অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മാങ്കോസ്റ്റീന്‍ - പഴങ്ങളുടെ റാണി

മാങ്കോസ്റ്റീന്‍ - പഴങ്ങളുടെ റാണി

മാങ്കോസ്റ്റീന്‍ - പഴങ്ങളുടെ റാണി

താരതമ്യങ്ങള്‍ക്കുമപ്പുറത്താണ് മാങ്കോസ്റ്റീന്‍. അതുകൊണ്ടുതന്നെയാണ് മലയ് ദ്വീപ്‌ സമൂഹത്തില്‍ ജനിച്ച, ആരെയും മയക്കുന്ന രുചിയും സുഗന്ധവുമുള്ള മാങ്കോസ്റ്റീന്‍ പഴങ്ങളിലെ റാണിയായത്. ഇന്ത്യയില്‍ 1881- ലാണ് മാങ്കോസ്റ്റീന്‍ വന്നെത്തിയത്. ദുരിയാന്‍റെയും മാങ്കോസ്റ്റീന്‍റെയും പൂക്കാലം ഒരേ സീസണിലാണ്. പഴങ്ങളുടെ രാജാവ് അതിന്‍റെ കടുത്ത ഗന്ധത്താല്‍ ചൂടേറിയതായിരിക്കുമ്പോള്‍ റാണി നേരെമറിച്ചാണ്. അതിനാല്‍ത്തന്നെ, വാണിജ്യാടിസ്ഥാനത്തില്‍ ദുരിയാന്‍ കൃഷി ചെയ്യുന്നിടത്ത്  ഏതാനും മാങ്കോസ്റ്റീന്‍ മരങ്ങളും നട്ടുപിടിപ്പിക്കാറുണ്ട്. കുടംപുളിയുടെ അടുത്തബന്ധുവാണ് മാങ്കോസ്റ്റീന്‍. കടുംവയലറ്റ് നിറമുള്ള ഫലത്തിന്‍റെ നെറുകയില്‍ കിരീടം വച്ചതുപോലുള്ള ഞെട്ടാണ് ഈ പഴത്തിന്‍റെ മുഖമുദ്ര. വിക്ടോറിയ രാജ്ഞിയുടെ ഇഷ്ടഫലമായിരുന്നത്രേ മാങ്കോസ്റ്റീന്‍. ശ്രേഷ്ഠമായ മാങ്കോസ്റ്റീന്‍ പഴങ്ങള്‍ രാജ്ഞിക്ക് സമര്‍പ്പിക്കുന്നവര്‍ക്ക് പല പാരിതോഷികങ്ങളും നല്‍കിയിരുന്നു. രാജ്ഞിക്കുവേണ്ടി കൊട്ടാരത്തിന്‍റെ അകത്തളങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ ഗ്രീന്‍ഹൗസില്‍ മാങ്കോസ്റ്റീന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും പിന്നീട് അവ ഫലം പുറപ്പെടുവിക്കുകയും ചെയ്തിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരാന്‍ യോജിച്ച ഉത്തമ ഫലവൃക്ഷമാണ്‌ മാങ്കോസ്റ്റീന്‍. സമുദ്രനിരപ്പില്‍നിന്ന് 900 മീറ്റര്‍വരെ ഉയര്‍ന്ന സ്ഥലങ്ങളും 2500 മില്ലിമീറ്റര്‍ മഴയും ഉയര്‍ന്ന തോതിലുള്ള അന്തരീക്ഷ ആര്‍ദ്രതയും മാങ്കോസ്റ്റീന്‍ കൃഷിക്ക് വളരെ യോജിച്ചതാണ്. നല്ല നീര്‍വാര്‍ച്ചയുള്ള, ചെരിവുള്ള സ്ഥലങ്ങളില്‍ മാങ്കോസ്റ്റീന്‍ നന്നായി വളരുന്നതായി കാണുന്നു. അതിനാല്‍, നദികളോടും ജലാശയങ്ങളോടുമടുത്ത പ്രദേശങ്ങളില്‍ ഇവ നന്നായി വളരുന്നു. മണ്ണില്‍ അമ്ലാംശവും ക്ഷാരാംശവും മിതമായിരിക്കണം (പി. എച്ച്. 4.5 മുതല്‍ 6.5 വരെ). മണ്ണില്‍ ഉയര്‍ന്ന തോതിലുള്ള ജൈവാംശം മാങ്കോസ്റ്റീന്‍ കൃഷിക്ക് അത്യന്താപേക്ഷിതമാണ്.

ക്ലോസിയേസി സസ്യകുടുംബത്തിലെ അംഗമായ മാങ്കോസ്റ്റീന്‍ ‘ഗാര്‍സീനിയ മാങ്കോസ്റ്റാന’ എന്ന ശാസ്ത്രീയ നാമത്തിലാണ് അറിയപ്പെടുന്നത്. ഗാര്‍സീനിയ ‘ഹോംബ്രോണിയാന’യും ഗാര്‍സീനിയ മാലക്കെന്‍സിസും തമ്മിലുള്ള പ്രകൃതിദത്ത സങ്കരമാണ് മാങ്കോസ്റ്റീന്‍ എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് മാങ്കോസ്റ്റീന്‍ ഉത്പാദനശേഷി ഇല്ലാത്ത ഹൈബ്രിഡ് ആണെന്ന് പറയുന്നു. പരാഗണവും അതിനോടനുബന്ധിച്ചുള്ള ബീജസങ്കലനവും വഴിയല്ലാതെ വിത്തുകള്‍ മുളച്ചുണ്ടാകുന്ന തൈകളെല്ലാം മാതൃവൃക്ഷത്തില്‍ തനിപ്പകര്‍പ്പുകളാണ്. അതിനാല്‍ മാങ്കോസ്റ്റീന്‍ മരങ്ങളില്‍ പ്രകടമായ വൈവിധ്യം കാണപ്പെടുന്നില്ല. എന്നാല്‍ ഗുണമേന്മയുള്ള തൈകള്‍ ഉത്പാദിപ്പിക്കാന്‍ 50 വര്‍ഷത്തിനുമേല്‍ പ്രായമുള്ള, ധാരാളം ഫലം നല്‍കുന്ന മാതൃസസ്യങ്ങളില്‍നിന്ന് (പ്ലസ്‌ ട്രീ) വിത്തുകള്‍ ശേഖരിക്കണം. ഗ്രാഫ്റ്റ് ചെയ്തും തൈകള്‍ ഉത്പാദിപ്പിക്കാമെങ്കിലും ഇത്തരം തൈകള്‍ നന്നായി വളരുന്നതായോ ധാരാളം ഫലങ്ങള്‍ നല്‍കുന്നതായോ കാണുന്നില്ല.

സാവധാനം വളരുന്ന സ്വഭാവമാണ് മാങ്കോസ്റ്റീന്‍. പരമാവധി 25 മീറ്റര്‍വരെ ഉയരത്തില്‍ വളരുന്ന നിത്യഹരിതവൃക്ഷമായ മാങ്കോസ്റ്റീന്‍ ഒരു അലങ്കാരവൃക്ഷം കൂടിയാണ്. ഇലത്തഴപ്പ് ഇതിന്‍റെ പ്രത്യേകതയാണ്. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ തണല്‍ ആവശ്യമാണെങ്കിലും പ്രായമായ മരങ്ങള്‍ക്ക് തണല്‍ ഒട്ടുംതന്നെ നല്‍കാതിരിക്കുന്നതാണ് പൂവിടലിനും കായഫലം ലഭിക്കുന്നതിനും നന്ന്.

തായ്ലന്റ്, മലേഷ്യ, ഫിലിപ്പൈന്‍സ്, വിയറ്റ്നാം, ശ്രീലങ്ക, ഹവായ്, ബര്‍മ്മ, ഇന്തോനേഷ്യ, ട്രിനിഡാഡ്‌ തുടങ്ങിയ രാജ്യങ്ങളിലെ സമശീതോഷ്ണ മേഖലാപ്രദേശങ്ങളില്‍ മാങ്കോസ്റ്റീന്‍ കൃഷി ചെയ്തുവരുന്നു. ഇന്ത്യയില്‍ കേരളത്തിലെ പമ്പ, മണിമല, അച്ചന്‍കോവില്‍ എന്നീ നദികളുടെ തീരമേഖലകളിലും വയനാട്, ഇടുക്കി എന്നീ ജില്ലകളിലും തമിഴ്നാട്ടിലെ നീലഗിരി, തിരുനെല്‍വേലി, കന്യാകുമാരി എന്നിവിടങ്ങളിലും കര്‍ണാടകയിലെ ദക്ഷിണകന്നഡ, കുടക് എന്നീ ജില്ലകളിലും മാങ്കോസ്റ്റീന്‍ കൃഷിയുണ്ട്. എന്നാല്‍, മേല്‍ത്തരം മാങ്കോസ്റ്റീന്‍ പഴങ്ങള്‍ വയനാട്, ഇടുക്കി എന്നിവിടങ്ങളിലെ ഹൈറേഞ്ചുകളിലാണ് വിളയുന്നത്.

മഞ്ഞുപോലെ വെളുത്ത, മൃദുവായ അകക്കാമ്പാണ് മാങ്കോസ്റ്റീന്‍റെ ഭക്ഷ്യയോഗ്യമായ ഭാഗം. ധാരാളം വിറ്റാമിനുകളുടെയും ധാതുക്കളുടെയും നിരോക്സീകാരകങ്ങളുടെയും പോഷകക്കലവറയാണ് മാങ്കോസ്റ്റീന്‍ പഴങ്ങള്‍. കാര്‍ഡികള്‍, ജാം, പ്രിസര്‍വ്, ടോപ്പിംഗ്, ഐസ്ക്രീം, ജ്യൂസ്, വൈന്‍ എന്നിവ തയ്യാറാക്കാന്‍ മാങ്കോസ്റ്റീന്‍ ഉത്തമമത്രേ. കുടുംബത്തിലുള്ളവരുടെ ആരോഗ്യപരിപാലനത്തിന് വീട്ടുവളപ്പില്‍ നട്ടുപിടിപ്പിക്കുന്ന ഒരു മാങ്കോസ്റ്റീന്‍ തീര്‍ച്ചയായും ഗുണകരമാകും. ഭക്ഷ്യയോഗ്യമല്ലെങ്കിലും പുറംതോട് ഔഷധനിര്‍മ്മാണത്തില്‍ ധാരാളമായി ഉപയോഗിച്ചുവരുന്നു. മാങ്കോസ്റ്റീനിന്‍റെ അണുനശീകരണ സ്വഭാവം മുറിവുകള്‍ ഉണക്കുന്നതിനും സോറിയാസിസ് ഉള്‍പ്പെടെയുള്ള ഗുരുതര ചര്‍മ്മവ്യാധികള്‍ക്കും പ്രയോജനപ്പെടുത്തുന്നു. മാങ്കോസ്റ്റീന്‍ ജ്യൂസും ഇതര ഉത്പ്പന്നങ്ങളും കാന്‍സര്‍ രോഗചികിത്സയില്‍ പ്രയോജനപ്പെടുത്താമെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

കാലവര്‍ഷാരംഭത്തോടെ 10 മീറ്റര്‍ അകലത്തില്‍ 1*1*1 m വലുപ്പത്തില്‍ കുഴിയെടുത്ത് മേല്‍മണ്ണ്, ഉണങ്ങിയ ചാണകപ്പൊടി, ഒരു കിലോ സൂപ്പര്‍ ഫോസ്ഫേറ്റ്, ഒരു കിലോ വേപ്പിന്‍പിണ്ണാക്ക് എന്നിവ സംയോജിപ്പിച്ച് കുഴി നിറയ്ക്കണം. നാല് വര്‍ഷം പ്രായമായ, മൂന്നോ നാലോ ശിഖരങ്ങളുള്ള വലിയ തൈകള്‍ നടുന്നതാണ് അഭികാമ്യം. ചെടിക്ക് ചുറ്റും 3 അടി ചുറ്റളവില്‍ തടമെടുക്കുന്നത് പിന്നീടുള്ള വളപ്രയോഗത്തിനും ജലസേചനത്തിനും നല്ലതാണ്. തായ്ത്തടി ബലപ്പെടുവോളം ചെടികള്‍ക്ക് താങ്ങ് നല്‍കേണ്ടതാണ്. നല്ല വളര്‍ച്ചയ്ക്ക് മികച്ചരീതിയില്‍ ജലസേചനവും വളപ്രയോഗവും നല്‍കാന്‍ ശ്രദ്ധിക്കണം. എട്ടുവര്‍ഷത്തിനുമേല്‍ പ്രായമുള്ള മരങ്ങള്‍ക്ക് 50 കിലോഗ്രാം വരെ ചാണകപ്പൊടിയോ കമ്പോസ്റ്റോ നല്‍കണം. ആണ്ടുതോറും ഒന്നുമുതല്‍ മൂന്നു കിലോ വരെ 18 കോംപ്ലക്സ് രണ്ടോ മൂന്നോ പ്രാവശ്യമായി നല്‍കുന്നത് മികച്ച വിളവ്‌ നല്‍കും. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഒന്നോ രണ്ടോ കിലോഗ്രാം ഡോളമൈറ്റ് നല്‍കുന്നതിനും ശ്രദ്ധിക്കണം. വരള്‍ച്ച നേരിടാനുള്ള മുന്‍കരുതല്‍ സ്വീകരിക്കേണ്ടതും ആവശ്യമാണ്‌.

ക്രമമല്ലാത്ത കായ്പിടിത്തമാണ് മാങ്കോസ്റ്റീന്‍ കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ചെറിയരീതിയിലുള്ള കമ്പുകോതല്‍ നടത്തി, ധാരാളം സൂര്യപ്രകാശവും വായുവും മരത്തിനുള്ളില്‍ പ്രവേശിപ്പിക്കുന്നത് നല്ലതാണ്. ഇതിനായി ഓപ്പണ്‍ സെന്‍റര്‍ പ്രൂണിംഗ് രീതി അവലംബിക്കാം. ചുവട്ടില്‍നിന്നും ഒരു മീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ അകലത്തില്‍ ശാഖകള്‍ മുറിച്ചുനീക്കുക. പ്രധാന തണ്ടില്‍നിന്നും ശാഖകള്‍ തമ്മിലുള്ള അകലം 1.5 അടിയായി നിജപ്പെടുത്തുക എന്നിവ മികച്ച പ്രൂണിംഗ് രീതികളാണ്. ധാരാളം പുഷ്പങ്ങളുണ്ടാകാന്‍ സൂപ്പര്‍ ഫിക്സ് (NAA) 40 ppm ഡിസംബര്‍/ജനുവരി മാസങ്ങളില്‍ ഇലകളില്‍ തളിക്കുന്നത് ഫലപ്രദമാണെന്ന് കണ്ടുവരുന്നു. കായ്പൊഴിച്ചില്‍ തടയാന്‍ മരമൊന്നിന് 25 ഗ്രാം വീതം ബോറോണ്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ തടങ്ങളില്‍ വിതറുന്നത് നല്ലതാണ്. പൊട്ടാസ്യം നൈട്രേറ്റ് 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഇലകളില്‍ തളിക്കുന്നതും ഫലപ്രദമാണ്

ഡോ.സണ്ണി ജോര്‍ജ്ജ്

കടപ്പാട്: കര്‍ഷകമിത്രം, സമ്പൂര്‍ണ്ണ കാര്‍ഷികഗൈഡ്

 

അവസാനം പരിഷ്കരിച്ചത് : 7/29/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate