অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഇരട്ട വാഴ കൃഷി

ഇരട്ട വാഴ കൃഷി

കേരളത്തിൽ തെങ്ങ് പോലെ തന്നെ പ്രധാനപെട്ട ഒരു വിളയാണ് വാഴ. ഏതു സമയത്തും കൃഷി ചെയ്യാവുന്നതും ആദായകരവുമായ ഒരു വിള കൂടിയാണ് വാഴ. ചെയ്യുന്ന കൃഷി ശാസ്ത്രീയമായ രീതിയിലായാൽ കൂടുതൽ വിളവും അത് വഴി ആദായവും ലഭിക്കും. കുറഞ്ഞ ചിലവിൽ ചെയ്യാവുന്നതും ആദായകരവുമായ ഒരു കൃഷി രീതിയാണ് ഇരട്ട വാഴ കൃഷി. സാധാരണ വാഴ നടുമ്പോൾ ഒരു കുഴിയിൽ ഒരു കന്ന്  എന്ന തോതിലാണ് നടുന്നത്. എന്നാൽ ഇരട്ട വാഴ കൃഷിയിൽ ഒരു കുഴിയിൽ രണ്ടു കന്നു നടുന്നു.

നടുന്ന രീതി

കന്നുകൾ നടുന്നതിന് 15 ദിവസം മുൻപ് തന്നെ കുഴികൾ തയ്യാറാക്കണം. 50 സെ. മീ . നീളവും വീതിയും താഴ്ചയുമുള്ള കുഴിയിൽ മേൽമണ്ണും കമ്പോസ്ടോ ചാണകപ്പൊടിയോ കലർത്തി കുഴികൾ തയ്യാറാക്കാം. ഇതിൽ കന്നുകൾ നടാവുന്നതാണ്. ടിഷ്യു കൾച്ചർ വാഴ കന്നുകളാണ്‌ ഉപയോഗിക്കുന്നതെങ്കിൽ നടുമ്പോൾ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് കവർ നെടുകെ കീറി മണ്ണിനും വേരിനും ഇളക്കം തട്ടാത്ത രീതിയിൽ കന്ന് എടുത്ത് വേണം നടുവാൻ.

സാധാരണ രീതിയിൽ കന്നുകൾ നടുമ്പോൾ ചെടികൾക്കും വരികൾക്കും ഇടയിൽ 2 മീറ്റർ അകലമാണ് നൽകുക. ഇരട്ട വാഴ കൃഷിയിൽ വരികൾക്കിടയിൽ 3 മീറ്ററും ചെടികൾക്കിടയിൽ 2 മീറ്ററും അകലം നൽകണം. ഈ രീതിയിൽ ഒരു ഹെക്ടറിൽ 1666 കുഴികളും 3332 വാഴകളും നടാം.അങ്ങനെ കുഴിയുടെ എണ്ണം കുറയുന്നത് വഴി പണിക്കൂലി കുറയ്കുവാൻ സാധിക്കും. (44% വരെ പണിക്കൂലി കുറയ്ക്കാവുന്നതാണ്.)

വളപ്രയോഗം

സാധാരണ രീതിയിൽ നടുമ്പോൾ നേന്ത്രൻ വാഴയാണെങ്കിൽ 190:115:300 ഗ്രാം എന്ന തോതിലാണ് നൈട്രജൻ, ഫോസ്ഫറസ് , പൊട്ടാസിയം എന്നിവ കൊടുക്കുന്നത്. ഇരട്ട വാഴ കൃഷിയിൽ ഇതിന്റെ മൂന്നിലൊന്ന് ഭാഗം (33%) അധികം കൊടുക്കണം. പക്ഷെ ഒരു കുഴിയിൽ രണ്ട് വാഴകളായതിനാൽ ഒരു വാഴയ്ക്ക് കൊടുക്കുന്നതിലും 25% കൂടുതൽ വളം മാത്രമാണ് നല്കുന്നത്, അത് വഴി വളത്തിനായുള്ള ചിലവ് 37.5% വരെ കുറയ്ക്കാവുന്നതാണ്.

സാധാരണയായി വാഴയ്ക്ക് നൽകുന്ന കൃഷി പ്രവർത്തനങ്ങളെല്ലാം ഇരട്ട വാഴ കൃഷിയിലും ചെയ്യാം. ജല സംരക്ഷണത്തിനായി പുതയിടുക, നനച്ചു കൊടുക്കുക ഇവയെല്ലാം ഇരട്ട വാഴ കൃഷിയിലും ചെയ്യാവുന്നതാണ്. ഒരു കുഴിയിൽ രണ്ടു വാഴ നിൽക്കുന്നതിനാൽ രണ്ടു വാഴയ്ക്കും കൂടി ഒരു താങ്ങ് കൊടുത്താൽ മതിയാകും. അങ്ങനെ താങ്ങിനായുള്ള ചിലവും ചുരുക്കാവുന്നതാണ്. ഇരട്ട വാഴ കൃഷിയിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഒരേ സമയം വിളവെടുക്കുവാൻ വേണ്ടി കന്ന് നടുമ്പോൾ ഒരേ പ്രായമുള്ള കന്നുകൾ തെരഞ്ഞെടുക്കണം. അല്ലെങ്കിൽ ഒരേ വലിപ്പത്തിലുള്ള ടിഷ്യു കൾച്ചർ തൈകളും ഉപയോഗിക്കുകയും ആവാം.

കടപ്പാട് : ഡോ അലൻ തോമസ്

അവസാനം പരിഷ്കരിച്ചത് : 7/26/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate