অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തക്കാളിയെ വെല്ലുന്ന മരത്തക്കാളി

തക്കാളിയെ വെല്ലുന്ന മരത്തക്കാളി

തക്കാളിയെ വെല്ലുന്ന മരത്തക്കാളി

വ്യത്യസ്തമായ ഭൂപ്രകൃതിയും കാലാവസ്ഥയും കൊണ്ട് അനുഗ്രഹീതമായ പ്രകൃതിരമണീയമായ പ്രദേശമാണ് കാന്തല്ലൂർ. തണുപ്പുകാലാവസ്ഥയും ഇളക്കമുള്ള മണ്ണും പ്രത്യേക ഭൂപ്രകൃതിയും കാന്തല്ലൂരിന് വൈവിധ്യമാർന്ന സസ്യ സമ്പത്ത് സമ്മാനിച്ചിട്ടുണ്ട്. പലതരം പഴവർഗങ്ങൾക്കും ശൈത്യകാല പച്ചക്കറികൾക്കും പേരുകേട്ട കാന്തല്ലൂർ വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണ്. ആപ്പിൾ, ഓറഞ്ച്, സബർജില്ലി, പലവക പാഷൻഫ്രൂട്ടുകൾ, നാരങ്ങകൾ എന്നിവയോടൊപ്പം കാന്തല്ലൂരിന്റെ അഭിമാനമായി ഉയർത്തിക്കാട്ടാൻ പറ്റുന്ന ഒരു ഫലവർഗമാണ് മരത്തക്കാളി (Tree tomato) അഥവാ 'Tamarillo'. കാന്തല്ലൂർ മേഖലയിൽ ബ്രിട്ടീഷ് ഭരണകാലത്ത് കൃഷിചെയ്യാൻ ആരംഭിച്ച മരത്തക്കാളി സാധാരണയായി തോട്ടങ്ങളിൽ ഇടവിളയായി വളർത്തിപ്പോരുന്നു.

കുറ്റിച്ചെടിയുടെ വിഭാഗത്തിൽപെട്ട ഈ ചെടിയുടെ ശാസ്ത്രനാമം Solanum betaceum എന്നാണ്. ലാറ്റിൻനമേരിക്കൻ രാജ്യങ്ങളായ പെറു, ചിലി, കൊളംബിയ, ഇക്വഡോർ എന്നിവിടങ്ങളിൽ ജന്മംകൊണ്ട് ഈ സസ്യം Solanaceae കുടുംബത്തിൽ പെടുന്നു. സമുദ്രനിരപ്പിൽനിന്നും 1000 -3000 മീറ്റർ വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന തണുപ്പുകാലാവസ്ഥയുള്ള ഉഷ്ണ-മിതോഷ്ണമേഖല മലനിരകളാണ് മരത്തക്കാളിയുടെ വളർച്ചയ്ക്ക് അഭികാമ്യം. ഇളക്കമുള്ളതും വളക്കൂറുള്ളതുമായ മണ്ണ് ഇതിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.

5 മീറ്ററോളം ഉയരത്തിൽ വളരുന്ന ഈ ചെടിക്ക് ആഴമില്ലാത്ത വേരുപടലമാണ് ഉള്ളത്. മുട്ടയുടെ ആകൃതിയിൽ മഞ്ഞ, ചുവപ്പ്, പിങ്ക് എന്നീ നിറങ്ങളിൽ ഉണ്ടാകുന്ന പഴങ്ങൾക്ക് പാഷൻഫ്രൂട്ടിന്‍റെയും തക്കാളിയുടെയും സ്വാദുകൾ ഇടകലർന്ന രുചിയായിരിക്കും. തക്കാളിയോട് രൂപസാദൃശ്യമുള്ള ഈ പഴവർഗത്തിന്റെ തോട് കട്ടിയുള്ളതാണ്. കുലകുലയായി കായ്ക്കുന്നു. ഓരോ കുലയിലും 1 മുതൽ 6 വരെ പഴങ്ങളുണ്ടാകും. കമ്പ് മുറിച്ചുനട്ടോ വിത്തുമുളപ്പിച്ചോ മരത്തക്കാളി വളർത്താവുന്നതാണ്. 1 -1.5 മീറ്റർ ഉയരത്തിലെത്തും വരെ നഴ്സറിയില്‍ വളര്‍ത്തുന്നതാണ് നന്ന്. വളരെ വേഗത്തില്‍ വളരുന്ന ഇവ ഒന്നര മുതല്‍ രണ്ട് വർഷത്തിനുള്ളിൽ കായ്ച്ചു തുടങ്ങുന്നു. കായ്കൾ ഒരേകാലത്തിൽ മൂപ്പെത്തുവാനായി കമ്പുകോതൽ നടത്തേണ്ടതുണ്ട്. സാധാരണയായി ഒരു ചെടിയിൽ നിന്നും 20 കി.ഗ്രാമിൽ കൂടുതൽ വിളവ് ഒരു വർഷം പ്രതീക്ഷിക്കാം.

ആഴമില്ലാത്ത വേരുപടലമായതിനാൽ വരൾച്ച അതിജീവിക്കാനുള്ള കഴിവ് ഈ വിളയ്ക്ക് തുലോം കുറവാണ്. ആയതിനാൽ അത്യാവശ്യം നന നൽകണം, അല്ലെങ്കിൽ പഴങ്ങളുടെ വലിപ്പത്തിനെയും വിളവിനെയും സാരമായി ബാധിച്ചേക്കും. പകുതി മുറിച്ച് പഴത്തിൽ നിന്നും സ്പ്പൂൺ ഉപയോഗിച്ച് കാമ്പ് കോരികഴിക്കാനാവും. കാന്തല്ലൂർ സന്ദർശിക്കുന്ന സഞ്ചാരികൾക്കായി മരത്തക്കാളി കർഷകർ "Tamarillo milk shake" നൽകിവരുന്നു. സ്വാദിഷ്ടമായ ഈ പാനീയം വിനോദസഞ്ചാരികൾക്ക് വളരെയധികം സ്വീകാര്യമാണ്. തക്കാളി ഉപയോഗിച്ചുണ്ടാക്കുന്ന ഉത്പ്പന്നങ്ങളൊക്കെ മരത്തക്കാളി ഉപയോഗിച്ചും ഉണ്ടാക്കാം. ആരോഗ്യപ്രദായകങ്ങളായ ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു ഫലമാണിത്. അവയിൽ ചിലത് താഴെ വിവരിക്കുന്നു.

  • വൈറ്റമിന്‍ സി വലിയതോതിൽ അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
  • ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിലെ സോഡിയത്തിന്റെ അളവിനെ ലഘൂകരിച്ച് ഹൃദയധമനികളെ ശക്തിപ്പെടുത്തുന്നു.
  • ഇതിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനുതകുന്നു.
വളരെയേറെ കയറ്റുമതിസാധ്യതയുള്ള ഈ വിള വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നില്ല. കാന്തല്ലൂർ മേഖലയിലെ മണ്ണും കാലാവസ്ഥയും മരത്തക്കാളിയുടെ കൃഷിവ്യാപനത്തിന് വളരെ അനുയോജ്യമായ ഒന്നാകയാൽ കർഷകർക്ക് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാനുള്ള സാങ്കേതികസഹായം നൽകുന്നത് നന്നായിരിക്കും. “ഫാം ടൂറിസം'' വളരെ അധികം വിപുലപ്പെട്ടു വരുന്ന സാഹചര്യത്തിൽ മരത്തക്കാളിയുടെ ഗുണമേന്മ പുറംലോകത്തിലേക്ക് പ്രചരിപ്പിക്കാൻ സാധിക്കും. അതു കർഷകർക്ക് വരുമാനമാർഗമായി മാറുകയും കൂടാതെ ഭാവിയിൽ ആപ്പിൾ, ഓറഞ്ച് ഫലങ്ങളോട് കിടപിടിക്കാൻ ഉതകുന്ന ഒരു സ്ഥാനം മരത്തക്കാളിക്ക് ഉണ്ടാകുകയും ചെയ്യും.

കടപ്പാട്: കേരളകര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 4/22/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate