অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സുഗന്ധവ്യഞ്ജന വിവരങ്ങള്‍

സുഗന്ധവ്യഞ്ജന വിവരങ്ങള്‍

  1. ഔഷധ സസ്യങ്ങൾ അടുക്കളത്തോട്ടത്തിൽ
  2. സുഗന്ധറാണിക്ക് ഫസ്റ്റ് എയിഡ്
  3. ഇഞ്ചി നടാൻ ഇപ്പോഴേ ഒരുക്കം
  4. സുഗന്ധവിളകളുടെ കൃഷിയിൽ ജൈവവളങ്ങളുടെ പ്രാധാന്യം
  5. ഇഞ്ചി, മഞ്ഞൾ, വൃക്ഷസുഗന്ധവ്യഞ്ജനങ്ങളിലെ ജൈവകൃഷി പരീക്ഷണങ്ങൾ
  6. ജൈവവള പ്രയോഗങ്ങൾ സുഗന്ധവിളകളിൽ
  7. സുസ്ഥിരകൃഷിക്ക് ജീവാണുവളങ്ങൾ
  8. ചകിരിച്ചോറ് കുരുമുളകുതൈകൾക്ക് ഉത്തമം
  9. വേപ്പിൻകുരുവിൽ നിന്ന് വളവും കീടനാശിനിയും
  10. ജീവാണുവളപ്രയോഗം- ശ്രദ്ധിക്കാൻ ചില വസ്തുതകൾ
  11. മഞ്ഞൾ - ആദായത്തിനും ആരോഗ്യത്തിനും
  12. കറുത്തപൊന്നിൻറെ സംരക്ഷണത്തിലൂടെ കൂടുതൽ വിദേശനാണ്യം
  13. പുതിയ ഇഞ്ചിയിനങ്ങൾ
  14. ഗ്രനേഡയുടെ കറുത്തപൊന്ന്
  15. ദ്രുതവാട്ടം എങ്ങനെ നിയന്ത്രിക്കാം?
  16. സുഗന്ധവിളകളിൽ പുതുനാമ്പുകൾ

ഔഷധ സസ്യങ്ങൾ അടുക്കളത്തോട്ടത്തിൽ

നമ്മുടെ അടുക്കളത്തോട്ടങ്ങളിൽ നട്ടുവളർത്താനുള്ള ധാരാളം  ഔഷധസസ്യങ്ങൾ നാം ശ്രദ്ധിക്കപ്പെടാതെ പോവുന്നുണ്ട്. ഇവ നമ്മുടെ വീട്ടുവളപ്പിൽ നട്ടുവളർത്തിയാൽ അടുക്കളത്തോട്ടത്തിൻറെ സൗന്ദര്യം വർധിക്കുന്നതോടൊപ്പം ഡോക്ടറുടെ അടുത്തേക്കുള്ള ഓട്ടവും ഒരു പരിധിവരെ ഒഴിവാക്കാം. വലിയ മുതൽമുടക്കില്ലാതെ നമ്മുടെ അടുക്കളത്തോട്ടങ്ങളിൽ വളർത്താവുന്ന ഔഷധസസ്യങ്ങളുടെ  കൃഷിരീതിയും അവയുടെ ഉപയോഗങ്ങളും ചുരുക്കി വിവരിക്കുകയാണ് ലേഖനത്തിൻറെ ലക്‌ഷ്യം.

ഇവിടെ പറയുന്ന ഔഷധ സസ്യങ്ങളെല്ലാം തന്നെ തോട്ടങ്ങളിലെ തറയിലോ ചെടിച്ചട്ടികളിലോ അതുമല്ലെങ്കിൽ പ്ലാസ്റ്റിക് കൂടുകളിലോ നടാവുന്നതാണ്. തറയിൽ നടുമ്പോൾ ചെടികളുടെ വലുപ്പത്തിനനുസരിച്ച് ഒന്നുമുതൽ രണ്ടടി വരെ ചതുരാകൃതിയിലുള്ള കുഴികളെടുത്ത് അതിൽ ഇളകിയ വളക്കൂറുള്ള മണ്ണും കമ്പോസ്റ്റും നിറച്ച് നടുന്നതാണ് ഉത്തമം. ചട്ടികളിലോ പ്ലാസ്റ്റിക് കവറുകളിലോ ആണ് നടുന്നതെങ്കിൽ നടീൽമിശ്രിതം (മണ്ണ്, മണൽ, ചാണകം 1:1:1 എന്ന അനുപാതത്തിൽ) വെള്ളം വാർന്നു പോകാൻ തരത്തിൽ അടിയിൽ ദ്വാരമുണ്ടാക്കി അതിൽ നടാവുന്നതാണ്. നടുമ്പോൾ കുഴിയിൽ ഏകദേശം 25 ഗ്രാം വീതം എല്ലുപൊടി ഇട്ട് ഇളക്കിയാൽ ചെടികൾക്ക് നല്ല വളർച്ച കിട്ടും. ചട്ടികളിൽ ആണ്ടിലൊരിക്കൽ 250 ഗ്രാം ഉണക്കിപ്പൊടിച്ച ചാണകം, 15 ഗ്രാം കടല പിണ്ണാക്ക് പൊടി എന്നിവയും, ഓരോ രണ്ടു മാസം കൂടുമ്പോഴും ഓരോനുള്ള് (ഏകദേശം 5 ഗ്രാം) എൻ. പി. കെ മിശ്രിതവും കൊടുക്കേണ്ടതാണ്. തറയിൽ നട്ട ചെടികൾക്ക് ആണ്ടിലൊരിക്കൽ ചെടിയുടെ വലിപ്പത്തിനനുസരിച്ച് ഒരു കിലോ മുതൽ അഞ്ചു കിലോ വരെ ചാണകപ്പൊടിയോ മറ്റു ജൈവവളങ്ങളോ, ആറു മാസത്തിലൊരിക്കൽ 50 ഗ്രാം മുതൽ 250 ഗ്രാം വരെ എൻ. പി. കെ മിശ്രിതവും കൊടുക്കേണ്ടതാണ്. ചെറിയ ചെടികൾക്കും ചട്ടിയിൽ നട്ട ചെടികൾക്കും ഒരിക്കലും രാസവളതോത് (എൻ. പി. കെ മിശ്രിതം) കൂടിയ അളവിൽ കൊടുക്കരുത്.

കുരുമുളക്

പ്രാചീന കാലം മുതലേ ഇന്ത്യ അറിയപ്പെട്ടിരുന്നത് ഔഷധ രാജാവായ കുരുമുളകിൻറെ നാടായിട്ടാണ്. വേരുപിടിപ്പിച്ച കുരുമുളകുതൈകൾ അടുക്കളത്തോട്ടത്തിലെ താങ്ങുമരങ്ങളുടെ ചുവട്ടിൽ വടക്കു ഭാഗത്ത് ഒരടി അകലത്തിൽ കുഴിയെടുത്ത് നടേണ്ടതാണ്. ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽ നിന്നോ മറ്റു കൃഷിഫാമുകളിൽ നിന്നോ ലഭിക്കുന്ന കുറ്റിക്കുരുമുളകു ചെടി ഏകദേശം 10കിലോ നടീൽമിശ്രിതം കൊള്ളാവുന്ന ചെടിച്ചട്ടികളിലോ, പ്ലാസ്റ്റിക്ക് കവറുകളിലോ നടാവുന്നതാണ്. കുറ്റിക്കുരുമുളകുചെടി കാലഭേദമില്ലാതെ തിരി ഇടുന്നതുകൊണ്ട് വീട്ടാവശ്യത്തിന് എന്നും പച്ചക്കുരുമുളക്‌ പറിക്കാവുന്നതാണ്. മേൽപ്പറഞ്ഞവിധം പരിപാലനം ചെയ്‌താൽ കുറ്റിക്കുരുമുളക് വള്ളികളിൽ നിന്നും രണ്ടാംവർഷം മുതൽ ചെടി ഒന്നിന് ഒന്ന് മുതൽ ഒന്നരകിലോ വരെ പച്ചക്കുരുമുളക്‌ കിട്ടുന്നതാണ്. താങ്ങുമരത്തിൽ നട്ട കുരുമുളകുവള്ളി മൂന്നാംവർഷം മുതൽ ഉത്പാദനം തരുന്നതാണ്.

തിപ്പലി

കുരുമുളകിനോട് സാമ്യമുള്ളതും രോഗങ്ങൾ ഉന്മൂലനം ചെയ്ത് ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്നതുമായ ഒരു ചെടിയാണ് തിപ്പലി. ദഹനശക്തിക്കും രക്തത്തിലെ ഹീമോഗ്ലോബിൻറെ അളവ് വർദ്ധിപ്പിക്കാനും വാത-കഫരോഗങ്ങളെ അകറ്റാനും തിപ്പലിക്കുള്ള കഴിവ് അപാരം തന്നെ. വേരുപിടിപ്പിച്ച തൈകൾ ഉണ്ടാക്കാൻ അഞ്ചോ ആറോ ഇഞ്ച് നീളമുള്ള തണ്ടുകൾ മുറിച്ചെടുത്ത് നഴ്സറി കവറുകളിൽ നട്ട് തണലിൽ വെയ്ക്കേണ്ടതാണ്. ഇങ്ങനെ വേരുപിടിപ്പിച്ച തൈകൾ ചെടിച്ചട്ടികളിലോ, അരയടി പൊക്കത്തിലുള്ള തവാരണകളെടുത്ത് അതിലോ നടാവുന്നതാണ്. നട്ട് ആറ് മാസം മുതൽ പൂവിടാൻ തുടങ്ങുകയും രണ്ട് മാസം കൊണ്ട് കായ് വളർച്ചയെത്തുകയും ചെയ്യും. കായ്കൾ പച്ച കലർന്ന കറുത്ത നിറമാകുമ്പോൾ പറിച്ചെടുത്ത് സൂര്യപ്രകാശത്തിൽ ഉണക്കിയെടുക്കേണ്ടതാണ്. ഈ ചെടിയുടെ വേരും ഔഷധ പ്രാധാന്യമുള്ളതാണ്. ചട്ടിയിലോ തറയിലോ നട്ട ചെടികൾക്ക്‌ ആവശ്യത്തിനനുസരിച്ച് ചാണകപ്പൊടിയും പൊതുവായി മേൽപ്പറഞ്ഞ രാസവളങ്ങളും കൊടുക്കേണ്ടതാണ്.

ഇഞ്ചി, മഞ്ഞൾ

നമ്മുടെ ഇഞ്ചിയും കുരുമുളകും സ്വന്തമാക്കാനാണ് പതിനായിരക്കണക്കിന് നാഴികകൾ കടൽ താണ്ടി വിദേശികൾ ഇന്ത്യയിലെത്തിയത്. ഏറ്റവും കുറഞ്ഞ സ്ഥലസൗകര്യത്തിലും ചട്ടിയിൽ പോലും വളർത്താവുന്ന ഉത്തമ ഔഷധച്ചെടികളാണ് ഇഞ്ചിയും മഞ്ഞളും. ഇഞ്ചി ഉണക്കിയാൽ ചുക്ക് കിട്ടും. 'ചുക്ക് ചേരാത്ത ഔഷധമില്ല' എന്ന പഴഞ്ചൊല്ല് തന്നെ ഇഞ്ചിയുടെ ഔഷധ പ്രാധാന്യം വിളിച്ചോതുന്നു. ചെറിയ മുകുളങ്ങളുള്ള പ്രകന്ദങ്ങളാണ് ഇഞ്ചിയും മഞ്ഞളും നടാൻ ഉപയോഗിക്കുന്നത്. തറയിൽ നടുവാൻ ഏകദേശം അരയടി ഉയരത്തിൽ സൗകര്യപ്രദമായ നീളത്തിലും വീതിയിലും തവാരണകളെടുത്ത് അവയിൽ 30X 20 സെ. മി. അകലത്തിൽ നടേണ്ടതാണ്. ഓരോ ചെടിയും നടുന്നതിന് മുമ്പ് ഒരുപിടി (ഏകദേശം 200ഗ്രാം) ഉണക്കിപ്പൊടിച്ച ചാണകം, വെണ്ണീർ, ഫോസ്ഫേറ്റ് എന്നിവ 10:0.5:0.2 എന്ന അനുപാതത്തിൽ കൂട്ടിക്കലർത്തിയ മിശ്രിതം ഇട്ട മണ്ണിൽ ഇളക്കിച്ചേർത്തു നടേണ്ടതാണ്.

ചട്ടികളിൽ നടുമ്പോൾ കൂടുതൽ വിസ്താരമുള്ള (കുറഞ്ഞത്‌ 12 ഇഞ്ച് വ്യാസം) ചട്ടികളിൽ വെള്ളം സുഖമായി ചോർന്നു പോകാനുതകുന്ന തരത്തിൽ നടീൽമിശ്രിതം നിറച്ച് കുഴി എടുത്ത് നടേണ്ടതാണ്. നട്ടതിനു ശേഷം തവാരണകളിലായാലും ചട്ടിയിലായാലും നല്ലവണ്ണം പച്ചില/ കരിയില ചപ്പുവെച്ചു മൂടേണ്ടതാണ്. നട്ട് 45 ദിവസം കഴിഞ്ഞ് വളം കൊടുത്ത് (നൈട്രജൻ, പൊട്ടാഷ് അടങ്ങിയത്) വീണ്ടും പുത വയ്ക്കേണ്ടതാണ്. ഈ വളപ്രയോഗരീതിയും പുതയും 90 ദിവസം കഴിഞ്ഞ് വീണ്ടും ആവർത്തിക്കേണ്ടതാണ്. ഇനങ്ങൾക്കനുസരിച്ച്‌ ഇഞ്ചിയും, മഞ്ഞളും,  കൂടുതൽ ചിനപ്പുകൾ വെച്ച് വളരുകയും ഏകദേശം 7 മുതൽ 8 മാസം കൊണ്ട് വിളവെടുക്കാവുന്നതുമാണ്. പൂർണ്ണമായ വളർച്ചയെത്തുന്നതിന് മുമ്പുതന്നെ നമുക്കാവശ്യമുള്ള പച്ച ഇഞ്ചിയും മഞ്ഞളും ചെടികളിൽ നിന്ന് അടർത്തി എടുക്കാവുന്നതാണ്. അത്യുന്നത നിലവാരം പുലർത്തുന്ന മഹിമ, വരദ, രജത തുടങ്ങിയ ഇഞ്ചി ഇനങ്ങളും, പ്രഭ, പ്രതിഭ തുടങ്ങിയ മഞ്ഞൾ ഇനങ്ങളും കുറഞ്ഞ തോതിൽ വിത്തുണ്ടാക്കാൻ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ മുൻകൂട്ടി ബുക്കുചെയ്താൽ ലഭിക്കുന്നതാണ്.

ആടലോടകം

ഒന്ന് രണ്ടു മീറ്റർ ഉയരത്തിൽ വളരുന്ന നിറയെ ഇലകളുള്ള കുറ്റിച്ചെടിയാണ് ആടലോടകം. ഇലകളിൽ ധാരാളം രോമങ്ങളുണ്ട്. ആടലോടകത്തിൻറെ ഇല വെന്ദ്‌ ആറിയ വെള്ളം കീടനാശിനിയായും കഫരോഗത്തിനുള്ള മരുന്നായും ഉപയോഗിക്കുന്നുണ്ട്. കമ്പുനട്ടും വിത്തുപാകിയും ഈ ചെടി കിളിർപ്പിക്കാവുന്നതാണ്. ഇത് അടുക്കളത്തോട്ടത്തിൽ തറയിൽ നടുന്നതാണ് ഉത്തമം.

തുളസി

അത്യുത്കൃഷ്ടമായ ഒരു ഔഷധച്ചെടിയാണ് തുളസി. ഇതിൽ പച്ച നിറമുള്ളതിന് രാമതുളസി എന്നും കറുത്ത നിറമുള്ളതിന് കൃഷ്ണതുളസി എന്നും പറയുന്നു. കൃഷ്ണതുളസിയാണ് കൂടുതൽ ഔഷധസമൃദ്ധം. ഈർപ്പവും വളക്കൂറുമുള്ള ഏതു മണ്ണിലും തൈ നടാവുന്നതാണ്. വിത്ത്‌ വീണ്  കിളിർക്കുന്ന തൈകളാണ് നടാൻ ഉപയോഗിക്കുന്നത്. തറയിലോ ചട്ടിയിലോ പ്ലാസ്റ്റിക്ക് കൂടുകളിലോ നടാവുന്നതാണ്. ഇതിൻറെ ഇലയും പൂവും ഔഷധമായി ഉപയോഗിക്കുന്നുണ്ട്.

ആര്യവേപ്പ്

ഏകദേശം 12 മീറ്റർ ഉയരത്തിൽ വളരുന്ന, വളരെ ഔഷധവീര്യമുള്ള ഒരു ചെറുവൃക്ഷമാണ് ആര്യവേപ്പ്. പഴുത്ത കായുടെ മാംസളമായ ഭാഗം കളഞ്ഞെടുത്ത കുരുവാണ് മുളപ്പിക്കാൻ ഉപയോഗിക്കുന്നത്. മുളപ്പിച്ച തൈകൾ അടുക്കളത്തോട്ടത്തിൽ ഒരു മൂലയിൽ രണ്ടടി ആഴത്തിലുള്ള കുഴിയെടുത്ത് കമ്പോസ്റ്റ് നിറച്ച് നടാവുന്നതാണ്.

കറിവേപ്പ്

പ്രാചീനകാലം മുതലേ നാം കറിക്ക് സുഗന്ധവും രുചിയും വർദ്ധിപ്പിക്കാനായി കറിവേപ്പില ഉപയോഗിച്ച് വരുന്നുണ്ട്. മോരിൽ കലക്കിയ കറിവേപ്പില ദഹനക്കേടിന് മരുന്നായി പണ്ടുമുതലേ പ്രസിദ്ധമാണ്. ഇതിൻറെ പഴുത്ത കായ മുളപ്പിച്ചോ വേരിൽ കിളിർത്ത തൈകൾ പറിച്ചു നട്ടോ നമുക്ക് തൈകൾ വളർത്താവുന്നതാണ്. അടുക്കളത്തോട്ടത്തിൽ നല്ലവണ്ണം വെള്ളം കിട്ടുന്ന സ്ഥലത്ത്, കിണറുണ്ടെങ്കിൽ  അതിൻറെയടുത്ത് കുഴിയെടുത്ത് നടുന്നതാണ് ഏറ്റവും അനുയോജ്യം. നട്ടതിനു ശേഷം വലിയ പരിചരണമൊന്നും ആവശ്യമില്ല. ഇടയ്ക്ക് ചാണകപ്പൊടി കൊടുക്കുന്നത് നല്ലതാണ്.

ചെറുനാരകം

ഏകദേശം രണ്ടര മീറ്റർ ഉയരത്തിൽ വളരുന്ന മുള്ളുകളുള്ള ഒരു കുറ്റിച്ചെടിയാണ് ചെറുനാരകം. വെളുത്ത പൂവും നല്ല മണവുമുള്ള ഇതിൻറെ കായ ആദ്യം പച്ച നിറത്തിലും  മൂപ്പെത്തിയാൽ മഞ്ഞനിറത്തിലും കാണപ്പെടുന്നു. ചെറുനാരങ്ങ വൈറ്റമിൻ-സി യുടെ ഒരു കലവറ തന്നെയാണ്. മൂപ്പെത്തിയ പഴുത്ത ചെറുനാരങ്ങയുടെ കുരുപാകി തൈകൾ ഉണ്ടാക്കാവുന്നതാണ്. അടുക്കളത്തോട്ടത്തിൻറെ ഒരു മൂലയിൽ വെയിലും ഈർപ്പവും കിട്ടുന്ന ഒരു സ്ഥലമാണ് ഏറ്റവും അനുയോജ്യം. രണ്ടടി വലുപ്പത്തിലുള്ള കുഴിയെടുത്ത് മണ്ണും കമ്പോസ്റ്റും നിറച്ച് അതിൽ നടാവുന്നതാണ്.

സുഗന്ധറാണിക്ക് ഫസ്റ്റ് എയിഡ്

ഡോ. ആർ. സുശീല ഭായ്

ഏലത്തിനുണ്ടാകുന്ന രോഗങ്ങളിൽ ഏറ്റവും ഹാനികരമായത് ഇടവപ്പാതിക്കാലത്തുണ്ടാകുന്ന അഴുകൽ അഥവാ കായ്ചീയലും,  കടചീയലുമാണ്. എന്നാൽ വേരുചീയലും കടചീയലും വേനൽക്കാലങ്ങളിലും ജലസേചനസൗകര്യമുള്ള തോട്ടങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഈ രോഗങ്ങളെപ്പറ്റിയും അവയുടെ സംയോജിത നിയന്ത്രണ മാർഗ്ഗങ്ങളിൽ പ്രത്യേകിച്ചും ജൈവീക നിയന്ത്രണത്തെക്കുറിച്ചുമാണ് ഇവിടെ പ്രതിപാദിക്കുന്നത്.

അഴുകൽ (കായ് ചീയൽ)

ഇടവപ്പാതിക്കാലത്തു കണ്ടുവരുന്ന ഈ രോഗം കായ്കളിലാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. ജൂണ്‍-ജൂലായ് മാസങ്ങളിൽ പ്രത്യേകിച്ചും ആദ്യമഴയുടെ ശക്തി കുറഞ്ഞ് വെയിൽ പരക്കാൻ തുടങ്ങുമ്പോൾ ഈ രോഗം മൂർച്ഛിക്കുന്നു. രോഗംബാധിച്ച കായ്കളുടെ നിറം കടുംപച്ചയാവുകയും പിന്നീട് ചാണകപ്പച്ചയായി മാറുകയും ക്രമേണ കായ്കൾ കൊഴിയുകയും ചെയ്യുന്നു. കായ്കളിൽനിന്നും രോഗം ഞെട്ടുവഴി ശരങ്ങളിലേയ്ക്കും പിന്നീട് കടയിലേക്കും തട്ടയിലേക്കും വ്യാപിക്കുന്നു. ഇങ്ങനെയുള്ള കായ്കൾക്ക് ദുർഗന്ധവും ഉണ്ടാകും. കായ്കളോടൊപ്പം ശരവും കടയും തട്ടയും കാണ്ഡവും അഴുകുന്നു. ഇലയിലും ഈ രോഗം ബാധിക്കാറുണ്ട്. കൂമ്പിലയിൽ അഴുകൽ പൊട്ടുകൾ ഉണ്ടാകുകയും ക്രമേണ ഇല വിടരാതിരിക്കുകയും ചെയ്യും. ഇലകൾ അഴുകി കീറുന്നു. വേനൽ ദീർഘിക്കുന്ന അവസരത്തിൽ അഴുകിയ കായ്കൾ ശരങ്ങളിൽനിന്ന് ഉണങ്ങുന്നു.

ഫൈറ്റോഫ്‌തോറ മീഡിയൈ ‘ എന്ന ഒരുതരം കുമിളാണ് ഈ രോഗത്തിന് കാരണം. മണ്ണിൽ പതിയിരിക്കുന്ന ഈ രോഗാണുക്കൾ മഴ തുടങ്ങുന്നതോടുകൂടി കരുത്താർജിച്ച് വളർന്നുപെരുകി അവയുടെ ഇഷ്ടഭോജ്യമായ കായ്കളിൽ കയറിക്കൂടുന്നു. ഇതോടൊപ്പം കായ്ചീയൽ തുടങ്ങുകയായി. മഴയുടെ ദൈർഘ്യമനുസരിച്ച് കായ്കളിൽനിന്നും രോഗം മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. മഴക്കാലം തീരുന്നതുവരെ ഏതാണ്ട് ജൂലായ്‌ മുതൽ ആഗസ്റ്റ്‌, സെപ്റ്റംബർ വരെയാണ് ഈ രോഗത്തിൻറെ കാലഘട്ടം. ഇത് ഏലത്തിൻറെ വിളവുകാലമായതിനാൽ കായ്കളെ ബാധിക്കുന്ന ഈ രോഗം വൻനഷ്ടത്തിനിടയാക്കുന്നു. തക്കസമയത്ത് രോഗത്തെ ചെറുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ രോഗം വരുത്തുന്ന നഷ്ടം ചില്ലറയല്ല. എന്നാൽ യഥാസമയത്ത് രോഗപ്രതിരോധ മുറകൾ അവലംബിച്ചാൽ ഇതിനെ പൂർണമായും നിയന്ത്രിക്കാൻ കഴിയും. ഇതിലേക്കായി ഇനിപ്പറയുന്ന പ്രതിരോധമുറകൾ ക്രമമായി ചെയ്യണം.

  • ഒന്നാമതായി ഏലത്തോട്ടത്തിൽ ശുചിത്വപരിപാലനം നിർബന്ധമാക്കുക. അതായത് മഴക്കാലം ആരംഭിക്കുന്നതിനു തൊട്ടുമുമ്പായി തോട്ടത്തിൽ നിന്നും കളകളും മറ്റും നീക്കംചെയ്ത് ഏലച്ചെടിയിൽ കാണുന്ന രോഗം ബാധിച്ചതും ഉണങ്ങിയതുമായ തട്ടകളും ശരങ്ങളും മുറിച്ചുമാറ്റുക. ഒപ്പം ചെടിയുടെ ചുവട്ടിൽനിന്നും പുതയും നീക്കംചെയ്യണം.
  • നീർവാർച്ച ഇല്ലാത്ത ഇടങ്ങളിൽ നീർവാർച്ചയ്ക്കുള്ള സൗകര്യം ഒരുക്കുക.
  • തണൽ ക്രമീകരണം അത്യന്താപേക്ഷിതമാണ്. കൂടുതൽ തണൽ ഉണ്ടെങ്കിൽ അവ വെട്ടിമാറ്റി സൂര്യപ്രകാശവും കാറ്റും യഥേഷ്ടം കടന്നുവരാൻ അനുവദിക്കുക.
  • അവസാനമായി കുമിൾനാശിനി പ്രയോഗം. ആദ്യത്തെ മഴയ്ക്കുശേഷം  ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം ചെടിയുടെ വലുപ്പത്തിനനുസരിച്ച് ഒന്നുമുതൽ രണ്ടരലിറ്റർ വരെ തളിച്ചുകൊടുക്കുകയും കൂട്ടത്തിൽ 0.25ശതമാനം വീര്യമുള്ള കോപ്പർ ഓക്സിക്ലോറൈഡ് ചെടിയുടെ കടയ്ക്കുചുറ്റും 2-3ലിറ്റർ വീതം ഒഴിച്ചുകൊടുക്കേണ്ടതുമാണ്. രോഗം വരാതിരിക്കാനുള്ള മുൻകരുതലാണ് ഈ കുമിൾനാശിനി പ്രയോഗം. പുതുമഴയിൽ പൊട്ടിമുളയ്ക്കുന്ന കുമിളുകൾ ഈ കുമിൾനാശിനി പ്രയോഗത്തിൽ നശിച്ചുപോകും.

 

ജൈവീക നിയന്ത്രണം

ജൈവ കുമിൾനാശിനിയായ ട്രൈക്കോഡർമ ഉണക്കിപ്പൊടിച്ച ചാണകത്തിലോ വേപ്പിൻപിണ്ണാക്കിലോ കലർത്തിയാൽ ഇവയുടെ അളവ് ഏകദേശം ഒരുഗ്രാമിൽ പത്തുകോടി കോളനികൾ എന്നതോതിൽ ഉണ്ടായിരിക്കണം. അതായത് ചോളത്തിലോ കാപ്പിത്തൊണ്ടിലോ വളർത്തിയ ഒരു കിലോഗ്രാം ട്രൈക്കോഡർമ 100കിലോഗ്രാം ചാണകവുമായി കലർത്തി രണ്ടര കിലോഗ്രാം വീതം ഒരു ചെടിയുടെ ചുവട്ടിൽ ഇട്ടാൽ മേൽപറഞ്ഞ അളവിൽ ട്രൈക്കോഡർമ ലഭിക്കും. രാസകീടനാശിനി പ്രയോഗിച്ച് 15-20 ദിവസത്തിനുശേഷമേ ട്രൈക്കോഡർമ ഇടാൻ  പാടുള്ളൂ. ജൈവ കൃഷിരീതി അവലംബിക്കുന്ന കർഷകന് ഈ ജീവാണുപ്രയോഗം ആശാവഹമാണ്‌. രോഗം വരാതിരിക്കാനുള്ള മുൻകരുതലായി ഇത്രയും കൃത്യമായി ചെയ്തിരിക്കണം. എന്നിരുന്നാലും എല്ലായ്പ്പോഴും നൂറുശതമാനം രോഗവിമുക്തി കിട്ടണമെന്നില്ല. കാലാവസ്ഥയ്ക്കനുസരിച്ചും രോഗാണുവിൻറെ അതിപ്രസരം കൊണ്ടും രോഗം ഇടയ്ക്ക് ഉണ്ടായെന്നുവരാം. ഇങ്ങനെയുള്ള  അവസരങ്ങളിൽ  രോഗം കാണുന്നയിടങ്ങളിലും അതിനുചുറ്റും മരുന്ന് തളിക്കുകയും ചെടിയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയും ചെയ്യേണ്ടതാണ്. ഇതിലേക്കായി 1ശതമാനം വീര്യമുള്ള ബോർഡോമിശ്രിതമോ, 0.2ശതമാനം വീര്യമുള്ള മെറ്റലാക്സിൽ-മാംകോസെബോ, 0.3 ശതമാനം വീര്യത്തിൽ പൊട്ടാസിയം ഫോസ്ഫോണേറ്റോ ഉപയോഗിക്കാം. ഈ പ്രദേശങ്ങളിൽ ട്രൈക്കോഡർമ ഒന്നുരണ്ടു തവണകൂടി ഇട്ടുകൊടുക്കുന്നത് രോഗാണുവിനെ നശിപ്പിക്കാൻ അനുയോജ്യമാണ്. ഇവ മണ്ണിൽ വളർന്ന് രോഗാണുവിനെ ചെറുക്കുകയും ആൻറീബയോട്ടിക് ഉത്പാദിപ്പിച്ചു അവയെ നശിപ്പിക്കുകയും ചെയ്യുന്നു. പൊട്ടാസിയം ഫോസ്ഫോണേറ്റ് എന്ന കുമിൾനാശിനിയുടെ കൂടെ ട്രൈക്കോഡർമ ഉപയോഗിക്കുന്നതുകൊണ്ട് ട്രൈക്കോഡർമയുടെ അളവിനോ വളർച്ചയ്ക്കോ പ്രതികൂലമായി വരുന്നില്ല എന്നു തെളിഞ്ഞിട്ടുണ്ട്. ഈ രീതി അടുത്തടുത്ത രണ്ടുമൂന്നു വർഷങ്ങളിൽ ആവർത്തിക്കുകയാണെങ്കിൽ അഴുകൽ രോഗത്തിനെ പാടെ നിയന്ത്രിക്കാൻ കഴിയും.

ജൈവാണുക്കളെ ഉപയോഗിച്ച് രോഗപ്രതിരോധം ഉറപ്പുവരുത്തണമെങ്കിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

  • ജൈവാണുപ്രയോഗത്തിന്‌ തൊട്ടുമുമ്പും അതിനുശേഷവും കുമിൾനാശിനികൾ - പൊട്ടാസിയം ഫോസ്ഫോണേറ്റ് ഒഴികെ ചെടിച്ചുവട്ടിൽ ഒഴിക്കാൻ പാടുള്ളതല്ല. എന്നാൽ ഇവ ചെടിയിൽ തളിക്കുന്നതുകൊണ്ട് ദോഷമില്ല.
  • മഴയത്തോ അതിവേനലിലോ ജൈവാണു പ്രയോഗം അരുത്. എന്നാൽ ജലസേചന മാർഗ്ഗമുള്ള തോട്ടങ്ങളിൽ ഏതുസമയത്തും ജൈവാണു പ്രയോഗം നടത്താം.
  • രാസവളങ്ങളോടൊപ്പം ജൈവാണു മിശ്രിതം കലർത്തി ഇടാതിരിക്കുക.
  • ജൈവാണു പ്രയോഗത്തിനായി മണ്ണിളക്കുമ്പോൾ വേരുകൾക്ക് ക്ഷതം പറ്റാതെ സൂക്ഷിക്കുക.
  • ജൈവാണു പ്രയോഗം  നടത്തുമ്പോൾ  എപ്പോഴും  മണ്ണിൽ  ഈർപ്പം ഉണ്ടായിരിക്കുവാൻ ശ്രദ്ധിക്കുക.
  • പച്ചച്ചാണകത്തിൽ ജൈവാണു മിശ്രിതം കലർത്തരുത്. ഉണക്കിപ്പൊടിച്ച ചാണകം നനച്ചു തന്നെ ഉപയോഗിക്കുക.

തട്ട ചീയൽ

ചില തോട്ടങ്ങളിൽ തട്ടചീയൽ ഒരു മാറാരോഗമായി കണ്ടുവരുന്നുണ്ട്. സംയോജിത രോഗനിയന്ത്രണ മാർഗങ്ങളുപയോഗിച്ച് രോഗാണുവിനെ നശിപ്പിക്കാത്തതിനാലാണ് ഇങ്ങനെ ഉണ്ടാകുന്നത്. മഴക്കാലത്തുണ്ടാകുന്ന അഴുകൽ രോഗത്തോടൊപ്പം കാണുന്ന തട്ടചീയലിനേക്കാൾ വ്യത്യസ്തമാണിത്. ഈ രോഗം മഴക്കാലത്തും വേനൽക്കാലത്തും കണ്ടുവരാറുണ്ട്. എന്നാൽ ഇതോടൊപ്പം കായ്ചീയൽ കണ്ടുവരാറില്ല. ഇങ്ങനെയുള്ള അവസരങ്ങളിൽ കടഭാഗം നിറംമാറി അഴുകുകയും തന്മൂലം തട്ടകൾ ഒന്നുതൊട്ടാൽ പൊടുന്നനെ മറിഞ്ഞുവീഴുകയും ചെയ്യുന്നു. പലപ്പോഴും തട്ടകളിൽ ഇല മഞ്ഞളിക്കുകയും തട്ട വാടുകയും ചെയ്യാറുണ്ട്.

മഴക്കാലത്തും ജലസേചന സൗകര്യമുള്ളിടത്തും കൂടുതലായി കണ്ടുവരുന്നത് പിത്തിയം വെക്സൻസ് എന്ന കുമിൾ മൂലമുണ്ടാകുന്ന തട്ടചീയലാണ്. ഈ രോഗത്തിൻറെ നിയന്ത്രണത്തിന് അഴുകൽ രോഗനിയന്ത്രണത്തിനായി അവലംബിക്കേണ്ട മാർഗങ്ങൾ തന്നെ മതിയാകും. രണ്ടു രോഗാണുക്കളും ഒരേ വർഗ്ഗത്തിൽപ്പെട്ടതുതന്നെ എന്നതാണ് കാരണം.

എന്നാൽ വേനൽക്കാലത്ത് ഇങ്ങനെ രോഗമുണ്ടാക്കുന്നത് ഫ്യൂസേറിയം ഓക്സീസ്പോറം എന്ന ജനുസ്സിൽപെട്ട കുമിളാണ്. ഇതിൻറെ  നിയന്ത്രണത്തിനായി 0.2ശതമാനം വീര്യത്തിൽ കാർബെൻഡാസിം എന്ന കുമിൾനാശിനി വേണം ഉപയോഗിക്കുവാൻ. ഇത് ചെടിയിൽ തളിക്കുന്നതോടൊപ്പം ചുവട്ടിൽ ഒഴിച്ചുകൊടുക്കേണ്ടതുമാണ്. മറ്റു രോഗപ്രതിരോധ മാർഗ്ഗങ്ങളോടൊപ്പം ട്രൈക്കോഡർമയും ഇവിടെ ഉപയോഗിക്കുന്നത് രോഗാണുവിൻറെ ഉന്മൂലനാശത്തിന് ഒരു പരിധിവരെ സഹായിക്കും.

വേരുചീയൽ

വേനൽക്കാലങ്ങളിൽ  ഏലത്തോട്ടങ്ങളിൽ  കാണപ്പെടുന്ന  മറ്റൊരു രോഗമാണ് തട്ട മഞ്ഞളിപ്പും തുടർന്നുള്ള തട്ട വാട്ടവും. ക്രമേണ ഈ തട്ടകൾ വീഴുന്നു. ഇങ്ങനെയുള്ള തട്ടകൾ  പിഴുതുനോക്കിയാൽ  അതിൽ വേരിൻറെ അഗ്രം ചീഞ്ഞു തുടങ്ങിയതായി കാണാം. വേരിൻറെ അറ്റം ചീയുമ്പോൾ വെള്ളവും പോഷകങ്ങളും ആഗിരണം ചെയ്യാൻ പറ്റാതെ ചെടി വാടുന്ന അവസ്ഥയാണിത്. സാധാരണ തണൽ കുറവായ ഇടങ്ങളിലാണ് ഈ രോഗം കണ്ടുവരാറുള്ളത്. ഫ്യൂസേറിയം ഓക്സീസ്പോറം എന്ന കുമിളാണ് ഇവിടെയും വില്ലൻ. പലപ്പോഴും ഇതോടൊപ്പം വേരുപുഴുവിൻറെ സാന്നിധ്യവും കണ്ടുവരാറുണ്ട്. ഈ അവസരത്തിൽ വേരഗ്രം ചീയുന്നതോടൊപ്പം വേരിൽ പുഴുക്കുത്തുകളും കാണപ്പെടും.

ഈ രോഗനിയന്ത്രണത്തിനായി സംയോജിത രോഗപ്രതിരോധ മാർഗ്ഗങ്ങൾ കൈക്കൊള്ളേണ്ടതാണ്. 0.2ശതമാനം വീര്യത്തിൽ  കാർബെൻഡാസിം  ചെടിയുടെ ചുവട്ടിൽ ഒഴിക്കുന്നതോടൊപ്പം  20-30ഗ്രാം വരെ  കാർബോഫുറാൻ  അല്ലെങ്കിൽ  സെവിഡോൾ ചെടിയുടെ ചുവട്ടിൽ ചുറ്റിനും (4-6" വ്യാസത്തിൽ) ഇട്ടുകൊടുത്തതിനുശേഷം മണ്ണിട്ടു മൂടണം. കൂടാതെ ക്ലോർപൈറിഫോസ് 200മില്ലീലിറ്റർ 100ലിറ്റർ വെള്ളത്തിൽ കലർത്തി ഒരുചെടിക്ക് 2-3ലിറ്റർവരെ  ഒഴിച്ചുകൊടുക്കുകയും വേണം. മണ്ണിൽ  ഫോറേറ്റ്, സെവിഡോൾ തുടങ്ങിയവ ഇടുമ്പോൾ നനവുണ്ടായിരിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വേരുപുഴുവിൻറെ ജൈവീക നിയന്ത്രണത്തിനായി'മെറ്റാറൈസിയം അനൈസോപ്ലിയേ' എന്ന കുമിളിനെ മണ്ണിൽനിന്നും വേർതിരിച്ചെടുത്തിട്ടുണ്ട്. ഇവ വേരുപുഴുവിനെ ആക്രമിച്ച് അതിൽ വളരുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചത്ത വേരു പുഴുക്കളിൽനിന്നും വേർതിരിച്ചെടുത്ത ഈ കുമിൾ ഇന്ന് ഇടുക്കിയിൽ മൈലാടുംപാറയിലുള്ള ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പരീക്ഷണവിധേയമാണ്. ഇവ വളർത്തിയെടുത്ത് ഉണങ്ങിപ്പൊടിച്ച ചാണകവുമായി കലർത്തി മണ്ണിൽ ഇട്ടാൽ വേരുപുഴുവിൻറെ ആക്രമണം കുറയ്ക്കാം എന്ന് ഇവിടെ നടന്ന പരീക്ഷണങ്ങളിൽ നിന്നും തെളിഞ്ഞിട്ടുണ്ട്.

ജൈവകൃഷിക്ക് പ്രാധാന്യമർഹിക്കുന്ന ഈ കാലഘട്ടത്തിൽ ജൈവസൂക്ഷ്മാണുക്കളുടെ പ്രായോഗിക സാധ്യതയെപ്പറ്റിയുള്ള ഗവേഷണങ്ങളും നടന്നുതുടങ്ങി. ഇതിലേക്കായി നിരന്തരം നടത്തിയ പരീക്ഷണങ്ങളുടെ ഫലമായി ഉരുത്തിരിഞ്ഞ സസ്യ രോഗനിയന്ത്രണ ശേഷിയുള്ളതും, മനുഷ്യന് നിരുപദ്രവകാരികളുമായ പരിസ്ഥിതിക്കനുയോജ്യമായ സൂക്ഷ്മാണുക്കളാണ് ട്രൈക്കോഡർമ, മെറ്റാറൈസിയം,ബാസില്ലസ്, ഫ്ലൂറസെൻറ് സ്യൂഡോമൊണാസ് എന്നിവ. ഇതുകൂടാതെ  ഉപകാരപ്രദങ്ങളായ  മറ്റനേകം സൂക്ഷ്മാണുക്കളേയും കണ്ടെത്തിയിട്ടുണ്ട്. ഇവ ചേർത്തുള്ള പലതരം ജൈവാണു മിശ്രിതങ്ങൾ ഇന്ന് പ്രചാരത്തിലുണ്ട്. ഇവയിൽ ചിലതാണ് ബയോക്യൂർ, റ്റെൻഡർ, എക്കോഡെർമ, സ്പൈസ്കെയർ, അൻറഗോണ്‍, നിപ്പോർട്ട് തുടങ്ങിയവ. ജൈവാംശമുള്ള മിശ്രിതങ്ങൾ ഏതാണ്ട് മൂന്നു മാസക്കാലംവരെ ഉപയോഗിക്കാം. കൂടുതൽ വെച്ചേക്കാമെങ്കിലും പ്രാണിശല്യം ഉണ്ടാകുന്നതുകൊണ്ട് എത്രയും പെട്ടെന്ന് ചാണകവുമായോ, മറ്റു ജൈവവളങ്ങളോട് ചേർത്തോ, വേപ്പിൻപിണ്ണാക്കിലോ, മണ്ണിരക്കമ്പോസ്റ്റിലോ ചേർത്തോ ചെടിയുടെ ചുവട്ടിൽ ഇടുന്നതാണ് നല്ലത്.

ജൈവകൃഷിക്കും ജൈവോത്പന്നങ്ങൾക്കും പ്രാമുഖ്യം കൊടുക്കുന്ന ഈ അവസരത്തിൽ  ജൈവവസ്തുക്കളോ ജൈവാണുക്കളോ  ഉപയോഗിച്ചുള്ള രോഗനിയന്ത്രണം അത്യന്താപേക്ഷിതമാണ്. വർദ്ധിച്ചുവരുന്ന രാസകീടനാശിനികൾ അന്തരീക്ഷ മലിനീകരണത്തോടൊപ്പം ആരോഗ്യത്തിനും ഹാനികരമായിരിക്കെ, പരിസ്ഥിതിക്കനുയോജ്യമായ നിർദോഷ വസ്തുക്കളെ പ്രയോജനപ്പെടുത്തുന്നത് എന്തുകൊണ്ടും അഭികാമ്യമാണ്. രാസകീടനാശിനികളുടെ ക്രമാതീതമായ വിലയും കാർഷികോത്പന്നത്തിൻറെ വിലയിടിച്ചിലും കർഷകനെ അരക്ഷിതാവസ്ഥയിലെത്തിക്കുന്നു. ഈ അവസ്ഥയിൽ പരിസ്ഥിതിക്കുതകുന്ന വില കുറഞ്ഞ ജൈവാണുപ്രയോഗം ആശ്വാസം തന്നെ. അൽപം ക്ഷമാശീലവും താത്പര്യവുമുണ്ടെങ്കിൽ കർഷകന് സ്വന്തമായി ഇത്തരം സൂക്ഷ്മാണുക്കളെ വളർത്തിയെടുക്കാവുന്നതേയുള്ളൂ. ഇതിനുവേണ്ടിയുള്ള സാങ്കേതിക പരിശീലനം ഇന്ന് കോഴിക്കോട്ടുള്ള ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ നിന്നു ലഭ്യമാണ്. വളരെ ചുരുങ്ങിയ ചെലവിൽ സസ്യാവശിഷ്ടങ്ങൾ ഉപയോഗപ്പെടുത്തി വളർത്തിയെടുക്കാവുന്ന ഈ ജൈവോപകാരികൾ കർഷകന് ആശ്വാസം തന്നെയാണ്.

ഇഞ്ചി നടാൻ ഇപ്പോഴേ ഒരുക്കം

ഡോ. ഹംസ സ്രാമ്പിക്കൽ

വേനൽമഴ കിട്ടിയാലുടൻ ഇഞ്ചി നടാം. ഇപ്പോഴേ ഇഞ്ചി നടാനുള്ള സ്ഥലം ഉഴുതൊരുക്കി വാരമെടുക്കണം.

നടുന്ന സമയത്തും മുള വരുന്നതുവരെയും ഇടയ്ക്കിടക്കുള്ള മഴയും, മുളച്ചതിനുശേഷം ഇടവിട്ടുള്ള നല്ല മഴയും, വിളവെടുപ്പുസമയത്ത് തീരെ മഴയില്ലാത്തതുമായ കാലാവസ്ഥയാണ് ഇഞ്ചിക്കൃഷിക്ക് ഉത്തമം.

കൃഷിചെയ്യാനുള്ള പ്രധാന ഇനങ്ങളും അവയുടെ മേന്മകളും പട്ടികയിൽ.

ഇഞ്ചിയുടെ പ്രധാന വിത്തിനങ്ങളും അവയുടെ പ്രത്യേകതകളും

പ്രധാന ഇനങ്ങൾ

പ്രത്യേകത

വരദ, റിയോഡി ജനീറോ, സുപ്രഭ, ഹിമാജൽ, മാരൻ, സുരുചി, സുരഭി

ഉന്നത ഉത്പാദനക്ഷമത

വരദ, ഗുരുബത്തനി, ചൈന

വലുതും തടിച്ചതുമായ പ്രകന്ദങ്ങൾ

മാരൻ, വരദ, കുറുപ്പംപടി, ജോറട്ട് ലോക്കൽ

കൂടുതൽ ചുക്ക് ഉത്പാദനം

ഏലക്കള്ളൻ, ശബരിമല

ഉയർന്ന ഓയിൽ

വയനാടൻ, കുന്ദമംഗലം, അമ്പലവയൽ, ഏറനാട്, റിയോഡി ജനീറോ, ഹിമാചൽ, വരദ, ചൈന

ഉയർന്ന ഒളിയോറെസിൻ

*ACC-117, ACC 35

ഉയർന്ന ഉത്പാദനക്ഷമത, ഉയർന്നഗുണനിലവാരം, കുറഞ്ഞ നാര്

*[സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽനിന്ന് വളരെ അടുത്തകാലത്ത് കൃഷിക്കാർക്കായി ശുപാർശ ചെയ്യാൻ അംഗീകരിച്ചിട്ടുള്ള ഇനങ്ങൾ]

നല്ല രോഗവിമുക്തമായ വിത്താണ് നടാൻ ഉപയോഗിക്കേണ്ടത്. വിളവെടുപ്പ് കഴിഞ്ഞാൽ ഇത്തരം വിത്തുകൾ തിരഞ്ഞെടുത്ത് 3മി.ലി. ക്വിനാൽഫോസ്, 7ഗ്രാം മാങ്കോസെബ് എന്നിവ ഒരുലിറ്റർ വെള്ളത്തിൽ എന്നതോതിൽ ലയിപ്പിച്ച ലായനിയിൽ 30മിനിട്ട് മുക്കിവെച്ച് തണലിൽ ഉണക്കിയെടുക്കണം. പിന്നീട് ആവശ്യത്തിന് വലുപ്പത്തിലുള്ള കുഴിയെടുത്ത് അവയിൽ ഇഞ്ചിവിത്ത്, നല്ലവണ്ണം ഉണങ്ങിയ ഈർച്ചപ്പൊടിയിലോ മണലിലോ അടുക്കുകളായിട്ടു സൂക്ഷിക്കാവുന്നതാണ്. ഇത്തരം കുഴികളുടെ മേൽഭാഗത്ത് ആവശ്യത്തിന് വായുസഞ്ചാരം കൊടുത്ത്, മരപ്പലക, ഓല, ചപ്പ് എന്നിവ ഏതെങ്കിലും വെച്ചുമൂടേണ്ടതാണ്.

ഇഞ്ചി തനിവിളയായും തെങ്ങ്, കമുക്, കാപ്പിത്തോട്ടങ്ങളിൽ ഇടവിളയായും കൃഷിചെയ്യാം. തനിവിളയായി കൃഷിചെയ്യാൻ വേനൽമഴയോടൊപ്പം ഒരുമീറ്റർ വീതിയിലും 15സെ.മീറ്റർ ഉയരത്തിലും ഉള്ള തവാരണകൾ ആവശ്യത്തിന് നീളത്തിൽ നിർമ്മിക്കണം. നനച്ചുണ്ടാക്കാൻ സൗകര്യമുള്ള സ്ഥലത്ത് 40സെ.മീ. അകലത്തിൽ വരമ്പുകൾ ഉണ്ടാക്കുന്നതാണ് ഉത്തമം. തെങ്ങിൻതോട്ടത്തിൽ നടുമ്പോൾ ഒരുമീറ്റർ വീതിയിലും മൂന്നുമീറ്റർ നീളത്തിലും ഉള്ള തവാരണകൾ എടുക്കേണ്ടതാണ്.

നടാനായി വിത്തുകൾ 2.5 മുതൽ 5സെ.മീ. നീളവും 20-25ഗ്രാം തൂക്കവുമുള്ള കഷണങ്ങളായി മുറിച്ചു 30മിനിട്ട് നേരം 0.3% (7ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ) വീര്യമുള്ള മാംഗോസെബ് ലായനിയിൽ മുക്കി തണലിൽ ഉണക്കേണ്ടതാണ്. ഇവ 20- 25സെ.മീ. അകലത്തിൽ വരമ്പുകളിലോ തവാരണകളിലോ ചെറിയ കുഴികൾ (4-5സെ.മീ.) എടുത്തു നടാം. നടുമ്പോൾ മുള മുകളിൽ വരത്തക്കവിധം വിത്തു വയ്ക്കണം. ഒരു ഹെക്ടറിൽ 1500 മുതൽ 1800കിലോ വിത്തുകൾ വേണ്ടിവരും. നടുന്നതിനുമുമ്പായി ഒരു ഹെക്ടറിൽ 25 മുതൽ 30 ടണ്‍ ഉണക്കിപ്പൊടിച്ച ചാണകവും 250കിലോ റോക്ക് ഫോസ്ഫേറ്റും 42കിലോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും തവാരണകളിൽ വിതറിയോ കുഴികളിൽ ഇട്ടോ കൊടുക്കേണ്ടതാണ്. ഒരു ഹെക്ടറിൽ രണ്ടു ടണ്‍ എന്നതോതിൽ വേപ്പിൻപിണ്ണാക്ക് നടുന്നസമയത്ത് കൊടുത്താൽ ഉത്പാദനം കൂടുകയും മൂടുചീയൽ രോഗം കുറയുന്നതുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇഞ്ചിക്കൃഷിക്ക് പുതയിടൽ ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. നട്ടയുടനെ ഒരു പുത കൊടുക്കേണ്ടതാണ്. നട്ട് 40 ദിവസം കഴിഞ്ഞ് കളയെടുത്തശേഷം ഒരു ഹെക്ടറിൽ 82കിലോ യൂറിയ കൊടുത്ത്, തവാരണകളുടെ അരിക് കിളച്ചു മണ്ണിടുകയും, ഒരു പുത കൂടി കൊടുക്കേണ്ടതുമാണ്. നട്ടു 90ദിവസത്തിനുശേഷം 82കിലോ യൂറിയയും 42കിലോ പൊട്ടാഷും വിതറി, വീണ്ടും അരികിളക്കി മണ്ണിടുകയും, പുതയിടുകയും ചെയ്യേണ്ടതാണ്.

തെങ്ങിൻതോട്ടത്തിൽ ഇടവിളയായി കൃഷിചെയ്യുമ്പോൾ ഹെക്ടറൊന്നിന് 20ടണ്‍ ചാണകം, 250കിലോ റോക്ക് ഫോസ്ഫേറ്റ്, 125കിലോ പൊട്ടാഷ് എന്നിവ നടുമ്പോഴും, 160കിലോ യൂറിയ 40 ദിവസത്തിനുശേഷവും 160കിലോ യൂറിയയും 125കിലോ പൊട്ടാഷും 90 ദിവസത്തിനുശേഷവും കൊടുക്കേണ്ടതാണ്.

അമ്ലത കൂടുതലുള്ള മണ്ണ്, നിലം ഉഴുതു തയ്യാറാക്കുമ്പോൾ ഹെക്ടറിന് 500 മുതൽ 1000കിലോ വരെ കുമ്മായവും കൊടുക്കാവുന്നതാണ്. നാകത്തിൻറെ അഭാവമുള്ള സ്ഥലങ്ങളിൽ ഹെക്ടറിന് 25 മുതൽ 50കിലോ വരെ സിങ്ക് സൾഫേറ്റ് നടുമ്പോൾ കൊടുത്താൽ ഉത്പാദനവും ഗുണനിലവാരവും കൂട്ടാവുന്നതാണ്.

മൂടുചീയലാണ് ഇഞ്ചിയുടെ മാരക രോഗം. ഈ രോഗം പ്രധാനമായും വരുന്നത് മണ്ണിലൂടെയും രോഗം ബാധിച്ച ഇഞ്ചി വിത്തിലൂടെയുമാണ്. രോഗകാരണമായ കുമിൾ ഈർപ്പത്തിൻറെ സാന്നിധ്യത്തിൽ പെരുകുകയും ചെടിയുടെ മൃദുലമായ വേരുകളെയും കിഴങ്ങുകളെയും നശിപ്പിക്കുകയും ചെയ്യുന്നു. രോഗംബാധിച്ച ചെടികളുടെ അടിഭാഗത്തുള്ള ഇലകളിൽ മഞ്ഞളിപ്പ് ആദ്യം പ്രത്യക്ഷപ്പെടുകയും ക്രമേണ മുകളിലേക്കുള്ള ഇലകളിൽ വ്യാപിക്കുന്നതോടൊപ്പം കടഭാഗം ചീയുകയും ചീയൽ ബാധിച്ച തണ്ടിൽനിന്നും പ്രകന്ദങ്ങളിൽനിന്നും ദുർഗന്ധം വമിക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യത്തിൽ ചീഞ്ഞ തണ്ടും പ്രകന്ദങ്ങളും തമ്മിലുള്ള ബന്ധം ചെറിയ തോതിൽ വലിച്ചാൽപോലും അറ്റുപോകുന്നു.

ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽ നിന്ന് പുറത്തിറക്കിയ 'വരദ' എന്ന ഇനത്തിന് രോഗം കുറവാണ്. രോഗം വന്ന കൃഷിസ്ഥലത്തുനിന്ന് ഒരിക്കലും വിത്ത് ശേഖരിക്കരുത്. അതേപോലെ ഇത്തരം സ്ഥലങ്ങളിൽ ആവർത്തനകൃഷിയും ഒഴിവാക്കേണ്ടതാണ്.

രോഗം വരാതിരിക്കാൻ ട്രൈക്കോഡർമ എന്ന മിത്രകുമിൾ മൂന്ന് സ്ക്വയർ മീറ്ററിന് 50ഗ്രാം എന്നതോതിൽ ചാണകപ്പൊടിയിലോ വേപ്പിൻപിണ്ണാക്കിലോ ചേർത്ത് നടുന്ന അവസരത്തിൽ ഉപയോഗിക്കാവുന്നതാണ്. രോഗം വന്ന ചെടി പിഴുതെടുത്ത് കത്തിച്ചു നശിപ്പിക്കുകയും രോഗാക്രമണം ഉണ്ടായ തടത്തിനുചുറ്റുമുള്ള ചെടികളിൽ മാംഗോസെബ് 3ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ എന്നതോതിൽ കലർത്തി ഒഴിച്ചുകൊടുക്കേണ്ടതാണ്.

ഇഞ്ചിയെ ബാധിക്കുന്ന മറ്റൊരു പ്രധാന രോഗമാണ്‌ വാട്ടരോഗം അഥവാ ബാക്ടീരിയൽ വിൽറ്റ്. നീർവാർച്ചയില്ലാത്ത തോട്ടങ്ങളിൽ ഈ രോഗം വേഗം പകരുന്നതാണ്. തുടക്കത്തിൽ രോഗം പിടിപെട്ട ചെടികളുടെ ഇലകൾ താഴേക്ക് ചുരുണ്ട് വാടി നിൽക്കുകയും ക്രമേണ ചെടിയുടെ കടഭാഗം ചീയുകയും ചെയ്യുന്നു. മൂടുചീയൽ രോഗത്തിൽനിന്ന് വ്യത്യസ്തമായി ഇവയുടെ തുടക്കത്തിൽ ഇലകളിൽ മഞ്ഞളിപ്പ് വരുന്നതല്ല. രോഗംബാധിച്ച തണ്ട് മുറിച്ചു തെളിഞ്ഞ വെള്ളത്തിൽ മുക്കിനോക്കിയാൽ അഗ്രഭാഗത്തുനിന്നും പുകരൂപത്തിൽ ഒരു ദ്രാവകം വെള്ളത്തിലേക്ക് ഒലിച്ചിറങ്ങുന്നത് കാണാം. രോഗംബാധിച്ച ചെടികളുടെ പ്രകന്ദങ്ങൾ തീപ്പൊള്ളലേറ്റതുപോലെ നിറം മങ്ങുകയും ചെയ്യുന്നു. രോഗംബാധിച്ച ചെടികൾ പിഴുതുമാറ്റി കത്തിച്ചുകളയുകയും കോപ്പർ അടങ്ങിയ കുമിൾനാശിനി രണ്ടുഗ്രാം ഒരുലിറ്റർ വെള്ളത്തിൽ എന്നതോതിൽ കലർത്തി ചുറ്റുഭാഗത്ത് ഒഴിക്കുന്നതും രോഗം വരാതിരിക്കാൻ നല്ലതാണ്.

മഴയുടെ ആഗമനത്തോടെ ഇഞ്ചിയെ ബാധിക്കുന്ന മറ്റൊരു രോഗമാണ് ഇലപ്പുള്ളി രോഗം. ഫില്ലോസ്റ്റിക്ട ജിഞ്ചിബറി എന്ന കുമിളാണ് രോഗഹേതു. ആദ്യം ഇലകളിൽ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെടുകയും ക്രമേണ അവ വലുതായി (നേർത്ത വെള്ളനിറത്തിൽ) ഇല ഉണങ്ങി പോകുന്നതുമാണ്. ഇലകൾ ഉണങ്ങുന്നതോടൊപ്പം ചെടികളുടെ വളർച്ച മുരടിക്കുന്നതുകൊണ്ട് ഉത്പാദനം കുറയാൻ ഇടവരുന്നു. ബാവിസ്റ്റിൻ എന്ന കുമിൾനാശിനി രണ്ടുഗ്രാം ഒരുലിറ്റർ വെള്ളത്തിൽ എന്നതോതിലോ മാംഗോസെബ് മൂന്നുഗ്രാം ഒരുലിറ്റർ വെള്ളത്തിൽ എന്നതോതിലോ കലർത്തി തളിച്ചുകൊടുക്കേണ്ടതാണ്.

തണ്ടുതുരപ്പൻ പുഴുവിൻറെ ആക്രമണമുണ്ടെങ്കിൽ ക്വിനാൽഫോസ്/മാലത്തയോണ്‍ 4മി.ലി. ഒരുലിറ്റർ വെള്ളത്തിൽ എന്നതോതിൽ ലയിപ്പിച്ച് മൂന്നാഴ്ച ഇടവിട്ട് (ജൂലൈ മുതൽ ഒക്ടോബർ വരെ) തളിക്കാവുന്നതാണ്. കേടുവന്ന തണ്ട് ഓരോ രണ്ടാഴ്ച കൂടുമ്പോഴും (ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ) മുറിച്ചുമാറ്റുകയും സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ മേൽപ്പറഞ്ഞ ഏതെങ്കിലും ഒരു കീടനാശിനി തളിക്കുകയും ചെയ്യുന്നത് കൂടുതൽ ഫലപ്രദമാണ്.

സുഗന്ധവിളകളുടെ കൃഷിയിൽ ജൈവവളങ്ങളുടെ പ്രാധാന്യം

ഡോ. എ. കെ. സദാനന്ദൻ,  എസ്. ഹംസ

കാർഷികരംഗത്ത് രാസവളങ്ങളും കീടനാശിനികളും മാന്ത്രികമായ പരിവർത്തനം വരുത്തിയിട്ടുണ്ട് എന്നത് പരമാർത്ഥമാണ്. ഇവയുടെ അഭാവത്തിൽ കൃഷി തന്നെ അസാധ്യം എന്ന ഒരു തോന്നൽ കർഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. തന്മൂലം രാസവളങ്ങളുടെ വിലയിൽ അടുത്ത കാലത്തുണ്ടായ വർദ്ധനവ്‌ അവരെ ചിന്താകുഴപ്പത്തിലാക്കിയിരിക്കുന്നു. പാക്യജനകം, ഭാവകം, ക്ഷാരം, കീടനാശിനികൾ എന്നിവയുടെ വിലയിൽ വമ്പിച്ച വർദ്ധനവുണ്ടായി. ഈ സാഹചര്യത്തിൽ ജൈവവളങ്ങളുടെ പ്രയോഗം കൂടുതൽ പ്രസക്തി നേടുന്നു.

'ഒറ്റ വൈക്കോൽ വിപ്ലവം' എന്ന പ്രസിദ്ധ ഗ്രന്ഥത്തിൻറെ കർത്താവായ മസനോബു ഫുക്കുവോക്കയുടെ അഭിപ്രായത്തിൽ കൃഷിക്ക് രാസവളങ്ങളും കീടനാശിനികളും ആവശ്യമില്ല. മണ്ണിനെ ഉപദ്രവിക്കാതിരുന്നാൽ അതിനാവശ്യമായ പോഷകസമ്പുഷ്ടി മണ്ണിലെ സസ്യ ജന്തുജീവൻറെ പ്രതിപ്രവർത്തനം വഴി സംജാതമാകുമത്രെ. ഇത് ഒരു തീവ്രവാദമാണെന്ന് തോന്നിയേക്കാം. എന്നാൽ ഇന്ന് ശാസ്ത്രം ഈ വഴിക്ക് ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ്. 'ബയോഫെർട്ടിലൈസർ', 'ബയോളജിക്കൽ കണ്ട്രോൾ' എന്നിവ കൃഷിശാസ്ത്രരംഗത്ത് കൂടുതൽ കൂടുതൽ പ്രസക്തി നേടികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാസവളങ്ങൾക്ക്‌ അടുത്ത കാലത്തുണ്ടായ വിലക്കയറ്റം ഒരു പരിധി വരെ കർഷകരെ സസ്യപോഷണത്തിന് ജൈവവസ്ത്തുക്കൾ തേടുവാൻ പ്രേരിപ്പിക്കും എന്നത് ചാരിതാർത്ഥ്യജനകം

മണ്ണ് ജീവനുള്ളതാണ്. ദൃശ്യവും അദൃശ്യവുമായ അനന്തകോടി ജീവജാലങ്ങൾ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞു കൂടുന്ന ഒരത്ഭുത ലോകമാണത്. എന്നാൽ അനുദിനം വർദ്ധിച്ചു വരുന്ന ജനസംഖ്യയും ജീവിതാവശ്യങ്ങളും കാർഷികമേഖലയിൽ അധികം ഉത്പ്പാദനം അനിവാര്യമാക്കുകയും, തന്മൂലം ഭൂമി നിഷ്ഠൂരമായ ചൂഷണത്തിന് വിധേയമായി അനുദിനം നിത്യവന്ധ്യതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയുമാണ്. ഈയൊരവസ്ഥയിൽ ഇനിയെന്ത് എന്ന ചോദ്യം കർഷകനേയും, കൃഷിശാസ്ത്രജ്ഞനെയും ഒരു പോലെ അലട്ടുന്നു.

കൃഷിയെ ബാധിക്കുന്ന വിവിധ രോഗങ്ങളേയും കീടങ്ങളെയും നിയന്ത്രിക്കുവാൻ കീടനാശിനികളും, കുമിൾനാശിനികളും മറ്റും ക്രമാതീതമായി ഉപയോഗിക്കുക നിമിത്തം, ഇവയെ അതിജീവിക്കുവാൻ കഴിവു നേടിയ കുമിളുകളും, ബാക്ടീരിയകളും വൈറസുകളുമെല്ലാം നമ്മെ നേരിടുകയാണ്. ഇതിനൊരു പ്രതിവിധിയുണ്ടോ? ഉണ്ട് എന്ന് നമുക്കറിയാഞ്ഞിട്ടല്ല. പക്ഷെ അനുദിനം പെരുകുന്ന ഉദരപൂരണത്തിന് അവയൊന്നും ഒഴിച്ചുകൂടാ എന്നതാണ് പരമാർത്ഥം. എന്നാൽ രാസവളങ്ങളും, കീടനാശിനികളും ക്രമമായും ശ്രദ്ധാപൂർവ്വവും മാത്രം ഉപയോഗിക്കുകയും, ജൈവവളാധിഷ്ഠിതമായ കൃഷിക്ക് ഊന്നൽ നൽകുകയും ചെയ്‌താൽ ക്രമേണയായി നമുക്ക് നഷ്ടമായ സസ്യശ്യാമളലോകം തിരിച്ചെടുക്കുവാൻ കഴിയുമെന്നതിൽ സംശയമില്ല. സുഗന്ധവിളകളായ കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞൾ എന്നിവയുടെയും, സുഗന്ധവൃക്ഷവിളകളായ ജാതി, ഗ്രാമ്പു, കറുവപ്പട്ട എന്നിവയുടെയും കൃഷിയിൽ ജൈവവളങ്ങളുടെ പ്രസക്തിയെപ്പറ്റി പ്രതിപാദിക്കുന്നു.

കുരുമുളക്

സുഗന്ധവിളകളിൽ പ്രധാനപ്പെട്ട കുരുമുളകിൻറെ ഉത്ഭവം തന്നെ പശ്ചിമഘട്ടത്തിലെ ഹരിതവനങ്ങളിലാണല്ലോ. ജീർണ്ണിച്ച ജൈവാംശം സുലഭമായ വനത്തിൽ ജനിച്ച ഈ ചെടിക്ക് ധാരാളമായി ജൈവവളങ്ങൾ നൽകേണ്ടത് ആവശ്യമാണ്‌. പ്രത്യേകിച്ചും ദ്രുതവാട്ടരോഗം ചെടികളുടെ വേരിനെയും കടയെയും ബാധിക്കുകയും, ക്രമേണ ജീർണ്ണിച്ച് വള്ളി നശിക്കുകയും ചെയ്യുന്നത് കൊണ്ട്, മണ്ണിൽ അത്യാവശ്യമായ ഈർപ്പം നിലനിർത്താനും ഗുണദായികളായ കുമിളുകളും മറ്റ് അണുക്കളും മണ്ണിൽ സുലഭമായി വളർന്ന് വള്ളികളുടെ  വളർച്ചയ്ക്കും, പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിനും മണ്ണിലെ ജൈവാംശം സഹായിക്കുന്നതായി പരീക്ഷണങ്ങളിലൂടെ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജൈവാംശം കുറഞ്ഞ മണ്ണിൽ കൂടിയ തോതിൽ രാസവളങ്ങൾ പ്രയോഗിക്കുമ്പോൾ സൂക്ഷ്മാണുക്കളുടെ പ്രവർത്തന പ്രതിപ്രവർത്തനങ്ങളെ ഇത് ബാധിക്കുകയും തന്മൂലം ചെടികളുടെ വളർച്ചയ്ക്കും രോഗപ്രതിരോധത്തിനും ആവശ്യമായ സന്തുലിതാവസ്ഥ മണ്ണിന് നഷ്ടമാവുകയും ചെയ്യും. കുരുമുളക് വള്ളികളുടെ ആരോഗ്യത്തിനും ഉത്പാദന വർധനവിനും വള്ളിയൊന്നിന് അഞ്ചു കിലോഗ്രാം ചാണകപ്പൊടി, ഒരു കിലോഗ്രാം വേപ്പിൻപിണ്ണാക്ക് എന്നിവയോടൊപ്പം 10 കിലോഗ്രാം പച്ചിലവളവും നൽകേണ്ടതാണ്. രാസവളങ്ങളാവട്ടെ മണ്ണിലെ അവയുടെ ലഭ്യതയെ അടിസ്ഥാനമാക്കി അതാത് പ്രദേശങ്ങൾക്ക് നിർദേശിക്കപ്പെട്ടിട്ടുള്ള തോതിലും, ഗഡുക്കളായും വേണം നൽകുവാൻ. രാസവളങ്ങൾ പ്രയോഗിക്കുന്നതിനു മുമ്പ് കഴിവതും മണ്ണ് പരിശോധിച്ച് ആവശ്യമായ തോതിൽ മാത്രം നൽകേണ്ടതുമാണ്‌. ജൈവവളങ്ങളായി വേപ്പ്, കടല, പരുത്തി എന്നിവയുടെ പിണ്ണാക്ക് ഉപയോഗിച്ച് ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽ നടത്തിയ പഠനത്തിൽ ഇവ മണ്ണിൻറെ ഘടന മെച്ചപ്പെടുത്തി മണ്ണിലെ പോഷക മൂല്യങ്ങളുടെ തോത് ഗണ്യമായി വർധിപ്പിക്കുന്നതായും കുരുമുളകിൽ അടങ്ങിയിട്ടുള്ള 'ഒലിയോറെസിൻ', ‘എസ്സെൻഷ്യൽ ഓയിൽ’ എന്നിവയുടെ തോത് വർദ്ധിപ്പിച്ച് ഉത്പന്നത്തിൻറെ ഗുണനിലവാരം ഉയർത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കുറ്റിക്കുരുമുളകിൽ ചട്ടി ഒന്നിന് 14 ഗ്രാം കടലപിണ്ണാക്ക് രണ്ടുമാസത്തിലൊരിക്കൽ കൊടുത്തപ്പോൾ രണ്ടു വർഷം കൊണ്ട് ചട്ടി ഒന്നിന് 465 ഗ്രാം കുരുമുളക് കിട്ടി. അതിനു സമാനമായി രാസവളം കൊടുത്ത ചട്ടിക്ക് 291 ഗ്രാം കുരുമുളകേ കിട്ടിയിട്ടുള്ളൂ. (പട്ടിക ഒന്ന് കാണുക)

രാസവളങ്ങളും ജൈവവളങ്ങളും തമ്മിലുള്ള താരതമ്യം

വിള

തോത്

ഉത്പാദനം

 

രാസവളം

ജൈവവളം

രാസവളം

ജൈവവളം

കുറ്റിക്കുരുമുളക്

ഒരു ചട്ടിക്ക് 2 ഗ്രാം യുറിയ, 3 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 3 ഗ്രാം പൊട്ടാഷ്

ഒരു ചട്ടിക്ക് 14 ഗ്രാം കടലപിണ്ണാക്ക് അഥവാ 45 ഗ്രാം വേപ്പിൻപിണ്ണാക്ക്

ചട്ടിക്ക് 291 ഗ്രാം *

ചട്ടിക്ക് 465 ഗ്രാം *

മഞ്ഞൾ

ഹെക്ടറിന്  133 കിലോഗ്രാം യുറിയ, 313 കിലോഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 200 കിലോഗ്രാം പൊട്ടാഷ്

ഹെക്ടറിന് 0.9 ടണ്‍ കടലപിണ്ണാക്ക് അഥവാ 2.7 ടണ്‍ വേപ്പിൻപിണ്ണാക്ക്

ഹെക്ടറിന് 28.1 ടണ്‍

ഹെക്ടറിന് 30.2 ടണ്‍

ഇഞ്ചി

ഹെക്ടറിന്  167 കിലോഗ്രാം യുറിയ, 313 കിലോഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 83 കിലോഗ്രാം പൊട്ടാഷ്

ഹെക്ടറിന് 1.1 ടണ്‍ കടലപിണ്ണാക്ക് അഥവാ 3.4 ടണ്‍ വേപ്പിൻപിണ്ണാക്ക്

ഹെക്ടറിന് 15.0 ടണ്‍

ഹെക്ടറിന് 17.2 ടണ്‍

 

* രണ്ടു വർഷത്തേക്കുള്ള ശരാശരി ഉത്പാദനം

 

 

കുരുമുളക് വള്ളികളുടെ വേരുകളിൽ വി. എ. എം (വെസിക്കുലർ ആർബസ്ക്കുലാർ മൈക്കോറൈസ) എന്ന ഇനം കുമിളുകൾ വളർത്തുന്നത് നിമിത്തം വള്ളികൾക്ക് കൂടുതൽ ശക്തിയും ദ്രുതവാട്ടം ഉണ്ടാക്കുന്ന കുമിളിൽ നിന്നും, നിമാവിരകളിൽ നിന്നും സംരക്ഷണവും ലഭിക്കുന്നതായി കണ്ടത്തിയിട്ടുണ്ട്‌.

ഏലം, ഇഞ്ചി, മഞ്ഞൾ, ജാതി, ഗ്രാമ്പൂ, കറുവ എന്നീ സുഗന്ധവിളകളുടെ കൃഷിയിലും ജൈവവളങ്ങളുടെ പ്രാധാന്യം എടുത്തു പറയേണ്ടതാണ്. ഇഞ്ചി, മഞ്ഞൾ എന്നിവയുടെ കൃഷിയിൽ ഹെക്ടറിന് 20 ടണ്‍ കാലിവളമാണ് നിർദേശിക്കപ്പെട്ടിട്ടുള്ളത്‌. പച്ചിലവളവും അതേ അളവിൽ തന്നെ നൽകണം. അതോടൊപ്പം നിർദ്ദിഷ്ട തോതിൽ രാസവളങ്ങളും ഗഡുക്കളായി നൽകണം.

ഇഞ്ചി

ഇഞ്ചിക്കൃഷിക്ക് ഹെക്ടർ ഒന്നിന് 3.4 ടണ്‍ വേപ്പിൻപിണ്ണാക്ക് കൊടുത്തപ്പോൾ 17.2 ടണ്‍ ഇഞ്ചി കിട്ടി. അതിനു സമാനമായി 167 കിലോഗ്രാം യുറിയയും 313 കിലോഗ്രാം സൂപ്പർ ഫോസ്ഫേറ്റും 83 കിലോഗ്രാം മ്യുറിയേറ്റ് ഓഫ് പൊട്ടാഷും കൊടുത്തപ്പോൾ കിട്ടിയത് 15  ടണ്‍ ഇഞ്ചിയാണ്. വേപ്പിൻപിണ്ണാക്കിന് പകരം കടലപിണ്ണാക്ക്, പരുത്തിപിണ്ണാക്ക്, എള്ളിൻപിണ്ണാക്ക് എന്നിവയിലേതെങ്കിലും ഒന്ന് നൽകാവുന്നതാണ്.

മഞ്ഞൾ

മറ്റൊരു പഠനത്തിൽ മഞ്ഞൾ കൃഷിക്ക് ഹെക്ടർ ഒന്നിന് 2.7 ടണ്‍ വേപ്പിൻപിണ്ണാക്ക് ഉപയോഗിച്ചപ്പോൾ സുവർണ്ണ, സുഗുണ, സുദർശന, ആലപ്പി എന്നീ ഇനം മഞ്ഞളുകളിൽ നിന്ന് ഹെക്ടറിൽ യഥാക്രമം 20.1, 31.6, 32.9, 18.8 വീതം വിളവു കിട്ടി. അതിനു സമാനമായ 860 കിലോഗ്രാം കടലപിണ്ണാക്ക് കൊടുത്തപ്പോൾ യഥാക്രമം 22.7, 35.7, 35.2, 27.0 ടണ്‍ വീതം വിളവാണ് കിട്ടിയത്. നേരെ മറിച്ച് സമാനമായി ഹെക്ടർ ഒന്നിന് 133 കിലോഗ്രാം യുറിയയും 313 കിലോഗ്രാം സൂപ്പർ ഫോസ്ഫേറ്റും 200 കിലോഗ്രാം മ്യുറിയേറ്റ് ഓഫ് പൊട്ടാഷും ഉപയോഗിച്ചപ്പോൾ യഥാക്രമം 19.1, 33.5, 33.3, 26.4 ടണ്‍ വീതമാണ് വിളവ് കിട്ടിയത്.

മറ്റൊരു പരീക്ഷണത്തിൽ രാസവളങ്ങളും, പച്ചിലവളങ്ങളും കൂടി കൂട്ടി വളമായി ഉപയോഗിച്ചാൽ മണ്ണിൻറെ ഫലഭൂയിഷ്ഠി വർദ്ധിപ്പിക്കുന്നതോടൊപ്പം കൂടുതൽ കാലത്തേക്ക് നിലനിർത്തുന്നതായും കണ്ടു. അതുപോലെ തന്നെ മണ്ണിര കൃഷി ചെയ്തുണ്ടാക്കുന്ന കമ്പോസ്റ്റ് വളവും വളരെ നല്ലതാണെന്ന് കണ്ടു. കുരുമുളക് കൃഷി ചെയ്യുമ്പോൾ താങ്ങുമരമായി നടുന്ന മുരിക്ക്‌, കിളിഞ്ഞിൽ, പ്ലാവ് മുതലായവയുടെയും, തണൽ നൽകാൻ നടുന്ന ചെടികളുടെയും കരിയിലയും, പച്ചിലയും രാസവളങ്ങളോടൊപ്പം ഉപയോഗിച്ചാൽ കൃഷി കൂടുതൽ ലാഭകരമാക്കാം.

മേൽപ്പറഞ്ഞ പരീക്ഷണ നിരീക്ഷണങ്ങളിൽ ജൈവവളങ്ങൾ രാസവളത്തെക്കാൾ അൽപ്പം കൂടുതൽ ഉപയോഗിക്കണമെന്നിരുന്നാലും അത് രാസവളത്തെക്കാളേറെ മണ്ണിൻറെ ഫലഭൂയിഷ്ഠി കൂടുതൽ കാലം നിലനിർത്താനും, ഉത്പാദനം രാസവളമിട്ട് കിട്ടിയതോടൊപ്പമോ അതിൽ കൂടുതലോ ലഭിക്കുന്നതോടൊപ്പം, ഉത്പന്നങ്ങൾ കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിച്ചു വയ്ക്കാനും സാധിക്കുമെന്നതിനാലും, സാമ്പത്തികമായി പ്രയോജനം തന്നെയാണുള്ളത്.

ഇഞ്ചി, മഞ്ഞൾ, വൃക്ഷസുഗന്ധവ്യഞ്ജനങ്ങളിലെ ജൈവകൃഷി പരീക്ഷണങ്ങൾ

ഡോ. എ.  കെ. സദാനന്ദൻ, എസ്. ഹംസ, എ. എം. സജ്ന

മണ്ണിൻറെ ജീവനും ആരോഗ്യത്തിനും പ്രാധാന്യം കൽപ്പിക്കുന്ന കൃഷിരീതിയാണ് ജൈവകൃഷി. സസ്യപോഷണത്തിനായി ജൈവവളങ്ങൾ, വിളാവശിഷ്ടങ്ങൾ, പച്ചിലവളങ്ങൾ എന്നിവ മണ്ണിൽ നിക്ഷേപിക്കൽ, മഴവെള്ളം ഒലിച്ചുപോകാതെ മണ്ണിൽ ശേഖരിക്കാനുള്ള നടപടികൾ, മണ്ണിന് ജൈവവസ്തുക്കൾ കൊണ്ടുള്ള പുതയിടൽ, ജീവാണുവളപ്രയോഗം, കീടരോഗനിയന്ത്രണത്തിന്  സസ്യജന്യമായ വസ്തുക്കളുടെ പ്രയോഗം എന്നിവയാണ് ജൈവകൃഷിയിലൂടെ ഉദ്ദേശിക്കുന്നത്.

സുഗന്ധവിള കൃഷിക്ക് ഇന്ത്യൻ സമ്പദ്ഘടനയിൽ സുപ്രധാനമായ സ്ഥാനമാണുള്ളത്. 1997-98 ൽ ഭാരതീയ സുഗന്ധവിള കർഷകർ 2.3 ദശലക്ഷം ഹെക്ടറിൽ നിന്ന് 75,000 കോടി രൂപയോളം വിലവരുന്ന 2.5 ദശലക്ഷം ടണ്‍ സുഗന്ധവിള ഉത്പാദിപ്പിക്കുകയും, അതിൽ 2.2 ലക്ഷം കയറ്റുമതി ചെയ്ത് രാഷ്ട്രത്തിന് 1352 കോടി രൂപ വിദേശനാണ്യം നേടിത്തരുകയും ചെയ്തു. വിദേശരാജ്യങ്ങൾ സുഗന്ധവിളകളുടെ ഗുണമേന്മയ്ക്ക് വളരെ അധികം പ്രാധാന്യം കൽപ്പിക്കുന്ന ഈ കാലത്ത് ജൈവകൃഷി വഴി ഉത്പാദിപ്പിക്കുന്ന സുഗന്ധവിളകൾക്ക് അധിക വരുമാനം നേടാൻ സാധിക്കും.

വേപ്പ്, കടല, എള്ള്, പരുത്തി, കടുക് തുടങ്ങിയവയുടെ പിണ്ണാക്കുകളും, കാലി, ആട്,  കോഴി എന്നിവയുടെ കാഷ്ഠങ്ങളും, മണ്ണിര, കരിയില, ചകിരിച്ചോറ് എന്നിവയുടെ കമ്പോസ്റ്റുകളും, അസോസ്പൈറില്ലം, അസറ്റോബാക്ടർ, ഫോസ്ഫോബാക്ടീരിയ, വി. എ. എം. (വെസിക്കുലർ ആർബസ്ക്കുലർ മൈക്കോറൈസ) എന്നീ ജീവാണുവളങ്ങളും സുഗന്ധവിള കൃഷിക്ക് ഉപയോഗിക്കാം എന്ന് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ നടത്തിയ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. വിവിധതരം ജൈവവളങ്ങളും അവയിൽ അടങ്ങിയിട്ടുള്ള മൂലകങ്ങളുടെ അളവുകളും പട്ടിക 1 ൽ വിവരിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ ജൈവവളങ്ങളിൽ കൂടുതൽ അളവിൽ പാക്യജനകം അടങ്ങിയിട്ടുള്ളതിനാലും, സുഗന്ധവിളകൾക്ക്‌ കൂടുതൽ അളവിൽ ഭാവഹവും ക്ഷാരവും ആവശ്യമായതിനാലും, ഭാവഹത്തിനുവേണ്ടി റോക്ക് ഫോസ്ഫേറ്റും (18-22%  P2O5) ക്ഷാരത്തിനു വേണ്ടി വെണ്ണീറും കൂട്ടി സമീകൃത അളവിൽ വിളകളുടെ ആവശ്യാനുസരണം കൊടുക്കാവുന്നതാണ്. ജൈവവളങ്ങളിൽ സൂക്ഷ്മമൂലകങ്ങൾ (നാകം, ചെമ്പ്, ഇരുമ്പ്, മാംഗനീസ് തുടങ്ങിയവ) അടങ്ങിയിട്ടുള്ളതിനാൽ അവ പ്രത്യേകം കൊടുക്കേണ്ടതില്ല. ജൈവകൃഷി ചെയ്യുമ്പോൾ കീടനാശിനികളായി വേപ്പെണ്ണ, പുകയില കഷായം, ജമന്തി, മാരി ഗോൾഡ്‌ എന്നീ ചെടികളുടെ പൂക്കളും വേരുകളും കൂടിയ സത്ത് എന്നിവ ഉപയോഗിക്കാവുന്നതാണ്. അത്യാവശ്യഘട്ടങ്ങളിൽ ശുപാർശ ചെയ്ത അളവിൽ കീട കുമിൾനാശിനികളും ഉപയോഗിക്കാം.

ജൈവവളങ്ങളിലുള്ള പോഷകങ്ങളുടെ തോത് (1 കിലോഗ്രാമിൽ)

ജൈവവളം

N പാക്യജനകം

P ഭാവഹം

K ക്ഷാരം

Mg മഗ്നീഷ്യം

Ca കാത്സ്യം

S  ഗന്ധകം

Fe ഇരുമ്പ്

Mn മാംഗനീസ്

Zn നാകം

Cu ചെമ്പ്

Mo  മോളിബ്ഡിനം

വേപ്പിൻ പിണ്ണാക്ക്

30

1

15

3.2

10

2.3

2085

65

17

10

2.5

പരുത്തി പിണ്ണാക്ക്

35

2.9

13

3.8

4

1.5

169

14

37

9

1.6

കടുകിൻ പിണ്ണാക്ക്

22

2.1

12

2.1

6

1.5

1062

27

21

18

2

കടല പിണ്ണാക്ക്

68

3.6

12

3.3

2

2.1

667

37

48

16

5.4

എള്ളിൻ പിണ്ണാക്ക്

60

3.9

11

5

10

1.9

1262

50

64

25

11

കാലിവളം

5

11

3

5.5

11

1.8

2745

466

59

29

11

ആട്ടിൻ കാഷ്ഠം

31

1.8

13

7

18

1.6

1874

711

120

67

12

കോഴി കാഷ്ഠം

30

2.3

17

6

23

3.1

2411

234

194

40

10

കരിയില കമ്പോസ്റ്റ്

10

1

16

3.1

21

2.1

656

177

12

11

6

മണ്ണിര കമ്പോസ്റ്റ്

20

8

12

5

13

8.6

6130

221

44

36

1.6

ചകിരി കമ്പോസ്റ്റ്

12

0.6

12

4.2

5

1

950

50

16

6

1

 

ജൈവവള പ്രയോഗങ്ങൾ സുഗന്ധവിളകളിൽ

കുറ്റികുരുമുളക്

ചാണകം, മണ്ണ്, മണൽ എന്നിവ 1:1:1 എന്ന അനുപാതത്തിൽ കലർത്തിയ മിശ്രിതം നിറച്ച ചട്ടിയിൽ വേരുപിടിപ്പിച്ച കുറ്റി കുരുമുളകിന്, രണ്ടു മാസത്തിലൊരിക്കൽ 30 ഗ്രാം വേപ്പിൻ പിണ്ണാക്കോ 15 ഗ്രാം കടല പിണ്ണാക്കോ അല്ലെങ്കിൽ 20 ഗ്രാം വേപ്പിൻ പിണ്ണാക്കും അഞ്ചു ഗ്രാം കടല പിണ്ണാക്കും കൂട്ടിക്കലർത്തിയ മിശ്രിതമോ കൊടുക്കാം. ഭാവഹത്തിനു പകരം 2.5 ഗ്രാം മസൂറി റോക്ക് ഫോസ്ഫേറ്റും ക്ഷാരത്തിനു പകരം 20 ഗ്രാം വെണ്ണീറും കൂട്ടിക്കലർത്തി കൊടുത്താൽ ഒരു കുറ്റികുരുമുളകിൽ നിന്ന് ഉത്പാദനം 54 ഗ്രാമിൽ (വളം ചെയ്യാത്തത്) നിന്ന് 182 ഗ്രാം ആയി (237%) വർദ്ധിക്കും എന്ന് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ നടത്തിയ ഗവേഷണം തെളിയിച്ചിട്ടുണ്ട്. മറ്റൊരു പരീക്ഷണത്തിൽ ഒരു ചട്ടിയിൽ 30 ഗ്രാം വീതം ആട്ടിൻ കാഷ്ഠമോ, കോഴി കാഷ്ഠമോ, 50 ഗ്രാം രണ്ടു മാസത്തിലൊരിക്കൽ കൊടുക്കുകയാണെങ്കിൽ കുറ്റി കുരുമുളകിൻറെ ഉത്പാദനം ചട്ടിക്ക് 95 ഗ്രാമിൽ ( വളം ചെയ്യാത്തത്) നിന്ന് 193 ഗ്രാം (103%) ആയി കൂടും എന്നും അത് ഏകദേശം രാസവളങ്ങൾക്ക് തുല്യമായ ഉത്പാദനം തരുന്നതായും കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു പരീക്ഷണത്തിൽ ഒരു ചട്ടിയിൽ പത്തു വീതം മണ്ണിരയും 50 ഗ്രാം വീതം ചാണകവും പച്ചില കമ്പോസ്റ്റും കൂടി കൊടുത്തപ്പോൾ ചെടിയുടെ പുഷ്ടിയും ഉത്പാദനവും കൂട്ടാം എന്ന് കണ്ടു. മണ്ണിരവളം കർഷകന് തൻറെ കൃഷിയിടത്തിൽ സ്വയം ഉത്പാദിപ്പിക്കാവുന്നതാണ്. പച്ചില ചാണകവുമായി 10:1 എന്ന അനുപാതത്തിൽ ചേർത്ത് ഏഴു ദിവസം അഴുകിയത്തിനു ശേഷം മണ്ണിര (പെരിയോണിക്സ് എക്സവേറ്റസ്, യൂഡ്രില്ലസ് യൂജീനിയ, എയ്സീനിയ ഫീറ്റിഡ) അര ക്യുബിക് മീറ്ററിന് 500 എണ്ണം എന്ന തോതിൽ ചേർത്ത് ദിവസത്തിൽ രണ്ടു നേരം അഞ്ചു ലിറ്റർ വെള്ളം എന്ന തോതിൽ നനച്ച് കൊടുത്താൽ, 30 ദിവസത്തിനുള്ള മണ്ണിര കമ്പോസ്റ്റ് തയ്യാറാക്കാം.

കുരുമുളക്

കുരുമുളക് വള്ളി ഒന്നിന് അഞ്ചു കിലോ കാലിവളവും, അര കിലോ വീതം വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും 100 ഗ്രാം പാക്യജനകവും 40 ഗ്രാം ഭാവഹവും 140 ഗ്രാം ക്ഷാരവും കൊടുത്തപ്പോൾ ഉത്പാദനം 172 ശതമാനം വർധിക്കുന്നതായും ദ്രുതവാട്ടം 6.1 ൽ നിന്ന് 1.9 ശതമാനം ആയി കുറയുന്നതായും ഇവിടെ നടത്തിയ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

സാധാരണയായി കുരുമുളക് വള്ളിക്ക് പത്തു കിലോ വീതം കാലിവളവും കരിയിലയും (താങ്ങുമരത്തിൻറെ തണൽ ജൂണ്‍ മാസത്തിൽ ക്രമീകരിക്കുമ്പോൾ അതിൻറെ ചില്ലകളും ഇലയും) അര കിലോ കടലപിണ്ണാക്കും രണ്ടു കിലോ വേപ്പിൻപിണ്ണാക്കും 200 ഗ്രാം റോക്ക് ഫോസ്ഫേറ്റും രണ്ടു കിലോ വെണ്ണീറും(ക്ഷാരം) 20 ഗ്രാം ജീവാണുവളവും ആണ്ടിലൊരിക്കൽ കൊടുത്താൽ ഉത്പാദനം പതിന്മടങ്ങ്‌ വർദ്ധിപ്പിക്കാനും മണ്ണിൻറെ ഫലഭൂയിഷ്ഠിയും ഈർപ്പവും നിലനിർത്താനും സാധിക്കും.

ഏലം

ജൈവ സമ്പുഷ്ടമായ മണ്ണിൽ മാത്രം വളരുന്ന ഏലത്തിന് ചെടിയൊന്നിന് 10 കിലോ വീതം കാലിവളവും കരിയിലയും, രണ്ടര കിലോ വേപ്പിൻപിണ്ണാക്കും 400 ഗ്രാം റോക്ക് ഫോസ്ഫേറ്റും രണ്ടു കിലോ വെണ്ണീറും 20 ഗ്രാം ജീവാണുവളവും ആണ്ടിലൊരിക്കൽ കൊടുക്കാം.

ഇഞ്ചി

ഇഞ്ചി കൃഷിക്ക് വേപ്പിൻപിണ്ണാക്ക് ഹെക്ടറിൽ രണ്ടു ടണ്‍ എന്ന തോതിൽ (മൂന്നു ചതുരശ്ര മീറ്റർ തവാരണയിലേക്ക് ഒരു കിലോ) കൊടുത്താൽ ഉത്പാദനം 32.8 ശതമാനം വർധിപ്പിക്കാനും, മൂടുചീയൽ രോഗം 4.7 ശതമാനം ആയി കുറച്ചു കൊണ്ടുവരാനും സാധിക്കും എന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. മറ്റൊരു പരീക്ഷണത്തിൽ ഹെക്ടറിന് 10 ടണ്‍ കാലിവളവും , 2.5 ടണ്‍ ചകിരി കമ്പോസ്റ്റും, 20 കിലോ ജീവാണുവളവും കൂടി കൊടുത്തപ്പോൾ ഉത്പാദനം ഹെക്ടറിൽ 12.9 ടണ്ണിൽ നിന്ന് 21.3(65%) ആയി കൂട്ടാൻ സാധിക്കുന്നതായി കണ്ടു. മറ്റൊരു പരീക്ഷണത്തിൽ ഇഞ്ചിക്ക് ഹെക്ടറിൽ 10 ടണ്‍  കാലിവളത്തിനു പുറമേ 2.5 ടണ്‍  വേപ്പിൻപിണ്ണാക്കോ 1.0 ടണ്‍ കടലപിണ്ണാക്കോ 1700 കിലോ വേപ്പിൻപിണ്ണാക്കും 360 കിലോ കടലപിണ്ണാക്കും കൂട്ടി ചേർത്ത മിശ്രിതമോ കൊടുത്താൽ ഉത്പാദനം 13.9 ടണ്ണിൽ നിന്നും 20 ടണ്‍ (43.9%) ആയും ഒലിയോറെസിൻ 209 കിലോയിൽ നിന്നും 311 കിലോ (48.8%) ആയും ഉയർത്താൻ സാധിക്കും എന്ന് കണ്ടു.

ചുരുക്കി പറഞ്ഞാൽ ഇഞ്ചിക്ക് ഹെക്ടറിന് 10 ടണ്‍ കാലിവളവും 15 ടണ്‍ പച്ചിലവളവും 2.5 ടണ്‍ വേപ്പിൻ പിണ്ണാക്കും (അല്ലെങ്കിൽ 1700 കിലോ വേപ്പിൻപിണ്ണാക്കും  കടലപിണ്ണാക്കും 350 കിലോ കടലപിണ്ണാക്കും കൂടിയ മിശ്രിതം) 250 കിലോ റോക്ക് ഫോസ്ഫേറ്റും ഒരു ടണ്‍  വെണ്ണീറും 20 കിലോ ജീവാണുവളവും കൊടുക്കുന്നതാണ് ഏറ്റവും ഉത്തമം.

മഞ്ഞൾ

മഞ്ഞൾ കൃഷിയിൽ ഇവിടെ നടത്തിയ പരീക്ഷണത്തിൽ ഹെക്ടറിന് 10 ടണ്‍  കാലിവളവും 2.5 ടണ്‍  ചകിരി കമ്പോസ്റ്റും 20 കിലോ ജീവാണുവളവും കൊടുത്തപ്പോൾ ഉത്പാദനം 15.8 ടണ്ണിൽ നിന്ന് 29.2 ടണ്‍  (84.8%) ആയി ഉയർന്നു.

മഞ്ഞൾ കൃഷിക്ക് ഏറ്റവും അനുയോജ്യം നടുമ്പോൾ ഹെക്ടറിന് 10 ടണ്‍ കാലിവളവും 15 ടണ്‍ പച്ചിലവളവും രണ്ടു ടണ്‍ വേപ്പിൻപിണ്ണാക്കും (അല്ലെങ്കിൽ 1400 കിലോ വേപ്പിൻ പിണ്ണാക്കും 300 കിലോ കടലപിണ്ണാക്കും കൂട്ടി ചേർത്ത മിശ്രിതം) 250 കിലോ റോക്ക് ഫോസ്ഫേറ്റ്, രണ്ടു ടണ്‍ വെണ്ണീർ(ക്ഷാരം) 20 കിലോ ജീവാണുവളം എന്നിവ കൂട്ടി കൊടുക്കാവുന്നതാണ്.

വൃക്ഷ സുഗന്ധവിളകൾ

വൃക്ഷ സുഗന്ധവിളകളായ ഗ്രാമ്പു ജാതി എന്നിവയ്ക്ക് ഹെക്ടറൊന്നിന് 2.5 ടണ്‍  കാലിവളവും ഒരു ടണ്‍ പച്ചില കമ്പോസ്റ്റും, രണ്ടു ടണ്‍ വേപ്പിൻപിണ്ണാക്കും (അല്ലെങ്കിൽ 300 കിലോ കടലപിണ്ണാക്കും 1400 കിലോ  വേപ്പിൻപിണ്ണാക്കും കൂട്ടി ചേർത്ത മിശ്രിതം) 250 കിലോ റോക്ക് ഫോസ്ഫേറ്റും, 20 കിലോ ജീവാണുവളവും കൊടുക്കാവുന്നതാണ്.

വിവിധ സുഗന്ധ വിളകൾക്ക് കൊടുക്കേണ്ട ജൈവ വളങ്ങളുടെ അളവ് പട്ടിക രണ്ടിൽ കൊടുത്തിട്ടുണ്ട്.

സുഗന്ധവിളകൾക്കുള്ള ജൈവവള തോത്(  ടണ്‍/ ഹെക്ടറിൽ)

 

 

വിള

കാലിവളം

പച്ചിലവളം

കടല പിണ്ണാക്ക്

വേപ്പിൻ പിണ്ണാക്ക്

റോക്ക് ഫോസ്ഫേറ്റ്

ക്ഷാരം

ജീവാണുവളം

കുരുമുളക്

10

10

0.5

2.2

0.2

2

0.02

ഏലം

10

10

-

2.5

0.4

2

0.02

ഇഞ്ചി

10

15

0.35

1.7

0.25

1

0.02

മഞ്ഞൾ

10

15

0.3

1.4

0.25

2

0.02

ജാതി , ഗ്രാമ്പു

2.5

1

0.3

1.4

0.25

-

0.02

 

ജൈവവള പ്രയോഗം കൊണ്ട് കർഷകന് നേട്ടങ്ങളേറെയാണ്. രാസവളങ്ങളുടെ പ്രയോഗം കുറയുന്നതുകൊണ്ട് മണ്ണിൻറെയും വിളകളുടെയും ഗുണനിലവാരം വർദ്ധിക്കുന്നു. ഉത്പന്നങ്ങളുടെ ഗുണനിലവാരം വർദ്ധിക്കുന്നതുകൊണ്ട്‌ സുഗന്ധവിള സംസ്കരണ വ്യവസായികളും കയറ്റുമതിക്കാരും കൂടുതൽ വില കൊടുത്ത് ഇത്തരം സുഗന്ധവിളകൾ വാങ്ങാൻ തയ്യാറാവും. അങ്ങനെ കർഷകന് ജൈവകൃഷി ലാഭകരമാവുകയും ചെയ്യും.

സുസ്ഥിരകൃഷിക്ക് ജീവാണുവളങ്ങൾ

ഡോ. എസ്. ഹംസ, ഡോ. വി. ശ്രീനിവാസൻ

അമിത രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗംമൂലം കാർഷികോത്പന്ന വർദ്ധനവിനോടൊപ്പം പല മാറാരോഗങ്ങളും കൂടിക്കൊണ്ടിരിക്കുന്ന പ്രവണതയാണ് ഇന്ന് കാണുന്നത്. പരിഹാരം എന്നനിലയിൽ വികസിതരാഷ്ട്രങ്ങൾ ഇന്ന് മിക്കവാറും ജൈവിക കൃഷിരീതിയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. ഓരോകിലോ ധാന്യം കൃഷിഭൂമിയിൽനിന്നു വിളവെടുക്കുമ്പോഴും ഏകദേശം ഇരുപതുഗ്രാം വീതം പാക്യജനകം, ക്ഷാരം, കാത്സ്യം എന്നിവയും രണ്ടുഗ്രാം വീതം ഭാവഹം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയും ദശാംശം രണ്ടുഗ്രാം വീതം മാംഗനീസ്, ചെമ്പ്, നാകം, ബോറോണ്‍, മോളിബ്ഡിനം എന്നിവയും നഷ്ടപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കൃഷി സുസ്ഥിരത കൈവരിക്കണമെങ്കിൽ മണ്ണിൽനിന്ന് നീക്കംചെയ്യുന്ന എല്ലാ പോഷകങ്ങളും രാസവളമായോ ജൈവവളമായോ ജീവാണുവളമായോ മണ്ണിന് തിരിച്ചുകൊടുക്കണം. ജൈവിക കൃഷിരീതിയിൽ ജീവാണുവളങ്ങൾക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ബാക്ടീരിയകൾ, കുമിളുകൾ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന സൂക്ഷ്മജീവികളാണ് മണ്ണിൻറെ ജൈവപുഷ്ടി നിലനിർത്തുന്നത്. ഈ സൂക്ഷ്മജീവികൾ മണ്ണിൽ വീഴുന്ന ഏതു ജൈവവസ്തുക്കളെയും അഴുകിദ്രവിപ്പിച്ചു അപ്രത്യക്ഷമാക്കുന്നു. മണ്ണിൽ കാണുന്ന ചില സൂക്ഷ്മജീവികൾക്ക് അന്തരീക്ഷവായുവിൻറെ മുക്കാൽ പങ്കോളം വരുന്ന പാക്യജനകത്തെ സ്വാംശീകരിച്ച് ചെടികൾക്ക് വലിച്ചെടുക്കാൻ പാകത്തിലുള്ള നൈട്രേറ്റുകളാക്കി മാറ്റാനുള്ള കഴിവുണ്ട്. ഇത്തരം സൂക്ഷ്മജീവികൾ നൈട്രജൻ ഫിക്സിംഗ് ബാക്ടീരിയ എന്നറിയപ്പെടുന്നു.റൈസോബിയം ഇതിൽ പ്രധാനിയാണ്‌. ഇവ പയറുവർഗത്തിൽപ്പെട്ട ചെടികളുടെ വേരുകളിൽ ധാരാളമായി കാണുന്നു. പയറുചെടി നശിക്കുമ്പോൾ അതിലടങ്ങിയിട്ടുള്ള പാക്യജനക ലവണങ്ങൾ മണ്ണിൽ ലയിച്ചുചേരുകയും മണ്ണിൻറെ ഫലഭൂയിഷ്ഠി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സൂക്ഷ്മസസ്യ വിഭാഗങ്ങളിൽപെടുന്ന ചിലതരം ആൽഗകളും പായൽചെടികളും പയറുചെടികളുടെ സാന്നിധ്യമില്ലാതെതന്നെ മൂലകരൂപത്തിലുള്ള അന്തരീക്ഷത്തിലെ പാക്യജനകത്തെ ചെടികൾക്കുപകരിക്കുന്ന യൗഗികരൂപത്തിലുള്ള നൈട്രേറ്റുകളാക്കിമാറ്റാൻ കഴിയുന്നവയാണ്. ഇത്തരം സൂക്ഷ്മജീവികൾക്ക് ഉദാഹരണമാണ്‌ നീലഹരിത പായലുകൾ, അസോള എന്നിവ.

അമ്ലരസമുള്ള മണ്ണിൽ ഭാവഹവളങ്ങൾ ചേർക്കുമ്പോൾ ഫോസ്ഫേറ്റ് ഫിക്സേഷൻ എന്ന രാസപ്രവർത്തനംമൂലം മണ്ണിൽ ഉറച്ചുപോകുകയും അതുമൂലം ചെടികൾക്ക് ഭാവഹവളത്തിൻറെ ലഭ്യത കുറയുകയും ചെയ്യുന്നു. ഇത്തരത്തിൽ അഭേദ്യമാംവിധം മണ്‍തരികളിൽ ഒട്ടിപ്പിടിച്ചുപോയ ഭാവഹത്തെ വെള്ളത്തിൽ ലയിക്കുന്ന രൂപത്തിൽ ആക്കി മാറ്റാൻ കഴിവുള്ള ഭാവഹ ലായക സൂക്ഷ്മജീവികളും മണ്ണിൽ ധാരാളം അടങ്ങിയിട്ടുണ്ട്. സ്യൂഡോമൊണാസ്, ആസ്പർഗില്ലസ് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

മേൽപ്പറഞ്ഞ സൂക്ഷ്മജീവികളെല്ലാം കൃത്രിമമായി ഉത്പാദിപ്പിച്ച് അനുയോജ്യ മാധ്യമങ്ങളിൽ കലർത്തി പാക്കറ്റുകളിലാക്കി ജീവാണുവളങ്ങൾ എന്നപേരിൽ ഇന്ന് വിപണിയിൽ സുലഭമാണ്.

വിപണിയിൽ കിട്ടുന്ന ജീവാണുവളങ്ങൾ വിത്തിലോ തൈകളിലോ പുരട്ടിയോ ജൈവവളവുമായിചേർത്ത് മണ്ണിൽ നേരിട്ടോ പ്രയോഗിക്കാം. മണ്ണിൽ നേരിട്ടു പ്രയോഗിക്കുമ്പോൾ ഒരുഭാഗം ജീവാണുവളം ഏകദേശം ഇരുപത്തഞ്ചിരട്ടി ഉണക്കിപ്പൊടിച്ച ചാണകമോ മണ്ണിരകമ്പോസ്റ്റോ മറ്റു ജൈവിക മാധ്യമങ്ങളുമായോ കൂട്ടിക്കലർത്തി കൊടുക്കണം.

ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽ നടത്തിയ പരീക്ഷണത്തിൽ ചകിരിച്ചോറ് കമ്പോസ്റ്റും രാജ്ഫോസും 10:1 അനുപാതത്തിൽ കൂട്ടിക്കലർത്തിയതോ, ചകിരിച്ചോറ് കമ്പോസ്റ്റും ചാരവും 20:1 എന്ന അനുപാതത്തിൽ കൂട്ടിക്കലർത്തിയതോ ആയ മിശ്രിതങ്ങൾ ജീവാണുവളങ്ങൾക്ക് വളരാൻ ഉത്തമ മാധ്യമമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

വിത്തിലോ വേരുകളിലോ പുരട്ടി ഉപയോഗിക്കുകയാണെങ്കിൽ, പാക്കറ്റിൽ കിട്ടുന്ന ജീവാണുവളങ്ങൾ വെള്ളംചേർത്ത് സാന്ദ്രതകൂടിയ ദ്രാവകമാക്കിമാറ്റി, അതിൽ ഏകദേശം 30 മിനിട്ട് മുക്കിയെടുത്ത് ഉണക്കി നടേണ്ടതാണ്.

ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽ നടത്തിയ മറ്റൊരു പരീക്ഷണത്തിൽ സുഗന്ധവിളകളുടെ വേരുപിടിപ്പിച്ച തൈകൾ മേൽപ്രകാരം ജീവാണുവള ലായനിയിൽ മുക്കി നടുകയോ, നഴ്സറി മിശ്രിതത്തിൽ കൂട്ടിക്കലർത്തുകയോ ചെയ്‌താൽ പാക്യജനകം, ഭാവഹം തുടങ്ങിയവയുടെ ആഗിരണവും ചെടിയുടെ വളർച്ചയും പുഷ്ടിയും കൂടുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പാക്യജനകവും ഭാവഹവും ഉത്പാദിപ്പിക്കാൻ കഴിവുള്ള സൂക്ഷ്മജീവികളെ സംബന്ധിച്ചുള്ള ചെറുവിവരണം താഴെ ചേർക്കുന്നു.

സൂക്ഷ്മജീവികൾ

പ്രവർത്തനം

1.പയറുചെടികളുടെ വേരിലെ മുഴകൾ കേന്ദ്രീകരിച്ച് പാക്യജനകം സ്വരൂപിക്കാൻ കഴിവുള്ള ബാക്ടീരിയകൾ                    a.റൈസോബിയം

ആണ്ടിൽ ഒരു ഹെക്ടറിന് 50 മുതൽ 300 കിലോഗ്രാം പാക്യജനകം സ്വരൂപിക്കുന്നു.

2.സ്വതന്ത്രമായ പാക്യജനക സ്വരൂപണത്തിന് കഴിവുള്ള ബാക്ടീരിയകൾ                                                                                                       a. അസറ്റോബാക്ടർ b.അസോസ്പൈറില്ലം

ആണ്ടിൽ ഒരു ഹെക്ടറിന് - 10 മുതൽ 20 കിലോ പാക്യജനകം  സ്വരൂപിക്കുന്നു.

3. ചെടികളുടെ വളർച്ച കൂട്ടാനുതകുന്ന ബാക്ടീരിയകൾ (PGPR)      a.അഗ്രോബാക്ടീരിയം b. ബാസില്ലസ് c.അസറ്റോബാക്ടർ, d.സ്യൂഡോമൊണാസ് e.എൻററോബാക്ടർ

വേരിൽ കോളനിയുണ്ടാക്കി ചെടികളുടെ വളർച്ചയെ ഉത്തേജിപ്പിക്കാനും രോഗങ്ങളെ പ്രതിരോധിക്കാനുമുള്ള പദാർഥങ്ങൾ പുറത്തുവിട്ട്‌ ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു.

4.സ്വതന്ത്രമായി പാക്യജനകം  സ്വരൂപിക്കാൻ കഴിവുള്ള ആൽഗകൾ                                                                                                                   a. അനാബിനാ b. അസോള കരോളിനിയാന c.അസോള നിലോട്ടിക്ക

ആണ്ടിൽ ഒരു ഹെക്ടറിന് 900 കിലോ പാക്യജനകം  സ്വരൂപിക്കുന്നു.

5. ഭാവഹ വിലേയന ബാക്ടീരിയകൾ                                                        a.സ്യൂഡോമൊണാസ് സ്ട്രയേറ്റ b.ബാസില്ലസ് സട്ടിലസ് c.സാന്തോമൊണാസ്

മണ്ണിൽ ഉറച്ചുപോയ  ഭാവഹത്തെ 50 മുതൽ 60 ശതമാനംവരെ ലയിപ്പിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്.

6. ഭാവഹ ലായക ഫംഗസുകൾ                                                                       a.ആസ്പർജില്ലസ് നൈഗർ b.ആസ്പർജില്ലസ് അവമൊറി c. ഫ്യുസേറിയം                                                                                                      d.പെനിസിലിയം e. വെസിക്കുലാർ ആർബസ്ക്കുലാർ മൈക്കോറൈസെ (VAM )

മണ്ണിൽ ഉറച്ചുപോയ ഭാവഹത്തെ 50 മുതൽ 60 ശതമാനം വരെ ലയിപ്പിക്കാൻ ഇവയ്ക്ക് കഴിയും.

ജീവാണുവളങ്ങൾ ഒരിക്കലും രാസവളങ്ങൾക്കും കീടനാശിനികൾക്കുമൊപ്പം പ്രയോഗിക്കരുത്. ഇവതമ്മിൽ ചുരുങ്ങിയത് പതിനഞ്ച് ദിവസത്തിൻറെ ഇടവേള ഉണ്ടായിരിക്കണം. ജീവാണുവളങ്ങളുടെ സുഗമമായ വളർച്ചയ്ക്ക് മണ്ണിൻറെ അമ്ലത്വം 6.7നും 7.5നും ഇടയിലായിരിക്കണം. കടുത്ത വേനലിൽ ആവശ്യത്തിന് ജൈവവസ്തുക്കൾകൊണ്ടുള്ള പുതയും നനവും നിലനിർത്താൻ സാധിച്ചാൽ ഒരിക്കൽകൊടുത്ത ജീവാണുവളങ്ങൾ അനന്തകാലത്തോളം മണ്ണിൽ നശിച്ചുപോവാതെ വളരുന്നതാണ്. ഇതുമൂലം ആവർത്തനചെലവ് കുറയ്ക്കാവുന്നതാണ്. മാർക്കറ്റിൽ കിട്ടുന്ന ജീവാണുവളങ്ങൾ പാക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള കാലാവധിക്കുള്ളിൽ ഉപയോഗിക്കേണ്ടതാണ്.

ഇവയുടെ ഉത്പാദനത്തെപ്പറ്റി കൂടുതൽ വിവരങ്ങൾക്ക് കേരള കാർഷിക സർവകലാശാലയിലോ കോയമ്പത്തൂരിലെ തമിഴ്നാട് കാർഷിക സർവകലാശാലയിലോ ബന്ധപ്പെട്ടാൽ മതി.

ചകിരിച്ചോറ് കുരുമുളകുതൈകൾക്ക് ഉത്തമം

ഡോ. ഹംസ സ്രാമ്പിക്കൽ,  ഡോ. വി. ശ്രീനിവാസൻ

സാധാരണ നഴ്സറികളിൽ നടീൽമിശ്രിതമായി ഉപയോഗിക്കുന്നത് വളക്കൂറുള്ള മണ്ണ്, ഉണക്കിപ്പൊടിച്ച ചാണകം, ആറ്റുമണൽ എന്നിവ തുല്യ അളവിൽ ചേർത്താണ്. ഇവയിൽ ഏതെങ്കിലും ഒന്നിൻറെ ലഭ്യതയിലെ അഭാവം നടീൽമിശ്രിതത്തേയും നടീൽവസ്തുക്കളുടെ ലഭ്യതയേയും സാരമായി ബാധിക്കും. ചാണകപ്പൊടിയുടെയും, ആറ്റുമണലിൻറെയും ദൗർലഭ്യം ഇന്ന് നഴ്സറിക്കാരെ കാര്യമായി അലട്ടുന്ന പ്രശ്നമാണ്.

ഇന്ത്യയിൽ ഒരുവർഷം ഏഴര ദശലക്ഷം ടണ്‍ ചകിരിച്ചോറ് തെങ്ങിൻതോപ്പുകളിൽനിന്നും പുറന്തള്ളുന്നു. ഇവ രാസ അല്ലെങ്കിൽ ജൈവസംസ്കരണ രീതിയിലൂടെ ജൈവവളമാക്കി മാറ്റാം. അതുവഴി നടീൽമിശ്രിതത്തിൻറെ കുറവ് ഒരളവുവരെ പരിഹരിക്കാം.

ഈ സാഹചര്യത്തിൽ കമ്പോസ്റ്റാക്കിമാറ്റിയ ചകിരിച്ചോറ്, ചാണകപ്പൊടിക്കോ, ആറ്റുമണലിനോ, വളക്കൂറുള്ള മണ്ണിനോ പകരമായി ഉപയോഗിക്കാൻ പറ്റുമോ എന്നു കോഴിക്കോട്ടെ ഇന്ത്യൻ സുഗന്ധവിള ഗവേഷണകേന്ദ്രം പരീക്ഷിച്ചു.

സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽ നടത്തിയ പരീക്ഷണത്തിൽ പട്ടികയിൽ പറയുംപ്രകാരം അഞ്ചുതരം നടീൽമിശ്രിതങ്ങൾ ഉണ്ടാക്കുകയും അവയിൽ കുരുമുളകിൻറെയും ജാതി, ഗ്രാമ്പു, കറുവപ്പട്ട എന്നിവയുടെയും വേരുപിടിപ്പിച്ച നടീൽവസ്തുക്കൾ മൂന്നുമാസം വളർത്തുകയും വേരിൻറെയും തണ്ടുകളുടെയും വളർച്ച രേഖപ്പെടുത്തുകയും ചെയ്തു.

മേൽപ്പറഞ്ഞ പരീക്ഷണത്തിൽനിന്ന് ചകിരിച്ചോറ്കമ്പോസ്റ്റ് നഴ്സറിമിശ്രിതത്തിന് പറ്റുമെന്ന് തെളിഞ്ഞു. ഒരുകിലോ ചകിരിച്ചോറ്കമ്പോസ്റ്റിൻറെകൂടെ പത്തുഗ്രാം ഡൈഅമോണിയംസൾഫേറ്റ് കൂട്ടിക്കലർത്തി നഴ്സറിമിശ്രിതത്തിൽ മണലിനുപകരം ഉപയോഗിക്കുകയാണെങ്കിൽ തൈകൾക്ക് നല്ല പുഷ്ടി ലഭിക്കുമെന്നും കണ്ടെത്തി.

കുരുമുളകുചെടികളുടെ വളർച്ച വിവിധയിനം നഴ്സറി മിശ്രിതങ്ങളിൽ

നഴ്സറി മിശ്രിതം

മിശ്രിതത്തിൻറെ തോത്

മൂന്നു മാസത്തിനുശേഷം കുരുമുളക് തൈകളിലെ

 

 

തണ്ടിൻറെ നീളം(സെ.മി)*

വേരിൻറെ നീളം(സെ.മി)*

മണ്ണ്, മണൽ, ചാണകം

1:1:1

73

32

ചകിരിച്ചോറ് കമ്പോസ്റ്റ്, മണൽ,ചാണകം

1:1:1

82

38

മണ്ണ്, ചകിരിച്ചോറ് കമ്പോസ്റ്റ്,ചാണകം

1:1:1

96

33

മണ്ണ്, മണൽ, ചകിരിച്ചോറ് കമ്പോസ്റ്റ്

1:1:1

48

29

ചകിരിച്ചോറ് കമ്പോസ്റ്റ് മാത്രം

 

14

25

 

 

* മൂന്ന് തൈകളുടെ ശരാശരി

വേപ്പിൻകുരുവിൽ നിന്ന് വളവും കീടനാശിനിയും

ഡോ. ഹംസ സ്രാമ്പിക്കൽ, ഡോ. വി. ശ്രീനിവാസൻ

വേപ്പിൻകുരുവിലുള്ള പോഷകമൂല്യങ്ങൾ കാർഷികവിളകൾക്ക് ഉത്തമ ജൈവവളമാണ്. വേപ്പെണ്ണ നല്ല കീടനാശിനിയും. എണ്ണയെടുക്കാത്ത വേപ്പിൻപിണ്ണാക്കിൽ 10 മുതൽ 15 ശതമാനംവരെ വേപ്പെണ്ണയും 2-3% പാക്യജനകവും, 0.2% മുതൽ 5%വരെ ഭാവഹവും, ഒന്നുമുതൽ 2%വരെ ക്ഷാരവും, കാത്സ്യവും ചുരുങ്ങിയ അളവിൽ മഗ്നീഷ്യം,ഗന്ധകം,ഇരുമ്പ്,ചെമ്പ്,നാകം എന്നിവയും അടങ്ങിയിരിക്കുന്നു. ഇതിൽനിന്ന് എണ്ണ വേർതിരിച്ചെടുത്താലും സസ്യമൂലകങ്ങളുടെ അളവിൽ കാര്യമായ കുറവുണ്ടാകില്ല.

മൂന്നുവർഷം പ്രായമായ ഏലച്ചെടിക്ക് ഒരു മൂടിന് 1300ഗ്രാം വരെ വേപ്പിൻപിണ്ണാക്ക് 340ഗ്രാം റോക്ക് ഫോസ്ഫേറ്റിൻറെയും 220ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷിൻറെയും കൂടെ കൊടുത്താൽ മതി. അതുപോലെ നാലുവർഷം പ്രായമായ കുരുമുളകുചെടിക്ക് 1000 മുതൽ 1700ഗ്രാം വേപ്പിൻപിണ്ണാക്ക്, 160ഗ്രാം രാജ്ഫോസിൻറെയും 200ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷിൻറെയും കൂടെ കൊടുക്കാം. കുറ്റിക്കുരുമുളകുചെടി ഒന്നിന് 200ഗ്രാം വേപ്പിൻപിണ്ണാക്ക് വർഷത്തിൽ രണ്ടോമൂന്നോ ഗഡുക്കളായി കൊടുക്കാം. ഇഞ്ചി,മഞ്ഞൾ കൃഷികൾ ഹെക്ടറിന് 2000 മുതൽ 2500 കിലോവരെ വേപ്പിൻപിണ്ണാക്ക്, 250കിലോ റോക്ക്ഫോസ്ഫേറ്റിൻറെകൂടെ നടുമ്പോൾ കൊടുക്കുക. വേപ്പിൻപിണ്ണാക്കിൻറെ ഉപയോഗം, മണ്ണിൻറെ ഘടന, ജലസംഭരണശേഷി, ഫലഭൂയിഷ്ഠത എന്നിവ വർധിപ്പിക്കുന്നതിനൊപ്പം സുഗന്ധവിളകളുടെ വിളവ്‌, ഗുണനിലവാരം (ഓയിലിൻറെയും ഒളിയോറെസിൻറെയും അളവ്) എന്നിവയും വർധിപ്പിക്കുന്നു.

എണ്ണ വേർതിരിക്കാത്ത വേപ്പിൻപിണ്ണാക്ക് ഉപയോഗിക്കുന്നപക്ഷം കുരുമുളകിൻറെ ദ്രുതവാട്ടം, സാവധാനവാട്ടം, ഇഞ്ചിയുടെ മൂടുചീയൽ, ഏലത്തിൻറെ അഴുകൽരോഗം എന്നിവ ഒരുപരിധിവരെ നിയന്ത്രിക്കാൻ പറ്റും. കുരുമുളകിൻറെ ദ്രുതവാട്ടവും ഇഞ്ചിയുടെ മൂടുചീയൽ രോഗവും ഏലത്തിൻറെ അഴുകൽ രോഗവും വരാതിരിക്കാൻ 50ഗ്രാം ട്രൈക്കോഡർമ ഒരുകിലോ വേപ്പിൻപിണ്ണാക്കിൻറെകൂടെ കലർത്തി കൊടുക്കണമെന്ന് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ശുപാർശ ചെയ്യുന്നു.

യൂറിയപോലെയുള്ള രാസവളത്തിൻറെകൂടെ വേപ്പെണ്ണ (ഒരുകിലോ 100കിലോ രാസവളത്തിൻറെകൂടെ) കലർത്തികൊടുക്കുകയാണെങ്കിൽ കൂടുതൽ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. വേപ്പെണ്ണയിലുള്ള ട്രൈടെർപ്പിൻ എന്ന രാസവസ്തു യൂറിയയിൽ അമോണിയ രൂപത്തിലുള്ള നൈട്രജൻ, നൈട്രേറ്റ് രൂപത്തിലാകുന്നതിൻറെ വേഗത കുറയ്ക്കുന്നതിനാൽ മണ്ണിൽ നൈട്രജൻറെ അളവ് കൂടുതൽ നിലനിർത്താൻ സാധിക്കും.

വേപ്പിൻകുരുവിൽനിന്ന് വേർതിരിച്ചെടുക്കുന്ന വേപ്പെണ്ണ നല്ല കീടനാശിനിയാണ്‌. അച്ചുക്, നീംഗോൾഡ്‌, നിംബിസിഡിൻ തുടങ്ങിയ പേരുകളിൽ വേപ്പെണ്ണ കീടനാശിനികൾ വിപണിയിൽ ഇന്ന് സുലഭം. കുരുമുളകിനെ ബാധിക്കുന്ന പൊള്ളുവണ്ടിനെതിരെയും ഇഞ്ചിയുടെയും മഞ്ഞളിൻറെയും തണ്ടുതുരപ്പൻ പുഴുവിനെതിരെയും വേപ്പെണ്ണ ഉപയോഗിക്കാൻ ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ശുപാർശ ചെയ്തിട്ടുണ്ട്. വേപ്പെണ്ണ എമൾശൻ, വേപ്പിൻകുരു ലായനി എന്നിവ കർഷകർക്ക് സ്വയം തയ്യാറാക്കാം. വേപ്പെണ്ണ എമൾശൻ ഉണ്ടാക്കാൻ 60ഗ്രാം സോപ്പ്, അരലിറ്റർ ചൂടുവെള്ളത്തിൽ പതപ്പിച്ചെടുത്ത് ഒരുലിറ്റർ വേപ്പെണ്ണയുമായി കൂട്ടിക്കലർത്തുക. ഇത് ഒരുലിറ്ററിന് 40ലിറ്റർ എന്നതോതിൽ വെള്ളം ചേർത്ത് കീടനാശിനിയായി ചെടികൾക്ക് തളിക്കാം.

ജീവാണുവളപ്രയോഗം- ശ്രദ്ധിക്കാൻ ചില വസ്തുതകൾ

ഡോ. എസ്. ഹംസ, ഡോ. വി. ശ്രീനിവാസൻ

കൃഷിയിൽ അമിതമായ രാസവളങ്ങളുടേയും കീടനാശിനികളുടേയും ഉപയോഗം പല പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഇതിനൊരു പരിഹാരം എന്ന നിലയ്ക്കാണ് പല വികസിതരാഷ്ട്രങ്ങളും ജൈവകൃഷിരീതിയിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നത്. ഓരോ കിലോ ധാന്യം കൃഷിഭൂമിയിൽ നിന്ന് വിളവെടുക്കുമ്പോഴും ഏകദേശം ഇരുപതു ഗ്രാം വീതം നൈട്രജൻ, പൊട്ടാഷ്, കാത്സ്യം എന്നിവയും രണ്ടു ഗ്രാം വീതം ഭാവഹം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയും 0.2 ഗ്രാം വീതം മാംഗനീസ്, ചെമ്പ്, നാകം, ബോറോണ്‍, മോളിബ്ഡനം എന്നിവയും നീക്കം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. കൃഷിയിൽ സുസ്ഥിരത കൈവരിക്കണമെങ്കിൽ മണ്ണിൽ നിന്ന് നീക്കംചെയ്യുന്ന എല്ലാ പോഷകങ്ങളും രാസവളമായോ ജൈവവളമായോ ജീവാണുവളമായോ മണ്ണിൽ തിരിച്ചുകൊടുക്കുക തന്നെ വേണം. ജൈവിക കൃഷിരീതിയിൽ ജീവാണുവളങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട്. ബാക്ടീരിയകൾ, കുമിളുകൾ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന സൂക്ഷ്മജീവികളാണ് മണ്ണിൻറെ ജൈവപുഷ്ടി നിലനിർത്തുന്നത്. ഈ സൂക്ഷ്മജീവികൾ മണ്ണിൽ വീഴുന്ന ഏതു ജൈവവസ്തുക്കളേയും അഴുകി ദ്രവിപ്പിച്ച് അപ്രത്യക്ഷമാക്കുന്നു. മണ്ണിൽ കാണപ്പെടുന്ന ചിലതരം സൂക്ഷ്മജീവികൾക്ക് അന്തരീക്ഷവായുവിൻറെ മുക്കാൽ പങ്കോളം വരുന്ന നൈട്രജനെ സാംശീകരിച്ച് ചെടികൾക്ക് വലിച്ചെടുക്കാൻ പാകത്തിലുള്ള  നൈട്രേറ്റുകളാക്കി മാറ്റാൻ കഴിവുണ്ട്. ഇത്തരം സൂക്ഷ്മജീവികളെ 'നൈട്രജൻ ഫിക്സിങ്ങ് ബാക്ടീരിയ' എന്ന് പറയുന്നു. ഇത്തരം സൂക്ഷ്മജീവികൾക്ക് ഉദാഹരണമാണ് അസോള,  നീലഹരിത പായൽ എന്നിവ.

അമ്ലരസമുള്ള മണ്ണിൽ ഫോസ്ഫേറ്റ് വളങ്ങൾ ചേർക്കുമ്പോൾ ' ഫോസ്ഫേറ്റ് ഫിക്സേഷൻ' എന്ന രാസപ്രവർത്തനം മൂലം ഭാവഹം മണ്ണിൽ ഉറച്ചുപോവുകയും അതുമൂലം ചെടികൾക്ക് ഫോസ്ഫേറ്റ് വളത്തിൻറെ ലഭ്യത കുറയുകയും ചെയ്യുന്നു. ഇത്തരത്തിൽ അഭേദ്യമാംവിധം മണ്‍തരികളിൽ ഒട്ടിപ്പിടിച്ചുപോയ ഫോസ്ഫറസിനെ വെള്ളത്തിൽ ലയിക്കുന്ന രൂപത്തിൽ ആക്കി മാറ്റാൻ കഴിവുള്ള ഫോസ്ഫേറ്റ് ലായക സൂക്ഷ്മജീവികൾ മണ്ണിൽ ധാരാളം അടങ്ങിയിട്ടുണ്ട്. സ്യുഡോമൊണാസ്, ആസ്പർജില്ലസ് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

നൈട്രജനും ഭാവഹവും ഉത്പാദിപ്പിക്കാൻ കഴിവുള്ള സൂക്ഷ്മജീവികളെ സംബന്ധിച്ച്  ഒരു ചെറിയ വിവരണം പട്ടികയിൽ ചേർക്കുന്നു.

മേൽപ്പറഞ്ഞ സൂക്ഷ്മജീവികളെല്ലാംതന്നെ കൃത്രിമമായി ഉത്പാദിപ്പിച്ച് അനുയോജ്യമായ മാധ്യമങ്ങളിൽ കലർത്തി പായ്ക്കറ്റുകളിലാക്കി 'ജീവാണുവളങ്ങൾ' എന്ന പേരിൽ ഇന്ന് വിപണിയിൽ സുലഭമാണ്.

മാർക്കറ്റിൽ കിട്ടുന്ന ജീവാണുവളങ്ങൾ വിത്തിലോ തൈകളിലോ പുരട്ടിയോ, ജൈവവളവുമായി ചേർത്ത് മണ്ണിൽ നേരിട്ടോ പ്രയോഗിക്കാം. മണ്ണിൽ നേരിട്ട് പ്രയോഗിക്കുമ്പോൾ ഒരു ഭാഗം ജീവാണുവളം ഏകദേശം ഇരുപത്തഞ്ചിരട്ടി ഉണക്കിപ്പൊടിച്ച  ചാണകമോ മണ്ണിരകമ്പോസ്റ്റോ മറ്റു ജൈവമാധ്യമങ്ങളുമായോ കൂട്ടിക്കലർത്തി കൊടുക്കേണ്ടതാണ്. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം നടത്തിയ പരീക്ഷണത്തിൽ ചകിരിച്ചോർ കമ്പോസ്റ്റും രാജ്ഫോസും 10:1 എന്ന അനുപാതത്തിൽ കൂട്ടിക്കലർത്തിയതോ ചകിരിച്ചോർ കമ്പോസ്റ്റും ചാരവും 20:1 എന്ന അനുപാതത്തിലോ കൂട്ടിക്കലർത്തിയതോ ആയ മിശ്രിതങ്ങൾ ജീവാണുവളങ്ങൾക്ക് ഉത്തമമായ മാധ്യമമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

സൂക്ഷ്മജീവികൾ

പ്രവർത്തനം

പയറുചെടികളുടെ വേരിലെ മുഴകൾ കേന്ദ്രീകരിച്ച് നൈട്രജൻ സ്വരൂപിക്കാൻ കഴിവുള്ള ബാക്ടീരിയകൾ ഉദാ:റൈസോബിയം

ആണ്ടിൽ ഒരു ഹെക്ടറിന് 50 മുതൽ 300 കിലോഗ്രാം നൈട്രജൻ സ്വരൂപിക്കുന്നു.

സ്വതന്ത്രമായ നൈട്രജൻ സ്വരൂപണത്തിന് കഴിവുള്ള ബാക്ടീരിയകൾ ഉദാ:അസറ്റോബാക്ടർ, അസോസ്പൈറില്ലം

ആണ്ടിൽ ഒരു ഹെക്ടറിന് 10 മുതൽ 20 കിലോഗ്രാം നൈട്രജൻ സ്വരൂപിക്കുന്നു.

ചെടികളുടെ വളർച്ച കൂട്ടാനുതകുന്ന ബാക്ടീരിയകൾ (P.G.P.R ) ഉദാ:അഗ്രോബാക്ടീരിയം, ബാസില്ലസ്, അസറ്റോബാക്ടർ, സ്യൂഡോമൊണാസ്, എൻററോബാക്ടർ

വേരിൽ കോളനിയുണ്ടാക്കി ചെടികളുടെ വളർച്ചയെ ഉത്തേജിപ്പിക്കാനും രോഗങ്ങളെ പ്രതിരോധിക്കാനുമുള്ള പദാർഥങ്ങൾ പുറത്തുവിട്ട്‌ ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു.

സ്വതന്ത്രമായി നൈട്രജൻ സ്വരൂപിക്കാൻ കഴിവുള്ള ആൽഗകൾ ഉദാ: അനാബിനാ, അസോള കരോളിനിയാന, അസോള നിലോട്ടിക്ക

ആണ്ടിൽ ഒരു ഹെക്ടറിന് 900 കിലോഗ്രാം നൈട്രജൻ സ്വരൂപിക്കുന്നു.

ഫോസ്ഫറസ് വിലേയന ബാക്ടീരിയകൾ ഉദാ:സ്യൂഡോമൊണാസ് സ്ട്രയേറ്റ, ബാസില്ലസ് സട്ടിലസ്, സാന്തോമോണാസ്

മണ്ണിൽ ഉറച്ചുപോയ ഫോസ്ഫറസിൻറെ 50 മുതൽ 60 ശതമാനം വരെ ലയിപ്പിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്.

ഫോസ്ഫറസ് വിലേയന ഫംഗസുകൾ ഉദാ:ആസ്പർജില്ലസ് നൈഗർ, ആസ്പർജില്ലസ് അവമൊറി, ഫ്യുസേറിയം, പെനിസീലിയം, വെസിക്കുലാർ ആർബസ്ക്കുലാർ മൈക്കോറൈസ (VAM )

മണ്ണിൽ ഉറച്ചുപോയ ഫോസ്ഫറസിൻറെ 50 മുതൽ 60 ശതമാനം വരെ ലയിപ്പിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്.

വിത്തിലോ വേരുകളിലോ പുരട്ടി ഉപയോഗിക്കുകയാണെങ്കിൽ പായ്ക്കറ്റിൽ കിട്ടുന്ന ജീവാണു വളങ്ങൾ വെള്ളം ചേർത്ത് സാന്ദ്രത കൂടിയ ദ്രാവകമാക്കി മാറ്റി അതിൽ ഏകദേശം 30 മിനുട്ട് നേരം മുക്കിയെടുത്ത് ഉണങ്ങിയ ശേഷം നടേണ്ടതാണ്.

ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ നടത്തിയ മറ്റൊരു പരീക്ഷണത്തിൽ സുഗന്ധവിളകളുടെ വേരുപിടിപ്പിച്ച തൈകൾ മേൽപ്രകാരം ജീവാണുവളലായനിയിൽ മുക്കി നടുകയോ നഴ്സറി മിശ്രിതത്തിൽ കൂട്ടിക്കലർത്തുകയോ ചെയ്‌താൽ നൈട്രജൻ, ഫോസ്ഫറസ് തുടങ്ങിയവയുടെ ആഗിരണവും ചെടിയുടെ വളർച്ചയും പുഷ്ടിയും കൂടുന്നതായി കണ്ടിട്ടുണ്ട്.

ജീവാണുവളങ്ങൾ ഒരിക്കലും രാസവളങ്ങൾക്കും കീടനാശിനികൾക്കും ഒപ്പം പ്രയോഗിക്കരുത്. ഇവ പ്രയോഗിക്കുന്നതിന് ചുരുങ്ങിയത് 15 ദിവസത്തെ ഇടവേള ഉണ്ടായിരിക്കണം. ജീവാണുവളങ്ങളുടെ സുഗമമായ വളർച്ചയ്ക്ക് മണ്ണിൻറെ അമ്ലത്വം 6.7 നും 7.5 നും ഇടയിലായിരിക്കണം. കടുത്ത വേനലിൽ ആവശ്യത്തിന് ജൈവവസ്തുക്കൾ കൊണ്ടുള്ള പുതയും നനവും നിലനിർത്താൻ സാധിച്ചാൽ ഒരിക്കൽ കൊടുത്ത ജീവാണുവളങ്ങൾ മണ്ണിൽ നശിച്ചു പോവാതെ ദീർഘനാൾ വളരുന്നതാണ്. ഇതുമൂലം ആവർത്തനച്ചെലവ് കുറയ്ക്കാവുന്നതാണ്. മാർക്കറ്റിൽ കിട്ടുന്ന ജീവാണുവളങ്ങൾ പായ്ക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള കാലാവധിക്കുള്ളിൽ ഉപയോഗിക്കേണ്ടതാണ്.

ഇവയുടെ ഉത്പാദനത്തെപ്പറ്റി കൂടുതൽ വിവരങ്ങൾക്ക് കേരള കാർഷിക സർവകലാശാലയുമായോ കോയമ്പത്തൂരുള്ള തമിഴ്നാട് കാർഷിക സർവകലാശാലയുമായോ ബന്ധപ്പെട്ടാൽ മതി.

മഞ്ഞൾ - ആദായത്തിനും ആരോഗ്യത്തിനും

ഡോ. ഹംസ സ്രാമ്പിക്കൽ, ഡോ. വി. ശ്രീനിവാസൻ, ഡോ. ആർ. ദിനേശ്

വളരെയേറെ ഔഷധഗുണമുള്ള ഒരു സുഗന്ധവിളയാണ് മഞ്ഞൾ. പ്രാചീനകാലംമുതലേ മഞ്ഞൾ മതപരമായ ചടങ്ങുകൾക്കും ആചാരങ്ങൾക്കും ഔഷധങ്ങൾക്കും ധാരാളമായി ഉപയോഗിച്ചിരുന്നു.ഇതിന് ക്യാൻസറിനെയും കൊളസ്ട്രോളിനെയും പ്രതിരോധിക്കാനുള്ള കഴിവ് കണ്ടെത്തിയതോടെ മഞ്ഞളിൻറെ വാണിജ്യപരമായ പ്രാധാന്യം ഇപ്പോൾ പതിന്മടങ്ങ്‌ വർദ്ധിച്ചിരിക്കുകയാണ്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന രാസവസ്തുവിൻറെയും ഒളിയോറെസിൻറെയും അളവാണ് ഇതിൻറെ ഗുണമേന്മയും പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ IISR-ൽനിന്നും വികസിപ്പിച്ചെടുത്ത കൂടുതൽ ഗുണനിലവാരമുള്ള പ്രഭ, പ്രതിഭ, ആലപ്പി സുപ്രീം, സുവർണ്ണ, സുഗുണ എന്നീയിനങ്ങൾ കൃഷിക്കാരുടെയിടയിൽ കൂടുതൽ പ്രചാരത്തിലുണ്ട്.

ഉത്പാദനവും വിപണനവും

ലോകത്ത് ആകെ ഉത്പാദിപ്പിക്കുന്ന മഞ്ഞളിൻറെ 80 ശതമാനത്തിലധികവും ഇന്ത്യയിലാണ് കൃഷി ചെയ്യുന്നത്. പാക്കിസ്ഥാൻ, ജമൈക്ക, ചൈന, പെറു എന്നിവയാണ് മഞ്ഞൾ വൻതോതിൽ കൃഷിചെയ്യുന്ന മറ്റുരാജ്യങ്ങൾ. മഞ്ഞളിൽനിന്നും വേർതിരിച്ചെടുക്കുന്ന കുർക്കുമിൻ, ഒളിയോറെസിൻ എന്നീ ഉത്പന്നങ്ങൾക്ക് ഇന്ന് വിദേശത്ത് നല്ല ഡിമാൻറാണ്. ജൈവ സർട്ടിഫിക്കറ്റോടെ വിപണിയിൽ എത്തിക്കുന്ന മഞ്ഞളിനും അതിൻറെ ഉത്പന്നങ്ങൾക്കും ഇന്ന് ഔഷധവിപണിയിൽ നല്ല വില ലഭിക്കും. ജപ്പാൻ, ഇറാൻ, അമേരിക്ക, ഇംഗ്ലണ്ട്, നെതർലൻറ്, സൗദി അറേബ്യ എന്നിവയാണ് മഞ്ഞൾ ധാരാളമായി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ.

മണ്ണും കാലാവസ്ഥയും

ചൂടുള്ള കാലാവസ്ഥയും ഈർപ്പമുള്ള അന്തരീക്ഷം നിലനിൽക്കുന്നതും ധാരാളം മഴ കിട്ടുന്നതുമായ പ്രദേശങ്ങളാണ് മഞ്ഞളിന് പ്രിയം. നല്ല നീർവാർച്ചയും വളക്കൂറുമുള്ള പശിമരാശി മണ്ണാണ് ഇതിൻറെ കൃഷിക്ക് ഏറ്റവും അനുയോജ്യം. മഞ്ഞൾ തണലിൽ വളരുന്നതിനാൽ തനിവിളയായോ തെങ്ങ്, കമുക്, ഫലവൃക്ഷ തോട്ടങ്ങളിൽ ഇടവിളയായോ കൃഷിചെയ്യാവുന്നതാണ്.

നിലമൊരുക്കൽ

വേനൽമഴ ലഭിക്കുന്നതോടുകൂടി നിലം മൂന്നോനാലോ പ്രാവശ്യം ഉഴുത് ഒരുമീറ്റർ വീതിയും 15സെ.മീ. ഉയരവും ആവശ്യാനുസരണം നീളവുമുള്ള വാരങ്ങളെടുത്ത് മഞ്ഞൾ നടാം. ജലസേചനസൗകര്യമുള്ള സ്ഥലങ്ങളിൽ 40സെ.മീ. അകലത്തിൽ ചാലുകളെടുത്ത് നടാവുന്നതാണ്.

വിത്ത്

മഞ്ഞളിൻറെ മാതൃകാപ്രകന്ദങ്ങളും (തട) ലഘുപ്രകന്ദങ്ങളും നടാനുപയോഗിക്കാം. വിത്തിനായി നല്ല ആരോഗ്യമുള്ളതും വലുപ്പമുള്ളതും രോഗകീടബാധ ഇല്ലാത്തതുമായ പ്രകന്ദങ്ങൾ തിരഞ്ഞെടുത്ത് ചാണകവും ചെളിയുംകൊണ്ട് മെഴുകിയ കുഴികളിൽ ഉണങ്ങിയ മണലോ അറക്കപ്പൊടിയോ കരിയിലകളോ ഇട്ട് തണലിൽ സംഭരിക്കണം. രണ്ടുമൂന്ന് മാസങ്ങൾ കഴിയുമ്പോൾ ഇവയ്ക്ക് മുള വന്നിട്ടുണ്ടാകും.

ഇനങ്ങൾ

നല്ലഗുണമേന്മയുള്ളതും രോഗപ്രതിരോധശേഷിയുമുള്ള ഇനങ്ങൾ നടുന്നതാണ്‌ ഏറ്റവും നല്ലത്. കുർക്കുമിൻറെയും ഒളിയോറെസിൻറെയും അളവുകൾ കൂടുതലുള്ള IISR പ്രഭ, പ്രതിഭ, ആലപ്പി സുപ്രീം, സുവർണ്ണ, സുഗുണ എന്നീയിനങ്ങൾ ഗുണമേന്മയ്ക്ക് പേരുകേട്ട ഇനങ്ങളാണ്. ഇവയ്ക്ക് ചെറിയ പരിചരണത്തിലൂടെ നല്ല ഉത്പാദനവും ലഭിക്കും.

നടീൽ സമയവും അകലവും

മഞ്ഞൾ കൃഷിക്ക് നടുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. വേനൽമഴ ലഭിക്കുന്നതോടെ നിലമുഴുത് ഒരുമീറ്റർ വീതിയുള്ള  വാരങ്ങളെടുത്ത് ഒന്നോരണ്ടോ മഴ കിട്ടിയതിനുശേഷം 25 X 25സെ.മീ. അകലത്തിൽ കുഴികളെടുത്ത് ചാണകപ്പൊടി വിതറി നടുന്നതാണ്‌ ഏറ്റവും ഉത്തമം. ഇങ്ങനെ ചെയ്‌താൽ കാലവർഷം തുടങ്ങുമ്പോഴേക്കും മുളകൾ തവാരണകളിൽ പൊങ്ങിവന്നിട്ടുണ്ടാകും. ഒരു ഹെക്ടറിന് ഏകദേശം 2,000 മുതൽ 2,500 കിലോ വിത്ത് വരെ വേണ്ടിവരും.

പുതയിടൽ

നട്ടയുടനെതന്നെ പച്ചില/വൈക്കോൽ തുടങ്ങിയവകൊണ്ട് നല്ലവണ്ണം പുതയിടണം. ഒരുഹെക്ടറിന് ഏകദേശം 15ടണ്‍ പച്ചില വേണ്ടിവരും. വീണ്ടും 7.5ടണ്‍ പച്ചിലകൊണ്ട് 45-60 ദിവസംകഴിഞ്ഞും 90-120 ദിവസംകഴിഞ്ഞും പുതയിടണം. പുതയിടുന്നത് തവാരണകളിൽ മണ്ണൊലിപ്പ് തടയുന്നതിനും വെയിൽ കൊള്ളാതിരിക്കുന്നതിനും കൂടുതൽ ചിനപ്പുകൾ ഉണ്ടാകുന്നതിനും നല്ലതാണ്.

വളപ്രയോഗം

അമ്ലതകൂടുതലുള്ള മണ്ണിൽ (പി.എച്ച്.മൂല്യം5.5ൽതാഴെ) നിലമൊരുക്കുമ്പോൾ ഒരു ഹെക്ടറിന് ഒന്നു മുതൽ രണ്ടുടണ്‍ കുമ്മായം/ഡോളോമൈറ്റ് മണ്ണിൽ വിതറി ഉഴുതേണ്ടതാണ്. നടുന്ന സമയത്ത് കുഴികളിൽ 25ടണ്‍ അഴുകിപൊടിഞ്ഞ കാലിവളം/കമ്പോസ്റ്റ്, രണ്ട്ടണ്‍ വേപ്പിൻപിണ്ണാക്ക്, 250കിലോ റോക്ക്ഫോസ്ഫേറ്റ് എന്നിവ അടിവളമായി നൽകേണ്ടതാണ്‌. നട്ട് 45 ദിവസത്തിനും 90 ദിവസത്തിനുംശേഷം ഹെക്ടർ ഒന്നിന് രണ്ട്ടണ്‍ വീതം മണ്ണിരകമ്പോസ്റ്റ്, വേപ്പിൻപിണ്ണാക്ക്, അരടണ്‍ ചാരം എന്നിവ ഉപയോഗിക്കേണ്ടതാണ്.

സസ്യ സംരക്ഷണം

ഇലവാട്ടം: ചെടിയുടെ ഇലകളിൽ തവിട്ടുനിറമുള്ള പുള്ളികൾ പ്രത്യക്ഷപ്പെടുന്നു. രോഗം രൂക്ഷമായാൽ തീപ്പൊള്ളലേറ്റപോലെ ഇലകൾ കരിയുകയും വിളവിനെ ബാധിക്കുകയും ചെയ്യുന്നു. ബോർഡോമിശ്രിതം ഉപയോഗിച്ചാൽ രോഗനിയന്ത്രണം സാധ്യമാണ്.

മൂടുചീയൽ: വേരും കാണ്ഡവും അഴുകി ഇലകൾ മഞ്ഞളിച്ച് ചെടികൾ ഉണങ്ങുന്നു. രോഗംബാധിച്ച ചെടികൾ പിഴുതെടുത്ത് നശിപ്പിക്കണം.

തണ്ടുതുരപ്പൻ: ആക്രമണവിധേയമായ തണ്ടുകൾ നീക്കം ചെയ്യുകയും പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കുകയും ചെയ്യണം.

സംസ്ക്കരണം

പറിച്ചെടുത്ത്, വേരുകൾ മുറിച്ച് വൃത്തിയാക്കിയ മഞ്ഞൾ ആവശ്യത്തിന് വലുപ്പത്തിലുള്ള ഈയംപൂശിയ ഇരുമ്പ് പാത്രത്തിലോ ചെമ്പ് പാത്രത്തിലോ ഇട്ട് വെള്ളം ഒഴിച്ച് 45 മുതൽ 60മിനിട്ടുവരെ തിളപ്പിച്ച്‌ വേവിക്കണം. മഞ്ഞളിൻറെ നിറവും സുഗന്ധവും തിളപ്പിക്കൽ പ്രക്രിയയെ ആശ്രയിച്ചിരിക്കും. ആവശ്യത്തിലധികം തിളപ്പിച്ചാൽ നിറം നഷ്ടപ്പെടാം. തിളക്കുന്ന മഞ്ഞളിൽനിന്നും ഒരു പത വന്നതിനുശേഷം പ്രത്യേക സുഗന്ധം വന്നാൽ കോരിയെടുത്ത് പനമ്പുകളിലോ സിമൻറ് തറകളിലോ നിരത്തിയിട്ട് വെയിലിൽ അല്ലെങ്കിൽ 60 സെൻറിഗ്രേഡിൽ ഓവനിലോ ഉണക്കിയെടുക്കാം. ഉണക്കമഞ്ഞൾ കൂടുതൽ ആകർഷകമാക്കുവാൻ ചെറിയകഷ്ണങ്ങളാക്കി മുറിച്ച് മിനുസപ്പെടുത്തി നിറം കൊടുക്കാവുന്നതാണ്. ഇതിനുപറ്റിയ യന്ത്രങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

വിത്തിനായി സംഭരണം

വിത്ത് മഞ്ഞൾ സാധാരണയായി മരത്തണലിലോ വായുസഞ്ചാരവും തണലുമുള്ള ഷെഡുകളിലോ കൂനകൂട്ടി മഞ്ഞളിലകൾ പാണൽ, കാഞ്ഞിരം എന്നിവയിലേതെങ്കിലും ഉപയോഗിച്ച് മൂടിസംഭരിക്കുകയാണ് പതിവ്. മണ്ണിൽ കുഴികളെടുത്ത് പ്രകന്ദങ്ങൾ അറക്കപ്പൊടിയിലോ മണലിലോ മേൽപ്പറഞ്ഞ ഇലകൾ ഉപയോഗിച്ച് സംഭരിച്ചുവെക്കാം.മഞ്ഞൾ സംഭരിച്ച കുഴികൾ ഒന്നോരണ്ടോ ദ്വാരങ്ങളുള്ള പലകകൾകൊണ്ട് മൂടിയിടണം. വിത്ത് മഞ്ഞൾ സംഭരിക്കുന്നതിനുമുമ്പായി അവ വേപ്പെണ്ണ മിശ്രിതം പോലുള്ള ജൈവകീടനാശിനിയിൽ 30മിനുട്ട് മുക്കിയെടുത്ത് തണലിലിട്ടുണക്കേണ്ടതാണ്.

ജൈവകൃഷി മുൻകരുതലുകൾ

ജൈവരീതിയിൽ കൃഷിചെയ്ത് സാക്ഷ്യപത്രം ലഭിച്ച ഉത്പന്നങ്ങൾക്ക് വിപണിയിൽ കൂടുതൽ വില ലഭിക്കും. കൃഷിക്കാർക്ക് അവരുടെ ഇടയിലുള്ള കർഷക കൂട്ടായ്മ, കുടുംബശ്രീ പോലുള്ള ഏജൻസികൾ എന്നിവയുമായിചേർന്ന് സർട്ടിഫിക്കേഷനും വിപണിയും ലഭ്യമാക്കാവുന്നതാണ്. ജൈവ കൃഷിരീതി അവലംബിക്കുമ്പോൾ രാസവളങ്ങളും കീടനാശിനികളും ഒരിക്കലും ഉപയോഗിക്കാൻ പാടില്ല. ആവശ്യമായ ജൈവവളങ്ങൾ കൃഷിയിടത്തിലെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് പുനഃചംക്രമണംചെയ്ത് ഉപയോഗിക്കണം.മറ്റു കൃഷിയിടങ്ങളിൽനിന്നും വെള്ളവും രാസകീടനാശിനികളും ഒഴുകിയെത്തുന്നത് തടയാൻ നിശ്ചിത അകലത്തിൽ കയ്യാലകളോ വേലിയോകെട്ടി വേർതിരിച്ചിടണം. അത്യാവശ്യഘട്ടങ്ങളിൽ സൂക്ഷ്മപോഷകങ്ങളും, വേപ്പെണ്ണമിശ്രിതം തുടങ്ങിയ ജൈവകീടനാശിനികളും ബോർഡോമിശ്രിതവും ഉപയോഗിക്കാവുന്നതാണ്.

കറുത്തപൊന്നിൻറെ സംരക്ഷണത്തിലൂടെ കൂടുതൽ വിദേശനാണ്യം

ഹംസ സ്രാമ്പിക്കൽ,  ശ്രീനിവാസൻ. വി

സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി വഴി 1999-2000 വർഷത്തിൽ നമുക്ക് 1861 കോടി രൂപയ്ക്കുള്ള വിദേശനാണ്യം നേടാൻ സാധിച്ചിട്ടുണ്ട്. ഇതിൽ 865 കോടി രൂപ അതായത് 46.5% കുരുമുളകിൽ നിന്ന് മാത്രമാണെന്നു പറയുമ്പോൾ ഇന്ത്യൻ സമ്പദ്ഘടനയിൽ  കുരുമുളകിൻറെ സ്ഥാനം വളരെ പ്രധാനപ്പെട്ടതുതന്നെയാണെന്നു പറയാൻ കഴിയും. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന  കുരുമുളകിൻറെ 95 ശതമാനത്തിലധികവും കേരളത്തിൻറെ സംഭാവനയാണ്. കേരളം വിദേശങ്ങളിൽ സഹസ്രാബ്ദങ്ങളായി അറിയപ്പെടുന്നത് കറുത്തപൊന്ന് എന്നറിയപ്പെടുന്ന കുരുമുളകിൻറെ നാടായിട്ടാണ്.

ഇന്തോനേഷ്യ, ബ്രസീൽ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ കുരുമുളക് ധാരാളമായി ഉത്പാദിപ്പിക്കുന്നതുകൊണ്ട് ഇന്ത്യൻ കുരുമുളക് അന്താരാഷ്‌ട്ര വിപണിയിൽ കടുത്ത മത്സരം നേരിടുകയാണ്. ഈ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ ഉത്പാദനക്ഷമത വളരെ കുറവും ഉത്പാദനച്ചെലവ് കൂടുതലുമാണ്. അന്താരാഷ്‌ട്ര വിപണിയിൽ കുരുമുളകിന് പ്രിയമേറിവരുന്ന സാഹചര്യത്തിൽ ധാരാളം ആളുകൾ ഇപ്പോൾ ഈ കൃഷിയിലേക്ക് പ്രവേശിക്കുന്നുണ്ട്‌. കുരുമുളകിൻറെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഈ കൃഷി കൂടുതൽ ലാഭകരമാക്കുന്നതിനും ശാസ്ത്രീയ കൃഷിമുറകൾ അനുവർത്തിക്കേണ്ടതുണ്ട്.

മണ്ണും കാലാവസ്ഥയും

ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് കുരുമുളകുചെടി നന്നായി വളരുക. ആണ്ടിൽ പലവട്ടമായി 1250-2500 മില്ലി മീറ്റർ മഴയും 15-35 ഡിഗ്രി സെൽഷ്യസ് ചൂടും ഈ വിളയുടെ കൃഷിക്ക് ആവശ്യമാണ്‌. സമുദ്രനിരപ്പിൽ നിന്നും 750 മുതൽ 1500 മീറ്റർ ഉയരത്തിൽ, വെള്ളം കെട്ടി നിൽക്കാത്തതും, 5.5 മുതൽ 6.5 വരെ പി. എച്ച്. മൂല്യവും, (അമ്ലത) വളക്കൂറുള്ളതുമായ മണ്ണാണ് കുരുമുളകുകൃഷിക്കു തിരഞ്ഞെടുക്കേണ്ടത്. അമ്ലത  കൂടുതലുള്ളതും ക്ഷാരഗുണമുള്ളതുമായ മണ്ണിൽ കുരുമുളക് വളരുകയില്ല. ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽ നടത്തിയ പഠനത്തിൽ ജൈവാംശം 2 മുതൽ 7.5 ശതമാനം വരെയും, ഭാവഹം 12 മുതൽ 95 പി. പി. എം. ഉം, ക്ഷാരം 91 മുതൽ 280 ഉം, കാത്സ്യം 61 മുതൽ 1390 ഉം, മഗ്നീഷ്യം 40 മുതൽ 194 ഉം പി. പി. എം. ഉള്ള മണ്ണാണ് ഏറ്റവും അനുയോജ്യം എന്ന് കണ്ടെത്തിയിട്ടുണ്ട്. അമ്ലത കൂടുതലാണെങ്കിൽ കുമ്മായം ആവശ്യത്തിന് ചേർത്തും,  ജൈവവളങ്ങളും രാസവളങ്ങളും ആവശ്യത്തിന് ചേർത്ത് മണ്ണിൻറെ വളക്കൂറ് നിലനിർത്തിയും കൃഷി ചെയ്യാവുന്നതാണ്.

ഇനങ്ങൾ

കുരുമുളകിൻറെ നൂറോളം നാടൻ ഇനങ്ങൾ നിലവിലുണ്ടെങ്കിലും കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രവും കേരള കാർഷിക സർവകലാശാലയുടെ പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രവും അത്യുത്പാദനശേഷിയുള്ളതും രോഗപ്രതിരോധശേഷിയുള്ളതും ഗുണമേന്മയുള്ളതുമായ ശുഭകര, ശ്രീകര, പഞ്ചമി, പൗർണ്ണമി, പന്നിയൂർ-1, പന്നിയൂർ-2, പന്നിയൂർ-3,  പന്നിയൂർ-4, പന്നിയൂർ-5,  പന്നിയൂർ-6,  പന്നിയൂർ-7 എന്നീ ഇനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത്തരം കുരുമുളകുവള്ളികൾ നടുന്നതുകൊണ്ട് ഉത്പാദനക്ഷമതയും ഗുണമേന്മയും കൂട്ടാവുന്നതും, ഉത്പാദനച്ചെലവ് കുറയ്ക്കാവുന്നതുമാണ്.

നടുന്ന രീതി

കുരുമുളക് തനിവിളയായോ തെങ്ങ്, കമുക്, ഏലം, കാപ്പി എന്നിവയുടെ കൂടെ മിശ്രവിളയായോ നടാവുന്നതാണ്. തനിവിളയായി കൃഷിചെയ്യുകയാണെങ്കിൽ മുരിക്ക്‌, കരയം, സിൽവർ ഓക്ക് എന്നീ താങ്ങുമരങ്ങൾ ആദ്യം മൂന്നു മീറ്റർ അകലത്തിൽ വെച്ചുപിടിപ്പിക്കുക. മിശ്രവിളയാകുമ്പോൾ തെങ്ങിലോ കമുകിലോ ഏലം- കാപ്പിത്തോട്ടങ്ങളിലെ തണൽ മരങ്ങളിലോ വളർത്താവുന്നതാണ്. താങ്ങുമരങ്ങളുടെ വടക്കുഭാഗത്ത് താങ്ങുമരത്തിൽ നിന്ന് ഒരടി അകലത്തിൽ ഏകദേശം അര ചതുരശ്ര മീറ്റർ കുഴിയെടുത്ത് ചാണകം മണ്ണ് എന്നിവ കമ്പോസ്റ്റുമായി കൂട്ടിക്കലർത്തി കുഴി മൂടുക. ഇത് മഴയ്ക്കുമുമ്പ് ചെയ്യാവുന്നതാണ്. ഇങ്ങനെ കുഴിച്ച കുഴികളിൽ ജൂ ണ്‍-ജൂലൈ മാസത്തിൽ അതുത്പാദന ശേഷിയുള്ള വേരുപിടിപിച്ച കുരുമുളകുതൈകൾ, പോളിത്തീൻകവർ മണ്ണിനും വേരിനും ഇളക്കം തട്ടാതെ മാറ്റിയ ശേഷം നടുക. ഒരു കുഴിയിൽ അര കിലോഗ്രാം വീതം എല്ലുപൊടി ചേർത്താൽ പെട്ടെന്നുള്ള വളർച്ചയ്ക്ക്‌ ഗുണകരമാകും. ഇങ്ങനെ നട്ട കുരുമുളകുചെടിക്ക് കരിയില കൊണ്ടോ പച്ചില കൊണ്ടോ പുതയിട്ടു കൊടുക്കണം.

വളപ്രയോഗം

ഏകദേശം മൂന്നു വർഷം പ്രായമായ ചെടിക്ക് ആണ്ടിലൊരിക്കൽ 5 കിലോഗ്രാം ചാണകപ്പൊടി, അര കിലോഗ്രാം എല്ലുപൊടി, ഒരു കിലോഗ്രാം വേപ്പിൻപിണ്ണാക്ക്, 225 ഗ്രാം യൂറിയ, 200 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 235 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ കൊടുക്കേണ്ടതാണ്. ജൈവാംശം കൂടുതലുള്ള മണ്ണിൽ യൂറിയയുടെ അളവ് കുറയ്ക്കാവുന്നതാണ്. അതുപോലെ വേപ്പിൻപിണ്ണാക്കിനു പകരം കടലപ്പിണ്ണാക്കും  വേപ്പിൻപിണ്ണാക്കും 1:3 എന്ന അനുപാതത്തിൽ കൂട്ടിക്കലർത്തി അര കിലോഗ്രാം വീതം കൊടുത്താലും മതിയാവുന്നതാണ്. ഇതിൽ റോക്ക് ഫോസ്ഫേറ്റ്, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്,  ചാണകം എന്നിവ മുഴുവനും, യൂറിയ,  മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവയുടെ പകുതിയും ജൂണിൽ മഴ തുടങ്ങിയതിനു ശേഷവും, ബാക്കി ഭാഗം സെപ്തംബറിലും കൊടുക്കാവുന്നതാണ്. നട്ട ശേഷം ഒന്നാം വർഷം ശുപാർശ ചെയ്തിട്ടുള്ള വളത്തിൻറെ മൂന്നിൽ ഒരു ഭാഗവും രണ്ടാം വർഷം പകുതിയും മൂന്നാം വർഷം മുഴുവനും കൊടുക്കാവുന്നതാണ്. മണ്ണ് പരിശോധിച്ച് മഗ്നീഷ്യം, നാകം എന്നിവ കുറവുള്ള സ്ഥലമാണെങ്കിൽ ഒന്നിടവിട്ട വർഷങ്ങളിൽ ചെടിയൊന്നിന് 250ഗ്രാം മഗ്നീഷ്യംസൾഫേറ്റ്, 25 ഗ്രാം സിങ്ക്സൾഫേറ്റ് എന്നിവയും കൊടുക്കേണ്ടതാണ്. അമ്ലാംശം കൂടുതലുള്ള മണ്ണിൽ ചെടിയൊന്നിന് അര കിലോഗ്രാം എന്ന തോതിൽ കുമ്മായം ഒന്നിടവിട്ട വർഷങ്ങളിൽ വേനൽമഴയ്ക്കൊപ്പം കൊടുക്കണം. ഇത് ഒരിക്കലും രാസവളത്തിൻറെ കൂടെയാവരുത്. ഒരു വള്ളിയിൽ നിന്ന് ഒരു കിലോഗ്രാം ഉണക്കമുളക് പറിക്കുമ്പോൾ ഏകദേശം 24 ഗ്രാം നൈട്രജൻ, 5 ഗ്രാം ഭാവഹം, 30 ഗ്രാം ക്ഷാരം, 3 ഗ്രാം കാത്സ്യം, 2 ഗ്രാം മഗ്നീഷ്യം എന്നിവ മണ്ണിൽ നിന്ന് നീക്കം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. അതുകൊണ്ട് തുടർച്ചയായി ഭൂമിയുടെ ഫലഭൂയിഷ്ഠി നിലനിർത്താനും തുടർച്ചയായുള്ള ഉത്പാദനത്തിനും  ഉത്പാദനക്ഷമതയ്ക്കും മേൽപ്പറഞ്ഞ പരിപാലനമുറകൾ അനുവർത്തിക്കേണ്ടതാണ്.

രോഗ- കീടനിയന്ത്രണം

ദ്രുതവാട്ടമാണ് കുരുമുളകിൻറെ നാശകാരി. ഇത് ഒരു കുമിൾ രോഗമാണ്. വേര് നശിച്ചതിനു ശേഷം ഇല മഞ്ഞളിപ്പ് തുടങ്ങുമ്പോഴാണ് സാധാരണയായി കർഷകർ സസ്യസംരക്ഷണത്തിൽ ഏർപ്പെടാറുള്ളത്. രോഗം വരാതിരിക്കാൻ ഇനിപ്പറയുന്ന രീതിയിൽ ജൈവനിയന്ത്രണമോ രാസകീടനിയന്ത്രണമോ പ്രാവർത്തികമാക്കണം.

ഒന്നു രണ്ട് മഴ കിട്ടിയതിനുശേഷം ചെടിയുടെ ചുവട്ടിൽ 0.2 ശതമാനം വീര്യമുള്ള കോപ്പർ ഓക്സി ക്ലോറൈഡ് ലായനി ചെടിയുടെ വലുപ്പമനുസരിച്ച് 5 മുതൽ 10 ലിറ്റർ വരെ ഒഴിക്കുകയും ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം ചെടികളിൽ തളിക്കുകയും ചെയ്യുക. മഴ നല്ലവണ്ണം കിട്ടിയതിനുശേഷം ഏകദേശം ഓഗസ്റ്റ്‌ -സെപ്റ്റംബർ മാസങ്ങളിൽ ഇവ ഒന്നുകൂടി ആവർത്തിക്കേണ്ടതാണ്. രോഗം ബാധിച്ച തോട്ടത്തിൽ രാസനിയന്ത്രണം ചെയ്യുന്നതാണ് ഏറ്റവും ഉത്തമം.

ജൈവനിയന്ത്രണത്തിൽ ഏർപ്പെടാനുദ്ദേശിക്കുന്ന കർഷകൻ ഒന്ന് രണ്ടു മഴ കിട്ടിയതിനുശേഷം ഒരു ചെടിക്ക് 50 ഗ്രാം എന്ന തോതിൽ  ട്രൈക്കോഡെർമ ജൈവവളത്തോടൊപ്പം പ്രയോഗിക്കേണ്ടതാണ്.  ട്രൈക്കോഡെർമയുടെ കൾച്ചറുകൾ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽ നിന്നും കൃഷി വകുപ്പിൻറെ കീഴിൽ തൃശ്ശൂരുള്ള ബയോകണ്‍ട്രോൾ ലാബിൽ നിന്നും കിട്ടുന്നതാണ്. ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതമോ 0.4 % വീര്യമുള്ള പൊട്ടാഷ്യം ഫോസ്ഫണേറ്റോ തളിക്കേണ്ടതാണ്. ട്രൈക്കോഡെർമയും രാസവളങ്ങളും ഉപയോഗിക്കുന്നതിനിടയിൽ ഏകദേശം 15 മുതൽ 25 ദിവസം ഇടവേള ഉണ്ടായിരിക്കേണ്ടതാണ്. ട്രൈക്കോഡെർമ പ്രയോഗിക്കുമ്പോൾ കോപ്പർ ഓക്സിക്ലോറൈഡ് ലായനി കടഭാഗത്ത് ഒഴിച്ചുകൊടുക്കാൻ പാടില്ല.

പൊള്ളുവണ്ടുകൾക്കെതിരായി 0.05 ശതമാനം വീര്യമുള്ള എൻഡോസൾഫാൻ ജൂ ണ്‍ -ജൂലൈ മാസങ്ങളിലും (മണിപിടിച്ച് രണ്ടാഴ്ചയ്ക്കു ശേഷം) സെപ്റ്റംബർ -ഒക്ടോബറിലും (രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം) കൊടുക്കേണ്ടതാണ്.

മഞ്ഞളിപ്പു രോഗത്തിന് കാരണമായ നിമാവിരകളെ നിയന്ത്രിക്കാൻ ചെടിയൊന്നിന് 20-30 ഗ്രാം ഫോറേറ്റ് തരികൾ ചെടിച്ചുവട്ടിൽ അൽപ്പം മണ്ണ് നീക്കിയിട്ട്‌ മൂടുക.

തണൽ ക്രമീകരണവും പുതയിടലും

മെയ്‌ മാസത്തിലും സെപ്റ്റംബർ മാസത്തിലും വള്ളികൾക്ക് വേണ്ടത്ര സൂര്യപ്രകാശം ലഭിക്കത്തക്ക രീതിയിൽ താങ്ങു വൃക്ഷങ്ങളിലെ കമ്പുകൾ കോതി മാറ്റേണ്ടതാണ്. തുലാവർഷത്തിനു ശേഷം ചെടിയൊന്നിന് 10 കിലോഗ്രാം പച്ചിലകൊണ്ട് കടയ്ക്കൽ പുതയിടേണ്ടതും ഇളം പ്രായമുള്ള കൊടികൾക്ക് തണൽ കൊടുക്കേണ്ടതുമാണ്.

ഇത്തരത്തിൽ കൃഷിരീതികൾ പാലിക്കുന്നപക്ഷം കുരുമുളകിൻറെ ഉത്പാദനക്ഷമതയും ഉത്പാദനവും ഗുണമേന്മയും വർദ്ധിപ്പിക്കാനും അന്താരാഷ്‌ട്രമാർക്കറ്റിൽ  മറ്റ് രാഷ്ട്രങ്ങളോട് കിടപിടിക്കാനും സാധിക്കും.

പുതിയ ഇഞ്ചിയിനങ്ങൾ

ബോസ്ക്കോ ലോറണ്‍സ്, ബി. ശശികുമാർ

ഇഞ്ചിയിൽ ധാരാളം പുതിയ ഇനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഗുണത്തിലും മണത്തിലും  ഉത്പാദനത്തിലും ഏറ്റക്കുറച്ചിലുകളുള്ള മാരൻ, റിയോ-ഡി-ജനീറോ, കുറുപ്പംപടി തുടങ്ങിയ നാടൻ ഇനങ്ങൾക്കു പുറമേയാണ് പുതിയ ഇനങ്ങളുടെ രംഗപ്രവേശം. ഒറീസ്സ കാർഷിക സർവകലാശാലയുടെ പൊട്ടാംഗിയിലുള്ള ഗവേഷണ കേന്ദ്രത്തിൽ (High Altitude Research Station, Orissa University of Agriculture and Technology, Orissa) വികസിപ്പിച്ചെടുത്ത ഇനങ്ങളാണ് സുരുചിയും സുരവിയും. ഉത്പാദനക്ഷമതയിൽ സുപ്രഭയാണ് സുരുചിയേക്കാൾ മുന്നിൽ. ഒരു ഹെക്ടറിൽ നിന്ന് ഏകദേശം പതിനാറര ടണ്ണോളം പച്ച ഇഞ്ചി ലഭിക്കും. സുരുചിക്കിതു പതിനൊന്നര ടണ്‍ മാത്രം. പക്ഷെ സുരുചി ഉണക്കിയെടുത്താൽ ഇരുപത്തിമൂന്നര ശതമാനം  ചുക്ക് ലഭിക്കുമെങ്കിൽ സുപ്രഭയിൽ അത് ഇരുപതുശതമാനമായി ചുരുങ്ങും.  എന്നിരുന്നാലും ആകെ ഉത്പാദനത്തിൽ സുപ്രഭ തന്നെ മുന്നിൽ. ഒരു ഹെക്ടറിൽ നിന്ന് മൂന്നര ടണ്‍ ചുക്ക് ലഭിക്കും. സുരുചിക്ക് രണ്ടേമുക്കാൽ ടണ്‍ മാത്രം.

ഒരു ഹെക്ടറിൽ നിന്നും പതിനേഴര ടണ്ണോളം പച്ച ഇഞ്ചി നൽകുന്ന ഇനമാണ് സുരവി. ചുക്കിൻറെ ലഭ്യതയിൽ സുപ്രഭയേക്കാൾ അത് മുന്നിലാണ്. രുചിയിലും മണത്തിലും ഒരു പടി മുന്നിലാണ് സുരവി. കാരണം ഒലിയോറെസിൻ 10.2 ശതമാനവും ഓയിൽ 2.1 ശതമാനവും ഉണ്ടെന്നതുതന്നെ. നല്ല ഗുണനിലവാരമുള്ള ഇഞ്ചി ലഭിക്കാൻ 225 ദിവസത്തെ വളർച്ച മതി.

ഹിമാചൽ പ്രദേശിലെ വൈ. എസ്. പാർമർ യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത ഇനമാണ്  ഹിമഗിരി. ശരാശരി ഉത്പാദനം 13 ടണ്‍ പച്ച ഇഞ്ചി.

ഇഞ്ചി ഇനങ്ങളിൽ ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൻറെ സംഭാവനയാണ് 'വരദ'. ചുരുങ്ങിയ കാലത്തിനകം ഇത് കർഷകരുടെ  പ്രിയപ്പെട്ട ഇനമായി മാറിക്കഴിഞ്ഞു. ഹെക്ടറിന് ഇരുപത്തിരണ്ടര ടണ്ണോളം പച്ച ഇഞ്ചി നൽകുന്ന  വരദ ഉത്പാദനത്തിൽ മുന്നിലാണ്. ഇത് ഉണക്കുമ്പോഴാകട്ടെ പത്തൊമ്പതര ശതമാനത്തോളം ചുക്ക് ലഭിക്കുകയും ചെയ്യുന്നു. കൃഷിരീതിയുടേയും മണ്ണിൻറെയും സ്വഭാവമനുസരിച്ച് നാരിൻറെ അളവിൽ മൂന്നര മുതൽ നാലര ശതമാനംവരെ ഏറ്റക്കുറച്ചിൽ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, ഒലിയോറെസിൻ 6.73 ശതമാനം കാണപ്പെടുന്നു.

ഗ്രനേഡയുടെ കറുത്തപൊന്ന്

പി. എ. മാത്യു, ബി. കൃഷ്ണമൂർത്തി

ഗ്രനേഡൻ പതാക

കരീബിയൻ ദ്വീപസമൂഹങ്ങളിൽപ്പെട്ട ഒന്നാണ് ഗ്രനേഡ. പ്രകൃതിരമണീയതകൊണ്ടും, സുന്ദരമായ ബീച്ചുകളാലും മിതശീതോഷ്ണ  കാലാവസ്ഥകൊണ്ടും അനുഗ്രഹീതമായ ഈ ദ്വീപ്‌ സന്ദർശകരുടെ പറുദീസയാണ്. ടൂറിസമാണ് പ്രധാന വരുമാനമാർഗ്ഗം. അതുകഴിഞ്ഞാൽ ജാതിക്കയും. ഗ്രനേഡയുടെ പതാകയിൽ ജാതിക്കയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു. ജാതിക്കയുടെ  പേരിൽ ഹോട്ടലുകൾ, വാഹനങ്ങൾ, ടീ ഷർട്ടുകൾ, കെട്ടിടങ്ങൾ എന്നിവയും ഉണ്ട്. ജാതിയിൽ നിന്നും മറ്റുപല ഉത്പന്നങ്ങളും ഉത്പാദിപ്പിക്കുന്നുണ്ട്.

പണ്ടത്തെ ഒരു ബ്രിട്ടീഷ്  കോളനിയായിരുന്ന ഗ്രനേഡ ഇന്ന് കോമ ണ്‍ വെൽത്തിൽപ്പെട്ട ഒരു സ്വതന്ത്ര രാജ്യമാണ്. ഗ്രനേഡ, കരിയാക്കു, പെറ്റിമാർട്ടിനിക്ക് എന്നീ മൂന്നു ദ്വീപുകൾ ചേർന്ന ഈ രാജ്യത്തിൻറെ വിസ്തീർണ്ണം 133ചതുരശ്ര മൈലാണ്. കാലപ്പഴക്കംകൊണ്ട് ഉറഞ്ഞുപോയ അഗ്നിപർവ്വതങ്ങളാണ് ഇതിൻറെ അടിസ്ഥാനം. കേരളംപോലെ പച്ചപ്പുനിറഞ്ഞ സ്ഥലം. ജനുവരി മുതൽ മെയ്‌ വരെ വരണ്ടതും, ജൂണ്‍ മുതൽ ഡിസംബർ വരെ മഴയുമുള്ള മിതശീതോഷ്ണ കാലാവസ്ഥയാണ്.

ജാതിയാണ് പ്രധാന കൃഷിയെങ്കിലും മിക്കവാറും എല്ലാ വിളകളും കൃഷി ചെയ്യുന്നുണ്ട്.

ചരിത്രപരമായി ജാതിക്ക മൊളുക്കാസിൽ നിന്നും 1843ൽ ഫ്രാങ്കു ഗുർനേ എന്ന ഡച്ചുക്യാപ്റ്റൻ മുഖേന ഗ്രനേഡയിൽ എത്തി. 1954 ആയപ്പോഴേക്കും ഉത്പാദനം 2600 ടണ്‍ ആയി. ഇത്  അക്കാലത്ത് ഇന്തോനേഷ്യയുടെ  ഉത്പാദനത്തിൻറെ പകുതിയോളം വന്നിരുന്നു. അന്ന് ഇന്തോനേഷ്യൻ ജാതിക്കയ്ക്ക് ഒരു പുഴുവിൻറെ ശല്യംമൂലം വിളവുകുറയുകയും ഗ്രനേഡൻജാതിക്ക യൂറോപ്യൻ വിപണിയിൽ വ്യാപകമാവുകയും ചെയ്തു. ഗ്രനേഡയുടെ ജാതിക്ക ഗുണമേന്മയുള്ളതായതുകൊണ്ടും ബ്രിട്ടീഷ് കോളനിയുടേതായതുകൊണ്ടും കൂടുതലായി പ്രചാരം നേടി. ഇന്നും ഇതു തുടരുന്നു. 1955ൽ ‘ജാനറ്റ്’ എന്ന ചുഴലിക്കാറ്റുമൂലം ജാതിക്കൃഷി മുഴുവൻ നശിച്ചുപോയെങ്കിലും മലേഷ്യയിൽനിന്നും വീണ്ടും ജാതിക്ക ഇറക്കുമതി ചെയ്ത് കൃഷി പുനരുദ്ധരിച്ചു. വീണ്ടും 2004-ൽ 'ഐവാൻ’ കൊടുങ്കാറ്റ് ജാതിക്കൃഷി നശിപ്പിച്ചു. ഇപ്പോൾ ആഗോള മാർക്കറ്റിലിറക്കാൻ ഗ്രനേഡയുടെ പക്കൽ ജാതിക്കയില്ല എന്നുള്ള സ്ഥിതിയാണ്. കുറച്ചു പഴയ സ്റ്റോക്കു മാത്രമേ ഉള്ളൂ. ഉത്പാദനം പഴയ സ്ഥിതിയിലെത്തിക്കുവാൻ 8 മുതൽ 10 വർഷംവരെ വേണ്ടിവരും. ഗ്രനേഡ സർക്കാർ ജാതിക്കൃഷി പുനരുദ്ധരിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ്. ചുഴലിക്കാറ്റ് 2005 ജൂലൈയിലും ആ രാജ്യത്ത് ആഞ്ഞടിച്ചു എന്നാണ് വീണ്ടും കിട്ടിയ വിവരം.

മുപ്പതുവർഷം പ്രായമായ ഒട്ടുജാതി മരം

ഏകദേശം 13,000 ഏക്കറിൽ ജാതിക്കൃഷി ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഉത്പാദനം 12 മില്ല്യൻ റാത്തലോളം വരും. കയറ്റുമതിയുടെ 36.5 ശതമാനം ജാതിക്കയാണ്. ഏതാണ്ട്  34 മില്ല്യൻ കരീബിയൻ ഡോളർ വിദേശനാണ്യമായി ലഭിക്കുന്നു. എന്നിട്ടും വേണ്ടത്ര ഗവേഷണമോ വികസനപ്രവർത്തനമോ ഗ്രനേഡ ചെയ്‌തിട്ടില്ല എന്നുള്ളത് ദുഖകരമായ സത്യമാണ്.

വിത്ത്‌ മുളപ്പിച്ച തൈകളാണ് നടാൻ ഉപയോഗിക്കുന്നത്. മറ്റുള്ള വിളകളുടെ ഇടയിൽകിട്ടുന്ന സ്ഥലത്ത് നടുന്നു. മരങ്ങൾ തമ്മിൽ 29-30 അടി അകലം കൊടുക്കുന്നു. സർക്കാർ ചെലവിൽ രണ്ടു നഴ്സറികളിൽനിന്നും കുറഞ്ഞതോതിൽ വേരുപിടിപ്പിച്ച കമ്പുകൾ കൃഷിക്കാർക്ക് വിതരണം ചെയ്യുന്നുണ്ട്. ഇതിന് നല്ല മാതൃവൃക്ഷങ്ങളെ തിരഞ്ഞെടുക്കാറില്ല. പ്രത്യേക ഇനങ്ങളും ഇല്ല. വിത്തുതൈകൾ 6 വർഷംകൊണ്ട് പൂക്കുന്നു. ആണ്‍മരങ്ങൾ പൂക്കുന്ന അവസരത്തിൽതന്നെ വെട്ടിക്കളയുന്നു.കായ്ക്കുന്നവ മാത്രമേ നിലനിർത്തുകയുള്ളൂ. സ്ഥിരമായ വിളവ്‌ 15 വർഷമാകുമ്പോഴേക്കും ലഭിക്കുന്നു. ഒരുമരം 75 വർഷമോ അതിൽ കൂടുതലോ ജീവിക്കും. വളപ്രയോഗമോ മറ്റു പരിചരണങ്ങളോ നനയോ ഒന്നും ജാതിക്കയ്ക്ക് നൽകാറില്ല. മറ്റുള്ള വിളകൾക്ക് കൊടുക്കുന്ന വളം ജാതിക്കയുടെ വളർച്ചയ്ക്ക് ഉതകുന്നു എന്ന് മാത്രം. ഗ്രനേഡയിൽ തണലില്ലാതെയാണ് ജാതിക്കൃഷി. കാലാവസ്ഥയുടെ പ്രത്യേകതകൊണ്ടാകാം ഒരു മരത്തിൽ നിന്നും ശരാശരി 20 റാത്തൽ കായാണ് ലഭിക്കുക. ജാതിയെ ബാധിക്കുന്ന പ്രധാനരോഗം വേരുചീയലാണ്. രോഗംബാധിച്ച  മരങ്ങൾ മഞ്ഞളിച്ച്, കമ്പുകൾ ഉണങ്ങി നശിച്ചുപോകുന്നു. നീർവാർച്ച കുറവുള്ള സ്ഥലങ്ങളിലാണ് ഇത് കൂടുതൽ അനുഭവപ്പെടുന്നത്.

വർഷം മുഴുവനും ജാതിയുടെ വിളവെടുപ്പ് കാലമാണ്. സമതലങ്ങളിലുള്ളവ ജനുവരി മുതൽ ഏപ്രിൽ വരെയും, ഇടനാട്ടിലുള്ളവ (500 അടി ഉയരം) മാർച്ച് മുതൽ ജൂലൈ വരെയും, ഉയർന്ന തണുപ്പുള്ള സ്ഥലങ്ങളിലുള്ളവ ജൂലൈ മുതൽ ഡിസംബർ വരെയും കായ് ലഭ്യമാക്കും. ജനുവരി-ഏപ്രിൽ മാസങ്ങളിൽ ലഭിക്കുന്ന കായ്കൾക്കാണ് നല്ല ഗുണനിലവാരമുള്ളത്.

പാകമായ ജാതിക്ക ഇവിടെ ചെയ്യുന്നതുപോലെ ഉടനെ ശേഖരിക്കാറില്ല. മിക്കവാറും എല്ലാ കൃഷിക്കാരും വളരെ പ്രായംചെന്നവരായതിനാലും, തോട്ടങ്ങൾ ഉൾനാടുകളിലും താമസം ടൗണിലുമായതിനാലും, ആവശ്യനേരത്ത് തൊഴിലാളികളെ കിട്ടാത്തതിനാലും, വീണു കിടക്കുന്ന കായ്കൾ ആഴ്ചയിലൊരിക്കലോ അതിൽ കൂടുതലോ ദിവസങ്ങൾ  കഴിഞ്ഞോ മാത്രമാണ് ശേഖരിക്കപ്പെടുന്നത്‌. ഇക്കാരണങ്ങളാൽ, പത്രി മിക്കവാറും കേടുവന്നിട്ടുണ്ടാകും. ഇപ്രകാരം ശേഖരിക്കുന്ന കായകളിൽ നിന്നും പത്രി വേർപെടുത്തി കൃഷിക്കാർ തന്നെ പായകളിലിട്ട് വെയിലത്തുവച്ച് ഉണക്കിയെടുക്കുന്നു. ചുരുക്കം കൃഷിക്കാർ കായകൾ ഉണക്കുമെങ്കിലും, ഉണക്കാത്ത കായകൾക്ക് ഉടൻ  വില ലഭിക്കുമെന്നതിനാൽ   സഹകരണ സംഘത്തിന്  വിൽക്കുന്നു. ഈ  കായകളുടെ സംസ്കരണവും വിപണനവും ഈ സംഘത്തിൻറെ ചുമതലയാണ്.

1947ലാണ് ഗ്രനേഡ ജാതികർഷക സഹകരണസംഘം [Grenada Co-operative Nutmeg Growers Association-(GCNA)] ഒരു സർക്കാർ ഓർഡിനൻസിലൂടെ സ്ഥാപിതമായത്. അന്ന് ലാഭം മുഴുവൻ കച്ചവടക്കാർക്ക്‌ ലഭിച്ചിരുന്നതിനാൽ, കൃഷിക്കാർക്ക് കൂടുതൽ വില കിട്ടുന്നതിനുവേണ്ടിയാണ് സംഘം രൂപീകരിച്ചത്. എല്ലാ ജാതികർഷകരും നിർബന്ധമായും ജാതിക്ക, ഗ്രേഡിനനുസരിച്ച് സംഘത്തിന് കൊടുത്തേ മതിയാവൂ. ഒരു റാത്തലിന് 1.5ഡോളറാണ് നൽകുന്നത്. ഒരു സ്വകാര്യ ഏജൻസിക്കും സർക്കാരിൻറെ അനുവാദമില്ലാതെ ജാതിക്ക കൃഷിക്കാരിൽനിന്നും വാങ്ങുവാൻ അധികാരമില്ല. ലോകത്തിൽ ജാതിക്ക ആഗോളതലത്തിൽ വിൽക്കുന്ന ഏറ്റവും വലിയ സംഘമാണ് ഇത്. ജാതി കർഷക സംഘത്തിന് 19 കളക്ഷൻ സെൻറ്ററുകളും മൂന്ന് സംസ്കരണശാലകളും ഒരു എണ്ണയുത്പാദന ഫാക്ടറിയും ഉണ്ട്. പച്ചയായി കിട്ടുന്ന, 28% ഈർപ്പമുള്ള കായകൾ സംസ്കരണശാലകളിൽ അന്തരീക്ഷോഷ്മാവിൽ ഉണക്കുകയാണ് ചെയ്യുന്നത്. ഇതിനുവേണ്ടി തടികൊണ്ടുണ്ടാക്കിയ അടിവശം കമ്പിവലകളാൽ പൊതിഞ്ഞ തട്ടുകൾ (Bins) പല അടുക്കുകളായി നിർമ്മിച്ച്‌, ഇവയിൽ ജാതിക്ക നിരത്തിയിടുന്നു. ഇത്തരം ശാലകൾക്ക് വായുസഞ്ചാരത്തിന് ജനലുകളും സജ്ജീകരിച്ചിരിക്കുന്നു. കൃത്രിമ ചൂട് നൽകുന്നില്ല. ഇപ്രകാരം സാവധാനത്തിൽ ഉണക്കുന്ന (40°C താഴെ) കായകൾക്ക് ഗുണമേന്മ കൂടുതലാണ്. കൃത്രിമ ചൂടിൽ ഉണക്കുമ്പോൾ ജാതിക്കയിലുള്ള കൊഴുപ്പ് ഉണങ്ങി പുറത്തേക്ക് വരുന്നത് മൂലം  ഗുണം കുറയുന്നു. ഗ്രനേഡയിലെ കാലാവസ്ഥയിൽ ജാതിക്ക 10%ൽ താഴെ ഈർപ്പത്തിൽ ഉണക്കിയെടുക്കുന്നതിന് 6-8 ആഴ്ചയും വർഷകാലത്ത് 8 മുതൽ 13 ആഴ്ചയും വേണം. ഏകദേശം 50% ഉണക്ക കായ്കൾ ലഭിക്കുന്നതിന് നമ്മുടെ കൃഷിക്കാരും ഈ രീതി പരീക്ഷിച്ചുനോക്കേണ്ടതാണ്.

മിരിസ്റ്റിസിൻ കൂടുതലുള്ള ജാതിമരം

ഉണങ്ങിയ കായകൾ തൊണ്ടുകളഞ്ഞ് കഴുകി വീണ്ടും സാവധാനം ഉണക്കി, വൃത്തിയാക്കി വലുപ്പമനുസരിച്ച് ഗ്രേഡ്ചെയ്ത് ചണചാക്കുകളിൽ സംഭരിച്ച് സൂക്ഷിക്കുകയും വിപണിയിലിറക്കുകയും ചെയ്യുന്നു. ആറു ഗ്രേഡുകൾ വലുപ്പമനുസരിച്ച് നിലവിലുണ്ട്. ആറാമത്തെ ഗ്രേഡിലുള്ളവ പൊടിയാക്കാനും എണ്ണയെടുക്കുവാനും ഉപയോഗിക്കുന്നു

കർഷകർ ഉണങ്ങിയ പത്രി സഹകരണ സംഘത്തിനു കൊടുക്കുന്നു. ഇതിന് മൂന്നു ഗ്രേഡുകളാണുള്ളത്. ഒന്നാമത്തെ ഗ്രേഡ് നല്ല തിളക്കമുള്ള പൊട്ടാത്തവയും, രണ്ടാമത്തേത് പൊട്ടിയതും മൂന്നാമത്തേത് കഷ്ണങ്ങളുമായിരിക്കും. ഇപ്രകാരം ശേഖരിച്ച പത്രി തടികൊണ്ടുള്ള തട്ടുകളിൽ നാലുമാസത്തോളം സാധാരണ ഊഷ്മാവിൽ ഉണക്കിയെടുക്കുന്നു. അപ്പോൾ പത്രിക്ക് നേരിയ ഓറഞ്ചുനിറം കൈവരികയും ഈർപ്പം 10%ത്തിൽ താഴെ ആവുകയും ചെയ്യും. ഉണങ്ങിയ പത്രി കാർഡ്ബോർഡുപെട്ടികളിൽ സൂക്ഷിച്ച് വിറ്റഴിക്കുന്നു.

വൃത്തിഹീനമായ    സാഹചര്യങ്ങളിൽ പത്രിയും കായ്കളും സംസ്കരിക്കപ്പെടുന്നതിനാൽ ഭക്ഷ്യവിഷബാധ (Aflatoxin) ആണ് ജാതിക്കയിലെ പ്രധാന പ്രശ്നം. നമ്മുടെ നാട്ടിലും ഇതേ പ്രശ്നം കയറ്റുമതിയെ സാരമായി ബാധിക്കുന്നു. ഫലപ്രദമായ സംസ്കരണ രീതികൾ വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു.

ജാതിക്ക കർഷക സഹകരണസംഘം ഏജൻറ്റുമാരുടെ സഹായത്തോടെ യൂറോപ്പ്, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ കായും പത്രിയും വിൽക്കുന്നു. യൂറോപ്പിലാണ് 80 ശതമാനം ജാതിക്കയും വിൽക്കുന്നത്. 'ഗ്രനേഡൻ ജാതിക്ക' എന്ന ബ്രാൻഡിൽ വിപണനം നടത്താനുള്ള ശ്രമവും ഉണ്ട്. ജാതിക്ക സൂക്ഷിച്ചുവെച്ച് കുറേശ്ശെ മാർക്കറ്റിലിറക്കി വില നിയന്ത്രിക്കാനുള്ള ശ്രമങ്ങളും സംഘം നടത്തുന്നു.

യൂറോപ്പിൽ ജാതിക്ക ഒരു സുഗന്ധവ്യഞ്ജനമായിട്ടാണ് വീടുകളിലും ബേക്കറി ഉത്പന്നങ്ങളിലും ഉപയോഗിക്കുന്നത്. ഈ ആവശ്യത്തിന് ഗുണമേന്മയുള്ള ഗ്രനേഡൻ  ജാതിക്കയിലാണ് അവർക്ക് താത്പര്യം. ഗ്രനേഡൻ ജാതിക്കയിൽ പൊതുവെ ‘മിരിസ്റ്റിസിൻ’ എന്ന രാസവസ്തു ഒരു ശതമാനത്തിൽ താഴെയാണ്. അമേരിക്കയിൽ കൂടുതലും ജാതിക്കയിൽ നിന്നും ലഭിക്കുന്ന ഒലിയോറെസിനും എണ്ണയുമാണ് ഉപയോഗിക്കുന്നത്. കൊക്കോകോളാ പോലുള്ള ഉത്പന്നങ്ങൾക്ക് കൂടുതൽ മിരിസ്റ്റിസിൻ ഉള്ള ജാതിക്ക വേണം. അതിനാൽ ഇന്തോനേഷ്യൻ ജാതിക്കയിലാണ് അവർക്ക് താത്പര്യം. ഇതിൽ മിരിസ്റ്റിസിൻ 14% ൽ കൂടുതലാണ്. ഇന്ത്യയിൽ നിന്നുള്ള ജാതിക്കയിൽ 80%വും അമേരിക്കയിലാണ് വിറ്റഴിക്കുന്നത്; അതും ഒലിയോറെസിൻ മുഖാന്തരവും. കാനഡയിലേത് വളരെ പരിമിതമായ മാർക്കറ്റാണ്. ഇന്ന് ആഗോള തലത്തിൽ സാഫ്രോൾ (Safrole) എന്ന രാസപദാർത്ഥം തീരെയില്ലാത്ത, മിരിസ്റ്റിസിൻ, എലെമിസിൻ, സബിനീൻ എന്നീ പദാർത്ഥങ്ങൾ കൂടുതലുള്ള ജാതിക്കയ്ക്കാണ് പ്രിയം. ഇതു മനസ്സിലാക്കി ഒരു ജർമ്മൻ കമ്പനി ഗ്രനേഡയിലെ ജാതിയിൽ ഒരു പഠനം നടത്തിയപ്പോൾ 29% വരെ  മിരിസ്റ്റിസിൻ ഉള്ള വൃക്ഷങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ നാട്ടിലും ഈ ഉദ്ദേശത്തോടെ ഗവേഷണണം നടക്കുന്നുണ്ട്. 'വിശ്വശ്രീ' എന്ന ഇനം ജാതിക്ക്‌ കൂടിയ അളവിൽ ‘മിരിസ്റ്റിസിൻ' (19%) ഉണ്ട്.

ഡെനിസ് നോവെൽ എന്ന ഒരു വ്യവസായി ജാതിക്കയിൽ  നിന്നും വേദനയുള്ള ഭാഗത്ത് സ്പ്രേ ചെയ്യാവുന്ന ഒരു വേദനസംഹാരി ഉത്പാദിപ്പിച്ച് ആഗോള തലത്തിൽ വിൽക്കുന്നു. സംഘം ഉത്പാദിപ്പിക്കുന്ന ജാതിക്കാ എണ്ണയും വേദന സംഹാരിയായി ഉപയോഗിക്കുന്നു. 'കോമോഹോണ്‍' എന്ന പേരിൽ വേറൊരു വേദന സംഹാരിയും മാർക്കറ്റിലുണ്ട്. ഡിലാ ഗ്രനേഡ ഇൻഡസ്ട്രീസ്‌ എന്ന സ്ഥാപനം ജാതിക്കാ തൊണ്ടുപയോഗിച്ച് ജാം, ജെല്ലി, സിറപ്പ്, ചീസ്, കേക്ക്, മദ്യം എന്നിവ വിൽക്കുന്നു. അന്തർദേശീയ മാർക്കറ്റിൽ ഇവയ്ക്ക് പ്രിയമായിക്കഴിഞ്ഞു. നല്ല  രുചിയും  മണവുമുള്ള ഈ ഉത്പന്നങ്ങളുടെ ഗുണമേന്മ എടുത്തു പറയാതെ വയ്യ. ഇതിൻറെ കാരണം ഗ്രനേഡൻ ജാതിക്കായുടെ തൊണ്ടിൻറെ ഗുണമേന്മയാണ്. ഇവ ആപ്പിൾ കഴിക്കുന്നത്‌ പോലെ കഴിക്കാം. നമ്മുടെ ജാതിയിലേതുപോലെയുള്ള കവർപ്പും കട്ടും ഇല്ല. കാലാവസ്ഥയ്ക്കും മണ്ണിനും ഇതിൽ പങ്കുണ്ട്. എങ്കിലും ജാതിക്കയുടെ രോഗനിവാരണ മൂല്യവും, ലൈംഗീകോത്തേജനശക്തിയും കണക്കിലെടുത്ത് ഇതുപോലുള്ള ഉത്പന്നങ്ങൾ നിർമ്മിച്ചെടുക്കേണ്ടത് ആവശ്യമാണ്‌, പ്രത്യേകിച്ചും വീഞ്ഞുപോലുള്ളവ.

നമ്മുടെ  ജാതികർഷകർ നേരിടുന്ന എല്ലാ പ്രശ്നങ്ങളും ഗ്രനേഡ കർഷകരും നേരിടുന്നുണ്ട്. അവിടത്തെ കൃഷി മിക്കവാറും നശിച്ചതിനാലും പുനരുദ്ധാരണത്തിന് ഏഴെട്ടു വർഷം വേണ്ടിവരുമെന്നതിനാലും ജാതിക്കവില കുറേക്കാലത്തേക്ക് നിലനിൽക്കാനാണ് സാധ്യത. ഭക്ഷ്യവിഷബാധ ഒരു വലിയ പ്രശ്നമായതുകൊണ്ട്‌ ജാതിക്ക പറിച്ച് വൃത്തിയാക്കി, ശാസ്ത്രീയമായി ഉണക്കി സൂക്ഷിച്ച് വിൽപ്പന ചെയ്യണം. എങ്കിലേ നമുക്ക് മാർക്കറ്റു പിടിച്ചെടുക്കാനാകൂ. ജാതിക്ക 40°Cൽ താഴെ ചൂടിൽ ഉണക്കി നല്ല കായ ഉണ്ടാക്കണം. ജാതിക്കായുടേയും പത്രിയുടേയും പൊടികൾ, തൊണ്ടിൽനിന്നും ഉത്പന്നങ്ങൾ എന്നിവ ഉത്പാദിപ്പിക്കേണ്ടിയിരിക്കുന്നു. കൂടാതെ കൂടുതൽ തീവ്രമായ ഗവേഷണങ്ങളും ആവശ്യമാണ്‌. വളരെ വേഗത്തിൽ നാം മുന്നേറേണ്ടിയിരിക്കുന്നു കാരണം ബ്രസീലും ജാതിക്കൃഷി തുടങ്ങിക്കഴിഞ്ഞു.

ദ്രുതവാട്ടം എങ്ങനെ നിയന്ത്രിക്കാം?

സന്തോഷ്‌ ജെ. ഈപ്പൻ

ദ്രുതവാട്ടം കുരുമുളകു കർഷകൻറെ പേടിസ്വപ്നമാണ്. വെറും കമ്പോളലാക്കോടെ, പ്രകൃതിയെ മറന്നുകൊണ്ടുള്ള നമ്മുടെ കൃഷി രീതിയുടെ ഒരു പരിണിത ഫലമല്ലേ ഈ രോഗം? കുരുകുളക് തീവ്രമായി കൃഷിചെയ്യുന്ന വയനാട്ടിലും ഇടുക്കിയിലുമാണല്ലോ ഇന്നീ രോഗം കനത്ത നാശം വിതയ്ക്കുന്നത്. ദ്രുതവാട്ടത്തെ നിയന്ത്രിക്കാനാവില്ലേ? അതിനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ ഇനിയും  ലഭ്യമല്ലേ? എന്തുകൊണ്ട് നമ്മുടെ കുമിൾനാശിനി പ്രയോഗങ്ങൾ വെറും പാഴ് വേലയായി തീരുന്നു? ഇത്തരം പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശാൻ ദ്രുതവാട്ടത്തെക്കുറിച്ച് അൽപ്പം ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ അവബോധം നാം വളർത്തിയെടുക്കണം. അതുകൊണ്ട് ദ്രുതവാട്ടം എന്താണെന്നും, അതെങ്ങനെയുണ്ടാകുന്നുവെന്നും ആദ്യം ചിന്തിക്കാം. ദ്രുതവാട്ടത്തെപ്പറ്റി നമുക്കുള്ള പലധാരണകളും വികലവും പഴഞ്ചനുമാണ്. ആധുനിക കൃഷി ശാസ്ത്രം ഈ രോഗത്തെക്കുറിച്ച് എന്ത് പറയുന്നുവെന്ന് നമുക്ക് പരിശോധിക്കാം.

മണ്ണിലുള്ള ഫൈറ്റോഫ്ത്തോറ കാപ്സിസി (Phytophthora capsici) എന്ന കുമിളുകളാണ് ഈ രോഗത്തിന് കാരണമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ദ്രുതവാട്ടത്തെ ഇന്നു ഫൈറ്റോഫ്ത്തോറ മൂലമുണ്ടാകുന്ന കടചീയൽ അല്ലെങ്കിൽ മൂടുചീയൽ എന്നാണ് ശാസ്ത്രീയമായി വിളിക്കുന്നത്. നമുക്ക് സൗകര്യത്തിനായി 'ദ്രുതവാട്ട'മെന്ന ലളിതമായ പദം തന്നെ തുടർന്നും ഉപയോഗിക്കാം. ഫൈറ്റോഫ്ത്തോറ വളരെയേറെ അപകടകാരികളായ കുമിളുകളാണ്. നമ്മുടെ നാട്ടിൽ കാണപ്പെടുന്ന തെങ്ങ്, കമുക്, റബ്ബർ, കൊക്കോ തുടങ്ങിയ വിവിധ തോട്ടവിളകളിൽ ഇതേ ജനുസ്സിൽപ്പെട്ട കുമിളുകൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കോഴിക്കോട്ടെ ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽ അടുത്തകാലത്ത് നടന്ന ചില പഠനങ്ങൾ ഈ കുമിളുകളുടെ ആക്രമണരീതിയെക്കുറിച്ച് വ്യക്തമായ അറിവ് പ്രദാനം ചെയ്യുന്നു. ഇവ തികച്ചും സ്വതന്ത്രമായ രണ്ടുരീതികളിലാണ് കുരുമുളകുകൊടിയെ ആക്രമിക്കുന്നത്. ഒന്ന്, മണ്ണിലൂടെ കുരുമുളകിൻറെ വേരുകളെ ആക്രമിക്കുക. രണ്ട്, കുമിൾബീജങ്ങളടങ്ങിയ മണ്ണോ ജലകണങ്ങളോ ശക്തമായ മഴമൂലം തെറിച്ചു കൊടിയുടെ ഉപരിതലഭാഗങ്ങളിൽ രോഗബാധയുണ്ടാകുക . ഈ രണ്ടു വ്യത്യസ്ത മാർഗ്ഗങ്ങളെക്കുറിച്ച് നമുക്കൽപ്പം ആഴത്തിൽ ചിന്തിക്കാം.

മെയ്‌-ജൂണ്‍ മാസത്തിൽ കാലവർഷമാരംഭിക്കുന്നതോടെ മണ്ണിലേയും അന്തരീക്ഷത്തിലേയും ഈർപ്പം വർദ്ധിക്കുന്നു. മണ്ണിൽ അതുവരെ നിർജ്ജീവാവസ്ഥയിൽ കഴിയുന്ന കുമിളുകളും ഇതോടെ സജീവമാകുന്നു, അഥവാ ആക്രമണോത്സുകരാകുന്നു. പുതുതായി മുളച്ചുവരുന്ന കുരുമുളകിൻറെ ഇളംവേരുകളെയാണ് കുമിളുകൾ ആദ്യം കീഴടക്കുന്നത്. ഈ സമയത്ത് തന്നെ കുമിൾ നാശിനികൾ പ്രയോഗിച്ചാൽ, കുമിളുകൾ നിയന്ത്രിക്കപ്പെടുകയും വേരുകൾക്ക് സ്വതന്ത്രമായി വളരാൻ സാധിക്കുന്നതുമൂലം കൊടികൾ രോഗത്തെ ചെറുത്തുനിൽക്കുകയും ചെയ്യും. എന്നാൽ, ഈ ഘട്ടത്തിൽ, വേരുകളെ രോഗം ബാധിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കാതെ പോകുന്നതിനാൽ കുമിൾനാശിനികൾ പ്രയോഗിക്കാൻ ആരും മെനക്കെടാറില്ല. കാരണം വ്യക്തമായ രോഗലക്ഷണങ്ങളുടെ അഭാവമാണ്. ഇലകളിലെ മഞ്ഞളിപ്പ് വേരുകളെ രോഗം ബാധിച്ചുവെന്നതിൻറെ വ്യക്തമായ ഒരു സൂചനയാണ്. പക്ഷെ,  ഈ ലക്ഷണം പലപ്പോഴും മണ്ണിലെ ജലാംശം കുറയുമ്പോൾ മാത്രമേ വ്യക്തമായി പ്രകടമാകുകയുള്ളൂ.

നിർണ്ണായകമായ ഈ ഘട്ടത്തിൽ കുമിളുകൾ നിയന്ത്രണവിധേയമായില്ലെങ്കിൽ എന്തു സംഭവിക്കുന്നുവെന്നു നോക്കുക. കുമിൾബാധയാൽ വേരുകൾ നശിക്കുന്നതോടെ, രോഗം മെല്ലെ തണ്ടുകളിലേക്ക് വ്യാപിച്ച്, കൊടിയുടെ കടഭാഗത്തെത്തുന്നു. പിന്നെ എല്ലാം അതിവേഗത്തിലാണ്. കൊടിയുടെ കടഭാഗം ചീഞ്ഞഴുകി,  ദുർഗന്ധം വമിക്കുന്നു. കൊടിയിലെ ഇലകളും ശാഖകളുമെല്ലാം ഉണങ്ങുന്നു. അങ്ങനെ കൊടികൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ സമ്പൂർണ്ണമായും നശിക്കുന്നു. വേരുകളിൽ നിമാവിരബാധയാലോ, കൃഷിപ്പണികൾ ചെയ്യുമ്പോഴോ ക്ഷതങ്ങളുണ്ടായിട്ടുണ്ടെങ്കിലും കുമിൾബാധ അതിശീഘ്രവും രൂക്ഷവുമാകാം. മാത്രമല്ല,  മണ്ണിൽ പടർന്നുവളരുന്ന ചെന്തലകളിൽകൂടിയും ഈ രോഗം കടഭാഗത്തെ നേരിട്ട് ബാധിക്കാം.

നിമാവിരകൾ ക്രമാതീതമായിട്ടുള്ള തോട്ടങ്ങളിൽ വള്ളിയൊന്നിന് 30ഗ്രാം എന്നതോതിൽ ഫോറേറ്റ് എന്ന കീടനാശിനി മണ്ണിൽ ചേർത്തുകൊടുക്കുന്നതും നല്ലതാണ്. എന്തായാലും കൊടികൾ ഉണങ്ങിനശിക്കുമ്പോൾ മാത്രമാണ് രോഗബാധ നാം മനസ്സിലാക്കുന്നത്‌. നമ്മുടെ സസ്യസംരക്ഷണ നടപടികൾ ഒന്നുംതന്നെ ഈ ഘട്ടത്തിൽ ഫലം നൽകുകയില്ല. ഇങ്ങനെ പരിപൂർണ്ണമായി നശിക്കുന്ന കൊടികൾ കഴിവതും വേഗം പിഴുതുമാറ്റി നശിപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

ഇനി രണ്ടാമത്തെ തരത്തിലുള്ള കുമിൾബാധയെങ്ങനെയാണെന്നു നോക്കാം. വർഷകാലത്ത് മഴത്തുള്ളികൾ ശക്തിയോടെ മണ്ണിൽ പതിക്കുമ്പോൾ, രോഗാണുക്കളടങ്ങിയ മണ്ണും ജലകണങ്ങളും തെറിച്ചാണ് തണ്ട്, തിരി, ഇല തുടങ്ങിയ ഉപരിതലഭാഗങ്ങളിൽ രോഗബാധയുണ്ടാകുന്നത്. ഈ രീതിയിലുള്ള രോഗബാധ മണ്ണിനോടടുത്ത ഭാഗങ്ങളിലാരംഭിച്ച്, പടിപടിയായി മുകളിലേക്ക് വ്യാപിക്കുന്നു. ഇത്തരം രോഗബാധയ്ക്ക് വ്യക്തമായ രോഗലക്ഷണങ്ങളുള്ളത് ആശ്വാസകരമാണ്. ഇലകളിൽ തുടക്കത്തിൽ തവിട്ടുനിറത്തിലുള്ള പുള്ളിക്കുത്തുകളാണുണ്ടാവുക. ഈ പുള്ളികളുടെ അരികുകൾ തൊങ്ങലുകൾ പിടിപ്പിച്ചതുപോലെയിരിക്കും. ഇവ ക്രമേണ വലുതായി പ്രതലമാകെ വ്യാപിച്ച് ഇലകൾ കൊഴിയുന്നു. ശാഖകളിൽ കുമിൾബാധയുണ്ടാകുമ്പോൾ,  ഇല മഞ്ഞളിപ്പും ഇല കൊഴിച്ചിലും ഉണ്ടാകുമെങ്കിലും, അവ പെട്ടെന്ന് ഉണങ്ങുന്നതായിട്ടാണ് കാണുന്നത്. തിരികളിലാവട്ടെ അവിടവിടെ കറുത്തപാടുകൾ പ്രത്യക്ഷപ്പെട്ട് അധികംവൈകാതെ തിരികൾ ഉണങ്ങി വീഴുന്നു. ഇവിടെയെല്ലാം കൊടികൾക്ക് ഭാഗികമായ നാശമേ നേരിടുന്നുള്ളൂ. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ഒരു ശതമാനം ബോർഡോമിശ്രിതം തളിച്ചാൽ ഇത്തരം രോഗബാധ പൂർണ്ണമായും ഭേദമാക്കാം. തോട്ടങ്ങളിൽ പുല്ലോ, തോട്ടപ്പയറോ വളർത്തുന്നതും, കൊടികളുടെ ചുവടുഭാഗത്തുനിന്ന് ഒന്നൊന്നരയടി ഉയരത്തിലുള്ള ശാഖകൾ മഴയ്ക്കു മുൻപ് വെട്ടിമാറ്റുന്നതും ഈ തരത്തിലുള്ള രോഗബാധ തടയാൻ ഉപകരിക്കും.

ചുരുക്കത്തിൽ പറഞ്ഞാൽ ദ്രുതവാട്ടത്തിൻറെ ഏറ്റവും ഭീകരമായ രൂപം വേരുകളിലൂടെയുള്ള രോഗബാധയാണ്. ഇന്നു കേരളത്തിലെ മിക്ക കുരുമുളകുതോട്ടങ്ങളിലും നാശം വിതയ്ക്കുന്നത് വേരുകളിലൂടെയുള്ള രോഗബാധയാണ്. ഇതിനുകാരണം മുമ്പുപറഞ്ഞതുപോലെ, രോഗബാധ ആരംഭത്തിലേ കണ്ടെത്താനുള്ള ബുദ്ധിമുട്ടും, രോഗനിയന്ത്രണ നടപടികൾ സ്വീകരിക്കാൻ വൈകുന്നതുമാണ്. രോഗബാധ തുടക്കത്തിൽത്തന്നെ തിരിച്ചറിയാനുള്ള എളുപ്പവഴികൾ ശാസ്ത്രീയമായി വികസിപ്പിക്കുംവരെ, സസ്യസംരക്ഷണ നടപടികൾ നിഷ്ഠയോടെ തോട്ടങ്ങളിൽ നടപ്പിലാക്കുക മാത്രമാണ് പോംവഴി. ഒപ്പം രോഗസാഹചര്യങ്ങൾ ഇല്ലാതാക്കാനും ശ്രദ്ധിക്കേണ്ടതാണ്. പ്രതിരോധം തന്നെയാണ് ദ്രുതവാട്ടത്തിന് ഇന്നത്തെ സാഹചര്യത്തിൽ എന്തുകൊണ്ടും നല്ലത്. ഇതിനായി വിവിധ രാസ, രാസേതര മാർഗ്ഗങ്ങൾ സംയോജിപ്പിച്ചുകൊണ്ടുള്ള, സമഗ്രമായ ഒരു സസ്യസംരക്ഷണ പദ്ധതിക്ക് ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രം രൂപം കൊടുത്തിട്ടുണ്ട്‌.

ഇതിൽ മഴക്കാലത്തിനുമുമ്പായി കുരുമുളകുതോട്ടങ്ങളിൽ നടപ്പിലാക്കേണ്ട ഒരുപിടി കാര്യങ്ങളുണ്ട്. തോട്ടങ്ങളിൽ നല്ല നീർവാർച്ചാ സൗകര്യം ഉണ്ടാക്കുക, കൊടികൾക്ക് സൂര്യപ്രകാശം ലഭിക്കുവാൻ വേണ്ട തണൽ ക്രമീകരണം ചെയ്യുക, മണ്ണിൽ പടർന്നുവളരുന്ന ചെന്തലകൾ, ഞാലൻതലകൾ എന്നിവ മുറിച്ചുമാറ്റുകയോ, താങ്ങുമരങ്ങളോട് ചേർത്തുകെട്ടുകയോ ചെയ്യുക, മണ്‍നിരപ്പിൽനിന്നു ഒന്നൊന്നരയടി ഉയരത്തിലുള്ള ഇലകൾ, ശാഖകൾ എന്നിവ വെട്ടിമാറ്റുക എന്നിവയോടൊപ്പം തോട്ടത്തിലെ ശുചിത്വത്തിനും പ്രത്യേകം ഊന്നൽ നൽകണം. രോഗം ബാധിച്ചുണങ്ങിയ വള്ളികൾ വേരോടെ പിഴുതുമാറ്റി, തീയിട്ടുനശിപ്പിക്കുക,  പ്രസ്തുത തടങ്ങളിൽ 0.2ശതമാനം വീര്യമുള്ള കോപ്പർ ഓക്സിക്ലോറൈഡ് ലായനി 5ലിറ്റർ വീതമൊഴിച്ച് മണ്ണ് കുമിൾ വിമുക്തമാക്കണം. പുതിയ കൊടികൾ നടുന്നത് കുറഞ്ഞത്‌ ഒരുവർഷമെങ്കിലും കഴിഞ്ഞിട്ടായിരിക്കണം. അതുപോലെത്തന്നെ രോഗംബാധിച്ച തോട്ടങ്ങളിൽനിന്നും രോഗവിമുക്തമായ തോട്ടങ്ങളിൽ ആളുകൾ കയറിയിറങ്ങുന്നതും, പണിയായുധങ്ങൾ ഉപയോഗിക്കുന്നതും ആവശ്യമായ ശുചീകരണ നടപടികൾക്കുശേഷമാണെന്ന് ഉറപ്പുവരുത്തണം. തോട്ടങ്ങളിൽ കൃഷിപ്പണികൾ ചെയ്യുമ്പോൾ വേരുകൾക്കു ക്ഷതമുണ്ടാകാതിരിക്കാനും പ്രത്യേക ശ്രദ്ധ ചെലുത്തണം.  നല്ലയിനം വേപ്പിൻപിണ്ണാക്ക് വള്ളിയൊന്നിനു ഒരു കിലോഗ്രാം എന്നതോതിൽ മെയ്‌-ജൂണ്‍ മാസത്തിൽ ചേർത്തുകൊടുക്കുന്നത് കുമിളുകളെയും നിമാവിരകളെയും ഒരുപരിധി വരെ നിയന്ത്രിക്കാനും, മണ്ണിലെ ജൈവാംശം വർദ്ധിപ്പിക്കാനും സഹായിക്കും.

സംയോജിത സസ്യസംരക്ഷണ പദ്ധതിയിലെ മറ്റൊരു പ്രധാന ഘടകം രാസനിയന്ത്രണമാണ്‌. മാരകമായ വിഷാംശമടങ്ങുന്ന യാതൊരു കുമിൾനാശിനികളും ഈ പദ്ധതിയിലുൾപ്പെടുത്തിയിട്ടില്ലായെന്നതു ശ്രദ്ധേയമാണ്. കാലവർഷത്തിനുമുമ്പ് (അതായത് മെയ്‌ അവസാനമോ, ജൂണ്‍ ആദ്യമോ) തോട്ടത്തിലെ എല്ലാകൊടികളിലും ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തളിക്കുക. ബോർഡോമിശ്രിതം കൊടിയുടെ  കടഭാഗത്തും  മണ്ണിനോടടുത്ത  തണ്ടുകളിലും  ശാഖകളിലുമൊക്കെ നന്നായി പതിയ്ക്കത്തക്കവിധത്തിൽ തളിച്ചുകൊടുക്കണം. മഴയ്ക്കുശേഷം ആഗസ്റ്റ്‌-സെപ്റ്റംബർ മാസത്തിൽ ഒരുതവണ കൂടി ബോർഡോമിശ്രിതം തളിക്കേണ്ടതാണ്. തടങ്ങളിൽ 0.2ശതമാനം വീര്യമുള്ള കോപ്പർ ഓക്സിക്ലോറൈഡ് ലായനി അതായത് ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം കോപ്പർ ഓക്സിക്ലോറൈഡ് കലക്കിയത് 5 മുതൽ 10 ലിറ്റർ വരെ മുമ്പുപറഞ്ഞതുപോലെ മഴക്കാലത്തിനു മുൻപായും മഴ കഴിഞ്ഞതിനു ശേഷവും ഒഴിച്ചുകൊടുക്കണം. മഴ നീണ്ടുനിന്നാൽ ഒരുതവണ കൂടി ഇതാവർത്തിക്കുക. ഓർക്കുക, കുമിൾനാശിനികൾ ശരിയായ അനുപാതത്തിൽ ഗുണമേന്മയുള്ള പദാർത്ഥങ്ങളുപയോഗിച്ചു തയ്യാറാക്കി, ഉചിതമായ സമയത്തു തന്നെ പ്രയോഗിച്ചെങ്കിൽ മാത്രമേ, ശരിയായ ഫലം ലഭിക്കൂ. രോഗപ്രതിരോധശക്തിയുള്ള ഇനങ്ങൾ, പ്രായോഗിക ജൈവനിയന്ത്രണമാർഗ്ഗങ്ങൾ എന്നിവയ്ക്കായുള്ള ശ്രമങ്ങൾ വിജയിക്കുംവരെ ലളിതമായ ഈ പദ്ധതി നടപ്പിലാക്കാം.

ഏകദേശം 1000ത്തോളം ഹെക്ടർ പ്രദേശത്ത് വിജയകരമായി പരീക്ഷിച്ച തികച്ചും ലളിതമായ ഈ പദ്ധതി നടപ്പുവർഷം ഏകദേശം ഒരുലക്ഷം ഹെക്ടർ സ്ഥലത്തേക്ക് വ്യാപിപ്പിക്കുകയാണ്. കേന്ദ്ര സർക്കാറിൻറെ  സാമ്പത്തിക സഹായത്തോടെ കേരള സംസ്ഥാന കൃഷിവകുപ്പിൻറെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ രോഗത്തെയും രോഗനിവാരണ മർഗ്ഗങ്ങളെക്കുറിച്ചുമുള്ള ബോധവൽക്കരണം, 50ശതമാനം സബ്സിഡിയോടെയുള്ള വിതരണം,  ഗുണമേന്മയുള്ള നടീൽവസ്തുക്കൾ ലഭ്യമാക്കുക തുടങ്ങിയവയാണ് വിഭാവനം ചെയ്യുന്നത്. ബൃഹത്തായ ഈ സംരംഭത്തിലൂടെ കേരളത്തിലെ കുരുമുളകുകൃഷിയ്ക്ക് ഒരു നവജീവൻ ലഭിക്കുമെന്ന് പ്രത്യാശിക്കാം.

സുഗന്ധവിളകളിൽ പുതുനാമ്പുകൾ

ഡോ. ബി. ശശികുമാർ

കോഴിക്കോട്ടെ  സുഗന്ധവിള ഗവേഷണകേന്ദ്രം  വികസിപ്പിച്ചെടുത്ത ചില  പുതിയ സുഗന്ധവിള ഇനങ്ങൾ  ഇതിലൂടെ പരിചയപ്പെടുത്തുന്നു.

കുരുമുളകിൻറെയും മഞ്ഞളിൻറെയും ഈ പുതിയ ഇനങ്ങൾ കൃഷിയിടങ്ങളിൽ എത്തുന്നതോടെ കർഷകർക്ക് ഗുണവും വിളകളിൽ ജനിതക വൈവിധ്യവും പ്രതീക്ഷിക്കാം. ഈ പുതിയ ഇനങ്ങളുടെ നടീൽ വസ്തുക്കൾ സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ വഴി കർഷകർക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

കുരുമുളക്

ഐ. ഐ. എസ്. ആർ.തേവം

തേവൻമുണ്ടി  ഇനത്തിൻറെ  സെലക്ഷൻ. ഉയർന്ന സ്ഥലങ്ങളിലേക്കും സമതലപ്രദേശങ്ങളിലേക്കും  അനുയോജ്യം. കാപ്പി, തേയില തോട്ടങ്ങളിലെ  തണൽ പ്രദേശങ്ങളിൽ  ഇടവിളയായി  വളർത്താൻ  നന്ന്. ദ്രുതവാട്ടത്തെ  ഒരു പരിധിവരെ ചെറുക്കാനുള്ള ശേഷി,  പ്രത്യേകിച്ചും  മുറ്റിയ വള്ളികൾക്ക്.

ശരാശരി ഉത്പാദനം  ഹെക്ടറിന് 2437 കിലോ ഉണക്ക കുരുമുളക്. ഇവയിൽ  പൈപ്പറിൻ 1.6%, എണ്ണ 3.1%, വാറ്റ്സത്ത് 8.5%.

ഐ. ഐ. എസ്. ആർ. ഗിരിമുണ്ട

സങ്കരയിനം. സമതലപ്രദേശങ്ങളിലേക്കും, ഉയർന്ന പ്രദേശങ്ങളിൽ കാപ്പി, തേയില തോട്ടങ്ങളിൽ തണൽ മരങ്ങളിൽ ഇടവിളയായും കൃഷി ചെയ്യാൻ യോജിച്ചത്.

ശരാശരി ഉത്പാദനം  ഹെക്ടറിന് 2888 കിലോ ഉണക്ക കുരുമുളക്. ഇവയിൽ  പൈപ്പറിൻ 2.2%, എണ്ണ 3.4%, വാറ്റ്സത്ത് 9.65%.

ഐ. ഐ. എസ്. ആർ. മലബാർ എക്സൻ

സങ്കരയിനം. വാറ്റ്സത്ത്കൂടുതലുണ്ട്. സമതലപ്രദേശങ്ങളിലേക്കും, ഉയർന്ന പ്രദേശങ്ങളിലേക്കും, കാപ്പി, തേയില തോട്ടങ്ങളിൽ തണൽ മരങ്ങളിൽ ഇടവിളയായി കൃഷിചെയ്യാൻ  പറ്റിയത്.

ശരാശരി ഉത്പാദനം  ഹെക്ടറിന് 1453 കിലോ ഉണക്ക കുരുമുളക്. ഇവയിൽ  പൈപ്പറിൻ 2.95%, എണ്ണ 3.2%, വാറ്റ്സത്ത് 13.5%.

മഞ്ഞൾ

ഐ. ഐ. എസ്. ആർ. ആലപ്പി സുപ്രീം

പേരുകേട്ട  ആലപ്പി മഞ്ഞളിൻറെ സെലക്ഷൻ. കുർക്കുമിനും  ഉത്‌പാദനവും  കൂടുതൽ.

ശരാശരി ഉത്പാദനം  5.58%, ഉണക്ക് 19.0%, കുർക്കുമിൻ 5.5%, വാറ്റ്സത്ത് 16% .

ഐ. ഐ. എസ്. ആർ. കേദാരം

കൂടുതൽ  ഉത്പാദനക്ഷമതയും  അധികമായി  കുർക്കുമിനും.

ശരാശരി ഉത്പാദനം  5.28 ടണ്‍/ഹെ., ഉണക്ക് ശതമാനം 19.5, കുർക്കുമിൻ 5.7%, വാറ്റ്സത്ത് 14.0%.

പരിമിതമായ തോതിൽ നടീൽ വസ്തുക്കളുടെ ലഭ്യതയറിയുവാനായി സയൻറിസ്റ്റ് ഇൻ ചാർജ്, സുഗന്ധവിള ഗവേഷണ ഫാം, പെരുവണ്ണാമുഴി പി.ഒ., കോഴിക്കോട്- 662238 (ഫോണ്‍ 0496 2249371) / മാനേജർ, എ.ടി.ഐ.സി. സുഗന്ധവിള ഗവേഷണ കേന്ദ്രം, മേരിക്കുന്ന് പി.ഒ., കോഴിക്കോട് 12 (ഫോണ്‍ 0495 2730704) എന്നീ വിലാസങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.

കടപ്പാട് : Agropedia

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate