অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരളത്തിന് ഇണങ്ങുന്ന പഴവര്‍ഗ്ഗങ്ങള്‍

കേരളത്തിന് ഇണങ്ങുന്ന പഴവര്‍ഗ്ഗങ്ങള്‍

ഫലസമൃദ്ധമാണ് കേരളം. വൈവിധ്യമാര്‍ന്ന മണ്ണും കാലാവസ്ഥയും സ്വന്തമായുള്ളതിനാല്‍ ഒട്ടുമിക്ക പഴങ്ങളും കേരളത്തില്‍ അനായാസമായി കൃഷി ചെയ്യാം. മാമ്പഴം, വാഴപ്പഴം, ചക്കപ്പഴം, പപ്പായ, കൈതച്ചക്ക, പേര, ചാമ്പ, സപ്പോട്ട, തുടങ്ങി മലയാളക്കരയ്ക്ക് പ്രശസ്തി നല്‍കിയ ഈ ഫലസമൃദ്ധി കൈമുതലായുള്ളതിനാലാണ് കേരളത്തിന് ഭാരതത്തിന്‍റെ പഴക്കൂട എന്ന പേര് ലഭിച്ചത്. കേരളത്തിന്‍റെ മാമ്പഴ സമൃദ്ധി മറുനാടുകളില്‍ പോലും പ്രശസ്തമാണ്. പാലക്കാട് ജില്ലയിലെ മുതലമട മാവ് കൃഷിയുടെ ആസ്ഥാനമെന്ന നിലയ്ക്ക് ‘മാംഗോ സിറ്റി’ എന്ന പേരില്‍ അറിയപ്പെടുന്നു. ഇന്നും നമ്മുടെ ജൈവസമ്പത്തിന്‍റെ പ്രതീകമായി നാട്ടുമാവുകള്‍ നിലനില്‍ക്കുന്നു. നിറത്തിലും രുചിഭേദത്തിലും ഗുണത്തിലുമൊക്കെ എത്രയോ വൈവിധ്യമാണ് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള നാട്ടുമാവുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. മധ്യവേനല്‍ അവധിക്കാലവുമായി കൈകോര്‍ത്തെത്തുന്ന മാമ്പഴക്കാലം കുഞ്ഞുമനസ്സുകളുടെ ഉല്ലാസവേളകളാണ്. അവരുടെ മനസ്സും ഹൃദയവും മധുരോദാരമാക്കുന്ന മാമ്പഴക്കാലം ഇനിയും സജീവമാകണം.

വാഴപ്പഴങ്ങളുടെ കലവറയാണ് കേരളം. വൈവിധ്യമാര്‍ന്ന വാഴയിനങ്ങള്‍ കേരളത്തിന്‍റെ ജനിതകസമ്പത്തിന് മറ്റൊരു മുതല്‍ക്കൂട്ടാണ്. ഇത്രമാത്രം ജനിതക വൈവിധ്യം മറ്റൊരു നാടിനും സ്വന്തമല്ല എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. മിക്കയിനങ്ങളും നമ്മുടെ ജീവിതശൈലിയും സംസ്കാരവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കേരളത്തിന്‍റെ ഫലസമൃദ്ധിയുടെ മറ്റൊരു നേര്‍ക്കാഴ്ചയാണ് ചക്കപ്പഴം. മരച്ചീനിപോലെതന്നെ മലയാളിയെ ക്ഷാമകാലത്ത് പട്ടിണിയില്‍നിന്നും രക്ഷിച്ച വിഭവമാണ് ചക്ക. ഒരു മരത്തിലുണ്ടാകുന്ന സമ്പൂര്‍ണ്ണ ഭക്ഷ്യവിഭവമെന്ന നിലയില്‍ ചക്കയ്ക്ക് ഇനിയും അര്‍ഹമായ പ്രാധാന്യം നല്‍കിയിട്ടില്ല. യാതൊരുവിധ പരിചരണവുമില്ലെങ്കിലും സമൃദ്ധമായി ഫലം നല്‍കുന്ന പ്ലാവ് നമ്മുടെ നാട്ടില്‍ യഥാവിധി ഉപയോഗിക്കുന്നില്ല എന്ന ദുരവസ്ഥ നിലനില്‍ക്കുന്നു. ചക്കയില്‍നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ധാരാളമായി തയ്യാറാക്കുന്ന സംരംഭങ്ങള്‍ ആരംഭിക്കേണ്ടത് ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണ്‌.

കൈതച്ചക്ക കൃഷിയിലും കേരളം ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഏറ്റവും ഗുണമേന്മയുള്ള പൈനാപ്പിള്‍ കേരളത്തിലാണ് കൃഷി ചെയ്യുന്നത് എന്നതിലും നമുക്കഭിമാനിക്കാം. എറണാകുളം ജില്ലയിലെ വാഴക്കുളം പൈനാപ്പിള്‍ കൃഷിയുടെ തറവാടാണെന്ന് പറയാം. നല്ല മഴയും വരള്‍ച്ചയും ചൂടുമൊക്കെയുള്ള കേരളത്തിന്‍റെ തനതായ കാലാവസ്ഥയ്ക്ക് ഇണങ്ങുന്നവയാണ് പപ്പായ, പേര, ചാമ്പ, സപ്പോട്ട എന്നിവയും. ഇവയെല്ലാംതന്നെ കേരളത്തില്‍ നന്നായി വളരുകയും മികച്ച വിളവ്‌ തരുകയും ചെയ്യുന്നവയാണ്.

കൃഷി വകുപ്പിന്‍റെ തന്നെ ചില സംരംഭങ്ങള്‍ ഫലവര്‍ഗ്ഗങ്ങളില്‍ നിന്ന് സ്വാദിഷ്ടമായ വിവിധ ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കി വിപണനം ചെയ്തുവരുന്നു. അങ്ങനെ കേരളത്തിലെ തനതായ ഫലവര്‍ഗ്ഗങ്ങള്‍ നമ്മുടെ ആരോഗ്യസംരക്ഷണത്തില്‍ മാത്രമല്ല, വരുമാന വര്‍ധനവിലും പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിലും നിര്‍ണായകമായ പങ്കുവഹിക്കുന്നതായി കാണാം. നിരവധി പോഷകങ്ങളാല്‍ സമ്പന്നമായ ഇത്തരം പഴങ്ങളുടെ കൃഷി കേരളത്തിലെ സമതലങ്ങള്‍ക്കും ഹൈറേഞ്ച് മേഖലകളിലും ഒരുപോലെ യോജിച്ചതാണ്. തണുപ്പുള്ള പ്രദേശങ്ങളില്‍ വളരുന്ന ലിച്ചി, അവക്കാഡോ, ആപ്പിള്‍, സ്ട്രോബറി, പീച്ച്, പ്ലം, സബര്‍ജില്‍ തുടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ ഇടുക്കി, വയനാട്‌ എന്നീ ജില്ലകളിലെ ഉയര്‍ന്ന മലമ്പ്രദേശങ്ങളില്‍ മികച്ച വിളവ്‌ നല്‍കിക്കൊണ്ടിരിക്കുന്നു.

എന്നാല്‍, ഇവയില്‍നിന്നെല്ലാം വ്യത്യസ്തമായി കേരളത്തിലെ പഴത്തോട്ടത്തിലേക്ക് പുതുതായി കടന്നുവന്ന ധാരാളം മറുനാടന്‍ പഴങ്ങളുടെ സാന്നിധ്യം കേരളത്തിന്‍റെ സമ്പദ്ഘടനയെ മെച്ചപ്പെടുത്തുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്നു. വിരുന്നുകാരായി കടന്നുവന്ന് പിന്നീട് വീട്ടുകാരായി തീര്‍ന്നവരാണ് ഇത്തരം പുതിയ മിതശീതോഷ്ണ മേഖലാ പഴങ്ങള്‍.

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ജന്മം കൊണ്ട് പിന്നീട് ഭാരതത്തിലേക്കും വിദേശരാജ്യങ്ങളിലേക്കും അതിഥികളായി എത്തിയ ഇവര്‍ മലയാളികളുടെ രസമുകുളങ്ങളെയാണ് ആദ്യം കീഴടക്കിയത്. ഇവയില്‍ പ്രധാനികളാണ് റാമ്പുട്ടാന്‍, ദുരിയാന്‍, മാങ്കോസ്റ്റിന്‍, പുലാസാന്‍, ലാങ്ങ്സാറ്റ് തുടങ്ങിയവ. വിദേശരാജ്യങ്ങളിലേക്ക് തൊഴില്‍തേടിപ്പോയ മലയാളികളാണ് ഒട്ടുമിക്ക പഴങ്ങളും നമുക്ക് പരിചിതമാക്കിയത്. വഴിയോരക്കാഴ്ചകള്‍ക്ക് വിസ്മയാവഹമായ ദൃശ്യവിരുന്നുകള്‍ സമ്മാനിച്ച ഈ പുത്തന്‍പഴങ്ങള്‍ക്ക് കേരളത്തില്‍ വമ്പിച്ച കൃഷി സാധ്യതയുണ്ടെന്ന് തെളിയിച്ചതാണ് പിന്നീടുള്ള ഓരോ കാര്‍ഷിക പ്രവണതകളും. അങ്ങനെ ഇന്ന് ഇത്തരം ധാരാളം വിദേശിപ്പഴങ്ങള്‍ കേരള മണ്ണിന് ഇണക്കമുള്ളതായി മാറിയിരിക്കുന്നു.

റംബൂട്ടാന്‍ - മുള്ളില്‍ വിരിഞ്ഞ മാധുര്യം

പുതുവിളകള്‍ പരീക്ഷിക്കുന്നതില്‍ ഉത്സുകരായ മലയാളികള്‍തന്നെ കണ്ടെത്തി, വളരെ വിജയകരമായി കൃഷി ചെയ്തുവരുന്ന മറുനാടന്‍ ഫലമാണ് റംമ്പൂട്ടാന്‍. തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഏറ്റവും പ്രചാരമുള്ള ഫലവൃക്ഷങ്ങളിലൊന്നായ റംബുട്ടാന്‍ ഒരു നിത്യഹരിതവൃക്ഷമാണ്. കായ്കളുടെ പുറന്തോടില്‍ മൃദുവായ രോമങ്ങളുള്ളതിനാല്‍ ‘മുള്ളന്‍പഴം’ എന്നും അറിയപ്പെടുന്നു. വീട്ടുവളപ്പിലും തോട്ടങ്ങളിലും നട്ടുവളര്‍ത്താന്‍ അനുയോജ്യമായ ഈ ഫലവൃക്ഷം ഏകദേശം 8 മുതല്‍ 10 വരെ മീറ്റര്‍ ഉയരത്തില്‍ വളരാറുണ്ട്. കായ്കളുടെ വര്‍ണഭംഗിയാല്‍ അലംകൃതമായ റംബൂട്ടാന്‍ ഒരു അലങ്കാരവൃക്ഷമായി വീട്ടുവളപ്പിലും തൊടിയിലും നട്ടുവളര്‍ത്താവുന്നതാണ്. ഭക്ഷ്യയോഗ്യമായ ഉള്‍ക്കാമ്പ് സുതാര്യസ്വഭാവമുള്ളതും വെളുത്തതും മാധുര്യമേറിയതുമാണ്. വിവിധതരം വിറ്റാമിനുകള്‍, ധാതുക്കള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, മറ്റ് സസ്യജന്യ സംയുക്തങ്ങള്‍ എന്നീ പോഷകങ്ങളാല്‍ സമൃദ്ധമാണ് ഈ പഴങ്ങള്‍. ഇതിന്‍റെ പുറന്തോടിലും പള്‍പ്പിലും അടങ്ങിയിരിക്കുന്ന നിരവധി ആന്‍റി-ഓക്സിഡന്റുകള്‍ ശരീരകോശങ്ങളെ കാന്‍സര്‍ പോലുള്ള രോഗങ്ങളില്‍നിന്നും സംരക്ഷിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ചരിത്രം

ഫാ. മൂത്തേടന്‍ എന്ന ഈശോസഭാ വൈദികന്‍ ശ്രീലങ്കയിലെ കാന്‍ഡി സെമിനാരിയില്‍ നിന്ന് 1920-ല്‍ റംബൂട്ടാന്‍റെ ഏതാനും വിത്തുകള്‍ കൊണ്ടുവന്ന് മംഗലാപുരം സെന്റ്‌ അലോഷ്യസ് ആശ്രമത്തില്‍ നട്ടുപിടിപ്പിച്ചതാണ് ഭാരതത്തിലെ റംബൂട്ടാന്‍ കൃഷിയുടെ ചരിത്രമെന്ന് പറയപ്പെടുന്നു. പിന്നീട് അദ്ദേഹം തന്നെ 1926-ല്‍ മംഗലാപുരത്തുനിന്ന് ഏതാനും തൈകള്‍ കൊണ്ടുവന്ന് പരിയാരത്തെ തറവാട്ടില്‍ നടുകയുണ്ടായി. പിന്നീട് മലേഷ്യയിലും സിംഗപ്പൂരിലുമൊക്കെ ജോലി തേടിപ്പോയ മലയാളികളാണ് രണ്ടാം ലോകമഹായുദ്ധകാലത്ത് റംബൂട്ടാന്‍ പ്രചരിപ്പിച്ചത്. ഇത് ഭൂരിഭാഗവും പത്തനംതിട്ട ജില്ലയിലെ റാന്നി, കോഴഞ്ചേരി, മാരാമണ്‍ എന്നിവിടങ്ങളില്‍ പ്രത്യേകിച്ച് പമ്പയാറിന്‍റെ ഫലഭൂയിഷ്ഠമായ തീരങ്ങളിലായിരുന്നു. പരിയാരത്തെയും മാരാമണ്ണിലെയുമൊക്കെ വീട്ടുവളപ്പുകളില്‍ പടുകൂറ്റന്‍ റംബൂട്ടാന്‍ മരങ്ങള്‍ ഇപ്പോഴും നല്ല വിളവ്‌ നല്‍കുന്നു. തൃശ്ശൂര്‍ ജില്ലയിലെ പരിയാരം, ചാലക്കുടി, എന്നീ പ്രദേശങ്ങളിലും എറണാകുളം ജില്ലയിലെ കുരിയന്നൂര്‍, നെടുമ്പ്രയാര്‍, ചിറയിരമ്പ് എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളിലും റംബൂട്ടാന്‍ മരങ്ങളുടെ ധാരാളം ജൈവവൈവിധ്യങ്ങള്‍ തന്നെ കാണാം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രിസ്ത്യന്‍ കണ്‍വന്‍ഷനായ മാരാമണ്‍ കണ്‍വന്‍ഷനില്‍ റംബൂട്ടാന്‍ തൈകള്‍ വളരെ വ്യാപകമായി വിതരണം ചെയ്യപ്പെട്ടതും റംബൂട്ടാന്‍ കൃഷി കേരളത്തില്‍ പ്രചാരമാകാന്‍ ഇടയാക്കി.

കൃഷി

ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നന്നായി വളരുന്ന റംബൂട്ടാന്‍ കേരളത്തിന്‍റെ കാലാവസ്ഥയ്ക്ക് വളരെ അനുയോജ്യമാണ്. അന്തരീക്ഷത്തിലെ ഉയര്‍ന്ന ആര്‍ദ്രതയും ഊഷ്മളമായ കാലാവസ്ഥയുമാണ് പ്രധാന ഘടകങ്ങള്‍. സമുദ്രനിരപ്പില്‍നിന്ന് 800 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളാണ് കൃഷിക്ക് ഏറ്റവും യോജിച്ചത്. ഏറ്റവും അനുയോജ്യമായ താപനില 22 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ്. വര്‍ഷത്തില്‍ 2000 മില്ലിലിറ്റര്‍ എങ്കിലും മഴ ലഭിക്കേണ്ടതുണ്ട്. എല്ലാത്തരം മണ്ണിലും റംബൂട്ടാന്‍ വളരുമെങ്കിലും നല്ല നീര്‍വാര്‍ച്ചയുള്ള പശിമരാശി മണ്ണാണ് നല്ല വളര്‍ച്ചയ്ക്കും മികച്ച വിളവിനും നല്ലത്. അമ്ലാംശവും ക്ഷാരാംശവും മിതമായിരിക്കണം (പി.എച്ച് മൂല്യം 4.5 മുതല്‍ 6.5 വരെ). വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ കൃഷി ഒഴിവാക്കേണ്ടതാണ്. നല്ല സൂര്യപ്രകാശം ലഭ്യമാകുന്നതിനാല്‍ ചരിവുള്ള സ്ഥലങ്ങളില്‍ മികച്ച വിളവ്‌ ലഭിക്കും.

എന്നാല്‍ ആദ്യകാലങ്ങളില്‍ വിദേശമലയാളികള്‍ കേരളത്തില്‍ കൊണ്ടുവന്ന് നട്ടുപിടിപ്പിച്ച റംബൂട്ടാന്‍, വിത്തില്‍നിന്നും ഉത്ഭവിച്ചതിനാല്‍ അവയെല്ലാം നാടന്‍ ഇനങ്ങളായിരുന്നതിനാല്‍ ഗുണമേന്മ കുറഞ്ഞതായിരുന്നു. മധുരം കുറഞ്ഞ് പുളി കൂടിയും, കുരു ഉള്‍ക്കാമ്പില്‍നിന്ന് വേര്‍പെടുത്താന്‍ കഴിയാത്തതും, ഉള്‍ക്കാമ്പ് തീരെ ശുഷ്ക്കമായതും വളരെ വലിപ്പമുള്ള കുരുവുമൊക്കെയുള്ള നാടന്‍ ഇനങ്ങള്‍ വ്യാവസായികമായി കൃഷി ചെയ്യാന്‍ തീരെ യോജിച്ചതായിരുന്നില്ല. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമുള്ള ധാരാളം റംബൂട്ടാന്‍ ഇനങ്ങളെ പഠനവിധേയമാക്കിയതിന്‍റെ ഫലമാണ് ഇന്ന് ഹോംഗ്രോണ്‍ ബയോടെക് കണ്ടെത്തിയ മേല്‍ത്തരം റംബൂട്ടാന്‍ ഇനങ്ങള്‍. ഇവയില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവയും വീട്ടുവളപ്പില്‍ കൃഷി ചെയ്യാവുന്നവയുമായി രണ്ടു വിഭാഗങ്ങളില്‍ വ്യത്യസ്ത ഇനങ്ങള്‍ ലഭ്യമാണ്.

ഹോംഗ്രോണ്‍ ബയോടെക് കണ്ടെത്തിയ വാണിജ്യ ഇനങ്ങളാണ് N-18, HG School Boy, HG Baling, HG Rongrien, HG Jarum Emas എന്നിവ. വീട്ടുവളപ്പില്‍ വളര്‍ത്താവുന്ന ഇനങ്ങളാണ് E-35, HG Gading (മഞ്ഞ), King എന്നിവ.

റംബൂട്ടാന്‍ മരങ്ങളില്‍ ആണ്‍, പെണ് വ്യത്യാസമുള്ളതിനാല്‍ വിത്ത് മുളച്ചുണ്ടാകുന്ന തൈകള്‍ കൃഷിക്ക് ഉപയോഗിക്കരുത്. പകരം ഉയര്‍ന്ന ഗുണമേന്മയുള്ള ബഡ് ചെയ്ത തൈകളാണ് കൃഷി ചെയ്യേണ്ടത്. ഇത്തരം തൈകള്‍ നട്ട് മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ പുഷ്പിക്കുകയും നല്ല പരിചരണം നല്‍കിയാല്‍ ആറു മുതല്‍ എട്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉയര്‍ന്ന വിളവ്‌ നല്‍കുകയും ചെയ്യും. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി കണ്ടത്, മരങ്ങള്‍ തമ്മില്‍ 40 അടി അകലം നല്‍കുന്നതാണ്. ഇപ്രകാരം ഒരു ഏക്കര്‍ സ്ഥലത്ത് 30 മുതല്‍ 35 തൈകള്‍ വരെ നടാം. ഒരു മീറ്റര്‍ സമചതുരത്തിലെടുത്ത കുഴിയില്‍ മേല്‍മണ്ണ്‍, 10 മുതല്‍ 20 കിലോഗ്രാം വരെ നന്നായി ഉണങ്ങിപ്പൊടിഞ്ഞ ചാണകം അല്ലെങ്കില്‍ കമ്പോസ്റ്റ്, ഒരു കിലോ സൂപ്പര്‍ ഫോസ്ഫേറ്റ്, ഒരു കിലോ വേപ്പിന്‍പിണ്ണാക്ക് എന്നിവ യോജിപ്പിച്ച് നിറയ്ക്കണം. എന്നിട്ട് മധ്യഭാഗത്ത് ഒരു പിള്ളക്കുഴി തയ്യാറാക്കി തൈ നടണം. മഴക്കാലാരംഭത്തിലോ അടമഴ കഴിഞ്ഞ ശേഷമോ ആണ് തൈ നടാന്‍ ഏറ്റവും നന്ന്. എന്നാല്‍ തൈ നനയ്ക്കുവാന്‍ സൗകര്യമുണ്ടെങ്കില്‍ നടീല്‍ ഏതുകാലത്തുമാകാം. തൈയുടെ ആദ്യകാല വളര്‍ച്ചയെ നന്നായി മനസ്സിലാക്കണം. തുടക്കത്തില്‍ കടുത്ത വെയിലില്‍ നിന്ന് തൈകളെ സംരക്ഷിക്കാന്‍ ചെറിയ തോതിലുള്ള തണല്‍ നല്‍കാം. നന്നായി വേരുപിടിച്ചു കഴിഞ്ഞാല്‍ തണല്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. ചുവട്ടില്‍ വെള്ളക്കെട്ടുണ്ടാകാതെ സൂക്ഷിക്കണം. കുറ്റിനാട്ടി തൈകളെ ചേര്‍ത്തുകെട്ടുന്നത് കാറ്റില്‍നിന്ന് സംരക്ഷണം നല്‍കും. കൃത്യമായ കാലയളവില്‍ കളകള്‍ നീക്കംചെയ്ത് തോട്ടം വൃത്തിയായി സൂക്ഷിക്കണം.

വളപ്രയോഗം

തൈ നട്ട് ആദ്യകൂമ്പ് വന്ന് ഇലകള്‍ മൂത്ത്കഴിഞ്ഞാല്‍ ആദ്യവളപ്രയോഗം ആരംഭിക്കാം. നൂറുഗ്രാം NPK (18 complex) തടങ്ങളില്‍ തൂകിക്കൊടുക്കാം. ആവശ്യാനുസരണം ചാണകപ്പൊടിയും മറ്റു ജൈവവളങ്ങളുമാകാം. വളത്തിന്‍റെ അളവ് ക്രമേണ കൂട്ടി, ആറു വര്‍ഷത്തിനുമേല്‍ പ്രായമുള്ള മരങ്ങള്‍ക്ക് 500 മുതല്‍ 1000 ഗ്രാം വരെ NPK 18 കോംപ്ലക്സും 30 കിലോ ചാണകപ്പൊടി/കമ്പോസ്റ്റും ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഒന്നുമുതല്‍ രണ്ടുകിലോവരെ ഡോളമൈറ്റും നല്‍കുന്നത് വളരെ ഫലപ്രദമാണ്. പരാഗണം നടന്നു കായകള്‍ പയറുവിത്തിന്‍റെ വലുപ്പമെത്തുമ്പോള്‍ മരങ്ങളുടെ വലുപ്പമനുസരിച്ച് 100 മുതല്‍ 300 ഗ്രാം വരെ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് നല്‍കുന്നത് മേന്മയുള്ള പഴങ്ങള്‍ ലഭിക്കുന്നതിന് സഹായിക്കും. വീണ്ടും, വിളവെടുപ്പിന് ഒരു മാസം മുമ്പും പൊട്ടാഷ് നല്‍കാവുന്നതാണ്. റംബൂട്ടാന്‍ പൂവ് വിരിയുന്നതിന് 2 മുതല്‍ 4 ആഴ്ച മുമ്പ് മരമൊന്നിന് 25 മുതല്‍ 50 ഗ്രാം വരെ ബോറാക്സ് (ബോറോണ്‍) മണ്ണില്‍ വിതറി നല്‍കുന്നത് കായ്പൊഴിച്ചില്‍ ഒരു പരിധിവരെ തടയും. വരണ്ട കാലങ്ങളില്‍ ചെടികള്‍ക്ക് ആവശ്യമായ തോതില്‍ ജലസേചനം നല്‍കണം. മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് തടങ്ങളില്‍ ഉണങ്ങിയ ഇലകള്‍കൊണ്ട് പുതയിടുന്നത് ഫലപ്രദമാണ്. ലിറ്ററിന് ഒരു ഗ്രാം നിരക്കില്‍ വെള്ളത്തില്‍ ലയിക്കുന്ന സള്‍ഫര്‍ (സള്‍ഫക്സ്‌.ഇന്സഫ്) കായ്പിടിച്ച് 9 ആഴ്ചകള്‍ക്കുശേഷം ഒരുമാസത്തെ ഇടവേളയില്‍ രണ്ടുപ്രാവശ്യം സ്പ്രേ ചെയ്യുന്നത് കുമിള്‍ബാധയും കായ്പൊഴിച്ചിലും തടയും. ലായനി രൂപത്തിലുള്ള സ്യൂഡോമോണാസ് (ലിറ്ററിന് 10 മില്ലി നിരക്കില്‍) തളിക്കുന്നത് പഴങ്ങളുടെ കൊഴിഞ്ഞുപോകല്‍ തടയുന്നതിനും ഗുണമേന്മയുള്ള പഴങ്ങള്‍ ലഭിക്കുന്നതിനും സഹായകരമാണ്.

റംബൂട്ടാന്‍ മരങ്ങള്‍ക്ക് ഒട്ടും തണല്‍ നല്‍കരുത്. കാരണം, നല്ല സൂര്യപ്രകാശം കിട്ടുന്ന മരങ്ങളേ നന്നായി പൂപിടിച്ച് ഫലസമൃധി നല്‍കുകയുള്ളൂ. കൊമ്പുകോതല്‍ ആണ് റംബൂട്ടാന് യഥാസമയം നല്‍കേണ്ട ശ്രദ്ധേയമായ മറ്റൊരു പരിചരണം. സ്വാഭാവികമായി 20 മീറ്റര്‍ വരെ ഉയരം വയ്ക്കാന്‍ സാധ്യതയുള്ള മരമാണ് റംബൂട്ടാന്‍ എന്നതിനാല്‍ സസ്യവളര്‍ച്ചയുടെ പ്രാരംഭദിശയില്‍ത്തന്നെ ചെടികളെ പൊക്കം കുറച്ച് വളര്‍ത്താന്‍ തൈകളെ രൂപപ്പെടുത്തിയെടുക്കേണ്ടതാണ്. വലിയ ഉയരത്തില്‍ വളര്‍ന്നാല്‍ വിളവെടുപ്പ് ബുദ്ധിമുട്ടാകും. മാത്രമല്ല, പക്ഷിശല്യം തടഞ്ഞ് മരങ്ങളെ വലയിട്ട് നിര്‍ത്തി പഴങ്ങള്‍ സംരക്ഷിക്കുന്നതിനും സാധ്യമാകില്ല. ഈ വൈഷമ്യങ്ങളെല്ലാം പരിഹരിക്കാന്‍ ചെടികളെ രൂപപ്പെടുത്തണം. ഇതിനായി നാല് അടിവരെ തൈകള്‍ വളരാന്‍ അനുവദിക്കുക. നാല് അടി വലുപ്പമുള്ള ചെടിയെ ചുവട്ടില്‍നിന്ന് 2.5 അടി ഉയരത്തില്‍വച്ച് മുറിക്കണം. ഇങ്ങനെ മുറിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യം ചെടികളില്‍ ഇലകളുണ്ടായിരിക്കണമെന്നാണ്. ഇപ്രകാരം 2.5 അടി ഉയരത്തില്‍ മുറിച്ച ചെടിയില്‍നിന്നും ധാരാളം ശാഖകള്‍ പൊട്ടുന്നത് കാണാം. പരമാവധി നാല് കിളിര്‍പ്പുകള്‍ നാല് ദിശയില്‍ വരത്തക്കവിധം മറ്റു കിളിര്‍പ്പുകള്‍ നീക്കം ചെയ്യണം. നിലനിര്‍ത്തിയ മൂന്നോ നാലോ കിളിര്‍പ്പുകളാണ് മരത്തിന്‍റെ പ്രധാന അംഗങ്ങളായി (limbs) പരിണമിക്കുന്നത്. ഇവയും പിന്നീട് primary, secondary, tertiary ശാഖകളായി രൂപാന്തരപ്പെട്ട് മരത്തെ ഒരു കുടയുടെ ആകൃതിയില്‍ രൂപപ്പെടുത്തി മരത്തെ മനോഹരമാക്കി നിലനിര്‍ത്തും. വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുമ്പോള്‍ മരങ്ങള്‍ തമ്മില്‍ 40 അടി അകലം നല്‍കുന്നത് റംബൂട്ടാന്‍ മരങ്ങള്‍ ഓവല്‍ ആകൃതി സ്വീകരിച്ച് പരമാവധി സൂര്യപ്രകാശം ഏറ്റുവാങ്ങി ഏറ്റവും മികച്ച വിളവ്‌ നല്‍കാന്‍ പര്യാപ്തമാക്കും.

രോഗങ്ങള്‍

കാര്യമായ കീട-രോഗ ശല്യമൊന്നും റംബൂട്ടാനെ ബാധിക്കാറില്ലെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ഇവയുടെ ഉപദ്രവം മരങ്ങളെ നാശത്തിലെത്തിക്കാറുണ്ട്. തണ്ടുതുരപ്പന്‍ പുഴുക്കള്‍ മരങ്ങളെ ആക്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവയെ ഒഴിവാക്കുക എന്നതാണ് പ്രധാനം. തടങ്ങള്‍ വൃത്തിയുള്ളതായിരിക്കണം. ജൈവമാലിന്യങ്ങള്‍ അടിഞ്ഞുകൂടി വസ്തുക്കള്‍ ചീയാന്‍ അനുവദിക്കരുത്. വേനല്‍ക്കാലത്ത് തായ്ത്തടിയില്‍ കുമ്മായം/ബോര്‍ഡോ കുഴമ്പ് പുരട്ടുന്നത് നല്ലതാണ്. ഉറുമ്പുകളെ ഒരു കാരണവശാലും മരങ്ങളില്‍ ചുറ്റിത്തിരിയാന്‍ അനുവദിക്കരുത്. ഇവയുടെ പ്രവര്‍ത്തനമായി മീലിമുട്ടകള്‍ റംബൂട്ടാന്‍ പഴങ്ങള്‍ക്ക് ശല്യമുണ്ടാക്കാറുണ്ട്. മീലിമുട്ടയെ ഫലപ്രദമായി നിയന്ത്രിക്കാന്‍ വേര്ട്ടിസീലിയം ലായനി തളിക്കുന്നത് നല്ലതാണ്. ഇലതീനിപ്പുഴുക്കളെ നിയന്ത്രിക്കാന്‍ വേപ്പ് അധിഷ്ഠിതമായ ജൈവക്കൂട്ടുകള്‍ ഉപയോഗിക്കാം.

വിളവ്‌

കേരളത്തില്‍ ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയാണ് റംബൂട്ടാന്‍ പൂക്കാലം. റംബൂട്ടാന്‍ പരപരാഗണ സ്വഭാവിയായ മരമായതിനാല്‍ തേനീച്ചകളുടെയും മറ്റു പ്രാണികളുടെയും സാന്നിധ്യം പരാഗണത്തിനു ഏറെ സഹായകരമാണ്. അതിനാല്‍ ഒരു ഏക്കറിന് രണ്ടോ മൂന്നോ തേനീച്ചപ്പെട്ടികള്‍ വയ്ക്കുന്നത് മികച്ച വിളവ്‌ നല്‍കും. ഏകദേശം 120 മുതല്‍ 130 ദിവസങ്ങള്‍കൊണ്ട് പഴങ്ങള്‍ വിളവെടുപ്പിന് പാകമാകും. പാകമായ പഴക്കുലകള്‍ തോട്ടി അല്ലെങ്കില്‍ കട്ട് ആന്‍ഡ്‌ ഹോള്‍ഡ്‌ ഉപയോഗിച്ച് ശ്രദ്ധയോടെ ഇറുത്തുമാറ്റണം. വിളവെടുപ്പ് അതിരാവിലെയോ വെയില്‍ ആറിയതിനുശേഷമോ ആകുന്നത് പഴങ്ങള്‍ പുതുമയോടെ വിപണിയില്‍ എത്തിക്കുന്നതിന് സഹായകമാകും. നാല് വര്‍ഷം പ്രായമായ ഒരു റംബൂട്ടാന്‍ മരത്തില്‍നിന്നും അഞ്ചുമുതല്‍ 50 കിലോഗ്രാം വരെ വിളവ്‌ ലഭിക്കുന്ന ധാരാളം കര്‍ഷകര്‍ കേരളത്തിലുണ്ട്. ഏഴാം വര്‍ഷം മുതല്‍ 40 മുതല്‍ 160 കിലോഗ്രാം വരെ വിളവ്‌ ലഭിക്കുന്നതായും ചില കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഏഴു വര്‍ഷമാകുമ്പോഴേക്കും മരങ്ങള്‍ അതിന്‍റെ ശാഖാരൂപീകരണം പൂര്ത്തിയാക്കിയിരിക്കും. ഏറ്റവും കുറഞ്ഞത് നൂറുരൂപാ വച്ച് ഒരു കിലോയ്ക്ക് കണക്കുകൂട്ടിയാല്‍ പോലും ഈ ഫലവൃക്ഷത്തിന്‍റെ സാധ്യത മനസ്സിലാക്കാവുന്നതേയുള്ളൂ.

ഔഷധഗുണങ്ങള്‍

നിരവധി ഔഷധഗുണങ്ങളും റംബൂട്ടാന്‍ സ്വന്തം. ഇതിലടങ്ങിയിരിക്കുന്ന നിരോക്സീകാരകങ്ങളും ബീറ്റാ-കരോട്ടിനും ധാരാളം പഠനങ്ങള്‍ക്ക് വിധേയമായതാണ്. റംബൂട്ടാന്‍ പഴത്തിന്‍റെ പുറംതൊലിയും അകക്കാമ്പും വിത്തുമെല്ലാം ഫ്ലേവനോയ്ഡുകളുടെ കലവറയാണെന്ന് കണ്ടെത്തിയിരിക്കുന്നു. ഇപ്രകാരമുള്ള സസ്യജന്യ നിരോക്സീകാരകങ്ങള്‍ അര്‍ബുദരോഗനിയന്ത്രണത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നു. ശരീരത്തിലെ കൊഴുപ്പിന്‍റെ അളവ് കുറച്ച്, ചര്‍മ്മത്തിന് നല്ല ശോഭ വരുത്തി, തലമുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തി, ആരോഗ്യം പ്രദാനം ചെയ്യുന്നതില്‍ റംബൂട്ടാന്‍റെ പങ്ക് അതിപ്രദാനമാണ്.

റംബൂട്ടാന്‍ പഴം ജാം, മെര്‍മലെയ്ഡ്, ജെല്ലി, വൈന്‍, വിനാഗിരി എന്നിവ തയ്യാറാക്കാന്‍ ധാരാളമായി ഉപയോഗിച്ചുവരുന്നു. പഴത്തിന് ആസ്വാദ്യകരമായ തനതായ സ്വാദായതിനാല്‍ ഐസ്ക്രീം, ജ്യൂസ്, എന്നിവ തയ്യാറാക്കാനും പലതരം ഊര്‍ജ്ജദായക പാനീയങ്ങള്‍ തയ്യാറാക്കാനും ഉപയോഗപ്പെടുത്തുന്നു.

കേരളത്തിലെ അനുകൂലമായ കാലാവസ്ഥാ സാഹചര്യങ്ങളും വിപണന സാധ്യതകളും ബോധ്യപ്പെട്ടതോടെ പല കര്‍ഷകസംഘങ്ങളും തനത് കര്‍ഷകരും പലയിടത്തും റംബൂട്ടാന്‍ കൃഷി വാണിജ്യാടിസ്ഥാനത്തില്‍ തന്നെ ആരംഭിച്ച് നേട്ടം കൊയ്യുവാന്‍ തുടങ്ങിയിട്ടുണ്ട്. വീട്ടുമുറ്റത്തൊരു റംബൂട്ടാന്‍ വീടിന് കൂടുതല്‍ വര്‍ണഭംഗി നല്‍കും. വീടുകള്‍ക്ക് ആരോഗ്യവും ഒപ്പം ആദായവും.

ഡോ.സണ്ണി ജോര്‍ജ്ജ്

ഡയറക്ടര്‍, റിസര്‍ച്ച് ആന്‍ഡ്‌ ഡെവലപ്പ്മെന്‍റ്

ഹോംഗ്രോണ്‍ ബയോടെക്, കാഞ്ഞിരപ്പള്ളി

കടപ്പാട്: കര്‍ഷകമിത്രം, സമ്പൂര്‍ണ്ണ കാര്‍ഷിക ഗൈഡ്

അവസാനം പരിഷ്കരിച്ചത് : 7/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate