অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വെള്ളപൂശാത്ത നമ്മുടെ വെളുത്തുള്ളി

വെള്ളപൂശാത്ത നമ്മുടെ വെളുത്തുള്ളി

വെള്ളപൂശാത്ത നമ്മുടെ വെളുത്തുള്ളി

ചന്തയിൽ പല ആകാരത്തിലുള്ള വെളുത്തുള്ളി വിവിധ വിലകളിൽ വിൽപ്പനക്കായി വച്ചിരിക്കുന്ന കാഴ്ച കൗതുകകരമാണ്. രസത്തിനുള്ള വെളുത്തുള്ളിയും അവിടെ കാണാം. നിറം മങ്ങിയ നാടൻ വെളുത്തുള്ളി കറ്റകെട്ടി വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത് മൂന്നാർ, കുണ്ടള, മാട്ടുപ്പെട്ടിഡാം പരിസരം, വട്ടവട കാന്തല്ലൂർ, മറയൂർ എന്നിവിടങ്ങളിലെ വഴിയോരകാഴ്ചയാണ്. സാധാരണ തൂവെള്ള വെളുത്തുള്ളിക്ക് 30-80 രൂപ വിലവരുമ്പോൾ നിറം മങ്ങിയ നാടൻ വെളുത്തുള്ളിക്ക് 120-200 രൂപ വരെ മൂന്നാർ ചന്തയിലുണ്ട്. ഈ വെളുത്തുള്ളിയുടെ വേരുതേടിയാൽ എത്തിച്ചേരുന്നത് വട്ടവട, കാന്തല്ലൂർ പ്രദേശങ്ങളിലെ വെളുത്തുള്ളി ഗ്രാമങ്ങളിലാണ്. സഹ്യന്റെ കരവലയങ്ങളിൽ ഒരുങ്ങിയ വശ്യസുന്ദരികളായ രണ്ട് സഹോദരീഗാമങ്ങൾ!

ഇടുക്കി ജില്ലയിലെ പ്രത്യേക കാർഷിക മേഖലയായ വട്ടവട, കാന്തല്ലൂർ മഴനിഴൽ പ്രദേശമാണ്. ശരാശരി 125 സെ.മീ മാത്രം മഴ ലഭിക്കുന്നതും സമുദ്രനിരപ്പിൽ നിന്നും ഉദ്ദേശം 1500 മീറ്റർ ഉയരവും 17°C അന്തരീക്ഷ ഊഷ്മാവുമുള്ള ഒരു മലമ്പ്രദേശം. ശീതകാല പച്ചക്കറി വിളകളായ ക്യാബേജ്, ക്യാരറ്റ് എന്നിവയ്ക്ക് പേരുകേട്ടതാണെങ്കിലും ഇവിടുത്ത പരമ്പരാഗത വിളകളാണ് ഉരുളൻകിഴങ്ങ്, ബീൻസ്, വെളുത്തുള്ളി എന്നിവ.

മലയാളനാട്ടിലെ മാമലകളിൽ വിളയുന്ന ഈ വെളുത്തുള്ളിക്ക് നാടെങ്ങും പ്രിയം ഏറിവരുന്നു. മണവും രുചിയും മെച്ചപ്പെട്ടതാണെന്നുള്ളതും ഏതാണ്ട് ഒരു വർഷക്കാലം സൂക്ഷിച്ചുവയ്ക്കാമെന്നുള്ളതും ഈ നാടൻ ഇനത്തിന്റെ പ്രത്യേകതയാണ്. അതിനാൽ നിത്യോപയോഗത്തിന് ഉപകാരപ്പെടുന്നതുമാണ്.

വട്ടവട കാന്തല്ലൂർ കാർഷികഗ്രാമങ്ങളിൽ പ്രധാന കൃഷിക്കാലം മെയ് മുതൽ സെപ്റ്റംബർ വരെയാണ്. ഒട്ടുമിക്ക തോട്ടങ്ങളും കാളയിട്ടുപൂട്ടി ചെറു കണ്ടങ്ങളായി തിരിച്ച് കൃഷിയിറക്കുന്നു. കൃഷിക്കാലമായാൽ ഗ്രാമവാസികൾ ഒന്നടങ്കം ഭൂമാതാവിനെ അണിയിച്ചൊരുക്കുന്ന ആ കാഴ്ച ഒന്നുവേറെ തന്നെ. ഇടയ്ക്ക് കിട്ടുന്ന ചെറുമഴയും കനാൽ വഴി വരുന്ന മലവെള്ളവും മാത്രമാണ് നനയ്ക്കുള്ള ഉപാധി.

വെളുത്തുള്ളിയുടെ ചെറു അല്ലികളാണ് നടാൻ ഉപയോഗിക്കുന്നത്. നന്നായി ഉഴുതുമറിച്ച് തട്ടുതിരിച്ചു കണ്ടങ്ങളിലാണ് ഇതുനടുന്നത്. ഇങ്ങിനെ ഒരുക്കിയ വെളുത്തുള്ളി പാടങ്ങൾ മൂന്നോ നാലോ മാസത്തിനകം വിളവെടുക്കാൻ പാകമാകും.

നാടൻ ഇനങ്ങൾക്ക് ഏതാണ്ട് 120 ദിവസം മൂപ്പുവരും. വിളകാലം നീണ്ടതാണെങ്കിൽ പ്രകൃതിയുമായുള്ള മൽപ്പിടുത്തം വേണ്ടിവന്നേക്കാം . കല്ലുമഴ, വരൾച്ച, മഞ്ഞ് തുടങ്ങി ദുരന്തങ്ങളിൽ വിളനാശസാധ്യത കൂടുതൽ തന്നെയാണ്. കാലാവസ്ഥാ വ്യതിയാനം ഉൾക്കൊണ്ട് പുത്തൻ ഹ്രസ്വകാല ഇനങ്ങൾ കൃഷി ചെയ്യാൻ മണ്ണിന്‍റെ മക്കൾ നിർബന്ധിതരായി. നാടൻ ഇനങ്ങൾ ഏതാണ്ട് ഒരു വർഷക്കാലം സൂക്ഷിച്ചുവയ്ക്കാമെങ്കിൽ ഹ്രസ്വകാല പുത്തൻ ഇനങ്ങൾ മൂന്നോ നാലോ മാസം മാത്രമേ സൂക്ഷിച്ചു വയ്ക്കാനാകൂ. പ്രകൃതിയുടെ ക്ഷോഭങ്ങൾക്ക് അടിമപ്പെടാതെ അടിയന്തിര വരുമാനത്തിനായി ഇവ കൃഷി ചെയ്യുന്നുണ്ടെങ്കിലും കരുതൽ വരുമാനം ലക്ഷ്യമിട്ട് നാടൻ ഇനങ്ങൾ കൃഷിചെയ്യുന്നവർ വട്ടവട ഗ്രാമങ്ങളിലും കുടികളിലും ഏറെയുണ്ട്.

മൂപ്പെത്തിയ വെളുത്തുള്ളി ഇലയടക്കം പാടത്തുനിന്നും വലിച്ചെടുത്ത് നിരത്തിയിടും. അതിനുശേഷം ഇല പുറത്തുവരുന്ന രീതിയിൽ വട്ടത്തിൽ കൂനയിട്ട് കണ്ടത്തിൽ തന്നെ രണ്ടു രാത്രി വയ്ക്കും. ഇങ്ങനെ പാകപ്പെടുത്തിയെടുത്ത വെളുത്തുള്ളിയുടെ പുറംതൊലി വലിച്ചു ഊരിമാറ്റി തലഭാഗം മുറിച്ച് കളഞ്ഞ് ചെറുകറ്റകളാക്കി കെട്ടിവയ്ക്കും. ഈ കറ്റകൾ വെയിലത്ത് വച്ച് ഉണക്കി നേരെ പുകകൊള്ളിക്കാൻ കെട്ടിത്തൂക്കിയിടും. സാധാരണ അടുപ്പിന്റെ മുകളിലോ മറ്റു മുറികളിലോ ഇത് ചെയ്യാറുണ്ട്. കോൺക്രീറ്റ് കെട്ടിടത്തിലേക്ക് ചേക്കേറിയ പലരും വിത്തും വെളുത്തുള്ളിയും മറ്റും സൂക്ഷിക്കുന്നതിനായി മണ്ണ് പുകപ്പുരകൾ പ്രത്യേകം പണിതു തുടങ്ങി. വിളവെടുപ്പുകാലമായാൽ ഗ്രാമവാസികൾ ഒന്നടങ്കം തൊലി കളയുന്നതിനും കറ്റകെട്ടുന്നതിനും കൂട്ടംചേർന്ന് ഇരിക്കുന്നത് പതിവ് കാഴ്ചയാണ്. ദീർഘനാൾ സൂക്ഷിക്കാവുന്ന നാടൻ ഇനങ്ങളുടെ ചെറുകറ്റകൾ വഴിയോര വിപണിക്കായി നൽകും. എന്നാൽ ടൺ കണക്കിന് ഉത്പാദിപ്പിക്കുന്ന ഹൃസ്വകാല ഇനങ്ങൾ കറ്റകെട്ടാതെ തന്നെ മുറിച്ച് ഉണക്കി ചാക്കുകളിൽ വില്പനയ്ക്കായി വടകംപ്പെട്ടി മേട്ടുപാളയം ചന്തകളിലേക്ക് കയറ്റി വിടുന്നു. ഏകദേശം 80 ഹെക്ടറോളം വരുന്ന കൃഷിയിടത്തിൽ നിന്നും 600 ടണ്ണോളം വെളുത്തുള്ളി ഉത്പാദിപ്പിക്കുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ദേവികുളം ബ്ലോക്കിലെ മറ്റു ചില പഞ്ചായത്തുകളിലും ചെറിയ തോതിൽ നാടൻ വെളുത്തുള്ളി കൃഷി ചെയ്തു വരുന്നു.

കേരള കാർഷിക സർവ്വകലാശാല കൃഷിവകുപ്പിന്റെ ധനസഹായത്തോടെ ദേശീയ തലത്തിൽ ലഭ്യമായ വെളുത്തുള്ളി ഇനങ്ങളുടെ ഒരു സാധ്യതാ പഠനം വട്ടവട കാന്തല്ലൂർ പഞ്ചായത്തുകളിൽ നടത്തിവരുന്നു. കഴിഞ്ഞ വർഷം നടത്തിയ പഠനങ്ങളിൽ ഇവിടെ വിളയുന്ന വെളുത്തുള്ളിയിൽ മണത്തിനും ഗുണത്തിനും ആധാരമായ രാസഘടകങ്ങൾ മെച്ചപ്പെട്ട വിധത്തിലുണ്ട് എന്നും കണ്ടെത്തിയിരിക്കുന്നു. കേരള കാർഷിക സർവ്വകലാശാലയുടെ ഭൗതിക സ്വത്തവകാശ വിഭാഗം കൃഷിവകുപ്പുമായി സഹകരിച്ച് വെളുത്തുള്ളിക്ക് ഭൗമസൂചികാപദവി നേടിയെടുക്കാൻ വേണ്ട നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

കടപ്പാട്: കേരളകര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate