অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കായികപ്രജനനം

എന്താണ് കായികപ്രജനനം

അനുകൂല സാഹചര്യങ്ങളിൽ സസ്യങ്ങളുടെ ഏതെങ്കിലും ഭാഗംമാതൃസസ്യത്തിൽനിന്നും വേർപെട്ടു സ്വതന്ത്രമായി വളരുന്ന പ്രക്രിയക്ക് കായികപ്രജനനം എന്നു പറയുന്നു. പലസസ്യങ്ങളിലും വംശവർധനവിനുള്ള പ്രധാനോപാധി കായികപ്രജനനമാണ്.

കായികപ്രജനനത്തെ നൈസർഗികം,കൃത്രിമംഎന്നിങ്ങനെ രണ്ടായി തരംതിരിക്കാം.

വേര്, കാണ്ഡം, ഇല എന്നീ ഭാഗങ്ങളിലൂടെയാണ് മിക്ക സസ്യങ്ങളും വംശവർധനവ് നടത്തുക.

കാണ്ഡങ്ങൾ മുഖേനയുള്ള കായികപ്രജനനം

പല പുൽച്ചെടികളിലും മുട്ടുകളിൽനിന്നും മുകുളങ്ങൾ വളർന്ന് പടരുന്നു. ഇവ മാതൃകാണ്ഡത്തിൽനിന്നും വേർപെടാനിടയായാൽ സ്വതന്ത്രസസ്യമായി തീരുന്നു. കരിമ്പ്, മുന്തിരി, മരച്ചീനി,മധുരക്കിഴങ്ങ് തുടങ്ങിയ സസ്യങ്ങളിലെല്ലാം വംശവർധനവ് പ്രധാനമായും കാണ്ഡങ്ങൾ മുഖേനയാണ്.ഇഞ്ചി, ഉരുളക്കിഴങ്ങ്, ചേന,ഉള്ളി തുടങ്ങിയ ഭൂകാണ്ഡങ്ങളുള്ള സസ്യങ്ങളിൽ ഈ കാണ്ഡഭാഗങ്ങളിലെ മുകുളങ്ങൾ വളർന്നു സ്വതന്ത്രസസ്യമായി തീരുകയാണു പതിവ്.

കാച്ചിൽ‍, അഗേവ് തുടങ്ങിയ സസ്യങ്ങളിൽ

ബൾബിൽ എന്നൊരവയവം കാണ്ഡഭാഗങ്ങളിൽ ഉണ്ടാകുന്നു. ഇവ മണ്ണിൽ വീണു മുളച്ച് സ്വതന്ത്രസസ്യങ്ങളായിത്തീരുന്നു.

മൂലവ്യൂഹത്തിൽക്കൂടി

ചില ചെടികൾ അവയുടെ വേരുകളില്‍ അസ്ഥാനമുകുളങ്ങൾ പുറപ്പെടുവിക്കുക പതിവാണ്. മണ്ണിന് മുകളിലുള്ള കാണ്ഡഭാഗങ്ങൾ മുറിച്ചുകളഞ്ഞാൽ ഇങ്ങനെ സംഭവിക്കും. ഉദാ. റോസാച്ചെടി, കടപ്ലാവ്,ഈട്ടി, പെരുമരം (മട്ടി) എന്നിവ. ഈ അസ്ഥാനമുകുളങ്ങൾ വളർന്ന് സ്വതന്ത്രചെടികളായി മാറുന്നു. മധുരക്കിഴങ്ങിൽ ഇത് വളരെ വ്യക്തമായി കാണാവുന്നതാണ്.

ഇലയിൽക്കൂടി

പുണ്ണെല(ബ്രയോഫില്ലം),ആനച്ചെവിയൻ(ബിഗോണിയ) മുതലായ സസ്യങ്ങളിൽ ഇലയുടെ അരികുകളിൽ മുകുളങ്ങൾ അങ്കുരിച്ച് അംഗപ്രജനനം നടക്കാറുണ്ട്.ഇലകൾ മണ്ണിൽ വീണാൽ ഓരോന്നിലും സ്ഥിതിചെയ്യുന്ന മുകുളങ്ങൾ വളർന്നുവരുന്നതായി കാണാം. ഇപ്രകാരം വളർന്നു കഴിഞ്ഞാൽ ഓരോന്നും പ്രത്യേകമായി വേരും ഇലയും തണ്ടുമുള്ള സ്വതന്ത്രസസ്യമായി മാറുന്നു.

കൃത്രിമരീതി

തോട്ട വിളവുകളിൽ കായികപ്രജനനം കൃത്രിമ മാർഗങ്ങളിലൂടെ ഉപയോഗപ്പെടുത്തിവരുന്നു. മുറിച്ചുനടൽ (cutting), പതിവയ്ക്കൽ(layering),ഒട്ടിക്കൽ (grafting), മുകുളനം (budding) എന്നിവ ഇതിനുള്ള വിവിധമാർഗങ്ങളാണ്.

മുറിച്ചുനടൽ

മൂലം,കാണ്ഡം,ഇലഎന്നീ സസ്യഭാഗങ്ങളുടെ കഷണങ്ങൾ ഉപയോഗിച്ചാണ് പുതിയ ചെടി ഉത്പാദിപ്പിക്കുന്നത്.ഏറെയും കാണ്ഡഭാഗമാണ് കട്ടിങ്ങിന് ഉപയോഗിക്കുന്നത്.വൃക്ഷങ്ങളിലെ കട്ടിങ്ങിന് 20-25 സെ.മീ. നീളമെങ്കിലും ഉണ്ടായിരിക്കണം. ഈ നീളത്തിൽ ഒന്നോ അധികമോ മുകുളങ്ങൾ ഉണ്ടായേ മതിയാകൂ. പൂർണ വളർച്ചയെത്തിയ മാതൃസസ്യത്തിൽനിന്നായിരിക്കണം കട്ടിങ്ങ് എടുക്കുന്നത്. 3-5 സെ.മീ. താഴ്ത്തി ഇവ മണ്ണിൽ നടുന്നു. കട്ടിങ്ങുമൂലം നിഷ്പ്രയാസം അംഗപ്രജനനം നടത്താവുന്നവയാണ് റോസ, നാരകം, കരിമ്പ്,മുന്തിരി എന്നിവ.

പതിവയ്ക്കൽ

കായികപ്രജനനമാർഗങ്ങളിൽ ഏറ്റവും സാധാരണമായത് ഇതാണ്.ചെടിയുടെ തണ്ട്, മണ്ണിലേക്ക് വളച്ച് വളഞ്ഞഭാഗം മണ്ണിനടിയിലിരിക്കത്തക്കവണ്ണം താഴ്ത്തി പതിച്ചു വയ്ക്കുന്നു.മണ്ണിൽ പതിഞ്ഞിരിക്കുന്ന തണ്ടിൽ മുറിവോ ചതവോ വരുത്തിയാൽ ആ ഭാഗത്തുനിന്നും ധാരാളം വേരുകൾ പൊട്ടിക്കിളിർത്തുവരും.അതിനുശേഷം വളഞ്ഞഭാഗം മാതൃസസ്യത്തിൽ നിന്നും മുറിച്ചു മാറ്റി നട്ടാൽ പുതിയൊരു ചെടിയായി വളർന്നുകൊള്ളും. മണ്ണിൽ വളച്ചുവച്ചിരിക്കുന്ന ഭാഗത്തെ പുറന്തൊലി മോതിരവളയംപോലെ ഛേദിച്ചുകളഞ്ഞശേഷം മണ്ണിൽ പതിച്ചുവയ്ക്കുന്നതാണ് റിങ്ങിങ്ങ്(ringing). റിങ്ങിങ്ങ് നടത്തിയ തണ്ടിനു മുകളിൽനിന്ന് പോഷകസാധനങ്ങളും ഹോർമോണുകളും റിങ്ങിനുമുകളിൽ അടിഞ്ഞു കൂടുന്നതിനാലാണ് അസ്ഥാനമൂലങ്ങൾ അവിടെ ധാരാളമായി ഉണ്ടാകുന്നത്. പതിവയ്ക്കൽ കട്ടിങ്ങിനെക്കാൾ വിജയകരമാണ്. മുന്തിരി, മുല്ല, റോസ, മാവ്, ആപ്പിൾ, പ്ലാവ്, പ്ളം,പിയർ എന്നിവയിലൊക്കെ പതിവയ്ക്കൽ സാധാരണയായി നടത്താം.

ഒട്ടിയ്ക്കൽ ഗ്രാഫ്റ്റിങ്

രണ്ടുതരം ചെടികളുടെ തണ്ടുകൾ തമ്മിൽ ചേർത്തൊട്ടിച്ച് ഒന്നാക്കി വളർത്തിയെടുക്കുന്ന സമ്പ്രദായമാണിത്. രണ്ടു ചെടികളിലൊന്ന് മണ്ണിൽ ശക്തിയായി വളർന്നുകൊണ്ടിരിക്കുന്നതാണ്; അതിനെ സ്റ്റോക്ക്(stock) എന്ന് പറയുന്നു. ഇതോട് ഒട്ടിച്ചു ചേർക്കുന്ന തണ്ടിന് സിയോൺ (scion) എന്നു പറയും. സ്റ്റോക്കിന്റെയും സിയോണിന്റെയും ഒട്ടിക്കാനുള്ള തണ്ടുകളുടെ ചേർന്നിരിക്കേണ്ട വശങ്ങൾ ഛേദിച്ച് അതിന്റെ രണ്ടിന്റെയും സംവഹനകലകൾ(vascular tissues) തമ്മിൽ സംയോജിപ്പിച്ച് ഒന്നായി മാറ്റിയാണ് ഗ്രാഫ്റ്റിങ്ങ് നടത്തുന്നത്. സ്റ്റോക്കിന്റെ വേര് വലിച്ചെടുക്കുന്ന വെള്ളവും ലോഹ ലവണങ്ങളും മറ്റ് ആഹാരസാധനങ്ങളും സിയോണിന് ഒട്ടിച്ചേർന്ന ഭാഗത്തു കൂടി ലഭിക്കുന്നു. അതുവഴി തന്നെ സിയോണിലെ ഇലകൾ പാകം ചെയ്ത ആഹാരസാധനങ്ങൾ സ്റ്റോക്കിന് പ്രദാനം ചെയ്യുന്നു. സ്റ്റോക്കിന്റേയും സിയോണിന്റേയും സസ്യശരീരങ്ങൾ തമ്മിൽ ഇപ്രകാരം ബന്ധം സ്ഥാപിക്കപ്പെടുന്നെങ്കിലും ഇവയോരോന്നും അതിന്റെ സ്വഭാവവിശേഷങ്ങൾ കൈവെടിയാറില്ല. രണ്ടിനം വൃക്ഷങ്ങളുടെ ഗുണങ്ങൾ ഒന്നിൽ ചേർത്തെടുക്കാനൊക്കുമെന്നതാണ് ഗ്രാഫ്റ്റിങ്ങിന്റെ പ്രയോജനം. പല ഫലവൃക്ഷങ്ങളിലും ഇതു വിജയകരമായി ചെയ്തുവരുന്നുണ്ട്. ഉദാ. മാവ്, ആപ്പിൾ, പേര.മാംസളകാണ്ഡത്തോടുകൂടിയ ചെറുസസ്യങ്ങളിലും ഗ്രാഫ്റ്റിങ്ങ് നടത്താം. ഒരേ കുടുംബത്തിൽപ്പെട്ട സസ്യങ്ങൾ പരസ്പരം ഗ്രാഫ്റ്റ് ചെയ്യുവാൻ എളുപ്പമാണ്. ഉദാ. പീച്ചും ആപ്പിളും; തക്കാളിയും ഉരുളക്കിഴങ്ങും.

മുകുളനം : ബഡ്ഡിംഗ്

ഇത് ഏറെക്കുറെ ഗ്രാഫ്റ്റിങ്ങ് പോലെ തന്നെ. ഒരു പ്രധാന വ്യത്യാസം ബഡ്ഡിംഗിൽ സിയോണായി ഉപയോഗിക്കുന്നത് ഒരു മുകുളം മാത്രമായിരിക്കും എന്നതാണ്.അതുകൊണ്ട് മുട്ടുകളുള്ള ഭാഗത്തെ പുറന്തൊലി മുകുളത്തോടുകൂടി ചെത്തിയെടുക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. മുകുളത്തെ വഹിക്കുന്ന ഈ പുറംപട്ടക്കഷണത്തിന്റെ അകവശത്ത് അതിന്റെ സംവഹനകലയ്ക്കു യാതൊരു കോട്ടവും തട്ടാത്തവണ്ണം വേർപെടുത്തി എടുത്തശേഷം സ്റ്റോക് സസ്യത്തിന്റെ കാണ്ഡത്തിന്റെ പുറംപട്ട T-ആകൃതിയിൽ മുറിച്ച് അതിന്റെ രണ്ടിന്റെയും സംവഹനകലകൾ തമ്മിൽ ചേർന്നിരിക്കത്തക്കവണ്ണം സ്ഥാപിച്ച് ചരടുകൊണ്ട് വരിഞ്ഞുകെട്ടിവച്ചിരുന്നാൽ കാലക്രമത്തിൽ ഇവ തമ്മിൽ ശാരീരികസംയോജനം നടന്നുകൊള്ളും. അതിനുശേഷം സിയോണിന്റെ മുകുളം വളർന്ന് പുഷ്ടിപ്പെട്ടുവരുന്നതിനുള്ള പോഷകസാധനങ്ങൾസ്റ്

റോക് പ്രദാനം ചെയ്തുകൊണ്ടിരിക്കും. റോസ, റബർ, പേര മുതലായ ചെടികളിൽ ഇങ്ങനെ

അംഗപ്രജനനം നടത്തുകസാധാരണമാണ്.

കടപ്പാട്-upspkara.blogspot.in

അവസാനം പരിഷ്കരിച്ചത് : 1/11/2022



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate