অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കര നെല്‍കൃഷി

കേരളത്തില്‍ നെല്‍കൃഷിയുടെ വിസ്തൃതി അനുദിനം കുറഞ്ഞുവരികയാണ്. വ്യവസായങ്ങള്‍ക്കും പാര്‍പ്പിട സമുച്ചയങ്ങള്‍ക്കുമായി നെല്‍വയലുകള്‍ വഴിമാറിക്കൊണ്ടിരിക്കുന്നു. ഭക്ഷ്യസുരക്ഷ വെല്ലുവിളിയാകുന്ന ഇക്കാലത്ത് ലഭ്യമായ സ്ഥലത്തെല്ലാം കൃഷി പ്രോത്സാഹിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലങ്ങളാണ് കരനെല്‍കൃഷിക്ക് യോജിച്ചത്. എന്നാല്‍, 25 വര്‍ഷത്തിന് മുകളില്‍ പ്രായമുള്ള തെങ്ങിന്‍തോട്ടങ്ങളിലും റബ്ബര്‍ തൈകള്‍ നട്ടിരിക്കുന്നതിനിടയിലും വീട്ടുവളപ്പുകളിലും വിജയകരമായി കരനെല്ല് കൃഷിചെയ്യാമെന്ന് തെളിഞ്ഞിട്ടുണ്ട്.
സാധാരണയായി മഴയെ ആശ്രയിച്ച് ചെയ്യുന്ന കരനെല്‍കൃഷി ഏപ്രില്‍ മാസത്തിലെ മഴയോടെ ആരംഭിക്കാം. ജലസേചനസൗകര്യമുള്ള പ്രദേശങ്ങളില്‍ വര്‍ഷംമുഴുവനും കരനെല്‍കൃഷി ചെയ്യാവുന്നതാണ്.


സ്ഥലമൊരുക്കല്‍


ഏപ്രിലില്‍ കിട്ടുന്ന വേനല്‍മഴയോടുകൂടി കൃഷിസ്ഥലം ഉഴുത് കട്ടകളുടച്ച് നിരപ്പാക്കണം. മെയ് മാസത്തില്‍ മഴ തുടങ്ങുന്നതോടുകൂടി വിത്ത് വിതയ്ക്കാം. കരനെല്‍കൃഷിയിലെ പ്രധാനപ്രശ്‌നം കളശല്യമാണ്. അതിനാല്‍ കൃഷിയിടം ഒരുക്കുമ്പോള്‍ത്തന്നെ കളകള്‍ വേരുള്‍പ്പെടെ പരമാവധി നീക്കംചെയ്യാന്‍ ശ്രദ്ധിക്കണം.

കരപ്രദേശങ്ങളില്‍ പൊതുവേ ജൈവാംശം കുറവായതിനാല്‍ സെന്റിന് 20 കിലോ എന്ന തോതില്‍ ജൈവവളം ഉഴുത് ചേര്‍ക്കണം.
50 കിലോ ഉണങ്ങിയ ചാണകപ്പൊടിക്ക് രണ്ടര കിലോഗ്രാം എന്ന തോതില്‍ 'സ്യൂഡോമോണസ്' എന്ന ജൈവകുമിള്‍നാശിനി മണ്ണില്‍ ചേര്‍ക്കുന്നത് കുമിള്‍രോഗം നിയന്ത്രിക്കും.


വിത്തും വിതയും


മഴയെമാത്രം ആശ്രയിച്ച് കൃഷിചെയ്യുമ്പോള്‍ നാടന്‍ ഇനങ്ങളായ കൊച്ചുവിത്ത്, കട്ടമോടന്‍, കറുത്തമോടന്‍, ചുവന്നമോടന്‍, സുവര്‍ണമോടന്‍ തുടങ്ങിയവ തിരഞ്ഞെടുക്കാം. പാടത്ത് കൃഷിചെയ്യുന്ന അത്യുത്പാദനശേഷിയുള്ള ഇനങ്ങളായ ജ്യോതി, സ്വര്‍ണപ്രഭ, അന്നപൂര്‍ണ, മട്ടത്രിവേണി, രോഹിണി, ഐശ്വര്യ തുടങ്ങിയവയും കരനെല്‍കൃഷിക്ക് അനുയോജ്യമാണ്.

ഒരുസെന്റ് കൃഷിചെയ്യാന്‍ 400 ഗ്രാം വിത്ത് ആവശ്യമായി വരാം. പൊടിവിതയാണ് സാധാരണ അനുവര്‍ത്തിക്കുന്നത്. കുമിള്‍രോഗങ്ങളെ ചെറുക്കുന്നതിനായി പരിചരണം നടത്തിയ വിത്ത് ഉപയോഗിക്കുന്നതാണ് നല്ലത്. ഒരു കിലോഗ്രാം വിത്തിന് 10 ഗ്രാം എന്ന തോതില്‍ സ്യൂഡോമോണാസ്, വിത്തുമായി കലര്‍ത്തി 12 മുതല്‍ 14 മണിക്കൂര്‍ വെച്ചശേഷം വിതയ്ക്കാം.വിത്ത് തുല്യമായി വീഴത്തക്കവിധം പാകി വിത്തുമൂടുന്ന തരത്തില്‍ അതിനുമീതെ പൊടിമണ്ണോ മണലോ വിതറണം. മഴയില്ലെങ്കില്‍ ഇടയ്ക്ക് നനച്ചുകൊടുക്കണം. വിത്ത് മുളച്ച് 15 ദിവസം കഴിയുമ്പോള്‍ ആവശ്യത്തിലധികമുള്ള ഞാറ് പിഴുതുമാറ്റുകയും ഞാറില്ലാത്ത ഇടങ്ങളില്‍ ഞാറ് നടുകയും വേണം.


വളപ്രയോഗം


നാടന്‍ ഇനങ്ങള്‍ക്ക് സെന്റൊന്നിന് അടിവളമായി 120 ഗ്രാം യൂറിയ, 400 ഗ്രാം മസ്സൂറിഫോസ്, 100 ഗ്രാം പൊട്ടാഷ് എന്നിവ അവസാന ഉഴവോടെ മണ്ണില്‍ ചേര്‍ക്കണം. ചിനപ്പ് പൊട്ടുന്ന സമയം (വിതച്ച് മൂന്നാഴ്ചയ്ക്കുശേഷം) ഒന്നാം ഗഡുവായി 120 ഗ്രാം യൂറിയയും അടിക്കണ പരുവത്തില്‍ (50 ദിവസത്തിനുശേഷം) രണ്ടാംഗഡുവായി 120 ഗ്രാം യൂറിയ, 100 ഗ്രാം പൊട്ടാഷ് എന്നിവയും നല്‍കാം.

ഇടത്തരം മൂപ്പുള്ള അത്യുത്പാദനശേഷിയുള്ള ഇനങ്ങള്‍ക്ക് 260 ഗ്രാം യൂറിയ, 900 ഗ്രാം മസ്സൂറിഫോസ്, 150 ഗ്രാം പൊട്ടാഷ് എന്നിവ അടിവളമായി ചേര്‍ക്കണം. വിതച്ച് മുപ്പത് ദിവസം കഴിഞ്ഞ് ഒന്നാംഗഡുവായി 260 ഗ്രാം യൂറിയയും 60 ദിവസം കഴിഞ്ഞ് രണ്ടാംഗഡുവായി 260 ഗ്രാം യൂറിയ, 150 ഗ്രാം പൊട്ടാഷ് എന്നിവയും നല്‍കണം.

വിതയ്ക്കുന്ന സമയത്ത് മണ്ണില്‍ നനവില്ലെങ്കില്‍ വിത്ത് മുളച്ച് ഒരാഴ്ച കഴിഞ്ഞ് അടിവളങ്ങള്‍ നല്‍കിയാല്‍ മതി. രാസവളം നല്‍കുമ്പോള്‍ മണ്ണില്‍ വേണ്ടത്ര നനവില്ലെങ്കില്‍ ചെടി കരിഞ്ഞുപോകും. അടിക്കണ പരുവത്തിലും കതിര് നിരക്കുമ്പോഴും ജലലഭ്യത ഉറപ്പാക്കണം.


സസ്യസംരക്ഷണം


കരനെല്‍കൃഷിയില്‍ ഇലപ്പുള്ളിപോലുള്ള കുമിള്‍രോഗങ്ങളും ബാക്ടീരിയല്‍ ഇലകരിച്ചിലും കാണാറുണ്ട്. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ച് കുമിള്‍രോഗങ്ങളെ നിയന്ത്രിക്കാം. വിത്ത്, പരിചരണം നടത്തുകയും ജൈവവളത്തോടൊപ്പം സ്യൂഡോമോണാസും മണ്ണില്‍ ചേര്‍ത്താല്‍ കുമിള്‍ രോഗങ്ങളെ ഒരളവുവരെ നിയന്ത്രിക്കാന്‍ കഴിയും.

കീടങ്ങളായ തണ്ടുതുരപ്പനേയും ഇലചുരുട്ടിയേയും പ്രതിരോധിക്കുന്നതിന് ട്രൈക്കോകാര്‍ഡുകള്‍ ഉപയോഗിക്കാം. നട്ട് ഒരാഴ്ചയ്ക്കും 20 ദിവസത്തിനുംശേഷം ട്രൈക്കോകാര്‍ഡുകള്‍ നെല്ലോലകളില്‍ നിക്ഷേപിക്കുന്നത് തണ്ടുതുരപ്പനേയും ഇലചുരുട്ടിയെയും നിയന്ത്രിക്കും. തൃശ്ശൂര്‍ മണ്ണുത്തിയിലെ ബയോകണ്‍ട്രോള്‍ ലാബില്‍നിന്ന് ട്രൈക്കോകാര്‍ഡുകള്‍ ലഭിക്കുന്നതാണ്.മഴയെ ആശ്രയിച്ചാണ് കരനെല്‍കൃഷിയെങ്കിലും വളര്‍ച്ചയുടെ അത്യാവശ്യഘട്ടങ്ങളില്‍ ജലസേചനം നല്‍കുകയാണെങ്കില്‍ വിളവ് വര്‍ധിപ്പിക്കുവാന്‍ കഴിയും.

കടപ്പാട് : നിഷ എസ്.കെ.

അവസാനം പരിഷ്കരിച്ചത് : 6/2/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate