অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നാളികേര നഴ്സറി പരിപാലനം

നാളികേര നഴ്സറി പരിപാലനം

തെങ്ങിന്‍ തൈ പരിപാലനം

നാളികേരം ഒരു ദീർഘകാല വിളയാകുന്നു. അതിനാൽ കൃഷിയിടത്തിൽ നട്ട്‌ പത്തു പതിനഞ്ച്‌ വർഷം കഴിഞ്ഞാൽ മാത്രമെ നാളികേരത്തിന്റെ ഉത്പാദനം വിലയിരുത്താൻ സാധിക്കുകയുള്ളു. അഞ്ചുലക്ഷത്തോളം തെങ്ങിൻ തൈകളാണ്‌ രാജ്യത്ത്‌ പുതിയ കൃഷിക്കും നിലവിലുള്ള തോട്ടങ്ങളിലെ കേട്‌ പോക്കാനുമായി നാം പ്രതിവർഷം ഉത്പാദിപ്പിക്കുന്നത്‌. നിലവാരം കുറഞ്ഞ തൈകളാണ്‌ ഉത്പാദിപ്പിക്കുന്നതെങ്കിൽ പുതിയ തോട്ടങ്ങൾ ആദായത്തിന്റെ കാര്യത്തിൽ കർഷകർക്ക്‌ വലിയ നഷ്ടമായിരിക്കും. അതിനാൽ തൈ ഉത്പാദിപ്പിക്കാനുള്ള വിത്തു തേങ്ങകൾ തെരഞ്ഞെടുക്കുന്നതാണ്‌ ഏറ്റവും പ്രധാനം. അതിനുമപ്പുറം തെങ്ങിൽ പൂക്കുലയിൽ തേനീച്ചകൾ പരാഗവിതരണം നടത്തുന്നതിനാൽ മറ്റു തെങ്ങുകളിലെ പൂമ്പൊടി എത്തിപ്പെടാനുള്ള വലിയ സാധ്യതയും ഉണ്ട്‌. അതുകൊണ്ട്‌ മാതൃവൃക്ഷത്തെ മാത്രമെ നമുക്കു തിരിച്ചറിയാൻ സാധിക്കൂ. ഇക്കാരണത്താൽ വിവിധ തലങ്ങളിലായി വളരെ ശ്രദ്ധാപൂർവം വിത്തു തേങ്ങകളുടെ തെരഞ്ഞെടുപ്പു നടത്തേണ്ടതാണ്‌. 

മാതൃവൃക്ഷങ്ങൾ:

നാളികേരത്തിൽ നിർദ്ദിഷ്ട ഇനങ്ങളുടെ മാതൃവൃക്ഷങ്ങൾ ആദ്യം തെരഞ്ഞെടുത്താൽ മാത്രമെ ഗുണമേ?യുള്ള തൈകൾ കിളിർപ്പിച്ചെടുക്കാൻ സാധിക്കുകയുള്ളു. കാരണം, നാളികേരത്തിൽ വിത്തിൽ നിന്ന്‌ തൈകൾ ഉത്പാദിപ്പിക്കുന്ന പ്രജനന രീതി മാത്രമെ ഇപ്പോൾ നിലവിലുള്ളു. ടിഷ്യുകൾച്ചർ പ്രജനന രീതി ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്‌. അതിനാൽ നടീൽ വസ്തുക്കളുടെ ഉത്പാദനത്തിൽ മാതൃ വൃക്ഷങ്ങളുടെ തെരഞ്ഞെടുപ്പാണ്‌ ഏറ്റവും പ്രധാന ഘടകം. 
ലക്ഷണമൊത്ത മാതൃവൃക്ഷങ്ങൾ എങ്ങനെ കണ്ടെത്താം: 
നേരെ വളരുന്ന വൃക്ഷങ്ങൾ, കട മുതൽ മണ്ടവരെ തടിക്ക്‌ ഒരേ വണ്ണം, മണ്ടയിൽ ഒരേ സമയത്ത്‌ 30 ബലമുള്ള ഒടിഞ്ഞു തൂങ്ങാത്ത ഓലമടലുകൾ എങ്കിലും ഉണ്ടായിരിക്കണം, ഓരോ വൃക്ഷത്തിലും 12 പൂങ്കുലകൾ ഉണ്ടായിരിക്കണം, ഓരോ പൂങ്കുലകളിലും 25 പെൺപൂക്കൾ ഉണ്ടായിരിക്കണം, പ്രതിവർഷം കുറഞ്ഞത്‌ 80 തേങ്ങയെങ്കിലും വിളവ്‌ നൽകുന്നതായിരിക്കണം, പൊതിച്ച തേങ്ങക്ക്‌ ശരാശരി 600 ഗ്രാമും കൊപ്രയ്ക്ക്‌ 150 ഗ്രാമും തൂക്കം ഉണ്ടായിരിക്കണം, തെങ്ങിന്‌ രോഗ കീട ബാധകൾ പാടില്ല. ഈ ലക്ഷണങ്ങളിൽ ഏറ്റവും പ്രധാനം ഉത്പാദനം തന്നെ. വിപരീത കാലാവസ്ഥയിലും കൃത്യമായി കനത്ത വിളവു നൽകുന്ന വൃക്ഷങ്ങൾ വേണം തെരഞ്ഞെടുക്കാൻ.

വിത്തുതേങ്ങയുടെ മൂപ്പ്‌

പന്ത്രണ്ട്‌ മാസമെങ്കിലും മൂപ്പ്‌ എത്തിയ തേങ്ങയാണ്‌ വിത്തിനായി എടുക്കേണ്ടത്‌. വിത്തിന്‌ തെരഞ്ഞെടുക്കുന്ന തേങ്ങയുടെ വിളവെടുപ്പ്‌ നടക്കുമ്പോൾ ആ കുലയിലിലെ ഒരു തേങ്ങയെങ്കിലും ഉണങ്ങാൻ തുടങ്ങിയിരിക്കണം. ഉയരമുള്ള തെങ്ങുകളിൽ നിന്ന്‌ കയറിൽ തേങ്ങക്കുലകൾ കെട്ടിയിറക്കണം. കുലയുടെ മധ്യത്തിലുള്ള തേങ്ങ വേണം വിത്തിനായി തെരഞ്ഞെടുക്കാൻ.

വിത്തു തേങ്ങകളുടെ സംഭരണം

വിളവെടുത്ത വിത്തു തേങ്ങകൾ അതിന്റെ ചകിരി പൂർണമായും ഉണങ്ങുന്നതു വരെ തണലത്ത്‌ വേണം സൂക്ഷിക്കാൻ. ഉയരം കൂടിയ ഇനങ്ങളുടെ വിത്തു തേങ്ങ രണ്ടു മാസം വരെ സൂക്ഷിക്കാം. എന്നാൽ കുറിയ ഇനങ്ങൾ വിളവെടുത്ത്‌ 15 ദിവസത്തിനുള്ളിൽ തവാരണകളിൽ പാകണം.

സ്ഥലം തെരഞ്ഞെടുക്കുമ്പോൾ

തെങ്ങ്‌ ഏതു മണ്ണിലും വളരും. എന്നാലും നല്ല നീർവാർച്ചയുള്ള മണൽ കലർന്ന മണ്ണാണ്‌ നഴ്സറികൾ നിർമ്മിക്കാൻ ഉത്തമം. അധികം ദൃഢതയുള്ള മണ്ണാണെങ്കിൽ 35-45 സെന്റിമീറ്റർ ആഴത്തിൽ മണ്ണ്‌ നീക്കം ചെയ്ത ശേഷം മണൽ നിറച്ച്‌ അതിൽ വേണം തേങ്ങ പാകുവാൻ. ചകിരിച്ചോറും പൊടിമണ്ണും സമം കലർത്തിയ മിശ്രിതവും നഴ്സറി സ്ഥാപിക്കാൻ അനുയോജ്യമായ മറ്റൊരു മാധ്യമമാണ്‌. എവിടെയാണെങ്കിലും, ചിതലിന്റെ ശല്യത്തിനെതിരെ മുൻകരുതലുകൾ സ്വീകരിക്കണം. 

കാലാവസ്ഥ

നല്ല പ്രകാശമുള്ള സ്ഥലങ്ങളാണ്‌ തെങ്ങു കൃഷിക്ക്‌ യോജിച്ചതു. എന്നാൽ നഴ്സറികൾ നിർമ്മിക്കേണ്ടത്‌ നേരിട്ടുള്ള സൂര്യ പ്രകാശത്തിൽ നിന്ന്‌ മാറി തണലിൽ വേണം. വിത്തുകളുടെ നല്ല വളർച്ചയ്ക്ക്‌ 21 ഡിഗ്രിക്കും 31 ഡിഗ്രിക്കും മധ്യേയുള്ള ചൂടാണ്‌ ഉത്തമം. ഒരു പരിധിവരെ ചൂടു താങ്ങാനുള്ള ശേഷി തെങ്ങുകൾക്ക്‌ ഉണ്ടെങ്കിലും അത്‌ വളർച്ചയെയും ഉത്പാദനത്തെയും ബാധിക്കും. 600 മില്ലിമീറ്റർ മുതൽ 4000 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ്‌ തെങ്ങുകൾക്ക്‌ വളരാൻ അനുയോജ്യം. എന്നാൽ തൈകളുടെ ഉത്പാദനത്തിന്‌ സമുദ്ര നിരപ്പിൽ നിന്ന്‌ 800 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങൾ കൊള്ളാം.

നഴ്സറികൾ

അത്യുത്പാദന ശേഷിയുള്ള സങ്കര ഇനങ്ങളുടെ വലിയ നഴ്സറികളാണ്‌ സ്ഥാപിക്കേണ്ടത്‌. സങ്കര വിത്തുത്പാദനത്തിന്‌ ഒരേ വിത്തു തോട്ടത്തിലെ രണ്ടു തെങ്ങുകൾ മാതൃ പിതൃ വൃക്ഷങ്ങളായി തെരഞ്ഞെടുക്കണം. ഒരു പിതൃ വൃക്ഷത്തിന്റെ പൂമ്പൊടി ഉപയോഗിച്ച്‌ ഒൻപതു മാതൃ വൃക്ഷങ്ങളിൽ പരാഗണം നടത്താം. കൂടാതെ എമാസ്കുലേഷൻ രീതിയിൽ ആവശ്യാനുസരണം ടിഃഡി, ഡിഃടി, ടിഃടി തൈകളും കൃത്രിമ പരാഗണം വഴി ഉരുത്തിരിച്ചെടുക്കാൻ സാധിക്കും. 

ജലസ്രോതസുകൾ:

മികച്ച വിളവിന്‌ വർഷം മുഴുവൻ ആവശ്യമായ ജല ലഭ്യത തെങ്ങിൻ തോട്ടത്തിൽ ഉറപ്പു വരുത്തണം. നഴ്സറിയിലും കൃത്യമായ ജലസേചനം ആവശ്യമാണ്‌. സ്പ്രിങ്ക്ലർ, മൈക്രോ ജെറ്റ്‌ സ്പ്രിങ്ങ്ലർ, ഹോസ്‌ ജലസേചന രീതികളാണ്‌ നഴ്സറികൾക്ക്‌ ഫലപ്രദം.

നഴ്സറികളുടെ ഘടന

തെങ്ങിൻ തോട്ടത്തിൽ തന്നെ നഴ്സറികൾ സ്ഥാപിക്കാം. തുറന്ന സ്ഥലത്താണെങ്കിൽ 50 മുതൽ 75 ശതമാനം വരെ തണൽ ആവശ്യമാണ്‌. 1000 തേങ്ങകൾ പാകുന്നതിന്‌ 120 ചതുരശ്ര അടി സ്ഥലം ആവശ്യമാണ്‌. പോളിബാഗിലാണ്‌ തേങ്ങ പാകുന്നത്‌ എങ്കിൽ 200 ചതുരശ്ര അടി സ്ഥലം വേണം.

തൊഴിലാളികൾ

മാതൃവൃക്ഷങ്ങളിൽ നിന്ന്‌ കൃത്യമായി മൂപ്പെത്തിയ വിത്തു തേങ്ങകളുടെ വിളവെടുപ്പിന്‌ വിദഗ്ധരായ തൊഴിലാളികൾ തന്നെ വേണം. മാത്രമല്ല നഴ്സറികളുടെ പരിപാലനത്തിനും ഇതിൽ പരിചയമുള്ളവർ സഹായത്തിന്‌ ഉണ്ടായേ പറ്റൂ. നല്ല തൈകൾ തിരിച്ചറിയാൻ പരിചയം കൊണ്ടു മാത്രമെ സാധിക്കൂ.

തൈ ഉത്പാദനം

മഴക്കാലത്തിനു മുമ്പായി വേണം വിത്തു തേങ്ങ പാകാൻ. നമ്മുടെ മേഖലയിൽ തേങ്ങ പാകാനുള്ള സമയം മെയ്‌- ജൂൺ മാസങ്ങളാണ്‌. എന്നാൽ നല്ല ജലസേചന സൗകര്യവും അനുകൂലമായ കാലാവസ്ഥയും ഉണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും വിത്തു തേങ്ങ പാകാം.
തവാരണ തയാറാക്കൽ
തേങ്ങ പാകാൻ തുടങ്ങുന്നതിനു മുമ്പായി നഴ്സറി 10 -20 സെന്റിമീറ്റർ ഉയരത്തിലുള്ള തവാരണകളായി തിരിക്കണം. നന, കളനീക്കം എന്നിവയ്ക്കുള്ള സൗകര്യാർത്ഥമാണിത്‌. തവാരണകളിൽ 20 -25 സെന്റി മീറ്റർ ആഴത്തിൽ കുഴിയെടുത്ത്‌ തേങ്ങ മണ്ണിനു മുകളിൽ കാണത്തക്ക വിധത്തിൽ പാകണം. ചിതൽ ശല്യമുള്ള സ്ഥലങ്ങളിൽ അതിനെതിരെ മുൻകരുതലുകൾ സ്വീകരിക്കണം. മുള പൊട്ടിയാലുടൻ തൈകൾ പറിച്ചെടുക്കാനാണ്‌ ഉദ്ദേശ്യമെങ്കിൽ വളരെ അടുത്ത്‌ പാകാം. ഒരു വർഷം കഴിഞ്ഞ ശേഷം പറിച്ചെടുക്കാനാണ്‌ ഉദ്ദേശ്യമെങ്കിൽ വരികൾക്കിടയിലും തേങ്ങകൾക്കിടയിലും 30 സെന്റിമീറ്റർ വീതമെങ്കിലും അകലം നൽകണം. ഒരു തവാരണയിൽ അഞ്ചു നിര തേങ്ങകൾ പാകാം. കുത്തനെയും ചരിച്ചും തേങ്ങ പാകാവുന്നതാണ്‌. ഉള്ളിൽ വെള്ളമുള്ള നാളികേരം മാത്രമെ പാകുന്നതിന്‌ ഉപയോഗിക്കാവൂ..

പുതയിടീൽ

തവാരണകളിൽ ആവശ്യാനുസരണം പുത ഇടേണ്ടതാണ്‌. ഇതിന്‌ ഉണങ്ങിയതെങ്ങോല, കച്ചി തുടങ്ങിയ സാമഗ്രികൾ ഉപയോഗിക്കാം. തവാരണകളിൽ തണുപ്പ്‌ നിൽക്കുന്നതിനും കളകളുടെ വളർച്ച തടയുന്നതിനുമാണിത്‌.

കള നിയന്ത്രണം

നഴ്സറിയിൽ ഒരിക്കലും കളകളുടെ വളർച്ച അനുവദിക്കരുത്‌. കളകൾ അപ്പപ്പോൾ നീക്കം ചെയ്തിരിക്കണം.

നഴ്സറി പരിപാലനം

നഴ്സറിയിൽ കൃത്യമായ ഒരു റെക്കോഡ്‌ സൂക്ഷിക്കണം. എല്ലാ വിവരങ്ങളും ഇതിൽ രേഖപ്പെടുത്തിയിരിക്കണം. ഏത്‌ ഇനമാണ്‌ പാകിയിരിക്കുന്നത്‌, എന്നാണ്‌ പാകിയത്‌, എത്രയെണ്ണം പാകി, എത്ര തവാരണകൾ, എന്നാണ്‌ വിത്തു തേങ്ങ വിളവെടുത്തത്‌ തുടങ്ങിയ വിവിരങ്ങളും അതിലുണ്ടായിരിക്കണം. ഓരോ തവാരണയിലും ഓരോ ബോർഡുകൾ സ്ഥാപിക്കണം. ആ തവാരണയിൽ ഏത്‌ ഇനം തൈകളാണ്‌ വളരുന്നത്‌, അത്‌ എന്നാണ്‌ പാകിയത്‌ തുടങ്ങിയ വിവരങ്ങൾ ആ ബോർഡിലും രേഖപ്പെടുത്തിയിരിക്കണം. നെടിയ ഇനങ്ങൾ 60 -130 ദിവസങ്ങൾക്കുള്ളിൽ മുള പൊട്ടും. കുറിയ ഇനങ്ങൾ മുളയ്ക്കാൻ 30 -95 ദിവസങ്ങൾ വരെ എടുക്കും.
പൊതുവെ വിത്തു പാകി അഞ്ചാം മാസം വരെ മുളയ്ക്കൽ തുടരും. നല്ല നഴ്സറിയിൽ പാകിയ തേങ്ങകളിൽ 70 ശതമാനവും മുളയ്ക്കാറുണ്ട്‌. പാകി അഞ്ചു മാസം കഴിഞ്ഞിട്ടും മുളയ്ക്കാത്ത തേങ്ങകൾ തവാരണയിൽ നിന്ന്‌ നീക്കം ചെയ്യണം. ഇത്‌ കൊപ്ര നിർമാണത്തിന്‌ ഉപയോഗിക്കാം.

പോളിബാഗ്‌ നഴ്സറി

മികച്ച വേരുപടലങ്ങളും ശക്തിയുള്ള തൈകളും ഉണ്ടാകുന്നതിന്‌ പോളിബാഗുകളിൽ നാളികേരം പാകി മുളപ്പിക്കുന്ന രീതിയാണ്‌ പോളിബാഗ്‌ നഴ്സറികൾ. പോളിത്തീൻ ബാഗുകളിൽ തെങ്ങിൻ തൈകൾ പാകുന്നതു കൊണ്ട്‌ സൗകര്യങ്ങൾ പലതുണ്ട്‌. തവാരണകളിലെ തൈകൾ പറിച്ചെടുക്കുമ്പോൾ വേരുകൾക്ക്‌ ക്ഷതം സംഭവിക്കുക സാധാരണമാണ്‌. ഇത്‌ തൈകളുടെ വളർച്ചയെ ബാധിക്കുന്നു. പോളിത്തീൻ ബാഗുകളിലെ തൈകൾ ബാഗ്‌ മുറിച്ചു നീക്കിയ ശേഷം നേരിട്ട്‌ കുഴിയിൽ നടാം. വേരുകൾ ഇവിടെ സുരക്ഷിതമാണ്‌. തൈകൾ വളർത്തുന്നതിനു തയാറാക്കുന്ന കൂടു മിശ്രിതത്തിൽ കൂടുതൽ കാലം ഈർപ്പം നിലനിർത്താൻ സാധിക്കുന്നതു മൂലം തൈകളുടെ വളർച്ച വളരെ വേഗത്തിലായിരിക്കും. സാധാരണ മണ്ണിൽ നിർമ്മിക്കുന്ന തെങ്ങിൻ തൈ നഴ്സറികളെക്കാൾ പോളിബാഗ്‌ നഴ്സറികൾ പരിപാലിക്കാൻ എളുപ്പമാണ്‌. ജലസേചനം, കളഎടുക്കൽ തുടങ്ങി ആരോഗ്യമില്ലാത്ത തൈകൾ നീക്കം ചെയ്യുന്നതു പോലും ഇത്തരം നഴ്സറികളിൽ എളുപ്പമാണ്‌. 
500 ഗേജ്‌ കനമുള്ള 60 ഃ 45 സൈസിലുള്ള കറുത്ത കൂടുകളാണ്‌ ഇതിനായി ഉപയോഗിക്കേണ്ടത്‌. നനയ്ക്കുമ്പോൾ അധികമുള്ള ജലം വാർന്നു പോകുന്നതിനായി കവറുകൾക്കു ചുവട്ടിൽ എട്ടുപത്ത്‌ ദ്വാരങ്ങൾ ഉണ്ടാക്കണം. വളക്കൂറുള്ള മേൽമണ്ണ്‌, ചാണകം, ചകിരിച്ചോർ എന്നിവ 3:1:1 അനുപാതത്തിൽ കലർത്തിയതാണ്‌ കൂടുകളിൽ ഉപയോഗിക്കേണ്ട മിശ്രിതം. 
മണ്ണിൽ പാകി നിർത്തിയ വിത്തു തേങ്ങകൾ ആഴ്ച്ച തോറും പരിശോധിച്ച്‌ മുളച്ചു തുടങ്ങുമ്പോഴെ അവയെ മണ്ണിൽ നിന്നു മാറ്റി മുകളിൽ പറഞ്ഞ വിധത്തിൽ തയാറാക്കിയിട്ടുള്ള പോളിത്തീൻ ബാഗുകളിലേയ്ക്ക്‌ മറ്റുന്ന രീതിയും നിലവിലുണ്ട്‌. നട്ട്‌ അഞ്ചു മാസം വരെ ഇങ്ങനെ മുളച്ച തേങ്ങകൾ പരിശോധിച്ച്‌ പോളിബാഗുകളിലാക്കുന്നു. അതു കഴിഞ്ഞ്‌ മുളയ്ക്കാത്ത തേങ്ങകൾ ഉപേക്ഷിക്കുകയാണ്‌ പതിവ്‌. അതിനോടകം 80 ശതമാനം തേങ്ങകളും മുളച്ചിരിക്കും എന്നാണ്‌ വയ്പ്പ്‌. ഇങ്ങനെ പോളിബാഗുകളിലേയ്ക്ക്‌ മാറ്റുമ്പോൾ ബാഗുകളിൽ പകുതി മാത്രം മിശ്രിതം നിറച്ചാൽ മതി. ശേഷിക്കുന്നതിൽ മൂന്നിൽ രണ്ടു ഭാഗം ബാഗിനുള്ളിൽ തൈ ഉറപ്പിച്ച ശേഷം നിറയ്ക്കാവുന്നതാണ്‌.

രോഗകീടങ്ങൾ

കൂമ്പ്‌ ചീയൽ : നാളികേര നഴ്സറിയിൽ സാധാരണ രോഗങ്ങൾ ഒന്നും ഉണ്ടാകാറില്ല. എന്നാൽ ഫൈറ്റോപ്ത്തോറ പൽമിവോറ എന്ന കുമിൾ മൂലം കൂമ്പുചീയൽ രോഗം ചിലപ്പോൾ കാണാറുമുണ്ട്‌. മഞ്ഞനിറം ബാധിച്ച്‌ സാവകാശത്തിൽ ഇലകൾ ചീഞ്ഞു പോകുന്ന രോഗമാണിത്‌. രോഗം ബാധിച്ച തൈയുടെ കൂമ്പ്‌ മെല്ലെ ഒന്ന്‌ ഇളക്കിയാൽ വിത്തിൽ നിന്ന്‌ വേർപെട്ട്‌ പോരുന്നതാണ്‌ ലക്ഷണം. ഒരു ദുർഗന്ധവും ഉണ്ടാകും. ഇതിനെ ഗുരുതര പ്രശ്നമൊന്നുമായി കരുതേണ്ടതില്ല. രോഗം ബാധിച്ച തൈകൾ പിഴുതു കളഞ്ഞാൽ മതി. ചുറ്റുമുള്ള തൈകളിൽ ഒരു ശതമാനം മുതൽ മൂന്നു ശതമാനം വരെ വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കുകയും വേണം.
ശൽക്ക കീടം: ഇലകളുടെ മഞ്ഞളിപ്പാണ്‌ മുഖ്യ ലക്ഷണം. അത്തരം ഇലകളുടെ അടിവശത്ത്‌ ശൽക്കകീടങ്ങളെയും കാണാൻ സാധിക്കും. ഈ കീടങ്ങളും ഗുരുതരമായ ഭീഷണിയൊന്നും ഉയർത്തുന്നില്ല, പക്ഷെ അതിനെയും നിയന്ത്രിച്ചേ പറ്റൂ. 0.05 ശതമാനം വീര്യമുള്ള റോഗർ സ്പ്രേ ചെയ്ത്‌ തൈകളെ സംരക്ഷിക്കാവുന്നതാണ്‌.
ചിതൽ: കൂമ്പും ഇലകളും ഉണങ്ങുന്നതാണ്‌ ചിതൽ ശല്യത്തിന്റെ ലക്ഷണം. ഇത്‌ തുടക്കത്തിൽ തന്നെ നിയന്ത്രിക്കണം. തവാരണകൾ നിർമ്മിക്കുമ്പോൾ തന്നെ 0.05 ശതമാനം വീര്യമുള്ള ക്ലേറോപൈറിഫോസ്‌ ഉപയോഗിച്ചാൽ ചിതലിന്റെ ആക്രമണം തടയാൻ സാധിക്കും. 
വേരു തീനി പുഴുക്കൾ: മണൽ നിറഞ്ഞ മണ്ണിലാണ്‌ വേരുതീനിപ്പുഴുക്കളുടെ ആക്രമണം കാണപ്പെടുന്നത്‌. ഇലകളുടെ മഞ്ഞളിപ്പും കരിച്ചിലുമാണ്‌ പ്രധാന ലക്ഷണം. വേരുകൾ നശിക്കുന്നതിനെ തുടർന്ന്‌ തൈ ഉണങ്ങി പോകുന്നു. തൈ ഒന്നിന്‌ 10 ഗ്രാം വീതം ഫോറൈറ്റ്‌ ഉപയോഗിച്ചാൽ വേരുതീനിപ്പുഴുക്കളെ നശിപ്പാക്കാം.

തൈകളുടെ ശേഖരണവും ഗതാഗതവും

മൺവെട്ടി ഉപയോഗിച്ചു വേണം തൈകൾ നഴ്സറിയിൽ നിന്നു പറിച്ചെടുക്കാൻ. ഒരിക്കലും തണ്ടിലോ ഇലകളിൽ പിടിച്ച്‌, വലിച്ച്‌ പറിച്ചെടുക്കാൻ ശ്രമിക്കരുത്‌. നഴ്സറിയിൽ നിന്നു പറിച്ചെടുത്താൽ നാലാഴ്ച്ച വരെ തൈ കേടു കൂടാതെ ഇരിക്കുമെങ്കിലും, അധികം വൈകാതെ മണ്ണിൽ നടുന്നതാണ്‌ നല്ലത്‌. കൂടുതൽ ദിവസങ്ങൾ പുറത്ത്‌ വയ്ക്കുകയാണെങ്കിൽ തണലിൽ സൂക്ഷിച്ച്‌ എല്ലാ ദിവസവും നനയ്ക്കണം. 
വാഹനങ്ങളിൽ ദൂരെ സ്ഥലങ്ങളിലേയ്ക്ക്‌ കൊണ്ടുപോകുമ്പോൾ തൈകൾ ഇളക്കം തട്ടാതിരിക്കാൻ നന്നായി അടുക്കിവയ്ക്കണം. മണ്ണോ, കൊയർ പിത്തോ നിറച്ച പോളിബാഗുകളിലാക്കി തെങ്ങിൻ തൈകൾ കൊണ്ടുപോകുന്നതാണ്‌ അഭികാമ്യം. അല്ലെങ്കിൽ തൈകളുടെ ഇടയിൽ കൊയർ പിത്ത്‌ ഇട്ട്‌ ഇളക്കം തട്ടാതെ സുരക്ഷിതമാക്കണം. പോളിബാഗുകളിലാക്കി കൊണ്ടു പോയാൽ നേരിട്ട്‌ കൃഷിയിടങ്ങളിൽ നടാം എന്ന സൗകര്യവും ഉണ്ട്‌.


കെ.ഷംസുദീൻ
സീനിയർ സയന്റിസ്റ്റ്‌, സി.പി.സി.ആർ.ഐ, കാസർഗോഡ്‌

അവസാനം പരിഷ്കരിച്ചത് : 6/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate