অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജീവനുള്ള മണ്ണിന് ജീവാണുവളങ്ങള്‍

സസ്യങ്ങള്‍ക്ക് നൈട്രജന്‍ പോലെ വളരെ പ്രധാനപ്പെട്ട മൂലകമാണ് ഫോസ്ഫറസ്. സസ്യങ്ങള്‍ക്ക് ബലവും ദൃഢയും, കോശവളര്‍ച്ചയ്ക്കും ഉത്പാദനവര്‍ദ്ധനവിനും പുഷ്പിക്കുവാനും വിത്തുണ്ടാകുവാനും ഫോസ്ഫറസ് അനിവാര്യമാണ്.

കൃഷിയില്‍ ഫോസ്ഫറസ് പ്രദാനം ചെയ്യുവാന്‍ കഴിവുള്ള സൂക്ഷ്മ ജീവാണുക്കളെ ഇന്ന് കര്‍ഷകര്‍ ഉപയോഗിച്ചുവരുന്നു. ഇത്തരത്തില്‍ ഫോസ്‌ഫേറ്റ് പ്രദാനം ചെയ്യുവാന്‍ കഴിയുന്ന ബാക്ടീരിയകളാണ് ഫോസ്‌ഫേറ്റ് ലായക ജീവാണുക്കള്‍. ഇത്തരം ബാക്ടീരിയകള്‍ ഫോസ്‌ഫോ ബാക്ടീരിയ എന്നും അറിയപ്പെടുന്നു.

ജലത്തില്‍ ലയിച്ച ഫോസ്ഫറസിനെയാണ് ചെടികള്‍ വലിച്ചെടുക്കുന്നത്. എന്നാല്‍ മണ്ണിന്റെ അമ്ല-ക്ഷാര സ്വഭാവം ഫോസ്ഫറസിനെ മണ്ണിലെ ജലത്തില്‍ ലയിപ്പിക്കാതെ അലേയരൂപത്തിലാക്കും. (ഇത്തരം പ്രക്രിയയാണ് ഫോസ്‌ഫേറ്റ് ഫിക്‌സേഷന്‍ എന്ന് അറിയപ്പെടുന്നത്.) ഫോസ്‌ഫോ ബാക്ടീരിയ വിവിധങ്ങളായ ജൈവ അമ്ലങ്ങളും എന്‍സൈമുകളും ഉത്പാദിപ്പിക്കുകയും മണ്ണിലെ അലേയമായ ഫോസ്ഫറസ് സംയുക്തങ്ങളെ വിഘടിപ്പിച്ച് ലേയരൂപത്തില്‍ ആക്കി ഫോസ്ഫറസ് സസ്യങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. കൂടാതെ സസ്യവളര്‍ച്ചയെ സഹായിക്കുന്ന വിവിധഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നു. ഇത്തരത്തില്‍ കൃഷിയെ വലിയരീതിയില്‍ സഹായിക്കുന്ന മിശ്രജീവാണുക്കളാണ് ഫോസ്‌ഫോ ബാക്ടീരിയ.

ഉപയോഗരീതി

ഒരു ഹെക്ടറില്‍ 30 kg മുതല്‍ 50 kg വരെ ഫോസ്‌ഫേറ്റ് ലയിപ്പിക്കുവാന്‍ കഴിയുന്നതോടൊപ്പം വളര്‍ച്ചയെ സഹായിക്കുന്ന വസ്തുക്കളും വിറ്റാമിനുകളും മണ്ണില്‍ കലര്‍ത്തി മണ്ണിന്റെ ഫലപുഷ്ടി വര്‍ദ്ധിപ്പിച്ച് ഉത്പാദന മികവിനുസഹായിക്കുകയും അതുവഴി 10 മുതല്‍ 30 ശതമാനം വരെ അധിക വിളവിന് സഹായകമാകുകയും ചെയ്യുന്നു. കാര്‍ഷിക വിളകള്‍ക്ക് വളപ്രയോഗം നടത്തുമ്പോള്‍ ജൈവവളത്തോടൊപ്പം ചേര്‍ത്ത് നടീല്‍ കൂഴിയിലും മണ്ണിലും ചേര്‍ത്തുകൊടുക്കാവുന്നതാണ്. പുതയിടുന്നത് വളരെ ഗുണകരമാണ്.

ബയോ പൊട്ടാഷ്

നൈട്രജനും, ഫോസ്ഫറസും പോലെ സസ്യങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട മൂലകമാണ് പൊട്ടാഷ്. സസ്യവളര്‍ച്ചയെ സഹായിക്കുന്ന പ്രാഥമിക മൂലകമായ പൊട്ടാഷ് (K) ചെടികള്‍ക്ക് കരുത്തും, രോഗങ്ങളേയും വരള്‍ച്ചയേയും ചെറുക്കുവാനുള്ള കഴിവും പ്രദാനം ചെയ്യുന്നു. കൂടാതെ വിവിധ മൂലകങ്ങളെ സസ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതിനുള്ള നിര്‍ദ്ദേശവാഹകരായിപ്രവര്‍ത്തിക്കുന്നു തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനമാണ് പൊട്ടാഷ് നിര്‍വഹിക്കുന്നത്.

ജൈവകൃഷിക്ക് ഉതകുന്ന വിധത്തില്‍ പൊട്ടാസ്യം ലഭിക്കുവാന്‍ ഇന്ന് ജൈവപൊട്ടാഷ് വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നു. 2004ല്‍ ഒറീസയുടെ മണ്ണില്‍ നിന്ന് ആദ്യമായി വേര്‍തിരിച്ചെടുത്തതായി അനുമാനിക്കപ്പെടുന്ന ഈ ബാക്ടീരിയ ദണ്ഡാകൃതിയില്‍ ഉള്ളതും, ചലനശേഷിയുള്ളതും gram - ve വിഭാഗത്തില്‍ ഉള്ളതുമായ ബാക്ടീരിയയാണ് ബയോപൊട്ടാഷ്. ഇത് ഫ്രാചൂറിയ ഓറെന്‍ഷ്യ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നു. ഇത്തരം ബാക്ടീരിയ മണ്ണിലുള്ള പൊട്ടാഷിനെ ഏകോപിപ്പിച്ച് ചെടികള്‍ക്ക് ലഭ്യമാക്കുന്നു. ഇത്തരം ബാക്ടീരിയകള്‍ മണ്ണില്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ 20 ദിവസത്തിനുള്ളില്‍ 90 ശതമാനം പൊട്ടാഷും ലയിപ്പിക്കുന്നതായും 20 മുതല്‍ 25 വരെ അധിക വിളവ് നല്‍കുന്നതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആയതിനാല്‍ ഇത്തരം ബാക്ടീരിയയെ പൊട്ടാഷ് മൊബിലൈസിംഗ് ബാക്ടീരിയ എന്നറിയപ്പെടുന്നു.

ഏതുതരം മണ്ണിലും ഇവയ്ക്ക് കാര്യക്ഷമമായിപ്രവര്‍ത്തിക്കുവാന്‍ കഴിയും (പ്രത്യേകിച്ച് അമ്ലസ്വഭാവം കൂടിയതും കുറഞ്ഞതും ലവണാംശം ഉള്ളതുമായ മണ്ണില്‍) തീരദേശമണ്ണിലും ഇത്തരം ബാക്ടീരിയയ്ക്ക് പ്രവര്‍ത്തിക്കുവാന്‍ കഴിയും. മണ്ണിന്റെ 15oc to 45oc ഇവയ്ക്ക് പ്രവര്‍ത്തിക്കുവാന്‍ കഴിയും പ്രകൃതിജന്യഹോര്‍മോണുകളും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന അമിനോ അമ്ലങ്ങളും ഉത്പാദനത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്ന വിറ്റാമിനുകളും ചെടിക്ക് ലഭ്യമാകുന്നതിന് സഹായിക്കുന്നു.

ഉപയോഗരീതി

ജൈവവളത്തോടൊപ്പം ചേര്‍ത്ത് കാര്‍ഷിക വിളകളുടെ തടത്തിലും നടീല്‍ കുഴിയിലും ചേര്‍ത്തുകൊടുക്കാവുന്നതാണ്. കൂടാതെ നൈട്രജന്‍ ജീവാണുക്കള്‍, ഫോസ്ഫറസ് ജീവാണുക്കള്‍ മൈക്കോറൈസ ഇവയോടൊപ്പം ജൈവവളവുമായി ചേര്‍ത്തും ബയോ പൊട്ടാഷ് ഉപയോഗിക്കാം. സസ്യങ്ങളുടെ ചുവട്ടില്‍ പുതയിടുന്നത് വളരെ ഗുണകരമാണ്.

മൈക്കോറൈസ

സസ്യങ്ങളുടെ വേരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മിത്രഫംഗസ് അഥവാ കുമിളുകളാണിത്. സസ്യങ്ങളുടെ വേരിന് അകത്തും പുറത്തുമായി അഭേദ്യബന്ധത്തില്‍ ജീവിക്കുന്ന ഇത്തരം സൂക്ഷ്മജീവികള്‍ സസ്യവളര്‍ച്ചയ്ക്ക് ഉതകുന്ന മൂലകങ്ങളും ഹോര്‍മോണുകളും ലഭ്യമാക്കുകയും വേരിനെ രോഗാണുക്കളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. സസ്യങ്ങള്‍ ഇത്തരം സൂക്ഷ്മജീവിക്ക് ആവശ്യമായ പോഷണവും പ്രദാനം ചെയ്യുന്നു. ഇത്തരത്തില്‍ വേരിന് അകത്തും പുറത്തുമുള്ള അഭേദ്യബന്ധത്തെ മൈക്കോറൈസ (ഫംഗസ് വേര്) എന്ന പേരില്‍ അറിയപ്പെടുന്നു. ഗ്ലോമസ്, ജിജാസ്‌പോറ, അക്കലോസ്‌പോറ, എന്‍ട്രോഫോസ്‌പോവേ, സ്മ്ലിറോസിസ്റ്റിസ് തുടങ്ങിയ ജീനസില്‍പ്പെട്ട കുമിളുകളാണ് സസ്യങ്ങളുടെ വേരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.

വിവിധതരം മൈക്കോറൈസകളെ ഇന്ന് കണ്ടെത്തിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട രണ്ട് മൈക്കോറൈസകളാണ്-
1. ഉപരിതല മൈക്കോറൈസ
2. അന്തര്‍വ്യാപന മൈക്കോറൈസ

ഉപരിതല മൈക്കോറൈസ

ഉപരിതല മൈക്കോറൈസ പൊതുവേ വേരുകളുടെ ഉപരിതലത്തിലാണ് വളരുന്നത്. ബോളിറ്റസ്, അമാനിറ്റ, എലാഫോമൈസസ് തുടങ്ങിയ ഫംഗസുകളാണ് ഉപരിതല മൈക്കോറൈസ വിഭാഗത്തില്‍പ്പെടുന്നത്. മൈക്കോറൈസയുമായി ബന്ധപ്പെട്ട വേരുകള്‍ പൊതുവേ വണ്ണമുള്ളതായിരിക്കും. ചിലയിനം ഫംഗസുകള്‍ വേരുകളുടെ ഉള്ളില്‍ കടന്ന് അതിന്റെ കാമ്പിന്റെ ഉപരിതലത്തില്‍ വലപോലുള്ള ആന്തരിക കവചം നിര്‍മ്മിക്കുകയും മണ്ണില്‍നിന്ന് വലിച്ചെടുക്കുന്ന പോഷകപദാര്‍ത്ഥങ്ങള്‍ സസ്യങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. പ്രധാനമായും അക്കേഷ്യ, യൂക്കാലിപ്റ്റ്‌സ്, കാറ്റാടി ഇവയുടെ വേരുമായി ബന്ധപ്പെട്ട് ഇത്തരം ഫംഗസിനെ കാണാം.

അന്തര്‍വ്യാപന മൈക്കോറൈസ (VAM)

പച്ചക്കറികള്‍ സുഗന്ധവിളകള്‍ വൃക്ഷവിളകള്‍, ധാന്യങ്ങള്‍ പഴവര്‍ഗങ്ങള്‍, പുല്ലുവര്‍ഗവിളകള്‍ മുതലായവയുടെ വേരുമായി ബന്ധപ്പെട്ട് ഇത്തരം കുമിളുകള്‍ അധിവസിക്കുന്നു. ഇത്തരം കുമിളുകള്‍ സസ്യങ്ങളുടെ വേരുകളിലേക്ക് പ്രവേശിച്ച് അന്തര്‍വ്യാപനം നടത്തുകയും കാമ്പിനെ പൊതി ഞ്ഞ് തന്തുക്കള്‍ വളരുകയും ഇതില്‍ ബലൂണ്‍ ആകൃതിയില്‍ വെസിക്കിള്‍ രൂപം കൊള്ളുകയും ചെയ്യുന്നു. തുടര്‍ന്ന് കോശങ്ങളുടെ ഉള്ളില്‍ പ്രവേശിച്ച് വിഭജനം നടത്തി ആര്‍ബസ്‌ക്യൂള്‍സ് രൂപം കൊള്ളുന്നു. ഇത്തരം ആര്‍ബസ് ക്യൂളില്‍ വച്ചാണ് ഫോസ്ഫറസും കാര്‍ബണും മറ്റു മൂലകങ്ങളും വേരും ഫംഗസും തമ്മില്‍ കൈമാറ്റം നടത്തുന്നത്. അനുയോജ്യമായ മറ്റു സസ്യങ്ങളുടെ വേരിലേക്ക് പ്രവേശിക്കുവാന്‍ അന്തര്‍വ്യാപന മൈക്കോറൈസയ്ക്ക് കഴിയും. രോഗകാരിയായ വിവിധ ഫംഗസുകളെ നിയന്ത്രിക്കുന്നതിനും, നിമാവിരകളെ നിയന്ത്രിച്ചു സസ്യവളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും വളരെ സഹായകമാണ് ഇത്തരം മൈക്കോറൈസ.

മൈക്കോറൈസ സസ്യങ്ങളില്‍
പ്രവര്‍ത്തിക്കുന്നത് പലവിധത്തില്‍

(i) വേരുകളുടെ ഉപരിതല വിസ്തീര്‍ണം വര്‍ദ്ധിപ്പിച്ച് കൂടുതല്‍ പോഷകങ്ങള്‍ വലിച്ചെടുക്കുവാന്‍ സസ്യങ്ങളെ സഹായിക്കുന്നു.
(ii) ഫംഗസിന്റെ പ്രവര്‍ത്തനം മൂലം ഉത്പാദിപ്പിക്കുന്ന എന്‍സൈമുകള്‍ അലേയമായ ഫോസ്ഫറസിനെ ലേയരൂപത്തിലാക്കുന്നു.
(iii) പോഷകങ്ങള്‍ വലിച്ചെടുക്കുന്ന സസ്യങ്ങളുടെ വേരുകളുടെ ആയുര്‍ദൈര്‍ഘ്യം കൂട്ടുന്നു.


മൈക്കോറൈസയുടെ ഉപയോഗം
മൂലമുള്ള പ്രയോജനങ്ങള്‍

1. ചെടികള്‍ക്ക് ഫോസ്ഫറസ്, സിങ്ക്, സള്‍ഫര്‍, മാംഗനീസ്, കോപ്പര്‍, ഇരുമ്പ് കൊബാള്‍ട്ട് തുടങ്ങിയ മൂലകങ്ങളെ ലഭ്യമാക്കുന്നു.
2. ഫംഗസുകള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ വേരുകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു.
3. സസ്യങ്ങളെ ബാധിക്കുന്ന രോഗകാരിയായ ഫൈറ്റോഫ്‌ത്തോറ, പിത്തിയം, ഫ്യൂസേറിയം, റൈസക്‌ടോണിയ മുതലായ ഫംഗസുകളുടെ പ്രവര്‍ത്തനത്തെ തടയുന്നു.
4. വേരിനെ ആക്രമിക്കുന്ന ചിലതരം നിമാ വിരകളില്‍ നിന്ന് സസ്യസംരക്ഷണം നടത്തുകയും വേരിന്റെ വളര്‍ച്ച സുഗമമാക്കുകയും ചെയ്യുന്നു.
5. മണ്ണിലുള്ള പോഷക നഷ്ടം ഒരു പരിധിവരെ തടയുകയും, ജൈവ കാര്‍ബണ്‍ സംരക്ഷിയ്ക്കുകയും മണ്ണിന്റെ ഘടന മെച്ചപ്പെടുത്തി ജൈവാംശത്തിന്റെ ഗുണവും അളവും വര്‍ദ്ധിപ്പിക്കുന്നു.
6. സസ്യവളര്‍ച്ചയ്ക്ക് ഉപകാരപ്രദമായ മിത്ര ബാക്ടീരിയകളായ അസോസ്‌പൈറില്ലം, അസറ്റോബാക്ടര്‍, ഫോസ്‌ഫോബാക്ടീരിയ, ബയോ പൊട്ടാഷ് ഇവയുടെ വളര്‍ച്ചയ്ക്കും വംശവര്‍ദ്ധനവിനും സഹായിക്കുന്നു. ഇവയോടൊപ്പം ചേര്‍ത്തുമം മണ്ണില്‍ ഉപയോഗിക്കാം.
7. മൂലകലഭ്യതകുറഞ്ഞ മണ്ണാണെങ്കില്‍ ഈ ഫംഗസിന്റെ തന്തുകള്‍ വളര്‍ന്ന് ലഭ്യതയുള്ള മണ്ണില്‍ നിന്ന് മൂലകങ്ങള്‍ ചെടിക്ക് ലഭ്യമാക്കുന്നു.
8. വളക്കൂറ് കുറഞ്ഞ മണ്ണില്‍ പെട്ടെന്ന് വളരുകയും വംശവര്‍ദ്ധന നടത്തുകയും ചെയ്യുന്നു.
9. ഒരു പരിധിവരെ ഉണക്കിനെ പ്രതിരോധിച്ചും രോഗപ്രതിരോധശേഷിവര്‍ദ്ധിപ്പിച്ചും ചെടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും 20 ശതമാനം മുതല്‍ 30 ശതമാനം വരെ വിളവ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാണ്.

വി.വി. വിജീഷ്
ടെക്‌നിക്കല്‍ ഓഫീസര്‍, ആബ്‌ടെക്

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate