অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വാനില

വാനില

ആമുഖം

കേരളീയന്‍റെ കൃഷിയിലെ പുത്തന്‍ സങ്കല്പ്പങ്ങളിലൊന്നായി മാറിയ വിളയാണ് വാനില. ഇന്നു രാജ്യാന്തര സമൂഹം പ്രത്യേകിച്ച് കേരളീയന്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചാവിഷയമാക്കിയതും, വളരെയേറെ കൃഷിയിടങ്ങള്‍ കീഴടിക്കിയതുമായ വാനില, ചില രോഗബാധയുടെ പിടിയിലമരുന്ന കാഴ്ച്ചയാണ് കാണപ്പെടുന്നത്.

രോഗങ്ങളും നിവാരണ മാര്‍ഗ്ഗങ്ങളും

കേരളത്തില്‍ വാനില കൃഷി തുടങ്ങിയ 1990 – ന്‍റെ ആദ്യകാലഘട്ടത്തില്‍ രോഗങ്ങളും കീടങ്ങളും അത്ര ഗുരുതരമായിരുന്നില്ല. എന്നാല്‍ കൃഷി വ്യാപകമായതോടെ കുമിള്‍ വൈറസ് എന്നിവ കാരണമുള്ള രോഗങ്ങള്‍ വാനില കൃഷിക്ക് ഭീക്ഷണി ആയി മാറിയിരിക്കുന്നു. ബാക്ടീരിയല്‍ രോഗങ്ങള്‍ ഇതുവരെയും ഇതിനെ ആക്രമിച്ചു കണ്ടില്ല എന്നത് ഒരാശ്വാസം.

കുമിള്‍ രോഗങ്ങള്‍

പലയിനം കുമിളുകള്‍ വാനിലയെ ആക്രമിക്കുന്നു. ഇവയില്‍ ചിലത് വളരെ മാരകമാണ്.ചെടിയുടെ വേര്, തണ്ട്, ഇല, കായ്, പൂവ് തുടങ്ങിയ എല്ലാ ഭാഗങ്ങളെയും കുമിള്‍ രോഗം ബാധിക്കാറുണ്ട്. പലപ്പോഴും രോഗം ബാധിച്ച ചെടികള്‍ അഴുകി വാടി നശിച്ചു പോകാറുണ്ട്. ഫൈറ്റോഫ്ത്തോറ, ഫ്യുസേറിയം, സ്ക്ളീറോഷ്യം, കൊളിറ്റോട്രൈക്കം തുടങ്ങിയ ഇനത്തില്‍പ്പെട്ട കുമിളുകളാണു അധികവും രോഗമുണ്ടാക്കുന്നത്. കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയും ഈ രോഗങ്ങള്‍ പടര്‍ന്ന്‍ പിടിക്കാന്‍ സഹായകമാകുന്നു. അടുപ്പിച്ചുള്ള നടീല്‍, അധികം തണല്‍, അധികമായ വളപ്രയോഗം, തുടരെയുള്ള ജലസേചനം, തോട്ട രോഗ വിമുക്തമായി വൃത്തിയായി സൂക്ഷിക്കാതിരിക്കല്‍ എന്നിവ കുമിള്‍ രോഗങ്ങള്‍ പടര്‍ന്ന്‍ പിടിക്കാന്‍ കാരണമാകുന്നു.

തണ്ടുചീയല്‍ (Stem rot)

കേരളം ഉള്‍പ്പടെ വാനില വളരുന്ന മിക്ക സ്ഥലങ്ങളിലും കാണുന്ന ഒരു പ്രധാന കുമിള്‍ രോഗമാണ് തണ്ടുചീയല്‍ അഥവാ വള്ളി ചീയല്‍. ആദ്യമായി തണ്ടില്‍ ചൂടുവെള്ളം വീണ് പൊള്ളിയ പാടുപോലെയും (Water soaked leisons) പിന്നീട് തണ്ടിന്‍റെ ഇരുവശവും തവിട്ടു നിറമായി അഴുകുകയും ചെയ്യുന്നു. രോഗം മൂര്‍ച്ചിക്കുമ്പോള്‍ ഇലകള്‍ തവിട്ട് നിറമാകുകയും പിന്നീട് അവ ഉണങ്ങിപ്പോകുന്നതും കാണാം. തണ്ടിന്‍റെ ചുവട്ടിലോ മദ്യഭാഗത്തോ ആണ് രോഗം ബാധിക്കുന്നതെങ്കില്‍ രോഗം ബാധിക്കുന്നതെങ്കില്‍, വേരുപിടിത്തം കുറവാണെങ്കില്‍, മറ്റ് ഭാഗങ്ങളും വാടുന്നതായി കാണാം. രോഗം വന്നഭാഗം മാറ്റിയിട്ട്, ബാക്കി ഭാഗം നടാന്‍ ഉപയോഗിച്ചാലും അവ അഴുകുന്നതായി കാണാം. സാധാരണയായി മഴക്കാലത്താണ് രോഗം കൂടുതലായി കാണപ്പെടുന്നത്. കേരളത്തിലെ വാനില തോട്ടങ്ങളില്‍ വ്യാപകമായി കണ്ടു വരുന്ന രോഗമാണിത്. രോഗബാധയ്ക്ക് പ്രധാന കാരണം ഫ്യുസേറിയം, ഒക്സിസ്പോറം എന്ന ഇനം കുമിളകളാണ്. എന്നാല്‍ ഫ്യുസേറിയം സെമിറ്റെക്റ്റം, കൊളിറ്റോ ട്രൈക്കം, ഫൈറ്റോഫ്ത്തോറ എന്നീ ഇനങ്ങളില്‍ പെട്ട കുമിളുകളും രോഗകാരികളായി കണ്ടിട്ടുണ്ട്. തണ്ടുചീയലിനോടൊപ്പം തന്നെ കായ്ചീയലും ഉണ്ടാകാറുണ്ട്. രോഗം ബാധിച്ച് ഉണങ്ങിയ ഭാഗങ്ങളില്‍ ഫ്യുസേറിയത്തിന്‍റെ സ്പോറങ്ങള്‍ കാണാറുണ്ട്. ഈര്‍പ്പ കൂടുതല്‍ അമിത ജലസേചനം, അമിതമായ തണല്‍, വള്ളികള്‍ അടുപ്പിച്ച് നടുന്നതിലൂടെ ഉണ്ടാകുന്ന വായുസഞ്ചാരക്കുറവ് എന്നിവ രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.

നിവാരണ മാര്‍ഗങ്ങള്‍:

രോഗം ബാധിച്ച വള്ളികള്‍ മുറിച്ച്മാറ്റി തീയിട്ട് നശിപ്പിച്ച ശേഷം താഴെ പറയുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കുക.

  1. രണ്ടുശതമാനം വീര്യത്തില്‍ കാര്‍ഷിക സര്‍വ്വകലാശാല ശുപാര്‍ശ ചെയ്തിരിക്കുന്ന P1  എന്ന സ്യൂഡോമോണാസ് തളിക്കുകയും ചെടിയുടെ ചുവട്ടില്‍ ഒഴിച്ച് കൊടുക്കുകയും ചെയ്യുക.
  2. സ്യൂഡോമോണാസും (2%) 0.2 ശതമാനം മാങ്കോസെബും ചേര്‍ത്ത് തളിക്കുക.
  3. രണ്ടുശതമാനം മാങ്കോസെബും രണ്ടു ശതമാനം കാര്‍ബണ്ടാസിമും ചേര്‍ത്ത് തളിക്കുക.
  4. രണ്ടുശതമാനം കോപ്പര്‍ ഓക്സിക്ലോറൈഡോ അല്ലെങ്കില്‍ ഒരു ശതമാനം വീര്യത്തില്‍ ബോര്‍ഡോ മിശ്രിതമോ തളിക്കുക.

തണ്ടുകരിച്ചില്‍ (Stem blight)

വാനില തണ്ടുകളില്‍ രണ്ടു മൂന്ന് സെന്റിമീറ്റര്‍ നീളത്തില്‍ തവിട്ടുനിറത്തിലുള്ള പുള്ളികള്‍ കണ്ടുതുടങ്ങുന്നതാണ് ഈ രോഗത്തിന്‍റെ ആദ്യ ലക്ഷണം. പിന്നീട് രോഗം ബാധിച്ച ഭാഗം സാവധാനം ചുരുങ്ങി, ഇലകള്‍ മഞ്ഞ നിറമാകുകയും വള്ളികള്‍ ഉണങ്ങുകയും ചെയ്യുന്നു. ഫൈറ്റോഫ്ത്തോറ മെടെ എന്ന കുമിള്‍ മൂലമാണ് രോഗം ഉണ്ടാവുന്നത്. ഇന്ത്യയില്‍ തണുപ്പ് കാലത്ത് ഈ രോഗം പലതോട്ടങ്ങളിലും കണ്ടുവരുന്നു.

നിവാരണമാര്‍ഗ്ഗങ്ങള്‍ :

  1. രോഗം ബാധിച്ച തണ്ടുകള്‍ മുറിച്ച് മാറ്റുക. നിലത്ത് വീണു കിടക്കുന്ന രോഗം ബാധിച്ച ഇല, തണ്ട് എന്നിവ തട്ടി മാറ്റിയ ശേഷം 2 ശതമാനം വീര്യത്തില്‍ സ്യൂഡോമോണാസ് തളിക്കുകയും ചുവട്ടില്‍ ഒഴിക്കുകയും ചെയ്യുക.
  2. ഒരു ശതമാനം വീര്യത്തില്‍ ബോര്‍ഡോ മിശ്രിതം തളിക്കുക.
  3. പൊട്ടാസ്യം ഫോസ്ഫോണെറ്റ് 0.4 ശതമാനം വീര്യത്തില്‍ തളിക്കുക.

വേരുചീയല്‍ (Root rot)

1948 ല്‍ പോര്‍ട്ടോ റിക്കോയിലും മറ്റു ചില രാജ്യങ്ങളിലും ഈ രോഗം മാരകമായി കണ്ടുതുടങ്ങി. പ്രധാനമായും നീര്‍വാര്‍ച്ച കുറവുള്ള തോട്ടങ്ങളിലാണ് ഈ രോഗം കണ്ടുതുടങ്ങിയത്. മണ്ണിനടിയില്‍ വേരിന്‍റെ അഗ്രഭാഗം തവിട്ട് നിറമായി മാറുന്നതാണ് ഈ രോഗത്തിന്‍റെ ആദ്യ ലക്ഷണം. ഈ ഭാഗങ്ങള്‍ പിന്നീട് അഴുകുകയും വേര് നശിക്കുകയും ചെയ്യുന്നു. തുടര്‍ന്ന്‍ മുകളിലെ വേരുകളിലും ഇത് വ്യാപിക്കുന്നു. രോഗം ബാധിച്ച ചെടികള്‍ കൂടുതല്‍ മേല്‍ വേര് ഉല്‍പ്പാദിപ്പിക്കുമെങ്കിലും അവ മണ്ണില്‍ എത്തുന്നതിനു മുമ്പ് നശിക്കുന്നു.രോഗം ബാധിച്ച ചെടിയുടെ തണ്ടും ഇലകളും ബലഹീനമായി ചുളുങ്ങി തൂങ്ങിക്കിടക്കുന്നതായി കാണാം. പിന്നീട് വേര് നശിച്ച ചെടി പൂര്‍ണ്ണമായി മഞ്ഞളിക്കുകയും വാടുകയും ചെയ്യുന്നു. മഴക്കാലത്ത് ഉണ്ടാകുന്ന വേരുചീയലില്‍ പ്രധാനം സ്ക്ലീറോഷ്യം റോള്‍ഫ് സി എന്ന കുമിള്‍ മൂലമുണ്ടാകുന്നതാണ്. രോഗം ബാധിച്ച ചെടിയുടെ ചുവട്ടിലും മണ്ണിലും രോഗഹേതുവായ കുമിളിന്‍റെ കടുകുമണി പോലുള്ള സ്ക്ലീറോഷ്യം കാണാവുന്നതാണ്. വേനല്‍ക്കാലങ്ങളില്‍ ഫ്യൂസേറിയം, വെര്‍ട്ടിസീലിയം തുടങ്ങിയ ഇനത്തില്‍ പെട്ട കുമിള്‍ മൂലമുള്ള വേരുചീയലാണ് ഉണ്ടാകാറുള്ളത്.

നിവാരണ മാര്‍ഗ്ഗങ്ങള്‍

  1. രോഗം മാരകമായി ബാധിച്ച വള്ളികളുടെ ചുവട്ടില്‍ നിന്നും പുതയും അഴുകിയ വള്ളികളും വേരും പൂര്‍ണ്ണമായി എടുത്ത് മാറ്റിയ ശേഷം സ്യൂഡോമോണാസ് രണ്ടുശതമാനം വീര്യത്തില്‍ ചുവട് നല്ലവണ്ണം നനയത്തക്കവണ്ണം ഒഴിക്കുക (2-4 ലി.).
  2. അല്ലെങ്കില്‍ കാര്‍ബന്റാസിമോ കോപ്പര്‍ ഓക്സിക്ലോറൈഡോ 0.2 ശതമാനം വീര്യത്തില്‍ ചുവട്ടില്‍ ഒഴിക്കാവുന്നതാണ്.
  3. പത്തു ദിവസത്തിന് ശേഷം ട്രൈക്കോഡര്‍മ വളര്‍ത്തിയ ജൈവ വളം നല്‍കേണ്ടതാണ്.

കായ് ചീയല്‍ (Bean rot)

കേരളത്തിലെ വാനിലത്തോട്ടങ്ങളില് കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട രോഗമാണ് കായ് ചീയല്‍. പല കുമിളുകള്‍ കായ്ചീയല്‍  രോഗത്തിന് കാരണമായി കണ്ടിട്ടുണ്ട്. കുമിലുകളിലെ വ്യത്യാസമനുസരിച്ച് രോഗലക്ഷണങ്ങളിലും പ്രത്യേകതകള്‍ കാണാം. പ്രധാന രോഗലക്ഷണം മഴക്കാലത്ത് ഇളം കായ്കള്‍ പൂപ്പല്‍ ബാധിച്ച് അഴുകുന്നതാണ്. കായ്കളുടെ അഗ്രഭാഗം അഴുകിത്തുടങ്ങി ക്രമേണ കുലയുടെ ചുവട്ടിലേക്ക് അഴുകല്‍ വ്യാപിക്കുന്നു. അങ്ങനെ കുലകള്‍ മൊത്തമായി അഴുകി നശിക്കുന്നു. അഴുകിയ കായ്കള്‍ക്ക് മുകളില്‍ വെള്ള നിറത്തില്‍ കുമിളിന്‍റെ വളര്‍ച്ച കാണാവുന്നതാണ്. മൊത്തത്തില്‍ കുലയ്ക്ക് ചുറ്റും വെള്ള കുമിള്‍ വളര്‍ച്ച കാണാം. അഴുകിയ കായ്കള്‍ പൊഴിഞ്ഞു വീഴുകയും അതിനു മുകളില്‍ കുമിളിന്‍റെ സ്പോറങ്ങള്‍ പറ്റിയിരിക്കുന്നതായും കാണാം. കേരളത്തില്‍ ഈ രോഗത്തിന് പൊതുവായി ഫ്യൂസേറിയം ഓക്സിസ്പോറം, കൊളിറ്റോട്രിക്കം ഗ്ലിയോസ്പോറോയ്സ്ട്, സ്ക്ലീറോഷ്യം റോള്‍ഫ്സി, ഫൈറ്റോത്തോറ മെടെ എന്നീ കുമിലുകളെ കണ്ടെത്തിയിട്ടുണ്ട്. രോഗം കായില്‍ നിന്നും തണ്ടിലും ഇലയിലും ഉപരിതലത്തിലെ വേരിലും പടര്‍ന്ന്‍ ചിലപ്പോള്‍ ചുവട്ടിലെ വേരിലെത്തി ചെടി മൊത്തമായി നശിക്കുന്നതായും കാണാം. വളരെയധികം നാശനഷ്ടം ഉണ്ടാക്കുന്ന ഒരു  രോഗമാണിത്.

നിവാരണ മാര്‍ഗ്ഗങ്ങള്‍ :

  1. തോട്ടം വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. അഴുകിയ കായ്കള്‍, വള്ളി, ഇല തുടങ്ങിയവ ശേഖരിച്ച് നശിപ്പിക്കുക.
  2. സ്യൂഡോമോണാസ് 2 ശതമാനം വീര്യത്തില്‍ തളിക്കുക.
  3. അല്ലെങ്കില്‍ ഒരു ശതമാനം ബോര്‍ഡോ മിശ്രിതമോ, 0.2 ശതമാനം കോപ്പര്‍ ഓക്സിക്ലോറൈഡോ, 0.4 ശതമാനം പൊട്ടാസ്യം ഫോസ്ഫേറ്റ് (അക്കോമിന്‍) ലായനിയോ, തളിക്കുക. തളിക്കുന്നതിനോടൊപ്പം ഇവ ചുവട്ടില്‍ ഒഴിച്ച് കൊടുക്കുന്നതും നല്ലതാണ്.
  4. സ്യൂഡോമോണാസ് (2%) ലായനി, കാര്‍ബന്റാസിം ആയോ, അക്കോമിനുമായോ (0.3%) ചേര്‍ത്ത് തളിക്കാവുന്നതാണ്.

കൂമ്പുചീയല്‍ (Shoot tip rot)

ഇടവപ്പാതി മഴക്കുശേഷം സെപ്തംബര്‍- ഡിസംബര്‍ കാലഘട്ടത്തിലാണ് വാനില തോട്ടത്തില്‍ ഈ രോഗം കാണുന്നത്. പേര് സൂചിപിച്ചതുപോലെ പ്രധാന വള്ളിയുടെയും ശിഖരങ്ങളുടെയും അഗ്രഭാഗം അഴുകുന്നതാണ് രോഗലക്ഷണം. വിരിഞ്ഞു വരുന്ന തളിരിലയുടെ അടിവശവും ഇല ഞെട്ടിലും തവിട്ടുനിറത്തിലുള്ള അഴുകല്‍ ലക്ഷണം ആദ്യം കാണുന്നു. വിരിഞ്ഞു വരുന്ന തളിരില കപ്പുപോലിരിക്കുന്നതിനാല്‍ അതില്‍ വെള്ളം കെട്ടി നില്‍ക്കാനിടവരുന്നത് അഴുകലിനു കൂടുതല്‍ സഹായകമാകുന്നു. 4-5 ദിവസത്തിനുള്ളില്‍ അഴുകല്‍ ഇലകളിലും പിന്നീട് കൂമ്പുകളിലും ബാധിക്കുന്നു. തവിട്ട് നിറത്തോടെ അഴുകി കൂമ്പ് അടര്‍ന്നു വീഴുന്നു. മഴ ഇല്ലാത്ത സമയത്ത് കൂമ്പ് തവിട്ട് നിറത്തിലായി ഉണങ്ങി കരിഞ്ഞു പോകുന്നത് കാണാം. ഈ സമയത്ത് കാര്യമായ അഴുകല്‍ കാണില്ല. ഫ്യൂസേറിയം ഒക്സിസ്പോറം, കൊളിറ്റോട്രിക്കം ഗ്ലിയോസ്പൊറോയ്ട്സ് എന്നീ കുമിലുകളിലാണ് പ്രധാനമായും ഈ രോഗം ഉണ്ടാകുന്നത്.

നിവാരണ മാര്‍ഗ്ഗങ്ങള്‍ :

  1. രോഗം ബാധിച്ച് അഴുകിയ കൂമ്പും മറ്റു ഭാഗങ്ങളും നീക്കം ചെയ്യുക.
  2. രണ്ടു ശതമാനം വീര്യത്തില്‍ സ്യൂഡോമോണാസ് (P1) ലായനി തളിക്കുക.
  3. അല്ലെങ്കില്‍ 0.2 ശതമാനം കാര്‍ബന്റാസിം ലായനി തളിച്ചും രോഗം നിയന്ത്രിക്കാവുന്നതാണ്.

ഇല അഴുകല്‍

മഴക്കാലത്താണ് ഈ രോഗം വ്യാപകമായി കാണുന്നത്. ചെടിയുടെ പ്രായം കൂടിയ ഇലകളില്‍ തവിട്ട് നിറത്തില്‍ ചൂട് വെള്ളം വീണു പൊള്ളിയ മാതിരി കുത്തുകള്‍ ഉണ്ടായി സാവധാനം ആ ഭാഗം അഴുകുന്നു. മാംസളമായ കട്ടിയുള്ള ഇല ആയതിനാല്‍ രോഗം  പെട്ടന്ന് വ്യാപിച്ച് ഇലകള്‍ അഴുകുന്നതായി കാണാം. ചിലപ്പോള്‍ ഇലകളുടെ അഗ്രഭാഗത്ത് കുമിള്‍ ബാധയെ തുടര്‍ന്ന്‍ മഞ്ഞനിറം ഉണ്ടാവുകയും പിന്നീട് അഴുകലായി മാറുകയും ചെയ്യുന്നു. അഴുകിയ ഇലയില്‍ നിന്നും സ്പര്‍ശനത്തിലൂടെ മറ്റിലകളിലേക്കും രോഗം പടര്‍ന്ന്‍ പിടിച്ച അവയും അഴുകി പോകുന്നു. ഉണക്കുവരുന്നതോടെ അഴുകിയ ഇലകള്‍ പൊഴിഞ്ഞു പോകാതെ ചെടിയില്‍ തന്നെ ഉണക്കിപ്പറ്റിപ്പിടിച്ചിരിക്കാറുണ്ട്. രോഗം കാര്യമായ സാമ്പത്തിക നഷ്ടം ഉണ്ടാക്കില്ലെങ്കിലും അമിതമായി ഇല അഴുകുകയാണെങ്കില്‍ ചെടികള്‍ക്ക് ബലഹീനത സംഭവിക്കാം. ഫ്യൂസേറിയം ഒക്സിസ്പോറം എന്ന കുമിളാണ് ഇതിന്‍റെ രോഗകാരി.

നിവാരണ മാര്‍ഗ്ഗങ്ങള്‍

അഴുകിയതും രോഗബാധിതവുമായ ഇലകള്‍ പൂര്‍ണ്ണമായി നീക്കം ചെയ്തതിനു ശേഷം സ്യൂഡോമോണാസ് രണ്ടു ശതമാനം വീര്യത്തില്‍ തളിക്കുക. മാങ്കോസെബോ അല്ലെങ്കില്‍ കാര്‍ബന്റാസിമോ (0.2 ശതമാനം) അല്ലെങ്കില്‍ ഇവ രണ്ടും കൂടിയുള്ള മിശ്രിതമോ സ്യൂഡോമോണാസിന് പകരമായി തളിക്കാവുന്നതാണ്.

പൂങ്കുല അഴുകല്‍

പൂമൊട്ടുകള്‍ അഴുകുന്ന രോഗം കേരളത്തിലെ ചില വാനില തോട്ടങ്ങളില്‍ കണ്ടുവരുന്നു. പൂങ്ങുലയുടെ ഞെട്ടില്‍ തവിട്ട് നിറം ആദ്യം കാണപ്പെടുന്നു. ഇത് ക്രമേണ പൂമോട്ടുകളിലേക്ക് വ്യാപിക്കുകയും പിന്നീട് അവ പൊഴിയുന്നതായും കാണാം. കൊളിറ്റോട്രിക്കം ഇനത്തില്‍പ്പെട്ട കുമിളുകളാണു ഇതിന്‍റെ രോഗ ഹേതുക്കള്‍. കാര്‍ബന്റാസിം 0.2 ശതമാനം വീര്യത്തില്‍ തളിച്ച് രോഗം പകരുന്നത് തടയാവുന്നതാണ്.

കായ് മഞ്ഞിക്കല്‍

അടുത്തകാലത്തായി വാനിലയില്‍ കണ്ടു തുടങ്ങിയ രോഗമാണ് കായ് മഞ്ഞിക്കല്‍. ഈ രോഗം 5 മുതല്‍ 7 മാസം വരെ പ്രായമുള്ള ഇളം കായ്കളെ ആണ് ബാധിക്കാറു. ആഗസ്റ്റ്‌- ഒക്ടോബര്‍ മാസങ്ങളിലാണ് സാധാരണയായി ഇത് കണ്ടുതുടങ്ങുന്നത്. കായ്കളുടെ അഗ്രഭാഗം മഞ്ഞിച്ചു തുടങ്ങുന്നതാണ് ആദ്യ ലക്ഷണം. പിന്നീട് ഇത് ഞെട്ടിലേക്ക് വ്യാപിക്കുന്നു. ഇതോടൊപ്പം തന്നെ കായുടെ അറ്റം പൊട്ടുകയും രോഗം ബാധിച്ച ഭാഗം തവിട്ട് നിറം ആകുകയും ചെയ്യുന്നു. രോഗം ബാധിച്ച കായ് മൂപ്പെത്തുന്നതിനുമുമ്പ് പൊഴിയുന്നു. ചിലപ്പോള്‍ തവിട്ട് നിറമാകുന്നതിനോടോപ്പം കായുടെ ആഗ്രവും, ചുവടും അഴുകുന്നതായും കാണാം. മൂപ്പെത്തിയ കായ്കളില്‍ രോഗം ബാധിച്ച് കാണാറില്ല. ഫ്യൂസേറിയം ഒക്സിസ്ഫോറം എന്ന കുമിളിനെ വേര്‍തിരിച്ച് എടുത്തിട്ടുണ്ടെങ്കിലും കാലാവസ്ഥയുടെ വ്യത്യാസവും (മഴക്കുറവു, ചൂട് കൂടുതല്‍) ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥയും രോഗബാധയ്ക്ക് കാരണമായി കാണുന്നു.

നിവാരണ മാര്‍ഗ്ഗങ്ങള്‍ :

  1. രോഗബാധ കാണുന്ന കായ്കള്‍ പറിച്ച് നശിപ്പിച്ച ശേഷം സ്യൂഡോമോണാസ് രണ്ടു ശതമാനം വീര്യത്തില്‍ തളിക്കുക.
  2. അല്ലെങ്കില്‍ ഇതിന് പകരമായി കാര്‍ബന്റാസിം 0.2 ശതമാനമോ കാര്‍ബന്റാസിമും മാങ്കോസെബും ചേര്‍ന്ന മിശ്രിതം 0.2 ശതമാനമോ തളിക്കാവുന്നതാണ്.
  3. ഓരോ പൂങ്കുലയിലും 15 പൂക്കള്‍ മാത്രം പരാഗണം നടത്തി നിലനിര്‍ത്തുക.
  4. കായ് പിടിച്ചതിനുശേഷം വെള്ളം തളിക്കുകയോ മിസ്റ്റ് ഇറിഗേഷന്‍ നല്‍കുകയോ ചെയ്യുന്നത് നല്ലതാണ്.

ആന്ത്രാക്നോസ്

ഈ രോഗം വാനിലയുടെ ഇളം കൂമ്പ്, ഇല, വേര്, കായ് തുടങ്ങി എല്ലാ ഭാഗങ്ങളെയും ബാധിക്കുന്നു. മൂപ്പെത്തിയ ഇലകളില്‍ പുള്ളിക്കുത്തുകള്‍  ഉണ്ടാകുന്നു. ഇലപ്പുള്ളികളുടെ മദ്ധ്യഭാഗം സാധാരണ ചാരനിരമായും ചുറ്റുപാട് ചുവപ്പ് കലര്‍ന്ന തവിട്ട് നിറവും ആയിരിക്കും. ചിലപ്പോള്‍ പുള്ളികള്‍ക്ക് ചുറ്റും മഞ്ഞവലയവും കാണുന്നു. ചാരനിറത്തിലുള്ള മദ്ധ്യഭാഗത്ത് കുമിളിന്‍റെ സ്പോറങ്ങള്‍ കറുപ്പ് നിറത്തില്‍ പിന്‍ഹെഡ് പോലെ കാണാവുന്നതാണ്. അവസാന ഘട്ടത്തില്‍ ഇലപ്പുള്ളിയുടെ മദ്ധ്യഭാഗം അടര്‍ന്നു ഇലയില്‍ ദ്വാരങ്ങള്‍ ഉണ്ടാകാറുണ്ട്. മഴക്കാലത്ത് പല പുള്ളിക്കുത്തുകള്‍ യോജിച്ച് ഇലയുടെ ഭാഗങ്ങള്‍ അഴുകിപ്പോകാറുണ്ട്. വള്ളിയില്‍ ചിലപ്പോള്‍ അങ്ങിങ്ങായി തവിട്ട് നിറമാറ്റവും, ചെറിയ തോതില്‍ അഴുകലും, വള്ളി ഉണക്കവും, പൂങ്കുല കരിച്ചിലും കായ് അഴുകലും, പൊഴിച്ചിലും ഈ രോഗം മൂലം ഉണ്ടാകാറുണ്ട്. കൊളിറ്റോട്രിക്കം ഗ്ലിയോസ്പോറിയോട്സ് എന്ന കുമിള്‍ മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്.

നിവാരണ മാര്‍ഗങ്ങള്‍ :

രോഗം ബാധിച്ച ഇലകള്‍, കായ്, തണ്ട്, വേര് തുടങ്ങിയവിയില്‍ നിന്നും വീണ്ടും രോഗം പടരുവാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഇവ എല്ലാം തന്നെ ശേഖരിച്ച് നശിപ്പിക്കുക. സ്യൂഡോമോണാസ് (P1) ലായനി 2 ശതമാനം വീര്യത്തില്‍ തളിച്ചുകൊടുക്കുക. കാര്‍ബന്റാസിം, മാങ്കോസെബ്എന്നിവ 0.2 ശതംമാനം വീര്യത്തില്‍ തളിക്കാന്‍ ഉപയോഗിക്കാവുന്നതാണ്.

ത്രെഡ് ബ്ലൈറ്റ് (കുതിരവാല്‍ രോഗം)

ചെടിയുടെ ഇലകളിലും തണ്ടിലും കുമിളിന്‍റെ നൂല് പോലെയുള്ള വെളുത്ത തന്തുക്കള്‍ വളരുന്നതാണ് ആദ്യ ലക്ഷണം,. ഇവ വളര്‍ന്ന്‍ വല പോലെ ഇലയുടെ ഉപരിതലം മുഴുവന്‍ വ്യാപിക്കാറുണ്ട്. വള്ളിയിലേക്കും അടുതുള്ളന്‍ പെട്ടന്ന്‍ കുമിളിന്‍റെ തന്തുക്കള്‍ പടര്‍ന്ന്‍ പിടിക്കുന്നു. ക്രമേണ രോഗം ബാധിച്ച ഇലകളും വള്ളികളും ഉണങ്ങുന്നു. വാനിലയ്ക്ക് താങ്ങ് നല്‍കുന്ന ശീമക്കൊന്ന പോലുള്ള താങ്ങുമരങ്ങളുടെ ഇലകളിലേക്കും രോഗം പടര്‍ന്ന്‍ പിടിക്കുന്നു. അങ്ങനെ വാനിലയുടെയും താങ്ങുമരങ്ങളുടെയും ഇലകള്‍ ഉണങ്ങി കരിഞ്ഞു പോകുന്നു.കരിഞ്ഞ ഇലകള്‍ പൊഴിഞ്ഞു പോകാതെ കുമിളിന്‍റെ പശപോലുള്ള തന്തുക്കളില്‍ ഒട്ടിപ്പിടിച്ച് തൂങ്ങിക്കിടക്കുന്നതായി കാണാം. മരാസ്മസ് ഇനത്തില്‍ പെട്ട കുമിളാണ് ഇതിന്‍റെ രോഗകാരി.

നിവാരണ മാര്‍ഗ്ഗങ്ങള്‍ :

രോഗം ബാധിച്ച ചെടിയുടെ ഇലകളും മറ്റ് ഭാഗങ്ങളും താങ്ങുമരത്തിന്റെ ശിഖരങ്ങളും ശേഖരിച്ച് നശിപ്പിക്കുക. സ്യൂഡോമോണാസ് (P1) ലായനി 2 ശതമാനം വീര്യത്തില്‍ തളിക്കുക. കൂടാതെ 0.2 ശതമാനത്തില്‍ മാങ്കോസെബും തളിക്കാവുന്നതാണ്.

ചുവട് ചീയല്‍ (Collar rot)

വര്‍ഷക്കാലത്താണ് ഈ രോഗത്തിന്‍റെ ആധിക്യം. വാനില വള്ളിയുടെ ചുവടുഭാഗത്ത് കുമിളിന്‍റെ വെളുപ്പ് പൂപ്പല്‍ കാണുന്നതാണ് രോഗത്തിന്‍റെ ആദ്യലക്ഷണം. പിന്നീട് ഈ ഭാഗം അഴുകുകയും കുമിള്‍ വള്ളിയുടെ മുകളിലേക്കും താഴോട്ട് വേരിലേക്കും ബാധിക്കുന്നു. തുടര്‍ന്ന്‍ വള്ളികള്‍ മഞ്ഞളിക്കുകയും വാടുകയും ചെയ്യുന്നു. ഫ്യൂസേറിയം, ഒക്സിസ്പോറം, സ്ക്ലീറോഷ്യം റോള്‍ഫ്\സി എന്നീ കുമിളുകളാണ് രോഗഹേതുവായി കേരളത്തില്‍ കണ്ടുവരുന്നത്. പുതയും ജൈവവളവും ഇടുമ്പോള്‍ വള്ളിയില്‍ മുട്ടി കിടക്കുന്നത് രോഗം വരാന്‍ അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു.

നിവാരണ മാര്‍ഗ്ഗങ്ങള്‍ :

വാനില ചെടിയുടെ അഴുകിയ ഭാഗത്തിന്‍റെ മുകളില്‍ വെച്ച് വള്ളി മുറിച്ച് മാറ്റിയ ശേഷം മുറിവില്‍ സ്യൂഡോമോണാസ് പേസ്റ്റ് രൂപത്തില്‍ പുരട്ടുക. ചുവട്ടില്‍ നിന്നും രോഗം ബാധിച്ച് അഴുകിയ തണ്ടും വേരും പുതയും എല്ലാം തന്നെ മാറ്റി വൃത്തിയാക്കുക.

റെഡ് റസ്റ്റ്‌

വാനിലയുടെ മൂപ്പെത്തിയ ഇലകളില്‍ ഓറഞ്ചു നിറത്തില്‍ അല്‍പ്പം പൊങ്ങി വൃത്താകൃതിയില്‍ പുള്ളിക്കുത്തുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് രോഗലക്ഷണം. അങ്ങനെയുള്ള അനേകം പുള്ളികള്‍ ഒരുമിച്ചാകുമ്പോള്‍ വൃത്തം പോലെയുള്ള ലക്ഷണം കാണാം. സെഫാലിയുറോസ് പരാസിറ്റിക്കസ് എന്ന ഇനം ആല്‍ഗകള്‍ ആണ് ഇതിന്‍റെ രോഗഹേതു. ഇലയില്‍ ഇവ വരുന്ന കാരണം ആ ഭാഗത്തെ ഹരിതകം നഷ്ടപ്പെടുകയും അങ്ങനെ ചെടിയുടെ സംശ്ലേഷണശേഷി (Photosynthesis) കുറയുകയും ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. പുള്ളിക്കുത്തുകള്‍ വരുന്ന ഭാഗം കരിഞ്ഞുണങ്ങി അടര്‍ന്നു പോകുന്നു. (ഷോട്ട് hole symptoms).

ഇത് ഒരു പ്രധാന രോഗമല്ലെങ്കിലും അമിതമായി രോഗം ബാധിച്ച ഇലകള്‍ നീക്കം ചെയ്യുന്നതാണ് ഉത്തമം.

ബ്ലാക്ക് റസ്റ്റ്‌

ഇലയില്‍ കൂടുതല്‍ വെയില്‍ ഏല്‍ക്കുന്ന ഭാഗങ്ങളില്‍ ഉണ്ടാകുന്ന ഒരിനം പുള്ളിക്കുത്തുകളാണ് ഇത്. അമിതമായി വെയില്‍ ഏല്‍ക്കുന്ന ഭാഗങ്ങളില്‍ തീപോള്ളിക്കല്‍ മാതിരി കറുത്ത തടിച്ച പുള്ളികള്‍ ഉണ്ടാകുന്നു. ഒരിലയില്‍ തന്നെ വെയില്‍ തട്ടാത്ത ഭാഗങ്ങളിലേ ഈ പുള്ളികള്‍ കാണാറില്ല. ഇത് അത്ര ഗൗരവമുള്ള ഒരു രോഗമല്ല.

വാനിലയിലെ വൈറസ് രോഗങ്ങള്‍

മറ്റ് വിളകളില്‍ എന്നതുപോലെ വാനിലയിലും പല വൈറസ് രോഗങ്ങള്‍ കണ്ടുവരുന്നു. കേരളത്തിലെ വാനിലത്തോട്ടങ്ങളില്‍ പ്രധാനമായി വാനില മോസേക്ക് വൈറസ്, വാനില നെക്ക്റോസിസ്സ് വൈറസ്, വാനില ലെതറിമോട്ടില്‍ എന്നീ മൂന്നിനം വൈറസ് രോഗങ്ങളാണ് കാണപ്പെടുന്നത്.

വാനില മോസേക്ക് വൈറസ്

വാനില കൃഷി ചെയ്യുന്ന എല്ലാ പ്രദേശങ്ങളിലും ഈ രോഗം കണ്ടുവരുന്നു. ഇലകള്‍ ചെറുതായി  മഞ്ഞളിക്കുകയും വള്ളികള്‍ കുരുക്കിടുകയും ചെയ്യുന്നതാണ് ആദ്യ ലക്ഷണം. ഹരിതകം നഷ്ടപെട്ട് മഞ്ഞ നിറത്തിലും ഇളം പച്ച നിറത്തിലും ഇടകലര്‍ന്ന മോസേക്ക് രീതിയിലുള്ള പുള്ളികള്‍ ഇലകളില്‍ പ്രത്യക്ഷപ്പെടുന്നു. തുടര്‍ന്ന്‍ ഇലകളുടെ തിളക്കം നഷ്ടപ്പെടുകയും ക്രമാതീതമായി ചെറുതാകുകയും കട്ടികൂടുകയും ചെയ്യുന്നു. വൈറസ് ബാധയുള്ള ചെടികള്‍ പുഷ്പ്പിക്കാറില്ല, അഥവാ പുഷ്പിച്ചാല്‍ പൂങ്കുലകള്‍ മുരടിച്ചിരിക്കും. ഈ രോഗം മാരകമായതിനാല്‍ കാര്യമായ നഷ്ടം സംഭവിക്കാന്‍ സാധ്യതയുണ്ട്. രോഗം ബാധിച്ച ചെടിയുടെ വള്ളിയിലൂടെയും നീരിലൂടെയും,  ചെടി മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തി മുഖേനയും മറ്റ് ചെടികളിലെക്ക് വ്യാപിക്കാന്‍ കാരണമാകുന്നു. മൈസസ് പെര്‍സിക്കേ എന്ന മുഞ്ഞയിലൂടെയും ഈ വൈറസ്സ് മറ്റ് ചെടികളിലെക്ക് പടരുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.

വാനില ലതറിമോട്ടില്‍ വൈറസ്>

വാനിലയുടെ ഇലകള്‍ തുകല്‍ പോലെ കട്ടിവയ്ക്കുകയും പരുപരുത്തതായി തീരുകയും വള്ളികള്‍ കടും പച്ച നിറമാകുകയും ചെയ്യുന്നു. ഇലകള്‍  വലിപ്പം കുറഞ്ഞു അരിവാള്‍ രൂപം പ്രാപിക്കുന്നു. ഹരിതകം നഷ്ടപ്പെട്ട ഇളംപച്ച നിറത്തിലുള്ള വള്ളികളും  വരകളും ഇലകളിലും കാണാം. രോഗലക്ഷണങ്ങള്‍ തണ്ടിലും ചെറിയ മുഴകളായി പ്രത്യക്ഷപ്പെടുന്നു.

വാനില നെക്കറോസിസ്സ് വൈറസ്

വാനിലയുടെ തളിരിലകളില്‍ ഹരിതകം നഷ്ടപ്പെട്ട് പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നു. ഇലകളുടെ രൂപവും വ്യത്യസ്തപ്പെട്ടു മുരടിച്ച് പോകുന്നു. വള്ളികള്‍ അസാധാരണമായ രീതിയില്‍ വളയുകയും ചുരുളുകയും ചെയ്യുന്നു. പ്രായമായ ഇലകളിലും തണ്ടിലും കരിച്ചില്‍ ബാധിച്ച് ഇലകള്‍ മുരടിച്ച് ഉണങ്ങുന്നു. രോഗബാധയുള്ള വള്ളികള്‍ പൂക്കാരില്ല. രോഗം ബാധിച്ച വള്ളികളിലൂടെയും അവയുടെ നീരിലൂടെയും വൈറസ് പകരുന്നു. കൂടാതെ വള്ളികള്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്ത്തിയിലൂയും, മൈസസ് പെര്‍സിക്കേ, എഫിസ് ഗോസ്സിപ്പി എന്നീ മുഞ്ഞകളിലൂടെയും രോഗം പകരുന്നു. വാനിലയെ ബാധിക്കുന്ന ഏറ്റവും മാരകമായ ഈ വൈറസ് രോഗം വാനില കൃഷിചെയ്യുന്ന എല്ലാ രാജ്യങ്ങളിലും കണ്ടുവരുന്നു.

നിവാരണ മാര്‍ഗ്ഗങ്ങള്‍ :

മറ്റ് വിളകള്‍ക്കുണ്ടാകുന്ന വൈറസ് രോഗങ്ങള്‍ പോലെ വാനിലയെ വാനിലയിലെ വൈറസ് രോഗങ്ങളെയും ഫലപ്രദമായി നിയന്ത്രിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയിട്ടില്ല. എങ്കിലും രോഗത്തെ ഒഴിവാക്കാന്‍ താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

  1. രോഗബാധ ഇല്ലാത്ത വള്ളികള്‍ മാത്രം നടാന്‍ ശ്രദ്ധിക്കുക.
  2. ടിഷ്യുകള്‍ച്ചറിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന വൈറസ് ബാധയില്ലാത്ത ചെടികള്‍ നടുക.
  3. തോട്ടത്തില്‍ രോഗബാധ കണ്ടാല്‍ അപ്പോള്‍ത്തന്നെ ആ ചെടി പിഴുതുമാറ്റി നശിപ്പിക്കുക.
  4. രോഗവാഹികളല്ലാത്ത ചെടികള്‍ മാത്രം ഇടവിളയായി ഉപയോഗിക്കുക.
  5. കള നശീകരണം സമയാസമയം നടത്തുക.
  6. മുഞ്ഞശല്യം ഒഴിവാക്കാനായി ശ്രദ്ധാപൂര്‍വ്വം കീടനാശിനി താങ്ങ് വൃക്ഷത്തില്‍ തളിക്കുക.
  7. രോഗ ബാധയുള്ള ചെടികള്‍ മുറിച്ച കത്തി ഉപയോഗിച്ച് മറ്റു ചെടികള്‍ മുറിക്കാതിരിക്കുക.
  8. രോഗം ബാധിച്ച വല്ലികളുമായി മറ്റ് വള്ളികള്‍ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ജൈവീക രോഗനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

അമിതമായ രാസവസ്തു പ്രയോഗത്തിലൂടെയുള്ള കാര്‍ഷികോല്‍പ്പാദനത്തിന്‍റെ ആരോഗ്യപരവും പരിസ്ഥിതി സംബന്ധവുമായ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിച്ചതിന്റെ ഭാഗമായി ജൈവകൃഷിക്കും ജൈവ ഉല്‍പ്പന്നങ്ങള്‍ക്കും പ്രാധാന്യം ഏറിവരികയാണ്. രാജ്യങ്ങളിലെ കമ്പോളങ്ങളില്‍ ജൈവ ഉള്‍പ്പന്നങ്ങല്‍ക്കാണു ആവശ്യകത കൂടുതല്‍. ഇപ്രകാരമുള്ള കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കു മാത്രമേ വിദേശ വിപണികളില്‍ സാധ്യത കാണുന്നുള്ളൂ. വാനില കൃഷിക്ക് ഇതുവരെ ഉണ്ടായിരിക്കുന്ന സുവര്‍ണ്ണകാലത്തിന്‍റെ  അടിസ്ഥാനം തന്നെ വിദേശ വിപണിയില്‍ കൃത്രിമ വാനിലയില്‍ നിന്നും പ്രകൃതിദത്തമായ വാനിലയിലേക്ക് വന്ന താല്‍പ്പര്യം ആണ്. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വാനില പൂര്‍ണ്ണമായും വിദേശ വിപണിയിലേക്കാണ് കയറ്റി അയക്കുന്നത്. അതിനാല്‍ രാസവസ്തുക്കളുടെ പ്രയോഗം ഒഴിവാക്കി ഗുണനിലവാരം പ്രധാന ഘടകമായി നിലനില്ക്കുന്ന ജൈവ കൃഷി രീതിയാണ് കേരളത്തില്‍ പൊതുവെ വാനില കര്‍ഷകര്‍ അനുവര്‍ത്തിച്ച് വരുന്നത്.

ഏതൊരു വിളയ്ക്കും ജൈവ കൃഷി രീതി അവലംബിക്കുമ്പോള്‍ രോഗലക്ഷണങ്ങളുടെയും കീടങ്ങളുടെയും നിയന്ത്രണം ഒരു പ്രധാന വിഷയമാണ്. വാനില കൃഷി ആരംഭിക്കുന്ന കാലത്ത് കേരളത്തില്‍ രോഗങ്ങള്‍ അത്രകണ്ട് ഗൌരവമായിരുന്നില്ല. എന്നാല്‍ കൃഷി വ്യാപകമായതോടെ ഏറെ കുമിള്‍ രോഗങ്ങള്‍ പ്രത്യക്ഷപ്പെടുകയും അവയില്‍ വേര്, തണ്ട്, കായ് എന്നിവയെ ബാധിക്കുന്ന അഴുകല്‍ രോഗങ്ങള്‍ ഏറ്റവും മാരകവും ആയിത്തുടങ്ങി. ഈ കുമിള്‍ രോഗങ്ങളെ മറ്റു സൂക്ഷ്മജീവികളെ ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം. പ്രധാന രോഗകാരികളായ ഫ്യുസേറിയം, ഫൈറ്റോഫ്ത്തോറ, കൊളിറ്റോട്രിക്കം, സ്ക്ലീറോഷ്യം എന്നീ ഇനത്തില്‍പ്പെട്ട കുമിളുകളെ നശിപ്പിക്കാന്‍ ശേഷിയുള്ള ട്രൈക്കോഡര്‍മ്മ വര്‍ഗ്ഗത്തില്‍ പെട്ട കുമിളുകളും സ്യൂഡോമോണാസ് ഇനത്തില്‍പ്പെട്ട ബാക്ടീരയകളും ഫലപ്രദമായി ഉപയോഗിച്ചുവരുന്നു.

വാനിലയ്ക്കുണ്ടാകുന്ന എല്ലാ കുമിള്‍ രോഗങ്ങളെയും തന്നെ ഒരു പരിധി വരെ ട്രൈക്കോഡര്‍മ്മ ഉപയോഗിച്ച് നിയന്ത്രിക്കാവുന്നതാണ്. വാനിലയ്ക്ക് നല്‍കുന്ന ജൈവ വളത്തോടൊപ്പം ട്രൈക്കോഡര്‍മ്മ നല്‍കുന്നത് വളരെ ഫലപ്രധമാണ്. ഇതിലൂടെ ചെടിയുടെ വേരുപടലത്തിനു ചുറ്റും ട്രൈക്കോഡര്‍മ്മ വളര്‍ന്നു എണ്ണത്തില്‍ പെരുകുന്നതിലൂടെ രോഗഹേതുക്കളായ കുമിലുകളുടെ വളര്‍ച്ചയെയും പ്രജനനത്തെയും തടസ്സപ്പെടുത്തുന്നു. അങ്ങനെ ചെടിയെ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. കമ്പോളത്തില്‍ കിട്ടുന്ന ട്രൈക്കോഡര്‍മ്മ നേരിട്ട് വാനില ചെടികള്‍ക്ക് നല്‍കുന്നതിനേക്കാളും ജൈവ വളത്തില്‍ വളര്‍ത്തി നല്‍കുന്നതാണ് കൂടുതല്‍ ഉത്തമം. ഇതിലേക്കായി 25 ശതമാനത്തോളം വേപ്പിന്‍ പിണ്ണാക്ക് അടങ്ങിയ ജൈവവളത്തില്‍ 100 കിലോഗ്രാമിനു 5 കിലോഗ്രാം എന്നാ തോതില്‍ ട്രൈക്കോഡര്‍മ്മ ചേര്‍ത്ത് വേണ്ടത്ര ഈര്‍പ്പവും നല്‍കി ഇളക്കി 10  ദിവസത്തോളം വളര്‍ത്തിയ ശേഷം ചെടിയുടെ ചുവട്ടില്‍ ചേര്‍ക്കാവുന്നതാണ്. ഇപ്രകാരം ഉപയോഗിക്കുമ്പോള്‍ ജൈവവളം മുഴുവനും ട്രൈക്കോഡര്‍മ്മ വളര്‍ത്തി നല്‍കുന്നതിനാല്‍ ചുവട്ടില്‍ കിടന്ന് അവയുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും രോഗനിവാരണം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇവ ഉല്‍പ്പാദിപ്പിക്കുന്ന ചില വസ്തുക്കള്‍ വേരിന്റെയും തണ്ടിന്റെയും വളര്‍ച്ച ത്വരിതപ്പെടുത്തുന്നു. കാര്‍ഷിക സര്‍വ്വകലാശാല ഉരുത്തിരിച്ചെടുത്ത ‘T2’ , ‘T6’ എന്നീ ട്രൈക്കോ\ഡര്‍മ്മ കള്‍ച്ചറുകള്‍ വാനിലയുടെ രോഗങ്ങള്‍ക്ക് വളരെ ഫലപ്രദമാണ്.

സ്യൂഡോമോണാസ് ഇനത്തില്‍പ്പെട്ട ബാക്ടീരിയ, രോഗകാരികളായ കുമിലുകളെ നശിപ്പിക്കുന്നതിനോടൊപ്പം തന്നെ വാനിലയുടെ വളര്‍ച്ചയും പുഷ്ടിയും വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന പല ഹോര്‍മോണുകളും ഉല്‍പ്പാദിപ്പിക്കുന്നു. കാര്‍ഷിക സര്‍വ്വകലാശാല ഉരുത്തിരിച്ചെടുത്ത ‘P1’ എന്ന സ്യൂഡോമോണാസ് കള്‍ച്ചര്‍ വാനിലയ്ക്ക് വളരെ ഫലവത്താണ്. ഇന്നു കേരളത്തിലുടനീളം വാനില കര്‍ഷകര്‍ ഈ കള്‍ച്ചര്‍ ഉപയോഗിച്ച് വരുന്നു. ഇതിന്‍റെ പ്രയോഗത്തിലൂടെ വാനിലയുടെ കുമിള്‍ രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിച്ച് കൊണ്ട് വളര്‍ച്ചയില്‍ കാര്യമായ നേട്ടം സാദ്ധ്യമാകുകയും ചെയ്തു. മാസത്തിലൊരിക്കല്‍ 2 ശതമാനം വീര്യത്തില്‍ സ്യൂഡോമോണാസ് തളിക്കുകയും ചുവട്ടില്‍ ഒഴിക്കുകയും ചെയ്യുന്നതിലൂടെ ചെടികളില്‍ രോഗബാധ ഒഴിവാക്കാം. കുമിള്‍ ബാധയുള്ള ചെടികള്‍ക്ക് 10 ദിവസം ഇടവിട്ട് രണ്ടോ മൂന്നോ പ്രാവശ്യം ഈ ലായനി പ്രയോഗിച്ച ശേഷം പിന്നീട് മാസത്തിലൊരിക്കലായി ഇതിന്‍റെ പ്രയോഗം കുറയ്ക്കാവുന്നതാണ്. തണ്ട് ചീയല്‍, കൂമ്പ് ചീയല്‍ എന്നീ രോഗങ്ങള്‍ക്ക് സ്യൂഡോമോണാസ് കുഴമ്പ് രൂപത്തിലാക്കി തേക്കുന്നത് ഫലപ്രദമാണെന്ന്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ട്രൈക്കോഡര്‍മ്മ സ്യൂഡോമോണാസ് എന്നീ കള്‍ച്ചറുകള്‍ കേരള സംസ്ഥാന ബയോകണ്‍ട്രോള്‍ ലബോറട്ടറി, മണ്ണുത്തി, വെള്ളായണി കാര്‍ഷിക കോളേജ് എന്നീ സ്ഥാപനങ്ങളില്‍ നിന്നും കൃഷിക്കാര്‍ക്ക് നേരിട്ട് ലഭ്യമാണ്.

കടപ്പാട് ഹർഷ എൽ

ഫാം ഇൻഫോർമേഷൻ ബ്യൂറോ

 

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate