Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

അടുത്തറിയാം ശീതകാല പച്ചക്കറികളെ

കൂടുതല്‍ വിവരങ്ങള്‍

അടുത്തറിയാം ശീതകാല പച്ചക്കറികളെ

ശീതകാല പച്ചക്കറികളുടെ കൃഷി ഓഗസറ്റ്-സെപ്റ്റംബർ മാസങ്ങളിൽ വിത്ത് നട്ട്, ഡിസംബർ-ജനുവരിയിലെ വിളവെടുപ്പ് വരെ നീണ്ടു നിൽക്കുന്നു. കാബേജ്, കോളിഫ്ളവർ, കാരറ്റ്, ബീറ്റ്റൂട്ട്, സവാള, വെളുത്തുള്ളി, മല്ലിയില, പുതിന, ഉരുളക്കിഴങ്ങ് എന്നിവയാണ് ശീതകാല പച്ചക്കറികളിൽ പ്രധാനമായവ. പണ്ടുകാലങ്ങളിൽ ഇടുക്കി, വയനാട് മലയോര പ്രദേശങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ശീതകാല പച്ചക്കറികളിന്ന് കേരളത്തിന്റെ മറ്റു ഭൂപ്രദേശങ്ങളിലേക്കുകൂടി കടന്നുവരുന്നു എന്നത് അധിക ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ്.

തണുപ്പേറിയ സ്ഥലങ്ങൾക്ക് മാത്രം അനുയോജ്യമായിരുന്ന ശീതകാല പച്ചക്കറികളുടെ ഉഷ്ണമേഖലയ്ക്ക് അനുയോജ്യ ഇനങ്ങളുടെ കടന്നുവരവാണ് ഇതിന് കാരണം. ശീതകാല പച്ചക്കറികളുടെ ആകർഷണീയ രൂപവും മറ്റും കൊണ്ട് പൂന്തോട്ടങ്ങൾക്ക് നടുവിലും അടുക്കളത്തോട്ടങ്ങളിലും മട്ടുപ്പാവുകളിലും വരെ ഇവയിന്ന് സ്ഥാനം ആർജിച്ചു കഴിഞ്ഞു.

കാബേജ് വർഗ വിളകൾ:

കാബേജ് വർഗ വിളകളിൽ പ്രധാനമായും വരുന്നത് കാബേജ്, കോളിഫ്ളവർ, ബ്രോക്കോളി എന്നിവയാണ്. ഇതിൽ കാബേജും കോളിഫ്ളവറുമാണ് ഏറ്റവും പ്രധാനമായവ. ഇതിന് കാരണം ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, വിറ്റാമിൻ സി, കാത്സ്യം, ഫോസ്ഫറസ് എന്നീ പദാർത്ഥങ്ങളാണ്. ഇവയിൽ മാത്രം കണ്ടുവരുന്ന "ബ്രസിസ്സിൻ' എന്ന രാസപദാർഥത്തിന് കാൻസർ വരെ ചെറുക്കാനുള്ള കഴിവുള്ളതായി പഠനങ്ങൾ തെളിയിക്കുന്നു.

കൃഷിരീതി

കേരളത്തിൽ കാബേജ്, കോളിഫ്ളവർ എന്നിവയുടെ വിത്തുകൾ വി.എഫ്.പി, സി.കെ, കൃഷിവകുപ്പ് ഫാമുകൾ, അഗ്രോസർവ്വീസ് സെന്ററുകൾ എന്നിവ മുഖേന തൈകളാക്കി മാറ്റി വിതരണം ചെയ്ത് വരുന്നു. സെപ്റ്റംബർ ആദ്യവാരത്തോടെ ഈ തൈകൾ വിൽപ്പനയ്ക്കായെത്തും. അങ്ങനെ വാങ്ങിയ തൈകൾ, നിലത്തോ, ഗ്രോബാഗിലോ, പ്രോട്രേയിലോ ആയി നടാം. ചകിരിച്ചോറോ, കമ്പോസ്റ്റോ, അല്ലെങ്കിൽ അവ രണ്ടും 1:1 എന്ന അനുപാതത്തിൽ ഉണ്ടാക്കിയ മിശ്രിതമോ ഉപയോഗിച്ച് വേണം പ്രോട്രെയിൽ തൈകൾ നടുവാൻ. സാധാരണയായി ഒരു സെന്റിന് ഏകദേശം 2 ഗ്രാം വിത്ത് ആവശ്യം വരും. നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലമാണ് ഇവയുടെ കൃഷിക്ക് അനുയോജ്യം. നല്ല ജലലഭ്യത ഈ ചെടികളുടെ വളർച്ചക്ക് അത്യാവശ്യമാണ്. നല്ല രീതിയിൽ നിലമൊരുക്കിയ ശേഷം കാബേജ് 45 സെ.മീ. ഇടവിട്ടും കോളിഫ്ളവർ, ബ്രോക്കോളി 60 സെ.മീ. ഇടവിട്ടും ചാലുകൾ എടുത്താണ് നടേണ്ടത്.

വളപ്രയോഗം:

കാബേജ് വർഗങ്ങൾക്ക് അടിവളമായി സെന്റിന് 100 കി.ഗ്രാം ചാണകപ്പൊടി, 410 ഗ്രാം യൂറിയ, ഒരു കി.ഗ്രാം രാജ്ഫോസ്, 410 ഗ്രാം പൊട്ടാഷ് എന്നിവ ചേർത്ത് കൊടുക്കുക. തൈകൾ നട്ട് മൂന്നാഴ്ചക്ക് ശേഷം സെന്റൊന്നിന് 650 ഗ്രാം യൂറിയ, 410 ഗ്രാം പൊട്ടാഷ് എന്നിവ മേൽവളമായി നൽകുക.

കോളിഫ്ളവർ വിളകളിൽ പൂവ് വിരിഞ്ഞു തുടങ്ങുമ്പോൾ ചെടിയിലെ ഇലകളോട് അവ ചേർത്തു കെട്ടുന്നത് സൂര്യപ്രകാശം കൊണ്ടുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകും. അതുപോലെതന്നെ പൂവിന്റെ വെണ്മ നിലനിർത്തുകയും ചെയ്യും. ഏകദേശം 60-85 ദിവസ കാലയളവിൽ ഇവയുടെ വിളവെടുപ്പ് പാകമാകും. കാബേജും കോളിഫ്ളവറും കൂടുതൽ വിടർന്നുവരുന്നതിന് മുമ്പേ വിളവെടുക്കണം.

കിഴങ്ങ് വർഗങ്ങൾ:

കാരറ്റും ബീറ്റ്റൂട്ടും മറ്റും ഈ വിഭാഗത്തിൽപ്പെടുന്നു.

കൃഷിരീതി:

ആഗസ്റ്റ് അവസാനം മുതൽ ജനുവരി വരെയുള്ള സമയമാണ് ഈ വിളകൾക്കനുയോജ്യം. മണലിന്റെ അംശം കൂടുതലുള്ള സ്ഥലം വേണം കൃഷിക്കായി ഒരുക്കാൻ. ഇവ നേരിട്ട് വിത്ത് പാകിവേണം കൃഷി ചെയ്യാൻ. തായ് വേരുകൾ വളർന്നു കിട്ടുന്ന വിള ആയതുകൊണ്ട്, തൈകൾ പറിച്ച് നടുന്നത് ഇവയുടെ കൃഷിക്ക് യോജിക്കുന്നതല്ല. വിത്ത് പാകുന്നതിന് മുമ്പ്, ഒരു സെന്റിന് 100 കി.ഗ്രാം ചാണകപ്പൊടി ചേർത്ത് നിലമൊരുക്കണം. ഗുണമേന്മയുള്ള കിഴങ്ങ് ലഭിക്കുന്നതിനായി ഉയർന്ന പാത്തികളിലാണ് ഇവ നടേണ്ടത്. 45 സെ.മീ. അകലത്തിൽ 20 സെ.മീ. ഉയരത്തിൽ പാത്തിയെടുത്ത് 10 സെ.മീ. അകലത്തിൽ വേണം വിത്ത് പാകാൻ. കാരറ്റിന് 25 ഗ്രാം, ബീറ്റ്റൂട്ടിന് 35 ഗ്രാം എന്ന തോതിൽ വേണം വിത്തെടുക്കാന്‍.

വളപ്രയോഗം

വിത്ത് മുളച്ചതിന് ശേഷം അടുത്തുള്ള അകലം കൃത്യമായി ക്രമീകരിക്കുക. തുടർന്ന് കാരറ്റിന് 300 ഗ്രാം യൂറിയ, 300 ഗ്രാം രാജ്ഫോസ്, 250 ഗ്രാം പൊട്ടാഷ് എന്നീ അളവിലും, ബീറ്റ്റൂട്ട് വിളകൾക്ക് 300 ഗ്രാം യൂറിയ, 200 ഗ്രാം രാജ്ഫോസ്, 200 ഗ്രാം പൊട്ടാഷ് എന്ന തോതിലും വേണം വളപ്രയോഗം നടത്താൻ. ഇതിൽ മുഴുവൻ പൊട്ടാഷും, രാജ്ഫോസും, പകുതി യൂറിയയും അടിവളമായും ബാക്കി 150 ഗ്രാം യൂറിയ ചെടി വളർന്നതിന് ശേഷവും കൊടുക്കുക. ഇവയുടെ വളർച്ചയ്ക്ക് തുടർച്ചയായ ജലസേചനം ആവശ്യമാണ്. 55-60 ദിവസം കൊണ്ട് വിളവെടുപ്പിന് പാകമാകും.

കടപ്പാട്: കേരളകര്‍ഷകന്‍

3.625
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top