অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വേനല്‍ക്കാല പച്ചക്കറികള്‍

വേനല്‍ക്കാല പച്ചക്കറികള്‍

വേനല്‍ക്കാല പച്ചക്കറികള്‍ നടാന്‍ പോളിബാഗിലോ മണ്‍ചട്ടിയിലോ ടയറില്‍ മണ്ണു നിറച്ചോ നടാനുള്ള സംവിധാനം ഒരുക്കാം. മണല്‍, മേല്‍മണ്ണ് എന്നിവയ്‌ക്കൊപ്പം ജൈവവളം തുല്യം ചേര്‍ത്താണ് ചട്ടി നിറയ്‌ക്കേണ്ടത്. ഇതില്‍ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയതൊഴിച്ച് കുതിര്‍ക്കുന്നത് നന്ന്. പച്ചക്കറികളുടെ വളര്‍ച്ചാകാലത്ത് ആഴ്ചയിലൊരിക്കല്‍ ഒരു പിടി ജൈവവളം ചേര്‍ക്കാം. മണ്ണിരക്കമ്പോസ്റ്റ്, കമ്പോസ്റ്റ്, കോഴിക്കാഷ്ടം, എല്ലുപൊടി, ചാണകപ്പൊടി, തേയിലക്കൊത്ത്, മത്സ്യവളം എന്നിവ നല്ല വളമാണ്. മണ്ണിരക്കമ്പോസ്റ്റിന്റെ സത്തായ വെര്‍മിവാഷ് 100 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചത്, ഒരു കിലോഗ്രാം കടലപ്പിണ്ണാക്ക്, ചാണകം എന്നിവ 10 ലിറ്റര്‍ വെള്ളത്തില്‍ ഒരാഴ്ച പുളിപ്പിച്ച് 5 ഇരട്ടി നേര്‍പ്പിച്ചത്, പഞ്ചഗവ്യം എന്നിവ വളര്‍ച്ചയും വിളവും മെച്ചപ്പെടുത്തും. ജീവാണുവളമായ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ചുവട്ടില്‍ വീഴ്ത്തുന്നതും ചെടിയില്‍ തളിക്കുന്നതും രോഗ പ്രതിരോധത്തിന് സഹായകരമാണ്. പ്രത്യേകിച്ച് ചീരയിലെ ഇലപ്പുള്ളി, വെള്ളരിവര്‍ഗ പച്ചക്കറികളിലെ വൈറസ് രോഗങ്ങള്‍ എന്നിവ പ്രതിരോധിക്കാന്‍. ചീരയും മറ്റു പച്ചക്കറികളും പറിച്ചുനടുന്നത് വൈകിട്ടാവാന്‍ ശ്രദ്ധിക്കുക. ചുവന്ന ചീരയായ അരുണ്‍, പച്ച ചീരയിനങ്ങളായ മോഹിനി, ഇ 1, 2, 3 എന്നിവ മെച്ചപ്പെട്ട വിളവു തരും. നേരത്തേയുള്ള ചീരയില്‍ ഇലപ്പുള്ളി കാണുന്നെങ്കില്‍ സ്യൂഡോമോണസ് തളിക്കുകയോ സോഡാപ്പൊടി- മഞ്ഞള്‍പ്പൊടി മിശ്രിതം, പാല്‍ക്കായ ലായനിയില്‍ ലയിപ്പിച്ചത് (5 ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം പാല്‍ക്കായം, 8 ഗ്രാം സോഡാക്കാരം, 16 ഗ്രാം മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് അരിച്ച്) തളിക്കുകയോ ചെയ്യുക. പയറിന്റെ ഇലകളില്‍ വളഞ്ഞുപുളഞ്ഞ വരകള്‍ കാണുന്നുണ്ടെങ്കില്‍ വേപ്പെണ്ണ എമല്‍ഷന്‍ (60 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചതില്‍ ഒരു ലിറ്റര്‍ വേപ്പെണ്ണ ചേര്‍ത്തിളക്കി അരിച്ചത്) പത്തിരട്ടി വെള്ളത്തില്‍ ചേര്‍ത്തുതളിക്കാം. വെളുപ്പുനിറത്തില്‍ മെഴുകുപോലെ കാണുന്ന മുഞ്ഞകളെ ചാരം വിതറി കൊന്നൊടുക്കണം. തക്കാളിവര്‍ഗ പച്ചക്കറികളുടെ (വഴുതന, തക്കാളിമുളക് തുടങ്ങിയവ) ഇലയില്‍ കുരുടിപ്പ് ഉണ്ടാകാനിടയുണ്ട്. ഇലയുടെ അടിയില്‍ ഇരുന്ന് ചില കീടങ്ങള്‍ നീരൂറ്റുന്നതാണ് കാരണം. കിരിയാത്ത്, സോപ്പ്, വെളുത്തുള്ളി മിശ്രിതം, നേര്‍പ്പിച്ച കഞ്ഞിവെള്ളം എന്നിവ ഇലകളുടെ അടിയില്‍ തളിച്ച് ഇതു തടയാം. കായും തണ്ടും തുരക്കുന്ന പുഴുക്കളെ വേപ്പിന്‍കുരു സത്ത് (50 ഗ്രാം വേപ്പിന്‍കുരു പൊടിച്ചത് വെള്ളത്തില്‍ 12 മണിക്കൂര്‍ കിഴികെട്ടി താഴ്ത്തി നന്നായി പിഴിഞ്ഞുചേര്‍ത്തത്) തളിച്ചും ബി ടി കീടനാശിനികള്‍ തളിച്ചും നിയന്ത്രിക്കാം. വേനല്‍ക്കാല പച്ചക്കറികളിലും, കാബേജ്, ക്വാളിഫ്‌ളവര്‍ തുടങ്ങിയവയിലും പുഴുശല്യം തടയാന്‍ ഒരു പിടി കാന്താരിമുളക് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ അരച്ചുചേര്‍ത്ത് അരിച്ച് 60 ഗ്രാം ബാര്‍ സോപ്പ് ഇളക്കിച്ചേര്‍ത്ത്, 10 ഇരട്ടി നേര്‍പ്പിച്ചു തളിക്കാം. നീരൂറ്റുന്ന മൃദുല ശരീരികളായ കീടങ്ങള്‍ക്കെതിരെയും ഇത് ഫലപ്രദമാണ്.

തയ്യാറാക്കിയത്: ഷാനവാസ് കാരിമറ്റം (മാധ്യമ പ്രവര്‍ത്തകന്‍, കാര്‍ഷിക ഗവേഷകന്‍)

 

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate