অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പച്ചക്കറി വിളകള്‍

പച്ചക്കറി വിളകള്‍

മത്തങ്ങ

ഇനങ്ങള്‍: അമ്പിളി: - പരന്നുരുണ്ട, ഇടത്തരം വലിപ്പമുള്ള 4-5 കിഗ്രാം. തൂക്കം) കായ്‌കള്‍, കാമ്പിന്‌ മഞ്ഞനിറം.

സുവര്‍ണ്ണ: ഇടത്തരം വലിപ്പമുള്ള പരന്നുരുണ്ട കായ്‌കള്‍, കാമ്പിന്‌ ഓറഞ്ച്‌ നിറം.

സരസ്‌ ‌: നീണ്ടുരുണ്ട ചെറിയ കായ്‌കളുള്ള ഇനം, കാമ്പിന്‌ ഓറഞ്ച്‌ നിറം.
അര്‍ക്ക സൂര്യമുഖി: ഉരുണ്ട ചെറിയ കായ്‌കളുള്ള (1-2 കിഗ്രാം) ഇനം.
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും:
നടീല്‍ സമയം : ജനുവരി - മാര്‍ച്ച്‌, സെപ്‌റ്റംബര്‍- ഡിസംബര്‍, മെയ്‌- ആഗസ്റ്റ്‌.
ആവശ്യമായ വിത്ത് : ഒരു ഹെക്ടറിന്‌ 1-1.5 കിഗ്രാം വിത്ത്‌.
നടീല്‍ അകലം: 4.5 x 2 മീ. അകലത്തില്‍, കുഴികളെടുത്ത്‌ വിത്ത്‌ നടാം.
വളപ്രയോഗം : 20-25 ടണ്‍ കാലിവളം/ ഹെക്ടര്‍.


70 കിഗ്രാം പാക്യജനകം, 25 കി.ഗ്രാം ക്ഷാരം. ഇവയില്‍ ജൈവവളം, ഭാവഹം, എന്നിവ മുഴുവനായും, പാക്യജനകം, ക്ഷാരം എന്നിവ പകുതിയും അടിവളമായുമാണ്‌ ശുപാര്‍ശ ചെയ്‌തിരിക്കുന്നത്‌. ബാക്കി വരുന്ന ക്ഷാരം മുഴുവനായി ഒരു മാസത്തിനുശേഷം നല്‍കുക. 35 കി.ഗ്രാം പാക്യജനകം രണ്ടു തുല്യ തവണകളായി, വള്ളി വീശുന്ന സമയത്തും, നന്നായി കായ്‌ പിടിക്കുന്ന സമയത്തും മണ്ണില്‍ ചേര്‍ക്കണം.


കീട നിയന്ത്രണം:
കായീച്ച: പഴക്കെണി/മാലത്തിയോണ്‍ 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.
രോഗ നിയന്ത്രണം :
മൊസെയ്‌ക്ക്‌: പരിസരം വൃത്തിയാക്കല്‍, കളനിയന്ത്രണം വിത്തുപരിചരണം. ബാവിസ്റ്റിന്‍ 2 ഗ്രാം/ വിത്തിന്‌.
വിളവ്: ഒരു ഹെക്ടറില്‍ നിന്ന്‌ 20-25 ടണ്‍.

കടച്ചക്കയ്ക്ക് (ശീമച്ചക്ക)




കടച്ചക്കയ്ക്ക് (ശീമച്ചക്ക)പ്ളസ് മാർക്ക്.പ്രമുഖ ശാസ്ത്രപ്രസിദ്ധീകരണമായ ന്യൂ സയന്റിസ്റ്റാണ്  അത്ഭുത കനി എന്ന വിശേഷണം കടച്ചക്കയ്ക്ക് ചാർത്തിക്കൊടുത്തത്. ഇതിന്റെ ഗുണഗണങ്ങളെക്കുറിച്ച് മുഴുനീള ലേഖനവും ഇതിലുണ്ട്. ഭക്ഷ്യക്ഷാമം ഉണ്ടായാൽ അതിനെ സമർത്ഥമായി നേരിടാൻ കടച്ചക്ക സഹായിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.


കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവയുടെ കലവറയാണ് കടച്ചക്ക. സോയയിൽ ഉള്ളതിനെക്കാൾ ഉയർന്ന അളവിൽ അമിനോ ആസിഡും ഇതിലുണ്ട്.
മൂന്നുകിലോ വരുന്ന ഒരുകടച്ചക്കയിൽ അഞ്ചുപേരടങ്ങുന്ന കുടുംബത്തിന് ആവശ്യമായ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെന്നാണ്  ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. വ്യത്യസ്ത വിഭവങ്ങളാണ് ഇതുകൊണ്ട് ഉണ്ടാക്കുന്നത്.

പസഫിക്ക് ദ്വീപുകളിലാണ് കടച്ചക്ക വ്യാപകമായി ഉപയോഗിക്കുന്നത്. ഭക്ഷ്യ സുരക്ഷാ ഭീതിയുള്ള പലരാജ്യങ്ങളും കടച്ചക്കമരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചിലയിടങ്ങളിൽ ഒരു കുഞ്ഞ് പിറന്നാൽ ഒരുകടച്ചക്കമരം നടുന്ന പതിവുപോലുമുണ്ട്. ആ കുഞ്ഞിന്റെ ജീവിതത്തിലുടനീളം മരം ഭക്ഷ്യസുരക്ഷ നൽകും എന്ന വിശ്വാസമാണത്രേ ഇതിനുള്ള പ്രധാന കാരണം.


അധികം പരിചരണമില്ലാതെ എവിടെയും എളുപ്പത്തിൽ വളരുന്ന ഒന്നാണ് കടച്ചക്കമരം. നൂറോളം ഇനങ്ങൾ ഇതിലുണ്ടെന്നാണ് കരുതുന്നത്.വ്യത്യസ്ത കാലാവസ്ഥകൾക്ക് അനുയോജ്യമായ മരങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രജ്ഞരിപ്പോൾ.

പീച്ചിങ്ങ


ഭാരതത്തിൽ ധാരാളമായി കാണപ്പെടുന്ന, വേനൽക്കാലത്തു മാത്രം വളരുന്ന, തണുത്ത കാലാവസ്ഥയെ അതിജീവിക്കാൻ കഴിയാത്ത ഒരു ചെടിയാണ് പീച്ചിങ്ങ. മഞ്ഞപ്പിത്തത്തിനുള്ള ഉത്തമ ഔഷധമാണു പീച്ചിങ്ങ. ചില ഇനങ്ങൾ കറി വയ്ക്കാൻ ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ തിക്ത കോശാതകി, ധാമാഗർവഃ, ധാരഫല, കോശാതകി, ഗരഹരി എന്നും ഇംഗ്ലീഷിൽ ribbed gourd എന്നും വിളിക്കുന്നു. ശാസ്ത്രീയ നാമം: Luffa acutangula.കനം കുറഞ്ഞ പടരുന്ന ചെടിയാണ്.


ഉപവർഗ്ഗങ്ങൾ


കാട്ടുപീച്ചിൽ (തിക്തകോശാതകി): പീരക്കായ, ചെറുപീരം, പീച്ചകം L. acutangula, Ribbed luffa ഭക്ഷണമായുപയോഗിക്കുന്നതും, ചെറിയ മധുരമുള്ളതും
മഹാകോശാതകി, രാജകോശാതകി, വലിയ പുട്ടൽപ്പീരം L. aegyptiaca, Smooth luffa, Egyptian luffa അഥവാ L. pentandra
തിക്തകോശാതകി, ആട്ടങ്ങ, പുട്ടൽപ്പീരം L. amara, Bitter luffa
നാടൻ പീച്ചിൽ (കോശാതകി) L cylindrica
വെള്ള പീച്ചിൽ (വ്രതകോശം) L echinata

ഔഷധപ്രയോഗങ്ങൾ

പീച്ചിങ്ങ തുണിയിൽ പിഴിഞ്ഞ് കൈക്കുമ്പിളിലാക്കി മഞ്ഞപ്പിത്തമുള്ളയാളിന്റെ മൂക്കിലൂടെ അകത്തേക്കൊഴിക്കുക. രോഗിയുടെ ഉള്ളിലുള്ള പിത്തരസവും, പിത്തലവണങ്ങളും മൂക്കിലൂടെ തന്നെ പുറത്തേക്കു പോവുകയും രോഗിക്കു സുഖം ലഭിക്കുകയും ചെയ്യും.
തിക്തകോശാതകി, ആട്ടങ്ങ, പുട്ടൽപ്പീരം L. amara, Bitter luffa

കാട്ടുപീച്ചിലിനെയാണ് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത്. അതിനാൽ അതിന്റെ വിവരണങ്ങളാണ് കൂടുതൽ.

കാട്ടുപീച്ചിൽ കേരളത്തിലെ വനങ്ങളിലും നദീതീരങ്ങളിലും കണ്ടുവരുന്നു. നാടൻ പീച്ചിൽ കൃഷിക്കായി വളർത്തുന്നവയാണ്. വെള്ള പീച്ചിൽ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങലിൽ കൃഷി ചെയ്യുന്നു.
ഔഷധയോഗ്യമായ ഭാഗങ്ങൾ വേര്, കായ, വിത്ത്, പൂവ്, തണ്ട്.
ഔഷധ ഗുണം

മഞ്ഞപിത്തം, പാമ്പുവിഷം എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു

ചുരക്ക


ഔഷധഗുണമുള്ള ഒരു പച്ചക്കറിയാണ് ചുരക്ക. കുക്കുർബിറ്റേസി കുലത്തിൽ പെട്ട ചുരക്കയെ ഇംഗ്ലീഷിൽ ബോട്ടിൽ ഗൗഡ് (Bottle gourd) എന്നും സംസ്കൃതത്തിൽ തുംബീ എന്നുമാണ് അറിയപ്പെടുന്നത്. നാട്ടിൻപുറങ്ങളിലെ തൊടികളിൽ ധാരാളമായി കണ്ടുവരുന്ന ഒരു പച്ചക്കറി വിളയാണ് ചുരക്ക. ഇതിനെ ചുരങ്ങ, ചെരവക്കായ എന്നൊക്കെ പ്രാദേശികമായി വിളിയ്ക്കുന്നു. വിവിധതരം ചുരക്കകൾ:പാൽച്ചുരക്ക , കുംഭച്ചുരക്ക , കയ്പ്പച്ചുരക്ക എന്നിങ്ങനെ മൂന്നു വിധത്തിൽ ചുരക്കയുണ്ട്. ഇതിൽ പാൽച്ചുരക്കയും , കുംഭച്ചുരക്കയുമാണ് (കുമ്മട്ടിക്കായ) കേരളത്തിലെ നാട്ടിൻപുറങ്ങളിൽ സാധാരണ കണ്ടു വരുന്നത്. പ്രത്യേകതകൾ:ചുരക്കയിൽ തൊണ്ണൂറു ശതമാനത്തോളം ജലാംശമാൺ. ഇതിൽ ധാരാളം ഭക്ഷ്യയോഗ്യമായ നാരുകൾ അടങ്ങിയിരിക്കുന്നു,കൂടാതെ ഊർജവും, കൊഴുപ്പും ചുരക്കയിൽ കുറവാൺ.[1] ശരീരഭാരം കുറയ്ക്കാൻ രാവിലെ പ്രാതലിനു മുമ്പായി ചുരക്കനീർ കുടിക്കുന്നത് ഫലപ്രദമാണ്. കൃഷിചെയ്താൽ നല്ല വിളവ് തരുന്ന ഒരു വിളയാണ് ചുരക്ക.ആർക്ക ബഹാർ എന്നയിനം ആണ് സാധാരണ ചുരക്ക കൃഷിയ്ക്ക് ഉപയോഗിച്ച് വരുന്നത്.[2] ഇളം പച്ച നിറത്തിൽ ഇടത്തരം നീളമുള്ള വളവില്ലാത്ത കായ്കൾ ആണിവയ്ക്ക്. ശരാശരി ഒരു ചുരക്കക്ക് 1 കിലോ ഗ്രാം തൂക്കം ഉണ്ടാവും.ഒരു ഹെക്ടറിൽ നിന്നും 25-30 ടൺ ശരാശരി ലഭിക്കും.രണ്ട് സീസൺ ആയി ഇത് കൃഷിചെയ്യാം. നടീൽ സമയം സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയും ജനുവരി- ഫെബ്രുവരി മാസത്തിലും ആണ്.ഒരു ഹെക്ടർ സ്ഥലത്തേയ്ക്ക് 2.5 -3 കി.ഗ്രാം വിത്ത് ആവശ്യമാണ്. വിത്തുകൾ നടുന്ന കുഴികൾ തമ്മിലുള്ള അകലം 3 മീ x 3 മീ.

വളപ്രയോഗം:

ഒരു ഹെക്ടർ സ്ഥലത്തേയ്ക്ക് 20-25 ടൺ കാലിവളം 70 കി.ഗ്രാം. പാക്യജനകം, 25 കി.ഗ്രാം. ഭാവഹം, 25 കി.ഗ്രാം. ക്ഷാരം. ഇവയിൽ ജൈവവളം, ഭാവഹം എന്നി മുഴുവനായും, പാക്യജനകം, ക്ഷാരം എന്നിവ പകുതി അടിവളമായും, ബാക്കി വരുന്ന ക്ഷാരം 35 കി.ഗ്രാം. പാക്യജനകം എന്നിവ രണ്ടാഴ്ച ഇടവിട്ട് വല തവണകളായി മണ്ണിൽ ചേർത്തുകൊടുക്കുക. കീട-രോഗ നിയന്ത്രണം:പച്ചത്തുള്ളൻ, മൊസെയ്ക് പരത്തുന്ന വെള്ളീച്ച എന്നിവയുടെ ശല്യം ഉണ്ടാവുമ്പോൾ 15 ദിവസത്തിലൊരിക്കൽ വെളുത്തുള്ളി - വേപ്പെണ്ണ മിശ്രിതം തളിക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം- ഇമിഡാക്ലോപ്രിഡ് (2.5 മില്ലി/10ലിറ്റർ). മൃദുരോമപൂപ്പ്, ഇലപ്പൊട്ടുരോഗം തുടങ്ങിയവയ്ക്ക് മാൻകോസെബ് 2ഗ്രാം/1 ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചുകൊടുക്കുക..

ഉപയോഗങ്ങൾ:

ചുരക്കത്തണ്ട് ആയുർവേദ മരുന്നുനിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. ചുരക്ക കോൽപുളി ചേർത്ത് പാകം ചെയ്ത് കഴിച്ചാൽ പിത്തകോപത്താലുണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും നല്ലതാണ്. പ്രത്യേകിച്ചും മഞ്ഞപ്പിത്തം, മഹോദരം എന്നീ രോഗങ്ങൾക്ക് നല്ല ഫലംചെയ്യും. ചുരക്ക പിഴിഞ്ഞെടുക്കുന്ന നീര് തലവേദനയ്ക്ക് അത്യുത്തമമാണ്. ചുരക്ക ചെറുക്ക ചേർത്ത് പാകപ്പെടുത്തി ഉപയോഗിച്ചാൽ പനി വേഗം മാറുന്നതാണ്. സ്ത്രീകൾക്കുണ്ടാകുന്ന അസ്ഥിസ്രാവം, ആർത്തവസംബന്ധമായ അസുഖങ്ങൾ എന്നിവക്ക് വളരെ ഗുണംചെയ്യുന്നതാണ് ചുരക്ക. ചുരക്ക ബാർലി കൂട്ടിയരച്ച് ഗോതമ്പുമാവ് ചേർത്ത് പാകപ്പെടുത്തി പഞ്ചസാര കൂട്ടിക്കഴിച്ചാൽ തലപുകച്ചിൽ, ചെങ്കണ്ണ്, ഭ്രാന്ത് മുതലായ രോഗങ്ങൾക്ക് അത്യുത്തമമാണ്. ഇത് ശോധനയുണ്ടാക്കുന്നതും ആമാശയത്തിലും അതിനോടനുബന്ധിച്ചുള്ള അവയവങ്ങളിലുമുണ്ടാകുന്ന തടസ്സങ്ങളെ നീക്കുന്നതുമാണ്. ചുരക്കയുടെ ഉള്ളിലെ കാമ്പ് വേവിച്ച് കഴിച്ചാൽ വൃക്കരോഗത്തിന് ഏറ്റവും ഫലപ്രദമാണ്. ചുരക്കനീര് ഒലീവെണ്ണ ചേർത്ത് കാച്ചി അരിച്ചെടുത്ത എണ്ണ തേച്ചാൽ രാത്രിയിൽ നല്ല ഉറക്കം കിട്ടും. ചുരക്കയിലെ മൂന്നാമത്തെ ഇനമായ കൈപ്പച്ചുരക്ക (പേചുരക്ക) നല്ല ഔഷധഫലം നല്കുന്നതാണ്. കൈപ്പച്ചുരക്ക കഷായമാക്കി പിഴിഞ്ഞരിച്ച് പഞ്ചസാര ചേർത്ത് പാകമാക്കി ഉപയോഗിച്ചാൽ മഞ്ഞപ്പിത്തവും എല്ലാ വിധത്തിലുള്ള നീരുവീഴ്ചയും പനിയും ഭേദമാകുന്നതാണ്. ചുരക്കാത്തോട് ഉണക്കിയെടുത്ത് അതിൽ വെള്ളം വെച്ച് 24 മണിക്കൂറിന് ശേഷം കഴിച്ചാൽ പ്രമേഹത്തിന് ശമനം കിട്ടും. ചുരക്ക, ശരീരത്തിനെ തണുപ്പിക്കുന്നു, മൂത്രച്ചൂട് കൊണ്ടു കഷ്ടപ്പെടുന്നവർ ദിവസവും രാവിലെ ചുരക്ക നീർ കുടിക്കുന്നത് ഇതിൽ നിന്നും മോചനം കിട്ടാൻ ഒരു പരിധിവരെ സഹായിക്കും. ഒരു ഗ്ലാസ് ചുരക്ക നീരിൽ ഒരു സ്പൂൺ നാരങ്ങനീർ് ചേർത്ത് ദിവസവും കഴിക്കുകയാണെങ്കിൽ മൂത്രക്കല്ല് അലിഞ്ഞു പോകും. ചുരക്കനീരിന്റെ ഉപയോഗം അകാലനര വരാതെ തടുക്കുകയും ചെയ്യും ചുരക്കയുടെ ഉള്ളിലെ കാമ്പ് വേവിച്ചെടുത്ത് കഴിച്ചാൽ വൃക്കരോഗത്തിൻ ഏറ്റവും ഫലപ്രദമാൺ. കരൾ രോഗത്തിനും ചുരക്ക കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു കൊണ്ട് പ്രയോജനം.സിദ്ധിക്കും. വയറിളക്കം, പ്രമേഹം ഇവ മൂലമുണ്ടാകുന്ന ദാഹത്തിൻ ചുരക്ക നീർ നല്ലതാൺ

കോളിഫ്ലവര്

 

ഹൈറേഞ്ചുകളിലെ മാത്രം കൃഷിയായിരുന്ന കോളിഫ്ലവര് ഇന്ന് കേരളത്തില് എല്ലാ സ്ഥലങ്ങളിലും കൃഷിചെയ്യാന് സാധിക്കും. ചൂടുകൂടിയ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ട്രോപ്പിക്കല് ഇനങ്ങളുടെ ലഭ്യതയാണ് ഇത് സാധ്യമാക്കിയത്. താരതമ്യേന തണുപ്പ് കൂടുതല് ലഭിക്കുന്ന നവംബര് മുതല് ഫിബ്രവരിവരെയുള്ള സമയത്ത് കൃഷി ചെയ്യണമെന്നതാണ് പരമപ്രധാനം. ഒരു സെന്റില് കൃഷിചെയ്യാന് രണ്ടു ഗ്രാം വിത്ത് മതിയാകും. കടുക് മണിപോലുള്ള ചെറിയ വിത്തുകള് പാകി, 20 -25 ദിവസം പ്രായമായ തൈകള് പറിച്ചുനട്ടാണ് കൃഷി. പ്രോട്രേകളിലും പ്ലാസ്റ്റിക് കുപ്പികളിലും മറ്റും വളര്ത്തിയ നടാന്പാകമായ തൈകള് കൃഷിവകുപ്പ്, വി.എഫ്.പി.സി.കെ., കാര്ഷിക സര്വകലാശാലയുടെ വിവിധ ഗവേഷണകേന്ദ്രങ്ങള് എന്നിവിടങ്ങളില് നിന്ന് നവംബര് മുതല് ലഭിക്കും. നല്ല വെയിലും നീര്വാര്ച്ചയുമുള്ള സ്ഥലമാണ് കൃഷിക്ക് അനുയോജ്യം. രണ്ടടി അകലത്തിലും ഒരടി വീതിയിലും ആഴത്തിലും സൗകര്യപ്രദമായ നീളത്തിലും ചാലുകളെടുക്കണം. ജൈവവളം മേല്മണ്ണുമായിച്ചേര്ത്ത് ചാലുകള് മുക്കാല്ഭാഗത്തോളം മൂടണം. ഒരു സെന്റിന് 100 കിലോ ജൈവവളം ചേര്ക്കണം. ചാലുകളില് ഒന്നരയടി അകലത്തില് തൈകള് നടാം. രണ്ടു മൂന്നു ദിവസത്തേക്ക് തണല് കുത്തണം. നന്നായി നനയ്ക്കുകയും വേണം. ചാക്കുകളിലും ഗ്രോബാഗുകളിലും ചെടിച്ചട്ടികളിലും നടീല്മിശ്രിതം നിറച്ച് തൈകള് നടാം. മണ്ണും ആറ്റുമണലും കമ്പോസ്റ്റും തുല്യഅനുപാതത്തില് കലര്ത്തിയ മിശ്രിതം വേണം നടാനായി ഉപയോഗിക്കാന്.

വളപ്രയോഗം

നട്ട് പത്തുദിവസമാകുമ്പോള് സെന്റൊന്നിന് 650 ഗ്രാം യൂറിയ, 2 കിലോഗ്രാം മസ്സൂറിഫോസ്, 400 ഗ്രാം പൊട്ടാഷ് എന്നിവ നല്കണം. ഒരു മാസം കഴിഞ്ഞ് 650 ഗ്രാം യൂറിയയും 400 ഗ്രാം പൊട്ടാഷും നല്കണം. മണ്ണിരക്കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക്, വേപ്പിന്പിണ്ണാക്ക് തുടങ്ങിയവ ഒരു തൈക്ക് 50 ഗ്രാം വീതം മൂന്നാഴ്ചയ്ക്കുശേഷം ചുവട്ടില് ഇട്ട് മണ്ണ് കയറ്റിക്കൊടുക്കണം. ആവശ്യാനുസരണം നനയ്ക്കണം. ഏകദേശം ഒന്ന് ഒന്നര മാസമാകുമ്പോള് കോളിഫ്ലവര് വിരിഞ്ഞുതുടങ്ങും. 55-60 ദിവസത്തിനുള്ളില് കാബേജില് ഹെഡ് ഉണ്ടായിത്തുടങ്ങും. 10-12 ദിവസത്തിനകം ഇവ വിളവെടുക്കാം. കോളിഫ്ലവര് കാര്ഡുകള് പകുതി മൂപ്പാകുമ്പോള് ചെടിയുടെ ഇലകള് കൊണ്ട് പൊതിഞ്ഞുകെട്ടുന്നത് നല്ല വെള്ളനിറം നല്കും. രോഗകീടബാധ പൊതുവേ കുറവാണെങ്കിലും ഇലതീനിപ്പുഴുക്കളുടെ ആക്രമണം കാണാറുണ്ട്. വേപ്പധിഷ്ഠിത കീടനാശിനികള് 2 മില്ലി ഒരു ലിറ്റര് വെള്ളത്തില് എന്ന തോതില് തളിക്കുന്നത് കീടങ്ങളെ നിയന്ത്രിക്കും. കുമിള്രോഗത്തിനെതിരെ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര് വെള്ളത്തില് എന്ന തോതില് തളിക്കുന്നത് ഫലപ്രദമാണ്.

പുകയില കഷായം



അര കിലോഗ്രാം പുകയില ചെറുതായി അരിഞ്ഞ്നാലര ലിറ്റര്‍ വെള്ളത്തില്‍ മുക്കി ഒരു ദിവസം
മുക്കി വയ്ക്കുക. എന്നിട്ട് പുകയില കഷ്ണങ്ങള്‍ നല്ലവണ്ണം പിഴിഞ്ഞ് മാറ്റി ലായിനി അരിച്ചെടുക്കുക.
120 ഗ്രാം ബാര്‍ സോപ്പ് ചെറുതായി പൊടിച്ചു ചെറു ചൂട് വെള്ളത്തില്‍ പതപ്പിചെടുക്കുക.
ഈ സോപ്പ് ലായിനി അരിച്ചെടുത്ത പുകയില കഷായത്തിലേക്ക് ഒഴിച്ച് നന്നായി യോജിപ്പിക്കുക.
ഇതു 6 മുതല്‍ 7 മടങ്ങ് നേര്‍പിച്ച് തളിക്കാന്‍ ഉപയോഗിക്കുക.
മുഞ്ഞ പോലുള്ള പ്രാണികളെ നിയന്ത്രിക്കാന്‍ നല്ലതാണ്.

ബോര്‍ഡോ മിശ്രിതം

100 ലിറ്റര്‍ ബോര്‍ഡോ മിശ്രിതം തയ്യാറാക്കാന്‍ ആവശ്യമായ വസ്തുക്കള്‍ 
തുരിശ് - 1 കിലോഗ്രാം , നീറ്റ് കക്ക - 1 കിലോഗ്രാം , വെള്ളം 100 ലിറ്റര്‍ 
തുരിശ് നന്നായി പൊടിച്ചു കിഴികെട്ടി 50 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിചെടുക്കുക. 
കക്ക നേടിയെടുത്തു 50 ലിറ്റര്‍ വെള്ളത്തില്‍ വേറെ ലയിപ്പിചെടുക്കണം. 
എന്നിട്ട് തുരിശ് ലായിനി കക്ക ലായിനിയില്‍ ഒഴിച്ച് ഇളക്കി കൊണ്ടിരിക്കുക. 
ഇവ തയാറാക്കാനായി ചെമ്പ് , മണ്‍പാത്രം , പ്ലാസ്റ്റിക്‌ , മരം എന്നിവ കൊണ്ടുള്ള പാത്രം ഉപയോഗിക്കുക. ബോര്‍ഡോ മിശ്രിതം തയ്യാറാക്കിയാല്‍ കഴിവതും അന്ന് തന്നെ ഉപയോഗിക്കുക. 
ബോര്‍ഡോ മിശ്രിതത്തിന്റെ കൂട്ട് ശരിയാണോ എന്നറിയാന്‍ തേച്ചു മിനുക്കിയ കത്തിയോ ,, ബ്ലെയ്ടോ , 2 മിനിറ്റു നേരം മുക്കി പിടിക്കുക. ചെമ്പിന്റെ അംശം കാണുന്നു എങ്കില്‍ കക്ക ലായിനി ചേര്‍ത്ത് നിര്‍വീര്യം ആക്കണം ഇപ്രകാരം തയാറാക്കിയ ബോര്‍ഡോ മിശ്രിതത്തിന് നല്ല നീല നിറം ആയിരിക്കും. മഴക്കാലത്ത്‌ തളികുമ്പോള്‍ ഒലിച്ച് പോകാതിരിക്കാന്‍ വജ്ര പശ ചേര്‍ത്ത് ചേര്‍ത്ത് ഉപയോഗിക്കണം ഇതിനായി 100 ലിറ്റര്‍ വെള്ളത്തില്‍ നിന്നും 10 ലിറ്റര്‍ വെള്ളം മാറ്റി ഒരു മണ്‍പാത്രത്തില്‍ തിളപ്പിക്കണം. ഇതില്‍ 500 ഗ്രാം അലക്കുകാരം ലയിപ്പിച്ച്‌ കറുപ്പ് നിറം ആകുന്നതുവരെ ചൂടാക്കുക. എന്നിട്ട് ഒരു കിലോ വജ്രപശ പൊടിച്ചു ചേര്‍ക്കണം കുറഞ്ഞ തീയില്‍ 5 മിനിറ്റു നേരം കുമിളുകള്‍ വരുന്നത് വരെ ചൂടാക്കണം. ലായിനി തണുപ്പിച്ച് ചെറിയ ചൂടില്‍ ബോര്‍ഡോ മിശ്രിതത്തില്‍ ചേര്‍ത്ത് ഉപയോഗിക്കണം.

 

ചീര


കേരളത്തിലെ കാലാവസ്ഥയില്‍ വര്ഷം മുഴുവന്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് ചീര എങ്കിലും നല്ല മഴക്കാലത്ത്‌ ചുവന്ന ചീര നടത്തിരിക്കുന്നതാണ് നല്ലത്. ജീവകം എ, ജീവകം സി, ജീവകം കെ എന്നിവയുടെയും ഇരുമ്പിന്റെയും നല്ല ഒരു സ്രോതസ്സാണിത്.

പല തരത്തിലുള്ള ചീരകള്‍ ഭക്ഷണമായും ഔഷധമായും ഉപയോഗിക്കുന്നു. അമരന്താഷ്യ വിഭാഗത്തിലുള്ളതാണ് പൊതുവേ ഉപയോഗിക്കുന്നതെങ്കിലും മറ്റ് വര്‍ഗ്ഗത്തില്‍പ്പെട്ടവയും ഉപയോഗിക്കാം

വിവിധയിനം ചീരകള്‍

പെരുഞ്ചീര (ചില്ലി) വെളുത്തതും, ഇളം ചുവപ്പുള്ളതും, ചെറിയതും എന്ന് മൂന്നുവിധമുണ്ട്.
ചെറുചീര (പറമ്പുചീര, ചാണച്ചീര, തണ്ഡുലീയം, പുനര്‍മ്മുരിങ്ങ)
കുപ്പച്ചീര (വാസ്തൂകം, വാസ്തുച്ചീര, ചക്രവര്‍ത്തിച്ചീര). ഇത് വലിയതെന്നും ചെറിയതെന്നും രണ്ടു തരമുണ്ട്. വലിയതിന് അല്പം ചുവപ്പു നിറമാണ്.
മുള്ളന്‍ ചീര
ചെഞ്ചീര (നെയ്ച്ചീര)
തോട്ടച്ചീര

നിലമൊരുക്കലും നടീലും

നിലം ഉഴുത് നിരപ്പാക്കിയതിനുശേഷം 30 – 35 സെ. മീ. വീതിയില്‍ ആഴം കുറഞ്ഞ ചാലുകള്‍ ഒരടി അകലത്തില്‍ എടുക്കുക. ഈ ചാലുകളില്‍ 20 മുതല്‍ 30 ദിവസം പ്രായമായ തൈകള്‍ 20 സെ. മീ. അകലത്തില്‍ നടാം. ഹെക്ടറിന്  50 ടണ്‍ ചാണകവും 50 : 50 : 50 കി. ഗ്രാം NPK യും അടിവളമായി നല്‍കണം. മേല്‍വളമായി 50 കി. ഗ്രാം നൈട്രജന്‍ തവണകളായി നല്‍കാം. ഓരോ വിളവെടുപ്പിനു ശേഷവും 1% യൂറിയ ലായനി തളിക്കുന്നത് ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും.
രോഗങ്ങള്‍ / കീടങ്ങള്‍

ചുവന്ന ചീരയില്‍ കാണപ്പെടുന്ന പ്രധാന രോഗമാണ് ഇലപ്പുള്ളി രോഗം. ഇതിന്റെ ആദ്യ ലക്ഷണമായി ഇലകളില്‍ പുള്ളിക്കുത്തുകള്‍ ഉണ്ടാകുന്നു. ക്രമേണ ഇലകള്‍ മുഴുവനും ദ്രവിക്കുകയും താമസിയാതെ ചെടി മുഴുവനും നശിക്കുകയും ചെയ്യുന്നു. പക്ഷേ പച്ച നിറത്തില്‍ ഇലകളുള്ള ചീരയ്ക്ക് ഈ രോഗത്തെ ചെറുക്കുന്നതിനുള്ള ശക്തിയുള്ളതിനാല്‍ ഈ രോഗം ഉണ്ടാകുന്നില്ല. അതിനാല്‍ രണ്ടിനങ്ങളും ഇടകലര്‍ത്തി നടുന്നത് ഒരു പരിധിവരെ ഈ രോഗത്തെ ചെറുക്കുന്നതിന് ഉപകരിക്കും. കഴിവതും ചെടികള്‍ നനയ്ക്കുന്നത് മണ്‍്പരപ്പിലൂടെ ആയാല്‍ ഈ രോഗത്തെ ഒരു പരിധിവരെ അകറ്റി നിര്‍ത്തുന്നതിന് ഉപകരിക്കും. ഡൈത്തേണ്‍ എം 45 എന്ന രാസകീടനാശിനി വെള്ളത്തില്‍ കലക്കി ചെടി മുഴുവന്‍ നനയത്തക്കവിധം തളിക്കുകയും; പാല്‍കായം സോഡാപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ വെള്ളത്തില്‍ കലക്കി ഉപയോഗിക്കുകയുമാവാം.

മുരിങ്ങ


ഏതു മാര്‍ക്കറ്റിലും തനിമ നഷ്ടപ്പെടുത്താതെ വേറിട്ടുനില്‍ക്കുന്ന പച്ചക്കറിയാണ് മുരിങ്ങ. കിലോഗ്രാമിന് 250 രൂപവരെ വില ഉയരുന്നതും മുരിങ്ങക്കായുടെ മാത്രം പ്രത്യേകത. പ്രാചീന സംസ്‌കൃത ഗ്രന്ഥങ്ങളില്‍ 'ശ്രിശു' എന്നറിയപ്പെടുന്ന മുരിങ്ങ പാശ്ചാത്യനാടുകളില്‍ എത്തുമ്പോള്‍ ഡ്രംസ്റ്റിക് ആകുന്നു. നമ്മുടെ നാട്ടില്‍ ജനിച്ച് മറ്റു രാജ്യങ്ങളിലേക്ക് വേരോടി വളര്‍ന്ന ചരിത്രം മുരിങ്ങയ്ക്ക് സ്വന്തം.

നമ്മുടെ പറമ്പിൽ നിന്നുതന്നെ യഥേഷ്‌ടം ലഭിക്കുന്ന ഇലവർഗമാണ് മുരിങ്ങയില. ഇതിന്റെ ഗുണം വിലമതിക്കാനാവാത്തതുമാണ്. ഒരു പിടി മുരിങ്ങയില ചൂടുവെള്ളത്തിലിട്ട് വച്ച് ഒരു മണിക്കൂർ കഴിഞ്ഞ് ഈ വെള്ളം കുടിയ്‌ക്കുന്നത് ഉയർന്ന രക്‌തസമ്മർദ്ദം നിയന്ത്രിയ്‌ക്കാൻ സഹായിക്കും. ദിവസവും മുരിങ്ങയില കഴിയ്ക്കുന്നത് പ്രമേഹരോഗം നിയന്ത്രിക്കും. കാൽസ്യവും ധാതുക്കളും ധാരാളം അടങ്ങിയിരിയ്‌ക്കുന്നതിനാൽ എല്ലിന്റെ ആരോഗ്യത്തിനും മുരിങ്ങയില നല്ലതാണ്. മുലപ്പാൽ വർദ്ധിപ്പിയ്ക്കുവാനും മുരിങ്ങയില നല്ലതു തന്നെ. ഇരുമ്പിന്റെ ഉറവിടമായതിനാൽ വിളർച്ച അകറ്റും. ധാരാളം നാരുകൾ അടങ്ങിയതിനാൽ ദഹനശേഷി വർദ്ധിപ്പിക്കാനും മുരിങ്ങയിലെ അത്യുത്തമമാണ് .

കാരറ്റിന്റെ നാലിരട്ടി ജീവകം എ-യും പാലിന്റെ മൂന്നിരട്ടി കാത്സ്യവും നേന്ത്രക്കായുടെ മൂന്നിരട്ടി പൊട്ടാസ്യവും തൈരിന്റെ ഇരട്ടി മാംസ്യവും ഓറഞ്ചിന്റെ എട്ടിരട്ടി ജീവകം സി-യുമുള്ളതാണ് മുരിങ്ങയിലയുടെ മൂലധനം. മുരിങ്ങയിലയും മുരിങ്ങക്കായയും ഒരുപോലെ ഔഷധഗുണം നിറഞ്ഞതാണ്. പ്രോട്ടീനും മാംസ്യവും മാത്രമല്ല, പതിനാറിനം പോഷകങ്ങളാലും സമ്പന്നമാണ് മുരിങ്ങ. പോഷകങ്ങളുടെ തോതില്‍ മുരിങ്ങയിലതന്നെയാണ് കേമന്‍.

വേനലിലും പ്രതികൂല സാഹചര്യങ്ങളിലും വളരാന്‍ കഴിവുള്ള മുരിങ്ങ നല്ലവണ്ണം വെയില്‍കൊള്ളുന്ന സ്ഥലത്ത് മാത്രമേ നടാവൂ. നട്ട് ആറു മാസത്തിനും ഒരു വര്‍ഷത്തിനുമിടയ്ക്ക് കായ്ക്കുന്ന ഒരാണ്ടന്‍ മുരിങ്ങ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്താന്‍ പറ്റിയ ഇനമാണ്. കായകള്‍ക്ക് നല്ല നീളവും മുഴുപ്പും മാംസളവുമായ പി.കെ.എം. 1-ഉം 2-ഉം തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത ഇനങ്ങളാണ്. ഒന്നര മാസം പ്രായമായ തൈകള്‍ നടാന്‍ ഉപയോഗിക്കാം. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ 20 കിലോഗ്രംവരെ ചാണകപ്പൊടിയോ കമ്പോസ്റ്റോ മേല്‍മണ്ണുമായി കലര്‍ത്തി നിറച്ച് തൈ നടണം. മഴക്കാലത്തിനു മുമ്പ് ചെടിക്കുചുറ്റും തടമെടുത്ത് വെള്ളം വാര്‍ന്നുപോകാന്‍ അനുവദിക്കാം.

നടീലിനുശേഷം കാര്യമായ പരിചരണം നല്‍കാത്തത് ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും. നട്ട് മൂന്നു മാസത്തിനുശേഷം 100 ഗ്രാം യൂറിയയും എല്ലുപൊടിയും 50 ഗ്രാം പൊട്ടാഷും ചേര്‍ക്കണം. ആറു മാസത്തിനപ്പുറം 15 കിലോഗ്രാം ചാണകപ്പൊടിയും 100 ഗ്രാം യൂറിയയും ചേര്‍ക്കാം. മുരിങ്ങയുടെ ചുവട്ടില്‍നിന്ന് രണ്ടടി മാറ്റി തടമെടുത്താണ് വളപ്രയോഗം നടത്തേണ്ടത്. നനച്ചതിനുശേഷം മാത്രമേ വളപ്രയോഗം നടത്താവൂ. ഒരാണ്ടന്‍ മുരിങ്ങ മൂന്നരയടി ഉയരത്തില്‍ എത്തുമ്പോള്‍ മണ്ട നുള്ളണം.

പാര്‍ശ്വശാഖകള്‍ കൂടുതലായി ഉണ്ടാകാനും നന്നായി കായ്ക്കാനുമുള്ള എളുപ്പവഴിയാണ് മണ്ട നുള്ളല്‍. ഇലകള്‍ മഞ്ഞളിച്ച് പൊഴിയുന്നത് കണ്ടാല്‍ മാഗ്‌നീഷ്യം സള്‍ഫേറ്റ് ചേര്‍ത്തുകൊടുക്കാം.

ഒരാണ്ടന്‍ മുരിങ്ങയില്‍ വല്ലപ്പോഴും രോമപ്പുഴുക്കളുടെ ആക്രമണം കാണാറുണ്ട്. വീട്ടില്‍ത്തന്നെ തയ്യാറാക്കുന്ന മണ്ണെണ്ണ - സോപ്പ്‌ലായനി തളിച്ച് രോമപ്പുഴുക്കളെ നശിപ്പിക്കാം. ഇതിനായി 50 ഗ്രാം ബാര്‍സോപ്പ് 450 മില്ലിഗ്രാം വെള്ളത്തിലിട്ട് തിളപ്പിച്ച് ലയിപ്പിക്കുക. തണുത്തതിനുശേഷം 900 മില്ലി മണ്ണെണ്ണ ഒഴിച്ച് നന്നായി ഇളക്കിയെടുത്താല്‍ മണ്ണെണ്ണ - സോപ്പ്‌ലായനി തയ്യാര്‍. ഇത് 15 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചതിനുശേഷം തളിക്കാനുപയോഗിക്കാം. ഒരു മരത്തില്‍നിന്ന് പ്രതിവര്‍ഷം ശരാശരി 15 കിലോഗ്രാം കായകള്‍. ഇതാണ് ഒരാണ്ടന്‍ മുരിങ്ങയുടെ ഉത്പാദനരീതി.

ഒരു പിടി മുരിങ്ങയില കുറച്ച് വെള്ളത്തിലിട്ട് വേവിച്ച് പിഴിഞ്ഞെടുക്കുന്ന സത്തില്‍ ഒരു നുള്ള് ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് തയ്യാറാക്കുന്ന മുരിങ്ങയില സൂപ്പ് ദിവസവും കഴിച്ചാല്‍ ഇന്ന് കാണുന്ന എല്ലാവിധ ജീവിതശൈലീരോഗങ്ങള്‍ക്കുമുള്ള പ്രതിരോധമായി.

വെണ്ട കൃഷി


വെണ്ടകൃഷിക്ക് ഏററവും അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലുള്ളത്.

ഒക്ടോബര്‍ - നവംബര്‍, ഫിബ്രുവരി - മാര്ച്ച് , ജൂണ്‍ - ജൂലയ് എന്നീ സമയങ്ങളില്‍ വെണ്ട കൃഷി ആരംഭിക്കാവുന്നതാണ്.
നടാനുള്ള സ്ഥലം നന്നായി കിളച്ച ശേഷം അമ്ലത്തം ക്രമീകരിക്കാന്‍ അല്പ്പം കുമ്മായം ഇട്ടുകൊടുക്കണം. അടിവളമായി ചാണകപ്പൊടിയും നല്ക്ണം. അല്പ്പം ഉയരത്തില്‍ വാരമെടുത്തു ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്ത്ത വിത്തുകള്‍ മണ്ണില്‍ നേരിട്ട് നടാവുന്നതാണ്. വിത്ത് നടുമ്പോള്‍ വരികള്‍ തമ്മില്‍ 60 cm ഉം ചെടികള്‍ തമ്മില്‍ 45 cm ഉം അകലം വേണം.
കപ്പലണ്ടി പിണ്ണാക്ക്, എല്ലുപൊടി, ചാരം എന്നിവ കൂട്ടിച്ചേര്ത്തc മിശ്രിതം ചെടിക്ക് നല്കായവുന്നതാണ്. വളം നല്കുന്നതിന് മുന്പ് ചെടിയും മണ്ണും നനയ്ക്കേണ്ടതാണ്. വേപ്പിന്‍ കുരു കഷായം കീടനാശിനിയായി ഉപയോഗിക്കാം.

ആര്ക്ക അനാമിക, കിരണ്‍, അരുണ, സുസ്ഥിര എന്നിവയാണ് കേരളത്തില്‍ കൃഷി ചെയ്യുന്ന വേണ്ടയിനങ്ങള്‍.

പടവലം


വളരെ പെട്ടെന്ന് കായ്കള്‍ പിടിക്കുന്ന ഒരു പച്ചകറി വിളയാണ് പടവലം. വിറ്റാമിന്‍ എ , ബി സി എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. വിത്ത്‌കൃഷിസ്ഥലത്ത്‌ നേരിട്ട് പാകിയാണ് പടവലം കൃഷി ചെയ്യുന്നത്. പോളിത്തീന്‍ കൂടുകളില്‍ പാകി മുളപ്പിച്ച തൈകള്‍ വേരിനു കോട്ടം തട്ടാതെ ബ്ലേഡ് കൊണ്ട് കൂട് കീറി മാറ്റിയ ശേഷം കൃഷിയിടത്ത് നടാവുന്നതാണ്. വേഗത്തില്‍ മുളയ്കുന്നതിനായി വിത്ത് പാകുന്നതിനു മുന്‍പ് വെള്ളത്തില്‍ മുക്കി വച്ചു കുതിര്‍ക്കുന്നത് നല്ലതാണ്. സെപ്റ്റംബര്‍ , ഡിസംബര്‍, ജനുവരി , ഏപ്രില്‍, കാലങ്ങളാണ് ഇവ കൃഷി ചെയ്യാന്‍ പറ്റിയ സമയം. രണ്ടടി വലിപ്പവും 1 അടി ആഴവുമുള്ള കുഴികളെടുത്ത്‌ അതില്‍ മേല്‍ മണ്ണും ചാണകമോ ജൈവവളമോ ചേര്‍ത്ത് കുഴി നിറയ്ക്കുക. രണ്ടു - മൂന്ന് വിത്ത് വീതം ഈ തടങ്ങളില്‍ നടാം. തടങ്ങള്‍ തമ്മില്‍ 2 മീറ്റര്‍ അകലം നല്‍കാം ഇടയിലാക്കള്‍, ജലസേചനം, കളഎടുക്കല്‍ ഇവയാണ് പ്രധാന കൃഷിപ്പണികള്‍. ചെടി വള്ളിവീശാന്‍ ആരംഭിക്കുമ്പോള്‍ അവയ്ക്ക് പടരാനായി പന്തലോ മരക്കൊമ്പുകള്‍ അടുപ്പിച്ചു കുത്തി നിര്‍ത്തി താങ്ങുകലോ കയര്‍ നീളത്തില്‍ വരിഞ്ഞു കെട്ടി വേലിയോ ഉണ്ടാക്കണം.
വളപ്രയോഗം : അടിവളമായും വല്ലിവീശുംപോലും പൂവിടുംപോലും വളപ്രയോഗം നടത്തണം. സെന്റിന്കി മുപ്പതു കിലോ എന്നാ തോതില്‍ കംപോസ്ടോ നല്‍കാം. മണ്ണിര കമ്പോസ്റ്റ് ആണെങ്കില്‍ സെന്റിന് പതിനഞ്ചു കിലോ മതിയാകും . മഴക്കാലത്ത് മണ്ണ് കൂട്ടിക്കൊടുക്കുക. പച്ചില, ചകിരിചോര്‍ കമ്പോസ്റ്റു , തൊണ്ട്, വൈക്കോല്‍, എന്നിവ ഉപയോഗിച്ചു പുതയിടം. പൂവിട്ടു തുടങ്ങിയാല്‍ ഒരു കിലോ പച്ച ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയെടുത്ത ലായനി രണ്ടു - മൂന്ന്ദി വസത്തെ ഇടവേളകളില്‍ തളിച്ചു കൊടുക്കുക. വിത്ത് പാകി രണ്ടു മാസമെത്തുംപോള്‍ പടവലം വിളവെടുപ്പിനു പാകമാകും. കായ്കള്‍ പറിച്ചെടുക്കാന്‍ വൈകുകയോ കൂടുതല്‍ മൂക്കുവാനായി നിര്‍ത്തുകയോ ചെയ്‌താല്‍ പൂക്കളുടെ ഉത്പാദനത്തെയും വിളവിനെയും അത് പ്രതികൂലമായി ബാധിക്കും.

ജലസേചനം : വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളില്‍ 2-3 ദിവസം ഇടവിട്ടും പൂവും കായും ഉള്ള സമയത്ത് ഒന്നിടവിട്ടും നനയ്ക്കുക.
സംരക്ഷണം: മത്തന്‍ വണ്ട്‌ എപ്പിലാക്ന വണ്ട്‌ എന്നിവയാണ് പടവലത്തെ ആക്രമിക്കുന്ന കീടങ്ങള്‍.. ഇലയുടെ അടിയില്‍ നിന്നും നീരൂറ്റിക്കുടിക്കുന്ന തുള്ളന്‍ പ്രാണികളും സാധാരണ കണ്ടു വരുന്നു. ഇല ചുരുണ്ട് മഞ്ഞ നിറമായി ഉണങ്ങി പോകുന്നതിനു വേപ്പെണ്ണ മരുന്ന് തളിച്ചാല്‍ സാധാരണ kaanunna കീടങ്ങളെ എല്ലാം നിയന്ത്രിക്കാവുന്നതാണ്.പടവലക്രിഷിയെ ബാധിക്കുന്ന മറ്റൊരു കീടമാണ്‌ കായീച്ച. കടലാസ് കൊണ്ടോ പോളിത്തീന്‍ കൊണ്ടോ കായ്കള്‍ പൊതിയുക.
ചെറു പ്രായത്തില്‍ കായ കുത്തി അതില്‍ മുട്ടയിടുകയും മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ കായയുടെ ഉള്ളില്‍ വളരുകയും ചെയ്യുന്നു. ഇത്തരം കായ്കള്‍ മഞ്ഞനിറം പൂണ്ടു ചീഞ്ഞു പോകും. ഇ കായ്കള്‍ പറിച്ചു തീയിലിട് നശിപ്പിക്കണം. നടുന്ന സമയത്തും ഒരു മാസത്തിനു ശേഷവും ഒരു കുഴിയില്‍ നൂറു ഗ്രാം എന്നാ തോതില്‍ വേപ്പിന്‍ പിണ്ണാക്ക് ഇടണം. മുഞ്ഞ വെള്ളീച്ച മണ്ടരി ഇവയെ അകറ്റുന്നതിന് വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാം.
ഇലയും പൂവും തിന്നു നശിപ്പിക്കുന്ന പുഴുക്കളെ ശേഖരിച്ചു നശിപ്പിക്കുക. പത്ത് ഗ്രാം കാന്താരി മുളക് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ ചേര്‍ത്ത് ലായനി തയാറാക്കി അതില്‍ ഒന്‍പതു ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിച്ചു കീടങ്ങളെ നശിപ്പിക്കവുന്നതാണ്.

കോവയ്ക്ക


- എളുപ്പത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കുന്ന ഒരു പച്ചക്കറിയാണ് കോവല്‍ , ഒന്ന് പിടിച്ചു കിട്ടിയാല്‍ കുറെ കാലത്തേക്ക് കുശാല്‍ ആയി . കോവയ്ക്ക ഉപയോഗിച്ച് രുചികരമായ മെഴുക്കുപുരട്ടി / ഉപ്പേരി , തോരന്‍ ഇവ തയ്യാറാക്കാം

കോവല്‍ കൃഷി രീതികളും അതിന്‍റെ പരിചരണവും മറ്റു വിവരങ്ങളും

പച്ചക്കറി കൃഷി ആരംഭിക്കാന്‍ താല്പര്യം ഉള്ള ഒരാള്‍ക്ക് ഏറ്റവും ആദ്യം തിരഞ്ഞെടുക്കാവുന്ന ഒന്നാണ് കോവല്‍ കൃഷി. ഏറ്റവും എളുപ്പവും ലളിതവും ആണ് കോവല്‍ കൃഷിയും അതിന്റെ പരിപാലനവും. സ്വാദിഷ്ട്ടമായ കോവക്ക നമുക്ക് എളുപ്പത്തില്‍ കൃഷി ചെയ്തു എടുക്കുവാന്‍ സാധിക്കും. സാധാരണയായി കോവലിന്റെ തണ്ട് മുറിച്ചാണ് നടുന്നത്, നല്ല കാഫലം ഉള്ള കോവലിന്റെ തണ്ട് തിരഞ്ഞെടുക്കുക. നാലു മുട്ടുകൾ എങ്കിലുമുള്ള വള്ളിയാണു നടീലിനു ഇതിന്റെ നല്ലത്‌. നിലം നന്നായി കിളച്ചു കട്ടയും കല്ലും മാറ്റി കോവലിന്റെ തണ്ട് നടാം അല്ലെങ്കില്‍ കവറിൽ നട്ടുപിടിപ്പിച്ചു പിന്നീട്‌ കുഴിയിലേക്കു നടാം. നടുമ്പോള്‍ കോവല്‍ തണ്ടിന്റെ രണ്ടു മുട്ട് മണ്ണിനു മുകളില്‍ നിലക്കാന്‍ ശ്രദ്ധിക്കുക. നല്ല വെയില്‍ ഉള്ള ഭാഗത്താണ് നടുന്നതെങ്കില്‍ ഉണങ്ങിയ കരിയിലകള്‍ മുകളില്‍ വിതറുന്നത് നന്നായിരിക്കും. ആവശ്യത്തിനു മാത്രം നനച്ചു കൊടുക്കുക.

അര മീറ്റര്‍ താഴ്ചയുള്ള കുഴികള്‍ എടുക്കുന്നത് നല്ലതാണു, അടിവളമായി ഉണങ്ങിയ ചാണകപ്പൊടി, കുറച്ചു എല്ല് പൊടി, വെപ്പിന്‍ പിണ്ണാക്ക് ഇവ വേണമെങ്കില്‍ ഇടാം. വള്ളി പടർന്നു തുടങ്ങിയാൽ പന്തലിട്ടു വള്ളി കയറ്റിവിടാം. മരങ്ങളില്‍ കയറ്റി വിടുന്നത് ഒഴിവാക്കുക, നമുക്ക് കയ്യെത്തി കായകള്‍ പറിക്കാന്‍ പാകത്തില്‍ പന്തല്‍ ഇട്ടു അതില്‍ കയറ്റുന്നതാണ് ഉചിതം. വെർമിവാഷ്‌, അല്ലെങ്കിൽ ഗോമൂത്രം പത്തിരട്ടി വെള്ളത്തിൽ ചേർത്തു രണ്ടാഴ്ചയിൽ ഒരിക്കൽ തടത്തിൽ ഒഴിച്ചു കൊടുക്കുന്നത് നല്ലതാണു. രാസവളം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. തണുത്ത കഞ്ഞി വെള്ളം ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. വേനല്‍ ക്കാലത്ത് ഇടയ്ക്കിടയ്ക്ക് നനയ്ക്കുന്നത് വിളവു വര്‍ധിപ്പിക്കാന്‍ സാധിക്കും. കോവക്ക അധികം മൂക്കുന്നതിനു മുന്‍പേ വിളവെടുക്കാന്‍ ശ്രദ്ധിക്കുക.

കോവക്ക ഉപയോഗിച്ചു സ്വദിഷ്ട്ടമായ മെഴുക്കുപുരട്ടി/ഉപ്പേരി , തോരന്‍ , തീയല്‍ തുടങ്ങിയവ ഉണ്ടാക്കാം . അവിയല്‍ , സാംബാര്‍ തുടങ്ങിയ കറികളില്‍ ഇടാനും കോവക്ക നല്ലതാണ് . വി എഫ് സി കെ യിലും ചില കൃഷി വിജ്ഞാന കേന്ദ്രങ്ങളിലും കോവല്‍ തണ്ടുകള്‍ വിലപ്പനയ്ക്ക് വെച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. ആരോഗ്യകരമായ ഒരു ജീവിതം നയിക്കാന്‍ , വിഷലിപ്തമായ പച്ചക്കറികള്‍ ഒഴിവാക്കാന്‍ ഇന്ന് തന്നെ തീരുമാനിക്കുക, നിങ്ങളുടെ ആദ്യ കൃഷി പരീക്ഷണം കോവലില്‍ തന്നെ ആകട്ടെ. ഇതുമായി ബന്ധപെട്ട നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക.'

കോവയ്‌ക്കയുടെ ഉപയോഗം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും സഹായിക്കും. കൊളസ്‌ട്രോൾ, പ്രമേഹം എന്നിവ നിയന്ത്രിക്കാൻ കോവയ്‌ക്ക കഴിച്ചാൽ മതി. വൈറ്റമിൻ എ, ബി 1, ബി 2, വൈറ്റമിൻ സി എന്നീ പോഷകാംശങ്ങൾ കോവയ്‌ക്കയിൽ അടങ്ങിയിട്ടുണ്ട്. പാകം ചെയ്യാതെ തന്നെ കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. വീട്ടിൽ തന്നെ വലിയ അദ്ധ്വാനമില്ലാതെ കൃഷി ചെയ്യാം എന്ന മെച്ചവുമുണ്ട്. ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിന് നല്ലതാണ്. വണ്ണം കുറയ്‌ക്കാൻ നല്ലതാണ് ഈ പച്ചക്കറി.

വെള്ളരി


വെള്ളരി കൃഷി രീതിയും പരിചരണവും

നമുക്ക് ഏറ്റവും പരിചയം ഉള്ള ഒരു പച്ചക്കറിയാണ് വെള്ളരി. കണിവെള്ളരി ആണ് നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. സ്വർണ്ണനിറത്തിലുള്ള വെള്ളരിയാണ്‌ കണിവെള്ളരി. ജനുവരി – മാര്‍ച്ച്‌, ഏപ്രില്‍ – ജൂണ്‍ , ആഗസ്റ്റ്‌ – സെപ്റ്റബര്‍ – ഡിസംബര്‍ ആണ് വെള്ളരി കൃഷി ചെയാന്‍ സാധിക്കുന്ന സമയം. അതില്‍ തന്നെ ഫെബ്രുവരി – മാര്‍ച്ച് ആണ് വെള്ളരി കൃഷിക്ക് ഏറ്റവും അനുയോജ്യം. മുടിക്കോട് ലോക്കല്‍, സൌഭാഗ്യ , അരുണിമ ഇവ ചില മികച്ചയിനം വെള്ളരിയിനങ്ങള്‍ ആണ്. വിത്തുകള്‍ പാകിയാണ് വെള്ളരി നടുന്നത്. വി എഫ് പി സി കെ , കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ , കൃഷി ഭവനുകള്‍ വഴി നല്ല വിത്തുകള്‍ വാങ്ങാം.

വെള്ളരി കൃഷി ചെയ്യുന്നതിനായി കൃഷിസ്ഥലം നന്നായി കൊത്തിയിളക്കി അടിവളവും നല്‍കുക. അടിവളമായി ഉണങ്ങിയ ചാണകപ്പൊടി ഇടാം.കുഴിയൊന്നിന് 50 ഗ്രാം എല്ലുപൊടി കൂടി നല്‍കണം.രണ്ടുമീറ്റര്‍ അകലത്തിലുള്ള കുഴികളില്‍ എടുത്ത് അവയില്‍ നാലു-അഞ്ച് വിത്തുകള്‍ വിതയ്ക്കാം. വിത്തുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു രണ്ടുമണിക്കൂര്‍ വെച്ചതിനുശേഷം നടുന്നത് രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. രാവിലെയും വൈകുന്നേരവും മിതമായി നനച്ചു കൊടുക്കണം. വിത്തുകള്‍ പാകി 3-4 ദിവസം കഴിയുബോള്‍ മുളക്കും. മുളച്ച് രണ്ടാഴ്ച കഴിയുമ്പോള്‍ ആരോഗ്യമുള്ള മൂന്നുതൈ നിലനിര്‍ത്തി മറ്റുള്ളവ പറിച്ചുനീക്കണം. വള്ളി വീശുമ്പോഴും പൂവിടുമ്പോഴും വീണ്ടും ചാണകപ്പെടി ചേര്‍ത്തുകൊടുക്കാം. പൂവിട്ടുകഴിഞ്ഞാല്‍ 10 ദിവസത്തിലൊരിക്കല്‍ ഒരുകിലോഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടത്തില്‍ ഒഴിച്ചുകൊടുക്കുന്നത് ഉത്പാദകവര്‍ധനയ്ക്ക് സഹായിക്കും

വഴുതന

എല്ലാ വിധ കറികളിലും ഉപയോഗിക്കുന്ന പച്ചക്കറിയാണ് വഴുതന. നന്നായി മൂത്ത് പഴുത്ത വഴുതനയുടെ വിത്തുകള്‍ ഉണക്കിയാണ് നടാനുപയോഗിക്കുന്നത്. വിത്തുകള്‍ പാകി ദിവസവും നനച്ചു കൊടുക്കണം. വഴുതന വിത്ത് മുളച്ചു തൈകള്ക്ക് 5-6 ഇലകള്‍ വന്നാല്‍ പറിച്ചു നടാം. മേല്മണ്ണ്, കമ്പോസ്റ്റും, ഉണങ്ങിയ ചാണക പൊടിയുമായി കൂട്ടി കലര്ത്തി നടാനുള്ള കുഴികളിലോ, ചട്ടിയിലോ, പ്ലാസ്റ്റിക്‌ ചക്കുകളിലോ നിറച്ചു തൈകള്‍ നടാവുന്നതാണ്. പ്രത്യേക പരിചരണങ്ങള്‍ ആവശ്യമില്ലാത്ത വഴുതനയ്ക്ക് ദിവസവും നനച്ചു കൊടുക്കണം. ഇല തീനി പുഴുക്കളുടെ ശല്ല്യം ഉണ്ടാകാറുണ്ട്. ഇതിനായി വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം നല്ലതാണ്. നന്നായി നനച്ചു വളം ചെയ്‌താല്‍ 3 വര്ഷത്തോളം വിളവു ലഭിക്കും.
വഴുതനങ്ങയിൽ അടങ്ങിയിട്ടുള്ള നാസുനിൻ എന്ന ഘടകം ക്യാൻസർ കോശങ്ങളുടെ വളർച്ച തടയും. പ്രതിരോധശേഷി നൽകാൻ കഴിവുള്ള വഴുതനങ്ങ തലച്ചോറിനു പറ്റിയ ഭക്ഷണവുമാണ്. ഫ്രീ റാഡിക്കലുകളിൽ നിന്നും തലച്ചോറിന് സംരക്ഷണം നല്‍കി ബുദ്ധിവികാസത്തിന് സഹായിക്കുന്ന വഴുതനങ്ങ ഹൃദയധമനികളിൽ കൊളസ്‌ട്രോൾ അടിഞ്ഞു കൂടാതെ സഹായിക്കും . ഹൃദയധമനികളുടെ വികാസത്തിനും ഇതുവഴി രക്തപ്രവാഹം വർദ്ധിപ്പിക്കുന്നതിനും ഉത്തമമാണ്. പ്രമേഹരോഗികൾക്ക് ഉപകാരിയാണ്. ഇതിലെ അലിഞ്ഞു പോകുന്ന കാർബോഹൈഡ്രേറ്റുകളും നാരുകളും രക്തത്തിലെ പഞ്ചസാരയുടെ അളവു വർദ്ധിക്കാതെ സഹായിക്കും. വഴുതനങ്ങ ഇടയ്‌ക്കിടെ കഴിയ്‌ക്കുന്നത് പ്രമേഹം വരുന്നത് തടയും. 
ഇനങ്ങള്‍: സൂര്യ: ബാക്ടീരിയല്‍ വാട്ടം പ്രതിരോധിക്കുന്നു. കായ്‌കള്‍ക്ക്‌ ശരാശരി വലുപ്പം, വയലറ്റു നിറം, മുള്ളുകളില്ല. 
ശ്വേത: ബാക്ടീരിയല്‍ വാട്ടം പ്രതിരോധിക്കുന്നു. കുറ്റിയായി വളരുന്നു. കായ്‌കള്‍, വെള്ളനിറം, ശരാശരി വലുപ്പം. നീണ്ടകായ്‌കള്‍ 
ഹരിത: ബാക്ടീരിയല്‍ വാട്ടം, കായ ചീയല്‍ എന്നിവ പ്രതിരോധിക്കുന്നു. ഇളംപച്ച കായ്‌കള്‍. 
നീലിമ: ഹൈബ്രിഡ്‌ ഇനം. ബാക്ടീരിയല്‍ വാട്ടം പ്രതിരോധിക്കുന്നു. വയലറ്റുനിറം, കോഴിമുട്ടയുടെ ആകൃതി. 
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: 
നടീല്‍ സമയം : ഏപ്രില്‍ മാസം 
ആവശ്യമായ വിത്ത് : ഒരു ഹെക്ടര്‍ സ്ഥലത്തിന്‌ 375- 500 ഗ്രാം 
നേഴ്സറിയിലെ വളര്‍ച്ച: തുറസ്സായ സ്ഥലത്ത്‌ മണ്ണില്‍ വിത്തിട്ട്‌ തൈകള്‍ 8-10 സെ.മീറ്റര്‍ ഉയരം വരുമ്പോള്‍ പറിച്ചുനടണം. 
നടീല്‍ അകലം: തൈകള്‍ തമ്മില്‍ 60 സെ.മീ. ഉം വരികള്‍ തമ്മില്‍ 75 സെ.മീ. ഉം അകലത്തില്‍ നടുക. 
വളപ്രയോഗം : അടിവളമായി ഹെക്ടറില്‍ 25 ടണ്‍ ജൈവ വളവും, പാക്യജനകം, ഭാവഹം, ക്ഷാരം എന്നിവ 37.5,40, 12.5 കി.ഗ്രാം. വീതവും നല്‌കണം. 20 കി.ഗ്രാം. പാക്യജനകവും, 12.5 കി.ഗ്രാം. ക്ഷാരവും ഒരു മാസത്തിനു ശേഷവും, 12.5 കി.ഗ്രാം. പാക്യജനകം രണ്ടുമാസത്തിനു ശേഷവും മണ്ണില്‍ ചേര്‍ക്കണം. 
കീട നിയന്ത്രണം: 
കായ്‌/തണ്ടുതുരപ്പന്‍: 5% വീര്യമുള്ള വേപ്പിന്‍ കുരുസത്ത്‌ തയ്യാറാക്കി ഉപയോഗിക്കുക. 
അമ വണ്ട്‌: വണ്ടുകളെയും മുട്ടകളെയും നശിപ്പിക്കുക. 2 മില്ലി എക്കാലക്‌സ്‌ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത്‌ ഇലയുടെ ഇരുവശങ്ങളിലും തളിച്ചുകൊടുക്കുക. 
മുഞ്ഞ: പുകയില കഷായം ഇലയുടെ അടിഭാഗത്ത്‌ അടിക്കുക. 
പച്ചത്തുള്ളന്‍: വേപ്പെണ്ണ ഇമല്‍ഷന്‍ 2.5 % വീര്യത്തിലുള്ള ലായനി ആക്കുക. ഇതില്‍ ഓരോലിറ്റര്‍ ലായനിയും 20 ഗ്രാം വെളുത്തുള്ളി അരച്ചു ചേര്‍ത്ത്‌ അരിച്ചെടുത്ത്‌ തളിക്കുക. 
രോഗ നിയന്ത്രണം : 
വാട്ടരോഗം: ഫൈറ്റോലാന്‍ 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ തയ്യാറാക്കി ചെടിയുടെ മണ്ണ്‌ നനയുന്നതു പോലെ ഒഴിക്കുക. 
തൈചീയല്‍: 1 % വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കുക. 
വിളവ്: ഒരു ഹെക്ടറില്‍ നിന്നും 60-65 ടണ്‍

അമരപ്പന്തല്‍


വീട്ടുമുറ്റത്തൊരു അമരപ്പന്തല്‍ ഒരുക്കിയാല്‍ എല്ലാദിവസവും കാശുമുടക്കാതെ കറിവെക്കാന്‍ കായ്കള്‍ ലഭിക്കും. ഒരിക്കല്‍ നട്ടുവളര്‍ത്തിയാല്‍ ദീര്‍ഘനാളേക്ക് വിളവുലഭിക്കും. പോഷക സമൃദ്ധമായ അമരപ്പയറില്‍ പ്രോട്ടീനും വൈറ്റമിന്‍സും നാരുകളും ധാരാളമുണ്ട്. ദഹനത്തിനും ശോധനയ്ക്കും ഇത് വളരെ അധികം സഹായിക്കുന്നു. കേരളത്തില്‍ മുമ്പ് അമര ധാരാളം കൃഷി ചെയ്തിരുന്നെങ്കിലും ഇന്ന് വിരളമായേ കാണാനുള്ളൂ.

അമരക്കൃഷി ചെയ്യാന്‍ ചെറുതടങ്ങള്‍ എടുത്ത് ജൈവവളങ്ങള്‍ ചേര്‍ത്ത് വിത്തുകള്‍ നടാം. ഇടവിട്ട് മഴ ലഭിക്കുന്ന സമയമാണ് കൂടുതല്‍ അനുയോജ്യം. തടത്തില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മുളച്ച് വള്ളി വീശിതുടങ്ങുമ്പോള്‍ പടര്‍ന്നുവരാന്‍ പന്തല്‍ ഒരുക്കണം. വീടിനു മുകള്‍പ്പരപ്പില്‍ ചാക്കുകളിലും അമര വളര്‍ത്താം. വീടിനു സമീപം നട്ട് ടെറസിന് മുകളിലേക്ക് പടര്‍ത്തുകയുമാകാം. മഴക്കാലം അവസാനിച്ച് മഞ്ഞ് പരക്കുന്നതോടെ അമരപ്പയര്‍ പൂത്തുതുടങ്ങും. മൂപ്പെത്തുന്നതിന് മുമ്പ് കായ്കള്‍ ശേഖരിച്ച് കറിവെക്കാം. വള്ളികളുടെ മുകള്‍ ഭാഗം നുള്ളിക്കളഞ്ഞാല്‍ കൂടുതല്‍ തലപ്പുകള്‍ വളര്‍ന്ന് ദീര്‍ഘനാളേക്ക് അമരയില്‍ നിന്ന് പയര്‍ ലഭിക്കുകയും ചെയ്യും.

കുമ്പളം


ശരീരത്തിന്റെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും പോഷകങ്ങള്‍ അത്യാവശ്യം. പ്രായപൂര്‍ത്തിയായ ഒരാള്‍ പ്രതിദിനം 300 ഗ്രാം പച്ചക്കറിയെങ്കിലും കഴിക്കേണ്ടതാണ്. എന്നാല്‍ നമ്മുടെ ഉപയോഗത്തോത് 23 ഗ്രാം മാത്രവും.പച്ചക്കറികളുടെ കൂട്ടത്തില്‍ ഇന്ന് പ്രകൃതിചികിത്സയില്‍ ഒഴിച്ചുകൂടാനാവാത്ത വിധം കുമ്പളം വളര്‍ന്നിരിക്കുന്നു. വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനും നാരുകളുമാണ് കുമ്പളത്തിന്റെ വിജയരഹസ്യം.

മഴക്കാലവിളയായി മെയ്-ആഗസ്ത് മാസങ്ങളില്‍ കുമ്പളം കൃഷി ചെയ്യാം. നമ്മുടെ നാട്ടില്‍ നന്നായി വിളവ് തരുന്ന രണ്ടിനങ്ങളാണ് കെ.എ.യു. ലോക്കലും ഇന്ദുവും. പത്ത് സെന്റ് കുമ്പളം കൃഷിയില്‍ നിന്നും ഒന്നര ടണ്‍ വരെ വിളവ് പ്രതീക്ഷിക്കാം.രണ്ടടി വലിപ്പവും ഒന്നരയടി ആഴവുമുള്ള കുഴികളെടുത്ത് മേല്‍മണ്ണും കാലിവളവും ചേര്‍ത്ത് കുഴികളില്‍ നിറയ്ക്കണം. പത്ത് സെന്റിലേക്ക് അര ടണ്‍ ചാണകവളം മതിയാകും. കുഴിയൊന്നിന് അഞ്ച് വിത്ത് വരെ പാകാം. മുളച്ച് രണ്ടാഴ്ചക്കുശേഷം ഒരു തടത്തില്‍ നല്ല മൂന്നു തൈകള്‍ നിര്‍ത്തിയാല്‍ മതിയാകും. വള്ളി വീശുമ്പോഴും പൂവിടുമ്പോഴും ചാണകവളമോ മണ്ണിര കമ്പോസ്റ്റോ ചേര്‍ത്ത് മണ്ണ് കൂട്ടണം. പൂവിട്ടു തുടങ്ങിയാല്‍ ഒരു കിലോഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയെടുത്ത ലായനി പത്ത് ദിവസത്തെ ഇടവേളകളില്‍ തളിച്ചുകൊടുക്കുന്നത് വിളവ് കൂട്ടുന്നതായി കണ്ടിട്ടുണ്ട്. ഓല, പച്ചിലച്ചപ്പുചവറുകള്‍ എന്നിവ ചെടികള്‍ പടര്‍ന്നു തുടങ്ങുമ്പോഴേയ്ക്കും വിരിച്ചുകൊടുക്കണം.

ജൈവ കീടനിയന്ത്രണത്തിനായി മട്ടിയുടെയും കശുമാവിന്റെയും ഇലച്ചാര്‍ മിശ്രിതം പത്ത് ശതമാനം വീര്യത്തില്‍ തയ്യാറാക്കി തളിക്കാം. പത്ത് ഗ്രാം കാന്താരി മുളക് അരച്ച് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ ചേര്‍ത്തു തയ്യാറാക്കുന്ന ലായനിയില്‍ 9 ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിച്ചാല്‍ ഇലയും പൂവും തിന്നുനശിപ്പിക്കുന്ന കീടങ്ങളെ അകറ്റാം.

കറിവേപ്പില


കറിയിലും മറ്റുമുള്ള കറിവേപ്പില ചുമ്മാ എടുത്തെറിയുന്നവരാണ് നമ്മളിലേറെയും. എന്നാല്‍ വളരെയേറെ ഔഷധഗുണമുള്ള ഒന്നാണ് കറിവേപ്പില.

രുചി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ആഹാരത്തിലെ വിഷാംശം കളയാനും ദഹനശക്തി വര്‍ദ്ധിപ്പിക്കുവാനും കറിവേപ്പില സഹായിക്കും. കറിവേപ്പിന്‍റെ ഇലയ്ക്ക് പുറമെ തൊലി, വേര് എന്നിവയും ഔഷധഗുണമുള്ളതാണ്.

കറിവേപ്പില ഇഞ്ചിയും ഉപ്പും ചേർത്തരച്ച് ഉപയോഗിക്കുന്നത് ദഹനക്കേട് ശമിപ്പിക്കുന്നു. ത്വക്ക് രോഗങ്ങളിൽ കറിവേപ്പില മഞ്ഞളും ചേർത്തരച്ച് കഷായ രൂപത്തിലുപയോഗിക്കാം.ഇത് അലർജിക്കും ശമനം നൽകും. വയറുകടി വിട്ടുമാറാൻ കറിവേപ്പിന്റെ തളിരില കടിച്ച് ചവച്ച് നീരിറക്കുന്നതു ശീലമാക്കുക. മലത്തിലൂടെ രക്തം പോകുന്നത് തടയുന്നതിനും ഇതു നല്ലതാണ്. കറിവേപ്പില ഭക്ഷണത്തോടൊപ്പം ധാരാളം കഴിക്കുന്നതും കറിവേപ്പില നീര് ചേർത്ത് എണ്ണ കാച്ചി തലയിൽ തേക്കുന്നതും തലമുടി തഴച്ചുവളരാനും അകാലനര ശമിപ്പിക്കാനും നല്ലതാണ്. കറിവേപ്പിലക്കായയും ഉലുവയും കൂട്ടിയരച്ച് തലയിൽ തേച്ചുപിടിപ്പിക്കുന്നതു താരന് നല്ലതാണ്. കറിവേപ്പിലയും മഞ്ഞളും ചേർത്തുകാച്ചിയ മോരുകൂട്ടി ഊണുകഴിക്കുന്നതു നല്ല ദഹനശക്തി ഉണ്ടാക്കും. ഇങ്ങനെ കാച്ചിയ മോരിൽ അഷ്‌ടചൂർണം ചേർത്തുകൊടുക്കന്നത് കുഞ്ഞുങ്ങൾക്കു നല്ല വിശപ്പുണ്ടാകും. ദഹനശക്തി വർദ്ധിപ്പിക്കുകയും ചെയ്യും. കറിവേപ്പില അരച്ച് മോരിൽ കലക്കി കഴിക്കുന്നതു ശീലമാക്കിയാൽ നല്ല ശബ്‌ദമാധുര്യം ലഭിക്കും. അമിതവണ്ണം കുറയ്‌ക്കാൻ താല്‌പര്യം ഉള്ളവർ ഭക്ഷണത്തിൽ മറക്കാതെ ചേർക്കേണ്ടതാണ് കറിവേപ്പില

കരളിലെ കോശങ്ങളെ സംരക്ഷിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും മുറിവ് , വ്രണം എന്നിവ വളരെ പെട്ടെന്ന് ഉണക്കുകയും രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്ന കറിവേപ്പില കൊണ്ട് വേറെയും കുറേ ഗുണങ്ങളുണ്ട്.

ഔഷധപ്രയോഗങ്ങള്‍

* അതിസാരം ശമിക്കുവാനായി മോരില്‍ കറിവേപ്പില ചതച്ചിട്ട് കുടിക്കാവുന്നതാണ്.
* ക്ഷുദ്രജീവികള്‍ കടിച്ചുണ്ടാകുന്ന വിഷം ഇല്ലാതാക്കാനായി കറിവേപ്പില ചതച്ചിട്ട വെള്ളം കുടിക്കുക.
* പത്ത് കറിവേപ്പില വീതം മൂന്നു മാസം തുടര്‍ച്ചയായി കഴിക്കുന്നത് പ്രമേഹം നിയന്ത്രണത്തിലാക്കാന്‍ സഹായിക്കും.
* ചര്‍മ്മരോഗങ്ങള്‍ക്ക് കറിവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്തരച്ച മിശ്രിതം പുരട്ടുന്നത് നല്ലതാണ്.
* ഗ്യാസ് , വയറുവേദന, നെഞ്ചെരിച്ചില്‍ എന്നിവ ഇല്ലാതാക്കാനായി കറിവേപ്പില ചതച്ചതും ഇഞ്ചിനീരും ചേര്‍ത്ത് കഴിക്കാവുന്നതാണ്.
* കറിവേപ്പിലയിട്ടു കാച്ചിയെടുത്ത വെളിച്ചെണ്ണ മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും മുടിക്ക് കറുത്ത നിറമേകുകയും അകാലനര തടയുകയും ചെയ്യും .

കാബേജ്


കാബേജ് ഒരു ശീതകാല വിളയാണ്. കാബേജ് ഹെഡ് (ഇതാണ് കാബേജ് ആകുന്നത്) വിരിയാന്‍ തണുപ്പ് ആവശ്യം ആണ്. കോളി ഫ്ലവര്‍ നടീല്‍ രീതി മുന്‍പേ പോസ്റ്റ് ചെയ്തല്ലോ. അത് ഒന്ന് പരിശോധിക്കുക. ഇവ രണ്ടിന്‍റെയും കൃഷി രീതി ഒരേ പോലെ ആണ്. ഒരു കാബേജ് ചെടിയില്‍ നിന്നും ഒരു കാബേജ് മാത്രമേ ലഭിക്കു. പത്തു മൂട് നട്ടാല്‍ പത്തു കാബേജ് കിട്ടും.


മുന്‍പ് സൂചിപിച്ച പോലെ നമ്മുടെ നാടിനു ഇണങ്ങുന്ന തൈകള്‍ തിരഞ്ഞെടുക്കുക. സീസണ്‍ ആകുമ്പോള്‍ വി എഫ് പി സി കെ എല്ലാ ജില്ലകളിലും കാബേജ്, കോളി ഫ്ലവര്‍ തൈകള്‍ വിലപ്പനയ്ക്ക് വെയ്ക്കാറുണ്ട്. ഒരു തൈ രണ്ടു രൂപ നിരക്കില്‍ ലഭിക്കും.

നടീല്‍ രീതി:

ഒരു ചെറിയ കുഴിയെടുത്തു അതില്‍ കുറച്ചു എല്ല് പൊടി, വേപ്പിന്‍ പിണ്ണാക്ക്, ചാണകപ്പൊടി ഇവ ഇട്ടു കുഴി മൂടി കാബേജ് തൈകള്‍ നട്ടു. ആദ്യതെ കുറച്ചു ദിവസം തണല്‍ കൊടുത്തു. ദിവസവും മിതമായ നിരക്കില്‍ നനച്ചു. രണ്ടാഴ്ച ഇടവിട്ട്‌ ഉണങ്ങിയ ചാണകപ്പൊടി ഇട്ടു കൊടുത്തു. മണ്ണ് കയറ്റി കൊടുത്തു. രാസവളം ഉപയോഗിച്ചതെ ഇല്ല. കടല പിണ്ണാക്ക് പുളിപ്പിച്ചത്, ഫിഷ്‌ അമിനോ ആസിഡ് തുടങ്ങിയ ദ്രാവക രൂപത്തിലുള്ള വളം മാത്രം നല്‍കി.


കീട ബാധയും പ്രതിവിധിയും - തടത്തില്‍ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചത് രണ്ടാഴ്ച കൂടുമ്പോള്‍ വിതറുക. ഇലതീനി പുഴുക്കളെ അകറ്റാന്‍ കാന്താരി മുളക് ലായനി നേര്‍പ്പിച്ചു സ്പ്രേ ചെയ്യുക. സ്യുടോമോണാസ് രണ്ടാഴ്ച കൊടുമ്പോള്‍ ഇരുപതു ശതമാനം വീര്യത്തില്‍ ഒഴിച്ച് കൊടുക്കുന്നത് കട ചീയല്‍ , അഴുകല്‍ രോഗങ്ങളെ പ്രതിരോധിക്കും.

തക്കാളി

ഉഷ്‌ണകാലസസ്യമായ തക്കാളി തഴച്ചുവളരാന്‍ സൂര്യപ്രകാശം ധാരാളമായി കിട്ടണം. താപനിലയുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും.
തക്കാളിയുടെ ഉത്‌പാദനത്തേയും പോഷകമൂല്യത്തേയും വര്‍ണരൂപവത്‌കരണത്തേയും സൂര്യപ്രകാശം വളരെയധികം സ്വാധീനിക്കും. ഉഷ്‌ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ്‌ തക്കാളി നന്നായി വളരുന്നത്‌. ഏതാനും വര്‍ഷം ഫലം തരുന്ന തക്കാളി വാര്‍ഷികസസ്യമായിട്ടാണ്‌ വളര്‍ത്തി വരുന്നത്‌. നല്ലനീര്‍വാര്‍ച്ചയും വളക്കൂറും ഉളള മണ്ണാണ്‌ തക്കാളികൃഷിക്കു പറ്റിയത്‌. പുളിരസമുളള മണ്ണ്‌ തീരെ നന്നല്ല. പുളിമണ്ണില്‍ വളരുന്ന തക്കാളിക്ക്‌ ബാക്‌ടീരിയമൂലമുണ്ടാകുന്ന വാട്ടം പിടിപെടാനുളള സാധ്യത കൂടുതലാണുതാനും.
മണലും കളിമണ്ണും കലര്‍ന്ന പശിമരാശി മണ്ണാണ്‌ തക്കാളികൃഷി ചെയ്യാന്‍ അനുയോജ്യം. വര്‍ഷത്തില്‍ രണ്ടുതവണ കൃഷിയിറക്കാം. ശരത്‌, വര്‍ഷകാല വിളകള്‍ക്കായി ജൂണ്‍,ജൂലൈ മാസങ്ങളിലും വസന്തകാലവേനല്‍ക്കാല വിളകള്‍ക്കായി നവംബര്‍മാസത്തിലും വിത്തുവിതയ്‌ക്കുന്നു. ഒരു ഹെക്‌ടര്‍ സ്‌ഥലത്തേക്ക്‌ 400 ഗ്രാം വിത്ത്‌ ആവശ്യമാണ്‌. ഒരു ഗ്രാം വിത്തില്‍ ഏതാണ്ട്‌ 300 വിത്തുകളുണ്ടായിരിക്കും. വിത്തുപാകി മുളപ്പിച്ച തക്കാളിത്തൈകള്‍ ഉപയോഗിച്ചാണ്‌ കൃഷി നടത്തുന്നത്‌. തൈകള്‍ കുറച്ചുമതിയെങ്കില്‍ ചട്ടിയില്‍ മുളപ്പിക്കാം. കൂടുതല്‍ തൈകള്‍ വേണമെന്നുണ്ടെങ്കില്‍ ഉയര്‍ന്ന തടങ്ങളില്‍ ചാണകപ്പൊടി ചേര്‍ത്തിളക്കിയ സ്‌ഥലത്ത്‌ വിത്തുപാകണം. വിത്തുപാകി കിളിര്‍ത്ത്‌ ഒരുമാസം കഴിയുമ്പോള്‍ തൈകള്‍ നടാന്‍ പാകമാകും. തക്കാളിത്തൈകളുടെ തണ്ടിന്‌ നല്ല ബലം ഉണ്ടായതിനുശേഷമേ പറിച്ചുനടാവൂ.
വെളളം കെട്ടിക്കിടക്കാത്ത സ്‌ഥലത്ത്‌ 75 സെന്റീമീറ്റര്‍ അകലത്തില്‍ ചാലുകള്‍ എടുത്തുവേണം തൈകള്‍ നടാന്‍. തൈകള്‍ തമ്മില്‍ അറുപത്‌ സെന്റീമീറ്റര്‍ അകലമാകാം. തൈ നടുന്നതിനു മുമ്പ്‌ ഒരു സെന്റിന്‌ 325ഗ്രാം യൂറിയ 875 ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്‌ 80 ഗ്രാം മ്യൂറിയേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌ എന്നിവ ചേര്‍ക്കണം. തൈ നട്ട്‌ ഒരുമാസം കഴിയുമ്പോള്‍ 165 ഗ്രാം യൂറിയ 80 ഗ്രാം മ്യൂറിയേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌ എന്നിവ ചേര്‍ക്കണം. തൈനട്ട്‌ ഒരുമാസം കഴിയുമ്പോള്‍165 ഗ്രാം യൂറിയ 80 ഗ്രാം മ്യൂറിയേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌ എന്നിവ മേല്‍വളമായി ഇടാവുന്നതാണ്‌.
തൈകള്‍ അന്തരീക്ഷാവസ്‌ഥയില്‍ തുറസ്സായി വളര്‍ത്തുകയും ഇടക്കിടെ ജലസേചനം നടത്താതിരിക്കുകയും ചെയ്‌താല്‍ തണ്ട്‌ ബലമുള്ളതായിത്തീരും. തൈകള്‍ പറിച്ചുനടുമ്പോഴും നടീലിനു ശേഷവും വളരെവേഗം ആഗിരണം ചെയ്യാനാകുന്ന സസ്യപോഷകങ്ങള്‍ നല്‌കണം. നൈട്രജന്‍, ഫോസ്‌ഫറസ്‌ വളങ്ങള്‍ മണ്ണില്‍ ചേര്‍ക്കുന്നതും നേര്‍ത്ത ലായനി ഇലകളില്‍ തളിക്കുന്നതും ഗുണകരമാണ്‌. ക്രമമായ രീതിയിലുള്ള ജലസേചനം തക്കാളിക്കൃഷിക്ക്‌ നിര്‍ബന്ധമാണ്‌.
ഇടയ്‌ക്കിടെ ഇടയിളക്കുകയും കളകള്‍ നീക്കം ചെയ്യുകയും വേണം. മണ്ണിലെ ഈര്‍പ്പം നഷ്‌ടപ്പെടാതിരിക്കുന്നതിനും രോഗനിയന്ത്രണത്തിനും കളനിയന്ത്രണത്തിനും ആദായകരമായ കായ്‌ഫലം ലഭിക്കുന്നതിനും ഫലത്തിന്റെ മേന്മ വര്‍ദ്ധിക്കുന്നതിനും മണ്ണില്‍ വയ്‌ക്കോലോ അതുപോലുള്ള പദാര്‍ഥങ്ങളോ കൊണ്ട്‌ ആവരണമിടുന്നത്‌ നന്നായിരിക്കും.
തക്കാളിക്കുണ്ടാകുന്ന പ്രധാന രോഗം ബാക്‌ടീരിയല്‍ വാട്ടമാണ്‌. നിലമൊരുക്കുമ്പോള്‍ മണ്ണില്‍ കുറച്ചു കുമ്മായം ചേര്‍ക്കണം. വാട്ടത്തെ ചെറുക്കാന്‍ കഴുവുളള ശക്‌തി എന്ന ഇനം തക്കാളിയാണ്‌ കൃഷിക്ക്‌ നല്ലത്‌. പുഴുകുത്തിയ കായ്‌കള്‍ നശിപ്പിച്ചുകളയണം. വേരുചീയല്‍, ഫലം ചീയല്‍, പലവിധ കുമിളു രോഗങ്ങള്‍ എന്നിവ തക്കാളിയെ ബാധിക്കാറുണ്ട്‌.
പുകയില മൊസേക്ക്‌ വൈറസ്‌, ഇലച്ചുരുള്‍ വൈറസ്‌ തുടങ്ങിയവയും രോഗങ്ങളുണ്ടാക്കുന്ന വിവിധയിനം കീടങ്ങളും തക്കാളിച്ചെടിക്കു ഭീഷണിയായിത്തീരാറുണ്ട്‌. കായ്‌തുരപ്പന്‍ പുഴുവിന്റെ ഉപദ്രവം കണ്ടു തുടങ്ങിയാല്‍ മീനെണ്ണ കലര്‍ത്തിയ സോപ്പുലായനി തളിച്ചാല്‍ ഒരുപരിധി വരെ നിയന്ത്രിച്ചുനിര്‍ത്താം.

അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate