অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

റമ്പുട്ടാന്‍

റമ്പുട്ടാന്‍

മറുനാടൻ പഴങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ റംബുട്ടാൻ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വ്യാപകമായി കൃഷി ചെയ്തുവരുന്നു. കേരളത്തിലെ പഴവർഗ്ഗകൃഷിയിൽ ഒരു പുതുചലനം ഉണ്ടാക്കിയ റംബുട്ടാൻ ഇന്ന് വരുമാനവും ആരോഗ്യവും പ്രദാനം ചെയ്യുന്ന പഴങ്ങളുടെ പട്ടികയിൽ മുന്നിലാണ്. ആകർഷകമായ രൂപഭംഗിയും, പഴങ്ങളുടെ വർണ്ണവിന്യാസത്തിൽ ശ്രദ്ധേയവുമായ റംബുട്ടാൻ, തൊടികൾക്ക് ചാരുത നൽകുന്നതോടൊപ്പം കർഷകർക്ക് മികച്ച വരുമാനവും നൽകിവരുന്നു. അന്തരീക്ഷത്തിലെ ഉയർന്ന ആർദ്രതയും 22 മുതൽ 35 ഡിഗ്രി സെൽഷ്യസ് താപനിലയും, അറുപത് മുതൽ 90 ശതമാനം വരെ അന്തരീക്ഷ അർദ്രതയും, വർഷത്തിൽ 200 സെ.മീ. വരെ മഴയും റംബുട്ടാൻ ക്യഷിക്ക് അനുകൂല ഘടകങ്ങളാണ്. നല്ല നീർവാർച്ചയുള്ള, ധാരാളം ജൈവാംശമുള്ള ഏതുതരം മണ്ണിലും റാംബുട്ടാൻ നന്നായി വളരുന്നത് കാണാം. തണൽ ഒട്ടും തന്നെ ഇഷ്ടപ്പെടാത്ത റംബുട്ടാൻ നല്ല സൂര്യപ്രകാശം ലഭ്യമാകുന്ന തുറസ്സായ സ്ഥലങ്ങളിൽ മികച്ച വിളവ് ലഭ്യമാക്കുന്നതായി കാണുന്നു.

ഹോംഗ്രോൺ നഴ്സറിയുടെ ഗവേഷണവിഭാഗത്തിന്‍റെ നിരന്തര ശ്രമഫലമായി ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇനങ്ങൾ കണ്ടെത്തുകയും, അവയുടെ ഏറ്റവും ഗുണമേന്മയേറിയ നടീൽ വസ്തുക്കൾ ലഭ്യമാക്കുകയും ചെയ്തതുവഴി കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും റംബുട്ടാൻ കൃഷി വിപുലമാകുകയും ഉയർന്ന ഗുണമേന്മയുള്ള പഴങ്ങൾ വിളയുകയും ചെയ്തുവരുന്നു.

വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് യോജിച്ച റംബുട്ടാൻ ഇനങ്ങൾ

N18

ക്യാപ്സ്യൂള്‍ ആകൃതിയിലുള്ള പഴങ്ങൾക്ക് നല്ല മധുരവും തനതായ സ്വാദുമുണ്ട്. പാകമായതിനുശേഷവും മൂന്നാഴ്ച വരെ കേടുകൂടാതെ മരങ്ങളിൽ നിലനിൽക്കാനുള്ള കഴിവ് N18 നെ മറ്റ് ഇനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

റോങ്റിയൻ

തായ്ലന്റിൽ വ്യാപകമായി കൃഷി ചെയ്തുവരുന്ന ഈ ഇനം ഗോളാകൃതിയിൽ പച്ചനിറത്തിൽ രോമങ്ങളുള്ള പഴങ്ങൾ നൽകുന്നു. സൂക്ഷിപ്പുകാലം നാലുമുതൽ അഞ്ച് ദിവസങ്ങൾ വരെ. പഴങ്ങൾക്ക് നല്ല മധുരവും ദൃഢതയുമുണ്ട്.

സ്കൂൾ ബോയ്

മലേഷ്യയിൽ ഏറ്റവും പ്രചാരമേറിയ ഈ ഇനം അനാക് സെകോള എന്ന പേരിലും അറിയപ്പെടുന്നു. പെനാങ്ങിലെ ഒരു പുരാതനവിദ്യാലയ വളപ്പിൽ നിന്നും കണ്ടെത്തിയ ഈ ഇനത്തെ പെട്ടെന്നുതന്നെ തിരിച്ചറിയാം. കായ്കൾക്ക് ചുവപ്പും രോമങ്ങൾക്ക് നല്ല പച്ചനിറവുമാണ്. ഗോളാകൃതിയിലുള്ള പഴങ്ങൾക്ക് നല്ല മധുരവും നീരുമുണ്ട്. സൂക്ഷിപ്പു കാലം റോങ്ങ്റിയനോട് തുല്യം.

ബിൻജായ്

ഇന്തോനേഷ്യൻ ഇനമായ ബിൻജായ് ഉയർന്ന വിളവ് നൽകുന്ന ഇനമാണ്. ഗോളാകൃതിയിലുള്ള നല്ല ചുവന്നു തുടുത്ത പഴങ്ങൾക്ക് സൂക്ഷിപ്പുകാലം മറ്റ് ഇനങ്ങളേക്കാൾ അല്പം കുറവാണ്. ഉൾക്കാമ്പിന് നല്ല ദൃഢതയും ചെറിയ തോതിൽ നീരുമുണ്ട്.

മഹാർലിക

ഫിലിപ്പൈൻസിൽ വ്യാപകമായി കൃഷി ചെയ്തുവരുന്ന ഈ ഇനത്തിന് ഉയർന്ന വിളവ് നൽകാനുള്ള കഴിവുണ്ട്. കായ്പിടുത്തം

വളരെ കൂടുതലായതിനാൽ ഉയർന്ന തോതിലുള്ള വളപ്രയോഗം ആവശ്യമാണ്. ഉരുണ്ട കായ്കൾക്ക് നല്ല ചുവപ്പുനിറം.

മൽവാനസ്പെഷ്യൽ

ശ്രീലങ്കയിൽ ഏറ്റവും പ്രചാരമേറിയ ഈ ഇനത്തിന് തനതായ സവിശേഷതകളുണ്ട്. കടുംചുവപ്പ് നിറത്തിൽ ആകർഷകമായ പഴങ്ങൾ കുലകളായി മരത്തെ ആവരണം ചെയ്ത് കിടക്കുന്നത് മനോഹരമാണ്. മറ്റു ഇനങ്ങളേക്കാൾ അല്പം കൂടുതൽ നീര് പഴങ്ങളിലുള്ളതിനാൽ സൂക്ഷിപ്പുകാലം കുറയും. എങ്കിലും ഉയർന്ന തോതിലുള്ള വിളവ് വാണിജ്യകൃഷിയെ പ്രോത്സാഹിപ്പിക്കുന്നു.

കടപ്പാട്: കൃഷിയങ്കണം

 

അവസാനം പരിഷ്കരിച്ചത് : 3/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate