অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുടംപുളി

കുടംപുളി

നിത്യഹരിതാഭയയുടെ സൗന്ദര്യവും സ്വര്‍ണ്ണ വര്‍ണ്ണതോട് കൂടിയ ഫലങ്ങളും ചേര്‍ന്ന് കുടംപുളി കേരളീയരുടെ നിത്യജീവിതത്തിലെ ഭാഗമായിരുന്നു. മലയാളിക്ക് കുടംപുളി ഒഴിച്ചുള്ള മീന്കറിയില്ല. പശ്ചിമ ഘട്ടത്തിലെ നിത്യ ഹരിത വനങ്ങളില്‍ കാണുന്ന മാംഗോസ്റ്റിന്‍ കുടുംബാഗമായ ഒരു ഇടത്തരം വൃക്ഷമാണ് കുടംപുളി. കൊടുംവേനലിലും സമൃദ്ധമായ ഇലകളാല്‍ നിറഞ്ഞു നില്‍ക്കുന്ന ഇത് വീട്ടുമുറ്റങ്ങളിലും ഉധ്യാനങ്ങളിലും ഒരു തണല്‍ വൃക്ഷമായി വളര്‍ത്താന്‍ ഏറ്റവും അനുയോജ്യമാണ്. ചരല്‍ കലര്‍ന്ന് ജൈവാംശവും ഈര്‍പ്പവുമുള്ള മണ്ണില്‍ കുടംപുളി നന്നായി വളരും. കൂടതൈകള്‍ ഏതു സമയത്തും നടമെങ്കിലും മഴയോട് കൂടി നടുന്നതായിരിക്കും ഉത്തമം. ഒന്നരയടി സമച്ചതുരത്തിലും ആഴത്തിലുമുള്ള കുഴികള്‍ എടുത്ത് അതില്‍ മേല്‍മണ്ണും കാലിവളമോ കമ്പോസ്റ്റ് ചേര്‍ത്ത് കുഴിമൂടി അതില്‍ തൈകള്‍ നടാം. വേനലില്‍ തൈകള്‍ക്ക് തണല്‍ നല്‍കണം. മരമായി വളരുമെന്നതിനാല്‍ സ്ഥലപരിമിതിയുള്ള വീട്ടു മുറ്റങ്ങളില്‍ വേലിയോട് ചേര്‍ന്നോ ഏതെങ്കിലും മൂലയിലോ നടുന്നതായിരിക്കും ഉത്തമം.

കുടംപുളി ഏകലിംഗസസ്യം ആയതിനാല്‍ തൈകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. പെണ്തൈകളാണ് കായ്ഫലം നല്‍കുന്നതെങ്കിലും കുറെ പെണ്ചെടികള്‍ക്ക് ഇടയില്‍ ഒന്നോ രണ്ടോ ആണ്‍ സസ്യമെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്. വിത്തുകള്‍ മുളപ്പിച്ചുണ്ടാക്കുന്ന തൈകളില്‍ ഈ വ്യത്യാസം മനസ്സിലാക്കാന്‍ സാധിക്കില്ല എന്നതിനാല്‍ ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ നടുന്നതായിരിക്കും ഉത്തമം.

ഏകദേശം 5 വര്‍ഷം പ്രായമായ കുടംപുളിയില്‍ നിന്നും ഫലം ലഭിച്ചു തുടങ്ങും. നമ്മുടെ കാലാവസ്ഥയില്‍ ഡിസംബര്‍ മാസത്തോട് കൂടി പൂത്തു തുടങ്ങും. നാല് മുതല്‍ അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ കായ് മൂപ്പെത്തും. നന്നായി മൂപ്പെത്തിയ കായ്കള്‍ക്ക് കടുംമഞ്ഞ നിറമാണ്. ഇവ പഴുക്കുന്നതിന് അനുസരിച്ച് കൊഴിഞ്ഞു വീഴും. ഈ കായ്കള്‍ കഴുകിയെടുത്ത് നെടുകെ പിളര്‍ന്ന് ഉള്ളിലെ വിത്തോടു കൂടിയ മാംസള ഭാഗം നീക്കി വെയിലത്ത്‌ വച്ചോ പുകയില്‍ ഉണക്കിയോ സൂക്ഷിച്ചു വക്കാം. ഒരു കുടംപുളി വൃക്ഷത്തില്‍ നിന്നും ഏകദേശം ഒരു വീട്ടിലേക്ക് ആവശ്യത്തിലധികമുള്ള കുടംപുളി ലഭിക്കും.

ഔഷധ ഉപയോഗങ്ങള്‍

  • ഉണങ്ങിയ കുടംപുളി പൊടിച്ച് തൈര് ചേര്‍ത്ത് കഴിച്ചാല്‍ രക്താര്‍ശസ് ശമിക്കും.
  • കുടംപുളി വിത്തില്‍ നിന്നെടുക്കുന്ന തൈലം ചുണ്ട്, കൈകാലുകള്‍ എന്നീ ഭാഗങ്ങളില്‍ ഉള്ള വിണ്ടുകീറല്‍ തടയുന്നതിന് നല്ലൊരു ലേപനമാണ്.
  • വൃണങ്ങള്‍ ഉണങ്ങുന്നതിന് കുടംപുളി തൈലം പുരട്ടുക.
  • പല്ലിന്‍റെ മോണക്ക് ബലം നല്‍കുന്നതിന് കുടംപുളിയിട്ട് തിളപ്പിച്ചെടുത്ത വെള്ളം വായില്‍ കൊള്ളുക.
  • മോണയില്‍ നിന്ന് രക്തം വരുന്ന സ്കര്‍വി രോഗത്തില്‍ കുടംപുളി തൈലം പുരട്ടുകയും കഴിക്കുകയും ചെയ്യുക.
  • കുടംപുളി ചേര്‍ത്ത കരിമീന്‍ കറി വച്ച് കഴിച്ചാല്‍ മനുഷ്യന്‍റെ പക്വാശയത്തില്‍ നിന്നും കോപിക്കുന്ന വായുവിനെ തടയാന്‍ കഴിയും.
  • കുടംപുളി വിധിപ്രകാരം കഷായം വച്ച് ഇന്തുപ്പ് ചേര്‍ത്ത് കഴിച്ചാല്‍ വയറു വീര്‍പ്പ്, ഗുല്മ രോഗം എന്നിവ ശമിക്കും.
  • വീക്കം, വേദന, കുത്തിനോവ്‌ എന്നീ രോഗങ്ങളില്‍ കുടംപുളി ഇല അരച്ച് ലേപനം ചെയ്യുക. മറ്റു ഔഷധങ്ങള്‍ക്കൊപ്പം കിഴിയായും ഉപയോഗിക്കാം.
  • പ്രമേഹരോഗികള്‍ ദിവസവും കുടംപുളി കഴിക്കുന്നത് രോഗത്തെ നിയന്ത്രണ വിധേയമാക്കുന്നതിന് സഹായകരമാണ്.
  • ത്വക്ക് രോഗങ്ങള്‍ക്ക് കുടംപുളിയുടെ വേരിന്‍റെ മേല്‍ തൊലി അരച്ച് പുരട്ടുന്നത് നല്ലതാണ്.
  • കുടംപുളി കഷായം വച്ച് കഴിച്ചാല്‍ രക്തത്തിലെ കൊളസ്ട്രോള്‍ കുറയും. ശരീരഭാരം കുറയുന്നതിനും കുടംപുളി ഫലപ്രദമായ ഔഷധമാണ്.
  • പഴുത്ത കുടംപുളിയുടെ ഫലവും മറ്റു ഭാഗങ്ങളും ചേര്‍ത്ത് വൈന്‍ ഉണ്ടാക്കി കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും.

 

അവസാനം പരിഷ്കരിച്ചത് : 1/29/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate