অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാര്‍ഷികരംഗത്തെ പുത്തന്‍ വിജയകഥകള്‍

ചെറുതേന്‍ സംഭരിക്കാം, ശാസ്ത്രീയമായി

ചെറുതേനീച്ചക്കൂടുകളില്‍ ഇത് തേന്‍ കാലമാണ്. ശാസ്ത്രീയമായി എങ്ങനെ തേനെടുക്കാം എന്നറിയുന്നത് വിലയേറിയ ഔഷധവും ഭക്ഷണവുമായ ചെറുതേന്‍ നഷ്ടപ്പെടാതെ സംഭരിക്കാന്‍ സഹായിക്കും. നല്ല തെളിഞ്ഞ, പ്രസന്നമായ കാലാവസ്ഥയില്‍ വേണം കൂടുകളില്‍ നിന്നും തേന്‍ ശേഖരിക്കേണ്ടത്. ഇതിനായി ഒരു ലിറ്ററിന്റെ ഈര്‍പ്പമില്ലാത്ത കുപ്പി എടുത്ത് പാര്‍ശ്വങ്ങളില്‍ ഒരു ചെറിയ ആണികൊണ്ട ് സുഷിരങ്ങള്‍ ഇടുക. കുപ്പിയുടെ അടപ്പു തുറന്ന് തേന്‍ എടുക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്ന കൂടിന്റെ പ്രവേശന കവാടത്തോട് ചേര്‍ത്തു വയ്ക്കുക. പെട്ടിയുടെ പുറത്തായി ഒരു ചെറിയ തടിക്കഷണംകൊണ്ട് മെല്ലെ തട്ടുക. കൂടിനുള്ളിലെ വേലക്കാരി ഈച്ചകള്‍ പ്രവേശന കവാടം വഴി കുപ്പിക്കുള്ളില്‍ പ്രവേശിക്കും. കുപ്പി നിറയുന്ന മുറയ്ക്ക് അടപ്പുകൊണ്ട ് അടച്ച് സുരക്ഷിതമായി സൂക്ഷിച്ചശേഷം രണ്ടാമത്തെ കുപ്പി ഉപയോഗിച്ചും ഇതുപോലെ തുടരണം. മുഴുവന്‍ വേലക്കാരി ഈച്ചകളും കുപ്പിയില്‍ പ്രവേശിച്ചെന്ന് ഉറപ്പാക്കുക. കുപ്പിക്കുള്ളില്‍ പ്രവേശിച്ച വേലക്കാരി ഈച്ചകള്‍ തമ്മില്‍ കടികൂടാതെ സുരക്ഷിതരായിരിക്കും എന്നതാണ് പ്രത്യേകത.

ഇനി തേനീച്ചക്കൂടിനെ സുരക്ഷിതവും സൗകര്യപ്രദവുമായ ഒരു സ്ഥലത്ത് കൊണ്ടുവരിക. ബലമുള്ള കത്തിയുടെയോ സ്‌ക്രൂഡ്രൈവറിന്റെയോ സഹായത്തോടെ സാവധാനം തുറക്കുക. രണ്ട ് തുല്യഭാഗങ്ങളായി മാറുന്ന പെട്ടിയില്‍ ധാരാളം തേന്‍ ഗോളങ്ങള്‍ ദൃശ്യമാവും. തേന്‍ എടുക്കല്‍ ആരംഭിക്കുന്നതിനു മുമ്പ് കൈയില്‍ ഗ്ലൗസും (കൈഉറ) മുഖത്ത് മാസ്‌ക്കും ധരിക്കുന്നത് അഭികാമ്യമാണ്.

വൃത്തിയുള്ള കത്തിയോ സ്പൂണോ ഉപയോഗിച്ച് പുഴുഅറകള്‍ക്ക് കേടുകൂടാതെ തേനറകള്‍ മാത്രം നീക്കി ശുദ്ധമായ ഒരു സ്റ്റീല്‍ പാത്രത്തിലേക്കു മാറ്റുക. കൂടിനുള്ളിലെ 75 ശതമാനം തേന്‍ മാത്രമേ എടുക്കാവൂ. വരാനിരിക്കുന്ന ക്ഷാമകാലത്ത് കൂട്ടിനുള്ളില്‍ ആവശ്യമായ ആഹാരശേഖരം ഉറപ്പുവരുത്താനും കൂട്‌ശോഷിച്ചുപോകാതെ സംരക്ഷിക്കാനും ഇതു സഹായിക്കും.

മുറിച്ചെടുത്ത തേന്‍ഗോളങ്ങള്‍ വച്ചിരിക്കുന്ന സ്റ്റീല്‍ പാത്രം ശുദ്ധമായ ഒരു സ്റ്റീല്‍ ചരുവത്തിനു മുകളില്‍ ഇഴയടുപ്പമുള്ള മസ്ലിന്‍ തുണി കെട്ടിയശേഷം അതിനു മുകളില്‍ ചരിച്ചു വയ്ക്കണം. ചരുവത്തില്‍ സൂര്യപ്രകാശം ലഭിക്കത്തക്കവിധം വയ്ക്കുമ്പോള്‍ മെഴുക് ഉരുകി ശുദ്ധമായ തേന്‍ പുറത്തു വന്ന് അരിപ്പയിലൂടെ ചരുവത്തില്‍ വീഴും.

തേനെടുത്തു കഴിയുമ്പോള്‍ കൂടുകള്‍ സുരക്ഷിതമായി അടച്ച് പഴയ സ്ഥലത്ത് സ്ഥാപിച്ചഉടനെ കുപ്പികളിലെ ചെറുതേനീച്ചകളെ കൂടിന്റെ പ്രവേശന കവാടത്തിനടുത്ത് തുറന്ന് കൊടുക്കുമ്പോള്‍ ഈച്ച മുഴുവന്‍ കൂട്ടിനുള്ളില്‍ കടക്കും.

ഇങ്ങനെ ശേഖരിച്ച തേനിനെ വായു കടക്കാത്ത ശുദ്ധമായ കുപ്പികളിലാക്കി വിപണനം നടത്താം. ഞൊടിയല്‍ തേന്‍ ചൂടാക്കി സംസ്‌കരിക്കുന്നതു പോലെ ചെറുതേന്‍ സംസ്‌കരിക്കേണ്ട ആവശ്യമില്ല. വര്‍ധിച്ച തോതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ തനതായി നിലനിര്‍ത്താനും ഇതു സഹായിക്കും.

വൈവിധ്യമാര്‍ന്ന സസ്യസമ്പത്തുള്ള കേരളത്തില്‍ തേനീച്ച വളര്‍ത്തലിന് അനന്ത സാധ്യതയാണുള്ളത്. പരാഗണത്തിലൂടെ വിളവര്‍ധനയും 'ഭക്ഷ്യഭദ്രതയും കൈവരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് തേനീച്ച. ഹൈമെനോപ്റ്റീറ ഗണത്തില്‍പ്പെടുന്ന മെലീപോണിലെ ഉപകുടുംബത്തിലെ ഷഡ്പദങ്ങളാണ് ടെട്രാഗോണുല്ല ഇറിഡിപെന്നീസ് എന്ന ശാസ്ത്ര നാമമുള്ള ചെറു തേനീച്ചകള്‍. പ്രകൃതിദത്തമായ ഇവയുടെ കൂടുകള്‍ മതിലുകളുടെ വിടവുകളിലും മരപ്പൊത്തുകളിലും കാണുന്നു. മറ്റു തേനീച്ചകളെപ്പോലെ സമൂഹജീവിതം നയിക്കുന്ന ചെറുതേനീച്ചക്കൂട്ടില്‍ ഒരു റാണിയീച്ച, കുറച്ച് ആണീച്ചകള്‍, ഏറെ വേലക്കാരി ഈച്ചകള്‍ എന്നിവരാണുള്ളത്.

ഞൊടിയല്‍ തേനീച്ചയ്‌ക്കെന്നപോലെ ചെറുതേനീച്ചയ്ക്കും വളര്‍ച്ചാക്കാലം ഒക്‌ടോബര്‍, ഡിസംബര്‍ മാസങ്ങളാണ്. ഏപ്രില്‍, മേയ് മാസങ്ങളാണ് തേന്‍കാലം. തുടര്‍ന്ന് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മഴക്കാലം ക്ഷാമ കാലവുമാണ്. ഞൊടിയല്‍ തേനീച്ചയുടെ തേന്‍കാലം അവസാനിക്കുന്ന ഈ ഘട്ടത്തില്‍ ചെറുതേനീച്ച കോളനികളും തേന്‍ നിറഞ്ഞ് സമ്പന്നമായിരിക്കുന്നതായി കാണാം. ഏപ്രില്‍- മേയ് മാസങ്ങളില്‍ത്തന്നെ ഈ തേന്‍ ശേഖരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ചെറുതേനീച്ച കൂടുകളില്‍ പുഴു, പൂമ്പൊടി, തേന്‍ എന്നിവ വെവ്വേറെയുള്ള അറകളില്‍ സൂക്ഷിക്കുന്നതുകൊണ്ട ് ശുദ്ധമായ തേന്‍ ശേഖരിക്കാന്‍ എളുപ്പമാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള ചെറുതേനീച്ച വളര്‍ത്തലിന് അനുയോജ്യമായ തേനീച്ചപ്പെട്ടിയും കാര്‍ഷിക സര്‍വകലാശാല രൂപകല്പന ചെയ്തിട്ടുണ്ട്. 35 സെന്റീമീറ്റര്‍ നീളവും ഏഴു സെന്റീ മീറ്റര്‍ വീതിയും നാലു സെന്റീ മീറ്റര്‍ പൊക്കവുമുള്ള, തേക്കിന്‍ തടിയില്‍ നിര്‍മിച്ച ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണ് ഒരു ചെറുതേനീച്ചക്കൂട്. ഉള്ളിലുള്ള തേനിന്റെ അളവ് മനസിലാക്കിവേണം തേന്‍ എടുക്കാനുള്ള കൂട് തെരഞ്ഞെടുക്കേണ്ടതും പെട്ടി തുറക്കേണ്ടതും. തീ രെ ഭാരം കുറഞ്ഞ കൂടുകള്‍ ഒഴിവാക്കുക.

ന്യൂസിലന്‍ഡിലെ മനൂക്കാ (ലപ്‌ടോസ്‌പേര്‍മം സ്‌കോപേറിയം) എന്ന സസ്യത്തില്‍ നിന്നും ലഭിക്കുന്ന മനൂക്കാ ഹണിയാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ ഔഷധ സമ്പുഷ്ടമായ തേന്‍. നമുക്കു ചുറ്റുമുള്ള തുളസിപോലുള്ള ഔഷധസസ്യങ്ങളില്‍ നിന്നും ചെറുതേനീച്ച ശേഖരിക്കുന്ന തേനും ശുദ്ധമായി ശേഖരിച്ച് ഒരു ഔഷധമായി വര്‍ധിച്ച വിലയ്ക്ക് വിപണനം നടത്താനും ഏറെ സാധ്യതയാണുള്ളത്. ഓരോ വീട്ടിലും ഒരു ചെറുതേനീച്ചക്കൂ ടെങ്കിലും സ്ഥാപിക്കാന്‍ നമു ക്കൊരുങ്ങാം.

ഡോ. സ്റ്റീഫന്‍ ദേവനേശന്‍
ഡോ. കെ. എസ്. പ്രമീള
മുന്‍ ഡീന്‍ & മേധാവി തേനീച്ച പരാഗണ ഗവേഷണ കേന്ദ്രം
കേരള കാര്‍ഷികസര്‍വകലാശാല
email: devanesanstephen@gmail.com 
ഫോണ്‍: 9400185001, 8547190984

കാന്തല്ലൂരിലെ ജെറബറ വസന്തം

ശീതകാല വിളകളും പഴ വര്‍ഗങ്ങളും വിളയുന്ന കാര്‍ഷിക ഗ്രാമമാണ് കാന്തല്ലൂര്‍. ഇവടെ വ്യാവസായികാടിസ്ഥാത്തില്‍ പുഷ്പകൃഷിയും പച്ചപിടിക്കന്നു. പ്രതിമാസം ഒരു ലക്ഷത്തോളം പൂക്കളാണ് ഇവിടെനിന്ന് നഗരങ്ങളിലേക്കും അയല്‍ സംസ്ഥാനങ്ങളിലേക്കും വണ്ടി കയറുന്നത്. ഇടുക്കി ജില്ലയിലെ മറയൂരില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള കാര്‍ഷിക ഗ്രാമമാണ് കാന്തല്ലൂര്‍. കാബേജ്, കോളിഫ്‌ളവര്‍, ബീന്‍ സ്, ബീറ്റ്‌റൂട്ട്, ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി, കാരറ്റ് തുടങ്ങിയ പതിനഞ്ചിലേറെ പച്ചക്കറികളാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. കൂടാതെ ഓറഞ്ച്, മാതളം, ആപ്പിള്‍, മള്‍ബറി, സബര്‍ ജില്‍ തുടങ്ങി പത്തോളം പഴവര്‍ഗങ്ങളും സമൃദ്ധമായി വളരുന്നു. ഇവയുടെ കൃഷിയില്‍ സജീവമാകാതെ പുഷ്പകൃഷിക്ക് തുടക്കമിട്ട കര്‍ഷകനാണ് വള്ളമറ്റം സോജന്‍ ജോസഫ്.

രണ്ടു പതിറ്റാണ്ട് മുമ്പു തോ ന്നിയ ചെറിയൊരു കമ്പമാണ് എറണാകുളം മൂവാറ്റുപുഴക്കാരനായ സോജനെ കാന്തല്ലൂരി ലെത്തിച്ചത്. പാറക്കെട്ടുകളും കുറ്റിച്ചെടികളും നിറഞ്ഞ ഒരു മല. നഗരത്തിലെ തിരക്കുപിടിച്ച ജീവിതത്തില്‍ നിന്ന് ശുദ്ധവായു ശ്വസിച്ച് ഒരു വിശ്രമം. അതിനായി ചെറിയൊരു വീട് നിര്‍മിച്ചു. ശീതകാല വിളകളുടെ കൃഷിയും ആരംഭിച്ചു. പ്രതീക്ഷിച്ചതുപോലെ വിജയം ഉറപ്പാക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് ജെറബറയുടെ കൃഷി ആരംഭിക്കുന്നത്. കാന്തല്ലൂരിലെ കുറഞ്ഞ ആര്‍ദ്രതയും തണുപ്പും പുഷ്പകൃഷിക്ക് കൂടുതല്‍ അനുയോജ്യമാണെന്ന കണ്ടെത്തലിലാണ് ഇതിലേക്ക് ചുവടുമാറിയത്. ചെറിയൊരു പോളിഹൗസിലായിരുന്നു തു ടക്കം. വെള്ള, ചുവപ്പ്, മഞ്ഞ, പിങ്ക്, ഓറഞ്ച് തുടങ്ങിയ നിറത്തിലുള്ള പൂക്കളുടെ ഉത്പാദനം ആരംഭിക്കുന്നത് ആറു വര്‍ഷം മുമ്പാണ്. ആദ്യ കൃഷി നഷ്ടമില്ലാതെ മുന്നേറിയതുകൊണ്ട് പുഷ്പകൃഷിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി. ഒന്‍പത് പോളിഹൗസുകളിലായി വ്യത്യസ്ത ഇനങ്ങള്‍ ഇന്ന് കൃഷി ചെയ്യുന്നു. ജെറബറയ്ക്കു വേണ്ടി ആറു പോളിഹൗസുകളുണ്ട്. 8000 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലുള്ള പോളി ഹൗസില്‍ അരലക്ഷത്തിലേറെ ജെറബറച്ചെടികളുണ്ട്.

ജെറബറ: തുടക്കവും ഒരുക്കവും
കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ പുഷ്പകൃഷി ആരംഭിക്കുന്നത് രണ്ടു പതിറ്റാണ്ട് മുമ്പാണെങ്കിലും വേണ്ടത്ര വിജയം ഇന്നും കൈവരിക്കാന്‍ നമുക്കു സാധിച്ചിട്ടില്ല. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള പുഷ്പങ്ങളാണ് ഇന്നും അലങ്കാരത്തിനായി നാം ഉപയോഗിക്കുന്നത്. പ്രതിദിനം നൂറു ടണ്ണിലേറെ പൂക്കള്‍ മലയാളക്കരയില്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. അനുകൂലമായ സാഹചര്യവും കാലാവസ്ഥയും പഠിച്ച് പുഷ്പകൃഷി ആദായകരമാക്കുവാന്‍ കഴിയുമെന്നുറപ്പു വരുത്തിയശേഷമാണ് സോജന്‍ ജോസഫ് കാന്തല്ലൂരില്‍ പുഷ്പകൃഷി ആരംഭിക്കുന്നത്. പൂക്കളുടെ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ് മലയാളക്കരയിലുള്ളത്. മറ്റു സംസ്ഥാനങ്ങളെക്കാള്‍ ലാഭകരമായി ഇവിടെ പുഷ്പകൃഷി നടത്താന്‍ കഴിയുമെന്നാണ് സോജന്റെ അഭിപ്രായം. എത്ര പൂക്കളുണ്ടായാലും അവ കേരളത്തില്‍ തന്നെ വില്‍ക്കാന്‍ പറ്റും. പുഷ്പകൃഷിയുടെ കൃഷിരീതികളും മറ്റും കര്‍ഷകര്‍ക്ക് പറഞ്ഞു കൊടുക്കാനോ പ്രോത്‌സാഹിപ്പിക്കാനോ അധികമാരുമില്ല. ബാം ഗ്ലൂരിലെ ഫാമുകളില്‍ പോയി കൃഷി രീതികള്‍ കണ്ടു പഠിച്ചശേഷമാണ് കാന്തല്ലൂരില്‍ ജെറബറ കൃഷി തുടങ്ങിയത്.

അയല്‍ സംസ്ഥാനങ്ങളില്‍ വിടരുന്ന പൂക്കളുടെ പകുതിയോളം വാങ്ങുന്നത് മലയാളികളാണ്. പുഷ്പവിപണിയിലെ സാധ്യതകള്‍ ഇതില്‍ നിന്നു മനസിലാക്കാം. സാഹചര്യങ്ങള്‍ക്കനുസരിച്ച് ലാഭകരമായി നടത്താന്‍ കഴിയുന്ന കൃഷികള്‍ പിന്‍ തുടര്‍ന്നാലേ കര്‍ഷകന് സാമ്പത്തിക ലാഭം ഉണ്ടാകൂ. ഒരാള്‍ വിജയിച്ച വഴി പിന്തുടരുന്നത് ഒരിക്കലും ലാഭകരമായിരിക്കില്ല. കൃഷിയിടത്തിന് അനുയോജ്യമായ-വിപണന സാധ്യതകള്‍ ഉള്ള വിളകള്‍ കൃഷി ചെയ്യുക. ഏതു കൃഷി ചെയ്യുന്നതിനു മുമ്പും ആ കൃഷിയുടെ ഗുണങ്ങളും കൃഷി പരിചരണ രീതികളും വിപണന സാധ്യതകളും നല്ലപോലെ പഠിച്ചുകൊണ്ടു ചെയ്താല്‍ കൃഷിനഷ്ടമാകില്ലന്ന് സോജന്‍ ജോ സഫ് പറയുന്നു.

കാന്തല്ലൂരില്‍ പതിനായിരം ജെറബറ നട്ടായിരുന്നു സോജന്റെ തുടക്കം. മുന്നടി വീതിയില്‍ ഉയരത്തില്‍ വാരങ്ങളെടുത്താണ് തൈകള്‍ നട്ടത്. ചെടികളുടെ ചുവട്ടില്‍ കൂടുതല്‍ ഈര്‍പ്പം നിലനില്‍ക്കുന്നത് നിയന്ത്രിക്കാന്‍ ഇതുമൂലം സാധിക്കും. ഒരടി അകലത്തിലാണ് തൈകള്‍ നടുന്നത്. വാരങ്ങളെടുക്കുന്നതിനു മുമ്പ് കുമ്മായം വിതറി മണ്ണ് ഇളക്കിയിടും. മൂന്നു നാല് ദിവസങ്ങള്‍ക്കു ശേഷമാണ് വാരങ്ങളെടുക്കുന്നത്. ചാണകപ്പൊടി, എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക് ഇവ അടിവളമായി ചേര്‍ത്താണ് വാരങ്ങളെടുക്കുന്നത്. ഉറയ്ക്കുന്ന മണ്ണാണെങ്കില്‍ മണ്ണിന് ഇളക്കം കിട്ടാന്‍ ചകിരിച്ചോറോ നെല്ലിന്റെ ഉമിയോ തടം എടുക്കുമ്പോള്‍ ചേര്‍ത്തു കൊടുക്കണം. ചെടികളുടെ വേരുകള്‍ക്ക് അനായാസം സഞ്ചരിക്കാന്‍ ഇതു സഹായിക്കും. മണ്ണിനിളക്കം ഉണ്ടെങ്കില്‍ മാത്രമേ ചെടികള്‍ ആരോഗ്യത്തോടെ വളരൂ. നടുന്നതിനു മുമ്പായി കുമിള്‍ ബാധയെ പ്രതിരോധിക്കാനുള്ള 'ഹൈഡ്രജന്‍ പെറോക്‌സൈഡ്' ഒരു ലിറ്റര്‍ വെള്ളത്തില്‍ 35 മില്ലിലിറ്റര്‍ കണക്കില്‍ ചേര്‍ത്ത് തടങ്ങളില്‍ ഒഴിച്ച് കൊടുക്കുന്നു. കുറഞ്ഞ താപനിലയും കൂടിയ അന്തരീക്ഷ ആര്‍ദ്രതയും ഉള്ളപ്പോഴാണ് അന്തരീക്ഷത്തിലൂടെയുള്ള കുമിള്‍ബാധ ഉണ്ടാകുന്നത്. ശാസ്ത്രീയ മണ്ണൊരുക്കത്തിലൂടെ ഈ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ കഴിയും.

മൂന്നു വര്‍ഷം വരെ ആദായം തരുന്ന ജെറബറയുടെ ടിഷ്യു കള്‍ച്ചര്‍ തൈകള്‍ പൂനയില്‍നിന്ന് വരുത്തി, പ്രത്യേകം പരിചരണം നല്‍കി വളര്‍ത്തിയെടുത്തശേഷമാണ് ഫാമില്‍ നടുന്നത്. ഒരു തൈയ്ക്ക് 50 രൂപയോളം ചെലവു വരും. ആയിരം ചതുരശ്രമീറ്റര്‍ പോളി ഹൗസില്‍ പതിനായിരം തൈകള്‍ നടാം. മൂന്നു മാസം കഴിയുമ്പോള്‍ പൂക്കള്‍ ഉണ്ടായിത്തുടങ്ങും. ആദ്യ പുഷ്പിക്കല്‍ വരെ കൂടുതല്‍ ശ്രദ്ധവേണം. ചാണക സ്‌ളറി ആഴ്ചയില്‍ ഒരു തവണ ഒഴിച്ചു കൊടുക്കും. മൂന്നു മാസം കൂടുമ്പോള്‍ വേപ്പിന്‍ പിണ്ണാക്കും എല്ലുപൊടിയും ചുവട്ടില്‍ ഇട്ടു കൊടുക്കും. ശത്രുകീടങ്ങളെ അകറ്റാന്‍ മഞ്ഞക്കെണിയും വേപ്പെണ്ണ എമെല്‍ഷനും ഉപയോഗിക്കുന്നു.
ശേഖരണവും വിപണനവും

മുവാറ്റുപുഴയിലെ മികച്ച സമ്മിശ്രകര്‍ഷകനായ വള്ളമറ്റം ജോസഫിന്റെ മകന് കൃഷി പരിചരണരീതികള്‍ മന:പാഠമാണ്. ചെറുപ്പം മുതല്‍ ഉണ്ടായിരുന്ന കൃഷി താല്പര്യമാണ് ജെറബറ കൃഷിയിലേക്ക് ഇദ്ദേഹത്തെ നയിച്ചത്. പുതുതായി തുടങ്ങുന്ന കൃഷിയെക്കുറിച്ച് നല്ലപോലെ പഠിക്കണമെന്ന് ഓര്‍മപ്പെടുത്തിയത് 1996 ല്‍ തുടങ്ങിയ ശീതകാല വിളകളുടെ കൃഷിയാണ്. ആദ്യ കൃഷിയില്‍ നിന്നു നഷ്ടമുണ്ടായപ്പോള്‍ അത് ലാഭകരമാക്കാനുള്ള ശ്രമം തുടങ്ങി. ഏതാനും വര്‍ഷം വിവിധ വിളകള്‍ മാറിമാറി കൃഷി ചെയ്‌തെങ്കിലും മുടക്കുമുതല്‍ പോലും ലഭിച്ചില്ല.

നഷ്ടത്തിനു നടുവില്‍ തളരാതെ കൃഷിയില്‍ മുന്നേറണമെന്ന വാശിയാണ് പുഷ്പകൃഷിയിലേക്കു നയിച്ചത് . മികച്ച കര്‍ഷകരുടെ ഫാമുകള്‍ സന്ദര്‍ ശിച്ചു. ഓരോന്നും പഠിച്ചു. കൃഷിയിടത്തിലെ കാലാവസ്ഥയും ഭൂമിയുടെ കിടപ്പും മണ്ണിന്റെ ഘടനയും പരിശോധിച്ചു. ഇവ ജെറബറയ്ക്ക് അനുയോജ്യമെന്ന് ഉറപ്പു വരുത്തിയാണ് കാന്തല്ലൂരിലെ പുഷ്പകൃഷിക്ക് തുടക്കം.

വളരെ ശ്രദ്ധയോടെ ചെടികളെ പരിപാലിച്ചാല്‍ മികച്ച ആദായം ഉറപ്പാക്കാം. ഒരു ചെടിയില്‍ നിന്ന് ശരാശരി മൂന്നു പൂക്കള്‍ ഒരു മാ സം ലഭിക്കും. നല്ല നിറവും വലിപ്പവുമേറിയ പൂക്കളും നീളമുള്ള തണ്ടുമാണ് വില നിര്‍ണയിക്കുന്നത്. പരമാവധി ഒരേ വലിപ്പത്തിലുള്ള പൂക്കളാണ് പുഷ്പാലങ്കാരത്തിനായി ഉപയോഗിക്കുന്നത്. സീസണില്‍ ആറു രൂപ മുതല്‍ പതിനഞ്ചു രൂപ വരെ ഒന്നിനു ലഭിക്കും. ഒരാഴ്ച വരെ കേടു കൂടാതെ ഇരിക്കുമെന്നതാണ് ഈ പൂവിന്റെ മറ്റൊരു പ്രത്യേകത. സോജന്റെ ഭാര്യ തെരേസയുടെ നേതൃത്വത്തില്‍ എറണാകുളത്തെ പുഷ്പക്കടയില്‍ ജെറബറയുടെ വില്പനയുമുണ്ട്.

വിളവെടുക്കുന്ന പൂക്കളില്‍ ഭൂരിഭാഗവും പ്രത്യേകം കവറുകളില്‍ നിറച്ച് ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളിലേക്കാണ് അയയ്ക്കുന്നത്. ആവശ്യക്കാര്‍ക്ക് നല്‍കാനുള്ള പൂക്കളില്ലെന്ന ദുഃഖവും ഇദ്ദേഹത്തിനുണ്ട്. വിപണി നോക്കി അലങ്കാര ഇലവര്‍ഗച്ചെടികളും ഇദ്ദേഹം കൃഷി ചെയ്തിട്ടുണ്ട്.

ഇലകളും കൃഷിചെയ്യാം

ആകര്‍ഷകമായ രൂപഭംഗിയുള്ള ജെറബറയ്ക്ക് മണമില്ലെങ്കിലും അലങ്കാര പുഷ്പങ്ങളിലെ മുന്‍നിരക്കാരിയാണ്. ഈ പുഷ്പകൃഷിയോടൊപ്പം അലങ്കാര ഇലച്ചെടികളും കൃഷി ചെയ്താല്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയും. അലങ്കാരത്തിനാവശ്യമായ പൂക്ക ളും ഇലകളും ഒരു സ്ഥലത്തു നിന്നു കിട്ടുമെന്നുറപ്പായാല്‍ കച്ചവടക്കാര്‍ കൃഷിയിടത്തിലെത്തും. ഇന്നു കൂടുതല്‍ ഡിമാന്‍ഡുള്ള ഇലവര്‍ഗച്ചെടിയാണ് ലെതര്‍ ലീഫ് ഫേണ്‍. ഒരു കുറ്റിച്ചെടിയാണിത്. ഇതിന്റെ ഇലകള്‍ക്ക് കട്ടി കൂടുതലായതിനാല്‍ പെട്ടെന്നു കേടുപാടു സംഭവിക്കില്ല. അലങ്കാരത്തിനുപയോഗിക്കുമ്പോള്‍ ഒരാഴ്ചവരെ പുതുമയോടെ നിലനില്‍ ക്കും. ജെറബറ കൃഷി ചെയ്യുന്നതുപോലെയാണ് ഇതിന്റെയും കൃഷി. 600 ചതുരശ്രമീറ്റര്‍ പോളിഹൗസില്‍ വാരമെടുത്ത് ലെതര്‍ ലീഫ് ഫേണ്‍ കൃഷി ചെയ്തിട്ടുണ്ട് സോജന്‍. മൂന്നു മാസത്തിനു ശേഷം വിളവെടുപ്പു തുങ്ങിയാല്‍ കൂടുതല്‍ ആദായം കിട്ടും.

മൂന്നു വര്‍ഷം കഴിയുമ്പോള്‍ റീപ്ലാന്റ് ചെയ്യണം. ഇപ്പോള്‍ ദിനംപ്രതി മൂവായിരം തണ്ടുകളാണ് വിളവെടുക്കുന്നത്. സീസണില്‍ അഞ്ചു രൂപ വരെ വില ലഭിക്കും. കൂടാതെ പ്രത്യേക അലങ്കാരത്തിനും ബൊക്കെ നിര്‍മാണത്തിനും ഉപയോഗിക്കുന്ന 'ബേബി ഡോളര്‍' എന്ന വിദേശ ഇലച്ചെടിയും ഇവിടെയുണ്ട്. വെള്ളി നിറത്തിലുള്ള ചെറിയ ഇലകളോടുകൂടിയ ശിഖരങ്ങളാണ് അലങ്കാരത്തിനുപയോഗിക്കുന്നത്. ചെറുപുഷ്പം പോലെ വളരുന്ന ഈ ചെടി വീടുകള്‍ക്ക് അലങ്കാരമാണ്. ഇവയുടെ ഇരുപതോളം ചെടികള്‍ വളര്‍ന്ന് വരികയാണ്. അത്യാവശ്യം വേണ്ടവര്‍ക്ക് ഇവയുടെ ഇല നല്‍കുന്നുണ്ട്.

ഒരു കൃഷി ശാസ്ത്രജ്ഞനെപ്പോലെ കൃഷിയിടത്തില്‍ നിരീക്ഷണം നടത്തി പോരായ്മകള്‍ പരിഹരിക്കുവാന്‍ ശ്രമിക്കുമ്പോഴാണ് കൃഷി ലാഭത്തിലാകുന്നത്. കേടുവന്നതും നശിച്ചതുമായ ഇലകള്‍ ചെടികളുടെ ചുവട്ടില്‍ നിന്നു നീക്കം ചെയ്യുമ്പോള്‍ രോഗങ്ങള്‍ കുറയും. വളര്‍ച്ച കൂടും. തുള്ളി നന രീതിയിലാണ് ജലസേചനം. ഇതിനായി ഒരുമഴവെള്ള സംഭരണിയും കുഴല്‍ക്കിണറുമുണ്ട്.

നെല്ലി ചെങ്ങമനാട്
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447039409

 

അവസാനം പരിഷ്കരിച്ചത് : 1/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate