് ഇപ്രകാരം പുരട്ടിയെടുക്കാവുന്നതാണ്.

തവാരണയില്‍ :

പറിച്ചു മാറ്റി നടുന്ന തൈകളുടെ (മുളക്, കത്തിരി, വഴുതന, തക്കാളി) വേര് സ്യൂഡോമോണാസിന്‍റെ സാന്ദ്രത കൂടിയ ലായനിയില്‍ (5%-5ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) 10-15 മിനുറ്റ് മുക്കി വെച്ച ശേഷം നടുക.

ചെടികളില്‍ തളിക്കുന്ന രീതി

പറിച്ചു നട്ട് 20 ദിവസം കഴിഞ്ഞ് 2% വീര്യത്തില്‍ (20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) ചെടികളില്‍ തളിക്കുകയും ചുവട്ടില്‍ ഒഴിക്കുകയും ചെയ്യണം. നേരിട്ട് നടുന്ന പച്ചക്കറികള്‍ക്ക് മൂന്നില പരുവത്തില്‍ 2% വീര്യത്തില്‍ ചെടികളില്‍ തളിക്കുകയും ചുവട്ടില്‍ ഒഴിക്കുകയും ചെയ്യുക. തുടര്‍ച്ചയായ രോഗസാധ്യതയുള്ള സ്ഥലങ്ങളില്‍ രണ്ടാഴ്ച്ചയിലിടവിട്ട് ലായനി ചുവട്ടില്‍ ഒഴിക്കുകയും ചെടികളില്‍ തളിക്കുകയും ചെയ്യണം.

  • പി.ജി.ആര്‍.മിക്സ്-1

വിളകളുടെ രോഗനിയന്ത്രണത്തിനുള്ള സൂക്ഷ്മാണുക്കളുടെ കൂട്ടായ്മയാണ് പി.ജി.പി.ആര്‍.മിക്സ്-1 മുകളില്‍ പറഞ്ഞ രീതിയില്‍ സ്യൂഡോമോണാസ് പ്രയോഗിക്കുന്ന അതേ വിധത്തില്‍ വിത്തില്‍ പുരട്ടിയും തൈകളുടെ വേര് 5% ലായനിയില്‍ മുക്കിയും, ചെടികളില്‍ തളിച്ചും ഇവ ഉപയോഗിക്കാം.

കടപ്പാട് : farm information bureau

അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate