অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സിലിക്ക വളപ്രയോഗം

ഭൂമിയുടെ ഉപരിഭാഗത്തില്‍, ഓക്സിജന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന മൂലകമാണ് സിലിക്കണ്‍. ഒരു സസ്യത്തിന്റെ ജീവിതചക്രം പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ മൂലകങ്ങളുടെ കൂട്ടത്തില്‍ സിലക്ക ഉള്‍പ്പെടുന്നില്ലെങ്കിലും വിളകളുടെ വളര്‍ച്ചയെയും വിളവിനെയും സിലിക്ക വര്‍ധിപ്പിക്കുന്നതായാണ് ഗവേഷണങ്ങള്‍ തെളിയിച്ചിരിക്കുന്നത്. രാസവളങ്ങളിലൂടെ വിളകള്‍ക്കു നല്‍കുന്ന പ്രാഥമിക മൂലകങ്ങളുടേതിനു തുല്യമോ അധികമോ ആയ അളവില്‍ സിലിക്കണ്‍ സസ്യങ്ങളില്‍ കാണപ്പെടുന്നു.

സസ്യങ്ങളില്‍ സിലിക്കണ്‍ മൂലകത്തിന്റെ പ്രാധാന്യം:

 

1. സസ്യകോശത്തിന്റെ പുറത്തെ ആവരണത്തിലും (epidermis) വാസ്കുലാര്‍ കലകളുടെ ഭഭിത്തികളിലും സിലിക്ക അടിഞ്ഞു കൂടുന്നതുമൂലം ശക്തിയും സ്ഥിരതയും രോഗകീടങ്ങളില്‍നിന്ന് പ്രതിരോധവും വിളകള്‍ക്ക് ലഭിക്കുന്നു.

2. സിലിക്ക അടിഞ്ഞുകൂടിയ കോശങ്ങള്‍ ജനാലകളായി പ്രവര്‍ത്തിച്ച് അള്‍ട്രാ വയലറ്റ് രശ്മികളെ അരിച്ച് ചെടിയിലേക്കു സംക്രമിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു.

3. ഡിഎന്‍എയുടെയും ആര്‍എന്‍എയുടെയും ഒരു പ്രധാന ഘടകമാണ്.

4. തണ്ടിനും വേരിനും നല്ല ബലം നല്‍കി സസ്യങ്ങള്‍ ചാഞ്ഞു വീഴുന്നത് തടയുന്നു.

5. ഇലകളെ നിവര്‍ത്തിനിര്‍ത്തി പ്രകാശസംശ്ലേഷണം ത്വരിതപ്പെടുത്തുന്നു.

6. അമ്ലത്വം കൂടിയ വെട്ടുകല്‍ മണ്ണില്‍ അധിക അളവില്‍ അടങ്ങിയിട്ടുള്ള ഇരുമ്പ്, മാംഗ്നീസ്, അലൂമിനിയം തുടങ്ങിയ മൂലകങ്ങളെ സസ്യങ്ങള്‍ അധികമായി ആഗിരണം ചെയ്യുന്നു. ഇത് മറ്റു മൂലകങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. സിലിക്ക ഒരു പാളിയായി വേരുകളില്‍ അടിയുന്നതുമൂലം ഈ മൂലകങ്ങള്‍ ചെടി വലിച്ചെടുക്കുന്നത് ഒരുപരിധിവരെ കുറയ്ക്കുന്നു.

7. ജലദൗര്‍ലഭ്യത്തെ അതിജീവിക്കാന്‍ കഴിവു നല്‍കുന്നു.കനത്ത ചൂടിലോ വരള്‍ച്ചയിലോ സ്വേദനപ്രക്രിയ ത്വരിതപ്പെടുന്നതുമൂലം വാസ്കുലാര്‍ കലകള്‍ സങ്കോചിക്കുകയും ക്രമേണ നശിക്കുകയും ചെടികള്‍ പെട്ടെന്ന് വാടുകയും ചെയ്യുന്നു. സിലിക്ക ഉപയോഗിക്കുമ്പോള്‍ വാസ്കുലാര്‍ കലകളില്‍ ഈ മൂലകം അടിഞ്ഞ്, പാളി രൂപപ്പെടുകയും അങ്ങനെ സങ്കോചത്തെ തടയുകയും ചെയ്യുന്നു.

8. കോശങ്ങളിലെ പുറത്തെ ആവരണത്തില്‍ (Epidermis) സിലിക്കണ്‍ അടിഞ്ഞുകൂടി പോളിമറൈസ് ചെയ്ത് പോളി സിലിസിക് ആസിഡ് ആകുകയും അത് സിലിക്കയായി മാറുകയും ചെയ്യുന്നു. ഇതാണ് കട്ടികൂടിയ സിലിക്കണ്‍ പാളി, ഈ രണ്ടാം പുറംചട്ട സസ്യങ്ങളെ യാന്ത്രികമായി ശക്തിപ്പെടുത്തി രോഗകീടങ്ങളില്‍നിന്നു സംരക്ഷിക്കുന്നു.

9. കാര്‍ഷികവിളകളുടെ വളര്‍ച്ചയെയും വിളവിനെയും വര്‍ധിപ്പിക്കുന്നു. നിരവധി ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് സസ്യങ്ങളുടെ (നെല്ല്, കരിമ്പ്, വെള്ളരിവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ) വളര്‍ച്ചയെയും വിളവിനെയും വര്‍ധിപ്പിക്കുന്നതായാണ്.

സിലിക്ക പ്രയോഗം നെല്‍കൃഷിയില്‍


കൊല്ലം ജില്ലയിലെ മണ്ണുകളില്‍, പ്രത്യേകിച്ച് നെല്‍പ്പാടത്ത് ഇരുമ്പിന്റെയും മാംഗ്നീസിന്റെയും തോത് കൂടുതലായതുമൂലം മറ്റു പോഷകങ്ങള്‍ പലപ്പോഴും നെല്ലിന് കിട്ടാതെ പോകുന്നു. പക്ഷെ, ഈ മൂലകങ്ങള്‍ ലഭ്യമാകുന്നതില്‍ സിലക്കണ്‍ പ്രധാന പങ്കുവഹിക്കുന്നു. സിലിക്ക വളമായി നല്‍കുന്നതുമൂലം നെല്ലിന്റെ വളര്‍ച്ചയുടെ പല ഘട്ടത്തിലും മൂലകങ്ങള്‍ വലിച്ചെടുത്ത് പോഷകക്കമ്മി അകറ്റി നെല്ലിന്റെ വിളവു വര്‍ധിപ്പിക്കുന്നു. സോഡിയം സിലിക്കേറ്റ് (250 കി.ഗ്രാം/ഹെക്ടര്‍) ഫൈന്‍ സിലിക്ക (100 കി.ഗ്രാം/ഹെ.) അല്ലെങ്കില്‍ ഉമിച്ചാരം (500 കി.ഗ്രാം/ഹെ.) ഇവയൊക്കെ സിലിക്ക അടങ്ങിയ വളങ്ങളാണ്. സോഡിയം സിലിക്കേറ്റാണ് നല്‍കുന്നതെങ്കില്‍ തലേദിവസമോ നടുന്ന അന്നുതന്നെയോ നല്‍കാവുന്നതാണ്. മണ്ണുമായി നന്നായി കൂട്ടിക്കലര്‍ത്തണം. ഫൈന്‍ സിലിക്ക, ഉമിച്ചാരം എന്നിവ ഉപയോഗിക്കുകയാണെങ്കില്‍ വിതയ്ക്കുന്നതിന് 2-3 ആഴ്ച മുമ്പ് മണ്ണില്‍ ചേര്‍ത്തുകൊടുക്കണം. ഗ്ലാസ് ഫാക്ടറികളില്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുവാണ് ഫൈന്‍ സിലിക്ക.കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള സദാനന്ദപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊല്ലം കൃഷി വിജ്ഞാനകേന്ദ്രം പുതിയ ഈ വളപ്രയോഗരീതി പരീക്ഷണമായി അഞ്ചു കര്‍ഷകരുടെ സ്ഥലങ്ങളില്‍ സംഘടിപ്പിച്ചു.

പുതിയതും പഴയതുമായ വളപ്രയോഗരീതി


വളം പുതിയ രീതി പഴയ രീതി
ജൈവവളം അഞ്ച് ടണ്‍ അഞ്ച് ടണ്‍
കുമ്മായം 150 കി.ഗ്രാം 600 കി.ഗ്രാം
നൈട്രജന്‍ 90 കി.ഗ്രാം 90 കി.ഗ്രാം
ഫോസ്ഫറസ് 45 കി.ഗ്രാം 45 കി.ഗ്രാം
പൊട്ടാസ്യം 120 കി.ഗ്രാം 45 കി.ഗ്രാം

സിലിക്ക 100 കി.ഗ്രാം ഇല്ല പുതിയ ശുപാര്‍ശയില്‍ കുമ്മായത്തിന്റെ അളവ് പഴയ ശുപാര്‍ശയുടെ നാലിലൊന്നു മാത്രം മതി (150 കി.ഗ്രാം).

നെല്ലില്‍ സിലിക്ക ഉപയോഗിച്ചപ്പോള്‍ ഉണ്ടായ വ്യത്യാസം കര്‍ഷകര്‍തന്നെ സാക്ഷ്യപ്പെടുത്തുകയുണ്ടായി.പുതിയ വളപ്രയോഗരീതി അനുവര്‍ത്തിച്ചപ്പോള്‍ നെല്ലില്‍ ഒരു ഹെക്ടര്‍ സ്ഥലത്തുനിന്ന്6.33 ടണ്‍ നെല്ലും 9.13 ടണ്‍ വൈക്കോലുമാണ് ലഭിച്ചത്. പഴയ വളപ്രയോഗരീതില്‍ ഇത് യഥാക്രമം 5.82 ടണ്ണും 7.59 ടണ്ണും (ഒരു ഹെക്ടറില്‍നിന്ന്) ആയിരുന്നു. കീടരോഗ ആക്രമണം സിലിക്ക ഉപയോഗിച്ച പ്ലോട്ടുകളില്‍ 15 ശതമാനവും ഉപയോഗിക്കാത്ത പ്ലോട്ടുകളില്‍ 30.6 ശതമാനവും ആയിരുന്നു. ഈ പരീക്ഷണ വിജയത്തെത്തുടര്‍ന്ന് കൊല്ലം ജില്ല കൃഷി വകുപ്പ്, ആത്മ, ലീഡ്സ് പദ്ധതിയില്‍ ഈ പുതിയ വിളപരിപാലന രീതി പരീക്ഷിക്കുകയുണ്ടായി. ഉയര്‍ന്ന വിളവ് രേഖപ്പെടുത്തിയതു മൂലം ഈ സാമ്പത്തികവര്‍ഷം നിരവധി പാടശേഖരങ്ങളില്‍ സിലിക്ക ഉള്‍പ്പെടുന്ന വിളപരിപാലനരീതി വ്യാപിപ്പിച്ചിട്ടുണ്ട്.

 

കടപ്പാട് :ഡോ. പൂര്‍ണിമ യാദവ് പി ഐ, മനു സി ആര്‍,

ഡോ. നോബിള്‍ എബ്രഹാം

(കേരള കാര്‍ഷിക സര്‍വകലാശാല കൊല്ലം സദാനന്ദപുരം കൃഷി വിജ്ഞാനകേന്ദ്ര)

അവസാനം പരിഷ്കരിച്ചത് : 5/4/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate