অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജൈവേതര മാലിന്യങ്ങൾ

ഉറവിട മാലിന്യസംസ്കരണം

ജൈവ ജൈവേതരമാലിന്യങ്ങള്‍ ഉറവിടത്തില്‍ വേര്‍തിരിക്കുകയും ജൈവ മാലിന്യങ്ങള്‍ മാത്രം ശേഖരിച്ച് കമ്പോസ്റ്റാക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഇന്നത്തെ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. അപ്പോള്‍ യഥാര്‍ത്ഥ പ്രശ്നക്കാരന്‍ ജൈവേതരമാലിന്യങ്ങള്‍ തന്നെയാണ്. അവ കെമിക്കലുകളും അവയുടെ കവറുകളും, പ്ലാസ്റ്റിക് കവറുകളും (അവനാണ് വില്ലന്‍), സ്നഗ്ഗി, സാനിറ്ററി നാപ്കിന്‍, ഫ്യൂസായ ബള്‍ബ്, ട്യൂബ് മുതലായവയും മറ്റ് ജൈവേതരമാലിന്യങ്ങളും കൂടി കൂട്ടിക്കലര്‍ത്തി സംസ്കരിക്കുമ്പോള്‍ ബാക്കിവന്നവ മണ്ണില്‍ കുഴിച്ചുമൂടി. ഉപദേശം നല്‍കാന്‍ വിദഗ്ധസമിതികളും. അതും സൗജന്യമായിട്ടല്ല സാമ്പത്തിക നേട്ടത്തോടെതന്നെയായിരുന്നു.
മലയാളികളുടെ വിവേകവും കഴിവും മാലിന്യ സംസ്കരണ വിഷയത്തില്‍ എന്തുകൊണ്ടാവാം പ്രയോജനപ്പെടുത്താന്‍ കഴിയാതാവുന്നത്? ജൈവേതരമാലിന്യങ്ങള്‍ മണ്ണില്‍ വീഴാന്‍ പാടില്ലാത്തവ വേര്‍തിരിച്ച് സംഭരിക്കുവാനും അവ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ (ഒരു പരിധിവരെയെങ്കിലും) റീസൈക്ലിംഗിനും, പുനരുപയോഗത്തിനും പ്രയോജനപ്പെടുത്തുവാന്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന് കഴിയാത്തിടത്തോളം ഉറവിട മാലിന്യ സംസ്കരണം വിജയത്തിലെത്തുക അസാധ്യമാണ്. അത്നാലാണ് തുമ്പൂര്‍മൂഴി മോഡല്‍ എയറോബിക് കമ്പോസ്റ്റ് ബിന്നുകള്‍ വേലികെട്ടി താഴിട്ട് പൂട്ടേണ്ടിവരുന്നതും നിശ്ചിത സമയത്തുമാത്രം ജൈവമാലിന്യം സ്വീകരിക്കേണ്ടി വരുന്നതും.
ഇലക്ട്രോണിക് വസ്തുക്കള്‍ പാഴായ ബള്‍ബ് ഉള്‍പ്പെടെ തിരികെ എടുക്കുവാന്‍ അവയുടെ നിര്‍മ്മാതാക്കളെ ചുമതലപ്പെടുത്തണം. അതിന് പല മാര്‍ഗങ്ങള്‍ സ്വീകരിക്കാം. ഓരോ കമ്പനിയുടെയും ഉത്പന്നങ്ങള്‍ അതേ കമ്പനികളെത്തന്നെ തിരികെ ഏല്‍പ്പിക്കാം. അപ്രകാരം പുതിയവ വാങ്ങുമ്പോള്‍ പഴയത് തിരിച്ചെടുത്തുകൊണ്ട് വിലയിലും ചെറിയ ഇളവ് നല്‍കാന്‍ കഴിയും. അവര്‍ അത് തിരികെ എടുക്കാന്‍ തയ്യാറല്ലെങ്കില്‍ അവരുടെ ഉത്പന്ന വിപണനം നിരോധിക്കാം. ജൈവേതര മാലിന്യങ്ങള്‍ തരംതിരിച്ച് സംഭരിക്കാനവസരമൊരുക്കേണ്ടതും പഞ്ചായത്തിന്റെയും, മുനിസിപ്പാലിറ്റിയുടെയും, കോര്‍പ്പറേഷന്റെയും ചുമതലയില്‍ തന്നെയാണ്.
വ്യവസായങ്ങള്‍ തുടങ്ങണമെങ്കില്‍ പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡിന്റെ അനുമതി വേണമെന്നിരിക്കെ അനുവാദം ലഭിച്ച പല വ്യവസായങ്ങളും പരിസ്ഥിതി മലിനീകരണം നടത്തുമ്പോള്‍ ജനം സമരം ചെയ്യേണ്ടിവരുന്നു. അതിനര്‍ത്ഥം എന്തൊക്കെയോ തെറ്റുകള്‍ പ്രസ്തുത ബോര്‍ഡില്‍ നടക്കുന്നുണ്ട് എന്നതാണ്. അഞ്ച് പശുക്കളില്‍ കൂടുതല്‍ വളര്‍ത്തുവാനും അവരുടെ അനുവാദം വേണം. എന്നാല്‍ മാലിന്യ സംസ്കരണത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുന്ന ചാണകം പ്രയോജനപ്പെടുത്തുവാന്‍ പഞ്ചായത്തിനും, മുനിസിപ്പാലിറ്റിക്കും കോര്‍പ്പറേഷനും കഴിയാതെ പോകുന്നു. ഇറച്ചിക്കടകളിലെ മാലിന്യത്തില്‍ വിറ്റഴിക്കാന്‍ കഴിയുന്നതെല്ലാം പട്ടികള്‍ക്ക് വരെ ആഹാരമായി എത്തിക്കുന്നു. അതേ സമയം ബാക്കി വരുന്നവ പാതിരാനേരത്ത് നദികളിലും, വിജന സ്ഥലങ്ങളിലും മറ്റും നിക്ഷേപിക്കുന്നു. അവ സംഭരിച്ച് കേന്ദ്രീകൃത മാലിന്യ സംസ്കരണം നടത്തുവാന്‍ തയ്യാറാവുന്ന പുതിയ കമ്പനികള്‍ പഴയ പരാജയപ്പെട്ട മാലിന്യ സംസ്കരണരീതിയായി മാറും. എന്നുവെച്ചാല്‍ പരിസ്ഥിതി മലിനീകരണം ഉറപ്പ് എന്നര്‍ത്ഥം.
ഒരു കാലത്ത് തിരുവനന്തപുരം പോലുള്ള നഗരങ്ങളില്‍ കക്കൂസ് മാലിന്യവും, ചപ്പ് ചവറുകളും കലര്‍ത്തി കമ്പോസ്റ്റ് നിര്‍മ്മിക്കുകമാത്രമല്ല വേസ്റ്റ് ജലം ഉപയോഗിച്ച് തീറ്റപ്പുല്‍കൃഷിയും നടത്തിയിരുന്നു. അത്തരം കേന്ദ്രീകൃത പദ്ധതി പല കാരണങ്ങള്‍ കൊണ്ടും പരാജയപ്പെടുകയും ജലസ്രോതസ്സുകളിലെല്ലാം മനുഷ്യവിസര്‍ജ്യം കലരുന്ന അവസ്ഥയിലെത്തിച്ചേരുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഓരോ പ്രദേശത്തിനും യോജിച്ച തനത് നാടന്‍ പശുക്കളുടെ വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുകയും, താല്പര്യമുള്ളവരെക്കൊണ്ട് അവ വളര്‍ത്തുവാന്‍ അവസരമൊരുക്കുകയും ചെയ്താല്‍ ഉറവിടത്തില്‍ വേര്‍തിരിച്ച മാലിന്യ സംസ്കരണം ഒരു പ്രശ്നമേ ആവില്ല. തദവസരത്തിലാണ് തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക് ഫലപ്രദമായി പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുകയും ചെയ്യുക. അപ്രകാരം ഉണങ്ങിയ ചവറും, ചാണകവും ഉപയോഗിച്ച് ഇറച്ചി, കോഴി, ജൈവ വേസ്റ്റുകള്‍ മുതലായവ എയറോബിക് കമ്പോസ്റ്റിംഗ് രീതിയില്‍ സംസ്കരിക്കാം.
മനുഷ്യവിസര്‍ജ്യവും അടുക്കള വേസ്റ്റും, കേടായ ഭക്ഷ്യ വേസ്റ്റും ബയോഗ്യാസ് പ്ലാന്റുകളില്‍ നിക്ഷേപിക്കാം. അക്കാര്യത്തില്‍ മലയാളിയുടെ അറപ്പും വെറുപ്പും മാറ്റിയെടുക്കുവാന്‍ കക്കൂസ് വിയര്‍ജ്യത്തില്‍നിന്ന് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന പ്ലാന്റുകള്‍ സന്ദര്‍ശിക്കുവാനുള്ള അവസരമൊരുക്കുകയും വേണം. അപ്രകാരം ലഭിക്കുന്ന സ്ലറി പരിസ്ഥിതി മലിനീകരണം ഉണ്ടാക്കാത്ത രീതിയില്‍ പ്രയോജനപ്പെടുത്തുകയും വേണം. ചാണകത്തോടൊപ്പം കക്കൂസ് വിസര്‍ജ്യവും ബയോഗ്യാസ് പ്ലാന്റുകളില്‍ നിക്ഷേപിക്കുന്നതിലൂടെ നല്ലൊരു ശതമാനം എല്‍.പി.ജി ലാഭിക്കാന്‍ കഴിയും. സ്ലറിയെ മഴനനയാതെ മണ്ണില്‍ (ലാറ്ററൈറ്റ് സോയിലില്‍ പാടില്ല) കെട്ടിനിറുത്തി ജലം വാര്‍ന്ന് കട്ടിരൂപത്തിലാകുന്ന സ്ലറിയും എയറോബിക് കമ്പോസ്റ്റ് ബിന്നുകളില്‍ നിക്ഷേപിക്കാം ചാണകത്തിന് പകരമായി. വികേന്ദ്രീകൃത മാലിന്യ സംസ്കരണം തന്നെയാണ് പരിസ്ഥിതിയെ രക്ഷിക്കുവാനുള്ള ലളിതമായ മാര്‍ഗവും ഓരോ പൗരന്റെയും കടമയും. ഇതോടൊപ്പം വീടുകള്‍തോറും പച്ചക്കറികൃഷിയും പ്രോത്സാഹിപ്പിക്കാം. വിഷമുക്തമായ ഭക്ഷണം നമുക്ക് സ്വയം ഭക്ഷിക്കുകയും ഉറ്റവര്‍ക്കും ഉടയവര്‍ക്കും നല്‍കുകയും ചെയ്യാം.
ഉറവിടമാലിന്യ സംസ്കരണത്തെ അട്ടിമറിക്കുവാനായി ശുചത്വ ബോധമുണ്ടായിരുന്ന വാസുകി ഐ.എ.എസിനെ മാറ്റി ദിലീപ്കുമാറിനെ ശുചിത്വമിഷന്‍ ഡയറക്ടറായി പ്രതിഷ്ടിച്ചത് സംശയം ജനിപ്പിക്കുന്നു. ഉറവിടത്തില്‍ മാലിന്യം വേര്‍തിരിക്കാത്തതിനാല്‍ എല്ലാം കൂടി കൂട്ടിക്കലര്‍ക്കി ഈര്‍പ്പമുള്ള മാലിന്യമുള്‍പ്പെടെ എഴുപത്കോടി രൂപ ചെലവില്‍ പലയിടങ്ങളിലായി കത്തിക്കുവാനുള്ള നീക്കം ആരംഭിച്ചുകഴിഞ്ഞു

വികേന്ദ്രീകൃത മാലിന്യ സംസ്കരണം, പരിസ്ഥിതി പരിപാലനം, ആരോഗ്യ സംരക്ഷണം

കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് മാലിന്യക്കൂമ്പാരങ്ങളുടെ നാടായി മാറിയിരിക്കുന്നു. തിരുവനന്തപുരത്തെ നഗരമാലിന്യം വിളപ്പില്‍ പഞ്ചായത്തിലെ വിളപ്പില്‍ശാലയില്‍ നിക്ഷേപിച്ച് വര്‍ഷങ്ങള്‍കൊണ്ട് ഉടലെടുത്തത് പരിഹാരമില്ലാത്ത പ്രശ്നങ്ങളാണ്. സംസ്ഥാന സര്‍ക്കാരും നഗരസഭയും തമ്മില്‍ ഏറ്റുമുട്ടുകയും മാലിന്യം നിക്ഷേപിക്കുവാന്‍ നിവൃത്തിയില്ലാതെ നഗരവാസികളും, വിളപ്പില്‍ശാലയില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുകയില്ല എന്ന് ഒറ്റക്കെട്ടായി ഗ്രാമവാസികളും പറയുന്നു. വിളപ്പില്‍ പഞ്ചായത്തുകാരുടെ ഒരുമയോടെയുള്ള സമരം മറ്റുള്ളവര്‍ മാതൃകയാവുകയും കേന്ദ്രീകൃത മാലിന്യ നിക്ഷേപത്തിനും സംസ്കരണത്തിനും എതിരെ ജനം ഒറ്റക്കെട്ടായി ഇറങ്ങുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. വിളപ്പില്‍ സമരത്തിന്റെ പരിണിത ഫലമായി നഗരത്തിലെ ഓടകളും, റോഡിന്റെ ഇരു വശങ്ങളും ആള്‍ത്താമസമില്ലാത്ത ഇടങ്ങളുമെല്ലാം പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും കെട്ടി വലിച്ചെറിഞ്ഞ മാലിന്യക്കൂമ്പാരങ്ങളാണ്. മഴയുടെ കുറവ് കാരണം പലര്‍ക്കും ഇവയില്‍ നല്ലൊരുഭാഗം ചുട്ടു കരിക്കാന്‍ സാധിച്ചു. വിളപ്പില്‍ശാലയിലെ അശാസ്ത്രീയ മാലിന്യ സംസ്കരണത്തിലൂടെ ജലമലിനീകരണം രൂക്ഷമായപ്പോള്‍ നഗരത്തിലെ വായു മലിനീകരണമാണ് രൂക്ഷമായത്. നഗരത്തില്‍ മലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടും മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ തുലാവര്‍ഷം ആരംഭിച്ചപ്പോള്‍ത്തന്നെ നഗരവും മറ്റൊരു വിളപ്പില്‍ശാലയായി മാറുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുക. ഇത് തിരുവനന്തപുരത്തെ മാത്രം കാര്യമല്ല. കേരളത്തിന്റെ മുഴുവന്‍ അവസ്ഥയും ഇതുതന്നെയാണ്. നഗര ഗ്രാമ വ്യത്യാസമില്ലാതെ കൃഷിസ്ഥലങ്ങളില്‍ ജൈവ, ജൈവേതരമാലിന്യങ്ങള്‍ കലര്‍ത്തി വലിച്ചെറിഞ്ഞ് ദുരിതത്തിലായ കര്‍ഷകരെ വീണ്ടും ബുദ്ധിമുട്ടിക്കുകയാണ്.

മാലിന്യപ്രശ്നം ഇത്രയും രൂക്ഷമായതെന്തുകൊണ്ട്? ഉത്തരം ഒന്നേ ഉള്ളു. ജൈവേതരമാലിന്യങ്ങള്‍ ജൈവമാലിന്യങ്ങള്‍ക്കൊപ്പം കലരുന്നതുതന്നെയാണ്. ഇവയെ തുടക്കത്തില്‍ത്തന്നെ കൂട്ടിക്കലര്‍ത്താതെ വെവ്വേറെ സംഭരിക്കുകയും വികേന്ദ്രീകൃതമായി ലീച്ചിംഗ് ഇല്ലാതെയും മീഥൈന്‍ എമല്‍ഷന്‍ ഒഴിവാക്കിയും ജൈവ മാലിന്യങ്ങള്‍ സംസ്കരിക്കാം. അതിന് ലോകമെമ്പാടും വിവിധ മാതൃകയില്‍ നടപ്പിലാക്കിയ ഒന്നാണ് എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക്. ജൈവ, ജൈവേതരമാലിന്യങ്ങള്‍ കൂട്ടായി സംസ്കരിച്ചതിലൂടെ വളത്തിന്റെയും പരിസര ജലത്തിന്റെയും ടോക്സിസിറ്റി വര്‍ദ്ധിക്കുകയും ഘനലോഹങ്ങളുടെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങള്‍ പലര്‍ക്കും അറിയാമെന്നുള്ളതുകൊണ്ടാണ് നഗരത്തില്‍ രണ്ട് ബക്കറ്റുകള്‍ നല്‍കി വെവ്വേറെ സംഭരിക്കാന്‍ അവസരമൊരുക്കിയത്. എന്നാല്‍ അവയെ വീണ്ടും കൂട്ടിക്കലര്‍ത്തി വിളപ്പില്‍ശാലയില്‍ എത്തിക്കുകയാണ് ചെയ്തത്. വിളപ്പില്‍ശാല പ്ലാന്റിന് പിന്നില്‍ വിദഗ്ധോപദേശം കൊടുത്തവരെ സംശയ ദൃഷ്ടിയോടെ കാണേണ്ടിയിരിക്കുന്നു അല്ലെങ്കില്‍ അവര്‍ മാലിന്യ സംസ്കരണത്തിന്റെ കാര്യത്തില്‍ വിദഗ്ധരല്ല എന്നുവേണം മനസിലാക്കാന്‍.

നഗരമാലിന്യങ്ങളെല്ലാം കൂടി വിവിധ പാറമടകളില്‍ നിക്ഷേപിക്കുകയെന്ന നിര്‍ദ്ദേശം ഇതിനേക്കാള്‍ അപകടകാരിയാണ്. അതിനും ചില വിദഗ്ധരെക്കൊണ്ട് ബോധവല്‍ക്കരിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ ജനത്തെ ബോധവല്‍ക്കരിക്കാന്‍ അവര്‍ക്ക് എത്രത്തോളം കഴിയുമെന്നത് കണ്ടറിയാനിരിക്കുന്ന കാര്യം. പാറമടകളില്‍ ജൈവമാലിന്യങ്ങള്‍ നിക്ഷേപിച്ച് നമ്മുടെ മണ്ണിനെ തരിശാക്കണമോ? ജൈവ, ജവേകരമാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്തി പാറമടകളില്‍ നിക്ഷേപിച്ചാല്‍ സംഭവിക്കാവുന്ന പ്രശ്നങ്ങളും ചില്ലറയല്ല. പാറമടയിലെ സൂഷ്മ, അതിസൂഷ്മ വിള്ളലുകള്‍ അടക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കൂടാതെ ജൈവദ്രാവകം സാന്ദ്രത കൂടിയ ഡിസിന്റഗ്രേഷനെ സഹായിക്കുന്ന ദ്രാവകമെന്ന നിലയിലും പോര്‍-പ്രഷര്‍ വര്‍ധന, കണ്ടാമിനന്റ് മൈഗ്രേഷന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാവുന്ന സ്ഥിതിയിലും എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അധികരിക്കും. ഇക്കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള മുന്നൊരുക്കങ്ങള്‍ അനിവാര്യമാണ്. ഭൂഗര്‍ഭത്തിലെ മാലിന്യ ഒഴുക്ക് രീതി സങ്കീര്‍ണതയേറിയ കാര്യമാണ് എന്ന വിചാരം തീരുമാനമേടുക്കുന്നവര്‍ക്ക് വേണ്ടതാണ്.

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുനിന്ന് വിളപ്പില്‍ശാല മാലിന്യ സംസ്കരണപ്ലാന്റ് പൂട്ടുന്നതിന് പിന്തുണയുമായി കപിലും നിതിനും എത്തുകയുണ്ടായി. വികേന്ദ്രീകൃത മാലിന്യ സസ്കരണം സാധ്യമാണ് എന്നും നഗരത്തില്‍ അതിന് വേണ്ട പ്രചരണ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ഇവര്‍ പറയുന്നു.

പരിഹാരം ഒന്നേ ഉള്ളു ജൈവേതരമാലിന്യങ്ങള്‍ ഉറവിടത്തില്‍നിന്ന് സംഭരിച്ച് തരംതിരിച്ച് അവയെ പുനരുപയോഗം, റീസൈക്ലിംഗ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ നര്‍മാര്‍ജനം ചെയ്യണം. ജൈവമാലിന്യ സംസ്കരണം ബുദ്ധിമുട്ടുള്ള കാര്യമെ അല്ല. മനുഷ്യവിസര്‍ജ്യം ഉള്‍പ്പെടെയുള്ള ജൈവമാലിന്യങ്ങള്‍ മണ്ണിന് അമൃത് ആണ്.

എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക്

നാം സൃഷ്ടിക്കുന്ന മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള ചുമതലയും നമുക്കുതന്നെയാണ്. ജൈവമാലിന്യങ്ങളെല്ലാം ലളിതമായ സംസ്കരണ രീതികളിലൂടെ സംസ്കരിക്കാം. ജൈവേതരമാലിന്യങ്ങള്‍ എപ്രകാരമാണ് കൈകാര്യം ചെയ്യേണ്ടത് എന്ന്  പരിസ്ഥിതി വനം മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  പലതരം ജൈവ മാലിന്യങ്ങള്‍ പലതരത്തില്‍ സംസ്കരിക്കാന്‍ കഴിയും. പ്രതിദിനം  1250 ഗ്രാം ഭക്ഷ്യവസ്തുക്കള്‍ ഭക്ഷിക്കുന്ന ഓരോ മനുഷ്യനും മലമായും, മൂത്രമായും വിസര്‍ജിക്കുന്നത് മണ്ണിന്റെ ജൈവ പുനചംക്രമണത്തിന് അനിവാര്യമാണ്. കോടാനുകോടി വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ട ഒരിഞ്ച് മേല്‍മണ്ണ് പുതുപുത്തന്‍ സാങ്കേതിക വിദ്യകളിലൂടെ ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ മനുഷ്യന്‍ കാണിക്കുന്ന വ്യഗ്രത മേല്‍മണ്ണിന്റെ ഗുണനിലവാരം പാടെ നശിപ്പിക്കുന്നു. മൈക്രോ മാക്രോ മൂലകങ്ങളുടെ അസന്തുലിതാവസ്ഥ സസ്യലതാദികള്‍ക്കും, പക്ഷിമൃഗാദികള്‍ക്കും, മനുഷ്യനും ഹാനികരമാണ്. ഹരിതഗ്രഹവാതകമായ മീഥൈന്‍ പരിമിതപ്പെടുത്തിയും, കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കുറച്ചും എയറോബിക് രീതിയില്‍ മാലിന്യ സംസ്കരണം നടത്താം. അത്തരത്തില്‍ ലളിതമായ ഒരു സംസ്കരണരീതിയാണ് തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക്സ്.
നമ്മുടെ വീടുകളിലുണ്ടാകുന്ന മാലിന്യങ്ങള്‍ പ്രധാനമായും രണ്ടു തരമാണല്ലോ. അവയുടെ വിനിയോഗത്തിലും രണ്ടുതരം സമീപനമാണ് ആവശ്യമായി വരുന്നത്. ജൈവമാലിന്യം കൂടുന്തോറും അവ റീ-സൈക്ലിങ്ങിലൂടെ നമ്മുടെ ടെറസിലും പറമ്പിലും പച്ചക്കറികളും ഫലവര്‍ഗങ്ങളും തെങ്ങും മറ്റും  കൃഷിചെയ്യുകയാണെങ്കില്‍ അവയ്ക്ക് വളമായി ഉപയോഗിക്കാം. അജൈവ മാലിന്യങ്ങള്‍ പലതരത്തിലുണ്ട്. അവയെ ജൈവമാലിന്യങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ക്കുവാന്‍ പാടില്ല. കഴിവതും അജൈവ മാലിന്യങ്ങള്‍ ഉണ്ടാകാത്ത രീതിയില്‍ ഉപയോഗം നിയന്ത്രിക്കുകയാണ് വേണ്ടത്. വീടുകളില്‍ത്തന്നെ അവയെ തരം തിരിച്ച് സംഭരിച്ചാല്‍ പുനരുപയോഗത്തിനോ റീ-സൈക്ലിങ്ങിന് എത്തിക്കുവാനോ കഴിയും. നഗരങ്ങളില്‍ അറവുശാലകളില്‍ നിന്നും, കോഴിയിറച്ചി വില്‍ക്കുന്ന ഷോപ്പുകളില്‍ നിന്നും, മത്സ്യ മാര്‍ക്കറ്റുകളില്‍ നിന്നും മറ്റും ഉണ്ടാകുന്ന മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിച്ചെടുത്താല്‍ വളരെ ഗുണമുള്ള ജൈവവളമായി മാറ്റാം.  ഇപ്രകാരം എയറോബിക് കമ്പോസ്റ്റ് രീതിയില്‍ ഈര്‍പ്പരഹിതമായും ദുര്‍ഗന്ധമില്ലാതെയും മൂന്നുമാസം കൊണ്ട് ചാക്കുകളില്‍ നിറയ്ക്കുവാന്‍ കഴിയുന്ന രീതിയില്‍ കമ്പോസ്റ്റ് നിര്‍മ്മിക്കാം. വീട്ടുമുറ്റത്ത് ഇപ്രകാരം ഒരു പ്ലാന്റ് നിര്‍മ്മിക്കുവാന്‍ സിമന്റിട്ടതറയില്‍ ഹോളോബ്രിക്സോ ഹോളോ ഇല്ലാത്ത ബ്രിക്സോ ഇടയില്‍ വിടവിട്ട് ദീര്‍ഘചതുരാകൃതിയില്‍ ഭിത്തി നിര്‍മ്മിക്കാം. നാലടിയില്‍ കൂടുതല്‍ വീതി പാടില്ല. നീളം കൂട്ടുവാന്‍ കഴിയും.  മാലിന്യത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് ഉയരം വര്‍ദ്ധിപ്പിക്കാം. മഴ നനയാതിരിക്കുവാന്‍ മേല്‍ക്കൂര അനിവാര്യമാണ്. ഇതില്‍ താഴെയറ്റത്ത് ആറിഞ്ച് കനത്തില്‍ ചാണകമോ ബയോഗ്യാസ് സ്ലറി ഈര്‍പ്പം കുറഞ്ഞതോ ഉപയോഗിക്കാം. അതിന് മുകളില്‍ ഏതുതരം ജൈവ മാലിന്യങ്ങളും ആറിഞ്ച് കനത്തില്‍ നിക്ഷേപിക്കുകയും അതിന് മുകളില്‍ മൃഗാവശിഷ്ടങ്ങളും മറ്റും നിക്ഷേപിക്കുകയും ചെയ്യാം. വീണ്ടും മുകളില്‍ ആറിഞ്ച് കനത്തില്‍ ചാണകമോ ഈര്‍പ്പം കുറഞ്ഞ സ്ലറിയോ കൊണ്ട് മൂടണം. ഇത് അത്തരത്തിലൊരു പ്ലാന്റ് ആവശ്യത്തിന് നിറയുന്നതുവരെ തുടരാം.സ്ഥലപരിമിതി പ്രശ്നം വലിയൊരളവുവരെ ശുചിത്വത്തിന് മുന്‍തൂക്കം കൊടുക്കേണ്ട വിഷയമാണ്. അസുഖങ്ങള്‍ വന്ന് മരിക്കുന്ന ആടുമാടുകളെ എയറോബിക് കമ്പോസ്റ്റ് പ്ലാന്റിലൂടെ മൂന്നുമാസം കൊണ്ട് രോഗാണുമുക്തമായും ദുര്‍ഗന്ധമില്ലാതെയും കമ്പോസ്റ്റായി മാറ്റാം. അതിനും ചെയ്യേണ്ടത് മേല്‍പ്പറഞ്ഞ രീതിയിലുള്ള എയറോബിക് കമ്പോസ്റ്റിങ്ങ് രീതി തന്നെയാണ്. എയറോബിക് കമ്പോസ്റ്റ് രീതിയെക്കുറിച്ച് തൃശൂര്‍ വെറ്ററനറി യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ (ഡോ) ഫ്രാന്‍സിസ് സേവ്യറുടെ നേതൃത്വത്തില്‍ പരീക്ഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും കണ്ടെത്തിയ ചെലവു കുറഞ്ഞ സംസ്കരണ രീതിയാണ് ഇത്. ഇന്നത്തെ ചുറ്റുപാടില്‍ ലേബര്‍ എന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഏറവും കുറഞ്ഞ ലേബറില്‍ സമ്പുഷ്ടമായ ജൈവവളം നിര്‍മ്മിക്കുന്നതിലൂടെ പരിസ്ഥിതി പരിപാലനത്തില്‍ വലിയൊരു സംഭാവനയാണ് നാം ചെയ്യുന്നത്. എലി മുതലായ ഷുദ്ര ജീവികളെ തടയാന്‍ ചുറ്റിനും നെറ്റ് കൊണ്ട് മറയ്ക്കാം. 70 ഡിഗ്രി താപം ഈ പ്ലാന്റില്‍ ഉണ്ടാകുന്നതിനാല്‍ അണുബാധ ഉണ്ടാകുകയില്ല. മാത്രവുമല്ല കളകളുടെ വിത്തുകള്‍ നശിക്കുകയും അവ കിളിര്‍ക്കാതാവുകയും ചെയ്യും. ചാണകത്തിലെയോ, സ്ലറിയിലേയോ അണുജീവികള്‍, നൈട്രജന്‍, ഫോസ്‌ഫറസ്, കാര്‍ബണ്‍, മറ്റ് അവശ്യ ഘടകങ്ങള്‍ എന്നിവ ഉപയോഗിച്ച് ഊര്‍ജ്ജം സമ്പാദിക്കുന്നു. കൂടുതല്‍ കാര്‍ബണ്‍ ഘടകമാണ് ആവശ്യം വരുക. കാര്‍ബണ്‍ സങ്കേതത്തെ ദ്രവിപ്പിച്ച് കാര്‍ബണ്‍ ഡൈ ഓക്സൈഡും ചൂടും ഉണ്ടാവും. കാര്‍ബണ്‍ നൈട്രജന്‍ അനുപാതം ഏറെ പ്രധാന്യ മര്‍ഹിക്കുന്നു.ഈച്ച ശല്യം ഉണ്ടാകുന്നില്ല. ഊറല്‍ ഉണ്ടാകാത്തതിനാല്‍ ദുര്‍ഗന്ധം ഉണ്ടാകുന്നില്ല. ഉയര്‍ന്ന താപനില ഏതാണ്ട് ഒരാഴ്ചയോളം നിലനില്‍ക്കുന്നു. മാലിന്യങ്ങള്‍ ദ്രവിക്കുന്നു ഉയര്‍ന്ന താപനിലയില്‍ രോഗാണുക്കള്‍ നശിക്കുന്നു പരാദങ്ങളുടെ വളര്‍ച്ച തീര്‍ത്തും ഉണ്ടാകുന്നില്ല മുതലായവ ഇതിന്റെ നേട്ടങ്ങളാണ്.ഒരു കാലത്ത് തെങ്ങോലകള്‍ കൊണ്ട് മെടഞ്ഞെടുത്ത് മേല്‍ക്കൂര മേഞ്ഞിരുന്ന ധാരാളം വീടുകളും സ്കൂളുകളും മറ്റും ഉണ്ടായിരുന്നു. എന്നാല്‍ വളരെക്കുറച്ചുമാത്രമേ ഇന്ന് തെങ്ങോലകള്‍  മെടയുവാനായി ഉപയോഗിക്കുന്നുള്ളു. മണ്ണിലെ മൂലകങ്ങളുടെ അഭാവം കാരണം തെങ്ങില്‍ നിന്ന് കിട്ടുന്ന ആദായവും നന്നെ കുറവാണ്. ദീര്‍ഘനാള്‍ കൃഷി ചെയ്ത വിള മണ്ണില്‍ നിന്ന് ന്യൂട്രിയന്റ് മൈനിങ്ങ് നടത്തുകയും തെങ്ങുകള്‍ക്ക് അനേകം രോഗങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു. പാഴായിപ്പോകുന്ന തെങ്ങോലകളെ എയറോബിക് കമ്പോസ്റ്റാക്കി മാറ്റി തെങ്ങിന് വളമായി നല്‍കാം. അതോടൊപ്പം തന്നെ വീട്ടുമുറ്റം തൂത്തുവാരുന്ന ചപ്പുചവറുകളും നീക്കം ചെയ്യുന്ന കളകളും തൊണ്ടും (ചിരട്ട ഒഴികെ തെങ്ങില്‍നിന്ന് ലഭിക്കുന്നതെല്ലാം ഉപയോഗിക്കാം) മുട്ടത്തോടും മറ്റും ഈ പ്ലാന്റില്‍ നിക്ഷേപിക്കാം. ഇതിലൂടെ ലഭിക്കുന്ന പോഷക സമ്പുഷ്ടമായ ജൈവ വളം തെങ്ങിന്‍ ചുവട്ടില്‍ നിക്ഷേപിച്ച് തെങ്ങിനെ സംരക്ഷിക്കാം. തെങ്ങിന്‍ ചുവട്ടിലെ ന്യൂട്രിയന്റ്സ് തേങ്ങയുടെയും, കരിക്കിന്റെയും, തേങ്ങ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയുടെയും മറ്റും ഗുണനിലവാരം വര്‍ദ്ധിപ്പിക്കും.ബയോഗ്യാസ് പ്ലാന്റുകള്‍ പലരീതിയില്‍ നിര്‍മ്മിക്കപ്പെടുന്നു. ജലത്തിലലിയുന്ന ഏത് ജൈവാവശിഷ്ടവും പ്ലാന്റില്‍ നിക്ഷേപിക്കാം. പ്രധാനമായും കക്കൂസ് വിസര്‍ജ്യം ബയോഗ്യാസ് പ്ലാന്റിലേയ്ക്ക് കടത്തിവിടുന്നതിലൂടെ ഫെര്‍മെന്റേഷന്‍ പ്രൊസസ് നടക്കുമ്പോള്‍ മെത്രോജനിക് ബാക്ടീരിയ കോളിഫാം ബാക്ടീരിയയെ നിര്‍വീര്യമാക്കുന്നു. അതിലൂടെ കുടിവെള്ളം മലിനപ്പെടുത്തുന്ന ഇ-കോളി ബാക്ടീരിയയെ നമുക്ക് ഒഴിവാക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ടത് സോപ്പുകലര്‍ന്ന കുളിമുറിയിലെ ജലം ഈ പ്ലാന്റില്‍ എത്താന്‍ പാടില്ല എന്നതാണ്. ബയോഗ്യാസ് ഉപയോഗിച്ച് ആഹാരം പാകം ചെയ്യാനും, ജനറേറ്റര്‍ പ്രവര്‍ത്തിക്കുവാനും, വാഹനം ഓടിക്കുവാനും, മാന്റില്‍ വിളക്ക്  കത്തിക്കുവാനും മറ്റും സാധിക്കുന്നു.ചാണകത്തിന്റെ ഗന്ധം ഇഷ്ടപ്പെടാത്തവര്‍ക്കും, ചാണകം ലഭ്യമല്ലാത്തിടത്തും ചാണകത്തില്‍ നിന്ന് ലഭ്യമാക്കിയ ബാക്ടീരിയ സ്പ്രേ ചെയ്തും എയറോബിക് കമ്പോസ്റ്റ് നിര്‍മ്മിക്കാം. ചാണകത്തില്‍ നിന്ന് ലഭ്യമാക്കിയതാകയാല്‍ അതിന് ദോഷഫലങ്ങളൊട്ടുംതന്നെ ഇല്ല. നഗരങ്ങളില്‍ കുടുംബശ്രീ, ജനശ്രീ യൂണിറ്റിലെ അംഗങ്ങള്‍ക്ക് വീടുകളില്‍ നിന്ന് സംഭരിക്കുന്ന ജൈവമാലിന്യങ്ങള്‍ കൂട്ടായി ഓരോ പ്രദേശത്തും ഇപ്രകാരം എയറോബിക് കമ്പോസ്റ്റ് നിര്‍മ്മിക്കുന്നതിലൂടെ 10,000 രൂപ മൂല്യമുള്ള ജൈവവളം ലഭിക്കുന്നതാണ്. ഒരു പ്ലാന്റ് നിറഞ്ഞുകഴിഞ്ഞാല്‍ അടുത്ത മറ്റൊരു പ്ലാന്റ് ഉപയോഗിക്കാം. ഭാരിച്ച ചെലവ് ഇല്ലാത്ത ഈ പ്ലാന്റില്‍നിന്ന്  ദുര്‍ഗന്ധമില്ലാത്തതാകയാള്‍ വഴിയോരങ്ങളില്‍ സ്ഥാപിക്കാന്‍ കഴിയുകയും ചെയ്യും. ഇപ്രകാരം ലഭിക്കുന്ന ജൈവവളം വരുമാനം മാത്രമല്ല ആ പ്രദേശത്തെ വീടുകള്‍ തോറും ഈ ജൈവവളം ഉപയോഗിച്ച്  ടെറസിലും മുറ്റത്തും പച്ചക്കറികളും മറ്റും കൃഷിചെയ്യുവാനും കഴിയും. ഗ്രീന്‍ ഗാരിസണ്‍ എന്ന സംഘടന ഇതിന്റെ പരിശീലനം നല്‍കി സഹായിക്കുന്നു.ബയോഗ്യാസ് സ്ലറി ഡ്രയറിന്റെസഹായത്താല്‍ സ്ലറിയിലെ ജലാംശം നീക്കം ചെയ്ത് മേല്‍ക്കൂരയുള്ള പ്ലാന്റില്‍ എയറോബിക് കമ്പോസ്റ്റാക്കി ഗുണനിലവാരമുള്ള ജൈവവളം നമുക്ക് തന്നെ നിര്‍മ്മിക്കുവാന്‍ കഴിയുന്നത് ഈര്‍പ്പരഹിതമായി സംഭരിക്കുകയും ചെയ്യാം. ഒരു കിലോഗ്രാം കമ്പോസ്റ്റില്‍ 13-17 ഗ്രാം വരെ നൈട്രജന്‍, 75-80 ഗ്രാം വരെ കാല്‍ഷ്യം, 6-8 ഗ്രാം വരെ ഫോസ്‌ഫറസ് മുതലായവ അടങ്ങിയിരിക്കുന്നു. പ്രൈമറി ന്യൂട്രിയന്‍സും, സെക്കന്‍ഡറി ന്യൂട്രിയന്‍സും, ട്രയിസ് എലിമെന്‍സും ആവശ്യത്തിന് ലഭ്യമാകയാല്‍ മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകമാത്രമല്ല സുസ്ഥിര കൃഷിയ്ക്ക് വഴിയൊരുക്കുകയും ചെയ്യും. സ്വയം ആവശ്യമില്ലാത്തവര്‍ക്ക് ഇത് വിപണനത്തിനും വഴിയൊരുക്കും. ഇത്തരത്തില്‍ ഉണങ്ങിപ്പൊടിഞ്ഞ ജൈവവളം തോട്ടങ്ങളിലെത്തിക്കാല്‍ കുറഞ്ഞ ലേബര്‍മതിയാകും. സ്ലറിയായി പമ്പ് ചെയ്താലും, ജൈവാവശിഷ്ടങ്ങള്‍ മണ്ണില്‍ നിക്ഷേപിച്ച് വളമാക്കി മാറ്റിയാലും ചെലവ് കൂടുകയും, പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുകയും ചെയ്യും. വീടു വീടാന്തരം ഇത്തരം പ്ലാന്റുകള്‍ സ്ഥാപിക്കുന്നതോടൊപ്പം നഗരങ്ങളില്‍ സീവേജ് മാലിന്യം കൂടി ഉള്‍പ്പെടുത്തി സമൂഹ ബയോഗ്യാസ് പ്ലാന്റുകളും, ബയോഗ്യാസ് സ്ലറി ഡ്രയറും പ്രവര്‍ത്തനക്ഷമമാകുന്നതോടെ നഗരത്തിലൂടെ ഒഴുകുന്ന നദികളും തോടുകളും മാലിന്യമുക്തമാകുകയും ദുര്‍ഗന്ധം പൂര്‍ണമായി മാറിക്കിട്ടുകയും ചെയ്യും.വളരെ ചെലവ് കുറഞ്ഞ രീതിയില്‍ കോണ്‍ക്രീറ്റ് കട്ടകളുപയോഗിച്ചും പ്ലാന്റ് നിര്‍മ്മിക്കാം. 15″ നീളമുള്ള 60  കട്ടകള്‍ കൊണ്ട് ഇപ്രകാരം ഒരു പ്ലാന്റ് നിര്‍മ്മിക്കാന്‍ സാധിക്കും. മേല്‍ക്കൂര നഗരങ്ങളിലും മറ്റും നീക്കം ചെയ്യുന്ന ഫ്ലക്സ് ഷീറ്റുകള്‍ കൊണ്ട് നിര്‍മ്മിക്കാം. ജി.ഐ ഷീറ്റാണ് ഉപയോഗിക്കുന്നതെങ്കില്‍ പതിനെട്ടടി നീളം വേണ്ടിവരും. കുടുബശ്രീ, ജനശ്രീ യൂണിറ്റുകള്‍ക്ക്  ഇത്തരം പ്ലാന്റുകള്‍ നിര്‍മ്മിച്ച് അനേകം വീടുകളില്‍ നിന്ന് സംഭരിക്കുന്ന ജൈവ മാലിന്യങ്ങള്‍ കമ്പോസ്റ്റാക്കി മാറ്റാം. കമ്പോസ്റ്റ് വില്‍ക്കുവാന്‍ വീടുകളില്‍ത്തന്നെ പച്ചക്കറി ധാരാളം കൃഷി ചെയ്യുന്നുണ്ട്. അവര്‍ക്ക് വില്‍ക്കുവാന്‍ സാധിക്കുകയും ചെയ്യും. ഇത്തരം കട്ടകള്‍ എടുത്തുമാറ്റാന്‍ കഴിയുന്നവയാകയാല്‍ ഒരു സ്ഥലത്തുനിന്ന് മാറ്റി മറ്റൊരു സ്ഥലത്തേക്ക് കേടുപാടുകളില്ലാതെ കൊണ്ടുപോകുവാനും സാധിക്കും. ചിരട്ടയും പച്ചിലയും ഇത്തരം പ്ലാന്റുകളില്‍ നിക്ഷേപിച്ചാല്‍ അത് കമ്പോസ്റ്റായി മാറുകയില്ല. പച്ചിലകള്‍ എയറോബിക് കമ്പോസ്റ്റ് പ്ലാന്റില്‍ നിക്ഷേപിക്കാന്‍ പാടില്ല.  ഉദാഹരണത്തിന് സദ്യഊണ് കഴിഞ്ഞ വാഴയില ഈ പ്ലാന്റില്‍ സംസ്കരിച്ചാല്‍ മൂന്നുമാസത്തിനുശേഷവും വാഴയിലയായിത്തന്നെ ലഭിക്കും. അതിനാല്‍ പച്ചിലകള്‍ ഉണക്കിയിടുന്നതാണ് ഉത്തമം.
എയറോബിക് കമ്പോസ്റ്റിംഗ് ടെക്നോളജിയുടെ സവിശേഷതകള്‍

  • വെറ്റിറനറി യൂണിവേവ്സിറ്റിയിലെ ഡോ.ഫ്രാന്‍സിസ് സേവ്യറുടെ മേല്‍നോട്ടത്തില്‍ നടത്തിയ ഗവേഷണങ്ങളിലൂടെ എയറോബിക് കമ്പോസ്റ്റിംഗ് ടെക്നോളജി പരിഷ്കരിച്ചത്.
  • ദുര്‍ഗന്ധമുള്ളതും, ദുര്‍ഗന്ധസാധ്യതയുള്ളതുമായ ജൈവമാലിന്യങ്ങളെ ദുര്‍ഗന്ധരഹിതമായി സംസ്കരിക്കാം.
  • ലീച്ചേജ് പൂര്‍ണമായും ഒഴിവാക്കുവാന്‍ സാധിക്കും.
  • മീഥൈന്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡ് എമല്‍ഷന്‍ പരിമിതപ്പെടുത്തുകയും രാജ്യത്തിന്റെ കാര്‍ബണ്‍ ക്രഡിറ്റിനെ സഹായിക്കുകയും ചെയ്യുന്നു.
  • എല്ലാത്തരം മത്സ്യ, മാംസ, കോഴി വേസ്റ്റുകളും ചത്ത പക്ഷിമൃഗാദികളും ദുര്‍ന്ധമില്ലാതെ സംസ്കരിക്കാം.
  • ഒരാഴ്ചയ്ക്കുള്ളില്‍ 70 ഡിഗ്രി സെല്‍ഷ്യസ് താപം ഉണ്ടാകുന്നതിനാല്‍ അണുബാധ ഒഴിവാകുകയും, കളകളുടെയും മറ്റും വിത്തുകള്‍ നശിപ്പിക്കുകയും, പരാദകീടബാധ ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
  • രണ്ടായിരം രൂപ ചെലവില്‍ പരസഹായമില്ലാതെ സ്വയം ഇത്തരം പ്ലാന്റ് നിര്‍മ്മിക്കാം.
  • ഉള്‍ഭാഗം നാലടി നീളം, വീതി, ഉയരം ആയതിനാല്‍ ടെറസിന് മുകളിലും, വീട്ടുമുറ്റത്തും സ്ഥാപിക്കാം.
  • ലേബര്‍ ഷോര്‍ട്ടേജുള്ള കേരളത്തില്‍ ലേബറില്ലാതെ സംസ്കരണം സ്വയം നിര്‍വ്വഹിക്കാം.
  • കുടുംബശ്രീ, ജനശ്രീ യൂണിറ്റുകള്‍ക്ക് കൈകാര്യം ചെയ്യുവാന്‍ സൌകര്യപ്രദം.
  • ചാണകമോ, ചാണകത്തില്‍നിന്ന് വേര്‍തിരിച്ച ബാക്ടീരിയയോ ഉയോഗിച്ചുള്ള കമ്പോസ്റ്റിംഗ് നടത്തുന്നു.

 

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate