অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തെങ്ങിലെ സമ്മിശ്ര കൃഷി

തെങ്ങ് കൃഷി

കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന സാധാരണക്കാരന്‍റെ കൃഷിയാണ് തെങ്ങ് കൃഷി. കേവലം 5 സെന്‍റ് മാത്രം കൈവശമുള്ള കര്‍ഷക തൊഴിലാളിപോലും തെങ്ങിനെ സ്വന്തം കുടുംബാംഗത്തെപ്പോലെ സ്വീകരിക്കുന്നു. വീട്ടു വളപ്പിലെ തെങ്ങ് ഭക്ഷണത്തിനും ശീതളപാനീയത്തിനും പാര്‍പ്പിടത്തിനും പാചകത്തിനും ആവശ്യമായതെല്ലാം നല്‍കുന്ന കല്‍പവൃക്ഷമായിട്ടാണ് കേരളീയര്‍ കരുതുന്നത്. ദേശീയ കാര്‍ഷിക മേഖലയിലെ മുഖ്യ ഘടകം എന്നതിലുപരി പരമ്പരാഗതമായി തദ്ദേശ ഗ്രാമീണ സമ്പത്തിന്‍റെ ഭാഗമാണ് നാളികേരകൃഷി. കേരളത്തിലെ പുതിയ കാര്‍ഷികനയരേഖ പ്രകാരം 35 ലക്ഷം കുടുംബങ്ങള്‍ തെങ്ങിനെ ആശ്രയി്ച് ജീവസന്ധാരണം നടത്തുന്നവരാണെന്ന് കാണാം. തെങ്ങിന്‍ കര്‍ഷകരില്‍ 90% വും ഒരു ഹെക്ടറില്‍ താഴെ മാത്രം സ്ഥലമുള്ള കര്‍ഷകരാണെന്ന് കാണാം. ചെറിയ തെങ്ങിന്‍ തോട്ടങ്ങളില്‍ നിന്നുള്ള വരുമാനം സാധാരണ കുടുംബങ്ങള്‍ക്ക് നിലനിന്നുപോവുന്നതിന് പര്യാപ്തമല്ല. വെളിച്ചെണ്ണ വിലയില്‍ അടിക്കടിയുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളാണ് ഈ രംഗത്ത് കര്‍ഷകര്‍ നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി. അടുത്തിടെ ഭക്ഷ്യയോഗ്യമായ മറ്റ് എണ്ണകളുടെ വില വര്‍ദ്ധിക്കുകയും വെളിച്ചെണ്ണയ്ക്ക് മാത്രം വില കുറയുകയും ചെയ്ത പ്രതിഭാസത്തിന് നാം സാക്ഷ്യം വഹിച്ചതാണ്. സോപ്പ്, സുഗന്ധതല, ആയുര്‍വേദ കമ്പനികളുടെ ശക്തമായ ഇടപെടലാണ് ഇതിന് കാരണമായി പരിഗണിക്കപ്പെടുന്നത്.
നാളികേര വികസന ബോര്‍ഡിന്‍റെ അഭിപ്രായത്തില്‍ നാളികേര മേഖലയെ സഹായിക്കുന്നതിന് ഉല്പാദനവും ഉല്‍പാദനക്ഷമതയും വര്‍ദ്ധിപ്പാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
അതോടൊപ്പം തന്നെ പ്രധാനമാണ് ഉല്‍പ്പന്ന വൈവിദ്ധ്യ വല്‍ക്കരണവും ഇടവിള കൃഷിയും. തെങ്ങിന്‍തോപ്പുകളില്‍ നിന്നും സുസ്ഥിരമായ ഒരു വരുമാനം ലഭ്യമാക്കുന്നതിന് ഇടവിള കൃഷി ഏറ്റവും അനുയോജ്യമാണ്. കേരളത്തില്‍ 9.2 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് തെങ്ങ് കൃഷി ചെയ്യുന്നു എന്നതാണ് കണക്ക്. അതായത് നമ്മുടെ വിളഭൂമിയുടെ 42% സ്ഥലവും തെങ്ങു കൃഷിക്കായി ഉപയോഗപ്പെടുത്തിയിരിക്കുന്നു എന്ന് കാണാം. സമ്മിശ്രകൃഷിയിടല്‍ രീതി ഏറ്റവും സാധ്യമായ തെങ്ങു കൃഷിയില്‍ ഏകദേശം 8% കര്‍ഷകര്‍ മാത്രമേ സമ്മിശ്ര കൃഷിരീതി അവലംബിക്കുന്നുള്ളൂ എന്നത് ഏറെ ശോചനീയമായ അവസ്ഥയാണ്.
മറ്റുവിളകളെപ്പോലെ ഇടവിള കൃഷി തെങ്ങിന്‍റെ ഉല്പാദനക്ഷമതയെ ബാധിക്കുന്നില്ല. ലഭ്യമായ പ്രകൃതി വിഭവങ്ങള്‍ പരമാവധി ഗുണകരമായി ഉപയോഗിക്കുന്ന രീതിയില്‍ ആയിരിക്കണം വിളകള്‍ തിരഞ്ഞെടുക്കേണ്ടത്. മുഖ്യവിളയായ തെങ്ങുമായി പ്രകൃതി വിഭവങ്ങള്‍ക്കുള്ള മല്‍സരം ഒഴിവാക്കുന്ന രീതിയില്‍ വേണം ഇടവിളകള്‍ ക്രമീകരിക്കേണ്ടത്. ഓരോ വിളകള്‍ക്കും ആവശ്യമായ ജലവും പോഷണവും ലഭ്യമാക്കുന്ന രീതിയില്‍ ജലസേചനവും വളപ്രയോഗവും ക്രമീകരിക്കേണ്ടതുമാണ്. വൃക്ഷവിള/സുഗന്ധ വിളകളായ കവുങ്ങ്, ജാതി, കൊക്കോ, കുരുമുളക് തുടങ്ങിയവയാണ് പ്രധാനമായും ഇടവിളയായി കൃഷി ചെയ്യാന്‍ യോഗ്യമായത്. അതോടൊപ്പം ധാന്യങ്ങള്‍, പയറു വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, പച്ചക്കറിവിളകള്‍, പഴ വര്‍ഗ്ഗങ്ങളായ വാഴ, കൈതച്ചക്ക, പപ്പായ, പേര, നാരകം തുടങ്ങിയവയും വിജയകരമായി കൃഷി ചെയ്യാന്‍ കഴിയും. തീറ്റപ്പുല്‍കൃഷി വളരെ കാര്യമായി ചെയ്യാന്‍ കഴിയുന്ന ഒരു ഇടവിള കൃഷിയാണ്. ഔഷധ സസ്യങ്ങളായ ചിറ്റാടലോടകം, കരിങ്കുറിഞ്ഞി, നാഗദന്തി, രാമച്ചം, തിപ്പലി എന്നിവയും ഇടവിള കൃഷിക്കനുയോജ്യമാണ്. വൈവിധ്യമാര്‍ന്ന വിളകള്‍ ഒരു തോട്ടത്തില്‍നിന്നും ഉല്പാദിപ്പിക്കാന്‍ കഴിയുന്നു എന്നത് ഭക്ഷ്യവിളകളുടെ ലഭ്യത ഉറപ്പാക്കുന്നു എന്ന കാര്യം, മികച്ച വരുമാനം ലഭ്യമാക്കുന്നു എന്നതിലുപരി പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യമാണ്. സൂര്യപ്രകാശം കാര്യക്ഷമമായി ഉപയോഗിക്കുന്നു, മണ്ണിന്‍റെ ഈര്‍പ്പത്തിന്‍റെ അളവ് വര്‍ദ്ധിക്കുന്നു, മണ്ണിന്‍റെ ഫലഭൂയിഷ്ഠത വര്‍ദ്ധിക്കുന്നു, മണ്ണൊലിപ്പും, പോഷക നഷ്ടവും കുറയ്ക്കുന്നു എന്നിവയാണ് തെങ്ങിന്‍റെ ഇടവിള കൃഷി കൊണ്ടുള്ള പ്രധാന നേട്ടങ്ങള്‍. തെങ്ങിലെ ഇടവിള കൃഷിയില്‍ ജൈവവസ്തുക്കളുടെ പുനരുപയോഗം കാര്യക്ഷമമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. തെങ്ങുകൃഷിക്ക് അനുബന്ധമായി പശു, മറ്റു ആടുമാടുകള്‍, ജൈവ വസ്തുക്കള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താനും അതുവഴി അധികവരുമാനം ലഭ്യമാക്കുന്ന ഈ രീതി കേരളത്തിലെ കര്‍ഷകര്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ തെങ്ങു കര്‍ഷകര്‍ക്ക് സ്ഥായിയായ ഒരു വരുമാനമാര്‍ഗ്ഗമായി അത് മാറും എന്ന് നമുക്ക് പ്രത്യാശിക്കാം. പ്രകൃതി വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പു വരുത്തുന്നതും, വിളവൈവിദ്ധ്യം പ്രോല്‍സാഹിപ്പിക്കുന്നതും, പരിസ്ഥിതി സൗഹൃദമായതുമായ ഒരു രീതി എന്ന നിലയ്ക്ക് ഈ രീതി പ്രോല്‍സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ എല്ലാ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്.

തെങ്ങിന്‍റെ ജൈവ കൃഷി കേരളത്തില്‍ - സാധ്യതകള്‍, പരിമിതികള്‍, മാര്‍ഗ്ഗങ്ങള്‍

ഇന്ത്യയിലെ  നാളികേര മേഖലയില്‍ വിസ്തീര്‍ണ്ണത്തിലും ഉത്പാദനത്തിലും മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കിലും ഉത്പാദന ക്ഷമതയില്‍ വളരെ പിന്നിലാണ് കേരളത്തിന്‍റെ സ്ഥാനം. നമ്മുടെ സംസ്ഥാനത്തിന്‍റെ പരമ്പരാഗത വിളയാണെങ്കിലും സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങള്‍ കൊണ്ട് പരിചരണം നഷ്ടപ്പെട്ട തെങ്ങ് അതുമൂലമുള്ള രോഗ-കീടാക്രമങ്ങളുടെ പിടിയിലമര്‍ന്ന് അപചയം നേരിടുകയാണിന്ന്. തെങ്ങിന്‍റെ ചങ്ങാതികൂട്ടങ്ങളും, നാളികേര കര്‍ഷകരുടെ സംഘങ്ങളും, നീര ഉത്പാദനവുമൊക്കെയായി ഈ മേഖലയില്‍ ഒരു പുത്തനുണര്‍വ് പ്രകടമാകുന്നുണ്ടെങ്കിലും ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കാനുള്ള പരിചരണമുറകള്‍ ഏറെ മുന്നോട്ട് പോകാനുണ്ട്. ഇത്തരുണത്തിലാണ് തെങ്ങിന്‍റെ ജൈവകൃഷിയുടെ സാധ്യതകള്‍ പരിശോധിക്കപ്പെടുന്നത്. ഒറ്റയടിക്കുള്ള ഉത്പദാനക്ഷമത വര്‍ദ്ധനവ് സാധ്യമല്ലെങ്കിലും കൃത്യവും സൂക്ഷ്മവും നിരന്തരവുമായ പരിചരണങ്ങളിലൂടെ സുസ്ഥിരവും ആദായകരവുമായ ഉത്പാദനം ജൈവകൃഷിയിലൂടെ സാധ്യമാക്കാമെന്നാണ് അനുഭവങ്ങളും പഠനങ്ങളും തെളിയിക്കുന്നത്. കാലാവസ്ഥാവ്യതിയാനം എന്ന ഭീഷണിയെ ഒരു പരിധി വരെ പ്രതിരോധിക്കാനും ഈ കൃഷിരീതിക്ക് കഴിയും. ജൈവ ഉത്പന്നങ്ങളെന്ന രീതിയില്‍ ഇളനീരും, നാളികേരവും വെളിച്ചെണ്ണയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും വിപണനം ചെയ്യുകയും തെങ്ങിന്‍ തോട്ടങ്ങളില്‍ ജൈവരീതിയില്‍ ഇടവിളകൃഷി ചെയ്യുകയും ഇതെല്ലാം ചേര്‍ത്ത് ജൈവഫാംടൂറിസം പ്രോത്സാഹിപ്പിക്കുകയും ചെയ്താല്‍ നാളികേരമേഖലയില്‍ നിന്നുമാത്രം സുസ്ഥിരമായ ജീവനോപാധി കണ്ടെത്താന്‍ കേരളീയര്‍ക്ക് കഴിയേണ്ടതാണ്. പുതിയ തോട്ടങ്ങളും പഴയ തോട്ടങ്ങളും പുനരുജ്ജീകരണവും സാധ്യമാക്കി ദീര്‍ഘകാലാടിസ്ഥാനത്തില്‍ അനുബന്ധപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലൂടെ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയൂ.

നാളികേരകൃഷിയും മണ്ണിന്‍റെ ആരോഗ്യവും

നാളികേര വിസ്തൃതിയുടെ കാര്യത്തില്‍ ഒന്നാംസ്ഥാനമുള്ള നമ്മുടെ സംസ്ഥാനം ഉല്പാദനത്തിലും ഉല്പാദനക്ഷമതയിലും വളരെ പിറകിലാണ്. കേരളത്തിലെ ഉല്പാദനക്ഷമത കേവലം 51.88 മാത്രമാണ്. ഇത് ദേശീയ ശരാശരിയായ 7215 നെക്കാള്‍ 30% ഓളം കുറവാണെന്ന് കാണാം. അതായത് നമ്മുടെ തെങ്ങുകളുടെ ശരാശരി ഉല്പാദനക്ഷമത കേവലം 39 നാളികേരം മാത്രം. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍തമിഴ്നാട്ടില്‍ 60 ഉം ഗുജറാത്തില്‍ 59 ഉം പശ്ചിമബംഗാളില്‍ 50 ഉം പോണ്ടിച്ചേരിയില്‍ 52 ഉം ആസമില്‍ 53 ഉം 'ദേശീയ ശരാശരി 41 ഉം ആണെന്ന് കാണാം. അതായത് നാളികേരകൃഷിയില്‍ കേരളം പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു.
കാലാവസ്ഥ വ്യതിയാനം, മണ്ണൊലിപ്പ്, മണ്ണിന്‍റെ ആരോഗ്യത്തില്‍ വന്ന അപചയം, അധികരിച്ച അമ്ലത, പ്രായാധിക്യമുള്ള തെങ്ങുകള്‍, കീടരോഗബാധ, ഉല്പന്ന വൈവിധ്യവല്‍കരണത്തിലെ പോരായ്മകള്‍, തൊഴിലാളി ദൗര്‍ലഭ്യം, മികച്ചയിനം നടീല്‍ വസ്തുക്കളുടെ ലഭ്യതക്കുറവ് കൃഷിപരിചരണരീതിയിലെ അറിവില്ലായ്മ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങള്‍ നാളികേരകൃഷിയെ സാരമായി സ്വാധീനിക്കുന്നുവെന്ന് മനസ്സിലാക്കാം.
അതുകൊണ്ട് തന്നെ നാളികേരകൃഷി ലാഭകരമായി മാറണമെങ്കില്‍ ഒരു സംയോജിത സമീപനത്തിന്‍റെ പ്രസക്തി തള്ളിക്കളയാനാകില്ല. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ആരോഗ്യമുള്ള കൃഷിയിടം ഉണ്ടാക്കിയെടുക്കേണ്ടുന്ന ശാസ്ത്രതത്വങ്ങള്‍ തികച്ചും ലളിതമായി കര്‍ഷകരില്‍ എത്തിക്കുന്നതിനാണ് മുഖ്യ പ്രാധാന്യം നല്‍കേണ്ടത്.
മണ്ണിന്‍റെ ആരോഗ്യം
25% വായുവും 25% വെള്ളവും 45% ധാതുക്കളും 5% ജൈവാംശവും സന്തുലിതാവസ്ഥയില്‍ ഉള്ള ജീവന്‍ തുടിക്കുന്ന വസ്തുവാണ് യഥാര്‍ത്ഥത്തില്‍ ആരോഗ്യമുള്ള മണ്ണ്. എന്നാല്‍ ഈ അനുപാതത്തില്‍ കേരളത്തില്‍ എത്ര കൃഷിയിടങ്ങളില്‍ മണ്ണുണ്ടെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
സംസ്ഥാനത്തിന്‍റെ സുസ്ഥിരവികസനത്തിന് മണ്ണിന്‍റെ ഈ പോരായ്മ വലിയ വിലങ്ങുതടിയാണെന്നത് ആരും തന്നെ മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. ഇതിനു പരിഹാരമായി ജൈവകൃഷി സമ്പ്രദായം പ്രോത്സാഹിപ്പിക്കുമ്പോഴും ജൈവകൃഷിയുടെ പരമപ്രധാനമായ പല ഘടകങ്ങളും നമ്മള്‍ സൗകര്യപൂര്‍വം മറക്കുന്നു. പ്രകൃതി വിഭവങ്ങളായ മണ്ണ്, ജലം, ജൈവസമ്പത്ത്, സൗരോര്‍ജം എന്നീ ഘടകങ്ങളെ എത്ര സമര്‍ത്ഥമായി നമ്മുടെ കൃഷിയിടത്തില്‍ ഉപയോഗിക്കാമോ അത്രയും ആരോഗ്യമുള്ളതായിത്തീരും ആ കൃഷിയിടം. എന്നാല്‍ കേവലം ജൈവവളങ്ങളുടെ പ്രയോഗത്തില്‍ മാത്രം ഒതുങ്ങുന്ന തരത്തിലുള്ള കൃഷിസമ്പ്രദായത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ തിരിച്ചടികള്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
കാര്‍ഷിക വിളകള്‍ക്ക് അവയുടെ വിവിധ വളര്‍ച്ചാ ഘട്ടങ്ങളില്‍ ആവശ്യമായ പോഷകമൂലകങ്ങള്‍ നേരിട്ടോ മണ്ണില്‍ കൂടിയോ വളര്‍ച്ചാ ത്വരകങ്ങളിലൂടെയോ നല്‍കുന്നതാണ് വളപ്രയോഗം. ഇതിനായി ജൈവവളങ്ങള്‍, രാസവളങ്ങള്‍, സൂക്ഷ്മാണുവളങ്ങള്‍ എന്നിവയുടെ ഒരു സംയോജിത രീതിയാണ് അഭികാമ്യം. കാലാകാലങ്ങളില്‍ ജൈവവളങ്ങളുടെ ഉപയോഗം കുറഞ്ഞതും രാസവളങ്ങളെ അധികമായി ആശ്രയിച്ചതും കൃഷിയുടെ സുസ്ഥിരവികസനത്തിന് വിഘാതമായി. യഥാര്‍ത്ഥത്തില്‍ മണ്ണിലെ ജൈവിക ഭൗതിക രാസിക ഗുണങ്ങള്‍ നിലനിര്‍ത്തുന്ന തരത്തില്‍ ആവശ്യമായ ജൈവവളങ്ങളും പൂരകങ്ങളായി രാസവളങ്ങളും വളര്‍ച്ച ത്വരകങ്ങളും മണ്ണിന്‍റെ പോരായ്മക്കനുസരിച്ചുകൊണ്ട് പ്രയോഗിക്കുക എന്നതാവണം കൃഷിയുടെ അഭിവൃദ്ധിക്ക് വേണ്ടത്.
എന്നാല്‍ നാളികേരകൃഷിയില്‍ ഈ തത്വങ്ങള്‍ മനസ്സിലാക്കി പരിചരണം നടത്തുന്ന കര്‍ഷകര്‍ വളരെ വിരളമാണെന്ന് കാണാം. ഒട്ടുമിക്ക കര്‍ഷകരും തെങ്ങിന് ജൈവവളങ്ങള്‍ നന്നായി നല്‍കാറുണ്ടെങ്കിലും മറ്റു പോഷകമൂലകങ്ങള്‍ ലഭിക്കുന്നതിനായുള്ള വളപ്രയോഗതത്വം ഇനിയും മനസിലാക്കിയിട്ടില്ല. അതുതന്നെയാണ് തെങ്ങുകൃഷിയില്‍ ഇന്നു നാം കാണുന്ന പ്രശ്നങ്ങള്‍ക്കും ഒരു പരിധിവരെ കാരണമാകുന്നത്.
ഭൂമിയിലെ പ്രകൃതിദത്ത 92 ഓളം മൂലകങ്ങളില്‍ ഏതാണ്ട് 60 ഓളം മൂലകങ്ങള്‍ മാത്രമേ സസ്യകോശങ്ങളില്‍ കാണുന്നുള്ളൂ. അവയില്‍ കേവലം 17 മൂലകങ്ങള്‍ ആണ് ചെടികളുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതം. വായുവില്‍നിന്നും വെള്ളത്തില്‍നിന്നും ഏറ്റവും കൂടുതല്‍ ആവശ്യമുള്ള കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നിവ സസ്യങ്ങള്‍ തന്നെ ആഗിരണം ചെയ്യുന്നു. എന്നാല്‍ പിന്നീടുള്ള 14 മൂലകങ്ങളുടെയും ഉറവിടം കൃഷിയിടമാണ്. നമ്മുടെ കൃഷിയിടത്തില്‍ ഈ മൂലകങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ ഉല്പാദനത്തെ സാരമായി ബാധിക്കും. നമ്മുടെ സംസ്ഥാനത്ത് മണ്ണിലെ അധികരിച്ച അമ്ലത, ജൈവാംശത്തിലെ കുറവ്, മൂലകങ്ങളുടെ വ്യതിയാനം എന്നിവ കൃഷിയുടെ ആരോഗ്യത്തെയും മണ്ണിന്‍റെ രാസഗുണങ്ങളെയും സ്വാധീനിക്കുന്നുവെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഈ പോരായ്മകള്‍ നിര്‍വീര്യമാക്കുന്ന തരത്തിലുള്ള പരിപാലനമാര്‍ഗമാണ് കൃഷി ലാഭകരമാക്കാനുള്ള ഏക പോംവഴി.

തെങ്ങിന്‍ തോട്ടങ്ങളില്‍ കണിക ജനസേചന രീതിയുടെ കാര്യക്ഷമമായ വിനിയോഗം

കേരളത്തില്‍ തെങ്ങിന്‍റെ കുറഞ്ഞ ഉല്പാദനക്ഷമതയുടെ ഒരു പ്രധാന കാരണം ജലസേചനത്തിന്‍റെ അപര്യാപ്തതയാണ്. കനത്ത മഴ ലഭിക്കുന്നുണ്ടെങ്കിലും വടക്കന്‍ കേരളത്തില്‍ ലഭിക്കുന്ന മഴയുടെ 75 ശതമാനത്തിലധികവും കേവലം മൂന്നു മാസങ്ങളിലാണ് (ജൂണ്‍, ജൂലൈ, ആഗസ്റ്റ്) ലഭിക്കുന്നത്. ദീര്‍ഘമായ വേനല്‍ ഉല്പാദനദത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ സാഹചര്യത്തില്‍ ജലസേചനത്തിന്‍റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ചുകൊണ്ട് ലഭ്യമായ വെള്ളം ഫലപ്രദമായി കൃഷിക്കുപയോഗിക്കുന്നതിന് ഏറ്റവും അനുയോജ്യമായ രീതിയാണ് കണിക ജലസേചന രീതി. ഒട്ടേറെ മെച്ചങ്ങളുണ്ടെങ്കിലും തെങ്ങിന്‍തോപ്പില്‍ കണിക ജലസേചനരീതി ഒട്ടേറെ  മെച്ചങ്ങളുണ്ടെങ്കിലും തെങ്ങിന്‍തോപ്പില്‍ കണിക ജലസേചന രീതി അനുവര്‍ത്തിച്ച കര്‍ഷകര്‍ ഏറെ പ്രതിബന്ധങ്ങള്‍ നേരിടുന്നുവെന്നാണ് കാസറഗോഡ് കേന്ദ്രതോട്ടവിള ഗവേഷണസ്ഥാപനം നടത്തിയ പഠനം വ്യക്തമാക്കുന്നത്. തെങ്ങിന്‍ തോട്ടങ്ങളില്‍ കണിക ജലസേചനം അനുവര്‍ത്തിച്ച കര്‍ഷകരില്‍ ഭൂരിഭാഗവും (70 ശതമാനത്തിലധികം) പിന്നീട് അത് ഉപേക്ഷിക്കുന്നതായി പഠനം വെളിപ്പെടുത്തി. കണിക ജലസേചനത്തിനുപയോഗിച്ച എമിറ്ററുകള്‍ അടഞ്ഞുപോകുന്നതുമൂലം. ജലസേചന സംവിധാനം പ്രവര്‍ത്തനക്ഷമമല്ലാതാവുക, കണിക ജലസേചനയന്ത്രോപകരണങ്ങളുടെ റിപ്പയറിനും മറ്റും ആവശ്യമായ രീതിയില്‍ വില്പനാനന്തര സേവനം കിട്ടാതിരിക്കുക, കൃഷിവകുപ്പില്‍ നിന്നും വേണ്ട രീതിയില്‍ സാങ്കേതിക ഉപദേശങ്ങള്‍ ലഭിക്കാത്ത സാഹചര്യം, വോള്‍ട്ടേജ് പ്രശ്നം, കണിക ജലസേചനം വഴി വേണ്ട തോതില്‍ വിളകള്‍ക്ക് വെള്ളം ലഭ്യമാക്കാന്‍ കഴിയില്ല എന്ന കര്‍ഷകരുടെ തോന്നല്‍, പന്നികളും എലികളും മറ്റു വന്യമൃഗങ്ങളും കണിക ജലസേചന സംവിധാനത്തിലെ പൈപ്പുകളും മറ്റും നശിപ്പിക്കുന്നത് തുടങ്ങി നിരവധി പ്രായോഗിക വിഷമതകള്‍ കാരണമാണ് മിക്ക കര്‍ഷകരും കണിക ജലസേചന രീതി ഉപേക്ഷിക്കുന്നതിനുള്ള കാരണങ്ങളായി സൂചിപ്പിക്കുന്നത്. കണിക ജലസേചന സംവിധാനം പരിപാലിക്കുന്നതിനുള്ള സാങ്കേതിക ജ്ഞാനം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിലുള്ള പോരായ്മ ഒരു പ്രധാന പരിമിതിയാണ്. കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകര്‍ക്ക് കണിക ജലസേചന സംവിധാനം കാര്യക്ഷമമായി പരിപാലിക്കുന്നതിനെക്കുറിച്ച് വേണ്ട സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് കൃഷിഭവനിലെ ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്ത സാഹചര്യമാണുള്ളതെന്ന് പഠനം വ്യക്തമാക്കുന്നു. സബ്സിഡി ലഭ്യമാക്കുന്നതിനപ്പുറം വിജ്ഞാനവ്യാപനപരിപാടികള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ പ്രായോഗിക വിഷമതകള്‍ ഉദ്യോഗസ്ഥര്‍ നേരിടുന്നു. കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ കണിക ജലസേചന സംവിധാനം രൂപകല്‍പ്പന ചെയ്ത് സജ്ജീകരിക്കുന്നതിനായി സ്വകാര്യ വിപണന ഏജന്‍സികള്‍ ഏര്‍പ്പെടുത്തുന്ന ഫീല്‍ഡ് സ്റ്റാഫ് വേണ്ടത്ര സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവരായതുകൊണ്ടുള്ള ന്യൂനതകളുണ്ട്. ഒട്ടേറെ വര്‍ഷങ്ങളായി നിലനിന്നുപോന്നിരുന്ന നാളികേരത്തിന്‍റെ വിലക്കുറവും വിലത്തകര്‍ച്ചയും കര്‍ഷകര്‍ക്ക് തെങ്ങിന്‍റെ വിളപരിപാലത്തില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാത്തതിന്‍റെ പ്രധാന കാരണങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ കണിക ജലസേചന സംവിധാനം സബ്സിഡി സഹായത്തോടെ തെങ്ങിന്‍ തോപ്പുകളില്‍ സജ്ജീകരിച്ചെങ്കിലും അത് കാര്യക്ഷമമായി പരിപാലിക്കാന്‍ കഴിയാതെ ഉപേക്ഷിക്കുന്ന സാഹചര്യം പല കൃഷിയിടങ്ങളിലുമുണ്ടായി. നൂതന കാര്‍ഷിക സങ്കേതങ്ങള്‍ വികസിപ്പിച്ചെടുത്തതു കൊണ്ടുമാത്രം കൃഷിയിടങ്ങളില്‍ അവയുടെ ഫലപ്രദമായ വിനിയോഗം ഉറപ്പുവരുത്താന്‍ സാധിക്കില്ല എന്നതാണ് തെങ്ങിന്‍തോട്ടങ്ങളിലെ കണികജലസേചനരീതി കര്‍ഷകര്‍ ഉപേക്ഷിക്കുന്ന സാഹചര്യം വ്യക്തമാക്കുന്നത്. ഉല്പന്നങ്ങള്‍ക്ക് ന്യായമായ വില കിട്ടുന്ന സാഹചര്യം, അനുകൂലമായ സര്‍ക്കാര്‍ നയങ്ങള്‍, സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഗവേഷണം, വിജ്ഞാന വ്യാപനം, ബന്ധപ്പെട്ട മറ്റ് ഏജന്‍സികളും കര്‍ഷകരും എന്നിങ്ങനെ വിവിധ തലങ്ങളില്‍ വ്യത്യസ്ത വിഭാഗങ്ങളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ കൂടി കാര്‍ഷിക സാങ്കേതിക വിദ്യകളുടെ ഫലപ്രദമായ കൃഷിയിടതല വിനിയോഗത്തിന് അത്യന്താപേക്ഷിതമാണെന്ന് തെങ്ങുകൃഷിയില്‍ കണികജലസേചനരീതിയുടെ കാര്യക്ഷമതയുമായി ബന്ധപ്പെട്ട പഠനം വ്യക്തമാക്കുന്നു.

എന്തുകൊണ്ട് തോറ്റു, കാറ്റുവീഴ്ചയോട്

 

1984ലെ സര്‍വേപ്രകാരം വര്‍ഷം 96.8 കോടി തേങ്ങ കാറ്റുവീഴ്ചമൂലം കേരളത്തിന് നഷ്ടമാകുന്നു. ഒരു തേങ്ങയ്ക്ക് ശരാശരി എട്ടുരൂപ കണക്കാക്കിയാല്‍ 774.4 കോടി രൂപയുടെ നഷ്ടം. അപ്പോള്‍ കഴിഞ്ഞ 140 വര്‍ഷമായി വാഴുന്ന കാറ്റുവീഴ്ച എത്ര കോടിയുടെ നഷ്ടമാണ് കേരളത്തിനു വരുത്തിവെച്ചതെന്ന് ഊഹിക്കാതിരിക്കുകയാണ് ഭേദം.

80 ലക്ഷം തെങ്ങുകള്‍ക്ക് ഗുരുതരമായ രോഗബാധയുണ്ടെന്നാണ് 1996ലെ സര്‍വേഫലം. വര്‍ഷത്തില്‍ പത്തു തേങ്ങയില്‍ കുറവ് വിളയുന്ന തെങ്ങുകളെന്നനിലയില്‍ വെട്ടിമാറ്റേണ്ടവയാണിത്. രോഗാവസ്ഥയുടെ ആദ്യഘട്ടത്തിലുള്ള 1.65 കോടി തെങ്ങുകള്‍ വേറെയുമുണ്ട്. ഇപ്പോഴവയും വെട്ടിമാറ്റേണ്ട അവസ്ഥയിലായിരിക്കും. അല്ലെങ്കില്‍ വെട്ടിമാറ്റിയിരിക്കാം.

കാരണം, ഈ കണക്കുകള്‍ 20 വര്‍ഷം മുമ്പ് തിട്ടപ്പെടുത്തിയതാണ്. മുന്‍ അനുഭവംവെച്ച് 20 വര്‍ഷത്തിനകം രോഗവ്യാപനം ഏതാണ്ട് ഇരട്ടിയാണ്. അതായത്, 1984ല്‍ സി.പി.സി.ആര്‍.ഐ., കൃഷിവകുപ്പ് എന്നിവ ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ എട്ടുജില്ലകളിലെ 4.1 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് രോഗം ബാധിച്ചിരുന്നു. അതിനുമുമ്പ് 1972ല്‍ സി.പി.സി.ആര്‍.ഐ. നടത്തിയ സര്‍വേയില്‍ 2.5 ലക്ഷം ഹെക്ടര്‍ സ്ഥലത്തേ രോഗമുണ്ടായിരുന്നുള്ളൂ. അഞ്ചുവര്‍ഷമെടുത്ത് നടന്ന സര്‍വേയായിരുന്നു അത്. അന്നത്തെ വിലപ്രകാരം 300 കോടി രൂപയുടെ നഷ്ടം.

31 വര്‍ഷംമുമ്പ് നടന്ന സര്‍വേയിലാണ് വര്‍ഷം ഏതാണ്ട് 96.8 കോടി തേങ്ങ രോഗംമൂലം നഷ്ടമാകുന്നുവെന്നു കണക്കാക്കിയത്. 1996ല്‍ തിരുവനന്തപുരംമുതല്‍ തൃശ്ശൂര്‍വരെയുള്ള എട്ടു ജില്ലകളിലെ 10.19 കോടി തെങ്ങുകളിലാണ് രോഗബാധ നിര്‍ണയിച്ചത്. അതില്‍ ഏതാണ്ട് നാലിലൊന്ന് (24.5 ശതമാനം) രോഗബാധിതമാണെന്നു കണ്ടു. പക്ഷേ, തേങ്ങയുടെ കുറവ് തിട്ടപ്പെടുത്തിയില്ല. എന്നാല്‍, രോഗത്തിന്റെ വ്യാപ്തി കുറഞ്ഞതായി കണ്ടെത്തി. 90കളില്‍ ഒട്ടേറെ തെങ്ങിന്‍തോപ്പുകള്‍ റബ്ബറിന് വഴിമാറിയിരുന്നു.

കണക്കുകളില്‍ പെരുകിവരുന്ന കോടികളുടെ പിന്നാമ്പുറത്തേക്കുപോയി തീരാനഷ്ടത്തിന്റെ പടുകുഴിയില്‍ വീഴുന്നതിനുപകരം കാറ്റുവീഴ്ചയെന്ന വില്ലന്‍ കേരളം വാഴാന്‍ തുടങ്ങിയതിന്റെ കഥയിലേക്കു പോകാം.

1882ലെ മഹാവെള്ളപ്പൊക്കത്തിനുശേഷമാണ് കാറ്റുവീഴ്ച കേരളത്തെ പിടികൂടിയതെന്നൊരു വാദമുണ്ട്. എന്നാല്‍, 1868നും '78നുമിടയില്‍ കോട്ടയം മീനച്ചില്‍ താലൂക്കിലെ ഈരാറ്റുപേട്ട പ്രദേശത്ത് രോഗം ആദ്യമായി കണ്ടു. 1897 ഏപ്രിലില്‍ കവിയൂര്‍, കല്ലൂപ്പാറ പ്രദേശത്ത് രോഗമുണ്ടെന്ന് തിരുവിതാംകൂര്‍ ഭരണകൂടത്തിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബ്രിട്ടീഷ് ഭരണകാലമായതിനാല്‍ ഇംഗ്ലീഷുകാരാണ് രോഗകാരണം കണ്ടുപിടിക്കാന്‍ ആദ്യം രംഗത്തിറങ്ങിയത്. 1907ല്‍ അന്നത്തെ ഫോറസ്റ്റ് കണ്‍സര്‍വേറ്ററായ ടി.എഫ്. ബോര്‍ദിലന്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി. 1908ല്‍ ബിഹാറിലെ പുസയിലെ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൈക്കോളജിസ്റ്റ് ഇ.ജെ.ബട്‌ലര്‍ പ്രശ്‌നം പഠിക്കാനായെത്തി.

രോഗലക്ഷണവും പ്രതിവിധിയും അന്നദ്ദേഹം വളരെ കൃത്യമായി രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ പല കണ്ടെത്തലുകളില്‍നിന്ന് ഇന്നും ഏറെയൊന്നും മുന്നോട്ടുപോയിട്ടില്ലെന്നാണ് സി.പി.സി.ആര്‍.ഐ.യിലെ ഒരു ശാസ്ത്രജ്ഞന്‍ തുറന്നുസമ്മതിച്ചത്. രോഗംവന്ന തെങ്ങുകള്‍ മുറിച്ചുമാറ്റണമെന്ന നിര്‍ദേശം ആദ്യം മുന്നോട്ടുവെച്ചത് ബട്‌ലറാണ്.

1920ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ രോഗകാരണം കണ്ടുപിടിക്കാന്‍ കൃഷിവകുപ്പിനോടുചേര്‍ന്ന് പ്രത്യേക വിഭാഗം രൂപവത്കരിച്ചു. അന്ന് മൈക്കോളജിസ്റ്റായി നിയമിതനായ എം.കെ. വര്‍ഗീസും രോഗംവന്ന തെങ്ങുകള്‍ നശിപ്പിക്കണമെന്ന് തറപ്പിച്ചു പറഞ്ഞു. 1935ല്‍, കൂടുതല്‍ ഗൗരവമായ ഗവേഷണം വേണമെന്ന ആവശ്യമുയര്‍ന്നു. 1944ല്‍ ട്രാവന്‍കൂര്‍ കോക്കനട്ട് കമ്മിറ്റി ആക്ട് നടപ്പായി. ആയിടയ്ക്കാണ് കായംകുളത്ത് രോഗം കൂടുതലായി വ്യാപിക്കുന്നതായി കണ്ടത്. അങ്ങനെ 1949ല്‍ സെന്‍ട്രല്‍ കോക്കനട്ട് റിസര്‍ച്ച് സ്റ്റേഷന്‍ കായംകുളത്ത് സ്ഥാപിതമായി. അതാണ് പിന്നീട് കേന്ദ്ര തോട്ടവിളഗവേഷണ കേന്ദ്ര(സി.പി.സി.ആര്‍.ഐ.)ത്തിന്റെ പ്രാദേശികകേന്ദ്രമായി മാറിയത്.

രോഗങ്ങള്‍ വേറെയുമുണ്ട്

കാറ്റുവീഴ്ച മാത്രമല്ല, മറ്റനേകം രോഗങ്ങള്‍ തെങ്ങിനെ ബാധിക്കുന്നുണ്ട്. മണ്ഡരി, കൂമ്പുചീയല്‍, ചെന്നീരൊലിപ്പ്, തഞ്ചാവൂര്‍ വാട്ടം എന്നിവയ്ക്കുപുറമെ ചെമ്പന്‍ചെല്ലി, കൊമ്പന്‍ചെല്ലി എന്നീ വണ്ടുകളുടെ ആക്രമണം എന്നിവയെല്ലാം തെങ്ങിനെ നശിപ്പിക്കുന്നവയാണ്.

പക്ഷേ, കൃത്യസമയത്ത് പരിഹാരനടപടികള്‍ കൈക്കൊണ്ടാല്‍ ഇവയെയെല്ലാം അതിജീവിക്കാനും ഉത്പാദനം കൂട്ടാനും കഴിയും. എന്നാല്‍, കാറ്റുവീഴ്ച ഇതില്‍നിന്നെല്ലാം വ്യത്യസ്തമാണ്. ആഫ്രിക്കന്‍രാജ്യമായ മൊസാംബിക്കിലും കാറ്റുവീഴ്ചയ്ക്കു സമാനമായ രോഗം തെങ്ങുകളെ ബാധിച്ചിട്ടുണ്ട്.

എന്താണീ രോഗം?

 

കാറ്റുവീഴ്ച ഒരു മാരകരോഗമല്ല. തെങ്ങിനെ പാടേ നശിപ്പിക്കാതെ ക്രമേണ ക്ഷയിപ്പിക്കുന്നു. രോഗബാധിതതെങ്ങില്‍ തേങ്ങയുടെ എണ്ണം കുറഞ്ഞുവരും.

ഓലക്കാലിന്റെ ബലക്ഷയം, മഞ്ഞളിപ്പ്, ഓലകരിച്ചില്‍ എന്നിവയാണ് ലക്ഷണം. ഈര്‍ക്കിലുകള്‍ക്ക് ബലം കുറഞ്ഞ് മൃഗങ്ങളുടെ വാരിയെല്ലുകണക്കെ ഉള്ളിലേക്കു വളയുകയും ഓലകളുടെ അരികുകള്‍ ഉണങ്ങുകയും ചെയ്യും. അതോടൊപ്പം മൂപ്പെത്താത്ത കായകള്‍ വീഴും, നാമ്പോലകള്‍ ചെറുതാകും. ഗുരുതരമാകുമ്പോള്‍ ഓലകളുടെ വലിപ്പവും എണ്ണവും കുറയും. പ്രത്യക്ഷ രോഗലക്ഷണങ്ങള്‍ കാണുന്നതിനുമുമ്പുതന്നെ വേരുകള്‍ ജീര്‍ണിച്ചുതുടങ്ങും.

രോഗംബാധിച്ച തെങ്ങുകളിലെ തേങ്ങകളുടെ എണ്ണവും വലിപ്പവും ഗുണവും കുറയുന്നു. വെള്ളവും വളവും വേരു വലിച്ചെടുക്കുന്നത് കുറവാണെന്നതാണു കാരണം. വെള്ളം വലിച്ചെടുക്കുന്നത് 35 ശതമാനം കുറവാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. കൊപ്രയാക്കുമ്പോള്‍ എണ്ണയുടെ അംശവും കുറയും.

പൂഴിമണല്‍, ചെളി, പശിമരാശി പ്രദേശങ്ങളില്‍ രോഗം വേഗം വ്യാപിക്കുന്നു. ചെങ്കല്‍പ്രദേശത്തും രോഗം പിടിപെടുന്നുണ്ട്. മലബാറിലേക്കു രോഗമെത്തിയില്ലെന്നു പറയാനാകില്ല. പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ രോഗമുണ്ട്.

ഫൈറ്റോപ്ലാസ്മമൂലം തെങ്ങ് ക്ഷയിക്കുമ്പോള്‍ ഓലചീയല്‍ പോലുള്ള മറ്റുരോഗങ്ങള്‍ പിടിപെടുന്നതാണ് ഉത്പാദനം കുറയുന്നതിനു കാരണം. ഫൈറ്റോപ്ലാസ്മയെ അവഗണിച്ച് മറ്റുരോഗങ്ങളെ ശരിയായ മരുന്നുപ്രയോഗത്തിലൂടെ പ്രതിരോധിക്കാം. അതുവഴി ഉത്പാദനവും കൂട്ടാമെന്നാണ് പുതിയ കണ്ടെത്തല്‍.

കാറ്റുവീഴ്ചയോ വേരുചീയല്‍ രോഗമോ?

കേരളത്തിന് ഈ രോഗം കാറ്റുവീഴ്ചയാണ്. എന്നാല്‍, രേഖകളില്‍ ശാസ്ത്രജ്ഞര്‍ പറയുന്നതാകട്ടെ റൂട്ട്(വില്‍റ്റ്)ഡിസീസ് അഥവാ വേരുചീയല്‍രോഗമെന്നാണ്.

കാറ്റിലൂടെ പകരുന്ന വേരുരോഗമെന്ന അവസ്ഥയില്‍നിന്നാണ് കാറ്റുവീഴ്ച എന്ന പേരുവന്നത്. സംഗതി വേരുചീയല്‍ രോഗമാണെങ്കിലും കാറ്റുവീഴ്ച എന്നുപറഞ്ഞാലേ മനസ്സിലാകൂ. രോഗത്തിന്റെ ആദ്യലക്ഷണങ്ങളിലൊന്ന് വേരുചീയലാണെന്നതിനാലാണ് ശാസ്ത്രീയമായി ഇങ്ങനെ പറയുന്നത്.

കാറ്റുവീഴ്ചയെന്ന മരീചിക

30 വര്‍ഷമായി കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്ര(സി.പി.സി.ആര്‍.ഐ.)ത്തില്‍ ശാസ്ത്രജ്ഞനായിരുന്നു പി.കെ. കോശി. ഗോവയിലും ഇരിട്ടിയിലും കാസര്‍കോട്ടുമെല്ലാം കാറ്റുവീഴ്ച ബാധിക്കുന്നതു കണ്ടെത്തി റിപ്പോര്‍ട്ടുചെയ്തു. കാറ്റുവീഴ്ചയെക്കുറിച്ച് പഠിക്കാന്‍ വിദേശത്തും പോയി. കായംകുളത്ത് വളഞ്ഞനടക്കാവിലെ ഏഴേക്കര്‍ തെങ്ങിന്‍തോപ്പില്‍ മതിയായ പരിചരണത്തോടെ രോഗതീവ്രത കുറയ്ക്കാമെന്നു തെളിയിച്ച വ്യക്തി. അതിലുപരി മലേഷ്യയില്‍നിന്ന് കുറിയ തെങ്ങിനമായ മലയന്‍ ഇനം കേരളത്തിലേക്കു കൊണ്ടുവന്ന വ്യക്തി. ഈയിടെ അദ്ദേഹം ചെങ്ങന്നൂരിലെ വീട്ടില്‍ കുറച്ചു തെങ്ങുവെക്കാന്‍ തീരുമാനിച്ചു. നേരെ പോയത് ചെട്ടികുളങ്ങരകായംകുളം റോഡിലെ റെയില്‍വേ ഗെയ്റ്റിനു സമീപമുള്ള ബേബിയുടെ അടുത്തേക്കാണ്.

ബേബിയുടെ വീട്ടില്‍ 80 വര്‍ഷമായി കാറ്റുവീഴ്ചയെ പ്രതിരോധിച്ചുനില്‍ക്കുന്ന ഒരു തെങ്ങുണ്ട്. അതില്‍നിന്നുള്ള പത്തു തൈ വാങ്ങി. കോശിക്കറിയാം ഈ തൈകള്‍ പറമ്പില്‍ കാറ്റുവീഴ്ചയെ പ്രതിരോധിച്ചു വളരുമെന്ന്. നൂറിലേറെ വര്‍ഷം പഴക്കമുള്ള ഗവേഷണഫലങ്ങളെക്കാള്‍ നൂറുശതമാനം ഉറപ്പ് ഇപ്പോഴും നല്‍കാന്‍ കഴിയുന്നത് പ്രകൃതിയുടെ സമ്മാനത്തിനുതന്നെയാണ്. ബേബിയുടെ തെങ്ങ് പ്രകൃതിയുടെ വരദാനമാണ്.

കാറ്റുവീഴ്ചയെക്കുറിച്ച് വിദേശികളടക്കം ഒട്ടേറെ ശാസ്ത്രജ്ഞന്മാര്‍ ഗവേഷണം നടത്തിക്കഴിഞ്ഞു. തെങ്ങുകൃഷി കേന്ദ്രീകരിച്ച് ഗവേഷണം നടത്തുന്ന സി.പി.സി.ആര്‍.ഐ. അടുത്തവര്‍ഷം നൂറാം വാര്‍ഷികം ആഘോഷിക്കാന്‍പോകുന്നു. തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുന്ന പഴയ ഡയറക്ടര്‍ ഡോ. എന്‍. മാധവന്‍ നായര്‍ തുറന്നുപറഞ്ഞു: ''കുരുടന്‍ ആനയെ കണ്ടപോലെയാണ് കാറ്റുവീഴ്ചയുടെ ഗവേഷണഫലം. യഥാര്‍ഥകാരണം കണ്ടുപിടിക്കാന്‍ ഇതുവരെയും കഴിഞ്ഞെന്ന് എനിക്കുതോന്നിയിട്ടില്ല.'' ഒട്ടേറെ അന്താരാഷ്ട്ര സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിച്ചിട്ടുള്ള ഡോ. നായര്‍ ഡയറക്ടറായിരിക്കെയാണ് സി.പി.സി.ആര്‍.ഐ.യുടെ ആദ്യ ഫീല്‍ഡ് സ്റ്റേഷന്‍ ഇരിങ്ങാലക്കുടയില്‍ തുടങ്ങിയത്.

നിയന്ത്രണവിധേയമല്ലാത്ത ഫൈറ്റോപ്ലാസ്മയാണ് രോഗം പരത്തുന്നതെന്ന് സി.പി.സി.ആര്‍.ഐ. കണ്ടെത്തിയ വിവരം അറിഞ്ഞിട്ടുതന്നെയാണ് ഡോ. നായര്‍ ഇങ്ങനെ പ്രതികരിച്ചത്. ''ചില അസുഖങ്ങള്‍ ഒരിക്കലും നമ്മെ വിട്ടുമാറാതെ പിടികൂടാറില്ലേ? അതറിഞ്ഞ് രോഗത്തെ നിയന്ത്രിച്ച് നമ്മള്‍ ജീവിക്കും. അതുപോലെ കാറ്റുവീഴ്ച എന്ന രോഗത്തെ വഹിച്ചുകൊണ്ടുതന്നെ ഉത്പാദനം കൂട്ടണം'' അദ്ദേഹം പ്രായോഗികമായ നിലപാട് വ്യക്തമാക്കി.

ഇപ്പോഴത്തെ ഗവേഷണങ്ങളെല്ലാം എത്തിച്ചേര്‍ന്നിരിക്കുന്നതും ഈ വഴിയിലാണ്. പക്ഷേ, അതിന് ഇത്രയും കാത്തിരിക്കണമായിരുന്നോ?

1907ല്‍ ടി.എഫ്. ബോര്‍ദിലനും 1908ല്‍ ഇ.ജെ. ബട്‌ലറും 1934ല്‍ എം.കെ. വര്‍ഗീസും 1965ല്‍ ഡോ. ഫ്രാന്‍സിസ് ഒ. ഹോംസും പറഞ്ഞ കാര്യങ്ങളിലാണ് 150ഓളം ശാസ്ത്രജ്ഞര്‍ പിന്നീടുനടത്തിയ ഗവേഷണങ്ങള്‍ക്കുശേഷവും എത്തിച്ചേര്‍ന്നിട്ടുള്ളത്. കുമിളുകള്‍, ബാക്ടീരിയ, വിഷാണു (വൈറസ്), നൂല്‍വിര (നിമിറ്റോഡ്), മണ്ണിലെ പോഷകമൂല്യങ്ങളുടെ അസന്തുലിതാവസ്ഥയോ ജലാംശത്തിന്റെ ഏറ്റക്കുറച്ചിലോ മൂലമുണ്ടാകുന്ന ആഘാതം എന്നിവയെല്ലാം കാരണമായ ഒരു സങ്കീര്‍ണരോഗം എന്നനിലയിലാണ് ഈ വിദേശികളും അവരോടൊപ്പം കൂട്ടുചേര്‍ന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞരും ആദ്യഘട്ടത്തില്‍ പറഞ്ഞത്. വ്യത്യസ്ത വാദമുഖങ്ങള്‍ അവതരിപ്പിച്ചുവെങ്കിലും ആര്‍ക്കും യഥാര്‍ഥ രോഗകാരണം കണ്ടെത്താനായില്ല.

സിലോണിലെ (ഇന്നത്തെ ശ്രീലങ്ക) കൂമ്പുചീയലിനു സമാനമായ സൂക്ഷ്മാണുരോഗമാണെന്നാണ് ബോര്‍ദിലന്റെ കണ്ടെത്തല്‍. മണ്ണിന്റെ മോശാവസ്ഥയും ഒരു കാരണമാകാമെന്നും നിരീക്ഷിച്ചു.

പുസയില്‍നിന്ന് രോഗകാരണം പഠിക്കാനെത്തിയ ഇ.ജെ. ബട്‌ലര്‍ വേരിനെയാണ് രോഗം ബാധിക്കുന്നതെന്ന് കണ്ടെത്തി. കുമിളുകളാകാം രോഗം പടര്‍ത്തുന്നതെന്നും പറഞ്ഞു. പരിഹാരനിര്‍ദേശങ്ങള്‍കൂടി അദ്ദേഹം എണ്ണമിട്ടുനിരത്തി.

ഈ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് 1920ല്‍ തിരുവിതാംകൂര്‍ രാജാവ് കൃഷിവിഭാഗത്തോടൊപ്പം പ്രത്യേകമായി മൈക്കോളജി വിഭാഗംകൂടി പ്രവര്‍ത്തനമാരംഭിച്ചതും മലയാളിയായ എം.കെ. വര്‍ഗീസ് ഗവേഷണച്ചുമതല ഏറ്റെടുക്കുന്നതും. കാരണം എന്താണെന്നുനോക്കി വലയാതെ രോഗത്തെ നിയന്ത്രണവിധേയമാക്കണമെന്നായിരുന്നു വര്‍ഗീസിന്റെ പ്രാഥമികശുപാര്‍ശ. പോഷകഘടകങ്ങള്‍ ചോരുന്നതാണ് തെങ്ങിന്റെ ഓലമടങ്ങലിനും കായ്ഫലക്കുറവിനും മൊത്തത്തിലുള്ള ക്ഷീണാവസ്ഥയ്ക്കും കാരണമെന്നും അതു പരിഹരിക്കാന്‍ തടംതുറന്ന് വളം ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനുശേഷം തെക്കെ ഇന്ത്യയിലെ തെങ്ങുരോഗത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിതനായ മദ്രാസ് പ്രസിഡന്‍സിയിലെ ഓയില്‍ സീഡ് സ്‌പെഷലിസ്റ്റ് ഡോ. ജെ.എസ്. പട്ടേലും കൃത്യമായ കൃഷിരീതികളും വളപ്രയോഗവുംകൊണ്ട് രോഗത്തെ നിയന്ത്രിക്കണമെന്ന് പറഞ്ഞു.

ഈ നിര്‍ദേശങ്ങളെല്ലാമുണ്ടായിട്ടും നാം എന്തുചെയ്തു? പ്രസക്തമായ ഈ ചോദ്യത്തിന് ഇനി ഉത്തരംതേടാം.


നമിക്കാം ഈ മലയാളിശാസ്ത്രജ്ഞനെ

കാറ്റുവീഴ്ചയുടെ ഗവേഷണത്തില്‍ മറക്കാനാകാത്ത മലയാളിയാണ് എം.കെ. വര്‍ഗീസ്. പത്തുവര്‍ഷത്തിലേറെ നടത്തിയ ഗവേഷണഫലമായി, 82 വര്‍ഷംമുമ്പ് അദ്ദേഹം പറഞ്ഞ കുറേ കാര്യങ്ങളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. പക്ഷേ, തിരുവനന്തപുരം സ്വദേശിയാണെന്നതിനപ്പുറം മറ്റു വിവരങ്ങളൊന്നും അദ്ദേഹത്തെക്കുറിച്ച് കായംകുളം സി.പി.സി.ആര്‍.ഐ. കേന്ദ്രത്തിലില്ല.

വര്‍ഗീസിന്റെ കണ്ടെത്തലുകള്‍: തെങ്ങുള്ള മിക്കരാജ്യങ്ങളിലും രോഗവുമുണ്ട്. രോഗത്തിന്റെ പുറംലക്ഷണങ്ങള്‍ ഒരേപോലെയല്ല കാണുന്നത്. ഒരേസമയം രണ്ടോ അതിലധികമോ രോഗം തെങ്ങിനെ ബാധിക്കുന്നുണ്ടെന്നുവേണം കരുതാന്‍.

പരീക്ഷണം നടത്തിയപ്പോള്‍ രോഗബാധിതവേരില്‍ കുമിളുകളെ കണ്ടില്ല. രോഗപ്രകൃതം കണ്ടിട്ട് വൈറസ് ബാധയാണ്. വിത്തുതേങ്ങയാണ് രോഗകാരണമെന്നതിനു തെളിവില്ല. വ്യത്യസ്ത ഇനം തെങ്ങുകളിലെല്ലാം രോഗബാധ ഏതാണ്ടൊരുപോലെയാണ്. നല്ലപോലെ പരിപാലിച്ചാല്‍ രോഗബാധിതതെങ്ങിന് ഭേദപ്പെട്ട അവസ്ഥ വരുന്നുണ്ട്. പോഷകഘടകങ്ങള്‍ ചോരുന്നുവെന്നതാണ് കാരണം. രാസവളത്തെക്കാള്‍ ജൈവവളമാണ് നല്ലത്.

നൂറ്റാണ്ടിനുമുമ്പ് അവര്‍ പറഞ്ഞത്

ബോര്‍ദിലന്‍1907

കുമിള്‍രോഗമാണ്. സിലോണിലെ കൂമ്പുചീയലിനും പൈത്തിയം റോട്ട് ഓഫ് പാല്‍മിറയ്ക്കും സമാനമായ രോഗം. ഗോദാവരിയിലും കാണുന്നുണ്ട്. പാരമ്പര്യമായി ഒരു തെങ്ങില്‍നിന്ന് മറ്റൊന്നിലേക്ക് പടരുന്നു. മണ്ണിലെ ധാതുഘടകങ്ങളുടെ കുറവാകാം രോഗം വേഗം പടരാന്‍ കാരണം.

ഡോ. ഇ.ജെ. ബട്‌ലര്‍1908

രോഗംവന്ന് ഒന്നോ രണ്ടോ വര്‍ഷംകൊണ്ട് വലിപ്പവും എണ്ണവും കുറഞ്ഞ് തേങ്ങയെ ബാധിക്കുന്നു. സിലോണില്‍ക്കണ്ട കുമിള്‍രോഗത്തില്‍നിന്നും കരിമ്പിന്റെ പൈനാപ്പിള്‍ രോഗത്തില്‍നിന്നും വ്യത്യസ്തമാണ്. കൂമ്പുചീയല്‍ രോഗമല്ല. ഗോദാവരിയിലെ രോഗംപോലെയുമല്ല. വേരുകളുടെ പ്രവര്‍ത്തനത്തിന് മണ്ണിന്റെ അവസ്ഥ പ്രശ്‌നമാകുന്നില്ല. എന്നാല്‍, വേരുകള്‍ ജീര്‍ണിക്കുന്നുണ്ട്.

ബോട്രിയോഡിപ്ലോഡിയ എന്ന കുമിളിന്റെ സാന്നിധ്യം ചീയുന്ന വേരുകളിലുണ്ട്, ഓലയിലില്ല. വെസ്റ്റിന്‍ഡീസിലെ ട്രിനിഡാഡിലെ തെങ്ങുകളില്‍ സമാനമായ രോഗമുണ്ട്. പക്ഷേ, അവിടെ കുമിളിനെ ഓലകളിലാണ് കാണുന്നതെന്നാണ് മൈക്കോളജിസ്റ്റ് സ്റ്റോക്ക്‌ഡൈലിന്റെ റിപ്പോര്‍ട്ട്.

ആരോഗ്യമുള്ള തെങ്ങിന്റെ വേരുകൂടി വിശദമായ ശാസ്ത്രീയവിശകലനത്തിന് വിധേയമാക്കിയാലേ സംഗതി വ്യക്തമാകൂ. അതിനുള്ള സൗകര്യം ഇവിടെയില്ല. വേരുകളില്‍വരുന്ന രോഗമാണ് തെങ്ങിന്റെ ആരോഗ്യം ക്ഷയിപ്പിക്കുന്നത്. രോഗത്തിന്റെ തീവ്രത പലയിടങ്ങളിലും വ്യത്യസ്തമാണ്. മീനച്ചില്‍ ഭാഗത്ത് തെങ്ങുകള്‍ എളുപ്പം മരിക്കുന്നു. എന്നാല്‍, ആലപ്പുഴയിലും ചങ്ങനാശ്ശേരിയിലും തെങ്ങുകളുടെ മരണം വളരെ കുറവാണ്. തെങ്ങുകള്‍ വളരെ അടുത്താണ് നട്ടിരിക്കുന്നത്. ഇത് രോഗം വേഗത്തില്‍ പടരാന്‍ കാരണമാകുന്നു. കാറ്റിലൂടെയല്ല, മണ്ണിലൂടെയാണ് രോഗം പടരുന്നതെന്നുവേണം കരുതാന്‍. 

രോഗമുള്ള പ്രദേശങ്ങളിലെ എല്ലാ മരങ്ങളും വെട്ടിമാറ്റി മണ്ണില്‍ കുമ്മായമിട്ട് കുമിളുകള്‍ പൂര്‍ണമായും ഇല്ലാതാകുന്നതുവരെ കാത്തിരിക്കണം.

രോഗബാധിതമായ മണ്ണില്‍ ഒരുവര്‍ഷത്തേക്ക് കൃഷിചെയ്യരുത്. വളപ്രയോഗത്തെക്കുറിച്ചറിയാന്‍ വലിയ രോഗബാധയില്ലാത്ത ഒരു തെങ്ങിന്‍തോപ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സാധാരണ വളപ്രയോഗം നടത്തണം.

ആധുനിക പരിശോധനാസൗകര്യങ്ങളും ആശയവിനിമയമാര്‍ഗങ്ങളും ഇല്ലാത്ത കാലത്ത് രണ്ടു വിദേശികള്‍ നടത്തിയ ഗവേഷണത്തിന്റെ ആഴവും പരപ്പും ഇതിലൂടെ വ്യക്തമാകുന്നു.

പഠനത്തിന് വേറെയും വിദേശികള്‍

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം ലോകബാങ്ക് സഹായപദ്ധതിയുടെ ഭാഗമായും യു.എന്‍. സഹായപദ്ധതിപ്രകാരവും മറ്റുചിലരും കാറ്റുവീഴ്ച ഗവേഷണത്തിനെത്തി. ന്യൂയോര്‍ക്കിലെ റോക്ക്‌ഫെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ഫ്രാന്‍സിസ് ഒ. ഹോംസ് (1965), ജര്‍മനിയില്‍നിന്ന് ഡോ. വീഷര്‍, കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡോ. റസ്‌കി, അഡിലെയ്ഡ് സര്‍വകലാശാലയിലെ ഡോ. റാന്‍ഡില്‍സ് എന്നിവരാണിവര്‍.

പരസ്യം കൊടുത്തുള്ള തട്ടിപ്പിനും പ്രായം 90

സമകാലികപ്രശ്‌നങ്ങളെ ചൂഷണംചെയ്തുള്ള മലയാളികളുടെ തട്ടിപ്പ് 1920കളുടെ ഒടുവിലേ തുടങ്ങിയിട്ടുണ്ട്.

തെങ്ങിന്റെ കാറ്റുവീഴ്ചയ്ക്ക് ഒരു കുത്തിവെപ്പുമായി ചില വ്യാജന്മാര്‍ വിലസുന്നകാര്യം എം.കെ. വര്‍ഗീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാണ്ട് നൂറുവര്‍ഷം മുമ്പത്തെ കാര്യമാണിതെന്നോര്‍ക്കണം.

ചില പ്രാദേശികപത്രങ്ങളില്‍ പരസ്യം കൊടുത്താണ് തട്ടിപ്പെന്നറിയുമ്പോഴാണ് ഇന്നത്തെ തട്ടിപ്പുകാരുടെ തലതൊട്ടപ്പന്മാരുടെ കൈയിലിരിപ്പിന്റെ ഗൗരവം കൂടുതലായറിയുക. തട്ടിപ്പിനിരയായ നൂറിലേറെപ്പേരെ വര്‍ഗീസ് നേരിട്ടുകണ്ടു, ആര്‍ക്കെങ്കിലും ഗുണമുണ്ടായോ എന്നറിയാന്‍. മിക്കവരും ഇല്ലെന്നാണു പറഞ്ഞത്. തെങ്ങില്‍ ഒരു തുളയെടുത്ത് അതില്‍ പച്ച പേസ്റ്റ് രൂപത്തില്‍ ഒരു സാധനം നിറച്ച് അടയ്ക്കുകയാണ് തട്ടിപ്പിന്റെ രീതി.

ഔഷധവീര്യം നേരിട്ടറിയാന്‍ ഒരു വിദ്വാനെ ക്ഷണിച്ചു. വന്‍ വാഗ്ദാനവും നല്‍കി. പക്ഷേ, ചികിത്സകന്‍ പെട്ടെന്നു മുങ്ങി. പിന്നീട് അയാളെക്കുറിച്ച് കേട്ടിട്ടേയില്ലെന്നും വര്‍ഗീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സംഭവത്തില്‍ മറ്റൊരു കാര്യംകൂടി കണക്കിലെടുക്കേണ്ടതുണ്ട്; കാറ്റുവീഴ്ചയെന്ന രോഗം അക്കാലത്ത് എത്രത്തോളം കര്‍ഷകരെ ആശങ്കപ്പെടുത്തിയിരുന്നുവെന്ന വസ്തുത.
തട്ടിപ്പുകാര്‍ ഇപ്പോഴും വിലസുന്നുണ്ട്. തൃശ്ശൂരില്‍നിന്നുള്ള 500 രൂപയുടെ ഹൈബ്രിഡ് ഇനം 200 രൂപ സബ്‌സിഡി കഴിച്ച് 300 രൂപയ്ക്ക് നല്‍കാമെന്നുപറഞ്ഞ് വീട്ടിലെത്തിയ ഒരു വിദ്വാന്‍, പിറ്റേദിവസം പത്തനംതിട്ട കൃഷിവിജ്ഞാനകേന്ദ്രത്തില്‍ ക്യൂനില്‍ക്കുന്നതാണ് വീട്ടുടമ കണ്ടത്. അവിടെനിന്ന് 75 രൂപയ്ക്ക് വാങ്ങുന്ന തൈയാണ് 300 രൂപയ്ക്കു വിറ്റിരുന്നത്.

ഗവേഷണവഴികളിലൂടെ



കായംകുളത്തിനടുത്തുള്ള കൃഷ്ണപുരം അവിടത്തെ കൊട്ടാരമികവിനാല്‍ പ്രശസ്തമാണ്. എന്നാല്‍, 'കാറ്റുവീഴ്ചബാധിതകേരള'ത്തിന് മറക്കാനാവാത്ത മറ്റൊരു സ്ഥാപനം കൃഷ്ണപുരത്തുണ്ട്. അതാണ് സി.പി.സി.ആര്‍.ഐ.യുടെ പ്രാദേശികകേന്ദ്രം. അവിടേക്ക് കാലുകുത്തുമ്പോഴറിയാം, കാറ്റുവീഴ്ചയെന്ന രോഗത്തിന്റെ താണ്ഡവം.

രോഗബാധിതമായ ഒട്ടേറെ തെങ്ങുകള്‍ അവിടെ പരീക്ഷണങ്ങളെ തോല്‍പ്പിച്ച അഹന്തയില്‍ പലയിടങ്ങളിലായി നിരന്നുനില്‍ക്കുന്നു. കവാടത്തിന്റെ വലതുവശത്താകട്ടെ മണ്ണിലേക്കു ചാഞ്ഞുള്ള കുലകളുമായി വിജയപ്രതീകങ്ങളായ ചില തെങ്ങുകളും കാണാം.

കാറ്റുവീഴ്ച ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഈരാറ്റുപേട്ടയില്‍, ഗവേഷണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് ബ്രിട്ടീഷ് ഭരണകൂടം, തുടര്‍പ്രവര്‍ത്തനം നടത്താന്‍ നിര്‍ദേശം നല്‍കിയത് തിരുവിതാംകൂര്‍ രാജാവ്, ഗവേഷണപ്രവര്‍ത്തനം കാര്യമായി നടന്നതാകട്ടെ കൃഷ്ണപുരത്തും. കാരണം മറ്റൊന്നുമല്ല. കാറ്റുവീഴ്ച പുഴയോടും കടലിനോടും ചേര്‍ന്ന പ്രദേശങ്ങളില്‍ മാത്രമല്ല, ഉള്‍നാട്ടിലേക്കും കാര്യമായി പടര്‍ന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ട എം.കെ. വര്‍ഗീസാണ് കായംകുളം തന്റെ ഗവേഷണ ഇടമായി ആദ്യം തിരഞ്ഞെടുത്തത്. കായംകുളത്തെ ഗുരുതരമായ കാറ്റുവീഴ്ചബാധിതപ്രദേശമായ 10.35 ചതുരശ്ര കിലോമീറ്ററോളം വരുന്ന സ്ഥലത്ത് അദ്ദേഹം ഒരു സര്‍വേയും നടത്തി. കാറ്റുവീഴ്ചയ്‌ക്കെതിരെ കേരളംകണ്ട ആദ്യസര്‍വേ. ഒരു കാര്യംകൂടി ഇതില്‍നിന്ന് വായിച്ചെടുക്കേണ്ടതുണ്ട്. പഴയ ശാസ്ത്രജ്ഞരുടെയും ഭരണാധികാരികളുടെയും പ്രതിജ്ഞാബദ്ധതയും ദിശാബോധവും!

1920കളില്‍ നടന്ന ആ സര്‍വേയില്‍ 60,545 തെങ്ങുകള്‍ പഠനവിധേയമാക്കി. രോഗമുള്ളവ എത്രയെന്നും രോഗതീവ്രത എത്രയെന്നും ഓരോന്നിന്റെതായി അദ്ദേഹം വിലയിരുത്തി. രോഗമുള്ളവ വെട്ടിമാറ്റി മറ്റുള്ളവയെ നന്നായി പരിപാലിക്കണമെന്ന നിഗമനത്തിലെത്താന്‍ വര്‍ഗീസിനെ തുണച്ചത് ഈ കണക്കുകളാണ്. രോഗതീവ്രത പരിഗണിച്ചാണ് സ്വാതന്ത്ര്യം കിട്ടിയശേഷവും ഗവേഷണകേന്ദ്രം കായംകുളത്ത് നിലനിര്‍ത്താന്‍ ഇന്ത്യന്‍ കാര്‍ഷികഗവേഷണ കൗണ്‍സില്‍ തീരുമാനിച്ചത്.

സ്റ്റെഫാനിറ്റിസ് ടിപ്പിക എന്ന റേന്തപത്രി(ലേസ് ബഗ്)യിലൂടെയും പ്രോസ്റ്റിറ്റ മോയിസ്റ്റ എന്ന ഇലച്ചാടി അഥവാ പുല്‍ച്ചാടി(പ്ലാന്റ് ഹോപ്പര്‍)യിലൂടെയും ഫൈറ്റോപ്ലാസ്മ പരത്തുന്നതാണ് രോഗത്തിനു കാരണമെന്ന സുപ്രധാന കണ്ടെത്തല്‍ കായംകുളം കേന്ദ്രത്തിന്റേതാണ്. ഫൈറ്റോപ്ലാസ്മ പരത്തുന്ന രോഗം നിലവിലെ വൃക്ഷസംരക്ഷണമാര്‍ഗങ്ങളിലൂടെ ഇല്ലാതാക്കാനാവില്ല. അതിനാല്‍ രോഗം ബാധിക്കാത്ത ഇനം തെങ്ങുകളെ വികസിപ്പിച്ചെടുക്കുക, രോഗതീവ്രതയെ നിയന്ത്രിച്ചും നല്ല പരിപാലനത്തിലൂടെയും നാളികേര ഉത്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് ഈ കേന്ദ്രത്തില്‍ ഇപ്പോള്‍ നടന്നുവരുന്നത്.

പല പരീക്ഷണങ്ങളും രോഗത്തിനു വിധേയമായി. അവയുടെ ബാക്കിപത്രമാണ് തുടക്കത്തില്‍പ്പറഞ്ഞ രോഗബാധിതതെങ്ങുകളും രോഗമില്ലാതെ കായ്ച്ചുനില്‍ക്കുന്ന കുറിയയിനം തെങ്ങുകളും.  ഗവേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വിത്തുദോഷം, വളക്കുറവ്, ജലാംശത്തിന്റെ ഏറ്റക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ പരീക്ഷിച്ചുതള്ളി. കാറ്റുവീഴ്ചയെ പ്രതിരോധിക്കുന്ന തെങ്ങിനങ്ങളെ ശാസ്ത്രീയ പ്രജനനപ്രക്രിയയിലൂടെ കണ്ടെത്താനാണ് പിന്നീടു ശ്രമിച്ചത്. 1961ല്‍ തുടങ്ങിയ ഈ പരീക്ഷണത്തില്‍ സി.പി.സി.ആര്‍.ഐ.യുടെ ജനിതകശേഖരത്തിലുള്ള 84 തെങ്ങിനങ്ങളും 64 സങ്കരയിനങ്ങളും ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങളെല്ലാം പരാജയപ്പെട്ടു. തുടര്‍ന്ന് കുറിയ ഇനങ്ങളെയും നെടിയ ഇനങ്ങളെയും വെച്ചുള്ള പല പരീക്ഷണങ്ങള്‍ കര്‍ഷകരുടെ തോട്ടങ്ങളിലും കായംകുളത്തെ റീജണല്‍ സ്റ്റേഷന്‍ തോട്ടത്തിലുമായി നടന്നു. അതും വിജയിച്ചില്ല.

1977 മുതല്‍ 81 വരെയുള്ള കാലഘട്ടത്തില്‍ കൊല്ലം, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലെ രോഗബാധിത പ്രദേശങ്ങളില്‍നിന്ന് രോഗപ്രതിരോധശേഷിയുള്ള പശ്ചിമതീര നെടിയ(വെസ്റ്റ് കോസ്റ്റ് ടാള്‍ഡബ്‌ള്യു.സി.ടി.) ഇനത്തെ കണ്ടെത്താനുള്ള വ്യാപക ശ്രമഫലമായി നൂറോളം തെങ്ങുകളെ കണ്ടെത്തി.

1988ല്‍ ഒരു സമഗ്ര പ്രജനന ഗവേഷണപരിപാടിക്ക് തുടക്കമിട്ടു. അങ്ങനെ 2008 ജൂലായില്‍ മലയന്‍ കുറിയ പച്ചയില്‍നിന്ന് 'കല്പരക്ഷ' എന്നയിനം വികസിപ്പിച്ചെടുത്തു. കുറിയ ഇനമായ പതിനെട്ടാംപട്ട അഥവാ ചാവക്കാട് ഗ്രീന്‍ ഡ്വാര്‍ഫ് (സി.ജി.ഡി.) രോഗപ്രതിരോധശേഷി കൂടുതലുള്ള ഇനമാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. അതില്‍നിന്ന് 2012 മാര്‍ച്ചില്‍ 'കല്പശ്രീ' വികസിപ്പിച്ചെടുത്തു. തുടര്‍ന്ന് കാറ്റുവീഴ്ചാ സഹനശേഷിയുള്ള സങ്കരയിനമായി 'കല്പസങ്കര' തയ്യാറാക്കിയത് കേന്ദ്രത്തിന്റെ നേട്ടമായി. ചാവക്കാട് കുറിയ പച്ച മാതൃവൃക്ഷവും രോഗബാധിതപ്രദേശങ്ങളില്‍ വളരുന്ന രോഗവിമുക്തവും അത്യുത്പാദനശേഷിയുള്ളതുമായ ഡബ്‌ള്യു.സി.ടി. പിതൃവൃക്ഷവുമായിക്കണ്ട് നടത്തിയ സങ്കരണത്തിലാണ് 'കല്പസങ്കര' പിറന്നത്.  പ്രതിരോധനടപടികള്‍ എത്രമാത്രം മുന്നേറിയെന്ന് ഇനിനോക്കാം.


മുഖംരക്ഷിച്ചത് സോളമന്‍

കാറ്റുവീഴ്ചയ്ക്ക് കാരണം സൂക്ഷ്മാണുജീവിയായ ഫൈറ്റോപ്ലാസ്മയാണെന്ന് കണ്ടെത്തിയത് മധുര സ്വദേശി ഡോ. ജെ.ജെ. സോളമനാണ്. നൂറിലേറെ ശാസ്ത്രജ്ഞരുടെ മുഖംരക്ഷിച്ച കണ്ടുപിടിത്തമാണിത്.

1981ല്‍ രോഗകാരണം കണ്ടെത്താന്‍ നടത്തിയ തീവ്രശ്രമത്തിനാണ് 1983ല്‍ ഫലമുണ്ടായത്. സൂക്ഷ്മാണുക്കളാണ് രോഗത്തിനുപിന്നിലെന്ന നിഗമനത്തില്‍ നടത്തിയ പരീക്ഷണത്തില്‍ തെങ്ങിന്റെ സംവഹനകല(വാസ്‌കുലര്‍ ടിഷ്യു)യില്‍മാത്രം കാണാവുന്ന രോഗാണുക്കളെ ഇലക്ട്രോണിക് സൂക്ഷ്മദര്‍ശിനിവഴി കണ്ടെത്തി. കോശഭിത്തിയോ കൃത്യമായ ആകൃതിയോ ഇല്ലാത്തവയാണ് ഫൈറ്റോപ്ലാസ്മ.

അതിനാല്‍ ഇവയെ വഹിക്കുന്ന കീടം ഏതാണെന്ന് കണ്ടെത്താനായി അടുത്തശ്രമം. റേന്തപത്രി ആകാമെന്ന് ഡോ. ടി. ശാന്തയുടെയും ഡോ. മാത്തന്റെയും പഠനത്തില്‍ നേരത്തേ കണ്ടെത്തിയിരുന്നു. അതോടൊപ്പം മറ്റെന്തെങ്കിലും കീടാക്രമണമുണ്ടോയെന്നറിയാന്‍ ഡോ. പി. രാജന്റെ സഹായത്തോടെ കെണിയൊരുക്കിയുള്ള പരീക്ഷണത്തില്‍ ഇലച്ചാടിയും രോഗാണുവാഹകനാണെന്ന് കണ്ടെത്തി. റേന്തപത്രിയുടെ തലച്ചോറ്, ഉമിനീര്‍ഗ്രന്ഥി എന്നിവിടങ്ങളിലും ഇലച്ചാടിയുടെ ഉമിനീര്‍ഗ്രന്ഥിയിലുമാണ് ഫൈറ്റോപ്ലാസ്മയെ കണ്ടെത്തിയത്.

മണ്ണിന്റെ കുഴപ്പമെന്ന വാദം അവഗണിക്കപ്പെട്ടു

കാറ്റുവീഴ്ചയ്ക്ക് കാരണം മണ്ണിന്റെ രാസഘടനയിലെ പ്രത്യേകതകളാണെന്ന വാദം, ഫൈറ്റോപ്ലാസ്മ സിദ്ധാന്തത്തിനുശേഷവും ഉയര്‍ന്നിരുന്നെങ്കിലും അവഗണിക്കപ്പെട്ടു.

ഫൈറ്റോപ്ലാസ്മയുടെ രോഗവാഹകരായ റേന്തപത്രിയും ചെടിച്ചാടിയും കേരളത്തിലെല്ലായിടത്തുമുണ്ട്. എന്തുകൊണ്ട് രോഗം തൃശ്ശൂര്‍മുതല്‍ തിരുവനന്തപുരംവരെമാത്രം പടരുന്നുവെന്ന അടിസ്ഥാനപരമായ ചോദ്യമാണ് ശാസ്ത്രജ്ഞരുടെ മറ്റൊരു സംഘം ഉന്നയിച്ചത്.

ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ ഡയറക്ടറായിരുന്ന ഡോ. എം.എസ്. വല്യത്താന്‍ നടത്തിയ ഒരു ഗവേഷണത്തില്‍ മനുഷ്യനിലുണ്ടാകുന്ന മയോകാര്‍ഡിയല്‍ ഫൈബ്രോയിഡ് എന്ന ഹൃദയരോഗവും തെങ്ങിന്റെ കാറ്റുവീഴ്ചരോഗവും സീറിയം എന്ന അപൂര്‍വ ഭൗമമൂലകത്തിന്റെ ആധിക്യവും മഗ്‌നീഷ്യത്തിന്റെ പോരായ്മയുംകൊണ്ട് ഉണ്ടാകുന്നതാണെന്ന് നിരീക്ഷിച്ചിരുന്നു.

തുടര്‍ന്ന് കാര്‍ഷികസര്‍വകലാശാലാ ഡീന്‍ ആയിരുന്ന ഡോ. പി.എ. വാഹിദിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണിലെ രാസഘടകങ്ങളെക്കുറിച്ച് പരീക്ഷണം നടത്തി. 
തെക്കന്‍ ജില്ലകളിലെ മണ്ണില്‍ ഗാഡോലിനിയത്തിന്റെ അംശം മലപ്പുറംമുതല്‍ കാസര്‍കോട്വരെയുള്ള ജില്ലകളിലുള്ളതിനെക്കാള്‍ കുറവാണെന്ന് അവര്‍ കണ്ടു. പക്ഷേ, തുടര്‍പരീക്ഷണങ്ങള്‍ നടന്നില്ല.

തെങ്ങുകള്‍ വെട്ടിമാറ്റുകയെന്ന പരിഹാരമാര്‍ഗത്തില്‍മാത്രം ഊന്നാതെ മണ്ണിന്റെ രാസഘടനയിലെ പ്രത്യേകതകളെക്കുറിച്ചുള്ള പഠനം തുടരണമെന്ന ആവശ്യത്തില്‍ ഡോ. വാഹിദ് ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു.

പാഴാക്കിയത് 76 വര്ഷം
കോടിക്കണക്കിന് രൂപയും


പല പരീക്ഷണങ്ങള്ക്കുശേഷവും രോഗകാരണം കണ്ടുപിടിക്കാന് കഴിയാതായപ്പോള് 1934ല് എം.കെ. വര്ഗീസ് പറഞ്ഞു, കേടുവന്ന തെങ്ങുകള് മുറിച്ചുമാറ്റി പുതിയ തൈ നടുകയാണ് നല്ലതെന്ന്. അതൊരു നിരീക്ഷണമല്ല; പത്തുവര്ഷത്തോളമെടുത്ത് നടത്തിയ ഗവേഷണത്തിനുശേഷമുള്ള തീരുമാനമായിരുന്നു. എന്നിട്ടും ഈ നിര്‌ദേശം ആസൂത്രിതമായി നടപ്പാക്കാന് 2010 വരെ കാത്തിരിക്കേണ്ടിവന്നു. അതിനിടെ നടന്നതെല്ലാം കടലില് കായംകലക്കിയതുപോലായി.

2010ല് നാളികേര വികസന ബോര്ഡ് നേരിട്ട് നടപ്പാക്കിയ തെങ്ങുപുനരുദ്ധാരണപദ്ധതി, സ്ഥലം തിരഞ്ഞെടുപ്പിലെ അപാകമൊഴിച്ചാല് താഴേത്തട്ടിലെ കേരകര്ഷകരില് എത്തുന്നതായിരുന്നു. അതുവരെയും നാളികേര വികസന ബോര്ഡിനെ കേരള കൃഷിവകുപ്പ് ശരിക്കുമൊരു കറവപ്പശുവാക്കി. തെങ്ങുകള് വെട്ടാനെന്നപേരില് കുറേ പണം ബോര്ഡ് കൃഷിവകുപ്പിന് നല്കും. തെങ്ങുകള് വെട്ടിമാറ്റിയതിന്റെ ഒരു കണക്ക് കൃഷിവകുപ്പ് ബോര്ഡിന് നല്കും. ഈവിധം 1982 മുതല് 2010 വരെയും നാളികേര വികസന ബോര്ഡിനെ ആശ്രയിച്ചുമാത്രമായിരുന്നു കൃഷിവകുപ്പിന്റെ കാറ്റുവീഴ്ചാ പ്രതിരോധം.

നാളികേര വികസന ബോര്ഡിലൂടെ കേന്ദ്രസര്ക്കാര് നല്കുന്ന പണം  ചെലവഴിക്കേണ്ടുന്ന ബാധ്യതമാത്രമേ കേരള സര്ക്കാറിന് ഉണ്ടായിരുന്നുള്ളൂ. പണം കൊടുക്കുന്ന ആളിനും ചെലവിടുന്ന ആളിനും ആത്മാര്ഥതയില്ലാത്ത അവസ്ഥ.

ദീര്ഘദൃഷ്ടിയോടെയുള്ള നടപടികള് ഇല്ലെന്ന് പറയാനാവില്ല. 1978ല് കാറ്റുവീഴ്ചരോഗം വടക്കന് കേരളത്തിലേക്ക് പടരാതിരിക്കാന്വേണ്ടി തൃശ്ശൂരിലെ കരുവന്നൂര്പ്പുഴയ്ക്ക് വടക്കും ആമ്പല്ലൂര്‌വരന്തരപ്പിള്ളി റോഡിനും ചാലക്കുടി പുഴയ്ക്ക് തെക്കുമുള്ള ഒമ്പത് വില്ലേജിലെ 28,000 തെങ്ങുകള് മുറിച്ചുമാറ്റി. കര്ഷകര്ക്ക് നഷ്ടപരിഹാരമായി 75 രൂപയും പുതിയ തെങ്ങുവെക്കാനുള്ള ആനുകൂല്യങ്ങളും നല്കി. തുടര്ന്നുള്ള രോഗനിരീക്ഷണത്തിന് മേല്‌നോട്ടം നല്കാന് ഇരിങ്ങാലക്കുടയില് സി.പി.സി.ആര്.ഐ. ഒരു ഫീല്ഡ് സ്റ്റേഷനും തുടങ്ങി.

പുതുതായിവെച്ച തെങ്ങുകളിലും രോഗംവന്നു. എന്നാല്, കൃത്യമായ പരിപാലനത്തിലൂടെ ഉത്പാദനം കൂട്ടാമെന്ന് കണ്ടെത്തി. എന്നിട്ടും ക്രമേണ ഫീല്ഡ് സ്റ്റേഷന് പൂട്ടി. റബ്ബര് പരിപാലനത്തിന് കേരളത്തില് 26 റീജ്യണല് ഓഫീസുകള് പ്രവര്ത്തിക്കുന്നുണ്ട്. അവയിലൂടെ റബ്ബര് കര്ഷകര്ക്ക് സാങ്കേതികസഹായങ്ങളും ലഭിക്കുന്നു. എന്നാല്, നാളികേരത്തിന് ഒന്നുപോലുമില്ല. റബ്ബര് ബോര്ഡ് കേന്ദ്ര വാണിജ്യമന്ത്രാലയത്തിനുകീഴിലും നാളികേര വികസന ബോര്ഡ് കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിലുമാണെന്നതാകാം കാരണം. നഷ്ടം കേരകര്ഷകന്.

തിരുവനന്തപുരത്ത് കന്യാകുമാരിജില്ലയോട് ചേര്ന്നുള്ള രണ്ടുവില്ലേജിലും 1200 തെങ്ങുകള് വെട്ടിമാറ്റി. അവിടെയും രോഗംവന്നു. രോഗംവന്നവ വെട്ടിമാറ്റി പുതിയത് നട്ടുകൊണ്ടിരിക്കുന്ന കാലത്താണ് തെക്കന് കേരളത്തിലെ മുഴുവന് തെങ്ങുകളും 35 വര്ഷംകൊണ്ട് ആയിരം കോടി രൂപ ചെലവഴിച്ച് വെട്ടാനുള്ള സമഗ്രമായൊരു പദ്ധതി 1980ല് സി.പി.സി.ആര്.ഐ. ആവിഷ്‌കരിച്ചത്.

തൃശ്ശൂരിലെ പരീക്ഷണം പരാജയപ്പെട്ടതോടെ ഈ പദ്ധതി നടന്നില്ല. ആസൂത്രണക്കമ്മിഷന് കേന്ദ്ര കൃഷിമന്ത്രിക്കെഴുതിയ കത്തില് കേരള കൃഷിമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില് കായംകുളത്തെ ഗവേഷണപ്രവൃത്തികള് ശക്തമാക്കാമെന്നായിരുന്നു തീരുമാനം. ശാസ്ത്രീയമായ തെങ്ങുവെട്ടിമാറ്റല് യജ്ഞം അതോടെ അവസാനിച്ചു.

1981ല് നാളികേര വികസന ബോര്ഡ് രൂപവത്കരിച്ചു. ഉത്പാദനം കൂട്ടാനാണ് ബോര്ഡ് ലക്ഷ്യമിട്ടത്. അങ്ങനെ 1982 മുതല് ഉത്പാദനം കുറഞ്ഞ തെങ്ങുകള് വെട്ടിമാറ്റാന് സംസ്ഥാന സര്ക്കാറിന് പണം നല്കിത്തുടങ്ങി. രോഗകാരണം ഫൈറ്റോപ്ലാസ്മയാണെന്നറിഞ്ഞപ്പോള് 84ല് സര്വേ നടന്നു. സര്വേഫലം കേരളത്തിന് ഗുണകരമായി. കേന്ദ്രസര്ക്കാറില്‌നിന്ന് കൂടുതല് പണം തെങ്ങുവെട്ടിമാറ്റാന് കിട്ടി. 1982 മുതല് 2009 വരെ 30 ലക്ഷത്തോളം തെങ്ങുകള് 49.1 കോടിരൂപ ചെലവില് നാളികേര വികസന ബോര്ഡ് മുഖേന കേരള സര്ക്കാര് വെട്ടിമാറ്റിയെന്നാണ് കണക്ക്.  1996ലെ സര്വേ റിപ്പോര്ട്ടില് 50 ലക്ഷത്തോളം തെങ്ങുകള് സര്ക്കാര് സഹായമില്ലാതെയും വെട്ടിമാറ്റിയെന്ന് പറയുന്നു. ഇത്രയും പണം തെക്കന് കേരളത്തിലെ രോഗബാധിതമായ തെങ്ങുകള്ക്കാണ് ചെലവഴിച്ചിരുന്നതെങ്കില് അവിടം രോഗമുക്ത ഇടമായി മാറിയേനെ. അവിടെയാണ് മറഞ്ഞുകിടക്കുന്ന മറ്റൊരു വസ്തുത അറിയേണ്ടത്. ഈ കാലയളവില് കുറേ തെങ്ങിന്തോപ്പുകള് റബ്ബര്‌ത്തോട്ടങ്ങളായി മാറിയിരുന്നു. ചുരുക്കത്തില് തെങ്ങിനുള്ള പണം റബ്ബറിന് പ്രയോജനപ്പെട്ടെന്നുവേണം കരുതാന്.   
എന്തായാലും 19ാം നൂറ്റാണ്ടിന്റെ പകുതിയോടെ തുടങ്ങിയ രോഗത്തിന് ജനപങ്കാളിത്തം ഉറപ്പാക്കിയുള്ള സമഗ്രപദ്ധതി ആവിഷ്‌കരിക്കുന്നത് 21ാം നൂറ്റാണ്ടിന് പത്തുവര്ഷം പ്രായമുള്ളപ്പോഴാണെന്നത് കേരളത്തിന്റെ ദുരവസ്ഥയായേ വിശേഷിപ്പിക്കാനാവൂ. ജയറാം രമേഷ് കേന്ദ്രമന്ത്രിയായിരിക്കെ കേരളത്തിലെ നാണ്യവിളകളെ പ്രോത്സാഹിപ്പിക്കാന് മുന്‌കൈയെടുത്തു. അങ്ങനെ തിരുവനന്തപുരം, തൃശ്ശൂര്, കൊല്ലം ജില്ലകളിലെ തീര്ത്തും രോഗബാധിതമായ തെങ്ങുകള് വെട്ടിമാറ്റാനും മറ്റുള്ളവയെ പുനരുജ്ജീവിപ്പിക്കാനും നാളികേര വികസന ബോര്ഡ് സമഗ്ര പുനരുദ്ധാരണപദ്ധതി ആവിഷ്‌കരിച്ചു.

അതുപ്രകാരം 2010 മുതല് 2014 വരെ തൃശ്ശൂരില് 5.96 ലക്ഷം തെങ്ങും കൊല്ലത്ത് 6.31 ലക്ഷം തെങ്ങും തിരുവനന്തപുരത്ത് 5.06 ലക്ഷം തെങ്ങും വെട്ടിമാറ്റി. വെട്ടിമാറ്റാന് 79.39 കോടിയും പുനരുജ്ജീവനത്തിന് 71.43 കോടി രൂപയും തൈനടാന് 1.52 കോടിയുമടക്കം 154.79 കോടി രൂപ നാളികേര വികസന ബോര്ഡ് ചെലവഴിച്ചു. ഇതിന്റെ ഫലം അറിയാനായിട്ടില്ല. പദ്ധതിയിപ്പോള് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

പ്രതിവര്ഷം പത്തുതേങ്ങപോലും നല്കാത്ത മൊത്തം 24.17 ലക്ഷം തെങ്ങുകള് വെട്ടിമാറ്റാനായിരുന്നു ലക്ഷ്യമിട്ടത്. അതില് 17.33 ലക്ഷം വെട്ടിമാറ്റി. പകരം വെച്ചത് 7.46 ലക്ഷം തെങ്ങുകളാണ്. വെട്ടിമാറ്റിയ തെങ്ങുകള്ക്ക് പകരം രോഗപ്രതിരോധശേഷിയുള്ള തെങ്ങിന്തൈ നല്കാന് കഴിയുന്നുണ്ടോ? അതിലേക്കുള്ള അന്വേഷണം നാളെ

വിളമാറ്റത്തിന്റെ പ്രതീകമായി കടുത്തുരുത്തി

കാറ്റുവീഴ്ചയും കടുത്തുരുത്തിയും തമ്മില് എന്തുബന്ധം? ഒറ്റവാചകത്തില് കാറ്റുവീഴ്ച കടുത്തുരുത്തിയിലെ തെങ്ങുകളെയും ബാധിച്ചുവെന്ന ഉത്തരത്തില് ഒതുക്കാം. എന്നാല്, അതിനപ്പുറം കേരളത്തിന്റെ സാമൂഹികസാമ്പത്തികകാര്ഷിക മേഖലയിലെ വലിയൊരു മാറ്റം കടുത്തുരുത്തിയിലൂടെ കാണാം. ഇവിടെ കടുത്തുരുത്തി ഒരു പ്രതീകം മാത്രമാണ്. കേരളത്തിലെ മറ്റനേകം ഗ്രാമങ്ങളുടെ ഒരു പതിപ്പ്.

കോട്ടയം ജില്ലയിലെ ഗ്രാമപ്പഞ്ചായത്തായ കടുത്തുരുത്തിയില് 1991ലെ സെന്‌സസ് പ്രകാരം 30,721 ആണ് ജനസംഖ്യ. ഭൂ ഉടമസ്ഥതയില് 10 സെന്റില് കുറവുള്ളവരാണ് കൂടുതല്3111 പേര്. ഇവരടക്കം 50 സെന്റില് താഴെയുള്ളവര് 5534 പേര്. എന്നാല്, 50 സെന്റിനുമുകളില് അഞ്ച് ഏക്കര് വരെയുള്ളവര് 8082 പേരുണ്ട്. സ്വാഭാവികമായും കൃഷിക്ക് പ്രാധാന്യമുള്ള പ്രദേശം
1987ല് അവിടെ 1927 ഹെക്ടറില് നെല്കൃഷിയുണ്ടായിരുന്നു. തെങ്ങിന് രണ്ടാം സ്ഥാനം. 1960ല് മാത്രം അവിടെ കൃഷിചെയ്യാനാരംഭിച്ച റബ്ബര്, 199091ല് 560 ഹെക്ടറില് മാത്രമാണുണ്ടായിരുന്നത്. അപ്പോഴും ആയിരം ഹെക്ടറില് നെല്കൃഷിയും 850 ഹെക്ടറില് തെങ്ങുമുണ്ട്. വെറും ഏഴുവര്ഷം കഴിഞ്ഞപ്പോഴേക്കും 859 ഹെക്ടറില് റബ്ബര് ഒന്നാംസ്ഥാനത്തായി. നെല്ല് 586 ഹെക്ടറിലേക്ക് കുറഞ്ഞു. തെങ്ങ് 635 ഹെക്ടറില് രണ്ടാം സ്ഥാനത്തുതന്നെ നിന്നു.

പക്ഷേ, 397 ഹെക്ടര് ഭൂമിയില് കൃഷി ഇല്ലാതായി. ഏഴുവര്ഷത്തിനുള്ളില് അവ റിയല് എസ്റ്റേറ്റ് എന്ന പുതിയ സമ്പദ്മാര്ഗത്തിന്റെ മോഹവലയത്തിലേക്ക് വീണു.
ഇത് കടുത്തുരുത്തിയുടെ മാത്രം കഥയല്ല. കേരളത്തിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ച യാഥാര്ഥ്യം മാത്രമാണ്. നഗരങ്ങളില് റിയല് എസ്റ്റേറ്റ് മാഫിയകള് ഉദയംചെയ്തു. അതോടെ നെല്വയലുകളില് മണ്ണുവീണു. ആദ്യം കുറച്ച് വാഴയും കപ്പയും. പിന്നെ കുറച്ചു തെങ്ങ്. പിന്നെ ഒന്നുകില് കോണ്ക്രീറ്റ് കെട്ടിടങ്ങള് അതല്ലെങ്കില് റബ്ബര്‌ത്തോട്ടങ്ങള്.

തെങ്ങിന് ഈ മാറ്റം ഒട്ടും ഗുണംചെയ്തില്ല. കാരണം വെള്ളക്കെട്ടുള്ള സ്ഥലങ്ങളില് മണ്ണിട്ട് തെങ്ങുനട്ടാല് വിളവ് വളരെ മോശമായിരിക്കും. കാസര്‌കോട് മുതല് തിരുവനന്തപുരം വരെയുള്ള യാത്രയില് തീവണ്ടിപ്പാതയോരങ്ങളില് കാണുന്ന ശുഷ്‌കിച്ചുനില്ക്കുന്ന തെങ്ങുകള് ഈ ദുരവസ്ഥയുടെ നേര്ക്കാഴ്ചയാണ്. പറമ്പായതിന്റെ ഒരു സൂചകം മാത്രമാണ് ഇവിടെ തെങ്ങുകള്ധനമോഹത്തിന്റെ പേരില് കൃഷിയെ ഉപേക്ഷിച്ച മലയാളിമനസ്സിന്റെ വൈകല്യത്തിന്റെ വികൃതരൂപങ്ങള്.

വേണ്ടത് 30 ലക്ഷം തൈ;
ഉണ്ടാക്കുന്നത് എട്ടുലക്ഷം


കായംകുളം എന്നുകേള്‍ക്കുമ്പോള്‍ മോഷ്ടാവായ കൊച്ചുണ്ണിയെ എന്നപോലെ ചിലര്‍ നല്ലയിനം തെങ്ങിന്‍തൈകളെക്കുറിച്ചും ഓര്‍ക്കും. കാരണം അത്യുത്പാദനശേഷിയുള്ള നല്ലയിനം തെങ്ങിന്‍തൈകള്‍ കായംകുളം സി.പി.സി.ആര്‍.ഐ. കേന്ദ്രത്തില്‍നിന്ന് വര്‍ഷത്തിലൊരിക്കല്‍ വിതരണം ചെയ്യാറുണ്ട്. പക്ഷേ, കേന്ദ്രത്തിനുമുന്നില്‍ എല്ലാദിവസവും തൈ വില്പനയുണ്ട്. സി.പി.സി.ആര്‍.ഐ.യുടെ തൈ ആണെന്നുകരുതി അത് വാങ്ങിപ്പോകുന്നവര്‍ നിരവധിയാണ്.

അല്ലെങ്കിലും മലയാളിയുടെ ദൗര്‍ബല്യമാണ് തെങ്ങ്. എവിടെയെങ്കിലും തൈ കിട്ടാനുണ്ടെന്നു കേട്ടാല്‍ എത്ര ബുദ്ധിമുട്ടിയാണെങ്കിലും ഒരെണ്ണം സംഘടിപ്പിക്കും. വൃത്തിയായി പറമ്പില്‍ കുഴിച്ചിടുകയുംചെയ്യും. പിന്നീടുള്ളതെല്ലാം ആ തൈതന്നെ ചെയ്തുകൊള്ളണം. സമയാസമയങ്ങളില്‍ കായ്ഫലവും നല്‍കണം. അത് നിര്‍ബന്ധമാണ്.

കാറ്റുവീഴ്ചാരോഗബാധിത സ്ഥലങ്ങളില്‍ ഏതെങ്കിലും തൈവെച്ചിട്ട് ഒരു കാര്യവുമില്ല. അതുകൊണ്ടാണ് 1987ല്‍ രോഗപ്രതിരോധശേഷിയുള്ള തെങ്ങിനങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ സി.പി.സി.ആര്‍.ഐ. ശ്രമമാരംഭിച്ചത്. അങ്ങനെ മൂന്നിനങ്ങള്‍ വികസിപ്പിച്ചെടുത്തു. അതില്‍ 'കല്പരക്ഷയും' 'കല്പശ്രീയും' രോഗപ്രതിരോധശേഷിയുള്ള ഇനങ്ങളാണ്. 'കല്പസങ്കര' രോഗസഹനശേഷിയുള്ള ഇനവും. ചാവക്കാട്, മലയന്‍, ന്യൂലേഖ, ഗംഗാബോണ്ടം, ഗുഡാഞ്ജലി എന്നീ കുറിയ പച്ചയിനങ്ങളെ ഉപയോഗിച്ചുള്ള മറ്റു പരീക്ഷണങ്ങള്‍ നടന്നുവരികയാണെന്ന് സി.പി.സി.ആര്‍.ഐ. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. റെജി ജെ. തോമസ് പറഞ്ഞു.

പൊതുവെ കുറിയയിനങ്ങള്‍ക്കാണ് രോഗപ്രതിരോധശേഷി കണ്ടുവരുന്നത്. അതില്‍ത്തന്നെയും പതിനെട്ടാംപട്ടയെന്ന ചാവക്കാട് ഗ്രീന്‍ ഡ്വാര്‍ഫാണ് (സി.ജി.ഡി. അഥവാ ചാവക്കാട് കുറിയ പച്ച) മികച്ചത്. രോഗബാധിതപ്രദേശങ്ങളിലെ നെടിയയിനങ്ങളില്‍ 80 ശതമാനവും രോഗമെടുത്തപ്പോള്‍ ചാവക്കാട് പച്ചയില്‍ 75 ശതമാനം രോഗത്തെ അതിജീവിച്ചതായി കണ്ടു. പക്ഷേ, ഈയിനത്തിന് തേങ്ങയ്ക്ക് വലിയ വലിപ്പമുണ്ടാകില്ല. കൊപ്രയുടെ തൂക്കവും കുറവാണ്. ഉയരം കുറവായതിനാല്‍ കയറാന്‍ എളുപ്പമുണ്ടെന്നതും പാചകത്തിന് പറ്റിയ പച്ചത്തേങ്ങയാണെന്നതുമാണ് അനുകൂലഘടകം.

കരിക്കിനുപറ്റിയ ഇനമാണ് മലയന്‍ ഗ്രീന്‍ ഡ്വാര്‍ഫ് (എം.ജി.ഡി.) എന്ന മലയന്‍ പച്ചയിനം. മലേഷ്യയില്‍നിന്ന് ഇറക്കുമതിചെയ്ത ഇവന്‍ മലപ്പുറത്തെ മുണ്ടേരി ഫാമിലും എറണാകുളം നേര്യമംഗലത്തുള്ള നാളികേര വികസന ബോര്‍ഡ് (സി.ഡി.ബി.) ഫാമിലും മാത്രമേയുള്ളൂ.
രോഗബാധിതപ്രദേശങ്ങളില്‍ ആരോഗ്യത്തോടെനിന്ന് വര്‍ഷത്തില്‍ 80 തേങ്ങയിലധികംതരുന്ന പശ്ചിമതീര നെടിയയിനത്തില്‍നിന്ന് വികസിപ്പിച്ചെടുക്കുന്ന ഡബ്ല്യു.സി.ടി. എലിറ്റ് ഇനങ്ങള്‍ക്കും നല്ല ഡിമാന്‍ഡാണ്.

പക്ഷേ, ഇതിന്റെയെല്ലാം ലഭ്യതയാണ് വലിയ പ്രശ്‌നം. സങ്കരയിനങ്ങളും ഹൈബ്രിഡുമെല്ലാം വികസിപ്പിച്ചെടുത്ത സി.പി.സി.ആര്‍.ഐ.ക്ക് വര്‍ഷത്തില്‍ 15,000 തൈകള്‍ മാത്രമാണ് ഉത്പാദിപ്പിക്കാനാകുന്നത്. കഴിഞ്ഞ വര്‍ഷമിത് 17,000 ആയിരുന്നു. വളരെ ശാസ്ത്രീയമായി വിത്തുതേങ്ങ ഉത്പാദിപ്പിക്കുന്നതാണ് എണ്ണക്കുറവിന് കാരണമെന്ന് പ്രാദേശികകേന്ദ്രം തലവന്‍ ഡോ. കൃഷ്ണകുമാര്‍ പറഞ്ഞു. തൈ കിട്ടണമെങ്കില്‍ മുന്‍കൂറായി അപേക്ഷിക്കണം. നാളികേര വികസനബോര്‍ഡിന്റെ നേര്യമംഗലത്തുള്ള ഫാമില്‍ കഴിഞ്ഞവര്‍ഷം മൊത്തം 1.91 ലക്ഷം തൈകളാണ് ഉത്പാദിപ്പിച്ചത്. ഇതില്‍ 20,000 കുറിയയിനമുണ്ട്. അവിടെ 12 ലക്ഷം പേരാണ് തൈക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നത്. ബോര്‍ഡിന്റെ നേതൃത്വത്തില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച നാളികേരോത്പാദന കമ്പനികളും ചെറിയതോതില്‍ തൈകളുണ്ടാക്കുന്നുണ്ട്.

സംസ്ഥാന കൃഷിവകുപ്പ് പ്രതിവര്‍ഷം കഷ്ടി നാലുലക്ഷം തൈകള്‍ ഉത്പാദിപ്പിക്കുന്നു. അതില്‍ 2.77 ലക്ഷവും പശ്ചിമതീര നെടിയയിനമാണ്. കാറ്റുവീഴ്ചാ പ്രദേശങ്ങളില്‍ ഇത് രോഗത്തിന് ഇരയാകും. 2857 ഡബ്ല്യു.സി.ടി. എലിറ്റ് ഇനങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. 1.11 ലക്ഷം കുറിയയിനങ്ങളും പുറത്തിറക്കുന്നുണ്ട്. മലയന്‍ യെല്ലോ ഡ്വാര്‍ഫ്8030, ടി x ഡി19228, ഡി x ടി21330, സെഗ്രിഗന്‍സ്22537, മറ്റു കുറിയയിനങ്ങള്‍40194 എന്നിങ്ങനെയാണിത്. സങ്കരയിനത്തിലെ കരുത്തില്ലാത്ത വിഭാഗമാണ് സെഗ്രിഗന്‍സ്.

കാര്‍ഷിക സര്‍വകലാശാല ഒന്നരലക്ഷം തൈ ഉത്പാദിപ്പിക്കുന്നു. പ്രതിവര്‍ഷം കേരളത്തില്‍ 28 മുതല്‍ 30 ലക്ഷം വരെ തെങ്ങിന്‍തൈ വേണ്ടിടത്താണ് കഷ്ടി നാലുലക്ഷം മാത്രം കൃഷിവകുപ്പ് തയ്യാറാക്കുന്നത്. സി.പി.സി.ആര്‍.ഐ, നാളികേര വികസന ബോര്‍ഡ്, കാര്‍ഷിക സര്‍വകലാശാല എന്നിവയെല്ലാം കൂടിയാകുമ്പോള്‍ മൊത്തം കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന തൈകള്‍ എട്ടുലക്ഷം മാത്രമാണ്. അതില്‍ത്തന്നെ കൂടുതലും കാറ്റുവീഴ്ചാബാധിത പ്രദേശങ്ങളില്‍ നടാന്‍ പറ്റിയതല്ല. നെടിയ ഇനങ്ങളുമാണ്. കര്‍ഷകന് തേങ്ങയിടാനുള്ള സൗകര്യം കണക്കിലെടുത്ത് കുറിയയിനം തെങ്ങുകളെ പ്രോത്സാഹിപ്പിക്കലാണ് പൊതുവായ നയം. പക്ഷേ, യാഥാര്‍ഥ്യം മറിച്ചും.

തെങ്ങിന്‍തൈ ഉത്പാദനം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഏത് സര്‍ക്കാറിന്റെ കാലത്താണെങ്കിലും കൃഷിവകുപ്പ് പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. 1996ല്‍ നടത്തിയ  അസത്യപ്രസ്താവനതന്നെ അതിനുതെളിവ്. കേന്ദ്രസര്‍ക്കാറിന്റെ ആവശ്യപ്രകാരം അന്നുനടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ടില്‍ ഏതാണ്ട് 10 ലക്ഷം തൈകള്‍ സര്‍ക്കാര്‍തന്നെ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ടെന്നും 20 മുതല്‍ 30 ലക്ഷം വരെ തൈകള്‍ സ്വകാര്യമേഖലയില്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നും പറഞ്ഞു. 20 വര്‍ഷത്തിനുശേഷമുള്ള ഉത്പാദനത്തിന്റെ കണക്ക് ഏതാണ്ട് നാലുലക്ഷം മാത്രമാണ്. കാര്‍ഷിക സര്‍വകലാശാലയെക്കൂടി കണക്കിലെടുത്താല്‍ അഞ്ചരലക്ഷം.

വാഗ്ദാനം ഇപ്പോഴും തുടരുന്നുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് 10 ലക്ഷം കുറിയയിനം തെങ്ങുകള്‍ ഓരോ വര്‍ഷവും അധികമായി ഉത്പാദിപ്പിച്ച് അഞ്ചുവര്‍ഷംകൊണ്ട് 50 ലക്ഷം തെങ്ങുകള്‍ സംസ്ഥാനത്ത് നീര ഉത്പാദനത്തിന് തയ്യാറാക്കുമെന്നാണ്. 'എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം' എന്നുമാത്രമേ ഈ പ്രസ്താവനയെ വിശേഷിപ്പിക്കാനാകൂ.
രോഗവ്യാപനത്തിന്റ ചരിത്രം സര്‍വേകളിലൂടെ വ്യക്തമാണ്. അടുത്തത് സര്‍വേയില്‍ പ്രതിഫലിച്ച രോഗാവസ്ഥ.

 

കുറിയ ഇനങ്ങളും
സങ്കരയിനങ്ങളും

ഇന്ന് ഇന്ത്യയിലുള്ള 98 ശതമാനം തെങ്ങുകളും നെടിയ ഇനങ്ങളാണ്.
ഇതില്‍ ഭൂരിഭാഗവും പശ്ചിമതീര നെടിയ ഇനമെന്ന ഡബ്ലിയു.സി.ടി.ആണ്. പതിനെട്ടാം പട്ടയും ചെന്തെങ്ങുമാണ് കേരളത്തിലെ സാധാരണക്കാര്‍ അറിയുന്ന കുറിയ (ഡ്വാര്‍ഫ്) ഇനങ്ങള്‍. ചാവക്കാട് പച്ച കുറിയ ഇനമാണ് പതിനെട്ടാംപട്ട. ചാവക്കാട് ഓറഞ്ച് ഡ്വാര്‍ഫ് (സി.ഒ.ഡി.) ചെന്തെങ്ങും. കുറിയ ഇനങ്ങളില്‍ നല്ല വിളതരുന്ന മലയന്‍ ഗ്രീന്‍ ഡ്വാര്‍ഫും മലയന്‍ ഓറഞ്ച് ഡ്വാര്‍ഫും മലേഷ്യയില്‍നിന്നും കൊണ്ടുവന്ന കുറിയ ഇനങ്ങളാണ്.
കുറിയ ഇനം തെങ്ങിന്റെ പെണ്‍പൂവില്‍ നെടിയ ഇനത്തിന്റെ പരാഗരേണുക്കള്‍ പതിച്ചുണ്ടാക്കുന്ന പരാഗണം വഴിയാണ് സങ്കരയിനം തൈകള്‍ ഉണ്ടാക്കുന്നത്. തിരിച്ചും ചെയ്യാം. ഡിxടി, ടിxഡി എന്നിവ ഇതുപോലുള്ള സങ്കരയിനങ്ങളാണ്. ടിxഡിയില്‍ മാതൃവൃക്ഷം നെടിയ ഇനമാണ്.


വിത്തുതേങ്ങ ഉത്പാദനത്തില്‍
മുന്നേറ്റംവേണം

ഇന്ത്യയില്‍ ഒരുവര്‍ഷം 100 ലക്ഷം തെങ്ങിന്‍തൈകള്‍ വേണം. പക്ഷേ, ഉത്പാദിപ്പിക്കുന്നതാകട്ടെ 30 ലക്ഷംമാത്രം. വിതരണത്തിനെത്തുന്ന നല്ലൊരു ശതമാനവും ഗുണനിലവാരം പുലര്‍ത്താത്തവയാണ്.  

തെങ്ങിന്‍തൈ നല്ലതാകണമെങ്കില്‍ മാതൃവൃക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രധാനമാണ്. നെടിയ ഇനമാണെങ്കില്‍ രോഗാവസ്ഥയില്ലാത്ത തോട്ടത്തില്‍ ചുരുങ്ങിയത് വര്‍ഷത്തില്‍ 100 തേങ്ങയെങ്കിലും കിട്ടുന്ന 20 വയസ്സിനു മുകളില്‍ പ്രായമായ തെങ്ങായിരിക്കണം. കുറിയയിനത്തിന്റെ പ്രായം എട്ടിനും 30 വയസ്സിനുമിടയിലായിരിക്കണം. രണ്ടിലും 30 ഓലയെങ്കിലും വേണം. ചുരുങ്ങിയത് 12 കുലയും.

രാജ്യത്ത് ഏറ്റവും കൂടുതല്‍ തെങ്ങുകളുള്ള കേരളത്തില്‍ കൃഷിവകുപ്പിനുകീഴില്‍ എട്ട് നാളികേര നഴ്‌സറികളേയുള്ളൂ. വിത്തുതേങ്ങയാകട്ടെ കുറ്റ്യാടി, പെരുമ്പടപ്പ്, ചാവക്കാട് എന്നിവിടങ്ങളില്‍നിന്നും സംഭരിക്കുന്നു. മുണ്ടേരി ഫാമില്‍ കുറച്ചു മലയന്‍ യെല്ലോ ഡ്വാര്‍ഫ് ഇനങ്ങളുണ്ട്.

മൂന്നുവര്‍ഷംകൊണ്ടേ ഒരു തൈ വളര്‍ത്തിയെടുക്കാനാകൂ. ഇത്തരം സങ്കീര്‍ണതകള്‍ക്കിടയില്‍ ഭരണാധികാരികള്‍ ഒന്നുമറിയാതെയാണ് തൈ ഉത്പാദനം കൂട്ടുമെന്ന് പ്രഖ്യാപിക്കുന്നത്. തൈ ഉത്പാദനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന കാര്‍ഷിക സര്‍വകലാശാലയുടെ പീലിക്കോട് കേന്ദ്രത്തില്‍ 42 ശാസ്ത്രജ്ഞര്‍ വേണ്ടിടത്ത് നാലുപേരാണുള്ളത്. പിന്നെങ്ങനെ തൈ ഉത്പാദനം കൂടും?

ആരോഗ്യമുള്ള തെങ്ങിലെ എല്ലാ തേങ്ങയും വിത്തുതേങ്ങയാക്കാനും പറ്റില്ല. അതില്‍ത്തന്നെ നല്ല തിരഞ്ഞെടുപ്പുവേണം. കൂടാതെ സങ്കരയിനം തെങ്ങിന്‍തൈ ഉത്പാദനമാകട്ടെ വളരെ ശ്രമകരവും കഠിനാധ്വാനം ആവശ്യമായിട്ടുള്ളതുമാണ്. പലതവണ തെങ്ങില്‍ കയറിമാത്രമേ വിത്തുതേങ്ങയുത്പാദനം നടത്താനാവൂ. രാജ്യത്തെ മിക്കവാറും ഫാമുകളില്‍ കണിശമായ നിയന്ത്രണങ്ങള്‍ പാലിക്കാതെയാണ് വിത്തുത്പാദനം നടത്തുന്നതെന്ന് ശാസ്ത്രജ്ഞന്മാര്‍ക്ക് പരാതിയുണ്ട്.

കേരമില്ലാത്ത കേരളമോ?

കേരളത്തിന്റെ സാമ്പത്തികരംഗത്തിന് ശക്തിപകരാവുന്ന കോടിക്കണക്കിന് രൂപ നാളികേര ഉത്പാദനക്കുറവിലൂടെ നഷ്ടമാകുന്നതും പരിഹാരം തേടിയുള്ള ഗവേഷണത്തിന് കോടികള്‍ ചെലവഴിച്ചതും കണ്ടുകഴിഞ്ഞു. ഇനി രോഗത്തിന്റെ ചരിത്രം ചില പഠനറിപ്പോര്‍ട്ടുകളിലൂടെയും സര്‍വേയിലൂടെയും കൃത്യമായി അറിയാം.

1908ല്‍ രോഗപഠനത്തിനായി പുസയില്‍നിന്നുവന്ന ഡോ. ഇ.ജെ. ബട്‌ലറാണ് രോഗബാധിതപ്രദേശങ്ങളെക്കുറിച്ചും രോഗം വരുത്തിവെച്ച നഷ്ടത്തെക്കുറിച്ചും ആദ്യമായി പ്രതിപാദിച്ചത്.

ഉദ്ദേശം 2.5 ലക്ഷം ഏക്കറില്‍ തെങ്ങുകൃഷിയുണ്ടെന്ന് അനുമാനിച്ച ബട്‌ലര്‍, 1903ലെ കണക്കുപ്രകാരം ഒരു കോടി രൂപയുടെ കയറ്റുമതിവരുമാനം നാളികേരം വഴിയുണ്ടെന്ന് രേഖപ്പെടുത്തി. വെളിച്ചെണ്ണ, കൊപ്ര, കയര്‍, തേങ്ങ എന്നിവയെല്ലാം കയറ്റുമതിചെയ്തിരുന്നു. ആഭ്യന്തര ഉപഭോഗം വളരെ വലുതാണെന്നും പറയുന്നുണ്ട്. 1901ലെ സെന്‍സസ് പ്രകാരം 1,33,047 പേര്‍ കയര്‍വ്യവസായത്തില്‍ മാത്രമുണ്ടെന്നും വ്യക്തമാക്കി.

ചരിത്രം കണക്കിലൂടെ

കേരളത്തിലെ നാളികേര കൃഷിയിടത്തിന്റെയും ഉത്പാദനത്തിന്റെയും കണക്ക് പരിശോധിച്ചാല്‍ തെങ്ങ് വല്ലാത്തൊരു സമസ്യയായിനില്‍ക്കും.

കാരണം 1982ല്‍ 6.74 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് തെങ്ങുണ്ടായിരുന്നത്. 300.6 കോടി തേങ്ങമാത്രമായിരുന്നു ഉത്പാദനം. ഉത്പാദനക്ഷമത ഹെക്ടറിന് 4457 നാളികേരം മാത്രം. 1988ല്‍ കൃഷിപ്രദേശം 8.32 ലക്ഷം ഹെക്ടറായി വര്‍ധിച്ചു. ഉത്പാദനം 384.1 കോടി തേങ്ങ. 2001ല്‍ കൃഷി 9.25 ലക്ഷം ഹെക്ടറിലായി. ഉത്പാദനത്തിലും വര്‍ധനവന്നു. 553.6 കോടി തേങ്ങ. 2014 ആയപ്പോഴേക്കും കൃഷി 8.86 ലക്ഷം ഹെക്ടറിലേക്ക് കുറഞ്ഞു. എന്നാല്‍, ഉത്പാദനം കൂടി579.9 കോടി തേങ്ങ.

നെല്‍വയലുകള്‍ തെങ്ങിന്‍പറമ്പുകളാവുകയും അത് പിന്നീട് പാര്‍പ്പിടങ്ങള്‍ വെക്കുന്നതിനുള്ള ഭൂമിയായി മാറിയതിന്റെയും ഒരു ചിത്രംകൂടി ഈ കണക്കുകളില്‍നിന്ന് വ്യക്തമാകും. വയലുകള്‍ മണ്ണിട്ടുനികത്തി തെങ്ങുവെച്ചതിനാലാണ് 1988ല്‍ കൃഷിപ്രദേശം 8.32 ലക്ഷമായി ഉയര്‍ന്നത്. അങ്ങനെയുള്ള തെങ്ങുകള്‍ ഫലംതന്നുതുടങ്ങിയപ്പോള്‍ 2011ലെ ഉത്പാദനക്കണക്കില്‍ വര്‍ധനയുണ്ടായി. പറമ്പുകള്‍ തുണ്ടംതുണ്ടമായി വിറ്റതോടെ 2014 ആയപ്പോഴേക്കും കൃഷിഭൂമിയുടെ വിസ്തീര്‍ണം കുറഞ്ഞു. ഉത്പാദനക്ഷമത കൂട്ടാന്‍ നടപടി കൈക്കൊണ്ടതിനാല്‍ ഉത്പാദനം വര്‍ധിച്ചു. തമിഴ്‌നാട്ടില്‍ ഒരു ഹെക്ടറില്‍ 10000നുമുകളില്‍ തേങ്ങ ഉത്പാദിപ്പിക്കുമ്പോഴാണ് കേരളത്തില്‍ ഇപ്പോഴും ഉത്പാദനക്ഷമത 7300ല്‍ നില്‍ക്കുന്നത്.

രോഗത്തിന്റെ തീവ്രത നാളികേര ഉത്പാദനത്തെ ബാധിച്ചുവെന്നതിനും ബട്‌ലര്‍ കണക്കുകള്‍ നിരത്തി. 1905'06ല്‍ 32 ശതമാനം മാത്രമാണ് കയറ്റുമതിയില്‍ തേങ്ങയുടെ വിഹിതം. അതിനുമുമ്പുള്ള വര്‍ഷങ്ങളില്‍ അത് 50 ശതമാനത്തിന് മുകളിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മീനച്ചില്‍, തിരുവല്ല, കായംകുളം, ആലപ്പുഴ എന്നിവിടങ്ങളിലായി 24,000 ഹെക്ടര്‍ സ്ഥലത്ത് രോഗമുണ്ടെന്ന് അന്ന് വിലയിരുത്തി. 1934ല്‍ എം.കെ. വര്‍ഗീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രോഗം കൊച്ചിയിലും കൊട്ടാരക്കരയിലും എത്തിയതായി പറയുന്നു.

1920കളില്‍ വര്‍ഗീസ് കായംകുളത്ത് നടത്തിയ സര്‍വേയും എടുത്തുപറയേണ്ടതാണ്. രോഗം ഏതുവിധത്തില്‍ ഏതൊക്കെയിനം തെങ്ങുകളില്‍ ബാധിച്ചിട്ടുണ്ടെന്ന് 60,545 തെങ്ങുകള്‍ പരിശോധിച്ചാണ് അദ്ദേഹം നിര്‍ണയിച്ചത്. അതില്‍ 35,958 എണ്ണം (59.4 ശതമാനം) രോഗബാധിതമായിരുന്നു. 42,338 തെങ്ങുകള്‍ കായ്ച്ചവ. അവയില്‍ 23,431 എണ്ണത്തിനാണ് രോഗമുള്ളത്. രോഗമുള്ളവയില്‍ 809 എണ്ണം മികച്ചരീതിയില്‍ കായ്ഫലമുള്ളതും 15,223 എണ്ണം ഭേദപ്പെട്ടനിലയിലും 7399 എണ്ണം തീര്‍ത്തും നശിച്ചവയുമായിരുന്നെന്നും അദ്ദേഹം രേഖപ്പെടുത്തി.

1937 മുതല്‍ കെ.പി.വി. മേനോനും യു.കെ. നായരും നടത്തിയ പഠനങ്ങളുടെ റിപ്പോര്‍ട്ട് 1951ല്‍ പ്രസിദ്ധീകരിച്ചപ്പോള്‍ പുനലൂരിനും ഓച്ചന്തുരുത്തിനും മലയാറ്റൂരിനും ഇടയില്‍ രോഗമെത്തിയെന്ന് വ്യക്തമായി. കായംകുളം, തിരുവല്ല, ആലപ്പുഴ, ചങ്ങനാശ്ശേരി, മീനച്ചില്‍, പത്തനംതിട്ട, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളില്‍ രോഗം ഗുരുതരമാണെന്നും രേഖപ്പെടുത്തി. 1959ല്‍ ഇ.ജെ. വര്‍ഗീസ് നടത്തിയ പഠനത്തില്‍ രോഗം കൊല്ലത്തിനപ്പുറം വാമനപുരം പുഴയോരത്ത് ആറ്റിങ്ങല്‍വരെ എത്തിയെന്നും പറയുന്നു. 1960ല്‍ കെ.പി.വി. മേനോനും കെ.എം. പണ്ടാലയും ചേര്‍ന്ന് 40,000 ഹെക്ടര്‍ സ്ഥലത്ത് രോഗം ബാധിച്ചെന്നും കണക്കാക്കി.

1972ല്‍ എന്‍. ഗോപിനാഥന്‍പിള്ളയുടെ നേതൃത്വത്തിലാണ് പിന്നീട് വിശദമായ സര്‍വേ നടന്നത്. അതില്‍ കേരളത്തിലെ ഏഴുലക്ഷം ഹെക്ടര്‍ നാളികേരകൃഷിയില്‍ 2.5 ലക്ഷം ഹെക്ടര്‍ പ്രദേശങ്ങളില്‍ രോഗമുണ്ടെന്നാണ് വിവരം. രോഗാവസ്ഥ വളരെ കൃത്യമായി ഭൂപടം തയ്യാറാക്കി വിവരിക്കുന്നുമുണ്ട്. തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളില്‍ രോഗമുണ്ടെന്നും വ്യക്തമാക്കി. തൃശ്ശൂര്‍ താലൂക്കില്‍ രോഗമില്ലെന്നും കല്ലൂര്‍, വരന്തരപ്പിള്ളി മുതല്‍  തെക്ക് മാരനെല്ലൂര്‍, ഒറ്റശ്ശേഖരമംഗലം വരെ രോഗമുണ്ടെന്നുമാണ് കണ്ടെത്തല്‍. കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, കുട്ടനാട്, കാഞ്ഞിരപ്പള്ളി, മീനച്ചില്‍, കണയന്നൂര്‍ താലൂക്കുകളില്‍ രോഗം ഗുരുതരമാണെന്നും പ്രതിപാദിച്ചു.

1971 മുതല്‍ '76 വരെയുള്ള കാലയളവില്‍ രോഗം ആലപ്പുഴയില്‍ 54.6 ശതമാനവും കോട്ടയത്ത് 49.8 ശതമാനവും ഇടുക്കിയില്‍ 43 ശതമാനവും ഉണ്ടെന്ന് എം.വി. ജോര്‍ജ് നടത്തിയ സര്‍വേയില്‍ പറയുന്നു. പ്രതിവര്‍ഷം 340 കോടി തേങ്ങ രോഗംമൂലം നഷ്ടപ്പെടുന്നതായും വ്യക്തമാക്കി.

1984'85ല്‍ കൃഷിവകുപ്പിന്റെ സഹായത്തോടെ സി.പി.സി.ആര്‍.ഐ. നടത്തിയ സര്‍വേയില്‍ എട്ടു ജില്ലകളിലെ 4.1 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് രോഗമുണ്ടെന്നും കോട്ടയം (75.6 ശതമാനം), ആലപ്പുഴ (70.7 ശതമാനം), പത്തനംതിട്ട (38.2 ശതമാനം), എറണാകുളം (34.5 ശതമാനം), ഇടുക്കി (34.2 ശതമാനം), കൊല്ലം (28.6 ശതമാനം), തിരുവനന്തപുരം (1.5 ശതമാനം), തൃശ്ശൂര്‍ (2.6 ശതമാനം) എന്നിങ്ങനെയാണ് രോഗാവസ്ഥയെന്നും കണ്ടു. വടക്കന്‍ കേരളത്തിലെ ചിലയിടങ്ങളിലും രോഗമുള്ളതായും രേഖപ്പെടുത്തി.

96.8 കോടി തേങ്ങ പ്രതിവര്‍ഷം രോഗംമൂലം കേരളത്തിന് നഷ്ടമാകുന്നുവെന്നത് ഈ സര്‍വേയിലെ പ്രധാന കണ്ടെത്തലാണ്. തിരുവനന്തപുരം11.34 ദശലക്ഷം, കൊല്ലം110.56, പത്തനംതിട്ട99.39, ആലപ്പുഴ271.02, കോട്ടയം254.39, ഇടുക്കി31.11, എറണാകുളം177.13, തൃശ്ശൂര്‍12.65 ദശലക്ഷം എന്നിങ്ങനെയാണ് നഷ്ടം. രോഗമുള്ള ഒരു തെങ്ങിന്റെ കുലയില്‍ 25.8 ശതമാനം തേങ്ങ കുറവാണെന്നാണ് പൊതുവേ കണക്കാക്കിയത്. കൊപ്രയില്‍ ഒമ്പതുശതമാനവും എണ്ണയില്‍ 11.3 ശതമാനവും കുറവ് കണക്കാക്കി. അന്നത്തെ വിലപ്രകാരം 300 കോടി രൂപ പ്രതിവര്‍ഷം നഷ്ടപ്പെടുന്നതായും വിലയിരുത്തി.

1996ല്‍ കൃഷിവകുപ്പ് നടത്തിയ സര്‍വേയില്‍ സ്ഥിതി കുറച്ച് മെച്ചപ്പെട്ടുവെന്ന ചിത്രമാണ് ലഭിച്ചത്. രോഗബാധിതപ്രദേശങ്ങളുടെ അതിര്‍ത്തിജില്ലകളെന്നനിലയില്‍ തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ എല്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ പ്രദേശങ്ങളിലും സര്‍വേ നടത്തിയപ്പോള്‍ മറ്റുജില്ലകളില്‍ പത്തുശതമാനം പഞ്ചായത്തുകളില്‍ സാമ്പിള്‍ സര്‍വേയാണ് നടത്തിയത്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രോഗം നല്ലപോലെ കുറഞ്ഞുവെന്നും തൃശ്ശൂരില്‍ കൂടുതല്‍ സ്ഥലത്ത് രോഗമുണ്ടെന്നുമായിരുന്നു വിവരം.

കഴിഞ്ഞ 20 വര്‍ഷമായി കാറ്റുവീഴ്ച വിസ്മരിക്കപ്പെട്ട അവസ്ഥയാണ്. കണക്കും കാര്യങ്ങളും ഒന്നുമില്ല. അതിനിടെത്തന്നെ അയല്‍സംസ്ഥാനമായ തമിഴ്‌നാടും കര്‍ണാടകയും ആന്ധ്രാപ്രദേശും തെങ്ങുകൃഷിയില്‍ കുതിക്കുകയാണ്. ഇനിയൊന്നും ചെയ്യാനില്ലെന്ന കേരളത്തിന്റെ നിലപാട് ശരിയോ?

തെങ്ങ് മലയാളിയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഒരു ഘടകമാണ്. 'ഞാഞ്ഞ' എന്ന പ്രയോഗത്തിലൂടെ കുഞ്ഞുമനസ്സിലേക്ക് കയറിക്കൂടുന്ന തെങ്ങ്, ഓലപ്പീപ്പി, വാച്ച്, മച്ചിങ്ങയും പ്ലാവിലയും ചേര്‍ന്നുള്ള വണ്ടി തുടങ്ങിയ കളിപ്പാട്ടങ്ങളായും പിന്നീട് ഒഴിവാക്കാനാകാത്ത ഭക്ഷ്യഘടകമായും ഒടുവില്‍ പട്ടടയിലെ ചാരമായിപ്പോലും ഓരോ മലയാളിയുടെയും ജീവിതത്തില്‍ എന്നുമുണ്ട്. കേരളം ഒരിക്കലും കേരമില്ലാത്ത ഒരിടമാകരുത്

 

അവസാനം പരിഷ്കരിച്ചത് : 7/23/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate