Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വാഴക്കൂമ്പ് പ്രകൃതിയുടെ ദാനം

കൂടുതല്‍ വിവരങ്ങള്‍

വാഴക്കൂമ്പ് പ്രകൃതിയുടെ വരദാനം

മലയാളിയുടെ ഭക്ഷണശൈലിയിൽ കാലങ്ങളായി വാഴപ്പഴത്തിന് ഒന്നാം സ്ഥാനമാണുള്ളത്. സസ്യശാസ്ത്രപരമായി സവിശേഷതകൾ ഉള്ള ഒരുവിളയാണ് വാഴ. വാഴയുടെ മണ്ണിനടിയിലുള്ള ഭാഗമായ മാണം മുതൽ വാഴത്തട, പൂങ്കുല, പഴം മുതലായ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലുള്ള ഉത്പന്നങ്ങൾ പോഷക സമൃദ്ധവും വിപണനമൂല്യമുള്ളവയാണ്. വാഴയുടെ ഉപയോഗം പറഞ്ഞാലും പറഞ്ഞാലും തീരാത്തവയാണ്. വാഴപ്പഴവും വാഴയിലയും വാഴക്കൂമ്പും വാഴത്തണ്ടും എല്ലാം വാഴയെ നമുക്ക് പ്രിയപ്പെട്ടതാക്കുന്നു.

പുതിയ തലമുറയിലെ ആഹാരരീതിയിൽ ഉൾപ്പെടാത്ത ഒന്നാണ് വാഴക്കൂമ്പ് കൊണ്ട് ഉണ്ടാക്കിയ വിഭവങ്ങൾ. വാഴപ്പഴം പോലെ തന്നെ നമ്മുടെ രസമുകുളങ്ങളെ ഉദ്ദീപിപ്പിക്കാൻ കഴിയുന്നവയാണ് ഇവ. വാഴയുടെ ഹൃദയം എന്നാണ് വാഴക്കൂമ്പ് അറിയപ്പെടുന്നത്.

100 ഗ്രാം വാഴക്കൂമ്പ് കഴിക്കുന്നതിലൂടെ 51 കിലോ കലോറി ഊർജ്ജം, 1.6 ഗ്രാം മാംസ്യം, 0.6 ഗ്രാം കൊഴുപ്പ്, 9.9 ഗ്രാം അന്നജം, 5.5 ഗ്രാം നാരും, 56 മില്ലിഗ്രാം കാൽസ്യവും ലഭിക്കുന്നു. ഒപ്പം തന്നെ വൈറ്റമിൻസിന്റേയും മിനറൽസിന്റേയും ശേഖരം കൂടിയാണിവ.

വാഴക്കൂമ്പിൽ ധാരാളമായി ഫീനോളിക് ആസിഡ്, ടാനിൻസ്, ഫ്ളവനോയിഡ്സ് എന്നീ ആന്റി ഓക്സിഡറ്റുകൾ അടങ്ങിയിട്ടുണ്ട്. ഈ ആന്റി ഓക്സിഡറ്റുകൾ ഫ്രീറാഡിക്കലുകളെ നിഷ്ക്രിയരാക്കുകയും ഇതുവഴി ഹൃദ്രോഗം, അർബുദം എന്നിവ തടയുന്നതിനും സഹായിക്കുന്നു.

ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ മിക്ക സ്ത്രീകളേയും അലട്ടുന്ന ഒന്നാണ്. അതായത് ദഹനസംബന്ധമായ പ്രശ്നങ്ങൾ, മൂഡ് വ്യത്യാസങ്ങൾ, ക്ഷോഭം, വിഷാദം എന്നിവ ഇതിനെ പ്രതിരോധിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ആവിയിൽ വേവിച്ച വാഴക്കൂമ്പ്, തൈര്, ചിരകിയ തേങ്ങ എന്നിവ കൊണ്ടുണ്ടാക്കിയ ലളിതവും രുചികരവുമായ വിഭവം. വാഴക്കൂമ്പിലെ നാരുകളോടൊപ്പം തൈരിലുള്ള പ്രോബയോട്ടിക് ദഹനരസത്തെ ഉത്തേജിപ്പിക്കുന്നു. ഒപ്പം തന്നെ വാഴക്കൂമ്പിൽ പ്രകൃതിദത്തമായി അടങ്ങിയിട്ടുള്ള മഗ്നീഷ്യം - അപസ്മാരം, മൂഡ്- സ്വിംഗ്, ഡിപ്രഷൻ എന്നിവ കുറയ്ക്കാൻ സഹായിക്കും. വിദഗ്ദരുടെ അഭിപ്രായത്തിൽ വാഴപ്പൂക്കൾ കഴിക്കുന്നതു വഴി സ്ത്രീകളുടെ പ്രൊജസ്ട്രോൺ അളവ് വർദ്ധിപ്പിക്കുമെന്നും ഇതുവഴി ആർത്തവ ഘട്ടത്തിലുള്ള രക്തസ്രാവം തടയാൻ സാധിക്കും.

വാഴക്കൂമ്പിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള നാരുകൾ (Fiber's) മലബന്ധം കുറയ്ക്കുന്നതിനും കൂടുതൽ സമയം വിശപ്പ് അറിയാതിരിക്കാനും സഹായിക്കുന്നു. അതിനാൽ അമിതഭാരത്താൽ വിഷമിക്കുന്നവർ വാഴക്കൂമ്പ് മറ്റ് പച്ചക്കറികളുമായി സംയോജിപ്പിച്ച് സാലഡായോ സൂപ്പായോ കഴിക്കാവുന്നതാണ്.

ഗവേഷക പഠനങ്ങൾ പറയുന്നത് ജീവിതശൈലി രോഗങ്ങളായ അധിക രക്തസമ്മർദ്ദവും ഡയബറ്റിക്സും നിയന്ത്രണ വിധേയമാക്കാൻ വാഴക്കൂമ്പ് വിഭവങ്ങൾ കഴിക്കുന്നതിലൂടെ സാധ്യമാകുമെന്നാണ്.

പുതിയ പഠനങ്ങൾ പ്രകാരം നിത്യേനയുള്ള വാഴക്കൂമ്പിന്‍റെ ഉപയോഗം നാഡീസംബന്ധ രോഗങ്ങൾ അതായത് മറവിരോഗം, പാർക്കിൻസൺസ് രോഗം എന്നിവ തടയുന്നതിനും സഹായിക്കും.

വിവിധതരത്തിലുള്ള വാഴക്കൂമ്പ് വിഭവങ്ങൾ തയ്യാറാക്കാനാവും അതായത് സാലഡ്, വാഴക്കൂമ്പ് കറി, തോരൻ, വൈൻ, കട്ലറ്റ്, അച്ചാർ മുതലായവ. ഇത്രയൊക്കെ പോഷക സമ്പുഷ്ടമാണെങ്കിലും വാഴക്കൂമ്പിന് വേണ്ട്രത പരിഗണന ലഭിക്കുന്നില്ല. ഇതിനുള്ള കാരണമായി കാണുന്നത് വാഴക്കൂമ്പ് കഴിക്കുമ്പോൾ ഉണ്ടാകുന്ന കയ്പ് രസമാണ്. ഇത് ഒഴിവാക്കാനായി വാഴക്കൂമ്പിനെ ഒരു രാത്രി മുഴുവൻ വെള്ളത്തിലോ വിനാഗിരിയിലോ നാരങ്ങാനീരിലോ

മുക്കിവെച്ചാൽ മതി. സൂപ്പർഫുഡ് എന്ന ഗണത്തിൽപ്പെടുത്താവുന്നവയാണ് വാഴക്കൂമ്പ്. വിറ്റാമിൻ എ, സി, ഇ, പൊട്ടാസ്യം, ഫൈബർ തുടങ്ങിയ എല്ലാ ധാതുക്കളും വിറ്റാമിനുകളും വാഴക്കൂമ്പിനെ പോഷക കലവറയാക്കി മാറ്റുന്നു. ഉയർന്ന അളവിലുള്ള ഇരുമ്പിന്റെ അംശം വിളർച്ച ഒഴിവാക്കുന്നതിനും സഹായിക്കുന്നു. മുലയൂട്ടുന്ന അമ്മമാർക്കും ഏറ്റവും നല്ലതാണ് വാഴക്കൂമ്പ് വിഭവങ്ങൾ, ഇതുവഴി കുഞ്ഞിനും കൂടുതൽ ആരോഗ്യം പ്രദാനം ചെയ്യുന്നു. ഇതിന്റെ വൈൻ ഉണ്ടാക്കുന്ന വിധം എങ്ങനെയെന്നു നോക്കാം

വാഴക്കൂമ്പ് വൈന്‍

ചേരുവകൾ

വാഴക്കൂമ്പ്- 1 എണ്ണം

വാഴപ്പഴം- 3എണ്ണം(തൊലി കളഞ്ഞത്).

മുന്തിരിച്ചാർ- 250ml(വെള്ളം ചേർക്കാത്തത്)

നാരങ്ങനീര്- 1 എണ്ണം

ലെമൺ ഗ്രാസ്- 8 ഗ്രാം

പഞ്ചസാര- 800 ഗ്രാം

ഈസ്റ്റ് - 1 ടീസ്പൂൺ

പെക്റ്റിക് എൻസൈം -1ടീസ്പ്പൂൺ

വെള്ളം - 4 ലിറ്റർ

ഉണ്ടാക്കുന്ന വിധം

ഒരു പാത്രത്തിൽ 2 ലിറ്റർ വെള്ളവും നാരങ്ങാ നീരും ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ വാഴക്കൂമ്പും, കഷണങ്ങളാക്കിയ വാഴപ്പഴവും ലെമൺ ഗ്രാസും ചേർക്കുക. ചെറുതീയിൽ അരമണിക്കൂർ വേവിക്കുക. ശേഷം തണുക്കാൻ അനുവദിക്കുക. അരിച്ചെടുത്ത ഈ മിശ്രിതത്തിലേയ്ക്ക് പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. ബാക്കി വെള്ളവും മുന്തിരിച്ചാറും പെക്റ്റിക് എൻസൈമും ചേർത്ത് 12 മണിക്കൂർ വയ്ക്കുക. ഇടയ്ക്ക് അസിഡിറ്റി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ കൂടുതൽ പഞ്ചസാര ചേർക്കാവുന്നതാണ്. ഒരു നുള്ള് ഈസ്റ്റും ചേർത്ത ശേഷം ഫെർമെന്റേഷനായി 10 ദിവസത്തേക്ക് വയ്ക്കുക. 30 ദിവസത്തിനു ശേഷം അരിച്ചെടുത്ത വൈൻ ഉപയോഗിക്കാവുന്നതാണ്.

കടപ്പാട്: കൃഷിയങ്കണം

3.38461538462
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top