অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കരിയിഞ്ചി

കരിയിഞ്ചി - ആമുഖം

തായ്ലൻഡിൽ ഔഷധമായി ഉപയോഗിക്കുന്ന കരിയിഞ്ചി കേരളത്തിലെത്തിച്ചിരിക്കുകയാണ് കണ്ണൂർ ഇരിട്ടിയിലെ ഈസ്റ്റ് ഇന്ത്യൻ നഴ്സറി ഉടമ വിഎസ് സെബാസ്റ്റ്യനും സുഹൃത്തും. ഇതിന്റെ തൈകൾ കർഷകർക്കു നൽകുകയും അവർ ഉത്പാദിപ്പിക്കുന്ന ഇഞ്ചി തിരികേ വാങ്ങുകയും അത് കയറ്റുമതി ചെയ്യുകയും ഒക്കെ ചെയുന്ന നൂതന വിപണി സംവിധാനമാണ് സെബാസ്റ്റ്യൻ രൂപപ്പെടുത്തിയിരിക്കുന്നത്. ഇതിനാൽ ഇവിടെ നിന്നു കരിയിഞ്ചിയുടെ തൈവാങ്ങി കൃഷിചെയ്യുന്നവർക്ക് വിപണി അന്വേഷിക്കേണ്ടി വരുന്നില്ല. ഉണക്ക ഇഞ്ചി കിലോയ്ക്ക് 6000 രൂപയും പച്ച 1000 രൂപയുമാണ് നിലവിലെ വിപണി വില. പച്ച ഇഞ്ചി വിത്തുത്പാദനത്തിനും ഉണക്ക ഇഞ്ചി കയറ്റുമതിക്കും ഉപയോഗിക്കുന്നു. കേരളത്തിൽ രാജ്ഭവന്റെ തോട്ടത്തിൽ വരെ സെബാസ്റ്റ്യന്റെ ഇഞ്ചികൃഷിചെയ്യുന്നു. കർണാടകത്തിലെ കർഷകർ വ്യാപകമായി കരിയിഞ്ചി കൃഷി ചെയ്യുന്നതും സെബാസ്റ്റ്യന്റെ തൈകൾ ഉപയോഗിച്ചാണ്. ജപ്പാൻ, തായ്ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഉണക്ക കരിഇഞ്ചി കയറ്റുമതി ചെയ്യുന്നത്. ആവശ്യത്തിനനുസരിച്ച് ഇഞ്ചി ലഭ്യമല്ലെന്നാണ് സെബാസ്റ്റ്യൻ പറയുന്നത്.

കരിയിഞ്ചി കേരളത്തിലെത്തിയത്

സെബാസ്റ്റ്യന്റെ ഒരു സുഹൃത്തു വഴിയാണ് തായ് ബ്ലാക്ക് ജിഞ്ചർ എന്ന ഇംഗ്ലീഷ് നാമധാരിയായ കരിയിഞ്ചി കേരളത്തിലെത്തുന്നത്. ഇദ്ദേഹത്തിന്റെ തായ്ലൻഡ് സന്ദർശനത്തിനിടെ തായ്ലൻഡുകാർ ചായയിൽ കരിയിഞ്ചി ഉപയോഗിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. മലകയറ്റത്തിനും മറ്റും പോകുന്നവർ ഇത്തരം ചായ കുടിക്കുന്നതും കണ്ടു. ഇതെന്തിനെന്ന് അന്വേഷിച്ചു. തളർച്ച ഒഴിവാക്കി ശരീരത്തിന് ഊർജം പ്രദാനം ചെയ്യുന്നതിനാണ് കരിയിഞ്ചി ചായ ഉപയോഗിക്കുന്നതെന്നു മനസിലായി. ഇതിന്റെ ഔഷധഗുണങ്ങളേക്കുറിച്ചറിഞ്ഞപ്പോൾ ഇത് കേരളത്തിൽ കൃഷി ചെയ്താൽ എന്തെന്ന ആലോചനയായി. 25 കിലോ കേരളത്തിലെത്തിക്കാനുള്ള ശ്രമം വിഫലമായി. തായ്ലൻഡിലെ പരമ്പരാഗത ഔഷധപട്ടികയിലുള്ള കരിയിഞ്ചി പുറം രാജ്യത്തേക്കു പോകുന്നത് എമിഗ്രേഷൻ വിഭാഗം തടഞ്ഞു. പിന്നീട് അധികൃതരുമായി ചർച്ചനടത്തി പിഴയടച്ച് കപ്പൽ മുഖാന്തിരമാണ് കരിയിഞ്ചിയെ കേരളത്തിലെത്തിച്ചത്. ലക്ഷങ്ങൾ ഇതിനു ചെലവുവന്നു. പിന്നീട് ഈ 25 കിലോ ഉപയോഗിച്ച് കൃഷി നടത്തി. രോഗ, കീട ആക്രമണങ്ങൾ അധികമില്ലാത്തതിനാൽ രണ്ടു ക്വിന്റൽ വിളവുകിട്ടി. ഇതുപയോഗിച്ച് വിത്തുത്പാദിപ്പിച്ചു. കൂടുകളിൽ കിളിർപ്പിച്ച് തൈയാക്കിയാണ് വിൽപനനടത്തിയത്. കേരളത്തിലെ ഏതുതരം മണ്ണിലും കരിയിഞ്ചിവളരും. മണ്ണിന്റെ ജലം പിടിച്ചുനിർത്താനുള്ള ശക്‌തി നോക്കി ജലസേചനം ക്രമീകരിക്കണമെന്നു മാത്രമേയുള്ളൂ. ഉഷ്ണമേഖല വിളയാണ് കരിയിഞ്ചി. അതിനാൽ കേരള, തമിഴ്നാട്, കർണാടക മേഖലകളിൽ നന്നായി വിളയുമെന്നു തെളിഞ്ഞു. പകുതി തണലുള്ള അന്തരീക്ഷം ഇഷ്‌ടമുള്ള വിളയായതിനാൽ തെങ്ങിൻതോട്ടങ്ങളിൽ ഇടവിളയാക്കാൻ അനുയോജ്യമാണ്. എന്നാൽ റബർതോട്ടങ്ങൾ കരിയിഞ്ചി ഇടവിളകൃഷിക്ക് യോിച്ചതല്ല.

ഔഷധ ഗുണങ്ങൾ

രക്‌തപരിപോഷണത്തിനും മസിലുകൾ ശക്‌തമാക്കാനുമാണ് പരമ്പരാഗതമായി തായ്ലൻഡിൽ കരിയിഞ്ചി ഉപയോഗിക്കുന്നത്. ലൈംഗീക പ്രശ്നങ്ങൾമാറ്റി ഉത്തേജനമുണ്ടാക്കുന്നതിനും ഇതുപയോഗിക്കുന്നുണ്ട്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട രോഗങ്ങൾ തടയുന്നതിനും ഗ്യാസ്ട്രബിൾ പ്രശ്നങ്ങൾ മാറ്റുന്നതിനും, പെപ്റ്റിക് അൾസറിനെതിരായും സ്ത്രീകളിലെ ആർത്തവ പ്രശ്നപരിഹാരത്തിനും തായ്ലൻഡിൽ ഇതുപയോഗിക്കുന്നു. അലർജികൾക്കുള്ള മരുന്നായി കരിയിഞ്ചി പ്രശസ്തമാണ്. സാധാരണ ഇഞ്ചിയുടെ ഉപയോഗമല്ല കരിയിഞ്ചിക്ക്്. കുറഞ്ഞ താപനിലയിൽ ഉണക്കിപ്പൊടിച്ച് സംസ്കരിച്ചാണ് ഉപയോഗിക്കുന്നത്. ആഹാരശേഷം രണ്ടു കപ്പ് കരിയിഞ്ചി വെള്ളവും അതിനുശേഷം ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയും രാവിലെയും വൈകുന്നേരവുമായിട്ടാണ് തായ്ലൻഡുകാർ കഴിക്കുന്നത്. ചെറിയ കഷണം ഉണക്ക കരിയിഞ്ചി, ചായയിൽ ഇട്ടു തിളപ്പിച്ചും ഉപയോഗിക്കുന്നുണ്ട്. എന്നാൽ കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ, ഹൈപ്പർടെൻഷൻ ഉള്ളവർ എന്നിവർ ഇതുപയോഗിക്കാൻ പാടില്ല. ക്രചായ് ദം (Krachai Dum’ Kaemp feria parviflora) എന്നാണ് തായ്ലൻഡിലെ വിളിപ്പേര്.

ഒരു ചുവട്ടിൽ നിന്ന് ഒരു കിലോ

ഒരു ചുവട്ടിൽ നിന്നും ഒരുകിലോ വിളവു ലഭിക്കും. നാലുകിലോ പച്ചയിഞ്ചിയിൽ നിന്ന് ഒരുകിലോ ഉണക്കയിഞ്ചി ലഭിക്കും. ഇഞ്ചിയുടെ തൊലികളഞ്ഞ് കഴുകിയാണ് ഉണക്കേണ്ടത്. കയറ്റുമതിക്കായി വളർത്തുന്നതിനാൽ കരിയിഞ്ചി ജൈവരീതിയിൽ മാത്രമേ കൃഷിചെയ്യാവൂ. ഒരമാസം പ്രായമായ തൈകളാണ് കൃഷിക്കുപയോഗിക്കുന്നത്. ഏഴാം മാസം വിളവെടുക്കാം. ഇഞ്ചി കൃഷിചെയ്യുന്നതു പോലെയാണ് കരിയിഞ്ചിയുടേയും കൃഷി രീതി. രാസവളമോ രാസ കീടനാശിനികളോ കൃഷിയിൽ ഉപയോഗിക്കാൻ പാടില്ല. ഗ്രോബാഗിലോ നിലത്തോ കൃഷിചെയ്യാം. 2ഃ2 അടി അകലത്തിൽ കൃഷി ചെയ്യാം. മണ്ണിലാണെങ്കിൽ തടം ശരിയാക്കി അടിവളമായി ചാണകപ്പൊടി ചേർക്കാം. കടലപ്പിണ്ണാക്കും ചാണകവും ചേർത്തു പുളിപ്പിച്ച ജലം ചുവട്ടിലൊഴിച്ചു നൽകാം. ചാണകവും വേപ്പിൻപിണ്ണാക്കു പൊടിയും ചേർത്തു വളമായി നൽകാം. മഴയില്ലെങ്കിൽ ആഴ്ചയിലൊരിക്കൽ ജലസേചനം. നീർവാർച്ച കൂടുതലുള്ള മണ്ണിൽ ജലസേചനം നീർവാർച്ചയുടെ അളവനുസരിച്ച് കൂട്ടേണ്ടിവരും. പച്ചച്ചാണകവും കരിയിലയും പുതയിടുന്നതിനായി ഉപയോഗിക്കാം. മൂപ്പെത്തുമ്പോൾ തണ്ടുതാഴെ വീഴും. അപ്പോൾ വിളവെടുപ്പു പ്രായമാകും. 

ഈസ്റ്റ് ഇന്ത്യൻ നഴ്സറിയിൽ രണ്ടു വർഷമേയായുള്ളൂ കരിയിഞ്ചി അതിഥിയായെത്തിയിട്ട്. 1983ൽ തുടങ്ങിയ നഴ്സറിയിൽ റബർതൈകളായിരുന്നു ആദ്യം നൽകിയിരുന്നത്. 1992 മുതൽ മറ്റെല്ലാ വിളകളും നഴ്സറി വഴി നൽകുന്നു. 

ഫോൺ– സെബാസ്റ്റ്യൻ– ഈസ്റ്റ് ഇന്ത്യൻ നഴ്സറി. 7034102307, 9142798637, 9495145147.
ലേഖകന്റെ ഫോൺ: 9349599023.

ടോം ജോർജ്

കടപ്പാട് : ദീപിക

അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate